ദളിത് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന സംഭവം യു.പിയില്‍ ഒരു വാര്‍ത്തയല്ല. ഇത്തരം വാര്‍ത്തകള്‍ അല്ലെങ്കില്‍ ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വാര്‍ത്തയായി കൊടുക്കുകയാണെങ്കില്‍ ദിവസവും നാലും അഞ്ചും എണ്ണം കൊടുക്കേണ്ടിവരും. ഞെട്ടിക്കുന്ന വാര്‍ത്തയുണ്ടായാല്‍ പോലും അതിന് കിട്ടുന്ന സ്പെയ്സ് വളരെ ചെറുതായിരുന്നു. കാരണം അത്തരം സംഭവങ്ങള്‍ ധാരാളം നടക്കുന്ന സമൂഹമാണ് യു.പി. ജാതീയമായ വേര്‍തിരിവുകള്‍ക്കൊപ്പം ഇതിന് ഭരണകൂടം നല്‍കുന്ന വ്യവസ്ഥാപിതത്വവും ഇത്തരം ആക്രമണങ്ങള്‍ക്ക് സാധുത നല്‍കുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്- യു.പിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെ, മറ്റൊരു ദളിത് പെണ്‍കുട്ടി കൂടി ബലാല്‍സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു- ദളിത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കുപുറകിലെ ജാതിരാഷ്ട്രീയത്തെക്കുറിച്ച് പറയുകയാണ് യു.പിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ലേഖകന്‍
25 Apr 2020, 05:22 PM
ദളിത് പെണ്‍കുട്ടികളെ ബലാൽസംഗം ചെയ്യുന്ന സംഭവങ്ങള്‍ യു.പിയില്‍ ഒരു വാര്‍ത്തയല്ല. ഹിന്ദുസ്ഥാന്‍ ടൈംസിലോ ടൈംസ് ഓഫ് ഇന്ത്യയിലോ ദൈനിക് ജാഗരണിലോ അല്ലെങ്കില്‍ ഹിന്ദുസ്ഥാനിലോ ഒന്നും തന്നെ നിങ്ങള്‍ക്കിതൊരു വലിയ വാര്‍ത്തയായിട്ട് കാണാന്‍ പറ്റില്ല. ബലാൽസംഗ വാര്‍ത്തകള്‍ അല്ലെങ്കില്‍ ദളിത് അട്രോസിറ്റികള്‍ വാര്‍ത്ത കൊടുക്കുകയാണെങ്കില്‍ എല്ലാദിവസം നാലും അഞ്ചും എണ്ണം കൊടുക്കേണ്ടിവരും. ഞങ്ങളൊക്കെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമിതാണ്. ഞെട്ടിക്കുന്ന വാര്‍ത്തയുണ്ടായാല്‍ പോലും അതിന് കിട്ടുന്ന സ്പെയ്സ് വളരെ ചെറുതായിരുന്നു. കാരണം അത്തരം സംഭവങ്ങള്‍ ധാരാളം നടക്കുന്ന സമൂഹമാണ് യു.പി.
ഞാനൊക്കെ ചെയ്തിരുന്നത് എഡിറ്റോറിയല്‍ പേജില്‍ കോളം എഴുതുമ്പോള്‍ ഒരുമാസത്തെ മൊത്തം ദളിത് അട്രോസിറ്റിയുടെ കണക്കെടുത്ത് അതിന്റെ സ്റ്റാറ്റിറ്റിക്‌സ് വെച്ചാണ് എഴുതിയിരുന്നത്. ഇതിനെ അവരുടെ ചരിത്രപരമായ പശ്ചാത്തലത്തില്‍ നിന്നുവേണം മനസിലാക്കാന്‍. അല്ലാത്ത തരത്തിലുള്ള വിലയിരുത്തലുകള്‍ എത്രമാത്രം ശരിയാവും എന്നെനിക്ക് സംശയമുണ്ട്.
ഒരു ഉദാഹരണം പറഞ്ഞാല്‍, ഗോരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയിരുന്നു. അവിടെ ഹോസ്പിറ്റലില്‍ നാലഞ്ചുദിവസം നില്‍ക്കുകയും അവിടെയുള്ള ഒരുപാടുപേരെ കണ്ട് സംസാരിക്കുകയും റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിരുന്നു. ആ ഹോസ്പിറ്റലില്‍ നടന്ന സംഭവത്തെയാണ് പ്രധാനമായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. പ്രത്യേകിച്ച് സൗത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍.
