വി.പി. സുഹ്റ / Photo: Shafeeq Thamarassery

പുരുഷ പൗരോഹിത്യത്തോടല്ല, സ്​ത്രീകളോടാണ്​
സർക്കാർ അഭിപ്രായം ചോദിക്കേണ്ടത്​

മുസ്​ലിം പിന്തുടർച്ചാവകാശ നിയമത്തിന്റെ കാര്യത്തിൽ, കേരള സർക്കാർ ഏതാനും മുസ്‌ലിം മതപണ്ഡിതന്മാരുടെ മാത്രം യോഗം വിളിക്കുകയും അവരുടെ അഭിപ്രായം മാത്രം തേടുകയുമാണ് ചെയ്തത്. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം തേടേണ്ടത് പുരുഷ പൗരോഹിത്യത്തോടല്ല, മുസ്​ലിം സ്ത്രീകളോടാണ്.

ഷഫീഖ് താമരശ്ശേരി: മുസ്‌ലിം പിന്തുടർച്ചാവകാശ നിയമത്തിലെ സ്ത്രീവിവേചന വകുപ്പുകൾ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് താങ്കൾ അടക്കമുള്ളവരുടെ മുൻകൈയിൽ സമർപ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ വിവേചനം അനുഭവിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ വാദം കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് "ഫോറം ഫോർ മുസ്‌ലിം വിമൻസ് ജെൻഡർ ജസ്റ്റിസ്' എന്ന കൂട്ടായ്മ രംഗത്ത് വന്നിട്ടുമുണ്ട്. മുസ്‌ലിം പിന്തുടർച്ചാവകാശ നിയമം പരിഷ്‌കരിക്കപ്പെടണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്നതും അതുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾക്ക് തയ്യാറായതും എന്തുകൊണ്ടാണ്?

വി.പി. സുഹ്റ: നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അനീതിയാണ് പിന്തുടർച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട് മുസ്​ലിം സ്ത്രീകൾ അനുഭവിക്കുന്നത്. സ്വത്തിന്റെ രണ്ട് ഭാഗം പുരുഷനും ഒരു ഭാഗം സ്ത്രീയ്ക്കും എന്ന് തീരുമാനിക്കപ്പെടുന്നതിലൂടെ പുരുഷന്റെ പദവിയുടെ പാതി മാത്രമാണ് സ്ത്രീയ്ക്ക് ലഭിക്കുന്നത് എന്ന ലിംഗവിവേചനപരമായ ഒരു സമീപനം കൂടി ഇതിൽ ഉൾച്ചേർന്നിരിക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് രൂപം കൊണ്ട ശരീഅത്ത് നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യൻ ഭരണഘടന അംഗീകരിച്ച മുസ്​ലിം വ്യക്തിനിയമം നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്. അക്കാലത്തെ സാമൂഹിക സാഹചര്യങ്ങളെ പരിഗണിച്ച് സ്ത്രീകൾക്ക് കുറഞ്ഞത് പകുതി സ്വത്തെങ്കിലും ഉറപ്പുവരുത്തുക എന്ന കാഴ്ചപ്പാടിൽ നിന്നാണ് അത്തരമൊരു രീതി ഉരുത്തിരിഞ്ഞത്. എന്നാൽ ഇന്നതല്ല സ്ഥിതി. കുടുംബഘടനയിലും മറ്റ് വിവിധങ്ങളായ സാമൂഹിക മണ്ഡലങ്ങളിലും സ്ത്രീയ്ക്കും പുരുഷനും തുല്യമായ അധികാരവും പദവികളുമുള്ള ഒരു കാലത്താണ് നാമിന്ന് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ കാലാനുസൃതമായ മാറ്റങ്ങൾ ഇക്കാര്യത്തിൽ സംഭവിക്കേണ്ടതുണ്ട്. ക്രിമിനൽ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാവിധികളുമായി ബന്ധപ്പെട്ട ശരീഅത്ത് വിധികൾ ആധുനിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ല എന്നതിനാൽ തന്നെയാണ് മുസ്​ലിംകൾ കയ്യൊഴിഞ്ഞത്. അതുപോലെയുള്ള കാലാനുസൃത മാറ്റം ഇക്കാര്യത്തിലുമുണ്ടാകണം.

