മ​ന്ത്രി എ.കെ. ശശീന്ദ്രൻ, തമിഴ്​നാട്​ വനം മന്ത്രി ഡോ.എം. മതിവേന്ദൻ

തമി​ഴ്​നാട്​ വനം മന്ത്രി കേരളത്തെ പഠിപ്പിക്കുന്ന അരിക്കൊമ്പൻ പാഠങ്ങൾ

അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിലെ വനംവകുപ്പു മന്ത്രിയായ എ.കെ. ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടാവുന്ന പ്രതികരണങ്ങൾ, ജനം പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തബോധത്തോടെയും കാര്യഗൗരവത്തോടെയുമുള്ളവയാണോ? തമിഴ്നാട് വനം വകുപ്പുമന്ത്രി ഡോ.എം. മതിവേന്ദൻ ഇതേ വിഷയത്തിൽ നടത്തിയ അഭിപ്രായപ്രകടനം, മന്ത്രി ശശീന്ദ്രനും സംസ്​ഥാന സർക്കാറും ശ്രദ്ധിച്ച്​ പഠിക്കേണ്ടതാണ്​.​

രിക്കൊമ്പൻ വിഷയത്തിൽ തമിഴ്നാട് വനം വകുപ്പുമന്ത്രി ഡോ.എം. മതിവേന്ദൻ ദ ഹിന്ദുവിന് നൽകിയ അഭിമുഖം, ഒരു വനം മന്ത്രി എന്ന നിലയിൽ അദ്ദേഹത്തോട് വലിയ മതിപ്പു തോന്നിപ്പിക്കുന്നതാണ്​. ഈ വിഷയത്തിന്റെ കാതെലെന്താണെന്ന് വളരെ കുറഞ്ഞ വാക്കുകൾ കൊണ്ട് സമഗ്രമായി അദ്ദേഹം വിശദീകരിച്ചു: ‘‘കേരളത്തിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട ഒരാനയാണ് അരിക്കൊമ്പൻ. 35 വയസ്സ് പ്രായം വരുന്ന നല്ല കരുത്തും ഭാരവും വലിപ്പവുമൊക്കെയുള്ള ഒരാന. (Pachyderm എന്ന പദമുപയോഗിച്ചാണ് അദ്ദേഹം അരിക്കൊമ്പനെ വിശേഷിപ്പിക്കുന്നത്). അതിന്റെ ജന്മദേശത്തുനിന്ന് മയക്കുവെടിവെച്ച് കുംകിയാനകളെ ഉപയോഗിച്ച് ലോറിയിൽ കയറ്റിക്കൊണ്ടുവന്ന്, അതിന് പരിചിതമല്ലാത്ത പെരിയാർ ടൈഗർ റിസർവ്വിൽ തുറന്നുവിടുകയായിരുന്നു. ഇത് നടന്നിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. ആനയ്ക്ക് ശാരീരിക അവശതകൾ സ്വാഭാവികമായുമുണ്ടാകും. സ്വന്തം പ്രദേശത്ത് നിന്ന് ട്രാൻസ് ലൊക്കേറ്റ് ചെയ്തപ്പോഴുണ്ടായ ഭയവും അനിശ്ചിതത്വവും ഒക്കെ ആ ആന അനുഭവിക്കുന്നുണ്ടാകണം. തന്റെ ആവാസപ്രദേശത്ത് എത്തണം എന്നത് ഒരു പക്ഷേ ആഗ്രഹിക്കുന്നുമുണ്ടാവും. മനുഷ്യർ തുടർച്ചയായി ഇടപെടുമ്പോഴുള്ള ഭയവും വെറുപ്പും ദേഷ്യവുമൊക്കെ അതിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ അവസ്ഥയിലാണ് ആന കമ്പം നഗരത്തിലെത്തിയത്. ഒരു ജനവാസ കേന്ദ്രത്തിൽ കാട്ടാന എത്തിയാലുള്ള അവസ്ഥ അറിയാമല്ലോ.

തമിഴ്​നാട്​ വനംവകുപ്പുമന്ത്രി ഡോ.എം. മതിവേന്ദൻ
തമിഴ്​നാട്​ വനംവകുപ്പുമന്ത്രി ഡോ.എം. മതിവേന്ദൻ

ആളുകൾ വലിയ തോതിൽ ഭയചകിതരായി. അവരുടെ ഇടപെടൽ ആനയെ വെകിളി പിടിപ്പിച്ചു. അത് തലങ്ങും വിലങ്ങും ഓടി. ചില വാഹനങ്ങളൊക്കെ കേടുവരുത്തി. ഒരാൾക്ക് പരിക്കേറ്റു. അപ്പോഴും മനുഷ്യരെ ആന കാര്യമായൊന്നും ഉപദ്രവിച്ചിരുന്നില്ല. അല്പം തിരക്കൊഴിഞ്ഞ ഒരു പുളിമരത്തോട്ടത്തിൽ ആന ഒരുവിധം സ്വസ്ഥമായി നിൽക്കുമ്പോഴാണ് ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ ഡ്രോൺ ഉപയോഗിച്ച് ആനയുടെ വീഡിയോ പകർത്താൻ ശ്രമിച്ചത്. ഡ്രോൺ കണ്ടതോടെ, അതിന്റെ ഇരമ്പം കേട്ടതോടെ ആന വീണ്ടും വിരണ്ടോടി. മറ്റൊരു തോട്ടത്തിലെത്തിയ ആനയെ ഓടിക്കാൻ ചിലർ തീയിട്ടു. അതോടെ ആന വീണ്ടും ഓടി. ഒരു വന്യമൃഗത്തെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് നാം ജനങ്ങളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ആളുകളോട് വീടുകളിൽ തന്നെ കഴിയാനും ആനയെ വിരട്ടിയോടിക്കരുതെന്നും ഞങ്ങൾ അഭ്യർത്ഥിച്ചു. ഇപ്പോൾ ആന വനത്തിനകത്തേക്ക് കയറിപ്പോയിട്ടുണ്ട്. വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വെച്ച് പിടിച്ചു മാറ്റേണ്ടിവരും. മറ്റ് മാർഗ്ഗമില്ല. പക്ഷേ അതിനുള്ള സാദ്ധ്യകൾ കുറവാണ്. ആവശ്യമായ കുംകിയാനകളും മയക്കുവെടി വിദഗ്ധരും ഡോക്ടർമാരും വനം വകുപ്പുദ്യോഗസ്ഥരുമൊക്കെ സ്ഥലത്തുണ്ട്. അവർ കുറച്ചു ദിവസം കൂടി ഇവിടെ തുടരും. ആനയെ പിടികൂടേണ്ടി വന്നാൽ ആനക്കൂട്ടിലടച്ച് കുംകിയാനയാക്കാനൊന്നും ഉദ്ദേശ്യമില്ല. ഉൾക്കാട്ടിൽ തുറന്നുവിടുകയാണ് ചെയ്യുക. പക്ഷേ അതൊന്നും വേണ്ടിവരില്ലെന്ന് തോന്നുന്നു. ആന ഉൾവനത്തിലേക്ക് കയറിപ്പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’

ഒരു സംസ്ഥാനത്തിന്റെ വനം മന്ത്രി എന്ന നിലയിൽ പക്വവും കാര്യമാത്രപ്രസക്തവുമായ പ്രതികരണമാണ് തമിഴ്നാട് വനം മന്ത്രി നടത്തിയത് എന്ന് ഇത് വായിച്ചാൽ ബോദ്ധ്യമാകും. ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്തബോധവും വസ്തുതകളെ വസ്തുതയായി കാണാനുള്ള പ്രാപ്തിയുമാണ് ആ വാക്കുകളിൽ വായിച്ചെടുക്കാനാവുക.

എ.കെ. ശശീന്ദ്രന്‍
എ.കെ. ശശീന്ദ്രന്‍

ഇത്ര ദീർഘമായി ഡോ എം. മതിവേന്ദന്റെ വാക്കുകൾ ഉദ്ധരിക്കേണ്ടി വന്നത്, അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിലെ വനംവകുപ്പു മന്ത്രിയായ എ.കെ. ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടാവുന്ന പ്രതികരണങ്ങൾ, ജനം പ്രതീക്ഷിക്കുന്ന ഉത്തരവാദിത്ത ബോധത്തോടെയും കാര്യഗൗരവത്തോടെയുമുള്ളവയാണോ എന്ന സംശയം തോന്നുന്നതുകൊണ്ടാണ്. അവസാനത്തെ ഉദാഹരണം മാത്രമെടുക്കാം. അരിക്കൊമ്പൻ മറ്റൊരു സംസ്ഥാനത്തെ ഒരു പട്ടണത്തിൽ ഇറങ്ങിയപ്പോൾ ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യ പ്രതികരണം തന്നെ, ‘‘കോടതിയും 'ആനപ്രേമി'കളുമാണ് ഈ സഹചര്യം ഉണ്ടാക്കിയത്’’ എന്നായിരുന്നല്ലോ.

അരിക്കൊമ്പൻ നമ്മുടെ വനാതിർത്തി കടന്ന്, മറ്റൊരു സംസ്ഥാനത്തെ ജനവാസ മേഖലയിലെ ഒരു പട്ടണത്തിൽ എത്തിയിരിക്കുകയാണെന്നും അതൊരു പക്ഷേ അവിടെ, വലിയ ജീവാപായങ്ങളോ സ്വത്തുനാശമോ സൃഷ്ടിച്ചേക്കാമെന്നും അതിന് പരോക്ഷമായാണെങ്കിലും നമ്മളും ഉത്തരവാദികളാണെന്നും നമ്മുടെ മന്ത്രി മറന്നത് പോലെ തോന്നി.

അരിക്കൊമ്പൻ നമ്മുടെ വനാതിർത്തി കടന്ന്, മറ്റൊരു സംസ്ഥാനത്തെ ജനവാസ മേഖലയിലെ ഒരു പട്ടണത്തിൽ എത്തിയിരിക്കുകയാണെന്നും അതൊരു പക്ഷേ അവിടെ, വലിയ ജീവാപായങ്ങളോ സ്വത്തുനാശമോ സൃഷ്ടിച്ചേക്കാമെന്നും അതിന് പരോക്ഷമായാണെങ്കിലും നമ്മളും ഉത്തരവാദികളാണെന്നും നമ്മുടെ മന്ത്രി മറന്നത് പോലെ തോന്നി. സഹാനുഭൂതിയോടെയുള്ള പ്രതികരണവും ഇടപെടലുകളുമാണ് ആ സമയത്ത് വേണ്ടത് എന്ന് പോലും അദ്ദേഹം ഓർക്കുന്നതായി തോന്നിയില്ല.

