Photo : Dr.T.M Thomas Isaac FB Page

കുടുംബശ്രീയുടെ
കാൽനൂറ്റാണ്ട്​

ദാരിദ്ര്യത്തിന്​ രാഷ്​ട്രീയ പരിഹാരവഴി വെട്ടിയ കഥ

ലക്ഷക്കണക്കിന്​ കുടുംബങ്ങളുടെ നിലനിൽപ്പും പ്രതിരോധവും ആയുധവുമായി മാറിയ കുടുംബശ്രീ എന്ന സംവിധാനം കാൽനൂറ്റാണ്ട്​ പിന്നിട്ടു. കേരളത്തിന്റെ സമീപകാല സാമൂഹികവികാസമുന്നേറ്റത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേടാണ്​ കുടുംബശ്രീ. അതിന്റെ ചരിത്രവും കാഴ്ചപ്പാടും രാഷ്​ട്രീയവും വിശകലനം​ ചെയ്യുന്നു.

സാമൂഹ്യ കൂട്ടായ്മയിലൂടെ അവകാശങ്ങൾ നേടിയെടുക്കാനും കരുത്താർജ്ജിക്കാനുമുള്ള ശ്രമങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒന്നായിരുന്നു കുടുംബശ്രീ എന്ന കേരള സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ. വിവിധ മേഖലകളിലെ ജനകീയശ്രമങ്ങളിലെ മുന്നനുഭവങ്ങളിലെ വിജയപരാജങ്ങൾ വിശകലനം ചെയ്ത്, ഗുണപരമായ സമീപനരീതികൾ സ്വാംശീകരിച്ചാണ് കുടുംബശ്രീയുടെ പ്രവർത്തനരീതി രൂപീകരിച്ചത്. ഇന്ന്, സ്ത്രീകൾക്കും പാവപ്പെട്ടവർക്കും ദൃശ്യതയും ശബ്ദവും ഇടവും നൽകിയ കുടുംബശ്രീ ലക്ഷക്കണക്കിന്​ കുടുംബങ്ങളുടെ പ്രതിരോധവും ആയുധവുമായി നിലകൊള്ളുന്നു. ദാരിദ്ര്യനിർമാർജ്ജനം എന്ന ലക്ഷ്യത്തിൽ തുടങ്ങി, സാമൂഹ്യ ശാക്തീകരണത്തിലൂടെ, ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന കുടുംബശ്രീ എന്ന സംവിധാനത്തിന്റെ കാഴ്ചപ്പാടിന്റെയും സംവിധാനത്തിന്റെയും വളർച്ചയുടെ നാൾവഴികളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ ദേശീയതലത്തിൽ

ദാരിദ്ര്യനിർമാർജ്ജനം ലക്ഷ്യമാക്കി ഇന്ത്യാ ഗവണ്മെൻറ്​ സംയോജിത ഗ്രാമീണ വികസന പരിപാടി (ഐ.ആർ.ഡി.പി) പ്രഖ്യാപിയ്ക്കുന്നത് 1978-79 വർഷത്തിലാണ്. 1980-81ൽ ഈ പദ്ധതി എല്ലാ ബ്ലോക്കുകളിലും നടപ്പിലാക്കി. ഗ്രാമീണമേഖലയിലെ ബി.പി.എൽ കുടുംബങ്ങൾക്ക്​ സ്ഥിരം തൊഴിലും, വരുമാനവും ഉറപ്പാക്കി ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിയ്ക്കുക എന്നതായിരുന്നു പദ്ധതിലക്ഷ്യം. ദരിദ്രർക്ക് തൊഴിലവസരം പ്രദാനം ചെയ്യുന്നതോടൊപ്പം ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനും നൈപുണ്യം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും പദ്ധതിയിലൂടെ നൽകാൻ ശ്രമിച്ചു. പാരമ്പര്യത്തൊഴിലുകളിലേർപ്പെട്ടവർ, കർഷകർ, പട്ടികജാതി- പട്ടിക വർഗക്കാർ, 11,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ എന്നിവരെയാണ് പ്രധാനമായും പദ്ധതി ലക്ഷ്യമിട്ടത്.

ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾ മാത്രമുള്ള സ്വയം സഹായ സംഘങ്ങളിൽ നിന്ന്​ വ്യത്യസ്തമായി, ഒന്നു കൈ കൊട്ടിയാൽ കേൾക്കുന്ന ദൂരത്തിലുള്ള അയൽപ കുടുംബങ്ങളെയാണ് കുടുംബശ്രീ പരിഗണിച്ചത്

ദാരിദ്ര്യനിർമാർജ്ജനത്തിന്​ സാമ്പത്തിക സഹായം നൽകുക എന്ന കാഴ്ചപ്പാടാണ് അടിസ്ഥാനപരമായി പദ്ധതി മുന്നോട്ടുവെച്ചത്. ഐ.ആർ.ഡി.പിയുടെ ഭാഗമായി 1982-ൽ ഗ്രാമീണമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിന്​ ആരംഭിച്ച ഡവലപ്​മെൻറ്​ ഓഫ്​ വിമൻ ആൻറ്​ ചിൽഡ്രൻ ഇൻ റൂറൽ ഏരിയാസ്​(Development of Women and Children in Rural Areas- DWCRA), 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള ഗ്രാമീണ യുവാക്കൾക്ക് സാങ്കേതികവും സംരംഭകത്വപരവുമായ നൈപുണ്യപരിശീലനം നൽകുന്ന ട്രെയിനിങ്​ ഓഫ്​ റൂറൽ യൂത്ത്​ ഫോർ സെൽഫ്​ എംപ്ലോയ്​മെൻറ്​ (Training of Rural Youth for Self Employment- TRYSEM), ഗ്രാമീണ കൈത്തൊഴിലാളികൾക്കുള്ള മെച്ചപ്പെട്ട ടൂൾ കിറ്റുകളുടെ വിതരണം ചെയ്യുന്ന ‘സിത്ര’ (Supply of Improved Tool-Kits to Rural Artisans- SITRA), ഭൂഗർഭജല സാധ്യത പ്രയോജനപ്പെടുത്തി ജലസേചനം ലഭ്യമാക്കുന്ന ഗംഗാ കല്യാൺ യോജന (GKY), ഭൂരഹിത ഗ്രാമീണർക്ക് പിന്തുണ നൽകുന്ന എൻ.ആർ.ഇ.പി (NATIONAL RURAL EMPLOYMENT PROGRAMME) യുടെ ഉപഘടകമായ MWS (Million Wells Scheme) എന്നീ പദ്ധതികളെല്ലാം കൂട്ടിച്ചേർത്ത് 1999-ൽ സ്വർണജയന്തി ഗ്രാം സ്വരോസ്ഗർ യോജന (SGSY) ആരംഭിച്ചു.

photo: Kudumbashree, fb page

ഇതിനുമുൻപുതന്നെ, 1997-ൽ നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ച് സ്വർണജയന്തി ഷഹാരി റോസ്ഗർ യോജന (SJSRY) ആരംഭിച്ചിരുന്നു. നഗരദാരിദ്ര്യത്തെ ഗ്രാമീണ ദാരിദ്ര്യത്തിൽനിന്ന് വ്യത്യസ്തമായി കാണേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിൽ നിന്നാണ് നഗരപ്രദേശങ്ങൾക്കുമാത്രമായി പ്രത്യേക പദ്ധതികൾ രൂപപ്പെട്ടത്. നഗരങ്ങളിലെ തൊഴിലില്ലാത്തവർക്ക്​ തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നെഹ്റു റോസ്ഗർ യോജന (NRY), സാമൂഹ്യലക്ഷ്യങ്ങളിൽ ഊന്നൽ നൽകിക്കൊണ്ടുള്ള UBSP എന്നിവ നഗര കേന്ദ്രീകൃത പദ്ധതികളായിരുന്നു. ഈ പദ്ധതികൾ (NRY, UBSP, PMIUPEP) സംയോജിപ്പിച്ചാണ് സ്വർണ ജയന്തി ഷഹാരി റോസ്ഗർ യോജന (SJSRY) ആരംഭിക്കുന്നത്. സ്വയം തൊഴിൽ സംരംഭങ്ങൾ വഴിയോ വേതനാധിഷ്​ഠിത തൊഴിൽ നൽകുന്നതിലൂടെയോ നഗരങ്ങളിലെ തൊഴിൽരഹിതർക്ക് സ്ഥിരവരുമാനമുള്ള തൊഴിൽ നൽകുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെ സർക്കാർ പിന്തുണയോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിച്ച്​ദാരിദ്ര്യമില്ലാതാക്കുക എന്ന സമീപനമാണ് കുടുംബശ്രീ മുന്നോട്ടുവെച്ചത്.

മുൻകാല പദ്ധതികളെ അപേക്ഷിച്ച് എസ്.ജി.എസ്.വൈ, എസ്.ജെ.എസ്.ആർ.വൈ പദ്ധതികളുടെ പ്രത്യേകത, അവ സ്വയംസഹായ സംഘങ്ങൾക്ക് പ്രാധാന്യം നൽകി എന്നതാണ്. ദരിദ്രരുടെ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുക, അവർക്ക് പരിശീലനം നൽകുക, സ്വയംതൊഴിൽ ആരംഭിക്കാനുള്ള പിന്തുണ നൽകുക, തൊഴിലവസരം സൃഷ്ടിക്കുക എന്നിവ ഈ പദ്ധതികളുടെ ഭാഗമായിരുന്നു. വ്യക്തിഗത ആനുകൂല്യങ്ങളിൽ നിന്ന്​ വ്യത്യസ്തമായി, കൂട്ടായ്മകളുണ്ടാക്കി പിന്തുണ നൽകുക എന്ന രീതിയിലേയ്ക്കുള്ള ഈ മാറ്റം ആശാവഹമായിരുന്നെങ്കിലും ഈ ശ്രമങ്ങളും ഉദ്യോഗസ്ഥ കേന്ദ്രീകൃത രീതിയിലേയ്ക്കു പരിണമിച്ചതിനാൽ വേണ്ടത്ര ലക്ഷ്യം കണ്ടിരുന്നില്ല.

ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളും സ്വയംസഹായ സംഘങ്ങളും കേരളത്തിൽ

കമ്യൂണിറ്റി ഡെവലപ്മെൻറ്​ സൊസൈറ്റി (സി.ഡി.എസ്) എന്ന ആശയവും ഘടനയും കേരളം കൈക്കൊണ്ടത് പ്രധാനമായും യൂനിസെഫ് പിന്തുണയോടെ നടപ്പാക്കിയ അർബൻ ബേസിക് സർവീസസ് (യു.ബി.എസ്), അർബൻ ബേസിക് സർവീസസ് ഫോർ ദി പുവർ (യു.ബി.എസ്.പി) പദ്ധതികളിൽ നിന്നാണ്. ചേരികൾ കേന്ദ്രീകരിച്ചു നടപ്പിലാക്കിയ യു.ബി.എസ് പ്രോഗ്രാമിന്റെ ഒരു വിപുലീകരണമായിരുന്നു UBSP. സാമൂഹ്യാധിഷ്ടിത സംഘടനയിലും പ്രാദേശികാസൂത്രണത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

നഗര ദരിദ്രരുടെയും, അവരിൽത്തന്നെ പ്രത്യേകമായി സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമിട്ട് യു.ബി.എസ് പദ്ധതി കേന്ദ്രസർക്കാർ ആവിഷ്‌കരിക്കുന്നത് 1986-87 വർഷങ്ങളിലാണ്. ആലപ്പുഴ, എറണാകുളം ജില്ലകളിലെ 13 നഗരപ്രദേശങ്ങളിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ പദ്ധതി നടപ്പിലാക്കിയത്. തുടർന്ന്, നാഷണൽ അർബനൈസേഷൻ കമീഷൻ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് യു.ബി.എസ് പദ്ധതി വിപുലീകരിച്ച് യു.ബി.എസ്.പി പദ്ധതി നടപ്പിലാക്കുന്നത്. 1992-93 വർഷങ്ങളിൽ സംസ്ഥാനത്തെ 16 നഗരപ്രദേശങ്ങളിൽ യു.ബി.എസ്.പി നടപ്പിലാക്കി. ചേരികളിൽ നിന്ന് നഗരപ്രദേശത്തെ എല്ലാ ദരിദ്രരിലേക്കും പ്രവർത്തന മേഖല വ്യാപിപ്പിച്ചു എന്നതായിരുന്നു പ്രധാന വ്യത്യാസം.

സാമൂഹ്യ സംഘടനാ സംവിധാനമായ സി.ഡി.എസിന്റെ രജിസ്​ട്രേഷൻ, കമ്യൂണിറ്റി ഒർഗനൈസർമാരുടെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പ്രതിപാദിച്ച്​യു.ബി.എസ്.പിയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്നു. ഈ മാർഗനിർദ്ദേശത്തിലാണ് നഗര ദാരിദ്ര്യ ലഘൂകരണ (യു.പി.എ) സെൽ രൂപീകരണം എന്ന ആശയം ആദ്യമായി വന്നത്. UBSP, NRY, Low Cost Sanitation, UBSP തുടങ്ങിയ നഗര ദാരിദ്ര്യ നിർമാർജ്ജന പദ്ധതികൾ ഏകോപിപ്പിക്കുക എന്നതായിരുന്നു യു.പി.എ സെല്ലിലൂടെ ലക്ഷ്യമിട്ടത്. നഗരസഭയുടെ തനതു വരുമാനത്തിന്റെ രണ്ടു ശതമാനം ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനങ്ങൾക്ക്​ മാറ്റിവെക്കുകയും ഈ പ്രവർത്തനങ്ങൾ ഫെസിലിറ്റേറ്റ് ചെയ്യാൻ യു.പി.എ സെൽ സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു കാഴ്ചപ്പാട്.
ഇതിനെത്തുടർന്ന് വിവിധ ദാരിദ്ര്യ നിർമാർജ്ജന മാതൃകകൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി. അയൽപക്ക ഗ്രൂപ്പുകൾ (NHGs), അയൽപക്ക കമ്മിറ്റികൾ (NHCs), കമ്യൂണിറ്റി ഡെവലപ്മെൻറ്​ സൊസൈറ്റികൾ (സി.ഡി.എസ്) എന്നിങ്ങനെയുള്ള സംഘടനാ സംവിധാനം ഈ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞുവെക്കുന്നുണ്ട്. ആസൂത്രണത്തിലും നിർവഹണത്തിലും പ്രാദേശിക പങ്കാളിത്തം എന്ന ആശയം മുന്നോട്ടുവെക്കുമ്പൊഴും പ്രവർത്തനങ്ങൾ മിക്കപ്പോഴും ഉദ്യോഗസ്ഥ കേന്ദ്രീകൃതമായിരുന്നു.

ദാരിദ്ര്യരേഖക്കുതാഴെ എന്ന പൊതുസമീപനത്തിൽനിന്ന്​ വ്യത്യസ്തമായി സാമൂഹ്യ സാഹചര്യങ്ങളുടെ വിശകലനത്തിലൂടെ, സാമൂഹ്യ പങ്കാളിത്തത്തിലൂടെ, ആരാണ്​ ദരിദ്രർ എന്നു കണ്ടെത്താനും അവരുടെ ദാരിദ്ര്യം ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ആലപ്പുഴയിൽ നടന്നത്.

ആലപ്പുഴ മാതൃക

പ്രാദേശികാവശ്യങ്ങൾ തിരിച്ചറിയൽ, ആസൂത്രണം, മുൻഗണന നിശ്ചയിക്കൽ, നിർവഹണം, വിലയിരുത്തൽ തുടങ്ങി എല്ലാ ഘട്ടങ്ങളിലും സാമൂഹ്യ പങ്കാളിത്തം എന്ന ആശയമായിരുന്നു യു.ബി.എസ്.പി യുടെ അടിസ്ഥാന തത്വം. എങ്കിലും സ്ത്രീപങ്കാളിത്തം ഈ പ്രാദേശികാസൂത്രണ പ്രക്രിയയിൽ കുറവായിരുന്നു എന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് യുനിസെഫ് പിന്തുണയോടെ സാമൂഹ്യാധിഷ്ടിതമായ ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കുന്നത്. സാമൂഹ്യ സംഘടനക്ക് പുതിയ രൂപവും ദിശയും പകരാൻ ഈ പ്രവർത്തനം സഹായിച്ചു.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം നഗരങ്ങളെ യുനിസെഫ് പ്രത്യേകമായി തെരഞ്ഞെടുക്കുകയും ഉദ്യോഗസ്ഥർ, കമ്യൂണിറ്റി ഓർഗനൈസർമാർ, കൗൺസിലർമാർ, മുനിസിപ്പാലിറ്റികളിൽ രൂപീകരിച്ച യു.പി.എ പ്രോജക്ട് സെൽ ഉദ്യോഗസ്ഥർ എന്നിവർക്ക് പരിശീലനം നൽകുന്നതിന് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.

ഈ പശ്ചാത്തലത്തിൽ, യൂനിസെഫ്​ 1991-92 വർഷങ്ങളിൽ ആലപ്പുഴയിൽ ഒരു കമ്യൂണിറ്റി അധിഷ്ഠിത പോഷകാഹാര പരിപാടിക്ക്​ (കമ്യൂണിറ്റി ബേസ്ഡ് ന്യൂട്രീഷൻ പ്രോഗ്രാം- CBNP) തുടക്കം കുറിക്കുകയും അത് യു.ബി.എസ്​.പിയുമായി സംയോജിപ്പിക്കുകയും ചെയ്തു. ആലപ്പുഴയിലെ പോഷകാഹാര പ്രശ്നങ്ങളിൽ യു.ബി.എസ്​.പി ഇടപെടലിനെ ബോധവത്കരിക്കാനുള്ള ഒരു പൈലറ്റ് പ്രവർത്തനമായിരുന്നു ഇത്. ഈ സംയുക്ത ഇടപെടലിന്റെ ഭാഗമായി 1987-88 വർഷം മുതൽ നഗരത്തിൽ നടപ്പിലാക്കിയിരുന്ന അർബൻ ബേസിക് സർവീസസ് പ്രോഗ്രാം വിലയിരുത്തുന്നതിന്​, വിശദമായ സാമൂഹ്യ സർവേ നടത്തി ദാരിദ്ര്യസൂചിക എന്ന രീതിയിൽ ഒമ്പത് ഘടകങ്ങളുടെ പട്ടിക തയ്യാറാക്കി. ഈ ഒമ്പത് ഘടകങ്ങളിൽ നാലെണ്ണമുള്ള ഏതൊരു കുടുംബത്തെയും ദരിദ്രരായി കണക്കാക്കാം എന്നതായിരുന്നു മാനദണ്ഡം. പ്രാദേശികമായി പോഷകാഹാരക്കുറവിനും രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമായ ഘടകങ്ങളെ തിരിച്ചറിയാൻ പ്രാപ്തമാക്കുന്ന ലളിതമായ നടപടി വികസിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.

സാമൂഹ്യ പങ്കാളിത്തത്തിലൂടെ, ആരാണ്​ ദരിദ്രർ എന്നു കണ്ടെത്താനും അവരുടെ ദാരിദ്ര്യം ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ആലപ്പുഴയിൽ നടന്നത്./ / Photo : Dr.T.M Thomas Isaac, FB Page

ഇതിന്റെ തുടർച്ചയായി ദാരിദ്ര്യനിർമാർജ്ജനത്തിന്​ വരുമാനദായക പ്രവർത്തനങ്ങൾ എന്നതിനുമപ്പുറത്തേയ്ക്ക് മറ്റു സാമൂഹ്യഘടകങ്ങളിൽ ഇടപെടുന്ന രീതി കൈക്കൊണ്ടു. ജനപങ്കാളിത്തത്തോടെ കുട്ടികളുടെയും സ്ത്രീകളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ആരോഗ്യസംരക്ഷണം, ആരോഗ്യ വിദ്യാഭ്യാസം, ബോധവൽക്കരണം, കുടിവെള്ളം, ടോയ്​ലറ്റ്​, സ്ത്രീകൾക്ക് സ്വയം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഡ്രെയിനേജ്, വൈദഗ്ധ്യപരിശീലനങ്ങൾ, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ്​, ശുചിത്വം, കുട്ടികളുടെ വിദ്യാഭ്യാസം, പാർപ്പിടം എന്നിങ്ങനെ നിരവധി മേഖലകളിൽ ഇടപെട്ടുകൊണ്ടായിരുന്നു ദാരിദ്ര്യം ഇല്ലാതാക്കാൻ ശ്രമിച്ചത്.

ദാരിദ്ര്യരേഖക്കുതാഴെ എന്ന പൊതുസമീപനത്തിൽനിന്ന്​ വ്യത്യസ്തമായി സാമൂഹ്യ സാഹചര്യങ്ങളുടെ വിശകലനത്തിലൂടെ, സാമൂഹ്യ പങ്കാളിത്തത്തിലൂടെ, ആരാണ്​ ദരിദ്രർ എന്നു കണ്ടെത്താനും അവരുടെ ദാരിദ്ര്യം ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ആലപ്പുഴയിൽ നടന്നത്. ദരിദ്രകുടുംബങ്ങളെ സംഘടിപ്പിച്ച് അയൽപക്ക ഗ്രൂപ്പുകൾ രൂപീകരിച്ചു. ഓരോ അയൽപക്കഗ്രൂപ്പിലും 20നും 45 നും ഇടയിൽ അംഗങ്ങളുണ്ടായിരുന്നു. ഓരോ അയൽപക്കഗ്രൂപ്പിൽ നിന്നും അയൽപക്ക കമ്മിറ്റിയായി അഞ്ചംഗകമ്മിറ്റിയെ തെരഞ്ഞെടുത്തു (NHGC). വാർഡ് തലത്തിൽ ഇവയുടെ ഫെഡറേഷനായി എ.ഡി.എസും നഗരസഭാതലത്തിൽ സി.ഡി.എസും രൂപീകരിച്ചു. സി.ബി.എൻ.പി/യു. ബി. എസ്. പി പദ്ധതി ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവർ ഈ പ്രക്രിയയിൽ കാര്യമായ പങ്കുവഹിച്ചു. ഈ സാമൂഹ്യ സംഘടനാ സംവിധാനങ്ങളുടെ രൂപീകരണവും മറ്റു ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളുമായുള്ള ഏകോപനവും നഗരസഭയുടെ നേതൃത്വത്തിലായിരുന്നു.

ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നിർവഹണത്തിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു എന്നതാണ് ആലപ്പുഴ മാതൃകയുടെ പ്രധാന നേട്ടം. അയൽപക്ക ഗ്രൂപ്പുകൾ പ്രാദേശികാവശ്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ മൈക്രോപ്ലാനുകൾ സംയോജിപ്പിച്ച് മിനിപ്ലാനുകൾ രൂപീകരിച്ചു. ഈ പ്ലാനുകൾ സി.ഡി. എസ്സുകളിൽ ക്രോഡീകരിച്ച് ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതികൾ തയ്യാറാക്കി. അയൽപക്ക ഗ്രൂപ്പുകൾ ഇവിടെ പ്രാദേശിക തലത്തിൽ ആസൂത്രണ പ്രക്രിയയിൽ പങ്കാളികളാവുകയും ഒപ്പം ലഘുസമ്പാദ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

ആലപ്പുഴ മോഡൽ നഗരകേന്ദ്രീകൃതമായിരുന്നെങ്കിൽ മലപ്പുറത്ത് ഗ്രാമങ്ങളെക്കൂടി ഉൾപ്പെടുത്തി. ജില്ലാതലത്തിൽ രജിസ്റ്റർ ചെയ്ത സി.ഡി.എസ് ഉൾപ്പെടെ പഞ്ചതല സംഘടനാ സംവിധാനമായിരുന്നു മലപ്പുറം മോഡലിന്റെ പ്രത്യേകത.

വകുപ്പുകളെയും ഏജൻസികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനും ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനങ്ങൾ സംയോജിതരീതിയിൽ നടപ്പിലാക്കാനുമുള്ള ശ്രമം ഫലം കണ്ടു എന്നതാണ് ആലപ്പുഴയിൽ നടപ്പിലാക്കിയ ജനകീയരീതിയുടെ മറ്റൊരു നേട്ടം. ഈ മാതൃകയിൽ നിന്ന്​പ്രചോദനമുൾക്കൊണ്ടാണ് ഇന്ത്യ ഗവൺമെന്റ്‌​, സ്വർണജയന്തി ഷഹാരി റോസ്ഗർ യോജനയുടെ മുന്നൊരുക്ക പ്രവർത്തനങ്ങളിൽ സി.ബി.എൻ.പി മാതൃക ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
1993-ൽ സംസ്ഥാന യു.ബി.എസ്.പി സെല്ലും ആലപ്പുഴ യു.ബി.എസ്.പി സെല്ലും ചേർന്നു തയ്യാറാക്കിയ കമ്യൂണിറ്റി ഡെവലപ്മെന്റ്‌​ സൊസൈറ്റിയുടെ മാതൃകാ ബൈലോക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. 1993 ഫെബ്രുവരി 6-ന് ആലപ്പുഴയിൽ കമ്യൂണിറ്റി ഡെവലപ്മെന്റ്‌​ സൊസൈറ്റി നിലവിൽ വന്നു. അതുവരെ പരിമിതമായ തോതിൽ മാത്രം പ്രവർത്തിച്ചു വന്ന സംഘടനാ സംവിധാനം ഇതിലൂടെ ഔപചാരിക സംവിധാനമായി.

ഇതേത്തുടർന്നാണ് 1994-ൽ നഗരസഭകളുടെ തനതു വരുമാനത്തിന്റെ രണ്ടു ശതമാനം ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്കായി വകയിരുത്താനുള്ള സർക്കാർ ഉത്തരവും യു.പി.എ സെല്ലും നിലവിൽ വരുന്നത്. 1995ൽ ഐക്യരാഷ്ട്രസഭയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായുള്ള സാമൂഹ്യ സംഘടനാ അവാർഡിന്​ ആലപ്പുഴ നഗരസഭാ സി.ഡി.എസ് അർഹമായി. (We, the Peoples: 50 Communities Award).

മലപ്പുറം മാതൃക

ആലപ്പുഴ നഗരസഭയിൽ നടപ്പിലാക്കിയ അർബൻ ബേസിക് സർവീസസ്- കമ്യൂണിറ്റി ബേസ്ഡ് ന്യൂട്രീഷൻ (UBSP/ CBNP) സംയുക്ത ഇടപെടലിന്റെയും പദ്ധതി നിർവഹണത്തിന്റെയും പാഠമുൾക്കൊണ്ടാണ് 1994-ൽ മലപ്പുറത്ത് കമ്യൂണിറ്റി ബേസ്ഡ് ന്യൂട്രീഷൻ പ്രോഗ്രാം നടപ്പിലാക്കുന്നത്. 1990-91 ലെ സാക്ഷരതാ കാമ്പയിൻ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ജില്ലയാണ് മലപ്പുറം. ഇന്ത്യ ഗവണ്മെന്റിന്റെ കണക്കു പ്രകാരം രാജ്യത്തെ ഏറ്റവും അവികസിതമായ 90 ജില്ലകളിൽ ഒന്നായിരുന്നു എന്നതും പദ്ധതി നടപ്പിലാക്കാൻ മലപ്പുറം തെരഞ്ഞെടുത്തതിന് കാരണമായിരുന്നു. സാക്ഷരതാ കാമ്പയിനിന്റെ ഭാഗമായി പ്രവർത്തിച്ച സന്നദ്ധപ്രവർത്തകരുടെ കൂടി ഇടപെടലിലൂടെയാണ് മലപ്പുറത്ത് പ്രവർത്തനങ്ങൾ ജനകീയമായി നടപ്പിലാക്കിയത്.

മലപ്പുറത്തെ ജനകീയാസൂത്രണക്കാലം / Photo : Dr.T.M Thomas Isaac, FB Page

വികസന പ്രവർത്തനങ്ങളിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ആലപ്പുഴ മോഡൽ നഗര കേന്ദ്രീകൃതമായിരുന്നെങ്കിൽ മലപ്പുറത്ത് ഗ്രാമങ്ങളെക്കൂടി ഉൾപ്പെടുത്തി. ജില്ലാതലത്തിൽ രജിസ്റ്റർ ചെയ്ത സി.ഡി.എസ് ഉൾപ്പെടെ പഞ്ചതല സംഘടനാ സംവിധാനമായിരുന്നു മലപ്പുറം മോഡലിന്റെ പ്രത്യേകത. അയൽക്കൂട്ട തലം, എ.ഡി.എസ് തലം, സി.ഡി.എസ് തലം, ബ്ലോക്ക് തലം, ജില്ലാ തലം എന്നിങ്ങനെയായിരുന്നു മലപ്പുറത്തെ സംഘടനാ സംവിധാനത്തിന്റെ ഘടന.
1995-ൽ യു.പി.എ സെല്ലിന്റെ നേതൃത്വത്തിൽ സി.ഡി.എസ് സംഘടനാ സമീപനം സംസ്ഥാനത്തെ എല്ലാ നഗരപ്രദേശങ്ങളിലേക്കും മലപ്പുറത്തെ എല്ലാ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. ജനകീയ പിന്തുണയോടെ ലഘുസമ്പാദ്യ വായ്പാ പ്രവർത്തനങ്ങളും സംരംഭപ്രവർത്തനങ്ങളും ആരംഭിക്കാനായി. 2000-ൽ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകിയതിനുള്ള കോമൺവെൽത്തിന്റെ അഡ്​മിനിസ്​ട്രേഷൻ ആൻറ്​ മാനേജുമെന്റ്‌​ അവാർഡിന്റെ ഭാഗമായി സ്വർണ മെഡൽ നേടാൻ മലപ്പുറം മാതൃകക്കു സാധിച്ചു.

ദാരിദ്ര്യം എന്നും ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണെന്നും അതിനാൽ സ്ത്രീകളെ കേന്ദ്രീകരിച്ചാവണം ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നുമുള്ള കാഴ്ചപ്പാടിൽനിന്നാണ് ദാരിദ്ര്യ നിർമാർജ്ജനത്തിന്​ സ്ത്രീകളുടെ സംഘടനാ സംവിധാനം എന്ന ആശയം സർക്കാർ മുന്നോട്ടുവെക്കുന്നത്.

കുടുംബശ്രീ എന്ന ആശയം

73, 74 ഭരണഘടനാ ഭേദഗതികൾക്കുശേഷം, 1995 ലാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനുശേഷം, 1996 മെയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ സർക്കാർ നിലവിൽ വന്നു. ഈ സർക്കാർ അധികാര വികേന്ദ്രീകരണത്തിന്​ വലിയ പ്രാധാന്യം നൽകുകയും വാർഷിക പദ്ധതി തുകയുടെ മൂന്നിലൊന്ന് പ്രാദേശിക സർക്കാരുകൾ വഴി വിനിയോഗിക്കുന്നതിന്​ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. ദാരിദ്ര്യനിർമാർജ്ജനത്തിനും അടിസ്ഥാനവിഭാഗം അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനുള്ള കർമപരിപാടി എന്നത് സർക്കാറിന്റെ മുഖ്യ അജണ്ടയായിരുന്നു. ഈ രാഷ്ട്രീയാന്തരീക്ഷമാണ് കുടുംബശ്രീ ആശയ രൂപീകരണത്തിന്റെ പശ്ചാത്തലം.

ദാരിദ്ര്യം എന്നും ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണെന്നും അതിനാൽ സ്ത്രീകളെ കേന്ദ്രീകരിച്ചാവണം ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നുമുള്ള കാഴ്ചപ്പാടിൽനിന്നാണ് ദാരിദ്ര്യ നിർമാർജ്ജനത്തിന്​ സ്ത്രീകളുടെ സംഘടനാ സംവിധാനം എന്ന ആശയം സർക്കാർ മുന്നോട്ടുവെക്കുന്നത്. പാലോളി മുഹമ്മദ് കുട്ടിയായിരുന്നു അന്ന്​തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി. വകുപ്പിന്റെ ചുമതലയേറ്റെടുത്ത നാളുകളിൽ, ജോലിയന്വേഷിച്ച്​ സ്ഥിരമായി മന്ത്രിഓഫീസിൽ വന്നിരുന്ന ഒരു സ്ത്രീയെ ശ്രദ്ധയിൽപ്പെട്ടതായും അത്തരത്തിൽ കഷ്ടതയനുഭവിക്കുന്ന, സ്വന്തം കാലിൽ നിൽക്കാൻ ചെറുതെങ്കിലുമൊരു വരുമാന മാർഗം ആരായുന്ന നിരവധി സ്ത്രീകളുണ്ടെന്നു തിരിച്ചറിഞ്ഞതിന്റെ ഭാഗമായി, ഇവർക്ക്​ പിന്തുണ നൽകാൻ കഴിയുന്ന കർമപരിപാടിയും സംവിധാനവും രൂപപ്പെടുത്തണം എന്ന ആശയം പിറന്നതായും പാലോളി പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്.

അധികാര വികേന്ദ്രീകൃതാസൂത്രണ നടത്തിപ്പിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് പ്രധാനമന്ത്രി മൻമോഹൻസിങ്ങിൽ നിന്നും മന്ത്രി പാലോളിമുഹമ്മദ് കുട്ടിയും തദ്ദേശഭരണവുകുപ്പ് സെക്രട്ടറി എസ്.എം. വിജയാനന്ദും ഏറ്റുവാങ്ങുന്നു

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കേവല ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള ദാരിദ്ര്യനിർമാർജന പദ്ധതിയുടെ സാധ്യത പരിശോധിക്കുന്നതിന്​ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 1997ൽ ഡോ. തോമസ് ഐസക്കായിരുന്നു അധ്യക്ഷൻ. അദ്ദേഹം അന്ന്​ആസൂത്രണ ബോർഡ് അംഗമായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എന്ന നിലയിൽ എസ്. എം. വിജയാനന്ദും നബാർഡ് പ്രതിനിധി എന്ന നിലയിൽ പ്രകാശ് ബക്ഷിയുമായിരുന്നു മറ്റംഗങ്ങൾ.

സംസ്ഥാനത്ത് ദാരിദ്ര്യനിർമ്മാർജ്ജന മിഷന്റെ രൂപീകരണം ശുപാർശ ചെയ്യുന്നത് ഈ ടാസ്‌ക് ഫോഴ്‌സാണ്. അയൽക്കൂട്ടം എന്ന ആശയം, കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഘടന, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രവർത്തനം, സാങ്കേതിക പിന്തുണ നൽകുന്നതിനുള്ള ഔദ്യോഗിക സംവിധാനമായി മിഷന്റെ പ്രവർത്തനം എന്നിവയെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ഈ സമിതി മുന്നോട്ടുവെച്ചു. മലപ്പുറം മാതൃകയിൽ നിന്ന്​വ്യത്യസ്തമായി അയൽക്കൂട്ടം- എ.ഡി.എസ്- സി.ഡി. എസ് എന്ന ത്രിതല സംഘടനാ സംവിധാനം, തദ്ദേശ സ്വയം ഭരണ സ്ഥാപന തലം വരെയുള്ള ഫെഡറേഷനുകൾ, അയൽപക്കം എന്ന കാഴ്ചപ്പാട്, ഒരു കുടുംബത്തിൽ നിന്ന് 18 കഴിഞ്ഞ ഒരു സ്ത്രീയ്ക്ക് അംഗത്വം, എ.പി.എൽ- ബി. പി. എൽ വ്യത്യാസമില്ലാതെയുള്ള കൂട്ടായ്മ എന്നിവയൊക്കെയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ.

ജനകീയാസൂത്രണ പൊതുയോഗത്തിൽ സംസാരിക്കുന്ന പാലോളി മുഹമ്മദ് കുട്ടി / Photo : Dr.T.M Thomas Isaac, FB Page

ഇതെത്തുടർന്നാണ്, 1997-98 ലെ സംസ്ഥാന ബജറ്റിൽ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന ദൗത്യം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. കേവലം ലഘുസമ്പാദ്യ വായ്പാ പ്രവർത്തനങ്ങളല്ല, മറിച്ച് പ്രദേശത്തിന്റെ വികസനത്തിൽ ജനാധിപത്യപ്രക്രിയയിലൂടെ പങ്കാളികളാകുന്ന സൂക്ഷ്മതല സംഘടനാ സംവിധാനമായാണ് കുടുംബശ്രീ വിഭാവനം ചെയ്തത്. അയൽക്കൂട്ടതലത്തിൽതന്നെ ആരോഗ്യം, സാമൂഹ്യ വികസനം, സാമ്പത്തിക വികസനം എന്നീ മേഖലകളിൽ ഇടപെടലുകൾ നടത്തിക്കൊണ്ടുള്ള വികസന കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന രീതിയാണ് ലക്ഷ്യം വെച്ചത്. കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളുടെയും ഏജൻസിയായിരിക്കും കുടുംബശ്രീ സംവിധാനം എന്ന നയപരമായ തീരുമാനം കൂടി സർക്കാർ കൈക്കൊണ്ടു. 1998 മെയ് 17 ന് മലപ്പുറത്ത്​ കുടുംബശ്രീ മിഷൻ ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെട്ടു.

പ്രാദേശിക പദ്ധതി രൂപീകരണത്തിനായി ആരംഭിച്ച ജനകീയാസൂത്രണ കാമ്പയിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും തുടർച്ചയാണ് യഥാർത്ഥത്തിൽ കുടുംബശ്രീ.

വ്യത്യസ്ത ആശയധാരകളും സ്വാധീന ശക്തികളും

അധികാര വികേന്ദ്രീകരണത്തിലൂടെ സ്ത്രീശാക്തീകരണം എന്ന സമീപനം ജനകീയാസൂത്രണത്തിൽ ഉൾച്ചേർന്നിരുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക സർക്കാരുകൾ തയ്യാറാക്കുന്ന പദ്ധതികളിൽ സ്ത്രീകേന്ദ്രീകൃത വികസനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. വനിതാഘടക പദ്ധതി, ഇതു തയ്യാറാക്കുന്നതിനായി പ്രത്യേക വർക്കിംഗ് ഗ്രൂപ്പുകൾ, വിദഗ്ദ്ധ സമിതി, ഗ്രാമസഭയിലും വികസന സെമിനാറുകളിലും സ്ത്രീപങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രത്യേക ശ്രമം, വനിതാ ഘടക പദ്ധതിയിലേക്ക് മാതൃകാ പ്രൊജക്റ്റുകൾ, മാനവീയം സ്ത്രീപദവി പഠനം തുടങ്ങി വ്യത്യസ്ത ഇടപെടലുകളിലൂടെ വികസനപ്രവർത്തനങ്ങളിൽ സ്ത്രീതുല്യത എന്ന സമീപനം ഉറപ്പിക്കാൻ ജനകീയാസൂത്രണ പ്രസ്ഥാനം പ്രത്യേകമായി ശ്രദ്ധിച്ചു. ഇതിന്റെ ഫലമായി, സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം, വനിതാ തൊഴിൽ സംരംഭ വികസനം എന്നീ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നു. ഇതിന്റെ തുടർച്ചയായി കുടുംബശ്രീ രൂപീകരണത്തിനും അയൽക്കൂട്ട ശാക്തീകരണത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ പരിഗണന ലഭിച്ചു. ഈ പശ്ചാത്തലത്തിൽ, പ്രാദേശിക പദ്ധതി രൂപീകരണത്തിനായി ആരംഭിച്ച ജനകീയാസൂത്രണ കാമ്പയിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും തുടർച്ചയാണ് യഥാർത്ഥത്തിൽ കുടുംബശ്രീ.

സ്ത്രീപദവി പഠന പരിപാടിയിയിൽ പി.എം.ആരതി, ശ്രീകല, പി.എം.ആതിര, അഡ്വ. സിന്ധു, അഡ്വ. മാജിദ, ആശാലത എന്നിവർ. / Photo : Dr.T.M Thomas Isaac, FB Page

ഇതു കൂടാതെ, വ്യത്യസ്ത സാഹചര്യങ്ങളിൽ രൂപീകരിയ്ക്കപ്പെട്ട സാമൂഹിക സംഘടനകളുടെ മാതൃകകളുടെ അനുഭവങ്ങൾ കുടുംബശ്രീ ആശയത്തിന് സഹായകമായി. ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടം പ്രദേശത്ത് ഗാന്ധിയനായ പങ്കജാക്ഷക്കുറുപ്പ് രൂപീകരിച്ച തറക്കൂട്ടം- അയൽക്കൂട്ടം-ഗ്രാമക്കൂട്ടം അനുഭവം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. അയൽക്കൂട്ടം എന്ന പദം ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്.

ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടന്ന സാക്ഷരതാ കാമ്പയിന്റെ തുടർച്ചയായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സമത സ്വയം സഹായ സംഘങ്ങൾ കേരളത്തിലുടനീളം രൂപീകരിച്ചിരുന്നു. വികസനത്തിന്റെ അടിസ്ഥാന യൂണിറ്റുകളായി അയൽക്കൂട്ടങ്ങളെ വിഭാവനം ചെയ്തു. പരിഷത്തിന്റെ അയൽക്കൂട്ടരൂപീകരണം പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ നടക്കുന്നത് 1993 ലാണ്. തുടർന്ന്, കണ്ണൂർ ജില്ലയിലെ മയ്യിൽ, കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം, തൃശൂർ ജില്ലയിലെ മാടക്കത്തറ, കോട്ടയം ജില്ലയിലെ കുമരകം, പത്തനംതിട്ട ജില്ലയിലെ മെഴുവേലി, തിരുവനന്തപുരം ജില്ലയിലെ ഉള്ളൂർ എന്നിവിടങ്ങളിൽ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു. പരിഷത്ത് മാതൃകയിൽ അയൽക്കൂട്ടങ്ങൾ പഞ്ചായത്ത് വികസന സമിതികളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. പ്രാദേശികാസൂത്രണത്തിൽ ഈ അയൽക്കൂട്ടങ്ങൾ കാര്യമായ പങ്കു വഹിച്ചു.

ദാരിദ്ര്യനിർമാർജന പദ്ധതിയുടെ സാധ്യത പരിശോധിക്കുന്നതിന്​ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 1997ൽ ഡോ. തോമസ് ഐസക്കായിരുന്നു അധ്യക്ഷൻ. അന്ന് ​ആസൂത്രണ ബോർഡ് അംഗമായിരുന്നു അദ്ദേഹം

ദേശീയ തലത്തിൽ ഇതിനകം രൂപപ്പെട്ടു തുടങ്ങിയിരുന്ന സ്വയം സഹായ സംഘങ്ങളുടെ മാതൃകയും പ്രധാനമാണ്. മിറാൻഡ, പ്രദാൻ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും പങ്ക് സ്വയം സഹായ സംഘങ്ങളുടെ വളർച്ചയിൽ വളരെ വലുതാണ്. പ്രധാനമായും ലഘുസമ്പാദ്യ വായ്പാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഇവ മുന്നോട്ടുപോയത്. പിന്നീട്, 1992-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വാണിജ്യ ബാങ്കുകൾ വഴി സ്വയം സഹായ സംഘങ്ങൾക്ക് വായ്പ നൽകുന്നതിന്​ തീരുമാനമെടുത്തു. ഇതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നബാർഡ് പുറത്തിറക്കി. ആഗോള തലത്തിൽ ഏറ്റവും പാവപ്പെട്ടവർക്ക് കുറഞ്ഞ വ്യവസ്ഥകളിൽ, എന്നാൽ കൂട്ടുത്തരവാദിത്തത്തിൽ, വായ്പ നൽകിയ ഗ്രാമീൺ ബാങ്ക് മാതൃകയും പ്രധാന സ്വാധീനശക്തിയാണ്.

പാവപ്പെട്ടവർക്ക് പിന്തുണയും സഹായവും നൽകുന്ന വിവിധ കൂട്ടായ പ്രവർത്തനങ്ങളുടെയും പരസ്പര സഹായത്തിന്റെയും ചരിത്രവും ഒരു പ്രധാനപ്പെട്ട സ്വാധീന ശക്തിയാണ്. ഈ സംഘടനകളും ആശയങ്ങളും കുടുംബശ്രീയ്ക്ക് പ്രോത്സാഹനമായി മാറുകയും കുടുംബശ്രീ നയരൂപീകരണത്തെ സ്വാധീനിയ്ക്കുകയും ചെയ്​തു.

ആഗോള തലത്തിൽ വിവിധ വികസന ഏജൻസികൾ വനിതാ സ്വയം സഹായ സംഘ രൂപീകരണത്തിന് പ്രോത്സാഹനവും സഹായവും നൽകാൻ തുടങ്ങുകയും നബാർഡ് സ്വയം സഹായ സംഘങ്ങൾക്ക് പ്രത്യേക പിന്തുണയും നൽകാൻ തുടങ്ങുകയും ചെയ്​തതോടെ വനിതാ സ്വയം സഹായ സംഘത്തിലധിഷ്ഠിതമായ ദാരിദ്യ ലഘൂകരണ പരിപാടി വ്യാപകമാകാൻ തുടങ്ങി. ഇതേതുടർന്ന് ക്രിസ്​ത്യൻ സഭകളും സന്നദ്ധസംഘടനകളും സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചു. സർക്കാർ പദ്ധതികളൂമായി ചേർന്നില്ലെങ്കിലും ലഘുസമ്പാദ്യ വായ്പാ പ്രവർത്തനങ്ങൾ, ബാങ്ക് ലിങ്കേജ്, സ്വയം തൊഴിൽ സംരംഭങ്ങൾ എന്നീ മേഖലകളിൽ ഇവർ ഇടപെട്ടു പ്രവർത്തിച്ചു. സന്നദ്ധ സംഘടനകളുടെ ഈ രംഗത്തെ പ്രവർത്തനാനുഭവങ്ങളും കുടുംബശ്രീ പ്രവർത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.

പ്രാദേശിക പദ്ധതി രൂപീകരണത്തിനായി ആരംഭിച്ച ജനകീയാസൂത്രണ കാമ്പയിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും തുടർച്ചയാണ് യഥാർത്ഥത്തിൽ കുടുംബശ്രീ

ഇത്തരം അനുഭവങ്ങൾക്കുപുറമെ കേരളത്തിലെ പല പ്രദേശങ്ങളിലും പരമ്പരാഗതമായി തുടർന്നുപോന്ന പരസ്പര സഹായ പ്രവർത്തനങ്ങളായ കുറിക്കല്ല്യാണം, അരിച്ചിട്ടി, നാളികേരച്ചിട്ടി, ഞായാറാഴ്ചച്ചിട്ടി, 1920-കളിൽ ഊരാളുങ്കൽ പ്രദേശത്തു രൂപപ്പെട്ട കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം തുടങ്ങി പാവപ്പെട്ടവർക്ക് പിന്തുണയും സഹായവും നൽകുന്ന വിവിധ കൂട്ടായ പ്രവർത്തനങ്ങളുടെയും പരസ്പര സഹായത്തിന്റെയും ചരിത്രവും ഒരു പ്രധാനപ്പെട്ട സ്വാധീന ശക്തിയാണ്. ഈ സംഘടനകളുടെയും ആശയങ്ങളുടെയും പ്രവർത്തനാനുഭവങ്ങളും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ സർക്കാർ സ്വീകരിച്ച പങ്കാളിത്താധിഷ്ഠിത വികസന സമീപനം കാഴ്ചവെച്ച വിജയവും കുടുംബശ്രീയ്ക്ക് പ്രോത്സാഹനമായി മാറുകയും കുടുംബശ്രീ നയരൂപീകരണത്തെ സ്വാധീനിയ്ക്കുകയും ചെയ്​തു.

ജനകീയാസൂത്രണത്തിന്റെ സ്വാധീനം

ജനകീയാസൂത്രണം സൃഷ്ടിച്ച വികസനാന്തരീക്ഷം എപ്രകാരമാണ് കുടുംബശ്രീ രൂപീകരണത്തെ സഹായിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചു. തുടർന്നുള്ള വളർച്ചയുടെ ആദ്യഘട്ടങ്ങളിലും ജനകീയാസൂത്രണത്തിന്റെ വിജയ മാതൃകകൾ പിന്തുടർന്നാണ് സംഘടനാ സംവിധാനം വേരുപിടിച്ചത്.

ജനകീയാസൂത്രണപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 262 പഞ്ചായത്തുകളിലേയ്ക്ക് കുടുംബശ്രീ വ്യാപിപ്പിക്കുന്നത് 2000ലാണ്. ഇത് പ്രസ്തുത പഞ്ചായത്തുകൾക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു.

1998 ൽ കുടുംബശ്രീ പ്രഖ്യാപനം നടത്തുമ്പോൾ, 94 ഗ്രാമപഞ്ചായത്തുകളിലും 59 നഗരസഭകളിലുമാണ് സി.ഡി.എസ് സംവിധാനം ഉണ്ടായിരുന്നത്. ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ അയൽക്കൂട്ട രൂപീകരണം നടന്നിരുന്നു. കയ്യൂർ, മടിക്കൈ, ഒളവണ്ണ, മഞ്ചേരി, അകത്തേത്തറ, ചെല്ലാനം, മെഴുവേലി, മറ്റത്തൂർ, കഞ്ഞിക്കുഴി, ആലപ്പാട്, ഇട്ടിവ, വിതുര, കരകുളം തുടങ്ങി അനേകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നഴ്‌സറി വിദ്യാഭ്യാസം, കുടിവെള്ളം, സംരംഭ വികസനം, ജനകീയ വിദ്യാഭ്യാസം, കൃഷി, മഴവെള്ള സംഭരണം, പച്ചക്കറി ഉല്പാദനം, ലഹരിവിരുദ്ധ പ്രവർത്തനം, കക്കൂസ് നിർമാണം, വായനശാലാപ്രവർത്തനം, സോഷ്യൽ ഓഡിറ്റ്, തൊഴിൽ സേന, പൊതുഭരണം തുടങ്ങിയ വിവിധ ഇടപെടലുകളുടെ ഭാഗമായി രൂപീകരിച്ച അയൽക്കൂട്ടങ്ങൾ ചില ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു പ്രവർത്തനമാരംഭിച്ച പഞ്ചായത്തുകളും നഗരസഭകളും പങ്കെടുത്ത്​ 1999 ൽ തിരുവനന്തപുരത്ത്​ രണ്ടു ദിവസം നീണ്ട അയൽക്കൂട്ട സംഗമം നടന്നു. രണ്ടായിരത്തോളം പേർ പങ്കെടുത്ത സംഗമത്തിൽ പഞ്ചായത്തുകൾ അനുഭവം പങ്കുവെച്ചു. കൃഷി, മൃഗസംരക്ഷണം, സ്ത്രീശാക്തീകരണം, കുടിവെള്ളം, സാക്ഷരത, സംരംഭ വികസനം തുടങ്ങിയ മേഖലകളിലെ അനുഭവം പങ്കിട്ടു, അയൽക്കൂട്ടപ്രവർത്തനങ്ങളിലൂടെയുള്ള ഇടപെടൽ സാധ്യതകളെക്കുറിച്ച്​ചർച്ച ചെയ്തു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബശ്രീയുടെ ഘടന, പ്രവർത്തന രീതി എന്നിവ സംബന്ധിച്ച് വിവിധ ഗ്രൂപ്പുകളായി ചർച്ച ചെയ്​തു. സംഘടനാ സംവിധാനം, ഭരണസംവിധാനം, ലഘു സമ്പാദ്യ വായ്പാ പ്രവർത്തനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ മേഖല, സാമൂഹ്യ വികസന ഇടപെടലുകൾ, തൊഴിൽ/സംരംഭ വികസന പ്രവർത്തനം, സ്ത്രീ ശാക്തീകരണം, തദ്ദേശസ്വയംഭരണ സ്ഥാപങ്ങളുമായി ചേർന്നുള്ള പ്രവർത്തനം എന്നീ മേഖലകളിലെ കുടുംബശ്രീ ഇടപെടലുകൾ എവ്വിധമായിരിക്കണമെന്ന് പ്രത്യേകമായി ശുപാർശ ചെയ്തു. ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ഭാഗമായും കുടുംബശ്രീ മിഷന്റെ ഭാഗമായും പ്രവർത്തിച്ചിരുന്ന ഡോ. കെ.എൻ. ഹരിലാൽ, ഡോ.ടി.എൻ. സീമ, ജോയ് ഇളമൺ, എൻ. ജഗജീവൻ, ടി. ഗംഗാധരൻ, കേശവൻനായർ, രാമനുണ്ണി, ലത ഭാസ്‌കർ, അയ്യപ്പൻ നായർ, കൃഷ്ണകുമാർ, ലീലാകുമാരി തുടങ്ങിയ വിദഗ്ധരായിരുന്നു ഈ ഗ്രൂപ്പുകളെ നയിച്ചത്. തോമസ് ഐസക്ക്, എസ്.എം. വിജയാനന്ദ് എന്നിവർ സംഗമത്തിന്റെ അവസാന ദിവസം, ഈ ശുപാർശകൾ ക്രോഡീകരിച്ച്​ കുടുംബശ്രീ പ്രവർത്തനങ്ങളുടെ ദിശാഗതി സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പ്രവർത്തന മാർഗ്ഗരേഖ വിപുലീകരിച്ചു തയ്യാറാക്കിയത്.

ജനകീയാസൂത്രണപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 262 പഞ്ചായത്തുകളിലേയ്ക്ക് കുടുംബശ്രീ വ്യാപിപ്പിക്കുന്നത് 2000ലാണ്. ഇത് പ്രസ്തുത പഞ്ചായത്തുകൾക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ കുടുംബശ്രീ രൂപീകരണവും വ്യാപനവും പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുടെ മുഖ്യഘടകമായി അവർ ഏറ്റെടുത്തു. തുടർന്നുള്ള വർഷങ്ങളിൽ ഘട്ടം ഘട്ടമായി മറ്റു പഞ്ചായത്തുകളിലേയ്ക്കും കുടുംബശ്രീ പ്രവർത്തനം വ്യാപിക്കുകയും 2003 ഓടെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ സംഘടനാ സംവിധാനം രൂപീകൃതമാകുകയും ചെത്​തു. ഈ സംഘടനാ സംവിധാനത്തിന്റെ ഭാഗമായ അയൽക്കൂട്ട രൂപീകരണം നടന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്. ഇതിനകം, 1999 ൽ നഗര ദാരിദ്ര്യ നിർമ്മാർജ്ജന സെല്ലുകൾക്ക് സർക്കാർ രൂപം നൽകുകയും നഗരദാദിദ്ര്യ നിർമ്മാർജ്ജനപ്രവർത്തനങ്ങളുടെ നോഡൽ ഏജൻസിയായി കുടുംബശ്രീ സി.ഡി.എസ്​ മാറുകയുമുണ്ടായി.

ദരിദ്രർ ഒന്നിച്ചുകൂടി പരസ്പരം സഹായിച്ച്​ പരിഹരിക്കേണ്ട ഒന്നല്ല ദാരിദ്ര്യമെന്നും മറിച്ച്, സമൂഹത്തിന്റെ വികസന കാഴ്ചപ്പാടിലും രാഷ്ട്രീയ സമീപനത്തിലും വരേണ്ട മാറ്റമാണ് സ്ഥായിയായ ദാരിദ്ര്യനിർമ്മാർജ്ജനത്തിന്റെ കാതൽ എന്നുമായിരുന്നു സർക്കാർ കാഴ്ചപ്പാട്.

ലോകബാങ്കിന്റെ സ്വയം സഹായ സംഘങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ നിന്നു വ്യത്യസ്തമായി, സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനാനുഭവങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുഭവങ്ങളും സമന്വയിപ്പിച്ച്, കേരളത്തിന്റെ സാഹചര്യത്തിനനുസരിച്ച് വികസിപ്പിച്ചാണ് കുടുംബശ്രീയുടെ സംഘടനാ സംവിധാനം രൂപം കൊണ്ടത്. ലോകബാങ്ക്- നവ ലിബറൽ ആശയങ്ങളിൽ നിന്നു രൂപപ്പെട്ട വനിതാ സ്വയം സഹായ സംഘം എന്ന കാഴ്ചപ്പാടിൽ നിന്ന്​ തീർത്തും വിഭിന്നമായ രീതിയും സമീപനവുമാണ് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സവിശേഷത. ദരിദ്രർ ഒന്നിച്ചുകൂടി പരസ്പരം സഹായിച്ച്​ പരിഹരിക്കേണ്ട ഒന്നല്ല ദാരിദ്ര്യമെന്നും മറിച്ച്, സമൂഹത്തിന്റെ വികസന കാഴ്ചപ്പാടിലും രാഷ്ട്രീയ സമീപനത്തിലും വരേണ്ട മാറ്റമാണ് സ്ഥായിയായ ദാരിദ്ര്യനിർമ്മാർജ്ജനത്തിന്റെ കാതൽ എന്നുമായിരുന്നു സർക്കാർ കാഴ്ചപ്പാട്. ഇതിനു സഹായകമായ തരത്തിലുള്ള സമൂഹനിർമിതിയ്ക്കായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ അവരുടേതായ ജീവിതസന്ധാരണ പ്രവർത്തനങ്ങളിലേർപ്പെടുകയും അതിലൂടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രാപ്തി ശക്തിപ്പെടുത്തുകയും ജനാധിപത്യപ്രക്രിയയിൽ പങ്കാളിയാകാനുള്ള കഴിവ് ഉയർത്തുകയും പ്രവർത്തിക്കാനുള്ള വികസന ഇടം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു കുടുംബശ്രീയുടെ അടിസ്ഥാന തത്വം.

കേവലം ലഘുസമ്പാദ്യ വായ്പാ പ്രവർത്തനങ്ങളല്ല, മറിച്ച് പ്രദേശത്തിന്റെ വികസനത്തിൽ ജനാധിപത്യപ്രക്രിയയിലൂടെ പങ്കാളികളാകുന്ന സൂക്ഷ്മതല സംഘടനാ സംവിധാനമായാണ് കുടുംബശ്രീ വിഭാവനം ചെയ്തത്

ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾ മാത്രമുള്ള സ്വയം സഹായ സംഘങ്ങളിൽ നിന്ന്​ വ്യത്യസ്തമായി, ഒന്നു കൈ കൊട്ടിയാൽ കേൾക്കുന്ന ദൂരത്തിലുള്ള അയൽപ കുടുംബങ്ങളെയാണ് കുടുംബശ്രീ പരിഗണിച്ചത് എന്നതും ബി പി എൽ- എ പി എൽ വ്യത്യാസമില്ലാതെയാണ് കുടുംബങ്ങളെ കൂട്ടിച്ചേർത്ത്​ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. ഈ കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെ സർക്കാർ പിന്തുണയോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിച്ച്​ദാരിദ്ര്യമില്ലാതാക്കുക എന്ന സമീപനമാണ് കുടുംബശ്രീ മുന്നോട്ടുവെച്ചത്. നിയോ ലിബറൽ ആശയങ്ങളിൽ നിന്ന്​ വേർപെട്ട്, ഇടതുപക്ഷ സർക്കാർ മുന്നോട്ടു വെച്ച അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും പുതിയ മാതൃകകളായിരുന്നു ഈ വികസന സമീപനത്തിന്റെ പിന്നാമ്പുറങ്ങൾ. ആ അർത്ഥത്തിൽ ജനകീയാസൂത്രണത്തിന്റെ ഒരു ഉപോൽപ്പന്നമായിത്തന്നെ കുടുംബശ്രീയെ വിലയിരുത്താറുണ്ട്. ▮

(തുടരും)


ബിനു ആനമങ്ങാട്

കവി, എഴുത്തുകാരി, പ്രസാധക. കുടുംബശ്രീ മിഷനിൽ ജോലി​ ചെയ്യുന്നു. ​​​​​​​മഴ പെയ്യിയ്ക്കാൻ ആരോ വരുന്നുണ്ട്, ഫിഷ് തെറാപ്പി, ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

എൻ. ജഗജീവൻ

ദീർഘകാലം കുടുംബശ്രീ മിഷനിൽ പ്രോഗ്രാം ഓഫീസറായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്​ മുൻ ജനറൽ സെക്രട്ടറി.

Comments