ഫോറം ഫോർ മുസ്ലിം വിമൻസ് ജസ്റ്റിസിൻറെ പ്രവർത്തകർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ.കെ. രാഗേഷുമായി സംസാരിക്കുന്നു
ഫോറം ഫോർ മുസ്ലിം വിമൻസ് ജസ്റ്റിസിൻറെ പ്രവർത്തകർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ.കെ. രാഗേഷുമായി സംസാരിക്കുന്നു

സ്ത്രീയ്ക്ക് ലഭിക്കുന്ന സ്വത്തിന്റെ അളവ് കുറയുന്നതാണ് പ്രശ്‌നം എന്ന പ്രാഥമിക യുക്തിയിൽ ഈ പ്രശ്‌നത്തെ കണ്ടുകൂടാ. ഇതിന് വിവിധങ്ങളായ വശങ്ങളുണ്ട്. രക്ഷിതാക്കൾ ജീവിച്ചിരിക്കെ മരണപ്പെടുന്നയാളുടെ കുട്ടികൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമില്ല എന്ന പ്രശ്‌നമുണ്ട്. അതേപോലെ തന്നെ പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തിലെ പിതാവ് മരിച്ചാൽ സ്വത്തിൽ അദ്ദേഹത്തിന്റെ സഹോരങ്ങൾക്കും അവകാശമുണ്ട്. ഇത് പല തരം ചൂഷണങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത്തരം പിന്തിരിപ്പൻ വ്യവസ്ഥകൾ വലിയ രീതിയിലുള്ള സാമൂഹിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. മുസ്‌ലിം പിന്തുടർച്ചാവകാശ നിയമത്തിലെ അനീതിയുടെ ഇരകളായ ധാരാളം കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവരെല്ലാം പരാതികളുമായി കോടതി കയറിയിറങ്ങുകയാണ്. ഇങ്ങനെയുള്ള കുടുംബങ്ങൾക്ക് നീതി ലഭിക്കണം എന്നതിനാൽ കൂടിയാണ് മുസ്‌ലിം പിന്തുടർച്ചാവകാശ നിയമം പരിഷ്‌കരിക്കപ്പെടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അങ്ങേയറ്റം പ്രഗത്ഭരായ ഒരുകൂട്ടം സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് ഈ മൂവ്‌മെൻറ്​ മുന്നോട്ടുപോകുന്നത് എന്നതിനാൽ ഞങ്ങൾക്ക് വളരെയധികം പ്രതീക്ഷയുണ്ട്.

മുസ്‌ലിം പിന്തുടർച്ചാവകാശ നിയമത്തിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരള സർക്കാർ ഏതാനും മുസ്‌ലിം മതപണ്ഡിതന്മാരുടെ മാത്രം യോഗം വിളിക്കുകയും അവരുടെ അഭിപ്രായം മാത്രം തേടുകയുമാണ് ചെയ്തത്.

ഈ വിഷയത്തിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരള സർക്കാർ ഏതാനും മുസ്‌ലിം മതപണ്ഡിതന്മാരുടെ മാത്രം യോഗം വിളിക്കുകയും അവരുടെ അഭിപ്രായം മാത്രം തേടുകയുമാണ് ചെയ്തത്. പിന്തുടർച്ചാവകാശ നിയമത്തിൽ വിവേചനം അനുഭവിക്കുന്നത് സ്ത്രീകളാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് പറയാനുള്ളത് കേൾക്കാൻ സർക്കാർ തയാറാകേണ്ടതുണ്ട്. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം തേടേണ്ടത് പുരുഷ പൗരോഹിത്യത്തോടല്ല, മുസ്​ലിം സ്ത്രീകളോടാണ്. അവരുടെ ആശങ്കകൾ പരിഗണിച്ച് സുപ്രീം കോടതി മുമ്പാകെ സ്ത്രീകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് നിയമമന്ത്രി പി. രാജീവിന് സമർപ്പിച്ച നിവേദനത്തിൽ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷഫീഖ് താമരശ്ശേരി: മുസ്‌ലിം പിന്തുടർച്ചാവകാശ നിയമം ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമാകുന്നത് ഏതെല്ലാം വിധത്തിലാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 18, 21 തുടങ്ങിയവ ജാതി, ലിംഗം, മതം എന്നിവ പരിഗണിക്കാതെ പൗരർക്ക് നീതിയും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന മുസ്ലിം വ്യക്തി നിയമം മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളെയാണ് അട്ടിമറിക്കുന്നത്.

മുസ്​ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം, മരിച്ച ഒരാളുടെ മകനും മകളും ജീവിച്ചിരിപ്പുണ്ടെങ്കിൽ പിതാവിന്റെ സ്വത്തിൽ മൂന്നിൽ രണ്ട് ഭാഗം മകനും മൂന്നിലൊന്നു ഭാഗം മകൾക്കുമാണ്. പെൺമക്കൾ മാത്രമാണുള്ളതെങ്കിൽ മാതാപിതാക്കളുടെ സ്വത്തിന്റെ 2/3 ഭാഗം മാത്രമെ അവർക്ക് ലഭിക്കുകയുള്ളൂ. ഒറ്റപ്പെൺകുട്ടിയാണെങ്കിൽ സ്വത്തിൽ പകുതി മാത്രമേ അവൾക്ക് ലഭിക്കൂ. മക്കളില്ലാതെ മരിച്ചുപോയ ഭാര്യയുടെ സ്വത്തിന്റെ പകുതി ഭർത്താവിന് കിട്ടുമെങ്കിലും മരിച്ച ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിനേ ഭാര്യയ്ക്ക് അവകാശമുള്ളൂ. മക്കൾ ഉണ്ടെങ്കിൽ ഭാര്യയ്ക്ക് മരിച്ച ഭർത്താവിന്റെ സ്വത്ത് വിഹിതത്തിന്റെ എട്ടിൽ ഒന്നുമാത്രം ലഭിക്കുമ്പോൾ, തിരിച്ച് ഭർത്താവിന് മരിച്ച ഭാര്യയുടെ സ്വത്തിന്റെ നാലിൽ ഒന്ന് വിഹിതം ലഭിക്കും. അവിവാഹിതനായ മകന്റെ സ്വത്തിന്റെ ആറിൽ അഞ്ച് ഭാഗത്തിന് പിതാവിന് അവകാശമുള്ളപ്പോൾ ആറിലൊന്ന് വിഹിതത്തിന് മാത്രമേ മാതാവിന് അവകാശമുള്ളൂ. മാതാപിതാക്കൾ ജീവിച്ചിരിക്കെ ഒരാൾ മരിച്ചാൽ പിതാവിൽ നിന്നും മരിച്ചയാൾക്ക് കിട്ടേണ്ട സ്വത്തിൽ മരിച്ചയാളുടെ മക്കൾക്ക് യാതൊരു അവകാശവുമില്ല. ഈ രീതിയിൽ നിരവധി അപാകതകളും അനീതികളും കടുത്ത ലിംഗവിവേചനവും നിറഞ്ഞതാണ് ഇന്ത്യയിൽ നിലനിൽക്കുന്ന മുസ്​ലിം പിന്തുടർച്ചാവകാശനിയമം.

ഫോറം ഫോർ മുസ്ലിം വിമൻസ് ജസ്റ്റിസ് കൂട്ടായ്മയുടെ മീറ്റിംഗിൽ സുപ്രീം കോടതി അഭിഭാഷകൻ പി.വി. ദിനേശ് സംസാരിക്കുന്നു
ഫോറം ഫോർ മുസ്ലിം വിമൻസ് ജസ്റ്റിസ് കൂട്ടായ്മയുടെ മീറ്റിംഗിൽ സുപ്രീം കോടതി അഭിഭാഷകൻ പി.വി. ദിനേശ് സംസാരിക്കുന്നു

ശരീഅത്ത് നിയമങ്ങൾ മാറ്റങ്ങൾക്ക് വിധേയമല്ല എന്ന് മതപണ്ഡിതൻമാരിൽ ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും വ്യത്യസ്ത രാജ്യങ്ങളും ഇസ്​ലാം മതത്തിലെ തന്നെ വ്യത്യസ്ത വിഭാഗങ്ങളും ഒരേ പിന്തുടർച്ചാവകാശ നിയമങ്ങളല്ല പിന്തുടരുന്നത്. ഇന്ത്യയിൽ തന്നെ ഗോവയിൽ മുസ്​ലിം വ്യക്തിനിയമം പിന്തുടരുന്നില്ല. ഏകീകൃതസിവിൽ നിയമമാണ് തുടരുന്നത്. ലക്ഷദ്വീപിലെ പിന്തുടർച്ചാവകാശനിയമവും വ്യത്യസ്തതയുള്ളതാണ്. 21 ൽ അധികം ഇസ്​ലാമിക രാജ്യങ്ങൾ സ്ത്രീകൾക്ക് സ്വത്തവകാശത്തിൽ തുല്യത ഉറപ്പാക്കുന്ന പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പുരുഷന്റെ സംരക്ഷണയിൽ ജീവിക്കേണ്ടവരാണ് സ്ത്രീകൾ എന്ന സങ്കല്പത്തിലുള്ള സ്വത്തവകാശ നിയമങ്ങൾ ആധുനികകാലത്ത് നിലനിൽക്കില്ല. തീർച്ചയായും അവ പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്.

ഇന്ത്യയിൽ തന്നെ ഇതര മതങ്ങളിൽ വ്യക്തിനിയമങ്ങളിലെ സ്വത്തവകാശം സംബന്ധിച്ച ഭാഗങ്ങൾ നിയമപരവും രാഷ്ട്രീയവുമായ സമരങ്ങളിലൂടെ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ഹിന്ദുകോഡ് ബില്ലും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമവുമെല്ലാം മാറ്റങ്ങൾക്ക് വിധേയമായത്. മുസ്​ലിം സ്ത്രീകൾ മാത്രം സ്വത്തവകാശത്തിൽ വിവേചനം അനുഭവിക്കുന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണ്. ▮


വി.പി. സുഹ്റ

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയും ആയ വി.പി. സുഹ്‌റ കഴിഞ്ഞ കുറെ വർഷങ്ങളായി സ്ത്രീ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രത്യേകമായി പ്രവർത്തിക്കുന്ന "നിസ' എന്ന കൂട്ടായ്മയുടെ സ്ഥാപക അംഗമാണ്. ജോറയുടെ കഥകൾ, ഇസ്ലാമിലെ ലിംഗനീതി എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവർത്തകൻ

Comments