പ്രണയക്കൊലപാതകം എന്ന വാക്ക് ഏറ്റവും സാധാരണമായി സ്വീകരിക്കേണ്ടി വരുന്ന ഒരു ജനതയുടെ നിസ്സഹായത ഭീകരമാണ്. ആത്മനിന്ദയുടെ ഏറ്റവും താഴത്തെ പടിയിൽ നിന്നുകൊണ്ടു വേണം അത് ഉച്ചരിക്കേണ്ടത്.
മനുഷ്യരായിരിക്കാൻ തങ്ങൾക്കുള്ള അർഹതയെക്കുറിച്ച് അവർ പലവട്ടം ആലോചിക്കണം. പൗരർ എന്ന നിലയിൽ സമൂഹത്തിനും സാമൂഹിക ജീവിയെന്ന നിലയിൽ സഹജീവികൾക്കും രക്ഷിതാക്കൾ എന്ന നിലയിൽ കുട്ടികൾക്കും എന്തു തരം മാതൃകകളായിരുന്നു തങ്ങളെന്നുള്ള സ്വയം വിമർശനങ്ങൾക്കും സമയമായിട്ടുണ്ട്. ഓരോ തവണയും പെൺകുട്ടികൾ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴുള്ള ഞെട്ടലുകൾക്കും പ്രതിഷേധങ്ങൾക്കും ആക്കം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ അതെന്തായാലും വേണം. മനുഷ്യാന്തസ്സിനെക്കുറിച്ചും തുല്യതയെക്കുറിച്ചും നടക്കുന്ന സംവാദങ്ങൾ വലിയൊരു വിഭാഗത്തിന്റെ തലയ്ക്കു മുകളിലൂടെ മാത്രം ഒഴുകിപ്പോകുന്നവയാണ് എന്ന് നിരന്തരമുണ്ടാകുന്ന ഈ സംഭവങ്ങൾ തെളിയിക്കുന്നുണ്ട്. ഈ പരമ്പരയിൽ കൃഷ്ണപ്രിയയല്ല അവസാനത്തെ വ്യക്തിയെന്ന കാര്യം ഏകദേശം ഉറപ്പാണ്. ജനാധിപത്യ ബോധം തൊട്ടു തെറിച്ചിട്ടില്ലാത്ത വിധം അടഞ്ഞതും അങ്ങേയറ്റം രോഗാതുരവുമായി ആൺമനസ്സുകൾ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ഏറ്റവും ആധുനികവും പുരോഗമനോന്മുഖവുമാണെന്ന് ഭാവിക്കുമ്പോഴും അതിനൊക്കെയും കടകവിരുദ്ധമായ ഉൾക്കാമ്പാണ് അതിനുള്ളത് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മനോവൈകല്യമുള്ള ക്രിമിനലുകൾ ചെയ്യുന്ന ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളായി ഇത്തരം പെൺ ഹത്യകളെ വിശേഷിപ്പിക്കുന്നത് അതിന്റെ ഗൗരവം കുറച്ചു കാണലാണ് .
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ അതിനെ പലതരത്തിൽ പിന്തുണയ്ക്കുകയും കൊല്ലപ്പെട്ടവരെ തെറ്റുകാരായി സ്ഥാപിക്കുകയും ചെയ്യാൻ ശ്രമിക്കുന്നവരെ എക്കാലത്തും കാണാം. അവരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. എല്ലാ പ്രായപരിധികളിലും പെട്ടവരുണ്ട്. ഇതേക്കുറിച്ച് ഒമ്പതാം ക്ലാസുകാർ തമ്മിൽ നടക്കുന്ന ചർച്ചയിലടക്കം ‘അവനാണ് ആൺകുട്ടി’യെന്ന് നെഞ്ചുവിരിക്കുന്ന ആൺകുട്ടികളും അവൾ ‘അവനെ തേച്ചിട്ടല്ലേ’ എന്ന് ചൂളുന്ന പെൺകുട്ടികളുമുണ്ട്. ഇരയായ പെൺകുട്ടി മരണം അർഹിക്കുന്നവളാണെന്ന് ബോധപൂർവമോ അല്ലാതെയോ ഉറപ്പിക്കാൻ ശ്രമിക്കുന്നവരിലുണ്ട് ഇനിയും പൊട്ടൻഷ്യൽ കൊലപാതകികൾ. നിർഭാഗ്യവശാൽ പല കുടുംബങ്ങളുടെയും മനോനിലയടക്കം അങ്ങനെ രൂപപ്പെട്ടിട്ടുണ്ട് എന്ന് തിരിച്ചറിയാതെ പോകുന്നത് ദാരുണമാണ്.