കുറച്ചു കൂടി ആഴത്തില്‍ നോക്കുമ്പോള്‍, എന്തുകൊണ്ടാണ് അങ്ങനെയൊരു സംഗതിയുണ്ടാവുന്നതെന്ന് അന്വേഷിച്ചാല്‍ ഈസ്‌റ്റേണ്‍ യു.പിയില്‍ സത്യത്തില്‍ ഇതൊരു അത്ഭുതകരമായ സംഗതിയല്ല. ഓക്‌സിജന്‍ തീര്‍ന്നുപോയി എന്നതില്‍ മാത്രമേ അത്ഭുതമുള്ളൂ. കുട്ടികളുടെ മരണം അവിടെ സ്ഥിരമായി സംഭവിക്കുന്നതാണ്. പ്രത്യേകിച്ച് മെനിഞ്ചൈറ്റിസ് വന്ന് കുട്ടികള്‍ മരിക്കുന്നത്. ജപ്പാന്‍ ജ്വരം പോലെയുള്ള അസുഖങ്ങള്‍ വളരെയധികം നടക്കുന്ന മേഖലയാണ് പൂര്‍വാഞ്ചല്‍. അതിന്റെ കാരണം അന്വേഷിച്ചു.
കുട്ടികള്‍ മരിച്ചശേഷമുള്ള പാരന്റ്‌സിന്റെ ജീവിതവും അവരുടെ അവസ്ഥയും വെച്ചുള്ള കണ്ണീര്‍ സ്റ്റോറികള്‍പരമാവധി വേണ്ട എന്നുവെച്ചിട്ടാണ് പല വാര്‍ത്തകളും ചെയ്തത്. ഞാന്‍ മോശമാക്കി പറഞ്ഞതല്ല, കാരണം അത് നന്നായി വായിക്കപ്പെടുമായിരിക്കും, പക്ഷേ അതില്‍ കാര്യമായിട്ടൊന്നുമില്ല. എല്ലായിടത്തും കുട്ടികള്‍ മരിക്കുമ്പോള്‍ വിഷമിക്കും. അവരുടെ ദാരിദ്ര്യം പറച്ചിലിനപ്പുറം ഒന്നും ആ സ്റ്റോറികളിലുണ്ടാവില്ല. ഞാന്‍ അതിലേക്ക് പോയില്ല. അവിടുത്തെ സോഷ്യല്‍ ബാഗ്രൗണ്ട് എന്താണെന്ന് പരിശോധിക്കാനാണ് ശ്രമിച്ചത്.
അന്വേഷിക്കുമ്പോള്‍ ഒരു കാര്യം മനസിലാവും. കിഴക്കന്‍ യു.പി എന്നു പറയുന്നത് ജിയോഗ്രഫിക്കലി ഒരുപാട് പ്രത്യേകതകളുള്ള സ്ഥലമാണ്. കാരണം നേപ്പാളിന്റെ അതിര്‍ത്തിയാണ്. അതുപോലെ യു.പിയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മേഖലകളിലൊന്നാണ്. ഗോരഖ്പൂര്‍ മാത്രമല്ല, കിഴക്കന്‍ യു.പിയിലെ മറ്റ് മേഖലകള്‍ ഗാസിപൂര്‍, ഖുശി നഗര്‍ പോലുള്ള മേഖലകളിലെല്ലാം 40% വീടുകളില്‍ മാത്രമാണ് ടോയ്‌ലറ്റുള്ളത്. 60% വീടുകളിലൊന്നും തന്നെ ടോയ്‌ലറ്റില്ല. ഈ മേഖലകളില്‍ ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നല്ല മഴയുണ്ടാവും. ടോയ്‌ലറ്റില്ലാത്ത 60% വീടുകളിലുള്ളവരും മലമൂത്ര വിസര്‍ജനം നടത്തുന്നത് തുറസായ സ്ഥലങ്ങളിലാണ്. മഴയുള്ള സമയത്ത് ഇവിടെയുള്ള മുഴുവന്‍ ജലാശയങ്ങളിലും വെള്ളം കയറുകയും ഇതെല്ലാം ഒരുപോലെ ആവുകയും ചെയ്യും. കോളിഫോം ബാക്ടീരിയയും മറ്റും ജലത്തില്‍ വലിയ തോതില്‍ വര്‍ധിക്കും. ഇതിന്റെ ഏറ്റവും വലിയ ഇര അവിടുത്തെ കുട്ടികളാണ്. കുട്ടികളും സ്ത്രീകളുമാണ് എല്ലാതരം അരക്ഷിത സമൂഹങ്ങളിലെയും ഇര.
അവിടുത്തെ ചില ഡോക്ടര്‍മാരുമായി സംസാരിക്കുമ്പോള്‍, ബി.ജെ.പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പോലും പറയുന്നത് ഇതിനകത്തെ മാനുഷിക പ്രശ്‌നം എന്നു കുട്ടികളുടെ മരണം നിരന്തരം തുടരുന്നുവെന്നതാണ്. അതിനൊരു പരിഹാരവുമുണ്ടായിട്ടില്ല. അതിലേക്ക് ഒരു ഓക്‌സിജന്‍ ക്ഷാമം വന്നുവെന്നതാണ് ഗോരഖ്പൂരിലുണ്ടായത്. ഇങ്ങനെയുള്ള ഓരോ മേഖലയിലെയും സംഭവങ്ങളില്‍ അവിടുത്തെ സാമൂഹ്യ പിന്നാക്കാവസ്ഥയുടെ പ്രതിഫലനം കാണാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ അതിന്റെ ഉത്തരവാദികള്‍ ബി.ജെ.പി മാത്രമല്ല. അതിനു മുമ്പ് ഭരിച്ചവരൊക്കെ ഉത്തരവാദികളാണ്.
കിഴക്കന്‍ യു.പിയിലെ 20 ജില്ലകള്‍ക്ക് ഒരു മെഡിക്കല്‍ കോളജാണ് ഉള്ളത്. ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. അവിടേക്ക് നേപ്പാള്‍ ബോര്‍ഡറില്‍ നിന്നുള്ളവര്‍, നേപ്പാളിലെ ആള്‍ക്കാര്‍, ബീഹാര്‍ ബോര്‍ഡറില്‍ നിന്നുള്ളവരെല്ലാം വരുന്നുണ്ട്. കാരണം നേപ്പാളിലുള്ളവര്‍ക്ക് കാഠ്മണ്ഡുവിലേക്ക് പോകണമെങ്കില്‍ ഒമ്പതു മണിക്കൂര്‍ യാത്രയുണ്ട്. അതുകൊണ്ടുതന്നെ മെഡിക്കല്‍ കോളജിന് അക്കൊമൊഡേറ്റ് ചെയ്യാന്‍ പറ്റുന്നതിലും എത്രയോ ഏറെ രോഗികള്‍ അവിടെ വരുന്നുണ്ട്. ഇത്തരത്തില്‍ ഉള്ള ഒരു സാഹചര്യമാണ്. ഒരുപാട് വര്‍ഷങ്ങളായുള്ള വികസനമില്ലായ്മയാണ്. യു.പി ജനത വളരെ തീവ്രമായ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. ദാരിദ്ര്യം, കുടിയൊഴിപ്പിക്കല്‍, കലാപം. കലാപങ്ങളുടെ ചരിത്രമായ യു.പിയില്‍ പലായനങ്ങളുടെ കൂടി ചരിത്രമായതിനാല്‍ അതില്‍ നിന്നാണ് പല തരത്തിലുള്ള വിഘടിതമായ ചിന്തകള്‍ അവരിലേക്ക് എത്തിക്കുന്നത്. ആ ഒരു സാഹചര്യത്തില്‍ വിദ്യാഭ്യാസ പരമായി, ആരോഗ്യപരമായി ബാഗ് വേര്‍ഡായിരിക്കുന്ന സമൂഹത്തിലേക്ക് ഏറ്റവുമധികം വ്യാപിപ്പിക്കാന്‍ പറ്റുന്ന വിഷയം ജാതി അല്ലെങ്കില്‍ മതമായി മാറുകയാണ്. ഈയൊരു തിരിച്ചറിവില്‍ നിന്നാണ് കൃത്യമായിട്ടുള്ള ഒരു കമ്മ്യൂണല്‍ പോളറൈസേഷന്‍ കള്‍ട്ടിവേറ്റ് ചെയ്യാന്‍ പറ്റുന്ന സമൂഹമായി രാഷ്ട്രീയ പാര്‍ട്ടികള്‍ യു.പിയെ ഉപയോഗിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ അവിടെ അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ എത്രത്തോളം അഡ്രസ് ചെയ്യുന്നുണ്ട് എന്നതാണ് പ്രോബ്ലം. അത് ചെയ്യുന്നില്ല എന്നുളളതാണ്. പൊതുവായ വികാരം എന്താണെന്നതാണ് പാര്‍ട്ടികള്‍ അന്വേഷിക്കുന്നത്. പൊതുവായ വികാരം ഹിന്ദുക്കള്‍, മുസ്‌ലീങ്ങള്‍ എന്നൊക്കെ പറയുന്ന വികാരങ്ങളാണ്. അതിനെ സ്റ്റിമുലേറ്റ് ചെയ്യാന്‍ വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നുള്ള തലത്തിലേക്ക് പോയിട്ടുണ്ട്. ദളിത് സംഘടനകള്‍ക്ക് ബി.എസ്.ബി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇതിന്റെ ഉത്തരവാദിത്തമുണ്ട്.
