ഗീത

പ്രതിഗീത

‘സ്ത്രീ നിലപാടുന്നയിച്ച്​ വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുകയോ എഴുതുകയോ പ്രവർത്തിക്കുകയോ ഒക്കെ ചെയ്യുന്നത്​കുറച്ചധികം അപകടകരം തന്നെയാണ് എന്നാണനുഭവം’- കല, സാഹിത്യം, നിരൂപണം, ആക്ടിവിസം, അധ്യാപനം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളെക്കുറിച്ച്​ ഗീതയുമായി സംഭാഷണം

ടക്കവും ഒതുക്കവും ഉള്ളവർ എന്നു നൂറ്റാണ്ടുകളായി പുരുഷലോകം പുകഴ്​ത്തിക്കൊണ്ടിരുന്ന ഒരു വർഗത്തിൽനിന്ന്​ കടന്നുവന്ന് അപ്രീതികൾ മാത്രം സമ്പാദിച്ചുകൊണ്ടിരുന്ന ഗീത എന്ന എഴുത്തുകാരിയിലൂടെയുള്ള ഒരു യാത്രയാണിത്. സ്ത്രീപക്ഷ സമീപനങ്ങളിലൂടെ കല, സാഹിത്യം, നിരൂപണം, ആക്ടിവിസം, അധ്യാപനം തുടങ്ങിയ മേഖലകളെ സമ്പന്നമാക്കിയ ടീച്ചറുടെ പോരാട്ടങ്ങൾ മൂന്നു പതിറ്റാണ്ട്​ കടന്നു. ഈ കാലയളവിൽ കേരളത്തിൽ നടന്നുവന്ന ചെറുതും വലുതുമായ എല്ലാ സ്ത്രീമുന്നേറ്റങ്ങളിലും ടീച്ചർ അടയാളപ്പെടുന്നുണ്ട്. അവയൊക്കെ ചേർത്തുവച്ചാൽ കിട്ടുന്ന വലിയ അർത്ഥങ്ങളിലൊന്നിനെ പുരുഷനായ ഒരു ചോദ്യകർത്താവിനു വായിച്ചെടുക്കുക എളുപ്പമല്ല. പറയുമ്പോൾ കൈയടിക്കുവാനും ചോദ്യങ്ങൾ മുൻകൂട്ടി എഴുതിക്കൊടുക്കുവാനും ഉത്തരങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുവാനും നിർബന്ധിതരായിത്തീരുന്ന ഒരു സമൂഹത്തിലെ അംഗം എന്ന നിലയിൽ ഏകാധിപത്യത്തിന്റെ അരം എന്തെന്നും നീറ്റൽ എന്തെന്നും ഏറെക്കുറെ അറിയുന്നുണ്ട്. അതുകൊണ്ടു സ്ത്രീയനുഭവങ്ങളുടെ വീർപ്പുകളെ കുറച്ചൊക്കെ പിടിച്ചുവെക്കാൻ ഏതു ചോദ്യകർത്താവിനും ഇന്നു കഴിയുമെന്നാണു തോന്നുന്നത്. മറ്റൊരർത്ഥത്തിൽ പുരുഷമുൻവിധികളിൽനിന്നു പുറത്തു കടക്കുവാൻ ആഗ്രഹിക്കുന്ന ഒരു പുരുഷന്റെ എളിയ പരിശ്രമവുമാണിത്.

കലയും സാഹിത്യവുമൊക്കെ എല്ലാക്കാലത്തും ഈ ദിശയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആശയപ്രകാശനോപാധിയായ ഭാഷയെ സംശയിക്കുവാൻ അവ പരിശീലിപ്പിച്ചുപോരുന്നു. വിശ്വസിക്കാൻ കൊള്ളാത്ത എന്തെങ്കിലും ഈ ഭൂമിയിലുണ്ടെങ്കിൽ അതു വാക്കുകളായിരിക്കുമെന്നു കവികൾ പറഞ്ഞു. കാണുന്നതിന്റെ അപ്പുറവും ചലിക്കുന്നതിന്റെ അപ്പുറവുമൊക്കെ കലയുടെ അന്വേഷണ വിഷയങ്ങളായി. തോണ്ണൂറകളിലെ സൂക്ഷ്മരാഷ്ട്രീയത്തിന്റെ വരവ് ഏറെ നിർണ്ണായകമായിരുന്നു. ചെറിയ ശബ്ദങ്ങൾ പല മുന്നെഴുത്തുകളെയും മാറ്റിയെഴുതി. ദളിതരും ആദിവാസികളും ട്രാൻസ്ജന്ററുകളും പൊതുമണ്ഡലത്തിന്റെ ഭാഗമായി. ആധുനികാനന്തരത എന്നൊക്കെ വിളിക്കാവുന്ന ഭാവുകത്വപരിസരം യാഥാർത്ഥ്യമാവുകയായിരുന്നു. ഒരു സംഘടിത രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും പിൻബലത്തിലായിരുന്നില്ല ഈ മാറ്റങ്ങൾ സംഭവിച്ചത്. എല്ലാ പ്രസ്ഥാനങ്ങളും പ്രശ്‌നവൽക്കരിക്കപ്പെട്ടു. എന്നാൽ സമവായത്തിന്റെയും വിട്ടുവീഴ്ചയുടെയും കക്ഷിബന്ധങ്ങൾ ആധിപത്യം സ്ഥാപിച്ചതോടെ ഹിംസാത്മകമായ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങൾ തിരിച്ചുവന്നിരിക്കുകയാണ്. ചെറുത്തുനില്കുകയല്ലാതെ തനിക്കു മറ്റു മാർഗ്ഗങ്ങളില്ലെന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ഗീത ടീച്ചർ സാഹസികമായി തുടരുന്നു. ‘അന്തർവിഷയകവും ബഹുവിഷയകവുമായ ചില കാര്യങ്ങൾ' എന്ന പ്രയോഗം തന്റെ ഒരു കഥയിൽ ടീച്ചർ കുറച്ചുവച്ചിട്ടുണ്ട്​. കഥാ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്താൽ പരിഹാസ്യമായ ഒരു വർത്തമാനകാലത്തെക്കൂടി അതിൽനിന്നു വായിച്ചെടുക്കാം. കഥയിലേതുപോലെ നർമം ഏറിവരുന്നുമുണ്ട്. ആ രാഷ്ട്രീയത്തോട്​ മുഖാമുഖം.

ഒ. അരുൺകുമാർ: ഗീത ടീച്ചറെന്ന വ്യക്തിയെ ജീവിതത്തിലും എഴുത്തിലും രേഖപ്പെടുത്താൻ വൈവിദ്ധ്യം എന്ന പദം പര്യാപ്തമാണെന്നു കരുതുകയാണ്. എന്നാൽ വൈരുദ്ധ്യത്തെക്കുറിച്ചാണു ചോദിക്കാനുള്ളത്. പുതിയ പുസ്തകം അച്ചുതണ്ടില്ലാത്ത ഭൂമിയെ പ്രഖ്യാപിക്കുക ഒരു സിനിമാപഠനമാണെന്ന് അറിയുന്നു. സാഹിത്യവിമർശനം, പെൺചരിത്രം, ക്ലാസിക്കൽ എന്നു വിളിക്കപ്പെടുന്ന കലകളുടെ വായന, നോവൽ, ഗവേഷണം, ചെറുകഥ, ജനകീയസമരങ്ങൾ, സ്ത്രീയിടപെടലുകൾ, പല കാലത്തായി നടത്തിയ രാമായണപ്രഭാഷണങ്ങൾ, അധ്യാപനം അങ്ങനെ വിശ്രമമില്ലാതെ തുടരുമ്പോൾ കൈവച്ച ഈ മേഖലകളിലെല്ലാം ഒറ്റയ്‌ക്കൊരു സൈന്യമായി തീരുകയാണ്​ ടീച്ചർ. സ്വന്തമായ നിലപാടുകളുടെ പേരിൽ നേരിടേണ്ടിവരുന്ന ഒറ്റപ്പെടുത്തലുകളും മൗനങ്ങളും ആശങ്കപ്പെടുത്താറുണ്ടോ? പ്രതിസ്വരങ്ങളെ ടീച്ചർ എങ്ങനെയാണ്​നോക്കിക്കാണുന്നത്? യുക്തിയും സത്യസന്ധതയും സർഗാത്മകതയുമൊക്കെ അംഗീകരിക്കപ്പെടുന്ന ഒരു കാലം ഭൂത, ഭാവി, വർത്തമാനങ്ങളിൽ എവിടെയെങ്കിലും കാണുന്നുണ്ടോ?

ഗീത: നിലപാടുകൾ എടുക്കുമ്പോൾ അതിന്​ പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ. അതു ചിലപ്പോൾ അംഗീകാരങ്ങളാകാം, തമസ്‌കരണമോ ഒറ്റപ്പെടുത്തലോ ആകാം. കുറ്റപ്പെടുത്തലും ആകാം. തിരിഞ്ഞുനിന്ന് ആലോചിക്കുമ്പോൾ പറഞ്ഞതു ശരിയാണ്, അംഗീകാരങ്ങളേക്കാൾ ഞാൻ നേരിട്ടത്​ തമസ്‌കരണവും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുമൊക്കെയാണ്. ആദ്യമൊക്കെ അതെന്തുകൊണ്ടെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. പിന്നീട്​തിരിച്ചറിഞ്ഞു, നിലപാടെടുക്കുമ്പോൾ ഞാനിവയൊക്കെ നേരിട്ടേ പറ്റൂ എന്ന്. പോറമേല്ക്കാതെ എനിക്കു സുരക്ഷിതയാകാം. അഥവാ, വ്യവസ്ഥയുടെ ഏതെങ്കിലും അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുനിന്ന് അംഗീകാരവും പ്രശംസയും നേടാം. അതൊക്കെ എന്റെ നിലപാടുകളിൽ വെള്ളം ചേർക്കാനും അവയെ ഒത്തുതീർപ്പാക്കാനും നിർബന്ധിച്ചേക്കാം. അവിടെയും ഞാൻ ചിലതു തീരുമാനിച്ചല്ലേ പറ്റൂ. ആ തീരുമാനത്തിന്റെ വില ഏറ്റുവാങ്ങാൻ ഞാൻ സ്വാഭാവികമായും ബാദ്ധ്യസ്ഥയാകും. അതുകൊണ്ട് ഇത്തരം പ്രതിസ്വരങ്ങൾ ഒരനിവാര്യതയാണ് എന്നു അംഗീകരിക്കുകയേ എന്നെപ്പോലുള്ള സ്ത്രീകൾക്കു നിവൃത്തിയുള്ളൂ.

ഗീത
ഗീത

വളരെയധികം പുരുഷാധിപത്യപരമായ ഒരു പൊതുസമൂഹമാണ്​കേരളത്തിലുള്ളത്. ഇതിനുള്ളിൽ സ്ത്രീ നിലപാടുന്നയിച്ച്​ വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുകയോ എഴുതുകയോ പ്രവർത്തിക്കുകയോ ഒക്കെ ചെയ്യുന്നത്​കുറച്ചധികം അപകടകരം തന്നെയാണ് എന്നാണനുഭവം. ഇതോടൊപ്പം മറ്റൊരു കാര്യവുമുണ്ട് - ഞാൻ എഴുതിയതു വായിച്ചിട്ടോ പറയുന്നതു കേട്ടിട്ടോ എന്റെ പ്രവൃത്തികളെ വിലയിരുത്തിയിട്ടോ അല്ല പലരും പലപ്പോഴും എന്നോടു പെരുമാറാറ്. എനിക്കറിയില്ല എത്ര പേർ എന്റെ ഏതെങ്കിലും എഴുത്തു വായിച്ചിട്ടുണ്ടെന്ന്, ഞാൻ ഉന്നയിച്ച പ്രശ്‌നങ്ങളെ കേട്ടിട്ടുണ്ട് എന്ന്. ഞാൻ പറഞ്ഞുവരുന്നത്​, പ്രതികരണങ്ങൾ എന്ന നിലക്കു മാത്രമല്ല. മുൻവിധികളിൽനിന്നു കൂടിയാണ് ഇത്തരം പ്രതിസ്വരങ്ങൾ ഉയർന്നു വരുന്നത്. ചില പരമ്പരാഗത മൂശകൾ വാർത്തു വെച്ചിട്ടുണ്ട്. അവയിലേക്ക് ഒരാളെ തിക്കിക്കൊള്ളിക്കുക. അതാണെന്ന അഭിപ്രായ രൂപീകരണം നടത്തി അക്രമോത്സുകമായി പ്രചരിപ്പിക്കുക. അതിനു യുക്തികൾ ഉണ്ടാകണമെന്നില്ല. ചില ശീലങ്ങളിൽനിന്നും അധികാര വിധേയത്വങ്ങളിൽനിന്നുമാണ് അതുണ്ടാകുന്നത്. അതുകൊണ്ടുതന്നെ അതിനോടുള്ള സംവാദം ഏറെ ശ്രമകരമായാണ് എനിക്കനുഭവപ്പെടാറുള്ളത്. ഏതെങ്കിലും വ്യക്തികളുടെ ബോധപൂർവ്വമായ ശത്രുതയായല്ല ഞാനിതിനെ കാണുന്നത്. സ്ഥലപരവും കാലപരവുമായ പരിമിതിയായാണ്. ആ പരിമിതികളെ അബോധമായി സ്വാംശീകരിക്കുന്ന ആരുമാകാം മറുപുറത്ത്. കാരുണ്യപൂർവ്വം അവരെ വകഞ്ഞുമാറ്റി കടന്നു പോവുകയല്ലേ നിവൃത്തിയുള്ളൂ. പലപ്പോഴും ഞാനതാണു ചെയ്യാൻ ശ്രമിക്കാറ്. വ്യത്യസ്ത വഴികൾ ഉണ്ടാകാമല്ലോ. എല്ലാവരും പരസ്പരം അംഗീകരിച്ചു കൊള്ളണമെന്നുമില്ല. പരമാവധി പരിക്കുകൾ കുറച്ചു കടന്നു പോകാൻ ശ്രമിക്കും. കാലമല്ലേ. പ്രകൃതിയല്ലേ. അതിനുമുണ്ടാകുമല്ലോ ഒരു മറുപടി.

ആട്ടക്കഥകൾ അരങ്ങിലെത്തുമ്പോൾ സംഭവിച്ച മാറ്റം, അരങ്ങിൽ സ്ത്രീകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നതാണ്. നായികാപ്രധാനമായ കൃതികൾ ആയിരുന്നാൽപ്പോലും സ്ത്രീകളെ ഇകഴ്​ത്തുകയോ ഇല്ലാണ്ടാക്കുകയോ ചെയ്തിട്ടുണ്ട്. പുരുഷകഥാപാത്രങ്ങളെപ്പോലെ സ്ത്രീകഥാപാത്രങ്ങൾ വികസിപ്പിക്കപ്പെട്ടില്ല.

ഒരു ചെറിയ മൂളലും ഉറച്ചുപോയ വാക്കും അർത്ഥത്തെ പിടിച്ചുകെട്ടാൻ ഒരുപോലെ അസമർത്ഥങ്ങളാണെന്ന് അറിഞ്ഞവർ ഭാഷയടക്കമുള്ള ചുറ്റുപാടുകളെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു. കല ചെയ്യുന്ന വ്യക്തി ഇതിനെക്കുറിച്ചു കൂടുതലായി ചിന്തിക്കുന്നുണ്ടെന്നാണു തോന്നുന്നത്. കളിയമ്മമാരെക്കുറിച്ച് എഴുതുന്ന ഏതു ചരിത്രവും കോട്ടയ്ക്കൽ ശിവരാമനെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാകണം എന്ന ടീച്ചറിന്റെ വാദം ഇപ്പോൾ ഓർക്കുകയാണ്. ജീവശാസ്ത്രപരമായിത്തന്നെ ഉറച്ചുപോയ ചില അർത്ഥങ്ങൾക്കു പുറത്തേക്കുള്ള ഒരു വഴിയാണല്ലോ അത്. ശിവരാമനെ പെണ്ണായിത്തന്നെ സ്വീകരിക്കാൻ ഇന്ന് ഒരാൾക്ക് അനവധി സിദ്ധാന്തങ്ങളുടെ സഹായം തേടാവുന്നതാണ് . എന്നാൽ കാലങ്ങൾക്കു മുൻപേ ടീച്ചർ ആ ദിശയിൽ സഞ്ചരിച്ചു. കോട്ടയ്ക്കൽ ശിവരാമൻ സ്ത്രീകഥാപാത്രത്തിന്റെ അന്തസ്സും മാന്യതയും നിലനിർത്താനാവശ്യമായ അഭിനയത്തിനാണു പ്രാധാന്യം കല്പിച്ചത് എന്നു പറഞ്ഞ ടീച്ചറെ പുരുഷവിദ്വേഷിയായ ഫെമിനിച്ചിയായി പലരും ചാപ്പകുത്തി കാണുന്നത് എന്തിനെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ക്ലാസിക്കൽ കലകളെയൊക്കെ സംസ്‌കാരപഠനത്തിന്റെ പദ്ധതിക്കുള്ളിലേക്കു കൊണ്ടുവരിക, സ്ത്രീവാദപരമായി അതിനെ പഠനവിധേയമാക്കുക അങ്ങനെ ഒട്ടെറെ കാര്യങ്ങൾ ചെയ്തുവല്ലോ. സിനിമ,കവിത,ചരിത്രം അങ്ങനെ ഒട്ടേറെ മേഖലകൾ വേറെ. സങ്കേതപരമായ അറിവുമുതൽ സിദ്ധാന്തപരമായ അറിവുവരെ ആവശ്യമുള്ള ഈ കാര്യങ്ങൾ രൂപപ്പെടുത്തിയെടുക്കുവാൻ എന്തെല്ലാം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിട്ടുണ്ട്?

ക്ലാസിക്കൽ കലയാണോ എന്നു ചിന്തിക്കാൻ കഴിയുന്നതിനു മുമ്പുതന്നെ വളരെ ഇളംപ്രായത്തിൽ ഞാൻ കഥകളി കണ്ടുതുടങ്ങിയിരുന്നു. അച്ഛൻ കളി കാണാൻ പോകുമ്പോൾ എന്നെയും കൊണ്ടുപോകും. പിന്നെപ്പിന്നെ ഞാൻ മുതിർന്നപ്പോൾ എനിക്കു കളി കാണാൻ അച്ഛൻ കൂട്ടുവന്നു. കഥകളിയുടെ സമയം സ്ത്രീകൾക്കു പ്രായോഗിക വിഷമങ്ങൾ ഉണ്ടാക്കുന്നതാണല്ലോ. അതിനെ അതിജീവിക്കുക വിഷമകരമായിരുന്നു. എന്നാൽ തുടർച്ചയായി കളി കണ്ടു നടന്ന ഒരു നല്ല കാലം എനിക്കുണ്ടായിരുന്നുവെന്ന് ഇന്നു ഞാൻ ഓർക്കുന്നു. പുലരുവോളം കളി . ഉറക്കച്ചടവുള്ള പകലുകളിൽ കളിയുടെ ബഹുവർണങ്ങൾ. രാഗതാളമേളങ്ങൾ. വളരെ സ്വപ്നാത്മകമായ രാപ്പകലുകളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. പക്ഷേ ആണുങ്ങൾ പറയുന്ന സങ്കേതഭദ്രതകളോ ചിട്ടകളോ അല്ല കളിയിൽ എന്നെ ആകർഷിച്ചത്. ചിട്ട തെറ്റിക്കുന്ന കലാകാരന്മാരിലാണു കലാസൗന്ദര്യം ഞാൻ ആസ്വദിച്ചത്. ഉണ്ണിക്കൃഷ്ണ കുറുപ്പിന്റെ പാട്ട്, ശിവരാമന്റെ ദമയന്തിയും ഉഷയും ഗോപിയുടെ നളനും രുക്മാംഗദയുമൊക്കെ എന്നെ മത്തുപിടിപ്പിച്ചിട്ടുണ്ട്.

കലാമണ്ഡലം ഗോപി, കോട്ടക്കൽ ശിവരാമൻ (നളദമയന്തി)
കലാമണ്ഡലം ഗോപി, കോട്ടക്കൽ ശിവരാമൻ (നളദമയന്തി)

അങ്ങനെ സാങ്കേതികമായ അർത്ഥത്തിൽ കഥകളിപണ്ഡിത എന്നൊന്നും എന്നെക്കുറിച്ചു പറയാനാകില്ല എന്നാണു ഞാൻ സ്വയം വിലയിരുത്തുന്നത്. പക്ഷേ ഒരു കാലഘട്ടത്തിന്റെ ഏറ്റവും നല്ല കഥകളി കണ്ടിട്ടുള്ള ഒരാളാണ്​ ഞാൻ എന്ന്​സന്തോഷത്തോടുകൂടി ഓർക്കുന്നു. കഥകളിയരങ്ങിന്റെ ഒരു ഭാഗ്യം എനിക്കുണ്ടായതിനെ ഞാൻ ഇഷ്ടപ്പെട്ടു എന്നൊക്കെ പറയുന്നതിൽ അർത്ഥമുണ്ടോ എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ. എങ്കിലും അതിൽനിന്ന്​വിട്ടുനില്‌ക്കേണ്ടിവന്നത് എന്റെ മകളെ ഗർഭം ധരിച്ചതുമായി ബന്ധപ്പെട്ടാണ്. ഒരിക്കലും ഒരു പുരുഷനു സങ്കല്പിക്കാനാകാത്ത ശാരീരികമായ അവസ്ഥയാണത്. പിന്നീട്​ കുട്ടിയെ മുലയൂട്ടുമ്പോഴും നമ്മളേ കണ്ടിട്ടില്ലാന്നുവച്ചാൽ കുട്ടി കരയും. മകളുടെ വളർച്ചയോടൊപ്പം രണ്ടാമതും ഞാൻ ഗർഭംധരിച്ചു. മകനും മകളും തമ്മിൽ ആറു വയസ്സു വ്യത്യാസമുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കാക്കാൻ ബുദ്ധിമുട്ടായിരുന്നു. അതു ശരിയോ തെറ്റോ എന്നുള്ള കാര്യമൊന്നും വിലയിരുത്താൻ എനിക്കറിഞ്ഞുകൂടാ. മോന്റെ കാര്യത്തിലാകട്ടെ ഞാൻ പകൽ ജോലിയിൽനിന്നുപോലും ഒഴിവായി ഒരു കൊല്ലത്തോളം അവധിയെടുക്കുകയാണ്​ചെയ്തത്. അത്​ കുട്ടികളുടെ അവകാശമാണ്. നമ്മുടെ ആവശ്യത്തിന്റെയും സന്തോഷത്തിന്റെയും ഭാഗമാണത്. അവർക്കു വേണ്ടുന്ന കാലത്തോളം ഉണ്ടായിരിക്കുക ഒരു ചുമതലയായിട്ടാണ് അനുഭവപ്പെട്ടത്. ഒരുപക്ഷേ പുതിയ ഫെമിനിസത്തിന്റെ വിലയിരുത്തലിൽ അതൊരു പഴഞ്ചൻ കാഴ്ചപ്പാടാകാം. ആ നിലയിൽ ഞാൻ പഴഞ്ചനെന്നു മുദ്രകുത്തപ്പെട്ടുകൊള്ളട്ടെ. കാരണം അതെന്റെ വൈകാരികസ്വാതന്ത്ര്യത്തിന്റെ വിഷയമാണ്. ശരി, തെറ്റ് എന്നൊന്നും ഞാൻ അതിനെ കാണുന്നില്ല. എനിക്കു ചെയ്യാൻ കഴിയുന്നത്, ചെയ്യാൻ കഴിയാത്തത്- അങ്ങനെയുള്ള രണ്ടു കാര്യങ്ങൾ ഉണ്ട് അത്രമാത്രം.

ഇങ്ങനെ അരങ്ങിലുണ്ടായ 10,12 വർഷങ്ങളുടെ വിടവു നികത്താൻ കഴിഞ്ഞില്ല. സ്വാഭാവികമായിത്തന്നെ ഞാൻ അരങ്ങുമായി അകന്നു. അരങ്ങ് അനിവാര്യതയായി അനുഭവപ്പെടാതിരുന്നിരിക്കാം. അതിലും വലിയ ചുമതലകൾ വന്നുകൊണ്ടുമിരുന്നു. അതിനെ ചുമതലകളായി മനസ്സിലാക്കുമ്പോൾ എന്റെ ആനന്ദവും ഉല്ലാസവുമൊക്കെയല്ലേ എനിക്കു വേണ്ടന്നുവെക്കാൻ കഴിയൂ. അപ്പോഴും ഞാൻ ഒരു മധുരകാലത്തെ സദാ മനസ്സിൽ വഹിച്ചിരുന്നു. അതിന്റെ എല്ലാ അനുരണനങ്ങളും ഉൾക്കൊണ്ടാണ് 2000ൽ ‘കളിയരങ്ങും സ്ത്രീകളും' ചെയ്തത്. ഞാൻ കണ്ടു മറന്ന, കണ്ടു മറക്കാത്ത, കണ്ടു വിട്ടുകളയാത്ത ഒരുപാടു കാഴ്ചകളുടെ പകർത്തലും ചിന്തയുമൊക്കെയായിത്തീർന്നു ഈ പുസ്തകം.