കൃഷ്ണപ്രിയയുടെ കൊലപാതകത്തിനു ശേഷം കൊലയാളിയുടെ സുഹൃത്തുക്കൾ എന്ന് സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടവർ പ്രചരിപ്പിച്ച ഒരു ഓഡിയോ ക്ലിപ്പിൽ മകളുടെ ഭാവികൊലയാളി അന്തസ്സുള്ള ആൺകുട്ടിയാണ് എന്ന് സമ്മതിക്കുന്ന ഒരു പുരുഷശബ്ദം കേൾക്കാം. ആ ഓഡിയോ ക്ലിപ്പ് സത്യമാണെങ്കിൽ ഈ സംഭവത്തിലെ ഏറ്റവും ക്രൂരമായ ഘടകം അതാണ്. എന്തുകൊണ്ടാണ് ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും സ്വന്തമായി തീരുമാനങ്ങളുള്ള പെൺകുട്ടികൾ കൊല്ലപ്പെടുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമാണത്. അച്ഛനായാലും ഭർത്താവായാലും സഹോദരനായാലും കാമുകനായാലും മകനായാലും ആണിന്റെ അന്തസ്സ് പെണ്ണിനെ നിയന്ത്രിക്കാനുള്ള അവന്റെ കഴിവിലും അധികാരത്തിലുമാണ് കുടികൊള്ളുന്നതെന്ന പഴയ വാറോലയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദമാണത്. ‘മകളെ അടക്കി വളർത്തേണ്ട ' അമ്മയുടെ ഉത്തരവാദിത്തം പരമാവധി താൻ നിറവേറ്റിയിട്ടുണ്ടെന്ന് അപമാനത്തിന്റെ ആഴത്തിൽ വീണ് വിങ്ങിപ്പൊട്ടുന്ന ഒരു സ്ത്രീ സ്വരം കൂടിയുണ്ട് അതിൽ. പെൺകുട്ടിയുടെ രക്ഷിതാക്കളെ ചോദ്യം ചെയ്യുന്ന മറ്റൊരു സ്ത്രീശബ്ദം അതിൽ മുഴങ്ങുന്നുണ്ട്. അത് ഒറ്റപ്പെട്ട ഒന്നല്ല ,മേൽ സൂചിപ്പിച്ച ആൺകൂട്ടത്തിന്റെ ശബ്ദമാണത്. പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് അപമാനകരമായി സംസാരിക്കാൻ സ്ത്രീക്കായാലും പുരുഷനായാലും അധികാരം നല്കുന്ന വ്യവസ്ഥയേതാണ്?
നമ്മുടെ നാട്ടിലെ വിവാഹങ്ങളിൽ ആൺവീട്ടുകാരുടെയും പെൺ വീട്ടുകാരുടെയും അധികാരബന്ധങ്ങൾ വിചിത്രമാണ്. പെൺവീട്ടുകാർ ആൺവീട്ടുകാർക്ക് കീഴടങ്ങണമെന്ന അലിഖിതനിയമത്തിന്റെ തുടർച്ചയുണ്ടതിൽ. വിവാഹം എന്ന ഒരു ഉടമ്പടിയോടെയാണ് അതിന് എല്ലായിടത്തും ബലമുണ്ടാകുന്നത്. പ്രചരിപ്പിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പിൽ, സമീപഭാവിയിൽ നടക്കുമെന്നു വിശ്വസിക്കുന്ന വിവാഹത്തിന്റെ ബലത്തിലാണ് കൊലയാളിയുടെ സഹോദരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിക്ക് ഇരയുടെ വീട്ടുകാരെ അധിക്ഷേപിച്ചു സംസാരിക്കാനും മകളുടെ തെരഞ്ഞെടുപ്പുകൾക്ക് യാതൊരു വിധത്തിലും ഉത്തരവാദിയല്ലാത്ത മറ്റൊരു സ്ത്രീയെ കടുത്ത വൈകാരിക സമ്മർദ്ദത്തിലേക്ക് തള്ളിയിടാനും കഴിയുന്നത് എന്നു കാണാം.
വിവാഹം വഴി സാമൂഹികാംഗീകാരം കിട്ടിയതും ടോക്‌സിക് ആയതുമായ ഒരു ബന്ധത്തിനകത്തുനിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ അതിജീവനത്തിന് ഇന്നും കുറഞ്ഞ സാധ്യതകളാണുള്ളത് എന്നത് വാസ്തവമാണ്. വളരെ ശ്രമകരമാണത്. പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കാര്യത്തിലാവുമ്പോൾ സ്ത്രീയുടെ ചുമലുകളിൽ അധികഭാരം വരും. കാരണം പ്രണയത്തിന് എഴുത്തിലും സിനിമയിലുള്ള കാല്പനികഭാവമല്ല യഥാർത്ഥ ജീവിതത്തിലുള്ളത് എന്നതു തന്നെ. പ്രണയം സമൂഹത്തിനെതിരായ കുറ്റകൃത്യമായിത്തന്നെയാണ് ഇന്നും ഗണിക്കപ്പെടുന്നത്. സിനിമയിൽ നായികാനായകന്മാരുടെ പ്രണയസാഫല്യത്തിനായി നെഞ്ചുരുകുന്നവർ സ്വന്തം കുടുംബങ്ങളിൽ അതിനെ പുറത്തു നിർത്താൻ തന്നെ ശ്രമിച്ചെന്നു വരാം. കുടുംബത്തിനകത്തെ ജനാധിപത്യത്തിന്റെ കാര്യം അതിലും വലിയ തമാശയാണ്. തന്റെ കുടുംബത്തിലെ ജനാധിപത്യം അധികാരം പ്രയോഗിച്ച് തനിക്കനുകൂലമാക്കിയെടുക്കുന്ന ഒരു കഥാപാത്രം തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലുണ്ട്. പലപ്പോഴും കുടുംബത്തിലെ പെൺകുട്ടികളുടെ പ്രണയ കാര്യങ്ങളിൽ ഈ മാതൃകയിലാണ് തീരുമാനങ്ങൾ വരാറ്. പതിനെട്ടിലായാലും ഇരുപത്തൊന്നിലായാലും സ്വന്തം ശരീരത്തിനും മനസ്സിനും തീരുമാനങ്ങൾക്കും മേൽ അധികാരമില്ലാത്തവരാണ് ബഹുഭൂരിപക്ഷം സ്ത്രീകൾ. അത്തരമൊരു അധികാരത്തിനു വേണ്ടി അവൾ സർവശക്തിയുമെടുത്ത് പൊരുതേണ്ടി വരും . അതിൽത്തന്നെ എടുത്തു പറയേണ്ട മറ്റൊന്നുണ്ട്; സ്വന്തം പ്രണയമോ വിവാഹമോ തെരഞ്ഞെടുക്കുന്നതിനെക്കാൾ ദുഷ്‌കരമാണ് ഒരു സ്ത്രീക്ക് ഇന്ത്യൻ കുടുംബ സാഹചര്യങ്ങളിൽ പ്രണയമോചനമോ വിവാഹമോചനമോ തെരഞ്ഞെടുക്കാൻ. കുടുംബം സമൂഹത്തിനു മുന്നിൽ അപഹസിക്കപ്പെടുമെന്ന ഭയം കൊണ്ട് അതിൽത്തന്നെ തുടരുകയാണ് പലരും ചെയ്യുക.
താൻ തെരഞ്ഞെടുത്ത വ്യക്തിയും അയാളുടെ ബന്ധുക്കളും തന്റെ ചിന്താഗതികളുമായി ഒത്തുപോകുന്നില്ലെന്നോ ഈ ബന്ധങ്ങൾക്ക് പരിധിവിട്ട ടോക്‌സിസിറ്റിയുണ്ടെന്നോ ഉള്ള കൃഷ്ണപ്രിയ കണ്ടെത്തിയിട്ടുണ്ടാവാം. സമീപകാലത്തുണ്ടായ ചില സംഭവങ്ങളും അതേക്കുറിച്ചു നടന്ന ചർച്ചകളും മറ്റും ഉയർന്ന വിദ്യാഭ്യാസമുള്ള അവൾ നിരീക്ഷിച്ചിട്ടുമുണ്ടാകാം. ടോക്‌സിക്കായ ബന്ധങ്ങളെക്കുറിച്ച് പെൺകുട്ടികൾ തിരിച്ചറിവു നേടിക്കൊണ്ടിരിക്കുകയും അതിൽ നിന്നു പുറത്തു കടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമയം കൂടിയാണിത്. മറ്റൊരുദ്ദേശ്യത്തിൽ പ്രചരിപ്പിക്കപ്പെട്ടതാണെങ്കിലും ആ ഓഡിയോ ക്ലിപ്പ് ബന്ധത്തിൽ നിന്നു പിന്മാറാനുള്ള അവളുടെ തീരുമാനം ശരിവയ്ക്കുന്നുണ്ട് എന്നതാണ് വാസ്തവം. നിലവിലുള്ള ബന്ധം അനാരോഗ്യകരമാണെന്നു കണ്ട് പിന്മാറുകയോ മറ്റൊരു ബന്ധം കണ്ടെത്തുകയോ ചെയ്യുന്നത് മനുഷ്യരെ സംബന്ധിച്ച് സ്വാഭാവികമായ പ്രവൃത്തിയാണ്. സ്ത്രീയെ അപേക്ഷിച്ച് പുരുഷന് ഇക്കാര്യത്തിൽ സാമൂഹിക പിന്തുണ കൂടുതലും ലഭിച്ചേക്കും.
പക്ഷേ ഏറ്റവും ദാരുണമായ വസ്തുത, കൃഷ്ണപ്രിയയ്ക്ക് കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ പിന്തുണ ലഭിച്ചില്ല എന്നതാണ്. അതിനും ആ ഓഡിയോ തന്നെയാണ് തെളിവ്. ഫോൺ കോൾ വഴി അത്തരത്തിൽ അപമാനിക്കപ്പെടുകയും മകളെ ‘അച്ചടക്കത്തിൽ ' വളർത്തേണ്ടതിന്റെ ഉത്തരവാദിത്തം ഏറെക്കുറെ തനിയെ ഏൽക്കേണ്ടി വരികയും ചെയ്യുന്ന ഒരു സ്ത്രീക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ നീതിന്യായ വ്യവസ്ഥയോടോ ഇക്കാര്യത്തിൽ സഹായാഭ്യർത്ഥന നടത്താനുള്ള ധൈര്യമുണ്ടാവുന്നതെങ്ങനെയാണ്? പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനത്തെക്കാൾ പലപ്പോഴും സ്ത്രീകൾ ഭയക്കുന്നത് കുടുംബത്തിനകത്തു പോലും പിന്തുണയില്ലാതെ വരുന്ന സാഹചര്യമാണ്. പീഡന വിവരങ്ങൾ പോലും സമൂഹത്തെ ഭയന്ന് മൂടിവയ്ക്കപ്പെടുന്നത് പതിവാണല്ലോ
പെൺമക്കളുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങളുടെ വൈകാരിക സമ്മർദ്ദം ഒറ്റയ്ക്ക് പേറേണ്ടി വരുന്ന നിരവധി അമ്മമാർ നമ്മുടെ നാട്ടിലുണ്ട് എന്നതൊരു യാഥാർത്ഥ്യവുമാണ്.
വിവാഹവും കുടുംബ സ്ഥാപനവും എത്ര വിഷമയമായ ബന്ധങ്ങളെയും നീതീകരിച്ചു കളയും. അതിനുള്ളിൽ നടക്കുന്ന അനീതികളൊക്കെ ഏറ്റവും സ്വാഭാവികമായ കാര്യങ്ങളാണെന്ന് അംഗങ്ങളെ വിശ്വസിപ്പിക്കും. വാസ്തവത്തിൽ ഇത്രയും രോഗാതുരമായ ആൺ മനോനിലകളെ സൃഷ്ടിച്ചതും വളർത്തി വഷളാക്കിയതും നിലവിലെ വിവാഹ - കുടുംബ വ്യവസ്ഥകൾ തന്നെയാണ്. എല്ലാ പ്രിവിലേജുകളുടെയും ഉടമയാണ് പുരുഷനെന്നും അവന്റെ അധികാരം ചോദ്യം ചെയ്യപ്പെടാതെ നിലനിന്നുപോകേണ്ടതാണെന്നുമുള്ള തോന്നൽ വീട്ടകങ്ങളിൽ നിന്നു തന്നെയുണ്ടാവുന്നതാണ്. സിനിമകളും സീരിയലുകളുമൊക്കെ അത്തരം തോന്നലുകളെ പരമാവധി പൊലിപ്പിക്കുകയും ബന്ധങ്ങളിലെ പ്രകടമായ ടോക്‌സിസിറ്റിയെപ്പോലും കാല്പനികമായി ചിത്രീകരിക്കുകയും ചെയ്യും. നമ്മുടെ ജനപ്രിയ നായകരിലധികവും കൈകാര്യം ചെയ്ത വേഷങ്ങളിലധികവും അത്തരത്തിലുള്ളവയാണെന്നു കാണാം. നിലവിൽ ഏറ്റവും ജനപ്രിയമായ സീരിയലുകളുടെയും പ്രമേയം മറ്റൊന്നല്ല.
വരുതിക്കു നില്ക്കാത്ത സ്ത്രീയെ പുരുഷൻ അടിച്ചൊതുക്കുമ്പോൾ കയ്യടിക്കുന്ന വീട്ടകങ്ങൾ ആൺകുട്ടിക്ക് ( പെൺകുട്ടിക്കും) നല്കിയിരുന്ന സന്ദേശം എന്തായിരുന്നു?
ഉയർന്ന വിദ്യാഭ്യാസവും ജോലിയും നേടുകയും പുറം നാടുകളിൽ ജീവിക്കുകയും ചെയ്ത പെൺകുട്ടികൾക്ക് അവരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ ഉൾക്കാഴ്ചയുണ്ടാകും. പുതിയ പെൺകുട്ടികൾ സ്വന്തം ജീവിതത്തെക്കുറിച്ച് ധാരണയുള്ളവരാണ്. അധ്വാനിച്ച് പുലരാനും കുടുംബം പുലർത്താനും പ്രാപ്തിയുള്ളവരാണ്. അവരിൽ ചിലർ ദരിദ്രരായിരിക്കാം. ഗവൺമെന്റ് തലത്തിലും അല്ലാതെയും പല വിധത്തിലുള്ള സഹായങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടാവാം.
അത്തരത്തിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾ സുഭദ്രമായ സാമ്പത്തിക സ്ഥിതിയുള്ളവരെ അപേക്ഷിച്ച് മറ്റൊരു തരത്തിൽക്കൂടി സാമൂഹികമായ ഓഡിറ്റിംഗിന് വിധേയരായെന്നു വരാം. സഹായങ്ങൾ കൈപ്പറ്റുന്നവർക്ക് അതിനുള്ള അർഹതയുണ്ടോ എന്നതിനെക്കാൾ അവർ സദാചാരനിഷ്ഠരും ലക്ഷണയുക്തരുമായ നിസ്സഹായരാണോ എന്നതാവും മുഖ്യവിഷയം. സഹായങ്ങൾ നല്കിയെന്നത് അവരുടെ തുടർജീവിതത്തെ നിരീക്ഷിക്കാനും ഇടപെടാനും എല്ലായിടത്തും വിമർശിക്കാനും പലപ്പോഴും ക്രൂരമായി പരിഹസിക്കാനുമുള്ള അവകാശമായി കാണുന്ന രീതിയുണ്ട്. ജിഷയുടെ അമ്മയെയും സൗമ്യയുടെ അമ്മയെയും താരതമ്യം ചെയ്തു കൊണ്ടുള്ള ആഖ്യാനങ്ങൾ ശ്രദ്ധിച്ചാൽ ഇത് പെട്ടെന്ന് പിടി കിട്ടും. അത്തരത്തിൽ തങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ സ്വീകരിച്ചവർ തങ്ങളുടെ നിർദ്ദേശാനുസരണമാണ് ജീവിക്കേണ്ടത് എന്നാരു പൊതുബോധം രൂപപ്പെട്ടിട്ടുണ്ട്. പ്രണയക്കൊലപാതകങ്ങളുടെ സന്ദർഭത്തിലേക്കു വരുമ്പോൾ അതിന് മറ്റൊരുമാനം കൈവരുന്നതു കാണാം. ജോലി കിട്ടിയതോടെ ആളുമാറി എന്നതു പോലുള്ള പരാതികളുണ്ടാകുന്ന സന്ദർഭം അതാണ്. ഇത്തരം പെൺകുട്ടികൾക്ക് നല്ല കുട്ടി എന്ന ഇമേജിനെ പരിക്കുപറ്റാതെ കൊണ്ടു നടക്കേണ്ട അധികബാധ്യത കൂടിയുണ്ട്. ജാതിനിലയും ഇതുപോലെയോ ഇതിലധികമോ ബാധകമാണെന്നതിനും ഉദാഹരണങ്ങൾ നാം കണ്ടു കഴിഞ്ഞു. അവയെപ്പോലുള്ള ദുരഭിമാനക്കൊലകൾ തന്നെയാണ് ഒരർത്ഥത്തിൽ ഈ പ്രണയക്കൊലകളും. പുരുഷന്റെ അഹന്തയുടെയും ദുരഭിമാനത്തിന്റെയും ഇരകളാകുന്ന പെൺകുട്ടികൾ രണ്ടിലുമുണ്ട്.
അതിനു ശേഷം നടക്കുന്ന ‘സത്യാന്വേഷണ'ങ്ങളും ‘പുറത്തുവിടലു'കളും വാസ്തവത്തിൽ കൊലയെ ന്യായീകരിക്കലാണ്. ഒളിച്ചിരിക്കുന്ന കൊലയാളികൾക്കു കൂടി ധൈര്യം പകരുന്നതാണ്. വേലി ചാടുന്ന പശുക്കൾക്ക് വിധിക്കപ്പെടുന്ന മരണങ്ങളായി അവയെ സ്വീകരിക്കാൻ സമൂഹത്തിനു നല്കുന്ന പരിശീലനമാണ്. സ്വാതന്ത്ര്യ കാംക്ഷികളായ സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലാൻ നടക്കുന്ന അത്തരം വിചാരണക്കൂട്ടങ്ങൾ ഒരിക്കലും നീതീകരിക്കപ്പെടരുത്.
