എൻ സുകന്യ. / Photo : Sukanya Narayanan, Fb Page

ഒരു എസ്​.എഫ്​.ഐക്കാലത്തിന്റെ ഓർമ

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കാലമേതെന്നു ചോദിച്ചാൽ എസ്. എഫ്. ഐക്കാലം തന്നെ. പോരാട്ടത്തിന്റെയും പ്രണയത്തിന്റെയും നാളുകൾ.

1980ലാണ്. ഡി.വൈ.എഫ്.ഐ രൂപീകരിച്ച കാലം.
തിരുവനന്തപുരത്ത്, കൈതമുക്കിൽ എന്റെ വീടിനടുത്ത് ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് മത്സരം അവർ സംഘടിപ്പിച്ചു. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഞാനും അതിൽ പങ്കെടുത്തു. അവിടെ പങ്കെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ബാലസംഘത്തിന്റെ യൂണിറ്റാരംഭിച്ചു. അതിന്റെ പ്രസിഡണ്ടായി എന്നെ തെരഞ്ഞെടുത്തു. 40 വർഷത്തിലേറെ നീണ്ട പൊതുപ്രവർത്തനത്തിന്റെ തുടക്കം അതായിരുന്നു.

അതിനുംമുമ്പേ ഇടതുപക്ഷ രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം മനസ്സിലുറച്ചിരുന്നു. ഉൽപതിഷ്ണുക്കളായ മുത്തശ്ശനും മുത്തശ്ശിയും ഏജീസ് ഓഫീസിലെ സംഘടനാ നേതൃത്വത്തിലുണ്ടായിരുന്ന അച്ഛനും അമ്മയും അതിനു കാരണക്കാരാണ്.
അടിയന്തരാവസ്ഥയുടെ നാളുകളിൽ കേന്ദ്രസർക്കാർ ഓഫീസ് എന്ന നിലയിൽ അടിച്ചമർത്തൽ കൂടുതലായിരുന്നു. എം.സുകുമാരൻ ഉൾപ്പടെയുള്ളവർ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. സമരങ്ങളുടെ ആസൂത്രണത്തിന്റെ യും രാഷ്ട്രീയ ചർച്ചകളുടെയും കേന്ദ്രമായി വീട് മാറി. ഒരഞ്ചാം ക്ലാസുകാരിയെ അത് കാര്യമായി സ്വാധീനിച്ചു.

ടാഗോറിന്റെ ഗീതാഞ്ജലിയിലെ ‘എവിടെ ശിരസ്സ് ഉന്നതവും മനസ്സ് നിർഭയവുമായിരിക്കുന്നുവോ സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് എന്റെ രാജ്യത്തെ നയിക്കേണമേ' എന്ന വരികൾ മിഷണറിമാർ നടത്തുന്ന ഒരു പെൺ പള്ളിക്കൂടത്തിലെ ഇംഗ്ലീഷ് പദ്യപാരായണ മത്സരത്തിൽ പങ്കെടുത്ത് ചൊല്ലുമ്പോൾ താനും ഒരു രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്ന് ആ കുട്ടി കരുതി.

എൻ സുകന്യയുടെ അച്ഛൻ ടി നാരായണനും അമ്മ ടി രാധാമണിയും

അടിയന്തരാവസ്ഥ പിൻവലിച്ചശേഷം ജനാധിപത്യം കവർന്നെടുക്കപ്പെട്ട ആ നാളുകളുടെ ഭീകരത -കക്കയം ക്യാമ്പും രാജൻ കേസും ഉൾപ്പടെ - അപ്പുക്കുട്ടൻ വള്ളിക്കുന്ന് ദേശാഭിമാനി പത്രത്തിൽ പരമ്പരയായി എഴുതിയത് വായിച്ചറിഞ്ഞത് ഇന്നും ഓർമയിൽ.

ബാലസംഘത്തിന്റെ ഏരിയാ പ്രസിഡണ്ടായി പ്രവർത്തിക്കുമ്പോഴാണ് തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ പ്രീഡിഗ്രിക്ക് തേർഡ് ഗ്രൂപ്പെടുത്ത് ചേർന്നത്. പുരാവസ്തുഗവേഷകയാവണമെന്നായിരുന്നു ആഗ്രഹം.
അന്നവിടെ വിദ്യാർത്ഥി സംഘടനാപ്രവർത്തനമില്ല. കാമ്പസിനെ നിയന്ത്രിക്കുന്നത് നഗരത്തിലെ സമ്പന്ന കുടുംബങ്ങളിൽ നിന്നെത്തുന്ന കുറച്ചു പെൺകുട്ടികളായിരുന്നു. പ്രവേശനം മെറിറ്റടിസ്ഥാനത്തിലായതുകൊണ്ട് സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ധാരാളം കുട്ടികളുമുണ്ടായിരുന്നു. അവരാരും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ദിവസം കോളേജിലേക്ക് വരാറുപോലുമില്ല. സിനിമാതാരങ്ങളുടെ ചിത്രം ഒരുവശത്തും മറുവശത്ത് സ്ഥാനാർത്ഥിയുടെ ചിത്രവുമായിട്ടാണ് തിരഞ്ഞെടുപ്പ് നോട്ടീസ് ഇറങ്ങുക.

പ്രധാന സമരകേന്ദ്രമായി വിമൻസ് കോളേജ് മാറിയിരുന്നു. ആൺകുട്ടികൾ അറസ്റ്റു ചെയ്യപ്പെട്ട സന്ദർഭങ്ങളിൽ പെൺകുട്ടികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനങ്ങൾ നടന്നു.

രണ്ടാം വർഷമായപ്പോൾ ഞങ്ങൾ ഏഴു വിദ്യാർഥിനികൾ ചേർന്ന് അവിടെ എസ്. എഫ്. ഐ യൂനിറ്റ് രൂപീകരിച്ചു. ആദ്യയോഗം നടന്നത് വഴുതയ്ക്കാട് കോളേജിനടുത്തുള്ള സഖാവ്​ സമ്പത്തിന്റെ (മുൻ എം.പി) വീട്ടിൽ വച്ചാണ്. മഹിളാ അസോസിയേഷൻ നേതാവായ ലളിതാ സദാശിവനും ആ യോഗത്തിൽ പങ്കെടുത്തതായി ഓർക്കുന്നു. ഞങ്ങൾ ഏഴു പേരോടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. ഓരോരുത്തരും നോമിനേഷൻ കൊടുക്കേണ്ട പോസ്റ്റുകളും തീരുമാനിച്ചു. എന്നാൽ ഞാനും ബിന്ദു എന്ന കുട്ടിയും മാത്രമാണ് നോമിനേഷൻ കൊടുത്തത്. മറ്റുള്ളവർ പല കാരണങ്ങൾ കൊണ്ട് പിന്മാറി. ഞാൻ യൂണിവേഴ്​സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്കാണ് നോമിനേഷൻ നൽകിയത്. ബിന്ദു മാഗസിൻ എഡിറ്ററായും. നോമിനേഷൻ പിൻവലിക്കാനുള്ള സമയം കഴിഞ്ഞ് നോട്ടീസ് ബോർഡിൽ നോക്കുമ്പോൾ ഞാൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അങ്ങനെ വിമൻസ് കോളേജിൽ നിന്ന് എസ്. എഫ്. ഐക്ക് ആദ്യമായി ഒരു കൗൺസിലർ വിജയിച്ചു. ആ വർഷം നടന്ന സമ്മേളനത്തിൽ എസ്.എഫ്. ഐ തിരുവനന്തപുരം സിറ്റി ഏരിയാ കമ്മിറ്റിയിലേക്ക് ഞാൻ തെരെഞ്ഞെടുക്കപ്പെട്ടു.

1989ലെ കൊറിയയിലെ പോങ്ങ്യാങ്ങിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ കൊറിയയിലെത്തിയ അന്നത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജെയിംസ് മാത്യുവും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുകന്യയും സതീഷ് ചന്ദ്രനും. / Photo : N Sukanya, Fb Page

1982 മുതൽ 87 വരെയുള്ള കാലം വിദ്യാഭ്യാസരംഗത്ത് സമരങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രി, ടി.എം. ജേക്കബ് വിദ്യാഭ്യാസമന്ത്രി. വിദ്യാഭ്യാസരംഗത്ത് സ്വകാര്യവൽക്കരണ നീക്കങ്ങൾ ആ സർക്കാർ ശക്തമാക്കി. അതിനെതിരെ അതിശക്തമായ സമരങ്ങളും വളർന്നു.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പി.ജി കോഴ്‌സ് തുടങ്ങുന്നതിനെതിരെ, പോളിടെക്‌നിക് സ്വകാര്യവൽക്കരണത്തിനെതിരെ, പ്രീഡിഗ്രി ബോർഡ് രൂപീകരണത്തിനെതിരെ, രാജീവ്ഗാന്ധിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പുത്തൻ വിദ്യാഭ്യാസനയത്തിനെതിരെ - സെക്രട്ടേറിയറ്റിനു മുൻവശം സമരകേന്ദ്രമായി.
അതിൽ പ്രത്യേകം ഓർക്കുന്ന സമരങ്ങളിലൊന്നാണ് കാർമൽ സ്‌ക്കൂൾ സമരം. അവിടെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായിരുന്ന വന്ദനാമേനോനെ സ്‌ക്കൂളധികൃതർ അന്യായമായി തോൽപിച്ചു. അന്ന് പല എയ്ഡഡ് വിദ്യാലയങ്ങളിലും അത് സ്ഥിരം പതിവായിരുന്നു - പത്താം ക്ലാസിലെ പൂർണ വിജയം ഉറപ്പു വരുത്താനുള്ള കുറുക്കു വഴി. വന്ദനയുടെ അമ്മ ആത്മഹത്യ ചെയ്തതോടെ സമരം കത്തിപ്പടർന്നു. വന്ദനയും സമരങ്ങളിൽ പങ്കെടുത്തു. കോട്ടൺഹിൽ ഗേൾസ് സ്‌ക്കൂളിലേക്ക് ആ കുട്ടിയെ മാറ്റിച്ചേർത്തു. അവിടെയുൾപ്പടെ നഗരത്തിലെ പെൺപള്ളിക്കൂടങ്ങളിൽ മിക്കയിടത്തും എസ്. എഫ്. ഐ മെമ്പർഷിപ്പ് ചേർത്തുതുടങ്ങി.

അപ്പോഴേക്കും പ്രധാന സമരകേന്ദ്രമായി വിമൻസ് കോളേജ് മാറിയിരുന്നു. ആൺകുട്ടികൾ അറസ്റ്റു ചെയ്യപ്പെട്ട സന്ദർഭങ്ങളിൽ പെൺകുട്ടികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനങ്ങൾ നടന്നു. വിമൻസ് കോളേജിനുമുന്നിൽ നിന്നാരംഭിക്കുന്ന പ്രകടനങ്ങളിൽ സംസ്‌കൃത കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നെല്ലാം പെൺകുട്ടികൾ അണിനിരന്നു. എല്ലായിടത്തും വിദ്യാർഥിനി സബ് കമ്മിറ്റി നിലവിൽ വന്നു.

ഒരു തവണ അറസ്റ്റു ചെയ്ത് അട്ടകുളങ്ങര സ്റ്റേഷനിൽ എത്തിക്കുമ്പോഴേക്കും രാത്രിയായി. ജയിലിലടച്ചേക്കുമെന്നു കരുതുമ്പോഴേക്കും ഗൗരിയമ്മയുൾപ്പടെയുള്ള നേതാക്കൾ സ്റ്റേഷനിലെത്തി കുത്തിയിരുന്നു. ഒടുവിൽ രാത്രി പന്ത്രണ്ടു മണിയോടടുപ്പിച്ച് മജിസ്‌ട്രേട്ടിന്റെ വീട്ടിലെത്തിച്ച് ജാമ്യമെടുപ്പിച്ചു.

