എന്തിനായിരുന്നു മേരി വെസ്റ്റ്മാകോട്ട്?
എന്തിനായിരുന്നു
അഗതാ ക്രിസ്റ്റി?
എന്തിനായിരുന്നു മേരി വെസ്റ്റ്മാകോട്ട്? എന്തിനായിരുന്നു അഗതാ ക്രിസ്റ്റി?
ആദ്യ നോവലെഴുതുമ്പോള്‍ മോണോസിലബ, പിന്നീടൊരിക്കല്‍ കുറച്ചു ദിവസങ്ങള്‍ നീണ്ട അജ്ഞാത വാസത്തില്‍ തെരേസ നീല്‍. ഏറെക്കാലം ഒരേ സമയം മേരി വെസ്റ്റ്മാകോട്ടും അഗതാ ക്രിസ്റ്റിയും. എന്തിനായിരുന്നു അത് ?
22 May 2020, 02:40 PM
"അമ്മ എഴുതിയ ആ ആറു നോവലുകളിലും നിറയെ പ്രണയം ആയിരുന്നു. കയ്പ്പും മധുരവും നിറഞ്ഞ പ്രണയം.' മേരി വെസ്റ്റ്മാകോട്ട് എന്ന എഴുത്തുകാരിയെ കുറിച്ച് മകള്‍ റോസലിന്‍ഡാണ് ഇങ്ങനെ പറഞ്ഞത്. ആരാണീ മകള്‍ എന്ന് അറിയണമെങ്കില്‍ അമ്മ ആരെന്ന് അന്വേഷിക്കണം. ആ അമ്മയാര് എന്ന് തേടിച്ചെന്നാല്‍ അപസര്‍പ്പക കഥകളുടെ മറ്റൊരു ലോകമാണ് മുന്നില്‍ തുറക്കുക.

ജയന്റ്‌സ് ബ്രഡ് (Giant's Bread) എന്ന നോവലുമായി 1930 ല്‍ രംഗത്തുവന്ന എഴുത്തുകാരിയാണ് മേരി വെസ്റ്റ്മാകോട്ട്. പിന്നീടിങ്ങോട്ട് 1956 വരെയുള്ള കാലത്ത് അഞ്ചു നോവലുകള്‍ കൂടി അവരുടേതായി പുറത്തു വന്നു. അണ്‍ഫിനിഷ്ഡ് പോര്‍ട്രൈറ്റ്‌സ്, ആബ്‌സെന്റ് ഇന്‍ ദി സ്പ്രിങ്, ദി റോസ് ആന്‍ഡ് ദി യൂ ട്രീ, എ ഡോട്ടര്‍ ഈസ് എ ഡോട്ടര്‍, ദി ബര്‍ഡന്‍ എന്നിവയായിരുന്നു അവ. ഇങ്ങനെ ഒന്നിന് പിറകേ മറ്റൊന്നായി ആറു നോവലുകള്‍ എഴുതിയ മേരി വെസ്റ്റ്മാകോട്ട് എന്ന പേരിനു പിന്നില്‍ ഒളിഞ്ഞു നിന്നത് അതിന് വളരെ മുന്‍പേ തന്നെ "നിഗൂഢതകളുടെ റാണി' (Queen of Mystery) എന്നു പേരെടുത്ത ഒരു പ്രതിഭ ആയിരുന്നു. അത് മറ്റാരുമല്ല; ഒരുപാടു നിഗൂഢതകളുടെ ചുരുളഴിക്കുന്ന കഥകള്‍ പറഞ്ഞ എഴുത്തുകാരിയായ അഗതാ ക്രിസ്റ്റി തന്നെയായിരുന്നു.
കുറ്റാന്വേഷണ നോവല്‍ രംഗത്ത് 1920 മുതല്‍ എഴുപതുകളുടെ ആദ്യം വരെ നിറഞ്ഞു നിന്നിരുന്ന പേരാണ് അഗതാ ക്രിസ്റ്റിയുടേത്. ഇതിനിടയ്ക്കുള്ള 26 വര്‍ഷങ്ങളില്‍ (1930 - 56) കുറ്റാന്വേഷണ നോവലുകള്‍ക്ക് പുറമേ മേരി വെസ്റ്റ്മാകോട്ട് എന്ന പേരില്‍ റൊമാന്റിക് നോവലുകളും എഴുതുകയായിരുന്നു അവര്‍.
എന്തിനായിരുന്നു അത് ?
