പശ്ചിമഘട്ടം മാത്രമല്ല, പ്രശ്നഭരിതമാണ്
തീരവും ഇടനാടും

വയനാട്ടിലെ മലയോര മേഖലകളിലേക്ക് എങ്ങനെ ഇത്രയും വലിയ തോതിൽ കുടിയേറ്റം നടന്നുവെന്ന് സോഷ്യോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കണം. അവിടുത്തെ ജനത എന്ത് ജോലിയാണ് ചെയ്യുന്നതെന്നും അവരെന്ത് ഉത്പാദനമാണ് നടത്തുന്നതെന്നും അവരുടെ മൂലധനം എന്തായിരുന്നുവെന്നും സാമ്പത്തികശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ പറഞ്ഞു തരണം- ഡോ. ടി.വി. സജീവ് എഴുതുന്നു.

റ്റവും ദുഃഖഭരിതമായ ഒരു കാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ അപകടം അത്രയധികം നമ്മളെ വേദനിപ്പിക്കുന്നുണ്ട്.

നമ്മൾ എല്ലാവരേയും രക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കയാണ്. എന്നാലോ, നമുക്ക് പ്രകൃതിയെ അറിയുകയേയില്ല. അതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ നമ്മുടെ ഇടപെടലുകൾ അതിന്റെ സ്വാഭാവിക രീതികളെ എങ്ങിനെയൊക്കെ മാറ്റിമറിക്കുന്നെന്നോ, പ്രകൃതിയുടെ പ്രവർത്തന രീതിശാസ്ത്രം എന്തെന്നോ നമുക്ക് ഒരു പിടിയുമില്ല. പക്ഷെ നമ്മൾ ഗംഭീര അഭിമാനത്തിലാണ്. ഈ അഭിമാനത്തെയാണ് ഈ ലേഖനം അഭിസംബോധന ചെയ്യുന്നത്.
ക്രമം എന്നത് മനുഷ്യനിർമിതിയാണ്. അത് പ്രകൃതിയുടെ രീതിയല്ല. അതുകൊണ്ട് ഈ എഴുത്തിലും ക്രമം പ്രതീക്ഷിക്കരുത്.

ഈ സമയത്ത് നമ്മൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം എഡ്വേർഡോ ഗലീനോ എഴുതിയ ‘Open Veins of Latin America’ ആണ്. എങ്ങനെയാണ് കൊളോണിയൽ ഭരണവും പിന്നീടുണ്ടായ കൊളോണിയൽ കാഴ്ചപ്പാടുകളും ഒരു വലിയ ഭൂപ്രദേശത്തെ കൊള്ളയടിച്ചത് എന്ന് ആ പുസ്തകം പറയും. കേരളത്തിൻെറ ഇന്നത്തെ അവസ്ഥയും ഒരിത്തിരി ശ്രദ്ധയോടെ നോക്കിയാൽ ഈ പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കാനാകും.

വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണം സംസ്ഥാന സർക്കാർ കണ്ണടച്ചതുകൊണ്ട് നടന്ന വനം കൈയേറ്റവും ക്വാറികളുടെ വ്യാപനവുമാണെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞിരുന്നു. ഇതോടെ ഈ വിഷയം പൂർണമായും മലീമസമായി. സംസ്ഥാന- കേന്ദ്ര സർക്കാരുകൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ നടന്നു. അത് എളുപ്പവഴിയിൽ ക്രിയ ചെയ്യലാണ്. എനിക്കതിനോട് വലിയ താൽപര്യമില്ല. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഇനിയെങ്കിലും ക്വാറി മുതലാളിമാരിൽനിന്ന് പണം വാങ്ങരുതെന്ന് എനിക്കൊരു അഭ്യർഥനയുണ്ട്. യുവജന നേതാക്കൾ ഈ വിഷയം ഗൗരവത്തോടെ കണക്കിലെടുക്കണം.

