ആർ. രാജശ്രീ

അമ്മത്തം അഭിനയിക്കാത്ത പെണ്ണുങ്ങളുടെ കത

മനുഷ്യബന്ധങ്ങളിൽ ആരോപിക്കപ്പെട്ട പദവികളെല്ലാം എടുത്തു മാറ്റിക്കൊണ്ട് അവയെ കാണാൻ നല്ല രസമായിരുന്നു- ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്​ത്രീകളുടെ കത’ എന്ന നോവൽ രചനയുടെ അനുഭവം പങ്കിട്ട്​, അമ്മത്തത്തെ അപനിർമിക്കുകയാണ്​ നോവലിസ്​റ്റ്​

ഈ ലോകത്തിൽ എന്നോട് ഏറ്റവുമധികം നുണകൾ പറഞ്ഞിട്ടുള്ളത് എന്റെ അമ്മയാണ്.(അമ്മ എന്നോടു പറഞ്ഞ നുണകൾ - അഷിത )

ന്തൊക്കെ ആരോപണമുന്നയിച്ചാലും അമ്മ തന്നോട് നുണ പറഞ്ഞുവെന്ന് മാത്രം കല്യാണി പറയില്ല. അമ്മ സ്നേഹിച്ചിട്ടില്ല എന്നവൾക്ക് തോന്നിയിട്ടുണ്ടാവാം. ആ തോന്നൽ അവസാനം വരെ അവൾ മാറ്റിയുമില്ല. അത് മാറണമെന്ന് അവളുടെ അമ്മയും ആഗ്രഹിച്ചിരിക്കില്ല. അമ്മയെ സ്നേഹിച്ചിട്ടുണ്ടോ എന്ന്​ കല്യാണിയോടു തന്നെ ചോദിച്ചാൽ അതിനും ഇല്ല എന്നു തന്നെയാവും സത്യസന്ധമായ ഉത്തരം. ഒരു മനുഷ്യജീവിയുടെ എല്ലാത്തരം വിശപ്പുകൾക്കും കൊതികൾക്കും നേരെ പുറന്തിരിഞ്ഞു നിന്നവർ എന്നാവും കല്യാണി അവളുടെ അമ്മയെ വിശേഷിപ്പിക്കുക. ഉത്തമയായ അമ്മയാവണം എന്ന താൽപര്യം അവർക്കുമുണ്ടായിരിക്കില്ല. പക്ഷേ തന്റെ മകൾ കാരണം താൻ ചീത്ത കേൾക്കരുത് എന്നുണ്ടായിരുന്നു. അതിനു പക്ഷേ ‘നീയന്റെ മോളല്ല 'എന്ന നിരാസമായിരുന്നു അവരുടെ രീതി. കല്യാണി കല്യാണിയായത് ആ നിരാസത്തിന്റെ കൂടി ബലത്തിലാണ്. താൻ മകളെ മര്യാദ പഠിപ്പിക്കാത്ത അമ്മയാണെന്ന സഹോദരന്മാരുടെ ആരോപണം കേൾക്കുമ്പോൾ അവളെ അടിക്കാനോടിക്കുകയാണ് അവർ ചെയ്യുക. അതിനപ്പുറത്ത് അമ്മത്തമോ മകളത്തമോ അടിച്ചേല്പിക്കാൻ ശ്രമിക്കാതെ മകളെ അവളുടെ വഴിക്കു വിട്ട അമ്മയാണ് കല്യാണിക്കുള്ളത്. പണക്കാരനായ രണ്ടാം വിവാഹക്കാരനൊപ്പം മകളെ പറഞ്ഞയയ്ക്കുമ്പോൾ തികച്ചും ഭൗതികമായ താൽപര്യങ്ങളേ അവർക്കുണ്ടായിരുന്നുള്ളൂ. ആ വിവാഹം ഉപേക്ഷിച്ച് അവൾ വരുമ്പോൾ അവർ കലി തുള്ളുന്നുണ്ട്. തിരിച്ചയയ്ക്കാൻ ഓരോ നിമിഷവും ശ്രമിക്കുന്നുമുണ്ട്. അത് മകളുടെ ഭാര്യാത്വം കാത്തു സൂക്ഷിക്കാനല്ല, മകളെന്ന ഭാരം ഒഴിവാക്കാനുള്ള ശ്രമം തന്നെയാണ്. ഗർഭാവസ്ഥയിലും മകളോട് അഗാധമായ അലിവൊന്നും കാണിക്കാത്ത അമ്മയാണ് കല്യാണിയുടെ അമ്മ. ബാല്യം മുതൽ അമ്മ തനിക്കും അനിയത്തിക്കും എവ്വിധമാണ് അനുഭവപ്പെട്ടത് എന്ന കൃത്യമായ അറിവും ഓർമയും അവൾക്കുണ്ട്. അമ്മയെ പകർത്തരുത് എന്നു തന്നെയാവും അവൾ പഠിച്ചിരിക്കുക.
പക്ഷേ ഏറ്റവും കൗതുകമുള്ള കാര്യം വിപരീതഭാവത്തിന്റെ പരകോടിയിൽ അവളും അമ്മയെ പകർത്തിയെന്നതാണ്. ‘ഇനി അയിന്റ ഒര് കൊറവ് കൂടിയേ ണ്ടായിറ്റ്​ള്ളൂ ' എന്നാണ് താൻ ഗർഭിണിയാണെന്നറിഞ്ഞ നിമിഷത്തോട് അവൾ പ്രതികരിക്കുന്നത്. സ്ത്രീയെന്ന നിലയിൽ തനിക്ക് വേണ്ടുന്ന ശാരീരികാനുഭവങ്ങളെക്കുറിച്ച് തികഞ്ഞ ധാരണയുള്ള കല്യാണി പക്ഷേ ഗർഭാവസ്ഥയെക്കുറിച്ച് ഒട്ടും കാൽപനിക ചിന്താഗതി പുലർത്തുന്നില്ല.

അമ്മയാവാൻ പ്രസവിക്കണ്ട എന്നും പ്രസവിച്ചാൽ മാത്രം അമ്മയാവില്ലെന്നും തിരിച്ചും മറിച്ചും തെളിയിച്ച സ്ത്രീകൾ നമ്മുടെ നാട്ടിൽ പുറങ്ങളിൽ പുതുമയൊന്നുമല്ല.

നാട്ടിൽ നടപ്പിലുള്ള അമ്മത്തരം പകർത്തരുത് എന്ന കൃത്യമായ ബോധ്യത്തോടെ ഇടപെട്ടിട്ടും നോവലിലെ ആ സന്ദർഭത്തിൽ കല്യാണി തന്റെ അമ്മയുടെ മറ്റൊരു പകർപ്പായത് തടയാനായില്ല എന്നത് ഇപ്പോൾ കൗതുകത്തോടെ ഓർക്കുന്നു. മകനായ ബിജുവിനെ അവന്റെ പിറവിയിലേ നിഷേധിക്കുന്നുണ്ട് അവൾ. തനിക്ക് മകളാണുണ്ടായത് എന്നാണവൾ പ്രസവശേഷം വാശി പിടിക്കുന്നത്. തനിക്ക് അമ്മ നിഷേധിച്ച സ്നേഹം തന്റെ മകൾക്ക് താൻ കൊടുത്തു കാണിക്കുമെന്ന കുറുമ്പാവുമോ അവളുടെ ഉള്ളിലുണ്ടായിരുന്നത്? ബിജുവുമായുള്ള കലഹങ്ങൾക്കിടയിൽ അവന് മരണം വരെ നേരുന്നുണ്ട് അവൾ, പിന്നീട് അതോർത്ത് ഉള്ള് ആന്തുന്നുണ്ടെങ്കിലും. ആ ആന്തലിൽ കല്യാണിയിൽ അമ്മത്തം തുടിക്കുന്നത് വെളിപ്പെടുന്നുവെന്ന് വേണമെങ്കിൽ പറയാം. പക്ഷേ അതിന് മാതൃത്വം വേണ്ട, മനുഷ്യത്വം പോരേ? കല്യാണിക്ക് മനുഷ്യത്വമാണുള്ളത്.

ദാക്ഷായണിയുടെ അമ്മയെക്കുറിച്ചോർക്കുമ്പോൾ വാസ്തവത്തിൽ സഹതാപമാണ്. അവർക്കു വേണ്ടി നോവലിൽ ഒന്നും ചെയ്യാനാവാതെ പോയത് അത്തരത്തിലുള്ള അമ്മമാരുടെ എണ്ണപ്പെരുക്കം കാരണമാണ്. അത്തരം അമ്മത്തമാണ് കുലീനമെന്നു കരുതുന്നവർക്കിടയിൽ അവരങ്ങനെ ജീവിച്ചോട്ടെയെന്നു കരുതുകയേ നിവൃത്തിയുള്ളൂ.

അതികാൽപനികമായോ അതിസാധാരണമായോ ആവിഷ്​കരിക്കപ്പെടുന്ന എന്തും സാമൂഹിക യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലത്തിലായിരിക്കാനുള്ള സാധ്യതകളുണ്ട്. മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും അതങ്ങനെത്തന്നെയാണ്. മനുഷ്യർക്ക് ജീവശാസ്ത്രപരവും സാമൂഹികവുമായ ബന്ധങ്ങളുണ്ട്. ഇവയിൽ ആദ്യത്തേത് നിർബന്ധപൂർവം പാലിക്കേണ്ടതാവുമ്പോൾ രണ്ടാമത്തേത് ഓപ്ഷണലാണ്. രക്തബന്ധം പോലല്ല, സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കുന്നതും നിലനിർത്തുന്നതും ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണ്. പക്ഷേ ഇതിനകത്തുള്ള പ്രശ്നം അത്തരം സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെയല്ല അനുവദിക്കപ്പെടുകയെന്നതാണ് - ഉദാഹരണത്തിന് പുരുഷനുള്ളതുപോലെ സാമൂഹിക ബന്ധങ്ങൾ സ്ത്രീകൾക്ക് ഇല്ലാതിരിക്കുന്നതു തന്നെ. ഇതര ലൈംഗിക വിഭാഗങ്ങളുടെ അവസ്ഥ അതിലും മാരകമാണ്. സ്വന്തം നിലയും ലൈംഗിക താൽപര്യവും വ്യക്തമാക്കുന്നതോടെ ജീവ ശാസ്ത്രപരമായ ബന്ധങ്ങളിൽ നിന്നു പോലും അവർ പുറത്തു പോയെന്നു വരാം.

കുടുംബത്തിൽ നിന്നും ബന്ധങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യപ്പെടുന്നത് വ്യക്തിയുടെ ഏറ്റവും വലിയ അയോഗ്യതയായും ദുരന്തമായുമാണ് ഇന്ത്യൻ സമൂഹം കാണുന്നത്.

സാമൂഹികബന്ധങ്ങളിൽ നിന്ന് അവരെ ഉൾക്കൊള്ളാൻ മനസ്സുള്ള വ്യക്തികളെ മാത്രം തെരഞ്ഞെടുത്ത് ഒരു സമാന്തരകുടുംബത്തെ സ്ഥാപിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. ആദ്യം പറഞ്ഞ രണ്ടു വിഭാഗങ്ങൾക്കൊപ്പം ഇത്, നിരവധി വെല്ലുവിളികൾ നേരിട്ടായാലും മൂന്നാമതൊന്നായി രൂപപ്പെട്ടു വരുന്നുമുണ്ട്.

നോവലിൽ ചിത്രസേനന്റെയും പട്ടാളക്കാരന്റെയും അമ്മയുണ്ട്. അവരെ രണ്ടാണ്മക്കളും ബഹുമാനിക്കുന്നുണ്ട്. രണ്ടു പേരുടെയും ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ ആ അമ്മയാണെടുക്കുന്നത്. കുടുംബത്തിന്റെ ക്ഷേമത്തിന് ആദ്യന്തം നിലകൊള്ളുന്ന സ്ത്രീയാണവർ. സമ്പത്തും സ്വത്തും വിട്ടുളള ഒന്നിനും അവരില്ല. കുടുംബാംഗങ്ങളുടെ വ്യക്തിതാൽപര്യങ്ങൾ അവർക്ക് പ്രശ്നമല്ല. മരുമകളായി വന്ന കുഞ്ഞിപ്പെണ്ണിനെ ‘ഒന്നിനും കൊള്ളത്തില്ല' എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് കുടുംബാഭിവൃദ്ധിക്ക് ഉപകരിക്കില്ല എന്നു തന്നെയാണ്. മഹാഭാരതത്തിൽ കുന്തി ചെയ്തതുപോലെ മക്കൾക്ക് പൊതുവായി ഒറ്റപ്പങ്കാളിയെ നിർദ്ദേശിക്കുന്നതിന് അമ്മപ്പദവി അവർ വിനിയോഗിച്ചു. അതു വഴി കുടുംബത്തിന്റെ ഐക്യം ഉറപ്പിച്ച ശേഷം ലോകം വിട്ടു പോയി. മോനെ തനിച്ചാക്കരുത് എന്നായിരുന്നു അവരുടെ അവസാനവാക്യം. മക്കൾക്കു വേണ്ടി ജീവിച്ച ത്യാഗമയിയായ അമ്മയല്ല, മക്കൾക്ക് അടുത്തും അകലെയും കൂട്ടിരുന്ന അമ്മയായിരുന്നു അവർ. അകലെയുള്ള പട്ടാളക്കാരനെയും പരാജയശീലമുള്ള ചിത്രസേനനെയും മറികടന്ന് സാമ്പത്തികമായ കെട്ടുറപ്പ് അവർ കുടുംബത്തിനുണ്ടാക്കി. കുടുംബത്തിന്റെ ഉൽകർഷത്തിനായി സാമ്പത്തികവും സാമൂഹികവുമായ മേൽക്കയ്യുള്ള ഒരു ജാതിയെ അനുകരിക്കാൻ വരെ അവർ ഒരു ഘട്ടത്തിൽ ശ്രമിക്കുന്നുണ്ട്. കുഞ്ഞിപ്പെണ്ണിനെ ബാറ്റൺ ഏല്പിച്ച് കളം വിടുമ്പോൾ അവർ പൂർത്തിയാക്കിയത് ചിതറിപ്പോകുമായിരുന്ന ഒരു കുടുംബത്തെ പിടിച്ചുനിർത്തുക എന്ന മിഷനാണ്. അതിന് അമ്മയെന്ന പദവി ഉപയോഗിക്കുന്നിടത്താണ് അവർ വ്യത്യസ്തയാകുന്നത്.

ബന്ധങ്ങളെ നവീകരണക്ഷമമല്ലാതെ പുലർത്തിക്കൊണ്ടു പോരുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ട്. കുടുംബത്തിൽ നിന്നും ബന്ധങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യപ്പെടുന്നത് വ്യക്തിയുടെ ഏറ്റവും വലിയ അയോഗ്യതയായും ദുരന്തമായുമാണ് ഇന്ത്യൻ സമൂഹം കാണുന്നത്. ഉപഭൂഖണ്ഡത്തിലെ എല്ലാ പൗരാണികാഖ്യാനങ്ങളിലും വിധിവശാൽ കുടുംബവും ബന്ധങ്ങളും നഷ്ടമാകുന്ന അവതാര പുരുഷന്മാരും നായകന്മാരുമുണ്ട്. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന അവർക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം ബന്ധങ്ങളടെയും കുടുംബത്തിന്റെയും നഷ്ടമാണ്. മറുവശത്ത് കുടുംബത്തെയും ബന്ധങ്ങളെയും ഗാഢമായി വിലമതിച്ചതു കാരണമുള്ള സംഘർഷങ്ങളുമുണ്ട്. പിതാവിനെ പും എന്ന നരകത്തിൽ നിന്നു രക്ഷിക്കുന്നവൻ എന്നാണ് പുത്രന്റെ നിർവചനം.

‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്​ത്രീകളുടെ കത’ എന്ന നോവലിൽ നിന്ന്

അതിൽത്തന്നെയുണ്ട് ജനനത്തോടെ തന്നെ കുട്ടിയിൽ ഏല്പിക്കപ്പെടുന്ന പാരമ്പര്യത്തിന്റെ ഭാരം. പിതാവിന്റെ പുരീഷത്തിൽ നിന്ന്​പുഴുക്കളുണ്ടാവുന്നതുപോലല്ല പുത്രന്മാരുണ്ടാവുന്നത്, അവർ പിതാവിന്റെ സത്യം പാലിക്കാൻ ത്യാഗം ചെയ്യേണ്ടവർ തന്നെ എന്ന് രാമൻ തന്റെ രാജ്യത്യാഗത്തെ ന്യായീകരിക്കുന്നുണ്ട്. യൗവനം പിതാവിനു നല്കി വാർദ്ധക്യം കൈപ്പറ്റിയ പൂരു മറ്റൊരു പ്രതീകമാണ്. അതിനു തയ്യാറാവാതിരുന്ന മറ്റ് ആൺമക്കൾക്ക് ശാപമാണ് യയാതി നല്കുന്നത്. പെൺകുട്ടി ‘പരസ്വ 'മായതുകൊണ്ട് അവൾക്ക് ഇത്തരം ചുമതലകളില്ല. പക്ഷേ മറ്റു കാണാച്ചുമടുകളിൽ നിന്ന് വിടുതിയുമില്ല. കുടുംബത്തിന്റെ അഭിമാനവും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധവും നിലനിർത്തലാണ് അവളുടെയും പ്രധാന ചുമതല. ഇക്കൂട്ടത്തിൽ ഏറ്റവുമധികം മഹത്വവൽക്കരിക്കപ്പെടുകയും കാൽപനിക ചിത്രീകരണത്തിനു വിധേയമാവുകയും ചെയ്തത് അമ്മ-മകൾ ബന്ധമാണ്. വാസ്തവത്തിൽ, തീർത്തും വ്യത്യസ്തരായ രണ്ടു സ്ത്രീകൾ തമ്മിലുണ്ടാവേണ്ട കൊടുക്കൽ വാങ്ങലുകളെ ഈ മഹത്വവൽക്കരണം ഏകപക്ഷീയമാക്കുന്നുണ്ട്. രണ്ടു വ്യക്തികൾ എന്ന നിലയ്ക്ക് സ്വാഭാവികമായി സംഭവിക്കാവുന്ന വർഗപരവും മാനസികവുമായ ഐക്യം പോലും ഈ നിർബന്ധിത സൗന്ദര്യവൽക്കരണം ഇല്ലാതാക്കുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്. ശരിക്കും അമ്മ-മകൾ ബന്ധം ഇന്ന് ആഘോഷിക്കപ്പെടുന്നത്ര കാൽപനികമായിരുന്നോ എന്ന് അന്വേഷിക്കുന്നതും നന്നാവും. അവർ തമ്മിലുള്ള ബന്ധത്തിൽ എപ്പോഴെങ്കിലും തുറസ്സുണ്ടായിട്ടുണ്ടോ? ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ശരിക്കും അതല്ലെന്നും ഭാവിക്കാൻ സ്ത്രീകൾ പഠിച്ചെടുത്തത് അമ്മ വഴിക്കുള്ള പരിശീലനം വഴിയാണ്.

നിലവിലുള്ള വ്യവസ്ഥക്കനുസരിച്ച് പെൺകുട്ടിയെ വളർത്തിയെടുക്കാൻ നൈസർഗികതകളെ ബലികഴിച്ചുകൊണ്ടുള്ള കൃത്രിമ ജീവിതം ജീവിക്കേണ്ടി വരുന്നുവെന്നതാണ് അമ്മപ്പദവിയുടെ ദുരന്തം. അത്തരമൊരു കൃത്രിമ ജീവിതമാണ് സ്വാഭാവിക ജീവിതമെന്ന് അമ്മമാരും പെൺമക്കളും അംഗീകരിക്കുകയും ചെയ്തു. പൊതുസമൂഹത്തിന്റെയും താൽപര്യം അതുതന്നെയായതിനാൽ അത്തരം ബന്ധങ്ങൾ നവീകരിക്കപ്പെടാനും സാധ്യത കുറവാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ അമിതമായി മഹത്വവൽക്കരിക്കപ്പെടുന്ന ബന്ധങ്ങൾ അതിലുൾപ്പെടുന്ന വ്യക്തികളെ നിരന്തര സംഘർഷത്തിലാഴ്ത്തുകയാണ് ചെയ്യുക.

അമ്മപ്പദവിയുടെ മഹത്വത്തിന് സംഭവിച്ച ഇടിവ് സ്ഥാപിച്ചെടുക്കാൻ സമീപകാലത്തുണ്ടായ ചില സംഭവങ്ങൾ ധാരാളമായി ഉദാഹരിക്കപ്പെടാറുണ്ട്. കുട്ടികളോടു കുറ്റകൃത്യങ്ങൾ ചെയ്ത അമ്മമാരുടെ എണ്ണം വർദ്ധിക്കുന്നു, സ്ത്രീകൾ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ മറക്കുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്നു, സ്വന്തം കാര്യങ്ങൾക്ക് മറ്റെന്തിനെക്കാളും മുൻഗണന നല്കുന്നു എന്നൊക്കെയാണ് ആരോപണങ്ങളുടെ പൊതുസ്വഭാവം. കുടുംബം ഉപേക്ഷിക്കുന്ന സ്ത്രീകളെ തിരിച്ചെത്തിക്കുന്നതും കുട്ടികളെ ഉപേക്ഷിച്ചതിന്റെ പേരിൽ കേസുകൾ എടുക്കുന്നതും നമ്മുടെ നീതിനിർവഹണത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ടല്ലോ. അമ്മപ്പദവിക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. അതിൽ നിന്ന് ഒളിച്ചോടുന്നതോ മാറിനില്ക്കുന്നതോ സാമൂഹികമായോ ധാർമികമായോ സ്വീകരിക്കപ്പെടുകയില്ല എന്നു തന്നെയാണ് നിലവിലെ അവസ്ഥ. അമ്മയാവുന്ന കാര്യത്തിൽ സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലുള്ള അധികാരം പോലും വകവച്ചു കിട്ടില്ല. പക്ഷേ സ്ത്രീയുടെ അമ്മപ്പദവി വഹിച്ചുള്ള കൃത്രിമ ജീവിതം അവിടം മുതലല്ല തുടങ്ങുന്നത്. ഓരോ സ്ത്രീയുടെയും സ്വന്തം അമ്മയെ അനുകരിക്കുന്ന പെൺകുട്ടിക്കാലം മുതൽ ദൈർഘ്യമുണ്ട് അതിന്. സാമൂഹികമായ ഉത്തരവാദിത്തങ്ങളൊഴിഞ്ഞ രണ്ടു സ്ത്രീകൾ മാത്രമായിത്തീരുമ്പോൾ അമ്മയും മകളും എത്തിച്ചേരുന്ന മാനസികൈക്യമാണ് വാസ്തവത്തിൽ ആ ബന്ധത്തിന്റെ സൗന്ദര്യം.
നോവലിൽ ചേയിക്കുട്ടിയും കല്യാണിയും തമ്മിലാണ് അത്തരമൊരു ബന്ധം രൂപപ്പെടുന്നത്. സംഘർഷങ്ങൾ അവർ തമ്മിലുമുണ്ടായിട്ടുണ്ട്. എങ്കിലും സ്വന്തം പെൺമക്കളെ തള്ളിക്കളഞ്ഞു കൊണ്ട് മരുമകളെ ഉൾക്കൊള്ളാൻ ശ്രമിച്ച സ്ത്രീയാണ് ചേയിക്കുട്ടി. തന്റെ ചേച്ചിയുടെ മകനായ നാരായണനെയാണ് അവർ മൂത്തമകനായി വളർത്തിയെടുത്തത്.

കല്യാണിക്കും അവളുടെ അമ്മയ്ക്കും ഒരേ പോലെ പിന്തുണ നല്കുന്ന സ്ത്രീയാണ് നോവലിലെ കൈശുമ്മ. സ്വന്തം അമ്മയിൽ നിന്ന് കല്യാണി രക്ഷപ്പെട്ടോടുന്നത് അവരുടെ അടുത്തേക്കാണ്. ചേയിക്കുട്ടിയുടെ വിയോഗത്തിനു ശേഷം അവരുടെ മരണമാവണം പിന്നീട് കല്യാണിയെ കരയിച്ചിട്ടുണ്ടാവുകയെന്നു തോന്നുന്നു.
അമ്മത്തം അനുഭവിക്കാനല്ലാതെ പ്രസവിക്കുന്ന ഒരുവളും അമ്മയെ ആട്ടിയിറക്കുന്ന ഒരുവളും കുട്ടികളെ കൊല്ലുന്ന ഒരുവളും മിത്തിക്കൽ കഥാപാത്രങ്ങളായി നോവലിലുണ്ട്. പ്രസവിച്ച കുഞ്ഞുങ്ങളെ രണ്ടിനെയും തന്റെ കൈവാക്കിന് കിടത്തിത്തന്നിട്ട് സ്ഥലം വിടാൻ ദാക്ഷായണിയോട് പറയുന്ന യക്ഷിയും ‘അമ്മ വിളമ്പിയ അന്നം' തരിമ്പും കുറ്റബോധമില്ലാതെ തട്ടിയെറിയുന്ന ചോന്നമ്മയും കുട്ടിയുടെ കരച്ചിൽ നിർത്താൻ അതിനെ കൊല്ലുന്ന പൂപ്പാതിയുമാണവർ. അമ്മത്തമില്ലാത്ത അവരാരും ലക്ഷണക്കേടുള്ള പെണ്ണുങ്ങളല്ല. മറ്റൊരു ലോകത്തിരുന്നു കൊണ്ടല്ല മനുഷ്യരുടെ ഇടയിലേക്കിറങ്ങിക്കൊണ്ടാണ് അവർ അവരുടെ ജീവിതം ജീവിക്കുന്നത്. അമ്മ പ്പദവിയെ നിഷേധിച്ചിട്ടും അവരുടെ ജീവിതം ജ്വലിക്കാതിരുന്നിട്ടുമില്ല. യക്ഷി തന്റെ ഇഷ്ടജീവിതം അവസാനിപ്പിച്ചവരെ, അനന്തമായ സഹനത്തിന് കാരണമായവരെ പുറത്തു കിട്ടാനാണ് ദാക്ഷായണിയുടെ സഹായം തേടുന്നത്.പ്രസവം കൊണ്ട് വാസ്തവത്തിൽ അവൾ സ്വതന്ത്രയാവുകയാണ്. ആ കുട്ടികളെ അവളെന്താണു ചെയ്യുകയെന്നത് വായനക്കാർക്കു വിട്ടതാണ്. എന്തും ചെയ്യാം. എന്തു ചെയ്താലും അത് ന്യായീകരിക്കപ്പെടും. സ്ത്രീജീവിതത്തിൽ അങ്ങനെയും ചില നിലകളുണ്ട്.

കുടുംബം ഉറപ്പിക്കാൻ നടത്തിയ പരിശ്രമങ്ങൾ മനുഷ്യബന്ധങ്ങളുടെയും മനുഷ്യാസ്തിത്വങ്ങളുടെയും പലമ ചോർത്തിക്കളയുകയാണ് വാസ്തവത്തിൽ ചെയ്തത്.

അമ്മയാവാൻ പ്രസവിക്കണ്ട എന്നും പ്രസവിച്ചാൽ മാത്രം അമ്മയാവില്ലെന്നും തിരിച്ചും മറിച്ചും തെളിയിച്ച സ്ത്രീകൾ നമ്മുടെ നാട്ടിൽ പുറങ്ങളിൽ പുതുമയൊന്നുമല്ല. രക്തബന്ധങ്ങൾക്കപ്പുറത്തേക്ക് നീളുന്ന സാമൂഹിക ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കാര്യവും അങ്ങനെ തന്നെ. കുടുംബത്തിന്റെ ഘടനയും അതിനനുസരിച്ച് അയഞ്ഞതായിരുന്നു. കുടുംബം ഉറപ്പിക്കാൻ നടത്തിയ പരിശ്രമങ്ങൾ മനുഷ്യബന്ധങ്ങളുടെയും മനുഷ്യാസ്തിത്വങ്ങളുടെയും പലമ ചോർത്തിക്കളയുകയാണ് വാസ്തവത്തിൽ ചെയ്തത്. മാതൃകകളും ചട്ടങ്ങളും രൂപപ്പെട്ടതോടെ വ്യക്തിബന്ധങ്ങൾ ഒരേ പാറ്റേണിലുള്ളവയായി. എത്ര മഹത്വവൽക്കരിച്ചാലും മനുഷ്യർ അത്തരം മടുപ്പുകളെ അധികകാലം സഹിക്കില്ല.

നോവലുണ്ടാകുമ്പോൾ കല്യാണിയും അവളുടെ ബന്ധങ്ങളും അതിൽ സ്വാഭാവികമായി രൂപപ്പെടുന്നത് അതുകൊണ്ടുതന്നെ ഏറെ കൗതുകത്തോടെയാണ് കണ്ടിരുന്നത്. മനുഷ്യബന്ധങ്ങളിൽ ആരോപിക്കപ്പെട്ട പദവികളെയെല്ലാം എടുത്തു മാറ്റിക്കൊണ്ട് അവ ഉണ്ടാവുന്നത് കാണാൻ നല്ല രസമായിരുന്നു. പരിക്കുകൾ സ്വീകരിച്ചു കൊണ്ടു തന്നെ ആ മുൾക്കാടുകൾ വകഞ്ഞു മുന്നോട്ടു പോയ കല്യാണിയുടെ തുടർച്ചയുടെ സാധ്യതകൾ ആ ആഖ്യാതാവിനെ ഇപ്പോഴും വിഭ്രമിപ്പിക്കുന്നുണ്ട്. ▮


ആർ. രാജശ്രീ

എഴുത്തുകാരി, നോവലിസ്റ്റ് കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും തുടങ്ങിയവ പ്രധാന കൃതികളാണ്.

Comments