ആട്ടക്കഥകൾ അരങ്ങിലെത്തുമ്പോൾ സംഭവിച്ച മാറ്റങ്ങളൊക്കെ നോക്കിയപ്പോൾ കണ്ടത് അരങ്ങിൽ സ്ത്രീകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നതാണ്. നായികാപ്രധാനമായ കൃതികൾ ആയിരുന്നാൽപ്പോലും അതിലൊക്കെത്തന്നെ സ്ത്രീകളെ ഇകഴ്​ത്തുകയോ ഇല്ലാണ്ടാക്കുകയോ ചെയ്തിട്ടുണ്ട്. വികസിപ്പിക്കാൻ സാദ്ധ്യത ഉണ്ടായിരുന്നിട്ടും പുരുഷകഥാപാത്രങ്ങളെപ്പോലെ സ്ത്രീകഥാപാത്രങ്ങൾ വികസിപ്പിക്കപ്പെട്ടില്ല. ഈ കാഴ്ചയിൽനിന്നാണ്​രുക്മാംഗദചരിതത്തെക്കുറിച്ചുള്ള വിലയിരുത്തൽ വരുന്നത്. അന്ന് ഇവിടുത്തെ കഥകളിപണ്ഡിതൻമാർ എന്നെ വിലയിരുത്തി. കളി കാണാൻ അറിയില്ല എന്നായിരുന്നു അത്. അവരു കണ്ട കളി ആയിരുന്നില്ല അത്. എനിക്ക് അതുകൊണ്ടു തുടരാം എന്നാണു തോന്നിയത്. അടുത്ത ഘട്ടത്തിൽ ആലോചിച്ചപ്പോഴാണ്​, മനസ്സിലായത് വാസ്തവത്തിൽ അരങ്ങിലേക്ക് ആനയിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളിൽനിന്നുതന്നെ സ്ത്രീ എടുത്തു കളയപ്പെട്ടിട്ടുണ്ട്. അരങ്ങുകളിലേക്കു വേഷം കെട്ടിയിറങ്ങിയ സ്ത്രീകളും നമുക്ക് എത്രമാത്രം നഷ്ടപ്പെട്ടുപോയിട്ടുണ്ടാകാം? അവർ എത്രത്തോളം അടയാളപ്പെടാതിരുന്നിരിക്കാം? ഈ അന്വേഷണത്തിന്റെ ഫലമാണു ‘കളിയമ്മമാർ'. അതിലാണ്​ സ്ത്രീകൾ സ്ത്രീകളെ ചെയ്തിട്ടുള്ളതും സ്ത്രീകൾ പുരുഷനെ ചെയ്തിട്ടുള്ളതുംമറ്റും കടന്നുവരുന്നത്. ശിവരാമനും മാർഗി വിജയകുമാറുമൊക്കെ അതിൽ ഇടംപിടിച്ചു. അവരെങ്ങനെ സ്ത്രീയായി മാറുന്നു, ആ മാറ്റം എങ്ങനെ നമ്മളിൽ അനുഭവപ്പിക്കുന്നു തുടങ്ങിയ ചിന്തകൾ ഉണർന്നു. അതിൽത്തന്നെ ശിവരാമനാണ് എന്നോടു കൂടുതൽ അടുത്തുനിന്നത്. ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള വേഷം, എന്റെ നാട്ടുകാരൻ... അങ്ങനെ ഒട്ടേറെ കാര്യങ്ങൾ അതിൽ വേറെയും ഉണ്ട്. ഇദ്ദേഹം ഇടയ്ക്കുവച്ചു മുദ്ര മുറിക്കും. മുറിക്കപ്പട്ട മുദ്രയിലൂടെയോ ഒരു പകുതി മൂളലിലൂടെയോ വലിയ കാര്യങ്ങൾ അങ്ങട്ട് സംവദിക്കുന്ന ഒരു രീതി ശിവരാമനിൽ ഉണ്ട്. ശകുന്തള പിന്നിലേക്കു നോക്കി മുള്ള് എടുത്തതുപോലെയുള്ള ഒരു സങ്കോചമുണ്ടല്ലോ. സ്ത്രീയെ സംബന്ധിച്ച്​ പരമ്പരാഗതമായി കാണുന്നത്. ഫെമിനിസ്റ്റു വീക്ഷണത്തിൽ നമ്മളതിനെ വിമർശിക്കുമ്പോഴും അങ്ങനെയൊരു ഘട്ടം സ്ത്രീയുടെ ചരിത്രത്തിലുണ്ട്. ആ ഘട്ടത്തിലെ സ്ത്രീകഥാപാത്രങ്ങളെയാണു കഥകളിയിൽ നമ്മൾ ഏറ്റവും ഭംഗിയോടെയും ഉണ്മയോടെയും ആസ്വദിച്ചുപോരുന്നത്. അത്തരം കഥാപാത്രങ്ങൾക്ക് ഉചിതമായ മട്ടിലുള്ള ഒരു പുരുഷന്റെ സ്ത്രീവേഷം തന്നെയാണ്​ ശിവരാമന്റേത്. കലാചാതുര്യമെന്ന നിലയിൽ അതു വലിയ കലയാണ്. സ്ത്രീയെ മോടിപിടിപ്പിച്ച് അതിനെ പാരമ്യത്തിൽ എത്തിക്കുന്നു. അതൊരു പുരുഷന്റെ ഭാഗത്തുനിന്നുകൊണ്ടുള്ള സ്ത്രീവേഷമായതുകൊണ്ടുതന്നെ ആധികാരികമായി. പുരുഷമേൽക്കോയ്മയുള്ള ആസ്വാദകരുടെ മേൽ സ്വീകാര്യത നേടുകയും ചെയ്തു. ചവറ പാറുക്കുട്ടിയമ്മയുടേ പൂതനയെക്കാൾ ശിവരാമന്റെ പൂതന ആസ്വദിക്കപ്പെട്ടു.

കംസൻ വേഷത്തിൽ രഞ്ജിനി / Photo: Priyanka. B, Fb
കംസൻ വേഷത്തിൽ രഞ്ജിനി / Photo: Priyanka. B, Fb

ഇല്ലാത്ത കൈലാസത്തെ സങ്കല്പിച്ച്​ അതു കൈയിലിട്ട് അമ്മാനമാടുന്ന കലയുടെ ആധികാരികത ഒരു വശത്ത്. സ്ത്രീയായിനിന്നാൽ മാത്രം ചെയ്യാനാകുന്ന സ്‌ത്രൈണാനുഭവങ്ങളുടെ ആവിഷ്‌കാരം മറുവശത്ത്. രണ്ടു രീതിയിൽ ആസ്വദിക്കാവുന്ന കലകൾ തന്നെയാണ് ഇത്. പിന്നീടു നമ്മൾ കാണുന്നത്​രഞ്ജിനിയെപ്പോലുള്ളവർ എല്ലാ വേഷങ്ങളിലേക്കും കടന്നുകയറിയതാണ്. കത്തിയോ താടിയോ ഒക്കെ ചെയ്യുന്നതിന്റെ വെല്ലുവിളിയുണ്ടല്ലോ. കിരീടമടക്കം അതിന്റെ മുഴുവൻ ആഹാര്യവും സ്ത്രീകൾക്കു വെല്ലുവിളിയാണ്. അതിലേക്കു സ്ത്രീകൾ മാറിവന്നു. അപ്പോഴും എനിക്കു തോന്നിയിട്ടുള്ളത് ഏതേലും പുരുഷകഥാപാത്രത്തെ ആദർശമാക്കിവച്ചുകൊണ്ടായിരിക്കുമോ ഈ സ്ത്രീകൾ വന്നിട്ടുണ്ടാവുക എന്നൊക്കെയാണ്. ആ സംശയവും ആശങ്കയുമൊക്കേ എപ്പോഴുമുണ്ട്. അതാണല്ലോ സ്വീകാര്യമായിട്ടുള്ളത്. അതിനാണല്ലോ ആധികാരികത. ചേങ്ങിലയും ഇലത്താളവും കൈയിലെടുത്തിട്ടുള്ള സ്ത്രീകളുണ്ട്. ഇപ്പോൾ ഇതാ ചെണ്ട കൊട്ടിയിട്ടുള്ള സ്ത്രീകൾ വരുന്നു. കഥകളിപ്പദം എന്നു പറയുമ്പോൾ പഴയ കുമാരി വർമ്മയുടെ തൃപ്പൂണിത്തുറ ടീമിൽനിന്നു മാത്രമല്ല ഉണ്ടാകുന്നത്. പാലനാടു ദീപയൊക്കെ അതിലങ്ങോട്ടു കടന്നുകയറി വരികയാണ്. ആണും പെണ്ണും ചേർന്നു പാടുന്ന കഥകളിപ്പദം ഉണ്ടാവുകയാണ്. വാസ്തവത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതായി ഞാൻ കാണുന്നുണ്ട്. അതൊക്കെ നേരിട്ട് അനുഭവിക്കാൻ കഴിയുന്നില്ല.പാട്ടിൽ വരുന്ന പരീക്ഷണങ്ങളൊക്കെ അറിയാൻ ഇപ്പോൾ സൗകര്യമുള്ളതുകൊണ്ടു ഞാൻ ശ്രദ്ധിക്കാറുണ്ട്. വലിയ മാറ്റങ്ങളാണു ചെറുപ്പക്കാർ കൊണ്ടുവന്നിരിക്കുന്നത്.

സാഹിത്യത്തിലെ ആധുനികതാവാദകാലത്ത്, കഥകളി കാല്പനികമായിനിന്നു. അതോടൊപ്പം ബഹുസ്വരവുമായിരുന്നു. കലാ പ്രസ്ഥാനങ്ങളുടെ സാങ്കേതിക വേർതിരിവുകളെ അത് അപ്രധാനമാക്കി.

കൃഷ്ണൻ നായർക്കുശേഷം അരങ്ങിൽ നളൻമാരില്ല ഒക്കെ പുഷ്‌കരൻമാരാണ് എന്ന് ശിവരാമൻ പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. സങ്കീർണമായ ഈ കർതൃത്വപ്രശ്‌നം എങ്ങനെ കഥകളി എന്നൊരു കലയ്ക്കുള്ളിൽ മാത്രമായി പരിമിതപ്പെട്ടു? കഥകളിയെക്കുറിച്ചുള്ള മുൻവിധികളെ അഴിച്ചുകൊണ്ടു മാത്രം ഉത്തരം കണ്ടെത്തേണ്ട ഒരു പ്രശ്‌നം. എത്ര എത്ര പുഷ്‌കരൻമാരോടും കലിയോടും ഏറ്റുമുട്ടിയാൽ തീരും? യാഥാസ്ഥിതികരായ ആസ്വാദകർ സ്വയം തങ്ങളെ പഴമയിൽ പൂട്ടിയിടുന്നവരാണെന്നു കരുതാം. എന്നാൽ സംസ്‌കാരപഠനത്തിന്റെ വക്താക്കളോ? അവരുടെ മുൻവിധികൾക്ക് എന്തു ന്യായമാണു പറയാനുള്ളത്? അതൊക്കെ പുരോഗമനപരം എന്നു വാഴ്ത്തപ്പെടുകകൂടി ചെയ്യുന്നു.

പക്ഷേ തന്റേതു മാത്രമായ ഒരു നളനെ ശിവരാമൻ ഗോപിയിൽ കണ്ടെത്തി. പകരം വെക്കാൻ കഴിയാത്ത സ്ത്രീ പുരുഷ ജോഡിയായി ശിവരാമൻ - ഗോപി മാറി. ഹൗ എന്തൊരു ചേർച്ചയെന്നു ഞാൻ അമ്പരന്നു കണ്ടിട്ടുണ്ട്. കൃഷ്ണൻ നായരുടെ നളൻ രാജാവിന്റെ അന്തസ്സു പുലർത്തുന്നു ഗോപിയുടെ നളനിതാ നാട്യധർമ്മി വിട്ട് ലോകധർമ്മിയിൽ ദമയന്തിയോടൊപ്പം ആടിപ്പാടുന്നു. അതൊക്കെ പണ്ഡിതർ ആക്ഷേപിക്കുന്നതു ധാരാളം കേട്ടിട്ടുണ്ട്. പ്രേമിക്കുമ്പോൾ നളനെന്തിനു രാജാവാകണം എന്ന് എനിക്കിതുവരെ മനസ്സിലായില്ല. ഇരുവരും മുദ്ര മുഴുമിപ്പിക്കുന്നില്ല, തെറ്റിക്കുന്നു എന്നുമവർ ആക്ഷേപിച്ചു. പണ്ഡിത മർമ്മജയല്ലാതിരുന്നത് എന്റെ ഭാഗ്യം. എന്തൊരു സൗന്ദര്യമാണവർക്ക്. യഥാർത്ഥത്തിൽ നളനും ദമയന്തിയുംപോലെ. എന്റെ കൗമാരം കൊതിച്ചു എനിക്കും വേണം ഇങ്ങനെയൊരു പ്രണയരാജാവിനെ. അതേപോലെ ഞാനിഷ്ടപ്പെട്ടു ശിവരാമന്റെ ചിത്രലേഖയെ. കിം കി മഹോ... എന്നവൾ എന്റെ മനസിന്റെ ആഴങ്ങളിൽനിന്ന് സങ്കല്പ കാമുകനെ വലിച്ചു പറിച്ചെടുത്തു രൂപമുണ്ടാക്കി കൊണ്ടുവന്നു മുന്നിൽത്തരുമല്ലോ.

കലാമണ്ഡലം കൃഷ്ണൻ നായർ, കോട്ടക്കൽ ശിവരാമൻ (നളചരിതം രണ്ടാം ദിവസം) / Photo: Sangeet Natak Akademi Magazine
കലാമണ്ഡലം കൃഷ്ണൻ നായർ, കോട്ടക്കൽ ശിവരാമൻ (നളചരിതം രണ്ടാം ദിവസം) / Photo: Sangeet Natak Akademi Magazine

പിന്നെ കർണശപഥം ആദ്യമായി അരങ്ങിൽ അവതരിപ്പിക്കപ്പെട്ടപ്പോഴും മുറുമുറുപ്പുകൾ ഉയർന്നിരുന്നു - ഇതൊരു കഥകളിയാണോ! ഗൗരവമില്ല അന്തസ്സില്ല എന്നിങ്ങനെ ചെർപ്പുളശ്ശേരിയാകട്ടെ, കാന്തള്ളൂരാകട്ടെ, ഞാളാ കുറുശ്ശിയാകട്ടെ, കാറൽമണ്ണയാകട്ടെ കർണശപഥത്തിന്റെ അരങ്ങുകൾക്കു പിന്നാലെ ഞാൻ ഓടിക്കൊണ്ടിരുന്നു. അതു കണ്ട് എല്ലാരും കാൺകെ നിയന്ത്രിക്കാനാകാതെ പൊട്ടിപ്പൊട്ടിക്കരഞ്ഞ് പരിഹാസ്യയായി. ഈ കുട്ടിയെന്താ കളി കണ്ട് കരയണത് എന്നവർ ചുണ്ടു കോട്ടി ചിരിക്കുന്നത് ശ്രദ്ധിച്ചതേയില്ല. കർണശപഥത്തിൽ നാമം തൊടലിലും ഉടുപ്പിലും ശിവരാമൻ കൊണ്ടുവന്ന മാറ്റം തികച്ചും സ്‌ത്രൈണമായിരുന്നു. മറ്റൊരു പുരുഷനും കഴിയാതിരുന്നത്. അങ്ങനെ സഹോദരിയെന്നറിഞ്ഞ ഒരു പുരുഷനെ അയാളുടെ ശരീരത്തിന്റെ അനാറ്റമിയുടെ പേരിൽ ഞാനെന്തിനു കളിയമ്മമാരിൽ പെടുത്താതിരിക്കണം? അയാൾ കലയിൽ നോക്കിപ്പഠിച്ചതു തന്റെ ഭാര്യയെ ആയിരിക്കെ. നാട്ടുമ്പുറത്തുകാരിയായ ഒരു യഥാർത്ഥ പെണ്ണിന്റെ ഭാവഹാവാദികളെയും ചലനങ്ങളെയും കാല്പനികമായ അതിശയോക്തികളോടെ അവതരിപ്പിക്കുമ്പോൾ ഉത്തമകലയായി മാറുന്നതു ഞാൻ അരങ്ങുകളിൽ നേരിട്ടനുഭവിച്ചു. അദ്ദേഹം ശ്രദ്ധിച്ച മറ്റൊര് അഭിനയമായിരുന്നു ഷീലയുടേത്. യഥാർത്ഥ മുടികൊണ്ടു നെറ്റിയിൽ അളകങ്ങൾ യാഥാർത്ഥ്യമാക്കി തന്റെ മുഖത്തെഴുത്തിന്റെ രീതിതന്നെ വ്യത്യസ്തമാക്കുവാൻ അത് അദ്ദേഹത്തെ സഹായിച്ചതായി തോന്നിയിട്ടുണ്ട്. ആധുനികശാസ്ത്രത്തിന്റെ കലയായ സിനിമയിൽനിന്ന് ക്ലാസിക്കൽ- ഫ്യൂഡൽ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കലക്ക് എന്താണു പഠിക്കാനുള്ളത് എന്നത് ശിവരാമൻ പഠിപ്പിച്ചു. അപ്പോൾ കലകളുടെ ജനകീയം/ഫ്യൂഡൽ, ലോകധർമ്മി / നാട്യധർമ്മി വേർതിരിവുകളുടെ അടിസ്ഥാനമെന്താണ്? അർത്ഥമെന്താണ്?

വഹീദ റഹ്‌മാൻ, മീനാകുമാരി എന്നിവരിലാണ് എന്റെ സിനിമാ ഓർമകൾ ആരംഭിക്കുന്നത്. രാജേന്ദ്രകുമാറും രാജ് കപൂറും രാജേഷ് ഖന്നയും ഷർമിളാ ടാഗോറുമെല്ലാം നിറഞ്ഞ ഇടങ്ങൾ.

കഥകളിയിലേക്കു ഞാനെന്ന സ്ത്രീയെ വലിച്ചടുപ്പിച്ച അതിശക്തമായ ഒരു പുരുഷ ഘടകത്തെക്കൂടി പറയേണ്ടതുണ്ട്. ഉണ്ണികൃഷ്ണക്കുറുപ്പിന്റെ പാട്ടാണത്. ഖണ്ഡാരവും നവരസവും പരസ്പരം മാറ്റിപ്പാടി രസാസ്വാദനത്തെ ഇരട്ടിപ്പിച്ച മാന്ത്രികൻ. കഥയും കഥാപാത്രങ്ങളും എന്റെ മനസ്സിൽ അപ്രത്യക്ഷമാക്കി എന്നെ ഗന്ധർവ ലോകത്തേക്ക് എടുത്തുയർത്തിയ മഹാഗായകൻ. ഉണ്ണികൃഷ്ണകുറുപ്പിനോളം ഞാൻ ഭ്രാന്തമായി ആരാധിക്കുകയും പ്രണയിക്കുകയും ചെയ്ത മറ്റൊരു പുരുഷഗാനസ്വരം പിന്നീടുമുണ്ടായില്ല. അക്കാലത്തുതന്നെ കഥകളിപ്പാട്ടിന്റെ സ്‌ത്രൈണധാരയും പുരുഷന്മാരുടെ ഭാഗത്തുണ്ടായി - ഹൈദരാലി, എമ്പ്രാന്തിരി ,ഹരിദാസൻ. ഹൈദരാലി ഒറ്റപ്പെട്ട ശബ്ദമായിരുന്നു. എമ്പ്രാന്തിരി - ഹരിദാസൻ കൂട്ടുകെട്ട് വ്യത്യസ്ത കൂട്ടുകെട്ടായിരുന്നു. പൊന്നാനി- ശങ്കിടി പ്രൊപ്പോഷൻ തെറ്റിച്ച ജോഡി. പാട്ടിന്റെ പുരുഷചിട്ടകളെ ഭേദിച്ച് സൗമ്യശബ്ദത്തിൽ അവർ അരങ്ങുകൾ അടക്കിവാണു.

കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്

അതായത് സാഹിത്യത്തിലെ ആധുനികതാവാദകാലത്ത്, കഥകളി കാല്പനികമായിനിന്നു. അതോടൊപ്പം ബഹുസ്വരവുമായിരുന്നു. കലാ പ്രസ്ഥാനങ്ങളുടെ സാങ്കേതിക വേർതിരിവുകളെ അത് അപ്രധാനമാക്കി. ആ കലാലോകത്തിലെ അമ്മമാരെ വീണ്ടെടുക്കാതെ എനിക്കു പൊറുതിയില്ലാതായി

സിനിമാപഠനങ്ങളും ഇതിനു സമാന്തരമായിത്തന്നെ നടക്കുന്നു. ആളുകൾ ടിക്കറ്റെടുത്തും തിരക്കുകൂട്ടിയുമൊക്കെ കണ്ടിരുന്ന സിനിമകൾ ബുദ്ധിജീവിതത്തിനു പോരാത്തതാണ് എന്നൊരു മുൻവിധി പ്രബലമായിരുന്ന കാലമായിരുന്നല്ലോ അത്. പാണ്ഡിത്യത്തിന് ആളുകൾ കല്പിച്ചുതന്ന വഴിയിലൂടെ നടക്കാമായിരുന്നിട്ടും ടീച്ചർ മറ്റൊരു വഴിപിടിച്ചു നീങ്ങി. അതിലേക്കൊന്നു തിരിച്ചുചെല്ലാം എന്നു തോന്നുന്നു.

കുട്ടിക്കാലം മുതൽ സിനിമയുടെ കാഴ്ചവട്ടങ്ങൾ എനിക്കു പരിചിതമായിരുന്നു. അത് എന്നു മുതലെന്നൊന്നും ഓർമപോലും ഇല്ല. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു അത്. അച്ഛൻ ഒരു ഹിന്ദി മാഷാണ്. കൊടുവായൂരിലാണ് അന്നു ഞങ്ങൾ താമസിച്ചിരുന്നത്. സിനിമ കാണാൻ ഒലവക്കോടുള്ള ബൾക്കീസ് തിയേറ്ററിലേക്കാണു പോവുക. അച്ഛനോടും അമ്മയോടുമൊപ്പമാണു യാത്ര. അധികവും ഹിന്ദി ചിത്രങ്ങളാണ് കണ്ടിരുന്നത്.രാജേഷ് ഖന്ന - ഷർമിളാ ടാഗോർ അഭിനയിച്ച ആരാധന അവിടെ വെച്ചാണ്​ കണ്ടത്. ദേവികാറാണി, പൃഥ്വിരാജ് കപൂർ, നൂതൻ, നർഗീസ്, സുനിൽ ദത്ത് എന്നിവരെക്കുറിച്ചൊക്കെ അച്ഛൻ പറഞ്ഞുകേട്ട ഓർമകളുണ്ട്. മദർ ഇന്ത്യയെപ്പറ്റി അമ്മ പറഞ്ഞതാണ് ഓർമ. എല്ലാം കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും വഹീദ റഹ്‌മാൻ, മീനാകുമാരി എന്നിവരിലാണ് എന്റെ സിനിമാ ഓർമകൾ ആരംഭിക്കുന്നത്. രാജേന്ദ്രകുമാറും രാജ് കപൂറും രാജേഷ് ഖന്നയും ഷർമിളാ ടാഗോറുമെല്ലാം നിറഞ്ഞ ഇടങ്ങൾ. ദേവികാറാണിയുടെ നിത്യയൗവനം അനുഭവിപ്പിക്കുന്ന വേഷപ്പകർച്ചകൾ വീട്ടിലെ സംഭാഷണങ്ങളിലൊക്കെ പലപ്പോഴും കടന്നുവന്നിരുന്നു. അതിനെ അടയാളപ്പെടുത്താനുള്ള ശേഷിയൊന്നും എനിക്കുണ്ടായിട്ടല്ല. ഒരുപക്ഷേ അച്ഛൻ പറഞ്ഞതിലെവിടെയും ഉണ്ടായിട്ടുണ്ട് എന്ന് എനിക്കു തോന്നുന്നുമില്ല. എങ്കിലും അതിലൂടെയൊക്കെയാണ്​ ഞാൻ കടന്നുവന്നിട്ടുള്ളത്. പിന്നെ പാട്ടുകൾ -സൈഗാൾ, ഷംഷാദ് ബീഗം,പങ്കജ് മല്ലിക്... ഹിന്ദി കലാപത്തോടെ അവിടുന്ന് അച്ഛൻ ആക്രമിക്കപ്പെടുകയും പെരിന്തൽമണ്ണയിലേക്കു ട്രാൻസ്ഫറാകുകയും ചെയ്തു. അതിനു ശേഷമാണ് മലയാളസിനിമകൾ ധാരാളമായി കാണാൻ തുടങ്ങുന്നത്. ആസ്വാദനം വിപുലമാകുന്നത്.

പെരിന്തൽമണ്ണ കെ.എസ്​.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള ജഹനാറാ ടാക്കിസിനെക്കുറിച്ചു പറയേണ്ടതുണ്ട്. പെരിന്തൽമണ്ണക്കാരുടെ സിനിമാഭിരുചികൾ അവിടെയാണ്​ രൂപപ്പെട്ടതെന്നു അടയാളപ്പെടുത്താൻ കഴിഞ്ഞേക്കും. ഞാനും അതിലുൾപ്പെടുന്നു. അഞ്ചേമുക്കാലോടെ ടാക്കീസിൽനിന്ന്​ പുറത്തേക്കു പാട്ടുവെക്കും, ആറേകാലോടെ അകത്തേക്കു പാട്ടുവെക്കും, 6.30ന്​ സിനിമ തുടങ്ങും. അതിനിടയിൽ ഒരു ഇന്റർവെൽ. അപ്പോൾ പാട്ടുപുസ്തകവും ചായയും കടലയുമൊക്കെ വിൽക്കാൻ കൊണ്ടുവരും ഇന്നത്തെ മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ ഇരുന്നാൽ കിട്ടുന്ന അനുഭവമല്ലത്. അടിമകൾ, തുലാഭാരം എന്നിവയൊക്കെ കാണുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്.

രാജേഷ് ഖന്ന, ഷർമിള ടാഗോർ. ആരാധനയിലെ ഒരു രംഗം
രാജേഷ് ഖന്ന, ഷർമിള ടാഗോർ. ആരാധനയിലെ ഒരു രംഗം

എന്റെ ഒരു ലാൻഡ്മാർക്ക് ചെമ്മീൻ കണ്ടതാണ്; തൃശൂർ ‘മാതാ'യിൽ. രണ്ടിലോ മൂന്നിലോ മറ്റോ പഠിക്കുകയാണ്​ ഞാൻ. അച്ഛനും അമ്മയും അടുത്തുള്ള വീട്ടിലുള്ളവരും കൂടി കാറിലാണ്​ പൊകുന്നത്. ഇതുവരെ കാണാത്ത സിനിമയാണെന്നൊക്കെ പറഞ്ഞിട്ടുതന്നെയാണു പോകുന്നത്. തകഴിയുടെ നോവൽ സിനിമയാകുന്നതിന്റെ കൗതുകവും അതിൽ ഉൾച്ചേർന്നിരുന്നു. ബോധത്തിലും അബോധത്തിലുമായി അവശേഷിച്ച ആ സിനിമയെപ്പറ്റി അതിനടുത്ത ദിവസങ്ങളിൽത്തന്നെ ഞാൻ ഒരു തുണ്ടുകടലാസിൽ പെൻസിലുകൊണ്ടു കുറിച്ചുവച്ചു. നാടകം എന്നാണ്​ ഞാൻ അതിനെ വിളിച്ചത്. ‘ചേച്ചിയും അനിയത്തിയും കൂടി കടലു കാണാൻ പോയി. അതില് അനിയത്തി ചോദിച്ചു: എന്താ ചേച്ചീ കടലിങ്ങനെ? ചേച്ചി മറുപടി പറഞ്ഞു, കടലും കരളും ഇങ്ങനെയാണ്. അതിലെ ഓളങ്ങൾ അടങ്ങുകയില്ല അനിയത്തീ' ഏതാണ്ട് ഇങ്ങനെയാണ് അത് എഴുതിയത്. ഞാൻ ഒരു നാടകം എഴുതിയിട്ടുണ്ട് എന്നുപറഞ്ഞ്​ ചുളിഞ്ഞു മുഷിഞ്ഞ കടലാസ് എല്ലാവരെയും കാണിച്ചുകൊടുത്തു. അതുകണ്ട് എല്ലാരും ചിരിച്ചു. അർത്ഥമറിയാതെ കേട്ട "മാനസ മൈനേ വരൂ'എന്ന വരികളാവാം ആ വാക്കുകൾക്കുള്ള ഉത്തേജനം എന്നു പിൽക്കാല ആലോചനകളിൽ തോന്നിയിട്ടുണ്ട്.

