2020 സെപ്തംബർ പകുതിയോടെയാണ് ഉത്തർപ്രദേശിലെ ഹാഥറസിൽ 19 വയസുകാരിയായ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാകുന്നത്. ആധിപത്യജാതിയിലെ പുരുഷന്മാരാൽ കൂട്ട ആക്രമണത്തിനിരയായ പെൺകുട്ടിക്ക് അംഗഭംഗം സംഭവിക്കുകയും അവൾ മൃതപ്രാണയാവുകയും ചെയ്തു. പശുക്കളെ മേയ്ക്കാൻ കൊണ്ടുപോയ വയലിൽ ചോരവാർന്നു കിടക്കുന്ന മകളെ അവളുടെ അമ്മയാണ് ആദ്യം കാണുന്നത്. അവളുടെ നാവ് ഏതാണ്ട് മുറിച്ചുമാറ്റപ്പെട്ടിരുന്നു. നട്ടെല്ല് തകർന്നിരുന്നു. അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ. ആദ്യം അലിഗഢിലെ ആശുപത്രിയിലും പിന്നെ ഡൽഹിയിലെ ഒരു ആശുപത്രിയിലുമായി രണ്ടാഴ്ചയോളം അവൾ ജീവൻ നിലനിർത്തി. പക്ഷെ സെപ്റ്റംബർ 29ന് രാത്രി അവൾ മരിച്ചു.
എന്നാൽ പിന്നീട് ഉത്തർപ്രദേശ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങൾ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധവും ദലിത് വിരുദ്ധവുമായ നടപടികളായിരുന്നു. ഉത്തർപ്രദേശ് പൊലീസ് പെൺകുട്ടിയുടെ ശരീരം അവൾ മരണപ്പെട്ട രാത്രിയിൽ തന്നെ തട്ടിയെടുക്കുകയും. അവളുടെ ഗ്രാമത്തിന്റെ പ്രാന്തത്തിലേക്ക് അതുകൊണ്ട് പായുകയും ചെയ്തു. അവർ ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ ലോക്കപ്പിലടച്ചു. തന്റെ മകളുടെ മുഖമൊന്ന് അവസാനമായി കാണാനാകാതെ ഒരമ്മ ഹൃദയം പിടഞ്ഞു. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് അവസാന ചടങ്ങുകൾ നടത്താനുള്ള അവകാശം അവളുടെ സമൂഹത്തിന് നിഷേധിക്കപ്പെട്ടു. എന്തു സംഭവിച്ചുവെന്നതിന്റെ കൃത്യമായ വിവരംപോലും നൽകുന്നതു നിഷേധിച്ച് ആ ശരീരം പൊലീസുകാർ ദഹിപ്പിച്ചു.
ഹാഥറസിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ഇത്തരം നിരവധി സംഭവങ്ങൾ നമ്മുടെ രാജ്യത്തുടനീളം നടന്നിട്ടുണ്ട. ഉന്നാവിലെ പെൺകുട്ടിയും, കേരളത്തിലെ ജിഷയും ഒടുവിൽ കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിലെ യു ഡോക്ടറുമടക്കം ഇത്തരം സംഭവങ്ങളുടെ ഇരകളാണ്. സ്ത്രീ അനുകൂലമായി നിരവധി നിയമങ്ങളുള്ള നമ്മുടെ രാജ്യത്ത് നീതി ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയും.
ഇന്ത്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗികാതിക്രമങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. 2023-ൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കു പ്രകാരം ദിവസവും 1,220 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമം എന്ന നിലയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 2022-ൽ മാത്രമായി 4,45,256 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 4 ശതമാനത്തിന്റെ വർധനവാണ് രജിസ്റ്റർ ചെയ്ത കേസുകളിലുണ്ടായിരിക്കുന്നത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ഓരോ മൂന്ന് മിനിറ്റിലും രാജ്യത്ത് സ്ത്രീകൾക്കെതിരെ ഒരു കുറ്റകൃത്യമെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നാണ്. ഒരു മണിക്കൂറിൽ, കുറഞ്ഞത് രണ്ട് സ്ത്രീകളെങ്കിലും ലൈംഗികമായി ആക്രമിക്കപ്പെടുകയും, വിവാഹിതരായ സ്ത്രീകൾ ഗാർഹീക പീഡനത്തിന് ഇരകളായി കൊല്ലപ്പെടുകയോ ആത്മഹത്യകളിലേക്ക് നയിക്കപ്പെടുകയോ ചെയ്യുന്നുവെന്നും റിപ്പോർട്ട് പറയുന്നു. 28.4 ശതമാനം ഗർഭിണികൾ ഗാർഹിക പീഡനത്തിന് ഇരയാകുന്നു.
