എൻ.ജി. നയനതാര

ബിഷപ്പിനും ‘തേപ്പി'നുമിടയിൽ
​മലയാളി സ്ത്രീയുടെ പ്രണയജീവിതം

നമ്മുടെ കൂട്ടക്കാരെ വിവാഹം ചെയ്ത്, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിച്ച്, നമ്മുടെ ജാതി/മതം ശക്തിപ്പെടുത്തേണ്ട നമ്മുടെ സ്ത്രീകൾ ഈ പരിധികൾക്കപ്പുറത്തേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകൾ എല്ലാ മതങ്ങളുടെയും തലവേദനയാണ്.

തവും പാട്രിയാർക്കിയും സമൂഹത്തിലെ എല്ലാ അധികാരവ്യവസ്ഥകളും സ്ത്രീയുടെ പ്രണയമുൾപ്പെടെയുള്ള സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ഒരുപോലെ ആശങ്കാകുലരാകുന്ന ഈ വേള പ്രിയപ്പെട്ട സാറാമ്മമാരേ, നിങ്ങളെങ്ങനെ വിനിയോഗിക്കുന്നു? അതിവിചിത്രമെങ്കിലും അപ്രതീക്ഷിതമല്ല ഈ കാലം. സ്ത്രീകളെ സംബന്ധിച്ച് ഒരു ചരിത്രസന്ധിയിലേക്കുള്ള വേദനാപൂർണമായ പരിണാമം അദൃശ്യമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. വ്യവസ്ഥയിൽ നിന്നുള്ള ഏറ്റവും വിനീതമായ കുതറിമാറലുകൾ പോലും അത്രയേറെ ആയാസകരമാകുന്നത് ഈ കാലത്തിന്റെ സവിശേഷത കൊണ്ടുതന്നെയാകണം.

വ്യവസ്ഥാപിതമായ വിവാഹത്തിൽനിന്ന് പലപ്പോഴും വ്യത്യസ്തമല്ല, എല്ലാ വ്യവസ്ഥകളുടെയും വിഴുപ്പുകൾ താങ്ങേണ്ടി വരുന്ന പ്രണയവും. ചെറിയ കാര്യങ്ങൾപോലും അപകടസൂചനകളായിക്കണ്ട് അത്തരം ബന്ധങ്ങളിൽനിന്ന് ഇറങ്ങിനടക്കുന്ന സ്ത്രീകളിന്ന് അപൂർവതയല്ല.

പ്രണയമെന്ന ഒരൊറ്റ മാനകം കൊണ്ട് ഇക്കാലത്തെ അളക്കാൻ കഴിയുമെങ്കിൽ അതിൽ പ്രണയിക്കാനും പ്രണയിക്കാൻ വിസമ്മതിക്കാനും പ്രണയമുൾപ്പെടെയുള്ള ബന്ധങ്ങളിൽനിന്ന് ആരോഗ്യകരമായി, പരിക്കേൽക്കാതെ പുറത്തുവരാനുമുള്ള സ്ത്രീയുടെ സ്വയംനിർണയാവകാശത്തെക്കുറിച്ചാണ് സംസാരിക്കേണ്ടിവരിക. "ലവ് ജിഹാദ്'എന്ന വാക്ക് പ്രതിലോമകരമാകുന്നത് പ്രണയമെന്ന സ്വാഭാവികതയെ വർഗീയതയുടെ കുഴിയിലേക്ക് തള്ളിയിടുന്നതുകൊണ്ടു മാത്രമല്ല, സ്ത്രീയുടെ തെരഞ്ഞെടുപ്പിനെ സ്വാഭാവികമായി സ്വീകരിക്കാനുള്ള മതത്തിന്റെയും പാട്രിയാർക്കിയുടെയും മടികൊണ്ടു കൂടിയാണ്. സ്ത്രീ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നുവെന്ന വസ്തുതയാണ് ഇതര മതത്തോടുള്ള അസഹിഷ്ണുതയേക്കാൾ പലപ്പോഴും ഇവരുടെ ഉറക്കം കളയുന്നത്. സ്ത്രീകളുടെ ലോകം വലുതാകുന്നതും അവിടെ ഇണയുൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകൾക്ക് സാധ്യതയുണ്ടാകുന്നതും അംഗീകരിക്കുന്നതിലുമെളുപ്പം ഒരു അപരൻ അവളെ വശപ്പെടുത്തിയെടുക്കുന്നു എന്ന വാദഗതി ഉയർത്തുകയാണ്. സ്ത്രീകളുടെ നിസ്സഹായതയും, തീരുമാനമെടുക്കുന്നതിലെ പക്വതയില്ലായ്മയും മറുവശത്തെ പുരുഷനെ പ്രതിനിധീകരിക്കുന്ന മതത്തിന്റെ/ ജാതിയുടെ മേൽ അടിച്ചേല്പിക്കപ്പെടുന്ന ദുരുദ്ദേശ്യങ്ങളും ഈ വാദത്തിലൂടെ വളരെ കൃത്യമായി സ്ഥാപിച്ചെടുക്കാനും സാധിക്കും.

സ്ത്രീ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നുവെന്ന വസ്തുതയാണ് ഇതര മതത്തോടുള്ള അസഹിഷ്ണുതയേക്കാൾ പലപ്പോഴും ഇവരുടെ ഉറക്കം കളയുന്നത്

ഒരു അപര ഓരോ സ്ത്രീക്കുള്ളിലും ഒളിഞ്ഞും തെളിഞ്ഞുമുണ്ട്. ജീവിതത്തിന്റെ തുടക്കകാലം വ്യവസ്ഥാപിതമായി ജീവിച്ചുതീർക്കുകയും വളരെ വൈകി മാത്രം ജീവിതത്തെക്കുറിച്ചറിയാൻ- അത് വിർച്വൽ ആയിട്ടാണെങ്കിലും- അവസരം ലഭിക്കുകയും ചെയ്യുന്ന സ്ത്രീകളാണ് ഉള്ളിലെ ഈ അപരയെ ആദ്യം തിരിച്ചറിയുകയും, ആ അപരയാണല്ലോ യഥാർഥത്തിൽ താനെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുള്ളത്. കൗമാരത്തിലും ഇരുപതുകളിലും നിൽക്കുന്ന പെൺകുട്ടികൾക്ക് ഈ തിരിച്ചറിവിനായി ഇത്രകാലം കാത്തുനിൽക്കേണ്ടി വരുന്നില്ല. അംഗീകരിക്കാൻ മടിയും ഭയവുമുണ്ടെങ്കിലും, അവർ അവർക്കുള്ളിലെ ആ അപരയുമായി മുഖാമുഖം നിൽക്കുന്നുണ്ട്. ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ കാണുന്നുണ്ട്. അതുമായി പൊരുത്തപ്പെടാത്ത ഘടകങ്ങളിൽനിന്ന് മാറിനടക്കുന്നുണ്ട്.

ഒരു പ്രണയത്തിലേക്കുള്ള അവളുടെ പ്രവേശത്തേക്കാൾ കഠിനമാണ് ഇറങ്ങിപ്പോക്ക്. സ്ത്രീയുടെ തിരസ്‌കാരം, അതെന്തു കാരണം കൊണ്ടായാലും, അവളുടെ മനുഷ്യത്വത്തെ മുഴുവൻ റദ്ദുചെയ്യുന്നതായി മാറുന്നു.

വളരെവേഗം വ്യവസ്ഥയ്ക്കുള്ളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകാമായിരുന്ന ഈ ഒരു തലമുറയുടെ പരിണാമമാണ് മതമുൾപ്പെടെയുള്ള എല്ലാ അധികാരസ്ഥാപനങ്ങളുടെയും പേടിസ്വപ്നം. അവർ ഭാവിയിൽ ഉപയോഗിച്ചേക്കാവുന്ന സ്വാതന്ത്ര്യമാണ് സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നത്. വഴിതെറ്റിപ്പോകുന്ന പെൺകുട്ടികളെ നേർവഴിക്കു നടത്താൻ പൊലീസ് മുതൽ പുരോഹിതർ വരെയുള്ളവർ കിണഞ്ഞുശ്രമിക്കുന്നത്, വ്യവസ്ഥാനുസാരികളല്ലാത്ത സ്ത്രീകളാണ് സമൂഹത്തിലുള്ള എല്ലാ മർദകവ്യവസ്ഥകളുടെയും ശവപ്പെട്ടിയിലെ ആദ്യത്തെ ആണിയാവുകയെന്ന തിരിച്ചറിവുകൊണ്ടാണ്.

മാരകമായ പ്രണയത്തെറ്റുകൾ

പ്രണയവും സൗഹൃദവും വിശ്വാസവുമുൾപ്പെടെയുള്ള മാനസികമായ ഓരോ ബന്ധവും, ആ വ്യക്തിയുടെ അതതുകാലത്തെ ശരികൾക്കും രാഷ്ട്രീയബോധത്തിനും അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നതാണ്. പിന്നോട്ടു നോക്കുമ്പോൾ സ്വയം ചൂളിപ്പോകുന്ന അബദ്ധങ്ങൾ ഓർക്കാനില്ലാത്ത മനുഷ്യരുണ്ടാവുമോ? അപക്വമായ തീരുമാനങ്ങളിൽനിന്ന് അവസാനനിമിഷം ഓടിരക്ഷപ്പെട്ടതിന്റെ ഓർമകളുണ്ടാവും, ചില തെറ്റുകൾ ജീവിതത്തെ പൂർണമായും പുനർനിർണയിച്ചതിന്റെ തെളിവുകളുണ്ടാവും... അതെല്ലാം തുറന്നെഴുതിയ മഹാപുരുഷന്മാരുടെ ആത്മകഥകൾക്കാണല്ലോ നാം ഇതിഹാസസമാനമായ ആദരവു നൽകുന്നത്.

ഒരു പ്രണയത്തിലേക്കുള്ള അവളുടെ പ്രവേശത്തേക്കാൾ കഠിനമാണ് ഇറങ്ങിപ്പോക്ക്. സ്ത്രീയുടെ തിരസ്‌കാരം, അതെന്തു കാരണം കൊണ്ടായാലും, അവളുടെ മനുഷ്യത്വത്തെ മുഴുവൻ റദ്ദുചെയ്യുന്നതായി മാറുന്നു. ഉയരെ എന്ന സിനിമയിൽ നിന്ന്

സ്ത്രീകളുടെ കാര്യത്തിൽ, ഈ സാധ്യതയുടെ വാതിലുകൾ എപ്പോഴും അടഞ്ഞുതന്നെയാണ്. ഒരു പ്രണയത്തിലേക്കുള്ള അവളുടെ പ്രവേശത്തേക്കാൾ കഠിനമാണ് ഇറങ്ങിപ്പോക്ക്. സ്ത്രീയുടെ തിരസ്‌കാരം, അതെന്തു കാരണം കൊണ്ടായാലും, അവളുടെ മനുഷ്യത്വത്തെ മുഴുവൻ റദ്ദുചെയ്യുന്നതായി മാറുന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള പൊരുത്തക്കേടിനും അതേത്തുടർന്നുള്ള പിരിയലിനുമപ്പുറം, ഒരു പക്ഷത്തിന്റെ അഭിമാനത്തിനുമേലുള്ള കനത്ത ആഘാതമാകുന്നു. പ്രണയംകൊണ്ടു മുറിവേൽക്കുംപോലെ തന്നെ, പ്രണയനിരാസം കൊണ്ടും സ്ത്രീകൾക്കു മുറിവേൽക്കുന്നുണ്ട്. നൈസർഗികമായി എതിർലിംഗത്തോടു തോന്നുന്ന ആകർഷണത്തെപ്പോലും ഭയപ്പെടാൻ സ്ത്രീകൾ ശീലിക്കുന്നത്, പ്രണയമെന്ന വികാരത്തിന്റെ പല വർണരാജികൾ മാനസികമായോ ശാരീരികമായോ ആസ്വദിക്കാൻ അവർക്കു സാധിക്കാതെ പോകുന്നത്, മുറിവേൽക്കുമെന്ന ഈ ഭയം കൊണ്ടാണ്.

പിരിഞ്ഞുപോയ കാമുകിയുടെ ഓർമയ്ക്ക് ബലൂണുകൾ കെട്ടിത്തൂക്കുന്ന കാമുകന്റെ വാർത്തയ്ക്കു താഴെ നിറയുന്നത് "അവൻ ഒന്നുമില്ലെങ്കിലും അവളുടെ മുഖത്ത് ആസിഡൊഴിച്ചില്ലല്ലോ, പാവം!' എന്ന കമന്റുകളാണ്

ഈ പ്രണയപ്പേടിയിൽ തുടങ്ങുകയും പല തട്ടുകളിലെ ആന്തരികമായ ഭയങ്ങളെ അതിജീവിച്ച് തുടരുകയും ചെയ്യുന്ന ബന്ധങ്ങളെ വിവാഹത്തിലേക്കെത്തിക്കുകയോ, വീട്ടുകാരുടെ സമ്മർദത്തെത്തുടർന്ന് അവസാനിപ്പിക്കുകയോ ചെയ്യുക എന്ന രണ്ടു സാധ്യതകളാണ് പലപ്പോഴും സ്ത്രീകൾക്കുമുന്നിൽ അവശേഷിക്കാറ്. ഈ രണ്ടു സാധ്യതകളും ദുരഭിമാന-ജാതിക്കൊലകൾക്കും പ്രണയപ്പകയെ തുടർന്നുള്ള കൊലകൾക്കും കാരണമാകാമെന്നതിന് കേരളത്തിൽത്തന്നെ ധാരാളം ഉദാഹരണങ്ങളുണ്ടല്ലോ. പ്രണയത്തിൽനിന്ന് പിന്മാറിയ "തേപ്പുകാരി'കളുടെ ഒരു പുതുനിരയാണ് ഇതിന്റെ ബാക്കിപത്രം. ഏതൊരു ബന്ധത്തിൽനിന്നുമുള്ള പരസ്പരസമ്മതത്തോടെയും പരസ്പരബഹുമാനത്തോടെയും വളരെക്കുറച്ച് മുറിവുകൾ അവശേഷിപ്പിച്ചുകൊണ്ടുമുള്ള പിന്മാറ്റം ഏറെക്കുറേ ഈയവസ്ഥകളിൽ അസാധ്യമാവുകയും ചെയ്യുന്നു.

ബന്ധങ്ങളിലെ ടോക്‌സിസിറ്റിയും അധികാരസ്ഥാപനവും കാൽപനികവത്കരിക്കപ്പെടുകയും രണ്ടു മനുഷ്യർ തമ്മിലുള്ള പരസ്പരബഹുമാനകേന്ദ്രീകൃതമാകേണ്ട എല്ലാ ബന്ധങ്ങളെയും അത് വിഷലിപ്തമാക്കുകയും ചെയ്യുമ്പോൾ, വൈകിയെങ്കിലും അതു മനസ്സിലാക്കുന്ന സ്ത്രീകൾക്ക് അതിൽനിന്ന് ഇറങ്ങിനടക്കാൻ കഴിയാതെ വരുന്നത് ഈ ഭയം കൊണ്ടുതന്നെയാവും. അർജുൻ റെഡ്ഡി എന്ന സിനിമയിൽ നിന്ന്

പിരിഞ്ഞുപോയ കാമുകിയുടെ ഓർമയ്ക്ക് ബലൂണുകൾ കെട്ടിത്തൂക്കുന്ന കാമുകന്റെ വാർത്തയ്ക്കു താഴെ നിറയുന്നത് "അവൻ ഒന്നുമില്ലെങ്കിലും അവളുടെ മുഖത്ത് ആസിഡൊഴിച്ചില്ലല്ലോ, പാവം!' എന്ന കമന്റുകളാണ്. പ്രണയം തിരസ്‌കരിക്കപ്പെട്ടാലുള്ള ആക്രമണവും കൊലയും ഞെട്ടിക്കുന്ന തരത്തിലാണ് സാധാരണവത്കരിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള കൊലകളുടെ വാർത്തകൾക്കുതാഴെ "അവനെ ന്യായീകരിക്കുകയല്ല, പക്ഷേ..' എന്ന മട്ടിലുള്ള എത്രയോ കമന്റുകൾ കാണാൻ കഴിയും. ടിക് ടോക് വസന്തം കഴിഞ്ഞിട്ടും ഹിറ്റ് ചാർട്ടിൽനിന്ന് പുറത്താകാത്ത കലിപ്പൻ- കാന്താരി പ്രണയത്തെക്കൂടി ഇതോടൊപ്പം ചേർത്തുവായിക്കണം. ബന്ധങ്ങളിലെ ടോക്‌സിസിറ്റിയും അധികാരസ്ഥാപനവും കാൽപനികവത്കരിക്കപ്പെടുകയും രണ്ടു മനുഷ്യർ തമ്മിലുള്ള പരസ്പരബഹുമാനകേന്ദ്രീകൃതമാകേണ്ട എല്ലാ ബന്ധങ്ങളെയും അത് വിഷലിപ്തമാക്കുകയും ചെയ്യുമ്പോൾ, വൈകിയെങ്കിലും അതു മനസ്സിലാക്കുന്ന സ്ത്രീകൾക്ക് അതിൽനിന്ന് ഇറങ്ങിനടക്കാൻ കഴിയാതെ വരുന്നത് ഈ ഭയം കൊണ്ടുതന്നെയാവും. പോറ്റിവളർത്തിയ വീട്ടുകാരെ ചതിച്ചവളോ കാമുകനെ "തേച്ചിട്ടു'പോയവളോ ആവുകയാണ് എൺപതുശതമാനം പ്രണയങ്ങളിലും സ്ത്രീയുടെ കഥാഭാഗം.

ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു വരുന്നതിലെ ആണത്തമോ ധീരതയോ ഇറങ്ങിപ്പോകുന്ന സ്ത്രീയുടെ പ്രവൃത്തിയിലില്ല. സ്വന്തം ഇഷ്ടം വിവാഹത്തിന്റെ കാര്യത്തിൽ നടപ്പിലാക്കാനൊരുങ്ങുമ്പോൾ ഒരു പറ്റം വ്യവസ്ഥകളെക്കൂടെയാണ് സ്ത്രീകൾക്ക് നിരാകരിക്കേണ്ടി വരുന്നത്.

മനുഷ്യരെയും അതിലൂടെ ലോകത്തെയും അറിയുക എന്നത് എല്ലാവർക്കും ഒരു ട്രയൽ ആൻഡ് എറർ പ്രോസസ്സാണ്. അതിൽ സ്ത്രീകൾക്കുമാത്രം നേരിടേണ്ടിവരുന്ന സദാചാര ഓഡിറ്റിങ് ലോകത്തെ സ്വാഭാവികമായി മനസ്സിലാക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് വെല്ലുവിളിയാണ്. പല പ്രണയങ്ങളിലൂടെ കടന്ന് പക്വതയും പാകതയും നേടുന്ന പുരുഷന്റെ കഥ സിനിമകളിലും സാഹിത്യത്തിലും ആഘോഷിക്കപ്പെടാറുള്ളപ്പോൾ സ്ത്രീകളുടെ അത്തരത്തിലുള്ള ഒരു ശ്രമം പോലും അവളെക്കുറിച്ചുള്ള കടുത്ത മുൻവിധികളിലേക്കു നയിക്കുകയാണ് ചെയ്യാറ്.

പ്രണയപ്പോരാട്ടങ്ങൾ

പ്രണയത്തെ വിവാഹത്തിലേക്കെത്തിക്കുകയെന്ന കടമ്പയാണ് ഈ പരീക്ഷണഘട്ടത്തിനുശേഷം കടക്കേണ്ടത്. ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു വരുന്നതിലെ ആണത്തമോ ധീരതയോ ഇറങ്ങിപ്പോകുന്ന സ്ത്രീയുടെ പ്രവൃത്തിയിലില്ല. സ്വന്തം ഇഷ്ടം വിവാഹത്തിന്റെ കാര്യത്തിൽ നടപ്പിലാക്കാനൊരുങ്ങുമ്പോൾ ഒരു പറ്റം വ്യവസ്ഥകളെക്കൂടെയാണ് സ്ത്രീകൾക്ക് നിരാകരിക്കേണ്ടി വരുന്നത്. മതം, ജാതി, കുടുംബം, സമൂഹത്തിന്റെ സദാചാരസമവാക്യങ്ങൾ തുടങ്ങിയവയെല്ലാം ഉടച്ചുകളഞ്ഞുകൊണ്ടുള്ള ഈ യാത്ര അവൾക്ക് ഒട്ടും സുഗമമല്ല. രണ്ടു മതവിശ്വാസികൾ തമ്മിലുള്ള വിവാഹത്തിൽ സ്ത്രീകൾക്ക് പുരുഷന്റെ മതം സ്വീകരിക്കേണ്ടി വരുന്നത് ഒട്ടും ലളിതവുമല്ല. പ്രണയത്തിനുവേണ്ടി ഈ മാറ്റങ്ങൾക്ക് ഒരാൾ മാത്രം വിധേയയാകുന്നതിന്റെ യുക്തിയും അയുക്തിയും ചർച്ചയാകുന്നത് അപൂർവം. മതം രണ്ടുപേർക്കിടയിൽ തീരെ കടന്നുവരാതിരിക്കുകയും നൂറുശതമാനം മതേതരമായ ജീവിതം സാധ്യമാവുകയും ചെയ്യുന്നത് കേരളത്തിൽ ഇന്നും അപൂർവമായി മാത്രമാണ്.

നമ്മുടെ കൂട്ടക്കാരെ വിവാഹം ചെയ്ത്, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിച്ച്, നമ്മുടെ ജാതി/മതം ശക്തിപ്പെടുത്തേണ്ട നമ്മുടെ സ്ത്രീകൾ ഈ പരിധികൾക്കപ്പുറത്തേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകൾ എല്ലാ മതങ്ങളുടെയും തലവേദനയാണ്. സാമൂഹ്യമാധ്യമങ്ങളുൾപ്പെടെ, സ്ത്രീകൾക്ക് ലഭ്യമായ പ്ലാറ്റ്‌ഫോമുകൾ വിശാലമാകുന്തോറും അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾക്കും ശക്തികൂടും. സ്ത്രീകളുടെ സാമൂഹികമായ ഏതു വ്യവഹാരത്തെയും ലൈംഗികതയുടെ തട്ടിൽവച്ചു തൂക്കിനോക്കുകയാണ് ലോകത്തിന്റെ ശീലം. തീരുമാനങ്ങളെടുക്കുന്ന, ഉറച്ച നിലപാടുകളുള്ള സ്ത്രീകൾക്കും ഏതെങ്കിലും കുറ്റകൃത്യങ്ങളിലോ വിവാദങ്ങളിലോ ഉൾപ്പെടുന്ന സ്ത്രീകൾക്കുമൊക്കെ ലൈംഗികച്ചുവയുള്ള ഇത്തരം പരിഹാസങ്ങൾ കേൾക്കേണ്ടിവരുന്നത് നാട്ടുനടപ്പാണല്ലോ. എല്ലാ മതങ്ങളും ആത്യന്തികമായി നടപ്പിലാക്കുന്നത് സ്ത്രീകളുടെ ശരീരവത്കരണമാണ്. ആ മതശരീരത്തിൽനിന്ന് സ്വതന്ത്രമായി സ്വന്തം ശരീരത്തെയും പ്രണയത്തെയും ലൈംഗികതയെയും തിരിച്ചറിയുന്ന സ്ത്രീകൾ കൂടുതൽ കൂടുതൽ ശക്തമായി സാമൂഹികമണ്ഡലത്തിലേക്കിറങ്ങുന്തോറും യാഥാസ്ഥിതികതയും പിടിമുറുക്കിക്കൊണ്ടേയിരിക്കും. ജാതിമാറി പ്രണയിച്ച മകളെ അച്ഛൻ തന്നെ കൊലചെയ്യും, ഞങ്ങളുടെ ആണുങ്ങൾ കെട്ടാതെ നിൽക്കുമ്പോൾ അവരുടെ കൂടെ ഇറങ്ങിപ്പോകുന്ന പെണ്ണുങ്ങളെക്കുറിച്ച് ഇനിയും ഇടയലേഖനങ്ങളുണ്ടാകും, ഒന്നിച്ചുനിന്നുള്ള ഫോട്ടോകൾ പോലും വ്യഭിചാരമാണെന്ന് യൂട്യൂബ് മൗലവിമാരുടെ ഫത്വകളിറങ്ങും. പല തലത്തിലുള്ള ഈ ആക്രമണങ്ങളെ രാഷ്ട്രീയമായും വൈകാരികമായും ശാരീരികമായും നേരിടേണ്ടിവരുമെന്നതാണ് പുതുതലമുറ സ്ത്രീകൾക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ജീവിതം മുഴുവൻ പോരാടിക്കൊണ്ടിരിക്കാൻ സ്ത്രീകളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.

ജീവിതം ഏതെങ്കിലുമൊരു വ്യക്തിയിൽ തളച്ചിടാനുള്ളതല്ലെന്ന ഉറച്ച വിശ്വാസവും വലിയ സ്വപ്നങ്ങളുമുള്ള പെണ്ണുങ്ങളുടെ എണ്ണം മെല്ലെയെങ്കിലും വർദ്ധിക്കുക തന്നെയാണ്. ദപ്പട് എന്ന സിനിമയിൽ നിന്ന്

എങ്കിലും ചന്ദ്രികേ...

വ്യവസ്ഥാപിതമായ വിവാഹത്തിൽനിന്ന് പലപ്പോഴും വ്യത്യസ്തമല്ല, എല്ലാ വ്യവസ്ഥകളുടെയും വിഴുപ്പുകൾ താങ്ങേണ്ടി വരുന്ന പ്രണയവും. ഒരു സ്ത്രീപുരുഷബന്ധം ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന കെട്ടുപാടുകളുടെ മിനിമൽരൂപമായി, പരിശീലനമായി പ്രണയങ്ങൾ മാറുന്നത് അപൂർവവുമല്ല. ചെറിയ കാര്യങ്ങൾപോലും അപകടസൂചനകളായിക്കണ്ട് അത്തരം ബന്ധങ്ങളിൽനിന്ന് ഇറങ്ങിനടക്കുന്ന സ്ത്രീകളിന്ന് അപൂർവതയല്ല. ജീവിതം ഏതെങ്കിലുമൊരു വ്യക്തിയിൽ തളച്ചിടാനുള്ളതല്ലെന്ന ഉറച്ച വിശ്വാസവും വലിയ സ്വപ്നങ്ങളുമുള്ള പെണ്ണുങ്ങളുടെ എണ്ണം മെല്ലെയെങ്കിലും വർധിക്കുക തന്നെയാണ്. മുൻപു പറഞ്ഞപോലെ, വേദനാകരമായ ഒരു ചരിത്രസന്ധിയാണിത്. അതു മറികടക്കുകയല്ലാതെ മറ്റെന്ത്! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എൻ.ജി. നയനതാര

മാധ്യമപ്രവർത്തക, കവി, എഴുത്തുകാരി. എന്റെ പൂക്കളും നീയും, അപു ആറ്​ ബി എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments