കലഹിച്ചും പോരടിച്ചും തന്നെയാണ് സ്ത്രീകൾ മുന്നാമ്പുറങ്ങളിലെത്തിയത്

കല്യാണവീടും മരണവീടും മാത്രമല്ല, എല്ലാ വീടും മുന്നാമ്പുറങ്ങൾ ആണിനും പിന്നാമ്പുറങ്ങളും അടുക്കളയും പെണ്ണിനും എന്ന കാഴ്ചപ്പാടിൽത്തന്നെയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിനോട് കലഹിച്ചും പോരടിച്ചും തന്നെയാണ് സ്ത്രീകൾ മുന്നാമ്പുറങ്ങളിലെത്തിയത്.

ഫാത്തിമ തഹ്​ലിയ ഇസ്​ലാമിലെ യുവതലമുറയുടെ പെൺപ്രതിനിധിയാണ്. അതുകൊണ്ട് ഉസ്താദുമാരുടെ യു റ്റ്യൂബ്​ വീഡിയോകൾ പോലെയോ പള്ളിമുറ്റത്തെ മതപ്രഭാഷണങ്ങൾ പോലെയോ അവഗണിക്കാൻ പറ്റില്ല അവരുടെ വാക്കുകൾ: ‘‘തിക്കിലും തിരക്കിലും ലൈംഗിക അതിക്രമത്തിന് വിധേയരാകുന്ന ഒരുപാട് അനുഭവങ്ങൾ പല പെൺകുട്ടികളും പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ വെവ്വേറെ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നു എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്’’- ഫാത്തിമ തഹ്​ലിയയുടെ വാക്കുകളാണിത്.

യുവതലമുറയുടെ പ്രതിനിധിയായ തഹ്​ലിയയോടും, ഇതേഭാഷയിൽ പ്രതികരിക്കുന്ന എല്ലാവരോടും ചോദിക്കാനുള്ളത് ഇതാണ്.

സ്ത്രീകൾ ലൈംഗികാതിക്രമം നേരിടുമെന്നു ഭയന്ന് തിക്കും തിരക്കുമുള്ള റോഡുകളിൽ വേവ്വേറെ ഫുട്പാത്ത് പണിയണമെന്ന് നിങ്ങൾ പറയുമോ? തിക്കും തിരക്കുമുള്ളതുകൊണ്ട് ആണിനും പെണ്ണിനും വേറെ വേറെ ബസ്, തീവണ്ടി, കപ്പൽ, ഫ്ലൈറ്റ് ഒക്കെ വേണമെന്ന് പറഞ്ഞുതുടങ്ങുമോ? റിപ്പോർട്ടുകൾ പ്രകാരം 50% ത്തിലധികം ലൈംഗികാതിക്രമങ്ങൾ നടക്കുന്നത് കുടുംബത്തിനകത്തുനിന്ന്​ അടുത്ത ബന്ധുക്കളിൽ നിന്നുമാണ്. അതുകൊണ്ട് ആണിനും പെണ്ണിനും വെവ്വേറെ വീടുകൾ വേണമെന്ന് പറയേണ്ടി വരുമോ? സ്‌കൂളിലും മദ്രസകളിലും തൊഴിലിടങ്ങളിലും ലൈംഗിക പീഡനം നടക്കുന്നുണ്ട്. അതുകൊണ്ട് വെവ്വേറെ സ്‌കൂളും മദ്രസയും തൊഴിലിടവും ഉണ്ടാക്കിയാണോ ലൈംഗിക പീഡനത്തിന് പരിഹാരം കാണുക.

ഫാത്തിമ തഹ്​ലിയ

ആൺകുട്ടികളും ലൈംഗിക പീഡനത്തിനിരയാകുന്നതിന്റെ അനുഭവങ്ങൾ ധാരാളമായി പോക്‌സോ കോടതികളിൽ എത്തുന്നുണ്ട്. അവരെ എങ്ങനെയാണ് വെവ്വേറെ ഇരുത്തി രക്ഷിക്കാൻ കഴിയുക.

കുടുംബത്തിനകത്ത് പിതാവും സഹോദരനും അമ്മാവനുമൊക്കെ ലൈംഗിക പീഡകരാകാറുണ്ട്. എവിടെയൊക്കെയാണ് സ്ത്രീകളെ സുരക്ഷിതരാക്കാൻ നമുക്ക് വെവ്വേറെ ഇടങ്ങൾ ഉണ്ടാക്കാൻ കഴിയുക? പൊതുവിടങ്ങൾ ആണിനും പെണ്ണിനും ട്രാൻസുകൾക്കും പൊതുവായ ഇടങ്ങളാണ്. അവിടെ പീഡനം നടക്കുന്നുണ്ടങ്കിൽ ജനാധിപത്യപരമായ സ്ത്രീ- പുരുഷ ബന്ധങ്ങൾ വളരാത്തതാണ് കാരണം.അതുണ്ടാവണമെങ്കിൽ വളരെച്ചെറുപ്പം മുതൽ ആണും പെണ്ണും വിവേചനങ്ങൾ അനുഭവിക്കാതെ ഒന്നിച്ചു കളിച്ച്, ഒന്നിച്ച് പഠിച്ച് വളരണം. പരസ്പരം ബഹുമാനിക്കാൻ ശീലിക്കണം. തന്റെ കൂടെയുള്ള സ്ത്രീ ഒരു ലൈംഗിക ശരീരമല്ലെന്നും തന്നെപ്പോലെ അധികാരങ്ങളും അവകാശങ്ങളും ഉള്ള ഒരു വ്യക്തിയാണെന്ന പൗരബോധത്താൽ വളരണം. ആണധികാരബോധവും പെൺവിധേയത്വബോധവും തകരണം. അല്ലാതെ വെവ്വേറെയിരുത്തലല്ല പരിഹാരം.

Photo : Pexels

സ്ത്രീയെന്നാൽ ഉടൽ. ആ ഉടലിന്റെ നേർക്കുള്ള ലൈംഗിക പീഡനത്തെ ചുറ്റിപ്പറ്റിയുള്ള ഭയമായിരിക്കണം അവളുടെ എല്ലാ ആഹ്ലാദങ്ങളെയും ആസ്വാദനങ്ങളെയും ആവിഷ്‌കാരങ്ങളെയും അന്തിമമായി നിർണയിക്കേണ്ടത്. അതിനായിനിരന്തരം ലൈംഗികാക്രമണ ഭീതി ഉല്പാദിച്ച് അവളുടെ ഇടങ്ങളെയും സമയങ്ങളെയും ചലനങ്ങളെയും ആണധികാരം നിയന്ത്രിച്ചു കൊണ്ടേയിരിക്കും. പെണ്ണുടലിനെ ആണിന്റെ ലൈംഗികാക്രമണങ്ങളിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കാൻ ആണധികാരം തന്നെ നിയമങ്ങളുണ്ടാക്കും. എന്നിട്ടവൻ പറയും അതൊക്കെ അവളുടെ ചോയ്‌സ് തന്നെയെന്ന്. സ്ത്രീകളുടെ ഒരേയൊരു പ്രശ്‌നം ലൈംഗിക പീഡനം മാത്രമാണെന്ന സദാചാരവാദികളുടെ പൊതുബോധം, വിദ്യാഭ്യാസവും സാമൂഹ്യബോധവുമുള്ള തഹ്​ലിയയെപ്പോലൊരാൾ പങ്കുവെക്കുമ്പോൾ ആശങ്കയാണ് തോന്നുന്നത്.

എല്ലാ മതവും അടിസ്ഥാനപരമായി പാട്രിയാർക്കിയുടെ ആശയങ്ങളാണ് പേറുന്നത്. സംഘടിതമതങ്ങൾക്കും മുമ്പേ മനുഷ്യസമൂഹം ആണധികാരബോധത്താൽ നിയന്ത്രിക്കപ്പെട്ടുതുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ മതങ്ങളുടെ നിലനിൽപ്പ് ഇല്ലാതായാലും ആണധികാരബോധം പിന്നെയും നിലനിൽക്കും. പുരുഷമേധാവിത്ത മൂല്യങ്ങളാണ് എല്ലാ മതങ്ങളുടെയും സദാചാര സങ്കല്പങ്ങളെ നിശ്ചയിക്കുന്നത്. മാനവ പുരോഗതിക്കനുസരിച്ച് സദാചാര സങ്കല്പങ്ങളും അതിനെ നിലനിർത്തുന്ന നിയമങ്ങളും മാറിക്കൊണ്ടിരിക്കും. എല്ലാ മതങ്ങളിലും ആ മാറ്റം നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. ഇസ്​ലാം മതത്തിനു മാത്രമായി ആ മാറ്റങ്ങളെ തടഞ്ഞുനിർത്താനുമാവില്ല.

കല്യാണവീടും മരണവീടും മാത്രമല്ല, എല്ലാ വീടും മുന്നാമ്പുറങ്ങൾ ആണിനും പിന്നാമ്പുറങ്ങളും അടുക്കളയും പെണ്ണിനും എന്ന കാഴ്ചപ്പാടിൽത്തന്നെയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിനോട് കലഹിച്ചും പോരടിച്ചും തന്നെയാണ് സ്ത്രീകൾ മുന്നാമ്പുറങ്ങളിലെത്തിയത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് സ്ത്രീകൾ വന്നതും ഒരേ പന്തിയിൽ ഒന്നിച്ചിരുന്ന് നമ്പൂതിരിയും ദലിതരും ഊണ് കഴിച്ചതും പെൺകുട്ടികൾ സ്‌കൂളിൽ പോയതുമെല്ലാം വെറുതെയങ്ങ് സംഭവിച്ചതല്ല. അന്നും നെറികേടിനെ ന്യായീകരിക്കാനും അനാചാരങ്ങളെ സംരക്ഷിക്കാനും ആളുണ്ടായിരുന്നു. ഓഡിറ്റോറിയത്തിൽ അല്ലെങ്കിൽ പെണ്ണിന്റെ വീട്ടിൽ പോയി ആൺമക്കളുടെ കല്യാണം കാണാൻ അമ്മമാർ തയ്യാറാവാത്തതും പോയാൽ തന്നെ പെൺവീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാത്തതും പല ഹിന്ദു കല്യാണങ്ങളിലും ഇപ്പോഴും സംഭവിക്കുന്നുണ്ട്. കാലോചിതമായി പരിഷ്‌കരിക്കപ്പെടേണ്ടതോ തുടച്ചു നീക്കേണ്ടതോ ആയ വിവേചനങ്ങളും അനീതികളും ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ അതിനെ നേരിടാൻ ന്യായീകരണങ്ങളുമായി വരികയല്ല വേണ്ടത്. പരിഷ്‌കരിക്കപ്പെടേണ്ടതാണെന്ന് സമ്മതിക്കുകയാണ് വേണ്ടത്. ഒരു മതവും മതഗ്രന്ഥവും അതതു കാലത്തെ മനുഷ്യരെ പിന്നോട്ട് നടത്താനല്ല, പരിഷ്‌കരിക്കാനാണ് പിറവിയെടുത്തത്. യാഥാസ്ഥിതിക പൗരോഹിത്യമാണ് അതിനെ മുന്നോട്ട് ചലിക്കാൻ വിടാതെ പിടിച്ചു നിർത്താൻ പാടുപെടുന്നത്. യുവതലമുറ അവരോടൊപ്പമല്ല കൂടേണ്ടത്.

ഇടകലരാനനുവദിക്കാതെ സുരക്ഷിതരാക്കി ലൈംഗികപീഡനം തടയാമെന്ന് ഇന്നത്തെ യുവതലമുറ കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ ആണിനെയും പെണ്ണിനെയും തമ്മിൽ കാണാതെ വളർത്തി സുരക്ഷിതരാക്കുന്നതായിരിക്കും അതിലും എളുപ്പം.

ഇനി കല്യാണപ്പുരയിലേക്ക് വരാം.

മുസ്​ലിം സമൂഹത്തിലെ ആണുങ്ങൾക്ക്​ എത്രമാത്രം അപമാനകരമാണ് ഫാത്തിമ തഹ്​ലിയയുടെ പ്രസ്താവന. കേരളത്തിൽ മറ്റു മതവിഭാഗങ്ങളിൽപ്പെട്ടവരൊക്കെ (തിരുവിതാംകൂറിലെ മുസ്​ലിംകളും) ഒരു ലൈംഗിക പീഡനവുമില്ലാതെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. ഞങ്ങളുടെ നാട്ടിൽ വെവ്വേറെ ഇരിപ്പിടങ്ങൾ ഒരുക്കുന്നത് സ്ത്രീകൾക്ക് സുരക്ഷിതത്വം ലഭിക്കാനാണെന്ന് പറഞ്ഞാൽ എന്താണതിനർത്ഥം. മുസ്​ലിം കല്യാണ വീടുകളിൽ മാത്രം ഒന്നിച്ചിരുന്നാൽ സ്ത്രീകൾ സുരക്ഷിതരല്ലന്നല്ലേ പറഞ്ഞു വെക്കുന്നത്. സ്ത്രീകളുടെ സുരക്ഷിതത്വത്തിന് തടസം കല്യാണവീടുകളിൽ ക്ഷണിക്കപ്പെട്ടെത്തിയ ആൺബന്ധുക്കളാണോ?

ഇല്ല, തഹ്​ലിയ, എല്ലാ പെണ്ണുങ്ങളും എല്ലാ പൊതുവിടങ്ങളിലും ലൈംഗിക പീഡനത്തിന് വിധേയരാവുന്നില്ല. എല്ലാ പുരുഷൻമാരും പീഡകരുമല്ല. തിക്കിലും തിരക്കിലും നടക്കുന്ന തോണ്ടലും പിച്ചലുമൊക്കെ മുമ്പത്തെക്കാൾ ഒരുപാട് കുറഞ്ഞു. പെൺകുട്ടികൾ പ്രതികരിക്കാൻ തുടങ്ങിയതും പുതുതലമുറയിൽ സമത്വ സങ്കല്പം വളർന്നതുമൊക്കെ അതിന് കാരണങ്ങളാണ്. ഇടകലരാനനുവദിക്കാതെ സുരക്ഷിതരാക്കി സൂക്ഷിച്ചതുകൊണ്ടല്ല,
അത്രയ്‌ക്കൊന്നും സമൂഹം മാറിയിട്ടില്ലെന്നാണ് ഫാത്തിമ തഹ്​ലി യയെപ്പോലുള്ളവർ വിശ്വസിക്കുന്നതെങ്കിൽ അക്രമകാരികളാവുന്ന ആണുങ്ങളെ ഒരു ഇരുമ്പുകൂടുണ്ടാക്കി അതിലടച്ച് താഴിട്ട് പൂട്ടിക്കൊണ്ടു നടക്കാം നമുക്ക്. എന്നിട്ട് നമ്മൾ സ്ത്രീകൾ, അവരുടെ താക്കോൽ സൂക്ഷിപ്പുകാരുമാവാം.

Comments