കണ്ണടക്കേണ്ടിടത്ത് അടച്ചില്ലെങ്കിൽ ഏതു മൊയ്‌ല്യാരും കോമാളിയാകും

അധ്യാപകജോലിയുടെ ആദ്യവർഷങ്ങളിൽ അല്പസ്വല്പം സദാചാരദോഷം ഉണ്ടായിരുന്ന എന്നോട് സീനിയറായ ഒരു അറബി അധ്യാപകൻ ഉപദേശിച്ചത്, പടച്ചോൻ കണ്ണു തന്നത് തുറക്കാൻ മാത്രമല്ല അടയ്ക്കാൻകൂടി വേണ്ടിയാണ് എന്നായിരുന്നു. കണ്ണടക്കേണ്ടയിടത്ത് അടച്ചില്ലെങ്കിൽ ഏതു മൊയ്‍ല്യാരും കോമാളിയാകും, അത്രയേ ഉള്ളൂ.

ളിഭ്രാന്തിനെതിരെ രംഗത്തിറങ്ങിയ സമസ്ത ഉസ്താദുമാർക്ക് 1999-ൽ ഇറങ്ങിയ ഖിയെൻസെ നോർബു സംവിധാനം ചെയ്ത തിബറ്റൻ ഭാഷയിലുള്ള ദി കപ്പ് എന്ന സിനിമ നിർദ്ദേശിക്കുന്നു.

ഇന്ത്യയിൽ വിദൂര ഹിമാലയൻ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന തിബറ്റൻ അഭയാർത്ഥികളുടെ മൊണാസ്ട്രിയിലെ ഫുഡ്ബോൾ ആരാധകരായ രണ്ട് വിദ്യാർഥികൾ ലോകകപ്പ് കാണാൻ ടി.വി. സെറ്റും ആന്റിനയും മറ്റും കരസ്ഥമാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്ലോട്ട്.

പന്തുകളി കാണുക എന്ന ആശയം മൊണാസ്ട്രിയിലെ വല്യസന്യാസിയെ അറിയിക്കുമ്പോൾ അദ്ദേഹം ‘എന്താ ഈ പന്തു കളി’ എന്നു ചോദിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഫുഡ്ബോൾ മാച്ച് എന്നാണ് സഹായി പറഞ്ഞുകൊടുക്കുന്നത്.

എന്തിനുവേണ്ടിയാണ് ഈ പോരാട്ടം എന്ന ചോദ്യത്തിന് ഒരു കപ്പിനു വേണ്ടി എന്ന മറുപടി കേൾക്കുമ്പോൾ സന്യാസി തന്റെ കൈയിലിരിക്കുന്ന ചായക്കപ്പിലേക്ക് നോക്കുന്നുണ്ട്.

എന്നിട്ട് പകുതി തന്നോടും പകുതി സഹായിയോടുമായി അയാൾ നടത്തുന്ന ഒരാത്മഗതമുണ്ട്.

"റ്റു നേഷൻസ് ആർ ഫൈറ്റിംഗ് ഫോർ എ കപ്പ്.'

ദി കപ്പ് എന്ന സിനിമയിൽ നിന്ന്

ബുദ്ധസന്യാസിമാരുടെ ഗൂഢജ്ഞാനത്തെക്കുറിച്ചുള്ള നരേറ്റീവുകൾ ചേർത്തുവച്ചു വായിച്ചാൽ ഒരു ഐറണിയാണ് ഈ വാക്യം.
ഒരു കപ്പിനു വേണ്ടി രണ്ടു രാജ്യങ്ങൾ പോരാടുന്നതിലെ പൊള്ളത്തരത്തിനു പിന്നാലെ പോകാതെ എന്തുകൊണ്ടായിരിക്കും കുട്ടികൾക്ക് കളി കാണാൻ ഇത്രമേൽ താൽപര്യം എന്നാണ് അയാൾ ആലോചിക്കുന്നത്. പന്തുകളി കാണാൻ കഴിയാതെ മതക്ലാസിലിരിക്കുന്ന കുട്ടികളുടെ നിരാശയും താൽപര്യക്കുറവും മനസ്സിലാക്കി ഒടുക്കം മൊണാസ്ട്രി കുട്ടികൾക്ക് കളി കാണാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുന്നു. പന്തുകളിയുടെ ലോകമേള കഴിഞ്ഞാൽ തങ്ങൾ മതപാഠങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചോളാമെന്ന് കുട്ടികളും ഉറപ്പു കൊടുക്കുന്നു.

കളിഭാന്തിനെക്കുറിച്ച് നേരിട്ടുള്ള മറ്റൊരനുഭവംകൂടി പറയാം.

1990-കളുടെ അവസാനമാണ്. ഇരുട്ടിയാൽ ഗേറ്റും വാതിലുകളും അടയുന്ന, അടച്ചാൽ കെട്ടിടത്തിൽ നിന്നുതന്നെ പുറത്തുകടക്കാൻ ഒരു വഴിയുമില്ലാത്ത ഒരു മതസ്ഥാപനത്തിലാണ് അന്നെനിക്കു ജോലി.