ഈ എഴുത്തുകാരിയുടെ യഥാര്‍ത്ഥ ജീവിതം അന്വേഷിക്കുമ്പോള്‍ ആ ചോദ്യത്തിനുത്തരം കൂടുതല്‍ കെട്ടുപിണഞ്ഞ ഒരു കഥ പോലെയാകും. ദുരൂഹതകള്‍ സൃഷ്ടിക്കുകയും അതിനെക്കുറിച്ചു ഹെര്‍ക്യൂള്‍ പൊയ്റോട്ടിനെയും മിസ് മാര്‍പ്പിളിനെയും കൊണ്ടൊക്കെ അന്വേഷിപ്പിക്കുകയുമൊക്കെ ആയിരുന്നല്ലോ അവരുടെ പ്ലോട്ടുകള്‍. ഒറ്റ നോട്ടത്തില്‍ തുമ്പു കിട്ടാത്ത ഒരു കുരുക്കിടുക, വായനക്കാരെ പരമാവധി ആശയക്കുഴപ്പത്തില്‍ ആക്കുക, ഒടുവില്‍ കൃത്യമായി ദാ ഇങ്ങനെ എന്നു നൂലറ്റം കണ്ടെത്തി ഓരോ കെട്ടായി അഴിച്ചു നേര്‍രേഖയിലാക്കി അത്ഭുതപ്പെടുത്തുക. ഇതായിരുന്നല്ലോ അഗതാ ക്രിസ്റ്റിയുടെ എഴുത്തു രീതി.

തന്നെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ യഥാര്‍ത്ഥ ജീവിതത്തിലും അതേ രീതിയാണ് അവര്‍ പരീക്ഷിച്ചത്. മേരി വെസ്റ്റ്മാകോട്ട് പോലുള്ള അപരനാമ ജീവിതങ്ങള്‍ അതിന്റെ ഭാഗമാണ്. മേരി എന്നത് അവരുടെ വിവാഹ പൂര്‍വ നാമത്തിന്റെ ഭാഗവും വെസ്റ്റ്മാകോട്ട് എന്നത് കുടുംബത്തിലെ ഏതോ ഒരു ശാഖയിലെ പേരുമായിരുന്നു.
അഗതാ ക്രിസ്റ്റി എന്ന കുറ്റാന്വേഷക കഥാകാരി കുറച്ചുനാള്‍ മറ്റൊരു പേരില്‍ സ്വയം മറഞ്ഞു നിന്ന് പ്രണയ നോവലുകള്‍ കൂടി എഴുതിയെന്നല്ലേ ഉള്ളൂ എന്ന് ജോസി വാഗമറ്റം - സി.വി. നിര്‍മ്മല എന്ന രീതി വച്ച് ചിന്തിക്കാവുന്നതേയുള്ളൂ.
അഗതാ മേരി ക്ലാരിസ്സാ മില്ലര്‍ എന്ന സ്ത്രീ, ആര്‍ച്ചി ബാള്‍ഡ് ക്രിസ്റ്റി എന്ന പട്ടാള ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു ജീവിക്കുന്ന കാലത്ത് ഭര്‍ത്താവിന്റെ ക്രിസ്റ്റി എന്ന വാലറ്റം കൂട്ടിച്ചേര്‍ത്ത് അഗതാ ക്രിസ്റ്റി എന്ന പേരില്‍ കുറ്റാന്വേഷണ നോവലുകളെഴുതി പ്രശസ്തയാവുകയായിരുന്നു. ആര്‍ച്ചിക്ക് ഒപ്പമുള്ള ജീവിതത്തിനിടയില്‍ 1926 ല്‍ മുപ്പത്തിയാറാം വയസ്സില്‍ ഒരു ദിവസം അവരെ പൊടുന്നനെ കാണാതെയായി.

ആര്‍ച്ചിയും അവരും തമ്മില്‍ അതിനു മുന്‍പേ സ്വരച്ചേര്‍ച്ച ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. ആര്‍ച്ചിയുടെ കാമുകിയെച്ചൊല്ലിയുള്ള പിണക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ പതിവായിരുന്നു. അതുകൊണ്ടു തന്നെ ഭാര്യയുടെ തിരോധാനത്തില്‍ ആര്‍ച്ചി സംശയത്തിന്റെ നിഴലിലാവുകയും ചെയ്തു. പതിനൊന്നു ദിവസങ്ങള്‍ക്കു ശേഷം ഹാരോഗേറ്റിലെ ഒരു ഹോട്ടലില്‍ താമസിച്ചു വരവേ അഗതയെ കണ്ടെത്താനായി. ആര്‍ച്ചിയുടെ കാമുകിയുടെ പേരായ നാന്‍സി നീല്‍ എന്നതിനോട് സാമ്യമുള്ള തെരേസാ നീല്‍ എന്ന കള്ളപ്പേരിലായിരുന്നു അവര്‍ അവിടെ തങ്ങിയത്.