വയലാർ ദേവരാജൻ - യേശുദാസ് കൂട്ടുകെട്ടിനോടൊപ്പം ഒരു പക്ഷേ അതേക്കാളധികം ശ്രീകുമാരൻ തമ്പിയും ദക്ഷിണാമൂർത്തിയും ജയചന്ദ്രനും ജാനകിയും എന്റെ സിനിമാപ്പാട്ടിന്റെ അഭിരുചികളെ നിയന്ത്രിച്ചു.

അക്കാലത്തു നല്ല പടങ്ങൾ തൃശൂരും കോഴിക്കോട്ടും പാലക്കാട്ടുമെല്ലാം റിലീസ് ചെയ്ത ശേഷമേ നാട്ടിൻപുറത്തെ ടാക്കീസുകളിൽ എത്തിയിരുന്നുള്ളു. ഇന്ന്​ പെരിന്തൽമണ്ണയിലൊക്കെ മൾട്ടിപ്ലക്സ് റിലീസ് ഉണ്ട്. പടം വന്നാൽ ആദ്യ ദിവസങ്ങളിൽത്തന്നെ അച്ഛൻ ഞങ്ങളെയുംകൂട്ടി പോകും. ‘സെക്കൻറ്​ ഷോ ആകുമ്പോൾ വീട്ടിലെ പണിയൊക്കെ കഴിഞ്ഞിട്ടു മുഖം കഴുകി പോകാലോ, പിന്നെ വന്നു കിടക്കുകല്ലേ വേണ്ടൂ' എന്നാണ് അമ്മയുടെ പക്ഷം.അമ്മയ്ക്ക് സിനിമ കാണാനും കഥ പറഞ്ഞു കേൾപ്പിക്കാനും വലിയ ഇഷ്ടമായിരുന്നു. അങ്ങനെ ഒരുപാടു സെക്കൻറ്​ ഷോകൾ ഞങ്ങൾ കണ്ടു. ഹിന്ദിയും മലയാളവും പോലെ തമിഴ് ചിത്രങ്ങൾ എന്റെ ആസ്വദാനമേഖലകളിലേക്കു വന്നത് അപ്പുമാമ എന്നു ഞാൻ വിളിച്ചിരുന്ന അമ്മയുടെ ജ്യേഷ്ഠസാഹോദരനും അച്ഛന്റെ അനുജൻ ചിന്നമാമയും കാരണമാണ്. തമിഴ് സിനിമകളുടെ ആരാധകരാണ് അവർ. 6.30നു തുടങ്ങി 10.30 ന് അവസാനിക്കുന്ന ദീർഘമായ ചിത്രങ്ങളാണ് അപ്പുമാമയ്ക്കു പ്രിയം. ശിവന്തമൺ, ആയിരത്തിലൊരുവൻ തുടങ്ങിയവയുടെ സിനിമാക്കഥകൾ അപ്പുമാമ അത്താഴത്തിന്​ പറഞ്ഞു കേട്ടവയാണ്. നടീനടന്മാർ, കഥാസാരം, ഗാനങ്ങൾ ഇവയിൽ കവിഞ്ഞ്​ സിനിമാ ടെക്​നിക്കുകളോ ക്യാമറയോ ഫീൽ ഗുഡ് അവസ്ഥകളോ അന്നു ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. ടാക്കീസിനു പുറത്തെ ചർച്ചകളുടെ ആഴവും പരപ്പും നന്നേ കുറവായിരുന്നു. ആയിരത്തിൽ ഒരുവനാണ്​ഞാൻ ഓർമ്മിക്കുന്ന ആദ്യ തമിഴ് സിനിമ. മലയാളത്തിന്​ നസീർ - ഷീല പോലെ തമിഴിൽ എം.ജി.ആറും ജയലളിതയും നടന്ന പ്രണയവഴികൾ എന്നും എന്നെ ആകർഷിക്കാറുണ്ട്. ഇത്തരം സ്വപ്നാത്മകതയെ എനിക്ക് ഇക്കാലത്തും തള്ളിപ്പറയാനാവില്ല. പൈങ്കിളി എന്നൊക്കെ പറയുമെങ്കിലും എനിക്ക് ഈ മരംചുറ്റി പ്രേമമൊക്കെ ഇഷ്ടമാണ്. അന്നും ഇഷ്ടമാണ് ഇന്നും ഇഷ്ടമാണ്. പാട്ടു പാടുക, മരങ്ങൾക്കുചുറ്റും ഓടുക, പൂ പറിച്ചു ചൂടുക, ചൂടിപ്പിക്കുക, പൂക്കൾ നിറഞ്ഞ വഴിയിലൂടെ നടക്കുക തുടങ്ങിയവയൊക്കെ ഇഷ്ടമാണ്. അതൊക്കെ കാണാനാണ്​സിനിമ കാണാൻ പോയിരുന്നത് എന്ന് എനിക്കിപ്പോൾ തോന്നുകയാണ്. ശിവാജി ഗണേശന്റെ രാജാ പാർട്ട്​ അഭിനയത്തോടുള്ളതിനേക്കാൾ എനിക്ക് അഭിനിവേശം ഇത്തരം പൈങ്കിളി പ്രണയത്തോടായിരുന്നു. പിന്നെ കൃഷ്ണ എന്ന നടന്റെ കുറ്റാന്വേഷണചിത്രങ്ങളും എന്റെ ഇഷ്ടങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇത്തരം വിഷയങ്ങളിൽ മലയാള സിനിമയേക്കാൾ എന്റെ ഇഷ്ടം നേടിയെടുത്തത് തമിഴ് ഹിന്ദി ചിത്രങ്ങളായിരുന്നു. ഇങ്ങനെ ചലച്ചിത്രാസ്വാദനം സർവ്വത്രികമല്ലാതിരുന്ന ഒരു കാലത്ത് എനിക്കതിന്​ ഭാഗ്യമുണ്ടായി. അതിന്റെ ക്രെഡിറ്റ് എന്നെ വളർത്തിയവർക്ക് അവകാശപ്പെട്ടതായിട്ടാണു കരുതുന്നത്.

സിനിമാ ഗാനങ്ങളെക്കുറിച്ചുകൂടി പറയാമോ? സമാന്തരസിനിമകളുമായി അന്ന് അടുപ്പമുണ്ടായിരുന്നോ?

സൈഗാളിനെയും പങ്കജ് മല്ലിക്കിനെയും ഷംഷാദ് ബീഗത്തെയും കുറിച്ച് കുട്ടിക്കാലം തൊട്ടേ അച്ഛൻ പറഞ്ഞറിഞ്ഞു. ഞാൻ കേട്ടു തുടങ്ങിയത് മുഹമ്മദ് റാഫിയും കിഷോർ കുമാറും ലതാ മങ്കേഷ്‌കറും ആഷാ ഭോസ്​ലേയുമായിരുന്നു ഹിന്ദിയിൽ. മലയാളത്തിലതു ജാനകിയും സുശീലയും ലീലയും ജിക്കിയും എൽ.ആർ. ഈശ്വരിയും എ.എം. രാജായും പുരുഷോത്തമനും ഉദയഭാനുവും ശ്രീനിവാസനും പി. ജയചന്ദ്രനും ബ്രഹ്‌മാനന്ദനും യേശുദാസുമായിരുന്നു. ഇവരെയൊക്കെ പല മട്ടു വലിയ ഇഷ്ടമാണെങ്കിലും എന്റെ സ്വപ്ന ഗായകൻ ജയചന്ദ്രനാണ്. അദ്ദേഹത്തിന്റെ മഞ്ഞലയിലെ പ്രേമ ചകോരീ വിളിയിൽ തുടങ്ങിയതാണത്. ഇന്നും അതങ്ങനെയാണ്. വയലാർ ദേവരാജൻ - യേശുദാസ് കൂട്ടുകെട്ടിനോടൊപ്പം ഒരു പക്ഷേ അതേക്കാളധികം ശ്രീകുമാരൻ തമ്പിയും ദക്ഷിണാമൂർത്തിയും ജയചന്ദ്രനും ജാനകിയും എന്റെ സിനിമാപ്പാട്ടിന്റെ അഭിരുചികളെ നിയന്ത്രിച്ചു. സമൃദ്ധമായൊരു സിനിമാപ്പാട്ടുകാലം ഇപ്പോൾ അതിനെ അപേക്ഷിച്ച്​ ചുരുങ്ങിയപോലെ തോന്നുന്നു. റഫീക് അഹമ്മദും ഷഹബാസ് അമനുമൊക്കെയുണ്ടെങ്കിലും. വീണ്ടും വീണ്ടും ഞാൻ, കേട്ടുകൊണ്ടിരിക്കുന്നത് ആകാശത്തെപ്പറവകൾ വിതക്കുന്നില്ലാ.. വെള്ളിനക്ഷത്രമേ... ആകാശപ്പൊയ്കയിലുണ്ടൊരു.. ഹൃദയസരസിലെ പ്രണയപുഷ്പമേ..ഹർഷ ബാഷ്പം തൂകീ ... തളിരിട്ട കിനാക്കൾ തൻ..., പ്രിയമാനസാ നീ വാ വാ...ഒക്കെയാണ് എന്നതാണ് സത്യം.

പി. ജയചന്ദ്രൻ
പി. ജയചന്ദ്രൻ

ബെൻ ഹറും ഘട്ടകിന്റെ സുബർണ രേഖയും ഞാൻ കണ്ടത് ജഹനാര ടാക്കീസിൽ വച്ചാണ്. അവയാകട്ടെ ഫിലിം ഫെസ്റ്റിവലുകളുടെ ഭാഗമായിരുന്നുമില്ല. അന്ന്​ ഫിലിം ഫെസ്റ്റിവൽ സംസ്‌കാരം ആരംഭിച്ചിരുന്നില്ല. പോപ്പുലർ / ആർട്ട് സിനിമകൾ തരം തിരിക്കപ്പെട്ടിരുന്നില്ല. അന്ന്​ ടി. വിയും മറ്റും ഉണ്ടായിരുന്നില്ലല്ലോ. ഒരു സിനിമ പലവട്ടം കണ്ടിരുന്നു. ആദ്യത്തെ വരവിനുശേഷം സിനിമകൾ ആദ്യം വന്ന്​ മാസങ്ങൾക്കു ശേഷം പിന്നെയും ടാക്കീസുകളിൽ വന്നിരുന്നു. തുലാഭാരവും ചെമ്മീനും വീണ്ടും പ്രഭാതവുമൊക്കെ ഞാനങ്ങനെ പല തവണ കണ്ടിട്ടുണ്ട്. സിനിമയുടെ നോട്ടീസുകളുടെയും പാട്ടുപുസ്തകങ്ങളുടെയും വലിയൊരു ശേഖരം തന്നെ എനിക്കുണ്ടായിരുന്നു. വീടുമാറ്റങ്ങൾക്കിടയിലും വീടു പുതുക്കിപ്പണിയലുകൾക്കിടയിലും അവയൊക്കെ കാണാതായി. കൗതുകത്തിലപ്പുറം വേണ്ടത്ര ഗൗരവത്തിൽ അവയൊന്നും സംരക്ഷിച്ചു സൂക്ഷിക്കാൻ കഴിയാത്തതിൽ ഇന്നെനിക്കു വലിയ വിഷമം തോന്നാറുണ്ട്. പറഞ്ഞിട്ടെന്ത്? എല്ലാം കാലം കൊണ്ടുപോയില്ലേ!
സിനിമയെപ്പറ്റി ഞാൻ എഴുതിത്തുടങ്ങിയപ്പോഴും - 1990 കളുടെ ആദ്യ പകുതിയിലാണത്- ഒരു പാട് എതിർപ്പുകൾ കേൾക്കേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെയല്ല സിനിമ കാണുക, സിനിമയെപ്പറ്റി പറയുക, ഇത്തരം സിനിമകളെപ്പറ്റിയല്ല പറയേണ്ടത് എന്നു തുടങ്ങി ഒട്ടനേകം എതിർപ്പുകൾ. ‘സിനിമയുടെ കൈയേറ്റങ്ങൾ’ എന്ന പുസ്തകമിറങ്ങിയപ്പോഴും എനിക്കോർമയുണ്ട്, ഞാൻ സിനിമാ പണ്ഡിതന്മാരാൽ പരിഹസിക്കപ്പെടുകയായിരുന്നു. കഥകളി പണ്ഡിതന്മാർ അതെന്നെ ശീലിപ്പിച്ചതുകൊണ്ട് അനുഭവിച്ചു തീർക്കാൻ സഹായകമായി. പിന്നെ തമസ്‌കരണത്തിന്റെ കാലമായി . അതൊരു ഭാഗത്തങ്ങനെ തുടരുന്നു. ഞാൻ മറുഭാഗത്തും.

പാർലമെന്ററി ജനാധിപത്യവുമായി, അധികാരവ്യവസ്ഥയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു പൊളിറ്റിക്കൽ പാർട്ടിയിൽ അംഗമായിരിക്കുക, അതിനോട് വിധേയത്വം പുലർത്തുക, അതിനായി സംസാരിക്കുക തുടങ്ങിയ കാര്യങ്ങളെയാണ്​പൊളിറ്റിക്കലെന്നു വിലയിരുത്തിപ്പോരുന്നത്. അതിനപ്പുറത്തു നമ്മൾ എടുക്കുന്ന നിലപാടുകൾ രാഷ്ട്രീയമുള്ളതാണ്.

പുതുപഠനങ്ങളുടെ മണ്ഡലത്തിൽ ടീച്ചർ വിവിധ പദ്ധതികളെ ബഹുവൈജ്ഞാനികമായി കൂട്ടിയിണക്കി. അടുത്തകാലത്ത്​ സുനിൽ പി. ഇളയിടമൊക്കെ ക്ലാസിക്കൽ എന്ന് വിളിക്കപ്പെടുന്ന കലകളെക്കുറിച്ചും ഇതിഹാസകാവ്യങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങിയതോടെ ഇടതുപക്ഷക്കാരായ കുറച്ചുപേർ ഈ മേഖലകളെ ശ്രദ്ധിക്കാൻ നിർബന്ധിതരായിട്ടുണ്ട്. ദളിത് വിമർശകരൊക്കെ എതിർപ്പുകളുമായി തുടരുന്നു. ടീച്ചർ മുന്നേ ഈ മേഖലകളിലെല്ലാം സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. രാമായണവായനകളും കളിയമ്മമാരുമൊക്കെ ആ നിലയിൽ വായിക്കപ്പെടേണ്ടതുണ്ട് എന്നു തോന്നുന്നു. ഒരു സ്ത്രീ എന്ന നിലയ്ക്കുള്ള വ്യത്യസ്തത മാത്രമല്ല, ഒരു വ്യക്തി എന്ന നിലയ്ക്കുള്ള വ്യത്യസ്തതകൂടിയാണ് അത്. എന്നാൽ രണ്ടു രീതിയിലും അതിനു തുടർച്ച ഉണ്ടാകുന്നില്ല. ടീച്ചർ ഏതെങ്കിലും ഒരു രാഷ്ട്രീയപ്രസ്ഥാനത്തോട്​ ചേർന്നു നില്കാത്തതാകുമോ ഈ തമസ്‌കരണങ്ങളുടെ ഒരു കാരണം.നമ്മൾ കൂടുതൽ പൊളിറ്റിക്കലായി എന്നൊക്കെയുള്ള അവകാശവാദങ്ങളെക്കുറിച്ച് എന്തു തോന്നുന്നു?

രാഷ്ട്രീയമുണ്ടാവുക എന്നൊക്കെ പറയുമ്പോൾ വാക്കിൽത്തന്നെ അതു പ്രശ്‌നവൽക്കരിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം. പാർലമെന്ററി ജനാധിപത്യവുമായി, അധികാരവ്യവസ്ഥയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു പൊളിറ്റിക്കൽ പാർട്ടിയിൽ അംഗമായിരിക്കുക, അതിനോട് വിധേയത്വം പുലർത്തുക, അതിനായി സംസാരിക്കുക തുടങ്ങിയ കാര്യങ്ങളെയാണു പൊളിറ്റിക്കലെന്നു പൊതുവേ വിലയിരുത്തിപ്പോരുന്നത്. അതിനപ്പുറത്തു നമ്മൾ എടുക്കുന്ന നിലപാടുകൾ രാഷ്ട്രീയമുള്ളതാണ്. രാഷ്ട്രീയമില്ലാത്ത എന്താണുള്ളത്? അത്തരത്തിലുള്ള ബോധത്തിന്റെ അടിസ്ഥാനത്തിലാണു ഞാനടക്കമുള്ള പലരുടേയും എഴുത്തിടങ്ങൾ. ഇനി ജയ് വിളിക്കുന്നതാണു പരിഗണിക്കുന്നതെങ്കിൽ 70 കളിൽത്തന്നെ എസ്.എഫ്​.ഐ. പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുതുടങ്ങിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്​ കോളേജ് വൈസ് ചെയർപേഴ്‌സൺ ആയിരുന്നു. അന്നൊക്കെ ക്ലാസ് ഇലക്ഷൻ ആണ്. അക്കാലത്ത് അടിയന്തിരാവസ്ഥക്കെതിരായ ലഘുലേഖകൾ എത്തിച്ചു കൊടുക്കലായിരുന്നു ഒരു ദൗത്യം. പാർട്ടിക്ക് സാമ്പത്തിക സുസ്ഥിരത ഇല്ലാതിരുന്ന ഘട്ടം മുതൽക്കുതന്നെ പ്രസ്ഥാനവുമായി ചേർന്നുനിന്നു. തെറ്റിദ്ധരിക്കണ്ട ഞാനതിൽ അംഗമായിരുന്നില്ല. അടിയന്തിരാവസ്ഥ എന്ന ഏകാധിപത്യ അവസ്ഥയെ ചെറുക്കുന്ന പ്രസ്ഥാനത്തോടൊപ്പം ചേർന്നുനിന്നു എന്നു മാത്രം. കാരണം അങ്ങനെയൊരവസ്ഥ അനീതിയാണെന്ന് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു. അതിന്റെ പ്രതിരോധശേഷികളുടെ ഭാഗമായാണ്​ ഞാൻ പ്രവർത്തിച്ചത് എന്നു തോന്നുന്നു. തുടർന്നു കുറച്ചു കാലം എസ്.എഫ്​.ഐയിൽ സജീവമായിരുന്നു.

വിചിത്രാനുഭവങ്ങളും അതിന്റെ ഫലമായി ഉണ്ടായി. ഡിഗ്രി കഴിഞ്ഞ്​ കോഴിക്കോട് സെൻട്രൽ ടെലഗ്രാഫ് ഓഫീസിൽ ജോലി കിട്ടി. അന്ന്​ എഫ്.എൻ.പി.ടി.ഒ. എന്ന കോൺഗ്രസ്​ അനുഭാവ ട്രേഡ് യൂണിയൻ സംഘടനയും എൻ.എഫ്.പി.റ്റി.ഇ. എന്ന ഇടതുപക്ഷാനുഭാവ ട്രേഡ് യൂണിയൻ സംഘടനയും ഉണ്ടായിരുന്നു. പഠനകാലത്ത് എനിക്കവയെപ്പറ്റി വലിയ ഗ്രാഹ്യമൊന്നുമുണ്ടായിരുന്നില്ല. എഫ്.എൻ.പി.ടി.ഒയുടെ ഒരു നേതാവ്​ സംഘടനാ മെമ്പർഷിപ്പിന്​ സമീപിച്ചപ്പോൾ ഇത് എസ്.എഫ്.ഐക്കാർ എത്തിച്ചേരുന്ന സംഘടനയാണോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ഒരു പൊട്ടിച്ചിരിയിൽ മറുപടി അവസാനിച്ചു. പുതിയ നഗരം, ആദ്യ ഓഫീസ് അനുഭവം, പരിചയക്കുറവുകൾ, എല്ലാം ആ സംശയത്തിനു കാരണമായിരുന്നുവെങ്കിലും അന്നത്തെ ചോദ്യത്തിന് എനിക്ക് വലിയ വില കൊടുക്കേണ്ടിവന്നു. കുറച്ചുനാളുകൾക്കുശേഷം തുടർപഠനത്തിന്​ ഞാൻ ലീവ് എടുത്തതിനെ തുടർന്ന് എഫ്.എൻ.പി.ടി.ഒ. പ്രവർത്തകർ ഉന്നതാധികാരികൾക്കു പരാതി നൽകുകയും ഒടുക്കം ജോലി തന്നെ രാജിവെക്കേണ്ടിവരികയും ചെയ്തു.

അംബികയും ഗീതയും കെ.കെ. രമയ്ക്കൊപ്പം
അംബികയും ഗീതയും കെ.കെ. രമയ്ക്കൊപ്പം

പിന്നീട്​, കോളേജ് അധ്യാപനകാലത്ത്​ ഞാൻ എ.കെ.ജി.സി.റ്റി.യിൽ അംഗമായിരുന്നു. 2012 മെയ് നാലിന്​ ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടശേഷം അംഗത്വം പുതുക്കിയില്ല. എ.കെ.ജി.സി.റ്റിക്കാർ ചന്ദ്രശേഖരന്റെ വധത്തിനു പിന്നിൽ പ്രവർത്തിച്ചു എന്നു ഞാൻ വിചാരിക്കുന്നതുകൊണ്ടല്ല വിട്ടുനിന്നത്. എന്റെ സഹപ്രവർത്തകരുമായി അന്നും ഇന്നും നല്ല ബന്ധമാണ്. രമയോടൊപ്പം നിൽക്കുക, അതു മാത്രമായിരുന്നു തീരുമാനം. എന്റെ പ്രായശ്ചിത്തം കൂടിയാണത്. ആ സംഭവവത്തോട്​ മാനസികമായി പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. എങ്കിലും സഹഭാവത്തോടെയും ജനാധിപത്യപരമായിട്ടുമാണ്​ സുഹൃത്തുക്കൾ എന്നോടു പെരുമാറിയിരുന്നത്, എന്റെ നിലപാടുകളിൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. ഇന്നും കുടുംബപരമായ സ്‌നേഹത്തോടെയാണ് അവരെ ഓർക്കാറുള്ളതും. ആർ.എം.പി ക്കുവേണ്ടി ഞാൻ പ്രവർത്തിക്കില്ല എന്നവർക്ക് അറിയാമായിരുന്നു. ഞാൻ ഒരിക്കലും ഒരു ആർ.എം.പി ക്കാരിയല്ല. ഇതൊരു ജാമ്യമെടുക്കൽ അല്ല. അതങ്ങനെ അല്ലാത്തതുകൊണ്ടാണ് അല്ല എന്നു പറയുന്നത്. ടി.പി വധം വലിയൊരു അനീതിയായി എനിക്കനുഭവപ്പെട്ടു. എന്റെ രീതിയിലുള്ള പ്രതികരണമായിരുന്നു അത്. എന്നോടടുത്തുനിന്ന മിക്കവരും- സുഹൃത്തുക്കളും സഹപ്രവർത്തകരും- എന്റേതു മാത്രമായ ശരികളെ അംഗീകരിച്ചു. പക്ഷെ, പുറത്തുള്ള വലിയലോകം എന്നിൽ വിരുദ്ധതകളാവേശിച്ചതായി വിലയിരുത്തുകയും നിഗൂഢലക്ഷ്യങ്ങൾ ആരോപിക്കുകയും ചെയ്തു. മാനസികവും സൈബർപരവുമായ അക്രമോത്സുക ഇടപെടലുകൾ എനിക്കുമേലുണ്ടായി. തകർത്തുകളയുന്ന തരത്തിലുള്ള തമസ്‌കാരങ്ങളും തിരസ്‌കാരങ്ങളും. എന്റെ നീതിബോധത്തിന്റെ വിലയായി അവ സ്വീകരിക്കാൻ ഞാൻ തയ്യാറെടുത്തിരുന്നു.

ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഒദ്യോഗിക അംഗമായിരുന്നിട്ടേ ഇല്ല. പക്ഷേ ഇതുകൊണ്ട്​ ഞാൻ ഇടതുപക്ഷം അല്ലാതെയാകുന്നുണ്ടോ എന്ന ചോദ്യം നിലനിൽക്കുകയാണ്. വിഷയങ്ങളിൽ വ്യക്തവും സുതാര്യവുമായ നിലപാടുകൾ സ്വീകരിക്കുന്നതുകൊണ്ടുതന്നെ അവ അനിവാര്യതയായി അവശേഷിക്കട്ടെ.

അതോടൊപ്പം, കവിയൂർ - കിളിരൂർ കേസുമായി ബന്ധപ്പെട്ട എന്റെ നിരീക്ഷണങ്ങളും എഴുത്തുകളും 2004 മുതൽ പാർട്ടി വിമതത്വങ്ങൾ ആയി പലരും വ്യാഖ്യാനിച്ചു കണ്ടിട്ടുണ്ട്. ആ ഇടപെടലിൽ നിന്ന്​ പിന്മാറാനും ഞാൻ ഒരുക്കമായിരുന്നില്ല. പറഞ്ഞു വരുന്നത്, ഉരസിയും മുറിഞ്ഞും അപ്പോഴും എന്റെ അനുഭാവബന്ധം തുടർന്നുവെങ്കിലും ചന്ദ്രശേഖരൻ വധത്തോടെ അത് പൂർണമായി വിച്ഛേദിക്കപ്പെടുകയായിരുന്നു. ഒരു കാര്യംകൂടി സൂചിപ്പിച്ചോട്ടെ. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഒദ്യോഗിക അംഗമായിരുന്നിട്ടേ ഇല്ല. പക്ഷേ ഇതുകൊണ്ട്​ ഞാൻ ഇടതുപക്ഷം അല്ലാതെയാകുന്നുണ്ടോ എന്ന ചോദ്യം നിലനിൽക്കുകയാണ്. വിഷയങ്ങളിൽ വ്യക്തവും സുതാര്യവുമായ നിലപാടുകൾ സ്വീകരിക്കുന്നതുകൊണ്ടുതന്നെ അവ അനിവാര്യതയായി അവശേഷിക്കട്ടെ. എന്റെ വഴികളിൽ നീതികേടുകൾക്ക്, വിട്ടുവീഴ്ചകൾക്ക് സ്ഥാനമില്ല. ഇത്തരം ആശയങ്ങൾ വ്യക്തിയിൽ നിന്ന്​ വ്യക്തികളിലേക്കു മാത്രമേ സംവദിക്കപ്പെടാറുള്ളൂ. പ്രസ്ഥാനങ്ങൾക്ക് ഇവയെ കേൾക്കാനോ പരുവപ്പെടുത്താനോ ആവില്ല.

