കടലിൽ വലയിളക്കുന്നവന്റേയും കരയിൽ കള്ളിളക്കുന്നവന്റേയും നേരും നെറിയും ഒരു ചരിത്രത്തെ സംരക്ഷിച്ചു നിർത്തുന്ന വിധം ഇങ്ങനെയാണ്. തെയ്യമെന്നാൽ ചരിത്രത്തിന്റെ പെരുങ്കടൽ പൊട്ടലാണ്. ചെറുതോണികൾക്കിത് മുറിച്ചു കടക്കാനാകില്ല. വലിയ കപ്പലോട്ടക്കാരുടെ യാനങ്ങൾവരെ ഇവിടെ കടലിളക്കത്തിൽ തകർന്നുവീഴും. കാലങ്ങൾ താണ്ടി ദേശങ്ങൾ താണ്ടി തെയ്യമെത്തിയ മരക്കലങ്ങൾ ചരിത്രത്തിന്റെ അഴിമുഖങ്ങളിലാണ് അടുത്തിരിക്കുന്നത്. ചരിത്രാതീതകാലത്തെ കടലിളക്കങ്ങളിൽ കരയിലടിഞ്ഞ കപ്പലിന്റെ അസ്ഥിപോലെ ഒരു പള്ളിയറ ഇവിടെയടുണ്ട്. തുളുനാട്ടിലേക്കുള്ള വൈദേശീക സമുദ്രായനങ്ങളുടെ നടുക്കുന്ന ഓർമ്മകളെ കാത്തുവെച്ച സ്മൃതികുടീരം. തൃക്കരിപ്പൂരിലെ കൊയോങ്കര പയ്യക്കാൽ കാവിനുള്ളിലെ വെളുത്ത പൂഴിമണലിൽ കാലു തൊടുമ്പോൾ അസ്രാളനും ആയിറ്റിപ്പോതിയും ഉച്ചൂളിക്കടവത്തു പോതിയും പുറങ്കാലനും ഉപ്പുനീരണിഞ്ഞ അതേ കടലോർമ്മകൾ നിങ്ങളെ ആർദ്രമാക്കും. കടലിന്റേയും കരയുടേയും ദൈവങ്ങൾ സഞ്ചരിച്ച യാനം കഠിനാധ്വാനികളായ മനുഷ്യരുടെ സങ്കടക്കയങ്ങളിൽ നങ്കൂരമിട്ട് മീനവരുടെ തുളുനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട താനം എന്ന പേരും പെരുമയും നേടി. .
ആയിറ്റിപ്പോതിയും അസ്രാളനുമിരിക്കുന്ന തൃക്കരിപ്പൂർ കൊയോങ്കര കാവിലേക്ക് പ്രാധാന ദേവതയായ പയ്യക്കാൽ ദേവിയുടെ ആഗമനത്തിന് അത്രമേൽ ചരിത്രപ്രാധാന്യമുണ്ട്. കോഴിക്കോട് നെടിയിരിപ്പും കോലത്തിരിയും തമ്മിലുള്ള ബന്ധവും അള്ളടസ്വരൂപ രൂപീകരണവും അങ്ങനെ നിരവധി ചരിത്രസംഭവങ്ങളിലേക്കുള്ള ചൂണ്ടുപലകയാണിത്. നാട്ടിനുടയോരായ അള്ളടത്തു തമ്പുരാൻ ആരാധിക്കുന്ന വളയനാട്ടമ്മയിരിക്കുന്നത് കടലിനോട് ചേർന്നുള്ള ഇടയിലെക്കാട്ട് കാവിലാണ്. നെടിയിരിപ്പിൽ സാമൂതിരി പ്രഭുത്വത്തിന്റെ അധികാരം സ്ഥാപിക്കുന്നതിന് കൂട്ടുനിന്ന മടിയൻ ക്ഷേത്രപാലകനും വളയാനാട്ടമ്മയും ഇടയിലെക്കാട്ട് കാവിലാണ് ആദ്യം സാന്നിധ്യമറീച്ചത്.
ക്ഷേത്രപാലകൻ ഇടയിലെകാട്ടിൽ നിന്നും ഉദിനൂരിലേക്ക് പോയി നായന്മാരുടെ കുലനായകനായി ഉദിനൂർകോവിലകം ആരൂഢമായി നാട് ഭരിച്ചു. ക്ഷത്രിയവീര്യം തിളക്കുന്ന വീരശൂരനായ സാമൂരിപ്പാടിന്റെ കുലദേവതയായ വളയാനാട്ടമ്മയെ മൊയോറുടെ താനത്തേക്ക് കൊണ്ടു വരുന്നതിനായി ആയിറ്റിപ്പോതി തീരുമാനിച്ചു. നായർമാടമ്പിയായ മടിയൻക്ഷേത്രപാലകൻ ആരാധിക്കുന്ന വളയാനാട്ടമ്മയെ ആയിറ്റിപ്പോതിയും ആൺചങ്ങാതി അസ്രാളനും കാട്ടിൽ വെച്ച് കൂടിക്കണ്ടു. തേളപ്പുറത്ത് മൊയോൻ കാത്തുവെച്ച കൊയോങ്കര പടിഞ്ഞാറ്റയിലെ വെള്ളിവെളിച്ചത്തിലേക്ക് കോഴിക്കോട് സാമൂരികോലോത്തെ വളയനാട്ടമ്മ ഇറങ്ങി വന്നു.
ഉത്തരകേളത്തിലെ ജാതിവ്യവസ്ഥയെ വിവേചനത്തിന്റെ മനുഷ്യത്വ രഹിതമായ വഴിവിട്ട് സാംസ്‌ക്കാരികമായ സമന്വയത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഏറ്റവും പഴക്കമുള്ള സാമൂഹികമുന്നേറ്റമാണ് ഈ ദേവതകളുടെ കൂടിച്ചേരൽ. ജാതിയുടെ ഏറ്റവും നീചമായ വേർതിരിവിനെ ഒരു സമൂഹം എങ്ങനെ മറികടക്കുന്നുവെന്നതിന് ഇതിലും മികച്ചൊരു ഉദാഹരണമില്ല.
ആയിറ്റിപ്പോതിയും അസ്രാളനുമിരിക്കുന്ന പയ്യക്കാൽ കാവിലേക്ക് പ്രധാന ദേവതയായ പയ്യക്കൽ ഭഗവതിയുടെ ആഗമനം ജാതികേരളത്തിന്റെ ആരുംകാണാത്ത ആരും പറയാത്ത ചരിത്രമാണ്.
മൊയോറും ക്ഷത്രിയരും തമ്മിലുള്ള ഇടയിലെക്കാട്ടുകാവിലെ ഈ കൂടിക്കാഴ്ച്ച കെട്ടുകഥയോ പുരാവൃത്തമോ ചരിത്രമോ എന്തുമാകട്ടെ. എന്തായാലും അതിലൊരു ജീവിതമുണ്ട്. അത് നിഷേധിക്കാനാകില്ല. ആ പൂർവ്വകാലജീവിതം തന്നെയാണ് കഥയുടേയും കെട്ടുകഥയുടേയും ചരിത്രത്തിന്റേയും ശാസ്ത്രത്തിന്റേയും ആധാരം. അടിസ്ഥാനജീവിതം എന്നത് സത്യത്തിന്റെ തന്മാത്രാരൂപമാണ്. ഉത്തരകേളത്തിലെ ജാതിവ്യവസ്ഥയെ വിവേചനത്തിന്റെ മനുഷ്യത്വ രഹിതമായ വഴിവിട്ട് സാംസ്‌ക്കാരികമായ സമന്വയത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഏറ്റവും പഴക്കമുള്ള സാമൂഹികമുന്നേറ്റമാണ് ഈ ദേവതകളുടെ കൂടിച്ചേരൽ. ജാതിയുടെ ഏറ്റവും നീചമായ വേർതിരിവിനെ ഒരു സമൂഹം എങ്ങനെ മറികടക്കുന്നുവെന്നതിന് ഇതിലും മികച്ചൊരു ഉദാഹരണമില്ല. മുക്കുവരും തീയ്യരും ഉൾപ്പെടുന്ന അവർണ്ണജാതികൾ നായരെ കാണുമ്പോൾ ഓടിയൊളിക്കുന്നതിനുള്ള അകലം കേരളത്തിന്റെ തെക്കൻ ഭാഗങ്ങിൽ അളന്ന് തിട്ടപ്പെടുത്തുമ്പോഴാണ് ഇങ്ങനെയൊരു ജാതിസംഗമം.
വിചിത്രമായ സ്ഥലമായിരുന്നു വളയാനാട്ടമ്മയിരുന്ന ഇടയിലെക്കാട്ട്കാവ്. കടലിനോട് ചേർന്ന് കവ്വായിക്കായൽ ചിറകിനടിയൽ പൊത്തിക്കാത്തു വളർത്തുന്ന പെരുങ്കാട്. നൂറ്റെട്ട് നാടുകളലഞ്ഞ കടൽയാത്രയിലെവിടേയും ഇങ്ങനെ കടലും കായലും കാടും അടുത്തടുത്തു വരുന്നത് കണ്ടിട്ടില്ല. കാട്ടിനുളളിലെത്തിയ അസ്രാളനും നായിനാറ് ആയിറ്റിപ്പോതിയും കണ്ട കാഴ്ച്ച വിസ്മയിപ്പിക്കുന്നതായിരുന്നു. കാടാകെ പടർന്ന ഇലിപ്പമരത്തിൽ ചുറ്റിയ കാട്ടുവള്ളിയിൽ പൂഞ്ചോലാടുന്ന വളയാനാട്ടമ്മയും വാതിൽകാപ്പാനും. കാട്ടുവള്ളികളിൽ കാട്ടുപഴങ്ങൾ തിന്ന് കളിച്ചു രസിക്കുന്ന വാനരജാതികൾ. ഉൾക്കാട്ടിൽ കൊമ്പനും കൂരനും എയ്യനും മദിച്ചു പുളയ്ക്ക്ന്നു. ഭീമാകരമായ മരങ്ങൾക്കു മുകളിൽ വട്ടമിട്ടു പറക്കുന്ന വെള്ളവയറൻ കടൽപ്പരുന്തുകൾ. താനിരുന്ന ആയിറ്റിക്കാവിനേക്കാൾ വലിയ കാട്. ആയിറ്റിപ്പോതിയും അസ്രാളനും കാട്ടിൽ നിന്നും വളയാനാട്ടമ്മയയേും കൂട്ടി കൊയോങ്കര നാലില്ലത്തുനായന്മാർക്ക് നടുവിലെ മൊയൊറുടെ തേളപ്പുറത്തെ പടിഞ്ഞാറ്റയിലേക്ക് കരകേറി. ആദ്യം ആയിറ്റിപ്പോതി പള്ളിയറയ്ക്ക് മുൻവശത്തൂടെ കേറി. പിന്നെ വളയാനാട്ടമ്മ വയ്യപ്പുറത്തെ പടിഞ്ഞാറു ഭാഗത്തൂടെ കേറി പള്ളിയറയിലിരുന്നു. കൊയോങ്കരയിൽ വയ്യലെ പതിയെ വന്ന ദേവിയായതിനാൽ ആയിറ്റിപ്പോതി വളയാനാട്ടമ്മയെ പയ്യക്കാൽ ഭഗവതീ എന്ന് പേർചൊല്ലിവിളിച്ചു.
പയ്യക്കാൽ ഭഗവതി ഒരു പീഠത്തിലും ഒരു മരക്കലത്തിൽ ഒരുമിച്ചുവന്ന ഉച്ചൂളിക്കടവത്തുപോതിയും ആയിറ്റിപ്പോതിയും കൂടി മറ്റൊരു പീഠത്തിലുമിരുന്നു. ഉത്തരകേരേളത്തിലെ പതിനൊന്ന് സ്ഥാനങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള പയ്യക്കാൽ കാവിന്റെ പിറവി അങ്ങനെയാണ്.
പയ്യക്കാൽ ഭഗവതി ഒരു പീഠത്തിലും ഒരു മരക്കലത്തിൽ ഒരുമിച്ചുവന്ന ഉച്ചൂളിക്കടവത്തുപോതിയും ആയിറ്റിപ്പോതിയും കൂടി മറ്റൊരു പീഠത്തിലുമിരുന്നു. ഉത്തരകേരേളത്തിലെ പതിനൊന്ന് സ്ഥാനങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള പയ്യക്കാൽ കാവിന്റെ പിറവി അങ്ങനെയാണ്.
അസ്രാളനും ആയിറ്റിപ്പോതിയും ചേർന്ന് ഏറ്റവും സമ്പത്തും പ്രൗഢിയുമുള്ള സാമൂതിരിപ്പാടിന്റെ കുലദേവതയെ മീൻ നാറുന്ന, തുഴക്കരുത്തിൽ വിയർക്കുന്ന തേളപ്പുറത്ത് മൊയോന്റെ പടിഞ്ഞാറ്റയിലേക്ക് കൊണ്ടുവന്നത് അന്നും ഇന്നും ചിന്തിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്. അസ്രാളനും ആയിറ്റിപ്പോതിയും വേറൊരു നാട്ടിൽ നിന്നും വന്ന തെയ്യം എന്നതിനപ്പുറം തുളുനാടിനെ സാമൂഹികമായും സാംസ്‌ക്കാരികമായും സാമ്പത്തികമായും മോചിപ്പിക്കുന്ന മഹത്തായ ദൗത്യം നിർവഹിക്കുക കൂടി ചെയ്യുന്നുണ്ട്. തീയ്യൻ കള്ളുചെത്തിയും നായാട്ടുനടത്തിയും മൊയോൻ പുഴയിലും തോട്ടിലും വലയെറിഞ്ഞ് മീൻ പിടിച്ചും ജീവിക്കുമ്പോൾ തന്നെ അവരുടെ സാമൂഹികനില മെച്ചപ്പെടുത്തുക കൂടിയാണ് മരക്കലമേറി വന്നവർ ചെയ്തത്. തീയ്യന്റേയും മൊയോന്റേയും കുലദേവതാപദവി ഏറ്റെടുക്കുന്നതിലൂടെ കാട്ടിലും കടലിലും ലക്ഷ്യബോധമില്ലാതെയലഞ്ഞ ഒരു ഗോത്രസമൂഹത്തെ കൃത്യമായ ദിശാബോധത്തിലൂടെ കൊയോങ്കര പയ്യക്കാൽ കാവിന്റെ തുറമുഖത്തിലടുപ്പിച്ചു.
കൂട്ടം തെറ്റിപ്പോകുന്ന ഗോത്രത്തെ ഐക്യപ്പെട്ട് ജീവിക്കുന്നതിന്റെ പ്രാധാന്യം കാവോ പള്ളിയറയോ ആധാരമായി ചൊല്ലിപ്പഠിപ്പിച്ചു. ഒരു സാമൂഹ്യക്രമത്തിൽ ഉയർന്ന മൂല്യബോധത്തോടെ ജീവിക്കുന്നതിന് ഒരു ഗോത്രജനതയെ പ്രാപ്തരാക്കി. സാമൂഹികമായ ഉയർച്ചയോടൊപ്പം വിദ്യ അഭ്യസിക്കുന്നതിനും കലയുടേയും സംസ്‌ക്കരാത്തിന്റേയും അനുഷ്ഠാന വഴികൾ ചിട്ടപ്പെടുത്തുന്നതിനും ഉന്നതമായ ഒരു സാമൂഹ്യ ജീവിതത്തിലേക്ക് ഒരു ജനതയെ കൊണ്ടുവരുന്നതിനും സാധിച്ചു. കടലും വയലും അടിസ്ഥാനമാക്കി തൊഴിലിന്റെ മഹത്വം മനസ്സിലാക്കിയ ഒരുൽപാദന സമൂഹത്തെ എങ്ങിനെ കെട്ടിപ്പടുക്കാമെന്നത് പ്രായോഗികമായിത്തന്നെ നടപ്പിലാക്കി. വിവിധങ്ങളായ അനുഷ്ഠാനങ്ങൾ സമന്വയിച്ച ജീവിതക്രമത്തിലൂടെ ദൈവത്തിലേക്ക് അധ്വാനത്തിന്റയും വിഭവസമാഹരണത്തിന്റേയും പുതിയ പാതകൾ തുറന്നു. മതാധിഷ്ഠിതമായ പാരമ്പര്യ പൗരോഹിത്യ സമ്പ്രദായങ്ങൾക്ക് മനുഷ്യസ്‌നേഹത്തിന്റേയും സംഘബോധത്തിന്റയും വർണ്ണവൈരമില്ലാത്ത ബദൽ ദൈവവിചാര ശാസ്ത്രമുണ്ടാക്കി. ഉത്തരകേരളത്തിന് ഒരു ശ്രീനാരായണ ഗുരുവോ മഹാത്മ അയ്യാങ്കാളിയോ സഹോദരനോ ഉണ്ടായിട്ടില്ല എന്നത് വാസ്തവമാണ്. ആ കുറവ് പരിഹരിച്ചത് അവർക്ക് എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കീഴാളജീവിതത്തെ അടിമുടി നവീകരിച്ച തെയ്യങ്ങൾ തന്നെയാണ്.
അസ്രാളനും ആയിറ്റിപ്പോതിയും കേവലം ദൈവങ്ങൾ എന്നതിലപ്പുറം ഒരു ദേശത്തിലെ ജനജീവിതത്ത വൈകാരികമായും ആത്മീയമായും രാഷ്ട്രീയമായും മതപരമായും സ്വാധീനിക്കുന്നതിന് പല മാനങ്ങളുണ്ട്. എഴുത്തറിയാത്ത, സ്‌ക്കൂളിന്റെ പടിവാതിൽ കാണാത്ത അസ്രാളൻ തമ്പാച്ചിയാണ് തൊഴിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ ആത്മീയാചാര്യനാകുന്നത്.
ഉത്തരകേരളത്തിന് ഒരു ശ്രീനാരായണ ഗുരുവോ മഹാത്മ അയ്യാങ്കാളിയോ സഹോദരനോ ഉണ്ടായിട്ടില്ല എന്നത് വാസ്തവമാണ്. ആ കുറവ് പരിഹരിച്ചത് അവർക്ക് എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കീഴാളജീവിതത്തെ അടിമുടി നവീകരിച്ച തെയ്യങ്ങൾ തന്നെയാണ്.
വൈദേശികനായ വില്ലാപുരത്തെ അസ്രാളൻ കാലം കടന്നു പോയപ്പോൾ തേളപ്പുറത്ത് മൊയോനിലൂടെ തന്റെ ഐതിഹാസിക ജീവിതം തുളുനാടൻ കടൽത്തീരങ്ങളിൽ തുടരുന്നു. മലനാട് മോഹിച്ചണഞ്ഞ ദേവതകൾ ഓരോ ദേശത്തിനും ആ ദേശത്തിലെ ഗോത്ര സംസ്‌ക്കാരത്തിനുമനുസരിച്ച് പലപേരുകൾ സ്വീകരിച്ചു. പലതാനങ്ങളിൽ പല കുലനായകരുടെ വെള്ളോലമെയ്ക്കുടയാധാരമായി ശേഷിപ്പെട്ടു.
ആര്യരാജന്റെ പൊന്മകൾ ആരിയപ്പൂമാലയും തോഴിമാരും അവരുടെ ആൺചങ്ങാതിമാരുമാണ് മരക്കലമേറി മലനാട്ടിലേക്കു വരുന്നത്. ഓരോ പേരുകളിൽ അറിയപ്പെടുമ്പോഴും എല്ലാവരുടേയും പൂർവ്വ വൃത്താന്തം ഒന്നു തന്നെയാണ്. ആര്യപൂമാല, ആര്യപ്പൂങ്കന്നി, ആര്യക്കരഭഗവതി, ആയിറ്റിപ്പോതി, ഉച്ചൂളിക്കടവത്തു ഭഗവതി, പുന്നക്കാൽ ഭഗവതി എന്നിങ്ങനെയുള്ള പേരുകളിൽ ഒരേ ചൈതന്യത്തെന്നെയാണ് ആരാധിക്കുന്നത്. ഇതേ ദേവതമാർ വ്യത്യസ്തങ്ങളായ പ്രാദേശീകാഖ്യാനത്തോടെയും ആരാധിക്കപ്പെടുന്നുണ്ട്. ആൺചങ്ങാതിമാരിലും ഈ വ്യത്യാസങ്ങൾ കാണാം. ആര്യപൂമാരൻ, ബപ്പൂരൻ, അസുരകാലൻ, പുറങ്കാലൻ വടക്കൻകോടിവീരൻ ഇവരാണ് ദേവനൗകയുടെ കാവലാളുകളായി മലയാളനാട്ടിലെത്തിയവീരന്മാാർ. കുളങ്ങാട്ട് മലയടിവാരത്തിലെ രണ്ട് തെയ്യക്കാവുകൾ ഈ ചരിത്രത്തിന്റെ എക്കാലത്തേയും അടയാളങ്ങളാണ്. കാടങ്കോട് നെല്ലിക്കാൽ ഭഗവതികാവും തീയ്യരുടെ നെല്ലിക്കാത്തുരുത്തി കഴകവും. തീയ്യരുടെ വിശ്വാസപ്രകാരം മരക്കലമേറിവന്ന ആര്യപ്പൂമാലയുടെ രൂപം ഇതുവരെ ആരും കണ്ടിട്ടില്ല. പൂമാലക്കാവുകളാണ് തീയ്യരുടെ ഉത്തരമലബാറിലെ ആരാധന കേന്ദ്രങ്ങൾ. പക്ഷേ ഇവിടെ കോലരൂപമില്ല. പൂമാലയുടെ തിരുമുറ്റത്ത് തെയ്യങ്ങളൊന്നും പാടില്ല. കാരണം പൂമാലക്ക് മദ്യം, മാംസം ഇതൊന്നും പാടില്ല. അതുകൊണ്ടാണ് പൂമാലക്കാവുകളിൽ കളിയാട്ടം തട്ടിന് താഴെ നടത്തുന്നത്. പക്ഷേ പൂമാല തന്നെ തീയ്യരുടെ പെരുംകഴകമായ രാമവില്യം കഴകത്തിൽ ആര്യക്കരഭഗവതിയായി പേർപകർന്ന് മരക്കലമുടിയെടുത്താടുന്നുണ്ട്. പൂമാലക്കാവുകളിലൊക്കെ പൂമാലയുടെ ആൺചങ്ങാതിയായ പൂമാരനെ തെയ്യക്കോലമായി ആരാധിക്കുന്നുണ്ട്. തീയ്യർക്ക് പൂമാലയെ പോലെ തന്നെയാണ് മൊയോർക്ക് പയ്യക്കാൽ ഭഗവതി. അതിന് രൂപമില്ല. കോലരൂപത്തിൽ കെട്ടിയാടിക്കുന്നില്ല. പയ്യക്കാൽ ഭഗവതി ആര്യർനാട്ടിൽ നിന്നും മരക്കലമേറി വന്ന തെയ്യമല്ല. ആയിറ്റിപ്പോതിയും ഉച്ചൂളിക്കടവത്തു ഭഗവതിയും തെയ്യക്കോലമായി കെട്ടിക്കോലമില്ലാത്ത ആര്യപ്പൂമാലയുടെ തന്നെ പേർ പകർച്ചകളിലൂടെ ഉത്തര കേരളത്തിലെ പല കാവുകളിലുമെത്തി. പൂമാല സങ്കൽപത്തിലുള്ള പുന്നക്കാൽ ഭഗവതിയെ പെരുങ്കളിയാട്ടത്തിൽ മാത്രമേ കാണാനാകൂ. മരക്കല ദേവതമാരുടെ പുരാവൃത്തവും പേരുകളും തെയ്യരൂപത്തിലുള്ള ആരാധനാക്രമവും അത്രയും സങ്കീർണ്ണമായ ഒന്നാണ്.
കായലും കടലു കാടും മൂടിക്കിടന്ന അതിസമ്പന്നവും അതേ സമയം അപരിഷ്‌കൃതവുമായ ഒരു നാട്ടിലാണ് നവസംസ്‌ക്കാരത്തിന്റെ പുത്തൻ വെളിച്ചവുമായി മരക്കല ദേവതമാർ കപ്പലടുക്കുന്നത്. കുളങ്ങാട്ട് മലനിരകളിൽ നിലനിന്ന ദ്രാവിഡാരാധനയും ജീവിതക്രമവും സ്വീകരിച്ചു എന്നതും പ്രബലമായിരുന്ന വൈദീക പൗരോഹിത്യം നിരാകരിച്ചു എന്നതും അസ്രാളനും കന്യമാരും ഏറ്റെടുത്ത ചരിത്രദൗത്യമാണ്. ഏതെങ്കിലും ബ്രാഹ്മണൻ കടപ്പുറത്തു പോയി അവരെ സ്വീകരിച്ച് സ്വന്തം പടിഞ്ഞാറ്റയിലിരുത്തിയെന്ന് ഒരു തെയ്യവും പറയുന്നില്ല. തേളപ്പുറത്ത് മൊയോനേയും വെങ്ങാട്ടുമോയോനേയും ആക്കോടൻ മൊയോനേയും നെല്ലിക്കാതീയനേയും മൂത്തേടതീയ്യനേയും പേക്കടത്തീയ്യനേയുമാണ് തെയ്യം വിളിക്കുന്നത്. പരശുരാമൻ അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങൾ പണിത് കേരളത്തെ ബ്രാഹ്മാണാലയമാക്കുമ്പോഴാണ് മരക്കലത്തിൽ വന്ന ആര്യദേവത എടത്തൂരഴിയും ഓരിയിരക്കാവിലെ ആവീരെ നീരും കൈതേരെ തണലും മതിയെന്ന് പറയുന്നത്. സ്ഥിരപ്രതിഷ്ഠയും തന്ത്രിമന്ത്രവും പൂജയും പുണ്യാഹവും തിരസ്‌ക്കരിച്ചത്. ഒറക്കൊയിഞ്ഞ് വയറ് കാഞ്ഞ് അടിച്ച കാറ്റും പെയ്ത പെരുമഴയും തോർന്ന മഞ്ഞും ചോർന്ന വെയിലും കൊണ്ട് കറുത്തുപോയത്. ഹവിസ്സോ തീർത്ഥമോ വേണ്ടെന്നും മനുഷ്യന്റെ സങ്കടങ്ങളിലേക്കാണ് ഞങ്ങൾ വരുന്നത് എന്നും അഭിമാനത്തോടെ പറയുന്നത്.
