Photo: Ajmal M K Manikoth

വയനാടിന്റെ തെക്കുഭാഗം ചാലിയാറിലൂടെ ഒഴുകി
മലപ്പുറം കടന്ന് അറബിക്കടലിലെത്താതിരിക്കാൻ…

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കു ശേഷമുള്ള പുനരധിവാസവും സംരക്ഷണ പ്രവർത്തനങ്ങളും എങ്ങനെ എന്നതിനെ അടിസ്ഥാനമാക്കിയാണ് വയനാടിന്റെ തെക്കൻ മേഖലയുടെ ഭാവി. അല്ലെങ്കിൽ ഈ പ്രദേശം ചാലിയാറിലൂടെ ഒഴുകി മലപ്പുറം കടന്ന് അറബിക്കടലിലെത്തും- കെ.കെ. സുരേന്ദ്രൻ എഴുതുന്നു.

1984 സെപ്തംബർ 6 ന് അർധരാത്രി മാതൃഭൂമി പത്രത്തിന്റെ വയനാട് ലേഖകനായിരുന്ന കെ. ജയചന്ദ്രനെ വാസസ്ഥലത്തുനിന്ന് പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയി. അദ്ദേഹത്തിനെതിരെ എന്തൊക്കെയോ കള്ളക്കേസുകൾ അവരുണ്ടാക്കിയിരുന്നു. അതിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ പ്രാരംഭം, അതേ വർഷം ആഗസ്റ്റിൽ മുണ്ടക്കൈയിലുണ്ടായ വലിയൊരു ഉരുൾപൊട്ടലും മലയിടിച്ചിലുമായിരുന്നു. ഇന്നേക്ക് 40 വർഷം മുമ്പ് നടന്ന വലിയൊരു ദുരന്തം. അന്ന് വിവരങ്ങളറിയാൻ പത്രങ്ങളും റേഡിയോയും മാത്രമേ ഉണ്ടായിരുന്നുള്ളു. പത്രങ്ങൾ തന്നെ വയനാട്ടിൽ പ്രധാനമായും മാതൃഭൂമിയും മനോരമയും ആയിരുന്നു. മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ അത് ആദ്യമായി നേരിട്ടെത്തി റിപ്പോർട്ട് ചെയ്തത് കെ. ജയചന്ദ്രനായിരുന്നു. അന്ന് ദുരന്തനിവാരണത്തിന് നേതൃത്വം നൽകിയത് ലോക്കൽ പൊലീസും തദ്ദേശീയ ജനങ്ങളുമായിരുന്നു. ദുരന്തനിവാരണത്തിന് വൈത്തിരിയിൽ നിന്നെത്തിയ പൊലീസുകാർ മലയിടിച്ചിലിൽ ചത്ത ഒരു മുള്ളൻപന്നിയുടെ ജഡം ജീപ്പിൽ കയറ്റുന്നത് ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്തതിനാണ് ജയചന്ദ്രനെതിരെ കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്തത്.

അന്ന് ജയചന്ദ്രൻ തയ്യാറാക്കിയ റിപ്പോർട്ടുകളിലൂടെയായിരുന്നു മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം കേരളത്തിന്റെ ശ്രദ്ധയിൽ വന്നത്. അദ്ദേഹം അന്ന് തയ്യാറാക്കിയ ഒരു റിപ്പോർട്ട് മുണ്ടക്കൈ മലനിരകൾക്ക് താഴെപാറയിടുക്കിൽ മഴയത്ത് പട്ടിണിയായ കാട്ടു പണിയ വിഭാഗത്തിൽ പെടുന്ന തോലന്റെയും കുടുംബത്തിന്റെയും കഥയാണ്. മറ്റൊന്ന്, മുണ്ടക്കൈയിലെ ഒരു എസ്റ്റേറ്റിൽ പാറാവുകാരനായിരുന്ന മധ്യപ്രദേശുകാരനായ വിക്രം സിങ്ങിന്റെ മരണത്തെക്കുറിച്ചുള്ളതാണ്.

