ഗീത നസീർ

പാർട്ടി സെക്രട്ടറി, സംസ്ഥാനത്തും ദേശീയതലത്തിലും
സ്ത്രീയാകുന്ന ദിവസം; സംഭവിക്കും

ഭാര്യയും ഭർത്താവും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ ജീവിക്കാൻ പണം എങ്ങനെ കണ്ടെത്തും എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്​. സ്വഭാവികമായും ഭാര്യ തൊഴിൽ സ്വീകരിക്കുകയും ഭർത്താവ് രാഷ്ട്രീയപ്രവർത്തനം നടത്തുകയുമാണ് സംഭവിക്കുക. എന്റെ അനുഭവവും വ്യത്യസ്തമല്ലായിരുന്നു.

ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത എല്ലാ വ്യവഹാരവും പോലെ ഒന്നായിരുന്നു രാഷ്ട്രീയ ജീവിതവും എന്നതുകൊണ്ട്, രാഷ്ട്രീയജീവിതാനുഭവങ്ങൾ അടയാളപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ആറര പതിറ്റാണ്ടുകാലത്തെ ജീവിതത്തിനിടയിൽ അര നൂറ്റാണ്ടോളം രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളിൽ ജീവിച്ച ഒരു സ്ത്രീക്ക് പലതും പറയാനുണ്ടെന്നതുകൊണ്ട് എഴുതുകയാണ്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും പാർട്ടിയും നിറഞ്ഞുനിന്ന കുടുംബാന്തരീക്ഷത്തിൽനിന്ന് ഒരാൾ രാഷ്ട്രീയതാൽപര്യങ്ങൾ പ്രകടിപ്പിക്കുന്നതും പ്രവർത്തനങ്ങളിലേർപ്പെടുന്നതും പുതുമയുള്ള കാര്യമല്ല. എന്നാൽ, അതുകൊണ്ടുമാത്രം ഒരാൾ അങ്ങനെ ആകണെന്നും നിർബന്ധമില്ല. പക്ഷെ, എന്നെ അതൊക്കെ കുഞ്ഞുനാളിലേ സ്വാധീനിച്ചിരുന്നു എന്നത് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്.

എൻ.ഇ. ബാലറാം, അച്​ഛൻ എന്ന അതിഥി

അച്ഛൻ എൻ.ഇ. ബാലറാം കുടുംബത്തിലെ ഒരതിഥിയായാണ് ബാല്യകാലത്ത് ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നത്. അച്ഛന്റെ നാടായ പിണറായിയിൽ പാറപ്പുറത്ത് 1939ൽ സി.പി.ഐ രൂപീകരിക്കുമ്പോൾ അതിലേക്ക് നാടിനെ നയിച്ച നിരവധിയായ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും പ്രവർത്തനങ്ങളും പിന്നീട് വിജയം കണ്ട നാളിലാണ് ഞാനൊക്കെ ജനിക്കുന്നത്. ഒളിവിലും ജയിലിലുമൊക്കെയായി അതുവരെ ജീവിച്ച അച്ഛനും സഖാക്കളും 1957ഓടെ ജനാധിപത്യഭരണക്രമത്തിന്റെ ഭാഗമായി. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ് ഏഴുമാസം കഴിഞ്ഞപ്പോഴാണ് ഞാൻ ജനിച്ചത്. 1957നുശേഷമുള്ള സി.പി.ഐയുടെ ചരിത്രനാൾവഴികളിൽ പലതിനും സാക്ഷിയായും പങ്കാളിയായും പിന്നീട് ഈ നിമിഷം വരെ ഞാനുണ്ട്.

എൻ.ഇ. ബാലറാം / ഫോട്ടോ : പുനലൂർ രാജൻ

തീവ്രമായ രാഷ്ട്രീയചർച്ചകൾ കൊണ്ട് മുഖരിതമാകുന്ന ഗൃഹാന്തരീക്ഷം- അതായിരുന്നു ബാല്യകാലം. സഖാക്കൾ പലരും വന്നുപോകും. ചിലർ തങ്ങും. അവരൊക്കെ ഞങ്ങൾക്ക് കുടുംബാംഗങ്ങളായിരുന്നു. ചൈനീസ് ആക്രമണ കാലത്ത് അച്ഛൻ തിരുവനന്തപുരം ജയിലിൽ തടവുകാരനാക്കപ്പെട്ടു. അച്ഛന്റെ വരവും കാത്ത് ഞങ്ങൾ കുട്ടികൾ ഉറങ്ങാതിരുന്ന രാത്രികളുണ്ട്. ചൈനയുമായുള്ള പ്രശ്‌നമൊന്ന് തീർന്നെങ്കിൽ എന്നാണ് ആലോചിച്ചിരുന്നത്. വൈകാതെ അതിർത്തിയിൽ യുദ്ധം തീർന്നു. ‘ഇന്ത്യ- ചൈന ഭായ് ഭായ്’ മുദ്രാവാക്യം വിളിച്ച്​ ഒരു ഒന്നാം ക്ലാസുകാരി കതിരൂരിലെ പൊന്ന്യം കക്കറ റോഡുവഴി പ്രകടനം നടത്തിയതാണ് ആദ്യത്തെ രാഷ്ട്രീയ പ്രവർത്തനം. അച്ഛൻ ജയിൽ വിമുക്തനാകുമല്ലോ എന്ന ബോധം നയിച്ച ആവേശപ്രകടനം.

സി.പി.ഐയിലെ പിളർപ്പാണ് ജീവിതത്തിൽ ആദ്യത്തെ ദുരന്തം വിതറുന്നത്. ഒരുമിച്ച് മർദ്ദനവും ത്യാഗവുമൊക്കെ സഹിച്ച് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തവരിൽ ചിലർ പെട്ടെന്ന് വഴിപിരിയുന്നു, 1964ൽ. വഴിപിരിയുക മാത്രമല്ല, ബദ്ധശത്രുക്കളായി കൊലവിളി നടത്തുന്നു.

പിളർപ്പ്​ എന്ന ദുരന്തം

വടക്കൻ പാട്ടിലെ കതിരൂർ ഗുരുക്കളുടെ നാട്ടിൽ കളരി പഠിത്തവും അമ്പലക്കുളത്തിലെ നീന്തിക്കുളിയും മരം കയറ്റവും കൃഷിയും വയൽയാത്രകളൊക്കെയുമായി സജീവമായ കുട്ടിക്കാലത്ത് സി.പി.ഐയിലെ പിളർപ്പാണ് ജീവിതത്തിൽ ആദ്യത്തെ ദുരന്തം വിതറുന്നത്. ഒരുമിച്ച് മർദ്ദനവും ത്യാഗവുമൊക്കെ സഹിച്ച് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തവരിൽ ചിലർ പെട്ടെന്ന് വഴിപിരിയുന്നു, 1964ൽ. വഴിപിരിയുക മാത്രമല്ല, ബദ്ധശത്രുക്കളായി കൊലവിളി നടത്തുന്നു. അമ്പരന്നുപോയ ബാല്യം. എ.കെ.ജി മാമനും സുശീലേടത്തിയും എ.വി. കുഞ്ഞമ്പുവുമൊക്കെ അകന്നുപോയി. കുഞ്ഞുടുപ്പിനുള്ള ഭംഗിയുള്ള പൂക്കൾ പതിച്ച തുണിയുമായി ഇനി അവരാരും വരില്ല. ആ നോവ് അവിടുത്തെ നിരവധി കുടുംബങ്ങളിലുണ്ടാക്കിയ മുറിവുകൾ കാലമേറെ കഴിഞ്ഞിട്ടും ഉണങ്ങിയില്ല എന്ന തിരിച്ചറിവ് ഇന്നും ഉണ്ടാകുമ്പോൾ അതൊരു നാടിനുണ്ടാക്കിയ തകർച്ച എന്തായിരിക്കും എന്നൂഹിക്കാമേല്ലാ.

സുശീല ​ഗോപാലൻ, എ.കെ.ജി, മാധവ പണിക്കർ, പി.വി. രാമവാര്യർ / Photo : keralaculture.org

എന്നിട്ടും, 1967ൽ സി.പി.ഐയും സി.പി.ഐ- എമ്മും അടുക്കാൻ ശ്രമം നടത്തി. പക്ഷെ, ഏച്ചുകെട്ടിയാൽ മുഴച്ചുനിൽക്കും എന്ന നാടൻചൊല്ല് അന്വർഥമാക്കി ആ മുന്നണി 1969ൽ തകർന്നു. പിളർപ്പുമുതൽ തുടങ്ങിയ ജനാധിപത്യപരമല്ലാത്ത സി.പി.ഐ- എം ശൈലിയെ ഏറ്റവുമധികം ന്യായീകരിച്ചെഴുതിയത് ഇ.എം.എസ് ആണെങ്കിൽ അതിനെ തുറന്നുകാണിച്ച് കൊമ്പുകോർത്തത് അച്ഛനും. ഒരുവിധത്തിലും ഒത്തുപോകില്ലെന്ന തിരിച്ചറിവിൽനിന്നാണ് സപ്തമുന്നണി ആശയം സി.പി.ഐ ആർജിക്കുന്നത്.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാനുൾപ്പെടുന്ന സ്ത്രീകൾക്ക് പൊതുബോധങ്ങളെ മാറ്റിമറിക്കാനോ ഇടപെട്ടുകൊണ്ട് തിരുത്തിക്കാനോ കഴിഞ്ഞില്ല എന്ന് തുറന്ന് പറയേണ്ടതുണ്ട്.

തിരുവനന്തപുരത്തേക്ക്​, വിദ്യാർഥി രാഷ്​ട്രീയത്തിലേക്ക്​

1957 മുതൽ ജനങ്ങൾക്ക് നൽകിയ പല വാഗ്ദാനങ്ങളും നടപ്പിലാക്കാൻ പൊതു മിനിമം പരിപാടി അവതരിപ്പിച്ച്​, അതിനോട് യോജിക്കുന്നവരെ ചേർത്ത് ഒരു മുന്നണിക്ക് സി.പി.ഐ നേതൃത്വം നൽകി. ആ മന്ത്രിസഭ ഒരു വർഷം തികയ്ക്കുന്നതിനുമുമ്പ് തെരഞ്ഞെടുപ്പ് വന്നു. തുടർന്നുവന്ന സപ്തകക്ഷിമുന്നണി അധികാരം നേടിയെടുത്തു. അതോടെയാണ് എന്റെ രാഷ്ട്രീയചിന്തകൾക്ക് പുതിയ തലങ്ങളുണ്ടാകുന്നത്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായ 1970ലെ മന്ത്രിസഭയിൽ വ്യവസായ വകുപ്പുമന്ത്രിയായി അച്ഛൻ നിയമിതനായതോടെ ജനിച്ചുവളർന്ന മണ്ണിൽനിന്ന് ഞങ്ങൾ മാറ്റിനടപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള ചുവടുമാറ്റം മറ്റൊരു മാനസിക പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അച്ഛനോടൊപ്പം കഴിയാമെന്ന മോഹം അവയെയെല്ലാം നിഷ്​പ്രഭമാക്കി. കഷ്ടിച്ച് ഒരു കൊല്ലം മാത്രം നീണ്ട മന്ത്രിപ്പണി കഴിഞ്ഞതോടെ അച്ഛനെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.

എൻ.ഇ. ബാലറാം, സി. അച്യുതമേനോൻ

കവടിയാർ ഹൗസ് എന്ന മന്ത്രിമന്ദിരത്തിൽനിന്ന് താൽക്കാലിക താമസം പാർട്ടി സ്‌കൂൾ കൂടിയായ തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിലെ ഓടിട്ട കെട്ടിടത്തിലേക്ക് മാറി. ഇന്നവിടെ ആ കെട്ടിടമില്ല. അത് ഇടിച്ചുനിരത്തപ്പെട്ടു. അതിലാണ് ഐ.ഐ.എസ്.എഫ്- എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസും പ്രവർത്തിച്ചിരുന്നത്. അന്നത്തെ വൈ.എഫ് നേതാക്കളായ കണിയാപുരം രാമചന്ദ്രൻ, സി.കെ. ചന്ദ്രപ്പൻ, ആന്റണി തോമസ് എന്നിവർ താമസിച്ചിരുന്നതും ആ കെട്ടിടത്തിലെ ഒരു മുറിയിലാണ്. കതിരൂർ ഗവൺമെൻറ്​ സ്‌കൂളിൽനിന്ന് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലാണ് ചേർന്നത്. കല, ക്ലബ് പ്രവർത്തനത്തോടൊപ്പം എ.ഐ.എസ്.എഫ് പ്രവർത്തനവും ഇവിടെനിന്നാണ് പരസ്യമായി ആരംഭിക്കുന്നത്. എസ്.എഫ്- വൈ.എഫ് പ്രവർത്തകർ വീട്ടിലെ സ്ഥിരം സന്ദർശകർ. അവരുമായുള്ള ആശയസംവാദവും സഹകരണവും ക്രമേണ ശക്തിപ്പെട്ടതോടെ എസ്.എഫിന്റെ സജീവപ്രവർത്തകയായി. തുടർന്ന് തിരുവനന്തപുരം വിമൻസ് കോളേജിൽ എസ്.എഫിന്റെ ബാനറിൽ മത്സരിച്ച് കൗൺസിലറായി വിജയിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ പ്രവർത്തനവും നഗരത്തിലെ മറ്റ് സാംസ്‌കാരിക സംഘടനാ പ്രവർത്തനങ്ങളുമൊക്കെയായി സജീവമായതോടെയാണ് എ.ഐ.എസ്.എഫ് സംസ്ഥാന ജോയിൻറ്​ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

വിദ്യാർഥി രാഷ്ട്രീയത്തിന്റെ മൂല്യവും ശക്തിയും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് അക്കാലത്ത് നടന്നിരുന്നത്.

വിദ്യാർഥി രാഷ്ട്രീയത്തിന്റെ മൂല്യവും ശക്തിയും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് അക്കാലത്ത് നടന്നിരുന്നത്. കെ.എസ്.യു, എസ്.എഫ്.ഐ, പി.എസ്.യു തുടങ്ങി നിരവധി സംഘടനകൾക്ക് ജനാധിപത്യപരമായി പ്രവർത്തിക്കാനുള്ള ഇടം കാമ്പസുകളിലുണ്ട്. ക്രിയാത്മകമായ പല പ്രവർത്തനശൈലിക്കും തുടക്കമിട്ടതും എസ്.എഫ് കാലത്താണ്. സാർവദേശീയ സംഭവവികാസങ്ങളിൽ ഐക്യപ്പെടുക, ആശയാടിത്തറക്കുള്ള പാർട്ടി ക്ലാസുകൾ നടത്തുക, കലാ- സാഹിത്യ- സാംസ്‌കാരിക- കായിക വിഷയങ്ങളിൽ ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങി ദിശാബോധമുള്ള തലമറുയെ വാർത്തെടുക്കാൻ ശ്രമം നടത്തിയിരുന്നു. സംഘർഷങ്ങൾ തീർച്ചയായും ഉണ്ടായിട്ടുണ്ട്. എന്നാൽ, ആരോഗ്യകരമായ സൗഹൃദം വിദ്യാർഥി സംഘടനാ നേതൃത്വങ്ങൾക്കുള്ളതുകൊണ്ടുതന്നെ വിദ്യാർഥിസംഘടനാ പ്രവർത്തനമേഖലയിലും ആ സംസ്‌കാരം നിലനിന്നു. ഇന്ന് പ്ലസ്ടു ആയി മാറിയ പ്രീ ഡിഗ്രിക്കാലം കൂടി ചേർത്താൽ ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേഷൻ അടക്കം ഏഴുവർഷം വരെ നീണ്ട കാമ്പസ് കാലം വലിയ വികാസസാധ്യതകളാണ് അന്ന് നൽകിയിരുന്നത്.

സ്ത്രീകൾക്ക് പൊതുപ്രവർത്തനം നടത്താനുള്ള ജനാധിപത്യപരമായ ഇടങ്ങൾ കുടുംബങ്ങളിൽ സ്ഥാപിക്കാൻ കഴിയാതെ പോയതുകൊണ്ട് പല പിൻവാങ്ങലുകളും സംഭവിച്ചിട്ടുണ്ട്.

ഓരത്തേക്കുമാറ്റപ്പെട്ട സ്​ത്രീകൾ

ഇന്നത്തെപ്പോലുള്ള ശക്തമായ ലിംഗാവബോധം വിദ്യാർഥി ജീവിതകാലത്ത് സമൂഹത്തിലുണ്ടായിരുന്നില്ല. വ്യക്തിത്വമുള്ള സ്ത്രീകളുണ്ടായിരുന്നു. അത്തരം സ്ത്രീകളെ അവതരിപ്പിക്കുന്ന കലയെയും സാഹിത്യത്തെയുമൊക്കെ സ്‌നേഹിക്കാനും ആരാധിക്കാനും പലരും തയാറായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാനുൾപ്പെടുന്ന സ്ത്രീകൾക്ക് പൊതുബോധങ്ങളെ മാറ്റിമറിക്കാനോ ഇടപെട്ടുകൊണ്ട് തിരുത്തിക്കാനോ കഴിഞ്ഞില്ല എന്ന് തുറന്ന് പറയേണ്ടതുണ്ട്. രാഷ്ട്രീയാധികാരകേന്ദ്രങ്ങൾ പുരുഷമേധാവിത്തത്തിന്റെ ഉൽപാദന കേന്ദ്രങ്ങളായി ഇന്ന് ശക്തിപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അതുകൊണ്ടുതന്നെ ഞങ്ങളെപ്പോലുള്ള അന്നത്തെയും അതിനുമുമ്പുള്ള പുരോഗമനപ്രസ്ഥാനങ്ങളിലെ സ്ത്രീകൾക്കും കൂടിയുണ്ട്.

വിദ്യാർഥി- യുവജന രാഷ്ട്രീയത്തിൽ സജീവമായി നിന്ന പല പെൺകുട്ടികളും യുവതികളും പിന്നീട് പ്രസ്ഥാനങ്ങളുടെ ഓരത്തേക്കോ താരമമ്യേന മുഖ്യമല്ലാത്ത മേഖലകളിലേക്കോ വഴുതിവീണുപോയിട്ടുണ്ട്. സംഘടനാപാടവമോ രാഷ്ട്രീയ വിദ്യാഭ്യാസമോ ഇല്ലാത്തതുകൊണ്ടല്ല അത് സംഭവിച്ചത് എന്ന് എടുത്തുപറയേണ്ടതുണ്ട്. പ്രണയവും വിവാഹവും പൊതുജീവിതവുമൊക്കെ ഇത്തരത്തിൽ ഒരു പരിശോധനക്ക് വിധേയമാക്കുമ്പോൾ ഈ യാഥാർഥ്യം വിഷമകരമെങ്കിലും സമ്മതിക്കേണ്ടതായി വരും. അതിന് ധാരാളം അടരുകൾ വേറെയുമുണ്ട്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളിലെ കുടുംബങ്ങൾ നിർണയിക്കപ്പെട്ടിരിക്കുന്നത് ഏതുതരത്തിലാണ് എന്നതാണ് പ്രധാന ചോദ്യം. സ്ത്രീകൾക്ക് പൊതുപ്രവർത്തനം നടത്താനുള്ള ജനാധിപത്യപരമായ ഇടങ്ങൾ കുടുംബങ്ങളിൽ സ്ഥാപിക്കാൻ കഴിയാതെ പോയതുകൊണ്ട് പല പിൻവാങ്ങലുകളും സംഭവിച്ചിട്ടുണ്ട്. തൊഴിലെടുക്കുന്ന സ്ത്രീകൾ ചുമക്കുന്ന ഇരട്ടി ജോലിഭാരം ചർച്ച ചെയ്യപ്പെടുന്നിടത്ത് സ്ത്രീകളുടെ രാഷ്ട്രീയ പ്രവർത്തനസാധ്യതകൾ കൂടി പരിശോധിക്കപ്പെടണം.

വിദ്യാർഥി രാഷ്ട്രീയ ജീവിതകാലം അവസാനിക്കുന്നതിനുമുമ്പുതന്നെ സഹപ്രവർത്തകനായ സഖാവ് നസീറുമായി വിവാഹം നടന്നു. ജാതിയോ മതമോ മറ്റ് പരിഗണനകളോ ഇല്ലാത്ത, രാഷ്ട്രീയ കുടുംബാന്തരീക്ഷം മനുഷ്യനായി ജീവിക്കാൻ പഠിപ്പിച്ചതുകൊണ്ട് വിവാഹജീവിതത്തിൽ പറയത്തക്ക പ്രതിസന്ധികളൊന്നും നേരിടേണ്ടിവന്നില്ല. സാമ്പത്തിക പ്രതിസന്ധിയൊഴിച്ചാൽ. മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനം എന്ന രീതി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന് ഇന്ന് അഭിപ്രായമുണ്ട്. ഭാര്യയും ഭർത്താവും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ ജീവിക്കാൻ പണം എങ്ങനെ കണ്ടെത്തും എന്നുകൂടി ചിന്തിക്കേണ്ടത് അനിവാര്യമാകുന്നതിവിടെയാണ്. സ്വഭാവികമായും ഭാര്യ തൊഴിൽ സ്വീകരിക്കുകയും ഭർത്താവ് രാഷ്ട്രീയപ്രവർത്തനം നടത്തുകയുമാണ് സംഭവിക്കുന്നത്. എന്റെ അനുഭവവും വ്യത്യസ്തമല്ലായിരുന്നു. അക്കാലത്ത് സജീവമായി വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന പല പെൺകുട്ടികളുടെയും അനുഭവവും ഇതുതന്നെ. അതിനേക്കാൾ, മുമ്പ് മർദ്ദനമേറ്റുവാങ്ങുകയും പുരുഷനോടൊപ്പം പോരാട്ടഭൂമികയിൽ തീക്ഷ്ണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്​ത സ്ത്രീകൾക്കും അനുഭവമിതായിരുന്നു എന്നറിയുമ്പോഴാണ് രാഷ്ട്രീയത്തിലെ ലിംഗാവബോധമില്ലായ്മ നമ്മെ അമ്പരപ്പിക്കുക. ഇന്ന് അറിഞ്ഞോ അറിയാതെയോ സ്ത്രീകൾക്കെതിരെ അപമാനകരമായ പ്രയോഗങ്ങളും പ്രവൃത്തികളും പുരോഗമനപ്രവർത്തകരിൽനിന്നുണ്ടാകുമ്പോൾ അതിന്റെ വേരുകൾ വളരെ ആഴത്തിലാണെന്ന് നാം തിരിച്ചറിയുകയാണ്.

രാഷ്ട്രീയം ഇന്നും പുരുഷൻ സംവിധാനം ചെയ്യുന്ന ഒന്നാണ്. വനിത സംവരണം എന്ന ആവശ്യം ഉന്നയിക്കുമ്പോൾതന്നെ ഒരു സംവരണവുമില്ലാതെ മികച്ച സംഘടനാ പാർലമെന്ററി പ്രവർത്തനം നടത്താൻ ശേഷിയും വിവരവുമുള്ള സ്ത്രീകൾ ഈ പ്രസ്ഥാനത്തോടൊപ്പം നടക്കുകയല്ലേ?

സംഘടനയും കുടുംബവും

വിവാഹശേഷം സാംസ്‌കാരികരംഗത്തും പത്രപ്രവർത്തനരംഗത്തുമായുള്ള പ്രവർത്തങ്ങളിലൂടെ സി.പി.ഐ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞു എന്നേ പറയാനാകൂ. രാഷ്ട്രീയം ഇന്നും പുരുഷൻ സംവിധാനം ചെയ്യുന്ന ഒന്നാണ്. വനിത സംവരണം എന്ന ആവശ്യം ഉന്നയിക്കുമ്പോൾതന്നെ ഒരു സംവരണവുമില്ലാതെ മികച്ച സംഘടനാ പാർലമെന്ററി പ്രവർത്തനം നടത്താൻ ശേഷിയും വിവരവുമുള്ള സ്ത്രീകൾ ഈ പ്രസ്ഥാനത്തോടൊപ്പം നടക്കുകയല്ലേ? ഗൗരിയമ്മ ഒഴിച്ചാൽ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന വേദികളിൽ നമുക്ക് സ്ത്രീകൾ ഇന്ന് നാമമാത്രമാകുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങൾ ഇന്നും ഗൗരവകരമായി സമീപിക്കാൻ ആരും തയാറാകുന്നില്ല.

ഗീതയും ഭർത്താവ്​ നസീറും മകനും

മാർക്‌സിസം എന്നത് ഒരു പാക്കേജാണ്. വർഗപോരാട്ടങ്ങളോടൊപ്പം ചൂഷണം നേരിടുന്ന സ്ത്രീയും പ്രകൃതിയുമുണ്ടെന്ന കാൾ മാർക്‌സിന്റെയും ഏംഗൽസിന്റെയും പ്രത്യയശാസ്ത്രദൃഢത ഏറ്റെടുക്കാൻ ആ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾക്ക് കഴിയണം. മൂലധനം (ദാസ് ക്യാപിറ്റൽ), കുടുബം, സ്വകാര്യസ്വത്ത്, ഭരണകൂടം (ദി ഒറിജിൻ ഓഫ് ഫാമിലി, പ്രൈവറ്റ് പ്രോപ്പർട്ടി ആൻറ്​ ദ സ്‌റ്റേറ്റ്), പ്രകൃതിയുടെ പ്രത്യയശാസ്ത്രം (ഡയലറ്റിക്‌സ് ഓഫ് നേച്ചർ) എന്നിവയാണ് ചൂഷണത്തിനെതിരെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർത്തിക്കാട്ടുന്ന പ്രത്യയശാസ്ത്രഗ്രന്ഥങ്ങൾ. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ചൂഷണം ഇല്ലാതാക്കാൻ ‘മൂലധനം' സ്വീകരിച്ചപ്പോൾ മറ്റു രണ്ടു തത്വസംഹിതകളും നമ്മൾ നെഞ്ചേറ്റിയില്ല.

അപ്രതീക്ഷിതമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുരംഗത്ത് എത്തിപ്പെട്ടത് ജീവിതത്തിലെ മറ്റൊരു നിയോഗം. വിവാഹശേഷം ഏറ്റവുമധികം പ്രവർത്തിച്ച വർക്കലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിൽ ജില്ലാ പഞ്ചായത്തിലേക്ക്​വിജയിപ്പിച്ചപ്പോൾ അതും ഒരു തിരിച്ചറിവായി.

ഡിഗ്രി കഴിഞ്ഞ സമയത്താണ് ജനയുഗം പത്രത്തിന്റെ ഡസ്‌കിൽ സബ് എഡിറ്റർ ട്രെയിനിയായി ചേരുന്നത്. കൊല്ലത്തെ ജീവിതം പത്രപ്രവർത്തനത്തിന് പുതിയ മാനങ്ങൾ നലകി. വിവാഹത്തോടെ ഭർത്താവിന്റെ വീടായ ഇടവയിൽനിന്ന് ട്രെയിനിലായി കൊല്ലത്തേക്കുള്ള യാത്ര. ലേഡീസ് കമ്പാർട്ടുമെന്റിൽ സ്ത്രീജീവിതത്തിന്റെ പല മുഖങ്ങൾ കണ്ടു. ബോഗിയിൽ പച്ചക്കറി അരിയുന്നവരും വർക്ക്ഷീറ്റ് എഴുതുന്നവരും കുട്ടികളുടെ ഉത്തരക്കടലാസ് നോക്കുന്നവരുമൊക്കെ പങ്കുവച്ച ജീവിതത്തിന്റെ വിവിധ മുഖങ്ങൾ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. ട്രെയിനിന്റെ ഏറ്റവും പിന്നിലായാണ് ലേഡീസ് കമ്പാർട്ടുമെൻറ്​. സ്‌റ്റേഷനിൽ കമ്പാർട്ടുമെൻറ്​ എത്തുന്നത് പലപ്പോഴും പ്ലാറ്റ്‌ഫോമില്ലാത്ത സ്ഥലത്തായിരിക്കും. ആ ഭാഗങ്ങളിൽ വെളിച്ചം ഉണ്ടാകാറില്ല. ചിലപ്പോൾ പുരുഷന്മാർ അതിക്രമിച്ചുകയറും. ഒട്ടും സുരക്ഷിതമല്ലാത്ത യാത്രക്ക് പരിഹാരം കാണാൻ യാത്രക്കാരായ സ്ത്രീകൾ ഒപ്പിട്ട നിവേദനം അന്ന് ഉന്നതങ്ങളിലേക്ക് നൽകുകയും ചില സ്ത്രീസംഘടനകളും മറ്റുമായി പ്രതിഷേധം നടത്തുകയുമൊക്കെ ചെയ്തശേഷം നിരന്തര ശ്രമഫലമായി കമ്പാർട്ടുമെൻറ്​ ട്രെയിനിന്റെ നടുവിലാക്കി കിട്ടി.

Photo : Shafeeq Thamarassery

ജനയുഗം, സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് പ്രസിദ്ധീകരണം നിലച്ചതോടെ തൊഴിലും വരുമാനവും നിലച്ചു. പിന്നീട് കുറച്ചുകാലം ഇടവക്കാരുടെ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിൽ ജോലി ചെയ്തു. വൈകാതെ കൈരളി ചാനലിലെത്തി വീണ്ടും മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി. ‘പെൺമലയാളം' എന്ന വനിതാ പരിപാടിയുമായി നാലുവർഷത്തോളം അവിടെ തുടർന്നു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലും മറ്റും ജോലി ചെയ്യുന്നതിനിടെയാണ് വീണ്ടും ജനയുഗത്തിലെത്തുന്നത്. ഒടുവിൽ ഡപ്യൂട്ടി കോ ഓർഡിനേറ്റിംഗ് എഡിറ്ററായി വിരമിച്ചു. ഒരു പത്രത്തിൽ എഡിറ്റോറിയൽ അടക്കം കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച അപൂർവത കൂടി പാർട്ടിപത്രം എനിക്കുനൽകി. വനിതകൾ മാർച്ച് എട്ടിന് വനിതാദിനത്തിൽ അവരുടെ പൂർണ ഉത്തരവാദിത്തത്തിൽ പത്രം ഇറക്കിയ അഭിമാന മുഹൂർത്തം മറക്കാനാകില്ല. ‘സ്ത്രീയുഗം' എന്ന പേരിൽ വനിതാപേജ് ആരംഭിക്കാൻ കഴിഞ്ഞതടക്കം നിരവധി ഓർമകൾ അതുമായി ബന്ധപ്പെട്ടുണ്ട്.

രാഷ്ട്രീയ വിശുദ്ധിയും മാനവികതയും ലിംഗാവബോധവും ഉൾച്ചേരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയപാതയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടി ഒരുങ്ങേണ്ടതുണ്ട്. ആ സ്വപ്‌നവുമായാണ് ഇന്നും സി.പി.ഐ പ്രവർത്തകയായി തുടരുന്നത്.

ഇതിനിടയിൽ, രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകി. കുടുംബവും സി.പി.ഐ യുടെ സാംസ്‌കാരികസംഘടനയായ യുവകലാസാഹിതിയുടെ പ്രവർത്തനവുമൊക്കെയായി കഴിയുമ്പോഴും ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി നിൽക്കുകയും ചെയ്തു. പാർട്ടി കാമ്പയിനുകളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവമായി നിലകൊണ്ടു.
അച്ഛൻ 1994ൽ വിട പറഞ്ഞു, 2006ൽ ഭർത്താവും. പിന്നീടുള്ള ജീവിതത്തിൽ പത്രപ്രവർത്തനത്തിനും സാംസ്‌കാരിക പ്രവർത്തനത്തിനും സ്ത്രീകൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്കുമാണ് മുൻഗണന നൽകിയത്. തിരുവനന്തപുരത്തെ സ്ത്രീകൂട്ടായ്മയും വനിതാമാധ്യമപ്രവർത്തക സംഘടനയായ എൻ.ഡബ്ല്യു.എം.ഐയും വനിതാ കലാസാഹിതിയും ആ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും വേദികളുമായി. ജനയുഗത്തിൽനിന്ന് വിരമിച്ചശേഷമാണ് അച്ഛനെക്കുറിച്ചുള്ള പുസ്തകം, ‘ബാലറാം എന്ന മനുഷ്യൻ' എഴുതുന്നത്. രാഷ്ട്രീയ തിരിച്ചറിവുകളുടെ അടയാളമായി കൂടിയാണ് ആ പുസ്തകമെഴുതുന്നത്.

ഒരു രാഷ്​ട്രീയപ്രവർത്തകയുടെ സ്വപ്​നങ്ങൾ

അപ്രതീക്ഷിതമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുരംഗത്ത് എത്തിപ്പെട്ടത് ജീവിതത്തിലെ മറ്റൊരു നിയോഗം. വിവാഹശേഷം ഏറ്റവുമധികം പ്രവർത്തിച്ച വർക്കലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിൽ ജില്ലാ പഞ്ചായത്തിലേക്ക്​വിജയിപ്പിച്ചപ്പോൾ അതും ഒരു തിരിച്ചറിവായി. നസീർ സഖാവും അദ്ദേഹത്തിന്റെ പിതാവ് ടി.എ. മജീദും പ്രവർത്തിച്ച മേഖലയിൽ അവർ പ്രസരിപ്പിച്ച മൂല്യരാഷ്ട്രീയത്തിനുള്ള അംഗീകാരം കൂടിയായിരുന്നു എന്റെ വിജയം.
രാഷ്ട്രീയ വിശുദ്ധിയും മാനവികതയും ലിംഗാവബോധവും ഉൾച്ചേരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയപാതയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടി ഒരുങ്ങേണ്ടതുണ്ട്. ആ സ്വപ്‌നവുമായാണ് ഇന്നും സി.പി.ഐ പ്രവർത്തകയായി തുടരുന്നത്.

ഗീത നസീർ

പങ്കെടുത്ത പോരാട്ടങ്ങളും ഏറ്റെടുത്ത ദൗത്യങ്ങളും വൃഥാവിലാവാതിരിക്കാൻ ആ സ്വപ്‌നം പൂവണിയേണ്ടതുണ്ട്. പാർട്ടിയുടെ തീരുമാനമെടുക്കുന്ന ബോഡികളിൽ പകുതി സ്ത്രീകളാകുന്ന ദിവസം, നിയമനിർമാണ സഭകളിൽ പകുതി സ്ത്രീകളാകുന്ന ദിവസം, ആ തലത്തിലേക്ക് ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീസമൂഹത്തെ കൈപിടിച്ചുയർത്താനുള്ള രാഷ്ട്രീയ ഔന്നത്യം സംഭവിക്കുക തന്നെ വേണം. പാർട്ടി സെക്രട്ടറി സംസ്ഥാനത്തും ദേശീയതലത്തിലും സ്ത്രീയാകുന്ന ദിവസം -സംഭവിക്കും.
വർഗീയതയും മതമൗലികവാദവും ശക്തിപ്രാപിക്കുന്ന രാജ്യത്ത് സ്ത്രശാക്തീകരണത്തിന് ഏറെ പ്രാധാന്യമുണ്ട്. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇരുണ്ട കാലത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാതിരിക്കാൻ സ്ത്രീരാഷ്ട്രീയ പ്രബുദ്ധത ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. അത് പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ കടമയാണ്. മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രബോധമെന്നും മാനവികതയെന്നും നമുക്കതിനെ വിളിക്കാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഗീത നസീർ

സി.പി.ഐയുടെ വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതത്തിൽ സജീവമായി. പരിസ്ഥിതി- സാംസ്‌കാരിക മേഖലകളിലും മാധ്യമരംഗത്തും പ്രവർത്തിച്ചു. ജനയുഗം പത്രത്തിന്റെ ഡപ്യൂട്ടി കോ ഓർഡിനേറ്റിംഗ് എഡിറ്ററായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമാണ്. ബാലറാം എന്ന മനുഷ്യൻ എന്ന പുസ്തകമെഴുതിയിട്ടുണ്ട്.

Comments