ഈ സംഭവങ്ങൾക്കു ശേഷം ഞാൻ എന്ന വ്യക്തി ജീവിച്ചിരുന്നിട്ടില്ല, അങ്ങനെ ഒരാൾ ഉണ്ടായിട്ടില്ല, അത് അതിന്റെ വഴിക്കു പോകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. പിന്നൊരു കാര്യം, അധികാരശ്രേണിയുടെ ഭാഗമായ സെലിബ്രിറ്റികളുമായി എന്നെ താരതമ്യം ചെയ്യുന്നതിൽ ഒരർത്ഥവുമില്ല. അവരൊക്കെ വളരെ പ്രിവിലേജ്ഡായിട്ടുള്ള വ്യക്തികളാണ്. ഒരു സ്ത്രീയായ ഞാനുമായി അവരെ തുലനം ചെയ്യുന്നതെങ്ങനെ? വളരെ വ്യത്യസ്ത വഴികളിലൂടെയാണ്​ ഞങ്ങൾ സഞ്ചരിക്കുന്നത്. എന്നെപ്പോലുള്ളവരുമായി ചേർത്തു പറയുന്നതുപോലും ഇത്തരക്കാർക്ക് അവരുടെ അധികാരബന്ധങ്ങൾക്കു ഭീഷണിയാകാം. ഞാൻ പറയുന്നത്​ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പിന്തുണയോടെ വലിയ സ്ഥാപനങ്ങളുടെ ഭാഗവും നിർണയാധികാരിയുമായി നില്ക്കുന്നവരുടെ എഴുത്തുകൾ തെരുവിൽ നില്ക്കുന്ന എന്നെപ്പോലുള്ളവരുടെ എഴുത്തുകളും ആവിഷ്‌കാരങ്ങളുമായി താരതമ്യം ചെയ്യേണ്ട എന്നു തന്നെയാണ്. സംവിധാനങ്ങളുടെയൊക്കെ മുഴുവൻ പിന്തുണയോടെയും നില്ക്കുന്നവർക്ക് ഞാനുൾപ്പെടയുള്ളവർ അപരങ്ങളാണ് എന്ന കാര്യത്തിൽ എനിക്ക് അനുഭവപരമായോ ആശയപരമായോ ഒരു സംശയവുമില്ല.

നമ്മൾ കൊണ്ടുവരുന്ന ഒരാശയത്തെ ആശയമായി കാണാൻ പോലും തയ്യാറല്ലാത്തൊരു സമൂഹത്തിലേക്കാണ്​ നമ്മൾ ഇത്​ സദാ പറഞ്ഞുകൊണ്ടിരിക്കുന്നത്. നമുക്ക്​ പറച്ചിൽ നിർത്താനും പറ്റില്ല. നിർത്തിയാൽപ്പിന്നെ നമ്മളില്ല. അങ്ങനെ വരുന്ന ഒരു വ്യവഹാരത്തിലാണ്​ഞാനൊക്കെ ഇടപെട്ടുകൊണ്ടിരുന്നത്.പെൺകാലങ്ങൾ വരുന്നു, എഴുത്തമ്മമാർ വരുന്നു, കളിയമ്മമാർ വരുന്നു. ഇതൊക്കെ കായികമായ അദ്ധ്വാനത്തോടൊപ്പം വൈകാരികവും വൈചാരികവുമായ നിരവധി സമ്മർദ്ദങ്ങളെ അതിജീവിച്ചിട്ടാണ്​ സാദ്ധ്യമാകുന്നത്. കഥകളിയിൽനിന്ന്​ ഞാനെന്നെ വിടുതൽ ചെയ്തതും സമാനമായ അകത്തളങ്ങൾക്കുവേണ്ടിയാണ് എന്നു പറഞ്ഞല്ലോ. യാത്രാവഴികളിൽ ഞാൻ വീടിനെ ഉള്ളിൽ ചുമക്കും, ആരും പറഞ്ഞിട്ടൊന്നുമല്ലത്. എന്നോട് അതു ചെയ്യൂ ഇതു ചെയ്യൂ എന്നൊന്നും വീട്ടിലുള്ള ആരും പറയുന്നൊന്നുമില്ല. പയുകയുമില്ല. വീട്ടിൽ വയ്യാതായ അമ്മയുണ്ടാകും കുട്ടികൾ ഉണ്ടാകും. ഞാൻ അവിടേക്കു തിരക്കിട്ടു മടങ്ങും. ഒരുപക്ഷെ ഇത്തരം മടക്കങ്ങളാവാം എന്റെ സാമൂഹികമായ,വ്യക്തിപരമായ സാമാന്തരങ്ങളെ നിലനിർത്തുന്നത്.

പ്രസ്ഥാനങ്ങളോട്​ സംവദിക്കാൻ കഴിയാതിരിക്കുകയും വ്യക്തികളോട്​സംവദിക്കാൻ കഴിയുകയും ചെയ്യുന്ന ഈ കാലത്ത് എല്ലായിടത്തും പ്രതിപക്ഷമായിരിക്കുക എന്ന ടീച്ചറുടെ തീരുമാനം ചരിത്രപരമാണ്. ജീവനുള്ള രക്തസാക്ഷികൾ എത്രയുണ്ടായാൽ ഈ സമൂഹം സുരക്ഷിതമാകും?

സംവദിക്കാനുള്ള ശ്രമങ്ങളെ അട്ടിമറി ശ്രമങ്ങളും അരാജകത്വവും ധിക്കാരവും ഒക്കെയായാണ് പ്രസ്ഥാനങ്ങൾ കണക്കാക്കുന്നതെന്ന്​ തോന്നുന്നു. ഭരണകൂടത്തിന്റെ അതേ ഘടനയും സ്വഭാവവുമാണ് അതിനുള്ളിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്കുമുള്ളത്. അതുകൊണ്ടുതന്നെ അധികാരമെന്നത്​ വളരെ പ്രധാനമാണ്. ജനാധിപത്യം എന്നു പറയുമ്പോഴും ഭൂരിപക്ഷത്തിന്റെ അധികാരമാണല്ലോ. അതിനാൽ പ്രസ്ഥാനങ്ങളുമായി സംവദിക്കാനുള്ള നമ്മുടെ ഓരോ ശ്രമവും നമ്മെ കൂടുതൽ കൂടുതൽ പ്രതിപക്ഷത്താക്കും. ഒന്നുകിൽ ആ ഘടനക്കുള്ളിലകപ്പെട്ടു നിശബ്ദരും വിധേയരുമാവുക അല്ലെങ്കിൽ കടക്കണം പുറത്ത്. പുറത്തെത്തിയാൽ നമ്മൾ ‘അപരം' മാത്രമാണ്. ഈ ‘അപര 'ത്തെ കഴിയുന്നത്ര ഓരത്തേക്കാക്കുകയെന്നതാണ് പ്രസ്ഥാനദൗത്യം. ‘കെട്ടുറപ്പ് ' എന്ന്​ വ്യവഹരിക്കപ്പെടുന്നത് ഈ കോയ്മാ വ്യവസ്ഥയെ ആണെന്നു ശ്രദ്ധിച്ചാൽ മനസിലാകും. പുരുഷാധികാര കുടുംബത്തിൽ പ്രവർത്തിക്കുന്ന അതേ ആണധികാര യുക്തി തന്നെയാണ് ഭരണകൂടത്തിനും തൽസ്വരൂപങ്ങളായ പ്രസ്ഥാനങ്ങൾക്കുമുള്ളത്. അപ്പോൾ സ്വാതന്ത്ര്യബോധവും സമത്വബോധവുമുള്ള ഒരു പെണ്ണിന് അവിടെയൊക്കെ പ്രതിപക്ഷമാവുക മാത്രമേ ചെയ്യാനുള്ളൂ.

എത്ര നവോത്ഥാന സദസുകൾ നടത്തിയാലും വനിതാമതിലുകൾ കെട്ടിയാലും മലയാളിസമൂഹത്തിന്റെ ആണത്തഘോഷത്തിന് എന്തു കുറവു വന്നു? കൂടുകയാണ് ചെയ്യുന്നത് എന്നാണ്​ ഞാൻ മനസിലാക്കുന്നത്.

വാളയാർ ഭാഗ്യവതിയോടു ചേർന്ന് ഇടതുപക്ഷത്തിനെതിരായും ലതികാസുഭാഷിനോടു ചേർന്ന് കോൺഗ്രസിനെതിരായും കെ. കെ. രമയോടു ചേർന്നുനിന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരായും ടീച്ചർ മത്സരിച്ചു. എല്ലായിടത്തും പെണ്ണിനെ ഉറപ്പിച്ചു. അധികാരത്തിനും ആണധികാരത്തിനും എതിരായ ഒരു നിരയെ സമസ്തമേഖലയിലും ശക്തിപ്പെടുത്തുക എന്നതിനപ്പുറം വിമോചനത്തിനായി ഏതെങ്കിലും പാർട്ടിയെ ആശ്രയിക്കുന്നതിൽ അർത്ഥമില്ലന്നല്ലേ മനസ്സിലാക്കേണ്ടത്? ഏകാധിപതികൾ പെണ്ണായിരുന്നെങ്കിൽ തീരുമായിരുന്ന പ്രശ്‌നമാണോ ടീച്ചർ പറയാൻ ശ്രമിച്ചത്?

സൂര്യനെല്ലി കേസ് കേരളചരിത്രത്തിലെ ഒരടയാളമാണ്. അതിനു മുമ്പ്​ സ്ത്രീകളെ പുരുഷന്മാർ ഒറ്റക്കും കൂട്ടായുമൊന്നും ബലാസംഗം ചെയ്തിട്ടില്ല എന്നല്ല പറയുന്നത്. സൂര്യനെല്ലി കേസിലെ പെൺകുട്ടിയെ ഒരു സെക്‌സ് റാക്കറ്റ് കട്ടുകൊണ്ടുപോവുകയും വിറ്റു കാശാക്കുകയുമാണു ചെയ്തത്. ബലാത്സംഗത്തിലും വേശ്യാവൃത്തിയിലും നാം അന്നോളം അറിഞ്ഞിട്ടില്ലാത്ത സെക്സ് റാക്കറ്റിന്റെ സാന്നിദ്ധ്യം ആദ്യമായി പരസ്യപ്പെടുത്താനിടയായ കേസാകും അത് . പെണ്ണിന്റെ ശരീരം മറ്റേതു വസ്തുവിനെയും പോലെ വിറ്റു കാശാക്കി ലാഭമുണ്ടാക്കാനുള്ള മൂലധനവസ്തുവാണവിടെ. ജന്മിത്തത്തിന്റെ കാലത്തിലെ ഭോഗസുഖയുക്തി ഇവിടെ ലാഭയുക്തിയായി മാറുന്നു. ആ സംഭവം കേരളത്തിലെ സ്വതന്ത്രബുദ്ധികളായ സ്ത്രീകളെ വല്ലാതെ ഉലച്ച സംഭവമാണ്. പിന്നീട് ഐസ്‌ക്രീം പാർലർ, വിതുര... ആ പരമ്പര തുടരുകയായിരുന്നു.

സൂര്യനെല്ലി പെൺകുട്ടിയെ സൂര്യനെല്ലിയിൽ പോയി കാണുകയും സംസാരിക്കുകയും നേരിട്ടു പിന്തുണ അറിയിക്കുകയും ചെയ്ത സ്ത്രീകൾ ഒരുപാടുണ്ട്. ആ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. 2005 ലെ കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഞാനവളുടെ ഒരു അഭിമുഖം ചെയ്തിരുന്നു. അതന്ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചുവന്നു. പിന്നീട് കേസു നടത്തിപ്പിനായി നാടുനീളെ നടന്ന്​പ്രസംഗിക്കുകയും പണം പിരിക്കുകയും ചെയ്തിട്ടുണ്ട്​ ഫെമിനിസ്റ്റുകളായ സ്ത്രീകൾ. എന്നാൽ അക്കൂട്ടത്തിലൊന്നും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ​ വളരെ പിന്നീട് സൂര്യനെല്ലി പെൺകുട്ടിയോടൊപ്പം ആദ്യം മുതൽ ഉണ്ടായിരുന്ന ആൾ എന്ന അവകാശവാദവുമായി ചാനലുകളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും നിറഞ്ഞാടിയ തമാശയും കണ്ടിട്ടുണ്ട്. അവർ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

ധർമ്മടം നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ഭാഗ്യവതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ധർമ്മടം നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ഭാഗ്യവതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

പറഞ്ഞുവരുന്നത്, മുഖ്യധാരാ രാഷ്ടീയ പ്രസ്ഥാനങ്ങൾ അതതു കാലങ്ങളിൽ തെരഞ്ഞെടുപ്പുകൾക്ക്​ സ്ത്രീ പ്രശ്‌നങ്ങൾ എടുത്തുപയോഗിച്ചുവെങ്കിലും മാരാരു പറഞ്ഞതുപോലെ അവരുടെ അധികാരത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും പരാജയസ്ഥാനമായി ഇവ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളുടെ കേരള ചരിത്രത്തിൽ അടയാളപ്പെട്ടുകിടക്കുന്നു.

ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട ഒരു പന്ത്രണ്ടുകാരിയുടെ വീട്ടിലേക്ക്​ഞാനാദ്യമായി പ്രവേശിക്കുന്നത്​, മഞ്ചേരി എളങ്കൂറിലെ കൃഷ്ണപ്രിയയുടെ വീട്ടിലേക്കായിരുന്നു. അവൾ കളിച്ചുനടന്ന ഉമ്മറ മിറ്റവും പഠിക്കാനിരുന്ന കുടുസുമുറിയും അവൾ കൊല്ലപ്പെട്ടു കിടന്ന കലുങ്കിൻ ചുവടും കണ്ടു. അതിൽ പിന്നീടാണ്​ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട പെൺകുട്ടികൾ എന്നോടു സംസാരിച്ചു തുടങ്ങിയത്. കേൾക്കുമ്പോൾ ഭ്രാന്താണെന്നു തോന്നാം. പക്ഷേ അനുഭവപരമായ സത്യമാണ്. ദൈവത്തിന്റെ കൈയ്യൊപ്പുകൾ പലതും ഞാൻ നേരിട്ടു കണ്ടറിഞ്ഞിട്ടുണ്ട്. പക്ഷേ ഈ സംവിധാനം അവയെ തുടച്ചു വെളുപ്പിച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ ഞാനതു പകർത്തിത്തുടങ്ങി. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും എന്നെ പുറം തള്ളാൻ അതു ന്യായമായ കാരണമായി. പക്ഷേ ഞാൻ നടന്നുകൊണ്ടേ ഇരിക്കുന്നു, പറഞ്ഞുകൊണ്ടേ ഇരിക്കുന്നു, എഴുതിക്കൊണ്ടേ ഇരിക്കുന്നു... ഭൂതകാലത്തെപ്പറ്റി ഞാൻ ഭാവിയോടു പറയാൻ ശ്രമിക്കുകയാണ്. ഇത് സിദ്ധാന്തപരമായി ‘സമകാലിക ചരിത്രം ' (Contemporary History) ആണോ എന്ന ആശങ്ക എനിക്കില്ല. സിദ്ധാന്തങ്ങൾ പ്രയോഗങ്ങൾക്കു പിന്നാലേ വരട്ടെ.

തനിക്കു സംഭവിച്ച നഷ്ടങ്ങൾ, തനിക്കു നേരെ ചൊരിയപ്പെട്ട അധിക്ഷേപങ്ങൾ തന്റെ വർഗം നേരിട്ട ചൂഷണം - ഇവക്കെല്ലാം നേരെ ഒരു സ്ത്രീ കൈ ചൂണ്ടി നിവർന്നു നില്ക്കുന്നതാണ് വാളയാറമ്മയുടെ സ്ഥാനാർത്ഥിത്വത്തിൽ ഞാൻ കാണുന്നത്. അവരോടൊപ്പം നില്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ പെണ്ണാകും?

ആ അന്വേഷണങ്ങൾക്കുപുറകെ ഓടിയോടിയാണ്​ ഞാൻ വാളയാറിലെത്തുന്നത്. ഓരോന്നും കഴിഞ്ഞതിനേക്കാൾ ഭയങ്കരം. സൂര്യനെല്ലി സംഭവത്തിനു ശേഷം - അന്നു ഞാൻ മലപ്പുറം ഗവ.കോളജിൽ പഠിപ്പിക്കുകയായിരുന്നു - കോളേജിലെ ഒരു വേദി ഉദ്ഘാടനം ചെയ്​ത്​ സംസാരിച്ച എം.പി. പറഞ്ഞത്, സൂര്യനെല്ലി പെൺകുട്ടിയുടെ അമ്മയെ തെങ്ങിൽ കെട്ടിയിട്ട്​ ചാട്ടവാറു കൊണ്ടടിക്കണം എന്നാണ്. അവരുടെ സ്വഭാവദൂഷ്യം കൊണ്ടു മകൾ പിഴച്ചു പോയെന്ന്. സദസ്​ കൈയടിച്ച് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതു നിസ്സഹായയായി കണ്ടിരിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നു വർഷങ്ങൾക്കിപ്പുറം വാളയാർ കുട്ടികളുടെ അമ്മയെ സമൂഹമാധ്യമങ്ങളിൽ പരസ്യമായ സദാചാര വിചാരണ ചെയ്യുന്നു. എന്താണു നമ്മൾ മനസിലാക്കേണ്ടത്? എത്ര നവോത്ഥാന സദസുകൾ നടത്തിയാലും വനിതാമതിലുകൾ കെട്ടിയാലും മലയാളിസമൂഹത്തിന്റെ ആണത്തഘോഷത്തിന് എന്തു കുറവു വന്നു? കൂടുകയാണ് ചെയ്യുന്നത് എന്നാണ്​ ഞാൻ മനസിലാക്കുന്നത്. തനിക്കു സംഭവിച്ച നഷ്ടങ്ങൾ, തനിക്കു നേരെ ചൊരിയപ്പെട്ട അധിക്ഷേപങ്ങൾ തന്റെ വർഗം നേരിട്ട ചൂഷണം - ഇവക്കെല്ലാം നേരെ ഒരു സ്ത്രീ കൈ ചൂണ്ടി നിവർന്നു നില്ക്കുന്നതാണ് വാളയാറമ്മയുടെ സ്ഥാനാർത്ഥിത്വത്തിൽ ഞാൻ കാണുന്നത്. അവരോടൊപ്പം നില്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ പെണ്ണാകും?

ലതികാ സുഭാഷിനോടൊപ്പം ഗീത
ലതികാ സുഭാഷിനോടൊപ്പം ഗീത

എത്ര സമരം ചെയ്തിട്ടാണ്​ വോട്ടു ചെയ്യാനുള്ള അവകാശം ലോകത്താകമാനമുള്ള സ്ത്രീകൾക്കു കിട്ടിയത്. ഇന്ത്യയിലാകട്ടെ, പാർലമെൻറിലെ സ്ത്രീ സംവരണബിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെക്കാലമായി നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലേക്ക് 50% സ്ത്രീ സംവരണം വന്നെങ്കിലും നിയമസഭയുടെ കാര്യം പരമ ദയനീയമാണ്. നിയമസഭയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പുരുഷാധിപത്യ പ്രവണതയാണ്​ ലതികാ സുഭാഷ് എന്ന സ്ഥാനാർഥിനിയെ ഉണ്ടാക്കിയത്. സ്ത്രീകളുടെ വോട്ടവകാശസമരത്തിന്റെ ചരിത്രപരമായ തുടർച്ചയായാണു ഞാൻ ലതികാ സുഭാഷിന്റെ മൊട്ടയടിയെയും സ്ഥാനാർത്ഥി നിർണയത്തെയും കാണുന്നത്. ഭാവിയിലും സ്ഥാനാർത്ഥി നിർണയം നടത്തുന്ന എല്ലാ പാർട്ടികളിലെയും പുരുഷന്മാർക്കു ലതിക സുഭാഷ് ഒരു പാഠമാണ്. അവർ കോൺഗ്രസിനോടു മാത്രമല്ല കലഹിച്ചത്. കേരളത്തിലും ഇന്ത്യയിലും പാർലമെന്ററി ജനാധിപത്യവുമായി ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയപാർട്ടികളിലെയും പുരുഷാധികാരത്തോടാണ്. ഇനി വരുന്ന സ്ഥാനാർത്ഥി നിർണ്ണയങ്ങളിൽ മാത്രമല്ല മറ്റു തീരുമാനങ്ങളിലും അവർ ഒന്നാലോചിക്കും. സ്ത്രീയെ കണ്ണടച്ച് അങ്ങനെ ഒഴിവാക്കാനാകില്ല എന്നാണ്​ പാർലമെന്ററി ജനാധിപത്യത്തോട്​ ലതിക സുഭാഷ് എന്ന സ്ത്രീ പറയുന്നത്.

സ്ത്രീകൾക്ക്​ രക്തസാക്ഷികളെയല്ല ആവശ്യം ജീവിതവും ജീവനുമാണ്. കൊലയാളി രാഷ്ട്രീയത്തിനെതിരെ ജീവിക്കുകയും ജീവിപ്പിക്കുകയും ചെയ്യുകയെന്നതാണ് കെ.കെ. രമ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം

ആണുങ്ങളുടെ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയാണ്​ കെ. കെ. രമ. ഇരയെന്നതൊക്കെ പഴയ വാക്കാണ്. എങ്കിലും തൽക്കാലം ഞാനതുപയോഗിക്കുന്നു. ഇരക്ക് എങ്ങനെ ഇരയല്ലാതാകാം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയാണവർ. അതായത് ഇര വേട്ടക്കാരി ആയി എന്നല്ല. ഒന്നുകിൽ ഇരയാവുക അല്ലെങ്കിൽ വേട്ടക്കാരൻ ആവുക എന്ന രണ്ടിലൊന്നു തെരഞ്ഞെടുപ്പു മാത്രമാണു സാദ്ധ്യമായിട്ടുള്ളത് എന്ന ആൺ നിശ്ചയങ്ങളെ മറികടക്കുകയായിരുന്നു രമ. അവർ ഇരയാകാൻ കൂട്ടാക്കിയില്ല, വേട്ടക്കാരിയുമായില്ല. പകരം സ്വേച്ഛയുള്ള ഒരു വ്യക്തിയായി. "ആസ്ഥാന വിധവ'പ്പട്ടത്തെ തൃണവത്കരിച്ച്​ ഒരുവൾ ഒറ്റക്ക്​ കാലത്തെ മുറിച്ചുകടക്കുന്നു. കേരളത്തിന്റെ സ്ത്രീ മുന്നേറ്റത്തെ പ്രായോഗികമായി മുമ്പോട്ടു നയിക്കുന്ന സാന്നിദ്ധ്യമായി അവർ അടയാളപ്പെടുന്നു. അതു ബോധപൂർവ്വമോ അബോധപൂർവ്വമോ എന്നു വ്യവച്ഛേദിക്കുന്നതിൽ അർത്ഥമില്ല. ആ ചലനങ്ങൾ അത്രയും ജൈവികമാണ്. അതിനാൽ കാലത്തിന്റെ ആവശ്യമാണ്​ കെ.കെ. രമ.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കെ.കെ. രമയ്ക്കൊപ്പം
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കെ.കെ. രമയ്ക്കൊപ്പം

പലപ്പോഴും ഇക്കാര്യത്തിൽ ഞാനെന്റെ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്, രക്തസാക്ഷിയുടെ സ്ത്രീലിംഗമെന്താണ് എന്ന അന്വേഷണത്തിലൂടെ. സ്ത്രീകൾക്ക്​ രക്തസാക്ഷികളെയല്ല ആവശ്യം ജീവിതവും ജീവനുമാണ്. കൊലയാളി രാഷ്ട്രീയത്തിനെതിരെ ജീവിക്കുകയും ജീവിപ്പിക്കുകയും ചെയ്യുകയെന്നതാണ് രമ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം. ഇത്രമേൽ ആണധികാരപരമായ ഒരു രാഷ്ട്രീയപരിസരത്തിൽ ഒരു സ്ത്രീക്കുമാത്രം ഉന്നയിക്കാൻ കഴിയുന്ന രാഷ്ട്രീയമാണത്. അതിനെ പിന്തുണയ്ക്കുക ഒരു പെണ്ണായ എന്റെ കടമയല്ലേ?

സൂക്ഷ്മരാഷ്ട്രീയത്തിലേക്കാണല്ലോ ടീച്ചർ വീണ്ടും ക്ഷണിക്കുന്നത്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന പീഡനവാർത്തകൾ ഒന്നോ രണ്ടോ ആഴ്ചത്തെ ഒരു പ്രശ്‌നം മാത്രമായി ചുരുങ്ങിക്കൊണ്ടിരുന്നപ്പോൾ വേട്ടയാടപ്പെട്ടത്​താനാണെന്ന ബോധത്തോടെ അത്തരം ജീവിതത്തോടു താദാത്മ്യം പ്രാപിക്കുന്ന ഒരു ഗീത ടീച്ചറെ നിരന്തരം കാണാമായിരുന്നു. വല്ലാത്തൊരു താദാത്മീകരണമാണ് അത്. ഫ്രാങ്കോ മുളയ്ക്കലിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉപവാസസമരത്തിൽ ഏർപ്പെട്ട ടീച്ചർ ദിവസങ്ങളോളം കുരിശണിഞ്ഞ രൂപത്തിൽ ദൃശ്യമായി. ഐക്യപ്പെടലിന്റെയും സന്ധിയില്ലായ്മയുടെയും ദിനരാത്രങ്ങൾ അവസാനിക്കുന്നില്ല. പീഡിപ്പിക്കപ്പെട്ട ഓരോ സ്ത്രീയെയും മാറോടണച്ചതിന്റെ ആ ഏടുകൾ എഴുതിയും പറഞ്ഞും കുറച്ചൊക്കെ അറിഞ്ഞിട്ടുണ്ട്. എങ്ങനെയാണ്​ സ്വബോധത്തോടെ പിടിച്ചു നില്കാൻ കഴിയുന്നത്? കായികമായ ഭീഷണികൾ ഉണ്ടായിട്ടുണ്ടോ?

പെണ്ണിന്റെ രാഷ്ട്രീയത്തിൽ ഒത്തുതീർപ്പുകൾ സാദ്ധ്യമല്ല. അവിടെ സന്ധിസംഭാഷണങ്ങളില്ല. സഹനസമരങ്ങൾ മാത്രമേയുള്ളു. അതിനാകട്ടെ പൂ വിരിച്ച വഴികളില്ല. നിറയെ മുള്ളുകളാണ്. കാലും മേലും കീറും. ചോര പൊടിയുന്നതിൽ വിമുഖരായവർക്കുള്ള വഴിയല്ല സ്ത്രീ സമരങ്ങൾ.അതിന്റെ പേരിൽ കായികമായി എന്നെ ആരെങ്കിലും നേരിട്ട് ആക്രമിച്ചു എന്നു പറയാനാകില്ല. പക്ഷെ ധാരാളം ഒളിപ്രയോഗങ്ങൾ, മാനസികസമ്മർദ്ദങ്ങൾ എല്ലാം നിരന്തരം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായ തമസ്‌കരണവും. പക്ഷേ യാത്ര തുടരുകയല്ലാതെ എനിക്കു മറ്റൊരു വഴിയുമില്ലല്ലോ.

ആയിത്തീരേണ്ടുന്ന ആ പെണ്മയെ പുറത്തുനിന്നു മാത്രം കണ്ടുപോകുന്നതിന്റെ പരിമിതികൾ എനിക്കു ബോദ്ധ്യപ്പെടുന്നുണ്ട്. കൂടുതൽ മനസ്സിലാക്കാനും ചിലതെല്ലാം തിരുത്താനുമുള്ള ഒരവസരം മാത്രമായിട്ടാണു ഞാൻ ഈ സംഭാഷണത്തെ നോക്കിക്കാണുന്നത്. പുരുഷനായതുകൊണ്ടല്ല, ഒരുപക്ഷേ പെണ്ണായിരുന്നാൽക്കൂടി ആയിത്തീരൽ എന്ന അവസ്ഥയെ ഒഴിവാക്കിക്കൊണ്ട് ഒരു സംവാദപരിസരം സാദ്ധ്യമല്ലെന്നു വരുന്നു. അങ്ങനെ കരുതാമോ?

ഉള്ളതൊന്നുമുള്ളതല്ല എന്ന്​ കിളി പാടിയതു വെറുതെയല്ലെന്ന് ഇക്കാര്യത്തിലും തോന്നുന്നു. ഞാനും ഇങ്ങനെയൊന്നുമായിരുന്നില്ല. ക്രമേണ ആയിത്തീർന്നതാണ്. കൂടുതൽ കൂടുതൽ പെണ്ണായിത്തീരൽ. അതങ്ങനെയേ സാധിക്കൂ. ഒന്നും ഉള്ളതല്ലല്ലോ. സ്‌നേഹംപോലെ ഉണ്ടായി വരുന്നതല്ലേ? ഇക്കാര്യത്തിലും അതു തന്നെയാണു സംഭവിക്കുന്നത്.

ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരത്തിനിടെ. ഗീത, സുലേഖ ജോർജ്ജ്
ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരത്തിനിടെ. ഗീത, സുലേഖ ജോർജ്ജ്

പെൺകാലങ്ങൾക്കു വേണ്ടി വടക്കും തെക്കും നടുക്കുമായി ഓടിക്കൊണ്ടിരിക്കുമ്പോൾ ഈ കൂടുതൽ പെണ്ണായിത്തീരൽ പ്രക്രിയ ഞാൻ അനുഭവിച്ചിട്ടുണ്ട്. സൂര്യനെല്ലി മുതൽ യാത്ര ചെയ്തപ്പോൾ അതു മറ്റൊരു വിധം അനുഭവിച്ചു. കളിയമ്മമാരെയും എഴുത്തമ്മമാരെയും തിരഞ്ഞുനടക്കുമ്പോഴും ഈ പെണ്ണായി താദാത്മ്യം പ്രാപിക്കൽ അറിഞ്ഞിട്ടുണ്ട്. ഗീതയുടെ വിലാസം മാറ്റിവെച്ചുകൊണ്ടേ എനിക്കീ അന്വേഷണക്കളത്തിൽ ഇറങ്ങാനും കളിക്കാനും കഴിയൂ. അവിടെ ചിലപ്പോൾ ഞാൻ ഒരു നമ്പർ പോലുമാകില്ല. വീണ്ടും ഞാൻ പറയട്ടെ, ആണിന്റെ കളമല്ല പെണ്ണിന്റെ കളം. അതു കളിക്കാനായാലും മായ്ക്കാനായാലും. അവിടെ അവൾക്കു തന്നെത്തന്നെ സ്വയം കുഴിച്ച കുഴിച്ചു പുറത്തെടുക്കേണ്ടി വരും. തന്നിൽത്തന്നെ കൂടുതൽ കൂടുതൽ ആഴത്തിലേക്ക് ആണ്ടിറങ്ങേണ്ടി വരും. ആ യാത്രയിൽ അവൾ സ്വയം നഷ്ടപ്പെട്ടവളാകും. പിന്നീടെപ്പോഴെങ്കിലും വീണ്ടെടുക്കാൻ കഴിയുമെന്നു വ്യാമോഹിക്കുകയേ വേണ്ട. ഓരോരോ യാത്രകൾ കഴിയുമ്പോഴും അവൾ മറ്റൊരുവളായി മാറിക്കൊണ്ടിരിക്കും. ഒരിക്കലും തുടങ്ങിയേടത്തേക്കു തിരിച്ചു നടക്കാനവൾക്കു കഴിയില്ല. പിന്മടക്കം സാധ്യമേയല്ലാത്ത അത്തരം യാത്രകളിലൂടെയാണ് അവൾ പെണ്ണായിക്കൊണ്ടേ ഇരിക്കുക. നിരന്തരം ഉറകളൂരിയെറിഞ്ഞു കൊണ്ടേയിരിക്കേണ്ടി വരുന്ന ഇത്തരം യാത്രകളുടെ ഭാരം ഒരു പുരുഷനും താങ്ങേണ്ടി വരില്ല എന്നു ഞാൻ കരുതുന്നു.
ഒരു പെണ്ണ്​ കൂടുതൽ പെണ്ണായിത്തീരുകയും പല പെണ്ണുങ്ങളായി മാറുകയും രണ്ടു പെണ്ണുങ്ങളായി പിളരുകയും ചെയ്യുന്ന അനുഭവമായിരുന്നു എനിക്ക് അന്വേഷണങ്ങളും കണ്ടെത്തലും എഴുത്തും. അത് ‘പരകായപ്രവേശ’ മെന്നതിനേക്കാൾ പരമനഃപ്രവേശങ്ങളായിരുന്നു. വിശദീകരിക്കാൻ ശ്രമിക്കാം.
പല തരം സ്ത്രീകളെയായിരുന്നു എനിക്കു കണ്ടെത്തേണ്ടിയിരുന്നത്, പകർത്തേണ്ടിയിരുന്നത്. ഈ കണ്ടെത്തലിനും പകർത്തലിനുമിടയിൽ ഒരറിയൽ അഥവാ മനസ്സിലാക്കൽ ഉണ്ടല്ലോ; വേണമല്ലോ, അതിന് എനിക്ക് അവരായി മാറേണ്ടിയിരുന്നു. ഇവിടെ ഞാൻ നേരത്തെ സൂചിപ്പിച്ച ഉറയൂരൽ പ്രക്രിയ നടക്കുന്നു. ഒരു പരിധിവരെ എന്റെ ബാഹ്യവും ആന്തരികവുമായ എല്ലാ ഉടയാടകളെയും വലിച്ചു പറിച്ചെറിഞ്ഞിട്ടുതന്നെ വേണമായിരുന്നു എനിക്കവരെ അറിയാൻ. അതിതീവ്ര വേദനകളിലൂടെ ഇതെന്നെ കടത്തിവിട്ടു. വർത്തമാനകാലങ്ങൾ, ഭൂതകാലങ്ങൾ ഇവകളിലേക്ക് എനിക്കു മാറി മാറി സഞ്ചരിക്കേണ്ടിയിരുന്നു. ഭാവികാലത്തെ സ്വപ്നം കണ്ടു കൊണ്ടു മാത്രം സാധിക്കാവുന്ന കാലസഞ്ചാരമായിരുന്നു അത്. മറ്റൊന്ന് ഇതിനാവശ്യമായ സമയം അതു ഞാനെടുത്തത് എന്റെ അമ്മയിൽ നിന്നായിരുന്നു. അപ്പോൾ സ്ഥലപ്രശ്‌നം വരുന്നു. ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് - ശരീരത്തിനു മാത്രമല്ല മനസിനും സഞ്ചരിക്കണം. അവിടെ അമ്മയും പവിത്രനും മക്കളുമടങ്ങിയ വീടുപേക്ഷിച്ച് എന്നിലേക്കു മാത്രമായി സഞ്ചരിക്കേണ്ടിയിരുന്നു. സംഘർഷഭരിതമായിരുന്നു ഇത്. ഓർത്തു നോക്കൂ, പുരുഷന്മാർ തരണം ചെയ്യുന്ന / ചെയ്യേണ്ടുന്ന ദൂരമാണോ ഇത്? അതുകൊണ്ടു കൂടിയാണു ഞാൻ പറയുന്നത്, പ്രിവിലെജ്ഡ് ആയ സെലിബ്രിറ്റി പുരുഷന്മാരോട് എന്നെപ്പോലുള്ള സ്ത്രീകളെ താരതമ്യം ചെയ്യുന്നതു നിരർത്ഥകമാണ്. ഒരു വ്യവസ്ഥയുടെ മുഴുവൻ പിന്തുണയോടെ, അധികാരത്തോടു ചേർന്നുനിന്ന് നിർണയാധികാരങ്ങൾ കൈയിലെടുത്തമ്മാനമാടുന്ന അവരെപ്പോലുള്ളവരുമായി എന്നെപ്പോലുള്ള പെണ്ണുങ്ങൾക്ക് എന്തു ബന്ധം? എന്തിനു ബന്ധം?

സ്ത്രീപക്ഷ / വാദ ഗവേഷണങ്ങളുടെയും അന്വേഷണങ്ങളുടെയും രീതിശാസ്ത്രം വ്യത്യസ്തമാണ് എന്ന് അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദയെങ്കിലും അക്കാദമിക ലോകത്തിന് ആവശ്യമാണ്.

സുനിൽ പി. ഇളയിടം, സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യം ഓർക്കുകയാണ്. മൈക്കിനു മുന്നിൽ ഒരുപാടാളുകൾ വരാറുണ്ട്. പക്ഷേ ഒരു പഞ്ചായത്ത് ഓഫീസിൽ ചെന്നാൽ പല ഫോൺ കോളുകൾ ഇല്ലാതെ ഫയലുകൾ നീങ്ങിയെന്നുവരില്ല. അധികാരം എവിടെയും പ്രശ്‌നംതന്നെ. ഒരു പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരുന്ന പുരുഷനും സ്ത്രീയും ഒരേ പ്രവൃത്തിതന്നെയാണു ചെയ്യുന്നതെങ്കിലും ഏറ്റെടുക്കേണ്ടിവരുന്ന വെല്ലുവിളികളിൽ വ്യത്യാസമുണ്ടെന്നു സമ്മതിക്കുന്നു. അതൊരു യാഥാർത്ഥ്യമാണ്. ഈ പശ്ചാത്തലത്തിൽ ദളിത്, ആദിവാസി, ട്രാൻസ് ജെൻറർ രാഷ്ട്രീയത്തിന്റെയൊക്കെ പ്രസക്തി തുടരുകയുമാണ്. അധികാരത്തെ നിർവ്വചിക്കാനും വിചാരണ ചെയ്യാനും 90കളുടെ തുടക്കത്തിലൊക്കെ ഉണ്ടായ ആവേശത്തിനു വിപരിണാമം സംഭവിക്കുന്നുണ്ടോ?

സൂര്യനെല്ലിയിൽ എത്തുമ്പോൾ 41 ദിവസം 40ലേറെ പുരുഷന്മാരാൽ ഞാൻ ബലാത്സംഗം ചെയ്യപ്പെടുന്നു. കൂത്താട്ടുകുളം മേരിയെയും ഗൗരിയമ്മയെയും യശോദ ടീച്ചറെയും കാണുമ്പോൾ അവർക്കേറ്റ പൊലീസ് മർദ്ദനങ്ങൾ എന്റെ ശരീരത്തിൽ പതിക്കുന്നു. തോട്ടയ്ക്കാട്ട് ഇക്കാവമ്മയെയും സരസ്വതിയമ്മയെയും പഠിക്കുമ്പോൾ സാമൂഹ്യ ബഹിഷ്‌കരണം എന്തെന്നറിയുന്നു. ചവറ പാറുക്കുട്ടിയമ്മയിലെത്തുമ്പോൾ മണ്ണിൽ കുത്തിയ കുഴിയിൽ എനിക്കു കഞ്ഞി പാരുന്നു. ഗവേഷണത്തിന്​ ഉചിതമല്ലാത്ത തന്മയീഭാവം എന്ന പുരുഷ രീതിശാസ്ത്രം അടയാളപ്പെടുത്തിയ ഈ വൈകാരിക താദാത്മ്യങ്ങളിലൂടെയാണു ഞാനെന്റെ നിഗമനങ്ങളിൽ എത്തിയത്. അതായത് തെങ്ങിനും കവുങ്ങിനും ഒറ്റത്തളപ്പല്ല. സ്ത്രീപക്ഷ / വാദ ഗവേഷണങ്ങളുടെയും അന്വേഷണങ്ങളുടെയും രീതിശാസ്ത്രം വ്യത്യസ്തമാണ് എന്ന് അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദയെങ്കിലും അക്കാദമിക ലോകത്തിന് ആവശ്യമാണ്. അപരിചിതമായ ഏതു വഴിയെയും എന്തെന്നും എന്തുകൊണ്ടെന്നും അന്വേഷിക്കാതെ തള്ളിക്കളയുന്ന അക്കാദമിക ലോകമാണ് കേരളത്തിന്റേതെന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട്. ആണധികാരപരമായ മുൻവിധികളാൽ പടിക്കു പുറത്തു നിർത്തുകയാണവർ ഇന്നോളം ചെയ്തിട്ടുള്ളത്. എവിടെയോ എഴുതിവച്ച സിദ്ധാന്തങ്ങളുടെ മൂശയിലേക്കു ജീവനുള്ള അനുഭവങ്ങളെ / പ്രയോഗങ്ങളെ മുക്കിപ്പിഴിഞ്ഞൊഴിച്ച് ‘പൊളിറ്റിക്കൽ 'അല്ല, ‘അക്കാദമിക്' അല്ല എന്നു വിധിയെഴുതും. എന്താണ് എഴുതിയതെന്നോ പറയുന്നതെന്നോ ശ്രദ്ധിക്കുക പോലുമില്ല. പാട്ടബാക്കിയിലെ കിട്ടുണ്ണിമാരാണ് അക്കാദമിക പണ്ഡിതന്മാർ. ‘ഞങ്ങൾ പഠിപ്പിച്ചു തരാം' എന്നാണ്​ നിലപാട്. സ്ത്രീയനുഭവങ്ങൾ എന്തെന്ന്​ സ്ത്രീകളെ അവർ പഠിപ്പിക്കും. സ്ത്രീകളുടെ വിമോചനമാർഗങ്ങൾ എന്തൊക്കെയെന്ന് അവർ നിശ്ചയിക്കും. അവർ പറയുന്നതല്ല സ്വന്തം അനുഭവങ്ങൾ എന്നു വാദിക്കുന്ന സ്ത്രീകളെ, പുരുഷന്മാർ നിർദ്ദേശിക്കുന്നതല്ല തങ്ങളുടെ വിമോചന മാർഗ്ഗങ്ങൾ എന്നു നിലപാടെടുക്കുന്ന സ്ത്രീകളെ ഈ അക്കാദമിക / സാംസ്‌കാരിക ആൺകോയ്മ റദ്ദാക്കിക്കളയും. വഴക്കമില്ലാത്ത സ്ത്രീകളെ വാസ്തവത്തിൽ അവർക്ക്​ ഭയമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

സാറാ ജോസഫ്, ഗീത
സാറാ ജോസഫ്, ഗീത

എൺപതുകളുടെ ഒടുവിലാണ്​ ഞാനൊക്കെ സ്ത്രീപക്ഷ വിമർശനത്തിലേക്കു കടന്നു വരുന്നത്. അതുവരെ ഇടവിട്ടിടവിട്ടു കഥകളായിരുന്നു എഴുതിയിരുന്നത്. സാറാ ജോസഫിന്റെ പാപത്തറ തന്നെയാണ് സാഹിത്യത്തിൽ ആ നിലക്കുള്ള വിച്ഛേദം സാധിച്ചത്. പുതിയ തിരിച്ചറിവുകളിലേക്ക് അതു സാഹിത്യത്തെ മാത്രമല്ല സമൂഹത്തെയും നയിച്ചു. എന്നാൽ എഴുത്തിലെയും പ്രവർത്തനത്തിലെയും ഫെമിനിസത്തിന് ഏറ്റവും കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളിൽ നിന്നു തന്നെയായിരുന്നു. സ്വത്വരാഷ്ട്രീയം വർഗസമത്വത്തിന് വിഘാതമാണെന്ന അതിവിചിത്രമായ വാദമാണ് അക്കാലത്തവർ ഉന്നയിച്ചത്. 1998 ലാണെന്നാണ് ഓർമ, സ്ത്രീകൾക്ക്​ സ്വാതന്ത്ര്യമൊക്കെ വേണം, പക്ഷേ ഫെമിനിസം നമുക്കു വേണ്ട എന്നാണ് അവരിലൊരാൾ പു.ക.സയുടെ തിരൂർ സമ്മേളനവേദിയിൽ പ്രസംഗിച്ചത്. പക്ഷേ കാലക്രമേണ കുറച്ചൊക്കെ മാറ്റങ്ങൾ വന്നു. എന്നാലും അടിസ്ഥാനസമീപനത്തിൽ മാറ്റം വന്നിട്ടില്ലെന്ന്​ വ്യക്തമാക്കുന്ന സംഭവങ്ങൾ 2021ലും ഉണ്ടാകുന്നുണ്ട്. സ്ത്രീയാകട്ടെ പുതിയ മുഖ്യമന്ത്രിയെന്നഭിപ്രായപ്പെട്ട സ്ത്രീ പ്രവർത്തകരെ സമൂഹമാധ്യമത്തിലൂടെ നേരിട്ടത് അതു തീരുമാനിക്കാൻ ഞങ്ങൾക്ക്​ പാർട്ടിയുണ്ട് എന്നായിരുന്നുവല്ലോ. ആരു പറഞ്ഞു എന്നതല്ല, എക്‌സ് ആകട്ടെ വൈ ആകട്ടെ 1998 ലെ മനോഭാവത്തിൽനിന്ന്​വല്ലാതെ മാറിയെന്നു പറയാനായില്ല. ദളിത്​- ആദിവാസി പ്രശ്‌നങ്ങളിലും ഇതുതന്നെയാണ്​ നിലനില്ക്കുന്ന സമീപനം. ട്രാൻസ്‌ജെന്റർ വിഷയത്തിലാണ്​കുറച്ചുകൂടി അനുഭാവപൂർണ്ണമായ നിലപാടു കൈക്കൊള്ളുന്നതെന്നു കാണാം. എന്നിട്ടും അവർ സമജാതികൾ എന്നു ഗണിക്കുന്നതിൽ സമൂഹം പരാജയപ്പെടുന്നതാണു കാണുന്നത്.

അതായത്​, രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയാകട്ടെ, സർക്കാരിന്റെയാകട്ടെ അധികാരത്തെ വിചാരണ ചെയ്യുന്ന "സൗവർണ പ്രതിപക്ഷം' എന്ന റോളിൽനിന്നു സാംസ്‌കാരികസാഹിത്യ നായകർ ക്രമേണ പിൻവാങ്ങുന്നതായാണു കാണുന്നത്. അപ്പോൾ പ്രശ്‌നങ്ങൾ അതനുഭവിക്കുന്ന വിഭാഗത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ മാത്രമാകുന്നു. അവിടെ അര നൂറ്റാണ്ടു മുമ്പുള്ള ക്ഷേമപദ്ധതികൾ വീണ്ടും കടന്നുവരുന്നു.

സ്ത്രീകളുമായിട്ടാണ്​ മിക്കവാറും എന്റെ സംവാദങ്ങൾ നടക്കാറ്. ഇണങ്ങിയും പിണങ്ങിയും അവരുമായിടപെട്ടു ഞാൻ നടത്തുന്ന യാത്രകളാണ് എന്റെ ഏതു എഴുത്തുമെന്ന് എനിക്കനുഭവപ്പെടുന്നു.

ബലാത്സംഗത്തിന് ഇരകളായ സ്ത്രീകൾ, അധികാരസ്ഥാനങ്ങളിൽ പൊരുതിനിന്നവർ, ചരിത്രം തമസ്‌കരിച്ചവർ, കലാസാഹിത്യ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നവർ എന്നിങ്ങനെ ഒരു നീണ്ടനിര ടീച്ചറിന്റെ ഇടപെടലുകളിലൂടെ സാംസ്‌കാരിക പൊതുമണ്ഡലത്തിൽ അടയാളപ്പെട്ടു കിടക്കുന്നു. എരിവും പുളിയും പോരാതെ വന്നപ്പോൾ പത്രങ്ങൾ ചണ്ടിയാക്കി ഉപേക്ഷിച്ച കേരളത്തിലെ ഏതാണ്ടെല്ലാ സ്ത്രീകളെയും ടീച്ചർ സമാഹരിച്ചു. എന്നാൽ ടീച്ചറുടെ ആദ്യകാല കഥകളിലൊക്കെ കഥാപാത്രങ്ങൾക്കു വലിയ പ്രാധാന്യം ലഭിച്ചുകാണുന്നില്ല. പേരുകൾക്കും ചരിത്രത്തിനും പ്രാധാന്യമില്ലാത്ത ഒരു പ്രത്യേകതരം അകംകൃതികളായി അവയെ നിലനിർത്തുവാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

കഥകളുടെ കാര്യത്തിൽ അതൊരു തീരുമാനമായിരുന്നു എന്നു പറയാമോ എന്നെനിക്കറിയില്ല. പഠന ഗവേഷണങ്ങൾ ചെയ്യുമ്പോഴുള്ള മൂഡല്ല കഥയെഴുത്തിന്റേത് എന്നു തോന്നുന്നു. അവിടെ ഞാൻ തികച്ചും വ്യത്യസ്തവും ചിലപ്പോൾ എനിക്കുതന്നെ അത്ര പരിചിതമല്ലാത്തതുമായ ഒരകത്തേക്കു സ്വയമറിയാതെ വലിഞ്ഞുപോകാറുണ്ട്.
ആദ്യഘട്ടത്തിൽ മാതൃഭൂമി ബാലപംക്തിയിലും തളിരിലും ബാലരമയിലുമൊക്കെ ചെറിയ കഥകൾ പ്രസിദ്ധീകരിച്ചു വന്നിരുന്നു. ബാലരമയാണ്​ കഥയെഴുതിയതിന് ആദ്യമായി എനിക്കു പ്രതിഫലം മണി ഓർഡറായി അയച്ചു തന്നത്; പത്തു രൂപ. അന്നത് വലിയ തുകയായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയതായതു കൊണ്ട് വലിയ ആഹ്ലാദം തോന്നി. സ്‌കൂൾ കാലത്തു തുടങ്ങിയ ഈ കഥയെഴുത്തു പ്രീഡിഗ്രി വരെ തുടർന്നു.

ഗീത എം.ഫിൽ പഠനകാലത്ത്
ഗീത എം.ഫിൽ പഠനകാലത്ത്

കുറച്ചു മുതിർന്ന ശേഷം പ്രസിദ്ധീകരിച്ച ചെറുകഥ ‘പേനക്കത്തി' ആയിരുന്നു. അത് അടിയന്തിരാവസ്ഥയോടുള്ള പ്രതിഷേധമായിരുന്നു. ദേശാഭിമാനി വാരികയിലാണ് അതു പ്രസിദ്ധീകരിച്ചു വന്നത്. പിന്നീട് ഏറെക്കാലം ഞാൻ കാര്യമായൊന്നും എഴുതിയിട്ടില്ല. ഏറെക്കാലം കഴിഞ്ഞ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ എം.ഫിലിനു പഠിക്കുമ്പോൾ പവിത്രൻ ചോദിച്ചു, ഗീത കഥകൾ എഴുതാറുണ്ടോ എന്ന്. വാസ്തവത്തിൽ എഴുത്തിന്റെ ഒരു തെളിവും അന്ന് എന്നിൽ അവശേഷിച്ചിരുന്നില്ല. ഞാനതൊക്കെ മറന്നു കഴിഞ്ഞിരുന്നു. എന്താണ് എന്നോടങ്ങനെ ചോദിക്കാൻ അന്ന്​ പവിത്രനെ പ്രേരിപ്പിച്ചതെന്ന് ഇന്നും ഞാൻ അത്ഭുതപ്പെടാറുണ്ട്. അടഞ്ഞുപോയ വാതിലുകൾ വലിച്ചു തുറക്കലായിരുന്നു അത്. പക്ഷേ പിന്നീടു ഞാനെഴുതിയത് ഇടശ്ശേരിയെപ്പറ്റി ഒരു ലേഖനമായിരുന്നു. തുടർന്ന്​ വിമർശനങ്ങൾ . അപ്പോഴൊക്കെ ഒളിച്ചു മാറിനിന്ന കഥകൾ പിന്നെപ്പോഴോ എന്നെ വന്നലട്ടാൻ തുടങ്ങി. എന്തൊരു സങ്കോചം. എന്തൊരു മഹാനാണം.
അങ്ങനെ പതുങ്ങിപ്പതുങ്ങി വന്ന കഥകളാണ്​ വീണ്ടുമുള്ള ആദ്യഘട്ടത്തിൽ എഴുതിയത്. അതാണ്​ ഞാൻ പറഞ്ഞത്​, പഠനങ്ങൾ എഴുതുന്ന ഞാനാണോ കഥകൾ എഴുതിയതെന്ന് എനിക്കറിയില്ലെന്ന് . അവയൊക്കെ ചില അവസ്ഥകളായിരുന്നു. ആരുടേതുമാകാം. ഏതു പേരുമാകാം. ബാഹ്യമായ സ്ഥലകാലങ്ങൾ എനിക്കു പ്രശ്‌നമല്ലാതാകുന്ന ഒരവസ്ഥയിലാണ്​ കഥകൾ വന്നുചേരാറ്. പ്രത്യേക പദ്ധതിയനുസരിച്ചു ഞാൻ കഥകൾ എഴുതിയിട്ടേ ഇല്ല. അതുകൊണ്ടു കൂടിയാകാം ദീർഘമായ ഇടവേളകൾ എന്റെ കഥയെഴുത്തുകൾക്കുണ്ട്.

പരക്കെ സ്വീകാര്യമായവയാണ് എന്റെ എഴുത്തുകൾ എന്ന മൂഢ ധാരണയൊന്നും എനിക്കില്ല. കഥയിലോ പഠനങ്ങളിലോ ഒന്നും തന്നെ ഒരു ജനപ്രിയ എഴുത്തുകാരിയല്ല ഞാൻ എന്ന് എനിക്കറിയാം.

പറയാൻ ഏറെ കഥകളുള്ള കഥകളായിട്ടാണ്​ ടീച്ചറുടെ കഥകൾ അനുഭവപ്പെട്ടിട്ടുള്ളത്. പുരുഷലോകം കെട്ടിപ്പൊക്കിയ മുൻവിധികളെ വെളിപ്പെടുത്താൻ ശേഷിയുള്ള സവിശേഷമായ ഒരു ഭാഷയിൽ അവ എഴുതപ്പെടുന്നു. അനേകം ജീവിതങ്ങൾ നയിച്ച സ്ത്രീകൾ ആ കഥകളിൽ നിറയുന്നു.ലൈംഗികത്തൊഴിലാളികളുടെ ജീവിതം പറഞ്ഞ മത്സ്യഗന്ധികൾ 2000 ത്തിലാണു വന്നത്. നളിനി ജമീലയുടെ ആത്മകഥ പുറത്തുവരുന്നതിന് അഞ്ചു വർഷം മുൻപ്. അതിലെ സൗഭാഗ്യയക്കനെയും സുൾഫത്തിനെയും മായിയേയും ഇപ്പോൾ ഓർക്കുകയാണ്. ‘എനിക്കെന്തേ സുൾഫത്ത് എന്നു പേരിട്ടത്' എന്ന സുൾഫത്തിന്റെ ചോദ്യം എഴുത്തുകാരിയുടെതന്നെ ഭാഷയിൽ പറഞ്ഞാൽ ‘മതേതരത്വത്തിനു വില'യുണ്ട് എന്നു കാണിച്ചുതരുന്നു. ഒരുപക്ഷേ ടീച്ചർ സൃഷ്ടിച്ച എല്ലാ കഥാപാത്രങ്ങളും കഥയിൽനിന്ന് ഇറങ്ങിവന്ന് എഴുത്തുകാരിയോടു ചോദിക്കാൻ സാദ്ധ്യതയുള്ള ഒരു ചോദ്യമായിരിക്കും അത്. പേരുകൾക്കെന്തു പ്രസക്തി എന്ന ഉത്തരമായിരിക്കുമോ പറയാനുള്ളത്. ഒരോ പെണ്ണും ഓരോ പെണ്ണായിരിക്കുമ്പോഴും സാർവ്വകാലികമെന്നൊക്കെ പറയാവുന്ന നിലയിൽ അവ സ്ത്രീവർഗ പ്രതിനിധാനങ്ങൾകൂടിയാണ്. പുരുഷൻ സ്ത്രീയുടെ എല്ലാത്തരം നന്മകളും ചൂഷണം ചെയ്യുന്നു. ക്രൂരയായ ഒരു സ്ത്രീയെ എങ്കിലും സങ്കല്പിക്കുവാൻ ഈ കഥകൾക്കു കഴിയാതിരുന്നത് എന്തുകൊണ്ടാവാം?

സ്ത്രീകളുമായിട്ടാണ്​ മിക്കവാറും എന്റെ സംവാദങ്ങൾ നടക്കാറ്. ഇണങ്ങിയും പിണങ്ങിയും അവരുമായിടപെട്ടു ഞാൻ നടത്തുന്ന യാത്രകളാണ് എന്റെ ഏതു എഴുത്തുമെന്ന് എനിക്കനുഭവപ്പെടുന്നു. ജീവിതത്തിലായാലും എഴുത്തിലായാലും ഞാൻ അഭിമുഖീകരിച്ച വിഷയം കർമ്മസ്ഥാനത്തു നിന്ന് കർതൃപദവിയിലേക്ക്​സ്ത്രീകളെ എങ്ങനെ സ്ഥാനപ്പെടുത്താമെന്നതാണ്. ആ താല്പര്യം തന്നെയാകാം കഥകളിലും ചിലപ്പോൾ ഇടപെടുക. അതിനാലാവും ചുരുക്കം ചില സ്ത്രീകൾക്കൊഴിച്ചു മറ്റാർക്കും പേരില്ലാതെ പോയത്. എന്റെ അന്വേഷണാത്മകമായ പഠനങ്ങളിൽ പേരും സ്ഥലവുമൊക്കെ ഉണ്ടായിരുന്നു. അവ കണ്ടെത്താൻ ആ ഘട്ടത്തിലെ ജീവിതം മിക്കവാറും മുഴുവനായി ഞാൻ മാറ്റിവെച്ചിരുന്നു. അത്തരം അന്വേഷണങ്ങളിലേക്കെത്തുന്നതോടെ കഥകൾ എഴുതാതായി. ഭാവനാത്മകവും സ്വപ്നാത്മകവുമായ എഴുത്തിന്റെ തലങ്ങൾ എന്നെ പൂർണമായും വെടിഞ്ഞു പോയി. അവയെ തിരിച്ചുപിടിക്കാൻ ഞാൻ സ്വയം നിർബന്ധിച്ചുമില്ല.

അരുൺ പറയുമ്പോഴാണ്​, ഞാൻ ശ്രദ്ധിക്കുന്നത് എന്റെ കഥകളിൽ ക്രൂരരായ സ്ത്രീകൾ ഇല്ലെന്ന്. അങ്ങനെ സ്ത്രീകളെ ക്രൂരരാക്കണ്ടെന്നു ഞാൻ നിശ്ചയിച്ചിരുന്നില്ല. അങ്ങനെയുള്ളവർ ഇല്ലെന്നുമല്ല. പക്ഷേ അത്തരക്കാർ എന്റെ കഥയെഴുത്തിലേക്കു കടന്നുവന്നില്ല. അതെന്തുകൊണ്ട് എന്ന് വിലയിരുത്താൻ എനിക്കു സത്യമായും കഴിയുന്നില്ലല്ലോ. എന്തായാലും ക്രൂരരായ സ്ത്രീകൾക്കു സാഹിത്യത്തിൽ കഥകളിൽ ഒരു കുറവുമുണ്ടാകാനിടയില്ല. വേണ്ടവർക്ക് ആവശ്യത്തിലേറെ പുരുഷന്മാർ എഴുതി ഉണ്ടാക്കിയിട്ടുണ്ടല്ലോ.

തീർച്ചയായും അത് അങ്ങനെതന്നെ. കഥയുടെ ഒരു മറുപുറത്തുനിന്നു എന്നേയുള്ളൂ. എല്ലാത്തരം കുറ്റങ്ങളും സമൂഹസൃഷ്ടികൂടിയാണല്ലോ. ടീച്ചറുടെ കഥകളിൽ കൂടുതൽ വായന ആവശ്യമായിത്തോന്നിയത് ആത്മഹത്യകൾ സ്വാഭാവികമരണത്തേക്കാൾ സ്വാഭാവികമാകുന്നത് എന്തുകൊണ്ട്? എന്ന കഥയാണ്. വളരെ സ്വാഭാവികമെന്നു പോസ്റ്റുമോർട്ടം ചെയ്യാവുന്ന അതിലെ മരണം അഥവാ ആത്മഹത്യ ഗുരുതര കുറ്റമായി കണ്ടെത്തപ്പെടുന്നു. കഥയിൽ രണ്ടുപേർക്കു മാത്രം അറിയാവുന്ന ഒരാത്മഹത്യയുടെ കാരണം പുറംലോകം അറിഞ്ഞാൽക്കൂടി അതു വളരെ സാധാരണമാണ്. അത്രമേൽ സ്വഭാവികമായ അസ്വഭാവികതകൾ തുറന്നുകാട്ടാൻ കഴിഞ്ഞ കഥ. ജീവിതത്തെ അടിമുടി മാറ്റി നിർവ്വചിക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്ന്. പൊള്ളിക്കുന്ന സ്വാഭാവികത എന്നു ഞാൻ പറയട്ടെ. ആ കഥ വേണ്ടത്ര വായിക്കപ്പെട്ടില്ലെങ്കിൽ അതിന്റെ കാരണങ്ങൾ അത്ര സ്വാഭാവികമെന്നു കരുതുവാനും വയ്യ. സമീപകാല കഥകളിലാകട്ടെ ഭാഷയും ആഖ്യാനവുമൊക്കെ മാറിവരുന്നു. പല കാലങ്ങളിൽ എഴുതിയ ഈ കഥകളുടെ ശീർഷകങ്ങൾ ലേഖനങ്ങളുടേതിനു സമാനമായി കാണപ്പെടുന്നത് എന്തുകൊണ്ടാകാം? പേനക്കത്തി, ഇന്ത്യൻ ദാമ്പത്യം, പാഠഭേദങ്ങൾ തുടങ്ങിയവ. എന്നാൽ ടീച്ചറുടെ കഥാബാഹ്യമായ പുസ്തകങ്ങളുടെ സ്ഥിതി അതല്ല. കണ്ണാടികൾ ഉടയ്ക്കുന്നതെന്തിന്, ദേവദൂതികൾ മാഞ്ഞുപോവത്, പേറ്റു നോവും ഈറ്റു പുണ്യവും, എഴുത്തമ്മമാർ ഇതിലൊക്കെ കാവ്യാത്മകമാണ്​ തലക്കെട്ടുകൾ. രസകരമാണ് ഈ അവ്യവസ്ഥ. അതുപോലെ വിചിത്രവും. കഥകൾ ബാലരമയിൽ എഴുതിത്തുടങ്ങിയ കാര്യം പറഞ്ഞല്ലോ. മുൻപു പറഞ്ഞ പഠനങ്ങളുടെ ശീർഷകങ്ങളിലല്ലാതെ എപ്പോഴെങ്കിലും കവിത എഴുതിയിരുന്നോ?

കഥയുടെയും പഠനത്തിന്റെയും ശീർഷകങ്ങൾ തമ്മിലുള്ള വ്യത്യാസം അരുണിന്റെ നിരീക്ഷണമാണ്. അത് അരുൺ പറയുമ്പോൾ ശരിയുമാണ്. വ്യവസ്ഥയെന്നത്​ഭൂമിയുടെ അച്ചുതണ്ടെന്നപോലെ സമൂഹ അബോധത്തിൽ ഉറച്ചുപോയ ഒരു സങ്കല്പമല്ലേ? എനിക്കങ്ങനെ തോന്നാറുണ്ട്. അതു കൊണ്ട് അവ്യവസ്ഥകൾ ചില സന്ദർഭങ്ങളിൽ വ്യവസ്ഥകളായും വ്യവസ്ഥകൾ അവ്യവസ്ഥകളായും മാറുന്നത് അസ്വാഭാവികമല്ല.

പിന്നെ കവിതയെഴുതിയോ എന്നാണെങ്കിൽ രസകരമായ ഒരനുഭവം പറയാനുണ്ട്. ഞാൻ ഡിഗ്രിക്കു പഠിക്കുന്ന സമയം. അന്നത്തെ കോളേജ് മാഗസിന്റെ സ്റ്റാഫ് എഡിറ്റർ ആറ്റൂർ രവിവർമ്മയായിരുന്നു. കൂട്ടത്തിൽ പറഞ്ഞോട്ടെ അദ്ദേഹത്തിന്റെ കവിതാ ക്ലാസുകൾ ഗംഭീരമായിരുന്നു. ഇപ്പോഴും ഞാൻ അനുഭവിക്കുന്ന രണ്ടു ക്ലാസുകളിൽ ഒന്നാണ് ആറ്റൂരിന്റെ കവിതാ ക്ലാസ്. മറ്റൊന്ന് വി. പി. ശിവകുമാറിന്റെ നോവൽ ക്ലാസും വെസ്റ്റേൺ തിയറി ക്ലാസുമാണ്. ആറ്റൂരിന്റേത്​കാവ്യാത്മകമായിരുന്നെങ്കിൽ ശിവകുമാറിന്റേത്​ കുത്തിത്തുളച്ചു കയറുന്ന നിശിതമായ ക്ലാസുകളായിരുന്നു. ഇവരുടെ ക്ലാസുകൾ എന്റെ ഭാഗ്യമായി ഞാൻ കാണുന്നു. പിന്നെയും ഒരുപാടു നല്ല ക്ലാസുകളിൽ ഞാൻ ഇരുന്നിട്ടുണ്ട് - പി. ഗംഗാധരൻ, സാറാ ജോസഫ്, ജി. വിലാസിനി, ഒ.കെ. ഗോപാലൻ ... ഇങ്ങനെ .

ഞാൻ പറഞ്ഞുവന്നത് മാഗസിന്റെ കാര്യമായിരുന്നല്ലോ. ആറ്റൂർ എന്നെ വിളിച്ച്​നിർബന്ധം പറഞ്ഞു; കോളേജ് മാസികയിലേക്ക് എന്തെങ്കിലും എഴുതിത്തരാൻ. കഥയാണ് ഉദ്ദേശിച്ചത്. ഞാൻ സമ്മതിച്ചു. കഥ പോലെ കൂടുതൽ എഴുതാനോ വിവരണാത്മകമാക്കാനോ കഴിയുന്നില്ല. ഒടുവിൽ മാഷുടെ നിർബന്ധം മാനിച്ച് കഷ്ടി ഒരു പേജിൽ എഴുതിയത് വളരെ വിഷമിച്ചു ഞാൻ കൊണ്ടുപോയിക്കൊടുത്തു. മാഷ് ഒന്നോടിച്ചു വായിച്ചു നോക്കിയിട്ടു പറഞ്ഞു; ‘കവിത നന്നായിട്ടുണ്ട്’. ഞാൻ വായും പൊളിച്ചു നിന്നുപോയി. കോളേജ് മാസികയിൽ കവിതയെന്ന് അത് അച്ചടിച്ചുവന്നു. അവസ്ഥ എന്നായിരുന്നു ശീർഷകം എന്നോർക്കുന്നു.ഖരം ദ്രാവകം വാതകം ഇതൊന്നുമല്ലാത്ത അവസ്ഥ
എന്നോ മറ്റോ ആയിരുന്നു തുടക്കം. അന്നത്തെ ഏറ്റവും വലിയ അനുഭവം അടിയന്തരാവസ്ഥ ആയിരുന്നുവല്ലോ. അതൊക്കെയായിരുന്നിരിക്കാം ചിന്തകളിൽ. അരുൺ ചോദിച്ചപ്പോൾ ഓർത്തെടുക്കാൻ ശ്രമിച്ചതാണ്. ആറ്റൂരിനും പവിത്രൻ മാഷിനും ഒപ്പമാണ്​ ഞാൻ. കൂടാതെ വേറെയും പേരുകൾ പറയാനുണ്ട്.

പ്രമുഖ കൂടിയാട്ട കലാകാരി ഡോ. ഇന്ദു ജി. ടീച്ചറുടെ അമ്മക്കല്ല് (ആദ്യം കഥയായി പുറത്തുവന്ന അമ്മക്കല്ല്) നങ്ങ്യാർകൂത്തായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. മഴവിൽപ്പാടങ്ങൾക്കുമപ്പുറം ഷോട്ട് ഫിലിം ആയി (ഞാൻ അതു കണ്ടിട്ടില്ല ). പല മനുഷ്യരിലും അനുരണനങ്ങൾ ഉണ്ടാക്കുവാൻ ഈ കൃതികൾക്കാകുന്നു. ഇത്തരത്തിലുള്ള സ്വീകാര്യതയാകുമോ അമ്മക്കല്ല് എന്ന നോവലിലേക്കുള്ള വഴി തുറന്നത്? ഇന്ത്യ കണ്ട ഏറ്റവും മനോഹരമായ മഹാഭാരതവായനകളിൽ ഒന്നാകും അമ്മക്കല്ല് എന്നാണ് എന്റെ തോന്നൽ. ഈ കൃതികളൊക്കെ യഥാർത്ഥ വായനക്കാരിൽ എത്തിയിട്ടുണ്ടോ എന്ന്​ സംശയമുണ്ട്.

മഴവിൽപ്പാടങ്ങൾക്കുമപ്പുറം ഷോർട്ട്​ ഫിലിമായതിൽ എനിക്കു സന്തോഷമുണ്ട്. അത് ആ കഥക്കു ലഭിച്ച അംഗീകാരമായിത്തന്നെയാണു ഞാൻ കാണുന്നത്. ഭാഷാപോഷിണിയിൽ നീണ്ട കഥയായി പ്രസിദ്ധീകരിച്ച അമ്മക്കല്ല് ഇന്ദുവിനെപ്പോലെ പ്രഗത്ഭയായ ഒരു കലാകാരി കൂടിയാട്ടവേദിയിൽ അവതരിപ്പിച്ചത്​ വലിയ ബഹുമതിയായാണു ഞാൻ കാണുന്നത്. എന്നാൽ പരക്കെ സ്വീകാര്യമായവയാണ് എന്റെ എഴുത്തുകൾ എന്ന മൂഢ ധാരണയൊന്നും എനിക്കില്ല. കഥയിലോ പഠനങ്ങളിലോ ഒന്നും തന്നെ ഒരു ജനപ്രിയ എഴുത്തുകാരിയല്ല ഞാൻ എന്ന് എനിക്കറിയാം.

ഡോ. ഇന്ദു ജി. അവതരണത്തിനിടെ
ഡോ. ഇന്ദു ജി. അവതരണത്തിനിടെ

മുൻ നിശ്ചയമനുസരിച്ചോ എന്തെങ്കിലും ബാഹ്യ പ്രേരണകൾക്കനുസരിച്ചോ അല്ല അമ്മക്കല്ല് നോവലായി വികസിച്ചത്. ഗാന്ധാരി എനിക്കു സ്വൈര്യം തരാതിരുന്നതുകൊണ്ടാണ് അമ്മക്കല്ല് വർഷങ്ങൾക്കു ശേഷം ഒരു ചെറിയ നോവലായി മാറിയത്. വർഷങ്ങളെടുത്തു - പ്രസന്ന ആര്യൻ അതിൽ മുഴുകി വരച്ച ചിത്രങ്ങൾ വലിയ സന്തോഷം തരുന്നുണ്ട്. അവർ അമ്മക്കല്ലിന് ഒരാൽബം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ലീലാവതി ടീച്ചറെപ്പോലെ ഗുരുതുല്യയായ വലിയൊരാൾ അതിനെ അംഗീകരിക്കുന്നു. നിങ്ങളെപ്പോലുള്ളവരുടെ തലമുറ അതു വായിച്ച് ഇഷ്ടം പറയുന്നു.

സ്പർശിച്ച ഒരുപാടു കഥകളെക്കുറിച്ചു ചോദിച്ചറിയണം എന്നുണ്ട്. അതിനിപ്പോൾ മുതിരുന്നില്ല. ടീച്ചറുടെ ഏതേലും കൃതികളെക്കുറിച്ചു പഠനങ്ങളോ നിരൂപണങ്ങളോ ഉണ്ടായിട്ടുണ്ടോ?

അമ്മക്കല്ലിന് ഉണ്ടായിട്ടുണ്ട്. സാറടീച്ചർ, ഖദീജ മുംതാസ്, കെ.ജി.എസ്, വി.വിജയകുമാർ, ആര്യാ ഗോപി, ശശിധരൻ (എസ്​.ബി.ഐ) എന്നിവർ. എന്നാൽ പുസ്തകക്കുറിപ്പുകളിൽപ്പോലും ഉൾക്കൊള്ളിക്കാൻ മാതൃഭൂമിപോലുള്ളവ തയ്യാറായിട്ടില്ല. തമസ്‌കരിക്കാൻ തീരുമാനിച്ചാൽ അതാണല്ലോ ബുദ്ധി. പിന്നെ പലപ്പോഴും പല വിചിത്ര നരേറ്റിവുകളും ഉണ്ടാക്കി പ്രചരിപ്പിക്കുക ഇത്തരക്കാരുടെ ഹോബിയുമാണ്.

അമ്മ- മകൻ ബന്ധം പോലെയോ അച്ഛൻ- മകൾ ബന്ധംപോലെയോ അമ്മ- മകൾ ബന്ധം പരിഗണിക്കപ്പെട്ടില്ല എന്നൊരു പ്രശ്‌നം ഫെമിനിസ്റ്റുകൾ ഉയർത്തിക്കൊണ്ടുവന്നല്ലോ. ടീച്ചറിന് ഇതിൽ പ്രത്യേകമായിത്തന്നെ ചിലതു പറയാനുണ്ടെന്നു തോന്നുന്നു. തന്തപെറ്റവളുമാര്, ദൈവത്തിന്റെ അമ്മ, അമ്മ, അമ്മയില്ലാതാവും കാലം, അമ്മക്കല്ല് തുടങ്ങിയവ ഓർക്കുന്നു. കഥയ്ക്കു പുറത്തും അമ്മ ടീച്ചറുടെ വലിയ പരിഗണനയിൽ ഒന്നായിരുന്നല്ലോ. അമ്മയുടെ ഭൗതികശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക്​ സംഭാവന ചെയ്ത വലിയൊരു മാതൃകയും ടീച്ചറിന്റേതായി ഉണ്ട്. ഒരിക്കൽ കൂടി ആ നാൾവഴികളിലൂടെ പിൻനടക്കാമോ?

1994 ൽ എന്റെ പി.എച്ച്.ഡി. പ്രബന്ധം പൂർത്തീകരിച്ചു. എന്റെ അറിവിൽ പെട്ടിടത്തോളം കവിതയുടെ സ്ത്രീപക്ഷ ഗവേഷണങ്ങളിൽ ആദ്യത്തേതായിരുന്നു അത്. ബാലാമണിയമ്മ, ഇടശ്ശേരി, സച്ചിദാനന്ദൻ, വിജയലക്ഷ്മി, സാവിത്രീ രാജീവൻ എന്നിവരെ മുൻനിർത്തി ആധുനിക മലയാള കവിതയിലെ സ്ത്രീപക്ഷ സമീപനങ്ങൾ എന്നതായിരുന്നു വിഷയം. പുറത്തുള്ള സിദ്ധാന്തങ്ങളെ ഉപയോഗിച്ചതോടൊപ്പം ഇന്ത്യൻ സംസ്‌കാരത്തിന്റെ സ്ത്രീ പരിചരണം എങ്ങനെയെന്നതിലാണ് എന്റെ അന്വേഷണം തുടങ്ങിയത്. വേദങ്ങളും ഉപനിഷത്തുക്കളുമായിരുന്നു ഞാൻ അതിന് ആശ്രയിച്ച ഉപാദാനങ്ങൾ. സ്ത്രീ പുരുഷ ബന്ധത്തിന്റെ ഘടന വിശകലനം ചെയ്തുകൊണ്ടാണ്​ ഞാൻ കവിതകളെ അഴിച്ചെടുക്കാൻ ശ്രമിച്ചത്. കഥകളോ നോവലോ പോലെ എളുപ്പമായിരുന്നില്ല കവിതകളിലേക്ക് ആ നിലക്കുള്ള പ്രവേശം. അങ്ങനെ കടന്നു ചെന്നപ്പോഴാകട്ടെ , അമ്മ- മകൾ ബന്ധം അവയിലൊക്കെ സംഘർഷഭരിതമായിരിക്കുന്നതാണ്​ കണ്ടത്. ബാലാമണിയമ്മയിൽ മാത്രമല്ല ഇടശ്ശേരിയിലും അതങ്ങനെയാണെന്ന്​ മനസ്സിലായി.

പി. പവിത്രന്റെ മാതാപിതാക്കൾ ടി.എച്ച്. കുഞ്ഞിരാമൻ നായർ, പി.പി. ദേവിയമ്മ (പുത്തലത്തമ്മ)
പി. പവിത്രന്റെ മാതാപിതാക്കൾ ടി.എച്ച്. കുഞ്ഞിരാമൻ നായർ, പി.പി. ദേവിയമ്മ (പുത്തലത്തമ്മ)

അമ്മയുടെ പാരമ്പര്യം വീണ്ടെടുക്കുകയെന്നത് എന്റെ അക്കാദമികമായ അന്വേഷണങ്ങളുടെ സുപ്രധാന ലക്ഷ്യമായിരുന്നു. അമ്മത്തത്തിന്റെ ആദർശവത്കരണം കാപട്യമാണെന്നതാണു യാഥാർത്ഥ്യം. പക്ഷേ ആൺകോയ്മക്ക് ഇതൊരിക്കലും അംഗീകരിക്കാനാകില്ലല്ലോ. അവർ പരിഷ്‌കരിക്കുകയാണെന്ന മട്ടിൽ പുതിയ ഉടുപ്പുകൾ ഇടുവിച്ച് പഴയ അമ്മമാരെയും ഭാര്യമാരെയും സമൂഹത്തിൽ ഉറപ്പിച്ചെടുക്കുകയായിരുന്നു. ഇതൊക്കെ കുടഞ്ഞെറിയുകയെന്നത് ഒരു പെണ്ണിന് അത്ര എളുപ്പമൊന്നുമല്ല.‘ജീവിതം തീതിന്നലമ്മക്കയ്യോ പാവം മകൾക്കൊരു മുൾക്കിരീടം'
എന്ന്​ വിവാഹ സമ്മാനത്തിൽ ഇടശ്ശേരി. കുടുംബത്തിലെ അധീനപ്രദേശങ്ങളാണ് അമ്മയും മകളും മരുമകളുമൊക്കെ. അവ തമ്മിൽ രമ്യതയിൽ ആയിരിക്കുകയെന്നത് അധീശന്റെ അധികാരത്തിന് അപകടകരമാണ്. അപ്പോൾ ആൺകോയ്മ അധീനപ്രദേശങ്ങളെ തമ്മിൽ കലഹിപ്പിച്ചു കൊണ്ട് അധിപതിയായ പുരുഷന്റെ അധികാരം ഉറപ്പിച്ചെടുക്കും. ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താൻ ശ്രമിച്ചതുപോലെ ഒരവസ്ഥ. അതുകൊണ്ട് ആൺകോയ്മാവാഴ്ചയുള്ള കുടുംബങ്ങളിൽ അമ്മ- മകൾ ബന്ധം സംഘർഷഭരിതമായിരിക്കും. പൂതപ്പാട്ടും കാവിലെ പാട്ടും മാതൃത്വത്തിന്റെ ഇതിഹാസങ്ങൾ എന്നു പുകഴ്​ത്തപ്പെട്ടതിന്റെ പശ്ചാത്തലം ഒന്നു തിരിച്ചിട്ടു നോക്കൂ. പൂതപ്പാട്ടിലെ ഉണ്ണി പെൺകുഞ്ഞായിരുന്നുവെങ്കിലോ? കാവിലെ പാട്ടിലെ കുമാരൻ ഒരു കുമാരി ആയിരുന്നെങ്കിലോ? അമ്മ- മകൻ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ആൺകോയ്മ മാതൃത്വത്തിന്റെ ആദർശവത്കരണം സാധിച്ചെടുത്തത് എന്നു കാണാം. ഗോർക്കിയുടെ ലോകപ്രസിദ്ധമായ അമ്മ വരെയുണ്ട് ഉദാഹരണങ്ങൾ.

എന്റെ അമ്മയ്ക്കും അച്ഛനും ഇടയിൽ അസാധാരണമായ ഒരടുപ്പമുണ്ടായിരുന്നു. പ്രണയിച്ചു വിവാഹിതരായവരായിരുന്നു അവർ. അന്നത്തെക്കാലമല്ലേ. ഏഴു വർഷം കാത്തിരുന്ന ശേഷമാണ് അമ്മയും അച്ഛനും കല്യാണം ചെയ്തത്.

എന്റെ അമ്മമാരിൽ പുത്തലത്ത് അമ്മയെക്കുറിച്ച് ആദ്യം പറയാം.
അത്രയധികം വടകരയിലെ വീട്ടിൽ പോയി നില്ക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല, ഇവിടെ അമ്മ ഒറ്റക്കായിപ്പോകുമെന്നതിനാൽ. എങ്കിലും എന്നെ കണ്ടുകിട്ടുന്ന സന്ദർഭങ്ങളിൽ പുത്തലത്ത് അമ്മ മനസ്സു തുറക്കാറുണ്ടായിരുന്നു. പതിനാലു വയസിലായിരുന്നുവത്രേ അമ്മയുടെ വിവാഹം. അച്ഛന്റെ വീട്ടിലേക്കു കുട ചൂടി വരുമ്പോൾ അമ്മ നല്ലപോലെ ചിരിച്ചിരുന്നുവെന്നും ‘ചിരിച്ചോണ്ടു കയറിവന്നു' എന്ന് അന്നെല്ലാരും പറഞ്ഞിരുന്നുവെന്നും ഒക്കെ പറയുമായിരുന്നു. അതെന്താ അമ്മക്ക് അത്രയേറെ സന്തോഷം തോന്നിയത് എന്നു ചോദിക്കുമ്പോൾ ചിരിച്ചോണ്ടു പറയും; ‘അന്നാണ് എനക്ക് ശ്രദ്ധ കിട്ടിയത് ' എന്ന്. അതെ എല്ലാവരും തന്നെ നോക്കുന്നതു കണ്ടു സന്തോഷിച്ച ആ പെൺകുട്ടിയെ ഞാൻ മനസ്സിലിന്നും കാണും. അമ്മയുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു. അക്ഷരാർഥത്തിൽ ചന്ദ്രമുഖിയായിരുന്നു അമ്മ. രണ്ടാം ക്ലാസിൽ കൂട്ടുകാർക്ക് കണക്കു പഠിപ്പിച്ചു കൊടുത്ത കാര്യമൊക്കെ പറയും. അമ്മക്കു പഠിക്കാൻ ഇഷ്ടമായിരുന്നു. എന്നാൽ അത്രയൊന്നും സാധിച്ചില്ല. താഴെയുള്ളവരെ നോക്കി, മക്കളെ നോക്കി, പേരക്കുട്ടികളെ നോക്കി മതിയാകാതെപോയ ഒരുവൾ. അച്ഛന്റെ എഴുത്തിനെയും പാട്ടിനെയും പറ്റി അമ്മ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്. അച്ഛന്റെ അവധൂത സ്വഭാവമുള്ള ജീവിതം ആ പെൺകുട്ടിയെ എങ്ങനെയാകും ബാധിച്ചിരിക്കുകയെന്നു ഞാൻ ആലോചിക്കാറുണ്ട്. രോഗബാധിതയായി മരിക്കുന്നതിന്റെ ഏതാനും നാൾ മുമ്പുവരെ അമ്മയുടെ മുഖത്ത് ആ പുഞ്ചിരി ഉണ്ടായിരുന്നു. മുഖം പൗർണമി ചന്ദ്രനാകുന്ന ചിരി.

ഗീതയുടെ അച്ഛൻ പി.സി. പരമേശ്വരൻ
ഗീതയുടെ അച്ഛൻ പി.സി. പരമേശ്വരൻ

എന്റെ അമ്മയുടേതു വലിയ കുടുംബമായിരുന്നു. വലിയതെന്നു പറഞ്ഞത്, കുറേയേറെ സഹോദരങ്ങൾ ഉള്ളത് എന്ന അർഥത്തിലാണ്. അവരോടൊക്കെ അമ്മക്കു വലിയ സ്‌നേഹവും പരിഗണനയുമായിരുന്നു. എന്തെല്ലാം കാര്യങ്ങളാണ് അവർ സംസാരിക്കുക. ഒരു വലിയലോകം അവരുടെ സംഭാഷണങ്ങളിൽ തുറന്നുവരുന്നതു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അവരൊത്തുകൂടുന്നത് ഒരു രസമായിരുന്നു. അമ്മയുടെ നേരേ മൂത്ത ജ്യേഷ്ഠത്തി കവിതയെഴുത്തിന്റെയും ചിത്രം വരയുടെയുമൊക്കെ ആശാത്തിയായിരുന്നു. ഒന്നും പ്രസിദ്ധീകരിച്ചൊന്നുമില്ല. നിമിഷകവിയെന്നൊക്കെ പറയാം. എന്തെങ്കിലും കണ്ടാൽ അപ്പോൾത്തന്നെ അതിനെപ്പറ്റി കവിത വരും. അതൊക്കെ ഞങ്ങൾക്കു അപ്പോൾത്തന്നെ ചൊല്ലിത്തരും. ഭർത്താവിന്റെ വീട്ടിൽ നിന്നെഴുതുന്ന കത്തുകൾ കവിതകളായിരിക്കും. വലിയൊരു സങ്കല്പ ലോകം. മറ്റുള്ളവർക്കു ഭ്രാന്ത് എന്നു കളിയാക്കാവുന്നത്. അംഗീകരിക്കപ്പെടാത്ത / പരസ്യപ്പെടാത്ത ഭാവനകൾ പെണ്ണിനു നല്കുന്ന വിശേഷണം ഭ്രാന്തി എന്നതാണ് എന്ന് ആ വലിയമ്മയുടെ ജീവിതമാണ് എന്നെ പഠിപ്പിച്ചത്.

അച്ഛന്റെ മരണക്കിടക്കയ്ക്ക് അരികിൽ ഇരുപത്തിരണ്ടു ദിവസവും അക്ഷരാർഥത്തിൽ കണ്ണിമ പൂട്ടാതെ അമ്മ കാവലിരുന്നു. എന്നെ ഒന്നു കണ്ണു തുറന്നു നോക്കാത്തതെന്ത് എന്ന് അമ്മ പലപ്പോഴും അച്ഛനോടു ചോദിച്ചു.

എന്റെ അമ്മയ്ക്കും അച്ഛനും ഇടയിൽ അസാധാരണമായ ഒരടുപ്പമുണ്ടായിരുന്നു. പ്രണയിച്ചു വിവാഹിതരായവരായിരുന്നു അവർ. അന്നത്തെക്കാലമല്ലേ. ഏഴു വർഷം കാത്തിരുന്ന ശേഷമാണ് അമ്മയും അച്ഛനും കല്യാണം ചെയ്തത്. അമ്മയുടെ ഒരമ്മാവൻ തന്നെ വെട്ടിയരിഞ്ഞു തെങ്ങിന്റെ ചോട്ടിലിടുമെന്നു പറഞ്ഞപ്പോൾ അടുക്കളയിൽ പോയി മടവാളെടുത്തു മൂപ്പരുടെ കൈയിൽ കൊടുത്തിട്ടു ദാ മടവാള്, വെട്ടിയിട്ടോളൂ എന്ന് അമ്മ പറഞ്ഞത്രേ. കുറേയേറെ ത്യാഗം സഹിച്ച് ഒന്നായവരായിരുന്നു. അച്ഛന്റെ കാലിനു പ്രശ്‌നമുണ്ടായിരുന്നു. ചിരട്ടയില്ല. വലിച്ചു വലിച്ചാണ് നടന്നിരുന്നത്. ‘നൊണ്ടിക്കാലൻ കാക്ക ' എന്ന് അച്ഛനെ അടുത്തുള്ളവർ പോലും വിളിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. പ്രതിസന്ധികൾ ഏതു തരത്തിലുള്ളതായാലും അമ്മ അച്ഛനെയും അച്ഛൻ അമ്മയെയും വിടാതെ ചേർത്തുപിടിച്ചു. 2000 ത്തിലാണ് അച്ഛൻ മരിക്കുന്നത്. അച്ഛന്റെ മരണക്കിടക്കയ്ക്ക് അരികിൽ ഇരുപത്തിരണ്ടു ദിവസവും അക്ഷരാർഥത്തിൽ കണ്ണിമ പൂട്ടാതെ അമ്മ കാവലിരുന്നു. എന്നെ ഒന്നു കണ്ണു തുറന്നു നോക്കാത്തതെന്ത് എന്ന് അമ്മ പലപ്പോഴും അച്ഛനോടു ചോദിച്ചു. അച്ഛൻ കോമയിലായിരുന്നു. പക്ഷേ എന്റെ അച്ഛാ വിളിക്ക്​ അച്ഛൻ പതിയെ പുഞ്ചിരിക്കുകയും കണ്ണു തുറക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ അച്ഛൻ ഞങ്ങളെ വിട്ടു പോവുകതന്നെ ചെയ്തു. ഒരു ദിവസംപോലും അച്ഛനെ പിരിഞ്ഞിരിക്കുവാൻ കഴിയാതിരുന്ന അമ്മ ഇതെങ്ങനെ താങ്ങുമെന്നു ഞാൻ ആശങ്കപ്പെട്ടു. അച്ഛൻ മരിച്ചു കിടക്കുമ്പോൾ ഞാൻ ചോദിച്ചു, അമ്മേ എന്തു വേണം എന്ന്. അച്ഛന്റെ ചിതക്ക് ഞാൻ തീ കൊളുത്തണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞു. ഞാനും അതായിരുന്നു അമ്മയോടു ചോദിച്ചത്. ആ വാക്കുകൾ ഉച്ചരിക്കാതെ അമ്മ എന്നെ അറിയുകയായിരുന്നു. പക്ഷേ എന്നു ഞാൻ പറഞ്ഞപ്പോൾ അമ്മ പറഞ്ഞു; ഒരു പക്ഷേയുമില്ല, അച്ഛന്റെ കാര്യം തീരുമാനിക്കാൻ നമ്മൾ രണ്ടാളുമാണ് അവകാശികൾ. അമ്മു ധൈര്യമായി പോകൂ എന്നമ്മ. പിന്നെ ഞാനാരെ പേടിക്കണം? അച്ഛന്റെ ശവമേറ്റാൻ ഞാൻ കൂടുകയും ചിതക്കു തീ കൊടുക്കുകയും ചെയ്തു. ചുറ്റുമുള്ള മുറുമുറുപ്പുകളെ ഞാൻ ശ്രദ്ധിച്ചില്ല. എന്റെ മകനെക്കൊണ്ടു ചെയ്യിക്കാമായിരുന്നു എന്നു ചിലർ പറഞ്ഞപ്പോൾ മക്കൾക്കതിനു പ്രായപൂർത്തിയായില്ലെന്നു ഞാൻ മറുപടി പറഞ്ഞു. ഇതൊന്നും ഒരു മാധ്യമത്തിലും ആഘോഷിക്കാനും എനിക്കു തോന്നിയില്ല.

അമ്മ പി.എസ്. പദ്മിനിയോടൊപ്പം
അമ്മ പി.എസ്. പദ്മിനിയോടൊപ്പം

ക്രമേണ അമ്മ അച്ഛനില്ലാത്ത എന്നിലേക്കു സംക്രമിക്കാനും ഒതുങ്ങാനും തുടങ്ങി. ഞങ്ങൾ തമ്മിലുള്ള ബന്ധം പൂർവ്വാധികം ദൃഢമായി. പവിത്രനും ഞാനും മക്കളും മാത്രമായി അമ്മയുടെ ലോകം. ഇതിനിടയിൽ എന്റെ യാത്രകൾ, അന്വേഷണങ്ങൾ, എഴുത്തുകൾ, ക്ലാസുകൾ... ഇങ്ങനെ ഞാൻ പൂർണമായും തിരക്കിലായി. യാത്രകൾ പലതും നട്ടപ്പാതിരക്കു തുടങ്ങുകയും നട്ടപ്പാതിരക്ക് അവസാനിക്കുകയും ചെയ്യുന്നവയായിരുന്നു. മിക്കവാറും ഒറ്റക്ക്. അമ്മ പലപ്പോഴും വല്ലാതെ പരിഭ്രമിച്ചു - എന്നെ വല്ലവരും വല്ലതും ചെയ്യുമോ, ആപത്തു വല്ലതും സംഭവിക്കുമോ എന്നൊക്കെ... അമ്മയോടു ഞാൻ ഇടപെടുന്ന പ്രശ്‌നങ്ങൾ തുറന്നു പറയാറുണ്ടായിരുന്നു. നേരത്തേ പറഞ്ഞതുപോലെ എവിടെ പോയാലും എത്ര ദൂരം പോയാലും ഞാൻ എവിടെയും തങ്ങാതെ വീട്ടിലേക്കു തിരിച്ചെത്തി. വീട്ടിലെത്തിയിട്ടേ ഞാൻ വിശ്രമിച്ചുള്ളൂ. ക്രമേണ അമ്മ എന്നോടൊപ്പം വന്നു തുടങ്ങി. അമ്മയുടെ സമയവും അദ്ധ്വാനവും എന്റെ എഴുത്തുകളുടെ വലിയൊരു പിൻബലമായിരുന്നു. കുറേ നാൾ ഞാൻ വായിക്കാതെയും എഴുതാതെയും ഇരിക്കുന്നതു കണ്ടാൽ എന്താ അമ്മൂ വായിക്കാത്തത്, എന്താ അമ്മൂ എഴുതാത്തത് എന്നമ്മ ചോദിക്കുമായിരുന്നു. ഒന്നും മറച്ചു പിടിക്കാതെ എല്ലാം തുറന്നു പറഞ്ഞതാണ്​ ഞങ്ങൾക്കിടയിലെ തീവ്ര സാഹോദര്യമായി വികസിച്ചത് എന്നു ഞാൻ വിചാരിക്കുന്നു. എന്റെ പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട് അമ്മക്ക് ആദ്യമുണ്ടായിരുന്ന പല പൊരുത്തക്കേടുകളും വിയോജിപ്പുകളും ഇല്ലാതാകാൻ ഈ തുറന്നുപറച്ചിൽ സഹായിച്ചിട്ടുണ്ട്.

കോയമ്പത്തൂർ അരവിന്ദിൽ വെച്ചായിരുന്നു അമ്മയുടെ തിമിരത്തിന്റെ ഓപ്പറേഷൻ . മകളും ഞാനുമായിരുന്നു കൂടെ. മോനും പവിത്രനും വീട്ടിലായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു, അമ്മയുടെ കണ്ണുകൾ മരണാനന്തരം ദാനം ചെയ്യണമെന്ന്. അങ്ങനെ ഞങ്ങൾ മൂന്നു പേരും മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാൻ എഴുതിക്കൊടുത്തു. പിന്നീട് അമ്മ എന്നെ ഏല്പിച്ചു, അമ്മ മരിച്ചു കഴിഞ്ഞാൽ ശവശരീരം കോഴിക്കോട് മെഡിക്കൽ കോളെജിലെ കുട്ടികൾക്കു പഠിക്കാൻ കൊടുക്കണമെന്ന്. 2018ൽ അമ്മ ഞങ്ങളെ വിട്ടു പോയി. അമ്മയുടെ ആഗ്രഹമനുസരിച്ച്​ കണ്ണുകൾ നല്കി. ‘അരവിന്ദി’ൽ എത്തിക്കാൻ സമയം പ്രശ്‌നമായിരുന്നു. പെരിന്തൽമണ്ണ അൽ സലാമ കണ്ണാശുപത്രിക്കാണവ നല്കിയത്. അമ്മയുടെ ശരീരം കോഴിക്കോട്​ മെഡിക്കൽ കോളേജിൽ ഏല്പിക്കുകയും ചെയ്തു. മകൾ എന്ന രീതിയിലുള്ള കടമയായിരുന്നു അതെന്ന്​ ഞാൻ കരുതുന്നു.

ജാതി, ജാതകം, പ്രായം എന്നീ പരമ്പരാഗത രീതികളെ മറികടന്ന് ഒന്നിച്ചു ജീവിക്കുന്ന സുഹൃത്തുക്കളാണ്​ ഞങ്ങൾ. ഞങ്ങൾ സ്വയം നിശ്ചയിച്ച സ്‌നേഹത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ജീവിക്കുന്ന ജീവിതം. ഇതിന്റെ അതിരുകൾ നിശ്ചയിക്കാൻ പുറത്തുള്ളവർ ആരാണ്?

ടീച്ചറുടെ കണ്ണു നിറയുന്നത് ഒരിക്കൽ കണ്ടിട്ടുണ്ട്. അന്ന് ഏതോ പത്രവാർത്ത വായിച്ചിട്ടുള്ള നില്പായിരുന്നു. മൈക്കിനു മുന്നിലെത്തിയാൽ ടീച്ചർ അങ്ങനെയല്ല. എത്ര വലിയ വി.ഐ.പിയോടും കൈചൂണ്ടി സംസാരിക്കും.ചെറുതെന്നു പലർക്കും തോന്നുന്ന പ്രശ്‌നങ്ങൾ ടീച്ചർക്കു വലിയ പ്രശ്‌നങ്ങളാണ്. പവിത്രൻ മാഷാകട്ടെ ശാന്തസ്വഭാവിയാണ്. ഇതെങ്ങനെ ചേർന്നുപോകുന്നു എന്ന് ഒരുപാടുപേർ അതിശയിച്ചു കണ്ടിട്ടുണ്ട്. വ്യത്യസ്താഭിപ്രായങ്ങൾ ഉള്ളവർക്കു ചേർന്നുപോകാൻ കഴിയില്ലെന്നുള്ള ഒരു മുൻവിധി അതിലുണ്ട്. ‘പാവം പവിത്രൻ മാഷ്’ എന്ന ഇമേജിനെ എങ്ങനെ കാണുന്നു? പാവത്തിന്റെ മറുപുറത്തോടു വേണമല്ലോ ചോദിക്കാൻ. ആരേലും അതിനു ധൈര്യപ്പെട്ടിട്ടുണ്ടോ?

ഈ ഒളിഞ്ഞുനോട്ടം സമീപകാലത്തുപോലും ഉണ്ടായി. പുതുതായി സർവീസിൽ പ്രവേശിച്ച ഒരു യൂനിവേഴ്‌സിറ്റി അധ്യാപിക ഈയ്യിടെ സംശയിച്ചതായി കേട്ടു; ഗീത ടീച്ചർ എന്ന വല്ലാത്ത സ്ത്രീയോടൊപ്പം പാവം പവിത്രൻ മാഷ് കഴിയുന്നതെങ്ങനെ എന്ന്. യൂനിവേഴ്‌സിറ്റി കോളേജ് അധ്യാപകരാണ് ഇക്കാര്യത്തിൽ മുമ്പിലെന്നു തോന്നുന്നു. എല്ലാവരുമല്ല, ചിലർ. ഞങ്ങൾ ഇതൊക്കെ പറഞ്ഞു ചിരിക്കാറുണ്ട്. ഇവരൊക്കെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ബുദ്ധിപരമായും സാമ്പത്തികമായും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ നിലക്കുന്നവരാണ് എന്നോർക്കണം. ഞങ്ങളെ രണ്ടാളെയും നേരിട്ടറിയുന്നവരും നേരിട്ടിടപെടുന്നവരുമായ ആർക്കും ഇങ്ങനെ പറയാൻ പറ്റില്ല എന്നെനിക്കുറപ്പുണ്ട്. പരമ്പരാഗതമായ ക്ഷുദ്ര മനസ്സോടെ പാത്തും പതുങ്ങിയും നടക്കുന്നവരും ഗൗരവമായ പണികളൊന്നും ചെയ്യാനില്ലാത്ത അസഹിഷ്ണുക്കളും ഉണ്ടാക്കിയെടുക്കുന്ന പാഠമാണിത്. മനസ്സമാധാനം കിട്ടുമെങ്കിൽ അതവർ പാടി നടന്നുകൊള്ളട്ടെ.

അമ്മയുടെ ഭൗതിക ശരീരം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് കെെമാറുന്നു
അമ്മയുടെ ഭൗതിക ശരീരം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് കെെമാറുന്നു

ജാതി, ജാതകം, പ്രായം എന്നീ പരമ്പരാഗത രീതികളെ മറികടന്ന് ഒന്നിച്ചു ജീവിക്കുന്ന സുഹൃത്തുക്കളാണ്​ ഞങ്ങൾ. ഞങ്ങൾ സ്വയം നിശ്ചയിച്ച സ്‌നേഹത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ജീവിക്കുന്ന ജീവിതമാണിത്. ഇതിന്റെ അതിരുകൾ നിശ്ചയിക്കാൻ പുറത്തുള്ളവർ ആരാണ്? അതവരെ എന്തിനു വിഷമിപ്പിക്കണം? ഞങ്ങളുടെ ഈ ജീവിതത്തിന്റെ മൂലധനം പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ്. പരസ്പരം അറിയാതെ ഞങ്ങൾ ഒന്നും ചെയ്യാറില്ല. ഒരാൾ ചെയ്യുന്നതു മറ്റേ ആൾ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യും. അങ്ങനെയാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. അങ്ങനെ കഴിയാതെ വരുന്നിടത്ത് ഒരുമിച്ചുള്ള ജീവിതമില്ലെന്നാണ് എന്റെ അഭിപ്രായം
‘പാവം' എന്നതുകൊണ്ട് അതു പറയുന്നവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായിട്ടില്ല. അപ്പോൾ സ്വയം തീരുമാനമെടുക്കാൻ കെല്പില്ലാത്ത ഒരാളായാണോ അവർ പവിത്രനെ കാണുന്നത്? നിവൃത്തികെട്ട് എന്തും സഹിക്കുന്ന വ്യക്തിത്വമില്ലാത്ത ആളായി മറ്റുള്ളവരെ വിധിക്കുന്നവർ മനുഷ്യരല്ല പിശാചുക്കളാണ് എന്നു ഞാൻ പറയും. കാരണം അത്തരക്കാർ എന്തും പറയും എന്തും ചെയ്യും. അവരെ മനുഷ്യർ കരുതിയിരിക്കണം.

വാർധയിലെ ആശ്രമത്തിൽ അച്ഛൻ കുറച്ചു കാലമുണ്ടായിരുന്നു. ഗാന്ധിജി കൊടുത്ത ഷാൾ ഇപ്പോഴും ഈ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. നെഹ്‌റു പെരിന്തൽമണ്ണ സ്‌കൂൾ ഗ്രൗണ്ടിൽ പ്രസംഗിച്ചപ്പോൾ അമ്മയെയും കൂട്ടി അച്ഛൻ അതു കാണാനും കേൾക്കാനും പോയി.

മറ്റൊരു രീതിയിൽക്കൂടി ഈ അഭിപ്രായത്തെ വിശകലനം ചെയ്യാമെന്നു തോന്നുന്നു. പൊതുജീവിതമുള്ള ഏതു സ്ത്രീയുടെ ഭർത്താവിനും സമൂഹം ഒരു രക്തസാക്ഷി പരിവേഷം നല്കും. ഭാര്യ, അമ്മ എന്നീ പരമ്പരാഗത മൂശകളിൽനിന്നു കുതറിച്ചാടുന്ന സ്ത്രീയായി ഇത്തരം സ്ത്രീകളെ കാണുന്നു. അപ്പോൾ ഇവൾ ചീത്തയാണ് എന്നാണു പൊതുബോധം. സ്വന്തമായി പ്രതികരിക്കുന്ന ഒരുവളെ സമചിത്തതയോടെ കേൾക്കാൻ തക്ക പക്വത കേരളീയസമൂഹം ആർജിച്ചിട്ടില്ല. അപ്പോൾ വീടടങ്ങാത്തവളെന്നു തോന്നിയവളെ അവർ പല തരത്തിൽ സാമൂഹ്യമായി ബഹിഷ്‌കരിക്കാൻ ശ്രമിക്കും. അതിനേറ്റവും നല്ലതു സദാചാരപരമായി ആക്രമിക്കുകയാണ്. ലൈംഗികാരോപണങ്ങൾ ആദ്യം ശ്രമിക്കും, അതു പോരാന്നു തോന്നിയാൽ കുടുംബത്തിൽ കേറിക്കളിക്കാൻ ശ്രമിക്കും. അത്തരം കളിക്കാരാണ് ‘പാവം' വിശേഷണവുമായി ഞങ്ങളുടെ ജീവിതത്തിനു പുറകെ ഏന്തി വലിഞ്ഞും ഒളിഞ്ഞു നോക്കിയും നടക്കുന്നത്. അല്പബുദ്ധികളാണ് പറഞ്ഞിട്ടു കാര്യമില്ല. മനസ്സിലാവില്ല.

അമ്മയെക്കുറിച്ച്​ ടീച്ചർ പറഞ്ഞപ്പോൾ അച്ഛനും കടന്നുവന്നുകൊണ്ടേയിരുന്നു. വലിയൊരു പൊതുജീവിത്തിന് ഉടമയായിരുന്നു അദ്ദേഹം. അല്ലേ?

സ്വാതന്ത്ര്യസമരക്കാലത്ത്​ ഖാദി ഹിന്ദി പ്രചാരക് ആയിരുന്നു.
പിന്നീട് അച്ഛനും സുഹൃത്തുക്കളായ കേശവൻ മാഷും രാമൻകുട്ടി നായരും ചേർന്ന് ഇ.എം.എസിനെ രഹസ്യവും സുരക്ഷിതവുമായി അങ്ങാടിപ്പുറത്തു പ്രസംഗിക്കാൻ കൊണ്ടുവന്നു. ആ സുഹൃത്തുക്കളെ ത്രിമൂർത്തികൾ എന്നു നാട്ടുകാരും വീട്ടുകാരും വിളിച്ചു. മരണംവരെ അവർ ആ സൗഹൃദം കാത്തുസൂക്ഷിച്ചു. മൂവരും ഇന്നില്ല. വാർധയിലെ ആശ്രമത്തിൽ അച്ഛൻ കുറച്ചു കാലമുണ്ടായിരുന്നു. ഗാന്ധിജി കൊടുത്ത ഷാൾ ഇപ്പോഴും ഈ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. നെഹ്‌റു പെരിന്തൽമണ്ണ സ്‌കൂൾ ഗ്രൗണ്ടിൽ പ്രസംഗിച്ചപ്പോൾ അമ്മയെയും കൂട്ടി അച്ഛൻ അതു കാണാനും കേൾക്കാനും പോയി.

ഗീത, പി. പവിത്രൻ
ഗീത, പി. പവിത്രൻ

സ്വാതന്ത്ര്യസമര പോരാളികളുടെ കൂട്ടത്തിൽ ഖാദി - ഹിന്ദി പ്രചാരക്കുകളെക്കൂടി ഉൾപ്പെടുത്തിയത്​ കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴായിരുന്നു. അന്ന് ഉമ്മൻചാണ്ടി ധനകാര്യ മന്ത്രി ആയിരുന്നു എന്നാണ് ഓർമ. അവർക്ക് 1000 രൂപ പെൻഷൻ അനുവദിച്ച്​ ഉത്തരവിറങ്ങിയപ്പോൾ അതച്ഛന് അപേക്ഷിക്കാവുന്നതാണെന്ന് ആരൊക്കെയോ പറഞ്ഞതനുസരിച്ച് അച്ഛൻ അതിനുള്ള അപേക്ഷ മലപ്പുറം കളക്ടറേറ്റിൽ എത്തിച്ചു. ഭരണമാറ്റം വന്ന് എൽ.ഡി.എഫ് അധികാരത്തിൽ വന്നതോടെ ഇത്തരമൊരു പെൻഷൻ അനാവശ്യവും അധികച്ചെലവുമാണെന്നു കണ്ടെത്തി അതവർ നിർത്തലാക്കി. 2000 ത്തിൽ അച്ഛൻ മരിച്ചു. അതിനുശേഷം വീണ്ടും ഭരണമാറ്റം വന്നു. ഈ പെൻഷൻ പുനഃസ്ഥാപിക്കുകയും അപേക്ഷകർക്ക് അതനുവദിക്കപ്പെടുകയും ചെയ്തതായുള്ള വാർത്ത പത്രത്തിൽ വന്നു. അപ്പോൾ ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. പക്ഷേ അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അച്ഛന്റെ പേരുണ്ടായിരുന്നില്ല. അമ്മക്കു വേവലാതി ആയി. മലപ്പുറം കലക്ടറേറ്റിൽ പോയി അന്വേഷിക്കണമെന്നായി. ഞാൻ അമ്മയെക്കൂട്ടി പോയപ്പോൾ സെക്ഷനിൽ നിന്നറിഞ്ഞത് അന്നുള്ള രേഖകളൊക്കെ കത്തിച്ചു എന്നാണ്. വീണ്ടും അപേക്ഷ നല്കാൻ അവർ പറഞ്ഞു. അപേക്ഷ വീണ്ടും നല്കി. അമ്മക്കു വേണ്ടി ഞാൻ മുഖ്യമന്ത്രിയെ നേരിട്ടു സമീപിച്ചു. വേണ്ടതു ചെയ്യാൻ അദ്ദേഹം ക്വറി ഇട്ടു. പല തവണ സെക്രട്ടറിയേറ്റിൽ ഇക്കാര്യത്തിനായി പവിത്രനും ഞാനും കയറിയിറങ്ങി. അവസാനം അറിയിപ്പുകിട്ടി. ആ പെൻഷൻ കിട്ടാൻ അച്ഛന് അർഹതയില്ലെന്ന് !

അതെന്തുകൊണ്ടെന്നറിയണമെന്ന് അമ്മക്കു നിർബന്ധമായിരുന്നു. നമുക്കിതവസാനിപ്പിക്കാം എന്നു ഞാൻ പറഞ്ഞപ്പോഴും അമ്മക്കുള്ള നിർബന്ധം എന്താണ് അച്ഛന്റെ അയോഗ്യത എന്നറിയണമെന്നതായിരുന്നു. വീണ്ടും മലപ്പുറം കളക്ടറേറ്റിനെ സമീപിച്ചു. അപേക്ഷ വീണ്ടും നല്കാൻ അവർ പറഞ്ഞു. ഈ ഫയലുകളോടെ അപേക്ഷ വീണ്ടും നല്കി. അപ്പോഴേക്ക് അഞ്ചു വർഷം കഴിഞ്ഞിരുന്നു. സ്വാഭാവികമായും ഭരണം മാറി. ഈ പെൻഷൻ അനുവദിക്കുന്നതു പതിവുപോലെ അവർ നിർത്തിവെച്ചു. വീണ്ടും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. പെൻഷൻ പുനഃസ്ഥാപിച്ചു. അമ്മയുടെ അപേക്ഷയുമായി ഞാൻ അദ്ദേഹത്തെ സമീപിച്ചു. വളരെ അനുഭാവത്തോടെ അദ്ദേഹം അതു സെക്ഷനിലേക്കു വിട്ടു. താഴെ സംവിധാനങ്ങൾ വില്ലേജ് ആപ്പീസു തൊട്ടു ചലിച്ചുതുടങ്ങി. അമ്മ രണ്ടാമതു വിവാഹം ചെയ്തിട്ടില്ലെന്ന സർട്ടിഫിക്കേറ്റ് പല തവണ നല്കി. വില്ലേജ് ഓഫീസർ അപേക്ഷ സത്യമാണെന്നു കണ്ടെത്തി കളക്ടറേറ്റിലേക്കയച്ചതായി അറിഞ്ഞു. അമ്മ വളരെ പ്രതീക്ഷയിലായിരുന്നു. അച്ഛനു വേണ്ടി എന്തോ ചെയ്തു കൊടുക്കുന്നതായി അമ്മ സന്തോഷിച്ചു. ഇത് 1000 രൂപയുടെ ഒരു പ്രശ്‌നമേ ആയിരുന്നില്ല അമ്മയ്ക്ക്. അതു വേണ്ടെന്നു വെക്കാവുന്നതാണ്. എത്രയോ പേർ അങ്ങനെ വേണ്ടെന്നു വെച്ചിരിക്കുന്നു. പക്ഷേ അച്ഛനു മാത്രമതു നൽകേണ്ടതില്ലെന്ന തീരുമാനത്തോടായിരുന്നു അമ്മ ഏറ്റുമുട്ടിയത്. ഒരാളെ ആ ആളുടെ സ്ഥല രാശിയിൽ പ്രതിഷ്ഠിക്കണമെന്നു നിശ്ചയിച്ച മറ്റൊരാളുടെ സമരമാണത്.
​ഒടുവിൽ ഔദ്യോഗിക അറിയിപ്പു കിട്ടി - ഈ പെൻഷൻ അനുവദിക്കാൻ സാധിക്കില്ലെന്ന്! അമ്മ ആകെ തകർന്നുപോയി. പക്ഷേ നിർത്താൻ തയ്യാറായില്ല. ദുർബലമായ നൊണ്ടിക്കാലും വലിച്ചു നാടുനീളെ ഹിന്ദി പ്രചാരണം നടത്തിയ അച്ഛനുള്ള അംഗീകാരമായിരുന്നു അത്. അങ്ങനെ വീണ്ടും അപേക്ഷ അയച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും ഞാൻ കണ്ടു. അപ്പോഴേക്കും സ്വാഭാവികമായും ഭരണം മാറി. ഈ പെൻഷൻ പുതുതായി അനുവദിക്കുന്നതു നിർത്തൽ ചെയ്തു. ഇതിനിടയിൽ 2018ൽ അമ്മയും അച്ഛന്റെ വഴിക്കു പോയി.
അച്ഛന്​ ഗാന്ധിജി നല്കിയ ആ ഷാളിനൊപ്പം പതിറ്റാണ്ടുകൾ നീണ്ട ആ ഫയൽ സമരത്തിന്റെ രേഖകളും ഞാൻ അച്ഛന്റെ പേരക്കുട്ടികൾക്കു വേണ്ടി സൂക്ഷിച്ചിട്ടുണ്ട്. എന്തിനെന്നോ, അവർ യഥാർത്ഥചരിത്രം പഠിക്കാൻ !

ഒറ്റപ്പെടുത്തൽ പരിഹാസം കുറ്റപ്പെടുത്തൽ എല്ലാം സ്വാഭാവിക പ്രതികരണങ്ങളായി ഞങ്ങൾ സ്വീകരിച്ചു. ഞങ്ങളുടെ ജീവിതം മക്കളെ പരിക്കേല്പിക്കാതിരിക്കാൻ അവരെ നെഞ്ചോടു ചേർത്തു പൊതിഞ്ഞുനിന്നു. അക്കാര്യത്തിൽ പവിത്രൻ എന്നേക്കാൾ ജാഗ്രതയുള്ളവനായിരുന്നു.

ടീച്ചറും പവിത്രൻ മാഷും വ്യവസ്ഥാപിതമായി വിവാഹിതരായവർ അല്ലായിരുന്നല്ലോ എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാനുള്ള തീരുമാനം ഉണ്ടായിരുന്നിട്ടും കൂടുതൽ കൂടുതൽ അടുത്തു. ഒരുമിച്ചുള്ള എഴുത്തും ഉണ്ടായിട്ടുണ്ട്. പരസ്പരമുള്ള ഈ കണ്ടുമുട്ടൽ എത്രത്തോളം പ്രധാനമായിരുന്നു?

ശരിയാണ്. വ്യവസ്ഥാപിത സങ്കല്പങ്ങളിലൂടെയോ മാർഗ്ഗങ്ങളിലൂടെയോ ഒരുമിച്ചിരിക്കുന്നവരല്ല ഞങ്ങൾ. പരസ്പരം ആശയവിനിമയം സാദ്ധ്യമല്ലാത്ത ഒരു ഘട്ടവും ഇതുവരെ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായില്ല. മതമോ ജാതിയോ കുടുംബങ്ങളോ നാട്ടു യുക്തികളോ അല്ല ഞങ്ങളെ ഇണക്കിച്ചേർത്തത്. നേരത്തെ പറഞ്ഞല്ലോ, സ്‌നേഹത്തിന്റെ മാത്രം അടിസ്ഥാനത്തിൽ തുടങ്ങിയ ജീവിതമാണ്. ഞങ്ങളുടെ മുമ്പിൽ ഇതിന് അത്ര കൂടുതൽ മുൻ മാതൃകകൾ ഉണ്ടായിരുന്നില്ല. ആലോചിച്ചാലറിയാം, പഴയ തലമുറയിൽപ്പെട്ട ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ഞങ്ങളുടെ ഒന്നിച്ചിരിക്കാനുള്ള തീരുമാനത്തിൽ തീർച്ചയായും ആടിയുലഞ്ഞിരിക്കും. പക്ഷേ അവർ പ്രത്യേകിച്ച്​ ഞങ്ങളുടെ അമ്മമാരും അച്ഛന്മാരും മണ്ണിൽ ആഴത്തിൽ വേരുകൾ ഉള്ളവരായതിനാൽ കടപുഴകി വീണില്ല. അവർ ഞങ്ങളെ ചേർത്തുപിടിച്ചു. ത്യാഗബുദ്ധി കൊണ്ടതു സാധിക്കില്ല. സ്‌നേഹംകൊണ്ടു മാത്രമേ സാധിക്കൂ. രണ്ടമ്മമാർക്കും തമ്മിൽ മരിക്കുന്നതുവരെ സൗഹാർദപരമായ സാഹോദര്യവും ഉണ്ടായിരുന്നു. അവർക്കു പരസ്പരം ആദരവു കലർന്ന സ്‌നേഹമായിരുന്നു. പുത്തലത്തെ അമ്മ ഇവിടുത്തെ അമ്മയോടു പല വിഷമങ്ങളും തുറന്നു സംസാരിക്കുമായിരുന്നു. പ്രാദേശിക ഭാഷാ വ്യത്യാസം മാത്രമായിരുന്നു അവർക്ക് ആശയവിനിമയത്തിനുള്ള തടസ്സം. പിന്നെ എല്ലായ്‌പ്പോഴും ഓടിയെത്താൻ പറ്റുന്ന ദൂരവുമായിരുന്നില്ല. പറഞ്ഞുവന്നത് ഞങ്ങളേക്കാൾ വലിയ മനുഷ്യരായിരുന്നു അവർ എന്നാണ്.
എങ്കിലും പുറം ലോകത്തുള്ള പലരുടെയും യുക്തികൾക്കു പുറത്തായിരുന്നു ഞങ്ങളുടെ ജീവിതം. അത് അവരുടെ കുറ്റം കൊണ്ടാവില്ല. ചില ശീലങ്ങൾ വിശ്വാസങ്ങൾ എല്ലാമായിരിക്കും പ്രശ്‌നം. ഞങ്ങൾ അതു മനസിലാക്കിത്തന്നെയാണു ജീവിച്ചത്. ഒറ്റപ്പെടുത്തൽ പരിഹാസം കുറ്റപ്പെടുത്തൽ എല്ലാം സ്വാഭാവിക പ്രതികരണങ്ങളായി ഞങ്ങൾ സ്വീകരിച്ചു. ഞങ്ങളുടെ ജീവിതം മക്കളെ പരിക്കേല്പിക്കാതിരിക്കാൻ അവരെ നെഞ്ചോടു ചേർത്തു പൊതിഞ്ഞുനിന്നു. അക്കാര്യത്തിൽ പവിത്രൻ എന്നേക്കാൾ ജാഗ്രതയുള്ളവനായിരുന്നു. എന്നിട്ടും ലോകമല്ലേ പല തരക്കാരല്ലേ ജീവിതമല്ലേ അവർക്കു പോറലുകളേറ്റു. അതവരെ കൂടുതൽ കരുത്തരാക്കട്ടേയെന്നാണു ഞങ്ങൾ ആഗ്രഹിക്കുന്നത്.

ഗീത കുടുംബത്തോടൊപ്പം
ഗീത കുടുംബത്തോടൊപ്പം

പ്രണയങ്ങൾ വ്യവസ്ഥാപിത വിവാഹത്തിൽ അവസാനിച്ചാൽ സമൂഹം ഒരു പക്ഷേ ഇത്ര വിരോധിക്കുമായിരുന്നില്ല. സ്ത്രീ പുരുഷ പ്രണയത്തെ, സൗഹൃദത്തെ ആസ്വദിച്ചു ജീവിക്കുകയെന്നത് ഈ സമൂഹത്തിൽ ഒരു സമരം തന്നെയാണ്. നിസ്സാര സമരമല്ല . എല്ലായ്‌പോഴും നമ്മൾ നിരീക്ഷിക്കപ്പെടണമെന്നും വിലക്കപ്പെടണമെന്നും കരുതുന്നപോലെ. നമ്മൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും. ബന്ധത്തിനിടയിൽ കയറി കളിക്കാൻ ശ്രമിക്കും. ഞങ്ങളുടെ കാര്യത്തിലും ഇതു നിരന്തരം സംഭവിച്ചിട്ടുണ്ട്. പവിത്രനെ ചൂണ്ടി എന്നെയും എന്നെ ചൂണ്ടി പവിത്രനെയും ഇകഴ്​ത്തും. ഇരുവരും ഒന്നിച്ചു ജീവിക്കാൻ അർഹരല്ലെന്ന്​ സദാ സമർത്ഥിച്ചുകൊണ്ടിരിക്കും. പവിത്രന്റെ കാലടി സർവകലാശാലാ നിയമനത്തിന്റെ കാര്യത്തിൽ ഞാനുമായുള്ള ബന്ധമാണ് അയോഗ്യതയായി രേഖപ്പെടുത്തി ഊമക്കത്തെഴുതി കേരളം മുഴുവൻ പ്രചരിപ്പിച്ചത്. ഈ കത്തു തയ്യാറാക്കിയത് പി.എച്ച്.ഡി യോഗ്യതയുള്ളവരും യൂനിവേഴ്‌സിറ്റി അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചവരും കിട്ടാത്തവരുമായിരുന്നല്ലോ. അത് അവരുടെ നിയമനത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കും? ഇത് 1998 ൽ അവസാനിക്കുന്നില്ല. പ്ലസ് ടു പാഠപുസ്തകത്തിൽ ചേർക്കാൻ പവിത്രന്റെ ലേഖനം ചോദിച്ചു വാങ്ങുകയും ഞാനാണ്​ ഭാര്യയെന്നതിനാൽ ആ ലേഖനം ചേർക്കാതിരിക്കുകയും ചെയ്ത സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ‘പാവം' വിശേഷണത്തിന്റെ കാര്യം തന്നെയാണിത്. വി. ടി യെയും എം.ആർ.ബിയെയും വിധവാ വിവാഹത്തെയും പഠിപ്പിക്കുന്ന നവോത്ഥാനനായകന്മാരാണിവർ! അവരാണ് ഉത്തരാധുനികരും! ‘വക്കു പൊട്ടിയ പാത്രങ്ങൾ ' എന്നു സ്വന്തം സുഹൃത്തിനെ വിശേഷിപ്പിക്കുന്ന ഇവരാണ് പുതിയ തലമുറയെ ഫെമിനിസം പഠിപ്പിക്കുന്നത്. ക്ലാസിൽ ഇരിക്കുന്ന പെൺകുട്ടികളിൽ എത്ര പേർ ‘കന്യക'മാരാണ് എന്നതാണ് ഇവരിൽ ചിലരുടെ പ്രശ്‌നം. അഹോ കഷ്ടം! ‘മണ്ടിപ്പെണ്ണേ ' എന്ന നസീറിയൻ കാലത്തെ മറികടക്കാനാവാതെ ഉത്തരാധുനികർ ആയവരാണിവർ. ഇതൊക്കെ ഒറ്റയൊറ്റയായി എടുത്താൽ നിസ്സാരമാണ്. എന്നാൽ ഇതുന്നയിക്കുന്ന മനോഭാവം അതീവ ആപത്കരമാണ്. സാമൂഹ്യവിരുദ്ധവുമാണ്. ഓരോരോ കാരണങ്ങൾ പറഞ്ഞു ഞങ്ങളെ സാമൂഹ്യവും സാംസ്‌കാരികവുമായി റദ്ദാക്കാനും അസാധുവാക്കാനുമുള്ള ആഗ്രഹം തന്നെയാണല്ലോ അത്. വാസ്തവത്തിൽ ഞങ്ങൾ ചെയ്ത തെറ്റെന്താണ് എന്ന് ആലോചിച്ചു നോക്കൂ. സ്വയം തിരഞ്ഞെടുത്ത ജീവിതം ജീവിക്കുന്നു. തെറ്റിദ്ധരിക്കേണ്ട. ഇതു പ്രണയവിവാഹത്തെ സംബന്ധിച്ച പ്രശ്‌നമേയല്ല. രണ്ടു തുല്യ വ്യക്തികളായി സ്ത്രീ പുരുഷന്മാരെ കാണാൻ കഴിയായ്കയാണ്. വ്യത്യസ്ത ജീവിതങ്ങൾ വിരുദ്ധമാകണം എന്നില്ലല്ലോ. സ്ത്രീ താഴെയല്ലെങ്കിൽ പുരുഷൻ താഴെയാണ് എന്ന മുൻ വിധിയാണ്. ഈ സാഡിസ്റ്റിക് ആക്രമണങ്ങളെ ഞാൻ വ്യക്തിപരമായല്ല കാണുന്നത്. പൊതുജീവിതമുള്ള സ്ത്രീയെ സങ്കല്പിക്കാൻ ഇന്നും കേരളീയപൊതുബോധം വികസിച്ചിട്ടില്ല. പ്രത്യേകിച്ചു കൂടെ ജീവിക്കുന്നവരിൽനിന്നു വേറിട്ട വഴിയേ സഞ്ചരിക്കുന്ന പൊതുജീവിതം. വേറിട്ട വഴി മലയാളിക്കു പിഴച്ച വഴികളാണ്. സ്ത്രീകളുടെ കാര്യത്തിൽ വിശേഷിച്ചും.

പ്രണയം വ്യക്തിയോടുള്ളതായിരിക്കുമ്പോൾത്തന്നെ അതിനു പ്രപഞ്ചത്തോളം വികസിക്കാനുള്ള കരുത്തുണ്ട്. വ്യക്തികളുമായി, സമൂഹവുമായി, പ്രപഞ്ചവുമായി, ജീവജാലങ്ങളുമായി, ചരാചരങ്ങളുമായി ഒക്കെയുള്ള ബന്ധങ്ങളിൽ അഴിച്ചുപണികൾക്കുള്ള ഊർജമായി ഞാനതിനെ അനുഭവിക്കുന്നുണ്ട്.

എല്ലാത്തരം മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹമായി ചുരുങ്ങിച്ചുരുങ്ങി വന്നുകൊണ്ടിരിക്കുകയാണല്ലോ നമ്മൾ. അതിന്റെ മറുവശത്തു ടീച്ചറുണ്ട്. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളും അഭിരുചിവ്യത്യാസങ്ങളും പ്രശ്‌നങ്ങളല്ല സാദ്ധ്യതകളാണെന്നു പറഞ്ഞുകൊണ്ട്. സ്‌നേഹത്തെ പുതുക്കി നിശ്ചയിക്കുന്ന ഈ യാത്ര സന്ധിയില്ലാതെ തുടരുന്നു. മക്കളും സ്വതന്ത്രമായ രാഷ്ട്രീയനിലപാടുകൾ ഉള്ളവരാണ് എന്ന് അറിയാം. അതിലേക്കു കടക്കുന്നില്ല. അവരുടെ ശരികൾ അവർതന്നെ സ്ഥാപിക്കട്ടെ. അവസാനമായി ഒരു ചോദ്യം. ഏറ്റെടുക്കണമെന്നു ടീച്ചർ ആഗ്രഹിക്കുന്ന പുതിയ കാര്യങ്ങൾ എന്തൊക്കെയാണ്? ഗവേഷണം, എഴുത്ത് എന്നിവയൊക്കെ എങ്ങനെ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്.

പറഞ്ഞതു ശരിയാണ്, സ്‌നേഹ വിശ്വാസങ്ങൾകൊണ്ടു മാത്രമാണ്​ നമുക്കു ജീവിതത്തെ പുതുക്കിപ്പണിയാനാവുക. ആ വഴിയിൽ പലർ പല മട്ടു സഞ്ചരിക്കുന്നുണ്ട്. പ്രണയം വ്യക്തിയോടുള്ളതായിരിക്കുമ്പോൾത്തന്നെ അതിനു പ്രപഞ്ചത്തോളം വികസിക്കാനുള്ള കരുത്തുണ്ട്. ലളിതാംബിക അന്തർജനം ശരിയായിരുന്നു, അതൊരു സ്വഭാവമാണ്. നിരാശകളും പിന്മടക്കങ്ങളും സാദ്ധ്യമല്ലാത്തത്. വ്യക്തികളുമായി, സമൂഹവുമായി, പ്രപഞ്ചവുമായി, ജീവജാലങ്ങളുമായി, ചരാചരങ്ങളുമായി ഒക്കെയുള്ള ബന്ധങ്ങളിൽ അഴിച്ചുപണികൾക്കുള്ള ഊർജമായി ഞാനതിനെ അനുഭവിക്കുന്നുണ്ട്. അനുനിമിഷം അതു നമ്മെ മാറ്റിക്കൊണ്ടിരിക്കും. സമരവഴികൾ സ്‌നേഹത്തിന്റേതും ക്ഷമയുടേതും സഹനത്തിന്റേതുമാണെന്ന് അതു നമ്മെ പഠിപ്പിക്കും. അവിടെ വിശ്വാസമുണ്ട്. ദൃഢനിശ്ചയമുണ്ട്. ഇച്ഛാശക്തിയുമുണ്ട്. തോറ്റാലും ജയിച്ചാലും ജീവിതത്തെ സുന്ദരമായി അനുഭവിക്കാൻ അതു നമ്മെ പ്രാപ്തരാക്കുമെന്നാണു ഞാൻ കരുതുന്നത്. കാരണം തോല്കുമ്പോൾ ജയിക്കുകയും ജയിക്കുമ്പോൾ തോല്കുകയും ചെയ്യുന്ന ഒന്നാണത്. ആണിനെ ആണു മാത്രവും പെണ്ണിനെ പെണ്ണു മാത്രവും അല്ലാതാക്കുന്നത്. മനുഷ്യരും ഇതര ജീവജാലങ്ങളും തമ്മിലുള്ള അന്തരത്തെ മറികടക്കുന്നത്. അതിനൊക്കെ എന്നെ പ്രാപ്തയാക്കുന്ന ശക്തിയെ ഞാൻ പ്രണയമെന്നറിയുന്നു. ഈശ്വരനിൽ വിശ്വാസിയെന്നപോലെ ഞാൻ അതിനാൽ ( മാത്രം) മെരുക്കപ്പെട്ടിരിക്കുന്നു. ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കട്ടെ ഈ ‘ഞാൻ' കേവല ഞാനല്ല. എന്റെ ഉല്പമാണ് ഞാൻ തേടിക്കൊണ്ടേ ഇരിക്കുന്നത്. ആ അന്വേഷണം ഗവേഷണമായും എഴുത്തായും തുടരണമെന്നു തന്നെയാണു മോഹം. ഏതു ഴാനർ എന്നതു മുൻകൂട്ടി നിശ്ചയിക്കുന്നേയില്ല. എന്തായാലും ‘കട്ട് ആൻറ്​ പേസ്റ്റ് ' വഴിയിൽ അല്ല എന്നു മാത്രം. ഇംഗ്ലീഷിൽ എഴുതി കിട്ടുന്നവ മാത്രമല്ലല്ലോ ആശയങ്ങൾ അഥവാ സിദ്ധാന്തങ്ങൾ. ലോകത്താരും എന്നാൽ എവിടെയും പറയാത്തത് എന്നല്ല. ആർക്കും എവിടെയും പറയാവുന്നതു നമുക്കും ആകാലോ ല്ലേ? ഇവിടെയുള്ള പ്രയോഗങ്ങൾ നമുക്കു നമ്മുടേതായ ആശയങ്ങളിൽ ക്രോഡീകരിച്ചുകൂടെ? അതാണ് അന്വേഷിക്കുന്നത്. സ്വന്തം വിലാസം. ▮


ഗീത

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

ഒ. അരുൺകുമാർ

ചങ്ങനാശ്ശേരി എൻ.എസ്​.എസ്​. കോ​​ളേജിൽ അധ്യാപകൻ. പടയണി കലാകാരൻ, പൊയറ്റ്​ പെർഫോർമർ.

Comments