അഡ്വ. മാജിദ

കണ്ടീഷനിംഗിൽനിന്ന്​ എന്നെ
​മുന്നോട്ടുനടത്തിയത്​ ജനകീയാസൂത്രണം

ഒരു സാധാരണ മുസ്​ലിം കുടുംബത്തിലെ​ എല്ലാവിധ കണ്ടീഷനിങ്ങിലൂടെയും കടന്നുപോയി, അതാണ് ജീവിതം എന്ന് കരുതിപ്പോന്ന എന്നെ സ്​ത്രീപക്ഷ ചിന്തകളിലേക്ക്​ നയിച്ചത്, ജനകീയാസൂത്രണ പ്രവർത്തനത്തിൽ പങ്കാളിയായപ്പോൾ കിട്ടിയ അറിവും അനുഭവങ്ങളുമായിരുന്നു.

ന്റെ രാഷ്ട്രീയ / പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കത്തിൽ കണ്ട ഒരു സ്ത്രീ, തന്റെ ജീവിതത്തിലെ ദുരവസ്ഥയെ ചങ്കുറപ്പോടെ നേരിട്ട അനുഭവം മനസ്സിൽ തറച്ചുനിൽക്കുന്നു. ചെറുപ്പത്തിൽ തന്നെ പിതാവ് ഉപേക്ഷിച്ചുപോയ അവളെ അമ്മ കഷ്ടപ്പെട്ട് വളർത്തി. വിവാഹപ്രായമെത്തിയപ്പോൾ നാട്ടിൽ നടന്ന സ്ത്രീധനവിരുദ്ധ സമൂഹവിവാഹത്തിലെ നാല് വിവാഹങ്ങളിൽ ഒന്നായി അവളുടെ വിവാഹവും നടത്തി. പേരിൽ സ്ത്രീധന വിരുദ്ധ വിവാഹമായിരുന്നുവെങ്കിലും, കയ്യിലുള്ളതും കടം വാങ്ങിയുമെല്ലാം അവൾക്ക് മെയ്യാഭരണങ്ങളൊരുക്കിക്കൊടുത്തു. അവൾക്ക് ഒരു കുഞ്ഞുണ്ടായി. പിന്നീട്, ഭർത്താവ് അവളുടെ കമ്മലടക്കമുള്ള ആഭരണങ്ങളെല്ലാം പല കാരണങ്ങൾ പറഞ്ഞ് കൈപ്പറ്റി. അവൾ പിന്നീട് മനസ്സിലാക്കുന്നത്, അയാളും സുഹൃത്തുക്കളും മറ്റ് സ്ഥലങ്ങളിൽ നിന്ന് വേറെയും വിവാഹങ്ങൾ കഴിച്ചിട്ടുണ്ട് എന്നാണ്. ഇത് ചോദ്യം ചെയ്ത അവളെ മർദ്ദിച്ച് വീട്ടിൽനിന്ന് പുറത്താക്കി.

അങ്ങനെയാണ്​ അവൾ ഞങ്ങളുടെ അടുത്തുവന്നത്​. കോടതിയിൽ നിയമപോരാട്ടം നടത്തിയാൽ മാത്രം പോരാ, തന്റെ അനുഭവം സമൂഹം അറിയണം എന്ന വാശി അവൾക്കുണ്ടായിരുന്നു. അതിനുവേണ്ട എല്ലാ സഹാവും ഞങ്ങൾ, മഹിളാ അസോസിയേഷൻ, ചെയ്തുകൊടുത്തു. അവൾ മുൻകയ്യെടുത്ത് വാർത്താസമ്മേളനം നടത്തി വിഷയം പൊതുസമൂഹത്തിനുമുന്നിലെത്തിച്ചു. നിയമപോരാട്ടത്തിലൂടെ അവൾ ഭർത്താവിന്റെ രഹസ്യഇടപാടുകൾ പുറത്തുകൊണ്ടുവരികയും കോടതിയിൽ നിന്ന് അർഹിക്കുന്ന നീതി വാങ്ങിച്ചെടുക്കുകയും ചെയ്തു. അവൾ തിരിച്ച് വീട്ടിലേക്ക് മടങ്ങുകയല്ല ചെയ്തത്. പലപ്പോഴും മഹിളാ അസോസിയേഷന്റെ ഭാഗമായി നിന്നു. തന്നെ പിന്തുണക്കാനും കാക്കുവാനും ഇടതുപക്ഷ മഹിളാ സംഘടനയുണ്ട് എന്ന ബോധ്യമായിരിക്കാം അവളെ കൊടി പിടിച്ച് രംഗത്തുവരാൻ പ്രേരിപ്പിച്ചത്.

പി.എം.ആരതി, ശ്രീകല, പി.എം.ആതിര, അഡ്വ. സിന്ധു, അഡ്വ. മാജിദ, ആശാലത. ജനകീയാസൂത്രണക്കാലം.
പി.എം.ആരതി, ശ്രീകല, പി.എം.ആതിര, അഡ്വ. സിന്ധു, അഡ്വ. മാജിദ, ആശാലത. ജനകീയാസൂത്രണക്കാലം.

മഹിളാമന്ദിരത്തിൽ കുറച്ചുകാലം ലീഗൽ കൗൺസിലറായിരുന്ന കാലത്ത്, റേപ്പിനിരയായി മഹിളാ മന്ദിരത്തിലെത്തിയ ഒരു ആദിവാസി പെൺകുട്ടി, തന്റെ അനുഭവം എന്നോട്​ പറഞ്ഞിട്ടുണ്ട്​. വളരെ ചെറിയ പ്രായത്തിൽ പലരിൽനിന്നും ലൈംഗികാക്രമണം നേരിട്ട അവൾ 16-ാം വയസ്സിൽ ഗർഭിണിയായി. 2004 മുതൽ മഹിളാ മന്ദിരത്തിൽ താമസിക്കുന്ന അവൾക്ക് ഊരിലേക്ക് തിരികെ പോകണം എന്ന്​ അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ മഹിളാമന്ദിരത്തിലെ ജീവനക്കാർ തിരിച്ചുപോകുന്നതിന്റെ പ്രയാസങ്ങളെ കുറിച്ച് പറഞ്ഞ് അവളെ നിരുത്സാഹപ്പെടുത്തി. ഇവിടെ മൂന്നുനേരം ഭക്ഷണം ലഭിക്കും, സ്വസ്ഥമായി ജീവിക്കാം എന്ന് അവർ അവളെ ഉപദേശിച്ചു.

പിന്നീട് അവളോട്​ സംസാരിച്ചപ്പോൾ, പന്നിയാർമലയിലെ ഊരിലേക്ക്​തിരിച്ചുപോയാൽ, ഊരുവിലക്കും മറ്റും നിലനിൽക്കുന്നതുകൊണ്ട്, ജീവിതം പ്രയാസകരമായിരിക്കും എന്നു ഞാൻ മനസിലാക്കി. കാരണം,​ റേപ്പ്​ കേസിൽ പ്രതികളായവരിൽ വിവിധ മതവിഭാഗത്തിലുള്ള പുരുഷൻമാരും ഉണ്ടായിരുന്നു. അതുകൊണ്ട് അവൾക്ക്​ ആദിവാസി സമൂഹം ഊരുവിലക്കേർപ്പെടുത്തിയിരിക്കുകയാണ്​. പക്ഷെ തിരിച്ചുപോണം എന്ന്​ അവൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പത്തുവർഷത്തിലധികമായി അവൾ മഹിളാ മന്ദിരത്തിലാണ്.

ഭർത്താവ് ഖലിമുദ്ദീനൊപ്പം മാജിദ
ഭർത്താവ് ഖലിമുദ്ദീനൊപ്പം മാജിദ

മഹിളാമന്ദിരത്തിലെ ജീവനക്കാരുമായി ചർച്ച നടത്തി. എന്തെങ്കിലും പറഞ്ഞ് ആശ്വാസിപ്പിച്ചാൽ മതി എന്ന് എനിക്കവർ ഉപദേശം നൽകിയെങ്കിലും, ഞാൻ അരീക്കോ​ട്ടെ മഹിളാ സഖാക്കളുമായി ബന്ധപ്പെട്ടു. അവർ വേണ്ട സഹായം ചെയ്തു. പന്നിയാർമല പ്രദേശത്തെ സി.പി.ഐ- എം മെമ്പർമാരുമായി ബന്ധപ്പെട്ടു. മഹിളാ മന്ദിരത്തിലെ വാർഡനെയും മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയെയും മറ്റു സഖാക്കളേയും കൂട്ടി പന്നിയാർമലയിലെ ആ കുട്ടിയുടെ വീട്ടിലെത്തി. വലിയ എതിർപ്പുണ്ടായി. അവളുടെ അച്ഛൻ വാക്കത്തിയുമായാണ് ഞങ്ങളെ എതിരേറ്റത്. പക്ഷേ അവരെ അനുനയിപ്പിച്ച് കുട്ടിയെ അവിടെ പുനരധിവസിപ്പിച്ചു. തിരികെ മലയിറങ്ങി അരീക്കോട് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് തിരികെ പോന്നു. ആറ് മാസത്തിനുള്ളിൽ ആ കുട്ടി വിവാഹിതയായി നല്ല നിലയിൽ ജീവിക്കുന്നതായി അറിഞ്ഞു.

സ്​ത്രീയുടെ ദൈനംദിന ജീവിതം

നിശ്ചയദാർഢ്യമുള്ള സ്ത്രീക്ക് പരിമിതികളേയും പ്രതിസന്ധികളേയും മറികടക്കാൻ സാധിക്കുമെന്ന് ഈ രണ്ട് അനുഭവങ്ങളും എന്നെ ബോധ്യപ്പെടുത്തി. എന്തൊക്കെ പ്രയാസം നേരിടേണ്ടി വന്നാലും പൊതുസമൂഹം സ്ത്രീയോട് ആ സാഹചര്യവുമായി സമരസപ്പെട്ട് ജീവിക്കണം എന്നാണ് ഉപേദേശിക്കാറ്​. എന്നാൽ അതിനോട് സമരസപ്പെടാതെ സമരം ചെയ്ത് ആ അവസ്ഥയെ മറികടക്കാൻ പ്രാപ്​തമാക്കുകയാണ്​വേണ്ടത് എന്ന ബോധ്യത്തിലേക്കാണ്​ ഈ സംഭവങ്ങൾ എന്നെ എത്തിച്ചത്. എന്റെയുള്ളിലെ ഇടതുപക്ഷ മനസ്സാണ് ഈയൊരു കരുത്തിലേക്ക് എന്നെ എത്തിച്ചത്. ജനകീയാസൂത്രണ പ്രവർത്തനത്തിന്റെ ഭാഗാമാകാൻ കഴിഞ്ഞ കാലത്ത് അവിടെ നിന്ന്​ കിട്ടിയ അറിവുകളും അനുഭവങ്ങളുമായിരുന്നു ഇതിന് പിൻബലമായത്​.

സ്ത്രീ പദവി പഠനം, ലിംഗ സമത്വം, ലിംഗ പദവി എന്നൊക്കെയുള്ളത് എനിക്ക് ജീവിതത്തിലെ പുതിയ പാഠങ്ങളായിരുന്നു. ഒരു സാധാരണ മുസ്​ലിം കുടുംബത്തിലെ​ എല്ലാവിധ കണ്ടീഷനിങ്ങിലൂടെയും കടന്നുപോയി, അതാണ് ജീവിതം എന്ന് കരുതിപ്പോന്ന എന്നെ സ്​ത്രീപക്ഷ ചിന്തകളിലേക്ക്​ നയിച്ചത്, ജനകീയാസൂത്രണ പ്രവർത്തനത്തിൽ പങ്കാളിയായപ്പോൾ കിട്ടിയ അറിവും അനുഭവങ്ങളുമായിരുന്നു. അക്കാലത്ത് സ്ത്രീ പദവി പഠനത്തെക്കുറിച്ച്​ടി.എൻ. സീമയും. ടി.എം. തോമസ് ഐസക്കും നേതൃത്വം നൽകിയ ഒരു സെഷനുണ്ടായിരുന്നു. പരിശീലനത്തിനെത്തിയ സ്ത്രീകളെയും പുരുഷൻമാരേയും ഇരുത്തി ഒരു ദിവസത്തെ അവരുടെ ജോലിയുടെ ടൈം ടേബിൾ ഉണ്ടാക്കി. രാവിലെ നാലു മണിക്ക് എഴുന്നേൽക്കുന്ന സ്ത്രീയും പുരുഷനും രാത്രി കിടക്കുന്ന സമയം വരെ എടുക്കുന്ന ജോലികൾ ചാർട്ട് ചെയ്ത് ഒരു ബോർഡിൽ കുറിച്ചു. ഇതിലിപ്പോൾ എന്താണ്​ പ്രത്യേകത എന്നാണ്​ എനിക്കാദ്യം തോന്നിയത്​. എല്ലായിടത്തും സംഭവക്കുന്നതല്ലേ എന്നും കരുതി. എന്നാൽ,​ സെഷന്റെ അവസാനം കൃത്യമായി ഒരു സ്ത്രീ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന ചൂഷണവും സ്ത്രീ പദവിപരമായ പിന്നാക്കാവസ്ഥയുമെല്ലാം കൃത്യമായി വരച്ചുകാട്ടി. സ്ത്രീപക്ഷപാതപരമായി ഓരോ ചെറിയ കാര്യത്തേയും സമീപിക്കണമെന്ന ചിന്ത അത്​ എന്നിലുണ്ടാക്കി.

പി.എം. ആരതിക്കൊപ്പം മാജിദ
പി.എം. ആരതിക്കൊപ്പം മാജിദ

ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ ആയിരിക്കുമ്പോഴും, പോക്​സോ പ്രോസിക്യൂട്ടറായിരിക്കുമ്പോഴും പലതരം പ്രയാസങ്ങൾ അനുഭവിക്കുന്ന നിരവധി കുട്ടികളെ കാണേണ്ടിവന്നിട്ടുണ്ട്. ഒരാളും കുറ്റവാളികളായി ജനിക്കുന്നില്ല, സാഹചര്യമാണ് അവരെ കുറ്റവാളികളാക്കുന്നത് എന്ന കാര്യം അക്ഷരാത്ഥത്തിൽ ബോധ്യപ്പെടുന്നത് ഈ കുട്ടികളെ കാണുമ്പോഴാണ്. അതുകൊണ്ടുതന്നെ സവിശേഷപരമായ ഇടപെടലിലൂടെ അവരെ പൊതുജീവിതത്തിൽ കൊണ്ടുവരാൻ കഴിയുമെന്ന് ഈ കാലത്തെ അനുഭവത്തിലൂടെ ബോധ്യപ്പെട്ടു.
ഇപ്പോൾ സ്​ത്രീകളുടെ സാമൂഹ്യ പിന്നാക്കാവസ്ഥയെ കുറിച്ച് എല്ലാവരും ചർച്ച ചെയ്യുന്ന സ്ഥിതിയുണ്ടാകുന്നുണ്ട്​.

അടുക്കള എന്ന ചൂഷണ ഇടം

സാമൂഹിക പിന്നാക്കാവസ്​ഥക്ക്​ എന്താണ്​ കാരണമെന്ന്​ ആലോചിച്ചുനോക്കിയാൽ ഒരു കാര്യം മനസിലാകും. അടുക്കള എന്ന സ്ഥാപനത്തിൽ തളച്ചിടപ്പെടുന്നവരാണ് ബഹുഭൂരിപക്ഷം സ്ത്രീകളും. പലർക്കും അത് ഒരു ചൂഷണമാണ് എന്ന് ചിന്തിക്കാനേ കഴിയാത്ത അവസ്ഥയാണ്. അത്ര കണ്ടീഷൻ ചെയ്‌തെടുത്തതാണ് സ്ത്രീയുടെ അടുക്കളയിലെ സ്ഥാനം. കൈപ്പുണ്യം ഉത്തമമായ ഒരു അംഗീകാരമായി വിശേഷിപ്പിച്ച്​, കൈപ്പുണ്യവതിയുടെ ജോലി ഭാരത്തെ കുറിച്ച് നിശ്ശബ്​ദരായിരിക്കുകയാണ്​ ​ചെയ്യുന്നത്​. യഥാർത്ഥത്തിൽ തൊഴിലെടുക്കുന്ന സ്​ത്രീയടെ നൈപുണിയും, സമയവും അപഹരിക്കുന്ന ഇടമാണ് അടുക്കള. ചിലയിടങ്ങളിൽ, കേവലം ഭംഗിവാക്കിലും സ്നേഹത്തിലും അവളുടെ അടുക്കളയിലെ അദ്ധ്വാനം ചുരുക്കിക്കളയും, മറ്റിടങ്ങളിൽ കുറ്റപ്പെടുത്തലും അവഗണനയും.

പൊന്നാനിയിലെ സാമൂഹ്യ അടുക്കളയിൽ നിന്ന്
പൊന്നാനിയിലെ സാമൂഹ്യ അടുക്കളയിൽ നിന്ന്

വീട്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും മറ്റും കാര്യങ്ങൾ നോക്കിനടത്തിയശേഷം ഒരു സ്​ത്രീക്ക് ​തനിക്ക്​ വരുമാനം ലഭിക്കുന്ന സ്വന്തം തൊഴിലിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ട്​?. സ്വന്തം ജീവിതത്തിലേക്ക് നോക്കുമ്പോൾ ഞാനും ഇതൊക്കെ അനുഭവിക്കുന്നില്ലേ? ഈ പ്രശ്​നം ഏറ്റെടുക്കാൻ ഒരാശയം മുന്നോട്ട് വെച്ച് അത് നടപ്പിലാക്കണം എന്ന വിചാരമുണ്ടായി. സമാനമായി ചിന്തിക്കുന്ന ഒരു കുടുംബത്തെ കൂട്ടിനു കിട്ടിയപ്പോൾ കാലങ്ങളായി മനസ്സിൽ കിടന്ന സാമൂഹിക അടുക്കള എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമം നടത്തി, അത്​ വിജയം കണ്ടു. കുറെ ആളുകൾ ഇന്നത് ഏറ്റെടുത്തു. അതിൽ ചേരാൻ കഴിഞ്ഞില്ലെങ്കിലും അനുഭാവം പ്രകടിപ്പിക്കുകയും മനസുകൊണ്ട് ചേർന്നുനിൽക്കുകയും ചെയ്യുന്ന ധാരാളം സ്ത്രീകളെ ഇന്ന് കാണാൻ കഴിയും.

അടുക്കള എന്നത് തങ്ങളുടെ വിലപ്പെട്ട സമയം അപഹരിക്കുന്ന ഒരു ഇടമാണ് എന്ന സംഗതി അവർ തിരിച്ചറിഞ്ഞിരിക്കുന്നു. സാമൂഹ്യ അടുക്കളയുടെ വരവോടെ അടുക്കളയിൽ സ്ത്രീയുടെ അദ്ധ്വാനത്തിന് വേതനം നിശ്ചയിക്കപ്പെട്ടു, മാത്രമല്ല, അത് കാണാപണിയിൽ നിന്ന്​ കാണുന്ന പണിയായി മാറ്റാനും കഴിഞ്ഞു എന്ന സന്തോഷവും ഇന്നുണ്ട്.

ജനകീയാസൂത്രണക്കാലത്ത് സുഹൃത്തുക്കളോടൊപ്പം മാജിദ
ജനകീയാസൂത്രണക്കാലത്ത് സുഹൃത്തുക്കളോടൊപ്പം മാജിദ

ഇങ്ങനെ സമൂഹത്തെ നോക്കിക്കാണുന്നതിലും വിഷയങ്ങൾ കൈകാര്യം​ ചെയ്യുന്നതിലും കൃത്യവും ഉറച്ചതുമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടാകുകയാണ്​. ഇത്തരത്തിൽ എന്നെ രൂപപ്പെടുത്തിയത് നിയമപഠനകാലത്ത്​ കിട്ടിയ സൗഹൃദങ്ങളാണ്. ഒരു എസ്.എഫ്.ഐ ക്കാരിയായിരുന്ന ഞാൻ കാമ്പസ്​ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒതുങ്ങി നിൽക്കാതെ സി.പി.ഐ (എം) എന്ന രാഷ്ട്രീയ പ്രസ്​ഥാനത്തിന്റെ മുൻകൈയ്യോടെ വന്ന ജനകീയാസൂത്രണ പ്രസ്​ഥാനത്തിന്റെ ഭാഗമായി. ഞാൻ ജീവിച്ചു വന്ന കുടുംബ പാശ്ചാത്തലത്തിൽ നിന്ന്​ വ്യത്യസ്​തമായി രാഷ്ട്രീയ കുടുംബാന്തരീക്ഷവും കൃത്യമായ രാഷ്ട്രീയ കാഴ്​ചപ്പാടും സംഘടനാബോധവും ഉൾക്കരുത്തുമുള്ള കുടുംബത്തിൽനിന്നുവന്ന സുഹൃത്ത് പി.എം. ആരതിയുമായുള്ള ചങ്ങാത്തവും ഇതിന്​ എന്നെ സഹായിച്ചു. ഈ സൗഹൃദത്തിൽ നിന്നുള്ള മുന്നോട്ടുപോക്കാണ് എന്നെ ഈ നിലയിലെത്തിച്ചത്​.
ഏതൊരു സ്ത്രീയും ഒരു ഇടതുപക്ഷക്കാരിയാകേണ്ടവളാണ്​ എന്നു ഞാൻ വിശ്വസിക്കുന്നു. ഇടതുപക്ഷം നിലവിലുള്ള അവസ്ഥയുമായി കലഹിക്കുകയും മനുഷ്യന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയെക്കുറിച്ച്​ചിന്തിക്കുകയും ചെയ്യുന്നു എന്നതുതന്നെ കാരണം. ▮


അഡ്വ. മാജിദ

പൊന്നാനി ബാറിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. മലപ്പുറം ജില്ലയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പറായും, തിരൂർ Special Fast track കോടതിയിൽ Special Public Prosecutor ആയും പ്രവർത്തിച്ചിരുന്നു.

Comments