1984 സെപ്തംബർ 6 ന് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മാതൃഭൂമി പത്രത്തിന്റെ വയനാട് ലേഖകനായിരുന്ന കെ. ജയചന്ദ്രനെടുത്ത ഫോട്ടോ, 5 ഓഗസ്റ്റ് 2024  ന്  ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ചത്.
1984 സെപ്തംബർ 6 ന് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മാതൃഭൂമി പത്രത്തിന്റെ വയനാട് ലേഖകനായിരുന്ന കെ. ജയചന്ദ്രനെടുത്ത ഫോട്ടോ, 5 ഓഗസ്റ്റ് 2024 ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ചത്.

നാൽപ്പതു വർഷങ്ങൾക്കിപ്പുറം അതേ സ്ഥലത്ത് അതിനേക്കാൾ ഭീകരമായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ പൂർണമായും ഒലിച്ചു പോവുകയും അനേകമാളുകൾ മരിക്കുകയും അതിലേറെ ആളുകളെ കാണാതാവുകയും ആയിരക്കണക്കിനാളുകൾ വിവിധ ക്യാമ്പുകളിൽ അഭയാർത്ഥികളാവുകയും ചെയ്തിരിക്കുന്നു. 1984-ൽ നിന്ന് വ്യത്യസ്തമായി ബി.ബി.സി അടക്കമുള്ള ചാനലുകളും പത്രങ്ങളും ജൂലൈ 30 മുതൽ ലൈവായി റിപ്പോർട്ടു ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തിലെ മന്ത്രിസഭാ ഉപസമിതി സ്ഥലത്ത് ക്യാമ്പു ചെയ്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പൊലീസിനു പുറമെ കരസേന, നാവികസേന, ദുരന്ത നിവാരണസേന, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യവും തിരച്ചിലും അനുസ്യൂതം പുരോഗമിക്കുന്നു.

Photo: Ajmal MK Manikoth
Photo: Ajmal MK Manikoth

സർക്കാർ നടപടിയെടുത്താലും ഇല്ലെങ്കിലും 1984 മുതൽ ചെറുതും വലുതുമായ ദുരന്തങ്ങൾ കണ്ടും അനുഭവിച്ചും പരിചയിച്ച ആളുകൾ സഹജാവബോധത്താൽ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ നിന്നും മേപ്പാടിയിലും മറ്റുമുള്ള ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. അല്ലെങ്കിൽ മരണങ്ങളും കാണാതാവാലും ആയിരങ്ങളായേനെ.

ജയചന്ദ്രന്റെ റിപ്പോർട്ടുകളിലേക്ക് തിരിച്ചുവന്നാൽ, അദ്ദേഹം സൂചിപ്പിച്ച അന്തർ സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ പുത്തൻ തലമുറ ചൂരൽമലയിൽ ധാരാളമുണ്ട്. എസ്റ്റേറ്റ് മുതലാളിമാരും ട്രേഡ് യൂണിയൻ മുതലാളിമാരും രഹസ്യമായി കൈകോർത്തതിനാൽ നിലച്ചുപോയ എസ്റ്റേറ്റുകളിലെ സ്ഥിരജോലി എന്ന ഏർപ്പാടിനു പകരമായി, മധ്യപ്രദേശ് മുതൽ വടക്കുകിഴക്കൻ (North East) പ്രദേശങ്ങളിൽ നിന്നുവരെ വന്ന കരാർ തൊഴിലാളികളും അവരുടെ കുടുംബങ്ങളും തിങ്ങിപ്പാർക്കുന്ന ഇടമാണ് മുണ്ടക്കൈ. എത്ര കുടുംബങ്ങൾ? എത്ര ആളുകൾ? അവരിൽ കുട്ടികളെത്ര? വൃദ്ധരെത്ര? ആർക്കെങ്കിലും കയ്യും കണക്കുമുണ്ടോ? അവരിൽ അഭയാർത്ഥികളെത്ര? മരിച്ചവരെത്ര?