പ്രൊഫഷണൽ കോളേജ് ഹോസ്റ്റലുകളായിരുന്നു കോളേജുകൾ ദീർഘകാലം അടച്ചിടുമ്പോൾ സമരത്തിന്റെ പ്രധാനകേന്ദ്രങ്ങൾ . ആയുർവേദ കോളേജ് വനിതാ ഹോസ്റ്റലിൽ നിന്നും ലോകോളേജ് വനിതാ ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥിനികൾ ജാഥകളിൽ പങ്കെടുത്തു. അവർ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി. സമരങ്ങളിലെ ആവേശകരമായ ഓർമയാണ് ടി.എം. ജേക്കബിനു നേരെ ഹോളി ഏഞ്ചൽസ്‌ കോൺവെന്റിനകത്തുവച്ചും ഗവർണർ രാം ദുലാരി സിൻ ഹയ്ക്കുനേരെ കാർത്തികതിരുനാൾ തിയേറ്ററിൽ വച്ചും കരിങ്കൊടി കാണിച്ചത്. പരിപാടിയിൽ പങ്കെടുക്കാനെന്ന പോലെ അകത്തു കയറി പല സ്ഥലങ്ങളിലായി ഇരുന്ന് ഇടയ്ക്കുവച്ച് എഴുന്നേറ്റ് മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി വീശുകയുമായിരുന്നു. പൊലീസ് നന്നെ പണിപ്പെട്ടു ഞങ്ങളെ അറസ്റ്റു ചെയ്യാൻ. പെൺകുട്ടികളെ ലാത്തി കൊണ്ട് അങ്ങനെ തല്ലിയിരുന്നില്ല. ഒരു തവണ അറസ്റ്റു ചെയ്ത് അട്ടകുളങ്ങര സ്റ്റേഷനിൽ എത്തിക്കുമ്പോഴേക്കും രാത്രിയായി. ജയിലിലടച്ചേക്കുമെന്നു കരുതുമ്പോഴേക്കും ഗൗരിയമ്മയുൾപ്പടെയുള്ള നേതാക്കൾ സ്റ്റേഷനിലെത്തി കുത്തിയിരുന്നു. ഒടുവിൽ രാത്രി പന്ത്രണ്ടു മണിയോടടുപ്പിച്ച് മജിസ്‌ട്രേട്ടിന്റെ വീട്ടിലെത്തിച്ച് ജാമ്യമെടുപ്പിച്ചു.

എൻ സുകന്യയും സി.എസ് സുജാതയും

ഡിഗ്രിക്ക് ചേർന്നത് ഗവ.ആർടസ് കോളേജിലായിരുന്നു. പുരാവസ്തു ഗവേഷണത്തിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലേക്ക് എന്റെ താൽപര്യം മാറിയിരുന്നു. അന്ന് ആർട്‌സ്‌ കോളേജ് പ്രീ ഡിഗ്രിക്കാരുടെ കോളേജാണ്. ഡിഗ്രി ക്കും പി.ജിക്കും മാത്രമാണ് പെൺകുട്ടികൾ. എല്ലാം കൂടി ഒരു നൂറു പേരിൽ താഴെ. അവിടെ വച്ചാണ് ക്ലാസ്‌ കാമ്പയിനിൽ പങ്കെടുക്കുന്നത്. ഓരോ ക്ലാസിലും എത്തുമ്പോൾ അധ്യാപകർ മാറിത്തരും. പത്തുമിനിട്ട് വിശദീകരണം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തൽ, സമരങ്ങളുടെ വിശദീകരണം ഇവയൊക്കെ നടത്തിയ ക്ലാസ് കാമ്പയിനുകളായിരുന്നു പ്രസംഗ പരിശീലന കളരി. ഞാൻ ചേർന്ന വർഷം കെ.എസ്.യുവിന് സ്ഥാനാർഥികളുണ്ടായിരുന്നു. ചെറിയ സംഘർഷവുമുണ്ടായി. പിന്നീടങ്ങോട്ട് എസ്. എഫ്. ഐയുടെ അജയ്യമായ മുന്നേറ്റമായിരുന്നു, അവിടെ മാത്രമല്ല തലസ്ഥാനത്തെ കാമ്പസുകളിലെല്ലാം. വിമൻസ് കോളേജിൽ എസ്. എഫ്.ഐ പാനൽ ജയിച്ച വർഷം ഞങ്ങൾ ഗൗരിയമ്മയെ യൂണിയൻ ഉദ്ഘാടനത്തിനു വിളിച്ച് ചരിത്രം തിരുത്തിക്കുറിച്ചു. അന്നുവരെ രാഷ്ട്രീയനേതാക്കളെ ക്ഷണിച്ചിരുന്നില്ല.

മലമ്പുഴയിൽ നടന്ന വിദ്യാർഥിനീ പഠനക്യാമ്പിൽ ജോസഫൈന്റെ ക്ലാസിലാണ് ആദ്യമായി ഫെമിനിസത്തിന്റെ വ്യത്യസ്ത ധാരകളെ പരിചയപ്പെട്ടത്. പി.ഗോവിന്ദപ്പിള്ള, എം. പി. പരമേശ്വരൻ തുടങ്ങി അതിപ്രഗൽഭരായ നിരവധി പേരുടെ ക്ലാസുകളിലിരിക്കാനായതും എസ്. എഫ്. ഐ കാലത്താണ്.

ആർട്‌സ് കോളേജിൽ പഠിക്കുമ്പോൾ തുടർച്ചയായി മൂന്നു വർഷവും കൗൺസിലറായി ഞാൻ മത്സരിച്ചു ജയിച്ചു. ടി. ജെ. ആഞ്ജലോസിനൊപ്പവും വി.രാജേന്ദ ബാബുവിനൊപ്പവും യൂണിവേഴ്‌സിറ്റിയൂണിയൻ വൈസ് ചെയർമാനായി. 1987 ൽ കേരള സർവകലാശാലാ യൂണിയന്റെ പ്രഥമ വനിതാ ചെയർപേഴ്‌സണായപ്പോൾ മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു എസ്. എഫ്.ഐ. സർവകലാശാലാ സിൻഡിക്കേറ്റുകളിലേക്കും പെൺകുട്ടികൾ കടന്നുവന്നു. സി.എസ്. സുജാത, ആർ. ബിന്ദു തുടങ്ങിയവർ. 1987 ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആ വിജയത്തിൽ ഒരു പങ്ക് വിദ്യാർത്ഥി സമരങ്ങൾക്കു കൂടിയുണ്ടായിരുന്നു.

ഫെമിനിസ്റ്റ് ആശയങ്ങളെ പരിചയപ്പെട്ടതും അക്കാലത്താണ്. മലമ്പുഴയിൽ നടന്ന വിദ്യാർഥിനീ പഠനക്യാമ്പിൽ ജോസഫൈന്റെ ക്ലാസിലാണ് ആദ്യമായി ഫെമിനിസത്തിന്റെ വ്യത്യസ്ത ധാരകളെ പരിചയപ്പെട്ടത്. പി.ഗോവിന്ദപ്പിള്ള, എം. പി. പരമേശ്വരൻ തുടങ്ങി അതിപ്രഗൽഭരായ നിരവധി പേരുടെ ക്ലാസുകളിലിരിക്കാനായതും എസ്. എഫ്. ഐ കാലത്താണ്.

