ആധുനിക മാതൃത്വം ഫെമിനിസത്തിന്റെ ബിസിനസല്ല

എത്രത്തോളം സ്ത്രീ വിരുദ്ധമായിരുന്നു ഈ ‘നാച്ചുറൽ ജീവിതം' എന്ന് പലപ്പോഴും വിസ്മരിച്ചു കൂടാ. അങ്ങിങ്ങായുള്ള ഹാഷ് ടാഗുകളല്ലാതെ ഫെമിനിസ്റ്റ് പ്രസ്ഥാനവും ഇതിനെ സാമാന്യവൽക്കരിച്ചു കാണുന്നതായാണ് തോന്നുന്നത്.

2015 ഏപ്രിൽ 13. പല ഗൈനക്കോളജിസ്റ്റുകളുടെയും വിലയിരുത്തലിൽ നേരത്തെ തന്നെ തീരുമാനിച്ച സിസേറിയന്​ വേണ്ടി ആശുപത്രിയിൽ അഡ്മിറ്റായ സമയം.
ആദ്യത്തെ കുഞ്ഞാണ്, മനസ്സിൽ മഴവില്ലു വിരിയുമെന്നൊക്കെയാണ് ഞാൻ മനസ്സിലാക്കി വെച്ചിരുന്നത്. എന്നാൽ ആശങ്കകൾ നിറച്ചു വീർപ്പിച്ച ബലൂൺ പോലെയായിരുന്നു സ്‌ട്രെച്ചറിലെ ആ യാത്ര.
മുമ്പ്​ ജോലി ചെയ്തിരുന്ന ആശുപത്രി, പരിചിതമായ ഇടവഴിയായിട്ടും വേറേതോ ലോകത്തെത്തിപ്പെട്ടതു പോലെ. ഇനിയുള്ള ഇരട്ടശരീരങ്ങളിലെ ജീവിതം, ഇനിയുമതിനു പാകപ്പെടാത്ത ഞാൻ. വേദനകളിലേക്കുള്ള ഉണരൽ. എല്ലാവരുടെയും ശ്രദ്ധ കുഞ്ഞിൽ, വിടരുന്ന ചിരി, മധുരം.
‘ഇപ്പോൾ എങ്ങനെയുണ്ട്' എന്ന ഔദ്യോഗിക ചോദ്യത്തിൽ ഇടറുന്ന ശബ്ദം. ഞാനെത്ര മാത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ട അമ്മയായിരുന്നു എന്ന് തെളിയിക്കുകയായിരുന്നു വരുംദിനങ്ങൾ.

വികാരങ്ങൾ കുത്തിവെച്ചും നിയമാവലികൾ വലിച്ചു കെട്ടിയും സമൂഹം കെട്ടിയുണ്ടാക്കിയ ആനക്കൊട്ടിലുകൾ മാത്രമാണ് പരക്കെ ആഘോഷിക്കപ്പെടുന്ന അമ്മത്തം.

അമ്മയെന്ന റോളിൽ കടുത്ത നിരാശ തോന്നിയ ദിവസങ്ങളുണ്ടായിരുന്നു, ഇല്ലാതായിപ്പോയ എന്റെയിടങ്ങൾ, എന്റെ സമയങ്ങൾ, ഓരോ ദിനവും ഞാൻ കൂടുതൽ പരാജയപ്പെടുന്നത് പോലെ തോന്നി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ജോലിയിലേക്ക് തിരിച്ചു പോയ പങ്കാളി, പരിഹരിക്കാനാവാത്ത ചില ശാരീരികാസ്വാസ്ഥ്യങ്ങളാലും അമ്മ ജീവിതം വകവെച്ചു തരാത്ത തൊഴിലന്തരീക്ഷത്താലും കഷ്ടപ്പെട്ട് നേടിയ വിദേശജോലിയുപേക്ഷിക്കേണ്ടിവന്ന ഞാൻ. എനിക്ക് മാത്രമാണോ ഇത്തരം തോന്നലുകളെന്നറിയാനും
എന്തെങ്കിലും രീതിയിലുള്ള പോസിറ്റീവ് സപ്പോർട്ടിനും വേണ്ടി പല വെബ്സൈറ്റുകളിലും ബ്ലോഗുകളിലും പരതി. അവിടെയെല്ലാം മാതൃജീവിതത്തിന്റെ ധന്യമുഹൂർത്തങ്ങൾ മാത്രമാണ് വിവരിച്ചു കണ്ടത്.

