ഭാവന

പെൺഭാവനകൾ
​പൂക്കുന്നിടം

ഇരയിൽ നിന്ന്​ അതിജീവിതയിലേക്കുള്ള പരിവർത്തനം സമൂഹത്തിന് പാഠമാകാവുന്നതാണ്. ഈ വിഷയത്തിൽ, സമൂഹത്തിന്റെ മനോഭാവത്തിൽ വലിയൊരു മാറ്റം കാണാൻ കഴിയുന്നുണ്ട്. വീണ്ടും സ്വന്തം തൊഴിൽ രംഗത്തേക്ക് അവർ കടന്നു വരുമ്പോഴും, ആഹ്ലാദത്തോടെ പ്രേക്ഷകർ അവരെ സ്വീകരിക്കുമ്പോഴും, മാറുന്ന കേരളത്തിന്റെ സൂചനകൾ നമുക്ക് ലഭിക്കുന്നുണ്ട്.

വിടെ പോയാലും വൈകുന്നരം ആറു മണിയായാൽ സ്ത്രീകൾ വീട്ടിൽ തിരിച്ചെത്തണം. ആണിന്റെയും കുലത്തിന്റെയും മാനം കാക്കുന്ന കീഴ്​വഴക്കമാണിത്. അഭിമാനത്തോടെ ആണും പെണ്ണും ഇതിൽ ഊറ്റം കൊള്ളുകയും ചെയ്യും. സ്ത്രീകൾ തിരിച്ചറിയാതെ തന്നെ സ്വയം സെൻസർഷിപ് ഏർപ്പെടുത്തിയിരുന്ന ഈ കാലം വരണ്ടു തുടങ്ങിയിരിക്കുന്നു. സ്വന്തം ഭാവനയിലൂടെയും ചിന്തയിലൂടെയും സ്ത്രീകൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന കാലത്തിലേക്ക് നമ്മൾ കടന്നുതുടങ്ങി. ഒരു പുരുഷന്റെ സംരക്ഷണയിൽ ചുരുണ്ടുകഴിയുന്നതിൽനിന്ന്​ മാറി പരസ്പരം ചുമലുകൾ ചേർത്തുനിൽക്കാൻ സ്ത്രീകൾ ശീലിച്ചുവരുന്നു. സ്ത്രീകൾ കരുത്ത് നേടുമ്പോൾ മുൻധാരണകൾ വച്ച്​മെനയുന്ന ആണധികാരതന്ത്രങ്ങൾ അൽപ്പാൽപ്പം പതറിപ്പോകുന്നുണ്ട്. എന്തോ നഷ്ടപ്പെടാനുണ്ടെന്ന ഭീതിയിൽ സ്ത്രീകളെ കാലങ്ങളോളം പെടുത്താൻ പാട്രിയാർക്കിക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാൽ, എന്ത് നഷ്ടപ്പെടാനാണെന്ന പെണ്ണിന്റെ മറു ചിന്തയിൽ ഇക്കാലമത്രയും കെട്ടിപ്പൊക്കിയ കപട മാനബോധം ഉടഞ്ഞു പോവുകയേ ഉള്ളൂ.

ലാളനയിലും കുട്ടികളെ വസ്തുവൽക്കരിക്കപ്പെടുന്നതായി ഇന്ന് മനസ്സിലാക്കപ്പെടുന്നുണ്ട്. പലപ്പോഴും കുട്ടികളെ ലാളിക്കുമ്പോൾ അവരത് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് മുതിർന്നവർ പരിഗണിക്കാറില്ല.അവർക്ക് ആവശ്യമുള്ളപ്പോൾ അത് നൽകാറുമില്ല.

നിയന്ത്രണത്തിന്റെ സംസ്‌കാരം

സംരക്ഷണം എന്നത് നിയന്ത്രണം കൂടിയാണെന്നത് തിരിച്ചറിയാൻ വൈകിയാണെങ്കിലും സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വ്യക്തി എന്നതിനേക്കാൾ കുടുംബത്തിനും സമുദായത്തിനും വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒരു ബാദ്ധ്യതയായി സ്ത്രീകളെ കാണുന്ന സംസ്‌കാരം തുടർന്നുപോന്നതായി കാണാം. കുട്ടിക്കാലത്ത് സ്‌നേഹപരിലാളനകളോടൊപ്പമാണ് ഈ നിയന്ത്രണങ്ങൾ വരുന്നത് എന്നതുകൊണ്ട് പെൺകുട്ടികൾക്ക് ഇത് തിരിച്ചറിയുക എളുപ്പമല്ല. ലാളനയിലും കുട്ടികളെ വസ്തുവൽക്കരിക്കപ്പെടുന്നതായി ഇന്ന് മനസ്സിലാക്കപ്പെടുന്നുണ്ട്. പലപ്പോഴും കുട്ടികളെ ലാളിക്കുമ്പോൾ അവരത് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് മുതിർന്നവർ പരിഗണിക്കാറില്ല. അവർക്ക് ആവശ്യമുള്ളപ്പോൾ അത് നൽകാറുമില്ല. വളരുമ്പോൾ സ്വതന്ത്ര വ്യക്തികളായി മാറാനാണ് എല്ലാവർക്കും സഹജമായുണ്ടാകുന്ന താൽപര്യം. എന്നാൽ, പെൺകുട്ടികൾ വളർന്നുകഴിഞ്ഞാലും ഈ അവസ്ഥ തുടരുകയാണ്.

സ്വന്തം ഭാവനയിലൂടെയും ചിന്തയിലൂടെയും സ്ത്രീകൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന കാലത്തിലേക്ക് നമ്മൾ കടന്നുതുടങ്ങി. / Photo: Unsplash
സ്വന്തം ഭാവനയിലൂടെയും ചിന്തയിലൂടെയും സ്ത്രീകൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന കാലത്തിലേക്ക് നമ്മൾ കടന്നുതുടങ്ങി. / Photo: Unsplash

