ജോയ്‌സി ജോയ്

പെണ്ണുങ്ങൾ ഉപേക്ഷിക്കേണ്ട പരട്ടുചിന്തകൾ

തിരുത്തൽ ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും വേണം

ഴിഞ്ഞ ദിവസം സംവിധായകൻ ജിയോ ബേബിയുമായുള്ള ഒരു ഇന്റർവ്യൂ കണ്ടു. അതിൽ അയാൾ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിലെ കഥാപാത്രമായ നിമിഷ കടന്നുപോയ സാഹചര്യത്തിൽ കൂടിയൊക്കെ താൻ കടന്നുപോയിട്ടുണ്ടെന്നും ദിവസവും അടുക്കളയിൽ കയറുന്നത് വല്ലാതെ മടുപ്പിക്കുന്ന കാര്യമാണെന്നും ഒക്കെ നിർത്താതെ പറയുന്നുണ്ടായിരുന്നു.
പെട്ടെന്ന് എന്റെ മനസിൽ വന്ന ചോദ്യം; ഇയാളുടെ ഭാര്യ എവിടെപ്പോയിക്കിടക്കുകയാണെന്നാണ്. അയാൾ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുമ്പോൾ ഒന്നു വന്നു കാര്യങ്ങൾ ചെയ്തുകൊടുക്കാൻ പറ്റാത്ത വിധം ഇവർ എന്തു ജോലിയാണ് ചെയ്യുന്നത് എന്നറിയാൻ (അല്ലാതെ കാതലുള്ള കാര്യങ്ങൾ കേൾക്കാനല്ല) ഞാൻ കുറച്ചുനേരം കൂടി ഇന്റർവ്യൂ കണ്ടു. പക്ഷെ, അതിനെപ്പറ്റിയൊന്നും കേട്ടില്ല. മുഴുവൻ കാണാൻ മൂന്നുമക്കൾപ്പട സമ്മതിച്ചുമില്ല.

അതിലൊരുത്തിയെ ഉറക്കാൻ കിടത്തിയപ്പോളാണ് ഒരു കാര്യം കൂടി ഞാൻ ചിന്തിച്ചത്... ഇതേ കാര്യം ഒരു സംവിധായികയാണ് പറയുന്നതെങ്കിൽ അതിൽ എനിക്കടക്കം അസ്വാഭാവികതയോ ഇവൾ കഷ്ടപ്പെടുമ്പോൾ ഭർത്താവ് എവിടെപ്പോയിക്കിടക്കുകയാണെന്ന തോന്നലുണ്ടാകാനോ ഒരു സാധ്യതയും ഇല്ലെന്ന കാര്യം. വല്ലാതെ conditioned ആണ് നമ്മളിൽ ബഹുഭൂരിപക്ഷവും. ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ലിന് ഭയങ്കര പ്രസക്തി ഉണ്ട്. ചൊട്ടയിലെ ശീലം ചുടല വരെ എത്താതിരിക്കുക എന്നത് എളുപ്പമല്ല. കണ്ടു വളർന്നത് തെറ്റാണെന്ന് ബോധ്യമുണ്ടാവുക, അതു തിരുത്താൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ പറയുന്നത് പോലെ എളുപ്പമല്ല.

ഈ പറയുന്ന ഞാനും ഇതിൽ നിന്നൊന്നും വലിയ വ്യത്യസ്തമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ല. പലപ്പോഴും കൂടെയുള്ള ആണുങ്ങളോട് പറയണമെന്ന് തോന്നുന്ന പല കാര്യങ്ങളും വിഴുങ്ങാറുണ്ട്. പറഞ്ഞ കാര്യങ്ങൾക്ക് വഴക്കുണ്ടാവാറുണ്ട്. തിരുത്തൽ എളുപ്പമുള്ള പ്രോസസ് അല്ല. പ്രത്യേകിച്ചും ചെയ്തും കണ്ടും ശീലിച്ച കാര്യങ്ങളാണെങ്കിൽ. തിരുത്തൽ ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും വേണം. ഞാനില്ലെങ്കിൽ ഇവരൊക്കെ പട്ടിണികിടന്നു മരിക്കുമെന്ന, എന്റെ ഏറ്റവും വലിയ സന്തോഷം ഈ വീടാണെന്ന, അതിനപ്പുറമുള്ള സന്തോഷം എനിക്ക് വേണ്ടെന്ന വെറും പരട്ടുചിന്തകൾ മാറണം.