എന്തിനായിരുന്നു അത് ?
താല്‍ക്കാലികമായുണ്ടാവുന്ന മറവിരോഗം എന്നൊരു വിശദീകരണത്തില്‍ അഗത ആ ദിവസങ്ങളെ ഒതുക്കി നിര്‍ത്തി. പിന്നീട് ഇങ്ങോട്ടുള്ള കാലത്തും ആ വിഷയത്തിലുള്ള ചോദ്യങ്ങള്‍ അവര്‍ ഒഴിവാക്കി.
ഇതേ പോലെ ഒരു പ്രശസ്തയായ എഴുത്തുകാരിയുടെ തിരോധാനവും ഭര്‍ത്താവിനെ പൊലീസ് സംശയിക്കുന്നതുമൊക്കെ ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്ത ഗോണ്‍ ഗേള്‍ എന്ന സിനിമയിലും (2014) കാണാം. ഗിലിയന്‍ ഫ്‌ലിന്‍ എഴുതിയ "ഗോണ്‍ ഗേള്‍' എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ് സിനിമ. അഗതാ ക്രിസ്റ്റിയുടെ ആരാധികയായ ഫ്‌ലിന്‍ ആ ജീവിതത്തെ ആധാരമാക്കി എന്ന് തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും സാമ്യം മറച്ചുവയ്ക്കാവുന്നതല്ല.
1914 മുതല്‍ പതിന്നാലു വര്‍ഷം നീണ്ടുനിന്ന ആര്‍ച്ചി ബാള്‍ഡ് ക്രിസ്റ്റിയുമായുള്ള വിവാഹ ജീവിതം അവസാനിക്കുമ്പോഴേക്കും അഗതാ ഏറെ പേരെടുത്തു കഴിഞ്ഞിരുന്നു എന്നതിനാല്‍ ആവാം ക്രിസ്റ്റി എന്ന ആ പേര് നിലനിര്‍ത്തിയത്.
അഗതാ ക്രിസ്റ്റി ആദ്യമെഴുതിയ നോവല്‍ "സ്‌നോ അപ്പോണ്‍ ദ ഡസേര്‍ട്ട് ' ആണ്. റൊമാന്‍സ്

നോവല്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നായിരുന്നു അത്. എന്നാല്‍ പല പ്രസാധകരും മടക്കി അയച്ചതിനാല്‍ അക്കാലത്ത് ആ നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയി. മോണോസിലബ എന്ന അപരനാമത്തിലാണ് അഗതാ ക്രിസ്റ്റി ആ നോവല്‍ എഴുതിയത്. ആദ്യ നോവല്‍ ശ്രമം പരാജയപ്പെട്ടതോടെ ആ പേര് അവര്‍ ഉപേക്ഷിക്കുകയും ചെയ്തു. വായനക്കാരി എന്ന നിലയ്ക്ക് കുറ്റാന്വേഷണ നോവലുകള്‍ അഗതയെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചിരുന്നത്. വില്‍ക്കി കോളിന്‍സ്, ആര്‍തര്‍ കോനന്‍ ഡോയ്ല്‍ എന്നിവരുടെ ആരാധിക ആയിരുന്നു അഗത. ആദ്യ രചനയായ "സ്‌നോ അപ്പോണ്‍ ദ ഡസേര്‍ട്ട്' പ്രസിദ്ധീകരിക്കാന്‍ പോലും ആയില്ല എന്നതിനാല്‍ അവര്‍ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതയായി. കുറ്റാന്വേഷണം വിഷയമാക്കാന്‍ ഇതൊക്കെ കാരണമായി ഭവിക്കുകയും ചെയ്തു.
അഗതയുടേതായി ആദ്യം പ്രസിദ്ധീകരിച്ച നോവല്‍ ദ മിസ്റ്റീരിയസ് അഫയര്‍ അറ്റ് സ്‌റ്റൈല്‍സ് ആണ് (1926ല്‍). ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിനെ ആദ്യമായി അവതരിപ്പിച്ച കുറ്റാന്വേഷണ നോവല്‍ ആണിത്. പിന്നീടിങ്ങോട്ട് "അപസര്‍പ്പക റാണി' എന്ന പേര് ചാര്‍ത്തിക്കിട്ടാന്‍ തക്കവണ്ണമുള്ള എഴുത്തായിരുന്നു അവരുടേത്.
അഗതയുടെ ഉള്ളില്‍ എന്നും ഒരു മോണോസിലബയും റൊമാന്റിക് നോവലിസ്റ്റുമൊക്കെ പുറത്തു ചാടാന്‍ വെമ്പി നിന്നിരുന്നു എന്നുവേണം കരുതാന്‍. അതൃപ്തവും അപൂര്‍ണ്ണവുമായ കുടുംബ ജീവിതവും സ്വത്വാവിഷ്‌ക്കാരത്തിനുള്ള അടക്കി വയ്ക്കാനാകാത്ത ആഗ്രഹവും ഒക്കെ ചേര്‍ന്നപ്പോള്‍ മേരി വെസ്റ്റ്മാകോട്ട് എന്ന പേരില്‍ ആ വ്യക്തിത്വം പുറത്തു വന്നു. ഒരു പക്ഷേ മാക്സ് മല്ലോവന്‍ എന്ന പുരാവസ്തു ഗവേഷകനെ വിവാഹം കഴിച്ചതോടെ (1930 ല്‍) എഴുത്തിന്റെ രണ്ടാം ഭാവവും പുറത്തെടുക്കാനായതും ആവാം.

മേരി വെസ്റ്റ്മാകോട്ട് എന്ന പേരില്‍ എഴുതിയ ആദ്യ നോവലായ ജയന്റ്‌സ് ബ്രഡ് വായിക്കുമ്പോള്‍ എഴുത്തുകാരിയുടെ ബാല്യകാല അനുഭവങ്ങള്‍ തന്നെ കേന്ദ്ര കഥാപാത്രമായ വെര്‍നോണ്‍ ഡയറിന്റെ കുട്ടിക്കാലത്തും കാണാനാകും. സംഗീതത്തിലുള്ള താല്പര്യമുള്‍പ്പടെ നോവലിലെ കുട്ടിക്കുമുണ്ട്.
അഗതയുടെ മകളായ റോസലിന്‍ഡിന്റെ മകനും അഗതയുടെ ഇപ്പോഴുള്ള അനന്തരാവകാശിയുമായ മാത്യു പിച്ചാര്‍ഡ് പറയുന്നു, "1930ല്‍ എന്റെ അമ്മയ്ക്ക് ജെയന്റ്‌സ് ബ്രഡ് എന്ന പുസ്തകത്തിന്റെ ഒരു പതിപ്പ് കിട്ടി. മറിയ വെസ്റ്റ്മാകോട്ട് തന്നെ ഒപ്പിട്ട പതിപ്പ്. അന്ന് അമ്മയുള്‍പ്പടെ ആര്‍ക്കും അറിയാതിരുന്ന കാര്യമാണ് മേരി വെസ്റ്റാംകോട്ട് എന്നൊരാള്‍ ഇല്ല എന്നും അത് അഗത ക്രിസ്റ്റി തന്നെയാണ് എന്നതും.'

1934 ല്‍ ഇറങ്ങിയ അണ്‍ഫിനിഷ്ഡ് പോര്‍ട്രൈറ്റ് എന്ന രണ്ടാമത്തെ വെസ്റ്റ്മാകോട്ട് പുസ്തകം നാല്പതുകളില്‍ എത്തിയ അഗതയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പോലെയാണ്. ജീവിതത്തിന്റെ അപൂര്‍ണഭാവം അവരുടെ മനസ്സിനെ മഥിച്ചിരുന്നു, നോവലിലെ നായികയെപ്പോലെ തന്നെ. വിവാഹ മോചനത്തോടെ ഒറ്റപെട്ടു പോകുന്ന സീലിയ എന്ന നായിക പോര്‍ട്രേറ്റുകള്‍ വരയ്ക്കുന്ന ഒരു കലാകാരനെ പരിചയപ്പെടുകയും അയാളോട് തന്റെ പ്രശ്‌നങ്ങളും ആകുലതകളും തുറന്നു പറഞ്ഞു അതില്‍ നിന്നൊക്കെ മുക്തയാവുകയും ചെയ്യുന്നുണ്ട്. ആര്‍ച്ചിയുമായുള്ള വിവാഹ മോചനത്തിന് ശേഷം മാക്‌സ് മല്ലൊവാനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു അഗത. തന്റെ പ്രശ്‌നങ്ങളൊക്കെ മാക്‌സുമായി പങ്കുവച്ചതിനെക്കുറിച്ച് അഗതയുടെ ജീവചരിത്രത്തില്‍ പറയുന്നതും ഈ നോവലും ചേര്‍ത്തുവായിച്ചാല്‍ മതിയാകും എത്ര ആത്മകഥാംശം ഉണ്ടായിരുന്നു മേരി വെസ്റ്റ്മാക്കോട്ട് നോവലുകളില്‍ എന്നറിയാന്‍. എന്നാല്‍ കുറ്റാന്വേഷണ നോവലിസ്റ്റ് എന്ന നിലയ്ക്ക് അവര്‍ എഴുതിയ ഒന്നില്‍ പോലും ആത്മകഥാംശത്തിന്റെ തരിമ്പുപോലും ഇല്ല എന്നതും ശ്രദ്ധേയമാണ്.
അപസര്‍പ്പക സാഹിത്യം രചിച്ചിരുന്ന സ്ത്രീകളെക്കുറിച്ചു മാര്‍ത്ത ഡുബോസും മാര്‍ഗരറ്റ് ക്ലാഡ്വെല്‍ തോമസും ചേര്‍ന്നെഴുതിയ "വിമെന്‍ ഓഫ് മിസ്ട്രി 'എന്ന പുസ്തകത്തില്‍ അഗതയെക്കുറിച്ചു വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. അണ്‍ ഫിനിഷ്ഡ് പോര്‍ട്രൈറ്റ് എന്ന നോവലിലെ സീലിയയെ കുറിച്ച് "ഈ കഥാപാത്രത്തിലൂടെ അഗത തന്നെയാണ് സംസാരിക്കുന്നത്. നേരിട്ടുള്ള ഒരു തുറന്നു പറച്ചിലിലൂടെ അവരുടെ ആകുലതകള്‍ ഒഴിഞ്ഞു. മാക്‌സിനെ കൂടുതല്‍ സ്‌നേഹിക്കാനായി. റോസലിന്‍ഡിനോടുള്ള പെരുമാറ്റവും സമാധാനം നിറഞ്ഞതായി' എന്ന് കാള്‍ഡ്വെല്ലും ടുഡോസും പറയുന്നു.

"ജയന്റ്‌സ് ബ്രെഡ് ' എന്ന ആദ്യ നോവലിലും "അണ്‍ ഫിനിഷ്ഡ് പോര്‍ട്രൈറ്റ്' എന്ന രണ്ടാമത്തെ നോവലിലും അഗതയുടെ ആ പഴയ തിരോധാനവുമായി ചേര്‍ത്തുവായിക്കാവുന്ന ചിലതുണ്ട്. അന്ന് അവര്‍ക്കുണ്ടായി എന്ന് പറയുന്നതു പോലെയുള്ള താത്കാലിക മറവി രോഗം ജയന്റ് ബ്രെഡിലെ കഥാപാത്രത്തിനും ഉണ്ട്.
ഗോണ്‍ ഗേള്‍ എന്ന സിനിമയില്‍ കാണുന്നതുപോലെ ആത്മഹത്യ ആ തിരോധാനത്തിന്റെ ലക്ഷ്യമായിരുന്നു എന്ന് സംശയം തോന്നും "അണ്‍ ഫിനിഷ്ഡ് പോര്‍ട്രൈറ്റ്' വായിക്കുമ്പോള്‍. (ആ സിനിമയിലെ നായിക ആത്മഹത്യ വേണ്ട എന്ന് പിന്നീട് തീരുമാനിക്കുന്നുമുണ്ട്.) അഗത ക്രിസ്റ്റി "ദി വുമണ്‍ ആന്‍ഡ് ഹെര്‍ മിസ്റ്ററീസ് ' എന്ന പുസ്തകമെഴുതിയ ഗില്ലിയന്‍ ഗിലിന്റെ അഭിപ്രായത്തില്‍ ഈ നോവല്‍ മതി അങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നു എന്നതിനു സാക്ഷ്യം പറയാന്‍. ഈ രണ്ടു നോവലുകളും കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ സ്വന്തം തിരോധാനത്തിന് ന്യായീകരിക്കാവുന്ന ഒരു ലക്ഷ്യം തേടാന്‍ അഗത തന്നെ ശ്രമിക്കുകയായിരുന്നു എന്നും തോന്നാം.
മൂന്നാമതേത് ആബ്‌സെന്റ് ഇന്‍ ദി സ്പ്രിങ്. അതിനെക്കുറിച്ചു അഗതാ ക്രിസ്റ്റിയുടെ ആത്മകഥയില്‍ പറയുന്നത് "എന്നെ പൂര്‍ണമായി തൃപ്തയാക്കിയ പുസ്തകം' എന്നാണ്. തന്റെ സ്വത്വം തിരിച്ചറിയാന്‍ ആകാതെ ഉഴലുന്ന നായികയെയാണ് ഈ പുസ്തകത്തില്‍ കാണുന്നത്. മകളെ കാണാന്‍ ഒറ്റയ്ക്ക് യാത്രയാവുന്ന മധ്യവയസ്‌കയായ നായിക ബാഗ്ദാദിനടുത്തു അപരിചിതമായ ഏതോ ഒരിടത്തു ഒറ്റപ്പെട്ടു പോകുന്നു. കുടുംബത്തിലെ ഓരോ അംഗങ്ങളെയും അവര്‍ക്കു തന്നോടുള്ള ബന്ധത്തിന്റെ സത്യാവസ്ഥകളെയും ഒറ്റയ്ക്കായ നായികയുടെ ചിന്തകളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. എങ്ങനെ എഴുതണം എന്ന് ആഗ്രഹിച്ചോ അങ്ങനെ എഴുതാന്‍ കഴിഞ്ഞ പുസ്തകം ആയിരുന്നു അതെന്നും അവര്‍ പറയുന്നു. "ഒരു എഴുത്തുകാരിക്ക് കൈവരാവുന്ന ഏറ്റവും അഭിമാനകരമായ സന്തോഷം'- ഇതില്‍പ്പരം എങ്ങനെയാണ് അവര്‍ എഴുത്തിനെ വിശദമാക്കേണ്ടത്. "ആദ്യ അധ്യായം ഒരു കടലാസിലേക്ക് പകര്‍ത്തിയ ശേഷം ഞാന്‍ നേരെ അവസാന അധ്യായം എഴുതി. അതോടെ എനിക്ക് എങ്ങോട്ടാണ് എഴുതി എത്തേണ്ടത് എന്ന് ഒരു രൂപമായി. പിന്നെ തുടര്‍ച്ചയായി എഴുതിയ മൂന്നു ദിവസങ്ങള്‍ കൊണ്ട് ഞാന്‍ ആ നോവല്‍ പൂര്‍ത്തിയാക്കി' അഗത ആത്മകഥയില്‍ പറയുന്നു.

മേരി വെസ്റ്റ്മാകോട്ട് എന്ന പേരില്‍ പിന്നീട് എഴുതിയ മൂന്നു പുസ്തകങ്ങളും അവര്‍ക്കു വളരെ തൃപ്തിയേകി. ആദ്യ നോവലിറങ്ങി ഏതാണ്ട് ഇരുപത് വര്‍ഷത്തോളം അഗതയാണ് മേരി എന്ന് വായനക്കാര്‍ അറിഞ്ഞിരുന്നില്ല. തിരിച്ചറിയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നുമില്ല. 1946 ല്‍ മിടുക്കനായ ഒരു പത്രപ്രവര്‍ത്തകന്‍ മേരി എന്ന പേരിനു പിന്നിലെ പ്രതിഭയെ കണ്ടെത്തുകയും "ആബ്‌സെന്റ് ഇന്‍ ദി സ്പ്രിങ് ' എന്ന പുസ്തകത്തെക്കുറിച്ച് എഴുതിയ ഒരു അവലോകന കുറിപ്പില്‍ ആ പേര് വെളിപ്പെടുത്തുകയും ചെയ്തു. ക്രമേണ അത് വായനക്കാരൊക്കെ അറിഞ്ഞു. "എനിക്കതിലുണ്ടായിരുന്ന രസത്തെ ഇല്ലാതെയാക്കി' എന്നാണു അഗത അതിനെക്കുറിച്ചു തന്റെ ലിറ്റററി ഏജന്റായ എഡ്മണ്ട് കോര്‍ക്കിനോട് പറഞ്ഞത്. താന്‍ ആണ് മേരി വെസ്റ്റ്മാകോട്ട് എന്ന വിവരം പുറത്തറിഞ്ഞത് രസംകൊല്ലി ആയി എന്നതു മാത്രമായിരുന്നിരിക്കില്ല ആഗതയെ അലട്ടിയത് എന്നാണ് മാര്‍ത്ത ഡുബോസ് പറയുന്നത്. തന്റെ പരിചയക്കാര്‍ക്ക് ഓരോ കഥാപാത്രങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ ആരെ പ്രതിനിധാനം ചെയ്യുന്നു എന്ന് തിരിച്ചറിയാനാകും എന്നുള്ളതും അവരെ അലട്ടിയിരിക്കാമത്രെ.
മേരി വെസ്റ്റ്മാകോട്ട് എന്ന എഴുത്തുകാരിയെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ ആറു പുസ്തകങ്ങളും സാമാന്യം നല്ല രീതിയില്‍ വിറ്റഴിക്കപ്പെട്ടു. ആ നോവലുകള്‍ റൊമാന്റിക് നോവല്‍ എന്ന ഗണത്തില്‍ ആണ് പെട്ടിട്ടുള്ളത്. എന്നാല്‍ പള്‍പ്പ് ഫിക്ഷന്‍ എന്ന പേരില്‍ മാറ്റി നിര്‍ത്തപ്പെടേണ്ട എഴുത്തല്ലതാനും. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ഏറ്റവും തീവ്രമായ, ആത്മനാശം വരെ എത്താവുന്ന, ഭാവങ്ങളാണ് ആവിഷ്‌കരിക്കപ്പെട്ടിരുന്നത്. സാധാരണ കാണുന്ന പല പ്രണയകഥകളും പോലെ ശുഭപര്യവസായികള്‍ ആയിരുന്നുമില്ല അവ. ആത്മാവിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുന്ന ജീവിതഗന്ധിയായ എഴുത്താണ് അവയുടെ കരുത്ത്.
ചാള്‍സ് ഡിക്കന്‍സിന്റെ അനന്തര തലമുറകളില്‍പ്പെട്ട, പ്രശസ്ത എഴുത്തുകാരി കൂടിയായ മോണിക്ക ഡിക്കന്‍സിന്റെ അഭിപ്രായത്തില്‍, "മേരി വെസ്റ്റ്മകോട്ടിന്റേതു വളരെ കൃത്യമായും യാഥാര്‍ത്ഥ്യ ബോധത്തോടെയും പ്രവര്‍ത്തിക്കുന്ന മനസ്സാണ്. എത്ര നൈപുണ്യമുള്ള എഴുത്താണോ അവരുടേത് അത്രയും മികച്ച ഇതിവൃത്തവും ആണ് അവരുടെ നോവലുകളില്‍.'
സമൂഹത്തിന്റെ നേര്‍ക്കുള്ള കാഴ്ചപ്പാടിലും വളരെ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് ഡിറ്റക്റ്റീവ് നോവലുകളും വെസ്റ്റ്മാകോട്ട് നോവലുകളും. കുറ്റാന്വേഷണ നോവലുകളില്‍ കാഴ്ച്പ്പാടുകള്‍ക്കും തത്വചിന്തകള്‍ക്കും സ്ഥാനം കുറവായിരുന്നു. അത് തന്നെയാണ് ആ ശാഖയില്‍ പതിവും. വെസ്റ്റ്മാകോട്ട് നോവലുകളില്‍ സംഘര്‍ഷം അനുഭവിക്കുന്ന സ്ത്രീകളുടെ കാഴ്ചപ്പാടുകള്‍ ആണ് ദര്‍ശിക്കാനാവുക. അതില്‍ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോളും അഗതയുടെ മനസ്സ് വെസ്റ്റ്മാകോട്ട് നായികമാരുടേതു പോലെ സംഘര്‍ഷഭരിതം ആയിരുന്നു.

അഗത ക്രിസ്റ്റി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് ബ്രിട്ടീഷ് വരേണ്യ കുലജാതയുടെ എല്ലാ ഭാവങ്ങളും പാരമ്പര്യവും ഉള്ള മധ്യ വയസ്‌കയായ, അവരുടെ പുസ്തകങ്ങളുടെ പുറം ചട്ടയില്‍ കാണുന്നതുപോലെയുള്ള, ഒരു സ്ത്രീയെ ആണ്. എന്നാല്‍ അമേരിക്കന്‍, ജര്‍മന്‍ പാരമ്പര്യങ്ങള്‍ ഉള്ള ഒരു മധ്യവര്‍ത്തി കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് അഗതയുടെ വരവ്. മേരി വെസ്റ്റ്മാകോട്ട് നായികമാരുടേതിനോട് ആയിരുന്നു ആ വ്യക്തിത്വം കൂടുതല്‍ ചേര്‍ന്ന് നിന്നത്. യഥാര്‍ത്ഥ അഗതാ ക്രിസ്റ്റിയെ അറിയാന്‍ മേരി വെസ്റ്റ്മാകോട്ടിനെ വായിച്ചറിഞ്ഞേ മതിയാകൂ.
പേരും പെരുമയും ഏറെ നേടിക്കൊടുത്ത അഗതാ ക്രിസ്റ്റി എന്ന പേരിലെ അപസര്‍പ്പക സാഹിത്യ രചന നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് വെസ്റ്റ്മാകോട്ട് നോവലുകള്‍ എഴുതാന്‍ തുടങ്ങുന്നതും തുടര്‍ന്നതും. വരുമാനം കൂടുതല്‍ നേടിക്കൊടുക്കുന്നവ എന്നതു കൊണ്ട് പ്രസാധകര്‍ക്കും താല്പര്യം പൊയ്റോട്ടിലും മിസ് മാര്‍പ്പിളിലും ഒക്കെത്തന്നെ ആയിരുന്നുതാനും. അറുപത്തിയാറു നോവലുകളും പതിന്നാലു ചെറുകഥാസമാഹാരങ്ങളും എന്നു പറയുന്നതില്‍ നിന്ന് തന്നെ അറിയാം അവരുടെ ജനസമ്മതിയും പ്രസാധകരുടെ സാമ്പത്തിക താല്പര്യങ്ങളും ചേര്‍ന്നുപോയിരുന്നു എന്ന്. ഒന്നിനു പുറകെഒന്നായി നോവലുകള്‍ എഴുതിക്കൊണ്ടിരുന്ന തന്നെപ്പറ്റി അവര്‍ തന്നെ അക്കാലത്തു പറഞ്ഞത് "ഒരു സോസേജ് മെഷീന്‍, കുറ്റമറ്റ ഒരു സോസേജ് മെഷീന്‍' എന്നാണ്. അഗതാ ക്രിസ്റ്റി എന്ന പേരില്‍ എഴുതുക എന്നത് അവരിഷ്ടപ്പെട്ടിരുന്ന തൊഴിലും വെസ്റ്റ്മാകോട്ട് എന്ന പേരിലെ എഴുത്ത് അവരുടെ ആനന്ദവും ആയിരുന്നു.
ആദ്യ നോവലെഴുതുമ്പോള്‍ മോണോസിലബ, പിന്നീടൊരിക്കല്‍ കുറച്ചു ദിവസങ്ങള്‍ നീണ്ട അജ്ഞാത വാസത്തില്‍ തെരേസ നീല്‍. ഏറെക്കാലം ഒരേ സമയം മേരി വെസ്റ്റ്മാകോട്ടും അഗതാ ക്രിസ്റ്റിയും.
മൂന്നാമത്തെ പാരഗ്രാഫിന് ഒടുവിലത്തെ ചോദ്യം ഏഴാമത്തെ പാരഗ്രാഫിന് ശേഷം വീണ്ടും ഉന്നയിച്ചത് ആവര്‍ത്തിക്കട്ടെ.
എന്തിനായിരുന്നു അത് ?
അതിനുള്ള ഉത്തരത്തിലേക്ക് തന്നെയാണ് ഇതുവരെയുള്ള വായന എത്തി നില്‍ക്കുന്നത്. എഴുത്താനന്ദത്തിനും സ്വത്വാവിഷ്‌കാരത്തിനും തന്നെയായിരുന്നു മേരി വെസ്റ്റ്മാകോട്ട് എന്ന അപരനാമ ജീവിതം. ഇത് സ്വയം വ്യക്തമാക്കാതെ കൂടുതല്‍ വായനയിലൂടെയും പഠനങ്ങളിലൂടെയും വെസ്റ്റ്മാകോട്ടിനെയും അവരുടെ കഥാപാത്രങ്ങളെയും തിരിച്ചറിയുന്നവര്‍ക്ക്, പൂരിപ്പിക്കാനുള്ള സാധ്യതയായി അവര്‍ വിട്ടുകൊടുത്തു. തെരേസ നീല്‍ എന്ന പേരും മോണോസിലബ എന്ന പേരും സ്വീകരിച്ചതിനുള്ള കാരണങ്ങള്‍ ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളായി ബാക്കിയുണ്ടുതാനും. അത്രയൊക്കെ ദുരൂഹത ബാക്കി നിര്‍ത്തി പോകുന്നതിലാണല്ലോ ഒരു അപസര്‍പ്പക നോവലിസ്റ്റിന്റെ ജീവിതകഥയിലെ ത്രില്ല്.
വിനീതാ വെള്ളിമനയുടെ ലേഖനം:
Geetha Kampurath
23 May 2020, 09:44 PM
വിനിത, മനോഹരമായിരിക്കുന്നു. ജീവിത വഴിയിൽ ഇടക്കെപ്പോഴോ കൈ വിട്ടു പോയ വായനയും എഴുത്തും പൊടി തട്ടി എടുക്കാൻ ഒരു കാരണമായി ഈ വായന. നന്ദി, വിനിതക്കും, അഗത ക്രിസ്റ്റിക്കും.
Santa vj
22 May 2020, 04:41 PM
പുതിയ അറിവുകൾ കിട്ടി. മനോഹരമായ വിവരണം. അഗത കടന്നു പോയ സംഘർഷ വഴികൾ...
ഷഫീഖ് താമരശ്ശേരി
Aug 05, 2022
14 Minutes Read
കെ.പി. റജി
Jul 26, 2022
5 Minutes Read
ഷഫീഖ് താമരശ്ശേരി
May 25, 2022
9 Minutes Watch
അരുണ്‍ ടി. വിജയന്‍
Jan 23, 2022
19 Minutes Read
ആര്‍. രാജശ്രീ
Dec 20, 2021
9 Minutes Read
ഗീത
Jul 26, 2021
30 Minutes Watch
Unais Pk
3 Jun 2020, 10:01 AM
ഇവർക്ക് ഇങ്ങനെ പേരുകൾ കൂടെ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. മികച്ച രചന..