18 വയസ്സ് പൂർത്തിയായപ്പോൾ തന്നെ ഞാൻ സി.പി.ഐ എമ്മിന്റെ കാൻഡിഡേറ്റ് അംഗമായി. തുടർന്ന് പൂർണ മെമ്പർഷിപ്പിലേക്കും ലോക്കൽ കമ്മിറ്റി അംഗമായും മാറി. 1988 ൽ തിരുവനന്തപുരത്തുവച്ച് 13-ാം പാർട്ടി കോൺഗ്രസ് നടന്നപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു ഞാൻ. എസ്. എഫ്. ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് , ജോയിൻറ്​ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിൽ കേരളത്തിലെ ഏതാണ്ട് എല്ലാ കാമ്പസുകളിലുമെത്താൻ കഴിഞ്ഞത് വലിയൊരനുഭവമായിരുന്നു. പൊതുതെരഞ്ഞെടുപ്പുകൾ വരുമ്പോൾ മുഖ്യമായും സ്‌ക്വാഡ് പ്രവർത്തനത്തിനും കോർണർ യോഗങ്ങൾക്കുമാണ് ഞങ്ങളെ നിശ്ചയിക്കുക. ജീവിതത്തിന്റെ വലിയ പാഠശാലകളായിരുന്നു ആ പ്രവർത്തനങ്ങളെല്ലാം. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കാലമേതെന്നു ചോദിച്ചാൽ എസ്. എഫ്. ഐക്കാലം തന്നെ. പോരാട്ടത്തിന്റെയും പ്രണയത്തിന്റെയും നാളുകൾ. അവിടെ നിന്നാണല്ലോ ജയിംസ് എന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത്.

വിവാഹദിനത്തിൽ എൻ സുകന്യയും ജെയിംസ് മാത്യുവും

ദേശാഭിമാനി സബ് എഡിറ്റർ എന്ന നിലയിൽ അഞ്ചു വർഷം ജോലി ചെയ്ത ശേഷമാണ് അധ്യാപനമെന്ന ഞാനേറ്റവും ഇഷ്ടപ്പെടുന്ന തൊഴിലിലേക്ക് എത്തിയത്. രാഷ്ട്രീയ പ്രവർത്തനം, തൊഴിൽ, കുടുംബം ഇവയെല്ലാം ഒരുമിച്ചു കൊണ്ടുപോവുക ശ്രമകരമായിരുന്നുവെങ്കിലും ആ വഴി തന്നെയാണ് തിരഞ്ഞടുത്തത്. ഹയർ സെക്കണ്ടറി അധ്യാപികയെന്ന നിലയിൽ 20 വർഷം പൂർത്തിയായപ്പോൾ 2019 ൽ വളന്ററി റിട്ടയർമെന്റെടുത്തു. പൊതുരംഗത്ത് കൂടുതൽ സജീവമായി. സി.പി.ഐ- എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം, മഹിളാ അസോ. കേന്ദ്ര അസി.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജനപ്രതിനിധിയുമാണ്, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ.

രാഷ്ട്രീയ പ്രവർത്തനം ഞാൻ തുടങ്ങിയ കാലത്തെക്കാൾ വലിയ വെല്ലുവിളികളാണ് ഇന്ന് നേരിടുന്നത്. ഫാസിസം ആധിപത്യമുറപ്പിക്കുന്ന ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സ്ത്രീ സ്വാതന്ത്ര്യവുമെല്ലാം അപകടത്തിലാണ്. പൊരുതുകയല്ലാതെ മറ്റു പോം വഴികളില്ല നമുക്കു മുന്നിൽ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എൻ. സുകന്യ

എസ്.എഫ്.ഐയിലൂടെ വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലെത്തി. എൺപതുകളിൽ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനും പ്രീ ഡിഗ്രി ബോർഡ് രൂപീകരണത്തിനും എതിരായ സമരങ്ങളിൽ നേതൃസ്ഥാനത്തുണ്ടായിരുന്നു. 1987ൽ കേരള സർവകലാശാല യൂണിയന്റെ ആദ്യ വനിതാ ചെയർപേഴ്‌സണായി. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. ദേശാഭിമാനി സബ് എഡിറ്ററായി പ്രവർത്തിച്ചു. ഇപ്പോൾ സി.പി.ഐ- എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കണ്ണൂർ കോർപറേഷൻ കൗൺസിലർ.

Comments