കുഞ്ഞുങ്ങളെ കൂടാതെ ഒരു നല്ല ഭക്ഷണം കഴിക്കാൻ പോയാൽ "നീ എന്തൊരമ്മയാണെന്നു' ഒരു വട്ടമെങ്കിലും കേട്ടിട്ടുണ്ട്. ജോലി കഴിഞ്ഞ് വീട്ടിൽ വന്നാലുടൻ മോളെ എടുത്തില്ലെങ്കിലോ അവൾക്കു വേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിലോ എന്തെങ്കിലും തെറ്റു ചെയ്യുന്ന പോലെയുള്ള തോന്നലാണ്

വളരെ ഡീപ് ആയി നമ്മിൽ ഉറഞ്ഞുപോയ ഒരുപാട് കാര്യങ്ങളുണ്ട്. ഞാൻ കുട്ടികളെ കൂടാതെ ഒരു ദിവസം സ്വസ്ഥമായി താമസിക്കണമെന്നു ചിന്തിക്കുമ്പോൾതന്നെ അതെന്തോ ചെയ്യാൻ പറ്റാത്ത കാര്യമാണെന്ന തോന്നലുണ്ട്. കുട്ടികളും ഭർത്താവുമില്ലാത്ത സ്വസ്ഥത പലർക്കും അസ്വസ്ഥതയാണ്. കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ചുപോയി അവരൊന്നു വീണാലോ കയ്യൊടിഞ്ഞാലോ ആൾക്കാർ എന്നെക്കുറിച്ച് എന്തു പറയുമെന്ന് ഒരുവട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ട്. ‘നീ ഒരു ബ്രേക്ക് എടുക്കെന്നു' പറഞ്ഞ ഭർത്താവ് മറ്റെല്ലാവരെക്കാളും പുരോഗമനം ഉള്ള ആളാണെന്നും അങ്ങനെ ചിന്തിക്കുന്ന ആണുങ്ങൾ ഒരു വലിയ സംഭവമാണെന്നും തോന്നിയിട്ടുണ്ട്. അത്​ മനുഷ്യന്റെ- ആണായാലും പെണ്ണായാലും- മനുഷ്യത്വമോ അല്ലെങ്കിൽ സാഹചര്യം അനുസരിച്ചു ചെയ്യുകയോ പെരുമാറുകയോ ചെയ്യേണ്ട ബേസിക് കാര്യങ്ങളാണെന്നു ചിന്തിക്കാൻ കഴിയാതെ പോയ കാലങ്ങളുണ്ട്. കുഞ്ഞുങ്ങളെ കൂടാതെ ഒരു നല്ല ഭക്ഷണം കഴിക്കാൻ പോയാൽ "നീ എന്തൊരമ്മയാണ്​' എന്ന്​ ഒരു വട്ടമെങ്കിലും കേട്ടിട്ടുണ്ട്. ജോലി കഴിഞ്ഞ് വീട്ടിൽ വന്നാലുടൻ മോളെ എടുത്തില്ലെങ്കിലോ അവൾക്കു വേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിലോ എന്തെങ്കിലും തെറ്റു ചെയ്യുന്ന പോലെയുള്ള തോന്നലാണ്. അതേസമയം, ഭർത്താവ് ജോലി കഴിഞ്ഞുവരുമ്പോൾ ചായ കൊടുത്തില്ലെങ്കിൽ അത് ശരിയല്ലെന്ന തോന്നലുണ്ട്. എന്റെ ഭർത്താവ് എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തരാറുണ്ടെന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകൾ തന്റെ സ്വാതന്ത്ര്യം ആരുടെയും കയ്യിൽ ഏൽപിച്ചിട്ടില്ല എന്ന കാര്യം പൂർണമായി മറന്നുപോകുന്നുണ്ട്.

ജോയ്‌സിയുടെ കുടുംബം
ജോയ്‌സിയുടെ കുടുംബം

ഹോട്ടൽ മാനേജ്മെന്റ് പെണ്ണുങ്ങൾക്ക് പറഞ്ഞ കോഴ്‌സ് അല്ലെങ്കിലും കുക്കിങ് അവർക്കുമാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. ഇതൊക്കെ നമ്മൾ കണ്ടുവളർന്ന കാര്യങ്ങളാണ്. എന്റെ കുഞ്ഞുങ്ങളടക്കം ഭക്ഷണത്തിന് എന്നെയോ വീട്ടിലുള്ള മറ്റു സ്ത്രീകളെയോ ആണ് ആശ്രയിക്കുന്നത്. അതേ സമയം കോൺഫ്ളക്‌സ് എടുത്തു കൊടുക്കാനാണെങ്കിൽ അവർ ആണുങ്ങളോട് ചോദിക്കാറുണ്ട്. നാലും രണ്ടും വയസുള്ള കുട്ടികൾക്ക് കൃത്യമായറിയാം, ആരോട് എന്തുചോദിക്കണമെന്ന്.

എനിക്ക് ഈ മാസം അവസാനം രണ്ടു ദിവസത്തേക്ക് എറണാകുളം വരെ പോകേണ്ട ആവശ്യമുണ്ട്. അതിന് വേണ്ടി എന്തൊക്കെ ചെയ്യണമെന്ന് എത്രയോ ദിവസം മുൻപ് ഞാൻ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ പോയാൽ ഭർത്താവുണ്ടെങ്കിലും എന്റെ അമ്മക്ക് പണി കൂടുതലാണ്. എന്തൊക്ക പറഞ്ഞാലും മിക്കവാറും കാര്യങ്ങൾക്ക് അവർ അമ്മയെ മാത്രമേ ഡിപ്പൻഡ് ചെയ്യൂ. മാത്രമല്ല, ഞാൻ തനിയെ വണ്ടിയോടിച്ചു പോയാൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ എന്തുചെയ്യും, അതും പോകുന്നത് ഒരു സിനിമയുടെ കാര്യത്തിനാണ്, ഇതു വല്ലതും നമുക്ക് പറഞ്ഞിട്ടുള്ള കാര്യമാണോ, എന്നിട്ടിനി വല്ലതും പറ്റിയാൽ അതുമായി... എന്തൊക്കെ ആധികളാണ്... എല്ലാം കഴിഞ്ഞ് ഇതൊക്കെ ഓകെ ആയാലും പിള്ളേരോട് കാര്യം പറയുമ്പോൾ അമ്മയെന്തിനാണ് പോകുന്നത്, അപ്പായല്ലേ അങ്ങനെ കുറെ ദിവസം പോകുന്നത് എന്ന പരിഭവവും കേൾക്കാം.

ജോലി ചെയ്തുകഴിയുമ്പോൾ പിറകിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ആളാണ് ഭർത്താവ്. അങ്ങനെ കെട്ടിപ്പിടിക്കാത്തതെന്തേ എന്നാണ് കുറെ സ്ത്രീകളുടെയെങ്കിലും ചോദ്യം, അല്ലാതെ ഈ പണിയൊക്കെ ഞങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല എന്നല്ല

ഇതൊക്കെ മാറ്റിയെടുക്കുക എന്നത് പോസിബിളല്ല എന്ന് എനിക്ക് തോന്നാറുണ്ട്. ഇതിനോടൊക്കെ എതിർത്ത് എനിക്ക് പോണം എന്നു പറഞ്ഞിറങ്ങുമ്പോഴും വണ്ടി കേടായാൽ ഞാൻ എന്ത് ചെയ്യുമെന്ന് ഉള്ളിലും പേടിയുണ്ട്. എന്തുകൊണ്ടാണ് നമ്മളിൽ അധികം പേർക്കും വണ്ടിയുടെ ബേസിക് ആയ കാര്യങ്ങൾ അറിയാത്തത്? കൂടി വന്നാൽ ഒരു ടയർ മാറ്റിയിടാം. അതിൽ കൂടുതൽ ടെക്​നിക്കൽ ആയ കാര്യങ്ങളൊക്കെ ആണുങ്ങൾക്ക് പറഞ്ഞ പണിയാണ്. അതാണ് കാര്യം. ഞാൻ ഒരു സ്‌കൂൾ നടത്തുന്നുണ്ട്. അവിടെയും ബിൽഡിങ് എക്‌സ്പാൻഷ്‌നോ ലീഗൽ കാര്യങ്ങളോ വരുമ്പോൾ പപ്പയാണ് ചെയ്യാറ്. അതങ്ങനെ കണ്ടിഷൻഡ് ആണ്.

കുഞ്ഞിലെ മുതൽ കാണുന്ന എല്ലാ ടി.വി പരസ്യങ്ങളിലും അലക്കുന്നതും പാത്രം കഴുകുന്നതും തുടയ്ക്കു​ന്നതുമൊക്കെ സ്ത്രീകളാണ്. ജോലി ചെയ്തുകഴിയുമ്പോൾ പിറകിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ആളാണ് ഭർത്താവ്. അങ്ങനെ കെട്ടിപ്പിടിക്കാത്തതെന്തേ എന്നാണ് കുറെ സ്ത്രീകളുടെയെങ്കിലും ചോദ്യം, അല്ലാതെ ഈ പണിയൊക്കെ ഞങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല എന്നല്ല. അത്രയേറെ ആ പരസ്യങ്ങളും സിനിമകളിലെ കുടുംബത്തിൽ പിറന്ന സ്ത്രീകളും നമ്മെ സ്വാധീനിച്ചിരുന്നു. ഇങ്ങനെ മാറി ചോദിക്കുന്ന സ്ത്രീകളിൽ പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പലതാണ്. ഇനി അതുകേട്ട് പുരുഷൻ വല്ലതും ചെയ്തുപോയാലോ, അവൻ പെങ്കോന്തനുമായി.

ജോയ്‌സിയുടെ പപ്പയും അമ്മയും
ജോയ്‌സിയുടെ പപ്പയും അമ്മയും

എന്റെ അമ്മ ഒരു ടിപ്പിക്കൽ മലയാളി അമ്മയാണ്. മറ്റുള്ളവരുടെ കാര്യമാണ് സ്വന്തം സന്തോഷത്തേക്കാൾ പ്രധാനം. എല്ലാവർക്കും എല്ലാം ചെയ്തുകൊടുത്തുകഴിഞ്ഞാലേ ഉറക്കം വരൂ. അതിരാവിലെ വീട്ടിൽ നിന്ന് ജോലിക്കുപോയി പാതിരാത്രി വീട്ടിൽ കയറി വരുന്ന ആളാണ് പപ്പ. അങ്ങനെയിരിക്കുമ്പോഴാണ് പപ്പ ഒരു ജൻഡർ ട്രെയിനിങ് അറ്റൻഡ് ചെയ്യുന്നതും പിന്നീട് ഫെമിനിസത്തെപ്പറ്റിയും ഇക്വാലിറ്റിയെപ്പറ്റിയുമൊക്കെ ട്രെയിനിങ് കൊടുത്തു തുടങ്ങിയതും. എന്റെ വീട്ടിൽ അതൊരു വലിയ മാറ്റം ആയിരുന്നു. വീടിനകത്തെ ഒരു കാര്യവും ചെയ്യാതിരുന്ന പപ്പ പെട്ടെന്ന് അമ്മയെ സഹായിക്കാൻ തുടങ്ങി. ഇനി പപ്പക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നായി അമ്മയുടെ ചിന്ത. കാര്യമറിഞ്ഞപ്പോൾ ഇത് കൊള്ളാവുന്ന ഏർപ്പാടാണെന്നു അമ്മക്കും തോന്നി. അവരുടെ ജീവിതത്തിൽ ഒരുപാട് മാറ്റമുണ്ടാക്കിയ ഒരു കാര്യമായിരുന്നു അത്. എന്നാലും അടുക്കളയുടെ ഉത്തരവാദിത്വം അമ്മക്കു തന്നെയാണ്. സഹായിക്കുക എന്നതാണ് പപ്പയടക്കമുള്ള ബാക്കിയുള്ളവർ ചെയ്തുപോന്നത്.

ഈ ഉത്തരവാദിത്തവും സഹായവും വല്ലാതെ അന്തരമുള്ള രണ്ടു സാധനങ്ങളാണ്. അവിടെയുമുണ്ട് മറ്റൊരു രസം, ഭാര്യയും കൂടി ജോലിക്കു പോയാൽ അത് ഭർത്താവിനുള്ള ഒരു സഹായമായാണ് കണക്കാക്കുക, അല്ലാതെ bread winner ആയി അവളെ കാണാൻ ബുദ്ധിമുട്ടാണ്. പക്ഷെ ഭർത്താവൊന്ന് അടുക്കളയിൽ സഹായിച്ചാൽ അതൊരു മഹത്തായ കാര്യവും. "അടുക്കളയിൽ ഇനിയെന്തു പണി, കുക്കിങ് മുഴുവൻ നമ്മളല്ലേ ചെയ്തതെന്ന' സിനിമയിലെ ഡയലോഗ് പോലെയാണത്. ഒരു പാത്രം അടുക്കളയിൽ കൊണ്ടുവച്ചാൽ പുരുഷന് കിട്ടുന്ന കയ്യടിയുടെ ഒരംശം പോലും ഭർത്താവിനെപോലെ ജോലിക്കുപോയി കുടുംബം നോക്കാൻ "സഹായിക്കുന്ന' ഭാര്യക്കില്ല.

ഞങ്ങൾക്ക് ആദ്യത്തെ പെൺകുഞ്ഞുണ്ടായപ്പോൾ എന്റെ അമ്മച്ചി ചെവിയിൽ വന്ന് ആദ്യം പറഞ്ഞത് വിഷമിക്കേണ്ട എന്നാണ്. എന്താണ് പുള്ളിക്കാരി ഉദ്ദേശിച്ചതെന്നു മനസിലായത് ഇനീം പ്രസവിക്കാലോ, അത് ആൺകുട്ടി തന്നെയാവും എന്നു പറഞ്ഞപ്പോഴാണ്

ഇനിയുമുണ്ട് രസങ്ങൾ... ഞാനും ഭർത്താവും കൂടിയാണ് കുടുംബത്തിലെ തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷെ പുള്ളി പറയുന്നതിനപ്പുറത്തേക്കു ഞാൻ പോവാറില്ല എന്നു പറയുന്നതുപോലത്തെ കാര്യങ്ങൾ. എന്തൊരു വിരോധാഭാസമാണിത്... അത് മറ്റുള്ളവരോട് സ്വന്തം നാക്കുകൊണ്ടു പറയുമ്പോൾ പോലും നമ്മിൽ പലരും അതിന്റെ അർത്ഥം മനസിലാക്കുന്നില്ല എന്നത് സങ്കടമാണ്. അധികാരം എപ്പോഴും അവരുടെ കയ്യിലാണ്, അത് നമ്മിൽ പലരും ആസ്വദിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ അറിയാതെയെങ്കിലും അതാണ് ശരിയെന്നു ചിന്തിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകൾ എപ്പോഴും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

"അടുക്കളേൽ പണിയില്ലേ, പിന്നെന്താ രാവിലെ പത്രം വായന, നീ ജോലിക്കു പോയാൽ കുട്ടികളും പ്രായമായ അച്ഛനും അമ്മയും എന്തു ചെയ്യും, ഈ പ്രസവവും കുട്ടികളെ നോക്കലുമൊക്കെ എല്ലാ സ്ത്രീകളും ചെയ്യുന്നതല്ലേ, പിന്നെ നിനക്കു മാത്രമെന്താ ഇത്ര പ്രശ്‌നം, നീ തോന്നുമ്പോ വീട്ടിക്കേറി വന്നാ മറ്റുള്ളവരോട് സമാധാനം പറയാൻ എനിക്ക് വയ്യ, അല്ലാതെ എനിക്കതിൽ പ്രശ്‌നമുണ്ടായിട്ടല്ല, സൗന്ദര്യം മനസ്സിലാണ് അല്ലാതെ ബ്യൂട്ടി പാർലറിൽ പോകേണ്ട കാര്യമില്ല, മുടിയെന്തിനാണ് വെട്ടുന്നത് അതു ഭംഗിയല്ലേ, ആണുങ്ങൾക്കിഷ്ടം ഇത്തിരി തടിച്ച ശരീരമല്ലേ, ചുമ്മാ ജിമ്മിലൊന്നും പോകണ്ടന്നേ, നിനക്കു രണ്ടു പെൺപിള്ളേരല്ലേ, ഒരാണും കൂടി വേണ്ടേ, പ്രസവം നിർത്തണ്ട... അങ്ങനെയങ്ങനെ എത്രയെത്ര ഉപദേശങ്ങൾ... ഒടുവിൽ ഇല വന്നു മുള്ളേൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും ഇലക്കാണ് കേട് എന്നു പറയുമ്പോൾ അതിൽ ഇല ഞാനാണെന്ന് ആരും പറയാതെ പെണ്ണുങ്ങൾക്ക് തോന്നുന്നത്ര നമ്മൾ കണ്ടിഷൻഡ് ആണ്. ആരാണ് പറഞ്ഞത് നമ്മളാണ് ഇലയെന്ന്?.. ഇന്ന ആൾ എന്നു ചൂണ്ടിക്കാണിക്കാൻ ഒരാൾ ഇല്ല. പക്ഷെ അങ്ങനെ നമ്മൾ ആയിത്തീർന്നിരിക്കുന്നു. നമ്മളൊക്കെ അങ്ങനെ ചിന്തിക്കാനാണ് പഠിച്ചിരിക്കുന്നത്.

ഞങ്ങൾക്ക് ആദ്യത്തെ പെൺകുഞ്ഞുണ്ടായപ്പോൾ എന്റെ അമ്മച്ചി ചെവിയിൽ വന്ന് ആദ്യം പറഞ്ഞത് വിഷമിക്കേണ്ട എന്നാണ്. എന്താണ് പുള്ളിക്കാരി ഉദ്ദേശിച്ചതെന്നു മനസിലായത് ഇനീം പ്രസവിക്കാലോ, അത് ആൺകുട്ടി തന്നെയാവും എന്നു പറഞ്ഞപ്പോഴാണ്. എന്റെ അമ്മച്ചീ, ഞാൻ ആഗ്രഹിച്ചത് ആരോഗ്യമുള്ള ഒരു കുഞ്ഞിനെയാണ്, അല്ലാതെ ആൺകുട്ടിയേ ആകാവൂ എന്നല്ല. പുള്ളിക്കാരിക്ക് ഞാൻ പറഞ്ഞത് മനസിലായിട്ടുപോലുമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. പിന്നെയുണ്ടായ രണ്ടു പേരും പെണ്ണായപ്പോൾ സാരമില്ല നിർത്തണ്ട ഒരാണും കൂടി വേണ്ടേ ഇല്ലേൽ ശരിയാവില്ല എന്ന് എത്രപേർ പറഞ്ഞിരിക്കുന്നു? എന്താണ് ശരിയാവാത്തത് എന്നു ചോദിച്ചാൽ വ്യക്തമായ ഉത്തരം ഇല്ല. ഇനി അതിനുത്തരം പറയുന്നവരോട് സംസാരിക്കുന്നതിലും ഭേദം മിണ്ടാതിരിക്കുന്നതാണെന്നു തോന്നും.

ഞങ്ങളുടെ സ്‌കൂളിൽ ജോലി ചെയ്യുന്ന ഒരു ചേച്ചി (പേരു പറയുന്നില്ല) അടിപൊളിയാണെന്നു എനിക്ക് എപ്പോഴും തോന്നാറുണ്ട്. അവർ മൂന്നു സ്ത്രീകളാണ് വീട്ടിൽ. ഭർത്താക്കന്മാർ ഉപേക്ഷിച്ച അല്ലെങ്കിൽ മരിച്ചു പോയ മൂന്നു സ്ത്രീകളും അതിൽ ഒരാളുടെ മൂന്നു പെണ്മക്കളും. ചേച്ചിയാണ് ആ വീട്ടിലെ പുരുഷൻ എന്ന് മറ്റുള്ളവർ കളിയാക്കി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവർ സ്‌കൂളിലും മറ്റു വീടുകളിലും ജോലി ചെയ്യും. ഒരു വസ്തു പക്ഷെ കുക്ക് ചെയ്യാൻ അറിയില്ല.. എന്തിന്, ഗ്യാസ് വരെ കത്തിക്കില്ല. പക്ഷെ എല്ലുമുറിയെ മറ്റുപണികൾ ചെയ്യും, ആവശ്യമുള്ള എല്ലാ ഓഫീസുകളിലും കയറിയിറങ്ങും. വൈകുന്നേരം വീട്ടിലെത്തിയാൽ വിശ്രമിക്കും. മറ്റുള്ള സ്ത്രീകൾ അവർക്ക് വേണ്ടത് ചെയ്തുകൊടുക്കും. അതവർ കാലങ്ങളായി ചെയ്തുവരുന്ന കാര്യങ്ങളാണ്. പുരുഷന്മാരോ മറ്റു സഹായങ്ങളോ ഇല്ലാതിരുന്നിട്ടും അവർ രണ്ടു പെണ്മക്കളെയും കെട്ടിച്ചു. മൂന്നാമത്തെ ആളുടെ കല്യാണം ആയി. പക്ഷെ ഇപ്പോളും അവരാണ് വീട്ടിലെ ‘പുരുഷൻ' എന്നത് അവരെ കളിയാക്കി പറയുന്ന കാര്യമാണ്, അല്ലാതെ അഭിമാനത്തോടെ പറയുന്ന കാര്യമല്ല.

സ്വന്തം കാര്യം ചെയ്യാൻ കഴിയുക എന്നത് ഒരു മനുഷ്യന്റെ നിലനിൽപ്പിന്റെ കാര്യമാണ്. അതിന്റെ ഭാഗമാണ് ചോറും കറിയും ഉണ്ടാക്കുന്നതും കക്കൂസ് കഴുകുന്നതും ഒക്കെ

പെണ്ണായാൽ അടക്കവും ഒതുക്കവും വേണമെന്ന് കേൾക്കാതെ വളർന്ന ഒരു പെണ്ണും ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല. ഇല്ലാതെ വളർന്നിട്ടുള്ളവരോട് എനിക്ക് അസൂയയുണ്ട് കേട്ടോ (ആ സൂക്കേടും പെണ്ണുങ്ങൾക്ക് മാത്രമുള്ളതാണ്, മറക്കണ്ട).
അവൾ അടിച്ചു വാരട്ടെ, നീ അവിടെയിരിക്ക് എന്നാണ് നമ്മുടെ ആൺകുട്ടികൾ കേട്ടുവളരുന്നത്. ആ ആങ്ങള പെങ്ങളുടെ കാവൽക്കാരനായാണ് പിന്നെ വലുതാവുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി വളർത്തുന്ന ചിലർ പറയുന്നത് ഞാൻ അവളെ ആൺകുട്ടിയായാണ് വളർത്തുന്നതെന്നാണ്. ഇതിൽ എന്താണ് മാറ്റം എന്നുവച്ചാൽ, രണ്ടാമത്തെയാൾ ഞാൻ പുരോഗമനത്തിന്റെ അങ്ങേ അറ്റത്താണെന്നാണ്. അത്രയുമാണ് നമ്മിൽ പലരുടെയും വളർച്ച. സമൂഹത്തിന്റെ മാറ്റം കുടുംബത്തിൽ നിന്ന് തുടങ്ങണമെന്നല്ലേ ചൊല്ല്. പക്ഷെ കുടുംബത്തിൽ നിന്ന് മാറ്റം തുടങ്ങിയ സ്ത്രീകളുടെയൊക്കെ അവസ്ഥ അത്ര സുഖകരമല്ല. എങ്കിലും ഒക്കെ തരണം ചെയ്ത് തലയുയർത്തി നിൽക്കുന്നവരും കുറവല്ല.

സ്വന്തം കാര്യം ചെയ്യാൻ കഴിയുക എന്നത് ഒരു മനുഷ്യന്റെ നിലനിൽപ്പിന്റെ കാര്യമാണ്. അതിന്റെ ഭാഗമാണ് ചോറും കറിയും ഉണ്ടാക്കുന്നതും കക്കൂസ് കഴുകുന്നതും ഒക്കെ. മറ്റൊരാൾ ഇതൊക്കെ ചെയ്യാൻ വീട്ടിലുണ്ട് എന്നതുകൊണ്ട് മാത്രമാണ് ഞാനിതുചെയാത്തത് എന്നത് മുടന്തൻ ന്യായമാണ്. അതു നിങ്ങളുടെയും കൂടി ആവശ്യമാണ്, എന്റെ മാത്രമല്ല. കുടുംബത്തിലേക്ക് കാശു കൊണ്ടുവരുന്നതും എന്റെയും കൂടെ ആവശ്യമാണ് നിങ്ങളുടേത് മാത്രമല്ല. Great Indian Kitchen കണ്ടതിനു ശേഷം പുരുഷന്റെ കഷ്ടപ്പാടുകൾ വർണിക്കുന്ന കുറേ പോസ്റ്റുകൾ കണ്ടിരുന്നു. ജോലി ചെയ്യാൻ ഇഷ്ടമില്ലാത്ത സ്ത്രീകളെ പറ്റിയും. (വീട്ടുജോലി അല്ല കേട്ടോ, അതൊരു ജോലി അല്ലല്ലോ) അങ്ങനെ ജോലി ചെയ്യാൻ ഇഷ്ടമില്ലാത്ത സ്ത്രീകൾക്കുവേണ്ടി പുറത്തുപോയി കഷ്ടപ്പെടുന്ന പുരുഷന്മാർ പറയുന്നത് "അത്തരം സ്ത്രീകളെ ആരും കുറ്റം പറയാറില്ലല്ലോ പക്ഷെ ഞാൻ ജോലിക്കു പോയില്ലെങ്കിൽ എന്നെ എല്ലാരും കുറ്റം പറയാറില്ലേ' എന്നാണ്. അതുതന്നെയാണ് ഞാൻ ഇത്രയും നേരം പറഞ്ഞുവന്നത് നീയും കൂടി ജോലി ചെയ്തുവേണം നിന്റെ കുടുംബം നോക്കാൻ എന്നു നമ്മൾ പഠിപ്പിച്ചിട്ടില്ല. നീ അടുക്കളയിൽ ഇരുന്നാൽ മതി എന്നാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. അതൊക്കെ മാറ്റിപ്പിടിക്കുന്നുണ്ടെന്നു പറഞ്ഞാലും വേണ്ടത്ര ആയിട്ടില്ല.

ഈയിടക്ക് മൈത്രേയൻ പറയുന്നത് കേട്ടു; നമ്മളിപ്പോളും ഒരു ഓഫീസിൽ ചെന്ന് കാര്യം നടത്തണമെങ്കിൽ "അപേക്ഷ' യാണ് കൊടുക്കേണ്ടത്. അല്ലാതെ നികുതി കൊടുക്കുന്ന നമ്മുടെ അവകാശമായി ഒന്നിനെയും കാണുന്നില്ല. അതു നമ്മൾക്ക് ഒരു പ്രശ്‌നമായി തോന്നുന്നുമില്ല. ഇതുപോലെ തന്നെയാണ് സ്ത്രീകളുടെ കാര്യവും. ഒക്കെ normalised ആണ്. നമ്മളിപ്പോഴും അവകാശങ്ങൾക്കായി അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അത് മാറ്റണമെന്ന് പറയുന്നവർക്കാണ് കുഴപ്പം എന്നാണ് പലരുടെയും ചിന്ത. സത്യത്തിൽ അദ്ദേഹം അത് പറഞ്ഞപ്പോഴാണ് അതു ശരിയായണല്ലോ എന്നു ഞാൻ ചിന്തിക്കുന്നത്. അത്രമാത്രമുണ്ട് എന്റെ പുരോഗതി.
അപ്പൊ ചുരുക്കി പറഞ്ഞാൽ മാറ്റം എളുപ്പമല്ല. അതു എന്നിൽനിന്നുതന്നെ തുടങ്ങണം. എളുപ്പമല്ല, പക്ഷെ അത്യാവശ്യമാണ്. ▮


ജോയ്​സി ജോയ്​

കോമൺഗ്രൗണ്ട്​സ്​ ഇൻറർനാഷനൽ അക്കാദമിയുടെ അക്കാദമിക്​ ഹെഡ്​. ലാൽ ജോസിന്റെ സിനിമകളിൽ അസിസ്​റ്റൻറ്​ ഡയറക്​ടറായും മറ്റു സിനിമകളിൽ ലാംഗ്വേജ്​ ട്രെയിനറായും വർക്കുചെയ്​തിട്ടുണ്ട്​.

Comments