ശൈശവവൽക്കരണവും (infantilization) വസ്തുവല്കരണവും(objectification) അവർ തുടർന്നും അനുഭവിക്കേണ്ടിവരുന്നു. വളർന്നുവരുന്ന പെൺകുട്ടികൾക്ക് അവരുടെ ദേഹത്തേക്ക് ക്ഷണിക്കാതെ വരുന്ന നോട്ടങ്ങൾ അരോചകമായിരിക്കും. സ്വന്തം ശരീരത്തെ തന്നെ ആ സമയത്ത് വെറുത്തിരുന്നതായി ധാരാളം സ്ത്രീകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നോട്ടത്തിലൂടെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും കമൻറ്​ ചെയ്യാനുമുള്ള സാമൂഹ്യാനുമതി പുരുഷന്മാർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് നല്കപ്പെട്ടിരുന്നു. ഇത് സ്ത്രീകൾക്കുള്ള കോംപ്ലിമെന്റായും സ്ത്രീകൾ ആസ്വദിക്കുന്നതായുമുള്ള ഭാഷ്യമാണ് നിലനിന്നുപോന്നത്. സ്ത്രീകളും ലൈംഗികജീവികളായതുകൊണ്ടും നൽകപ്പെട്ട പരിമിതികളിൽ മാത്രം അവർക്ക് അത് ആസ്വദിക്കാൻ കഴിയുന്നതുകൊണ്ടും അത്തരം നിമിഷങ്ങൾ ഉണ്ടാവില്ല എന്നുപറയാൻ കഴിയില്ല. എന്നാൽ, കൂടുതലും അറപ്പും വെറുപ്പുമാണുണ്ടാകുന്നതെന്നതാണ് യാഥാർഥ്യം. രണ്ടായാലും പ്രതികരിക്കാൻ സ്ത്രീകൾക്ക് സാമൂഹ്യാനുമതി ഇല്ലെന്നതാണ് ഇതിലെ അധികാരതന്ത്രം. പകരം, അവൾ പൊതുജീവിതം പരിമിതപ്പെടുത്തുകയും പരമാവധി വീട്ടിനുള്ളിലേക്ക് ചുരുങ്ങുകയുമാണ് പ്രതിവിധി. വീടിനുള്ളിൽ പോലും സ്ഥലങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. സിനിമകളിൽ, പൂമുഖത്തുനിന്ന് സ്ത്രീകൾ അഭിപ്രായം പറയുന്ന സന്ദർഭങ്ങളിൽ ‘നീ അകത്തു പോ' എന്ന് എത്ര തവണ ആവർത്തിച്ച് നമ്മൾ കേട്ടിരിക്കുന്നു. പുറത്തുള്ള അപകടത്തിൽ നിന്ന് രക്ഷിക്കുന്ന അച്ഛനേയും ആങ്ങളയേയും ഭർത്താവിനേയും അനുസരിച്ച് സ്ത്രീകൾ ഉത്തമക്കുട്ടികളാകുന്നു. അനുസരിക്കാത്തവർക്കുണ്ടാകുന്ന അപകടങ്ങൾ സ്വയം വരുത്തിവക്കുന്നതാണെന്ന ബോദ്ധ്യം സ്ത്രീകൾക്കുണ്ടാകുന്നു. പുരുഷനിൽ നിന്നുണ്ടാകുന്ന അക്രമത്തിന് കാരണം താൻ തന്നെയാണെന്ന് ചിന്തിക്കാനുള്ള പരിശീലനം സ്ത്രീക്ക് കുട്ടിക്കാലം മുതൽ കിട്ടുന്നു.

അപമാനത്തിന്റെ ഭാരം ഇരകളുടെ മേൽ വന്നുവീഴുന്നു എന്നതാണ് ലൈംഗികാതിക്രമത്തിന്റെ സവിശേഷത. അങ്ങനെയാണ് അത് മൗനത്തിന്റെ സംസ്‌കാരമായി മാറിയത്.

നിർദ്ദോഷമെന്ന് കരുതുന്ന നോട്ടങ്ങളും കമന്റുകളും മഞ്ഞുമലയുടെ മുകളറ്റം മാത്രമാണ്. അടിയിൽ ഭീകരമായ ബലാൽസംഗങ്ങളും കൊലപാതകങ്ങളും മറഞ്ഞിരിക്കുന്നു എങ്കിലും അത്​ ‘വഴി പിഴച്ച’ പെണ്ണുങ്ങൾക്കുമാത്രം നേരിടേണ്ടിവരുന്നതാണെന്ന് നമ്മൾ വെറുതേ വിശ്വസിക്കുന്നു. മാനത്തിനും അപമാനത്തിനും ഇടയിൽ ഒരു നൂൽപ്പാലത്തിലെന്ന പോലെ ശ്രദ്ധിച്ചു നടക്കുക എന്നത് സ്ത്രീകളുടെ ബാധ്യതയായി മാറുന്നു. ഇതിൽ രണ്ടാമത് വരുന്ന ഉത്തരവാദിത്വം പെണ്ണിന്റെ അമ്മക്കാണ്. അതുകഴിഞ്ഞാൽ കുടുംബത്തിന്. കലാപത്തിന്റെയോ പട്ടാള- പൊലീസ് ആക്ഷന്റെയോ ഭാഗമായി ഒരു സമുദായത്തിലെ സ്ത്രീകൾ ലൈംഗികാതിക്രമത്തിന് വിധേയമായാൽ ആ സമുദായം മുഴുവനും അപമാനിക്കപ്പെടുന്നു. ഇവിടെ റേപ്പോ മറ്റു ലൈംഗികാതിക്രമങ്ങളോ എതിരാളിയെ കീഴ്പ്പെടുത്താനുള്ള ആയുധം ആണെന്നത് മറയില്ലാതെ പുറത്തുവരുന്നു. വ്യക്തിപരമായ ശത്രുതയിലും കുടുംബ വഴക്കുകളിലും, എന്തിന് പ്രണയത്തിലും ഭാര്യാഭർത്തൃബന്ധത്തിലും പോലും ഈ കീഴടക്കലിന്റെ അംശങ്ങളുണ്ടാവും. സ്ത്രീപുരുഷപ്രണയസങ്കല്പം കൊണ്ട് മനം മയക്കപ്പെട്ട സ്ത്രീകൾ പലപ്പോഴും ആശയക്കുഴപ്പത്തിൽ പെടുകയാണ്.

പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നോട്ടത്തിലൂടെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും കമൻറ്​ ചെയ്യാനുമുള്ള സാമൂഹ്യാനുമതി പുരുഷന്മാർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് നല്കപ്പെട്ടിരുന്നു.  / Photo: Pexels
പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നോട്ടത്തിലൂടെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും കമൻറ്​ ചെയ്യാനുമുള്ള സാമൂഹ്യാനുമതി പുരുഷന്മാർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് നല്കപ്പെട്ടിരുന്നു. / Photo: Pexels

അപമാനത്തിന്റെ ഭാരം ഇരകളുടെ മേൽ വന്നുവീഴുന്നു എന്നതാണ് ലൈംഗികാതിക്രമത്തിന്റെ സവിശേഷത. അങ്ങനെയാണ് അത് മൗനത്തിന്റെ സംസ്‌കാരമായി ( Culture of silence) മാറിയത്. അതിക്രമത്തിന് വിധേയയായവൾ ഒന്നുകിൽ മിണ്ടാതിരിക്കണം. അഥവാ പുറത്തായാൽ ആത്മഹത്യ ചെയ്യണം. ഇതിനിടയിൽ വിഷാദമോ ഭ്രാന്തോ ആകാം. കുടുംബത്തിന്റെ മാനം കാക്കേണ്ടത്, അതിലെ മറ്റുള്ളവരുടെ കൂടി ഉത്തരവാദിത്വമാണ്. വിധേയപ്പെട്ടവളുടെ മേൽ കുറ്റം ചാർത്തേണ്ട ഗതികേടിലേക്ക് അവർ എത്തിപ്പെടുന്നു. വർഷങ്ങൾക്കുമുൻപ് പൊലീസുകാർ ലൈംഗികാതിക്രമം നടത്തിയ ഒരു ഗ്രാമത്തിൽ പോയപ്പോൾ അവരുടെ അവസ്ഥ നേരിട്ടറിഞ്ഞതാണ്. എന്നാൽ, ഇപ്പോൾ അവിടെ തുടർന്ന് ജീവിക്കുന്നവർ ഓർമകളിൽ നിന്നുതന്നെ അത് മായ്ച്ചുകളയാൻ ആഗ്രഹിക്കുന്നു.

മാനം പോയ സ്ത്രീകൾക്ക് പിന്നെ ചെയ്യാവുന്നത് കുടുംബത്തിൽ അഭയം പ്രാപിക്കുകയാണ്. റേപ്പ്​ ചെയ്ത ആൾ വിവാഹം ചെയ്ത് രക്ഷിക്കട്ടെ എന്ന് വീട്ടുകാരും നാട്ടുകാരും കരുതും. കാരണം, എല്ലാം നഷ്ടപ്പെട്ട അവളെ മറ്റാരും വിവാഹം ചെയ്യുകയില്ല. അങ്ങനെയുള്ള കോടതിവിധികൾ പോലും തുല്യതയെ ഊന്നുന്ന ഭരണഘടനയുള്ള നമ്മുടെ രാജ്യത്തും ഉണ്ടായിട്ടുണ്ട് എന്നതാണ്.

തുറന്ന് സംസാരിക്കുക, പരസ്പരം പങ്കുവക്കുക, തോളോടുതോൾ ചേരുക, ആശയസംവാദങ്ങളിൽ ഏർപ്പെടുക, വീടകവും പുറവും തമ്മിലുള്ള മതിൽ പൊളിക്കുക, ദൈനംദിന ജീവിതത്തിലും, നിയമത്തിലും പുതിയ വ്യവഹാരങ്ങൾ ചമയ്ക്കുക എന്നതൊക്കെയാണ് സ്ത്രീകൾക്ക് ചെയ്യാവുന്നത്.

റേപ്പ്​ സംസ്‌കാരം, പാട്രിയാർക്കിയുടെ ഒരു സവിശേഷതയായി സ്ത്രീപക്ഷ ചിന്തകർ രേഖപ്പെടുത്തുന്നു. ഇത് എല്ലാ കാലത്തും നിലനിന്നു എങ്കിലും ആധുനിക കാലത്ത് സ്ത്രീകളെ ഒരു വിഷമവൃത്തത്തിൽ പെടുത്തുന്നുണ്ട്. തുല്യാവകാശങ്ങളെ കുറിച്ച് ബോധമുണ്ടായ സ്ത്രീകൾ, പൊതുരംഗത്തേക്ക് കടന്നുവരേണ്ടത് അവരുടെ ജീവിതത്തിന്റെ അനിവാര്യതയായി മനസ്സിലാക്കി. വോട്ടവകാശം, വിദ്യാഭ്യാസം, കല, സാഹിത്യം, സിനിമ തുടങ്ങി എല്ലാ മേഖലയിലേക്കും സ്ത്രീകൾ കടന്നുവരാൻ തുടങ്ങി. ഒരു വശത്ത് പുറത്തേക്ക് വരുകയും അതുകൊണ്ടുതന്നെ ലൈംഗികാതിക്രമങ്ങൾക്കുള്ള ഇടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. മറുവശത്ത്, റേപ്പിന്റെയും തുടർമൗനത്തിന്റേയും സംസ്‌കാരം അവരെ വീണ്ടും വീടുകളിലേക്ക് തളച്ചിടുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ മൗനം ഭേദിക്കുക തന്നെയാണ് മാർഗമെന്ന് സ്ത്രീകൾ കണ്ടെത്തി. മൗനം അടിച്ചമർത്തലിന്റെ ആയുധമാണെങ്കിൽ അതിന്റെ ഭഞ്ജനം പ്രതിരോധ മാർഗമാണ്. സ്ത്രീകൾ തുറന്നുപറയാൻ തുടങ്ങിയപ്പോൾ അതവർക്ക് കൂടുതൽ കരുത്തും ആത്മവിശ്വാസവും നൽകി. സ്ത്രീകളുടെ തുറന്നുപറച്ചിലിൽ നിന്ന് വെളിപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. സ്ത്രീകൾ കൂടുതലും ലൈംഗികാതിക്രമങ്ങൾക്ക് വിധേയപ്പെടുന്നത് വീടിനുള്ളിലും അടുത്ത ബന്ധുക്കളിൽ നിന്നും അടുത്ത് ഇടപഴകുന്നവരിൽ നിന്നും ആണെന്നതാണത്. അപ്പോൾ പിന്നെ വീട്ടിൽ തന്നെ ഇരുന്നിട്ട് കാര്യമുണ്ടോ? തുറന്ന് സംസാരിക്കുക, പരസ്പരം പങ്കുവക്കുക, തോളോടുതോൾ ചേരുക, ആശയസംവാദങ്ങളിൽ ഏർപ്പെടുക, വീടകവും പുറവും തമ്മിലുള്ള മതിൽ പൊളിക്കുക, ദൈനംദിന ജീവിതത്തിലും, നിയമത്തിലും പുതിയ വ്യവഹാരങ്ങൾ ചമയ്ക്കുക എന്നതൊക്കെയാണ് സ്ത്രീകൾക്ക് ചെയ്യാവുന്നത്. ‘അപമാനം സ്ത്രീകളെ നിശ്ശബ്ദരാക്കരുത്, അപമാനിക്കപ്പെടാത്ത ജീവിതത്തിലേക്ക് ഉയരുക, അപമാനിക്കൽ ഒരു അക്രമമാണെന്ന് തിരിച്ചറിയുന്നത് വിപ്ലവമാണ്' എന്ന് കേറ്റ് മില്ലെറ്റ് (Kate Millet) എന്ന ഫെമിനിസ്റ്റ് ചിന്തക പറഞ്ഞിരിക്കുന്നു.

അപമാനത്തിന്റെ ഭാരം ഇരകളുടെ മേൽ വന്നുവീഴുന്നു എന്നതാണ് ലൈംഗികാതിക്രമത്തിന്റെ സവിശേഷത. അങ്ങനെയാണ് അത് മൗനത്തിന്റെ സംസ്‌കാര ( Culture of silence)മായി മാറിയത്.   / Photo: Pexels
അപമാനത്തിന്റെ ഭാരം ഇരകളുടെ മേൽ വന്നുവീഴുന്നു എന്നതാണ് ലൈംഗികാതിക്രമത്തിന്റെ സവിശേഷത. അങ്ങനെയാണ് അത് മൗനത്തിന്റെ സംസ്‌കാര ( Culture of silence)മായി മാറിയത്. / Photo: Pexels

മൗനത്തിന്റെ കേരളീയ പരിസരം

സ്ത്രീവിദ്യാഭ്യാസത്തിന് ഖ്യാതി നേടിയ നാടാണ് കേരളം. നവോത്ഥാന കാലത്ത് സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങത്തെത്തി.ഇപ്പോൾ 90 ശതമാനത്തിലധികവും സ്‌കൂൾ വിദ്യാഭ്യാസം നേടുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നത് കൂടുതലും സ്ത്രീകളാണ്. ഇതുകൊണ്ട് വ്യക്തിപരമായും സമൂഹത്തിനും പല നേട്ടങ്ങളും ഉണ്ടാകുന്നു എങ്കിലും സ്ത്രീകളുടെ പദവിയും അന്തസ്സും തുല്യതയിലേക്ക് ഉയർത്താൻ ഇത് മാത്രം പോര. സ്ത്രീകൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അധികാര ബലാബലത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ എത്രകണ്ട് സഹായിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു അത്. അതിന് തടസ്സം നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് കൂടി നോക്കേണ്ടി വരും. ഏറ്റവും ബലം കുറഞ്ഞ പെൺകുട്ടികൾ ഒത്തു ചേരുന്ന സ്ഥലം എന്ന നിലക്ക് കൂടുതൽ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്ന ഇടം സ്‌കൂളുകളാകാം. ഇത് ചെയ്യുന്ന അദ്ധ്യാപകർ വിരളമായിരിക്കും. ഒരു സ്‌കൂളിൽ ഒന്നോ രണ്ടോ പേരേ ഉണ്ടാവുകയുള്ളൂ. എന്നാൽ മുഴുവൻ പേരും ഇത് പിന്തുണച്ച് മൗനസംസ്‌കാരത്തിൽ പങ്കെടുക്കുന്നവരാണ്. ഇത് വീടിന്റെ തുടർച്ച കൂടിയാണ്. വീടിനും സ്‌കൂളിനും അപമാനമുണ്ടാക്കുന്നവരായാണ് വിധേയരാകുന്ന പെൺകുട്ടികളെ കാണുന്നത്. വീടിനുള്ളിൽ അക്രമത്തിന് വിധേയരാകുന്ന പെൺകുട്ടികളെ പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിക്കുകയും പീഡകരെ വീടിനുള്ളിൽ സംരക്ഷിക്കുകയും ചെയ്യുന്ന സംസ്‌കാരം ഇതിന്റെ തുടർച്ചയാണ്. ഇപ്പോൾ പെൺകുട്ടികൾ ഇതേ കുറിച്ച് സംസാരിക്കുന്നു എങ്കിലും മുൻകാലങ്ങളിൽ ഇതുപോലെയോ ഇതിനെക്കാൾ അധികമായോ മൗനം കൊണ്ട് മറച്ച ഈ കുറ്റകൃത്യങ്ങൾ നടന്നിരുന്നു. പ്രായം ചെന്ന ഒരദ്ധ്യാപിക, രക്ഷിതാവിന്റെ വേഷമിട്ട് ഒരു മാതൃകാദ്ധ്യാപകൻ തന്നെ പിന്തുടർന്നിരുന്ന കാര്യം ഈയിടെ സ്വകാര്യമായി പറഞ്ഞു. പിതാവിനെ പോലെ തന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തിരുന്ന ആൾ പിന്നീട് വിവാഹത്തിന് പ്രൊപ്പോസ് ചെയ്തപ്പോൾ അത് സ്വന്തം അച്ഛൻ ചെയ്യുന്നതു പോലെയാണ് അവർക്ക് അനുഭവപ്പെട്ടത്. ഇതിനെ പീഡനവുമായി താരതമ്യപ്പെടുത്താൻ വേണ്ടിയല്ല. പെൺകുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനോ അതിനോട് ആദരവ് കാണിക്കാനോ ഉള്ള സന്നദ്ധത ഇല്ലായ്മ ചൂണ്ടിക്കാണിക്കുകയാണ്.

ഇപ്പോൾ സ്ത്രീകൾ പഴയതിനേക്കാൾ പദവി നേടിയിട്ടുണ്ടെങ്കിലും പരോക്ഷമായ ലൈംഗിക ചൂഷണം ഒരു കീഴ് വഴക്കമെന്നോണം സിനിമയിൽ നിലനിൽക്കുന്നു. അടുത്തകാലത്ത് നടക്കുന്ന കാസ്റ്റിങ്ങ് കൗച്ചിനെ പറ്റിയുള്ള ചർച്ചകളൊക്കെ ഇത് സൂചിപ്പിക്കുന്നുണ്ട്.

അസ്വസ്ഥതയുണ്ടാക്കുന്ന സ്പർശം മുതൽ റേപ്പ്​ വരെ ചെയ്തിട്ടുള്ള അദ്ധ്യാപകരുള്ള സ്‌കൂളുകളിലാണ് നമ്മൾ വിദ്യാഭ്യാസം ചെയ്യുന്നത്. ഇവരിൽ ചിലരെങ്കിലും വാത്സല്യവും കാമവും തമ്മിലും രക്ഷകവേഷം ചമയലും ഉത്തരവാദിത്വമുള്ള രക്ഷാകർത്തൃത്വവും തമ്മിലുള്ള വേർതിരിവ് തിരിയാതെ കുറ്റത്തിലേക്ക് വഴുതിവീഴുന്നവരാണ്. പാട്രിയാർക്കി നിർമിച്ച ലൈംഗികാതിക്രമ- മൗനസംസ്‌കാരം പുരുഷൻമാരുടെയും ആത്മവികാസത്തിന് തടസ്സമാവുകയാണ്. കോളേജിലെത്തുമ്പോൾ പെൺകുട്ടികൾക്ക് കൂടുതൽ തിരിച്ചറിവുണ്ടാകുമെങ്കിലും ഈ സംസ്‌കാരത്തിൽ അവരും നിസ്സഹായരായ വിധേയരായി മാറാറുണ്ട്. ഇന്റേണൽ മാർക്കും ഡോക്ടറേറ്റ് അംഗീകാരവുമൊക്കെ ഉള്ള സ്ഥലങ്ങളിൽ ഇത് അമിതമായ അധികാരമോ കീഴ്​വഴക്കമോ ഒക്കെ ആയി മാറുന്നുണ്ട്. അടുത്ത കാലത്ത് സ്ത്രീകൾ ഇവ തുറന്നുപറയുമ്പോഴും തത്സമയം പ്രതികരിക്കുമ്പോഴും ഉണ്ടാകുന്ന പ്രതിബന്ധങ്ങൾ നമ്മൾ മനസ്സിലാക്കി കൊണ്ടിരിക്കുന്നതാണ്.

ഏറ്റവും ബലം കുറഞ്ഞ പെൺകുട്ടികൾ ഒത്തു ചേരുന്ന സ്ഥലം എന്ന നിലക്ക് കൂടുതൽ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്ന ഇടം സ്‌കൂളുകളാകാം.
ഏറ്റവും ബലം കുറഞ്ഞ പെൺകുട്ടികൾ ഒത്തു ചേരുന്ന സ്ഥലം എന്ന നിലക്ക് കൂടുതൽ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്ന ഇടം സ്‌കൂളുകളാകാം.

രാഷ്ട്രീയം ഉൾപ്പെടെ എല്ലാ മേഖലയിലും മൗനത്തിന്റെ അധികാരവാഴ്ച കാണാം. മൗനം ഭേദിക്കുന്നവർ പിന്തള്ളപ്പെടുന്നതും അരികിലേക്ക് ഒതുക്കപ്പെടുന്നതും. സിനിമ കുറച്ചു കൂടി സവിശേഷ സാഹചര്യങ്ങൾ ഉള്ളതാണ്. വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളും താരപരിവേഷം നൽകുന്ന പദവിയുമാണ് ഈ പ്രത്യേകത ഉണ്ടാക്കുന്നത്. നാടകങ്ങളിൽ അഭിനയിക്കാൻ സ്ത്രീകളെ കിട്ടുന്നത് ആദ്യ കാലങ്ങളിൽ പ്രയാസമായിരുന്നതിനാൽ ആണുങ്ങൾ തന്നെ പെൺവേഷവും ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്. സിനിമയിലും ആദ്യം പ്രയാസങ്ങളുണ്ടായിരുന്നു എങ്കിലും ക്രമേണ സ്ത്രീകൾ ഇതിലേക്ക് വരാൻ തുടങ്ങി. പലപ്പോഴും നടിമാരുടെ സംരക്ഷണത്തിന് അമ്മമാർ കൂടെയുണ്ടാകുന്നത് കാണാം. ഈ സംരക്ഷണം ഉള്ളപ്പോഴും അവിടെയും ലൈംഗികാതിക്രമങ്ങൾ ഉള്ളതായാണ് അറിയാൻ കഴിയുന്നത്. സ്ത്രീകൾക്ക് പ്രണയമോ സ്വന്തമായ തെരഞ്ഞെടുപ്പോ ഉണ്ടായാൽ പോലും അത് തുറന്നു പറയാൻ പാട്രിയാർക്കൽ സമൂഹം അനുവദിക്കുകയില്ലല്ലോ.
ഈ പശ്ചാത്തലവും സിനിമയിലെ സാമ്പത്തിക ക്രമവും, അവിടെ അധികാരമുള്ള പുരുഷന്മാർക്ക് ലൈംഗികമോ മറ്റു തരത്തിലോ ആയ ചൂഷണത്തിനുള്ള സാഹചര്യമൊരുക്കുന്നു. പല നടിമാരും ആത്മഹത്യയിലേക്കുവരെ എത്തിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇപ്പോൾ സ്ത്രീകൾ പഴയതിനേക്കാൾ പദവി നേടിയിട്ടുണ്ടെങ്കിലും പരോക്ഷമായ ലൈംഗിക ചൂഷണം ഒരു കീഴ് വഴക്കമെന്നോണം സിനിമയിൽ നിലനിൽക്കുന്നു. അടുത്തകാലത്ത് നടക്കുന്ന കാസ്റ്റിങ്ങ് കൗച്ചിനെ പറ്റിയുള്ള ചർച്ചകളൊക്കെ ഇത് സൂചിപ്പിക്കുന്നുണ്ട്. സ്വന്തം അനുഭവത്തിലൂടെ ചൂഷണവും അക്രമവും തുറന്നു പറഞ്ഞ സ്ത്രീകൾക്ക് നേരെ വ്യത്യസ്ത പ്രതികരണങ്ങളാണ് സമൂഹത്തിൽ നിന്നുണ്ടായത്. നിയമവ്യവഹാരങ്ങളും മിക്കപ്പോഴും കുഴഞ്ഞുമറിഞ്ഞ തരത്തിലാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ സ്ത്രീകൾ അനുഭവങ്ങൾ തുറന്നു പറയാൻ തുടങ്ങിയിരുന്നു. സ്വാഭിമാന പ്രഖ്യാപനങ്ങൾ വഴി അപമാനങ്ങളെ അവർ മറികടന്നു. ശരീരത്തെ കളങ്കപ്പെടുത്തുക എന്നതുമല്ല, മറിച്ച് ഒരു വ്യക്തിക്ക് മേലുള്ള അക്രമമായാണ് ഇത് മനസ്സിലാക്കേണ്ടത് എന്നവർ ഉറപ്പിച്ചു. അതോടെ കുറ്റം ചെയ്യുന്ന പുരുഷനാണ് അപമാനം പേറേണ്ടതെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ മാറി.

സിനിമയുടെ ഉള്ളടക്കത്തിലും സ്ത്രീകൾ നിശ്ശബ്ദമായി പ്രതികരിക്കുന്ന രീതിയാണ് പണ്ടുണ്ടായിരുന്നത്.അക്രമത്തിന് വിധേയയായ സ്ത്രീ ഒന്നുകിൽ ആത്മഹത്യ ചെയ്യും. അല്ലെങ്കിൽ കൊല ചെയ്യപ്പെടും. റേപ്പിന്റ ഫലമായി കുട്ടി ഉണ്ടായാൽ ആ കുട്ടിയുമായി നാട് വിട്ടു പോയി കഷ്ടപ്പെട്ട് ജീവിക്കും. വിധേയയായ സ്ത്രീക്ക് സമൂഹം വിധിക്കുന്ന ശിക്ഷയുടെ വിവിധ രൂപങ്ങളാണിവ. സ്ത്രീകൾ വിദ്വേഷത്തോടെയും പകയോടെയും പ്രതികരിക്കുന്ന ആഖ്യാനങ്ങളുമുണ്ട്. എൺപതുകളിൽ പുറത്തിറങ്ങിയ പത്മരാജന്റെ ‘കരിയിലക്കാറ്റു പോലെ' എന്ന സിനിമ ഇതിന്റെ വ്യത്യസ്ത മാനം പേറുന്നതാണ്. തന്റെ പ്രണയത്തിന് തടസ്സം നിൽക്കുന്ന സ്ത്രീയെ നായകൻ റേപ്പ്​ ചെയ്ത് ശിക്ഷിക്കുകയും അതേതുടർന്ന് അവൾ ഗർഭിണിയായി ആ കുഞ്ഞിനെ സ്വന്തമായി വളർത്തുകയും ചെയ്യുന്നു. അയാളോട് അവൾക്ക് പകയാണുള്ളത്. പിന്നീട് തന്റെ മകളുമായി അയാൾ സൗഹൃദത്തിലാവുന്നു എന്നുകണ്ട് അയാളെ അവൾ കൊലപ്പെടുത്തുന്നു. പത്മരാജന്റെ മറ്റു സിനിമകളെ പോലെ തന്നെ ബന്ധങ്ങളുടെ സൂക്ഷ്മതകൾ ആവിഷ്‌കരിക്കുന്നു എങ്കിലും തനിക്കുണ്ടായ ചാരിത്ര്യനഷ്ടത്തെ മകളോട് പോലും തുറന്നു പറയാൻ സ്ത്രീക്ക് കഴിയുന്നില്ല. പ്രിയപ്പെട്ട കൂട്ടുകാരിയും അത് പരമാവധി മറച്ചുവക്കുകയാണ്.

‘കരിയിലക്കാറ്റു പോലെ' എന്ന സിനിമയിൽ നിന്ന്
‘കരിയിലക്കാറ്റു പോലെ' എന്ന സിനിമയിൽ നിന്ന്

നമ്മുടെ യക്ഷിക്കഥകളും സ്ത്രീകളുടെ പ്രതികാരത്തിന്റെ പ്രതിരൂപങ്ങളാണ്. പുരുഷന്മാരാൽ അക്രമിക്കപ്പെടുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീകൾ മരണ ശേഷം പ്രതികാരം ചെയ്യുന്നു. മിക്കവാറും മരണം തന്നെയാവും ശിക്ഷ. ജീവിച്ചിരിക്കുമ്പോൾ സ്ത്രീകൾക്ക് വിധിച്ചിട്ടുള്ള മൗനത്തിന് പരിഹാരമായും നീതികേടിന് പ്രായശ്ചിത്തമായും സമൂഹ മനസ്സ് ഒരുക്കിയെടുത്തതാവും ഇത്.

മാറുന്ന കേരളം

ഈ സംസ്‌കാരം അടുത്ത കാലത്ത് കുറേശ്ശെ മാറിവരുന്നുണ്ട്. സ്ത്രീകളെ ലൈംഗികമായി അടിച്ചമർത്തുന്നതിന്, മൗനം ഒരു തന്ത്രമായി പാട്രിയാർക്കി നില നിർത്തിപ്പോന്നു എന്ന് ഇന്ന് തിരിച്ചറിവുണ്ടായിട്ടുണ്ട്. ഇത് മിക്കവാറും ലോകത്തിൽ എല്ലായിടങ്ങളിലും എതാണ്ട് ഒരേപോലെ തന്നെയാണ്. 21-ാം നൂറ്റാണ്ടിൽ, പ്രത്യേകിച്ച്, അതിന്റെ രണ്ടാം ദശകത്തിൽ വലിയൊരു വിച്ഛേദം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സാംസ്‌കാരികമായി ആഴത്തിൽ വേരൂന്നിയ മൂല്യങ്ങളെ പുതിയ സമൂഹങ്ങൾ പ്രശ്‌നഭരിതമാക്കുന്നുണ്ട്. പലപ്പോഴും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുകൂടിയാണത്. സ്ത്രീകളുടെ തുറന്നുപറച്ചിലുകൾക്ക് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളോളം തന്നെ പഴക്കമുണ്ട്. സൈദ്ധാന്തികമായി സൂക്ഷ്മമായ തലങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും ലൈംഗികമായ നിയന്ത്രണമാണ് സ്ത്രീകളെ അടിച്ചമർത്തുന്നതിൽ ശക്തമായ ആയുധം എന്നതിൽ എല്ലാവരും യോജിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ സ്ത്രീകൾ അവരുടെ അനുഭവങ്ങൾ തുറന്നു പറയാൻ തുടങ്ങിയിരുന്നു. സ്വാഭിമാന പ്രഖ്യാപനങ്ങൾ വഴി അപമാനങ്ങളെ അവർ മറികടന്നു. സമൂഹം ആരോപിക്കുന്നത് പോലെ തങ്ങളുടെ സ്വഭാവദൂഷ്യമല്ല, പുരുഷന്മാർക്ക് നൽകിയിരിക്കുന്ന അക്രമത്തിനുള്ള അനുമതിയാണ് ലൈംഗികാതിക്രങ്ങൾക്ക് കാരണമെന്ന് കണ്ടെത്തി. ഒരു കുടുംബത്തിന്റെയോ സമുദായത്തിന്റെയോ ദുരഭിമാനം തകർക്കുക എന്നതല്ല, ശരീരത്തെ കളങ്കപ്പെടുത്തുക എന്നതുമല്ല, മറിച്ച് ഒരു വ്യക്തിക്ക് മേലുള്ള അക്രമമായാണ് ഇത് മനസ്സിലാക്കേണ്ടത് എന്നവർ ഉറപ്പിച്ചു. അതോടെ കുറ്റം ചെയ്യുന്ന പുരുഷനാണ് അപമാനം പേറേണ്ടതെന്ന തരത്തിൽ ഇതിന്റെ വ്യാഖ്യാനങ്ങൾ മാറി.

ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ഉയർത്തിയ ആശയങ്ങൾ വ്യാപകമാക്കി പൊതുബോധത്തെ മാറ്റിമറിക്കാൻ കഴിഞ്ഞത് സമൂഹമാധ്യമങ്ങൾക്കാണ്. വ്യാപാര താല്പര്യങ്ങൾക്കും ഒരു പക്ഷേ, ഇതിൽ പങ്കുണ്ടായേക്കാം. മീ ടൂ, ഹാഷ് ടാഗ് ക്യാംപയിൻ ലോകത്തിൽ എല്ലായിടത്തും മാറ്റങ്ങളുണ്ടാക്കി. തങ്ങൾക്ക് നേരിടുന്ന അപമാനത്തെ, അപമാനിക്കൽ കൊണ്ടു തന്നെ നേരിടുന്ന രീതിയാണിത്. ദീർഘകാലം നീതി നിഷേധിക്കപ്പെട്ട ഒരു വിഭാഗം ഇതിലൂടെ നീതിന്യായ വ്യവസ്ഥയേയും സാമൂഹ്യ നീതിയെയും ചോദ്യം ചെയ്യുകയും സ്വാധീനിക്കുകയും ചെയ്തു എന്നുപറയാം.

മീ ടൂ, ഹാഷ് ടാഗ് ക്യാംപയിൻ ലോകത്തിൽ എല്ലായിടത്തും മാറ്റങ്ങളുണ്ടാക്കി. തങ്ങൾക്ക് നേരിടുന്ന അപമാനത്തെ, അപമാനിക്കൽ കൊണ്ടു തന്നെ നേരിടുന്ന രീതിയാണിത്.
മീ ടൂ, ഹാഷ് ടാഗ് ക്യാംപയിൻ ലോകത്തിൽ എല്ലായിടത്തും മാറ്റങ്ങളുണ്ടാക്കി. തങ്ങൾക്ക് നേരിടുന്ന അപമാനത്തെ, അപമാനിക്കൽ കൊണ്ടു തന്നെ നേരിടുന്ന രീതിയാണിത്.

കേരളത്തിലും ഇതിന്റെയെല്ലാം അനുരണനങ്ങൾ നമ്മൾ കണ്ടുവരുന്നു. ഇതിനായി, സ്വന്തം ഉള്ളിൽ പോലും ഉറച്ചുപോയ മൂല്യങ്ങൾക്കും ശീലങ്ങൾക്കും വിരുദ്ധമായാണ് സ്ത്രീകൾക്ക് ചിന്തിക്കേണ്ടിയും പ്രവർത്തിക്കേണ്ടിയും വന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ലൈംഗികാതിക്രമങ്ങൾ വെളിച്ചത്തുകൊണ്ടുവരുകയും പൊതു ചർച്ചയാക്കുകയും ചെയ്തിട്ടുണ്ട്. നിയമ പോരാട്ടങ്ങളൊന്നും തന്നെ പൂർണമായി വിജയിച്ചില്ലെങ്കിലും ഇതൊരു രാഷ്ട്രീയ അജണ്ടയാക്കി മാറ്റാൻ കഴിഞ്ഞു. റേപ്പിനോടൊപ്പം തന്നെ ‘ലൈംഗികാതിക്രമം' എന്ന പുതിയ സങ്കല്പനം, നിർഭയ കേസിനുശേഷം ഇന്ത്യൻ നിയമത്തിന്റെ ഭാഗമായി. സ്ത്രീയുടെ സമ്മതമില്ലാതെ സ്വകാര്യതയിലേക്കുള്ള ഏതു തരം കടന്നുകയറ്റവും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നത് സ്ത്രീയെ ഒരു സ്വതന്ത്ര വ്യക്തിയായി അംഗീകരിക്കലാണ്. ഇതോടൊപ്പം തൊഴിൽ രംഗത്തെ ലൈംഗികാതിക്രമത്തിനെതിരെയുള്ള നിയമവും പോക്‌സോ നിയമവും എല്ലാം കൂടിച്ചേർന്ന് നിയമവ്യവഹാരങ്ങളിലും സാമൂഹ്യ വ്യവഹാരങ്ങളിലും മാറ്റം കൊണ്ടു വന്നിട്ടുണ്ട്.

കേരളത്തിലെ മനുഷ്യരുടെ സ്വാത്മബോധത്തിൽ വന്ന മാറ്റം, രക്ഷിതാക്കളുടെയോ സംഘടനകളുടെയോ നേരിട്ടുള്ള ഇടപെടൽ കൂടാതെ തന്നെ സ്ത്രീകൾക്ക്, തങ്ങളുടെ നേർക്കുള്ള അനീതികളെ അവിടവിടെ ആയെങ്കിലും തുറന്നുകാണിക്കാൻ പ്രേരകമാവുന്നുണ്ട്.

ഈ സാഹചര്യവും സമൂഹമാദ്ധ്യമങ്ങളും ചേർന്ന്, ഈ നൂറ്റാണ്ടിൽ ജനിച്ച യുവാക്കളെ പഴയ മൂല്യസങ്കല്പങ്ങളിൽ നിന്ന് ഏറെക്കുറെ മുക്തരാക്കിയിരിക്കുന്നു എന്നുപറയാം. അവർ കൂടുതലും പ്രായോഗികതക്കാണ് ഊന്നൽ നൽകുന്നത്. ജീവിക്കാനാവശ്യമായ അറിവ് അവർ പെട്ടെന്ന് ആർജിച്ചെടുക്കുന്നു. അതിൽ ടെക്​നോളജിയും മൂല്യങ്ങളും സാമ്പത്തികതയും എല്ലാം പെടും. ലൈംഗികമായും അവർ കൂടുതൽ പരസ്പരബഹുമാനത്തോടെ കാണുന്നുണ്ട്. ആൺ പെൺ ദ്വന്ദ്വ മാതൃകകൾക്ക് പുറത്തും മനുഷ്യരെ കാണുന്ന ക്വിയർ പ്രസ്ഥാനവും അതിന് പ്രേരകമായി.

