‘ആത്മഹത്യയാക്കി’ പൊലീസ് അടച്ച ഫയൽ തുറക്കണം, ചാലിയാറിലെ പെൺകുട്ടിക്ക് നീതിവേണം

കരാട്ടെ അധ്യാപകനെതിരെ പോക്സോ കേസ് നൽകാൻ തീരുമാനിച്ചിരിക്കെ ചാലിയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടിയുടെ ഓർമ്മകൾക്ക് രണ്ട് വർഷം. കുട്ടിയുടെ മരണത്തിന് പിന്നിലെ കൊലപാതക സാധ്യതകൾ അന്വേഷിക്കാതെ ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് ഫയൽ മടക്കിയിരിക്കുകയാണ് പോലീസ്. സിദ്ദീഖ് അലിയെന്ന കരാട്ടെ അധ്യാപകനെ സംരക്ഷിക്കുന്നത് ആരാണ്?

ണ്ട് വർഷം മുമ്പ്, 2024 ഫെബ്രുവരി 19-ന് വൈകീട്ട് 7.45-ഓടെ മലപ്പുറം ജില്ലയിലെ വാഴക്കാട് ചാലിയാർ പുഴയോരത്ത് ഒരു 17-കാരി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നു. വാഴക്കാട്ടെ സ്വന്തം വീട്ടിൽ നിന്നും 6.30-ഓടെ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഒന്നേകാൽ മണിക്കൂറിനുള്ളിൽ വീടിനടുത്തുള്ള ചാലിയാർ പുഴയുടെ മുട്ടുങ്ങൽ കടവിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഞെരിയാണിയോളം മാത്രം വെള്ളമുള്ള കടവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി ധരിച്ചിരുന്ന മേലുടുപ്പ് അഴിച്ചു മാറ്റപ്പെട്ട നിലയിലായിരുന്നു. ഷാളും അഴിച്ചിരുന്നു. ശരീരത്തിൽ മുറിവിൻ്റെ പാടുകളുണ്ടായിരുന്നു. ഇരുകാലുകളിലും ചെരിപ്പ് അഴിയാതെ കിടക്കുന്നുണ്ടായിരുന്നു. കൈകൾ രണ്ടും ചേർത്തുവെച്ച നിലയിലായിരുന്നു. പഠിക്കാൻ മിടു മിടുക്കിയായിരുന്ന, ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന, ആദ്യ അവസരത്തിൽ തന്നെ ജെഇഇ പാസ്സായി ഇന്ത്യയിലെ മികച്ച ഐഐടിയിൽ പ്രവേശനം ഉറപ്പാക്കി, സുനിത വില്ല്യംസിനെ പോലെ സ്പേസ് ശാസ്ത്രജ്ഞയാവാൻ ആഗ്രഹിച്ച പെൺകുട്ടിയാണ് തൻെറ സ്വപ്നങ്ങളിലേക്ക് പറക്കുന്നതിന് മുമ്പ് പാതിവഴിയിൽ അരിയപ്പെട്ടത്. കോഴിക്കോട് നഗരത്തിലെ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി ആയിരുന്നു ആ മിടുക്കി.

Read: നീതിക്കായി
ഇപ്പോഴും പോരാടുകയാണ്,
ചാലിയാറിലെ പെൺകുട്ടി

കുട്ടിയുടെ മരണത്തിന് പിന്നാലെ നാട്ടിലും വീട്ടിലും നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നു. നാട്ടിൽ 25 വർഷത്തോളമായി പ്രവർത്തിക്കുന്ന ഒരു കരാട്ടെ സ്ഥാപനവും അവിടുത്തെ അധ്യാപകൻ ഊർക്കടവ് വലിയാട്ട് വീട്ടിൽ സിദ്ദിക്ക് അലിയും പ്രതിക്കൂട്ടിലേക്ക് വന്നു. നാടിനെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച് അയാൾ സ്വന്തം വീടിന് മുകളിൽ നടത്തിയ കരാട്ടെ പരിശീലനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്ന് വന്നു. സിദ്ദീഖ് അലിക്കെതിരെ പോക്സോ പരാതി നൽകാൻ ധൈര്യത്തോടെ ഇറങ്ങിത്തിരിച്ച, താനും മറ്റ് കുട്ടികളും ഏറെക്കാലമായി അനുഭവിച്ച് കൊണ്ടിരുന്ന അനീതികൾക്കെതിരെ ശബ്ദിക്കാനുറച്ച പെൺകുട്ടിയെയാണ് പെട്ടന്ന് കാണാതായതും, ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയതും. അതും അയാൾക്കെതിരെ പതിനാല് പേജ് പരാതി വാഴക്കാട് പോലീസിന് കൊടുത്ത ശേഷം കേസുമായി മുന്നോട്ട് പോകവേ…

ചാലിയാർ പെൺകുട്ടി മരിച്ചതിന്റെ ഒന്നാം വാർഷിക അനുസ്മരണയോഗത്തിൽ  സ്​ത്രീപക്ഷ പ്രവർത്തകയും ആക്​റ്റിവിസ്​റ്റുമായ  ഗീത സംസാരിക്കുന്നു.
ചാലിയാർ പെൺകുട്ടി മരിച്ചതിന്റെ ഒന്നാം വാർഷിക അനുസ്മരണയോഗത്തിൽ സ്​ത്രീപക്ഷ പ്രവർത്തകയും ആക്​റ്റിവിസ്​റ്റുമായ ഗീത സംസാരിക്കുന്നു.

ആത്മഹത്യക്ക് ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാർ ഉറപ്പിച്ച് പറയുമ്പോഴും കേസ് അന്വേഷണം തുടങ്ങിയ സമയം മുതൽ പോലീസിന് അത് ആത്മഹത്യയായിരുന്നു. അവർ കുട്ടിയുടെ മരണം ആത്മഹത്യ ആക്കി ചിത്രീകരിക്കാൻ ശ്രമിച്ചു. ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും, അന്വേഷണം ശരിയായല്ല നടക്കുന്നത് എന്ന് മനസിലാക്കി വീട്ടുകാർ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് മുന്നോട്ട് വന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരം അങ്ങനെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണവും തൃപ്തികരമല്ല എന്നും ലോക്കൽ പോലീസിൻ്റെ അതേ പാതയിലാണ് മുന്നോട്ട് പോകുന്നത് എന്നും അന്വേഷണ സംഘം കുട്ടിയുടെ മരണം ആത്മഹത്യ ആക്കാൻ ശ്രമിക്കുന്നു എന്നും കുടുംബം പരാതി ഉന്നയിച്ചിരുന്നു. രണ്ട് വർഷത്തിനിപ്പുറം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് എഴുതിവെച്ച് അവർ ഫയൽ മടക്കി. മരണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ സംശയങ്ങൾക്കൊന്നിനും അവർക്ക് കൃത്യമായ മറുപടികളില്ല. മരണത്തിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ സിദ്ദീഖ് അലിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. അയാളുടെ മാനസികവും ശാരീരികവുമായ പീഡനമാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് പറയുന്നുണ്ട്. എന്നാൽ ആസൂത്രിതമായ കൊലപാതകത്തിൻെറ സാധ്യതയിലേക്ക് കണ്ണ് തുറക്കാൻ പോലീസ് ഒരു ഘട്ടത്തിലും തയ്യാറായതേയില്ല.

കരാട്ടെ സ്ഥാപനത്തിൻെറ മറവിൽ നടന്നത്

സിദ്ദീഖ് അലിയുടെ കരാട്ടെ സ്ഥാപനം, കുപ്രസിദ്ധനായ ജെഫറി എപ്സ്റ്റീൻെറ ലിറ്റിൽ സെൻറ് ജെയിംസ് ദ്വീപ് പോലെ വളരെ ആസൂത്രിതമായി മുന്നോട്ട് പോയിരുന്ന ഒരു കെണിയിടമായിരുന്നുവെന്ന് പറയുന്നതിൽ അതിശയോക്തി ഉണ്ടാവില്ല. അവിടെ അയാൾ കേവലം കരാട്ടെ അധ്യാപകൻ എന്നതിനപ്പുറത്ത് കുട്ടികളുടെ പരമഗുരുവായി ചമയുകയായിരുന്നു. മനസ്സും ശരീരവും തനിക്ക് അർപ്പിക്കണമെന്ന് കുട്ടികളോട് നിരന്തരം അയാൾ പറയുമായിരുന്നു. സ്കൂളുകളിലും മറ്റുമായി നടത്താറുള്ള കരാട്ടെ ക്യാമ്പുകളിലൂടെയാണ് സിദ്ദീഖ് അലി തൻെറ വാഴക്കാടുള്ള വീട്ടിലെ പഠനകേന്ദ്രത്തിലേക്ക് കുട്ടികളെ എത്തിച്ചിരുന്നത്. കരാട്ടെ പഠിക്കാനെത്തുന്ന ഓരോ കുട്ടിയെയും കുറിച്ച് അയാൾ കാര്യമായി തന്നെ ഒരു പഠനം നടത്തുമായിരുന്നു. വീട്ടിലെ സാഹചര്യങ്ങൾ അടക്കം കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും മനസ്സിലാക്കും. വീട്ടുകാരുടെ വിശ്വാസം നേടിയെടുക്കും. കുട്ടികളെ പലതരത്തിൽ പലകാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊണ്ടേയിരിക്കും. അയാളുടെ വലയിൽ അവരെ വീഴ്ത്തും. കരാട്ടെ ക്ലാസ്സിൽ നടക്കുന്നത് അവിടെ അവസാനിപ്പിക്കണമെന്നും അതിനപ്പുറത്തേക്ക് അവ ആലോചിക്കരുതെന്നും പറയും. കരാട്ടെ പഠിപ്പിക്കുകയെന്ന വ്യാജേന അയാൾ ദുരുപയോഗം ചെയ്യുന്നത് കുട്ടികൾക്ക് പോലും മനസ്സിലാവാറുണ്ടായിരുന്നില്ല.

കരാട്ടേ അധ്യാപകൻ വി. സിദ്ദീഖ് അലി. പോക്സോ കേസിൽ ഇയാൾ അറസ്റ്റു ചെയ്യപ്പെട്ടു.
കരാട്ടേ അധ്യാപകൻ വി. സിദ്ദീഖ് അലി. പോക്സോ കേസിൽ ഇയാൾ അറസ്റ്റു ചെയ്യപ്പെട്ടു.

ചാലിയാറിൽ മരണപ്പെട്ട പെൺകുട്ടിയെയും അയാൾ തെറ്റിദ്ധരിപ്പിക്കുകയും ദുരുപയോഗം ചെയ്യുകയുമായിരുന്നു. ഷെയ്ക് ഹാൻഡ് മുതൽ തുടങ്ങി അയാൾ ചെയ്യുന്ന കാര്യങ്ങളിൽ പന്തികേടുണ്ടെന്ന് പലപ്പോഴും കുട്ടിക്ക് തോന്നാറുണ്ടായിരുന്നു. ക്ലാസിലെ സീനിയർ പെൺകുട്ടികളോട് ഈ വിഷയങ്ങൾ പറഞ്ഞപ്പോൾ അവർ സിദ്ദീഖ് അലിക്ക് കൂട്ട് നിന്ന് സംസാരിക്കുകയായിരുന്നു. ഇതൊന്നും പുറത്ത് പറയേണ്ടതില്ല എന്നും അയാളുടെ പ്രവർത്തികളിൽ സംശയം തോന്നുന്നത് കുട്ടിയുടെ പ്രശ്നം ആണെന്നുള്ള നിർദ്ദേശവും കിട്ടി. പുറത്ത് പറയാനുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ട് അയാൾ ഇത്തരത്തിൽ ദുരുപയോഗം തുടർന്ന് കൊണ്ടേയിരുന്നു. ഒരിക്കൽ ഒട്ടും സഹിക്കാനാവാത്ത തരത്തിൽ സിദ്ദീഖ് അലി കുട്ടിയെ ഉപദ്രവിക്കുന്ന സാഹചര്യമുണ്ടായി. ആ അനുഭവം അവളെ മാനസികമായി വല്ലാതെ വേട്ടയാടി. തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വീട്ടിലെത്തി സഹോദരിയോട് മാത്രം കുട്ടി സൂചിപ്പിച്ചു. പറഞ്ഞ കാര്യങ്ങൾ സഹോദരിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതായിരുന്നില്ല. അത്രമാത്രം ഞെട്ടിക്കുന്നത് ആയിരുന്നു. തന്നോട് മാത്രമല്ല, മറ്റ് കുട്ടികളോടും മാഷ് ഇങ്ങനെ പെരുമാറാറുണ്ടെന്നും കുട്ടി സഹോദരിയോട് സൂചിപ്പിച്ചു.

ചാലിയാറിലെ പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരിച്ചുകിടന്ന കടവ്.
ചാലിയാറിലെ പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരിച്ചുകിടന്ന കടവ്.

ഇത്രയും ഗുരുതരമായ കാര്യം വെറുതെ വിടാൻ പറ്റില്ലെന്ന് ഉറപ്പിച്ചാണ് കുട്ടിക്കൊപ്പം സഹോദരിയും കരാട്ടെ ക്ലാസ്സിൽ ചോദിക്കാൻ ചെല്ലുന്നത്. അനിയത്തിയോട് എന്തിനിങ്ങനെ ചെയ്തുവെന്ന ചോദ്യത്തിന് മുന്നിൽ അധ്യാപകൻ പരുങ്ങുന്നുണ്ടായിരുന്നു. തെറ്റ് പറ്റിയെങ്കിൽ പൊറുക്കണമെന്നൊക്കെ അയാൾ അന്ന് തങ്ങളോട് പറഞ്ഞതായി കുട്ടിയുടെ സഹോദരി ട്രൂകോപ്പി തിങ്കിനോട് സംസാരിക്കവേ പറഞ്ഞു. അയാളുടെ നിരന്തരമായ ഉപദ്രവത്തെപ്പറ്റി കരാട്ടെ ക്ലാസ്സിൽ പഠിക്കുന്ന മറ്റു കുട്ടികളും പലരോടും സംസാരിച്ചിരുന്നു. എന്നാൽ ഇതൊന്നും സമൂഹത്തിലോ അവരുടെ വീട്ടിലോ പോലും പറഞ്ഞാൽ വിശ്വസിക്കില്ലെന്നും കുട്ടികൾക്ക് തോന്നിയിരുന്നു. ആവശ്യമായ പിന്തുണ ഈ വിഷയത്തിൽ ലഭിക്കില്ലെന്നും അനുസരിച്ച് നിൽക്കുകയേ നിവൃത്തിയുള്ളൂ എന്നും കുട്ടികളെ അയാൾ ബോധിപ്പിച്ചിരുന്നു. സമൂഹത്തിൽ അതീവ മാന്യ പരിവേഷം അയാൾ സൃഷ്ടിച്ചെടുത്തിരുന്നു.

"അനിയത്തിയെ സംബന്ധിച്ചിടത്തോളം ഈ ഘട്ടം ഏറെ വിഷമകരമായിരുന്നു. ഇത്രയും കാലം നടന്നത് അബ്യൂസ് ആണെന്ന് കുട്ടി കൃത്യമായി റിയലെസ് ചെയ്യുന്നത് അപ്പോഴാണ്." സഹോദരി പറഞ്ഞു. കരാട്ടെ അധ്യാപകൻ, മാഷിൻ്റെ ക്രൂരതക്ക് കൂട്ട് നിന്ന കരാട്ടെ ക്ലാസിലെ ചേച്ചിമാർ എല്ലാം പേടി സ്വപ്നം ആയിരുന്നു. സിദ്ദീഖ് അലിയോട് ചോദിക്കാൻ പോയ ദിവസമാണ് കുട്ടി അവസാനമായി കരാട്ടെ ക്ലാസ് നടക്കുന്നിടത്ത് പോയിട്ടുള്ളത്. പിന്നീട് കേസുമായി മുന്നോട്ട് പോവുന്നതിലായിരുന്നു ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും, പ്രത്യേകിച്ച് അവൾ നീതി അത്രക്ക് ആഗ്രഹിച്ചിരുന്നു.

കരാട്ടെ ക്ലാസിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വിശദീകരിച്ച് കൊണ്ട് കുട്ടി പിന്നീട് 14 പേജുള്ള ഒരു കത്ത് എഴുതി. ലൈംഗികമായി നേരിട്ട ഉപദ്രവങ്ങളെക്കുറിച്ചും, മറ്റുള്ളവർ നേരിട്ടിട്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം കത്തിൽ പറയുന്നുണ്ട്. അതൊരു ലൂപ്പ് ആണെന്ന് അവൾ പറയുന്നുണ്ട്. എങ്ങനെയും കേസുമായി മുന്നോട്ട് പോവണമെന്നായിരുന്നു അവളുടെ തീരുമാനം. അങ്ങനെ മുന്നോട്ട് പോവുമ്പോൾ അയാളുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാനുള്ള, ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാവുമോയെന്ന് അവൾ ഭയപ്പെട്ടിരുന്നു. മുൻപ് അയാൾക്കെതിരെ പരാതി കൊടുത്ത പെൺകുട്ടിയെ അപമാനിക്കുകയും അയാൾ ജയിക്കുകയുമാണ് ചെയ്തത്.

കുട്ടി മരിച്ച ദിവസം സംഭവിച്ചത്…

കുടുംബത്തിൽ അടുത്ത ഒരു ബന്ധുവിൻ്റെ മരണം സംഭവിച്ചതിനെ തുടർന്ന് വീട്ടുകാർ തിരക്കിലായിരുന്നു, മരണം കാരണം കേസ് കൊടുക്കുന്നത് ഒരു ദിവസം നീട്ടിവെക്കേണ്ടി വന്നു. കേസ് കൊടുക്കാനിരിക്കവെ തലേന്ന് 2024 ഫെബ്രുവരി 19 വൈകീട്ട് 6.30-ഓടെയാണ് പെട്ടെന്ന് കുട്ടിയെ കാണാതാവുന്നത്. കേസ് കൊടുക്കാൻ പോകണമെന്ന് അന്ന് വൈകീട്ടും അവൾ പറഞ്ഞിരുന്നു. കേസുമായി മുന്നോട്ട് പോകുകയാണെന്ന് സുഹൃത്തുക്കളോടും അവൾ പറഞ്ഞിരുന്നു. ഉമ്മയും ഉപ്പയും മരണവീട്ടിൽ പോയി തിരിച്ച് വന്നപ്പോൾ അവർക്ക് ചായ ഉണ്ടാക്കി കൊടുക്കുന്നതെല്ലാം അവളാണ്. നല്ല ഉഷാറിൽ സംസാരിച്ചിരുന്നു അവൾ. പിന്നീട് മുകളിൽ അവളുടെ മുറിയിലേക്ക് പോയി. നന്നായി പുസ്തകങ്ങൾ വായിക്കുന്ന കുട്ടിയാണ്. വായിക്കാൻ അവൾക്ക് ഇഷ്ടമാണ്. വായിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് അവസാനം അവളെക്കുറിച്ചുള്ള അറിവ്. പിന്നീട് അവൾ മിസ്സിങ്ങായി. എന്താണ് അവിടെ സംഭവിച്ചതെന്നത് അവ്യക്തമാണ്. കുട്ടിയെ കാണുന്നില്ലെന്ന് മനസ്സിലായപ്പോൾ വീടാകെ തിരഞ്ഞു. പിന്നീട് തൊട്ടടുത്തുള്ള പരിസരമാകെ തിരഞ്ഞു. റൂമിൽ ചെന്ന് നോക്കിയപ്പോൾ അവളെ കാണാനില്ല. പറയാതെ ഒരിക്കലും പോലും അവൾ പുറത്തെങ്ങും അന്ന് വരെ പോയിട്ടില്ല. അങ്ങനെ പറയാതെ പോകുന്ന ഒരു പതിവ് ഇല്ല.

“കുട്ടിയെ വീട്ടിൽ കാണുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ ഞങ്ങൾ പുറത്ത് പരിസരങ്ങളിലെല്ലാം തിരഞ്ഞു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് 7.45-ഓടെ കുട്ടിയെ വീട്ടിൽ നിന്ന് അധികം ദൂരമില്ലാത്ത പുഴക്കടവിൽ കണ്ടെത്തുന്നത്. കാണാതായി ഒന്നേകാൽ മണിക്കൂറിനുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത്. അവൾ ധരിച്ചിരുന്ന മേൽക്കുപ്പായം അഴിഞ്ഞ നിലയിലായിരുന്നു. ഷാളും അഴിഞ്ഞ നിലയായിരുന്നു. രണ്ട് കാലിലും ക്രോക്സ് ചെരിപ്പ് അഴിയാതെ കിടപ്പുണ്ടായിരുന്നു. കടവിൽ വളരെ കുറച്ച് മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. ആളുകൾ നടന്നിറങ്ങുന്ന കടവാണ്. കരയോട് ചേർന്നുള്ള സ്ഥലത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കൈകൾ രണ്ടും മുന്നിൽ ചേർത്തുവെച്ച പോലെയായിരുന്നു. കൈകൾ കെട്ടിയിട്ട് കെട്ട് ഊരിയ പോലെ," കുട്ടിയുടെ സഹോദരി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെള്ളത്തിൽ മുങ്ങിയുള്ള മരണം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ചാലിയാർ പെൺകുട്ടി മരിച്ചതിന്റെ ഒന്നാം വാർഷിക അനുസ്മരണയോഗത്തിൽ നിന്ന്.
ചാലിയാർ പെൺകുട്ടി മരിച്ചതിന്റെ ഒന്നാം വാർഷിക അനുസ്മരണയോഗത്തിൽ നിന്ന്.

മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ, വീട്ടുകാരുടെ സംശയങ്ങൾ

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർക്ക് ധാരാളം സംശയങ്ങളുണ്ട്. അവയെല്ലാം പോലീസിന് മുന്നിൽ ഉന്നയിച്ചതുമാണ്. ആ ചോദ്യങ്ങളിൽ ചിലത് ഇവയാണ്:

കുട്ടിയെ എങ്ങനെ കാണാതായി? ആരാണ് അവളെ ഇറക്കി കൊണ്ടു പോയത്? 14 പേജ് പരാതി കൊടുത്ത് കേസുമായി മുന്നോട്ട് പോകവേ അവളെ പെട്ടന്ന് എങ്ങനെ ആണ് കാണാതായത്?

വൈകീട്ട് ആറരയോടെ വീട്ടിൽ നിന്ന് കാണാതായ കുട്ടി സ്വയം പുഴയിൽ ചാടി എന്നാണ് പോലീസ് പറയുന്നത്. എങ്കിൽ അങ്ങനെ ചാടിയാൽ തന്നെ മിനിറ്റുകൾക്കുള്ളിൽ തന്നെ മൃതദേഹം കരക്കടിയുമോ?

ഞെരിയാണിയുടെ അല്പം മുകളിൽ മാത്രം വെള്ളമുള്ളിടത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇത്രയും കുറവ് വെള്ളത്തിൽ ഇങ്ങനെ ഒരാൾ മുങ്ങി മരിക്കുമോ?

കുട്ടിയുടെ മേൽവസ്ത്രവും ഷാളും അഴിച്ച നിലയിലായിരുന്നു. അത് എങ്ങനെയാണ് സംഭവിച്ചിട്ടുണ്ടാവുക?

ഷാൾ അഴിഞ്ഞ നിലയിലായിരുന്നു. അതിൽ കെട്ടുണ്ടായിരുന്നു. ഷാൾ ഉപയോഗിച്ചാണോ കൈകൾ കെട്ടിയത്?

മുറിവുകളും പാടുകളും ശരീരത്തിൽ ഉണ്ടായിരുന്നു. ഇതെല്ലാം എങ്ങനെ സംഭവിച്ചു?

മുങ്ങിമരണമാണെങ്കിൽ വെപ്രാളത്തിൽ കയ്യും കാലും ഇട്ട് അടിക്കേണ്ടതാണ്. ഇരുകാലുകളിലെയും ചെരിപ്പ് അഴിയാത്തത് എന്തുകൊണ്ടാണ്?

കുട്ടി 14 പേജ് പരാതി കൊടുത്ത ശേഷം കുട്ടിയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി എന്നത് പൊലീസ് എന്തുകൊണ്ട് ഗൗരവത്തിൽ കാണുന്നില്ല?

കുട്ടിയെ പിന്തുടർന്നവരെ കണ്ടെത്താനോ അവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനോ പോലും പോലീസ് മുതിരാത്തത് എന്തുകൊണ്ടാണ്?

തുടക്കം മുതലേ തന്നെ കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്താനായിരുന്നു പൊലീസ് ശ്രമിച്ചത്. അന്വേഷണ സംഘം അതിന് പാടുപെടുന്നത് എന്തിന് വേണ്ടിയായിരുന്നു?

നടന്നത് കൊലപാതകമാണെന്ന് സംശയിക്കാൻ തക്കതായ നിരവധി കാരണങ്ങൾ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഉണ്ടായിരുന്നു.

ലോക്കൽ പോലീസ് കാര്യമായി അന്വേഷണം നടത്തുന്നില്ലെന്നും അവർ കേസ് ആത്മഹത്യയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലായതോടെ വീട്ടുകാരും നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട് പലരെയും കണ്ടു പരാതിപ്പെട്ടു. ഒടുവിൽ മുഖ്യമന്തിയെ നേരിട്ട് കണ്ട് കേസിൻെറ വിശദാംശങ്ങൾ ബോധ്യപ്പെടുത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ചാലിയാർ പെൺകുട്ടി മരിച്ചതിന്റെ ഒന്നാം വാർഷികത്തിൽ അവളുടെ 17 സുഹൃത്തുക്കൾ ഒന്നിച്ച് പന്തംകൊളുത്തി അണിനിരന്നപ്പോൾ.
ചാലിയാർ പെൺകുട്ടി മരിച്ചതിന്റെ ഒന്നാം വാർഷികത്തിൽ അവളുടെ 17 സുഹൃത്തുക്കൾ ഒന്നിച്ച് പന്തംകൊളുത്തി അണിനിരന്നപ്പോൾ.

ക്രൈം ബ്രാഞ്ച് അന്വേഷണം വന്നപ്പോൾ വീട്ടുകാർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ വാഴക്കാട് പോലീസ് എങ്ങനെയാണോ അവസാനിപ്പിക്കാൻ ശ്രമിച്ചത് അത് തന്നെയായിരുന്നു ക്രൈം ബ്രാഞ്ചും ചെയ്തത്. തങ്ങളുടെ സംശയങ്ങൾക്ക് വാഴക്കാട് പോലീസിൽ നിന്ന് ലഭിച്ച അതേ മറുപടിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചതെന്ന് കുടുംബം പറയുന്നു. കുട്ടി തട്ടിപ്പടച്ചപ്പോൾ കുപ്പായം ഊരിപ്പോയതാണെന്നും കാലിലെ ക്രോക്സ് എന്തു കൊണ്ടോ ഊരിപ്പോകാത്തത് ആണെന്നും അതൊക്കെ അങ്ങനെ ആണെന്നും അന്വേഷണസംഘം പല തരത്തിൽ പറഞ്ഞുകൊണ്ടേ ഇരുന്നു. അതോടെ അവരിലും പ്രതീക്ഷ നഷ്ടപ്പെട്ട് തുടങ്ങി.

കുട്ടി ആത്മഹത്യ ചെയ്തത് തന്നെയാണെന്നും കേസിൻെറ പിന്നാലെ അധികം നടന്ന് സമയം കളയേണ്ടെന്നുമുള്ള ഉപദേശങ്ങളാണ് ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിച്ചത്. മാസങ്ങളോളം ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോയി. അന്വേഷണത്തിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയെ കണ്ടു. എന്നിട്ടും കുട്ടിയുടെ മരണത്തിൽ വീട്ടുകാർക്കുള്ള സംശയം പരിഗണിക്കാൻ പോലും ക്രൈം ബ്രാഞ്ച് തയ്യാറായതേയില്ല.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന നിർദേശം ബാലാവകാശ കമ്മീഷൻ സർക്കാരിന് നൽകിയിരുന്നു. എന്നാൽ ഈ നിർദേശം പാലിക്കപ്പെട്ടില്ല. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ ഹർജി 1 വർഷമായി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

“കൊലപാതകമാകാമെന്ന സാധ്യത പരിഗണിക്കാൻ പോലും പോലീസ് തയാറായില്ല എന്നതിനപ്പുറം ഞങ്ങൾ ഉന്നയിച്ച സംശയങ്ങളെക്കുറിച്ച് സത്യസന്ധമായ ആത്മാർത്ഥമായ ഒരു അന്വേഷണം പോലും നടത്തുന്നില്ല എന്നതായിരുന്നു ഞങ്ങളുടെ പ്രശ്നം. ആത്മഹത്യയെന്ന് ഉറപ്പിച്ച് കേസ് അന്വേഷണം തുടങ്ങി അങ്ങനെ തന്നെ കേസ് ഫയൽ അടയ്ക്കുകയായിരുന്നു.” സഹോദരി പറഞ്ഞു. കേസിൻെറ പ്രാഥമിക അന്വേഷണം ആരംഭിച്ച വാഴക്കാട് സിഐ മുതൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി, ക്രൈം ബ്രാഞ്ച് എസ് പി തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരോട് വരെ കേസിലെ അപാകതകൾ ചൂണ്ടിക്കാണിച്ചിരുന്നു.

കുട്ടി മരിച്ചതിൻെറ പിറ്റേന്നതിൻെറ പിറ്റേ ദിവസമാണ് സിദ്ദീഖ് അലി പോക്സോ കേസിൽ അറസ്റ്റിലാവുന്നത്. കുട്ടി നേരത്തെ എഴുതി നൽകിയ പരാതിയുടെ പുറത്ത് കേസ് എടുക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടതോടെ എഫ്.ഐ.ആർ ഇട്ട കേസിൽ 2024 ഫെബ്രുവരി 21-ന് സിദ്ദീഖ് അലി അറസ്റ്റിലായി. അറസ്റ്റിലായ ശേഷം ആൾക്കെതിരെ മറ്റ് മൂന്ന് പോക്സോ കേസുകൾ കൂടെ വന്നു. നിലവിൽ പ്രതിക്കെതിരെ നിലവിലുള്ളത് നാല് പോക്സോ കേസുകളാണ്. ജാമ്യത്തിന് വേണ്ടി പ്രതി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചുവെങ്കിലും നിരവധി കുട്ടികളുടെ പരാതി ഉയർന്നതോടെ അനുകൂല വിധിയുണ്ടായില്ല. റിമാൻഡിൽ തന്നെ വിചാരണ തുടരണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഇതിനിടയിൽ ജില്ലാ ഭരണ കൂടം കാപ്പ ഇട്ടു. അതിനാൽ രണ്ട് വർഷത്തോളമായി സിദ്ദീഖ് അലി ജയിലിലാണ്.

“പുറത്ത് നിന്ന് ഇയാൾക്ക് സഹായവും പിന്തുണയും ലഭിക്കുന്നുണ്ട്, നിലവിൽ പോക്സോ കേസുകളുടെ അടിസ്ഥാനത്തിലാണ് സിദ്ദീഖ് അലിയുടെ വിചാരണ നടക്കുന്നത്. കുട്ടിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ചാണ് ഇതുവരെ പോലീസ് അന്വേഷിച്ചത്. വിഷയം അവസാനിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. കൊലപാതകമാണെന്ന നിലയിൽ അന്വേഷണം മുന്നോട്ട് പോവാതിരിക്കാൻ തുടക്കം മുതലേ പലതരത്തിലുള്ള ശ്രമങ്ങൾ നടന്നു. കൊലപാതകത്തിൻെറ സാധ്യത പരിശോധിക്കാൻ പോലും പോലീസ് തയ്യാറാവാത്തത് ആർക്ക് വേണ്ടിയാണ് എന്നാണ് ഞങ്ങളുടെ ചോദ്യം.”കുടുംബം പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന നിർദേശം ബാലാവകാശ കമ്മീഷൻ സർക്കാരിന് നൽകിയിരുന്നു. എന്നാൽ ഈ നിർദേശം പാലിക്കപ്പെട്ടില്ല. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ ഹർജി 1 വർഷമായി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം

നിലവിൽ കുട്ടിയുടെ മരണത്തിൽ സിദ്ദീഖ് അലിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമാണുള്ളത്. കുട്ടി മരിച്ചനാൾ മുതൽ കുടുംബം ഉന്നയിച്ച സംശയങ്ങളും ആരോപണങ്ങളും രണ്ട് വർഷമായിട്ടും അതേപടി തന്നെ നിലനിൽക്കുകയാണ്. ആത്മഹത്യയാണെന്ന് തീരുമാനിച്ചുറപ്പിച്ച് അന്വേഷിച്ച ക്രൈം ബ്രാഞ്ച് കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ മുതൽ കുടുംബം എന്താണോ ആരോപിച്ചിരുന്നത് അത് തന്നെയാണ് കുറ്റപത്രത്തിലും ഉള്ളത്. ദുരൂഹ സാഹചര്യത്തിൽ പതിനേഴുകാരിയുടെ മരണം നടന്നിട്ട് രണ്ട് വർഷമായിട്ടും കേസ് അന്വേഷിച്ചിട്ട് കുടുംബത്തിൻെറ സംശയങ്ങളൊന്നും തന്നെ അഡ്രസ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പിന്നെന്താണ് നമ്മുടെ സിസ്റ്റവും സർക്കാരും പൊലീസുമൊക്കെ ഉറപ്പ് നൽകുന്ന നീതി. ഇനിയും എത്രകാലമാണ് ആ നീതിക്കായി കാത്തിരിക്കേണ്ടത്?

കഴിഞ്ഞ രണ്ട് വർഷമായി കുട്ടിയുടെ കുടുംബം കേസിൻ്റെ പിന്നാലെയാണ്. അവൾക്ക് നീതികിട്ടാൻ വേണ്ടി ഏതറ്റം വരെയും പോവാനാണ് അവരുടെ തീരുമാനം. ഇത് ഒരു കുട്ടിക്ക് നീതി ലഭിക്കാൻ മാത്രമുള്ള പോരാട്ടമല്ല. ഭൂമിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ പോരാട്ടം.

“2024-ലാണ് കുട്ടി മരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ തന്നെ ഞങ്ങൾക്ക് കൃത്യമായി ബോധ്യമായി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന്. അവർക്ക് ഇത് ആത്മഹത്യ ആക്കിയേ തീരു. DYSP അന്വേഷണം ആരംഭിച്ചത് തന്നെ ആത്മഹത്യാ പ്രേരണക്കുറ്റം സിദ്ദീഖ് അലിക്ക് ചുമത്തിക്കൊണ്ടാണ്. ഞങ്ങൾ ഉന്നയിച്ച വിഷയങ്ങൾ എവിടെപ്പോയി? ഇതായിരുന്നു ഞങ്ങളുടെ ആദ്യം മുതലേയുള്ള ചോദ്യം. ഇതിലൊരു ആത്മഹത്യയുടെ പോസിബിലിറ്റി ഉണ്ടെന്നിരിക്കട്ടെ. അതുപോലെ തന്നെ ഒരു മറുഭാഗവുമില്ലേ? ആ ഭാഗം ഒന്നു നോക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായ അന്വേഷണമാണ് ഇതുവരെ നടന്നത്.”

ഏകദേശം 20 വർഷമായി സിദ്ദീഖ് അലി നാട്ടിൽ കരാട്ടെ സ്ഥാപനം നടത്തുന്നുണ്ട്. അയാൾ പ്രായപൂർത്തിയാവാത്ത കുട്ടികളെ കരാട്ടെയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നു. ഇത്രയും കാലമായിട്ടും ഇത് അറിയാതെ പോയത് എന്തുകൊണ്ടാണ്? ആരാണ് അത് മൂടി വെച്ചത് ?ആർക്ക് വേണ്ടിയാണ് മൂടി വെച്ചത്? എന്തുകൊണ്ട് ആരും പരാതിപ്പെട്ടില്ല? കുഞ്ഞുങ്ങളായ പരാതിക്കാരെ പിന്തിരിപ്പിക്കാനും ഇല്ലാതാക്കാനും അയാൾക്ക് എങ്ങനെ ഇത്രയും കാലം സാധിച്ചു?ഇയാളുടെ പ്രവൃത്തികളെക്കുറിച്ച് വിശദമായ അന്വേഷണം എന്തുകൊണ്ട് നടന്നില്ല? മുൻപ് ഇയാൾക്കെതിരെ പരാതി വന്നിട്ടും അത് എങ്ങനെ ഇല്ലാതാക്കി? പ്രാദേശിക പോക്സോ കേസുകളിൽ ഒതുക്കി, അതിൽ ചെറിയ ശിക്ഷ അനുഭവിച്ച് ഇയാളെ രക്ഷപ്പെടുത്തി എടുക്കാനുളള ശ്രമമാണ് നടക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും ചിലർ പിന്തുണ നൽകുമ്പോൾ മറുഭാഗത്ത് വിഷയം ഗൗരവത്തോടെ ഉയർത്താനോ വീട്ടുകാർക്ക് നിരുപാധിക പിന്തുണ നൽകാനോ ഉള്ള ശ്രമം നടക്കുന്നില്ല.

കഴിഞ്ഞ രണ്ട് വർഷമായി കുട്ടിയുടെ കുടുംബം കേസിൻ്റെ പിന്നാലെയാണ്. അവൾക്ക് നീതികിട്ടാൻ വേണ്ടി ഏതറ്റം വരെയും പോവാനാണ് അവരുടെ തീരുമാനം. ഇത് ഒരു കുട്ടിക്ക് നീതി ലഭിക്കാൻ മാത്രമുള്ള പോരാട്ടമല്ല. ഭൂമിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ പോരാട്ടം. ചാലിയാറിലെ ആ പെൺകുട്ടിക്ക് നീതി ലഭിക്കും വരെ ആ കുടുംബത്തോടൊപ്പം നിൽക്കേണ്ടത് സമൂഹത്തിൻെറ കൂടി കടമയാണ്. അധികാരവും ആൺമേൽക്കോയ്മയും ചേർന്ന ഒരു സിസ്റ്റം മുഴുവൻ മറുഭാഗത്ത് അണിനിരന്നിട്ടുണ്ട്. അയാൾക്ക് വേണ്ടി സംസാരിക്കാൻ അവർ തുനിഞ്ഞ് ഇറങ്ങുന്നു. മൂടിവെക്കപ്പെട്ട സത്യങ്ങൾ പുറത്ത് വരാതിരിക്കുക എന്നത് ചിലരുടെ ആവശ്യമാണ്. എന്നാൽ അവരെ തോൽപ്പിക്കേണ്ടത് കാലത്തിൻെറ ആവശ്യകതയാണ്. ഇവിടെ നീതിക്ക് ഒരു പെൺകുഞ്ഞിൻ്റെ ജീവൻ്റെ മാത്രമല്ല, നീതി നിഷേധിക്കപ്പെടുന്ന അനേകമനേകം പെൺകുഞ്ഞുങ്ങളുടെ വിലയുണ്ട്…

Comments