അസ്രാളൻ തമ്പാച്ചിയേയും കൊയോങ്കര പയ്യക്കാൽ കാവിലെ അനുഷ്ഠാനങ്ങളേയും കേവലം മതം, ദൈവം എന്ന ഉറച്ച ബോധ്യങ്ങൾ വിട്ട് സംസ്‌ക്കാരത്തിന്റെയും സമൂഹപുരോഗതിയുടേയും വിശാലമായ പശ്ചാത്തലത്തിൽ വിലയിരുത്തുന്നതിനുള്ള ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. പാരമ്പര്യ ഫോക്ക്‌ലോർ വിജ്ഞാനീയത്തിന്റെ പരിമിതമായ അളവുകൾ കൊണ്ട് അളന്നെടുത്ത് തീർപ്പാക്കാവുന്ന ഒന്നല്ല അസ്രാളൻ ദൈവവും അമ്പാടി വെളിച്ചപ്പാടനും പയ്യക്കാൽ കാവിലെ മുകയജീവിതവും. പൗരോഹിത്യത്തിലധിഷ്ഠിതമായ മതപാഠമല്ല അസ്രാളൻ തമ്പാച്ചി. മൊയോൻ എന്നത് ഒരു ജാതി എന്നതിനപ്പുറം ഒരു സാംസ്‌ക്കാരിക സൂചകമാകുന്നതെങ്ങനെ എന്നാണ് തൊണ്ണൂറ് വയസ്സിനടുത്തെത്തിയ അസ്രാളന്റെ ജീവിതം പറയുന്നത്. മറ്റൊരു രാജ്യത്തിലെ മറ്റൊരു ഭാഷയിൽ നിന്നും ജീവിതത്തിൽ നിന്നും വന്ന നാവികന്റേയും കടൽച്ചേകോന്റേയും തുളുനാടൻ മനുഷ്യരൂപമാണ് അമ്പാടിവെളിച്ചപ്പാടനെന്ന അസ്രാളൻ. നമ്മുടെ പാരമ്പര്യ സവർണ്ണ ചരിത്രത്തിന്റെ പതിനെട്ടു സമുദ്രങ്ങൾ മുങ്ങിത്തപ്പിയാലും ഇങ്ങനെയൊരു വ്യക്തിയേയോ സമ്പ്രദായത്തേയോ കണ്ടെത്താനാകില്ല. അസ്രാളൻ തമ്പാച്ചിയുടെ ജീവിതം വായിക്കുന്നതിനുള്ള ലിപിവിജ്ഞാനീയവും ചരിത്രപൺഡിതനമാർ വികസിപ്പിച്ചെടുത്തിട്ടില്ല. അമ്പാടി മൊയോനും പയ്യക്കാൽ കാവിലെ അനുഷ്ഠാനങ്ങളും ചരിത്രത്തിലെഴുതിച്ചേർക്കുന്ന പുതിയ പുതിയ പാഠങ്ങളെ ഇനിയും അവഗണിക്കാനാകില്ല.
പയ്യക്കാൽ കാവിന്റെ ബദൽപാഠങ്ങളിലേക്കുള്ള സഞ്ചാരം എളുപ്പമല്ല. അത്രയധികം അനുഷ്ഠാന ബദ്ധമാണ് കാവും കാവിന്റെ പരിസരത്തെ മുകയജീവിതവും. മീനും ദൈവവുമാണ് അവരുടെ ജീവിതത്തെ നിർണ്ണയിക്കുന്നത്. അഭിമാന്യമുള്ള അസ്രാളൻ ദൈവത്തേയും ജീവിതത്തേയും നൽകിയത് കടലാണ്. പയ്യക്കാൽ കാവിൽ തെയ്യംകെട്ടില്ല. തെയ്യം അനുഷ്ഠാനം പെരുങ്കളിയാട്ടമായാണ് ഇവിടെ നടത്തുന്നത്. ഇരുപത്തിയഞ്ചോ അതിൽക്കൂടുതലോ വർഷങ്ങൾക്ക് ശേഷം മാത്രമാണ് ഇവിടെ തെയ്യംകെട്ട് നടക്കുന്നത്. തെയ്യമില്ലെങ്കിലും ഒരു വർഷത്തിൽ നിരവധി അനുഷ്ഠാനങ്ങൾ ഈ കാവിൽ നടക്കുന്നുണ്ട്. മാണിക്കോത്തു വീട്ടിൽ നിന്നു ഓരോ അനുഷ്ഠനാത്തിനും അസ്രളൻ തമ്പാച്ചി തൃക്കരിപ്പൂരിലേക്ക് വരണം. മൊയോറുടെ തുളുനാട്ടിലെ മറ്റ് താനങ്ങളിൽ നിന്നും വിഭിന്നമായി പയ്യക്കാൽ കാവിന് സവിശേഷതകളേറെയുണ്ട്. പയ്യക്കാലിൽ ആയിറ്റിപ്പോതിക്കും ഉച്ചൂളിക്കടവത്തു ഭഗവതിക്കും വെളിച്ചപ്പാടനില്ല. അനുഷ്ഠാന സമയത്ത് പുറത്തുള്ള മറ്റ് കാവുകളിൽ നിന്നും വരികയാണ് ചെയ്യുക. തൊണ്ണൂറ് വയസ്സിനടുത്തെത്തിയ അസ്രാളൻ തമ്പാച്ചിയോളം കാവിലെ അനുഷ്ഠാനനിഷ്ഠകൾ മുഴുവനും അറിയുന്നവർ കുറവാണ്. അസ്രാളൻ തമ്പാച്ചിയാണ് നായകസ്ഥാനത്തു നിന്ന് എല്ലാം നിയന്ത്രിക്കുന്നത്. ഒരു വർഷം ഇടവിട്ട് നടക്കുന്ന പാട്ടുത്സവമാണ് പയ്യക്കാലിലെ പ്രധാന അനുഷ്ഠാനം. വൃശ്ചികം പതിനേഴിന് തുടങ്ങി ആറു ദിവസമാണ് ഈ പ്രത്യേക ചടങ്ങ് കാവിൽ നടക്കുന്നത്. പാട്ടുത്സവമെന്നത് വെറുമൊരനുഷ്ഠാനമല്ല. ഒരനുഷ്ഠാനത്തെ എങ്ങനെ ചരിത്രവൽക്കരിക്കാം എന്നതിന്റെ നേർചിത്രമാണ് പാട്ടുത്സവം. ഉത്തരകേരളത്തിൽ ചില സ്ഥലങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേക അനുഷ്ഠാനമാണ് പാട്ട്. മാണിക്കോത്ത് വീട്ടിൽ നിന്നും ഭാര്യയോടൊന്നിച്ച്, പാട്ട് കൂടുന്നതിന് മുമ്പേ തന്നെ അസ്രാളൻ തമ്പാച്ചി കാവിലെത്തും. പിന്നീട് ആറു ദിവസത്തെ പാട്ട് കഴിഞ്ഞാൽ മാത്രമേ തിരിച്ച് കാഞ്ഞങ്ങാട്ടേക്ക് പോകൂ.
മരക്കലപ്പാട്ടും തമ്പാച്ചിമാരുടെ മൊയോറാട്ടവുമാണ് പാട്ടിന്റെ മുഖ്യാകർഷണം. നൂറ്റെട്ടഴികൾ താണ്ടി മരക്കലദേവതകൾ എടത്തൂരഴിയിൽ കപ്പലടുപ്പിക്കുന്ന വിപുലമായ ചരിത്രമാണ് അവകാശികളായ കണിയാന്മാർ പാടുന്നത്. ആര്യക്കെട്ടിലെ രാജാവിന്റെ കൽപ്പനപ്രകാരം പണിതീർത്ത ആര്യമരക്കലത്തിന്റെ ചെറിയ രൂപം മരത്തിൽ കൊത്തിയുണ്ടാക്കി ആ ചെറുകപ്പൽ മടിയിൽ വെച്ചാണ് മരക്കല ദേവതമാരെ പാടി വരുത്തുന്നത്. അറബിക്കടലിന്റെ വിവിധങ്ങളായ തീരങ്ങളിലും തുറമുഖങ്ങളിലുമലഞ്ഞ് ദേവതമാർ പാട്ടിന്റെ മരക്കലങ്ങളിൽ നിന്നും നാടു കാണാനിറങ്ങും. മരക്കലപ്പാട്ടു പാടുന്നതിന് പ്രത്യേകാവകാശാധികാരങ്ങളുള്ള കണിയാന്മാരുടെ കുടുംബങ്ങളുണ്ട്. രാവിലെയും വൈകുന്നേരവും കപ്പൽപ്പാട്ടുകൾ അനുഷ്ഠാന വിധിപ്രകാരം പാടും. എടത്തൂരഴിയിൽ കപ്പൽ വന്ന് ആർത്തു വിളിക്കുമ്പോൾ മലയൻപണിക്കരുടെ ചെണ്ട ഉണരും. മേപ്പൊട കെട്ടി മെയ്യാഭരണങ്ങളും തിരുവായുധങ്ങളുമണിഞ്ഞ വെളിച്ചപ്പാടന്മാരായ ദേവതകൾ നേക്കണിശന്റെ പാട്ടിലേക്കിറങ്ങി വന്ന് കൈലാസം ചവിട്ടും. മരക്കലപ്പെണ്ണുങ്ങളുടേയും മരക്കലവീരന്മാരുടേയും വെള്ളയിലാട്ടവും ചോപ്പിലാട്ടവും കാണാൻ ജനങ്ങളൊക്കെയൊത്തുകൂടും. തുളുനാട്ടിലെ മൊയോറുടെ സങ്കടങ്ങളുടെ തീരത്ത് മരക്കലമടുത്ത ദേവിമാർ തങ്ങളുടെ പൂർവ്വവൃത്താന്തം മീനവരെ ചൊല്ലിക്കേൾപ്പിക്കും. ദീർഘസഞ്ചാരത്തിൽ ഉപ്പുകാറ്റടിച്ച് കരുവാളിച്ച ആര്യർനാട്ടിലെ ദേവതകൾ നൂറ്റാണ്ടുകൾക്കു മുമ്പ് കണ്ട മൊയോനേയും തീയ്യനേയും കൊയോങ്കര താനത്തിലെ കുളിർത്ത പടലിൽ വെളുത്ത മണലിൽ വീണ്ടും കൂടിക്കാണും.
പരശുരാമൻ അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങൾ പണിത് കേരളത്തെ ബ്രാഹ്മാണാലയമാക്കുമ്പോഴാണ് മരക്കലത്തിൽ വന്ന ആര്യദേവത എടത്തൂരഴിയും ഓരിയിരക്കാവിലെ ആവീരെ നീരും കൈതേരെ തണലും മതിയെന്ന് പറയുന്നത്. സ്ഥിരപ്രതിഷ്ഠയും തന്ത്രിമന്ത്രവും പൂജയും പുണ്യാഹവും തിരസ്‌ക്കരിച്ചത്.
പാട്ട് വെറുംപാട്ടല്ല ചരിത്രമാണെന്ന് വെറുതെ പറയുന്നതല്ല. ചരിത്രനിർമ്മാതാക്കൾ കാട്ടിലെ പാട്ടെന്ന നാലാം പാട്ട് ഒന്നു കണ്ടു നോക്കൂ. ഉത്തരകേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്നതാണ് നാലം പാട്ടിന്റെ അവതരണം. പാട്ട് ശരിക്കും ചരിത്രത്തെ ദൃശ്യവൽക്കരിക്കുകയാണ് ചെയ്യുന്നത്. മൊയോറുടെ ആട്ടമല്ലേ കണിയാന്റെ പാട്ടല്ലേ വണ്ണാന്റെ തെയ്യമല്ലേ ഇതിലെന്ത് ചരിത്രമെന്ന് പുച്ഛിക്കുന്നവർ ഒറ്റത്തവണ വന്ന് ഇടയിലെക്കാട്ട് കാട്ടിലെ നാലാം പാട്ടൊന്നു കാണുക. അലയടിക്കുന്ന ഉപ്പുനീരിൽ മരക്കലത്തിന്റെ ആഞ്ചക്കിരുന്ന് വെളിച്ചപ്പെടുന്ന വില്ലാപുരത്ത് അസ്രാളനെന്ന കടൽ സഞ്ചാരിയുടെ മൊഴി കേൾക്കുക. ദൈവങ്ങളുടെ ഭാരമൊഴിഞ്ഞ് വളയാനാട്ടമ്മയും വാതിൽ കാപ്പാനും പൂഞ്ചോലാടിയ കാട്ടുവള്ളിപ്പടർപ്പുകളുടെ കുളിർമ്മയിൽ വിശ്രമിക്കുന്ന അസ്രാളന്റെ മനുഷ്യാവതരാമായ വെളിച്ചപ്പാടൻ മൊയോനോട് സംസാരിക്കുക. ആറുദിവസം നീണ്ടു നിൽക്കുന്ന പാട്ടുത്സവത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇടയിലെക്കാട്ടിലെ പാട്ടുത്സവം. മരക്കല ദേവതമാരുടെ ജീവിതം പ്രമേയമായുള്ള ഒരു ചരിത്ര നാടകമാണ് അവിടെ അരങ്ങേറുന്നത്. കൊയോങ്കര പയ്യക്കാൽ കാവിൽ നിന്നും വെളിച്ചപ്പാടന്മാരും സ്ഥാനീകരും അച്ചന്മാരും നാട്ടുകൂട്ടവും കാൽനടയായി വാദ്യഘോഷങ്ങളോടെ മേലാപ്പും മുത്തുക്കുടയുമായി ഇടയിലെക്കാട് ദ്വീപിലേക്കു പോകുന്നു. മരക്കലദേവതകൾ തൃക്കരിപ്പൂരിലെത്തിയ ചരിത്രത്തെ അതേ പോലെ ആവിഷ്‌ക്കരിക്കുന്നതാണ് പാട്ടിലെ അനുഷ്ഠാനങ്ങൾ. പയ്യക്കാലിൽ നിന്നും അസ്രാളനും ആയിറ്റിപ്പോതിയും ഉച്ചൂളിക്കടവത്തു പോതിയും പുറങ്കാലനായ ഗുളികനും മറ്റുപദേവതമാരും വളയാനാട്ടമ്മയെ കൂട്ടാൻ പോകുന്ന സ്മരണ പുതുക്കലാണ് കാട്ടിലേക്കുള്ള എഴുന്നള്ളത്ത്. പോകുമ്പോൾ അസ്രാളന്റേയും ആയിറ്റിപ്പോതിയുടേയും ആരൂഢമായ കുറുവാപ്പള്ളിയറയിൽ കയറി ദർശനപ്പെട്ടതിന് ശേഷമാണ് കാട്ടിലേക്കു പോകുക.