‘തേപ്പുകാരി’ യെ അപമാനിക്കാൻ കേക്കുമുറിക്കുകയും ബലൂൺ പറത്തുകയും അതിനൊക്കെ കയ്യടിക്കുകയും ചെയ്യുന്ന ദുർബലരോടാണ്:
പ്രണയവും ലൈംഗികതയും ആത്യന്തികമായി വ്യക്തികളുടെ സ്വന്തം കാര്യമാണ് എന്ന ബാലപാഠം പഠിച്ചു തുടങ്ങേണ്ടതുണ്ട്. അതിൽ പിടിച്ചടക്കലിന്റെയോ വിട്ടുകൊടുക്കലിന്റെയോ കാര്യമില്ല. ദമ്പതികൾ തമ്മിലായാലും കുടുംബാംഗങ്ങൾ തമ്മിലായാലും സ്വകാര്യതയെ മാനിക്കുകയെന്നത് പരമപ്രധാനമാണ്. ഓരോ വ്യക്തിക്കും സ്വന്തമായ ഇടങ്ങളുണ്ട്. അതിൽ അതിക്രമിച്ചു കയറുന്നത് മാന്യതയല്ല. എന്ത് കടപ്പാടുണ്ടായാലും ഓരോരുത്തരുടെ തെരഞ്ഞെടുപ്പുകളെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നതാണ് ഭംഗി. അവയെ ബലം പ്രയോഗിച്ച് ഇല്ലായ്മ ചെയ്യുന്നത് മനുഷ്യത്വ വിരുദ്ധവും കുറ്റകൃത്യവുമാണ്. വൈകാരിക സമ്മർദ്ദത്തിനോ പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ അടിപ്പെടുത്തി ലോകത്ത് ആരെയും സ്‌നേഹിപ്പിക്കാൻ സാധിക്കില്ല. മറിച്ചു ചിന്തിക്കുന്നത് നിങ്ങളെയും അപകടത്തിലാക്കുകയേയുള്ളൂ.
മനുഷ്യബന്ധങ്ങളിലും നിരന്തരമായ നവീകരണം നടക്കുന്ന കാലമാണ്. അടിമ- ഉടമ ബന്ധം പരിഹാസ്യമായ ഏർപ്പാടാണെന്ന് തിരിച്ചറിയുന്ന സ്ത്രീകൾ അത്തരം ബന്ധങ്ങളിൽ നിന്ന് ഇറങ്ങിപ്പോകും. താൽക്കാലികമായി കലിപ്പന്റെ കാന്താരി കളിക്കുന്ന സ്ത്രീകൾക്കു പോലും ഒട്ടു കഴിയുമ്പോൾ ബോധം വരും. പുരുഷന്റെ അക്രമസ്വഭാവവും വിവരക്കേടുകളും അവന് അലങ്കാരമാണെന്നു കരുതുന്ന സ്ത്രീകൾ ഇനിമേൽ കുറഞ്ഞു വരികയേയുള്ളൂ. സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അപകർഷതയും മിഥ്യാബോധവും മറച്ചുവയ്ക്കാൻ സ്ത്രീകളെ തെറി വിളിക്കുന്നതിലെ വ്യർത്ഥത ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്. സ്ത്രീ പുരുഷന്റെ ഇഷ്ടത്തിനനുസരിച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഉപകരണമല്ല. ഭൂമിയിൽ ജീവിക്കാൻ തുല്യാവകാശമുള്ള മനുഷ്യരാണ്. മനുഷ്യസഹജമായ ശക്തി ദൗർബല്യങ്ങളാണ് അവൾക്കുള്ളത്. അവളുടെ ശരീരവുമായി ബന്ധപ്പെട്ട പ്രകിയകളെക്കുറിച്ച് അറിവുണ്ടാവുന്നത് നല്ലതു തന്നെ. എന്നാൽ അവയെ കാല്പനികവൽക്കരിക്കുകയോ ആ രക്തം, മൂത്രം, കാലുകൾ, വസ്ത്രം, ഉടൽ എന്റെ കൂടിയാണ് എന്ന് ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ല. സഹജീവിയോടുള്ള സ്‌നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ട് പെരുമാറുക മാത്രം ചെയ്താൽ മതിയാകും. അന്തസ്സുള്ള ഒരു മനുഷ്യജീവിയായി അവളെയും അവനവനെയും കാണാൻ ശ്രമിക്കുക മാത്രമേ വഴിയുള്ളൂ. ഇല്ലെങ്കിൽ ഇപ്പോഴത്തേതുപോലെ അവൾക്കൊപ്പം എരിയാമെന്നല്ലാതെ ഒരിക്കലും നിങ്ങൾ ജയിക്കില്ല.
അവളുടേതല്ല, നിങ്ങളുടേതാണ് പടുമരണം.