യു.പിയിലെ റിപ്പോര്‍ട്ടിങ് എക്‌സ്പീരിയന്‍സിനിടെ മറ്റൊരു കാര്യം കണ്ടത് യോഗി ആദ്യനാഥ് മുഖ്യമന്ത്രിയായശേഷം കേട്ടിട്ടുള്ള പ്രധാനപ്പെട്ട വാചകം "അവരും നമ്മളും' എന്നുള്ളതാണ്. ആരാണ് ഈ അവരും നമ്മളും? "അവര്' മുസ്‌ലീങ്ങളും 'നമ്മള്‍' ഹിന്ദുക്കളും. ഭരണഘടനാ പരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി, ആ ജനതയുടെ മുഴുവന്‍ മുഖ്യമന്ത്രിയായ യോഗി ജനങ്ങളെ രണ്ട് വിഭാഗമായി വിഘടിപ്പിച്ചു പറയുകയാണ് "അവരും നമ്മളും'. എല്ലാ പ്രസംഗങ്ങളിലും, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ "അവരും നമ്മളും' എന്നാണ് അദ്ദേഹം സംസാരിച്ചത്.
ആളുകളില്‍ കാലങ്ങളായി സംഭവിച്ചിട്ടുള്ള, അവരുടെ ശീലമായിട്ടുള്ള ജാതീയമായ വേര്‍തിരിവുകളും മേല്‍ക്കോയ്മകളും കൂടുതല്‍ ലീഗലൈസ് ചെയ്യുന്ന, അല്ലെങ്കില്‍ അതിന് കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്ന തരത്തിലുള്ള ഒരു സമീപനം ഇവിടെ കാണാം. സ്വാഭാവികമായിട്ടും ആളുകള്‍ ചിന്തിക്കുന്നത് മുഖ്യമന്ത്രിയുള്‍പ്പെടെ പറയുന്നത് അങ്ങനെയാണല്ലോ "അവരും നമ്മളും'.
ശരിക്കും പറഞ്ഞാല്‍ അത് ഭരണഘടനയ്ക്ക് എതിരായിട്ടുള്ള സ്റ്റേറ്റ്‌മെന്റാണ്. പക്ഷേ അതിന് വലിയ സ്വീകാര്യത അവരവിടെ ഉണ്ടാക്കികൊടുത്തിരിക്കുന്നുവെന്നുളളതാണ്. വലിയൊരു ക്രൗഡ് പുള്ളറായിട്ട് യോഗിയെ കൊണ്ടുവരുമ്പോള്‍, വിദ്വേഷ പ്രസംഗങ്ങളിലൂടെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ ഓരോ മേഖലകളിലും യോഗി ഉണ്ടാക്കിയെടുത്തിട്ടുള്ള സ്വീകാര്യത വളരെ അപകടകരമായൊരു ധ്രുവീകരണം സൃഷ്ടിച്ചതായി തോന്നിയിട്ടുണ്ട്.
യു.പിയില്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്നതിനുശേഷം ഫൈസാബാദ് പോലെ പല സ്ഥലങ്ങളുടെയും പേര് മാറ്റവും നടന്നു. മുഗള്‍ സരായ് എന്നു പറയുന്ന വലിയ ചരിത്ര പ്രാധാന്യമുള്ള മേഖലയുടെ പേര് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍ എന്ന് മാറ്റുന്നു. അലഹബാദ് പ്രയാഗ് രാജാക്കുന്നു. ഫൈസാബാദ് അയോധ്യയാവുന്നു. മീററ്റ് ഗോഡ്‌സെ നഗറാക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെയും ഹിന്ദു യുവവാഹിനിയെന്നു പറയുന്ന യോഗി ആദിത്യനാഥിന്റെ സംഘടനയുടെയും അഭിപ്രായം. അതിനുള്ള മൗനാനുവാദങ്ങളിലേക്ക് ഭരണ നേതൃത്വം പോകുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഗോരഖ്പൂരിന് അദിത്യനാഥിന്റെ, ഗോരഖ്‌നാഥ മഠത്തിലെ പഴയ മഠാധിപതിയുടെ, പേരിടണം എന്ന് പറയുന്നു. മുഗള്‍ നാമങ്ങളിലുള്ള ദേശങ്ങള്‍ ധാരാളമുള്ള ഇടമാണ് യു.പി.