നാൽപത്തീരടി നീളവും ഇരുപത്തീരടി വീതിയുമുള്ള ദേവമരക്കലത്തിലാണല്ലോ ദേവതമാർ തുളുനാട്ടിലേക്ക് വന്നത്. അതേ മരക്കലയാത്ര ഇവിടേയും ആവർത്തിക്കുന്നു. ഒന്നായി കൂട്ടിക്കെട്ടിയ രണ്ട് ചങ്ങാടങ്ങളിലേറിയാണ് വാദ്യഘോഷങ്ങളോടെ ആയിറ്റിക്കാവു കടന്ന്, ആയിറ്റിപ്പൊഴ കടന്ന് ദേവതമാർ കാട്ടിലെത്തുന്നത്. ചരിത്രത്തെ പൊന്നുകെട്ടി വെള്ളികെട്ടി പട്ടുചുറ്റി ചങ്ങാടങ്ങളിൽ തുഴഞ്ഞു കൊണ്ടു പോകുന്ന കാഴ്ച്ചയോളം മനോഹരമായ മറ്റെന്തുണ്ട്. ദേവതമാർ ഉച്ചയ്ക്കു മുമ്പ് കാട്ടിലെത്തിക്കഴിഞ്ഞാൽ അന്ന് സന്ധ്യ വരെയുള്ള പാട്ടും ആട്ടവും കാട്ടിൽവെച്ചാണ് നടക്കുന്നത്.
തൃക്കരിപ്പൂരിന്റെ മരക്കലപ്പാട്ടുകാരൻ കണിയാൻ നാരണേട്ടൻ തലമുറകളായി കൈമാറിക്കിട്ടിയ പാട്ടും കപ്പലും മടിയിൽ വെച്ച് ക്ഷീണിച്ച ശബ്ദത്തിൽ കപ്പലോട്ടക്കാരായ ദൈവങ്ങളെ പാട്ടുപാടി വിളിക്കുന്നു. കാട്ടിലെ ഈ പ്രത്യേക ചടങ്ങ് കാണാൻ നാട്ടുകാരൊക്കെയൊത്തു കൂടും കഥയൊന്നുമറിയില്ലെങ്കിലും അവർ അസ്രാളന്റേയും ആയിറ്റിപ്പോതിയുടേയും ചോപ്പിലാട്ടം കൺനിറയെ കാണും. എത്രയോ വർഷങ്ങളായി മുടങ്ങാതെ ചങ്ങാടമേറി ആയിറ്റിപ്പൊഴകടന്ന് വരുന്ന അസ്രാളനും ആയിറ്റിപ്പാതിയുമൊക്കെ വിദേശീയരാണെന്ന് പറഞ്ഞാ ജനങ്ങൾ സമ്മതിച്ച് തരില്ല.
നേരറിവോനും നല്ലറിവോനുമായ ജമ്മക്കണിശൻ എടാട്ടുമ്മലിലെ കണിയാൻ നാരണേട്ടൻ നൂറ്റെട്ടാഴിക്കെട്ടുകളുടെ കെട്ടഴിക്കും. കന്യാപുരം,വടവീശ്വരം,ശയ്യാപുരം, അസ്തിനപുരം, തോരണമുഖം,വെള്ളിമാങ്കല്ല്, അനന്തേശ്വരം നൂറ്റെട്ടയിവുകൾ നാരണേട്ടൻ മരക്കലക്കമ്പി മീട്ടി എണ്ണിപ്പറയുകയാണ്. കപ്പൽ എടത്തൂരഴിയിൽ നീരണിയുമ്പോൾ ചെണ്ട ഉച്ചത്തിലാകും. അപ്പോൾ ഏതോ കാലത്തെ ഏതോ നാട്ടിലെ നാവികൻ കാഞ്ഞാങ്ങാട്ടെ മൊയോന്റെ ശരീരത്തിൽ കൊടുങ്കാറ്റിന്റെ കെട്ടഴിക്കും. നൂറ്റാണ്ടുകൾക്കുമുമ്പത്തെ അതേ അന്തിവാനവും മരക്കലവും നീരണിയും. ചോപ്പ് ചുറ്റുന്ന അന്തിവാനത്തിനൊപ്പം വില്ലാപുരത്ത് അസ്രാളനും പൂങ്കന്യമാരും പൊന്നിൻപട്ടം കെട്ടി അരമണികിലുക്കി വെള്ളോട്ടു ചിലമ്പണിഞ്ഞ് ചോപ്പിലാട്ടമാടും. അട്ടഹാസം കൊടുത്ത് കാട്ടുപക്ഷികളെ പോലെ സാമൂരിക്കോലോത്തു നിന്നും വന്ന വളയാനാട്ടമ്മയും ക്ഷേത്രപാലകനുമിരിക്കുന്ന കാടുമുഴക്കും. അന്തിച്ചിരട്ടയിൽ മനേലയൂട്ടി മോത്ത് സ്വർണ്ണവർണ്ണമെഴുതി വാക്കോടാകുന്ന കടലിനൊപ്പം അമ്പാടി വെളിച്ചപ്പാടൻ നാട്ടുകൂട്ടത്തിനോട് കടൽജീവിതം പറയും. കാട്ടിൽ താൽക്കാലികമായി ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ പള്ളിയറയാണ്. പയ്യക്കാൽ കാവിലുള്ള സാനന്നിദ്ധ്യ സ്ഥാനങ്ങളൊക്കെ കാട്ടിലുമുണ്ട്. വാല്യക്കാർ നേരത്തേ തൂപ്പുപയോഗിച്ച് കാടിനുള്ളിൽ വൃത്തിയാക്കി പള്ളിയറ മെടഞ്ഞ ഓല കൊണ്ട് കെട്ടിയുണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു പീഠത്തിൽ പയ്യക്കാൽ ഭഗവതിയായ വളയാനാട്ടമ്മയും മറ്റേ പീഠത്തിൽ ആയിറ്റിപ്പോതിയും ചങ്ങാതി ഉച്ചൂളിക്കടവത്തു പോതിയുമുണ്ട്. ഒരേ കപ്പലിൽ വന്ന നേർചങ്ങാതിമാർ കപ്പൽ നടുക്കടലിൽ മുങ്ങിയപ്പോൾ ഒരു പലകയിൽ പിടിച്ചാണല്ലോ കരയിലെത്തിയത്. അതു കൊണ്ടാണ് രണ്ടുപേരും ഒരു പീഠത്തിലിരിക്കുന്നത്. ആൺ ചങ്ങാതിതിമാരായ അസുരകാലനും പുറങ്കാലനും പടിഞ്ഞാറും വടക്കുമാണ് സ്ഥാനങ്ങൾ. പാട്ടിലെ ഏറ്റവും കൗതുകകരമായ കാര്യം ദേവതമാർ ഉറഞ്ഞ് പള്ളിയറയിൽ നിന്നും പുറത്തേക്കു വരുന്നത് അത്രയും ആവേശം നിറഞ്ഞതാണ്. കൃത്യമായ ഒരു രംഗകല സമ്പ്രദായത്തിലാണ് പൂർവികർ ഈ ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദേവിമാരും ഇപ്പോൾ പള്ളിയറയ്ക്കുള്ളിലാണ്. ചമയങ്ങളണിഞ്ഞ് കയ്യിൽ ആയുധമേന്തി അവർ പള്ളിയറ വാതിലിലൂടെ പുറത്തേക്ക് നോക്കുകയാണ്. മരക്കലത്തിലിരുന്ന് ദേവതമാർ മലനാടിനെ കൺകുളിർക്കെ കാണുകയാണ്. ആൺചങ്ങാതിമാർ വീശിയടിക്കുന്ന ചുഴലി പോലെ കാടിളക്കിമറിച്ച് അട്ടഹാസം കൊടുത്താടിയുറയുകയാണ്. പുറങ്കാലൻ കയ്യിലെ ആയുധം കൊണ്ട് മണ്ണ് കുത്തിയിളക്കുന്നു. അസ്രാളൻ താരിയും പലിശയും ചേടകവുമണിഞ്ഞ് കൈലാസം ചവിട്ടുകയാണ്. ഓരിയരക്കാവിലടുത്ത മരക്കലം പോലെയാണ് ദേവിമാർ ഉള്ളിലുള്ള പള്ളിയറ. മരക്കലത്തിലെത്തിയ ദേവിമാർ പുറത്തിറങ്ങുന്നതിനായി അനുയോജ്യമായ നാടും പരിസരവും പള്ളിയറയ്ക്കുള്ളിൽ നിന്നും നോക്കുകയാണ്. പുറത്ത് എല്ലാം സജ്ജമാക്കിയ പടവീരന്മാരായ ചങ്ങാതിമാർ പെണ്ണുങ്ങളെ കപ്പലിൽ നിന്നും പുറത്തിറക്കുന്ന വികാര നിർഭരമായ ജീവിത മുഹൂർത്തത്തിനാണ് കാടിപ്പോൾ സാക്ഷിയാകുന്നത്.
ഒരു ഗോത്രജനത സ്വജീവിതത്തെ, സ്വയം താണ്ടിയ ദൂരങ്ങളെ കാലാതീതമായി നിലനിർത്തുന്നതിന് പല മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുണ്ട്. തെയ്യവും പാട്ടും പോലുള്ള അനുഷ്ഠാനങ്ങളിലൂടെ ദുരിതപർവങ്ങൾ താണ്ടിയ ഒരു ജാതിസമൂഹത്തിന്റെ അതിജീവനത്തെയാണ് അടയാളെപ്പടുത്തുന്നത്. അരികിലേക്കുമാറ്റിനിർത്തപ്പെട്ടവർ അവരുടെ ചരിത്രത്തെ കാത്തുസൂക്ഷിക്കാൻ കണ്ടെത്തിയ മാർഗങ്ങളാണ് പാട്ടും കളത്തിലരിയും പോലുള്ള അനുഷ്ഠാന സമ്പ്രദായങ്ങൾ. അവർക്ക് അന്തസ്സും അഭിമാനവും ഏത് വിവേചനത്തേയും തകർത്തെറിയാനുള്ള ഉൾക്കരുത്തും പകർന്നുകൊടുത്തത് മത്സ്യഗന്ധികളായ ദേവതമാരാണ്. സവർണ്ണസാഹിത്യവും ചരിത്രഗ്രന്ഥങ്ങളും നിർമ്മിക്കുന്നവരുടെ തട്ടകത്തിൽ നിന്നും എന്നെന്നേയ്ക്കുമായി ആട്ടിപ്പുറത്താക്കിയ കടൽപ്പോരാളികൾ. കാടും കടലും കാട്ടാനയും കടലാനയും ഒരേ ശരീരത്തിലുറയുന്ന അസ്രാളനെ തളയ്ക്കാനുള്ള കരുത്ത് ഹവിസ്സും പുണ്യാഹവും കൊണ്ട് ശുദ്ധപ്പെടുത്തിയ ഏത് ചരിത്രഗ്രന്ഥത്തിനുണ്ട്.
ഉച്ചയ്ക്ക് മുമ്പേ കാട്ടിലെത്തിയ ദൈവങ്ങൾ പരസ്പരം കൂടിക്കണ്ട് തങ്ങളുടെ പൂർവ്വജീവിത്തിലൂടെ സഞ്ചരിച്ച് എണ്ണൂം വണ്ണൂം വിശേഷിച്ച് കൂടിപ്പിരിയുമ്പോൾ സന്ധ്യയാകും. മൊയോറുടെ കാട്ടിലെ പാട്ടിന്റെ അവസാന ചടങ്ങുകൾക്ക് ജനങ്ങൾ സാക്ഷിയാവുകയാണ്. ഇനി അടുത്ത രണ്ട് വർഷം കൂടുമ്പോഴേ ഇങ്ങനെയൊന്നുണ്ടാകൂ. കാടുകയറിയ ദൈവങ്ങൾ കാടിറങ്ങുകയാണ്. ഉതിരം പൊഴിച്ച് ചോപ്പിലാടിയ അന്തിവാനം ദേഹശുദ്ധിവരുത്താനായി കടലിൽ മുങ്ങിക്കുളിക്കുകയാണ്. ചരിത്രപ്രസിദ്ധമായ കച്ചിൽപട്ടണത്തിന്റെ തീരത്ത് കവ്വായി കായൽക്കരയിൽ തയ്യാറാക്കിയ മരക്കലമേറി നാട്ടുദൈവതങ്ങൾ തിരിച്ചുപോവുകയാണ്. കപ്പലിന്റെ ആഞ്ചക്ക് നിൽക്കുന്ന അസ്രാളന്റെ കയ്യിലെ ചേടകം അസ്തമാനത്തിന്റെ ചോരയിറ്റിച്ചുകന്നു.
