വ്യവസ്ഥയെ വൃത്തിയാക്കുന്ന പരിശുദ്ധകളാണ് വനിതാഅംഗങ്ങൾ എന്ന തെറ്റിദ്ധാരണ ഇന്ന് അസ്ഥാനത്താണ്

സ്ത്രീകളുടെ പ്രാതിനിധ്യത്തെപ്പറ്റിയുള്ള ചർച്ച തന്നെ അപ്രസക്തമായ സ്ഥിതിക്ക് താഴെ നിന്ന്​ മുകളിലേക്ക്​ അവർക്ക് കയറ്റമുണ്ടാകുന്നതിനുതകുന്ന ഘടനാപരമായ മാറ്റങ്ങളെപ്പറ്റിയുള്ള ചോദ്യം തന്നെ ചോദിക്കാൻ കഴിയാതെ വരുന്നു-സാമൂഹ്യ ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ജെ. ദേവിക സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

ജെ. ദേവിക: ഈ കാലയളവിൽ സ്ത്രീകളുടെ സാന്നിദ്ധ്യം തദ്ദേശഭരണത്തിൽ കൂടി എന്നതു നിസ്തർക്കമാണ്. എന്നാൽ, ജനാധിപത്യവത്ക്കരണം ഇടതുരാഷ്ട്രീയത്തിന്റെ പോലും ലക്ഷ്യമല്ലാതായിത്തീർന്നത് ഇക്കാലത്താണ്. മാത്രമല്ല അധികാര വികേന്ദ്രീകൃത പരീക്ഷണം പൗരധർമ്മങ്ങളെക്കാളധികം സംസ്ഥാനസർക്കാരിന്റെ പദ്ധതി നിർവ്വഹണത്തിനു വേണ്ട യന്ത്രമായി അധഃപതിക്കുകയും ചെയ്ത കാലം കൂടിയായിരുന്നു ഇതെന്ന് മറന്നുകൂടാ. ഇതിലുപരിയായി നഗരവത്ക്കരണം അതിവേഗത്തിലായ കാലം കൂടിയായിരുന്നു ഇത്. തദ്ദേശഭരണത്തിന്റെ സ്വഭാവം തന്നെ നഗരപശ്ചാത്തലത്തിൽ മാറുന്നു - മുതലാളിത്തശക്തികൾക്കും അധികാരവടംവലി രാഷ്ട്രീയത്തിനും കൂടുതൽ സ്വാധീനമുള്ളത് നഗരപശ്ചാത്തലത്തിലാണ്.

തദ്ദേശഭരണ വ്യവസ്ഥയിലൂടെ അധികാരത്തിലെത്തിയ സ്ത്രീകളെയും ഈ വീഴ്ചകൾ ബാധിച്ചിരിക്കുന്നു - അങ്ങനെയല്ലാതെയാകാൻ വഴിയില്ല. തദ്ദേശഭരണകർത്താക്കൾ പലതരം അധികാരികളുടെ നിയന്ത്രണത്തിലാണ് ഇന്ന്. ഉപരിഘടനകളുടെ മാത്രമല്ല, തദ്ദേശതലത്തിലും അതിനു മുകളിലും പിടിമുറുക്കിയിരിക്കുന്ന പലതരം സ്ഥാപിതതാൽപര്യങ്ങളാണ് അവരുടെ തീരുമാനങ്ങളെ പലപ്പോഴും ഇന്നു സ്വാധീനിക്കുന്നത്, പ്രത്യേകിച്ച് വികസനസംബന്ധമായ പ്രധാനതീരുമാനങ്ങളിൽ. എന്നാൽ സ്റ്റാൻഡിങ് കമ്മിറ്റികളിൽ അടക്കമുള്ള സ്ത്രീസാന്നിദ്ധ്യം സ്ത്രീകളെയും ഈ പ്രക്രിയകളിൽ പങ്കാളികളാക്കിയിരിക്കുന്നു (അതായത്, വ്യവസ്ഥയെ വൃത്തിയാക്കുന്ന പരിശുദ്ധകളാണ് വനിതാ അംഗങ്ങൾ എന്ന തെറ്റിദ്ധാരണ ഇന്ന് അസ്ഥാനത്താണ്).

2. നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

തദ്ദേശഭരണത്തിന്റെ സ്വഭാവം സംസ്ഥാനതല ഭരണത്തിൽ നിന്ന് വ്യത്യസ്തമാണ്. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ , വിശേഷിച്ചും ക്ഷേമപദ്ധതികൾ, നടപ്പാക്കലാണ് ഇന്ന് തദ്ദേശഭരണത്തിന്റെ പ്രധാനജോലി. അല്ലാതെ പണ്ടു പറഞ്ഞിരുന്നതു പോലെ, തദ്ദേശതല വികസന ആസൂത്രണമല്ല. ജനകീയ വികസന ആസൂത്രണമെന്നതു തന്നെ കേലവം വ്യക്തിവത്കൃത ക്ഷേമവിഭവവിതരണത്തിലേക്കു മാത്രം ചുരുങ്ങിയിരിക്കുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ ഉയരാൻ ഒന്നുകിൽ സ്വന്തം പാർട്ടികളിലെ പ്രമാണികളായ മാടമ്പിമാരുടെ പിൻബലമുണ്ടായിരിക്കണം, അല്ലെങ്കിൽ ശിങ്കിടിമുതലാളിശൃംഖല സ്വയം ഉണ്ടാക്കാനോ അവയുടെ ഭാഗമാകാനോ കഴിയണം. ഇതൊന്നും സ്ത്രീകൾക്ക് എളുപ്പമുള്ള കാര്യമല്ല.
എന്നാൽ തദ്ദേശതലത്തിലെ ശിങ്കിടിമുലതാളിത്ത താത്പര്യങ്ങളെ സഹായിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം കുറവല്ല. പക്ഷേ, അതുകൊണ്ട് അവർക്ക് സ്ഥാനക്കയറ്റം കിട്ടാനിടയില്ല.

കാരണം ജനാധിപത്യത്തിനോ ജനാധിപത്യപ്രാതിനിധ്യത്തിന്റെ പ്രശ്‌നങ്ങൾക്കോ യാതൊരു പ്രസക്തിയുമില്ലാത്ത മുതലാളിത്ത- മേലാളകൂട്ടുകെട്ടു മാത്രമായി ജനാധിപത്യം അധഃപതിക്കുന്ന കാലമാണിത്. സ്ത്രീകളും ബഹിഷ്‌കൃതജനങ്ങളും ജനക്ഷേമത്തിന്റെ നിഷ്‌ക്രിയ ഗുണഭോക്താക്കൾ മാത്രമായിരിക്കുന്നു. സ്ത്രീകളുടെ പ്രാതിനിധ്യത്തെപ്പറ്റിയുള്ള ചർച്ച തന്നെ അപ്രസക്തമായ സ്ഥിതിക്ക് താഴെനിന്ന്​ മുകളിലേക്ക്​ അവർക്ക് കയറ്റമുണ്ടാകുന്നതിനുതകുന്ന ഘടനാപരമായ മാറ്റങ്ങളെപ്പറ്റിയുള്ള ചോദ്യം തന്നെ ചോദിക്കാൻ കഴിയാതെ വരുന്നു.

3. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

പിതൃമേധാവിത്വ കുടുംബാധികാരത്തിനുള്ളിലല്ലാതെ ഇന്ന് ഒരാളം ജനിക്കുന്നില്ല, വളരുന്നില്ല. വ്യവസ്ഥാപിത കുടുംബജീവിതം ഉപേക്ഷിച്ചവരെപ്പോലും അതു പിൻതുടരും. സ്ത്രീകൾക്ക് അധികാരമില്ല എന്നതല്ല പിതൃമേധാവിത്വ കുടുംബാധികാരഘടനയുടെ ന്യൂനത. മറിച്ച് സ്ത്രീകൾക്ക് അതു കല്പിക്കുന്ന അധികാരം കുടുംബവ്യവസ്ഥയുടെ ഹിംസയെ പുനഃസൃഷ്ടിക്കുംവിധത്തിലുള്ളതാണെന്നതാണ് പ്രശ്‌നം. കുടുംബത്തെ ജനാധിപത്യവത്ക്കരിക്കുക എന്ന അടിസ്ഥാനപരിശ്രമം കൂടാതെയുള്ള ജനാധിപത്യവത്ക്കരണശ്രമങ്ങൾ പൊള്ളയാണ്.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

അധികാരം സർവ്വവ്യാപിയാണ്, വിശേഷിച്ചും പിതൃമേധാവിത്വം. കുടുംബാധികാരത്തിൽ നിന്ന്​ വിമുക്തയായിക്കൊണ്ടല്ല സ്ത്രീകൾ പൊതുജീവിതത്തിലെത്തുന്നത്. ആ അധികാരത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് വ്യത്യസ്തമായിരിക്കാം. ഉദാഹരണത്തിന് കെ.ആർ. ഗൗരിയമ്മ കുടുംബാധികാരത്തെ തികച്ചും തള്ളിക്കളഞ്ഞുകൊണ്ട് പൊതുവ്യക്തിത്വം മെനെഞ്ഞെടുത്തയാളാണ്. കെ. കെ. ശൈലജ അതിനെ തന്ത്രപൂർവ്വം ഉപയോഗിക്കുന്നു - ടീച്ചറമ്മ മുതലായ ചിത്രീകരണങ്ങളിലൂടെ. കേരളത്തിലെ മദ്ധ്യവർഗ വരേണ്യർക്കിടയിൽ പ്രിയങ്കരിയാകാൻ ഇവിടുത്തെ യാഥാസ്ഥിതിക കുടുംബസംസ്‌കാരത്തെ കുറേയൊക്കെ പ്രീണിപ്പിക്കണം, കഴിയുന്നത്ര അകലം ഫെമിനിസ്റ്റുകളിൽ നിന്നു സൂക്ഷിക്കണം എന്നും മറ്റും തന്ത്രശാലിനിയായ ആ രാഷ്ട്രീയക്കാരിക്ക് അറിയാം.



Summary: സ്ത്രീകളുടെ പ്രാതിനിധ്യത്തെപ്പറ്റിയുള്ള ചർച്ച തന്നെ അപ്രസക്തമായ സ്ഥിതിക്ക് താഴെ നിന്ന്​ മുകളിലേക്ക്​ അവർക്ക് കയറ്റമുണ്ടാകുന്നതിനുതകുന്ന ഘടനാപരമായ മാറ്റങ്ങളെപ്പറ്റിയുള്ള ചോദ്യം തന്നെ ചോദിക്കാൻ കഴിയാതെ വരുന്നു-സാമൂഹ്യ ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ജെ. ദേവിക സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.


Comments