ഇങ്ങനെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവാക്വേറ്റ് ചെയ്യപ്പെടുന്ന ജനതയെ അവര്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു ഉദാഹരണത്തിന് ഇപ്പോഴത്തെ അയോധ്യ മുനിസിപ്പാലിറ്റി ഫൈസാബാദ് മുനിസിപ്പാലിറ്റിയാണ്. മറ്റൊന്ന് മഥുര. വൃന്ദാവന്‍ ഉള്‍പ്പെടുന്ന മേഖലയില്‍ മാംസം ഉപയോഗിക്കുന്നതിനും മദ്യം ഉപയോഗിക്കുന്നതിനും വിലക്ക് നേരത്തെയുണ്ട്. ഇപ്പോഴത് മഥുര ജില്ലയിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എനിക്കു തോന്നുന്നത് അത് നടപ്പിലാക്കിയെന്നാണ്.
അയോധ്യയായിക്കഴിഞ്ഞ ഫൈസാബാദില്‍ രാമക്ഷേത്രത്തിന്റെ പരിസരത്ത് നേരത്തെ തന്നെ മത്സ്യ-മാംസത്തിനൊക്കെ വിലക്കുകളുണ്ട്. അതിപ്പോള്‍ അയോധ്യ മുനിസിപ്പാലിറ്റിയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാബറി മസ്ജിദിന്റെ പരിസരം വലിയ രീതിയിലുള്ള പോപ്പുലേഷന്‍ ഡന്‍സിറ്റിയുള്ള സ്ഥലമാണ്. അതില്‍ വലിയൊരു വിഭാഗം മുസ്‌ലീങ്ങളാണ്. അല്ലെങ്കില്‍ മറ്റ് വിഭാഗങ്ങള്‍ താമസിക്കുന്നുണ്ട്. അവരുടെ ദൈനംദിന ജീവിതത്തിലേക്ക് അവരുടെ ഭക്ഷണ രീതിയിലേക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുമേല്‍ ഒരു നിയമം അടിച്ചേല്‍പ്പിക്കുകയാണ്. അതൊരു ക്ഷേത്രപരിസരം എന്നതിനപ്പുറം ഒരു മുനിസിപ്പാലിറ്റി ഏരിയയിലേക്ക് അത് നടപ്പാക്കുമ്പോള്‍ മറ്റ് വിഭാഗങ്ങളുടെ കൂടെ താല്‍പര്യങ്ങള്‍ ഇല്ലാതാവുകയാണ്. അതായത് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഭക്ഷണം കഴിക്കണമെങ്കില്‍ നിങ്ങള്‍ അവിടെ നിന്ന് ഒഴിഞ്ഞു പോകൂവെന്നാണ് അവര്‍ പറയുന്നത്. ഇത് ശരിക്കും നടക്കുന്നുണ്ട്. ഒരു തരത്തിലുള്ള സാമൂഹികമായിട്ടുള്ള ഉച്ഛാടനം അല്ലെങ്കില്‍ വേറൊരു തരത്തില്‍ ഒരു വിഭാഗത്തെ പാര്‍ശ്വവത്കരിക്കുന്ന തരത്തില്‍ അവിടെ നിന്ന് മാറ്റുകയാണ്.
ഇതിന്റെയൊക്കെ ഒരു കേന്ദ്രം എന്ന രീതിയില്‍ യു.പിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പല രാഷ്ട്രീയ നേതാക്കളിലും യോഗി ആദിത്യനാഥിന് വലിയ പങ്കുണ്ട്. കാരണം 2004-2005-2006 കാലങ്ങളില്‍ കിഴക്കന്‍ യു.പിയെ കേന്ദ്രീകരിച്ചുള്ള വിദ്വേഷ പ്രസംഗങ്ങള്‍ മറ്റ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, അത് അടിസ്ഥാനപരമായി മതസംഘര്‍ഷങ്ങളുടെ തലത്തിലേക്ക് പോയിട്ടുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളാണ്. പലതിലും പങ്കുള്ള, പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അല്ലെങ്കില്‍ ക്രിമിനല്‍ കേസുകകളില്‍ ഇന്‍വോള്‍വ് ചെയ്തിട്ടുള്ള ഒരു രാഷ്ട്രീയ നേതാവു കൂടിയാണ് യോഗി. എനിക്കു തോന്നുന്നത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം കുറേയധികം കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ യോഗി ആദിത്യനാഥ് ഉള്‍പ്പെട്ട പൂര്‍വാഞ്ചല്‍ മേഖലയിലെ കേസുകള്‍ ഉള്‍പ്പെടുന്നുണ്ട്. അത്തരത്തില്‍ അദ്ദേഹം വിമുക്തനാക്കപ്പെടുകയാണ് ചെയ്തത്.
