നർത്തനമാടുന്ന സ്ത്രീകൾ;
കേരളത്തിലെ നവ സാംസ്കാരിക
ഇടങ്ങൾ

നാല്പതു വയസ്സുമുതൽ എഴുപതുകളിൽ എത്തിനിൽക്കുന്ന സ്ത്രീകൾ പോലും അതീവ ഉത്സാഹത്തോടും ആത്മവിശ്വാസത്തോടും കൂടി ഇന്ന് നൃത്ത അരങ്ങുകളിൽ ചുവടുവെക്കുന്നു. ഈ മുന്നേറ്റം സമകാലിക കേരളത്തിലെ ലിംഗബന്ധങ്ങൾ, സ്ത്രീകളുടെ ശാരീരികാവബോധം, സ്വത്വബോധനിർമ്മിതി, സ്വാതന്ത്ര്യം, വിനോദം എന്നിവയിൽ വന്ന ആഴത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് എഴുതുന്നു, നർത്തകിയും ഗവേഷകയുമായ ഡോ. ലേഖ എൻ.ബി.

നിശ്ശബ്ദമായ ഒരു സാംസ്കാരിക വിപ്ലവം അരങ്ങേറുകയാണ്. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തരൂപങ്ങൾ അഭ്യസിക്കാൻ മുതിർന്ന സ്ത്രീകൾ അഭൂതപൂർവമായ തോതിൽ നൃത്തവിദ്യാലയങ്ങളിൽ ചേരുന്നു. ഒപ്പം, സംസ്ഥാനത്തുടനീളം ഗ്രാമങ്ങളിലും നഗരങ്ങളിലും റസിഡൻഷ്യൽ കമ്മ്യൂണിറ്റികളിലും തൊഴിലിടങ്ങളിലും ക്ഷേത്രങ്ങളിലും തിരുവാതിര സംഘങ്ങൾ ഉയർന്നുവരുന്നു. നാല്പതു വയസ്സുമുതൽ എഴുപതുകളിൽ എത്തിനിൽക്കുന്ന സ്ത്രീകൾ പോലും അതീവ ഉത്സാഹത്തോടും ആത്മവിശ്വാസത്തോടും കൂടി ഇന്ന് നൃത്ത അരങ്ങുകളിൽ ചുവടുവെക്കുന്നു.

ഒറ്റനോട്ടത്തിൽ, ഈ മുന്നേറ്റം കലാപാരമ്പര്യത്തിന്റെ വെറുമൊരു പുനരുജ്ജീവനമായി തോന്നിയേക്കാം. എന്നാൽ സമൂഹശാസ്ത്രപരമായ കാഴ്ചപ്പാടിൽ സ്ത്രീപക്ഷത്തുനിന്ന് വീക്ഷിക്കുമ്പോൾ, സമകാലിക കേരളത്തിലെ ലിംഗബന്ധങ്ങൾ, സ്ത്രീകളുടെ ശാരീരികാവബോധം, സ്വത്വബോധനിർമ്മിതി, സ്വാതന്ത്ര്യം, വിനോദം എന്നിവയിൽ വന്ന ആഴത്തിലുള്ള മാറ്റങ്ങളെയാണ് ഇവ സൂചിപ്പിക്കുന്നത്.

തലമുറകളായി, കേരളത്തിലെ സ്ത്രീകൾ തങ്ങളുടെ വ്യക്തിപരമായ ആഗ്രഹ പൂർത്തീകരണത്തെക്കാൾ കുടുംബപരമായ ഉത്തരവാദിത്തങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് കരുതിപ്പോന്നത്. കുട്ടിക്കാലത്ത് നൃത്തം പഠിച്ച പല സ്ത്രീകളും വിവാഹം, മാതൃത്വം അല്ലെങ്കിൽ ജോലി എന്നിവയ്ക്ക് ശേഷം അത് ഉപേക്ഷിച്ചു. മറ്റു ചില രാകട്ടെ, പഠനവും വീട്ടുചുമതലകളും ജോലിയുമൊക്ക നൃത്തപഠനത്തേക്കാൾ പ്രധാന പ്പെട്ടതായി കരുതി നൃത്തം പഠിക്കുന്നതിനുള്ള അവസരം പോലും ലഭിച്ചില്ല. എന്നാൽ ഇന്ന്, ഈ സ്ത്രീകളിൽ പലരും പതിറ്റാണ്ടുകൾക്കുശേഷം നൃത്തത്തിലേക്ക് മടങ്ങിവരികയാണ്. കൂടുതൽ രസകരമായ കാര്യം, മുൻപ് നൃത്തം പഠിച്ചിട്ടില്ലാത്ത പല സ്ത്രീകളും തങ്ങളുടെ മധ്യവയസ്സിൽ ആദ്യമായി ശാസ്ത്രീയനൃത്തം പഠിക്കാൻ തുടങ്ങുന്നു എന്നതാണ്.

ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം എന്തായിരിക്കാം?

സന്തോഷത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള മാറിക്കൊണ്ടിരിക്കുന്ന സങ്കൽപ്പങ്ങളിലാണ് ഇതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നത്. മുൻതലമുറകൾ പലപ്പോഴും വിശ്വസിച്ചിരുന്നത് ഒരു സ്ത്രീയുടെ പൂർണ്ണത അവളുടെ കുടുംബത്തിലൂടെയും ബന്ധങ്ങളിലൂടെയുമാണ് എന്നാണ്. എന്നാൽ ഇന്ന്, വ്യക്തിപരമായ സന്തോഷം എന്നത് സ്വതന്ത്രമായി നേടിയെടുക്കാൻ തങ്ങൾക്ക് അവകാശമുള്ള ഒന്നാണെന്ന് കൂടുതൽ കൂടുതൽ സ്ത്രീകൾ തിരിച്ചറിയുന്നു. നൃത്തം ആ തിരിച്ചറിവിലേക്കുള്ള ഒരു വഴി തുറന്നുനൽകുന്നു.

വ്യക്തിപരമായ സന്തോഷം എന്നത് സ്വതന്ത്രമായി നേടിയെടുക്കാൻ തങ്ങൾക്ക് അവകാശമുള്ള ഒന്നാണെന്ന് കൂടുതൽ കൂടുതൽ സ്ത്രീകൾ തിരിച്ചറിയുന്നു. നൃത്തം ആ തിരിച്ചറിവിലേക്കുള്ള ഒരു വഴി തുറന്നുനൽകുന്നു.
വ്യക്തിപരമായ സന്തോഷം എന്നത് സ്വതന്ത്രമായി നേടിയെടുക്കാൻ തങ്ങൾക്ക് അവകാശമുള്ള ഒന്നാണെന്ന് കൂടുതൽ കൂടുതൽ സ്ത്രീകൾ തിരിച്ചറിയുന്നു. നൃത്തം ആ തിരിച്ചറിവിലേക്കുള്ള ഒരു വഴി തുറന്നുനൽകുന്നു.

നൃത്തം: സ്വാതന്ത്ര്യത്തിന്റെ ഒരു ഇടം

ആധുനിക സ്ത്രീകൾ അമ്മ, ഭാര്യ, വീട്ടമ്മ, ഉദ്യോഗസ്ഥ എന്നിങ്ങനെ പല പദവികൾ വഹിച്ച് ഉത്തരവാദിത്വങ്ങൾ നിരന്തരം നിർവ്വഹിക്കുന്നവരാണ്. ഭാരിച്ച ഈ ചുമതലകൾക്കിടയിൽ പൂർണ്ണമായും തങ്ങളുടേത് മാത്രമായി മാറുന്ന ഇടങ്ങൾ അവർക്ക് വളരെ കുറവായിരുന്നു.

നൃത്ത ക്ലാസുകൾ അത്തരമൊരു ഇടമായി മാറിയിരിക്കുന്നു. ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്ക് സ്ത്രീകൾ തങ്ങളുടെ സാമൂഹിക പദവികളിൽ നിന്നും ചുമതലകളിൽ നിന്നും മാറി തങ്ങളിലേക്കുതന്നെ തിരിച്ചെത്തുന്നു. അവർ മറ്റുള്ളവർക്കുവേണ്ടിയുള്ള കടമകളല്ല അവിടെ ചെയ്യുന്നത്; മറിച്ച് സ്വന്തം ആനന്ദത്തിനും സംതൃപ്തിക്കും വേണ്ടി മാത്രമുള്ള പ്രവൃത്തിയിൽ ഏർപ്പെടുകയാണ്. ഇപ്രകാരം നൃത്തക്ലാസുകളിൽ ചേരുന്ന പല സ്ത്രീകൾക്കും പ്രൊഫഷണൽ നർത്തകരാകാൻ താല്പര്യമില്ല. അവർ ആഗ്രഹിക്കുന്നത് അതിലും ആഴത്തിലുള്ള മറ്റൊന്നാണ് - ചലനത്തിന്റെ ആനന്ദം, വൈകാരികമായ മോചനം, സൗഹൃദം, സ്വന്തം ശരീരവുമായുള്ള പുനർബന്ധം എന്നിവ.