ഗാർഹികപീഡനക്കേസുകളിൽ 31.4 ശതമാനവും ഭർത്താവിൽ നിന്നോ അവരുടെ ബന്ധുക്കളിൽ നിന്നോ ഉള്ള അതിക്രമങ്ങളാണ്. ദേശീയ വനിതാ കമ്മീഷൻെറ കണക്കനുസരിച്ച്, 26% സ്ത്രീകളും അവരുടെ ജീവിതകാലത്ത് ഒരിക്കൽ ഗാർഹിക പീഡനം അനുഭവിച്ചിട്ടുണ്ട്. 18- 30 പ്രായക്കാരാണ് ഏറ്റവും ആക്രമണങ്ങൾക്ക് വിധേയമാകുന്നത്.
ദലിത് സ്ത്രീകൾക്ക് നേരെ നടക്കുന്ന 50 ലൈംഗികാതിക്രമ കേസുകളിൽ 62 ശതമാനവും 18 വയസിന് താഴെയുളള പെൺകുട്ടികളാണ്. ഇത്തരം അതിക്രമങ്ങൾ ഏറ്റവും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്.
ലൈംഗികാതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകളിൽ 65.9 ശതമാനവും 18- 30 പ്രായമുള്ളവരാണ്. 30- 35 പ്രായമുള്ള 27 ശതമാനം സ്ത്രീകളും 45-60 പ്രായമുള്ള 3.7 ശതമാനം സ്ത്രീകളും 18 വയസിന് താഴെയുള്ള 2 ശതമാനം പെൺകുട്ടികളും 60 വയസിന് മുകളിൽ പ്രായമുള്ള 0.3 ശതമാനം സ്ത്രീകളും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു.
18-49 പ്രായമുള്ള സ്ത്രീകളിൽ 29 ശതമാനവും 15 വയസ് മുതൽ വീട്ടിൽ തന്നെ ശാരീരിക അതിക്രമങ്ങൾ അനുഭവിക്കേണ്ടി വന്നവരാണെന്നും 2019-2021ലെ ദേശീയ കുടുംബാരോഗ്യ സർവേയുടെ ഭാഗമായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ 14 ശതമാനം പേർ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ കുടുംബത്തെയും സുഹൃത്തുക്കളെയും അറിയിക്കുന്നതും നിയമപരമായി മുന്നോട്ടുപോവുകയും ചെയ്യുന്നതെന്നും കുടുംബാരോഗ്യ സർവ്വേയിൽ പറയുന്നു.
അതോടൊപ്പം ദലിത് ഹ്യൂമൻ റൈറ്റ്സ് ഡിഫൻഡേഴ്സ് നെറ്റ്‍വർക്കിങ്ങിന്റെ റിപ്പോർട്ടിൽ, ദലിത് സ്ത്രീകൾക്ക് നേരെ നടക്കുന്ന 50 ലൈംഗികാതിക്രമ കേസുകളിൽ 62 ശതമാനവും 18 വയസിന് താഴെയുളള പെൺകുട്ടികളാണെന്ന് പറയുന്നു. ഇത്തരം അതിക്രമങ്ങൾ ഏറ്റവും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്.
പിന്നിലല്ല കേരളവും
സ്ത്രീസാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയടക്കമുള്ള മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും സാമൂഹ്യരംഗത്ത് സംസ്ഥാനം വലിയ വെല്ലുവിളികൾ നേരിടുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്റെ കാര്യത്തിൽ കേരളത്തിലും വലിയ വർധനവ് ഉണ്ടാകുന്നുണ്ട്. 2016-ൽ 1656 ബലാത്സംഗ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2017-ൽ അത് 2003 കേസുകളായി വർധിച്ചു.
2018-ൽ 2005, 2019-ൽ 2023, 2020-ൽ 1880, 2021-ൽ 2339 , 2022-ൽ 2518, 2023-ൽ 2562, 2024 ആഗസ്റ്റ് വരെ മാത്രം 1813 കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തത്. കേസുകൾ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗിക പീഡനങ്ങൾക്ക് പുറമേ ഗാർഹിക പീഡനം, തട്ടിക്കൊണ്ട് പോകൽ (Kidnaping and Abduction), സ്ത്രീധന പീഡനങ്ങൾ തുടങ്ങി സ്ത്രീകൾക്കെതിരായ നിരവധി അതിക്രമങ്ങൾ ഓരോ ദിവസവും കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവയൊക്കെ റിപ്പോർട്ട് ചെയ്ത കേസുകൾ മാത്രമാണ്. റിപ്പോർട്ട് ചെയ്യാത്ത നിരവധി കേസുകളുമുണ്ടാകും എന്നതാണ് വസ്തുത.
2018-2022 കാലത്ത്, കേരളത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ 45.4 ശതമാനമാണ് വർധിച്ചത്. അതേസമയം, ഇതേ കാലത്ത് അതിക്രമങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുകയും ചെയ്തുവെന്ന് രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ പറയുന്നു. 2018ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 7.63 ശതമാനം കേസുകളിലാണ് കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്. 2022ൽ അത് 5.27 ശതമാനമായി.
ഇരകളെ നിയമസഹായം തേടുന്നതിൽ നിന്ന് വിലക്കുന്നതിൽ ജാതി, മതം, വർഗം, ഭിന്നശേഷി എന്നിവയടക്കം നിർണായകമാകുന്നു
‘ബാരിയേഴ്സ് ഇൻ ആക്സസ്സിംഗ് ജസ്റ്റീസ്: ദ് എക്സ്പീരിയൻസസ് ഓഫ് 14 റേപ്പ് സർവൈവേഴ്സ് ഇൻ ഉത്തർ പ്രദേശ്, ഇന്ത്യ’ എന്ന പഠനത്തിൽ ഉത്തർപ്രദേശിൽ ലൈംഗികാതിക്രമത്തിനിരയായ 14 ദലിത് സ്ത്രീകളുടെ അനുഭവം പങ്കുവെക്കുന്നുണ്ട്. റിപ്പോർട്ടിൽ സംസാരിക്കുന്ന 14 അതിജീവിതകളും പങ്കുവെക്കുന്ന പ്രധാന പ്രശ്നം പരാതിപ്പെടാൻ അവർക്ക് അവസരം ലഭിച്ചില്ലായെന്നാണ്. 2020-ൽ നടത്തിയ പഠനം പറയുന്നതനുസരിച്ച് പൊലീസ് അനാസ്ഥ, അനൗപചാരികമായി നിലനിൽക്കുന്ന ഘാപ്പ് പഞ്ചായത്തുകൾ, നിയമ സഹായങ്ങളുടെയും വൈദ്യസഹായത്തിന്റെയും അഭാവം തുടങ്ങിയ പ്രശ്നങ്ങളാണ് ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പഠനം പറയുന്നതനുസരിച്ച്, കോടതി ഉത്തരവ് ലഭിച്ചതിനുശേഷം മാത്രമാണ് ചില കേസുകളിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരകളെ നിയമസഹായം തേടുന്നതിൽ നിന്ന് വിലക്കുന്നതിൽ ജാതി, മതം, വർഗം, ഭിന്നശേഷി എന്നിവയടക്കം നിർണായകമാകുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
സ്ത്രീകൾക്കെതിരായി നടക്കുന്ന ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട അപകടകരമായ പൊതുബോധം, ഇത്തരം കുറ്റകൃത്യങ്ങളെ സ്വഭാവികമാക്കിത്തീർക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ഇന്ത്യയിലെ 65 ശതമാനം പുരുഷന്മാരും, സ്ത്രീകൾ ശാരീരിക പീഡനങ്ങൾക്ക് അർഹരാണെന്നും കുടുംബത്തിന്റെ നിലനിൽപ്പിന് സ്ത്രീകൾ അതിക്രമങ്ങൾക്ക് വിധേയരാകേണ്ടിവരും എന്നും വിശ്വസിക്കുന്നവരാണ്. ഇന്ത്യയിലെ പുരുഷന്മാരിൽ 24 ശതമാനം പേർ അവരുടെ ജീവിതകാലയളവിൽ ഒരിക്കലെങ്കിലും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയവരാണ് എന്ന് ഇന്റർനാഷനൽ മെൻ ആന്റ് ജെൻഡർ ഇക്വാലിറ്റി സർവേ (2011) വെളിപ്പെടുത്തുന്നു.
സിദ്ദീഖിന്റെ സെക്ഷ്വൽ കപ്പാസിറ്റി
ഇപ്പോൾ എന്തിനാണ് പരിശോധിക്കുന്നത്?
ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്നവർക്ക് വൈദ്യസഹായം ലഭ്യമാകാത്തതിന്റെ പ്രധാന കാരണം അത്തരം കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്തതാണ്. നിലവിലെ സാമൂഹ്യ സാഹചര്യത്തിൽ പല സ്ത്രീകൾക്കും തങ്ങൾ നേരിട്ട അതിക്രമങ്ങൾ തുറന്നുപറയാനോ നിയമപരമായി മുന്നോട്ടുപോകാനോ സാധിക്കുന്നില്ലെന്നും അത്തരത്തിൽ മുന്നോട്ടുപോകുന്ന സ്ത്രീകൾക്ക് കുടുംബത്തിന്റെ ഭാഗത്ത് നിന്നുപോലും പിന്തുണ ലഭിക്കുന്നില്ലെന്നും ഡോ. എ.കെ. ജയശ്രീ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. ലൈംഗികാതിക്രമ കേസുകളിൽ മെഡിക്കൽ തെളിവുകളുടെ പ്രാധാന്യം എന്താണെന്നും ജയശ്രീ വിശദീകരിക്കുന്നു:
“ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. റിപ്പോർട്ട് ചെയ്തിട്ട് സഹായം കിട്ടുന്നില്ല എന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതും രണ്ട് വിഷയമാണ്. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ എങ്ങനെയാണ് വൈദ്യസഹായം ഉറപ്പുവരുത്താൻ കഴിയുക? ലൈംഗികാതിക്രമത്തിനിരയാകുന്ന എത്ര ശതമാനം ആളുകൾ കേസായി ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നതാണ് പ്രധാന ചോദ്യം. കേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള അനുവാദം (Consent) ഇരകളായവർ നൽകുന്നില്ല എന്നതാണ് പ്രശ്നം. ഇരയാകുന്നവരുടെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ തന്നെ പറയും, ഇത് റിപ്പോർട്ട് ചെയ്യരുതെന്ന്. സിനിമാ മേഖലയിലെ സ്ത്രീകളെ നോക്കൂ, അവർ തന്നെ ഇപ്പോഴല്ലേ ധൈര്യത്തോടെ കേസുകൾ കൊടുക്കാൻ തയ്യാറാവുന്നത്. കേസ് രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമല്ലേ മെഡിക്കൽ തെളിവുകൾ എടുക്കാൻ കഴിയുകയുള്ളൂ. അത്തരത്തിൽ നിയമപരമായി മുന്നോട്ടുവരേണ്ടത് സ്ത്രീകൾ തന്നെയല്ലേ? സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾ മൂലമാണ് സ്ത്രീകൾക്ക് പരാതി കൊടുക്കാൻ കഴിയാത്തത്. പരാതി കൊടുത്താൽ തന്നെ അവർക്ക് സാമൂഹ്യമായ പിന്തുണ ലഭിക്കില്ല. വീണ്ടും വീണ്ടും അപമാനം അനുഭവിക്കേണ്ടി വരികയും അതിന്റെ ഭാഗമായി അവർ കൂടുതൽ ട്രോമയിലേക്ക് പോവുകും ചെയ്യും. അതുകൊണ്ടാണ് സ്ത്രീകൾ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പിന്മാറുന്നത്’’.
‘‘പെനിട്രേഷൻ നടന്നിട്ടില്ലെങ്കിൽ തെളിവു കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എന്നാലും ആ സമയത്ത് എന്തെങ്കിലും മുറിവുകളോ ചതവുകളോ ഉണ്ടോ, പിടിവലി നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി കേസ് റെക്കോർഡിൽ ഡോക്യുമെന്റ് ചെയ്യണ്ടേ? എന്നാൽ ഇതുമായി മുന്നോട്ടുപോകാനുള്ള സാമൂഹ്യ സാഹചര്യമല്ലല്ലോ ഇവിടെ നിലവിലുള്ളത്’’
പല കേസുകളിലും പ്രതികൾക്ക് ശിക്ഷ ലഭിക്കാത്തതിന് കാരണം തെളിവില്ലാത്തതാണ് എന്നും ഡോ. ജയശ്രീ ചൂണ്ടിക്കാട്ടുന്നു: ‘‘ഇത്തരം കേസുകളിൽ ഏറ്റവും പ്രധാനം തെളിവുകളാണ്. പല കേസുകളിലും ശിക്ഷ ലഭിക്കാത്തതിന്റെ പ്രധാന കാരണം തെളിവില്ലാത്തതാണ്. എഫ്.ഐ.ആർ പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ആ സമയത്തെ മെഡിക്കൽ തെളിവുകൾ. അത് എടുക്കാൻ താമസിച്ചാൽ തന്നെ കേസിനെ ബാധിക്കും. ഉദാഹരണത്തിന് ലൈംഗികാതിക്രമ കേസിൽ സെമൻ എടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, അത് എത്രയും പെട്ടെന്ന് തന്നെ ചെയ്യേണ്ടതാണ്. സെമൻ എപ്പോഴും വേണമെന്നില്ല. പലതരത്തിലാണുള്ളത്. മെഡിക്കൽ എവിഡൻസ് എത്രയും പെട്ടെന്ന് ശേഖരിക്കുകയെന്നതാണ് പ്രധാനം. ഏത് കുറ്റകൃത്യത്തിനാണെങ്കിലും മെഡിക്കൽ തെളിവുകൾ പ്രധാനപ്പെട്ടതാണ്.
നടൻ സിദ്ദീഖ് പ്രതിയായ കേസ് നോക്കൂ, വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന് ഇപ്പോൾ അയാളുടെ സെക്ഷ്വൽ കപ്പാസിറ്റി നോക്കിയിട്ട് എന്തു കാര്യം. അതിന്റെ ലോജിക്ക് എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ഇപ്പോൾ അത്തരത്തിലൊരു പരിശോധന നടത്തി അയാൾക്ക് സെക്ഷ്വൽ പവറില്ലെന്ന് കണ്ടെത്തിയെന്ന് വിചാരിക്കുക. അതൊരിക്കലും കുറ്റകൃത്യം ചെയ്യുന്ന സമയത്ത് അയാൾക്ക് സെക്ഷ്വൽ കപ്പാസിറ്റി ഇല്ല എന്നതിന്റെ തെളിവല്ലല്ലോ? ഇതൊക്കെ സൂചിപ്പിക്കുന്നത് മെഡിക്കൽ തെളിവുകളുടെ ആവശ്യകതയാണ്. ഇങ്ങനെ തെളിവുകൾ ലഭിച്ചാൽ പോലും ചില കേസുകളിൽ കാര്യങ്ങളൊന്നും എളുപ്പമല്ല. പെനിട്രേഷൻ നടന്നിട്ടില്ലെങ്കിൽ തെളിവു കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എന്നാലും ആ സമയത്ത് എന്തെങ്കിലും മുറിവുകളോ ചതവുകളോ ഉണ്ടോ, പിടിവലി നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി കേസ് റെക്കോർഡിൽ ഡോക്യുമെന്റ് ചെയ്യണ്ടേ? എന്നാൽ ഇതുമായി മുന്നോട്ടുപോകാനുള്ള സാമൂഹ്യ സാഹചര്യമല്ലല്ലോ ഇവിടെ നിലവിലുള്ളത്.
അടി, ഇടി, വെട്ട് പോലെയുള്ള വയലൻസുകളിൽ അപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോവുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്. ഡോക്യുമെന്റ് ചെയ്യുക എന്നതാണ് പ്രധാനം. അതാണല്ലോ പ്രധാന തെളിവ്. എന്നാൽ ലൈംഗികാതിക്രമ കേസുകളിൽ മെഡിക്കൽ തെളിവുകളെടുക്കാൻ എത്ര സ്ത്രീകൾ തയാറാകുമെന്നതാണ് പ്രശ്നം. അവർക്ക് മാനസിക സഹായം ഉറപ്പുവരുത്താൻ കേരളാ സർക്കാർ പുതിയ പ്രോട്ടോക്കോൾ കൊണ്ടുവന്നിട്ടുണ്ട്. രണ്ടുമൂന്ന് വർഷം മുമ്പാണ് ലിംഗസൗഹാർദപരമായ പുതിയ മെഡിക്കൽ ലീഗൽ പ്രോട്ടോക്കോൾ സർക്കാർ നടപ്പിലാക്കുന്നത്. അതനുസരിച്ച് പരമാവധി സ്ത്രീസൗഹാർദപരമായിട്ടാണ് നടപടികൾ മുന്നോട്ടുപോകുന്നത്. നേരത്തെയാണെങ്കിൽ ഇരകളാക്കപ്പെടുന്നവരെ വീണ്ടും വീണ്ടും ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കുകയും ഒട്ടും വിവേകമില്ലാതെ എക്സാമിൻ ചെയ്യുകയും ചെയ്യുന്ന രീതിയായിരുന്നു. അത്തരം പ്രശ്നങ്ങളെ അഡ്രസ് ചെയ്തു തന്നെയാണ് പുതിയ പ്രോട്ടോക്കോൾ നിലവിൽ വന്നത്. ലിംഗസൗഹാർദപരമായി പുതിയ പ്രോട്ടോക്കോൾ പുതുക്കിയെന്ന് പറയുമ്പോഴും അത് അങ്ങനെ തന്നെ നടക്കുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടണം. ഡോക്ടർമാർക്ക് അത്തരത്തിൽ പരിശീലനം കിട്ടിയിട്ടുമില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ലൈംഗീകാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നത് തന്നെയാണ് ഇവിടുത്തെ ഏറ്റവും പ്രധാന പ്രശ്നം.
റിപ്പോർട്ട് ചെയ്തവരുടെ അവസ്ഥ എന്താണെന്ന് നോക്കൂ. സ്വന്തം വീട്ടുകാരിൽ നിന്നുപോലും അവർക്ക് പിന്തുണ ലഭിക്കുന്നില്ല. ബന്ധുക്കളും കുടുംബാംഗങ്ങളും പോലും കേസ് കൊടുക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നില്ല. പല സ്ത്രീകളും വ്യക്തിപരമായി ഒരുപാട് റിസ്ക്കെടുത്താണ് പരാതി നൽകുന്നത്. അപ്പോൾ തന്നെ, എന്തുകൊണ്ട് ഇത്ര താമസിച്ചുവെന്നാണ് ആദ്യം ഉയർന്നുവരുന്ന ചോദ്യം” , ഡോ. ജയശ്രീ പറഞ്ഞു.
പ്രതികളായ ജനപ്രതിനിധികൾ
‘അനാലിസിസ് ഓഫ് സിറ്റിംഗ് എം.പി.സ് / എം.എൽ.എ.സ് വിത്ത് ഡിക്ലേഡ് കേസസ് റിലേറ്റഡ് റ്റു ക്രൈംസ് എഗെയ്ൻസ്റ്റ് വിമൻ 2024’ എന്ന പ്രസിദ്ധീകരണം പുറത്തുവിട്ട കണക്കുകളനുസരിച്ച്, 151 ജനപ്രതിനിധികളുടെ പേരിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് നിലവിൽ കേസുകളുണ്ട്. ബി.ജെ.പിക്കാരായ 54 ജനപ്രതിനിധികൾക്കെതിരെയും കോൺഗ്രസുകാരായ 23 ജനപ്രതിനിധികൾക്കെതിരെയും 17 ടി.ഡി.പി നേതാക്കൾക്കെതിരെയും 13 എ.എ.പി നേതാക്കൾക്കെതിരെയും ആറ് സ്വതന്ത്ര ജനപ്രതിനിധികൾക്കെതിരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ജനപ്രതിനിധികളായ 23 പേർക്കെതിരെയുമാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ലൈംഗികാതിക്രമങ്ങൾ സാധാരണവൽക്കരിക്കപ്പെടുന്നു എന്നതും ഒരു പ്രധാന പ്രശ്നമാണ്. Stalking, Staring പോലെയുള്ള അതിക്രമങ്ങളെ സമൂഹം പലപ്പോഴും സാധാരണ കാര്യം എന്ന നിലയിലാണ് വിലയിരുത്തുന്നത്. സ്ത്രീകളോട് ദ്വയാർഥം വെച്ച് സംസാരിക്കുന്നത്, പ്രണയാഭ്യർഥനയുമായി നിരന്തരം പിന്തുടരുന്നത് എന്നിവയൊന്നും സമൂഹ പൊതുബോധത്തിന് വലിയ വിഷയമുള്ള കാര്യമല്ല.
പോക്സോയുടെ പ്രാധാന്യം
18 വയസിൽ താഴെയുള്ള കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് 2012-ൽ പോക്സോ ആക്ട് പ്രഖ്യാപിച്ചത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്. അതുവരെയും ഇന്ത്യൻ പീനൽ കോഡിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് വ്യക്തമായ ശിക്ഷ നിർവചിച്ചിട്ടുണ്ടായിരുന്നില്ല. അവിടെയാണ് പോക്സോ ആക്ടിന്റെ പ്രാധാന്യം. കുറ്റകൃത്യത്തോടൊപ്പം കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയുടെ പ്രായം പരിഗണിച്ചാണ് പോക്സോ കേസുകളിൽ ശിക്ഷ നിർവചിച്ചിട്ടുള്ളത്. ഇരയുടെയും കുറ്റവാളിയുടെയും പ്രായത്തെ അടിസ്ഥാനമാക്കി ഏത് ജുഡീഷ്യൽ ബോഡികളാണ് കേസിന് ഉത്തരവാദികളെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരയാക്കപ്പെടുന്ന കുട്ടികളുടെ ബന്ധുവോ കുടുംബവുമായി നേരിട്ട് ബന്ധമുള്ളവരോ ഒക്കെ പോക്സോ കേസുകളിൽ പ്രതികളായി വരുന്നത് വളരെ സാധാരണമായി മാറിയിരിക്കുകയാണ്.
ഐക്യരാഷ്ട്ര സംഘടന നടത്തിയ പഠനത്തിൽ പറയുന്നത്, ലൈംഗികാതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകളിൽ 40 ശതമാനം പേരുടെയും മാനസികാരോഗ്യം വളരെ മോശമാണെന്നാണ്.
2024 ആഗസ്റ്റ് വരെ മാത്രം കേരളത്തിൽ 2974 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണ്ണൂർ ജില്ലയിലുമാണ്. തിരുവനന്തപുരത്ത് ഇതുവരെ 393 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2016 മുതൽ 2024 ആഗസ്റ്റ് വരെയുള്ള കാലയളവിൽ, ശൈശവിവാഹവുമായി ബന്ധപ്പെട്ട 84 കേസുകളാണ് കേരളത്തിൽ മാത്രമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതിജീവിതമാരുടെ
മാനസികാരോഗ്യം
ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഐക്യരാഷ്ട്ര സംഘടന നടത്തിയ പഠനത്തിൽ പറയുന്നത്, ലൈംഗികാതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകളിൽ 40 ശതമാനം പേരുടെയും മാനസികാരോഗ്യം വളരെ മോശമാണെന്നാണ്. വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ (PTSD) ഉത്കണ്ഠ, സ്വയം ഉപദ്രവിക്കൽ, ഉറക്കക്കുറവ്, മാനസികമായ മറ്റ് പ്രതിസന്ധികൾ തുടങ്ങിയവ അതിജീവിതകളിൽ കാണപ്പെടുന്നുവെന്നും റിപ്പോർട്ട് പറയുന്നു. അടുത്ത ബന്ധുവിൽ നിന്നോ പങ്കാളിയിൽ നിന്നോ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീകളിൽ 14 ശതമാനം പേരിലും PTDS 11 കാണപ്പെടുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശ്, എത്യോപ്യ, പെറു, സമോവ, തായ്‌ലൻഡ്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 60 ശതമാനം സ്ത്രീകളും തങ്ങൾ ശാരീരികമായോ ലൈംഗികമായോ പങ്കാളികളാൽ ആക്രമിക്കപ്പെടുന്നുണ്ടെന്നും പറയുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ നിയമത്തെ സംബന്ധിച്ച ധാരണക്കുറവ് ഒരു പ്രശ്‌നമായി നിലനിൽക്കുമ്പോഴും, സാമൂഹ്യമായി രൂപപ്പെടുന്ന സമ്മർദ്ദങ്ങളാണ് ഇരകളെ ട്രോമയിലേക്ക് തള്ളിവിടുന്നതിന്റെ പ്രധാന കാരണമെന്ന് ട്രൂകോപ്പി തിങ്കിനോട് തുറന്നുപറയുകയാണ് ഹൈക്കോടതി അഭിഭാഷകയായ മായ കൃഷ്ണൻ.
“നിലവിൽ രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായി കാണാൻ കഴിയും. നിയമം ശക്തമായി നിൽക്കുമ്പോഴും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവകരമായി തന്നെയാണ് നമ്മുടെ നിയമം കണക്കാക്കുന്നത്. നിയമം ശക്തമായി നിൽക്കുമ്പോഴും ഓരോ വർഷവും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഒരു കുറവും കാണാൻ സാധിക്കുന്നില്ല. ആക്രമിക്കപ്പെടുന്നവർക്കെതിരെ രൂപപ്പെട്ട് വരുന്ന സാമൂഹ്യബോധവും, സമൂഹം അവരെ എങ്ങനെയാണ് കാണുന്നതെന്നടക്കമുള്ള കാര്യങ്ങളും, അത്തരം സാഹചര്യങ്ങൾ നൽകുന്ന സ്റ്റിക്മയെ കുറിച്ചും വിലയിരുത്തേണ്ടതുണ്ട്. നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മയോളം തന്നെ പ്രധാനപ്പെട്ടതാണ് തുറന്നുപറഞ്ഞതിനുശേഷമുണ്ടാകുന്ന സാമൂഹ്യ സാഹചര്യം. പ്രതിക്കുണ്ടാകുന്നതിനേക്കാൾ സാമൂഹ്യ സമ്മർദ്ദം പലപ്പോഴും ഇരകൾക്ക് ഉണ്ടാകാറുണ്ട്. ഇതൊരു വലിയ സാമൂഹ്യ പ്രശ്‌നമാണ്. അതിന് നമ്മളടക്കമുള്ളവർ ഉത്തരവാദികളാണ്. അത് മാറാതെ നിയമത്തെ കുറിച്ച് അവബോധമൊന്നും നൽകിയിട്ട് കാര്യമില്ല.”
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളും ലൈംഗിക കടത്തും ഗുരുതര കുറ്റകൃത്യങ്ങളാണ്. ഇരകൾക്ക് ആശ്വാസം നൽകുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതവും പ്രാപ്തവുമായ അന്തരീക്ഷം ഒരുക്കുന്നതിനും പുറമെ കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും ഉറച്ച പ്രതിബദ്ധത സമൂഹത്തിൽ ഉണ്ടാവേണ്ടതുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നതിനും മനുഷ്യക്കടത്ത് അടക്കമുള്ളവയിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി കേരള സർക്കാർ ‘നിർഭയ’ എന്ന പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. ‘മൾട്ടി-സ്റ്റേക്ക്ഹോൾഡർ കൺവെർജൻസോ’ടു കൂടിയ സമഗ്ര നയവും പ്രവർത്തനവുമാണ് പദ്ധതി ലക്ഷ്യം വെച്ചിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ, ലൈംഗികാതിക്രമത്തിനിരയായവരുടെ സംരക്ഷണം, ലൈംഗികാതിക്രമം നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യുക, ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരുടെ പുനരധിവാസം, പുനഃസംയോജനം തുടങ്ങിയവയാണ് പദ്ധതി മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ. സാമൂഹ്യനീതി ഡയറക്ടറേറ്റിന് കീഴിൽ ജോയിന്റ് ഡയറക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സെൽ (നിർഭയ സെൽ) രൂപീകരിച്ചാണ് പദ്ധതി ഏകോപിപ്പിക്കപ്പെടുന്നത്. സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി, നിർഭയ സെല്ലുമായി ബന്ധപ്പെടുത്തുന്നതിനും നടപ്പാക്കലിനെ പിന്തുണയ്ക്കുന്നതിനും സംസ്ഥാന കമ്മിറ്റിയിൽ നിന്നുള്ള അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുകയും ചെയ്യും.