പടിഞ്ഞാറന്‍ യു.പിയില്‍ നോക്കാം. മുസഫര്‍ നഗര്‍ കലാപസമയത്ത് ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടുകയും കേസില്‍പെടുകയും ചെയ്ത ചില നേതാക്കളുണ്ട് അവിടെ. സുരേഷ് റാണ, സഞ്ജീവ് ബല്യന്‍, സാധ്വി പ്രാചി, മഹേഷ് ശര്‍മ്മ, സംഗീത് സോം തുടങ്ങിയ നേതാക്കള്‍ ആ മേഖലയിലെ പ്രമുഖരാണ്. ഇവര്‍ക്കെതിരെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ടായിരുന്നു. പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന്. ഈ കേസുകള്‍ പതുക്കെ പതുക്കെ ഇല്ലാതാവുകയും ഇവരെല്ലാം ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരികയും ചെയ്തു. സഞ്ജീവ് ബല്യനും മഹേഷ് ശര്‍മ്മയും കേന്ദ്രമന്ത്രിമാരായി. സുരേഷ് റാണ നിലവില്‍ യു.പിയില്‍ മന്ത്രിയാണ്. ജാട്ടുകളുടെ പ്രാതിനിധ്യം കൂടുതലുള്ള മേഖലയില്‍ നിന്നായതുകൊണ്ട് അദ്ദേഹത്തിന് കരിമ്പിന്റെ വകുപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്ത് വലിയ പ്രതിഷേധങ്ങളും അവിടെ കണ്ടിരുന്നു.
ഇവരുടെയെല്ലാം സമീപനം വര്‍ഗീയ വിഭജനത്തെ എങ്ങനെ stimulate ചെയ്യാം, അത്തരത്തിലുള്ള അജണ്ട സെറ്റു ചെയ്ത് എങ്ങനെ പ്രവര്‍ത്തിക്കാമെന്നതായിരുന്നു. യു.പിയില്‍ മുസ്‌ലിം വിരുദ്ധത രാഷ്ട്രീയം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചവര്‍ ആരാണോ അവരാണ് മുഖ്യധാരയിലേക്ക് വന്നത്. അങ്ങനെയാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലേക്ക് പോലും എത്തുന്നത്.
യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നമ്മള്‍ പറയുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍, നമ്മള്‍ പറയുന്നു എന്ന് ഞാന്‍ പറയാന്‍ കാരണം, പൊതുസമൂഹത്തിന്, അല്ലെങ്കില്‍ യു.പിയ്ക്ക് പുറത്തുള്ള, അല്ലെങ്കില്‍ യോഗിയില്‍ വിശ്വസിക്കുന്ന സമൂഹത്തിന് പുറത്തുള്ളവരെ സംബന്ധിച്ചാണിത് വിദ്വേഷ പരാമര്‍ശമാവുന്നത്. കാരണം മറ്റുള്ളവരെ സംബന്ധിച്ച് അവര്‍ക്ക് അങ്ങനെ തോന്നില്ല. സഹാരണ്‍പൂരിലെ ചമാര്‍ വിഭാഗക്കാര്‍ അവരുടെ ഗല്ലിയില്‍ the great chamars എന്നൊരു ബോര്‍ഡ് വെക്കുന്നതില്‍ നിന്നാണ് സഹാരണ്‍പൂരിലെ ഒരു കലാപത്തിന്റെ തുടക്കം. അതിനുശേഷമാണ് ഭീം ആര്‍മിയൊക്കെ അതില്‍ സജീവമായി ഇടപെടുന്നത്. നമ്മള്‍ മഹാത്മാ അയ്യങ്കാളി എന്നു പറയുമ്പോലെ ദളിതര്‍ പറയുകയാണ് ഞങ്ങള്‍ ചമാറുകളെന്താ ഗ്രെയ്റ്റല്ലേ എന്ന്. അപ്പോള്‍ ചമാറിലും ഗ്രെയ്‌റ്റോ എന്നു ചോദിക്കുന്നതാണ് അതിനകത്തും സംഭവിക്കുന്നത്. അവരുടെ ജാതി മേല്‍ക്കോയ്മയില്‍ അവര്‍ക്കൊരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒരു വാദമാണ് ദളിത് സംഘടനകള്‍ മുന്നോട്ടുവെച്ചത് എന്നതുകൊണ്ടാണ് അവിടെയൊരു കലാപമുണ്ടാവുന്നത്.
യു.പി ഇങ്ങനെയായി തീര്‍ന്നതില്‍ കോണ്‍ഗ്രസിന് വലിയ ഉത്തരവാദിത്തമുണ്ട്. അതിനെ എക്‌സ്‌പ്ലോര്‍ ചെയ്യുകയാണ് ബി.ജെ.പി ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ ശിഥിലമായി കിടക്കുന്ന ഒരു സമൂഹത്തില്‍, ജാതി മേല്‍ക്കോയ്മകളും അത്തരം സമ്പ്രദായങ്ങളുമൊക്കെ ശീലിച്ച ഒരു സമൂഹത്തില്‍ നിന്നും രാഷ്ട്രീയം നേട്ടം എങ്ങനെയുണ്ടാക്കാം എന്നതിലായിരുന്നു ബി.ജെ.പിയുടെ ശ്രദ്ധ. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
വലിയ സോഷ്യലിസ്റ്റ് മൂവ്‌മെന്റുണ്ടായ ഇടമാണ് യു.പി. ലോഹ്യ പാരമ്പര്യമുള്ള, വലിയ സോഷ്യലിസ്റ്റ് ബ്ലോക്കുകള്‍ ഉണ്ടായിട്ടുള്ള ഇടമാണ് ഗുജറാത്ത് കഴിഞ്ഞാല്‍ ഏറ്റവുമധികം ഹിന്ദുത്വ പരീക്ഷണങ്ങള്‍ നടക്കുന്ന ഭൂമിയായിട്ട് മാറിയത്.
മറ്റൊന്ന് മുസ്‌ലീങ്ങളെ അവരും നമ്മളും ആക്കി യോഗി തിരിക്കുന്നതുപോലെ തന്നെ ഇത്തരത്തില്‍ വിഘടിതമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സമൂഹത്തില്‍ ഗാന്ധിയേയും അംബേദ്കറിനെയും അവതരിപ്പിക്കുന്ന രീതിയും വളരെ കൗതുകകരമായിട്ടും വേദനാജനകമായിട്ടും തോന്നിയിട്ടുണ്ട്. കാരണം ഗാന്ധിയെ മുസ്‌ലീമിന്റെ പ്രതിനിധിയായിട്ട് വിലയിരുത്തുന്ന വലിയ വിഭാഗം അവിടെ നിലനില്‍ക്കുന്നുണ്ട്. ഗോദ്‌സയെ ജനാധിപത്യവാദിയും മനുഷ്യസ്‌നേഹിയുമായി ചിത്രീകരിക്കുന്ന പൊളിറ്റിക്കല്‍ ടെണ്ടന്‍സി തന്നെ അവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അംബേദ്കറെ കാണുന്നതും അങ്ങനെ തന്നെയാണ്. ദളിതരുടെ നേതാവ് എന്ന നിലയ്ക്ക് മാത്രമാണ് അംബേദ്കറെ കാണുന്നത്. അല്ലാതെ ഭരണഘടനയും അംബേദ്കറും തമ്മിലുള്ള ബന്ധമൊന്നും പരിശോധിക്കുന്ന തരത്തില്‍, അത്തരത്തിലുള്ള സാമൂഹിക വിശകലനത്തിനൊന്നും ജനത തയ്യാറായിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതിനൊരു ഉദാഹരണം, സഹാരണ്‍പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഒരു സമയത്ത് അംബേദ്കര്‍ പ്രതിമകള്‍ക്കുനേരെ വലിയ ആക്രമണങ്ങള്‍ നടന്നിരുന്നു. ഞാനതിനെക്കുറിച്ച് 'ഇരുമ്പുവലയ്ക്കുള്ളില്‍ അംബേദ്കര്‍' എന്ന ഒരു ലേഖനം എഴുതിയിരുന്നു. പല സ്ഥലങ്ങളിലും അംബേദ്കറുടെ പ്രതിമ ഒരു ഇരുമ്പു കൂടിനുള്ളില്‍ സംരക്ഷിക്കേണ്ട സാഹചര്യം ഇന്ത്യപോലൊരു സമൂഹത്തിലുണ്ടായി. അംബേദ്കറുടെ ശരീരത്തില്‍ കാവി പെയിന്റടിക്കുകയും മുഖം ഉള്‍പ്പെടെ കാവി അടിക്കുകയും സഹാരണ്‍പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍, സെന്‍ട്രല്‍ യു.പിയുടെ ചില മേഖലകളില്‍ അംബേദ്കര്‍ പ്രതിമയുടെ തല തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ചുപോയാല്‍ ഠാക്കൂര്‍ വിഭാഗമോ അല്ലെങ്കില്‍ ക്ഷത്രിയരോ പോലുള്ള അപ്പര്‍കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട പ്രതിനിധികള്‍ തന്നെയാണ് ഇത് നടത്തുന്നത് എന്നത് വളരെ വ്യക്തമാണ്. പൊലീസ് കേസും മറ്റും ഇതിന് തെളിവായുണ്ട്.
ഇതിനെതിരായിട്ട് പിന്നീട് കാവിയുടെ മുകളില്‍ നീലയടിച്ചുകൊണ്ട് ബി.എസ്.പി രംഗത്തുവരികയുണ്ടായി. ഇവിടെയെല്ലാം പെരിഫറല്‍ ആയിട്ട് ബി.ജെ.പി പൊതുപരിപാടിയില്‍ അംബേദ്കര്‍ സ്‌നേഹം പറഞ്ഞാലും അവര്‍ അംബേദ്കറിനെ ദളിത് നേതാവായോ ദളിതരില്‍ ഒരാളായോ കാണുന്ന ലേണിങ് പ്രോസസിന് ജനങ്ങളെ വിധേയരാക്കിയിട്ടുണ്ട്. എന്നാല്‍ വളരെ ഉപരിപ്ലവമായിട്ട് ചില പൊതുപരിപാടികളില്‍ ഗാന്ധിയെ പൂമാല ചാര്‍ത്തുകളും അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യുന്ന പ്രവണതയിലേക്ക് ഇതേ രാഷ്ട്രീയപാര്‍ട്ടി പോവുകയും ചെയ്യുന്നു. അതുകൊണ്ടാണ് വാരണാസിയില്‍ കവി രവിദാസിന്റെ അമ്പലത്തില്‍പോയി അവിടുത്തെ പ്രസാദം കഴിക്കുക, ദളിതരുടെ കൂടെ അന്നദാനത്തിന് ഞങ്ങള്‍ പങ്കെടുത്തു എന്നുപറയുകയും ഞങ്ങള്‍ ദളിതര്‍ക്ക് ഒപ്പമാണെന്ന് കാണിക്കുകയും ആ വോട്ടെങ്ങനെ നേടിയെടുക്കാമെന്നതിന് വളരെ കണ്‍സ്ട്രക്ടീവ് ആയിട്ടുള്ള പ്ലാന്‍ ഉണ്ടാക്കുകയും അതില്‍ ഒരു പരിധിവരെ ഇവിടുത്തെ ഹിന്ദുത്വ ഫോഴ്‌സ് വിജയിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
(ഏപ്രിൽ 25ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേർഷൻ)
ജേണലിസ്റ്റ്, സംവിധായകന്‍
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 16, 2022
15 Minutes Watch
ബാലകൃഷ്ണൻ. ആർ
26 Apr 2020, 08:53 PM
ഉത്തർപ്രദേശിൽ വർഗ്ഗീയത ശീലമായി കഴിഞ്ഞുവെങ്കിൽ കേരളത്തിൽ ഇന്ത്യയിൽ ജാതിയും വർഗ്ഗീയതയും ശീലമായിട്ട് കാലമേറെക്കഴിഞ്ഞു. ജാതി രാഹിത്യത്തെപ്പറ്റി ഇന്ത്യൻ സമൂഹം ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുമോ ? ഇല്ല. ജാതിയും മതവുമുള്ള ഇന്ത്യയിലാണ് നാളിതു വരെ തിരഞ്ഞെടുപ്പുകൾ നടന്നത് നാം ജീവിച്ചത് പൂർവ്വികർ വിവാഹം കഴിച്ചത് എല്ലാം. അതിനാൽ നാം യുപിയെ മാത്രെന്തിന് തനിച്ചിരുത്തി വിചാരണ ചെയ്യണം. ഒരർത്ഥത്തിൽ യുപി തന്നെയാണ് ഇന്ത്യയിലെ എല്ലായിടങ്ങളും.
ബിന്ദു റ്റി എസ്
29 Apr 2020, 02:30 PM
രാഷ്ട്രീയ വും മതവും കൂട്ടിച്ചേർത്തു നേഠ്ടമുണ്ടാക്കുന്ന ഭരണകൂടങ്ങളുള്ളയിടങ്ങളിലെല്ലാം ഇത്തരം അവസ്ഥകളായിരിക്കും.പിന്നെ. നിരക്ഷരരായ സമൂഹം