നൃത്തം ഇവിടെയൊരു തെറാപ്പിയായി മാറുന്നു. വർഷങ്ങളായി അടിഞ്ഞുകൂടിയ വൈകാരിക ഭാരങ്ങൾക്ക് താളത്തിലൂടെയും സംഗീതത്തിലൂടെയും ചലനത്തിലൂടെയും ഇവിടെ സർഗ്ഗ ഭാവങ്ങൾ കൈവരുന്നു. ഉത്കണ്ഠ, ഒറ്റപ്പെടൽ, മാനസിക സമ്മർദ്ദം, അടിച്ചമർത്തിയ വികാരങ്ങൾ എന്നിവയെല്ലാം ശരീരത്തിലൂടെ പുറന്തള്ളപ്പെടുന്നു. നൃത്തത്തിനുശേഷം ശാന്തതയും സന്തോഷവും സംതൃപ്തിയും അനുഭവപ്പെടുന്നതായി പലരും പലപ്പോഴും വിവരിക്കാറുണ്ട്.

ശാസ്ത്രീയപഠനങ്ങളും ഈ അനുഭവങ്ങളെ ശരിവെക്കുന്നു. ഡോപ്പമിൻ, സെറട്ടോണിൻ, ഓക്സിടോസിൻ, എൻഡോർഫിൻ തുടങ്ങിയ രാസവസ്തുക്കളുടെ ഉത്പാദനത്തെ താളാത്മകമായ ശാരീരിക ചലനങ്ങൾ ഉത്തേജിപ്പിക്കുന്നു. ഇവ ആനന്ദം, വൈകാരിക സന്തുലിതാവസ്ഥ, സാമൂഹിക ബന്ധം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും നൃത്തത്തിന്റെ പ്രാധാന്യം കേവലം ജീവശാസ്ത്രത്തിനപ്പുറമാണ്. അത് ജീവിതത്തിന് അർത്ഥവും, ഒരു കൂട്ടായ്മയുടെ ഭാഗമാണെന്ന തോന്നലും, ആന്തരിക സ്വാതന്ത്ര്യവും നൽകുന്നു.

രാത്രി വൈകിയും തിരുവാതിര പ്രകടനങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം, ലിംഗാധിഷ്ഠിതമായ പൊതുയിടങ്ങളിൽ വന്ന നിശ്ശബ്ദമായ ഒരു മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്.

ശരീരം: സ്വയം കണ്ടെത്തലിന്റെ ഇടം

സമൂഹം ശരീരത്തെ രൂപപ്പെടുത്തുന്നു എന്ന് സാമൂഹ്യശാസ്ത്രജ്ഞർ പണ്ടുമുതലേ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളുടെ ശരീരവും അവരെ സംബന്ധിച്ചുള്ള ധാരണകളും പ്രത്യേകിച്ച്, ഭംഗി, അടക്കവും ഒതുക്കവും, മാതൃത്വം, മാന്യത എന്നിവയെക്കുറിച്ചുള്ള സാമൂഹിക പ്രതീക്ഷകളാൽ എപ്പോഴും നിയന്ത്രിക്കപ്പെട്ടിരുന്നു. എന്നാൽ നൃത്തം സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേലുള്ള ഉടമസ്ഥാവകാശം തിരിച്ചുനൽകുന്നു. ശരീരത്തെ മറ്റുള്ളവർ വിലയിരുത്താനുള്ള ഒരു വസ്തുവായി കാണുന്നതിന് പകരം, സർഗ്ഗാത്മകതയുടെയും കരുത്തിന്റെയും ആവിഷ്കാരത്തിന്റെയും സ്രോതസ്സായി സ്ത്രീകൾ അതിനെ അനുഭവിക്കാൻ തുടങ്ങുന്നു. ബാഹ്യമായ അംഗീകാരങ്ങളിലൂടെയല്ല, മറിച്ച് ചലനത്തിലൂടെയാണ് അവർ ലാസ്യം കണ്ടെത്തുന്നത്. സ്ത്രീത്വത്തിന്റെ സൗന്ദര്യശാസ്ത്രത്തിലും വൈകാരിക ഭാവങ്ങളിലും ആഴത്തിൽ വേരൂന്നിയ രൂപമെന്ന നിലയിൽ, വികാരങ്ങൾ, ഓർമ്മകൾ, ആഗ്രഹങ്ങൾ, സർഗ്ഗാത്മകത, സ്വാതന്ത്ര്യം എന്നിവ ആവിഷ്കരിക്കുവാൻ സംസ്കാരം അംഗീകരിച്ച ഒരു ഇടം നൃത്തം സ്ത്രീകൾക്ക് നൽകുന്നു. ദൈനംദിന ജീവിതം പലപ്പോഴും അടിച്ചമർത്തുന്ന തങ്ങളുടെ സ്വഭാവത്തിന്റെ വിവിധ വശങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു ഭാഷ പല സ്ത്രീകളും നൃത്തത്തിലൂടെ കണ്ടെത്തുന്നു.

 നൃത്തം സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേലുള്ള ഉടമസ്ഥാവകാശം തിരിച്ചുനൽകുന്നു. ശരീരത്തെ മറ്റുള്ളവർ വിലയിരുത്താനുള്ള ഒരു വസ്തുവായി കാണുന്നതിന് പകരം, സർഗ്ഗാത്മകതയുടെയും കരുത്തിന്റെയും ആവിഷ്കാരത്തിന്റെയും സ്രോതസ്സായി സ്ത്രീകൾ അതിനെ അനുഭവിക്കാൻ തുടങ്ങുന്നു.
നൃത്തം സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേലുള്ള ഉടമസ്ഥാവകാശം തിരിച്ചുനൽകുന്നു. ശരീരത്തെ മറ്റുള്ളവർ വിലയിരുത്താനുള്ള ഒരു വസ്തുവായി കാണുന്നതിന് പകരം, സർഗ്ഗാത്മകതയുടെയും കരുത്തിന്റെയും ആവിഷ്കാരത്തിന്റെയും സ്രോതസ്സായി സ്ത്രീകൾ അതിനെ അനുഭവിക്കാൻ തുടങ്ങുന്നു.

തിരുവാതിര പ്രതിഭാസം

ശാസ്ത്രീയനൃത്തത്തിന്റെ പുനരുജ്ജീവനത്തോടൊപ്പം, കേരളം ഇന്ന് തിരുവാതിരസംഘങ്ങളുടെ ശ്രദ്ധേയമായ വളർച്ചയ്ക്കും സാക്ഷ്യം വഹിക്കുന്നുണ്ട്. പണ്ടു കാലങ്ങളിൽ, ധനുമാസത്തിലും തിരുവാതിര നാളിലും സ്ത്രീകൾ വീടുകളിൽ അനുഷ്ഠിച്ചിരുന്ന ആചാരമായിരുന്നു തിരുവാതിര. ഇന്ന് അതൊരു വലിയ പൊതു സാംസ്കാരിക പ്രവർത്തനമായി പരിണമിച്ചിരിക്കുന്നു. കേരളത്തിലുടനീളം സ്ത്രീകൾ പതിവായി ഒത്തുകൂടി തിരുവാതിര പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. റസിഡൻഷ്യൽ അസോസിയേഷനുകൾ, സർക്കാർ ഓഫീസുകൾ, കോളേജുകൾ, ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ എന്നിവയെല്ലാം സ്വന്തമായി ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. ഒരുകാലത്ത് വീട്ടുപടിക്കലുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒന്നായിരുന്നുവെങ്കിൽ, ഇന്നത് അഭൂതപൂർവമായ ദൃശ്യപരതയോടെ പൊതുവിടങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു.

ഈ മാറ്റം ക്ഷേത്രോത്സവങ്ങളിൽ പ്രത്യേകം പ്രകടമാണ്. പല പ്രമുഖ ക്ഷേത്രങ്ങളും ഇപ്പോൾ പ്രത്യേക തിരുവാതിര ഉത്സവങ്ങളും വർക്ക്ഷോപ്പുകളും മത്സരങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ട്. ക്ഷേത്രക്കമ്മിറ്റികൾ സ്ത്രീകളുടെ പങ്കാളിത്തത്തെ സജീവമായി പ്രോത്സാഹിപ്പിക്കുകയും മതപരമായ ഉത്സവങ്ങൾക്കുള്ളിൽ അവർക്കായി സാംസ്കാരിക ഇടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ വേളയിലാണ് ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു ഉദാഹരണം കാണാൻ കഴിയുന്നത്. അവിടെ നടക്കുന്ന 'ആതിരോത്സവവും' അനുബന്ധ തിരുവാതിര പരിപാടികളും നൂറുകണക്കിന് സ്ത്രീകളെയാണ് ആകർഷിക്കുന്നത്. അർദ്ധരാത്രി കഴിഞ്ഞും സ്ത്രീകൾ നൃത്തത്തിലും ആഘോഷത്തിലും കൂട്ടായ ആനന്ദത്തിലും സജീവമായി ഏർപ്പെടുന്നു. ഇത് സാമൂഹ്യശാസ്ത്രപരമായി വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

പ്രത്യക്ഷമായ ചെറുത്തുനില്പിലൂടെ പുരുഷാധിപത്യത്തെ വെല്ലുവിളിക്കുന്നതിനുപകരം, സമൂഹം ആഘോഷിക്കുന്നതും മതം അംഗീകരിക്കുന്നതുമായ ആചാരങ്ങളിലൂടെ സ്ത്രീകൾ തങ്ങളുടെ പ്രാദേശികവും സാംസ്കാരികവുമായ സ്വാതന്ത്ര്യത്തെ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്.

രാത്രി വൈകിയും തിരുവാതിര പ്രകടനങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം, ലിംഗാധിഷ്ഠിതമായ പൊതുയിടങ്ങളിൽ വന്ന നിശ്ശബ്ദമായ ഒരു മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. ചരിത്രപരമായി, ഇരുട്ടിയതിനുശേഷമുള്ള പൊതുയിടങ്ങൾ ഭൂരിഭാഗവും പുരുഷാധിപത്യമേഖലകളായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്; അവിടെ സ്ത്രീസാന്നിധ്യം പലപ്പോഴും കടുത്ത പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരുന്നു. എന്നാൽ, ഇത്തരം പങ്കാളിത്തം മതപരവും സാംസ്കാരികവുമായ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാകുമ്പോൾ, അതിന് നിയമസാധുതയും സാമൂഹിക അംഗീകാരവും ലഭിക്കുന്നു. തൽഫലമായി, തിരുവാതിരയെ പുരുഷാധിപത്യ അതിരുകളോട് പൊരുത്തപ്പെടുന്നതിനുള്ള ഒരു പ്രച്ഛന്നരൂപമായി കാണാൻ കഴിയും; ഇത് മുൻപ് സ്ത്രീകൾക്ക് അപ്രാപ്യമായിരുന്ന പൊതുയിടങ്ങൾ കൈയ്യടക്കാനും തിരിച്ചുപിടിക്കാനും അവരെ പ്രാപ്തരാക്കുന്നു. പ്രത്യക്ഷമായ ചെറുത്തുനില്പിലൂടെ പുരുഷാധിപത്യത്തെ വെല്ലുവിളിക്കുന്നതിനുപകരം, സമൂഹം ആഘോഷിക്കുന്നതും മതം അംഗീകരിക്കുന്നതുമായ ആചാരങ്ങളിലൂടെ സ്ത്രീകൾ തങ്ങളുടെ പ്രാദേശികവും സാംസ്കാരികവുമായ സ്വാതന്ത്ര്യത്തെ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ‘ആതിരോത്സവം’.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ‘ആതിരോത്സവം’.

സ്ത്രീകൂട്ടായ്മകളുടെ നിർമ്മിതി

തിരുവാതിരയുടെ ജനപ്രീതിയെ പാരമ്പര്യത്തിന്റെ വെറുമൊരു പുനരുജ്ജീവനമായി മാത്രം കാണാൻ കഴിയില്ല. അത് കൂട്ടായ്മകളുടെ രൂപീകരണത്തെക്കൂടി കുറിക്കുന്നു.

ആധുനിക ജീവിതം, വർദ്ധിച്ചുവരുന്ന സഞ്ചാരസ്വാതന്ത്ര്യവും ജോലിയും ഉണ്ടെങ്കിൽപ്പോലും, പലപ്പോഴും സ്ത്രീകളെ ഒറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ തിരുവാതിര സംഘങ്ങൾ സൗഹൃദത്തിനും ഐക്യദാർഢ്യത്തിനും കൂട്ടായ പങ്കാളിത്തത്തിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. സ്ത്രീകൾ നൃത്തം ചെയ്യാൻ മാത്രമല്ല, തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും വ്യക്തിപരമായ വെല്ലുവിളികൾ ചർച്ച ചെയ്യാനും പരസ്പരം പിന്തുണ കൈമാറാനും ജീവിതം ആഘോഷിക്കാനും ഒത്തുചേരുന്നു. ഈ ഗ്രൂപ്പുകൾ അപ്രഖ്യാപിത വൈകാരിക പിന്തുണാ ശൃംഖലകളായി പ്രവർത്തിക്കുന്നു.

പ്രശസ്ത ബ്രിട്ടീഷ് സാമൂഹ്യ നരവംശശാസ്ത്രജ്ഞനായ വിക്ടർ ടേണറുടെ 'കമ്മ്യൂണിറ്റാസ്' (communitas) എന്ന സങ്കൽപ്പം ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ സഹായിക്കും. കൂട്ടായ അവതരണത്തിലൂടെ, പങ്കാളികൾ ദൈനംദിന സാമൂഹിക ശ്രേണികൾക്കതീതമായി കൂട്ടായ്മയുടെയും തുല്യതയുടെയും പൊരുത്തത്തിന്റെയും പങ്കുവെക്കപ്പെട്ട ഐക്യത്തിന്റെയും ഒരു അനുഭവം സ്വായത്തമാക്കുന്നു.

വിനോദവും ആനന്ദവും വീണ്ടെടുക്കൽ

മുതിർന്നവരുടെ നൃത്തപഠനത്തിന്റെ വളർച്ചയും തിരുവാതിര സംഘങ്ങളും വിനോദത്തോടുള്ള സ്ത്രീകളുടെ സമീപനത്തിൽ വന്ന സുപ്രധാനമായ മാറ്റത്തെയും പ്രതിഫലിപ്പിക്കുന്നുണ്ട്. ചരിത്രപരമായി, വിനോദം എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ആഡംബരമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. തനിക്കായി ചെലവഴിക്കുന്ന സമയം പലപ്പോഴും കുടുംബപരമായ ഉത്തരവാദിത്തങ്ങൾക്ക് പിന്നിൽ രണ്ടാമതായി മാത്രമേ കാണപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇന്ന്, സ്ത്രീകൾ തങ്ങളുടെ ആനന്ദത്തിനും സർഗ്ഗാത്മകതയ്ക്കും സ്വയം പരിചരണത്തിനുമുള്ള അവകാശത്തെ കൂടുതൽ ശക്തമായി സ്ഥാപിച്ചെടുക്കുന്നു. സാമൂഹികശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന 'അർത്ഥവത്തായ വിനോദത്തിന്റെ ' (meaningful leisure) ഒരു പ്രധാന ആവിഷ്ക്കാരമായി നൃത്തം മാറുന്നു. ഇത് നിഷ്ക്രിയമായ ഒരു വിനോദമോ അല്ലെങ്കിൽ ഫലപ്രാപ്തി ലക്ഷ്യം വെച്ചുള്ള വെറുമൊരു അധ്വാനമോ അല്ല. മറിച്ച്, അത് വ്യക്തിത്വത്തെ പോഷിപ്പിക്കുന്ന ഒന്നാണ്.

സ്ത്രീകൾ ഇതിൽ പങ്കെടുക്കുന്നത് മറ്റാരുടെയും നിർബന്ധം കൊണ്ടല്ല, അവരത് ആസ്വദിക്കുന്നതു കൊണ്ടാണ്. ഇത് ലളിതമായി തോന്നാമെങ്കിലും, ലിംഗസംസ്കാരത്തിൽ സംഭവിച്ച ആഴത്തിലുള്ള മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ആധുനിക സമൂഹം പലപ്പോഴും സൗന്ദര്യത്തെയും ലാസ്യത്തെയും കലാപരമായ ആവിഷ്കാരത്തെയും യൗവനവുമായിട്ടാണ് ബന്ധപ്പെടുത്തുന്നത്. എന്നാൽ മധ്യവയസ്കരും പ്രായമായവരുമായ നർത്തകരുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം ഈ സങ്കൽപ്പങ്ങളെ തിരുത്തുന്നു.

സൗന്ദര്യത്തിന്റെ പുനർനിർവ്വചനം

ഒരുപക്ഷേ ഈ പ്രതിഭാസത്തിന്റെ ഏറ്റവും ശക്തമായ വശങ്ങളിലൊന്ന് അത് പ്രായത്തെ അടിസ്ഥാനമാക്കിയുള്ള സ്റ്റീരിയോടൈപ്പ് ധാരണകളെ വെല്ലുവിളിക്കുന്നു എന്നതാണ്.

ആധുനിക സമൂഹം പലപ്പോഴും സൗന്ദര്യത്തെയും ലാസ്യത്തെയും കലാപരമായ ആവിഷ്കാരത്തെയും യൗവനവുമായിട്ടാണ് ബന്ധപ്പെടുത്തുന്നത്. എന്നാൽ മധ്യവയസ്കരും പ്രായമായവരുമായ നർത്തകരുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം ഈ സങ്കൽപ്പങ്ങളെ തിരുത്തുന്നു. പ്രായമല്ല സൗന്ദര്യത്തിന്റെ മാനദണ്ഡമെന്നും പ്രായം കൂടുന്നതിനനുസരിച്ച് സൗന്ദര്യം ഇല്ലാതാകുന്നില്ലെന്നും സ്ത്രീകൾ തെളിയിക്കുകയാണ്. മാത്രമല്ല, പ്രായത്തിന്റെ പക്വത പലപ്പോഴും കലാപരമായ ആവിഷ്കാരത്തെയും വൈകാരികമായ ഉൾക്കാഴ്ചകളെയും കൂടുതൽ ആഴമുള്ളതാക്കുന്നു എന്നതും ഒരു വസ്തുതയാണെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

തിരുവാതിര ചുവടുകളും നൃത്തക്ലാസ് മുറികളും സ്ത്രീകൾക്ക് യാതൊരു അപകർഷതാബോധവുമില്ലാതെ തങ്ങളുടെ സ്ത്രീത്വത്തെ ആഘോഷിക്കാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. ഇവിടെ സൗന്ദര്യം അളക്കുന്നത് യൗവനത്തിന്റെ തിളക്കം കൊണ്ടല്ല, മറിച്ച് ആത്മവിശ്വാസം, ആത്മധൈര്യം, ശരീരഭാഷ, ചടുലത, വൈകാരികമായ ആഴം, എന്നിവ കൊണ്ടാണ്.

തിരുവാതിരയുടെ ജനപ്രീതിയെ പാരമ്പര്യത്തിന്റെ വെറുമൊരു പുനരുജ്ജീവനമായി മാത്രം കാണാൻ കഴിയില്ല. അത് കൂട്ടായ്മകളുടെ രൂപീകരണത്തെക്കൂടി കുറിക്കുന്നു.
തിരുവാതിരയുടെ ജനപ്രീതിയെ പാരമ്പര്യത്തിന്റെ വെറുമൊരു പുനരുജ്ജീവനമായി മാത്രം കാണാൻ കഴിയില്ല. അത് കൂട്ടായ്മകളുടെ രൂപീകരണത്തെക്കൂടി കുറിക്കുന്നു.

ഒരു പുതിയ സാംസ്കാരിക സ്ത്രീവാദം

പങ്കെടുക്കുന്നവരിൽ പലരും തങ്ങളെ ഒരിക്കലും 'ഫെമിനിസ്റ്റുകൾ' എന്ന് വിശേഷിപ്പിക്കാനിടയില്ലെങ്കിലും, അവരുടെ പ്രവർത്തനങ്ങൾക്ക് പ്രധാനപ്പെട്ട സ്ത്രീവാദപരമായ മാനങ്ങളുണ്ട്. തങ്ങൾക്കായി സമയം കണ്ടെത്തുക, വ്യക്തിഗത വളർച്ചയ്ക്കായി ഊർജ്ജം കൊടുക്കുക, സൗഹൃദങ്ങൾ വളർത്തുക, വികാരങ്ങൾ പ്രകടിപ്പിക്കുക, സ്വന്തം ശരീരത്തെ ആഘോഷിക്കുക എന്നിവയിലൂടെ സ്ത്രീകൾ കാലങ്ങളായി അടിച്ചേല്പിക്കപ്പെട്ട സാമൂഹിക ധാരണകളെ നിശ്ശബ്ദമായി വെല്ലുവിളിക്കുകയാണ്. പ്രധാനമായും, ഈ മാറ്റം സംഭവിക്കുന്നത് ഒരു ഏറ്റുമുട്ടലിലൂടെയല്ല, മറിച്ച് കലാപരമായ ആവിഷ്കാരത്തിലൂടെയാണ്; ഇതൊരു സാംസ്‌കാരികമായ മുന്നേറ്റവും പരിവർത്തനവുമാണ്. പാരമ്പര്യങ്ങൾക്ക് പുറത്തല്ല, പാരമ്പര്യങ്ങൾക്കുള്ളിൽ നിന്നാണ് സ്ത്രീകൾ സ്വാതന്ത്ര്യം കണ്ടെത്തുന്നത്. ശാസ്ത്രീയനൃത്തവും തിരുവാതിരയും സ്ത്രീകൾക്ക് തങ്ങളുടെ വ്യക്തിത്വം, സ്വയം നിർണ്ണയ അവകാശം - ഏജൻസി, ആത്മീയത, കൂട്ടായ്മ എന്നിവ നേടിയെടുക്കാനുള്ള മാധ്യമങ്ങളായി മാറുകയാണ്.

ഒരു പുതിയ നൃത്ത അധ്യായം

കേരളത്തിലെ സ്ത്രീകൾക്കിടയിൽ നൃത്തത്തിനും തിരുവാതിരയ്ക്കും വർദ്ധിച്ചുവരുന്ന ജനപ്രീതി വെറുമൊരു സാംസ്കാരിക പ്രവർത്തനത്തോടൊപ്പം, സ്ത്രീത്വം, വ്യക്തിത്വം, പ്രായം, സന്തോഷം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. നൃത്ത ക്ലാസ് മുറികളിലും ക്ഷേത്രമുറ്റങ്ങളിലും, കമ്മ്യൂണിറ്റി ഹാളുകളിലും ഉത്സവപ്പറമ്പുകളിലും സ്ത്രീകൾ തങ്ങളുടേതായ ഇടങ്ങൾ സൃഷ്ടിക്കുകയാണ്. അവർ മറന്നുപോയ സ്വപ്നങ്ങളെ വീണ്ടെടുക്കുകയും, പരസ്പരം പിന്തുണയ്ക്കുന്ന കൂട്ടായ്മകൾ കെട്ടിപ്പടുക്കുകയും, തങ്ങളുടെ ശരീരത്തെ തിരിച്ചുപിടിക്കുകയും, ജീവിതത്തെ ആഘോഷിക്കുകയും ചെയ്യുന്നു.

സമകാലിക കേരളത്തിലെ നൃത്തം ചെയ്യുന്ന സ്ത്രീകൾ പാരമ്പര്യത്തെ വെറുതെ സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്; അവരതിനെ മാറ്റിമറിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്; വ്യത്യസ്ത തലമുറകളിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന്റെയും സത്വ ആവിഷ്ക്കാരത്തിന്റെയും മാനസിക ആരോഗ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ഭാഷയായി നൃത്തം മാറുന്ന ഒരു പുതിയ അധ്യായം.


Summary: Dr. Lekha N.B. writes on how women embracing dance reflects changing gender roles, confidence, and freedom in Kerala.


ഡോ. ലേഖ എൻ. ബി.

മോഹിനിയാട്ടം നർത്തകി, ഗവേഷക. തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളേജിലെ സോഷ്യോളജി വിഭാഗം അധ്യാപിക. ‘മോഹിനിയാട്ടവും കേരളീയ സ്ത്രീയുടെ സാംസ്കാരിക- ആത്മീയ ആവിഷ്കാരങ്ങളും’ എന്ന വിഷയത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ഗവേഷണം നടത്തുന്നു . ലിംഗപദവി, ലിംഗനീതി, ശരീരരാഷ്ട്രീയം, സംസ്കാരം തുടങ്ങിയ സാമൂഹിക വശങ്ങളെ മോഹിനിയാട്ടത്തിന്റെ ചരിത്രവുമായി ബന്ധിപ്പിച്ച് ഈ ഗവേഷണം പരിശോധിക്കുന്നു. Unveiling Gender Paradox: Dynamics of Power, Sexuality and Property in Kerala (co author: Antony Palackal), Routledge Handbook on Gender, Culture and Development in India (co editor), COVID-19 Responses in Cultural and Political Context - Paradox of Precaution (co editor) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments