കെ. കണ്ണൻ: ജാതി- മത രഹിത വിവാഹങ്ങൾ ഇപ്പോഴും നമ്മുടെ രാജ്യത്ത് സാമൂഹിക അപഭ്രംശമെന്ന നിലയ്ക്കാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ജാതി ഉന്മൂലനം പ്രധാന മുദ്രാവാക്യവും പ്രയോഗവുമായിരുന്ന, കീഴാള നവോത്ഥാനത്തിന്റെ അതിശക്തമായ അടിസ്ഥാനമുള്ള കേരളത്തിൽ പോലും, മിശ്രവിവാഹങ്ങളുടെ കണക്കെടുത്താൽ, തീരെ കുറവാണെന്നു കാണാം. ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ മിശ്രവിവാഹങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളുടെ മുൻനിരയിലൊന്നും കേരളം ഇല്ല. കേരളത്തിൽ, മതപരിഷ്‌കരണത്തിലൂന്നിയുള്ള നവോത്ഥാനശ്രമങ്ങളുടെ തുടർച്ചയായി കമ്യൂണിസ്റ്റ് പാർട്ടി വരികയും അതിന്റെ നേതൃത്വത്തിൽ ഇടതുപക്ഷാഭിമുഖ്യമുള്ള സാമൂഹിക- രാഷ്ട്രീയ പരിണാമത്തിലേക്ക് കേരളം വികസിക്കുകയും ചെയ്തു. എന്നിട്ടും, പൊതുസ്വീകാര്യതയാർന്ന ഒരു സാമൂഹിക പ്രക്രിയ എന്ന നിലയിലേക്ക് മിശ്രവിവാഹങ്ങൾക്ക് എത്താൻ കഴിയാത്തത് എന്തുകൊണ്ടാണ്?. തീവ്രമായ യാഥാസ്ഥിതികതയിലേക്ക് പുനഃസംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതങ്ങൾ മിശ്രവിവാഹം ഒരിക്കലും ഏറ്റെടുക്കാൻ വഴിയില്ല. അപ്പോൾ, മിശ്രവിവാഹങ്ങൾക്ക് സാമൂഹികാംഗീകാരം സാധ്യമാകുന്ന സാമൂഹിക- രാഷ്ട്രീയ പ്രക്രിയ എങ്ങനെ പ്രാവർത്തികമാകും?
ടി.എൻ. സീമ: കേരളത്തിൽ നടന്ന സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഊന്നൽ ജാതിശ്രേണിയുടെ ഭാഗമായി കീഴാളർ അനുഭവിക്കേണ്ടി വന്ന വിവേചനങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുകളിലും, സമുദായങ്ങൾക്കുള്ളിൽ നടക്കേണ്ട പരിഷ്‌കാരങ്ങളിലുമായിരുന്നു. നാടുവാഴിത്തത്തിൽ നിന്ന് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായിരുന്നു വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി എല്ലാ ജാതി സമുദായങ്ങളിലും ഉയർന്ന മുദ്രാവാക്യങ്ങൾ. കീഴാളർ നേരിട്ടിരുന്ന അടിച്ചമർത്തലുകൾ അവസാനിപ്പിക്കാൻ സാമൂഹ്യ പരിഷ്‌കരണ മുദ്രാവാക്യങ്ങൾക്കൊപ്പം ജന്മിത്തത്തിനെതിരായ സമരം കൂടി സംഘടിപ്പിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്കിടയിൽ വളർന്നത്. കീഴാള ജനതയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യമുണ്ടായെങ്കിൽ ജാതി മേധാവിത്വത്തിന്റെയും സാമ്പത്തിക മേൽക്കോയ്മയുടെയും സവിശേഷ അധികാരം അനുഭവിച്ചിരുന്ന വിഭാഗങ്ങൾ ശത്രുവായി കമ്യൂണിസ്റ്റ് പാർട്ടിയെ കണ്ടു. ഈ വിരോധം ശക്തിപ്പെടുത്താനാണ് വലതുപക്ഷ രാഷ്ട്രീയം എന്നും ശ്രമിച്ചത്.
ജനാധിപത്യ വിരുദ്ധമായി ഒരു സർക്കാരിനെ അധികാരത്തിൽ നിന്ന് പിരിച്ചുവിട്ട പ്രാധാന്യം മാത്രമല്ല, വിമോചന സമരത്തിനുള്ളത്. ആധുനിക സമൂഹത്തിലേക്കുള്ള കേരളത്തിന്റെ മാറ്റത്തിന് തടസങ്ങളും തിരിച്ചടിയും സൃഷ്ടിക്കുന്നതിൽ വലതുപക്ഷ രാഷ്ട്രീയം വഹിച്ച പങ്ക്പരിശോധിക്കപ്പെടണം.
കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കം മുതൽ ഇടതുപക്ഷ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്താനും ദുർബലപ്പെടുത്താനും തുടർച്ചയായി ശ്രമിക്കുന്ന വലതുപക്ഷം ഒരു ശക്തമായ സാന്നിധ്യമാണ് കേരളത്തിൽ എന്ന് വിസ്മരിച്ച്, മിശ്രവിവാഹം പോലെയുള്ള കാര്യത്തിലടക്കം സമൂഹത്തിലുണ്ടായ പിന്നോട്ടടിയെ വിശകലനം ചെയ്യാനാകില്ല. വിമോചന സമരം കേരള രാഷ്ട്രീയത്തിൽ ജാതിമത ശക്തികൾക്ക്ഇടപെടാൻ വഴിയൊരുക്കിക്കൊടുത്തു. ജനാധിപത്യ വിരുദ്ധമായി ഒരു സർക്കാരിനെ അധികാരത്തിൽ നിന്ന് പിരിച്ചുവിട്ട പ്രാധാന്യം മാത്രമല്ല, വിമോചന സമരത്തിനുള്ളത്. ആധുനിക സമൂഹത്തിലേക്കുള്ള കേരളത്തിന്റെ മാറ്റത്തിന് തടസങ്ങളും തിരിച്ചടിയും സൃഷ്ടിക്കുന്നതിൽ വലതുപക്ഷ രാഷ്ട്രീയം വഹിച്ച പങ്ക്പരിശോധിക്കപ്പെടണം. സാമൂഹ്യ പരിഷ്‌കരണവും നവോത്ഥാന മൂല്യങ്ങളും കേരളത്തിലെ സമുദായങ്ങൾക്കുള്ളിൽ വരുത്തിയ ആന്തരിക നവോത്ഥാനത്തിനു തുടർച്ചയുണ്ടായില്ല എന്നത് ചരിത്രപരമായ ദൗർബല്യമാണ്. ഓരോ സമുദായത്തിനുള്ളിലും നടന്ന നവീകരണ പ്രക്രിയയെ, സ്വാതന്ത്ര്യ ലബ്ധിക്കും സംസ്ഥാന രൂപീകരണത്തിനും ശേഷം പുതിയ ജനാധിപത്യ ബോധത്തിൽ നാടിന്റെ പുരോഗതി ലക്ഷ്യമാക്കി മുന്നോട്ട് നയിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന പരിശോധന ഉണ്ടാകണം. വിവാഹം പോലെയുള്ള കാര്യങ്ങളിൽ സമുദായ സംഘടനകളുടെ ഇടപെടലുകൾ ഓരോ സമുദായത്തിന്റെയും അധികാരവും നിയന്ത്രണവും ഉറപ്പിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ കൂടുതൽ ശക്തമാണ്. അനാചാരങ്ങളും പുതിയ ചടങ്ങുകളും ഉണ്ടായി വരുന്നു. ആത്യന്തികമായി സ്ത്രീജീവിതത്തെയും കുടുംബങ്ങളുടെ ആഭ്യന്തര പരിസരത്തെയുമാണ് ഇത് സ്വാധീനിക്കുന്നത്. മതബോധത്തെയും മത സ്വത്വത്തെയും ഉറപ്പിക്കുന്ന പ്രക്രിയ കൂടിയാണിത്.
യാഥാസ്ഥിതികവും പ്രതിലോമകരവും ആയ പ്രവണതകൾക്കെതിരെ ഇടതുപക്ഷ പാർട്ടികളും ഇടത് ബഹുജന സംഘടനകളും ആണ് പ്രതികരിക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും അപകടകരമായ രീതിയിൽ ഇത്തരം അവസരങ്ങളെ പ്രയോജനപ്പെടുത്തുകയാണ്. ശബരിമല സ്ത്രീ പ്രവേശം നല്ല ഉദാഹരണമാണ്. മിശ്രവിവാഹത്തെ എല്ലാക്കാലത്തും കമ്യൂണിസ്റ്റ് പാർട്ടി പിന്തുണച്ചിട്ടുണ്ട്. അത് രണ്ടു വ്യക്തികളുടെ ജനാധിപത്യ അവകാശമാണ്. വർഗീയതയുടെ വളർച്ചയും സമൂഹത്തിൽ ശക്തമാകുന്ന വലതുപക്ഷവത്കരണവും ജനാധിപത്യത്തിനും ആധുനിക സ്വതന്ത്രജീവിതത്തിനും തടസമാണ്. ഈ കാര്യം ആവർത്തിച്ചു ചർച്ച ചെയ്തും അതിനെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചുമാണ് സി.പി.എം മുന്നോട്ട് പോകുന്നത്. ജാതിക്കും മതത്തിനും അതീതമായി ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ കൂടുതൽ സംഘടനകളും ജനങ്ങളും തയാറാകുന്നത് വഴി മാത്രമേ, മിശ്രവിവാഹമുൾപ്പടെ സ്വന്തം ജീവിതം നിർണയിക്കാൻ വ്യക്തികൾക്കുള്ള എല്ലാ അവകാശങ്ങളെയും അംഗീകരിക്കുന്ന സ്ഥിതി വരികയുള്ളു.
‘ലൗ ജിഹാദ്’ പോലെ, വർഗീയ നിർമ്മിതവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ പ്രയോഗങ്ങളെ തന്നെ ശക്തമായി നിരാകരിക്കുന്ന നിലപാടാണ് സി. പി.എമ്മിന്റെത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘടനകളും എല്ലാം കേരള സമൂഹത്തിന്റെ നവീകരണ പ്രക്രിയയിൽ പങ്കാളികളാകണം.
കോഴിക്കോട് കോടഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഷെജിനും ജോയ്‌സ്‌നയും തമ്മിൽ നടന്ന മിശ്രവിവാഹത്തിനെതിരെ ആദ്യമായി ഒരു പ്രതിഷേധശബ്ദമുയർന്നത്, സി.പി.എമ്മിന്റെ ഒരു മുൻ എം.എൽ.എയിൽനിന്നായിരുന്നു. വർഗീയമായ ചേരിതിരിവിന് സംഘ്പരിവാർ സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ‘ലവ് ജിഹാദ്' എന്ന നുണക്കഥയെ, സി.പി.എമ്മിന്റെ ഒരു ഡോക്യുമെന്റേഷൻ എന്ന നിലയ്ക്കുപോലും അദ്ദേഹം വിശദീകരിച്ചു. പിന്നീട്, അദ്ദേഹം നിലപാട് തിരുത്തി നടത്തിയ പ്രസ്താവനയിലും, ഈ വിവാഹം പ്രദേശത്തെ മതവികാരം വ്രണപ്പെടുത്തി എന്ന് ആവർത്തിക്കുകയും ചെയ്തു. മിശ്രവിവാഹത്തിനുവേണ്ടിയും ‘ലവ് ജിഹാദി’ന് എതിരെയും നിലപാടെടുത്ത ഒരു പാർട്ടിയാണ് സി.പി.എം. എങ്കിലും, പ്രതിലോമകരമായ ഇത്തരം അഭിപ്രായങ്ങൾ പാർട്ടിയുടെ പേരിലുയർന്നുവരുന്നതിനെ എങ്ങനെയാണ് വിശദീകരിക്കുക? വർഗീയതക്കെതിരായ ആശയസമരം പാർട്ടിക്കുള്ളിൽ കുറെക്കൂടി ശക്തമാക്കേണ്ടതിന്റെ ആവശ്യകതയല്ലേ ജോർജ് എം. തോമസിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്?
കോടഞ്ചേരിയിൽ സഖാവ് ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള മിശ്രവിവാഹത്തിനെതിരെ, ഒരാഴ്ചയിലധികമായി പള്ളിയും സമുദായവുമായി ബന്ധപ്പെട്ട ചിലരിൽ നിന്ന് വലിയ പ്രതിഷേധവും പാർട്ടിക്കെതിരെ കള്ളപ്രചാരണവും നടക്കുകയായിരുന്നു. ‘ലൗ ജിഹാദ്’ എന്ന പ്രയോഗം നടത്തിക്കൊണ്ടായിരുന്നു ഇത്. പക്ഷെ ഈ വിഷയം പോലും മുഖ്യധാരാ മാധ്യമങ്ങൾ ചർച്ചയാക്കുന്നത് സി.പി.എം നേതാവിന്റെ ഒരു തെറ്റായ പ്രതികരണത്തോടെയാണ്. സഖാവ് ജോർജ് എം. തോമസ് താൻ നടത്തിയ പരാമർശം പിശകായിപ്പോയി എന്ന് പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിക്കുകയും അത് തിരുത്താൻ തയാറാവുകയും ചെയ്തു. പാർട്ടി നേതാക്കന്മാരായാലും വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന നിലപാടുകളിൽ തെറ്റ് സംഭവിച്ചാൽ അത് തിരുത്തുക എന്നതാണ് പാർട്ടിയുടെ ഉത്തരവാദിത്തം.
പാർട്ടി പ്രവർത്തകരെയും സ്വാധീനിക്കാവുന്ന ജാതി- മത സ്വത്വബോധത്തിൽ നിന്നും പുരുഷാധിപത്യ മനോഭാവത്തിൽ നിന്നും പുറത്തുകടക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തിരുത്തൽ ചർച്ച പാർട്ടിക്കുള്ളിൽ തന്നെ ആരംഭിച്ചത്, സമൂഹത്തിലെ വൈരുദ്ധ്യങ്ങൾ സമൂഹജീവികളെന്ന നിലയിൽ പാർട്ടി പ്രവർത്തകരെയും സ്വാധീനിക്കും എന്ന ശരിയായ ധാരണയിലാണ്. ഈ പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്താൻ തന്നെയാണ് സി.പി.എം സമ്മേളനങ്ങളിൽ തീരുമാനിച്ചിട്ടുള്ളത്. പക്ഷെ സി.പി.എമ്മോ ഇടതുപക്ഷമോ മാത്രം പരിശ്രമിച്ചാൽ പോരാ. ചെറുപ്പക്കാരുടെ, വിശേഷിച്ച് സ്ത്രീകളുടെ ജീവിതത്തെ കൂടുതൽ നിയന്ത്രണങ്ങളിൽ കുരുക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒരുമിച്ചുള്ള ചെറുത്തുനിൽപ്പ് വേണം. ‘ലൗ ജിഹാദ്’ പോലെ, വർഗീയ നിർമ്മിതവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ പ്രയോഗങ്ങളെ തന്നെ ശക്തമായി നിരാകരിക്കുന്ന നിലപാടാണ് സി. പി.എമ്മിന്റെത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘടനകളും എല്ലാം കേരള സമൂഹത്തിന്റെ നവീകരണ പ്രക്രിയയിൽ പങ്കാളികളാകണം. ▮