അമ്മയെന്ന റോളിൽ കടുത്ത നിരാശ തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. എനിക്ക് മാത്രമാണോ ഇത്തരം തോന്നലുകളെന്നറിയാനും എന്തെങ്കിലും രീതിയിലുള്ള പോസിറ്റീവ് സപ്പോർട്ടിനും വേണ്ടി പല വെബ്സൈറ്റുകളും പരതി. അവിടെയെല്ലാം മാതൃജീവിതത്തിന്റെ ധന്യമുഹൂർത്തങ്ങൾ മാത്രമാണ് വിവരിച്ചു കണ്ടത്. /Illustration: Louise Bourgeois (1990), Museum of Modern Art

ലോകത്തു ജനിച്ചു വീഴുന്ന ഏതൊരു ജീവിവർഗ്ഗവും കടന്നുപോകുന്ന നൈസർഗ്ഗിക പ്രക്രിയയാണ് പ്രത്യുല്പാദനം. ജനിച്ചു വീഴുന്ന തന്റെ കുഞ്ഞിനോട് പാകപ്പെടും വരെയോ അല്ലാതെയോ ഏതൊരു ജീവിക്കും തോന്നാവുന്ന വികാരമാണ് മാതൃത്വം. രസതന്ത്രമായി പറഞ്ഞാൽ oxytocin എന്ന ഹോർമോൺ മാത്രമാണത്. അതിനപ്പുറം വികാരങ്ങൾ കുത്തിവെച്ചും നിയമാവലികൾ വലിച്ചു കെട്ടിയും സമൂഹം കെട്ടിയുണ്ടാക്കിയ ആനക്കൊട്ടിലുകൾ മാത്രമാണ് പരക്കെ ആഘോഷിക്കപ്പെടുന്ന അമ്മത്തം.

കുടുംബത്തെ ഉപേക്ഷിക്കുന്ന പുരുഷനെ കാണുന്ന ലാഘവത്വത്തോടെ, കാവ്യാത്മകതയോടെ കുടുംബത്തെ ഉപേക്ഷിക്കുന്ന സ്ത്രീയെ നമുക്ക് കാണാനാവുന്നില്ല. അവൾക്ക് തന്നിഷ്ടങ്ങൾ പാടില്ല. ഭർത്താവിനെ ഉപേക്ഷിച്ചാലും കുട്ടികൾ അമ്മയുടെ ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തമാണ്. മാതൃത്വത്തിന്റെ ആദർശവൽക്കരണം ഏറിയും കുറഞ്ഞും എല്ലാ സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ട്. വളരെ ആധുനികമെന്നും പ്രബുദ്ധമെന്നും കരുതുന്ന നമ്മുടെ സമൂഹം ഇനിയുമതിന്റെ ദോഷവശങ്ങളെ ചികയാൻ മിനക്കെടുന്നില്ല.

സുഖപ്രസവ വിപണി

1940 കളിൽ വേദനയില്ലാത്ത പ്രസവത്തിനായി സംഘടിപ്പിച്ച ചില കാമ്പയിനുകളല്ലാതെ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനവും ഇക്കാര്യത്തിൽ അധികമൊന്നും ചലനമുണ്ടാക്കിയിട്ടില്ല. അന്ന് പ്രസവവേദനയെ ദേശീയ പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുള്ള ഫെമിനിസ്റ്റുകളുടെ പ്രക്ഷോഭം പ്രതീക്ഷാഭരമായാണ് സ്ത്രീ സമൂഹം നോക്കിക്കണ്ടത്. അതിന്റെ പരിണിത ഫലമായാണ് സുഖപ്രസവമെന്ന അത്ര സുഖമല്ലാത്ത vaginal deliveryക്കും എപിഡ്യൂറൽ അനസ്തേഷ്യ (വേദന അറിയാതിരിക്കാൻ നട്ടെല്ലിൽ കുത്തിവെക്കുന്ന മരുന്ന്) കൊടുക്കാമെന്ന്​ നിയമപരമായിത്തന്നെ സർക്കാരുകൾ അംഗീകരിച്ചത്.

ഓർഗാനിക്​ എന്നൊരു വാക്ക് മുന്നിൽ ചേർത്ത്​ വലിയൊരു വ്യവസായ മേഖല തന്നെ തടിച്ചു കൊഴുക്കുന്നു. ഫെർട്ടിലിറ്റി ടെക്​നോളജിയിലെ പുരോഗതി ഒരു സ്ത്രീയെന്ന നിലയിൽ മാതൃത്വം അനിവാര്യമാണെന്ന അനുമാനത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്.

സ്ത്രീകൾ മുമ്പെന്നത്തേക്കാളും കൂടുതൽ സ്വതന്ത്രരാകേണ്ട ഒരു കാലഘട്ടത്തിൽ, ആധുനിക മാതൃത്വ മാതൃക കൂടുതൽ പരിപൂർണ വാദത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അഭ്യസ്തവിദ്യരായ പുതിയ അമ്മമാർ ഗർഭകാലത്തിന്റെ തുടക്കം മുതൽ പ്ലേ/ആപ് സ്റ്റോറുകളിൽ നിന്ന് പ്രഗ്​നൻസി അപ്ലിക്കേഷനുകൾ ഡൗൺലോഡ്​ ചെയ്യുന്നു, ചെറിയ അസ്വസ്ഥതകൾ പോലും ഗൂഗിൾ ചെയ്ത് ഉറപ്പുവരുത്തുന്നു, maternity photoshoot പോലുള്ള ആഘോഷങ്ങൾ വേറെ. അതുവരെ രുചിച്ചു കഴിച്ചിരുന്ന ഭക്ഷണങ്ങൾ പലതും ഒഴിവാക്കുന്നു. ജോലിത്തിരക്കിനും അവശതകൾക്കുമിടയിൽ ‘organic' ആഡംബരങ്ങളിൽ മുഴുകുന്നു. രുചികളിൽ വിട്ടുവീഴ്ച ചെയ്യാത്ത അച്ഛന്, തന്റെ പ്രസവാനന്തര സൗന്ദര്യവീണ്ടെടുപ്പുകളിൽ നിരതയായ അമ്മയ്ക്ക്, കുഞ്ഞിന്റെ ബുദ്ധിശക്‌തിക്കും സൗന്ദര്യത്തിനും മുൻ‌തൂക്കം നൽകുന്ന ഗൂഗിൾ ടിപ്‌സുകൾ നിറച്ച ഭക്ഷണത്തിനായി കുഞ്ഞിന്, അങ്ങനെ മൂന്ന് തരം ഭക്ഷണങ്ങൾ തയ്യാറാകുന്നു, ആധുനിക അടുക്കളയിൽ.

ഫെർട്ടിലിറ്റി ടെക്​നോളജിയിലെ പുരോഗതി ഒരു സ്ത്രീയെന്ന നിലയിൽ മാതൃത്വം അനിവാര്യമാണെന്ന അനുമാനത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്.

ഓർഗാനിക്​ എന്നൊരു വാക്ക് മുന്നിൽ ചേർത്ത്​ വലിയൊരു വ്യവസായ മേഖല തന്നെ തടിച്ചു കൊഴുക്കുന്നു. ഫെർട്ടിലിറ്റി ടെക്​നോളജിയിലെ പുരോഗതി ഒരു സ്ത്രീയെന്ന നിലയിൽ മാതൃത്വം അനിവാര്യമാണെന്ന അനുമാനത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. തന്റെ കുഞ്ഞിന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവരായി ആധുനിക അമ്മമാരെ മാറ്റിയെടുത്തതിൽ ഇത്തരം കമ്പനി പരസ്യങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

വ്യക്തിപരമായും ഇത്തരം ആധികളിലൂടെ കടന്നുപോയ ഗർഭകാലം എന്നിൽ ബാക്കിയാക്കിയത് ഞാനൊരു നല്ല അമ്മയല്ല എന്ന കുറ്റബോധം മാത്രമാണ്. എന്നിൽ വരുന്ന ഏതൊരു വീഴ്ചയും എന്റെ കുഞ്ഞിനെ ദോഷകരമായി ബാധിക്കും എന്ന അമിതചിന്ത തന്നെ വലിയൊരു ഭാരമാണ്, എന്നിരിക്കെ ചുറ്റുമുള്ളവർ അവരുടെ ഗർഭകാലവുമായി താരതമ്യപ്പെടുത്തിക്കൊണ്ടു ഉപദേശങ്ങൾ കൊണ്ട് മൂടി അവളിൽ പരിഭ്രാന്തിയുണ്ടാക്കുന്നു.

എന്നിരുന്നാലും ലോകത്തെ ആദ്യത്തെ പ്രസവമല്ല ഇതെന്നും പഴയ തലമുറയിലെ സ്ത്രീകൾ നോക്കിയത് പോലെ പുതിയ കാലത്തെ അമ്മമാർ കുഞ്ഞുങ്ങളെ പരിപാലിക്കുന്നില്ല എന്നുമൊക്കെയുള്ള വിമർശനങ്ങൾ പരക്കെ മുഴങ്ങികേൾക്കാം. കഴിഞ്ഞ തലമുറയിലെ ഗർഭസ്ഥസ്ത്രീയെക്കാൾ എത്രയോ മടങ്ങ് ആധികളുടെ അധികഭാരം ആധുനിക സ്ത്രീകൾ ഏറ്റെടുക്കുന്നു എന്നത് തള്ളിക്കളയാനാകാത്ത സത്യമാണ്. പ്രസവസംബന്ധമായ വിഷാദവും സമ്മർദ്ദവും കഴിഞ്ഞ കാലങ്ങളിലേക്കാൾ കൂടിയതായാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ലോകാടിസ്ഥാനത്തിൽ 10-20% സ്ത്രീകൾ ഗർഭകാല വിഷാദം നേരിടുമ്പോൾ കേരളത്തിലത് 53% ആണെന്ന് തൃശൂർ മെഡിക്കൽ കോളേജിൽ 2020 ൽ നടത്തിയ പഠനം പറയുന്നു. പ്രസവാനന്തര വിഷാദമാവട്ടെ 11-42% ആണെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് 2021ൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. (International Journal of Reproduction, Contraception, Obstetrics and Gynecology).

കുട്ടികളെക്കുറിച്ചുള്ള ദീർഘവീക്ഷണങ്ങളുടെ പേരിൽ കുട്ടികളുടെ സ്വാഭാവിക വളർച്ചക്ക് കാത്തു നിൽക്കാതെ ഘടികാരങ്ങൾക്കു മുൻപേ പായുന്ന അമ്മമാർ മറ്റൊരു കാഴ്ചയാണ്. ശരാശരി കുഞ്ഞുങ്ങൾ ഇക്കാലത്തു അപമാനവും, അതിനു കാരണം അമ്മത്തണൽ ഇല്ലാത്തതുമാണെന്ന് വരുത്തിത്തീർക്കുന്നു പ്രബുദ്ധസമൂഹം. പിതാവിന്റെ റോൾ പലപ്പോഴും കേക്കിനു ടോപ്പിംഗ് വെക്കുന്നത് പോലെയാണെന്ന് പറയാതിരിക്കാൻ വയ്യ. സ്കൂളുകളിൽ പി.ടി.എ മീറ്റിംഗുകളിൽ വന്നിരിക്കുന്ന പുരുഷ- സ്ത്രീ അനുപാതം നോക്കിയാൽ ഇക്കാര്യം വ്യക്തമാവും. അമ്മമാർ തന്നെ മീറ്റിങ്ങിനെത്തണമെന്ന് നിർബന്ധം പിടിക്കുന്ന സ്കൂൾ മാനേജ്‌മെന്റുകളും വിരളമല്ല.

ലോകമിപ്പോൾ തിരിഞ്ഞു നടക്കുന്നു; റെഡിമെയ്ഡ് ഭക്ഷണങ്ങളിൽ നിന്നും ഓർഗാനിക് ഭക്ഷണത്തിലേക്ക്, എപിഡ്യൂറൽ അനസ്‌തേഷ്യയിൽ നിന്ന് വേദനാസംഹാരികളില്ലാത്ത പ്രസവത്തിലേക്ക്, കുപ്പിപ്പാലുകളിൽ നിന്ന് മുലപ്പാലിലേക്ക്, ജോലിക്കാരി പാർട്ട്​ ടൈം അമ്മയിൽ നിന്ന് ഫുൾ ടൈം അമ്മയിലേക്ക്. നല്ലത് തന്നെ, പക്ഷെ എത്രത്തോളം സ്ത്രീ വിരുദ്ധമായിരുന്നു ആ ‘നാച്ചുറൽ ജീവിത'മെന്ന് പലപ്പോഴും വിസ്മരിച്ചു കൂടാ. അങ്ങിങ്ങായുള്ള ഹാഷ് ടാഗുകളല്ലാതെ ഫെമിനിസ്റ്റ് പ്രസ്ഥാനവും ഇതിനെ സാമാന്യവൽക്കരിച്ചു കാണുന്നതായാണ് തോന്നുന്നത്. സ്ത്രീജീവിതം മെച്ചപ്പെടുത്താൻ നേടിയെടുത്തതെല്ലാം അബദ്ധങ്ങളായിരുന്നു എന്ന രീതിയിൽ വലിയൊരു മസ്തിഷ്ക പ്രക്ഷാളനം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ മൗനവലംബിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. ▮

ReferenceShenoy T., Heera, et al. "Prevalence and determinants of postnatal depression in a tertiary care teaching institute in Kerala, India.' International Journal of Reproduction, Contraception, Obstetrics and Gynecology, vol. 8, no. 9, Sept. 2019, pp. 3757+. Gale OneFile: Health and Medicine, link.gale.com/apps/doc/A601907596/HRCA?u=anon~22d8ac79&sid=googleScholar&xid=2d71e6e8. Accessed 6 Nov. 2021.

Mohammed K.T., Naheeda, et al. 'Proportion and risk factors of postnatal depression among women delivering in a government tertiary care hospital in Kerala, India.' International Journal of Reproduction, Contraception, Obstetrics and Gynecology, vol. 10, no. 6, June 2021, pp. 2395+. Gale OneFile: Health and Medicine, link.gale.com/apps/doc/A666217764/HRCA?u=anon~dfcdddde&sid=googleScholar&xid=7d24c82f. Accessed 6 Nov. 2021.

Santhosh , K., Vinaychandran, S., Dayal Narayan, K. T. P., & Mini , C. H. (2020). Postpartum depression and its association with social support: a cross sectional study at a maternity hospital in Kerala. Kerala Journal of Psychiatry, 33(2), 114-120. https://doi.org/10.30834/KJP.33.2.2020.19


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments