Photo: Nioshi Shah, ruralindiaonline.org

സ്ത്രീ പദ്ധതികളും
മോദി സർക്കാറിന്റെ കെട്ടുകഥകളും

കഴിഞ്ഞ പത്തു വർഷത്തെ സ്ത്രീശാക്തീകരണ പദ്ധതികളെ വിശകലന വിധേയമാക്കുമ്പോൾ മോദിയുടെ വാഗ്ദാനങ്ങൾക്കും പ്രകടനപരതയ്ക്കപ്പുറം പ്രായോഗിക തലത്തിൽ ഘടനാപരമായ മാറ്റങ്ങളോ ദീർഘകാല പരിവർത്തനത്തിനുതകുന്ന പദ്ധതികളുടെ ആവിഷ്കരണമോ നടന്നിട്ടില്ല എന്ന് വിശദീകരിക്കുകയാണ് ഡോ. സ്മിത പി. കുമാർ.

‘സ്​ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനെക്കുറിച്ച് ശാസ്​ത്രങ്ങൾ പറഞ്ഞിട്ടുണ്ട്. ഊർജ്ജത്തെ യാതൊരു നിയന്ത്രണവുമില്ലാതെ സ്വതന്ത്രമായി വിടുന്നത് നാശത്തിന് കാരണമാകുന്നതുപോലെ, സ്​ത്രീകൾക്ക് സ്വാതന്ത്ര്യം ആവശ്യമില്ല, അവർക്ക് സംരക്ഷണമാണ് ആവശ്യം. അവരിലെ ഊർജം ഉൽപ്പാദനപരമായി ഉപയോഗിക്കുന്നതിന് വഴിയൊരുക്കണം’’, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2014-ൽ എഴുതിയ ലേഖനത്തിലെ വരികളാണിത്.

യോഗി ആദ്യത്യനാഥ് സൂചിപ്പിക്കുന്ന ‘ശാസ്​ത്രം’ മനുസ്​മൃതി ആണെന്ന് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ല. ഹിന്ദുത്വ പ്രത്യയശാസ്​ത്രത്തി​ന്റെ ആധാരശിലകളായ സ്​മൃതികളും ഉപനിഷത്തുക്കളും പക്ഷേ തെരഞ്ഞെടുപ്പുകളിൽ സഹായകരമാകില്ലെന്ന് മറ്റാരെക്കാളും നന്നായറിയുന്നതും അതിന്റെ വക്താക്കൾക്ക് തന്നെയാണ്. അതുകൊണ്ടുതന്നെ സ്​ത്രീ ശാക്തീകരണ പദ്ധതികളും മുദ്രാവാക്യങ്ങളും ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പത്രികകളിലും നയപരിപാടികളിലും ഒഴിച്ചുകൂടാനാകാത്തതായി മാറുകയും ചെയ്യുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാജ്യത്തുടനീളം, സമസ്​ത മേഖലകളിലും ‘സ്​ത്രീ ശാക്തീകരണ’ പദ്ധതികൾ നടപ്പിലാക്കുമെന്ന ഉറപ്പ് 2014–ലെ ബി ജെ പി യുടെ പ്രകടന പത്രികയിലെ സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ‘രാഷ്ട്ര നിർമാതാക്കൾ’ എന്ന നിലയിൽ സ്​ത്രീകളുടെ പങ്ക് ഊന്നിപ്പറയുകയും ‘സമൂഹത്തിന്റെ വികസനത്തിലും രാജ്യത്തിന്റെ വളർച്ചയിലും സ്​ത്രീകളുടെ (നാരി ശക്തി) പ്രധാന പങ്ക് പാർട്ടി അംഗീകരിക്കുന്നതായും പ്രതിജ്ഞാബദ്ധമായി തുടരുകയും ചെയ്യും എന്ന വാഗ്ദാനവും പ്രകടന പത്രിക മുൻപോട്ടു വെക്കുന്നുണ്ട്.

എന്നാൽ കഴിഞ്ഞ പത്തു വർഷത്തെ സ്​ത്രീശാക്തീകരണ പദ്ധതികളെ വിശകലന വിധേയമാക്കുമ്പോൾ പ്രകടനപരതയ്ക്കപ്പുറം പ്രായോഗിക തലത്തിൽ ഘടനാപരമായ മാറ്റങ്ങളോ ദീർഘകാല പരിവർത്തനത്തിനുതകുന്ന പദ്ധതികളുടെ ആവിഷ്കരണമോ നടന്നിട്ടില്ല എന്നു കാണാം. പ്രകടനപത്രികയിലെ വിശദാംശങ്ങളിൽ ഉറപ്പുപറയുന്ന, സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഉയർന്ന നിരക്ക് കുറയ്ക്കുന്നതിനോ, സ്​ത്രീകളുടെ തൊഴിൽ നിലവാരം ഉയർത്തുന്നതിനോ മോദി സർക്കാർ ആവിഷ്ക്കരിച്ച പല പദ്ധതികൾക്കും ഫലപ്രദമായ പരിണതികളുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

പി ആർ ആയി മാറിയ
പദ്ധതികൾ

‘സ്ത്രീശാക്തീകരണവും’ ’സ്​ത്രീസുരക്ഷയും’ ഒരു പബ്ലിക് റിലേഷൻസ് ലക്ഷ്യമായി മാത്രം കണ്ടുള്ള പ്രവർത്തനങ്ങളാണ് പല സ്​കീമുകളുടെയും നടത്തിപ്പിൽ പ്രകടമായത്. പല പദ്ധതികളും അവയുടെ നിർവഹണതലത്തിലെ അനാവശ്യ സങ്കീർണതകൾ, ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകൾ, കാലതാമസം എന്നിവ കാരണം ഗുണഭോക്താക്കളിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സാധിച്ചിട്ടില്ല എന്നത് വലിയ ന്യൂനതയാണ്. പല പദ്ധതികളും പ്രഖ്യാപനങ്ങൾക്കു ശേഷം സ്വയം ഇല്ലാതാവുകയായിരുന്നു. യഥാർത്ഥത്തിൽ അടിസ്​ഥാന ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ക്ഷേമപദ്ധതികളുടെ ആവിഷ്കരണവും അതിനെ പറ്റിയുള്ള വിപുലമായ പരസ്യ പ്രചാരണങ്ങളും മോദിയുടെ അധികാരം ഉറപ്പിക്കാനുള്ള രാഷ്ട്രീയതന്ത്രങ്ങളാണെന്ന് മനസ്സിലാവും. ജനനേതാവെന്ന നിലയ്ക്കുള്ള പ്രതിച്ഛായാ നിർമാണത്തിനായി ശ്രദ്ധാപൂർവം ക്യുറേറ്റ് ചെയ്തെടുത്ത പ്രദർശനങ്ങളാണ് ജനം കണ്ടുകൊണ്ടിരുന്നത്. ഈ വിധം ഭംഗിയായി ആസൂത്രണം ചെയ്ത് കൃത്യമായി വിപണനം ചെയ്യപ്പെട്ട മോദിയുടെ ക്ഷേമപദ്ധതികൾ പലതും ദലിത്– ആദിവാസി–ഒ ബി സി വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ അടിത്തറ വിപുലീകരിക്കാൻ സഹായകമായി തീർന്നിട്ടുണ്ട് എന്നു കാണാം.

സൗജന്യങ്ങളും സബ്സിഡികളും വാഗ്ദാനം ചെയ്ത് ജനങ്ങളുടെ വോട്ടു നേടിയെടുക്കാനുള്ള പ്രതിപക്ഷ പാർട്ടിയുടെ ശ്രമങ്ങളെ സൗജന്യ ‘റേവ്ഡി’ (രാജസ്​ഥാനി മധുരപലഹാരം) വിതരണം എന്ന് മോദി പരിഹസിച്ചിരുന്നു. ‘റേവ്ഡി സംസ്​കാരം’ രാജ്യത്തിന്റെ വികസനത്തിന് അത്യന്തം അപകടകരമാണെന്ന് മോദി അന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ബി ജെ പി ഭരിക്കുന്ന സംസ്​ഥാനങ്ങളിൽ ഇതേ റേവ്ഡി തന്ത്രം തന്നെ ക്ഷേമപദ്ധതികളെന്ന വ്യാജേന നടപ്പിലാക്കുകയും പാർട്ടി അതിന്റെ നേട്ടം കൊയ്യുകയും ചെയ്തിട്ടുണ്ട് എന്നു കാണാം. സമൂഹത്തിലെ അസമത്വങ്ങളെ കുറച്ചു കൊണ്ടു വരാൻ ഈ ക്ഷേമപദ്ധതികൾക്കു കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ വിടവുകൾ സാമൂഹിക സാമ്പത്തിക അവസരങ്ങളിൽ സൃഷ്ടിക്കപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ ഇരകൾ അടിസ്​ഥാന ജനവിഭാഗങ്ങളിലെ സ്​ത്രീ സമൂഹങ്ങൾ തന്നെയായിരുന്നു. മോദി കാലത്തു ഈ ദുരിതങ്ങൾ കൂടുതൽ ആഴത്തിലാവുകയാണ് ചെയ്തതെന്ന് വിവിധ ക്ഷേമപദ്ധതികളുടെ വിശകലനങ്ങൾ വ്യകതമാക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി

ആൺ– പെൺ ലിംഗാനുപാത നിരക്ക് വർദ്ധിപ്പിച്ചും ,ലിംഗഭേദത്തിന്റെ അടിസ്​ഥാനത്തിലുള്ള ഗർഭച്ഛിദ്രം കുറച്ചും പെൺകുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മോദി സർക്കാരിന്റെ ‘ബേട്ടി ബച്ചാവോ ബേഠി പഠാവോ’ എന്ന ഫ്ലാഗ്ഷിപ്പ് പദ്ധതി 2015–ൽ ആരംഭിക്കുന്നത്. വനിതാ ശിശുവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച നിർവ്വഹണ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പദ്ധതിയുടെ രണ്ട് പ്രധാന ഘടകങ്ങൾ;
1) സ്​കീമിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിന്റെ പ്രസകതിയെ സംബന്ധിച്ചുമുള്ള പ്രചാരണം,
2) ലിംഗഭേദ നിരക്ക് കുറഞ്ഞതായി കണ്ടെത്തുന്ന സ്​ഥലങ്ങളിൽ ബഹു–മേഖലാ ഇടപെടൽ നടത്തുക എന്നിവയായിരുന്നു.

മൊത്തം 848 കോടി രൂപ അനുവദിച്ച് രാജ്യത്തെ 405–ലധികം ജില്ലകളിലാണ് ഇത് ആദ്യം നടപ്പാക്കുവാൻ ആരംഭിച്ചത്. പരസ്യങ്ങൾക്കും പദ്ധതി നടപ്പിലാക്കുന്നതിനായും ചെലവഴിക്കേണ്ട തുകയുടെ വ്യകതമായ വേർതിരിവുണ്ടായിരുന്നിട്ടും, ഫണ്ടുകളുടെ വിനിയോഗം അങ്ങനെയല്ല നടന്നിരിക്കുന്നത് എന്നു കാണാം. 2016–2019 കാലയളവിലെ മൊത്തം 446.72 കോടി രൂപയിൽ 78.91 ശതമാനവും ചെലവഴിച്ചത് മാധ്യമ പ്രചാരണങ്ങൾക്കും പരസ്യങ്ങൾക്കും വേണ്ടി മാത്രമാണെന്ന് 2022–ൽ സ്​ത്രീ ശാക്തീകരണത്തിനായുള്ള പാർലമെൻ്ററി കമ്മിറ്റി ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

2014–15 സാമ്പത്തിക വർഷം മുതൽ 2021–22 വരെ ആകെ പദ്ധതിത്തുകയായ –740.18 കോടിയിൽ മീഡിയ കാമ്പയിൻ ചെലവ് 401.04 കോടിയാണ്. അതായത് മൊത്തം ചെലവിന്റെ ഏകദേശം 54 ശതമാനം ചെലവഴിച്ചതും പ്രചാരണ പരിപാടികൾക്കു വേണ്ടിയാണെന്ന് സർക്കാർ വാർത്താക്കുറിപ്പ് വെളിപ്പെടുത്തുന്നു. ഇത്തരം പ്രചാരണ പരിപാടികൾ മൂലം ലിംഗാനുപാത നിരക്കിൽ അനുകൂല മാറ്റമുണ്ടായിട്ടുണ്ട് എന്ന് സർക്കാർ റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ അത് ഇന്ത്യയിലെ പെൺകുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണം, അവരുടെ വിദ്യാഭ്യാസം, തൊഴിൽ മേഖലകളിലേക്കുള്ള പ്രവേശനം ഇവയിലൊന്നും ഗുണകരമായ മാറ്റമുണ്ടാക്കിയിട്ടില്ല. പെൺകുട്ടികളുടെ ജനനത്തെയും, അവരുടെ വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്ന വിധമുള്ള വിപുലമായ പരസ്യ പ്രചാരണങ്ങൾ നടന്നിട്ടും ‘ആൺകുട്ടികൾക്കുള്ള അധിക മുൻഗണന’ തുടരുക തന്നെയാണ് എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഹെൽത്ത് മാനേജ്മെൻ്റ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്​ഥാനത്തിലാണ് ജനനസമയത്തെ ലിംഗാനുപാതം മെച്ചപ്പെടുന്ന പ്രവണത ദൃശ്യമാണ് എന്ന് സർക്കാർ പറയുന്നത്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ (2019–21) ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം ജനന ലിംഗാനുപാതം 929 ആണ്. അതേസമയം ആരോഗ്യ പ്രവർത്തകരും സ്​ഥാപനങ്ങളും നൽകിയ വിവരങ്ങളെ അടിസ്​ഥാനമാക്കിയുള്ള ഹെൽത്ത് മാനേജ്മെൻ്റ് ഇൻഫർമേഷൻ സിസ്റ്റം (എച്ച്.എം.ഐ.എസ്) 2020–21 ലെ കണക്കനുസരിച്ച് ഇത് 937 ആയി കണക്കാക്കുന്നു. ഭൂമിശാസ്​ത്രപരമായ യൂണിറ്റുകളുടെ സാമ്പിളിനെ അടിസ്​ഥാനമാക്കിയുള്ളതാണ് മേൽപ്പറഞ്ഞ ലിംഗാനുപാതത്തിലെ ഉയർച്ച എന്നതിനാൽ സാമ്പിൾ പിശകുകൾ സംഭവിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാൻ സാധിക്കില്ല എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഓട്ടോയിലും ബസിലും നാടൊട്ടുക്കുള്ള ചുവരുകളും പരസ്യ വാചകത്തിനൊപ്പം മോദിക്കു നിറഞ്ഞു നില്ക്കാൻ തയ്യാറാക്കിയ ബി ജെ പി സർക്കാരിന്റെ ഒരു പി ആർ പദ്ധതിയായി ‘ബേട്ടി ബച്ചാവോ ബേഠി പഠാവോ’ മാറിയതിന്റെ സൂചനകൾ മറ്റു ചില റിപ്പോർട്ടുകളും വെളിപ്പെടുത്തുന്നുണ്ട്. 2015–17 കാലയളവിലെ മൂന്ന് വർഷത്തെ സർവേയെ അടിസ്​ഥാനമാക്കി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്​ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് (സെൻസസ് ഓഫ് ഇന്ത്യ) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഛത്തീസ്ഗഡ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നിവയൊഴികെയുള്ള എല്ലാ സംസ്​ഥാനങ്ങളിലും പെൺശിശുക്കളുടെ മരണനിരക്ക് ആൺ ശിശുക്കളേക്കാൾ ഉയർന്നതായി സർവേയിൽ പറയുന്നു.

അതേവർഷം, ഹരിയാനയിൽ ആരംഭിച്ച Selfie With Daughter എന്ന പേരിലുള്ള ഒരു പ്രചാരണവും ദേശീയ– അന്തർദേശീയ തലത്തിൽ വ്യാപക മാധ്യമ കവറേജ് ലഭിച്ച പരിപാടിയായിരുന്നു. അതിലൂടെ ശക്തനായ നേതാവ് എന്നതിനപ്പുറം, സംരക്ഷകനായ ഒരു ‘ഫാദർ ഫിഗർ’ പരിവേഷം കൂടി നിർമിച്ചെടുക്കപ്പെട്ടു. ഇതിനപ്പുറം യഥാർത്ഥത്തിൽ മോദിയുടെ ഈ പത്തു വർഷത്തെ ഭരണകാലയളവ് രാഷ്ട്രീയ സാമൂഹികഘടനയിലാകമാനം വ്യാപിച്ചു നിൽക്കുന്ന ആണധികാര ബോധത്തെ –അതിന്റെ ഹിംസാത്മകമായ പ്രകടനപരതയെ കൂടുതൽ ഉറപ്പിക്കുക മാത്രമാണ് ഭരണകൂട നയങ്ങളിലൂടെയും വിവിധ നീതിനിർവഹണ സംവിധാനങ്ങളുടെ തീരുമാനങ്ങളിലൂടെയും ചെയ്തത്. നിലനിൽക്കുന്ന സാമൂഹികഘടനയിൽ സ്​ത്രീകളുടെ പങ്കിനെ സംബന്ധിച്ച ‘രണ്ടാം നിര’ പൗരർ എന്ന കാഴ്ചപ്പാടിനെ അത് ചോദ്യം ചെയ്യാൻ ഒരിക്കലും മുതിർന്നില്ല എന്നുമാത്രമല്ല, അതിലും മോശമായി മനുവാദത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഒതുക്കുന്ന വിധം സ്​ത്രീകളുടെ പദവിയെ സംബന്ധിച്ചും, അവരുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും ഓർമപ്പെടുത്തലുകൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്​ത്രീകൾക്ക് –പ്രത്യേകിച്ച് ദലിത്, ആദിവാസി, ന്യൂനപക്ഷങ്ങൾക്കു –നേരെ നടന്ന ആക്രമണങ്ങൾ, ബലാത്സംഗങ്ങൾ എന്നിവയുടെയെല്ലാം കണക്കുകൾ സൂചിപ്പിക്കുന്നത്, മോദി കാലം തികഞ്ഞ സ്​ത്രീവിരുദ്ധതയുടെ ഏറ്റവും ഹിംസാത്മകമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ച കാലം കൂടിയായിരുന്നു എന്നാണ്.

പേരു മാറി വരുന്ന പദ്ധതികൾ

പദ്ധതികളുടെയും ഫണ്ട് വിനിയോഗത്തിന്റെയും കാര്യത്തിൽ മറ്റു പല സ്​കീമുകളിലും സമാനമായ അവസ്​ഥ തന്നെയാണ് നിലനിൽക്കുന്നതെന്ന് കാണാം. 1980 മുതൽ രണ്ട് ഗഡുക്കളായി പാവപ്പെട്ട ഗർഭിണികൾക്ക് 6,000 രൂപ ധനസഹായം നൽകിവരുന്ന ‘ഇന്ദിരാഗാന്ധി മാതൃ സഹയോഗ് യോജന’ എന്ന പദ്ധതിയാണ് പേരു മാറ്റി 2017 ജനുവരി മുതൽ, പ്രധാനമന്ത്രി മാതൃ വന്ദന യോജന ആക്കുന്നത്. ഇതിലാകട്ടെ ഗുണഭോക്താവിനുള്ള തുക 5,000 രൂപയായി കുറയ്ക്കുകയും തവണകളുടെ എണ്ണം 3 ആയി വർധിപ്പിക്കുകയും ചെയ്തു. സാമ്പത്തിക സഹായം ലഭ്യമാവുന്നതിനു ചെയ്യണ്ട നടപടിക്രമങ്ങളുടെ സങ്കീർണതകൾ, ഓരോ ഗഡു ലഭ്യമാക്കുന്നതിനും സമർപ്പിക്കേണ്ട രേഖകൾ, പദ്ധതിയെ കുറിച്ചുള്ള അറിവില്ലായ്മ എന്നിവയെല്ലാം ആവശ്യക്കാരിലേക്കു ഇതിന്റെ ഗുണഫലങ്ങൾ എത്തുന്നതിന് തടസ്സമായി. 2022–ൽ PMMVY, മിഷൻ ശക്തി എന്ന പേരിലുള്ള സ്​ത്രീ ശാക്തീകരണ പദ്ധതിയുടെ കീഴിലേക്ക് ഉൾപ്പെടുത്തി. അടിക്കടിയുള്ള പദ്ധതിയുടെ പേരു മാറ്റലും അതിന്റെ നിബന്ധനനകളിൽ വരുന്ന മാറ്റങ്ങളും ഉപഭോക്താക്കളെ വീണ്ടും അപേക്ഷിക്കുന്നതിൽ നിന്ന് വിമുഖരാക്കുന്നുണ്ട്. മറ്റു ചില പദ്ധതികളുമായി നിലവിലിരിക്കുന്ന സ്​കീമുകളെ സംയോജിപ്പിച്ചും, മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയും അതിന്റെ തുടർച്ചയായി ആ പ്രത്യേക സ്​കീമിനായുള്ള ബജറ്റ് വകയിരുത്തൽ വെട്ടി ചുരുക്കുകയും ചെയ്യുന്നതിലൂടെ പദ്ധതിയുടെ തുടർന്നുള്ള നടത്തിപ്പ് വേഗം കുറയുന്നു.

2022–23 സാമ്പത്തിക വർഷത്തിൽ, ബജറ്റിൽ PMMVY 2.0 ന് 2,048 കോടി രൂപയാണ് അനുവദിച്ചത്. ഇത് 2021–22 സാമ്പത്തിക വർഷത്തിൽ അനുവദിച്ച തുകയേക്കാൾ ഏകദേശം 5 ശതമാനം കുറവായിരുന്നു. 2023–24 ബജറ്റിലാകട്ടെ PMMVY- യ്ക്കായി പ്രത്യേക വിഹിതങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കുഞ്ഞുങ്ങളുടെ മരണ നിരക്ക് കുറയ്ക്കുന്നതിനും സുരക്ഷിത പ്രസവം ഉറപ്പു വരുത്തുന്നതിനും വേണ്ടി ആശുപത്രികളിലുള്ള പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കപ്പെട്ട പദ്ധതിയാണ് ജനനി സുരക്ഷാ യോജന. ഹെൽത്ത് മാനേജ്മെൻ്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ നിന്നുള്ള പുതിയ ഡാറ്റകൾ ആശുപത്രികളിലെ ഡെലിവറികളുടെ എണ്ണം സമീപ വർഷങ്ങളിൽ കുറഞ്ഞുവരികയാണെന്ന് സൂചിപ്പിക്കുന്നു.

തൊഴിൽ പങ്കാളിത്തവും
സ്വയം തൊഴിലും

തൊഴിൽ മേഖലയിലെ സ്​ത്രീപങ്കാളിത്തം വർധിപ്പിക്കും എന്നത് മോദി സർക്കാരിന്റെ ഒരു വാഗ്ദാനമായിരുന്നു. എന്നാൽ സ്​ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിൽ സമ്മിശ്രങ്ങളായ ചില മാറ്റങ്ങൾ മാത്രമാണ് ദൃശ്യമാവുന്നത്. സ്​ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിലുള്ള സമീപകാല വർദ്ധനവ് ഗ്രാമീണ മേഖലയിലെ തൊഴിൽ സാദ്ധ്യതകൾ കൂടിയതുകൊണ്ടാവാൻ സാധ്യതയില്ലെന്ന് സെൻ്റർ ഫോർ ഇക്കണോമിക് ടാറ്റ അനാലിസിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കാരണം ഗ്രാമീണ പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്കിൽ അനുബന്ധമായ വർദ്ധനവ് കാണാൻ കഴിയുന്നില്ല എന്ന് അവർ നിരീക്ഷിക്കുന്നു.

‘സ്വയം തൊഴിൽ ചെയ്യുന്നവർ‘ എന്ന വിശാലമായ വിഭാഗത്തിനുകീഴിലുള്ള ഗ്രാമീണ സ്​ത്രീകളുടെ അനുപാതം വർധിച്ചതാണ് 2017–18ൽ 55.9 ആയിരുന്ന സ്​ത്രീ തൊഴിൽ സേനാ പങ്കാളിത്ത നിരക്ക് 2022–23ൽ 70.1 ​ആയി ഉയരുന്നതിനു കാരണമായതെന്ന് പഠനം വിലയിരുത്തുന്നുണ്ട്. കൂലിയില്ലാതെ ജോലി ചെയ്യുന്നവരും, കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും ഉള്ള പങ്കാളിത്തവും സ്വയം തൊഴിലായി കണക്കാക്കുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ ഈ സ്വയം തൊഴിൽ ചെയ്യുന്നവരെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുന്നുണ്ട്:
തൊഴിൽ ദാതാവ്, സ്വന്തമായി തൊഴിൽ ചെയ്യുന്നവർ, ശമ്പളമില്ലാത്ത സഹായി എന്നിവയാണവ.
സ്വന്തമായി തൊഴിൽ ചെയ്യുന്നവർ ഒരു വ്യക്തി സ്വയം ഏറ്റെടുത്തു ചെയ്യുന്ന സംരംഭങ്ങളാണ്. കൂടാതെ ശമ്പളമില്ലാത്ത സഹായികൾ സാധാരണയായി കുടുംബ സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളാണ്, അവരുടെ അധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നുമില്ല. ഈവിധം സ്വയം തൊഴിൽ ചെയ്യുന്നവരുടെ വിഭാഗത്തിലേക്കുള്ള സ്​ത്രീകളുടെ കൂടുതലായുള്ള കടന്നുവരവാണ് സർക്കാരിന്റെ കണക്കുകളിൽ സ്​ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് വർധിക്കാൻ കാരണം. ഈ വിശകലനത്തെ സാധൂകരിക്കുന്ന വിധം രാജ്യത്തിന്റെ പ്രാഥമിക മേഖലയിൽ (കൃഷി, വനം, മൽസ്യബന്ധനം) സ്​ത്രീ തൊഴിൽ പങ്കാളിത്തം കൂടിയതായുള്ള കണക്കുകളും കാണാം.

കോവിഡ് മഹാമാരി അനൗദ്യോഗിക മേഖലയെ പൂർണ്ണമായി തകർത്തുകളയുകയും പിന്നീട് പഴയതുപോലെ ഈ അസംഘടിത തൊഴിൽ മേഖലയിലേക്ക് സ്​ത്രീതൊഴിലാളികൾക്ക് കടന്നു വരാൻ സാധിച്ചിട്ടില്ല എന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇവരെല്ലാം ഗ്രാമീണ മേഖലയിൽ കൂലിയില്ലാത്ത പല സഹായ ജോലികളിലേക്കും, സ്വയം തൊഴിലുകളിലേക്കും മാറിയതാവാം തൊഴിൽ പങ്കാളിത്തം വർധിക്കാൻ കാരണമായത്. അനൗപചാരിക തൊഴിലുകളിൽ നിന്ന് സ്​ഥിരവരുമാനമുള്ള തൊഴിലുകളിലേക്കുള്ള മാറ്റം പുരോഗമനപരമാണ്. പക്ഷെ അത്തരം ഒരു മാറ്റവും ഇവിടെ സംഭവിച്ചിട്ടില്ലെന്ന് കാണാം.

കോവിഡ് മഹാമാരി അനൗദ്യോഗിക മേഖലയെ പൂർണ്ണമായി തകർത്തുകളയുകയും പിന്നീട് പഴയതുപോലെ ഈ അസംഘടിത തൊഴിൽ മേഖലയിലേക്ക് സ്​ത്രീതൊഴിലാളികൾക്ക് കടന്നു വരാൻ സാധിച്ചിട്ടില്ല എന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

റീഫിൽ ചെയ്യപ്പെടാത്ത
സിലിണ്ടറുകൾ

പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY 2016), ദാരിദ്ര്യരേഖക്കുതാഴെയുള്ള (ബി പി എൽ) കുടുംബങ്ങളിലെ സ്​ത്രീകൾക്ക് എൽ പി ജി കണക്ഷനുകൾ വിതരണം ചെയ്യാൻ ആവിഷ്കരിച്ച കേന്ദ്ര സർക്കാർ പദ്ധതിയാണ്. 2023–ലെ കണക്കനുസരിച്ച് കേന്ദ്ര സർക്കാർ 96 ദശലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്തു. എന്നിരുന്നാലും, വിതരണം ചെയ്ത സിലിണ്ടറുകളിൽ, പദ്ധതിയുടെ ഗുണഭോകതാക്കളിൽ 9.6 പേർ ഒരിക്കൽ പോലും സിലിണ്ടറുകൾ റീഫിൽ ചെയ്തിട്ടില്ല എന്ന് സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 11.3 പേർ ഒരിക്കൽ മാത്രം റീഫിൽ ചെയ്തവരാണ്. PMUY പ്രകാരം, 12 റീഫില്ലുകൾ സബ്സിഡിയുടെ ഭാഗമാണെങ്കിലും, 56.5 ഗുണഭോക്താക്കൾ നാലിൽ കൂടുതൽ റീഫില്ലുകൾ എടുത്തിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. റീഫിൽ ചെയ്യാനുള്ള ചെലവ് വർധിക്കുന്നതാണ് ഈ കുടുംബങ്ങളെ സംബന്ധിച്ചു പ്രശ്നമാകുന്നത്.

കൂടാതെ, പി എം യു വൈ ഫണ്ടിന്റെ ഗുണഭോക്താക്കൾ പോലും ആദ്യം റീഫില്ലിനായി മുഴുവൻ പണവും നൽകേണ്ടതുണ്ട്, സബ്സിഡി റീ ഇംബേഴ്സ്​മെൻ്റ് വളരെ വൈകിയാണ് സംഭവിക്കുന്നത്. പലപ്പോഴും എല്ലാ ഗുണഭോക്താക്കളുടെ കാര്യത്തിലും ഈ ‘തിരിച്ചടവ്’ സംഭവിക്കുന്നുമില്ല.

മുദ്ര പദ്ധതിക്ക് സംഭവിച്ചത്

2019–20 ലെ ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രി നിർമല സീതാരാമൻ, സമ്പദ് വ്യവസ്​ഥയിൽ സ്​ത്രീകൾക്കുള്ള പങ്കിനെ പരാമർശിച്ചു ‘നാരീ തു നാരായണി’ എന്ന പ്രയോഗം നടത്തുന്നത്. ഈ മുദ്രാവാക്യവും അന്ന് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സർക്കാരി​ന്റെ മുദ്രാ പദ്ധതി പ്രകാരം എല്ലാ സ്വയം സഹായ സംഘങ്ങളിലുമുള്ള (എസ്. എച്ച്.ജി) ഒരു സ്​ത്രീക്ക് ഒരു ലക്ഷം രൂപ വരെ വായ്പയ്ക്ക് അർഹത നൽകുമെന്നായിരുന്നു അന്ന് സീതാരാമൻ പ്രഖ്യാപിച്ചത്.
ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്, ശിശു (50,000 രൂപ വരെ), കിഷോർ (രൂപ 50,000 മുതൽ 5 ലക്ഷം വരെ), തരുൺ (50,000 രൂപ വരെ) എന്നീ മൂന്ന് വിഭാഗങ്ങളിലായി 10 ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നൽകാൻ ബാങ്കുകളോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 നവംബർ വരെ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം അനുവദിച്ച മൊത്തം 44.46 കോടി വായ്പകളിൽ 30.64 കോടി (69 ശതമാനം) സ്​ത്രീകൾക്ക് അനുവദിച്ചിട്ടുണ്ട്. സ്റ്റാൻഡ്–അപ്പ് ഇന്ത്യയ്ക്ക് ഇതേ കാലയളവിൽ അനുവദിച്ച 2.09 ലക്ഷം വായ്പകളിൽ 1.77 ലക്ഷം (84 ശതമാനം) വനിതാ സംരംഭകർക്ക് അനുവദിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു. എന്നാൽ സർക്കാർ ഭാഷ്യങ്ങൾ തന്നെ പ്രകാരം അനുവദിച്ചിരിക്കുന്നതിൽ 83 ശതമാനവും 50,000 രൂപ വരെയുള്ള ലോണുകളാണ്. അനുവദിച്ച ലോണുകളിൽ ഭൂരിഭാഗവും ഈ തുകയ്ക്കുള്ളതാണെന്നു മനസ്സിലാവുമ്പോഴാണ് സ്​ത്രീയെ ദേവതയായി വാഴ്ത്തി പാടുന്നതിനപ്പുറമുള്ള യാഥാർഥ്യം മനസ്സിലാവുക.

കൊഴിഞ്ഞുപോകുന്ന
പെൺകുഞ്ഞുങ്ങൾ

പെൺകുഞ്ഞുങ്ങളോടുള്ള അവഗണന പ്രധാനമായും അവരുടെ ജനനവുമായും തുടർന്നുള്ള വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ 2018- ൽ പ്രസിദ്ധീകരിച്ച പഠനത്തിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത് ഓരോ വർഷവും ശരാശരി അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 2,39,000 പെൺകുട്ടികൾ, അവർ ‘പെൺകുഞ്ഞുങ്ങളായി’ ജനിച്ചതുകൊണ്ടുമാത്രം – അനാവശ്യ ജനനം, അവഗണന– മരിക്കുന്നു. ഈ പഠനമനുസരിച്ച്, ഈ മരണങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് നാല് ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിലാണ്. അഞ്ചിൽ താഴെയുള്ള പെൺകുട്ടികളുടെ മൊത്തം മരണത്തിന്റെ മൂന്നിൽ രണ്ട് (66.7) ശതമാനവും സംഭവിക്കുന്നത് ഉത്തർപ്രദേശ്, ബീഹാർ, രാജസ്​ഥാൻ, മധ്യപ്രദേശ് എന്നീ നാലു സംസ്​ഥാനങ്ങളിലാണ്. ജനനം കൊണ്ടും തുടർന്നുള്ള അവഗണന കൊണ്ടും ഈ വിധം ‘കാണാതാവുന്ന പെൺകുട്ടികൾ’ ധാരാളമുണ്ട്. ഈ വിധം കാണാതാവുന്ന പെൺകുട്ടികൾ മൂലം വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമാവുന്ന ലിംഗ വിടവ് ഇനിയും ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല.

ധനമന്ത്രി നിർമല സീതാരാമൻ

ഗവൺമെൻ്റ് കണക്കുകൾ പെൺകുട്ടികളുടെ മൊത്ത എൻറോൾമെൻ്റ് അനുപാതം (GER) വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്. എന്നാൽ, സെക്കൻഡറി തലത്തിൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് അനുപാതം 2014–15 ൽ 17.79 ശതമാനമായിരുന്നത് 2016–17ൽ 19.81 ശതമാനമായി ഉയർന്നു. പ്രൈമറി സ്​കൂളിൽ എൻറോൾമെൻ്റ് നിരക്ക് വർധിച്ചിട്ടുണ്ടെങ്കിലും, സെക്കൻഡറി വിദ്യാഭ്യാസ തലത്തിൽ സംഭവിക്കുന്ന കൊഴിഞ്ഞുപോക്ക് ഇപ്പോഴും പെൺകുട്ടികളുടെ കാര്യത്തിൽ വളരെ ഉയർന്നതാണ്. 2013–ലെ കണക്കനുസരിച്ച്, പ്രൈമറി സ്​കൂളുകളിൽ പെൺകുട്ടികളുടെ പ്രവേശനനിരക്ക് ഏകദേശം 93 ശതമാനമായിരിക്കുമ്പോഴും , സെക്കൻഡറി ക്ലാസ്സുകളിൽ അത് 64 ശതമാനം മാത്രമാണ്. 15–29 വയസ്സിനിടയിലുള്ള പ്രായപരിധിയിൽ, 51.7 ശതമാനം സ്​ത്രീകളും വിദ്യാഭ്യാസത്തിലോ ജോലിയിലോ ഏതെങ്കിലും പരിശീലനത്തിലോ ഇല്ല എന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തിയ 78–ാമത് ദേശീയ സാമ്പിൾ സർവേ വിവരങ്ങൾ വ്യകതമാക്കുന്നു. പുരുഷന്മാരിലാകട്ടെ ഈ കണക്ക് വളരെ കുറവാണ് (15.4 ശതമാനം).

വാർഷിക വിദ്യാഭ്യാസ സ്​ഥിതി റിപ്പോർട്ട് 2023 പ്രകാരം 7–10 വയസ്സ് പ്രായപരിധിയിൽ ഏതെങ്കിലും തരത്തിലുള്ള സ്​കൂൾ വിദ്യാഭ്യാസത്തിൽ ചേർന്നിട്ടില്ലാത്ത പെൺകുട്ടികൾ ഏതാണ്ട് 4.1 ശതമാനം വരും. 15–16 എന്ന പ്രായ പരിധിയിൽ ഈ നിരക്ക് 11.1 ശതമാനമായി വർധിക്കുകയാണ് ചെയ്യുന്നത്. പെൺകുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനും, തൊഴിൽ മേഖലയിലേക്കുള്ള അവരുടെ പ്രവേശനവും പുരോഗമനാത്മകമായി വർധിപ്പിക്കാൻ മേല്പറഞ്ഞ പദ്ധതികൾക്കോ, മുദ്രാവാക്യങ്ങൾക്കോ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമൂഹത്തിൽ രൂഢമൂലമായ നിൽക്കുന്ന സ്​ഥാപനപരമായതും, സാംസ്​കാരികപരമായതുമായ സവർണ്ണ–പുരുഷാധിപത്യ അധികാര ഘടനകളെയും, അതിന്റെ പ്രായോഗിക രൂപങ്ങളെയും മാറ്റിപ്പണിയാതെ തുല്യതയുടേതായ, നീതിയുടേതും കൂടിയായ ഒരു വ്യവഹാര വിതാനം രൂപപ്പെട്ടു വരുകയില്ല. അത് സംഭവിക്കാത്തിടത്തോളം കാലം ലിംഗപരമായ ഈ വിടവ് തുടരുകയും ചെയ്യും.

വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ്​- 2022 പ്രകാരം ലിംഗ വ്യത്യാസം നികത്തുന്നതിൽ സൗദി അറേബ്യ ഇന്ത്യയെ പിന്നിലാക്കിയിരിക്കുന്നു എന്ന വാർത്ത ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം, മറ്റു നാല് പാരാമീറ്ററുകളിൽ മൂന്നിലും ഇന്ത്യ മോശം സ്​കോർ ആണ് നേടിയിരിക്കുന്നത് എന്നും ഈ സർവ്വേ സൂചിപ്പിക്കുന്നുണ്ട്. ആരോഗ്യത്തിനും അതിജീവനത്തിനും വേണ്ടിയുള്ള അവസരങ്ങളിൽ അവസാനത്തെ റാങ്കിലും (146), സാമ്പത്തിക പങ്കാളിത്തത്തിലുമുള്ള അവസരങ്ങളിൽ 143 (ഇറാൻ, പാകിസ്​ഥാൻ, അഫ്ഗാനിസ്​ഥാൻ എന്നിവയ്ക്ക് തൊട്ടു മുകളിൽ) എന്ന നിലയിലും, വിദ്യാഭ്യാസ നേട്ടത്തിൽ 106 എന്ന നിലയിലും ആണ് ഇന്ത്യയുള്ളത്. ജനനസമയത്തെ താഴ്ന്ന ലിംഗാനുപാതവും ആരോഗ്യകരമായ ജീവിതം നയിക്കുന്നതു സംബന്ധിച്ചുള്ള കാര്യത്തിൽ ലിംഗ വിടവ് കൂടിയിരിക്കുന്നതും മൂലമാണ് ആരോഗ്യം, അതിജീവനം എന്നീ മാനദണ്ഡങ്ങളിൽ ഇന്ത്യ അവസാന സ്​ഥാനത്തെത്തിയത് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ്​- 2022

കുതിക്കുന്നു,
കുറ്റകൃത്യങ്ങൾ

‘ബഹുത് ഹുവാ നാരി പർ വാർ, അബ്കി ബാർ മോദി സർക്കാർ’ (സ്​ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾ മതി, ഭരണത്തിൽ ഇനി മോദിയുടെ ഊഴമാണ്) എന്ന മുദ്രാവാക്യം ഉയർത്തി സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2014–ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നത്. സ്​ത്രീ വിരുദ്ധത മുഖമുദ്രയാക്കിയ പ്രത്യയശാസ്​ത്രത്തിന്റെ നടത്തിപ്പുകാർ എന്ന നിലയ്ക്ക് ‘സ്​കീമുകളിലെ’ സ്​ത്രീപക്ഷ തുറുപ്പു ചീട്ടുകൾക്കപ്പുറം മോദിയുടെ ഭരണകാലയളവ് കുപ്രസിദ്ധമായിരിക്കുന്നത് സ്​ത്രീ പീഡനങ്ങളുടെ വർധിച്ച എണ്ണം കൊണ്ടും കൂടിയാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എൻ സി ആർ ബി) രേഖകൾ പ്രകാരം 2012–ൽ സ്​ത്രീകൾക്കെതിരെ 2.44 ലക്ഷം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021–ൽ ഈ സംഖ്യ ഏകദേശം 4.28 ലക്ഷമായി ഉയർന്നു, ഇത് ബി ജെ പി അധികാരത്തിൽ വന്നതിന് ശേഷമുള്ള വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കുറ്റകൃത്യങ്ങളിൽ 42.96 വർദ്ധനവ് സൂചിപ്പിക്കുന്നു. ഈ കണക്കുകൾ പ്രകാരം 2021–ൽ സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 15.3 ശതമാനം വർധനവാണ് സംഭവിച്ചിരിക്കുന്നത്. 2021–ൽ 18 വയസ്സിനു മുകളിലുള്ള 3,75,058 സ്​ത്രീകളെ ഇന്ത്യയിൽ നിന്ന് കാണാതായിട്ടുണ്ട് എന്നും കണക്കുകൾ പറയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2016–2020 കാലയളവിൽ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്​ഥാനമായ ഗുജറാത്തിൽ നിന്നുമാത്രം കാണാതായ സ്​ത്രീകളുടെ എണ്ണം 40,000- ഓളം ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

സ്​ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമീഷൻ റിപ്പോർട്ടും സമാന ചിത്രം തന്നെയാണ് നൽകുന്നത്. ഗാർഹിക പീഡനത്തെക്കാൾ സ്​ത്രീകളുടെ അന്തസ്സിനു നേരെയുള്ള ആക്രമണങ്ങളുടെ വിഭാഗത്തിലാണ് കൂടുതൽ പരാതികളും ലഭിച്ചിരിക്കുന്നത് എന്നും, ഇതിൽ 55 ശതമാനം പരാതികളും ഉത്തർപ്രദേശിൽ നിന്നാണെന്നും ഈ റിപ്പോർട്ട് വ്യകതമാക്കുന്നു. രാജ്യത്തു നടന്ന ഏറ്റവും ക്രൂരമായ ബലാത്സംഗ കേസുകൾ പലതും സംഭവിച്ചിരിക്കുന്നത് യോഗി ആദിത്യനാഥിന്റെ ഭരണകാലയളവിലാണെന്നും, ഈ കേസുകളിൽ ഭൂരിഭാഗവും കുറ്റാരോപിതർ ആയിരിക്കുന്നത് ബി ജെ പി നേതാക്കളോ അനുയായികളോ ആണെന്നും കാണാം. ആദിവാസി–ദലിത് സ്​ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും, സ്​ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളും യോഗിയുടെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ‘മിഷൻ ശക്തി’ക്കു കീഴിൽ നിർബാധം തുടരുക തന്നെയാണ് ചെയ്യുന്നത്. സ്​ത്രീ പീഡന കേസുകളിൽ പ്രതികളായ എം പി / എം എൽ എമാർ കൂടുതലുള്ളതും, ഇത്തരം കുറ്റാരോപിതരായ വ്യക്തികൾക്ക് തെരെഞ്ഞെടുപ്പുകളിൽ കൂടുതൽ പ്രാതിനിധ്യം നൽകുന്ന പാർട്ടിയും ബി ജെ പി തന്നെയെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാവും. രാജ്യത്തിന്റെ അഭിമാനമായ ഗുസ്​തി കായിക താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് പരാതിയും ശകതമായ പ്രതിഷേധവും ഉയർന്നിട്ടു പോലും ബി ജെ പി എം.പിയും ഗുസ്​തി ഫെഡറേഷൻ പ്രസിഡൻ്റുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ പാർട്ടി സംരക്ഷിച്ചു പോരുന്നതെങ്ങിനെയെന്നു നാം കാണുന്നുണ്ട്.

2018 –ൽ കത്വയിൽ എട്ടുവയസ്സുകാരിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്തവർക്കും കൊലപ്പെടുത്തിയവർക്കും നൽകിയ പിന്തുണ ഓർക്കുക. ആദ്യം, സംഭവം വ്യാജമാണെന്ന് തെളിയിക്കാൻ പാർട്ടി അനുയായികൾ തങ്ങളുടെ എല്ലാ അധികാരവുമുപയോഗിച്ചു ശ്രമിക്കുകയാണ് ചെയ്തത്. സീ ന്യൂസും ദൈനിക് ജാഗരനും ഇത് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചു. തുടർന്ന് ജമ്മുവിലെ ബി ജെ പിയുടെ മുതിർന്ന മന്ത്രിമാർ ബലാത്സംഗികളെ പിന്തുണച്ച് റാലികൾ നടത്തി. ‘ഹിന്ദുക്കൾക്ക് ബലാത്സംഗം ചെയ്യാൻ കഴിയില്ല’ എന്നാണ് അവർ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. മണിപ്പുർ കലാപത്തിൽ സ്​ത്രീകളെ പരസ്യമായി പീഡിപ്പിക്കുന്ന വീഡിയോകളും വാർത്തകളും പുറത്തു വന്നിട്ടും ഭരണ കക്ഷിയായ ബി ജെ പിയും, മോദിയും അതിൽ യാതൊരു പ്രതികരണവും നടത്താൻ തയ്യാറാവാത്തതും നാം മറക്കാൻ ഇടയില്ല.

ബലാത്സംഗത്തെ ദലിത്– ആദിവാസി–ന്യൂനപക്ഷ സ്​ത്രീകൾക്ക് നേരെയുള്ള ആയുധമായി ഹിന്ദുത്വ സവർണപുരുഷാധിപത്യം എന്നും ഉപയോഗപ്പെടുത്തി വന്നിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയുടെ നാളുകളിൽ ഏറ്റവും ഹിംസാത്മകമായ രീതിയിൽ ലൈംഗികാക്രമണത്തിന് സ്​ത്രീകൾ ഇരയായത് ഓർക്കുക. ബലാത്സംഗത്തെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാമെന്ന സവർക്കർ ആശയത്തെ പിൻതുടരുന്ന മിലിറ്റൻ്റ് ആയ ഹിന്ദു പുരുഷത്വത്തെയാണ് ഹിന്ദു രാഷ്ട്ര നിർമാണത്തിനായി സംഘപരിവാർ ശാഖകളിൽ പരിശീലിപ്പിച്ചു പുറത്തിറക്കുന്നത്.

മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡൻറ് ബ്രിജ്ഭൂഷൺ ഛരൺ സിങ്ങിനെതിരെ സമരം നടത്തുന്ന ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്

2002–ൽ ഗുജറാത്തിൽ നടന്ന അക്രമം ബി ജെ പി ഭരണകൂട ഒത്താശയോടെ നടന്ന തീവ്ര ഹിന്ദുത്വ മാസ്​കുലിനിറ്റിയുടെ അതിക്രൂരമായ പരസ്യ ആവിഷ്ക്കാരമായിരുന്നു. അന്ന് ആ ആക്രമണത്തിൽ പങ്കെടുക്കാത്ത ഹിന്ദു പുരുഷന്മാർക്ക് സ്​ത്രീത്വത്തിന്റെ അടയാളമെന്ന നിലയിൽ വളകളും സാരികളും വിതരണം ചെയ്യപ്പെട്ടിരുന്നു എന്ന് തനിക സർക്കാർ (2002) എഴുതുന്നുണ്ട്. നരേന്ദ്ര മോദിയെ ഹിന്ദുക്കളെ സംരക്ഷിക്കുന്ന ഒരു ‘യഥാർത്ഥ പുരുഷൻ’ എന്നാണ് അന്ന് ആരാധകർ പുകഴ്ത്തിയിരുന്നത്. സവർണ്ണ പുരുഷാധിപത്യ ബോധത്തിലധിഷ്ഠിതമായ ഹിന്ദുത്വ പ്രത്യയശാസ്​ത്ര പരിസരത്ത് സ്​ത്രീകളുടെ ശാക്തികരണവും സംരക്ഷണവും ഒരു വഞ്ചനാപരമായ വാഗ്ദാനം മാത്രമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മോദി ഭരണത്തിൽ കീഴിൽ തന്നെയാണ് സ്​ത്രീകളുടെ നേതൃത്വത്തിൽ സ്​ത്രീ വിരുദ്ധമായ നിയമനിർമാണങ്ങൾക്കെതിരെയും, പോലീസ്​– ഭരണകൂട–സംഘപരിവാർ അതിക്രമങ്ങൾക്കെതിരെയും വിപുലവും ശക്തമായതുമായ പ്രതിഷേധങ്ങൾ ഇന്ത്യൻ തെരുവുകളിലും കലാലയങ്ങളിലും ഉണ്ടായതെന്ന് കൂടി ചേർത്ത്വെച്ച് വായിച്ചാൽ ബി ജെ പി സർക്കാർ എത്രമാത്രം സ്​ത്രീവിരുദ്ധമായിരുന്നതെന്നു മനസ്സിലാവും.

ജനാധിപത്യം വലിയ തോതിൽ ഭീഷണി നേരിടുന്ന ഒരു കാലം കൂടിയായി വേണം മോദി ദശകത്തെ അടയാളപ്പെടുത്താൻ. ആ വിധമുള്ള ഒരു കാലത്ത് സമൂഹത്തിലെ പാതിയിലധികം വരുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ സ്​ത്രീകൾക്ക് നേരിടേണ്ടിവരുന്ന അവസര സമത്വമില്ലായ്മയും പ്രാതിനിധ്യക്കുറവും വർധിക്കുക തന്നെ ചെയ്യും. ഇവിടെ ഭരണകൂടം തന്നെ ആണധികാര മേൽക്കോയ്മയുടെ, അതി​ന്റെ ഹിംസാത്മക രാഷ്ട്രീയത്തിന്റെ പ്രതിരൂപമായി നിലകൊള്ളുമ്പോൾ അത് പൂർണ്ണമായും സ്​ത്രീ വിരുദ്ധതയുടെ കാലം കൂടിയായി അടയാളപ്പെടുത്തേണ്ടി വരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ തെരെഞ്ഞെടുപ്പ് ജനങ്ങളെ സംബന്ധിച്ച്, സവിശേഷമായി സ്​ത്രീകളെ സംബന്ധിച്ച് സംഘപരിവാർ ഫാഷിസത്തെ തള്ളിക്കളയുന്നതിനുമാത്രമല്ല, അതിന്റെ ഹിംസാത്മക തീവ്ര പുരുഷാധിപത്യത്തിനെതിരെ രേഖപ്പെടുത്താവുന്ന ശക്തമായ പ്രതിഷേധം കൂടിയായി മാറേണ്ടതുണ്ട്.

Comments