സ്വാഭിമാനത്തിനായുള്ള സ്ത്രീകളുടെ പൊരുതൽ

കേരളത്തിലെ മനുഷ്യരുടെ സ്വാത്മബോധത്തിൽ വന്ന മാറ്റം, രക്ഷിതാക്കളുടെയോ സംഘടനകളുടെയോ നേരിട്ടുള്ള ഇടപെടൽ കൂടാതെ തന്നെ സ്ത്രീകൾക്ക്, തങ്ങളുടെ നേർക്കുള്ള അനീതികളെ അവിടവിടെ ആയെങ്കിലും തുറന്നുകാണിക്കാൻ പ്രേരകമാവുന്നുണ്ട്. സ്വാഭാവികമായ പ്രതികരണങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. പണ്ട് അപമാനം ഭയന്ന് മറച്ചുവച്ചേക്കാമായിരുന്ന അക്രമങ്ങൾ സ്ത്രീകൾ വിളിച്ചുപറയുകയും പരാതിപ്പെടുകയും ചെയ്യുന്നു. ഇതിനോടുള്ള സമൂഹത്തിന്റെ പ്രതികരണത്തിൽ ഒരു ധ്രുവീകരണം കാണാം. യാഥാസ്ഥിതിക മൂല്യങ്ങൾ പേറുന്നവരും അത് സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നവരും, ഉൾക്കൊണ്ട കാര്യങ്ങൾ അഴിച്ചുപരിശോധിക്കാൻ കഴിയാതെ അതിൽ കുടുങ്ങി കിടക്കുന്നവരുമുണ്ട്.

Photo: Unsplash
Photo: Unsplash

ലൈംഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞ പല സംഭവങ്ങളിലും, പലതരം സാമൂഹ്യ പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ‘എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല' എന്ന പ്രതികരണങ്ങളൊക്കെ ഉണ്ടാകുന്നുണ്ട്. വിധേയയായ ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെ കമൻറ്​ ചെയ്ത ഒരു കോടതി വിധി വന്നെങ്കിലും, അതിന് ഉയർന്ന കോടതിയിൽ നിന്നുതന്നെ തിരിച്ചടിയുണ്ടായി. എങ്കിലും പ്രധാനമായി പ്രകടമായ ഒരു കാര്യം വ്യവഹാരങ്ങളിൽ വന്ന മാറ്റമാണ്. സ്ത്രീക്ക് നേരിടുന്ന അപമാനം, മാനഭംഗം തുടങ്ങിയ വ്യവഹാരങ്ങളിൽ നിന്ന് ഒരു വ്യക്തിക്ക് നേരേയുള്ള അക്രമം എന്ന നിലയിലേക്ക് അത് മാറി വരുന്നുണ്ട്. സമ്മതത്തെ പറ്റി നടക്കുന്ന സംസാരങ്ങൾ മൗനത്തിലൂടെയല്ല അത് വ്യവഹരിക്കപ്പെടേണ്ടത് എന്ന ബോദ്ധ്യം ഉണ്ടാക്കുന്നു. സിനിമാമേഖലയിലും ഇത് നന്നായി പ്രതിഫലിച്ചു കാണുന്നു. അത്യപൂർവ്വമായതും മലയാളികളെ ആകെ ഉലച്ചതുമായ ലൈംഗികാതിക്രമ ക്വട്ടേഷൻ കേസും അതോടുള്ള സമൂഹത്തിന്റെ പ്രതികരണവും മാറി കൊണ്ടിരിക്കുന്ന കേരളത്തിന്റെ ലിറ്റ്മസ് ടെസ്റ്റായി എടുക്കാവുന്നതാണ്. ഈ കേസിൽ വിധേയയായ യുവതിയുടെ ഉറച്ച തീരുമാനവും നിശ്ചയദാർഢ്യത്തോടെയുള്ള, മുന്നോട്ടുപോക്കും പൊതുബോധം മാറ്റിയെഴുതുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവരോടൊപ്പം നിന്നുകൊണ്ടും, വ്യക്തിപരമായ നഷ്ടം വകവക്കാതെയും സ്ത്രീകളുടെ അഭിമാനത്തിനും അവകാശത്തിനുമായി ഒരു വിഭാഗം സ്ത്രീകൾ തയാറായത് സിനിമയിലെ അധികാര ഘടനയിൽ വിള്ളലുണ്ടാക്കി. അവർ മുന്നോട്ടു വച്ച ‘അവൾക്കൊപ്പം' എന്ന ടാഗ് ഇപ്പോൾ ദൈനംദിന വ്യവഹാരങ്ങളുടെ ഭാഗമായി. സ്ത്രീകൾക്ക് അവരുടെ അനുഭവങ്ങൾ പറയുന്നതിന് നിയമവ്യവസ്ഥയും സ്ഥാപനങ്ങളും എങ്ങനെ എല്ലാം തടസ്സമാവുന്നു എന്നും അവർ സമൂഹത്തോട് പങ്കുവച്ചിട്ടുണ്ട്. പലരും മനം മടുത്ത് നിർത്തി പോകാവുന്നിടത്ത് വിധേയയായ യുവതി ഉറച്ചുനിന്ന് പോരാടിയത് എല്ലാവർക്കും വേണ്ടിയാണ്. ഇരയിൽ നിന്ന്​ അതിജീവിതയിലേക്കുള്ള പരിവർത്തനം സമൂഹത്തിന് പാഠമാകാവുന്നതാണ്.

ഈ വിഷയത്തിൽ, സമൂഹത്തിന്റെ മനോഭാവത്തിൽ വലിയൊരു മാറ്റം കാണാൻ കഴിയുന്നുണ്ട്. അവർ പങ്കെടുത്ത വേദിയിൽ മുഴുവൻ ജനങ്ങളും എഴുന്നേറ്റു ആദരവ് പ്രകടമാക്കിയത് സ്ത്രീകളുടെ മൗനഭഞ്ജനത്തിനുള്ള, ഉറച്ച ശബ്ദത്തിനുള്ള പൊതുബോധത്തിന്റെ അംഗീകാരമായി കാണാം. വീണ്ടും സ്വന്തം തൊഴിൽ രംഗത്തേക്ക് അവർ കടന്നു വരുമ്പോഴും, ആഹ്ലാദത്തോടെ പ്രേക്ഷകർ അവരെ സ്വീകരിക്കുമ്പോഴും, മാറുന്ന കേരളത്തിന്റെ സൂചനകൾ നമുക്ക് ലഭിക്കുന്നുണ്ട്. ‘ഏഴു മണിക്ക് ഈ കുട്ടി ഒറ്റക്ക് പുറത്തു പോയോ' എന്ന മുതിർന്ന നടന്റെ ‘നിഷ്‌കളങ്ക' ചോദ്യം പുതുതലമുറയിൽ നിന്നുണ്ടാവില്ല എന്ന് ആശ്വസിച്ചുകൊണ്ട് തൽക്കാലം അതു മറക്കാം. ▮


ഡോ. എ. കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. ‘എഴുകോൺ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments