ഹെറീന ആലിസ് ഫെർണാണ്ടസ്

ആണാവാനെളുപ്പമാണ്, മനുഷ്യനാവാനാണ് ബുദ്ധിമുട്ട്

വളർന്നുവരുന്ന മുലകൾ അമർത്തി ബാത്ത്‌റൂമിൽ നിന്ന് കരഞ്ഞ അന്നത്തെ എന്നെക്കുറിച്ച് ഓർക്കുമ്പോഴെനിക്ക് ഇന്നും ചങ്ക് പിടയ്ക്കും

ശീലങ്ങളിലും പതിവുകളിലുമാണ് മനുഷ്യൻ നിർമിക്കപ്പെട്ടിരിക്കുന്നതും നിലനിന്നുപോകുന്നതുമെന്നും തോന്നാറുണ്ട്. ജനനം മുതൽ തുടങ്ങുന്ന ഈ ശീലങ്ങളാണ് ഒരു മനുഷ്യൻ ഭാവിയിൽ എന്തായി മാറുന്നു / തീരുന്നുവെന്ന് തീരുമാനിക്കുന്ന അടിസ്ഥാന ഘടകം. ഒരു കുഞ്ഞ് ജനിക്കുന്ന സമയം മുതൽ തന്നെ ലിംഗം / ലിംഗ പദവി / ലിംഗവിഭജനം എന്നിവ പ്രശ്‌നവത്കരിക്കപ്പെടുന്നുണ്ട്. ശീലങ്ങൾ ആണിനും പെണ്ണിനും ഒരു പോലെ ബാധകമായിട്ടുള്ളതല്ല. ജെന്റർ അനുസരിച്ച് ആവശ്യപ്പെടാവുന്നതും ആഗ്രഹിക്കാവുന്നതും പ്രയോജനപ്പെടുത്താവുന്നതുമായിട്ടുള്ള ശീലങ്ങൾക്ക് പരിധിയും പരിമിതിയുമുണ്ട്.

ആ പണികളൊക്കെ ഞാനും ചെയ്തിട്ടുണ്ട്

‘ആൺകുഞ്ഞല്ലേ നിന്റെ ഭാഗ്യം! വയസാംകാലത്ത് നോക്കാനാളായി. കെട്ടിച്ചുവിടേണ്ട ചെലവുമില്ല!' ഈ പറച്ചിലിൽ തുടങ്ങുന്നതാണ് മിക്കവാറും കുടുംബങ്ങളിലെ വേർതിരിവ്.
ഈ പറച്ചിലിന്റെ ഇറുക്കവും മുറുക്കുവും അടിസ്ഥാനപ്പെടുത്തിയാണ് ആൺകുട്ടിക്കും പെൺകുട്ടിക്കുള്ള അതിരുകൾ തീരുമാനിക്കപ്പെടുന്നത്. പെൺകുട്ടികളെ വളർത്തുന്നത് കെട്ടിച്ചയക്കാനാണെന്ന പൊതുബോധം ചെറുപ്പം മുതൽക്കേ ഏറിയും കുറഞ്ഞും അവരുടെ തലയിലേക്ക് ഇൻജക്ട് ചെയ്യപ്പെടുന്നത് വീട്ടിൽ നിന്ന് തന്നെയാണ്. പാവകളും കിച്ചൺ സെറ്റും ഉപയോഗിച്ച് കളിക്കാനാണല്ലോ പെൺകുട്ടികളെ സമൂഹം ചെറുതിലേ ട്രെയിൻ ചെയ്യിക്കുന്നത്. അങ്ങനൊരു കാര്യം സാധാരണമെന്നോണം തീരുമാനിക്കപ്പെടുന്നതും ഇന്നും തുടരുന്നതും പെൺകുട്ടികളുടെ ചോയ്‌സ്, ഇഷ്ടങ്ങൾ എന്നിവ സമൂഹം വരച്ചുവെച്ച ബോക്‌സിനുള്ളിൽ മാത്രം നിൽക്കേണ്ടതാണെന്നതിന്റെ ആദ്യത്തെ തെളിവാകുന്നത്.

ഒരു വീട്ടിൽ ഒരാൺകുട്ടിയും പെൺകുട്ടിയും ഉണ്ടാകുമ്പോഴും പണികളിൽ സഹായിക്കേണ്ടതിന്റെയും വീട് നോക്കേണ്ടതിന്റെയും ഉത്തരവാദിത്വം സ്വാഭാവികമായി ചെന്നുനിൽക്കുന്നത് കുടുംബത്തിലെ പെൺകുട്ടിയുടെ തലയിലാണ്. എനിക്കു ബോധം വെച്ച സമയം തൊട്ട് വീട്ടിലെ പണികളിൽ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. തുടക്കത്തിൽ അത് മുറ്റമടിച്ചുവാരലായിരുന്നു. പിന്നീട് അകം അടിച്ചുവാരി തുടയ്ക്കലായും പാത്രം കഴുകലായും സ്വന്തം വസ്ത്രങ്ങൾ യൂണിഫോം അടക്കം അലക്കലും ഇസ്തിരി ഇടലുമൊക്കെയായി. ഇതിനിടയിൽ തന്നെ വെളളം കോരലും പബ്ലിക് പൈപ്പിന്റെ ചോട്ടിൽചെന്ന് വെളളം എടുക്കലും കറിക്ക് കഷ്ണം അരിയലും തുടങ്ങി സ്‌കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് ചെയ്യാൻ കഴിയുന്ന പണികളൊക്കെയും ഞാൻ ചെയ്തിട്ടുണ്ട്.

അച്ഛനും അനിയനും ലഭിച്ച സൗജന്യം

പക്ഷേ, വീട്ടിൽ അച്ഛനും അനിയനും അക്കാര്യത്തിൽ വലിയ സൗജന്യം ലഭിച്ചിട്ടുണ്ട്. ആണുങ്ങളുടേതായ സകല പ്രിവിലേജുകളും അറിഞ്ഞും അനുഭവിച്ചും അതിൽ തെല്ലും കുറ്റബോധം ഇല്ലാതെയുമാണ് അവർ വളർന്നതും ജീവിക്കുന്നതും എന്നതിൽ എനിക്ക് ബുദ്ധിമുട്ടാണ് തോന്നാറ്. പറഞ്ഞു കൊടുത്താൽ പോലും അത് മനസിലാക്കാൻ ശ്രമിക്കാത്തതിൽ എനിക്ക് വിഷമമാണ് തോന്നാറുളളത്. പലപ്പോഴും പെൺകുട്ടികൾ അമ്മയെ സഹായിക്കാൻ തയ്യാറാകുന്നത് അവരോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും പുറത്താണ്. അമ്മ തനിച്ച് പണി മുഴുവൻ ചെയ്യുന്നതിന്റെ പ്രയാസം ആലോചിച്ചാൽ പെൺകുട്ടികൾക്ക് മനസിലാകുന്നത് പോലെ തന്നെ ആൺകുട്ടികൾക്കും മനസിലാക്കേണ്ടതല്ലേ! അത് സംഭവിക്കാത്തത് ആൺകുട്ടികൾക്ക് അമ്മയോട് സ്‌നേഹമോ കരുതലോ ഇല്ലാത്തതുകൊണ്ടാണെന്നു കരുതുന്നില്ല, മറിച്ച് ആ പണിയിൽ പങ്കെടുക്കാനുളള മടികൊണ്ടും അതൊന്നും താൻ ചെയ്യേണ്ട പണി അല്ലായെന്നുളള ചിന്ത കൊണ്ടും കൂടിയാണ്.

വയ്യാതെ ആയ ആളെ നോക്കേണ്ട ഉത്തരവാദിത്തം വീട്ടിലെ സ്ത്രീകളുടെ തലയിൽ വന്നുനിൽക്കും. നമ്മൾ പ്രതീക്ഷിക്കുക പോലും ചെയ്യാത്ത മട്ടിൽ ബാക്കിയുള്ളവർ അതിൽ നിന്ന് മാറി നിൽക്കും

കാലാകാലങ്ങളായി അനുവർത്തിച്ചു വരുന്ന ശീലങ്ങളാണ് അതിൽ പ്രതി. താൻ കൂടെ സഹകരിച്ചാൽ എളുപ്പമാകാൻ സാധ്യതയുള്ള പണിയാണെന്ന ബോധ്യം ഉണ്ടാകാത്തതാണ് അവിടുത്തെ പ്രശ്‌നം. വീടും വീട്ടുകാരെയും പരിപാലിക്കേണ്ടത് സ്ത്രീകളുടെ കടമയാണെന്നും പുറത്തുപോയി തൊഴിലെടുത്ത് കുടുംബം പോറ്റലാണ് ആണുങ്ങളുടെ കടമയെന്നുമുള്ള ടാബൂ ചെറുപ്പം മുതൽ കുത്തിവെക്കപ്പെടുന്നതിന്റെ പ്രതിഫലനമാണത്. ആൺകുട്ടികൾ ചെയ്യേണ്ട പണികൾ വീടിനകത്തോ വിശിഷ്യാ അടുക്കളയിലോ ഇല്ലായെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കൊണ്ടുകൂടിയാണത്. ചെറുപ്പത്തിൽ പറഞ്ഞു പഠിപ്പിക്കാത്ത കാര്യങ്ങളൊന്നും എത്ര വലുതായാലും മാറാനുള്ള സാഹചര്യം ഉണ്ടായാൽ പോലും ചെയ്യില്ല, ചെയ്യാൻ ശ്രമിക്കില്ല എന്ന് സ്വന്തം അനുഭവത്തിൽ നിന്ന് ബോധ്യമുണ്ട്.

എന്റെ മായി

ഇതേ സംഗതി തന്നെയാണ് കുടുംബത്തിൽ ഒരാൾക്ക് വയ്യാതെ ആകുമ്പോഴും സംഭവിക്കുന്നത്. വയ്യാതെ ആയ ആളെ നോക്കേണ്ട ഉത്തരവാദിത്തം വീട്ടിലെ സ്ത്രീകളുടെ തലയിൽ വന്നുനിൽക്കും. നമ്മൾ പ്രതീക്ഷിക്കുക പോലും ചെയ്യാത്ത മട്ടിൽ ബാക്കിയുള്ളവർ അതിൽ നിന്ന് മാറി നിൽക്കും.
എനിക്ക് ജീവിതത്തിൽ ഏറ്റവും അടുപ്പം ഉണ്ടായിരുന്ന ഒരാൾ മായിയാണ്.
എന്നുവെച്ചാൽ ഡാഡിയുടെ അമ്മ... മായി കിടപ്പിലായി മൂന്നുനാല് മാസം കഴിഞ്ഞാണ് മരിക്കുന്നത്. പുറമേക്ക് ഞാൻ വളരെ സ്‌ട്രോങ്ങ് ആയി നിന്ന ആദ്യത്തെ വേർപാടായിരുന്നു ആ മരണം. കാരണം, ആ മൂന്ന് മാസങ്ങളിൽ എല്ലാ ദിവസവും ഞാൻ ആ മരണം പ്രതീക്ഷിച്ചിരുന്നു.

സ്ത്രീയെന്ന പേരിൽ വന്നുചേരുന്ന ഒരു പണി; അത് പാചകമോ ക്ലീനിങ്ങോ മറ്റെന്തെങ്കിലുമോ ആകട്ടെ, അത് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചാൽ അത് അധികഭാരമായി ചെന്ന് നിൽക്കുന്നത് അതേ വീട്ടിലെ മറ്റൊരു സ്ത്രീയിലേക്കാണ്.

അന്ന് ഞാൻ മഞ്ചേരിയിൽ ഒരു സ്‌കൂളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിൽനിന്ന് മിക്കവാറും ദിവസം മഞ്ചേരി വരെ പോയി വന്നിരുന്നു. മായിയെ നനച്ച് തുടയ്ക്കുന്നതും പുറം പൊട്ടാതിരിക്കാൻ ചാരിയിരുത്തി പൗഡർ ഇടീച്ചിരുന്നതും ഡയപ്പർ മാറ്റിയിരുന്നതും അടക്കം എല്ലാം ചെയ്തിരുന്നത് ഞാനായിരുന്നു. ഡാഡിയും അമ്മയും കയ്യാളുകളായി മാറിമാറി വരും. കാലത്തു പോകുമ്പോഴും വൈകീട്ട് വരുമ്പോഴും മായി ശ്വാസം എടുക്കുന്നോ എന്നുഞാൻ ഉറപ്പുവരുത്തും.
മരണശേഷം ദേഹം നനച്ചു തുടച്ചതും സാരി ഉടുപ്പിച്ചതുമെല്ലാം എന്റെ അടുത്ത രണ്ട് കൂട്ടുകാരും ഞാനും ചേർന്നായിരുന്നു. കുടുംബത്തിൽ ഒരാൾക്ക് വയ്യാതെയായാൽ അത് ആരായാലും അവരെ നോക്കേണ്ടതും ശുശ്രൂഷിക്കേണ്ടതും വീട്ടിലെ മുഴുവൻ ആളുകളുടെയും കടമയാണ്. അതിൽ പോലും ആണെന്നും പെണ്ണെന്നുമുളള വിഭജനം സൂക്ഷിക്കുന്നത് എത്ര ക്രൂരമാണെന്നോർത്ത് നോക്കൂ.

പ്രതി കുടുംബം തന്നെ

സ്ത്രീയെന്ന പേരിൽ വന്നുചേരുന്ന ഒരു പണി; അത് പാചകമോ ക്ലീനിങ്ങോ മറ്റെന്തെങ്കിലുമോ ആകട്ടെ, അത് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചാൽ അത് അധികഭാരമായി ചെന്ന് നിൽക്കുന്നത് അതേ വീട്ടിലെ മറ്റൊരു സ്ത്രീയിലേക്കാണ്. അത് ചിലപ്പോൾ അമ്മയാകാം, വയ്യാതെ നിൽക്കുന്ന അമ്മൂമ്മയാകാം, പ്രായം കൊണ്ട് ആ വീട്ടിൽ ഏറ്റവും ചെറുതായ പെൺകുട്ടിയാവാം. വീട്ടുപണിയുടെ കോർ എപ്പോഴും ഒരു സ്ത്രീയിൽ നിന്ന് അടുത്ത സ്ത്രീയിലേക്ക് മാറ്റമാണ്. ഈ അമിത ഭാരത്തിന്റെ ട്രാൻസാക്ഷൻ ഒരിക്കലും അതേ വീട്ടിലെ ആണുങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയില്ല. വീട്ടിലെയും സമൂഹത്തിലെയും ഒന്നാംകിട മനുഷ്യർ അവരാണെന്ന ധാരണ അവരിൽ ഉണ്ടാക്കി വെച്ചിട്ടുള്ളതുകൊണ്ടാണത്. സാമാന്യാർത്ഥത്തിൽ അതിനെ നമുക്ക് ആൺബോധമെന്നും ആൺ പ്രിവിലേജ് എന്നും വിളിക്കാം. വീട്ടുജോലികളിൽ, വീട്ടിൽ, സമൂഹത്തിൽ തുല്യപങ്കാളിത്തം എന്നൊരു വാക്ക് അവരുടെ നിഘണ്ടുവിലേ ഉണ്ടാകില്ല.

അഞ്ചാം ക്ലാസ് മുതൽ തന്നെ സ്വന്തം വസ്ത്രം കഴുകിയിടാൻ പെൺകുട്ടികളെ പരിശീലിപ്പിക്കുന്ന വീടുകൾ പ്രായപൂർത്തിയായാലും അടിവസ്ത്രം കഴുകാൻ പോലും ആണിനെ പഠിപ്പിക്കില്ല. അതിനെ ആൺ/പൊതു ബോധത്തിന്റെ തൊഴുത്തിൽ കെട്ടും. സ്ത്രീകൾ അവരേക്കാൾ ഒരുപടി താഴ്ന്നവരാണെന്നും രണ്ടാം കിട മനുഷ്യരാണെന്നും അവരെ ടേക്കൺ ഫോർ ഗ്രാന്റഡായി കാണാമെന്നും ആൺപ്രിവിലേജ് മുന്തിയ കാര്യമാണെന്നും പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്നതും പ്രഥമമായും പ്രധാനമായും കുടുംബങ്ങൾ തന്നെയാണ്.

ഇപ്പോഴും ചങ്കുപിടക്കുന്ന ആ അനുഭവം

വീടിന് പുറത്തേക്കിറങ്ങുന്നതോടെ പെൺകുട്ടികൾക്കുമേൽ ആൺബോധം മുമ്പത്തേതിനേക്കാൾ രൂക്ഷമായി പ്രവർത്തിക്കാൻ തുടങ്ങുന്നു. ചുറ്റുപാടുകൾ സുരക്ഷിതമല്ല എന്ന തോന്നൽ നൽകി അവരെ തന്നെയും പിന്നെയും വീടുകളിലേക്ക് തിരികെ എത്തിക്കുന്നത് സമൂഹം സ്ത്രീകളോടെടുക്കുന്ന നിലപാടുകളാണ്. ബസിലോ വഴിയിലോ വെച്ച് ഉണ്ടാകുന്ന മോശം അനുഭവങ്ങൾ പെൺകുട്ടികൾക്ക് നൽകുന്ന ഭീതികൾ സ്വയമേ തന്നെ നിയന്ത്രിക്കാൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്.

അടങ്ങിയൊതുങ്ങി നടന്നില്ലെങ്കിൽ പിടിച്ച് പീഡിപ്പിച്ചുകളയും എന്നതൊരു തമാശയായി പറയാൻ ആൺകൂട്ടങ്ങൾക്ക് കഴിയുന്നതും സ്ത്രീകൾ അത് കേട്ട് പരിഭ്രമിക്കുന്നതും പലപ്പോഴും നിശബ്ദരാകുന്നതും സമൂഹം ശരീരത്തിനുമുകളിൽ ചാർത്തി വെക്കുന്ന ഇൻസെക്യൂരിറ്റികൾ കാരണമാണ്

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്‌കൂളിൽ പോയി വരുന്ന വഴി ബസിൽ വെച്ച് അപ്പൂപ്പന്റെ പ്രായമുളള ഒരാൾ മോശമായി പെരുമാറുന്നത്. കൊല്ലങ്ങളോളം മനസ്സിൽ ഭയമായി കൊണ്ടുനടന്ന അനുഭവമാണത്. എന്റെ എന്തോ തെറ്റ് ആണെന്ന ബോധമായിരുന്നു അന്നൊക്കെ മനസ്സിൽ. വളർന്നുവരുന്ന മുലകൾ അമർത്തി ബാത്ത്‌റൂമിൽ നിന്ന് കരഞ്ഞ അന്നത്തെ എന്നെക്കുറിച്ച് ഓർക്കുമ്പോഴെനിക്ക് ഇന്നും ചങ്ക് പിടയ്ക്കും. സെക്‌സ് എഡ്യൂക്കേഷൻ സീരീസിൽ ബസിൽ മോശം അനുഭവം ഉണ്ടായ പെൺകുട്ടിക്ക് പിന്നീട് ബസിൽ കയറാനുണ്ടായ ആ പേടി ഉണ്ടല്ലോ! അതെനിക്ക് പച്ചവെളളം പോലെ മനസിലാകും. കൂട്ടിന് ആളില്ലാത്ത ദിവസം തലവേദനയെന്നും വയറുവേദനയെന്നും കള്ളം പറഞ്ഞ് വീട്ടിലേക്ക് തിരിച്ചുവന്നുകൊണ്ടിരുന്ന എന്നെ ഞാൻ അവിടെ ഓർത്തു കൊണ്ടേയിരിക്കും.

സമൂഹത്തിൽ നിന്നും വീട്ടിൽ നിന്നുമുള്ള വിലക്കുകളും പത്രവാർത്തകളും എന്തിന് സോഷ്യൽ മീഡിയവരെയും വീടിന് പുറത്തുള്ള ലോകം സ്ത്രീകൾക്ക് സുരക്ഷിതമായി നിന്നുപോകാൻ കഴിയുന്ന ഇടമല്ല എന്ന ബോധം സൃഷ്ടിക്കുന്നുണ്ട്. ഈ ബോധം പെൺകുട്ടികളെ വീടിനകത്തേക്ക് ഒതുക്കാനുള്ള സ്വാഭാവിക തന്ത്രമായി പ്രയോഗിക്കപ്പെടാറുമുണ്ട്.

ശരീരം ഒരു ഭാരമാകുന്നതിനെക്കുറിച്ചും അതിനെ സംരക്ഷിക്കുക എന്നതൊരു ട്രോമയാകുന്നതിനെക്കുറിച്ചും നമ്മൾ നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതാണല്ലോ!
അടങ്ങിയൊതുങ്ങി നടന്നില്ലെങ്കിൽ പിടിച്ച് പീഡിപ്പിച്ചുകളയും എന്നതൊരു തമാശയായി പറയാൻ ആൺകൂട്ടങ്ങൾക്ക് കഴിയുന്നതും സ്ത്രീകൾ അത് കേട്ട് പരിഭ്രമിക്കുന്നതും പലപ്പോഴും നിശബ്ദരാകുന്നതും സമൂഹം ശരീരത്തിനുമുകളിൽ ചാർത്തി വെക്കുന്ന ഇൻസെക്യൂരിറ്റികൾ കാരണമാണ്. റെയ്പ് ചെയ്യപ്പെട്ട പെൺകുട്ടി മാനഭംഗപ്പെട്ടവളാകുന്നതിന്റെ രാഷ്ട്രീയം നമ്മൾ ഇനിയും സംസാരിക്കേണ്ടതില്ലല്ലോ!
മുഖ്യധാരാ മാധ്യമങ്ങളും അത് നിർമിച്ച പൊതുബോധവും സ്ത്രീകളെ തളർത്തുവാനും ഒതുക്കുവാനുമുള്ള മാർഗമായി ശരീരത്തെ തിരഞ്ഞെടുക്കുന്നത് നമ്മൾ ധാരാളം കണ്ടിട്ടും കേട്ടിട്ടുമുണ്ടല്ലോ!

ഒമ്പതിൽ പഠിക്കുന്ന സമയം. പനിയും മുണ്ടിവീക്കവുമൊക്കെ കഴിഞ്ഞ് രണ്ടാഴ്ച്ചക്കുശേഷം സ്‌കൂളിൽ ചെല്ലുകയാണ്. ചെന്നപ്പോഴാണ് ഫിസിക്‌സ് പരീക്ഷ ഉണ്ടെന്ന കാര്യം അറിയുന്നത്. ലീവ് ആയിരുന്നുവെന്നും പരീക്ഷ എഴുതുന്നില്ലായെന്നും ടീച്ചറെ കണ്ട് പറഞ്ഞു. ലീവ് ആയതിൽ അവർക്ക് ഉത്തരവാദിത്വം ഇല്ലായെന്നും എങ്ങനെയും പഠിക്കേണ്ടത് ഞാൻ ആയിരുന്നുവെന്നും അവർ പറഞ്ഞു. സങ്കടമൊന്നും തോന്നിയില്ല. പരീക്ഷ എഴുതി. രണ്ടുദിവസം കഴിഞ്ഞ് ഉത്തരക്കടലാസ് കിട്ടിയപ്പോൾ മാർക്ക് പ്രതീക്ഷിച്ച പോലെ തന്നെ വട്ട പൂജ്യം. ക്ലാസിലെ അപമാനം പോരാഞ്ഞ് പരീക്ഷാ പേപ്പറിൽ രക്ഷിതാവിന്റെ ഒപ്പിട്ട് വരണമെന്ന് പറഞ്ഞു. വീട്ടിൽ വന്നു. പേപ്പർ അമ്മയെ കാണിച്ചു. ഒപ്പുവാങ്ങി പിറ്റേന്ന് ക്ലാസിൽ പോയി. ഫിസിക്‌സ് പിരിയഡിൽ അവർ വന്നു. പേപ്പർ വാങ്ങി നോക്കി. അമ്മയെക്കൊണ്ട് ഒപ്പ് ഇടീപ്പിച്ചതിൽ ചെവി പൊട്ടുന്ന വഴക്ക് കേട്ടു. ഞെട്ടി എന്ന് മാത്രമല്ല. കണ്ണോക്കെ നിറഞ്ഞ് വയ്യാതായി. അപ്പഴും അവർ പറഞ്ഞു, നാളെ അച്ഛന്റെ ഒപ്പ് മേടിച്ച് വന്നിട്ട് ക്ലാസിൽ ഇരുന്നാൽ മതിയെന്ന്. അന്നുമാത്രമാണ് രക്ഷിതാവ് എന്നാൽ അച്ഛൻ ആണെന്നത് ഡിഫോൾട്ടാണെന്ന് ഞാൻ അറിഞ്ഞത്. അച്ഛന്റെ ഒപ്പ് ഇടീക്കാത്തവർ കുറ്റക്കാരാകുന്നതും അച്ഛൻ ഇല്ലാത്ത സാഹചര്യങ്ങളിൽ മാത്രം അമ്മയുടെ ഒപ്പ് പ്രസക്തമാകുന്നതും നേരിട്ടറിയുന്നത് അങ്ങനെയാണ്.

വീട്ടിലെ യാതൊരു കാര്യങ്ങളിലും ഉത്തരവാദിത്വം കാണിക്കാത്തവരാണെങ്കിലും വഴിയരികിൽ മദ്യപിച്ച് കിടക്കുന്നവരാണെങ്കിലും ഭാര്യയേയും മക്കളെയും എടുത്തിട്ട് തല്ലുന്നവരാണെങ്കിലും ആണുങ്ങളുടെ പ്രിവിലേജിൽ കുറവ് വരില്ല

പറയാനാണെങ്കിൽ അനുഭവങ്ങൾ ഇതുപോലെ ധാരാളമുണ്ട്. അടുത്ത കൂട്ടുകാരിയുടെ എം.എസ്‌.സി വരെയുള്ള വിദ്യാഭ്യാസവും കല്യാണച്ചെലവും നോക്കിയതും വീടുവെച്ചതും തുടങ്ങി ഒരു കുടുംബം നില നിൽക്കേണ്ടതായ സകല കാര്യങ്ങളും ചെയ്തത് അവളുടെ അമ്മയാണ്. പക്ഷേ മക്കൾ പഠിച്ച് ജോലി മേടിച്ചാൽ, അന്തസായി കെട്ടിച്ച് വീട്ടാൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ സൗജന്യമായി വീട്ടിലെ ആണുങ്ങളുടെ തലയിൽ വന്നിരിക്കും. പണിയെടുത്ത് മക്കളെപ്പോറ്റിയ കുടുംബം നോക്കിയ സ്ത്രീയ്ക്ക് അവർ അർഹിക്കുന്നത് പോലും സമൂഹം അനുവദിച്ച് കൊടുക്കില്ല. വീട്ടിലെ യാതൊരു കാര്യങ്ങളിലും ഉത്തരവാദിത്വം കാണിക്കാത്തവരാണെങ്കിലും വഴിയരികിൽ മദ്യപിച്ച് കിടക്കുന്നവരാണെങ്കിലും ഭാര്യയേയും മക്കളെയും എടുത്തിട്ട് തല്ലുന്നവരാണെങ്കിലും ആണുങ്ങളുടെ പ്രിവിലേജിൽ കുറവ് വരില്ല. കള്ള് കുടിച്ചാൽ എന്താ അവൻ കുടുംബം നോക്കുന്നില്ലെ എന്ന ബാലൻസിങിനെ അവിടെ പ്രസക്തി ഉണ്ടാകുകയുളളൂ.

ഇതേ സന്ദർഭം തന്നെയാണ് ക്ലാസ് ലീഡറോ കോളേജ് ചെയർപേഴ്‌സണോ സംസ്ഥാന മന്ത്രിയായോ ഒരു സ്ത്രീ അധികാരത്തിൽ വരുമ്പോൾ കാണുന്നത്. ആണ്= അധികാരം എന്ന സമവാക്യത്തിന് വിരുദ്ധമായി വരുന്നതെന്നും സമൂഹം അംഗീകരിച്ച് കൊടുക്കുകയില്ല. പെൺകുട്ടി ക്ലാസ് ലീഡറാകുമ്പോൾ മത്സരിച്ച് ബഹളം വെക്കുന്ന ആൺകൂട്ടവും പെണ്ണ് ചെയർപേഴ്‌സണാകുമ്പോൾ ഓളെക്കൊണ്ട് എന്താകാനാ! അവളെങ്ങനെ ഒരു കോളേജ് നിയന്ത്രിക്കാനാണെന്ന് പറയുന്നവനും ശൈലജ ടീച്ചറുടെയും മേഴ്‌സിക്കുട്ടിയമ്മയുടെയും ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീലമെഴുതുന്ന ഞരമ്പ് രോഗികളും ഈ ആൺബോധത്തിന്റെ തലച്ചുമട് പേറുന്നവരാണ്.
എന്നാൽ പോലും, ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നവനും പറയാൻ എന്തെങ്കിലും കഥയുണ്ടോയെന്ന് കേൾക്കാൻ സമൂഹം തയ്യാറാകും. പക്ഷേ പോസ്റ്റ് പാർട്ടം ഡിപ്രഷൻ കാരണം കുഞ്ഞിനെ ഉപദ്രവിച്ച അമ്മക്ക് രോഗത്തിന്റെ സൗജന്യം പോലും നൽകില്ല. ആണുങ്ങളുടെ ദൈന്യതയ്‌ക്കേ ഇവിടെ മാർക്കറ്റുള്ളൂ. അതുകൊണ്ടാണല്ലോ കെട്ട്യോളെ പീഡിപ്പിച്ച സ്ലീവാച്ചന് പറ്റിയത് അബദ്ധവും അറിവുകേടുമാകുന്നത്.

പക്ഷേ ഞങ്ങൾക്ക് ഇവരെല്ലാം ഏതാണ്ടൊരു പോലെയാണ്. നോട്ട് ഓൾ മെൻ കരച്ചിൽ പോലെ തലയിലുള്ള ആണത്തച്ചുമടിന്റെ വ്യത്യാസമനുസരിച്ച് ചെയ്യുന്ന പ്രവർത്തികളിൽ മാറ്റമുണ്ടെന്ന് മാത്രമേ തോന്നിയിട്ടുള്ളൂ. സ്ത്രീകളെ തല്ലുന്ന ആണും മുടിക്കുകുത്തിപ്പിടിച്ച് നാവടപ്പിക്കുന്ന ആണും തത്വത്തിൽ പ്രകടിപ്പിക്കുന്നത് ഒരേ കാര്യമാണ്. ഈ ആണത്തമുറുമുറുപ്പിന്റെ ആൺബോധം എന്ന അശ്ലീലത്തിന്റെ തോതാണ് ഒരു ആണ് എത്രത്തോളം മനുഷ്യനായിരിക്കുന്നു എന്നതിന്റെ അളവ് സൂചികയായി സ്ത്രീകൾ കാണുന്നതും വിലയിരുത്തുന്നതും. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ആണാവാനെളുപ്പമാണ്, മനുഷ്യനാവാനാണ് ബുദ്ധിമുട്ട്. ▮

Comments