കുടുംബശ്രീ മിഷൻ ഘടനയും പ്രവർത്തനങ്ങളും
ഡോ. ടി.എം. തോമസ് ഐസക്കിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ടാസ്‌ക് ഫോഴ്‌സ്, ദാരിദ്ര്യ നിർമാർജ്ജന മിഷൻ രൂപീകരണം ശുപാർശ ചെയ്യുകയും തുടർന്ന് സംഘടനാ സംവിധാനം രൂപപ്പെടുത്തുകയും ചെയ്തിരുന്നു. ത്രിതല സംഘടനാ സംവിധാനവും ഘടനയും, തദ്ദേശ സ്വയംഭരണ സ്ഥാപന പങ്കാളിത്തം, അയൽക്കൂട്ടം എന്ന കാഴ്ചപ്പാട്, മിഷൻ പിന്തുണ എന്നിവയെല്ലാം ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശങ്ങളിൽ പെടുന്നു. 10 വർഷം കൊണ്ട് സംസ്ഥാനത്തെ കേവല ദാരിദ്ര്യം ഇല്ലാതാക്കുക എന്നതായിരുന്നു കുടുംബശ്രീ മിഷൻ സ്ഥാപിതമാകുമ്പോഴുണ്ടായിരുന്ന ലക്ഷ്യം.
10 വർഷം കൊണ്ട് സംസ്ഥാനത്തെ കേവല ദാരിദ്ര്യം ഇല്ലാതാക്കുക എന്നതായിരുന്നു കുടുംബശ്രീ മിഷൻ സ്ഥാപിതമാകുമ്പോഴുണ്ടായിരുന്ന ലക്ഷ്യം.
അയൽക്കൂട്ടങ്ങൾ (NHGs), ഏരിയ ഡെവലപ്മെൻറ് സൊസൈറ്റികൾ (ADS), കമ്യൂണിറ്റി ഡെവലപ്മെൻറ് സൊസൈറ്റികൾ (CDS) എന്നിവ അടങ്ങുന്നതാണ് കുടുംബശ്രീയുടെ സാമൂഹ്യ സംഘടനാസംവിധാനം. ഈ സംവിധാനത്തിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിനാവശ്യമായ പിന്തുണ നൽകുന്ന രീതിയിലാണ് മിഷൻ വിഭാവനം ചെയ്തത്.
1955ലെ ട്രാവൻകൂർ- കൊച്ചി ലിറ്റററി സയൻറിഫിക് ആൻറ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം, 1998 ലാണ് സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ രജിസ്റ്റർ ചെയ്യുന്നതും കുടുംബശ്രീ എന്ന് പേരു നൽകുന്നതും. തുടർന്ന്, സംസ്ഥാന യു.പി.എ സെൽ, കുടുംബശ്രീ മിഷനുമായി ലയിപ്പിക്കുകയും എല്ലാ ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനങ്ങളും മിഷനെ ഏല്പിക്കുകയും ചെയ്തു. തുടർന്ന്കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ദാരിദ്ര്യ നിർമാർജ്ജന പദ്ധതികളുടെ നോഡൽ ഏജൻസിയായി കുടുംബശ്രീയെ അംഗീകരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംഘടനാ സംവിധാനത്തെ പിന്തുണക്കാനാണ് ഔദ്യോഗിക സംവിധാനം. ഈ സംവിധാനം സ്ത്രീശാക്തീകരണത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വേണ്ടി നിലകൊള്ളുകയും സാമ്പത്തിക- സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു.
സംസ്ഥാന തലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായ ഗവേണിംഗ് ബോഡിയും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും കുടുംബശ്രീ മിഷനുണ്ട്. ഭരണപരമായ വിഷയങ്ങളിൽ മേൽനോട്ടം വഹിക്കാൻ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർപേഴ്‌സണും കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൺവീനറുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുണ്ട്. കൂടാതെ, സംസ്ഥാന മിഷനും 14 ജില്ലാ മിഷനുകളും അടങ്ങുന്നതാണ് മിഷന്റെ ഔദ്യോഗിക ഘടന.
രാജ്യത്ത് പലയിടങ്ങളിലും നിലനിൽക്കുന്ന സ്വയംസഹായസംഘങ്ങൾ എന്ന ആശയത്തിന്റെ സ്വാധീനമുള്ളപ്പോഴും ഇതിൽനിന്ന് ഭിന്നമാണ് കുടുംബശ്രീയുടെ അയൽക്കൂട്ടം എന്ന സങ്കല്പം. അയൽപക്ക ഗ്രൂപ്പുകളായി രൂപീകരിക്കുമ്പോൾ സംഭവിക്കുന്ന വ്യത്യസ്തതകളുടെ സമ്മേളനം ഇവിടെ സംഭവിക്കുന്നു.
രാജ്യത്ത് പലയിടങ്ങളിലും നിലനിൽക്കുന്ന സ്വയംസഹായസംഘങ്ങൾ എന്ന ആശയത്തിന്റെ സ്വാധീനമുള്ളപ്പോഴും ഇതിൽനിന്ന് ഭിന്നമാണ് കുടുംബശ്രീയുടെ അയൽക്കൂട്ടം എന്ന സങ്കല്പം. അയൽപക്ക ഗ്രൂപ്പുകളായി രൂപീകരിക്കുമ്പോൾ സംഭവിക്കുന്ന വ്യത്യസ്തതകളുടെ സമ്മേളനം ഇവിടെ സംഭവിക്കുന്നു. ജാതി- മത ഭേദമില്ലാതെ അയൽപക്കം എന്ന ഒറ്റ നൂലിലാണ് കുടുംബശ്രീ സംഘടനാ സംവിധാനം. മാത്രമല്ല, പ്രാദേശികാസൂത്രണത്തിന്റെയും വികസനപ്രവർത്തനങ്ങളുടെയും ഇടങ്ങൾ കൂടിയായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മാറുന്നുണ്ട്.
ഭൂമിശാസ്ത്രപരമായി അടുത്തുകിടക്കുന്ന കുടുംബത്തിലെ സ്ത്രീകൾ ചേർന്ന് അയൽക്കൂട്ട രൂപീകരണം നടത്തുന്നു. വാർഡ് തലത്തിൽ ഈ അയൽക്കൂട്ടങ്ങൾ ഫെഡറേറ്റ് ചെയ്യുന്ന എ.ഡി.എസ് സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ ഫെഡറേറ്റ് ചെയ്യുന്ന സി.ഡി.എസ് സംവിധാനവുമാണ് കുടുംബശ്രീയുടെ സാമൂഹ്യഘടനയിൽ ഉൾപ്പെടുന്നത്.
വ്യത്യസ്തങ്ങളായ പ്രവർത്തനമേഖലകൾ
ജനകീയാസൂത്രണത്തിന്റെ ഭാഗമായി സൂക്ഷ്മസംരംഭങ്ങൾ, കൃഷി, മൃഗസംരക്ഷണ മേഖലയിലെ സംരംഭങ്ങൾ തുടങ്ങി വിവിധ വികസന മേഖലകളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒട്ടനവധി നൂതന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ആ പ്രവർത്തനങ്ങളുടെ തുടർച്ചയായി, ഈ തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പങ്കാളിത്തത്തോടെ പുതുമയാർന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അവ ചിട്ടപ്പെടുത്തി സംസ്ഥാനമാകെ വ്യാപിപ്പിക്കുക എന്ന രീതിയാണ് കുടുംബശ്രീമിഷൻ സ്വീകരിച്ചത്. സംഘകൃഷി, ആശ്രയ, ബഡ്‌സ്, ബാലസഭ തുടങ്ങിയവയെല്ലാം ഇപ്രകാരം രൂപപ്പെട്ടു വന്നവയാണ്.
പഞ്ചായത്ത്/നഗരസഭാ പ്രദേശങ്ങളിലെ പ്രാദേശിക വികസനാസൂത്രണ പ്രവർത്തനങ്ങളുടെ പങ്കാളിത്തത്തിലൂടെയാണ് അയൽക്കൂട്ടങ്ങൾ ഉണ്ടായി വന്നത്. അതുകൊണ്ടുതന്നെയാണ് ജനകീയാസൂത്രണത്തിന്റെ ഭാഗമായിരുന്ന പ്രവർത്തന മേഖലകൾ കുടുംബശ്രീയുടെ ഇടപെടൽ മേഖലകളായി മാറിയതും. എങ്കിലും കുടുംബശ്രീ സംഘടനാ സംവിധാനത്തെ സജീവമാക്കുന്നതും ഏകോപിപ്പിക്കുന്നതും ലഘു സമ്പാദ്യ വായ്പാ പ്രവർത്തനങ്ങളാണ്. അയൽക്കൂട്ടത്തിലെ ഏറ്റവും ദരിദ്രകുടുംബത്തിന് ആഴ്ചയിൽ വഹിയ്ക്കാൻ കഴിയുന്ന തുകയാണ് പ്രതിവാര ത്രിഫ്റ്റ് ആയി കണക്കാക്കുക. ആ സമ്പാദ്യം കൂട്ടിവെച്ച് അംഗങ്ങൾക്കിടയിൽ അത്യാവശ്യങ്ങൾക്ക് വായ്പ നൽകുന്ന സംവിധാനവും തുടർന്ന് അംഗങ്ങളുടെ ആവശ്യങ്ങൾക്ക് ബാങ്ക് വായ്പയുമായി ലിങ്ക് ചെയ്യുന്ന പ്രവർത്തനവും നടത്തുന്നു. അയൽക്കൂട്ടങ്ങളുടെ ഈ പ്രവർത്തനങ്ങൾക്ക് മാച്ചിംഗ് ഗ്രാൻറ്, റിവോൾവിംഗ് ഫണ്ട്, ബാങ്ക് ലിങ്കേജിനുള്ള പലിശയിളവ് തുടങ്ങി വിവിധ പിന്തുണകൾ കുടുംബശ്രീ മിഷൻ നൽകുന്നു. ഈ ലഘു സമ്പാദ്യ വായ്പാ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താനുള്ള പരിശീലനവും മിഷൻ നൽകുന്നു. ഇന്ന് കുടുംബശ്രീ കുടുംബങ്ങളുടെ ആകെ ലഘു സമ്പാദ്യം 5586 കോടി രൂപയും ആന്തരിക വായ്പ 22,021 കോടി രൂപയും ബാങ്ക് ലിങ്കേജ് 2,21,125 കോടി രൂപയുമാണ്.
പഞ്ചായത്തിനും നഗരസഭകൾക്കും നൽകാൻ സാധിക്കാത്ത സാമ്പത്തിക സഹായങ്ങളും പരിശീലനങ്ങളൂമാണ് പ്രധാനമായും മിഷൻ നൽകിവന്നത്. അതോടൊപ്പം, പ്രവർത്തനങ്ങളുടെ വിജയപരാജയം വിലയിരുത്താനും അതനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനും പുതിയ പദ്ധതികൾ കൊണ്ടുവരാനും മിഷൻ ശ്രമിച്ചു.
കുടുംബശ്രീ സംസ്ഥാനമൊട്ടാകെ വ്യാപിച്ച 2003-ൽ തന്നെയാണ് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിന് ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് പിന്തുണ നൽകുന്ന പദ്ധതി മിഷൻ ആരംഭിക്കുന്നത്. സ്വതന്ത്ര സംരംഭങ്ങൾ, ഗവണ്മെൻറ് ബന്ധിത സംരംഭങ്ങൾ, വകുപ്പുകളുമായോ സ്വകാര്യ സ്ഥാപനങ്ങളുമായോ ഏകോപിപ്പിച്ചുള്ള സംരംഭങ്ങൾ എന്നിങ്ങനെ മൂന്നു തരത്തിലുള്ള സംരംഭപ്രവർത്തനങ്ങളും കുടുംബശ്രീയിലൂടെ നടത്തിയിരുന്നു.
സംരംഭ വികസന രംഗത്തും തദ്ദേശ സ്ഥാപനങ്ങൾ പിന്തുണ നൽകി. 2006 ൽ കുടുംബശ്രീ മിഷൻ നടത്തിയ സംരംഭ പഠനത്തിന്റെ റിപ്പോർട്ടു പ്രകാരം, 1998 മുതൽ 2006 വരെയുണ്ടായ ആകെ സംരംഭങ്ങളുടെ 33 ശതമാനത്തിനും സാമ്പത്തിക സഹായവും അടിസ്ഥാന സൗകര്യങ്ങളും നൽകിയത് തദ്ദേശ സ്ഥാപനങ്ങളായിരുന്നു. കുടുംബശ്രീ സംരംഭവികസനത്തിന് ചെലവഴിക്കുന്ന തുക 29 ശതമാനം മാത്രമായിരുന്നു. ബാക്കി സംരംഭങ്ങൾക്ക് പിന്തുണ നൽകിയത് വകുപ്പുകളും സന്നദ്ധ സംഘടനകളുമായിരുന്നു. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലുള്ള ഏകോപനത്തിന്റെ പ്രസക്തി.
പഞ്ചായത്തിനും നഗരസഭകൾക്കും നൽകാൻ സാധിക്കാത്ത സാമ്പത്തിക സഹായങ്ങളും പരിശീലനങ്ങളൂമാണ് പ്രധാനമായും മിഷൻ നൽകിവന്നത്. അതോടൊപ്പം, പ്രവർത്തനങ്ങളുടെ വിജയപരാജയം വിലയിരുത്താനും അതനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനും പുതിയ പദ്ധതികൾ കൊണ്ടുവരാനും മിഷൻ ശ്രമിച്ചു. പരമ്പരാഗതമായ സർക്കാർ ആനുകൂല്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സംരംഭകരുടെ ആവശ്യത്തിനനുസരിച്ച് നൂതന പിന്തുണ നൽകാനാണ് മിഷൻ ശ്രമിച്ചത്.
ഈ സംരംഭപഠനത്തെത്തുടർന്ന് സാഹചര്യത്തിന്റെ ആവശ്യം മനസ്സിലാക്കി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു. നിലവിലെ സംരംഭങ്ങൾക്ക് വിപണി ഉറപ്പാക്കുന്ന ഇടപെടലുകൾ, സംരംഭങ്ങളെ ക്ലസ്റ്റർ ആക്കുന്ന സമഗ്ര മാതൃക, യുവാക്കൾക്കിടയിൽ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുവശ്രീ, പ്രവർത്തനമാരംഭിച്ച സംരംഭങ്ങൾക്ക് പ്രശ്‌നങ്ങളോ വെല്ലുവിളികളോ നേരിടുമ്പോൾ സഹായം നൽകുന്നതിനുള്ള ക്രൈസിസ് മാനേജ്‌മെൻറ് ഫണ്ട്, സംരംഭങ്ങൾക്ക് അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെക്‌നോളജി ഫണ്ട്, നൂതന സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കാൻ ഇന്നൊവേഷൻ ഫണ്ട്, പ്രവർത്തനം വിപുലപ്പെടുത്താൻ രണ്ടാം ഘട്ട ധനസഹായം എന്നിവ നടപ്പിലാക്കി. കൂടാതെ, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പ്രത്യാശാ ഫണ്ടും, സ്റ്റാർട്ടപ്പ് ഫണ്ടും കൂടാതെ പ്രകൃതിക്ഷോഭങ്ങളിൽ നഷ്ടം വരുന്ന സംരംഭങ്ങൾക്കുള്ള സിക്ക് എം. ഇ. ഫണ്ടും കുടുംബശ്രീ ആരംഭിച്ച പദ്ധതികളാണ്.
പരമ്പരാഗത സംരംഭങ്ങൾക്ക് പിന്തുണ നൽകുമ്പോഴും നൂതന സംരംഭസാധ്യതകൾ പ്രയോജനപ്പെടുത്താൻ മിഷൻ ശ്രമിച്ചിരുന്നു. മുകളിൽ സൂചിപ്പിച്ച സർക്കാർ ബന്ധിത സംരംഭപ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങളായ ഐ. ടി യൂണിറ്റുകൾ, ന്യൂട്രിമിക്‌സ് യൂണിറ്റുകൾ, ജനകീയ ഹോട്ടലുകൾ, ഹരിത കർമ്മ സേന എന്നിവയെല്ലാം ഈ സാധ്യത പ്രയോജനപ്പെടുത്തി ആരംഭിച്ചവയാണ്. സാന്ത്വനം, ഹർഷം, ഡേ കെയറുകൾ തുടങ്ങിയവ സേവന മേഖലയിലെ ആവശ്യങ്ങളും സാധ്യതകളും പരിഗണിച്ച് ആരംഭിച്ചവയാണ്. റെയിൽവേ പാർക്കിംഗ് മാനേജ്‌മെൻറ്, റെയിൽവേ എ.സി വെയ്റ്റിംഗ് ഹാൾ മാനേജ്‌മെൻറ്, മോട്ടോർവാഹന വകുപ്പ് ഇ- സേവാ കേന്ദ്രങ്ങൾ, സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള കാൻറീൻ, സപ്ലൈകോയുമായി സഹകരിച്ച് തുണിസഞ്ചി നിർമ്മാണം, കേരള മെഡിക്കൽ സർവീസസ് കോർപറേഷനുമായി സംയോജിപ്പിച്ചുള്ള സാനിറ്ററി നാപ്കിൻ നിർമ്മാണം, കൊച്ചി മെട്രോയ്ക്ക് മനുഷ്യവിഭവശേഷി ലഭ്യമാക്കൽ എന്നിവയെല്ലാം സർക്കാർ വകുപ്പുകളുമായുള്ള സംയോജനത്തിലൂടെ ആരംഭിച്ച സംരംഭങ്ങൾക്ക് ഉദാഹരണങ്ങളാണ്.
തൊഴിൽമേഖലയിലെ മറ്റൊരു പ്രധാന ഇടപെടലാണ് തൊഴിലുറപ്പു പദ്ധതി. വീടിനുപുറത്ത് വരുമാനമുണ്ടാക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടിട്ടില്ലാത്ത വലിയ ഒരു വിഭാഗത്തെ വീടിനു പുറത്തെത്തിക്കാനും തൊഴിലുറപ്പാക്കാനും കഴിഞ്ഞത് കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഇടപെടലിനെ തുടർന്നാണ്.
തൊഴിൽ മേഖലയിലെ ഇടപെടൽ പറയുമ്പോൾ, കാർഷിക- മൃഗസംരക്ഷണ മേഖലകളിലെ കുടുംബശ്രീ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. സംരംഭ ഗ്രൂപ്പുകളായും പ്രൊഡ്യൂസർ കമ്പനികളായും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമാണവും വിപണനവുമായും ഇവ മുന്നോട്ടുപോകുന്നു. ആടു ഗ്രാമം, ക്ഷീര സാഗരം, നേച്ചർ ഫ്രഷ് തുടങ്ങി വ്യത്യസ്ത പ്രൊജക്റ്റുകളും സംരംഭങ്ങളും ഉണ്ടായിവന്നു. കാർഷികമേഖലയിൽ അഗ്രി നഴ്‌സറികൾ, അഗ്രി ന്യൂട്രി ഗാർഡൻ, ഗ്രീൻ കാർപ്പറ്റ് തുടങ്ങിയവ കാലാനുസൃത മാറ്റം വരുത്തിയ പുതിയ ഇടപെടലുകളാണ്.
തൊഴിൽമേഖലയിലെ മറ്റൊരു പ്രധാന ഇടപെടലാണ് തൊഴിലുറപ്പു പദ്ധതി. വീടിനുപുറത്ത് വരുമാനമുണ്ടാക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടിട്ടില്ലാത്ത വലിയ ഒരു വിഭാഗത്തെ വീടിനു പുറത്തെത്തിക്കാനും തൊഴിലുറപ്പാക്കാനും കഴിഞ്ഞത് കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഇടപെടലിനെ തുടർന്നാണ്. കുടുംബശ്രീ നൽകിയ സംഘടനാപരമായ ആത്മവിശ്വാസവും ധൈര്യവുമാണ് ഈ സ്ത്രീകൾക്ക് മുതൽക്കൂട്ടായത്. തൊഴിലുറപ്പുപദ്ധതിക്ക് വലിയ തോതിൽ സാമൂഹ്യ പങ്കാളിത്തവും സ്വീകാര്യതയും ലഭിക്കാൻ കുടുംബശ്രീ കാരണമായി. അതേസമയം, ഈ പ്രവർത്തനം കുടുംബശ്രീ വനിതകളുടെ തൊഴിൽശേഷിയും കാര്യക്ഷമതയും വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളുമായുള്ള സംയോജന ശേഷിയും വർദ്ധിപ്പിക്കാനും ഉപകരിച്ചു. തൊഴിൽ രംഗത്ത് കിട്ടേണ്ട അവകാശങ്ങൾ, തുല്യത തുടങ്ങിയവ പഠിപ്പിക്കുന്നതിനും അവകാശാധിഷ്ടിത സേവന ലഭ്യതയുമായി ബന്ധപ്പെടുത്തി കുടുംബശ്രീ ശൃംഖലക്കുള്ളിൽ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുമുള്ള ശ്രമമാണ് നടന്നത്.
സമഗ്ര ഉപജീവന പരിപാടിയുടെ ഭാഗമായി 2008-09 കാലയളവിൽ ആവിഷ്‌കരിച്ച പ്രവർത്തനമാണ് പ്രാദേശിക സാമ്പത്തിക വികസനത്തിന് രൂപം നൽകിയ എൽ.ഇ.ഡി (Local Economic Development) രജിസ്റ്റർ. ഓരോ പഞ്ചായത്തിലെയും /നഗരസഭകളിലെയും പ്രാദേശിക സംരംഭ സാധ്യതകളും തൊഴിലവസരങ്ങളും അതോടൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളുടെ നൈപുണ്യവും മനസ്സിലാക്കി, ഒരു സംരംഭ തൊഴിൽ വികസന പദ്ധതിക്ക് രൂപം നൽകുക എന്നതായിരുന്നു വിഭാവനം ചെയ്തത്. ഇതിന്റെ തുടർച്ചയായി കുടുംബശ്രീ സി.ഡി.എസുകളിൽ ഈ പ്രവർത്തനം നടന്നു. ഇത് സംരംഭ തൊഴിൽ വികസനത്തിൽ വലിയ മാറ്റം സൃഷ്ടിച്ചു.
പെരിന്തൽമണ്ണ, മലപ്പുറം നഗരസഭകളിൽ, എൽ.ഇ.ഡി രജിസ്റ്റർ തയ്യാറാക്കിയ പ്രവർത്തനത്തെത്തുടർന്ന് പ്രത്യേക നഗര ഉപജീവന വികസന പദ്ധതിക്ക് രൂപം നൽകി. ഈ പദ്ധതിയുടെ വികസിത രൂപമാണ് ഇന്നാരംഭിച്ച പ്രാദേശിക തൊഴിൽ വികസന പദ്ധതി.
സംരംഭപഠനം തന്നെയാണ് വിപണി വികസനത്തിൽ ശ്രദ്ധയൂന്നാൻ മിഷനു പ്രേരണയായത്. മാർക്കറ്റിംഗ് മേഖലയിൽ മിഷൻ പ്രാധാന്യം നൽകിത്തുടങ്ങിയതിന്റെ ഭാഗമായി വിപുലമായ കുടുംബശ്രീ ചന്തകൾക്ക് തുടക്കം കുറിച്ചു.
സംരംഭപഠനം തന്നെയാണ് വിപണി വികസനത്തിൽ ശ്രദ്ധയൂന്നാൻ മിഷനു പ്രേരണയായത്. മാർക്കറ്റിംഗ് മേഖലയിൽ മിഷൻ പ്രാധാന്യം നൽകിത്തുടങ്ങിയതിന്റെ ഭാഗമായി വിപുലമായ കുടുംബശ്രീ ചന്തകൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ തുടർച്ചയായി ചന്തകളിലേക്ക് ആവശ്യമുള്ള ഉല്പന്നങ്ങൾ തയ്യാറാക്കാനുള്ള സംരംഭങ്ങൾ രൂപീകരിക്കാൻ തുടങ്ങി. തുടർന്ന് മാസച്ചന്തകളും ആഴ്ചചന്തകളും ഉത്സവച്ചന്തകളും ആരംഭിച്ചു.
കേരളത്തിൽ കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണരീതികൾ സംബന്ധിച്ച് മിഷൻ വ്യാപക അന്വേഷണം നടത്തിയിരുന്നു. മലപ്പുറം ജില്ലയിലെ താഴെക്കോട് പഞ്ചായത്തിൽ ഒരു സംരംഭകൻ കുടുംബശ്രീ സംരംഭകരിൽ നിന്ന് ഉൽപ്പന്നങ്ങൾ സമാഹരിച്ച് വീടുകൾതോറും വില്പന നടത്തിയിരുന്നു. കോഴിക്കോട് പേരാമ്പ്രയിൽ പ്രസാദിന്റെ നേതൃത്വത്തിൽ വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കി സ്വയം വിറ്റിരുന്ന മാതൃകയുണ്ടായിരുന്നു. തൃശ്ശൂർ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഉൽപ്പന്ന വിപണി ശൃംഖല വികസിപ്പിക്കാൻ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളാണ് മറ്റൊന്ന്. ഇത്തരം വിപണനശൃംഖലകളുടെ രീതികൾ പഠിച്ച് രൂപപ്പെടുത്തിയ സമ്പ്രദായമാണ് ഹോം ഷോപ്പ് എന്ന വിപണന രീതി. ഈ സമ്പ്രദായം കേരളത്തിൽ ആദ്യമായി നടപ്പിലാക്കാൻ മുന്നോട്ടുവന്നത് കോഴിക്കോട് ജില്ലാ മിഷനും പ്രസാദിന്റെ നേതൃത്വത്തിലുള്ള ടീമുമായിരുന്നു. തുടർന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചുവെങ്കിലും ഇന്ന് കോഴിക്കോട് ഹോം ഷോപ്പാണ് മാതൃക.
കാലത്തിനുസരിച്ച് ആവശ്യങ്ങളും സാധ്യതകളും മനസ്സിലാക്കി കുടുംബശ്രീ ബസാർ, നാനോ മർക്കറ്റുകൾ, പിങ്ക് കഫേ എന്നിങ്ങനെ അനവധി വിപണന മാർഗങ്ങൾ മിഷൻ കണ്ടെത്തിയിട്ടുണ്ട്. ബസാർ ഡോട്ട് കോം,ആമസോണുമായി സഹകരിച്ച് ‘ആമസോൺ സഹേലി', ഫ്ലിപ്പ്കാർട്ടുമായി സഹകരിച്ച് ‘ഫ്ലിപ്പ്കാർട്ട് സമ്മർത്ഥ്' എന്നിവയെല്ലാം കുടുംബശ്രീ ഉല്പന്ന വിപണനത്തിനായുള്ള ഓൺലൈൻ മാർഗങ്ങളാണ്. ദേശീയ- അന്തർദേശീയ മേളകളിലും കുടുംബശ്രീ സജീവ സാന്നിധ്യമായിക്കഴിഞ്ഞു.
എസ്.ജി.എസ്.വൈ പദ്ധതി പുനഃസംഘടിപ്പിച്ച് ആവിഷ്‌കരിച്ച എൻ.ആർ.എൽ.എം (ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം) 2010-11 ലും എസ്.ജെ.എസ്.ആർ.വൈ പുനഃസംഘടിപ്പിച്ച് ആവിഷ്‌കരിച്ച എൻ.യു.എൽ.എം (ദേശീയ നഗര ഉപജീവന ദൗത്യം) 2014-15 ലും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത് കുടുംബശ്രീ പ്രവർത്തന മാതൃക കൂടി ഉൾക്കൊണ്ടാണ്. രണ്ടു പദ്ധതികളും നിർവഹണ ഘട്ടത്തിലെത്തിയപ്പോൾ കുടുംബശ്രീ മിഷനായിരുന്നു നോഡൽ ഏജൻസി. കുടുംബശ്രീ ഇടപെടുന്ന മേഖലകളിൽ കൂടുതൽ ധനസഹായം ലഭ്യമാക്കാനും പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും ഈ പദ്ധതികൾ സഹായമായി. നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ ഇവയിലൂടെ സാധിച്ചു. അഭ്യസ്തവിദ്യർക്ക് തൊഴിൽ പരിശീലനം ലഭ്യമാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ് കൗശല്യ യോജന, ദീൻദയാൽ അന്ത്യോദയ യോജന നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഉപഘടകമായ നൈപുണ്യപരിശീലനവും തൊഴിൽ ഉറപ്പാക്കലും എന്നിവയെല്ലാം കുടുംബശ്രീ സംവിധാനവുമായി സംയോജിപ്പിച്ചാണ് യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുന്നത്.
20 സംസ്ഥാനങ്ങളിൽ കുടുംബശ്രീ സഹോദരിമാർ പ്രവർത്തിച്ചുവരുന്നു. പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളിൽ പോലും നമ്മുടെ കുടുംബശ്രീ സഹോദരിമാർ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്, കേരളത്തിലെ കുടുംബശ്രീ സംഘനാ സംവിധാനം നൈപുണ്യ വികസന രംഗത്ത് എത്ര വിജയിച്ചു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്.
കുടുംബശ്രീ മറ്റു സംസ്ഥാനങ്ങളിൽ
കുടുംബശ്രീ മാതൃക, എൻ.ആർ.എൽ.എം പദ്ധതി നിർവഹണത്തിൽ പിന്തുടരാൻ കേന്ദ്ര ഗ്രാമ വികസന വകുപ്പ് തീരുമാനിച്ചതിന്റെ ഭാഗമായി 2013-ൽ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനുകീഴിൽ കുടുംബശ്രീയെ ദേശീയ റിസോഴ്‌സ് ഓർഗനൈസേഷനായി (KS-NRO) കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അംഗീകരിച്ചു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ടിത സംഘടനകളും തമ്മിലുള്ള സംയോജിത പ്രവർത്തനം, സംരംഭ വികസനം എന്നീ മേഖലകളിലാണ് മറ്റു സംസ്ഥാനങ്ങളിൽ കുടുംബശ്രീ പ്രവർത്തിക്കുന്നത്. കുടുംബശ്രീ സംവിധാനത്തിൽ പ്രവർത്തിച്ചു പരിചയമുള്ള മുൻ ഭാരവാഹികളിൽ നിന്ന്തെരഞ്ഞെടുത്തവർക്ക് പ്രത്യേക പരിശീലനം നൽകിയാണ് മറ്റു സംസ്ഥാനങ്ങളിൽ മെന്റർ എന്ന നിലയിൽ പിന്തുണ നൽകുന്നത്. 20 സംസ്ഥാനങ്ങളിൽ കുടുംബശ്രീ സഹോദരിമാർ പ്രവർത്തിച്ചുവരുന്നു. പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളിൽ പോലും നമ്മുടെ കുടുംബശ്രീ സഹോദരിമാർ തദ്ദേശസ്വയംഭരണ സ്ഥാപനത്തെയും വനിതാ സ്വയംസഹായ സംഘത്തെയും സമന്വയിപ്പിച്ച് ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്, കേരളത്തിലെ കുടുംബശ്രീ സംഘനാ സംവിധാനത്തിന്റെ പ്രവർത്തന സമീപനം നൈപുണ്യ വികസന രംഗത്ത് എത്രത്തോളം വിജയിച്ചു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്.
കൂടാതെ, കേന്ദ്രസർക്കാറിന്റെ പ്രധാന ഭവന പദ്ധതിയായ പി.എം.എ.വൈ- നഗരം പദ്ധതിയുടെ നോഡൽ ഏജൻസിയും കുടുംബശ്രീയാണ്. മുൻകാല ഭവന പദ്ധതികളായ ഐ.എച്ച്.എസ്.ഡി.പി (Integrated Housing & Slum development Programme)), ബി.എസ്.യു.പി (Basic Services for Urban Poor), ആർ.എ.വൈ (Rajiv Awas Yojana) എന്നിവയുടെയും നോഡൽ ഏജൻസി കുടുംബശ്രീ ആയിരുന്നു. ഇത്തരം പദ്ധതികളുടെ മുഖ്യനിർവഹണ ഏജൻസിയായി കുടുംബശ്രീ അംഗീകരിക്കപ്പെടുന്നതിന്റെ പ്രധാന കാരണം, കുടുംബശ്രീയുടെ സംഘടനാ ശേഷിയും സമൂഹത്തിലെ സ്വാധീനവും കാര്യക്ഷമതയും തന്നെയായിരുന്നു.
ഇതോടൊപ്പം, പാർശ്വവൽക്കരിയ്ക്കപ്പെട്ടവർക്കും ദുർബലർക്കും പരിഗണന കൊടുക്കുന്ന പ്രത്യേക പദ്ധതികളിലേയ്ക്ക് കുടുംബശ്രീ ശ്രദ്ധയൂന്നുന്നുണ്ട്. നിരാലംബ കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് 2002-ൽ ആശ്രയ, ദരിദ്ര കുടുംബങ്ങളിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ശ്രദ്ധയും പരിചരണവും നൽകാൻ 2004-ൽ ബഡ്‌സ് സ്‌കൂളുകൾ, 2007-ൽ പട്ടിക വർഗ വികസനത്തിന് പ്രത്യേക പദ്ധതി, 2009-ൽ പട്ടിക വർഗ ജനവിഭാഗങ്ങൾക്ക്പ്രത്യേക ആശ്രയ പ്രൊജക്റ്റ്, 2018 മുതൽ തീരദേശങ്ങൾക്കായി പ്രത്യേക പദ്ധതി, അട്ടപ്പാടി സ്‌പെഷ്യൽ പ്രൊജക്റ്റ്, ട്രാൻസ് ജെന്റർ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പിന്തുണ നൽകാൻ സ്‌പെഷ്യൽ അയൽക്കൂട്ടങ്ങൾ എന്നിങ്ങനെ ദാരിദ്ര്യത്തിന്റെ ബഹുമുഖങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രവർത്തനങ്ങളിലേയ്ക്ക് കുടുംബശ്രീ അതിവേഗം കടന്നുചെന്നു.
നിരന്തര മാറ്റങ്ങൾ, പരിഷ്കാരങ്ങൾ
ഇടപെടലുകളിൽ കാലോചിത മാറ്റം വരുത്താൻ എപ്പോഴും മിഷൻ ശ്രദ്ധിച്ചിരുന്നു. 2007 ൽ മൈക്രോ ഫിനാൻസ് പ്രവർത്തനം വിലയിരുത്തിയ ശേഷം കൊണ്ടുവന്ന ഏകീകൃത അയൽക്കൂട്ട രജിസ്റ്റർ, കണക്കെഴുത്തുരീതി, ഓഡിറ്റ് സംവിധാനം, സി.ഡി.എസുകൾക്ക് അക്കൗണ്ടന്റുമാരുടെ സേവനം ലഭ്യമാക്കിയത് എന്നിവ ഉദാഹരണം. 2010-11 കാലത്ത് കുടുംബശ്രീ ചന്തകൾ നടക്കുമ്പോൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിൽ നിന്നുള്ള ഫീഡ് ബാക്കിന്റെ അടിസ്ഥാനത്തിൽ സംരംഭകർക്ക് ഉൽപ്പന്ന ഗുണമേന്മ ഉയർത്താൻ പരിശീലനം ആസൂത്രണം ചെയ്തത് മറ്റൊരുദാഹരണം. ബഡ്‌സ്, ആശ്രയ എന്നീ പദ്ധതിനിർവഹണത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ചത് ശ്രദ്ധാർഹമായ മറ്റൊന്നാണ്.
ആശ്രയ പദ്ധതി വിലയിരുത്തൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ശ്രീലക്ഷ്മിയുടെയും ബഡ്‌സ് പദ്ധതി വിലയിരുത്തൽ മെഡിക്കൽ കോളേജിലെ തന്നെ ഡോ. സിനിയുടെയും എം.ഡി തീസിസിന്റെ പഠനവിഷയമായിരുന്നു. ഈ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിനിർവഹണത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പരിഷ്‌കരിക്കാൻ മിഷൻ തയ്യാറായി.
കുടുംബശ്രീ നേരിട്ടു നടത്തുന്ന പഠനങ്ങൾ, മറ്റു ഏജൻസികൾ നടത്തുന്ന പഠനങ്ങൾ, കുടുംബശ്രീ സാമ്പത്തിക സഹായം നൽകി ഏജൻസികളോ വ്യക്തികളോ നടത്തുന്ന പഠനങ്ങൾ എന്നിങ്ങനെ വിവിധ രീതിയിലുള്ള പഠന പ്രക്രിയയ്ക്ക് മിഷൻ മുൻകൈയെടുത്തിരുന്നു. ഇതിന്റെ ഭാഗമായി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമിടയിൽ ഉയർന്നുവരുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്ന നിരന്തര പഠനവും നവീകരണവും കുടുംബശ്രീ മിഷൻ നടത്തിവന്നിരുന്നു. ഈ പ്രവർത്തന സമീപനം ഇന്നും പിന്തുടരേണ്ട മാതൃകയാണ്.
കുടുംബശ്രീ എന്ന പഠനവിഷയം
കുടുംബശ്രീ പരിപാടികൾ രൂപപ്പെട്ടതും നവീകരിച്ചതും ഇത്തരം പഠനങ്ങളുടെ റിപ്പോർട്ടുകളെത്തുടർന്നാണെന്നു കാണാം. പ്രശസ്ത സാമൂഹ്യ- സാമ്പത്തിക ഗവേഷകരായ ബീന അഗർവാൾ, അനന്യ മുഖർജി എന്നിവർ സംഘകൃഷിയെക്കുറിച്ചു നടത്തിയ പഠനങ്ങളാണ് സംഘകൃഷി മേഖലയിൽ സമഗ്ര മാറ്റങ്ങൾ കോണ്ടുവരാൻ സഹായിച്ചത്. കേരളത്തിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ സംരംഭങ്ങളെയും സംഘകൃഷിയെയുംകുറിച്ച് പി. സായ്നാഥ് നടത്തിയ പഠനമാണ് ഈ പദ്ധതികളിൽ ഘടനാപരമായ മാറ്റം കൊണ്ടുവരുന്നതിൽ സ്വാധീനിച്ചത്. ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളി (HAP) ന്റെ നേതൃത്വത്തിൽ ഡോ. സി. ആർ. സോമൻ നടത്തിയ ജീവിതശൈലീരോഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ നിന്നാണ് സാന്ത്വനം സംരംഭ ഗ്രൂപ്പുകളുണ്ടാകുന്നത്. നിലവിലുള്ള സർക്കാർ കാന്റീനുകളെക്കുറിച്ച് ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിന്റെ സഹായത്തോടെ നടത്തിയ പഠനത്തെത്തുടർന്നാണ് കാന്റീനുകളുടെ രൂപം മാറി കഫെ കുടുംബശ്രീയും കാറ്ററിംഗ് യൂണിറ്റുകളും ഉണ്ടായിവന്നത്. ക്ലീൻ വെൽ യൂണിറ്റുകളുടെ സേവനം, ആരോഗ്യ സുരക്ഷ എന്നിവയയെക്കുറിച്ച് കുടുംബശ്രീ നടത്തിയ പഠനത്തിൽ, നിലവിലെ സംവിധാനം കുടുംബശ്രീ സംരംഭകർക്ക് സാമ്പത്തിക ബാധ്യതയും ആരോഗ്യസുരക്ഷാപ്രശ്‌നങ്ങളുമുണ്ടാക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നവീകരണത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഡോ അജയകുമാർ വർമ, ഡോ. ശ്രീകുമാർ, എൻ. ജഗജീവൻ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ക്ലീൻ വെൽ യൂണിറ്റുകൾക്കുള്ള പുതിയ മാർഗരേഖയും പരിശീലന സഹായിയും വികസിപ്പിച്ചത്. ഡോ ഷീലയുടെ എം.ഡി തീസിസ് പഠനവിഷയമായി എടുത്ത, കേരളത്തിലെ സ്ത്രീകളുടെ ആർത്തവശുചിത്വവുമായി ബന്ധപ്പെട്ട പഠനം അടിസ്ഥാനമാക്കിയാണ് കോസ്റ്റ് എഫക്റ്റീവായ സാനിറ്ററി നാപ്കിൻ നിർമാണ പദ്ധതികളുണ്ടായത്.
പ്രവർത്തകരുടെ പ്രവർത്തനാനുഭവം നിരന്തരം പഠന വിധേയമാക്കി, അതിന്റെ അടിസ്ഥാനത്തിൽ പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യുന്ന രീതിയും കുടുംബശ്രീ പിന്തുടർന്നു.
2003 ൽ ഡച്ച് എംബസിക്കുവേണ്ടി നടത്തിയ പഠനവും എം.എ ഉമ്മൻ, ഡോ. കെ. പി. കണ്ണൻ, ഡോ. ദേവിക എന്നിവർ നടത്തിയ പഠനവുമെല്ലാം കുടുംബശ്രീയെക്കുറിച്ചു നടത്തിയ ഗൗരവമായ പഠനങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഓരോ പഠനങ്ങളും ഓരോ മേഖലയിലെ പ്രശ്‌നങ്ങളെ ഗൗരവമായി ചൂണ്ടിക്കാണിച്ചു. കുടുംബശ്രീ കുടുംബങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും പ്രായവും കണക്കാക്കി അവർക്ക്നൈപുണ്യം നൽകുന്നതിന് കർമപരിപാടി തയ്യാറാക്കണമെന്ന് കെ.പി. കണ്ണന്റെ പഠനം നിർദേശിച്ചു. ഇത് ഇനിയും ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ സംഘടനാ സംവിധാനവും തമ്മിലുള്ള ബന്ധത്തിലും ദാരിദ്യ നിർമാർജ്ജന പ്രവർത്തനങ്ങളിലും ഗൗരവകരമായ പുനർചിന്ത ആവശ്യമാണെന്ന തീരുമാനവും തുടർപ്രവർത്തനങ്ങളും ഉണ്ടാകുന്നത് എം.എ. ഉമ്മൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. സ്ത്രീകളുടെ ഇടത്തെക്കുറിച്ചും കുടുംബശ്രീ പോലൊരു സംവിധാനത്തിൽ ജെൻഡർ പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചും പറയുന്നുണ്ട് ഡോ. ദേവികയുടെ പഠനം.
കുടുംബശ്രീ പ്രവർത്തകരുടെ പ്രവർത്തനാനുഭവം നിരന്തരം പഠന വിധേയമാക്കി, അതിന്റെ അടിസ്ഥാനത്തിൽ പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യുന്ന രീതിയും കുടുംബശ്രീ പിന്തുടർന്നു. പ്രാദേശികമായി രൂപപ്പെടുന്ന ആശയങ്ങൾക്കും ഇടപെടലുകൾക്കും പ്രൊഫഷണൽ പിന്തുണ നൽകി, അവയെ കൂടുതൽ മികവാർന്നതും വിപുലമായതുമായ പദ്ധതിയാക്കി രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിനുദാഹരണങ്ങളാണ്, സ്ത്രീപദവി സ്വയം പഠന പ്രക്രിയ (GSLP- Gender Self Learning Programme), ബഡ്‌സ്, ആശ്രയ, സി.ഡി.എസ് ആക്ഷൻ പ്ലാൻ, ബാലസഭ തുടങ്ങിയവ.
സ്ത്രീപദവി പഠനങ്ങൾ
സ്ത്രീകളുടെ അവകാശങ്ങൾ, പദവി, നീതി എന്നിവയെക്കുറിച്ച് അവരുടെ അനുഭവങ്ങളുടെ ചർച്ചകളിലൂടെ സ്വയം അവബോധം സൃഷ്ടിക്കുക, പ്രാദേശിക വികസന പ്രക്രിയയിൽ അവരുടെ പങ്ക് തിരിച്ചറിയുക എന്നിവ ലക്ഷ്യം വെക്കുന്ന കുടുംബശ്രീയുടെ ജെൻഡർ പ്രോഗ്രാമുകൾ ഏറെ പ്രാധാന്യം അർഹിക്കുന്നു. ഭാരവാഹികൾക്കുള്ള പരിശീലനത്തിനിടയിൽ കുടുംബശ്രീക്കുപുറത്ത് അവർ ഇടപെടുന്ന സാമൂഹ്യ മേഖലകളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. ഈ ചർച്ചയാണ് സ്ത്രീപദവി സ്വയം പഠനപ്രക്രിയയുടെ ആരംഭത്തിനു വഴിതെളിച്ചത്.
ബാലസഭകൾ രൂപീകരിച്ച് കുട്ടികളുടെ കഴിവുകൾ വളർത്താനുള്ള പ്രവർത്തനങ്ങൾ, ഓക്‌സിലറി ഗ്രൂപ്പുകളിലൂടെ യുവതികൾക്കിടയിലെ ഇടപെടലുകൾ തുടങ്ങി അതതു കാലഘട്ടങ്ങളിലെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ച് ഇടപെടൽ മേഖലകൾ വികസിപ്പിക്കാനും അവയിൽ മാറ്റം വരുത്താനും എന്നും കുടുംബശ്രീ ശ്രമിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ച ബാലസഭാ പ്രവർത്തനങ്ങളെ കുഞ്ഞുങ്ങളുടെ അവകാശവുമായി ബന്ധപ്പെടുത്തിയാണ് മിഷൻ വിപുലീകരിച്ചത്. ഇതിന്റെ തുടർച്ചയായാണ് വാർഡ് തല കമ്മിറ്റികൾ, ബാല പഞ്ചായത്തുകൾ, ബാല നഗരസഭകൾ, ബാല പാർലമെൻറ് തുടങ്ങിയ പ്രവർത്തനങ്ങൾ രൂപപ്പെടുന്നത്.
ഇന്ന്, സർക്കാരിന്റെ എല്ലാ ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്ന ഇടമായും കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകളുടെ നിർവഹണ ഏജൻസിയായും കുടുംബശ്രീ മാറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, തൊഴിലിടങ്ങളിലും പൊതുരംഗത്തും ദൃശ്യത കൈവരിക്കുന്നതിനും കുടുംബശ്രീ ഒരു കാരണമായി. സർക്കാർ പദ്ധതികളിൽ പങ്കാളികളായും നിർവഹണത്തിന്റെ ഭാഗമായും സുതാര്യത ഉറപ്പുവരുത്തുന്നതിലും അഴിമതി കുറക്കുന്നതിലും ഈ സംവിധാനം സ്വാധീനിച്ചിട്ടുണ്ട്. ▮
(തുടരും)