Photo : Binu Sekhar

അവിടെ യൂറോക്കപ്പ് കാണാൻ ഒരു വഴിയുമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അധ്യാപകരായ ഞങ്ങൾ സ്വാധീനമുപയോഗിച്ച് കെട്ടിടത്തിൽനിന്ന് പുറത്തുകടക്കാനുള്ള താക്കോൽ സംഘടിപ്പിച്ച് രാത്രി പുറത്തിറങ്ങി. പാതിരാക്കാണ് കളി. ലൈറ്റൊന്നും ഇടാതെ പതുങ്ങിപ്പതുങ്ങിയാണ് പുറത്തു കടന്നത്. തൊട്ടടുത്ത പി എസ് എം ഒ കോളേജിലെ സുഡാനിയൻ വിദ്യാർഥിയുടെ മുറിയിൽ ഒരു കുഞ്ഞു ടിവി സെറ്റുണ്ട്. ആ മുറിയിൽ കുത്തിത്തിരക്കിയിരുന്ന് കളി കണ്ട് പുലർച്ചെ തിരിച്ചെത്തി. രാവില പത്രമോ വാർത്തകളോ പുറത്തുവരുന്നതിനുമുമ്പ് ഒരു വിരുതൻ വിദ്യാർഥിയുടെ മാരകമായ ചോദ്യം: ഉസ്താദേ ആ ലാസ്റ്റ് ഗോൾ എങ്ങനെയുണ്ടായിരുന്നു?

ഞങ്ങൾ പോയത് അവർ കണ്ടു എന്നു മാത്രമല്ല, ഏതോ വഴിയിൽ അവരും പുറത്തു ചാടി കളി കണ്ടിരുന്നു എന്നുറപ്പ്. ഇത്രയധികം ബന്ധവസ്സുള്ള ഒരു കെട്ടിടത്തിൽനിന്ന് പാതിരാത്രി പുറത്തുപോയി കളി കണ്ട് തിരിച്ചുവരാൻ ഏതുമാർഗ്ഗമായിരിക്കും അവർ ഉപയോഗിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

അവിടെ നിന്ന് പോന്ന് ഒരു പത്തുവർഷമൊക്കെ കഴിഞ്ഞ് അന്നത്തെ കുട്ടികളെല്ലാം വിവിധ ജോലികളിൽ പ്രവേശിച്ച ശേഷം ഒരിക്കൽ കൂടിയിരുന്നപ്പോൾ ഈ സംശയം വീണ്ടും ചോദിച്ചു:
എങ്ങനെയാണ് അന്ന് പുറത്തിറങ്ങിയത്?

Photo : Muhammed Hanan

ആ ബഹുനിലക്കെട്ടിടത്തിന്റെ ടെറസിലേക്ക് കയറിയാൽ സ്ലാബിൽനിന്ന് എത്തിപ്പിടിക്കാവുന്ന നിലയിൽ ഒരു തെങ്ങുണ്ട്. അതിലേക്ക് വലിഞ്ഞു കയറി താഴോട്ട് ഊർന്നിറങ്ങി മതിലു ചാടിയാണ് മതവിദ്യാർഥികൾക്കിടയിലെ അതിസാഹസികരായ ഫുഡ്ബോൾ ഭ്രാന്തന്മാർ കളി കണ്ടിരുന്നത്. തിരിച്ചുവന്ന് തെങ്ങിലൂടെ മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരം കയറിത്തീർക്കുകയും വേണം.

ആ സ്ഥാപനത്തിന്റെ കുശാഗ്രബുദ്ധികളായ നടത്തിപ്പുകാരുടെ ശ്രദ്ധയിൽ ഇതു പെട്ടിരിക്കില്ലേ? ഉറപ്പായും ഉണ്ടാവും എന്നാണ് എന്റെ വിശ്വാസം.

അധ്യാപകജോലിയുടെ ആദ്യവർഷങ്ങളിൽ അല്പസ്വല്പം സദാചാരദോഷം ഉണ്ടായിരുന്ന എന്നോട് സീനിയറായ ഒരു അറബി അധ്യാപകൻ ഉപദേശിച്ചത്, പടച്ചോൻ കണ്ണു തന്നത് തുറക്കാൻ മാത്രമല്ല അടയ്ക്കാൻകൂടി വേണ്ടിയാണ് എന്നായിരുന്നു.

കണ്ണടക്കേണ്ടയിടത്ത് അടച്ചില്ലെങ്കിൽ ഏതു മൊയ്‍ല്യാരും കോമാളിയാകും, അത്രയേ ഉള്ളൂ.

വാൽക്കഷണം: അന്ന് തെങ്ങിലൂടെ ഊർന്നിറങ്ങി കളി കാണാൻ പോയ കൂട്ടത്തിലുള്ളവർ ലൈനിലുണ്ടെങ്കിൽ ഇവിടെ കമോൺ.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments