ചർച്ച ചെയ്യപ്പെടണം, കുടുംബ​ശ്രീ രൂപപ്പെടുത്തിയ
സ്​ത്രീപക്ഷ രാഷ്​ട്രീയം

കുടുംബശ്രീ എന്ന ലോകത്തിലെ, സ്ത്രീകളുടേതായ ഏറ്റവും വലിയ നെറ്റ്​വർക്ക്​ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍, കുടുംബശ്രീയുടെ ഈ പ്രയാണം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വായിക്കപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. 'മൈക്രോ ക്രെഡിറ്റ് ഫെമിനിസ'ത്തിന്റെ ഭാഗമായി മാത്രമാണ് കുടുംബശ്രീ പലപ്പോഴും ഫെമിനിസ്റ്റ് സാഹിത്യത്തില്‍ ചിത്രീകരിക്കപ്പെടുന്നത്.

സ്ത്രീസംരംഭകരുടെ വിജയഗാഥകള്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന കാലമാണിത്. 'ഫീമെയില്‍ എന്‍ട്രപ്രണര്‍സ്' എന്ന് സേര്‍ച്ച് ചെയ്താല്‍ മുന്നിലെത്തുന്ന നിരവധി പോസ്റ്റുകളില്‍, ലോകത്തിലെ വിവിധ കോര്‍പ്പറേറ്റ് കമ്പനികളുടെ സ്ത്രീമേധാവികളുടെ കഥകളുണ്ട്. ഇന്‍സ്റ്റാഗ്രാമും, ഫേസ്ബുക്കും പോലെയുള്ള സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗിച്ച് വിപണി കീഴടക്കിയ സ്ത്രീ സ്വയംസംരംഭകരുടെ അനുഭവങ്ങളുണ്ട്. ഇനി കുറച്ചുകൂടി ചുരുക്കി ‘ഫീമെയില്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഇന്‍ കേരള’ എന്ന് ടൈപ്പ് ചെയ്താല്‍ ശീമാട്ടിയുടെയും, വീസ്റ്റാറിന്റെയും, മസാല ബോക്‌സിന്റെയും ഒക്കെ സ്ത്രീനേതൃത്വങ്ങളുടെ ജീവിതങ്ങള്‍ ഇന്‍സ്പിരേഷണല്‍ സ്റ്റോറികളായി നമ്മള്‍ വായിക്കും. ലിംഗസമത്വത്തിന്റേതായ ലോകത്തിലേക്ക് അളന്നുതീര്‍ക്കാന്‍ പറ്റാത്തത്ര ദൂരം ഇനിയും നടന്നെത്താനുള്ള ഒരു കാലത്ത് ഇത്തരം കഥകള്‍ പ്രാധാന്യം അര്‍ഹിക്കുന്നുമുണ്ട്.

എന്നാല്‍, ഈ കീവേര്‍ഡുകളില്‍ എളുപ്പം തെളിഞ്ഞുവരാത്ത ഒരു കഥയുണ്ട്. സാമൂഹ്യവും സാമ്പത്തികവുമായി ഏറ്റവും താഴത്തെ ശ്രേണിയില്‍നിന്ന് തുടങ്ങിയ രണ്ടര ലക്ഷത്തോളം വരുന്ന മലയാളി സ്ത്രീസംരംഭകരുടെ കഥ. അച്ചാറും, ഉണ്ണിയപ്പവും, ഡ്രൈവിംഗ് സ്‌ക്കൂളും, പ്രിന്റിംഗ് പ്രസും, കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഉള്‍പ്പെടെ വിപുലവും വ്യത്യസ്തവുമായ സംരംഭക യൂണിറ്റുകള്‍നടത്തുന്ന കേരളമൊട്ടാകെയുള്ള കുടുംബശ്രീ പെണ്ണുങ്ങളുടെ കഥ. ലോകത്തിലെ, സ്ത്രീകളുടേതായ ഏറ്റവും വലിയ നെറ്റ്​വർക്ക്​ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍, കുടുംബശ്രീയുടെ ഈ പ്രയാണം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വായിക്കപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്.

ഗ്ലോബല്‍ സൗത്തിലെ സ്ത്രീകള്‍ക്ക് ചെറിയ തുകകള്‍ കടം കൊടുത്ത് 'ശാക്തീകരിക്കാന്‍' ശ്രമിക്കുന്ന 'മൈക്രോ ക്രെഡിറ്റ് ഫെമിനിസ'ത്തിന്റെ ഭാഗമായി മാത്രമാണ് കുടുംബശ്രീ പലപ്പോഴും ഫെമിനിസ്റ്റ് സാഹിത്യത്തില്‍ ചിത്രീകരിക്കപ്പെടുന്നത്. കേരളത്തിലെ പകുതിയോളം കുടുംബങ്ങള്‍ (ഏറെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവ) അംഗങ്ങളായിട്ടുള്ള ഈ സാമൂഹ്യ സംഘടനാ സംവിധാനം കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് ചര്‍ച്ച ചെയ്യപ്പെടാതെ പോകരുത്. മിശ്രിത ഗവേഷണ രീതികള്‍ ഉപയോഗിച്ചിട്ടുള്ള സൂക്ഷ്മപഠനങ്ങള്‍ വളരെ കുറച്ചു മാത്രമേ കുടുംബശ്രീയെ കുറിച്ച് വന്നിട്ടുള്ളൂ എന്നത് പോരായ്മയായി തിരിച്ചറിയുന്നതുകൊണ്ടുതന്നെ വ്യത്യസ്ത കാലങ്ങളില്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് നിരീക്ഷിച്ച ചില വസ്തുതകള്‍ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുകയാണ്.

സെന്റര്‍ ഫോര്‍ സോഷ്യോ- എക്കണോമിക്ക് ആന്റ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് 2020-ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ ഏറ്റവും കൂടുതല്‍ ദരിദ്രകുടുംബങ്ങളും വായ്പയ്ക്കായി ആശ്രയിക്കുന്നത് കുടുംബശ്രീയെ ആണെന്നാണ്.

കേവലമൊരു മൈക്രോഫിനാന്‍സ് പ്രോഗ്രാം ആണോ കുടുംബശ്രീ?

''പെട്ടെന്നെന്തെങ്കിലും ഹോസ്പിറ്റല്‍ കേസോ വെല്ലോം വന്നിട്ടുണ്ടെങ്കില്‍, എനിക്കാശ്രയിക്കാന്‍ എന്റെ കുടുംബശ്രീയേ ഉള്ളൂ.... കുടുംബശ്രീ വല്യൊരു സഹായമാണ്. എനിക്ക് കിട്ടീട്ടുണ്ട്... സഹായം തന്നെയാണ് ഇതുകൊണ്ട്...’’ - കണ്ണുനിറഞ്ഞുകൊണ്ടാണ് 61 വയസായ ഖദീജുമ്മ പറഞ്ഞുനിര്‍ത്തിയത്...

സെന്റര്‍ ഫോര്‍ സോഷ്യോ- എക്കണോമിക്ക് ആന്റ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) 2020-ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ ഏറ്റവും കൂടുതല്‍ ദരിദ്രകുടുംബങ്ങളും വായ്പയ്ക്കായി ആശ്രയിക്കുന്നത് കുടുംബശ്രീയെ ആണെന്നാണ്. അത്യാവശ്യത്തിന് ഓടിച്ചെന്നാല്‍ എളുപ്പം വായ്പ ലഭിക്കുന്നു എന്നതും, ഈടു വേണ്ട എന്നതും, പലിശ കുറവാണെന്നതും, എന്തെങ്കിലും ഒഴിച്ചുകൂടാന്‍ പറ്റാത്ത കാരണം കൊണ്ട് ഒരു തിരിച്ചടവ് മുടങ്ങിയാല്‍ പോലും മറ്റ് സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികളെപ്പോലെ തങ്ങളെ ചീത്ത വിളിക്കില്ല എന്നതും കുടുംബശ്രീയെ ഇക്കൂട്ടര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
''കുടുംബശ്രീ ഞങ്ങടേത് തന്നെയല്ലേ... ഞങ്ങടെ വീട്ടുമുറ്റത്തെ ബാങ്ക് അല്ലേ'' എന്നാണ് പലരും വികാരഭരിതരായി ചോദിച്ചത്.

ക്രെഡിറ്റ് ആക്സ​സബിലിറ്റി കുറവുള്ള ഒരു ഗ്രൂപ്പെന്ന നിലയില്‍ അത്യാവശ്യഘട്ടങ്ങളില്‍ തങ്ങള്‍ക്ക് സാമ്പത്തികതാങ്ങായി നില്‍ക്കുന്ന കുടുംബശ്രീയെക്കുറിച്ച് ഇവര്‍ വൈകാരികമാകുന്നതില്‍ അദ്ഭുതമില്ല. അന്നന്നു കിട്ടുന്ന കൂലി കൊണ്ട് മുന്നോട്ടുപോകുന്ന, ഒന്നിച്ചെടുക്കാന്‍ കൂട്ടിവെച്ചതായി കൈയിലൊന്നും ഇല്ലാത്ത, പെട്ടെന്നുണ്ടാകുന്ന അധികചെലവുകളില്‍പകച്ചുനിന്നുപോയിരുന്ന ഒരു ജനതയ്ക്ക്, തങ്ങളുടെ നിസ്സഹായത മുതലെടുത്ത് തഴച്ചുവളര്‍ന്നിരുന്ന കൊള്ളപ്പലിശക്കാരുടെ കൈയില്‍ പെടാതെ നിലനില്‍ക്കാം എന്ന പ്രതീക്ഷ നല്‍കിയത് കുടുംബശ്രീയാണ്.

''ഇപ്പോള്‍ കുടുംബശ്രീ കൊണ്ട് പത്താണെങ്കില്‍ പത്ത്... ഒരു തുക ഞങ്ങളുടെ കൈയിലുണ്ട്. ആരോടും ഇരക്കണ്ട. മുമ്പൊക്കെ കിട്ടുന്നതെല്ലാം അന്നന്നു തന്നെ ചെലവായി പോകും. ഇപ്പോള്‍ ഞങ്ങള്‍ കുടുംബശ്രീയില്‍ വെക്കാനായി കരുതിവെക്കും. പണ്ടൊക്കെ കൂടുതല്‍ പൈസ കാണുമ്പോഴൊക്കെ പേടിയായിരുന്നു. നോക്കാനുമറിയില്ല. എടുക്കാനുമറിയില്ല. ഇപ്പോ മൂന്ന് ലക്ഷമാണ് ഞങ്ങള്‍ ലോണ്‍ എടുത്തിരിക്കുന്നത്.'' - വയനാട്ടിലെ ട്രൈബല്‍ അയല്‍ക്കൂട്ടത്തിലെ അംഗം അഭിമാനത്തോടെയാണ് പറഞ്ഞത്.

കുടുംബങ്ങള്‍ക്കുള്ളിലെ അധികാരഘടനയിലും, കേരളസമൂഹത്തിന്റെ കാഴ്ചപ്പാടുകളിലും കുടുംബശ്രീ ഉണ്ടാക്കിയ ചലനങ്ങള്‍ തീരെ ചെറുതാണെന്നും റാഡിക്കലായ മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നുമാണ് കേരളത്തിലെ അറിയപ്പെടുന്ന പല സ്​കോളർമാരും ഉയര്‍ത്തുന്ന ഒരു വിമര്‍ശനം

‘Thrift and Credit' എന്നത് ഇത്തരത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ കടിഞ്ഞാണ്‍ ആയിരിക്കെ തന്നെ കുടുംബശ്രീയുടെ സംഭാവനകളെ വിലയിരുത്തേണ്ടത് ഈയൊരു ചട്ടക്കൂടിലേക്ക് മാത്രം ഒതുക്കിയാകരുത് എന്നാണ് ഞങ്ങള്‍ കരുതുന്നത്. കേവലം ക്രെഡിറ്റ് ആക്‌സസിബിലിറ്റിയും, ഫിനാന്‍ഷ്യല്‍ ഇൻക്ലൂഷനും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റും മാത്രമല്ല, കുടുംബശ്രീ എന്നതുതന്നെയാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന മറ്റെല്ലാ മൈക്രോ ഫിനാന്‍സ് പ്രോഗ്രാമുകളില്‍ നിന്നും കുടുംബശ്രീയെ വ്യത്യസ്തമാക്കുന്നത്. ഇത് തന്നെയാണ് കുടുംബശ്രീ മുന്നോട്ടുവയ്ക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്ക്‌സിനെ സൂക്ഷ്മമായി വിലയിരുത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതും.

കുടുംബശ്രീയുടെ ലിംഗരാഷ്ട്രീയം:
‘റാഡിക്കലായ ഒരു മാറ്റമാണോ?'

കുടുംബങ്ങള്‍ക്കുള്ളിലെ അധികാരഘടനയിലും, കേരളസമൂഹത്തിന്റെ കാഴ്ചപ്പാടുകളിലും കുടുംബശ്രീ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ ചലനങ്ങള്‍ തീരെ ചെറുതാണെന്നും റാഡിക്കലായ മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നുമാണ് കേരളത്തിലെ അറിയപ്പെടുന്ന പല സ്​കോളർമാരും ഉയര്‍ത്തുന്ന ഒരു വിമര്‍ശനം. നിലനില്‍ക്കുന്ന അധികാരകേന്ദ്രങ്ങളെ ഒറ്റയടിക്ക് തച്ചുടക്കാന്‍ സാധിക്കുന്നഒരു ഭൗതികസാഹചര്യം കേരളത്തില്‍ രൂപപ്പെട്ടിട്ടില്ല എന്നത് തിരിച്ചറിയാതെയായിരിക്കില്ല പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. ഏറ്റവും സാധാരണക്കാരായ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രാപ്യമായ അവസരങ്ങള്‍ ഇന്നും പരിമിതമാണെന്നത് മനസിലാക്കാതെയുമായിരിക്കില്ല. ഇവിടെയാണ് പലപ്പോഴെങ്കിലും ‘ഇന്റലക്ച്വല്‍- സോഷ്യല്‍ മീഡിയ’ സ്ത്രീപക്ഷ യുക്തികള്‍ വളരെ പ്രിവിലെജ്ഡ് ആയിട്ടുള്ള വിലയിരുത്തലുകളിലേക്ക് ചുരുങ്ങിപ്പോകുന്നുണ്ടോ എന്ന് നമ്മള്‍ പരിശോധിക്കേണ്ടി വരുന്നത്.

2009-ല്‍ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 50 ശതമാനം വനിതാസംവരണം വളരെ എളുപ്പം നടപ്പിലാക്കാന്‍ സാധിച്ചത് കുടുംബശ്രീ നല്‍കിയ 12 വര്‍ഷത്തെ അനുഭവക്കരുത്തില്‍ നിന്നു കൂടിയാണ്. കേരളത്തില്‍ 2020-ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളില്‍ 54 ശതമാനവും സ്ത്രീകളായിരുന്നു. ഇങ്ങനെ വിജയിച്ച സ്ത്രീകളില്‍ 60 ശതമാനവും കുടുംബശ്രീ പ്രവര്‍ത്തകരും. സംവരണസീറ്റുകളില്‍ മത്സരിക്കാന്‍സ്ത്രീകളെ കിട്ടാതിരുന്ന കാലത്തുനിന്നും ജനറല്‍ സീറ്റുകളില്‍ മത്സരിച്ച് വിജയിക്കാന്‍ മലയാളി സ്ത്രീകളെ പ്രാപ്തരാക്കിയ, അവരെ മത്സരിപ്പിക്കാനുള്ള ആര്‍ജവം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംവിധാനത്തിന്റെ പേരു കൂടിയാണ് കുടുംബശ്രീ.

‘‘സാധാരണ ഒരു വീട്ടമ്മയായി ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കി ജീവിച്ചിരുന്ന ഒരാളാണ് ഞാന്‍. കുടുംബശ്രീ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആവില്ലായിരുന്നു. നിങ്ങള്‍ ഈ പഠനത്തിനായി എന്റെ മുന്നില്‍ ഇരിക്കില്ലായിരുന്നു. ഞാന്‍ ഇന്ന് നിങ്ങളുടെ മുമ്പില്‍ ഇങ്ങനെ ഇരുന്ന് പതറാതെ സംസാരിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഏക കാരണം കുടുംബശ്രീയാണ്.'' - 52 വയസുള്ള ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

തങ്ങള്‍ സംഘടിക്കപ്പെടുകയാണ്, ശാക്തീകരിക്കപ്പെടുകയാണ് എന്നത് തിരിച്ചറിയാതെയാണ് സമൂഹം നിഷ്‌ക്കര്‍ഷിക്കപ്പെടുന്ന ലിംഗാതിര്‍വരമ്പുകളെ പതുക്കെ എങ്കിലും ചാടിക്കടക്കാന്‍ കുടുംബശ്രീയിലെ പെണ്ണുങ്ങള്‍ക്ക് കഴിയുന്നത്.

കുടുംബശ്രീ ഇത്തരത്തില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പകര്‍ന്നുനല്‍കിയ ധൈര്യത്തിന്റെ അളവുകോലും അതിന്റെ വ്യാപ്തിയും നിര്‍ണയിക്കണ്ടത് അവരുടെ തന്നെ യഥാര്‍ത്ഥ സാഹചര്യങ്ങളുടെ യുക്തിയിലൂന്നിയായിരിക്കണം. അവരുടെ കാഴ്ചപ്പാടുകളെ കൂടി പരിഗണിച്ചുകൊണ്ടാകണം. നിലവില്‍ കുടുംബശ്രീ അംഗങ്ങളായിട്ടുള്ള അല്ലെങ്കില്‍ നേരത്തെ അംഗങ്ങളായിരുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ 630 സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 14 ശതമാനം പേര്‍ മാത്രമാണ് കുടുംബശ്രീ കൊണ്ട് തങ്ങളുടെ ജീവിതത്തില്‍ പ്രത്യേകിച്ചൊരു മാറ്റമോ/നേട്ടമോ ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത്. ബാക്കി 86 ശതമാനത്തിനും തങ്ങളുടെ സാമൂഹ്യജീവിതം വര്‍ധിപ്പിച്ച, ആത്മവിശ്വാസം ഇരട്ടിപ്പിച്ച, ക്രെഡിറ്റ് ആക്‌സസിബിലിറ്റി കൂട്ടിയ, ഒന്നിച്ചെടുക്കാന്‍ കുറച്ചെങ്കിലും സമ്പാദ്യമുണ്ടാക്കി തന്ന, കുട്ടികളുടെ പഠനത്തിനും, മക്കളുടെ വിവാഹത്തിനും കൈത്താങ്ങായ, കുടുംബത്തിലെ വരുമാനം ഉയര്‍ത്തിയ, പുതിയ സ്​കില്ലും അറിവുകളും പകര്‍ന്നു തന്ന, ബാങ്കിടപാടുകള്‍ പഠിപ്പിച്ച, പൊതുവിടങ്ങളിലേക്കുള്ള വാതില്‍ തുറന്നുതന്ന, തങ്ങളുടെ വിഷമങ്ങള്‍ പങ്കുവെക്കാനുള്ള ഒരിടമൊരുക്കി തന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. തലമുറകളായി ഒരുപാട് മുന്നോട്ട് നടന്നവരുടെ സ്വാതന്ത്ര്യബോധ്യങ്ങള്‍ക്ക് ഒട്ടും പുറകിലല്ല ഇന്നലെ നടന്നുതുടങ്ങിയ ഈ സ്ത്രീകളുടെ സ്വാതന്ത്ര്യസങ്കല്പങ്ങള്‍ എന്നതാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്.

‘‘പണ്ടൊക്കെ വീടിനു പുറത്തിറങ്ങലേ ഇല്ല. ഒരാള്‍ടെ മുഖം കണ്ട് ശീലമില്ല. ഇപ്പോള്‍ എല്ലാരോടും വര്‍ത്താനം പറയാനും, എവിടെപ്പോണെങ്കിലും, എന്തു ചെയ്യണമെങ്കിലും എല്ലാ കാര്യത്തിനും ധൈര്യം വന്നു... പൊരേല്‍ എന്തൊക്കെ വേണംന്ന് തീരുമാനിക്കാനൊക്കെ ഇപ്പോ ഞങ്ങളായി.''- മലപ്പുറത്ത് ജനകീയ ഹോട്ടല്‍ നടത്തുന്ന ഷാഹിദ പറയുന്നു.

തങ്ങള്‍ സംഘടിക്കപ്പെടുകയാണ്, ശാക്തീകരിക്കപ്പെടുകയാണ് എന്നത് തിരിച്ചറിയാതെയാണ് സമൂഹം നിഷ്‌ക്കര്‍ഷിക്കപ്പെടുന്ന ലിംഗാതിര്‍വരമ്പുകളെ പതുക്കെ എങ്കിലും ചാടിക്കടക്കാന്‍ കുടുംബശ്രീയിലെ പെണ്ണുങ്ങള്‍ക്ക് കഴിയുന്നത്. യാഥാസ്ഥികമായ പുരുഷമേധാവിത്വത്തിന്റെ ഭാഗവും പങ്കാളിയുമായ കേരളത്തിലെ സ്ത്രീകളുടെ ബോധമണ്ഡലത്തിലെ ‘അയല്‍പക്കങ്ങളെ’ കൗശലബുദ്ധിയോടെ തന്നെ സ്ത്രീവിമോചനത്തിനായി കുടുംബശ്രീ പുനര്‍നിര്‍വചിക്കുന്നുണ്ട്. ''അയല്‍പക്കങ്ങള്‍''ക്കിടയിലെ ദൂരം കുറയ്ക്കാനും, സ്ത്രീകള്‍ക്ക് പ്രാപ്യമായ അതിരുകളെ നീട്ടിവരയ്ക്കാനും കഴിഞ്ഞ 25 വര്‍ഷങ്ങള്‍ കൊണ്ട് കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ചായക്കടകളിലും കലുങ്കിലുമൊക്കെ ഇരുന്ന് സൊറ പറയുന്ന ആണ്‍കൂട്ടങ്ങളെ പോലെ, വൈകുന്നേരങ്ങളില്‍ പലയിടത്തും കൂടിയിരുന്ന് വര്‍ത്തമാനം പറയുന്ന സ്ത്രീകള്‍ വളരെ നിശ്ശബ്ദമായി, അവര്‍ പോലും അറിയാതെ, നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകളെ വെല്ലുവിളിക്കുകയാണ്. ഈ അടുത്ത് കാസര്‍കോട് നടന്ന കുടുംബശ്രീയുടെ സംസ്ഥാന കലോത്സവത്തിന്റെ ഘോഷയാത്രയില്‍ സാരിയുടുത്ത് കൂളിംഗ് ഗ്ലാസും വെച്ച് താളവാദ്യത്തോടൊപ്പം നൃത്തംവെക്കുന്ന മധ്യവയസ്‌ക്കരായ സ്ത്രീകളുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നിരുന്നു. ഇത്തരം ചിത്രങ്ങള്‍ പരിചയമില്ലാത്ത, അസ്വസ്ഥത ഉളവാക്കിയിരുന്ന ഒരു കാലത്തുനിന്നും, അവയെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനുള്ള സാമൂഹ്യ സാഹചര്യങ്ങളിലേക്ക് കേരള സമൂഹത്തെ പാകപ്പെടുത്തുക കൂടിയായിരുന്നു കഴിഞ്ഞ 25 വര്‍ഷങ്ങളായി കുടുംബശ്രീ. അതോടൊപ്പം സ്ത്രീകള്‍ ഒത്തുചേര്‍ന്നുള്ള അലഞ്ഞുതിരിയലിന് (loitering) സാമൂഹ്യസാധുത നല്‍കുക എന്ന സൗമ്യവും ശാന്തവുമായ വിപ്ലവപ്രവര്‍ത്തനം കൂടിയാണ് കുടുംബശ്രീ കേരളസമൂഹത്തില്‍ നിര്‍വഹിച്ചത്.

‘‘എല്ലാ കൊല്ലോം ഞങ്ങള് ടൂര്‍ പോകും. ഞങ്ങളെത്താത്ത സ്ഥലങ്ങളില്ല. ഞങ്ങളിവിടെ പത്താളുണ്ട്. പത്താളും വരും. സ്ത്രീകള്‍ മാത്രം. ഞങ്ങള്‍ ബുക്ക് ചെയ്തിട്ട് ഞങ്ങള്‍ പോകും...’’- തൃശൂരിലെ ഒരു വെളിച്ചെണ്ണ നിര്‍മാണ സംരംഭക യൂണിറ്റിലെ അംഗമായ രേഖ പറയുന്നു.

കൃത്യമായ സംഘടനാഘടനയിലൂടെയും ആസൂത്രണത്തിലൂടെയും ആയിരുന്നു കുടുംബശ്രീയുടെ മുന്നോട്ടുപോക്ക്. ‘ഈടു വേണ്ടാത്ത, പലിശ കുറഞ്ഞ, എളുപ്പത്തില്‍ ലഭിക്കുന്ന ലോണ്‍’ എന്ന ഒറ്റ സൂത്രവാക്യത്തിലൂടെ സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ സാധാരണയായി ഉണ്ടാകുന്ന കുടുംബത്തിന്റെ എതിര്‍പ്പുകള്‍ അലിയിച്ചുകളഞ്ഞു,

സാമൂഹിക ശാസ്ത്രജ്ഞനായ അസെഫ് ബയാത്തിന്റെ അഭിപ്രായത്തില്‍, സ്ത്രീകളുടെ ആനന്ദത്തെയും വിനോദത്തെയും സമൂഹം ഭീഷണിയായാണ് കാണുന്നത്. എന്തുകൊണ്ടെന്നാല്‍ അവ 'പൊതുവിടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യത്തിന് ഒരു കാരണം ഉണ്ടായിരിക്കണം' എന്ന ആശയത്തെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നു. ആ 'ഭീഷണി'യെ തളയ്ക്കാന്‍ ചുറ്റും വരയ്ക്കപ്പെട്ടിരുന്ന അതിരുകളെയാണ് കുടുംബശ്രീ ഇന്ന് മായ്ച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ സ്വാഭാവികമായി സംഭവിച്ച ഒന്നായിരുന്നില്ല. കൃത്യമായ സംഘടനാഘടനയിലൂടെയും ആസൂത്രണത്തിലൂടെയും ആയിരുന്നു കുടുംബശ്രീയുടെ മുന്നോട്ടുപോക്ക്. ‘ഈടു വേണ്ടാത്ത, പലിശ കുറഞ്ഞ, എളുപ്പത്തില്‍ ലഭിക്കുന്ന ലോണ്‍’ എന്ന ഒറ്റ സൂത്രവാക്യത്തിലൂടെ സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ സാധാരണയായി ഉണ്ടാകുന്ന കുടുംബത്തിന്റെ എതിര്‍പ്പുകള്‍ അലിയിച്ചുകളഞ്ഞു, എന്ന് മാത്രമല്ല, കുടുംബത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ കൂടി സാധിച്ചു എന്നതാണ് കുടുംബശ്രീയുടെ വിജയം.

‘‘ഓ ഇപ്പോ വീട്ടുകാരൊക്കെ നല്ല സപ്പോര്‍ട്ടാ. ആവശ്യമുള്ളപ്പോഴൊക്കെ പൈസ കിട്ടുമെന്നായപ്പോ ഭര്‍ത്താവിനൊക്കെ കുടുംബശ്രീയെ വേണം. ഞാന്‍ കുടുംബശ്രീയില്‍ ചേരുന്നത് 22 വര്‍ഷങ്ങള്‍ക്ക് മുമ്പാ. അന്ന് എന്റെ ഭര്‍ത്താവ് മൊത്തം വഴക്കാരുന്നു. വീട്ടിലെ കാര്യം നോക്കാതെ നാടു തെണ്ടി നടക്കാന്‍ പോവണ്ടാന്നൊക്കെ പറഞ്ഞ്. പക്ഷേ ഞാനിറങ്ങി പോന്നു. ഇപ്പോ പിന്നെ ഞായറാഴ്ച ആവുമ്പോ ചോദിക്കും, 'നീ കുടുംബശ്രീ മീറ്റിംഗിനു പോണില്ലേ' എന്ന്. അതു കേക്കുമ്പഴൊരഭിമാനമാ.’’- ആലപ്പുഴയിലെ ആദ്യകാല കുടുംബശ്രീ അംഗം ജെസ്സി പറയുന്നു.

അത്രയുംനാള്‍, കേരളത്തിന്റെ പൊതുജീവിതത്തില്‍ പങ്കാളിത്തം കുറവായിരുന്ന, അതുകൊണ്ടുതന്നെ രാഷ്ട്രീയ- സാമൂഹ്യ ധാരണകള്‍ പരിമിതമായിരുന്ന കേരളത്തിന്റെ പകുതിയിലേറെ വരുന്ന ഒരു ജനസമൂഹത്തെ താഴെത്തട്ടില്‍ സഘടിപ്പിച്ച് സാമൂഹ്യപ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ പ്രാപ്തരാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ് കുടുംബശ്രീ ഈ കാലയളവില്‍ നിര്‍വഹിച്ചത്. സ്​കിൽ ട്രെയിനിംഗുകള്‍ക്ക് പുറമേ ലിംഗപദവിയുമായി ബന്ധപ്പെട്ട ക്ലാസുകളും സ്ത്രീധനമുള്‍പ്പെടെയുള്ള സാമൂഹ്യവിപത്തുകള്‍ക്കെതിരായ ക്യാമ്പയിനുകളും സംഘടിപ്പിച്ച് സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു കളക്ടീവ് കോണ്‍ഷ്യന്‍സ് മലയാളിസ്ത്രീ സമൂഹത്തിനിടയില്‍ രൂപപ്പെടുത്താന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നു കാണുന്നപോലെ ശക്തമായ സ്ത്രീവിമോചനചിന്തകള്‍ ഉയര്‍ന്നുവരാന്‍ കഴിയുന്ന തരത്തില്‍ കേരള സമൂഹത്തെ ഒരു പരിധിവരെയെങ്കിലും പരുവപ്പെടുത്തുന്നതില്‍, താഴെ തട്ടില്‍ അതിനാവശ്യമായ ഭൗതിക പരിസരം ഒരുക്കുന്നതില്‍ കുടുംബശ്രീക്ക് ഒരു വലിയ പങ്കുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ ക്യാമ്പയിനുകള്‍ കേരളസമൂഹത്തില്‍ ശക്തിപ്രാപിച്ച സമയത്ത് അവയെ പ്രതിരോധിക്കാന്‍പടുത്തുയര്‍ത്തിയ വനിതാമതില്‍ വനിതാക്കോട്ടയായി കരുത്താര്‍ജിച്ചതിനു പിന്നില്‍ കുടുംബശ്രീയുടെയും അതിലെ പ്രവര്‍ത്തകരുടെയും കഠിനാധ്വാനം കൂടിയുണ്ടായിരുന്നു.

ഇത്തരത്തില്‍ ഫെമിനിസത്തിന്റെ അക്കാദമികമാനങ്ങള്‍ പഠിച്ചിട്ടില്ലാത്ത ഏറ്റവും സാധാരണക്കാരായ സ്ത്രീകള്‍ അനുഭവപരിചയങ്ങളിലൂടെ ആര്‍ജിച്ചെടുത്ത സ്ത്രീവിമോചനാശയങ്ങളുടെ പ്രയോഗവല്‍ക്കരണമായിരുന്നു കുടുംബശ്രീ പ്രസ്ഥാനം. ഫെമിനിസ്റ്റ് ചിന്തക ബെല്‍ ഹൂക്‌സ് 'Feminism is for Everybody' എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ വര്‍ഗ വ്യത്യാസങ്ങള്‍ മനസിലാക്കി എല്ലാ ലിംഗവിഭാഗത്തില്‍ പെട്ടവരുടെയും ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്ന ഒരു വിശാലമായ ഫെമിനിസ്റ്റ് പ്രസ്ഥാനമാണ് ഇന്നിന്റെ ആവശ്യം. ഗ്രഹിക്കാവുന്ന ഭാഷയില്‍ എഴുതപ്പെട്ടതോ വാക്കാല്‍ പങ്കിടപ്പെടുന്നതോ ആയ ഫെമിനിസ്റ്റ് സിദ്ധാന്തത്തിന്റെ ഒരു ബോഡി നമ്മള്‍ നിര്‍മ്മിച്ചിട്ടില്ല എന്ന് അവര്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും വേണ്ടിയുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനം നിര്‍മ്മിക്കണമെങ്കില്‍, ഫെമിനിസത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ഒരു കൂട്ടായ്മ വീടുതോറും പരിശ്രമം നടത്തണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു. കേരളത്തെ സംബന്ധിച്ച് അത്തരമൊരു കൂട്ടായ്മയാണ് ‘കുടുംബ’ശ്രീ. അതുകൊണ്ടുതന്നെ സംഘടിതമായ സ്ത്രീകളുടെ ഒരു വര്‍ഗ്ഗരാഷ്ട്രീയ പ്രവര്‍ത്തനമായി കുടുംബശ്രീ വായിക്കപ്പെടേണ്ടതുണ്ട്. ഈ പ്രസ്ഥാനം കേരള സമൂഹത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള വിപുലവും വൈവിധ്യവുമായ രാഷ്ട്രീയ-സാമൂഹ്യ മാനങ്ങളെ അളക്കാനുള്ള ഒരു രീതിശാസ്ത്രം/പഠനരീതി നമ്മള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

സന്നദ്ധത, വികസനപ്രക്രിയയിലെ പങ്കാളിത്തം - 'കൂലി നല്‍കേണ്ടതില്ലാത്ത തൊഴില്‍ശക്തി'യാണോ കുടുംബശ്രീയിലെ സ്ത്രീകള്‍?

അടിത്തട്ടില്‍ സുശക്തമായി സംഘടിക്കപ്പെട്ട ഒരു വിപുലമായ ശൃംഖലയാണ് കുടുംബശ്രീ. അതുകൊണ്ടുതന്നെയാണ് പ്രളയമാവട്ടെ, കോവിഡാവട്ടെ, മറ്റെങ്ങും കാണാത്തത്ര തരത്തില്‍ സ്ത്രീകളുടെ സന്നദ്ധസേന ഒരു നാടിനെ താങ്ങിനിര്‍ത്താനായി ഒന്നിച്ചത്. എന്നാല്‍, കുടുംബശ്രീക്കെതിരെ കേരളത്തിലെ അക്കാദമിക സര്‍ക്കിളില്‍ നിന്നുയരുന്ന മറ്റൊരു വിമര്‍ശനമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധമായി പങ്കാളികളാക്കി കേവലമൊരു 'ചീപ്പ് ലേബര്‍ സോഴ്സാ'യി ചൂഷണം ചെയ്യപ്പെടുകയാണ് കുടുബശ്രീയിലെ സ്ത്രീകള്‍ എന്നത്.

2018-ലെ പ്രളയത്തിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച, കോവിഡ് കാലത്ത് കേരളത്തെ പിടിച്ചുനിര്‍ത്തിയ വളണ്ടിയർ ഗ്രൂപ്പായ സാമൂഹ്യസന്നദ്ധസേനയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ലിംഗവും പ്രായവും തമ്മിലുള്ള ബ്രേക്ക് അപ്പ് വളരെ ഇന്ററസ്റ്റിംഗ് ആയ ചില നിരീക്ഷണങ്ങള്‍ തരുന്നുണ്ട്.

''കോവിഡിന്റെ സമയത്ത് എന്റെ ചുറ്റുമുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് എനിക്കും ഉണ്ടായിരുന്നു. ഞാന്‍ ഞങ്ങളുടെ പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചനിലായിരുന്നു. ജോലി വളരെ പ്രയാസമായിരുന്നു. പക്ഷേ ഞങ്ങളെല്ലാവരും സന്തോഷത്തോടെയാണതൊക്കെ ചെയ്തത്. ഒരു ശമ്പളവും പ്രതീക്ഷിച്ചല്ല ഞങ്ങളത് ചെയ്തത്.''- കോഴിക്കോ​ട്ടെ കടുംബശ്രീ അംഗമായ സീനത്ത് പറയുന്നു.

കോവിഡ് സമയത്തും പ്രളയ സമയത്തും തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കിയ എണ്ണമില്ലാത്ത കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രതിനിധിയാണ് സീനത്ത്. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സംസാരിച്ച എല്ലാ കുടുംബശ്രീ പ്രവര്‍ത്തകരും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന സ്ത്രീകളെ കേള്‍ക്കാതെ 'ചീപ്പ് ലേബര്‍ ഫോഴ്‌സ്' എന്ന തരത്തിലേക്ക് മാത്രമായി കുടുംബശ്രീ പ്രവര്‍ത്തകരുടെ ഇടപെടലുകളെ മനസിലാക്കാന്‍ ശ്രമിക്കുന്നത് നാടിന്റെ വികസനപ്രവര്‍ത്തനങ്ങളിലും സന്നദ്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാനുള്ള സാധാരണക്കാരായ സ്ത്രീകളുടെ ബോധ്യങ്ങളെയും, അവരുടെ സംഘടിതശക്തിയെയും ചുരുക്കിക്കാണലായിരിക്കും.

‘‘അയല്‍ക്കൂട്ടക്കാരുടെ ഒരു പ്രത്യേകത എന്നു പറഞ്ഞുകഴിഞ്ഞാല്‍, ഇവരെ അടിച്ചേല്പിക്കാന്‍ പോയിക്കഴിഞ്ഞാല്‍ ഇവര്‍ ചെയ്യത്തില്ല. ഞങ്ങള്‍ ചെയ്യണ്ടതാണ്, ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്നവര്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവരെ പിടിച്ചാല്‍ കിട്ടില്ല. ഒരുദാഹരണം പറഞ്ഞാല്‍, ഫ്ലഡ്​ വന്ന സമയത്ത് ചെങ്ങന്നൂരെ വീടുകളില്‍ നിന്ന് ചെളിയൊക്കെ നീക്കം ചെയ്യാന്‍ തിരുവനന്തപുരത്തെ ഒരു സി.ഡി.എസില്‍ നിന്ന് അവിടുത്തെ അംഗങ്ങള്‍ ബസ് പിടിച്ച് പോയി. മോപ്പ്, ലോഷന്‍, ചൂല് ഇതെല്ലാം കൊണ്ടാണ് അവര്‍ പോയത്. ബസിന് ഡീസല്‍ അടിച്ചതിനോ, വാടക കൊടുത്തതിനോ, അവിടെ പോയി രണ്ടുദിവസം താമസിച്ചതിനോ, ഭക്ഷണം കഴിച്ചതിനോ ഒന്നുമാരും പൈസ ചോദിച്ചില്ല. പിന്നെന്താ? നമ്മുടെ സഹോദരങ്ങള്‍ക്കൊരു പ്രശ്‌നം വന്നപ്പോള്‍ നമ്മള്‍ പോയി സഹായിക്കണം എന്ന്​ ആ സി.ഡി.എസ് തീരുമാനിച്ചു, അവരങ്ങ് പോയി. പക്ഷേ അവര്‍ക്ക് വേണ്ടാത്ത ഒരു കാര്യം, 'നിങ്ങളിത് ചെയ്‌തേ പറ്റൂ' എന്നുപറഞ്ഞ് നമ്മളവരിൽ അടിച്ചേല്പിച്ചാൽ, അവര്‍ തിരിച്ചു ചോദിക്കും, 'ഞങ്ങള്‍ ചെയ്യാം. പൈസ എവിടെ' എന്ന്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ അത് ഒരു ശാക്തീകരണം തന്നെയാണ്. തുടക്കകാലത്ത് നമ്മളെന്തു പറഞ്ഞാലും അവര്‍ തിരിച്ചു ചോദിക്കില്ലായിരുന്നു. ഇന്നിപ്പോള്‍ 25 വര്‍ഷം കഴിയുമ്പോള്‍ അവര്‍ നമ്മളെ ചോദ്യം ചെയ്യും. എതിരഭിപ്രായങ്ങള്‍ ശക്തമായി പ്രകടിപ്പിക്കും.'' - 20 വര്‍ഷമായി കുടുംബശ്രീ സംസ്ഥാനമിഷനില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ അഭിപ്രായമാണ്.

വ്യത്യസ്ത സാമൂഹ്യപശ്ചാലങ്ങളില്‍ പെട്ട, വ്യത്യസ്ത തലമുറയില്‍ പെട്ട സ്ത്രീകളെ ഇങ്ങനെ കണ്ണിചേര്‍ത്ത് ഇന്‍ക്ലൂസിവിറ്റിയുടെ പുതിയ പാഠങ്ങള്‍ രചിക്കുന്ന ഇത്രയും വിപുലമായ ഏത് സ്ത്രീവിമോചന പ്രസ്ഥാനമാണ് ഇന്ന് നിലനില്‍ക്കുന്നത്?

2018-ലെ പ്രളയത്തിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച, കോവിഡ് കാലത്ത് കേരളത്തെ പിടിച്ചുനിര്‍ത്തിയ വളണ്ടിയർ ഗ്രൂപ്പായ സാമൂഹ്യസന്നദ്ധസേനയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ലിംഗവും പ്രായവും തമ്മിലുള്ള ബ്രേക്ക് അപ്പ് വളരെ ഇന്ററസ്റ്റിംഗ് ആയ ചില നിരീക്ഷണങ്ങള്‍ തരുന്നുണ്ട്. സന്നദ്ധസേനയിലേക്ക് രജിസ്റ്റര്‍ ചെയ്ത ആകെ പുരുഷന്മാരില്‍ പകുതിയിലേറെ പേരും 20- 30 വയസിനിടിയിലുള്ളവരാണ്​. എന്നാല്‍ സ്ത്രീകളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്​തത്​ 41- 50 പ്രായക്കാരാണ്​. ആകെയുള്ള സന്നദ്ധസേനാംഗങ്ങളില്‍ കേവലം 22 ശതമാന മാണ് സ്ത്രീകള്‍ എന്നിരിക്കെ, ഞങ്ങളെ ആകര്‍ഷിച്ച മറ്റൊരു കണക്ക്: 51- 65 ഏജ് ഗ്രൂപ്പില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സ്ത്രീകളാണ്. (മറ്റെല്ലാ ഏജ് ഗ്രൂപ്പിലും പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ വളരെ കൂടുതലാണ്).

ഇത്തരത്തില്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായി സ്ത്രീ വളണ്ടിയർമാരുടെ എണ്ണം ഉയര്‍ന്ന ഏജ് ഗ്രൂപ്പിലേക്ക് പോകുന്തോറും വര്‍ധിക്കുന്നത്, കുടുംബശ്രീ അംഗങ്ങള്‍ കൂടുതലും ഈ പ്രായപരിധിയിലുള്ളവരായതുകൊണ്ടുതന്നെയാണ്. വീടിനുപുറത്ത് പൊതുകാര്യങ്ങളില്‍ തങ്ങള്‍ ഇടപെടേണ്ടതുണ്ടെന്ന കലക്​റ്റീവ്​ കോണ്‍ഷ്യസ്നെസ് മലയാളിസ്ത്രീകളില്‍ ഉല്പാദിപ്പിക്കുന്നതില്‍ കുടുംബശ്രീയുടെ സംഘടനാസംവിധാനം വിജയിച്ചു എന്നതിന്റെ സൂചന കൂടിയാണത്.

ഇതിനെല്ലാം പുറമെയാണ് കേരളത്തിന്റെ വികസനപാതയ്ക്ക് ഈ പ്രസ്ഥാനവും അതിലെ 46 ലക്ഷം പ്രവര്‍ത്തകരും നല്‍കുന്ന സംഭാവന. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാനവ വികസന സൂചികയില്‍ വളരെ നേരത്തെ തന്നെ മുന്നേറിയ ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം നേരിടുന്ന പ്രത്യേകമായ രണ്ടാം തലമുറ വികസനപ്രശ്‌നങ്ങളുണ്ട്. ഇവ പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളിലും, അതിനായി രൂപീകരിക്കുന്ന പദ്ധതികളുടെ നടപ്പിലാക്കലിലും ഏറ്റവും പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്ന ഇന്‍സ്​റ്റിറ്റ്യൂഷനൽ മെക്കാനിസമാണ് കുടുംബശ്രീ. ആശ്രയ പദ്ധതിയും ഏറ്റവും ഒടുവില്‍ അതിദരിദ്രര്‍ക്കായി ആവിഷ്‌ക്കരിക്കുന്ന മൈക്രോപ്ലാനുകളും ഇതിനുദാഹരണങ്ങളാണ്. ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഫോര്‍മല്‍ സപ്പോര്‍ട്ടിംഗ് മെക്കാനിസത്തിലേക്ക് ഇന്റഗ്രേറ്റ് ചെയ്യപ്പെടുന്നതിനു പുറമേ ഇന്‍ഫോര്‍മലായി ഒരു പ്രാദേശിക സപ്പോര്‍ട്ട് സിസ്റ്റം രൂപപ്പെടുത്തുന്നതില്‍ കുടുംബശ്രീ വിജയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പ്രായമായവരുടെ പരിചരണവും, സാമൂഹ്യജീവിതവും ഒക്കെയായി ബന്ധപ്പെട്ടവ. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളെ ഒറ്റപ്പെടല്‍ അനുഭവിക്കാതെ ചേര്‍ത്തുപിടിക്കാന്‍ കുടുംബശ്രീക്ക് സാധിക്കുന്നുണ്ട്. വയോജന അയല്‍ക്കൂട്ടം രൂപീകരിച്ച് പ്രായമായവരെ പ്രത്യേകമായി ഉള്‍പ്പെടുത്തുന്നതിനു പുറമേ പല അയല്‍ക്കൂട്ടങ്ങളിലും 65ഉം 70ഉം വയസൊക്കെയുള്ള അംഗങ്ങളെ ഞങ്ങള്‍കണ്ടു. അവരുടെ കഴിഞ്ഞ കാലങ്ങളിലെ ഇടപെടലുകളെയും സംഭാവനകളെയും വിലമതിക്കുന്ന പിന്‍തലമുറകളെയും.

‘‘കുടുംബശ്രീ ഉള്ളതുകൊണ്ട് കൈയില്‍ കുറച്ച് പൈസ ഉണ്ടായി. അതിനൊക്കെ മുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന എന്നെ അന്വേഷിക്കാന്‍ കുറച്ചാള്‍ക്കാരെ എനിക്ക് കിട്ടി. എനിക്ക് ഒരു വിഷമം വന്നാല്‍ പോയിരുന്ന് കരയാന്‍ എനിക്കൊരിടമുണ്ട്.'' - പറയുമ്പോള്‍ അറുപത്തഞ്ചുകാരിയായ ആ അമ്മയുടെ തൊണ്ടയിടറുകയായിരുന്നു.

''ഞങ്ങളുടെ അയല്‍ക്കൂട്ടത്തില്‍ 75 വയസുള്ള ഒരമ്മയുണ്ട്. അയല്‍ക്കൂട്ടം ഉണ്ടായപ്പോ മുതല്‍ അമ്മ അതിലംഗമാണ്. 60 വയസു വരെയാണ് കുടുംബശ്രീയില്‍ അംഗമാകാന്‍ പറ്റുക എന്നാ പറയുക. പക്ഷേ അമ്മേനെ ഞങ്ങള്‍ ഒഴിവാക്കില്ല. ഭര്‍ത്താവ് മരിച്ചു. മക്കളൊക്കെ ദൂരെയാ. ഞങ്ങളൊക്കെ തന്നെയാ ഇപ്പോ അമ്മേടെ കുടുംബം. കൈയില്‍ പൈസ ഉണ്ടെങ്കില്‍ മാത്രം ത്രിഫ്റ്റ് അടച്ചാല്‍ മതീന്ന് ഞങ്ങള്‍ അമ്മയോട് പറഞ്ഞിട്ടുണ്ട്. ഒരിക്കലും നിര്‍ബന്ധിക്കൂല…’’- 35 വയസുള്ള കുടുംബശ്രീ അംഗമായി ജയശ്രീ പറയുന്നു.

വ്യത്യസ്ത സാമൂഹ്യപശ്ചാലങ്ങളില്‍ പെട്ട, വ്യത്യസ്ത തലമുറയില്‍ പെട്ട സ്ത്രീകളെ ഇങ്ങനെ കണ്ണിചേര്‍ത്ത് ഇന്‍ക്ലൂസിവിറ്റിയുടെ പുതിയ പാഠങ്ങള്‍ രചിക്കുന്ന ഇത്രയും വിപുലമായ ഏത് സ്ത്രീവിമോചന പ്രസ്ഥാനമാണ് ഇന്ന് നിലനില്‍ക്കുന്നത്?

ഈ പ്രസ്ഥാനത്തിന്റെ വലിപ്പത്തെ, അത് കേരള സമൂഹത്തിലുണ്ടാക്കിയ അനുരണനങ്ങളെ പരിഗണിക്കുമ്പോള്‍ കുടുംബശ്രീയുടെ ഗുണവശങ്ങള്‍ അതിന്റെ പോരായ്മകളെ പതിന്മടങ്ങ് കടന്നുനില്‍ക്കുമെന്നുതന്നെയാണ് ഞങ്ങള്‍ കരുതുന്നത്.

വിമര്‍ശനത്തിനതീതമാണോ കുടുംബശ്രീ?

കുടുംബശ്രീയെ വിമര്‍ശിക്കാന്‍ പാടില്ല എന്നതല്ല ഞങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. മറ്റെല്ലാ സംഘടിത പ്രസ്ഥാനങ്ങളിലുമെന്നത് പോലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ളിലും അംഗങ്ങള്‍തമ്മിലുള്ള പ്രശ്‌നങ്ങളും, അതിന്റെ പേരിലുള്ള കൊഴിഞ്ഞുപോക്കും നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ട്രൈബല്‍ മേഖലയില്‍ കൊഴിഞ്ഞുപോക്കിന്റെ അളവ് വളരെ കൂടുതലാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ 25 ശതമാനത്തോളം പല കാരണങ്ങള്‍ കൊണ്ടും ഇപ്പോഴും കുടുംബശ്രീയില്‍ ഇല്ലാത്തവരാണ്. 46 ലക്ഷം സ്ത്രീകള്‍ അംഗമായിട്ടുള്ള ഒരു പ്രസ്ഥാനത്തില്‍ കേവലം രണ്ടര ലക്ഷം പേര്‍ സംരംഭകരായാല്‍ മതിയോ എന്ന് ചോദിച്ചാല്‍ പോരാ എന്ന് തന്നെയാണ് അഭിപ്രായം. സംരംഭങ്ങളിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ കഴിയുന്നില്ല എന്നതും, പല സംരംഭങ്ങളെയും ലാഭകരമായി നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നതും, യുവതികളുടെ പങ്കാളിത്തം പൊതുവെ കുറവാണെന്നതും ഈ പ്രസ്ഥാനത്തില്‍ നിലനില്‍ക്കുന്ന പോരായ്മകള്‍ തന്നെയാണ്. (കുടുംബശ്രീ അംഗങ്ങളുടെ ശരാശരി പ്രായം 50 വയസാണ് എന്നതാണ് മുന്‍കാലങ്ങളിലെ പല പഠനങ്ങളെയും പോലെ ഞങ്ങളുടെ പഠനങ്ങളിലും കണ്ടത്).

എന്നാല്‍, ഈ പ്രസ്ഥാനത്തിന്റെ വലിപ്പത്തെ, അത് കേരള സമൂഹത്തിലുണ്ടാക്കിയ അനുരണനങ്ങളെ പരിഗണിക്കുമ്പോള്‍ കുടുംബശ്രീയുടെ ഗുണവശങ്ങള്‍ അതിന്റെ പോരായ്മകളെ പതിന്മടങ്ങ് കടന്നുനില്‍ക്കുമെന്നുതന്നെയാണ് ഞങ്ങള്‍ കരുതുന്നത്. അങ്ങനെ വേണമല്ലോ ഒരു പ്രോഗ്രാമിന്റെ ഫലപ്രാപ്തിയെ വിലയിരുത്താന്‍. മാത്രമല്ല, നിലവിലുള്ള പ്രശ്‌നങ്ങളെ അതാത് സമയങ്ങളില്‍ കണ്ടെത്തുകയും, തിരിച്ചറിയുകയും, കൂട്ടായി ചിന്തിച്ച് പരിഹാരമാര്‍ഗങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന സുശക്തമായ സംഘടനാസംവിധാനം സംസ്ഥാനതലം മുതല്‍ പ്രാദേശികതലം വരെ കുടുംബശ്രീക്ക് ഉണ്ടു താനും. ഇന്‍ക്ലൂഷന്‍ ക്യാമ്പയിനുകള്‍ നടത്തിയും, യുവതികള്‍ക്കായി ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചും, ഗ്രോത്ത് എന്റര്‍പ്രൈസസ് മോഡലുകള്‍ നടപ്പിലാക്കിയും, നിരന്തരം നവീകരിക്കപ്പെട്ട്​ മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണിത്. അതുകാണാതെ ഒറ്റപ്പെട്ട ചില സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി കുടുംബശ്രീയുടെ സംഭാവനകളെ, അതിലെ സ്ത്രീകളുടെ മുന്നേറ്റങ്ങളെ റദ്ദുചെയ്യാന്‍ പാടില്ലയെന്നതു മാത്രമാണ് ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്.

വീട്ടകങ്ങളില്‍ ഒതുങ്ങിത്തീരുമായിരുന്ന അരക്കോടിയോളം സ്ത്രീകളുടെ സംഘടിതശക്തിയെ ഒരു നാടിന്റെ വികസനപാതയിലേക്ക് ചേര്‍ത്തുവെച്ചതിന്റെ ചരിത്രം കൂടിയാണ് കുടുംബശ്രീയുടെ 25 വര്‍ഷങ്ങള്‍. കേരളത്തിലെ സ്ത്രീകളുടെ ഹൃദയത്തെ ഇത്രയും തൊട്ടറിഞ്ഞ, അവരുടെ ജീവിതത്തോട് ഇത്രത്തോളം അടുത്തുനിന്ന മറ്റൊന്നും ചിലപ്പോള്‍ ഉണ്ടാകാന്‍ വഴിയില്ല. ചേര്‍ന്നുനില്‍ക്കാന്‍ ചുറ്റും ആളുണ്ടെന്ന തോന്നലില്‍ നിന്നുയര്‍ന്നു വരുന്ന ആത്മവിശ്വാസം, ആ ആത്മവിശ്വാസത്തില്‍ നിന്നുയര്‍ന്നു വരുന്ന നൂതനാശയങ്ങള്‍, വളരെ നിശ്ശബ്ദമായി സമൂഹം വരയ്ക്കുന്ന അതിരുകളെ അതിലംഘിക്കാനുള്ള മനധൈര്യം, സാമൂഹ്യ- രാഷ്ട്രീയ മേഖലയില്‍ തങ്ങളെ അടയാളപ്പെടുത്താനുള്ള ഉള്‍ക്കരുത്ത്, കലോത്സവങ്ങളിലും, സ്‌പോര്‍ട്ട്‌സുകളിലുമൊക്കെയുള്ള സര്‍ഗാത്മകമായ ഇടപെടലുകള്‍... ഇതെല്ലാം ചേര്‍ന്നതാണ് കുടുംബശ്രീയുടെ കാല്‍നൂറ്റാണ്ടിന്റെ കഥ.

സ്ത്രീപക്ഷമായതെല്ലാം പുരോഗമനപരമായി വാഴ്ത്തപ്പെടുന്ന ഈ കാലത്ത് അടുത്തിടെ ഇറങ്ങിയ സ്ത്രീപക്ഷ സിനിമയായ ജയ ജയ ജയ ഹേയില്‍ പോലും ‘പണിയൊന്നും എടുക്കാതെ തമ്മില്‍ തല്ലുകൂടാനും പരദൂഷണം പറയാനുമുള്ള’ സംഘമായി കുടുംബശ്രീ ചിത്രീകരിക്കപ്പടുന്നതെന്തുകൊണ്ടെന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്.

കമ്യൂണിറ്റി കിച്ചണുകളായും, മാസ്‌ക്കുകളായും, സാനിറ്റൈസറുകളായും ഈ സംഘടിതകരങ്ങളുടെ കരുത്ത് അനുഭവിച്ചവരായിരിക്കും ഓരോ മലയാളിയും. എന്നിട്ടും സിനിമാഡയലോഗുകളിലെ കോമഡിയായും, സോഷ്യല്‍മീഡിയയിലെ ട്രോളുകളായും ആയിട്ടാണ് പലപ്പോഴും കുടുംബശ്രീ നമ്മുടെ മുന്നിലേക്കെത്തിച്ചേരുന്നത്.

''നേരം പരപര വെളുക്കുമ്പോള്‍ നുണ പറഞ്ഞിരിക്കുന്ന കൂട്ടം…’’
‘‘ബാങ്കുകാരെ പറ്റിക്കുന്ന, കള്ളപ്പണി ചെയ്യുന്ന ഒരു കൂട്ടം…’’
‘‘നുണ പറഞ്ഞിരിക്കല്ലേ എന്റെ അമ്മിണിയെ…’’
‘‘നുണ പറഞ്ഞിരിക്കാതെ പണിയെടുക്ക്..''

കുടുംബശ്രീയെക്കുറിച്ചുള്ള ഇത്തരം ആക്ഷേപങ്ങള്‍ ‘ഹാസ്യ’മായി കണ്‍മുന്നിലെത്തുമ്പോള്‍ തലയറഞ്ഞ് ചിരിക്കാത്ത മലയാളികള്‍ കുറവായിരിക്കും. സ്ത്രീപക്ഷമായതെല്ലാം പുരോഗമനപരമായി വാഴ്ത്തപ്പെടുന്ന ഈ കാലത്ത് അടുത്തിടെ ഇറങ്ങിയ സ്ത്രീപക്ഷ സിനിമയായ ജയ ജയ ജയ ഹേയില്‍ പോലും ‘പണിയൊന്നും എടുക്കാതെ തമ്മില്‍ തല്ലുകൂടാനും പരദൂഷണം പറയാനുമുള്ള’ സംഘമായി കുടുംബശ്രീ ചിത്രീകരിക്കപ്പടുന്നതെന്തുകൊണ്ടെന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്.

അവിടെയാണ് ജെന്‍ഡര്‍ ഡിസ്‌ക്കോഴ്‌സുകളില്‍ നിശ്ശബ്ദമായെങ്കിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വര്‍ഗപരതയുടെ രാഷ്ട്രീയത്തെ നമ്മള്‍ തിരിച്ചറിയേണ്ടത്. സംഘടിതമായതെന്തും പരിഹസിക്കപ്പെടുകയും, വ്യക്തികേന്ദ്രീകൃതമായതെല്ലാം ആഘോഷിക്കപ്പെടുകയും ചെയ്യുന്ന രീതിശാസ്ത്രത്തെ പരിശോധനാവിധേയമാക്കേണ്ടത്. കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം ജനകീയ പങ്കാളിത്തത്തോടെ പ്രാദേശികമായി രേഖപ്പെടുത്താനുള്ള ഒരു വിപുലമായ പദ്ധതിക്ക് രൂപം നല്‍കുന്നതിലൂടെ ജെന്‍ഡര്‍ ഡിസ്‌ക്കോഴ്‌സൂകളില്‍ നിലനില്‍ക്കുന്ന ഈ വര്‍ഗപരതയെ പൊളിച്ചെഴുതാനുള്ള ഒരിടപെടലായിരിക്കും കുടുംബശ്രീ സംസ്ഥാനമിഷന്‍ നടത്താന്‍ പോകുന്നത്.

കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം എന്നു പറഞ്ഞാല്‍ അരക്കോടിയോളം പെണ്ണുങ്ങളുടെ അതിജീവനത്തിന്റെ കഥ കൂടിയായിരിക്കും. ഇന്‍സ്റ്റഗ്രാമിന്റെയും, ട്വിറ്ററിന്റെയുമൊക്കെ ഇടങ്ങളില്‍ പതിയാത്ത പെണ്ണുങ്ങളുടെ ജീവിതാനുഭവങ്ങള്‍... അറിയപ്പെടാത്ത പെണ്ണുങ്ങളുടെ അറിയേണ്ടുന്ന കഥകള്‍...

(ഈ ലേഖനത്തില്‍ നല്‍കിയിരിക്കുന്ന വിവരദാതാക്കളുടെ പേരുകള്‍ യഥാര്‍ഥമല്ല.)

Comments