അരിക്കൊമ്പന്‍ കമ്പം ടൗണില്‍ / Photo: screengrab
അരിക്കൊമ്പന്‍ കമ്പം ടൗണില്‍ / Photo: screengrab

മറ്റൊന്ന്, ആനപ്രേമികൾ എന്ന വാക്കുകൊണ്ട് മന്ത്രി ഉദ്ദേശിക്കുന്നത് എന്താണ്? ‘നാട്ടാന’കളുടെ ആരാധകവൃന്ദങ്ങളും ഫാനുകളുമായി നടക്കുന്നവരേയാണ് കേരളത്തിൽ പൊതുവേ ആനപ്രേമികൾ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. കാട്ടാനകൾക്ക് പൊതുവേ ഫാൻസ് അസോസിയേഷനുകളൊന്നും കേരളത്തിൽ പതിവുള്ളതല്ല. അരിക്കൊമ്പന് അത്തരത്തിലൊന്ന് ഉണ്ടായി വന്നത് ശശീന്ദ്രന്റെ സർക്കാർ മുൻപിൻ ആലോചനകളില്ലാതെ സ്വീകരിച്ച നടപടികളുടെ തുടർച്ചയായിരുന്നു എന്ന് ഇപ്പോഴും അ​ദ്ദേഹത്തിന്​ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണോ മനസ്സിലാക്കേണ്ടത്? അതോ കാര്യങ്ങൾ മനസ്സിലാക്കിയ ശേഷവും ബോധപൂർവ്വം അഭിനയം നടത്തുകയാണോ മന്ത്രി ചെയ്യുന്നത്?

മന്ത്രി, ആനപ്രേമികൾ എന്നുവിളിച്ച് കൊച്ചാക്കാൻ ശ്രമിക്കുന്നത്, വനവും വന്യജീവികളുമുൾപ്പെടുന്ന പരിസ്ഥിതിവ്യൂഹങ്ങളുടെ പ്രാധാന്യം ശാസ്ത്രീയമായി പഠിക്കുകയും അതനുസരിച്ച നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നവരേയാണല്ലോ. നമ്മുടെ സംസ്ഥാനത്ത് ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു ഭരണാധികാരി എന്ന നിലയിൽ, വനത്തേക്കുറിച്ചും വന്യജീവികളേക്കുറിച്ചും തികഞ്ഞ അവധാനതയോടെ സംസാരിക്കേണ്ട ഒരാൾ നിരന്തരം കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നാൽ അത് സ്വന്തം വ്യക്തിത്വത്തെയാണ് ബാധിക്കുക എന്ന് മന്ത്രി തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്?

ശശീന്ദ്രന്​ വനം, വന്യജീവി സംരക്ഷണച്ചുമതല മാത്രമാണ് നിർവഹിക്കാനുള്ളത്. പക്ഷേ, അദ്ദേഹത്തിൽനിന്ന്​ കേരളം കേട്ടുകൊണ്ടിരിക്കുന്നത് വനത്തിന്റേയും വന്യജീവികളുടേയും എതിരാളികളുടെ ശബ്ദമാണ്.

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച്, കോടനാട്ടെ ആനക്കൂട്ടിലിട്ട് പീഡിപ്പിച്ച് മെരുക്കാനുള്ള, വനം വകുപ്പിന്റെ തീരുമാനം, കാര്യത്തിന്റെ എല്ലാ വശവും പരിഗണിച്ചുകൊണ്ടല്ല എന്ന് തോന്നിയതുകൊണ്ടാണല്ലോ മൃഗാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ചില സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സമയമെടുത്ത് പ്രശ്നത്തിന്റെ എല്ലാവശവും പരിശോധിച്ച്, വിദഗ്ധ സമിതിയെ വെച്ച് പഠിച്ച് എടുത്ത തീരുമാനമാണല്ലോ; ആനയെ ആനക്കൂട്ടിലടച്ച് പീഡിപ്പിച്ച് മെരുക്കാൻ പാടില്ല എന്നത്. നിവൃത്തിയില്ലെങ്കിൽ പിടികൂടി മറ്റൊരു കാട്ടിലേക്ക് ട്രാൻസ് ലൊക്കേറ്റ് ചെയ്യാമെന്ന, ഹൈക്കോടതിയുടെ ഉത്തരവിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തപ്പോഴാകട്ടെ കേസ്​ പരിഗണിക്കാൻ പോലും തയാറാകാതെ തള്ളുകയാണുണ്ടായത്. അതിനുശേഷവും, തന്റെ തീരുമാനത്തിൽ എന്തോ പോരായ്മയുണ്ട്, അത് പരിഹരിക്കാൻ ശ്രമിക്കാം, എന്ന് തോന്നുന്നതിന് പകരം, 'താൻ പിടിച്ച മുയലിന് കൊമ്പുകൾ രണ്ടാണ്' എന്ന നിലയിൽ നിലപാടെടുക്കുന്നതും കോടതിയെയും പരിസ്ഥിതി പ്രവർത്തകരേയും പഴി പറയുന്നതും ഉത്തരവാദപ്പെട്ട ഒരു ഭരണാധികാരിക്ക് ചേർന്നതായിരുന്നില്ല.

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ / Photo: F.B, veena maruthoor
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ / Photo: F.B, veena maruthoor

വനവും വന്യജീവികളും മാത്രമാണ് ശശീന്ദ്രന്റെ വകുപ്പിലുൾപ്പെട്ടിട്ടുള്ളത്. അതായത് വനത്തിന്റേയും വന്യജീവികളുടേയും സംരക്ഷണം. അരിക്കൊമ്പൻ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തലും വനസമ്പത്തിന് കോട്ടം വരാതെ സംരക്ഷിക്കലുമാണ് മന്ത്രിയുടെ കർത്തവ്യം. വനവുമായി ബന്ധപ്പെട്ട ആദിവാസികളുടെ സംരക്ഷണച്ചുമതല പോലും ഈ പോർട്ട്ഫോളിയോയിൽ വരുന്നില്ല. അതിന് വേറൊരു മന്ത്രിയുണ്ട്. വനാതിർത്തിയിലെ കർഷകരുടെ താല്പര്യസംരക്ഷണത്തിന് കൃഷിമന്ത്രിയുണ്ട്. അതായത് ശശീന്ദ്രന്​ വനം, വന്യജീവി സംരക്ഷണച്ചുമതല മാത്രമാണ് നിർവഹിക്കാനുള്ളത്. പക്ഷേ, അദ്ദേഹത്തിൽനിന്ന്​ കേരളം കേട്ടുകൊണ്ടിരിക്കുന്നത് വനത്തിന്റേയും വന്യജീവികളുടേയും എതിരാളികളുടെ ശബ്ദമാണ്. വനവും വന്യജീവികളുമൊന്നും സംരക്ഷിക്കാനുള്ള യാതൊരു ബാദ്ധ്യതയും സമൂഹത്തിനില്ലെന്നും അതൊക്കെ മനുഷ്യർക്ക് അവരുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി കുത്തിക്കവരാവുന്നതാണെന്നും സംഘടിതമായി വാദിക്കുന്ന 'ആൾക്കൂട്ട രാഷ്ട്രീയ'ക്കാരുടെ ഭാഷയിലാണ് മന്ത്രി ശശീന്ദ്രനും സംസാരിക്കുന്നത് എന്ന് പറയാതെ വയ്യ.

ഒരു അരിക്കൊമ്പനെ പിടിച്ചുമാറ്റിയാൽ പകരം ഒന്നിൽ കൂടുതൽ അരിക്കൊമ്പന്മാർ അവിടെ തന്നെ ഉയർന്നു വരാനാണത് ഇടയാക്കുക എന്ന് അനുഭവങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും മന്ത്രി ശശീന്ദ്രൻ സമ്മതിക്കുമോ?

ഒരു വനമേഖലയിൽ നിന്ന് പ്രശ്നക്കാരനായ ഒരു മൃഗത്തെ പിടിച്ചുമാറ്റിയാൽ അവിടെ പ്രശ്നങ്ങൾ അവസാനിക്കും എന്നത് അസംബന്ധമാണ് എന്ന് ഇന്ന് എല്ലാവർക്കും അറിയാം. ഒരു അരിക്കൊമ്പനെ പിടിച്ചുമാറ്റിയാൽ പകരം ഒന്നിൽ കൂടുതൽ അരിക്കൊമ്പന്മാർ അവിടെ തന്നെ ഉയർന്നു വരാനാണത് ഇടയാക്കുക എന്ന് അനുഭവങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും മന്ത്രി ശശീന്ദ്രൻ സമ്മതിക്കുമോ? മറ്റൊരു കാര്യം; ആനയെപ്പോലെ ദീർഘ സഞ്ചാര സ്വഭാവങ്ങളുള്ള ഒരു ജീവിയെ അതിന്റെ ആവാസവ്യവസ്ഥയിൽ നിന്ന് പിടിച്ചുമാറ്റി മറ്റൊരിടത്ത് കൊണ്ടിട്ടാൽ അത് തിരികെ പഴയ ആവാസ വ്യവസ്ഥയിലേക്കെത്താൻ പരിശ്രമിക്കുമെന്നും അത് സങ്കീർണ്ണമായ പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നും ഇപ്പോൾ അനുഭവം തെളിയിച്ചിരിക്കുകയാണ്​. ​മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരിയിൽ നിന്ന് പിടികൂടി, ഇപ്പോൾ മുത്തങ്ങയിലെ നിന്നുതിരിയാനിടമില്ലാത്ത ആനക്കൂട്ടിൽ നരകയാതന അനുഭവിക്കുന്ന, പി എം 2 എന്ന ആനയുടെ ചരിത്രം ചെറുതായൊന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ, അരിക്കൊമ്പന്റെ കാര്യത്തിൽ സംസ്​ഥാന സർക്കാരും മന്ത്രിയും സ്വീകരിച്ച നടപടികൾ എത്രമാത്രം അന്തഃസ്സാരശൂന്യമാണ് എന്ന് മനസ്സിലാകുമായിരുന്നു.

പി എം 2
പി എം 2

ഇന്ത്യയിലും ശ്രീലങ്കയിലുമായി ഇങ്ങനെ ട്രാൻസ് ലൊക്കേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ആനകളെക്കുറിച്ചുള്ള കുറെയധികം പഠനങ്ങൾ ഇപ്പോൾ ലഭ്യമാണ്. അവയെല്ലാം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് ട്രാൻസ് ലൊക്കേഷൻ പ്രശ്നപരിഹാരമല്ല; പ്രശ്നങ്ങളെ സങ്കീർണ്ണമാക്കലാണ് എന്നാണ്. അരിക്കൊമ്പന്റെ കാര്യത്തിലും ഇപ്പോൾ സംഭവിക്കുന്നത് അതാണ്. ഈ സമയത്ത്​, അരിക്കൊമ്പൻ എന്ന ആ സാധുമൃഗം ചിന്നക്കനാലിലെ തന്റെ ആവാസ വ്യവസ്ഥയിലെത്താനുള്ള വ്യഗ്രതയിൽ മേഘമല വനാതിർത്തിയിലെ ഷൺമുഖനദി ഡാമിനരികെ കാട്ടിൽ നിന്ന് നാടതിരിലേക്കും അവിടെ നിന്ന് തിരിച്ച് കാട്ടിലേക്കും തുടർച്ചയായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് എന്ന വാർത്തകളാണ് വരുന്നത്. ആന വലിയ തോതിൽ ക്ഷീണിതനാണെന്നും, തുമ്പിക്കെയ്​ക്ക്​ പരിക്കുണ്ടെന്നും തമിഴ്നാട് വനം വകുപ്പുകാർ പറയുന്നുമുണ്ട്.

കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന ആവാസ വ്യവസ്ഥയിൽ, ധാരാളം ആനത്താരകൾ ഒത്തു ചേരുന്നിടത്ത് 301 കോളനി പോലൊരു ആദിവാസി സെറ്റിൽമെൻറ്​ സ്ഥാപിച്ചത്, മൂക്കിനപ്പുറം കാണാൻ ശേഷിയില്ലാത്ത ​ശശീന്ദ്രന്റെ മുൻഗാമികളായ ഭരണാധികാരികളല്ലേ?

അരിക്കൊമ്പനെതിരെ സംസ്​ഥാന വനം മന്ത്രിയും വകുപ്പും തയാറാക്കിയ കുറ്റപത്രത്തിലെ കുറ്റങ്ങളിൽ പ്രധാനം, അത് അരി തിന്നുന്നു, അതിനായി റേഷൻ കടയും വീടുകളും തുടർച്ചയായി ആക്രമിക്കുന്നു എന്നതാണല്ലോ. ഈ ആന ധാരാളം മനുഷ്യർക്ക് ജീവഹാനി വരുത്തുന്നു എന്ന വാദം പ്രചരിപ്പിക്കപ്പെട്ടെങ്കിലും കോടതി തള്ളിക്കളഞ്ഞതാണല്ലോ. മൂന്നുപേരെ കൊന്നു എന്ന വനം വകുപ്പിന്റെ സത്യവാങ്മൂലം പോലും ചോദ്യം ചെയ്യപ്പെട്ടു. അരിക്കൊമ്പനല്ല ചക്കക്കൊമ്പനാണ് കൂടുതൽ മനുഷ്യരെ കൊന്നത് എന്ന് വനം വകുപ്പും ഇപ്പോൾ സമ്മതിക്കുന്നു. അപ്പോൾ പിന്നെ, അരി തിന്നുന്നതാണ് പ്രശ്നമെങ്കിൽ അതിനെന്തെങ്കിലും പരിഹാരം വനം വകുപ്പ് അന്വേഷിക്കാതിരുന്നതെന്ത്? അരി ആനയുടെ സ്വാഭാവിക ഭക്ഷണമല്ലല്ലോ. ആന അരിതിന്ന് ശീലിച്ചിട്ടുണ്ടെങ്കിൽ അത് മനുഷ്യർ ശീലിപ്പിച്ചതാണ്. മനുഷ്യർക്ക് തന്നെ അത് മാറ്റിയെടുക്കാനുമാകും. അരി തിന്നാൽ അസ്വസ്ഥതയുണ്ടാവുന്ന വല്ല മരുന്നുകളും ചേർത്ത അരി (അപകടകാരിയല്ലാത്ത) അതിന് തിന്നാൻ കൊടുത്താൽ, അരി ഭക്ഷിച്ച് അതിന് അസ്വസ്ഥതയുണ്ടാവുകയും അതുവഴി അരി തിന്നുന്ന ശീലം തന്നെ ഈ ആന ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നില്ലേ? വനം വകുപ്പ് ഇന്ത്യയിൽ പലയിടത്തും ഇത്തരം ട്രീറ്റ്മെന്റുകൾ വിജയകരമായി നടത്തിയിട്ടുണ്ട്. പടിഞ്ഞാറൻ ബംഗാളിലെ സുന്ദർബനിൽ മനുഷ്യരെ ആക്രമിച്ച കടുവകളെ ഫോറസ്റ്റുകാർ ട്രീറ്റ് ചെയ്തത് ഷോക്കേൽക്കുന്ന മനുഷ്യഡമ്മികൾ സ്ഥാപിച്ചു കൊണ്ടായിരുന്നു. അത് വിജയകരവുമായിരുന്നു. ഇതു പോലുള്ള ചില്ലറ പൊടിക്കൈകൾ കൊണ്ട് ഒരു പക്ഷേ പരിഹൃതമാകുമായിരുന്ന ഒരു പ്രശ്നം, 'ഉണിൽ കുത്തി വൃണമാക്കുന്നത് പോലെ' ഈ സ്ഥിതിയിലാക്കിയതിന്​ ഉത്തരവാദി വനം മന്ത്രിയാണ് എന്നു വരുന്നത് ശരിയാണോ? 80 ലക്ഷത്തിലധികം രൂപയാണ് അരിക്കൊമ്പൻ ഓപ്പറേഷന് നമ്മുടെ ദരിദ്രഖജനാവിൽ നിന്ന് ഇതുവരെ ചെലവഴിച്ചത് എന്ന് കേൾക്കുന്നു. കൃത്യമായ കണക്ക് കൈവശമില്ല. അതുകൊണ്ട് ആർക്ക് എന്ത് പ്രയോജനമുണ്ടായി എന്നത് പ്രധാനമല്ലേ?

ലോകത്തിലെ തന്നെ ഏറ്റവും ജൈവപ്രധാനമായ ആനമലൈ വനമേഖലയിൽ നിന്നാണല്ലോ ഈ ആന വരുന്നത്. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന ആവാസ വ്യവസ്ഥയിൽ, ധാരാളം ആനത്താരകൾ ഒത്തു ചേരുന്നിടത്ത് 301 കോളനി പോലൊരു ആദിവാസി സെറ്റിൽമെൻറ്​ സ്ഥാപിച്ചത്, മൂക്കിനപ്പുറം കാണാൻ ശേഷിയില്ലാത്ത ​ശശീന്ദ്രന്റെ മുൻഗാമികളായ ഭരണാധികാരികളല്ലേ? ഇവിടെ വനഭൂമിയിൽ 29 ലധികം റിസോർട്ടുകൾ ഉണ്ടായത് എങ്ങനെയാണ്?

301 കോളനിയിലേക്കുള്ള വഴി / Photo: Keraleeyam web
301 കോളനിയിലേക്കുള്ള വഴി / Photo: Keraleeyam web


ഈ വനം കയ്യേറ്റവും അനധികൃത നിർമിതികളും മ​ന്ത്രിയെയും സർക്കാറിനെയും ഒട്ടും അലോരസപ്പെടുത്താത്തെതെന്ത്?
റിസോർട്ടുകളിലെ എരിവും പുളിയും മധുരവുമുള്ള ഭക്ഷണാവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ ആനയിറങ്കൽ ഡാമിന്റെ പരിസരത്ത് മാലിന്യക്കൂമ്പാരമായി നിക്ഷേപിക്കാൻ അവസരം നൽകിയതാരാണ്?
ആനയിറങ്കലിലും മൂന്നാറിലുമാക്കെ ഇത്തരം മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തേടിയെത്തുന്ന ആനകളുടെ ചിത്രങ്ങൾ നമ്മുടെ മാധ്യമങ്ങൾ വാർത്തകൾ സഹിതം എത്ര തവണ റിപ്പോർട്ട് ചെയ്തു?
ആനകൾ ഡാമിലേക്ക് വെള്ളം കുടിക്കാനിറങ്ങുന്ന വഴികൾ വൈദ്യുതി വേലികളും കിടങ്ങുമൊക്കെ തീർത്ത് അടച്ചുകെട്ടിയാൽ അവ ജനവാസ മേഖലകളിലൂടെയല്ലാതെ എങ്ങനെ വെള്ളം കുടിക്കാനിറങ്ങും?
അതല്ല, അവ വെള്ളം കുടിക്കാതെ ജീവിച്ചുകൊള്ളണം എന്നാണോ സർക്കാരിന്റെ ഉത്തരവ്?
മിക്കവാറും വീടുകളിൽ നിന്ന് ആളൊഴിഞ്ഞു പോയ 301 കോളനിയിൽ ഇന്ന് ഏറ്റവും നന്നായി നടക്കുന്ന കുടിൽ വ്യവസായം വ്യാജവാറ്റാണെന്നും വാറ്റിനുവേണ്ടി ശർക്കര കലക്കി വെച്ച വാഷ് കുടിക്കാനാണ് ആനകൾ കൂട്ടമായി എത്തുന്നതെന്നും വനം വകുപ്പിലെ താഴെതട്ടിലെ ജീവനക്കാർ തുടർച്ചയായി റിപ്പോർട്ട് ചെയ്തിട്ടും അതവഗണിക്കുന്നത് എന്തു കൊണ്ടാണ്? ഇങ്ങനെ പ്രത്യേകമായി വാറ്റിയെടുത്ത മദ്യവും വെടിയിറച്ചിയുമാണ് ഇവിടത്തെ റിസോർട്ടുകളുടെ മുഖ്യ ആകർഷണം എന്നും റിപ്പോർട്ടുകളുണ്ടല്ലോ. ഈ റിസോർട്ടുടമകളും ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും തമ്മിലുള്ള കൊള്ളക്കൊടുക്കലുകൾ അങ്ങാടിപ്പാട്ടായ അരമനരഹസ്യമല്ലേ? ഇതിനൊന്നുമെതിരെ ചെറുവിലരലനക്കാത്ത വനം മന്ത്രി, വന്യമൃഗങ്ങളാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം എന്ന് ഒട്ടും മനസ്സാക്ഷിക്കുത്തില്ലാതെ പറയുമ്പോൾ, താങ്കൾ ആനപ്രേമികൾ എന്ന് പരിഹസിക്കുന്ന ഞങ്ങളെന്ത് ചെയ്യണം?

ആനയിറങ്കല്‍ ഡാം / Photo: Shafeeq Thamarassery
ആനയിറങ്കല്‍ ഡാം / Photo: Shafeeq Thamarassery

ആനകൾ തലമുറകളായി ഒരേ വഴിയിലൂടെ (ആനത്താരകൾ) അബോധത്തിലെ അറിവുകളുടേയും ഓർമകളുടേയും ബലത്തിൽ സഞ്ചരിക്കുന്ന ജീവിയാണെന്നും അവ കൊട്ടിയടയ്ക്കപ്പെടുമ്പോൾ അവ അരക്ഷിതരായി തീരുമെന്നും അത് മനുഷ്യവാസത്തിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുമെന്നും ശാസ്ത്രീയമായി മനസ്സിലാക്കിയതിനെത്തുടർന്നാണ് ‘ആനത്താരകൾ വീണ്ടെടുക്കുക’ എന്നൊരു പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ആരംഭിച്ചത്. ഇതിന് വലിയ ഫണ്ടും കേന്ദ്ര ഗവൺമെൻറ്​ അനുവദിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തിനും ഇത്തരമൊരു പദ്ധതി നടപ്പിലാകുന്നതിന് കേന്ദ്ര സർക്കാർ ഫണ്ട് നൽകിയിട്ടുണ്ടാവും. കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ പുരോഗതിയെക്കുറിച്ച് വനം മന്ത്രി വിശദീകരിക്കുമോ?
ആനയിറങ്കൽ പ്രശ്നമേഖല ഉൾപ്പെടുന്ന പ്രദേശം ഏലമല എലിഫൻറ്​ റിസർവായി പ്രഖ്യാപിച്ച് ആനകളെ സംരക്ഷിക്കാനും ടൂറിസം വികസിപ്പിക്കാനും 2006- ൽ വി. എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
പദ്ധതി ഉപേക്ഷിക്കപ്പെട്ടോ?
ആനയിറങ്കൽ മേഖലയിൽ വനത്തിനകത്ത് താമസിക്കുന്ന മനുഷ്യരെ വള്ളക്കടവിൽ പുനരധിവസിപ്പിക്കാനുള്ള ഭൂമിയും അന്ന് കണ്ടെത്തിയിരുന്നു. ഇതു പോലുള്ള പദ്ധതികൾ നടപ്പിലാക്കിയാണ് മനുഷ്യമൃഗ സംഘർഷം ലഘൂകരിക്കേണ്ടത് എന്ന്, മറ്റാർക്കും മനസ്സിലായില്ലെങ്കിലും മന്ത്രിക്ക്​ അറിയേണ്ടതാണെല്ലോ. പക്ഷേ അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ശശീന്ദ്രൻ വനംമന്ത്രിയായശേഷം സംസാരിക്കുന്നത് കേൾക്കാനിടവന്നിട്ടില്ല. അതെന്തുകൊണ്ടാണ്?

Photo: Shafeeq Thamarassery
Photo: Shafeeq Thamarassery

കേരളത്തിൽ ഡാറ്റാവാദികൾ എന്നറിയപ്പെടുന്ന, പരിസ്ഥിതിവിരുദ്ധ നിലപാട് സംഘടിതമായി പ്രചരിപ്പിക്കുന്ന ചില കൂട്ടങ്ങളുണ്ട്. പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നവരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും സംഘടിതമായി ആക്രമിക്കുന്നതാണ് ഇവരുടെ രീതി. നുണകളുടെ ക്ലീഷേകളാണ് ഇവരുടെ ആയുധം. കർഷകമേൽവിലാസമുപയോഗിച്ച് കാടോരങ്ങളിൽ പ്രവർത്തിക്കുന്ന ചില സംഘടനകളും ഇവരോടൊപ്പമുണ്ട്. കേരളത്തിൽ വനവിസ്തൃതി വർദ്ധിക്കുകയാണെന്നും ഇപ്പോൾ തന്നെ ആവശ്യത്തിലധികം കാടുണ്ടെന്നും കാട് നശിക്കുന്നത് അത്ര വലിയ കാര്യമല്ലെന്നുമൊക്കെയാണ് ഇവർ സംഘടിതമായി പ്രചരിപ്പിക്കുന്നത്. നമ്മുടെയൊക്കെ പറമ്പുകളിൽ വളർന്നുനിൽക്കുന്ന തെങ്ങും മറ്റ് വൃക്ഷാവരണങ്ങളും (tree cover) കാടായി വ്യാഖ്യാനിച്ചാണ് ഇത് ചെയ്യുന്നത്. കാട്ടിനകത്ത് വന്യമൃഗങ്ങളുടെ സംഖ്യ ക്രമാതീതമായി പെരുകുകയാണെന്നും കാടിന് ഉൾക്കൊള്ളാൻ കഴിയാതായ, ഈ പെരുകുന്ന മൃഗങ്ങളാണ് കാടിന് വെളിയിൽ വന്ന് കൃഷിനശിപ്പികുകയും മനുഷരെ ആക്രമിക്കുകയും ചെയ്യുന്നത് എന്നും അവർ പ്രചരിപ്പിക്കുന്നു. മാധ്യമങ്ങളും മറ്റും ഇതാവർത്തിക്കുന്നതോടെ സാമാന്യജനത്തിന്റെ സാമാന്യബോധവും ഇതാണ് ശരി എന്നാണ് കരുതുന്നത്. എന്നാൽ, നിയമസഭാ സാമാജികരുടെ ചേദ്യത്താനുത്തരമായി വനം മന്ത്രി സഭയിൽ പറഞ്ഞ കണക്കുകൾ ഉൾപ്പെടെ ഒന്നും ഇതിനെ സാധൂകരിക്കുന്നില്ല. ആനകൾ ഉൾപ്പെടെ വന്യമൃഗങ്ങളുടെ എണ്ണം കേരളത്തിൽ കുറയുകയാണെന്നും കടുവകളുടെ എണ്ണത്തിൽ മാത്രമാണ് നേരിയ വർദ്ധനവുണ്ടായതെന്നും അവ സാക്ഷ്യപ്പെടുത്തുന്നു. കടുവകളിൽ തന്നെ പെരിയാർ ടൈഗർ റിസർവിൽ നേരിയ വർദ്ധനവുണ്ടായപ്പോൾ വയനാട്ടിൽ കുറയുകയാണ് ചെയ്തത്. യഥാർത്ഥ വസ്തുത ജനങ്ങളോട് തുറന്നു പറയാൻ ബദ്ധ്യതപ്പെട്ട വനം മന്ത്രി ഒരിക്കലെങ്കിലും ഒരു പൊതുപരിപാടിയിലും ഇത്തരം വിവരങ്ങൾ വെളിവാക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. വനം മന്ത്രി എന്ന നിലയിൽ യഥാർത്ഥ വസ്തുതകൾ സർക്കാരിന്റെ ഔദ്യോഗിക രേഖയായി ഒരു ധവളപത്രമായി പുറത്തിറക്കുമോ?

കരക്കമ്പിയായി നാട്ടിൽ പ്രചരിക്കുന്ന കുറേ കാര്യങ്ങളുണ്ട്. മുട്ടിൽ മരംമുറി കേസുകൾ ഏതാണ്ട് തുമ്പും വാലുമില്ലാത്ത അവസ്ഥയിലായിരിക്കുന്നു. വീട്ടിമരം കടൽ കടന്ന് എത്തേണ്ടിടത്ത് എത്തി. മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലിന്റെ കച്ചവടവുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോ?

ഒരു കാര്യം കൂടി സൂചിപ്പിക്കാം. മുട്ടിൽ മരം മുറിക്കേസ്​ ഈ സർക്കാരിന്റെ കാലത്ത് ശശീന്ദ്രൻ വനം മന്ത്രിയായിരിക്കെ അന്വേഷിച്ച ഒന്നാണല്ലോ. പേരുപോലെ ഇതൊരു സാധാരണ മരം മുറി കേസല്ല. കർഷക താൽപ്പര്യം സംരക്ഷിക്കാൻ, കൃഷിയിടത്തിലെ മരം മുറിക്കാൻ ‘സദുദ്ദേശ്യത്തോടെ’ അനുമതി നൽകുന്നതായി ഒരു സർക്കാർ ഉത്തരവ് ഇറങ്ങുകയാണല്ലോ ഉണ്ടായത്. എന്നാൽ ഉത്തരവിറങ്ങുന്നതിനുമുമ്പുതന്നെ വ്യാപകമായി വീട്ടി പോലുള്ള വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തുന്നതിനുള്ള തയാറെടുപ്പുകൾ കേരളത്തിലാകെ നടന്നിരുന്നു എന്ന് വ്യക്തം. വയനാട്ടിലെ മുട്ടിലിൽ മാത്രമല്ല; കേരളത്തിലാകെ മരം മുറിച്ചു കടത്തി. കൃഷിക്കാരൊന്നുമല്ല അത് ചെയ്തത്. കർഷകർക്ക് നക്കാപ്പിച്ച നൽകി ഭരണതലത്തിൽ പിടിപാടുള്ള മാഫിയയാണ് മരം മുറിയുടെ പിന്നിൽ എന്ന് വ്യക്തമായിരുന്നു. സ്ക്വയർ ഇഞ്ചിന് വില നിശ്ചയിക്കുന്ന നല്ല ഒന്നാം തരം വീട്ടിയാണ് കടത്തിയതിൽ പ്രധാനം. ആ കേസിന്റെ ഇന്നത്തെ സ്ഥിതിയെന്താണ്? എത്ര പേരേയാണ് പ്രതികളായി തിരിച്ചറിഞ്ഞത്? ഇതിൽ ആരെയൊക്കെ അറസ്റ്റു ചെയ്തു? ആരെങ്കിലും ജയിലിലുണ്ടോ? കുറ്റപത്രം തയാറായോ? സമർപ്പിച്ചോ? കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ ആസൂത്രിതമായി നടത്തിയ മറ്റ് മരം കൊള്ള കേസുകളുണ്ടോ? കേരളത്തിലെ ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഇടതുപക്ഷ സർക്കാരിലെ മന്ത്രി എന്ന നിലയിൽ ഇതിനൊക്കെ ഉത്തരം നൽകാനുള്ള ബാദ്ധ്യത ശശീന്ദ്രനുണ്ട്​ എന്ന് കരുതുന്നത് കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്.

കരക്കമ്പിയായി നാട്ടിൽ പ്രചരിക്കുന്ന കുറേ കാര്യങ്ങളുണ്ട്. കേസുകൾ ഏതാണ്ട് തുമ്പും വാലുമില്ലാത്ത അവസ്ഥയിലായിരിക്കുന്നു. വീട്ടിമരം കടൽ കടന്ന് എത്തേണ്ടിടത്ത് എത്തി. മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലിന്റെ കച്ചവടവുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോ? ഒക്കെ ഇടതുപക്ഷ വിരുദ്ധർ പ്രചരിപ്പിക്കുന്ന അപവാദങ്ങളും കരക്കമ്പികളായിരിക്കും. അങ്ങനെയാവട്ടെ എന്ന് നമുക്ക് ആശിക്കാം.

Comments