 ഭൂപേന്ദർ യാദവ്
ഭൂപേന്ദർ യാദവ്

ജിയോളജി പഠിച്ച വിദഗ്ധർ, എന്തുകൊണ്ടാണ് ക്വാറികൾ മൂലം ഉരുൾപൊട്ടലുകൾ ഉണ്ടാകില്ല എന്ന് പറയുന്നത് എന്നൊരു സുഹൃത്ത് വിളിച്ചുചോദിച്ചു. കാരണം ലളിതമാണ്. ജിയോളജി എന്ന വിഷയം ബിരുദ- ബിരുദാനന്തര തലത്തിൽ പഠിക്കുമ്പോൾ, അവരുടെ സിലബസിൽ പരിസ്ഥിതി എന്നൊരു കാര്യമേയില്ല. അവരെ സംബന്ധിച്ച് പാറ എന്നത് ഒരു വിഭവം മാത്രം. മണ്ണുമായോ മരങ്ങളുമായോ കാറ്റുമായോ ചൂടുമായോ ഈർപ്പവുമായ, മഴയുമായോ ഒന്നും ഒരു ബന്ധവുമില്ലാത്ത ജഡവസ്തുവാണ് അവർക്ക് കരിങ്കല്ലും ചെങ്കല്ലുമൊക്കെ.

വയനാട്ടിലെ മലയോര മേഖലകളിലേക്ക് എങ്ങനെ ഇത്രയും വലിയ തോതിൽ കുടിയേറ്റം നടന്നുവെന്ന് സോഷ്യോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കണം. അവിടുത്തെ ജനത എന്ത് ജോലിയാണ് ചെയ്യുന്നതെന്നും അവരെന്ത് ഉത്പാദനമാണ് നടത്തുന്നതെന്നും അവരുടെ മൂലധനം എന്തായിരുന്നുവെന്നും സാമ്പത്തികശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ പറഞ്ഞുതരണം. എന്തുകൊണ്ടാണ് ഉള്ള പൈസ കൊണ്ട് വയനാട്ടിൽ റിസോർട്ടുണ്ടാക്കാൻ മനുഷ്യർ പോകുന്നതെന്നും പറയണം. അവർക്കു കുറച്ചു കൂടി മനുഷ്യപ്പറ്റുള്ള, പരിസ്ഥിതി സ്നേഹമുള്ള നിക്ഷേപസാധ്യതകൾ നമ്മുടെ വ്യവസായ വകുപ്പ് പറഞ്ഞു കൊടുക്കുകയും വേണം.

പെട്ടിമുടി ദുരന്തത്തിൽ അവശേഷിച്ച കെട്ടിടം
പെട്ടിമുടി ദുരന്തത്തിൽ അവശേഷിച്ച കെട്ടിടം

പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കാനായി നിർദേശം വന്നപ്പോൾ, അതിനെതിരെ ഹർത്താലും ബന്ദും കാടുകത്തിക്കലും നടത്തിയ സംഘടനകൾ നിലവിലെ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ പുനരാലോചന നടത്തേണ്ടതുണ്ട്. സംരക്ഷിത വനപ്രദേശത്തിനു ചുറ്റും ബഫർ സോൺ നിർദേശം വന്നപ്പോൾ അതിനെതിരെ വലിയ സമരമുയർത്തിയവരും ഉത്തരം പറയണം. നമ്മുടെ നാട്ടിലെ ക്വാറികളൊന്നും എന്തുകൊണ്ട് ദേശസാത്കരിക്കപ്പെടുന്നില്ലെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.

മണ്ണും പാറയുമെല്ലാം സമൂഹത്തിന്റെ പൊതുസ്വത്തായിരിക്കെ എങ്ങനെയാണ് അത് ചിലരുടെ മാത്രം വരുമാന സ്രോതസ്സാകുക? പരിസ്ഥിതി പ്രവർത്തകനായ ക്ളോഡ് അൽവാരെസ് ഒരിക്കൽ പറഞ്ഞത്, ഗോവയിൽനിന്ന് ഖനനം ചെയ്ത വിഭവങ്ങളുടെ പണം ഗോവയിലെ മനുഷ്യർക്ക് വീതിച്ചുനൽകിയിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന ജനതയായി അവർ മാറുമായിരുന്നു എന്നാണ്. ക്വാറികൾ പരിസ്ഥിതി പ്രശ്നം മാത്രമല്ല, നമ്മുടെ പ്രാദേശിക ജനാധിപത്യ സംവിധാനത്തെ തകിടം മറിയ്ക്കുന്ന ചങ്ങാത്ത മുതലാളിത്ത സംവിധാനം കൂടിയാണ്.

കേരളത്തിന്റെ തീരവും ഇടനാടും ഈ ആഗോളതാപനകാലത്ത് പ്രശ്നഭരിതമാണ്. വില്ലേജ് അതിർത്തികൾ അടിസ്ഥാനമാക്കി ഓരോയിടത്തും കൃത്യമായ പരിസ്ഥിതിലോല മേഖലകൾ അടയാളപ്പെടുത്തണം.
കേരളത്തിന്റെ തീരവും ഇടനാടും ഈ ആഗോളതാപനകാലത്ത് പ്രശ്നഭരിതമാണ്. വില്ലേജ് അതിർത്തികൾ അടിസ്ഥാനമാക്കി ഓരോയിടത്തും കൃത്യമായ പരിസ്ഥിതിലോല മേഖലകൾ അടയാളപ്പെടുത്തണം.

ചില കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കട്ടെ:

  • സഹ്യാദ്രി മാത്രമല്ല കേരളത്തിന്റെ തീരവും ഇടനാടും ഈ ആഗോളതാപനകാലത്ത് പ്രശ്നഭരിതമാണ്. വില്ലേജ് അതിർത്തികൾ അടിസ്ഥാനമാക്കി ഓരോയിടത്തും കൃത്യമായ പരിസ്ഥിതിലോല മേഖലകൾ അടയാളപ്പെടുത്തണം. അവിടെ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നത് അതാതു ഗ്രാമസഭകൾ ചർച്ച ചെയ്തു തീരുമാനിക്കണം. അതിനു വേണ്ട മാർഗ്ഗ നിർദ്ദേശക രേഖയായി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഉപയോഗിക്കാവുന്നതാണ്.

  • മഴ വരുമെന്ന് വേനൽ കാലത്തും കടുത്ത വേനൽ വരുമെന്ന് മഴക്കാലത്തും എല്ലാ സർക്കാർ വകുപ്പുകൾക്കും ഓർമയുണ്ടാകണം.

  • നമുക്കറിയാത്ത പലതും അറിയാവുന്ന വിജ്‍ഞാനസമൂഹമായി ആദിമനിവാസികളെ തിരിച്ചറിയണം. അവരോട് അഭിപ്രായം ചോദിക്കണം. അവർ പറയുന്നത് മനസ്സിലാക്കാൻ തക്കവണ്ണം നമ്മുടെ അറിവുകളെ കഴുകിക്കളയണം.

  • മലയിടിച്ചും ജലാശയങ്ങൾ തൂർത്തും അല്ലാതെ റോഡും കെട്ടിടങ്ങളും പണിയാനറിയുന്ന ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം.

  • റിസോർട്ടുകളെ മാറ്റിനിർത്തിയുള്ള ടൂറിസം മോഡൽ വേണം. ലോകത്ത് പലയിടത്തും പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തിയ നാട് കാണാൻ വരുന്നവർക്ക് പാർക്കാനും പഠിക്കാനും നമ്മുടെ വീടുകൾ മതിയെന്ന സംവിധാനമുണ്ടാകണം.

  • പ്രാദേശിക മൂലധനത്തിന്റെ വിന്യാസം സൂക്ഷ്മമായി വിലയിരുത്തണം. അതിന്റെ അടിഞ്ഞുകൂടലും അതുപയോഗിച്ചുള്ള പ്രകൃതി വിരുദ്ധപ്രവർത്തനങ്ങളും നിരോധിക്കപ്പെടണം. പണമുണ്ട് എന്നത് പരിസ്ഥിതിയെ ദ്രോഹിക്കാനുള്ള അനുവാദമല്ല എന്ന് മനസ്സിലാക്കണം.

നിറയെ സാക്ഷരതയുണ്ടായതുകൊണ്ടുണ്ടായ അപകടങ്ങളെ പുതിയ സാക്ഷരത കൊണ്ടു തന്നെ തിരുത്തേണ്ടതായിട്ടുണ്ട്.

Comments