മരക്കലത്തിലെ പൂർവ്വ ജീവിതത്തിൽ കൊളങ്ങാട്ട് മലയിൽ നിന്നും നാട് കീഞ്ഞ് തണലിരുന്ന ആയിറ്റിക്കാവിൽ കയറിയതിന് ശേഷമാണ് പയ്യക്കാലിലേക്ക് ദേവതവതമാർ തിരിച്ചെത്തുന്നത്. തിരിച്ചുള്ള യാത്രയിൽ ദേവതമാരുടെ അനുഗ്രഹത്തിനായി ജനങ്ങൾ കാത്തു നിൽക്കും. കളത്തിലരി, തേങ്ങേറ്, മാരിക്കളത്തിലെ വടക്കേൻ വാതിൽ എന്നിങ്ങനെയുള്ള വ്യത്യസ്തമായ ചടങ്ങോടെ ആറാം ദിവസം പാട്ടവസാനിക്കും. വൃശ്ചികത്തിലെ പാട്ടുത്സവം കഴിഞ്ഞാൽ മീനത്തിലെ പൂരോത്സവമാണ് കാവിലെ ജനങ്ങളൊത്തുകൂടുന്ന മറ്റൊരുത്സവം. ഒമ്പത് ദിവസങ്ങളിലായാണ് പൂരം ഉത്തരമലബാറിലെതീയ്യരുടേയും മൊയോറുടേയും കാവുകളിൽ ആചരിക്കപ്പെടുന്നത്. ഉത്തരമലബാറിലെ മിക്ക കാവുകളിലും ഈ അനുഷ്ഠാനം നിലനിൽക്കുന്നുണ്ട്. ദേശത്തിനും കാവുകൾക്കും അനുസരിച്ച് പ്രാദേശികമായ ഒട്ടേറെ വ്യത്യസ്തങ്ങളായ സമ്പ്രദായങ്ങളുമുണ്ട്. പൂരം എന്നത് ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷമാണല്ലോ. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലേയും പൂരോത്സവം പോലെയല്ല തുളുനാട്ടിലെ പൂരോത്സവം. കേരളത്തിലെ ഇതര പൂരോത്സവങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല. മുകയസമുദായത്തിലെ വാല്യക്കാരുടെ പൂരക്കളിയും പെൺകുട്ടികളുടെ പൂവിടലും ഒരുകാലത്ത് ഉത്തരമലബാറിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. പൂരക്കളി ഇപ്പോഴുമുണ്ടെങ്കിലും പെൺകുട്ടികളുടെ പൂവിടൽ പേരിന് മാത്രമേയുള്ളു. പൂരത്തിന്റെ സമാപനദിവസമാണ് പൂരംകുളി നടക്കുന്നത്. കുണിയൻ ചിറയിലെ പൂരംകുളിയോടെയാണ് പൂരോത്സവം അവസാനിക്കുന്നത്.
രണ്ട് കടൽ യാത്രകളാണ് മലയാള നാട്ടിന്റെ ചരിത്രവും സംസ്‌ക്കാരവും തിരുത്തിയെഴുതിയത്. കാറ്റിന്റെ ഗതിക്കനുസരിച്ച് കപ്പലോടിച്ചുവന്ന പോർത്തുഗീസ് നാവികനായ വാസ്‌ക്കോഡഗാമയും മധ്യേഷ്യയിൽ നിന്നും നൂറ്റെട്ട് കടൽ നാടുകൾ താണ്ടി കച്ചോൻകാറ്റിൽ മരക്കലമോടിച്ചുവന്ന അസ്രാളനും ആര്യപൂങ്കന്നിയും. ഗാമയും അസ്രാളനും വിദേശീയരായ രണ്ട് അതിസാഹസീകരയായ കപ്പലോട്ടക്കാരാണ്.
പറങ്കിമൂപ്പനായ ഗാമ ചരിത്രമായും ദേവയാനമേറിവന്ന പൂമാല സംസ്‌ക്കാരമായും മലയാള ജീവിതത്തെ പല നിലയ്ക്കും സ്വാധീനിച്ചു. ഗാമയ്ക്കും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ മലബാർ തീരം തേടി കപ്പലുകൾ വരുന്നുണ്ട്. മലബാർതീരത്തിന് ആ കാലം മുതൽക്കുതന്നെ വലിയ പ്രശസ്തിയും പ്രാധാന്യവുമുണ്ട്. പക്ഷേ ഗാമയുടെ വരവോടുകൂടിയാണ് മലബാർ രാഷ്ട്രീയമായും സാംസ്‌ക്കാരികമായും പുതിയൊരു നില കൈവരിക്കുന്നത്. ഗാമയുടെ രണ്ടാം വരവിന് കേവലം കച്ചവടം മാത്രമായിരുന്നില്ല ലക്ഷ്യം. കോലത്തിരിയുമായും സാമൂതിരിയുമായും ഗാമയുടെ ഇണക്കവും പിണക്കവുമൊക്കെ ചരിത്രമാണല്ലോ. എന്നാൽ കപ്പിത്താനായ അസ്രാളന്റേയും ആര്യപ്പൂമാലയുടേയും വരവിന് കച്ചവടമോ അധികാരസ്ഥാപനമോ ഒരു കാരണമല്ല.
ആര്യർനാട് കൃത്യമായും എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. അത് നൂറ്റെട്ട് തുറമുഖ ദൂരങ്ങൾക്കുമപ്പുറമുള്ള ഒരു രാജ്യമാണെന്ന് അനുഷ്ഠാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മധ്യേഷ്യൻ തീരമാണെന്നും അറേബ്യൻ തീരമാണെന്നും ആര്യപ്പൂമാല ഒരുമുസ്‌ളിം സ്ത്രീയാണെന്നും പറയന്നുണ്ട്.
ആര്യർനാട്ടിലെ രാജകുമാരി സ്വപ്നത്തിൽ മലനാട് കാണുകയാണ് ചെയ്യുന്നത്. ആര്യർനാട് കൃത്യമായും എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. അത് നൂറ്റെട്ട് തുറമുഖ ദൂരങ്ങൾക്കുമപ്പുറമുള്ള ഒരു രാജ്യമാണെന്ന് അനുഷ്ഠാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മധ്യേഷ്യൻ തീരമാണെന്നും അറേബ്യൻ തീരമാണെന്നും ആര്യപ്പൂമാല ഒരുമുസ്‌ളിം സ്ത്രീയാണെന്നും പറയന്നുണ്ട്. ഇത് ചരിത്രപരമായ തെളിവുകളോടെ സ്ഥാപിക്കുക എളുപ്പമല്ല. മരക്കലയാത്രികർ വന്ന് പിന്നേയും നൂറ്റാണ്ടുകൾക്ക് ശേഷമാണ് അതിന് ആട്ടവും പാട്ടും തോറ്റവുമൊക്കെയുണ്ടാകുന്നത്. ഏറ്റവും പഴക്കം ചെന്ന പയ്യന്നൂർപാട്ടിലും ഇതിന്റെ സൂചനകളുണ്ട്. പാട്ടുകെട്ടിയ വണ്ണാനും കണിയാനും അവരുടെ ഭാവനയുടെ ആഴക്കടലിൽ നിന്നുമാണ് നൂറ്റെട്ട് കടൽനാടുകൾ കണ്ടെടുക്കുന്നത്. മരക്കല ദേവതമാരെ നെയ്തൽത്തിണയിൽ കണ്ടെത്തിയ നെല്ലിക്കത്തീയനും മൂത്തേടത്തീയ്യനും തേളപ്പുറത്ത് മൊയോനും വെങ്ങാട്ട് മൊയോനും ഇന്നുമുണ്ട്. അവരുടെ തറവാടുകളാണ് പള്ളിയറകളായി മാറീട്ടുള്ളത്. ഓരോ പള്ളിറയും അവരുടെ സ്മൃതികുടീരങ്ങൾ കൂടിയാണ്.
കാലങ്ങളായി അവരുടെ തലമുറകൾ കൈമാറിയ വാമൊഴിവഴക്കം തന്നെയാണ് മരക്കലദേവതകളുടെ സാഹിത്യത്തിനും ചരിത്രത്തിനും അടിസ്ഥാനം. എഴുത്തറിയാത്ത വണ്ണാനും കണിയാനും അനുഭവത്തിന്റെ ഓലകളിൽ സങ്കടത്തിന്റെ എഴുത്താണികൊണ്ടാണ് ഉത്തരമലബാറിന്റെ അലിഖിത ചരിത്രത്തെ പാട്ടുകൊണ്ട് കെട്ടിയുണ്ടാക്കുന്നത്. കച്ചവടക്കാരായ വൈദേശികരുമായുള്ള പരിചയത്തിലും സ്വന്തം ഭാവനാബലത്തിലുമാണ് കാണാത്ത നാടിനെ അവർ പാടിപ്പൊലിപ്പിച്ചത്. അവർ നായട്ടിന് പോയ കുളങ്ങാട്ട് മലയോ അവരുടെ പൂർവ്വീകരെ മുനിയറകളിലടക്കം ചെയ്ത വീതുകുന്നോ മുന്നിൽ കണ്ടുകൊണ്ടാണ് ആര്യർനാട്ടിലെ മലങ്കാട് വർണ്ണിക്കുന്നത്. ചെക്കിയും ചേമന്തിയും ചെങ്കുറിഞ്ഞിയും പൂത്തുല്ലസിക്കുന്ന ആര്യപൂങ്കാവനം പുലിക്കോടോ ഏച്ചിലാംവയലിലോ ചീമേനിയിലോ ഉള്ള ഏതോ ചെങ്കൽക്കുന്നുകളാകും. അറബിനാടും അറബിക്കരയുമൊക്കെ തുളുനാടൻ തീരങ്ങളെ പോലെയാണ് പാട്ടിൽ അവതരിപ്പിക്കുന്നത്. പ്രാചീനമായ നാട്ടറിവുകളെ പാട്ടിലൂടെ വരുംതലമുറയ്ക്ക് കൈമാറുകകൂടി പൂർവികർ ചെയ്യുന്നുണ്ട്. മരക്കലദേവതമാർ വരുന്നതിന് മുമ്പേ ഇവിടെ തെയ്യം അനുഷ്ഠാനമുണ്ട്. തെയ്യത്തിന് ഏഴിൽമല രാജവംശത്തോളമോ അതിനേക്കാളുമേറെയോ പഴക്കവും പാരമ്പര്യവുമുള്ള ചരിത്ര പശ്ചാത്തലമുണ്ട്. കിഴക്കൻ മലനിരകളിലെ ആദിമ ഗോത്രനിവാസികൾ തെയ്യം പോലുള്ള ആദിദ്രാവിഡ ദേവതകളെ ആരാധിച്ചിരുന്നു എന്നതിന് എടയ്ക്കൽ ഗുഹാചിത്രം തെളിവു തരുന്നുണ്ട്. ഏഴിൽമല രാജവംശം സ്ഥാപിച്ച രാമഘടമൂഷികന്റെ അമ്മയും മഹിഷ്മതി രാജ്യത്തിൽ നിന്നും മരക്കലം വഴി എടത്തൂരഴിയിൽ വന്നിറങ്ങിയ രാജകുമരിയാണ്. അപ്പോൾ തെയ്യത്തിന്റെ ചരിത്രം പല അടരുകളുള്ള ഒരു സാമൂഹ്യ നിർമിതിയാണ്.
കാപ്പാട് കപ്പലിറങ്ങിയ ഗാമയുടേയും ഏഴിമല തുറമുഖത്ത് മരക്കലമടുപ്പിച്ച തെയ്യത്തേയും ഒരു പുസ്തകത്തിലെ രണ്ടുപുറങ്ങളിൽ എഴുതിച്ചേർക്കുമ്പോൾ ചരിത്രപണ്ഡിതന്മാർ അസ്വസ്ഥമാകേണ്ടുന്ന ആവശ്യമില്ല. പറങ്കിത്തമ്പുരാന്റെ കപ്പലോട്ടത്തിന് ചരിത്രം നൽകുന്ന പിൻബലത്തോടോപ്പമോ അതിനെക്കാളേറെയോ അസ്രാളന്റേയും പൂങ്കന്യമാരുടേയും കടൽയാത്രയ്ക്കുള്ള തെളിവുകളും ഇവിടെയുണ്ട്. ഇന്ന് ഗാമയുടെ ശവകൂടീരം നമുക്ക് കാണാം. ഗാമയെ കാണാനോ കേൾക്കാനോ ഒരു വഴിയുമില്ല. അവിടയാണ് തെയ്യം ചരിത്രത്തെ കാഴ്ച്ചയുടെ രൂപത്തിൽ അവതരിപ്പിക്കുന്നത്. ആയിറ്റിപ്പോതിയും അസ്രാളനും മരിക്കാതിരിക്കാനാണ് ഇവിടെ വന്ന് തെയ്യമായത്. മരിച്ചിട്ടില്ലാത്ത അവരുടെ സ്മാരകങ്ങളാണ് ജീവിച്ചിരിക്കുന്ന അസ്രാളനെ പോലുള്ളവർ. അമ്പാടി വെളിച്ചപ്പാടൻ അസ്രാളനെന്ന കടൽ യാത്രികന്റെ ജീവിച്ചിരിക്കുന്ന സ്മാരകമാണ്. മരക്കലം തുഴഞ്ഞ ആദിനാവികനെ കാഞ്ഞങ്ങാട് മാണിക്കോത്ത് പോയാൽ കാണാം. ഗവേഷകരോ പഠിതാക്കളോ ആരും മാണിക്കോത്തേക്കുള്ള വഴിചോദിച്ചു വരാറില്ല. എത്രയോ കടൽദൈവങ്ങൾ കയറിയിറങ്ങി വടുകെട്ടിയ കുപ്പായമിടാത്ത മുരത്ത ശരീരം. കടൽച്ചേകോന്റെ ഉടയാത്ത ശില്പനിർമ്മിതി. കടപ്പുറത്തെ വെളുത്ത മണലിൽ വെയിലു കായുന്ന കൊമ്പൻ സ്രവാവിനെ പോലെ ഇറയിത്തിരിക്കുന്ന മുകയമൂപ്പനെ കാണാം, കേൾക്കാം. കടൽസഞ്ചാരത്തിന്റെ ഇതിഹാസകഥകളിലൂടെ സഞ്ചരിക്കാം. മായക്കാർ വന്ന് ഉൾക്കടലാഴങ്ങളിലേക്ക് തന്റെ ഉടലോടത്തിൽ കയറി തണ്ടു വലിച്ച് തുഴഞ്ഞുപോയ അതിശയങ്ങൾ കേൾക്കാം. അറുപത് വർഷങ്ങൾക്കപ്പുറത്തെ യുവത്വവും തന്റേടവും ആവേശത്തിരമാലകളായി ഇപ്പോഴും ഇരമ്പുന്നുണ്ട്. ജരാനരയുടെ ചെതുമ്പലുകളടർന്ന ശരീരത്തിന്റെ ഓളങ്ങളിലിടക്കിടെ ഒളിമിന്നിക്കൊണ്ട് കപ്പലോടിച്ചുപോകുന്ന കടൽച്ചേകോനെ കാണാം.
ചരിത്രത്തിനു മുകളിൽ വ്യത്യസ്തങ്ങളായ അതിവായനകൾ നടക്കുന്ന കാലമാണല്ലോ. കടൽ മലബാർ ചരിത്രത്തിന്റെ പശ്ചാത്തലമാകുന്നത് പല പ്രകാരത്തിലാണ്. പക്ഷേ ചരിത്രകാരന്മാർ ഇന്നോളം അവരുട ആവശ്യങ്ങൾക്ക് വേണ്ടി മാത്രം കടലിനെ വായിച്ചപ്പോൾ വിട്ടുപോയ ഏടുകൾ അനവധിയാണ്. ഉത്തരമലബാർ ആരാധനയിലും ജീവിതത്തിലും കടലിന്റെ പ്രാധാന്യവും പ്രസക്തിയും ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്നുണ്ട്. ചരിത്രം വിട്ടുപോയ ജീവിതങ്ങളുടെ ആഘോഷങ്ങൾ നെയ്തൽത്തിണ വഴക്കങ്ങളായി ഇന്നും സാധാരണക്കാരുടെ ജീവിതത്തോടൊപ്പം നിലനിൽക്കുന്നുണ്ട്. കെട്ടുപോകാത്ത കടലോർമ്മകൾ നമ്മളോട് സംസാരിക്കും. വാക്കോടാകുന്ന കടലിനെ അൽപനേരം കേട്ടുനാക്കൂ. പോയകാലങ്ങളിലെ വിവിധങ്ങളായ അധിനിവേശങ്ങളുടേയും പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും അനുഭവങ്ങളാണ് കടലിന്റെ മുമ്മൊഴികൾ പറയുന്നത്. കടലല്ല കടൽക്കാറ്റടിച്ച് ദ്രവിച്ചുതുടങ്ങിയ പഴയകാലമാണ് വാക്കോടാകുന്നത്. തുളുനാടൻ തീരദേശ ജീവിതത്തെ സംസ്‌ക്കാരത്തെ നിർമ്മിച്ചത് കടലാണ്. കടലൊഴിഞ്ഞ മണ്ണിലാണ് സംഘജീവിതത്തിന്റെ ആദിപാഠങ്ങൾ അവർ പഠിച്ചത്. കരയിലെ മനുഷ്യർക്ക് മീനിനെ മാത്രമല്ല കടൽ നൽകിയത്. നാട് ഭരിച്ച രാജാവിനെ നാട്ടിനുടയോരായ ദൈവങ്ങളെ കടൽത്തിരമാലകാളാണ് തീരത്തിലേക്കാനയിച്ചത്. ചരിത്രത്തിന്റെ കൈവിളക്കിലെ വെളിച്ചത്തിലേക്ക് നോക്കുമ്പൾ കാണുന്ന മുഖങ്ങൾ. പ്രമുഖരായ ചരിത്രപണ്ഡിതർ ഗഹനമായ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം രേഖപ്പെടുത്തുന്ന ചരിത്രമാണല്ലോ മരക്കലത്തിൽ ചിലമ്പനക്കുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശമായ ഏഴിൽമല രാജവംശത്തിന് തെയ്യവുമായി ബന്ധമുണ്ട്. രാജവംശത്തിന്റെ ഉത്പത്തിചരിത്രം ഒരു തെയ്യം പുരാവൃത്തം തന്നെയാണല്ലോ. കോലസ്വരൂപത്തിങ്കൽതായി എന്ന തെയ്യം കോലത്തിരിയുടെ ആസ്ഥാനദേവതയാകുന്നതും പിന്നീടാണ്. ഉത്തരകേരളത്തിലെ ആദ്യ രാജവംശമായ എഴിൽമല രാജവംശം സ്ഥാപിച്ചതു തന്നെ മരക്കലത്തിൽ വന്ന ഒരു സ്ത്രീയാണെന്ന് പറയുന്നു, മഹിഷ്മതി രാജ്യത്തിലെ ഗർഭിണിയായ രാജ്ഞി യുദ്ധാനന്തരം വലിയ കോലത്തിൽ രക്ഷപ്പെട്ട് ഏഴിമലക്കാട്ടിലെത്തി. ഏഴിമലയിൽ അഭയം തേടിയ സ്ത്രീക്ക് പിറന്ന മകനാണ് രാമഘടമൂഷികൻ. ഈ യുവാവാണ് ഏഴിമല രാജ്യം സ്ഥാപിച്ചതെന്ന് ചരിത്രവും മൂഷികവംശ കാവ്യവും പറയുന്നു. ഇരാമകടമൂവരുടെ അമ്മ മരക്കലം വഴി ഏഴിമലത്തീരത്തു വന്ന സ്ത്രീയാണെന്ന് കേസരിയും അവകാശപ്പെടുന്നുണ്ട്. കേരളത്തിലെ അതിപ്രാചീനമായ ഏഴിൽമല രാജ്യത്തിന്റെ ഉത്പ്പത്തിയിൽ തെയ്യത്തിനെന്തു കാര്യം എന്ന് സംശയിക്കുന്നവരുടെ അറിവിലേക്കാണിത്രയും പറഞ്ഞത്. ശേഷം ചരിത്രാന്വേഷികൾ നോക്കിക്കോളും.
കടൽ ജീവിതത്തെകുറിച്ചാണല്ലോ പറയുന്നത്. മീനും മീനവരും കടലിന്റെ മക്കൾതന്നെ. കേരളത്തിലങ്ങോളമിങ്ങോളം മീനും കടലും പുഴയുമായും ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ ജാതി വിഭാഗങ്ങളുുണ്ട്. കടലിൽ നിന്നും പുഴയിൽ നിന്നും മീൻപടിക്കുക, കടവുകടത്തുക, തമ്പുരാക്കന്മാരുടെ മഞ്ചൽ ചുമക്കുക തുടങ്ങിയവയായിരുന്നു മലയാളനാട്ടിലെ മുക്കുവസമുദായക്കാരുടെ പൊതുവായുള്ള തൊഴിലുകൾ. തുളുനാട്ടിലെ മൊയോറെ പോലെ ദേശചരിത്രവും വംശചരിത്രവും പേറുന്ന അതിവിപുലമായ സാംസ്‌ക്കാരിക വൈവിധ്യങ്ങളുള്ള മുക്കുവജാതിയെ കേരളത്തിൽ മറ്റെവിടേയും കാണാനാകില്ല. കടലും ജീവിതവും തെയ്യവും സമന്വയിച്ചുള്ള തുളുനാടൻ ജീവിതം കേവലം പുരാവൃത്തമോ കെട്ടുകഥയോ ചരിത്രമോ അല്ല. അത് ജീവിതമാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള സംസ്‌ക്കാരങ്ങളുടെ കൈമാറ്റങ്ങളുടേയും കൊടുക്കൽ വാങ്ങലിന്റേയും ചരിത്രമാണ്. എഴുപത് വയസ്സു പിന്നിട്ട അനുഷ്ഠാനജീവിതം നയിക്കുന്ന ആചാരക്കാരോട് സംസാരിക്കുമ്പോഴാണ് ഉൾക്കരുത്താർന്ന നാട്ടുസംസ്‌കൃതിയുടെ ആരെയും അതിശയിക്കുന്ന ആഴവും പരപ്പും കണ്ടെത്താൻ കഴിയുന്നത്.
മുകയരുടെ കാസർകോട് ജില്ലയിലെ പതിനൊന്ന് താനങ്ങളുടേയും ഉത്പത്തിചരിത്രം അങ്ങനെയുള്ളതാണ്. ചെറുവത്തൂരിനടുത്തുള്ള കുളങ്ങാട്ടുമല ചരിത്രത്തിലെ മഹത്തായ ഉപലബ്ധിയാണ്. മുകയ സംസ്‌ക്കാരത്തിന്റെ ഉത്പത്തികേന്ദ്രം എന്നത് അറബിക്കടലിലേക്ക് തലയുയർത്തി നിൽക്കുന്ന കുളങ്ങാട്ട് മലയാണ്. എത്രയോ നൂറ്റാണ്ടുകളായി വൈദേശികരുടെ കപ്പലോട്ടങ്ങൾക്കും യുദ്ധങ്ങൾക്കും ദൈവസഞ്ചാരങ്ങൾക്കും മൂകസാക്ഷിയായ കടലിലേക്ക് നോക്കി മൗനമായിരിക്കുന്ന മൈനാകം പോലെ കുളങ്ങാട്ടുമല. കാടങ്കോട്ടേയും നെല്ലിക്കാത്തുരുത്തിയിലേയും പെരുങ്കളിയാട്ടത്തിൽ മാത്രമാണ് മരക്കല ദേവതമാർ തങ്ങളുടെ ആരൂഢമായ ഈ വൻമലയേറുന്നത്. കുളങ്ങാട്ട് മലയുടെ താഴ്‌വാരങ്ങളിലും കടലോരക്കാടുകളിലും നായാടിയും മീൻപിടിച്ചും ജീവിതം നയിച്ച ഒരു ഗോത്രസമൂഹം സ്വയം നവീകരിച്ചു. ഒരു ജീവിതക്രമത്തിൽ നിന്നും മറ്റൊരു ജീവിതക്രമത്തിലേക്കുള്ള മാറ്റങ്ങളുടെ നാൾവഴി ചരിത്രത്തെയാണ് അവരുടെ അനുഷ്ഠാനങ്ങൾ കാലാതീതമായി സംരക്ഷിച്ച് നിലനിർത്തുന്നത്. ആത്മാഭിമാനം നിറഞ്ഞ സ്വന്തം വംശസ്മൃതികളുടെ സ്വയംപ്രകാശനങ്ങളാണ് മൊയോറുടെ പാട്ടും പൂരവും തെയ്യവും. മൊയോന് കടൽ സംസ്‌ക്കാരത്തിന്റെ ചാകരപ്പൊലപ്പാണ്. വെറും ജീവനോപാധിയല്ല മൊയോനെ സംസ്‌ക്കരിച്ചെടുത്ത് മെച്ചപ്പെട്ട ജീവിതക്രമത്തിലേക്ക് കൊണ്ടുവന്നത് കടലാണ്. മഞ്ഞൾക്കുറി തൊടുവിച്ച് മനുഷ്യന്റെ കരംപിടിച്ചനുഗ്രഹിക്കുന്ന വലിയമുടിത്തെയ്യത്തെപോലെ കരയുടെ കരം നുകർന്ന് നെറ്റിയിൽ ഉപ്പുതൊട്ട് ദൈവദർശനവും ജീവിതദർശനവും കടലമ്മ കരയോട് വിശേഷിക്കുന്നു.
മുക്കുവൻ ഇരുന്ന പുല്ലുപായയിൽ അറിയാതെ ചവുട്ടിപ്പോയതിന് തീയ്യനെ ജാതിപ്രമാണികൾ തെക്കൻ കേരളത്തിൽ സമുദായത്തിൽ നിന്നും പുറത്താക്കിയതായി കുമാരനാശാൻ എഴുതിയതിനെ കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന ബൃഹദ്ഗ്രന്ഥത്തിൽ പി. ഭാസ്‌ക്കരനുണ്ണി വിശദീകരിക്കുന്നുണ്ട്. ജാതിയിൽ തെക്കൻകേരളവും വടക്കൻകേരളവും രണ്ടും രണ്ട് വൻകരകളാണ്. 1924 ൽ തിരുവനന്തപുരത്ത് അക്കൗണ്ട് ആഫീസിലെ ആഫീസറുടെ പങ്ക വലിപ്പുകാരൻ ഈഴവനാണെന്നറിഞ്ഞ് സവർണ്ണനായ ഉദ്യോഗസ്ഥൻ ചാടിപ്പോയ സംഭവവും പി. ഭാസ്‌കരനുണ്ണി എഴുതുന്നുണ്ട്. തീണ്ടൽപ്പലകയും ഒച്ചാട്ടും അയിത്തവും കൊണ്ട് ദുഷിച്ച തെക്കൻ കേരളത്തിന് ഉത്തരമലബാർ സംസ്‌കൃതികൾ തികച്ചും അന്യമായിരുന്നു. തുളുനാട്ടിലെ അവർണ്ണർ അവരുടെ ജാതിയെ ഉച്ഛാടനം ചെയ്തത് ജാതി കൊണ്ടു തന്നെയായിരുന്നു. മലയാളരാജ്യത്തിൽ ഏറ്റവും സമ്പന്നനും കരുത്തനുമായ നെടിയിരിപ്പിലെ സാമൂതിരിപ്രഭുവിന്റെ കുലദേവതയെ കാട്ടിൽ ചെന്ന് നേരെ വലത്തുകരം പിടിച്ച് മീൻമണമുള്ള തേളപ്പുറത്തച്ചന്റെ പടിഞ്ഞാറ്റയിലാണ് കൊണ്ടിരുത്തുന്നത്. നായർ പ്രഭുത്വത്തിന്റെ മുടിചൂടാമന്നനായ മടിയൻക്ഷേത്രപാലകനാണ് മൊയോറുടെ പെണ്ണിനിരിക്കാൻ നാലില്ലത്ത് നായന്മാരുടെ ഇടയിൽ സ്ഥാനം നൽകുന്നത്. തെക്കൻ കേരളത്തിൽ മുക്കുവൻ മുപ്പത്തിരണ്ടടി മാറി മേൽജാതി തമ്പ്രാക്കളെ തീണ്ടാതിരിക്കാനായി കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുമ്പോഴാണ് ഉപ്പുകാറ്റുതട്ടി ഊറ്റം വന്ന ശരീരവുമായി ദർശനപ്പെട്ട് ഉദിനൂർകൂലോത്തെ നായന്മാരെ അസ്രാളൻ കിടുകിടെ വിറപ്പിക്കുന്നത്.
മിഥുനത്തിലെ പെരുമഴയിൽ പടന്നപ്പൊഴയിൽ മുങ്ങി എളേക്ക വാരി കുടുംബം പുലർത്തുന്ന മൊയോനാണ് ദർശനപ്പെട്ട് ദൈവമായി ഉദിനൂർ കോവിലകത്തെ നായർപ്രമാണിത്തത്തോടുറഞ്ഞുരിയാടുന്നത്. തിരുവിതാംകൂർ രാജവീഥികളൊക്കെ സവർണ്ണർക്ക് മാത്രം സംവരണം ചെയ്ത് ജാതിപ്പലകകൾ സ്ഥാപിക്കുമ്പോഴാണ് കൊടക്കാട്ടെ പുതുക്കുളം ഇല്ലത്തെ തന്ത്രിയുടെ കുളത്തിൽ മുക്കുവൻ നീരാടുന്നത്. ശരീരത്തിലടിഞ്ഞ ജാതിയുടെ അഴുക്കിനെ തേച്ചുതേച്ചില്ലാതാക്കുന്നത്. പുറംലോകം ഇനിയും അറിയാത്ത വിലപിടിപ്പുള്ള നല്ല കോളുണ്ട് മോയോറുടെ മീൻകൂട്ടയിൽ.
കേരളത്തിലെ സാമൂഹ്യവ്യവസ്ഥയിൽ ജാതി, വിവേചനത്തോടെ മനുഷ്യനെ ഒറ്റപ്പെടുത്താനുള്ള ഉപകരണമാക്കുമ്പോൾ തെയ്യത്തിലെ ജാതി മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതാണ്. ഇവിടെ എല്ലാ ജാതിക്കൂട്ടങ്ങളും തീണ്ടലുകൾ മറന്ന് സാമൂഹികമായും സാംസ്‌ക്കാരികമായും അനുഷ്ഠാനത്തിലൂടെ പരസ്പരം ഐക്യപ്പെട്ട് നവീനമായ ഒരു വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ശ്രമിക്കുന്നുണ്ട്. പയ്യക്കാൽ കാവിലെ മൊയോറുടെ ജാതി സ്വത്വം ഒരുദാഹരണമായെടുക്കുകയാണെങ്കിൽ മുക്കുവജാതി നാട്ടിലെ മറ്റു ജാതികളുമായി ഇടകലർന്നാണ് ശക്തമായ സംസ്‌ക്കാരത്തെ നില നിർത്തുന്നത് എന്നു കാണാം. സമൂഹത്തിൽ ജാതിശ്രേണിയിൽ ഏറ്റവും ഉന്നതസ്ഥാനത്തു നിൽക്കുന്ന തന്ത്രി മുതൽ താഴേക്കുള്ളവരുമായിട്ടാണ് മൊയയോർ അനുഷ്ഠാനബന്ധം പുലർത്തുന്നത്. ഈ ഒരു സന്ദർഭത്തിൽ മീനമാസത്തിലെ പൂരോത്സവത്തിന് അഞ്ചാരിക്കേ പുതുക്കുളം തന്ത്രിയുടെ ഇല്ലത്തു പോയി ഇല്ലക്കുളത്തിൽ മൊയോർ കുളിച്ചു വരുന്നതിന്റെ സാമൂഹികമാനം വളരെ വലുതാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് നായന്മാരുടേയും അള്ളടത്തുതമ്പുരാന്റേയും ആസ്ഥാനമായ ഉദിനൂർ കോവിലകവുമായി മൊയോർക്കുള്ള ബന്ധം. പാട്ട്, പൂരം എന്നീ അനുഷ്ഠാനങ്ങൾ നടക്കുമ്പോൾ മൊയയോറുടെ വെളിച്ചപ്പാടന്മാരും അച്ചന്മാരും സ്ഥാനീകരും കോവിലകത്തേക്ക് എഴുന്നള്ളുന്നു. അസ്രാളൻ ഉദിനൂർകോവിലകത്തെ മൊയോറെ കല്ലിൽ കയറി സ്വരൂപാചാരം ചൊല്ലുന്നതിന് കേവലം ഒരനുഷ്ഠാനം എന്നതിലപ്പുറം സാമൂഹികമായും രാഷ്ട്രീയമായും ഏറെ മാനങ്ങൾ ഉണ്ട്. അത് തുളുനാടിന്റെ പ്രാദേശീകചരിത്രവുമായും ജീവിതവുമായും ആഴത്തിൽ ബന്ധപ്പെടുന്നു. ഉദിനൂർകൂലോത്ത് പാട്ടുത്സവം നടക്കുമ്പോൾ നാലാംപാട്ടും ഏഴാംപാട്ടും നടത്തേണ്ടുന്നത് പയ്യക്കാലിൽ നിന്നും അച്ചന്മാർ ആചാരവേഷത്തിൽ എഴുന്നള്ളിയാണ്. ഏഴാംപാട്ടു ദിവസം ഉദിനൂർ കോവിലകത്ത് സമർപ്പിക്കുന്ന ചക്കയും തേങ്ങയും മൊയോർക്കവകാശപ്പെട്ടതാണ്.
ഭ്രാന്താലയമായ ജാതികേരളത്തിന് ഊഹിക്കാനും സഹിക്കാനും പറ്റാത്തതാണ് ഉത്തരകേരളത്തിന്റെ ജാത്യതീതമായ അനുഷ്ഠാനജീവിതം. കേവലം ഒരു പൊട്ടൻതെയ്യം മാത്രമല്ല ഉത്തരകേരളത്തിൽ ജാതിയെ ജീവിതം കൊണ്ട് മറികടന്നിട്ടുള്ളത്. ഉദിനൂർകോവിലകത്തെ നാലാം പാട്ട് ദിവസവും ഏഴാംപാട്ട് ദിവസവും രാത്രി എഴുന്നള്ളത്തിന് ശേഷം മതിലിനകത്ത് മൊയോറെ കല്ലിൽ കയറി നിന്നാണ് അസ്രാളൻ തമ്പാച്ചി സ്വരൂപാചാരം ചൊല്ലുന്നത്. ഇത് അള്ളടസ്വരൂപത്തിന്റെ പ്രാദേശിക ചരിത്രമാണ്. "അയിമ്പാടി കൂലകത്ത് വടക്കേക്കെട്ടിൽ കുന്നലക്കോനാതിരി പ്രഭുവിന്റെ അനന്തിരവനുമായി അൻപ് പൊഴിഞ്ഞിരുന്ന കാലങ്ങളിൽ കുന്നലക്കോനാതിരിപ്രഭുവും തങ്ങളിലുള്ള അൻപു മുറിഞ്ഞു കയർത്തതു ഹേതുവായി കുന്നലക്കോനാതിരിപ്രഭുവിന്റെ അനന്തിരവൻ പൊന്നിൻ തിരുമുടിചൂടി വാഴും കോലത്തിരിപ്രഭുവും നെടിയിരിപ്പ് സ്വരൂപത്തിങ്കൽ എഴുന്നള്ളിയ പങ്കിപ്പിള്ളയാതിരി പ്രഭുവുമായി വളപട്ടണത്തു കോട്ടയിൽ നിലനിന്നിരുന്ന കാലങ്ങളിൽ...' ഇത് സ്വരൂപാചാരത്തിലെ ഒരു ഭാഗമാണ്. കോലത്തിരിപ്രഭുവും നെടിയിരിപ്പിലെ തമ്പുരാട്ടിയും തമ്മിലുള്ള പ്രണയവും തുളുനാട്ടിലെ അള്ളട രാജ്യത്തിന്റെ സംസ്ഥാപനവുമാണ് ഇവിടെ തമ്പാച്ചിയുടെ മൊഴികളിലൂടെ വെളിപ്പെടുന്നത്. ഒരുമണിക്കൂർ സമയമെങ്കിലും വേണ്ടി വരും ഇതുമുഴുവനായും പറഞ്ഞു തീർക്കുന്നതിന്. പഴയ പട്ടോലയിലേയും ചെമ്പോലയിലേയും ഭാഷയായതിനാൽ പലതിന്റേയും അർത്ഥം കൃത്യമായി മനസ്സിലാകില്ല. ഭാഗ്യത്തിന് നമ്മുടെ പാരമ്പര്യ ചരിത്രവ്യസായികളുടെ കണ്ണിൽ ഇതൊന്നും പെട്ടിട്ടില്ല.
സ്‌ക്കൂളിൽ ചേർത്തിട്ട് വെള്ളിക്കോത്ത് കരക്കയിൽ എരുതുകൾക്കും കടിച്ചികൾക്കുമൊപ്പം ഒളിച്ചിരുന്ന അസ്രാളനാണ് പത്മനാഭമോനോനും കേസരിയും എം.ജി.എസ്സും പറയുന്ന കേരളചരിത്രം ചൊല്ലിപ്പഠിപ്പിക്കുന്നത്. സ്വരൂപാചാരം എന്നത് അള്ളട രാജ്യത്തിന്റേയും ക്ഷേത്രപാലകന്റേയും ഉദിനൂർ കോവിലകത്തിന്റേയും ചരിത്രാഖ്യാനമാണ്. ദൈവാവേശിതനായി ഉറഞ്ഞു തുള്ളിയുരിയാടിപ്പറയുന്ന സ്വരൂപാചാരത്തിലെ ഭാഷ അത്ര എളുപ്പത്തിൽ മനസ്സിലാകില്ല. പഴയ കൂറുവാഴ്ച്ചയും തറക്കൂട്ടങ്ങളുടെ അധികാരവും സ്വരൂപങ്ങളുടെ ദേശവർണ്ണനയും അസ്രാളൻ നടത്തും. മുപ്പത്തിരണ്ടും മുപ്പത്തിരണ്ടും അറുപത്തിനാലില്ലം പട്ടേരിമാർ, പൊൻമുടിവേന്തൻ കോലത്തിരിപ്രഭു, നെടിയിരിപ്പ് കുന്നലക്കോനാതിരിപ്രഭു, പങ്കിപ്പിള്ളയാതിരിപ്രഭു ഈ പേരുകൾ പിന്നെ നമ്മൾ കാണുക നമ്മുടെ ചരിത്രപുസ്തകത്തിലാണ്. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറത്തെ കല്ലുപോലെ സാമൂഹികമായി പ്രാധാന്യമുള്ളതാണ് മൊയോൻ കേറിനിൽക്കുന്ന ഉദിനൂർകോവിലകത്തെ മൊയോറെ കല്ലും.
തീയ്യരും മൊയോറും തമ്മിലുള്ള അഭേദ്യമായ ബന്ധം തുളുനാടൻ അനുഷ്ഠാനത്തിന്റെ വലിയ സവിശേഷതയാണ്. തലക്കാട്ട് തറവാട്ടിനോട് കൂറുള്ള നെല്ലിക്കാത്തീയ്യനും കടങ്കോട്ടെ മൊയോനുമാണ് ദേവതകളെ കൈതക്കാട്ടിൽ ആദ്യം കാണുന്നത്. മോയോനും തീയ്യനും തമ്മിലുള്ള ബന്ധം കള്ളും മീനും കടലും കരയും പോലെയാണ്. അനാദിയായ ആ ബന്ധം തുളുനാട്ടിൽ ഇപ്പോഴും തുടരുന്നു. മറുനാട്ടുകാരായ പൂമാലയും ആൺചങ്ങാതി ആര്യപൂമാരുതനും തീയ്യരുടെ കുലദേവതയാകുമ്പോൾ മുകയർക്ക് അത് ആയിറ്റിപ്പോതിയും അസ്രാളനുമാണ്. ചില സ്ഥലങ്ങളിൽ അത് ഉച്ചൂളിക്കടവത്തു ഭവഗവതിയും പുറങ്കാലനും പുന്നക്കാൽ ഭഗവതിയും വൈരാപുരത്ത് വടക്കൻകോടിവീരനുമാകും. മൊയോനെ തീയ്യൻ ഒരിക്കലും അയിത്ത ജാതിയായി കണക്കാക്കിയിരുന്നില്ല. തൃക്കരിപ്പൂരിൽ തീയ്യരുടെ കുറുവാപ്പളളിയറയും പയ്യക്കാൽ കാവും തമ്മിലുള്ള ആത്മസൗഹൃദമാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. കാവിനെ ജാതികേന്ദ്രങ്ങളാക്കി നശിപ്പിക്കുന്ന പുതുകാലത്തെ പ്രമാണിമാർക്ക് കണ്ണു തുറന്ന് കാണാനായി ഈ അനുഷ്ഠാനങ്ങൾ മുറതെറ്റാതെ ഇപ്പോഴും തുടരുന്നു.
കുറുവാപ്പള്ളിയിലെത്തുന്ന മൊയോറുടെ കാലുകൾ കഴുകി അവരെ കാവിനകത്തേക്ക് ആനയിക്കുമ്പോൾ പയ്യക്കാലെത്തുന്ന തീയ്യറുടെ കാലുകൾ മുകയസ്ഥാനികർ വെള്ളമൊഴിച്ച് ശുദ്ധപ്പെടുത്തുമ്പോൾ ജാതിക്കറയുടെ നികൃഷ്ടമായ അണുപ്പകർച്ചകളേയാണ് ഇല്ലാതാക്കുന്നത്. മൂത്തേടത്ത് തീയ്യനും തേളപ്പുറത്ത് മൊയോനും ഒരു സംസ്‌ക്കാരനിർമ്മിതിയുടെ പൊട്ടാത്ത കണ്ണികളായി ശക്തമായ ഒരു മാനവിക സന്ദേശമാണ് ലോകത്തിന് നൽകുന്നത്. തുളുനാട്ടിലെ മൊയോറും തീയ്യരും തെക്കൻ കേരളത്തിലെ ഈഴവരിൽ നിന്നും മുക്കുവരിൽ നിന്നും വ്യത്യസ്തമാകുന്നത് അവരുടെ സംസ്‌ക്കാരം കൊണ്ടാണ്. തീയ്യനടക്കമുള്ള അവർണ്ണരുടെ സാമൂഹികസ്ഥിതിയെ നിർണ്ണയിക്കുന്നതിൽ പൂരക്കളിക്കുള്ള സ്ഥാനം വലുതാണ്. മൊയോർക്കും പൂരക്കളിയും പൂരക്കളിപണിക്കരുമുണ്ട്. തുളുനാട്ടിലെ നിരവധിനിരവധിയായ കാവുകളിൽ ആചാരപദവിയും പ്രത്യേക അധികാരങ്ങളും മൊയോർക്കുണ്ട്. തെയ്യം പോലുള്ള അനുഷ്ഠാനങ്ങൾ ജാതിയെ കൂട്ടിക്കലർത്തി അതിന്റെ വിഭാഗീയതയെ മറികടക്കുമ്പോൾ മതം നേരിട്ട് സംസാരിക്കുന്ന ദൈവങ്ങൾ ജാത്യാതീതമായി മനുഷ്യരുടെ ഈ കൂടിക്കലരലിനെ റദ്ദ് ചെയ്യുന്നു.
തുളുനാട്ടിലെ അവർണ്ണർ ഒരു പരിധി വരെ ജാതിയെ മറികടന്നത് അവരുടെ അനുഷ്ഠാനം കൊണ്ടു തന്നെയായിരുന്നു. ആ മറികടക്കൽ അവർ സാധ്യമാക്കിയത് തെയ്യക്കാരിലൂടെയോ ആചാരക്കാരിലൂടെയോ ആണ്. അവർ ഏറ്റെടുത്ത സാമൂഹികദൗത്യം അത്രയും വലുതായിരുന്നു. അല്ലെങ്കിൽ ഉത്തരമലബാറിന് മാത്രം എങ്ങനെയാണ് ഇങ്ങനെയൊര പൈതൃകം സ്വന്തമായുണ്ടായത്. ഡോ. പൽപ്പുവോ നാരായണഗുരുവോ അയ്യങ്കാളിയോ സഹോദരൻ അയ്യപ്പനോ ഇവിടെയുണ്ടായിട്ടില്ല. ജന്മിത്വത്തിനെതിരെ കർഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വലിയ പോരാട്ടങ്ങൾക്ക് ഉത്തരമലബാർ സാക്ഷിയായിട്ടുണ്ട്. സ്വാമി ആനന്ദതീർത്ഥരും എ. കെ. ജിയുമൊക്കെ വിതച്ച് കൊയ്ത നവോത്ഥാന മൂല്ല്യങ്ങളുടെ വയലുകൾ കൊത്തിക്കിളച്ച് വളം ചേർത്തു വെച്ചത് പുലയമൂപ്പന്മാരും മാവിലന്മാരും മുകയരുമൊക്കെത്തന്നെയാണ്. തെയ്യം ഉത്തരമലബാറിന് നൽകിയ രാഷ്ട്രീയവീര്യം ചെറുതല്ല. അസ്രാളനെ പോലുള്ള എഴുത്തറിയാത്ത മനുഷ്യരാണ് ഒരു നാടിനെ അതിന്റെ നവോത്ഥാന മൂല്യങ്ങളിലേക്കുയർത്തിയത്. കേരളത്തിന്റെ നവോത്ഥാനശ്രമങ്ങളൊക്കെ ഉപരിവർഗ്ഗത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചോ ഉപരിവർഗ്ഗത്തോളം ഉയരാനുള്ള മോഹം നിലനിർത്തുകയോ ചെയ്യുന്നതായിരുന്നു. എന്നാൽ ഉത്തരമലബാറിലെ അവർണ്ണർ ഉപരിവർഗ്ഗത്തെ അടുപ്പിക്കാതെ തന്നെയാണ് അവരുടെ തട്ടകത്തിൽ പ്രതിരോധത്തിന്റെ കോട്ടകെട്ടിയത്. അസ്രാളനെ പോലുള്ള മുക്കുവന് ഒരു ജാതി വിഭാഗത്തിനുമപ്പുറേത്തേക്ക് ആത്മീയമായി ഉയരാനാകുന്നത് ഈയൊരു സാമൂഹികപശ്ചാത്തലത്തിലാണ്.
തെയ്യത്തിന് പുറമെ തുളുനാട്ടിലെ പാട്ടെന്ന അനുഷ്ഠാനം ഗഹനമായ പഠനഗവേഷണങ്ങൾക്കൊന്നും വിധേയമായിട്ടില്ല. തെയ്യം പോലെ വർണ്ണാഭമായ ഒരു ചടങ്ങല്ല മൊയോറുടെ പാട്ടുത്സവം. മരക്കലപ്പാട്ട് തെയ്യത്തിന്റെ വിപുലമായ സാഹിത്യരൂപമാണ്. പൂമാലക്കാവുകളാണ് മരക്കലപ്പാട്ടിന്റെ പ്രഭവ കേന്ദ്രമെങ്കിലും തുളുനാട്ടിലെ മൊയോറുടെ പാട്ട് ഇതിൽനിന്നൊക്കെ വ്യത്യസ്തമാണ്. വൃശ്ചികം ധനുമാസത്തിലെ കച്ചാൻ കാറ്റിലാണ് ദേവമരക്കലം ഏഴിമല തുറമുഖത്തെത്തുന്നത്. വിദേശകപ്പലുകളെ തുളുനാടൻ തീരത്തെത്തിച്ച തെക്കൻ കാറ്റാഞ്ഞു വീശുന്ന വൃശ്ചികം, ധനു മാസങ്ങളിൽ തന്നെയാണ് പാട്ടുത്സവവും നടക്കുന്നത്. കണിയാൻ നാരണേട്ടൻ മരക്കലം മടിയിൽ വെച്ച് മീട്ടിപ്പാടുമ്പോൾ ധനുമാസക്കുളിരണിഞ്ഞ് ആര്യപ്പൂമാരനും പൂമാലയും ആയിറ്റിപ്പോതിയും അസ്രാളനും ഉച്ചൂളിക്കടവത്തു പോതിയും പുന്നക്കാൽ ഭഗവതിയും വൈരാപുരത്ത് വടക്കൻകോടി വീരനും മലനാടിന്റെ ഹരിത വിശുദ്ധിയിലേക്ക് കപ്പലോടിച്ചു വരുന്നു. കണിയന്മാരുടെ മരക്കലം പാട്ടെന്നത് വെറും പാടലല്ല. പണ്ഡിത കേസരിയായ മഹാകവി ഉള്ളൂരിന്റെ മലയാള സാഹിത്യചരിത്രമെന്ന ബൃഹത്ഗ്രന്ഥത്തിൽ ഈ പാട്ട്പ്രസ്ഥാനം ഇടം പിടിച്ചിട്ടില്ല. മലയാള ഭാഷയുടേയും മലയാളത്തിലെ പാട്ട് സാഹിത്യത്തിന്റേയും വളർച്ചയ്ക്ക് നിർണ്ണായകമായ സംഭാവനകൾ മരക്കലപ്പാട്ട് നൽകുന്നുണ്ട്. ഒരു നാടിന്റെ സംസ്‌ക്കാരത്തെ നിർണ്ണയിക്കുന്നതിൽ ഉത്തരമലബാറിലെ മരക്കലപ്പാട്ടിനോളം പ്രാധാന്യം കേരളത്തിൽ പ്രചുരപ്രചാരം നേടിയ മറ്റ് പാട്ടുകൾക്കില്ല.
ജാതിമഹിമ ഇല്ലാത്ത കണിയന്മാരുടെ പാട്ടും മുക്കുവരുടെ അനുബന്ധ അനുഷ്ഠാനങ്ങളും മുഖ്യധാര ചരിത്ര പണ്ഡിതന്മാരുടെ ശ്രദ്ധയിൽ വരാത്തിടത്തോളം അസ്രാളനെ പോലുള്ള മനുഷ്യരെ പുറംലോകം അറിയാൻ പോകുന്നില്ല. തുളുനാട്ടിലെ മുകയരുടെ കുലനായകനാണ് ഈ കടൽപണിക്കാരൻ. തുളുനാട്ടിലെ ആയിറ്റിപ്പോതി തണലിരുന്ന ആയിറ്റിക്കാവിനെക്കുറിച്ചോ ആയിറ്റിപ്പോതിയുടെ നായനാറായ നെടിയിരിപ്പിലെ വളയാനാട്ടമ്മ തണലിരുന്ന ഇയടയിലെക്കാട്ടു കാവിനെ കുറിച്ചോ ചരിത്ര പുസ്തകം മൗനം തന്നെയാണ്. സഹ്യാദ്രിയിൽ മാത്രം കണ്ടു വരുന്ന വിശുദ്ധ വൃക്ഷങ്ങളും ഔഷധികളും വെള്ളവയറൻ കടൽപ്പരന്തുകളും കൂടുകൂട്ടിയ ഈ ദേവാരണ്യകങ്ങളെ മനുഷ്യന്റെ അത്യാഗ്രഹങ്ങളുടെ കോടാലികളിൽ നിന്നും രക്ഷപ്പെടുത്തി നിലനിർത്തുന്നത് തെയ്യങ്ങളാണ്. പക്ഷേ ചരിത്രം എന്നും അതിന്റെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ മാത്രമല്ലേ സഞ്ചരിക്കൂ. അതിന്റെ ചന്ദനവും ഹവിസ്സും മണക്കുന്ന മണിമാളികകളിൽ എവിടേയും മീനും കള്ളും നാറുന്ന അസ്രാളനെയോ ആയിറ്റിപ്പോതിയെയോ നെല്ലിക്കാതീയനെയോ മൂത്തേടത്തീയ്യനെയോ തേളപ്പുറത്ത് അമ്പാടി മൊയോനെയോ ആരെയും അടുപ്പിക്കില്ല. ചരിത്രനിർമാണ വ്യവസായമെന്നത് മൂലധന താൽപര്യം മുൻനിർത്തിയുള്ള ഒരേർപ്പാടാണല്ലോ. തേളപ്പുറത്തമ്പാടിക്കെന്ത് മൂലധനം. കടലാനയോടും കാട്ടാനയോടും മല്ലിട്ട് നേടിയ ജീവിതാനുഭവത്തേക്കാൾ വലിയ മറ്റെന്ത് മൂലധനമുണ്ട്.
(തുടരും)