കള്ളാടി മുതൽ അട്ടമല വരെയുള്ള ഓരോ ജനവാസകേന്ദ്രവും മലഞ്ചെരിവുകളിൽ എത്രയോ ഡിഗ്രി ചെരിവിലുള്ള നിർമിതികളാണ്.

2016- ലോ 17- ലോ ആണ് ഞാൻ മുണ്ടക്കൈ സ്കൂളിൽ പോകുന്നത്. ഞങ്ങൾ ഡയറ്റിൽ നിന്ന് അധ്യാപന പരിശീലനത്തിനയച്ച വിദ്യാർത്ഥികളുടെ ക്ലാസ് നിരീക്ഷണത്തിനായാണ് ഞാൻ പോയത്. അന്ന് ഞാനാ സ്കൂളിൽ കണ്ടത്, പല ഡിവിഷനുകളിലും ഈ ‘അതിഥിത്തൊഴിലാളി’കളുടെ കുഞ്ഞുങ്ങൾ പഠിക്കുന്നതാണ്. ചൂരൽമലയുടെ പരിസരത്തുള്ള ഒരു പാടിയിൽ താമസിക്കുന്ന വിദ്യാർത്ഥിനി ഞങ്ങൾക്കുണ്ടായിരുന്നു. അവളുടെ വിവാഹത്തിന് ഞാനവിടെ പോയപ്പോൾ പ്ലാസ്റ്റിക്ക് പുതച്ചു നിൽക്കുന്ന ജീർണിച്ച ഒരു പാടി മുറിയാണ് കണ്ടത്. ചൂരൽമലയിലെ പാലവും അമ്പലവും കൊണ്ടുപോയ ഉരുൾ ഈ പാടികളെ ഒഴിവാക്കുമോ?

വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ / Photo: wayanad_travelogue
വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ / Photo: wayanad_travelogue

ദുരന്തത്തിന്റെ വ്യാപ്തിയും
ചില വസ്തുതകളും

കള്ളാടി മുതൽ അട്ടമല വരെയുള്ള ഓരോ ജനവാസകേന്ദ്രവും മലഞ്ചെരിവുകളിൽ എത്രയോ ഡിഗ്രി ചെരിവിലുള്ള നിർമിതികളാണ്. പുത്തുമലയിലും മുണ്ടക്കൈയിലും ഓരോ എൽ.പി സ്കൂളും ചൂരൽമലയിൽ ഒരു ഹയർ സെക്കന്ററി സ്കൂളുമാണുള്ളത്. 2019-ലെ പുത്തുമല ഉരുൾപൊട്ടലിനുശേഷം അവിടത്തെ സ്കൂൾ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. സ്കൂളിൻ്റേയും പുനരധിവാസത്തിന്റെയും അവസ്ഥ എന്താണെന്ന് നമുക്കറിയില്ല. സാമ്പത്തിക സഹായങ്ങളും സാധന സാമഗ്രികളും അന്ന് വയനാട്ടിലേക്ക് പ്രവഹിച്ചിരുന്നു. പുത്തുമലയേക്കാൾ വലിയ ദുരന്തമാണിപ്പോൾ ചൂരൽമലയിൽ നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത് മുന്നറിയിപ്പ് കൊടുത്തിരുന്നു എന്നാണ്. മുഖ്യമന്ത്രി പറഞ്ഞത് ആ പ്രസ്താവന തടിതപ്പലാണെന്നാണ്. രണ്ടായാലും സർക്കാർ തലത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. വയനാട്ടിൽ കേശവേന്ദ്രകുമാറിനുശേഷം പാരിസ്ഥിതികാവബോധമുള്ള കലക്ടർമാർ വന്നിട്ടില്ലെന്നു തന്നെ പറയാം. ഇപ്പോഴത്തെ കലക്ടർ ചുമതലയേറ്റിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.
വയനാട്ടിലെ നിർമിതികൾക്ക് നിബന്ധന വെക്കാൻ ഒരുങ്ങിയ കേശവേന്ദ്രകുമാറിന് പെട്ടെന്ന് തലസ്ഥാനത്തേക്ക് സ്ഥലംമാറ്റം കിട്ടി. ചൂരൽമലയിലടക്കമുള്ള വനം കയ്യേറ്റം തടയാൻ പോയ വനം വകുപ്പുദ്യോഗസ്ഥൻ ധനേഷ് കുമാറിന് സ്ഥലംമാറ്റം ധൃതഗതിയിലായിരുന്നു.

വയനാട്ടിൽ കേശവേന്ദ്രകുമാറിനുശേഷം പാരിസ്ഥിതികാവബോധമുള്ള കലക്ടർമാർ വന്നിട്ടില്ലെന്നു തന്നെ പറയാം.
വയനാട്ടിൽ കേശവേന്ദ്രകുമാറിനുശേഷം പാരിസ്ഥിതികാവബോധമുള്ള കലക്ടർമാർ വന്നിട്ടില്ലെന്നു തന്നെ പറയാം.

മാധവ് ഗാഡ്ഗിൽ എല്ലാം പറഞ്ഞിട്ടുണ്ട്, അതിനെതിരെ നിന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നൊക്കെ പ്രചാരണം നടക്കുന്നുണ്ട്. 2011-ൽ സമർപ്പിക്കപ്പെട്ട പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഗാഡ്ഗിൽ സ്വന്തമായി ഉണ്ടാക്കിയതല്ല. സമിതിയുടെ അധ്യക്ഷൻ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ ആയിരുന്നു എന്നു മാത്രം. ഈ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിലും പുത്തുമല, ചൂരൽമല ദുരന്തങ്ങൾ സംഭവിക്കുമായിരുന്നു എന്നു വേണം കരുതാൻ.
ഗാഡ്ഗിൽ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറഞ്ഞത്. അതിലൊന്നാമത്തേത്; നിലമ്പൂർ - മേപ്പാടി പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കലായിരുന്നു. ഈ മേഖലയിലെ ക്വാറികൾ പൂർണമായും നിർത്തലായിരുന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തുനിന്നു നോക്കിയാൽ കാണുന്ന വാളത്തൂർ എന്ന പ്രദേശത്തെ ആളുകൾ ഇപ്പോഴും അവിടെ പുതുതായി തുടങ്ങാൻ പോകുന്ന ക്വാറിക്കെതിരെ സമരം ചെയ്യുകയാണ്.

മേപ്പാടിയിൽ നിന്നും കള്ളാടിവരെയുള്ള പ്രദേശം മാത്രമാണ് അപകടം കുറഞ്ഞ മേഖല. കള്ളാടി മുതൽ അട്ടമലവരെ എല്ലാക്കാലത്തും ദുരന്തമേഖലയാണ്. കള്ളാടിപ്പാലം തകർന്നുണ്ടായ ബസപകടം, 1984- ലെ മുണ്ടക്കൈ ഉരുൾപൊട്ടൽ, 2019- ലെ പുത്തുമല ദുരന്തം, ഇപ്പോഴത്തെ ഉരുൾപൊട്ടൽ- അങ്ങനെ എത്രയോ ദുരന്തങ്ങൾ. കള്ളാടിയിലെവിടെയോ ആണ് കേരള സർക്കാരിന്റെ തുരങ്ക പാത വന്നു കയറുന്നത്. വരാൻ പോകുന്നത് ഒരു വലിയ ദുരന്ത പാതയാവാനാണ് സാധ്യത. അത് കൊണ്ടുവരുന്നവരേയും ഉണ്ടാക്കുന്നവരെയും ദൈവം രക്ഷിക്കട്ടെ എന്നു മാത്രമേ ഇപ്പോൾ പറയാനാവൂ.

2019- ലെ പുത്തുമല ദുരന്തം
2019- ലെ പുത്തുമല ദുരന്തം

പരിസ്ഥിതിനാശത്തിൻ്റേയും തെറ്റായ ഭൂവിനിയോഗത്തിന്റെയും ചരിത്രമേ ഈ പ്രദേശത്തിന് പറയാനുള്ളൂ. വാസയോഗ്യമായ മുഴുവൻ സ്ഥലവും തേയില, ഏലം എസ്റ്റേറ്റുകളാണ്. ചൂരൽമല, അട്ടമല, പുത്തുമല, വെള്ളരിമല, പുഞ്ചിരിമട്ടം- ഈ പേരുകൾ സൂചിപ്പിക്കുന്നത് മലനിരകളെയാണ്. കിഴുക്കാംതൂക്കായ ഇത്തിരി ഭൂമിയിൽ ജനവാസവും ബാക്കിയുള്ളതെല്ലാം ഭൂപരിഷ്കരണം ബാധകമല്ലാത്ത തോട്ടഭൂമിയും. ബ്രിട്ടീഷുകാർ നിബിഡവനങ്ങൾ വെട്ടിവെളുപ്പിച്ച് തടി കടത്തുകയും, മലപ്പുറത്തു നിന്നും നിലമ്പൂരിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കീഴാളരെ കൊണ്ടുവന്ന് കൂലി അടിമകളാക്കുകയും ചെയ്ത ചരിത്രത്തിന്റെ പിൻമുറക്കാരുടെതാണ് ഉരുളെടുത്ത ആവാസവ്യവസ്ഥയും ജീവിതങ്ങളും. സൂപ്പർ സ്റ്റാറുകൾ മുതൽ RPG ഗ്രൂപ്പ് വരെ കൈയാളുന്ന എസ്റ്റേറ്റ് ഉടമസ്ഥതയ്ക്ക് ഒരറുതിയും ഒരു ഭരണാധികാരിയും ഉണ്ടാക്കില്ല. യാതൊരുവിധത്തിലുള്ള വ്യവസ്ഥകളും നിയമങ്ങളും പാലിക്കാത്ത സ്വതന്ത്ര സാമ്രാജ്യങ്ങളാണിവ.

മുണ്ടക്കൈയിലുണ്ടായിരുന്ന റിസോർട്ടുകളിലൊന്ന്.
മുണ്ടക്കൈയിലുണ്ടായിരുന്ന റിസോർട്ടുകളിലൊന്ന്.

ടൂറിസമാണ് ഈ മേഖലയുടെ ഹൈലൈറ്റ്. ലക്ഷക്കണക്കിനാളുകളും വാഹനങ്ങളും മല കയറുന്നു, ഇറങ്ങുന്നു. പലരും റിസോർട്ടുകളിലും ഹോം സ്റ്റേകളിലും തങ്ങുന്നു. അവരൊരുക്കുന്ന സഫാരികൾ ആസ്വദിക്കുന്നു. ടെൻ്റുകളിൽ ഉറങ്ങുന്നു തടാകങ്ങളിൽ നീന്തിത്തുടിക്കുന്നു. ആരൊക്കെ വന്നു? ആരൊക്കെ പോയി? ടൂറിസം വകുപ്പിനോ റവന്യു വകുപ്പിനോ വല്ല കണക്കുമുണ്ടോ?

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുശേഷമുള്ള പുനരധിവാസവും സംരക്ഷണ പ്രവർത്തനങ്ങളും എങ്ങനെ എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രദേശത്തിന്റെ ഭാവി. അല്ലെങ്കിൽ വയനാടിന്റെ ഈ തെക്കുഭാഗം ചാലിയാറിലൂടെ ഒഴുകി മലപ്പുറം കടന്ന് അറബിക്കടലിലെത്തും.

Comments