അനഘ കെ.പി.

എ​ന്റെ രാഷ്​ട്രീയ തെരഞ്ഞെടുപ്പ്​
എ​ന്റെ ചെറുത്തുനിൽപ്പ്​

​സമൂഹം അടിച്ചേൽപ്പിക്കുന്ന നിരവധി ഉത്തരവാദിത്വങ്ങളും വാർപ്പ് മാതൃകകളും തരണം ചെയ്താണ് സംഘടനാരംഗത്ത് സ്ത്രീകൾ മുഴുവൻ സമയപ്രവർത്തനത്തിൽ സജീവമാകുന്നത്.​

ക്തമായ രാഷ്ട്രീയനിലപാടുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമൊക്കെയായി ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായ സ്ത്രീമുന്നേറ്റങ്ങളെ കുറിച്ചോ, പ്രാദേശിക തലത്തിൽ സ്ത്രീകൾ നടത്തിയ ഇടപെടലുകളെ കുറിച്ചോ ഉള്ള വ്യക്തമായ അറിവോടെയാകണമെന്നില്ല പിൽക്കാലങ്ങളിൽ സ്ത്രീകളോരോരുത്തരും തങ്ങളുടേതായ രാഷ്ട്രീയ - സാമൂഹിക ഇടപെടലുകൾ നടത്തുന്നത്.

ഒരു വ്യക്തി തന്റെ ജീവിതത്തെ സുഖപ്പെടുത്തുന്നതായ സൗകര്യസംവിധാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് സമാനമായി തന്നെയാണ് രാഷ്ട്രീയനിലപാടുകളുടെ തിരഞ്ഞെടുപ്പും നടത്തുന്നത്. തങ്ങളുടെ ജീവിതസാഹചര്യങ്ങൾക്ക് യാതൊരു മങ്ങലും ഏൽപ്പിക്കാത്തതും ആത്മാഭിമാനത്തിന് കളങ്കമേൽപ്പിക്കാത്തതുമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്ന രാഷ്ട്രീയ- സാമൂഹിക തിരഞ്ഞെടുപ്പുകൾ അത്തരത്തിൽ രൂപപ്പെടുന്നു.

ഇതരസംഘടനകളെ അപേക്ഷിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് അവരുടെ നിലനിൽപ്പിനും അന്തസ്സിനും വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ട്.

കാമ്പസ്​ മറ്റൊരു ലോകമാണ്​

2016 കാലത്ത്​, ഇടതുരാഷ്ട്രീയസംഘടനാസംവിധാനത്തിലേക്ക് കടന്നുവന്ന ഒരു വ്യക്തി എന്ന നിലയിൽ മനസിലാക്കാനാവുന്നത്, ഭൂരിപക്ഷത്തിന്റെ പങ്കാളിത്തവും സാമൂഹിക- സാംസ്‌കാരിക രാഷ്ട്രീയ ബോധ്യമുള്ളതും ഏറ്റവും സുഖകരമായ അന്തരീക്ഷം വിഭാവനം ചെയ്യുന്നതുമായ ഇടമെന്ന വിലയിരുത്തലാണ് സംഘടനയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. കലാലയങ്ങൾ, അവ നിലകൊള്ളുന്ന സമൂഹങ്ങളിൽനിന്ന് കുറച്ചധികം വ്യത്യസ്തമാണ്. സാമൂഹികമായ പലതരം കാലുഷ്യങ്ങളും കലഹങ്ങളും തുടങ്ങി പല ഭീകരപ്രശ്‌നങ്ങളും കലാലയാന്തരീക്ഷങ്ങളെ ബാധിക്കുന്നില്ലെന്ന വാസ്തവം നിലനിൽക്കുന്നതുകൊണ്ട് വിദ്യാർത്ഥി രാഷ്ട്രീയ സംഘടനാ സംവിധാനം പുറത്തുള്ളതിനെ അപേക്ഷിച്ച് അല്പമെങ്കിലും വ്യത്യസ്തമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ.

2018 ജൂലൈ 4 നാണ് മഹാരാജാസ് കോളേജിൽ ചുമരിന്മേൽ ‘വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യമെഴുതിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അഭിമന്യു എന്ന 19 വയസുകാരനായ എസ്. എഫ്. ഐക്കാരൻ കൊല്ലപ്പെടുന്നത്. അതേ തുടർന്നുണ്ടായ ചർച്ചകളിൽ ഏറ്റവും ഉച്ചത്തിൽ മുഴങ്ങിക്കേട്ടത്​ കാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കുക എന്ന വാദമായിരുന്നു. കേരളത്തിലെ കാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കുന്നതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയതും നമ്മൾ കണ്ടതാണ്.

ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പൗരത്വ ഭേദഗതി ബിൽ നടപ്പാക്കുന്നതിനെതിരെ ഏറ്റവുമാദ്യം പ്രതിഷേധങ്ങളും വിയോജിപ്പുകളുമുണ്ടായത് രാജ്യത്തെ കാമ്പസുകൾക്കകത്താണ്. അവയ്ക്ക് നേതൃത്വം നൽകിയത് വിവിധ സർവകലാശാലകളിൽനിന്നുള്ള പെൺകുട്ടികളായിരുന്നു.
സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നവരുടെ കൊലപാതകങ്ങൾക്കെതിരെയും, കേരളത്തിൽ കലാസാംസ്‌കാരിക രംഗത്ത് നിലനിൽക്കുന്ന ലിംഗ അസമത്വങ്ങളെ കുറിച്ചും, സാമൂഹിക ഉച്ചനീചത്വങ്ങളെ കുറിച്ചും കലാലയങ്ങൾ സദാ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
അരാഷ്ട്രീയ ഇടങ്ങൾ അരാജകത്വത്തിന്റേതും അക്രമത്തിന്റേതുമായി മാറുന്നതിന് അധികം സമയമെടുക്കില്ലയെന്നു മാത്രമല്ല, രാഷ്ട്രീയ പ്രവർത്തനങ്ങളില്ലാത്ത കാമ്പസുകൾ രാഷ്ട്രീയബോധമില്ലാത്ത തലമുറയെയും, അതുവഴി വിനാശകരമായ സമൂഹത്തെയും സൃഷ്ടിക്കുന്നതിലേക്കാണ്​ നയിക്കുക.

സഹപാഠികളായ വിദ്യാർത്ഥികൾ ലിംഗഭേദമേന്യ ലോകത്തെ മുഴുവൻ ഉച്ചനീചത്വങ്ങളെ കുറിച്ച് സംവദിച്ചും, അനീതികൾക്കെതിരെ പ്രതിഷേധിച്ചും സാംസ്‌കാരിക - സാമൂഹിക ഉന്നമനങ്ങളിൽ ഐക്യദാർഢ്യം രേഖപ്പെടുത്തിയും കൈവരിക്കുന്ന തിരിച്ചറിവുകൾ ജീവിതത്തെ കൂടുതൽ തലങ്ങളിലേക്ക് ഉയർത്തുന്നുണ്ട്.

സ്‌കൂൾ - കോളേജ് വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ ഒരുപോലെ ഒരേ പാഠ്യപദ്ധതിയ്ക്ക് കീഴിൽ പഠിച്ചുവരുന്ന വിവിധ ലിംഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾ കൂടുന്നയിടം എന്ന നിലക്ക് കലാലയങ്ങളിൽ നിന്നുള്ള രാഷ്ട്രീയ തിരഞ്ഞെടുപ്പ് ഒരു വിദ്യാർത്ഥിനിക്ക് അവളുടെ ചെറുത്തുനിൽപ്പ് കൂടിയാണ്. സമൂഹത്തിൽ വ്യത്യസ്ത ലിംഗത്തിലുള്ളവർ ഏതുതരത്തിലാണ് വിലയിരുത്തപ്പെടുന്നത് എന്ന അറിവുകൊണ്ട് സ്വയം പ്രതിനിധ്യവും സ്വാഭിമാനവും പടുത്തുയർത്തുന്നതിനും ആത്മവിശ്വാസം കെട്ടിപ്പടുക്കുന്നതിനും കൂടിയാണ് ഈ തിരഞ്ഞെടുപ്പ് സഹായകമാവുന്നത്.

ഇടതുപക്ഷത്തെ സ്​ത്രീകൾ

സഹപാഠികളായ വിദ്യാർത്ഥികൾ ലിംഗഭേദമേന്യ ലോകത്തെ മുഴുവൻ ഉച്ചനീചത്വങ്ങളെ കുറിച്ച് സംവദിച്ചും, അനീതികൾക്കെതിരെ പ്രതിഷേധിച്ചും സാംസ്‌കാരിക - സാമൂഹിക ഉന്നമനങ്ങളിൽ ഐക്യദാർഢ്യം രേഖപ്പെടുത്തിയും കൈവരിക്കുന്ന തിരിച്ചറിവുകൾ ജീവിതത്തെ കൂടുതൽ തലങ്ങളിലേക്ക് ഉയർത്തുന്നുണ്ട്. ഇതരസംഘടനകളെ അപേക്ഷിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് അവരുടെ നിലനിൽപ്പിനും അന്തസ്സിനും വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ട്. സമൂഹത്തിൽ ലിംഗ അസമത്വം നിലനിൽക്കുന്നിടത്തോളം സ്ത്രീയായിരിക്കെ അനുദിനം ചെറുതും വലുതുമായ പലതരം പോരാട്ടങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. അതിനിടയിൽ അംഗീകരിക്കാനാവാത്തതും സ്വഭിമാനത്തിന് വിള്ളലുണ്ടാക്കുന്നതുമായ യാതൊരു തീരുമാനങ്ങൾക്കും ചിന്തകൾക്കും സ്ഥാനമില്ലായെന്ന നിശ്ചയദാർഢ്യത്തിനുകൂടെ തണലാവുന്നതാണ് ഇടതുപക്ഷ സംഘടനാ സംവിധാനം.

പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ സാമൂഹിക സംഭവ വികാസങ്ങൾ തന്നെയാണ് രാഷ്ട്രീയ ഇടപെടലുകൾക്ക് കാരണമാകുന്നത്. അവ തന്നെയാണ് സംഘടനയുടെ പൊതുസ്വഭാവവും പ്രവർത്തന രീതിയും വെളിപ്പെടുത്തുന്നതും. 2018-19 കാലഘട്ടത്തിലുണ്ടായിട്ടുള്ള ശബരിമല സ്ത്രീപ്രവേശന വിഷയമൊന്നു മാത്രം മതിയാകും, ഇടതുപക്ഷ സംഘടകൾ സ്ത്രീകൾക്ക് എത്രമാത്രം പിന്തുണയും പ്രാധാന്യവും നൽകുന്നെന്ന് വ്യക്തമാവാൻ. സ്ത്രീയെന്ന വിഭാഗത്തെ യാതൊരു വിധത്തിലും ‘കളങ്ക’മോ ‘അശുദ്ധി’യോ ആയി കാണാൻ സാധിക്കുകയില്ലെന്ന ഉറച്ച നിലപാട് ഇടതുപക്ഷത്ത് നിലയുറപ്പിക്കാൻ സ്ത്രീകളെ അത്യധികം നിർബന്ധിതരാക്കുന്നുണ്ട്.

നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിലും, സ്ത്രീകൾക്കുമേൽ വ്യവസ്ഥാപിതമായി നിലനിന്നുപോരുന്ന അസൗകര്യങ്ങളെ എടുത്തുകളയുന്നതിനുള്ള മുൻകൈയായി ഇടതുപക്ഷ സർക്കാർ രംഗത്തെത്തുന്നത് ഇടതുപക്ഷ സംഘടനകളിൽ എത്രമാത്രം സ്ത്രീസൗഹൃദാന്തരീക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ്. കഥകളിലും നോവലുകളിലും സിനിമകളിലുമൊക്കെയായി നമ്മൾ ഇന്നോളം കണ്ടതും ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതുമായ കണ്ടുമടുത്ത ആവിഷ്‌കാരങ്ങളിൽ ചിലതുണ്ട്. സമൂഹത്തിലോ, കലാലയങ്ങളിലോ ഇടത് സംഘടനാ പ്രവർത്തകനായ ഒരു നേതാവും അയാളെ പിന്തുണക്കുന്ന നിരവധിയായ മറ്റ് പ്രവർത്തകരും. മേൽപ്പറഞ്ഞ പുരുഷനേതാവിന്റെ ഒറ്റയാൾ പോരാട്ടമായിരിക്കും ഒരു സാമൂഹിക പ്രശ്‌നത്തെയോ അവസ്ഥയെയോ പരിഹരിച്ച്​ വിജയം കൈവരിക്കുന്നതിലേക്ക് നയിക്കുന്നത്. ഇത്തരമൊരു അടിസ്ഥാനരഹിത വസ്തുത നമ്മളിൽ വർഷങ്ങളായി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയ പ്രവർത്തനം മുഴുവൻ മുണ്ടുടുത്ത്, നിറം മങ്ങിയ ഷർട്ട് ധരിച്ച പുരുഷന്മാർക്കുള്ള കുത്തകയെന്നോണം ആയതിനാൽ പ്രവർത്തകരായ സ്ത്രീകഥാപാത്രങ്ങൾക്ക് സ്‌ക്രീൻ സ്‌പേസ് കുറവാണ്.

ഒന്നാമത്തെ കാര്യം, ഇടത് സംഘടനപ്രവർത്തനം ഒരിക്കലും ഒരു ‘വൺമാൻഷോ' അല്ല. ചേർന്നുള്ള കൂട്ടായ പ്രവർത്തനങ്ങൾ മാത്രമാണ് എല്ലാ കാലത്തും നടപ്പിലാക്കിവരുന്നതും വിജയത്തിലേക്കെത്തുന്നതും. രണ്ടാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, ഇനിയും പാടിക്കേട്ടിട്ടില്ലാത്ത സംഘടനകൾ അകത്തെ സ്ത്രീജീവിതങ്ങളാണ്. രാഷ്ട്രീയ പ്രവർത്തനം മുഴുവൻ മുണ്ടുടുത്ത്, നിറം മങ്ങിയ ഷർട്ട് ധരിച്ച പുരുഷന്മാർക്കുള്ള കുത്തകയെന്നോണം ആയതിനാൽ പ്രവർത്തകരായ സ്ത്രീകഥാപാത്രങ്ങൾക്ക് സ്‌ക്രീൻ സ്‌പേസ് കുറവാണ്.
സമൂഹം അടിച്ചേൽപ്പിക്കുന്ന നിരവധി ഉത്തരവാദിത്വങ്ങളും വാർപ്പ് മാതൃകകളും തരണം ചെയ്താണ് സംഘടനാരംഗത്ത് സ്ത്രീകൾ മുഴുവൻ സമയപ്രവർത്തനത്തിൽ സജീവമാകുന്നത്.

‘സി.ഐ.എ’, ക്ലാസ്​മേറ്റ്​സ്'  എന്നീ സിനിമകളിൽ നിന്ന്
‘സി.ഐ.എ’, ക്ലാസ്​മേറ്റ്​സ്' എന്നീ സിനിമകളിൽ നിന്ന്

കലാലയങ്ങൾക്കകത്തുപോലും ഭൂരിഭാഗം വരുന്ന വിദ്യാർഥിനികളിൽ, ആൺകുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് കടന്നുവരുന്നത് ചെറിയൊരു ശതമാനം മാത്രമാണ്. അതിനുകാരണം മേൽപ്പറഞ്ഞ സാമൂഹികമായ വാർപ്പുമാതൃകകളാണ്. ‘ക്ലാസ്​മേറ്റ്​സി’ലെ സുകുവിനെയും ‘സി.ഐ.എ’യിലെ അജിയേയും പോലെയുള്ള ‘ആണത്തമുള്ള' ആണുങ്ങൾ മാത്രം നേതൃത്വം കൊടുക്കുന്നയിടങ്ങളായി ഇനിയും ഇടത് വിദ്യാർത്ഥി സംഘടനയെ ആവിഷ്‌കരിക്കുന്നത് തീർത്തും അസഹനീയമാണ്.

ബക്കറ്റ് പിരിവും, തോരണം കേട്ടലും, ബോർഡ് എഴുതലും തുടങ്ങി എല്ലാതരം ശാരീരികാധ്വാനമുള്ള ജോലികളിലും ആൺ- പെൺ വ്യത്യാസമില്ലാതെ ഇടപെടലുകളുണ്ട്. പരിപാടികളുടെ നടത്തിപ്പിനാവശ്യമായ ഫണ്ട് തികയാതെ വരുമ്പോൾ സ്വന്തം സാഹസികതയിൽ സ്വർണഭരണങ്ങൾ പണയപ്പെടുത്തി സാമ്പത്തികസഹായം ചെയ്യുന്ന പെൺകുട്ടികൾ പതിവുകാഴ്ചയാണ്. എന്നിരുന്നാലും പ്രവർത്തകരെന്ന ലേബൽ കിട്ടുന്നത് പുരുഷന്മാർക്ക് മാത്രമായി ചുരുങ്ങിപ്പോവുന്നുണ്ട്.

പുരുഷന്മാരെ അപേക്ഷിച്ച് എണ്ണത്തിൽ കുറവുള്ളതുകൊണ്ടും, കുടുംബവ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹികവ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ടും സ്ത്രീകളുടെ സംഘടനാപ്രവർത്തനം ചർച്ച ചെയ്യപ്പെടാതെ പോവുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നു.

ലോകം നിശ്ചലമായിരുന്ന കൊറോണക്കാലത്തും, അതിനു മുൻപത്തെ നിപ്പകാലത്തും അതിർത്തികൾ കടന്നും ശ്രദ്ധിക്കപ്പെട്ട ശൈലജ ടീച്ചറെ പോലെയുള്ള പ്രവർത്തകർ ഒരു സുപ്രഭാതത്തിൽ വളർന്നുവന്നതല്ലെന്നും, വർഷങ്ങളായി അത്തരം നിരവധി സ്ത്രീകളും പെൺകുട്ടികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുകീഴിൽ സജീവമാണെന്നും, വർഷങ്ങളായുള്ള പ്രവർത്തനപരിചയങ്ങളാണ് ഇത്തരത്തിൽ മികവു പുലർത്തുന്നതിലേക്ക് നയിക്കുന്നതെന്നും മനസിലാക്കേണ്ടതുണ്ട്.

പുരുഷന്മാരെ അപേക്ഷിച്ച് എണ്ണത്തിൽ കുറവുള്ളതുകൊണ്ടും, കുടുംബവ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹികവ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ടും സ്ത്രീകളുടെ സംഘടനാപ്രവർത്തനം ചർച്ച ചെയ്യപ്പെടാതെ പോവുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നു. അതൊരിക്കലും കഴിവുറ്റ സ്ത്രീകൾ പ്രവർത്തന മേഖലയിലില്ല എന്ന വാദത്തിലേക്ക് നയിക്കുന്നില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അനഘ കെ.പി.

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റിയിൽ എം.സി.ജെ. വിദ്യാർത്ഥിനി. എസ്. എഫ്. ഐ മുൻ ഏരിയ കമ്മിറ്റി അംഗം. കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജ് മുൻ വൈസ് ചെയർപേഴ്സ​ൺ.

Comments