സ്ത്രീപ്രാതിനിധ്യത്തിനായി രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീസംഘടനകളിൽനിന്ന് കലാപങ്ങൾ ഉയർന്നുവരണം

ലോക്സഭയിൽ കേരളത്തിൽനിന്നുള്ള സ്ത്രീപ്രാതിനിധ്യം ‘പൂജ്യം’ ആയിട്ടും മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്നു പോലും സ്ത്രീകൾക്ക് കൊടുക്കാൻ തയ്യാറാവാതിരുന്നത് സ്ത്രീകൾ ഇല്ലാതിരിക്കുന്നത് ഒരു പ്രശ്നമായിപ്പോലും ആൺകോയ്മാ നേതൃത്വങ്ങളെ അലട്ടാത്തതുകൊണ്ടാണ്. അംഗബലത്തിൽ വളരെ ശക്തമായ രാഷ്ട്രീയ പാർട്ടികളുടെ സ്ത്രീസംഘടനയ്ക്കുള്ളിൽ നിന്ന് ഒരു കലാപസ്വരവും ഉയർന്നുകേട്ടില്ല- എം. സുൽഫത്ത് എഴുതുന്നു.

പാർലമെൻ്റിലും നിയമസഭയിലും സ്ത്രീകൾക്ക് 33% പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള സ്ത്രീസംവരണ നിയമം പാസായതിനുശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പായിരുന്നു പതിനെട്ടാം ലോകസഭയിലേക്ക് നടന്നത്. ഈ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും നിയമം നടപ്പാവില്ല എന്നുറപ്പാക്കിക്കൊണ്ടായിരുന്നു സ്ത്രീസംവരണ ബിൽ പാസ്സാക്കിയത്.

ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്, സ്വാതന്ത്ര്യത്തിൻ്റെ ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും ലിംഗനീതിയെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് ബോധവൽക്കരണം നടത്തേണ്ട അവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നാണ്.

പതിനെട്ടാം ലോകസഭയിലെ 543 അംഗങ്ങളിൽ 469 പുരുഷൻമാരാണുള്ളത്, 74 സ്ത്രീകളും. അതായത് ആകെ അംഗങ്ങളുടെ 86.4% പുരുഷൻമാരും 13.6% സ്ത്രീകളും. മറ്റൊരു കണക്കായി പറയുകയാണെങ്കിൽ ഒരു പുരുഷപാർലമെൻ്റംഗം രാജ്യത്തെ ശരാശരി 26 ലക്ഷം പുരുഷൻമാരെ പ്രതിനിധീകരിക്കുമ്പോൾ ഒരു സ്ത്രീ അംഗത്തിന് ശരാശരി 92 ലക്ഷം സ്ത്രീകളെ പ്രതിനിധീകരിക്കേണ്ടിവരുന്നു

ലിംഗപരമായ വ്യത്യാസങ്ങൾ പൗരർക്ക് അവസരങ്ങൾ നിഷേധിക്കുന്നതിനും നേട്ടങ്ങളുണ്ടാക്കുന്നതിനും വിഘാതമാവാൻ പാടില്ല എന്ന് കൃത്യമായി നിഷ്കർഷിക്കുകയും അത്തരം വിവേചനങ്ങൾ മൗലികാവകാശലംഘനമായി കണക്കാക്കുകയും ചെയ്യുന്ന ഒരു ഭരണഘടന അനുസരിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് നിയമനിർമ്മാണസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അവസരം സ്ത്രീകൾക്ക് നിഷേധിക്കുന്നത്.

2024 ഫെബ്രുവരി 17 ന് ഒരു ലക്ഷത്തോളം പേർ ഒപ്പിട്ട പെൺമെമ്മോറിയൽ കൈമാറുകയും ചെയ്തു. എന്നിട്ടും എൽ.ഡി.എഫ് മൂന്നു സീറ്റിലും യു.ഡി.എഫ് ഒരു സീറ്റിലുമാണ് സ്ത്രീകളെ മത്സരിപ്പിച്ചത്.
2024 ഫെബ്രുവരി 17 ന് ഒരു ലക്ഷത്തോളം പേർ ഒപ്പിട്ട പെൺമെമ്മോറിയൽ കൈമാറുകയും ചെയ്തു. എന്നിട്ടും എൽ.ഡി.എഫ് മൂന്നു സീറ്റിലും യു.ഡി.എഫ് ഒരു സീറ്റിലുമാണ് സ്ത്രീകളെ മത്സരിപ്പിച്ചത്.

ആദ്യമായി ബില്ല് അവതരിപ്പിച്ച് 26 വർഷത്തിനുശേഷമാണ്, 2023 സെപ്തം. 29 -ന് സ്ത്രീസംവരണ ബിൽ പാസാകുന്നത്. ജനസംഖ്യാ കണക്കെടുപ്പും മണ്ഡല പുനർനിർണയവും നടന്നുകഴിഞ്ഞിട്ടാവാം നിയമം നടപ്പിലാക്കുന്നത് എന്ന രണ്ട് ഉപാധികൾ കൂടി ഉൾപ്പെടുത്തിയത് സ്ത്രീകൾ അധികാരത്തിൽ 33% പ്രാതിനിധ്യം നേടുന്നത് വീണ്ടും വൈകിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടു കൊണ്ടായിരിക്കണം. നിയമം പാസാക്കി എന്നവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി 69 സ്ത്രീകളെയാണ് മത്സരിപ്പിച്ചത്. ആകെ അവർ മത്സരിപ്പിച്ച 431 സ്ഥാനാർത്ഥികളുടെ 16% മാത്രം.

നിയമം ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തന്നെ നടപ്പാക്കണം എന്നാവശ്യപ്പെട്ട കോൺഗ്രസ് 41 സ്ത്രീകളെയാണ് മത്സരിപ്പിച്ചത്. ആകെ മത്സരിച്ച 315 സ്ഥാനാർത്ഥികളുടെ 13%.

33% സീറ്റിൽ സ്ത്രീകളെ മത്സരിപ്പിക്കാൻ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയും തയ്യാറായില്ല. അതേസമയം പ്രാദേശിക പാർട്ടികളായ തൃണമൂൽ കോൺഗ്രസ് 12 സ്ത്രീകളെ മത്സരിപ്പിച്ചു. പാർട്ടിയുടെ ആകെ സീറ്റിൻ്റെ 29%. ഒറീസയിൽ ബി.ജെ.ഡിയും വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും 33 % സ്ത്രീകളെ മത്സരിപ്പിക്കാൻ തയാറായി. ഒരു സ്ത്രീസ്ഥാനാർത്ഥിയെപ്പോലും മത്സരിപ്പിക്കാൻ തയ്യാറാകാതിരുന്ന ആം ആദ്മി പാർട്ടിയും രാജ്യത്തുണ്ട്.

നിയമനിർമ്മാണ സഭകളിലെ ആനുപാതിക പ്രാതിനിധ്യം വ്യത്യസ്ത ലിംഗവിഭാഗങ്ങളുടെ ഭരണഘടനാ അവകാശമാണ്. ജനസംഖ്യയിൽ പകുതിവരുന്ന ലിംഗവിഭാഗത്തെ പ്രതിനിധീകരിക്കാൻ ഏഴ് പതിറ്റാണ്ട് പിന്നിട്ട ജനാധിപത്യത്തിൽ ഇതുവരെയും 14% ത്തിനു മുകളിൽ സ്ത്രീകൾ ഉണ്ടായിട്ടില്ല എന്ന യാഥാർത്ഥ്യം വേണ്ടത്ര ഗൗരവത്തിലെടുക്കാൻ പൊതുസമൂഹം തയ്യാറായിട്ടില്ല. സാക്ഷരതയിലും ലിംഗാനുപാതത്തിലും മുൻപന്തിയിലുള്ള കേരളത്തിൽനിന്ന് ഒരു സ്ത്രീ പ്രതിനിധിയും പാർലമെൻ്റിൽ ഇല്ല എന്നത് തെരഞ്ഞെടുപ്പ് വിശകലനങ്ങളിൽ എവിടെയും ചർച്ചയായില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

പാർലമെൻ്റിൽ സ്ത്രീപ്രാതിനിധ്യം ഇല്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.  / map created with iipmaps.com
പാർലമെൻ്റിൽ സ്ത്രീപ്രാതിനിധ്യം ഇല്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. / map created with iipmaps.com

ഈ പട്ടികയിൽ ഉൾപ്പെട്ട കേരളം ഒഴികെയുള്ളവ ചെറുതും രണ്ടോ മൂന്നോ സീറ്റുകൾ മാത്രമുള്ളവയുമാണ്.

33% സ്ത്രീസംവരണ നിയമം നടപ്പിലായിരുന്നെങ്കിൽ 18-ാം ലോകസഭയിൽ 179 സ്ത്രീകൾ ഉണ്ടാകുമായിരുന്നു. അതായത് ഇപ്പോൾ ഉള്ളതിനൊപ്പം 105 സ്ത്രീകൾ കൂടി.

1996-ലാണ് ദേവഗൗഡ സർക്കാർ സ്ത്രീസംവരണ ബില്ല് ആദ്യമായി പാർലമെൻ്റിൽ അവതരിപ്പിച്ചത്. അന്നു മുതലുള്ള പ്രാതിനിധ്യത്തിൻ്റെ കണക്കുകൾ പരിശോധിച്ചാൽത്തന്നെ ആയിരക്കണക്കിന് സ്ത്രീകൾക്ക് സംഭവിച്ച അവസരനിഷേധങ്ങൾ ഒരു രാഷ്ട്രീയ കുറ്റകൃത്യം തന്നെയാണ്. 1952- ലെ ആദ്യ ലോക്സഭയിൽ 5% ആയിരുന്ന സ്ത്രീപ്രാതിനിധ്യം 18-ാം ലോക്സഭയിൽ എത്തുമ്പോഴും 15% ൽ താഴെ മാത്രം. ജനസംഖ്യയിൽ പകുതി വരുന്ന ഒരു ലിംഗവിഭാഗത്തിൻ്റെ പ്രാതിനിധ്യം രാജ്യത്തെ സംബന്ധിച്ച നിയമം നിർമാണം നടക്കുന്ന ഇടങ്ങളിൽ ഇല്ലാതിരിക്കുന്നതും അവിടെ ന്യൂനപക്ഷമാകുന്നതും ജനാധിപത്യത്തിൻ്റെ പരാജയം കൂടിയാണ്.

വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട 2024- ലെ ജൻഡർ ഗ്യാപ് റിപ്പോർട്ടിൽ 146 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 129. തുല്യ ജോലിക്ക് തുല്യവേതനം നൽകുന്ന കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 120. (അതായത് പുരുഷൻ: സ്ത്രീ = 100: 39.8 രൂപ). പ്രാതിനിധ്യത്തിൻ്റെ കാര്യത്തിൽ ലോകത്തിലെ 190 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 142-മത്.

ഈ രീതിയിൽ പല മേഖലകളിലുമുള്ള സ്ത്രീകളുടെ പിന്നാക്കാവസ്ഥ നിലനിൽക്കുന്നത് രാഷ്ട്രീയാധികാരത്തിലും നിയമനിർമ്മാണങ്ങളിലും ഭരണനിർവഹണത്തിലും സ്ത്രീകൾ ന്യൂനപക്ഷമായതുകൊണ്ടാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീസംവരണ ബിൽ പാസാകാൻ തന്നെ 27 വർഷങ്ങൾ വേണ്ടിവന്നതുപോലെ സ്ത്രീധനനിരോധന നിയമം, ഗാർഹിക പീഡന വിരുദ്ധ നിയമം, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്ന ‘POSH Act’ തുടങ്ങിയവയൊക്കെ നിയമമാവാൻ വർഷങ്ങൾ വേണ്ടിവന്നത് നിയമനിർമ്മാണസഭകളിൽ സ്ത്രീകൾ അതി ന്യൂനപക്ഷമായതുകൊണ്ടാണ്. ആധുനിക സമൂഹത്തിനു യോജിച്ച ലിംഗനീതിയിൽ അധിഷ്ഠിതമായ പല നിയമനിർമ്മാണങ്ങളും (ഉദാ: തുല്യജോലിക്ക് തുല്യവേതനം, സ്വത്തവകാശ നിയമങ്ങൾ...) നടക്കാത്തതിനും സ്ത്രീകളുടെ സാമൂഹ്യപദവി ഉയരാത്തതിനുമൊക്കെ ഇത് കാരണമാണ്.

18-ാം ലോക്സഭയിലേക്കുള്ള സ്ഥാനാർത്ഥിനിർണയത്തിനുമുമ്പ് തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിൻ്റെ മുൻകൈയിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കത്ത് നൽകി, 33% സീറ്റിൽ സ്ത്രീകളെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടു. 2024 ഫെബ്രുവരി 17 ന് ഒരു ലക്ഷത്തോളം പേർ ഒപ്പിട്ട പെൺമെമ്മോറിയൽ കൈമാറുകയും ചെയ്തു. എന്നിട്ടും എൽ.ഡി.എഫ് മൂന്നു സീറ്റിലും യു.ഡി.എഫ് ഒരു സീറ്റിലുമാണ് സ്ത്രീകളെ മത്സരിപ്പിച്ചത്. ബി.ജെ.പി കേരളത്തിൽ 5 സീറ്റിൽ സ്ത്രീകളെ മത്സരിപ്പിച്ചു. ഈ ആവശ്യത്തോട് രാഷ്ട്രീയ പാർട്ടികളുടെ പൊതുസമീപനം, നിയമം നടപ്പിലാക്കി സംവരണ മണ്ഡലം നിശ്ചയിച്ചിട്ടില്ലെങ്കിൽ തങ്ങൾ നിർത്തുന്ന സ്ത്രീപ്രതിനിധി എതിർ സ്ഥാനാർത്ഥിയായ പുരുഷനോട് മത്സരിച്ച് പരാജയപ്പെടുന്ന സ്ഥിതിയാണുണ്ടാവുക എന്നായിരുന്നു. എന്നാൽ സ്ത്രീസംവരണ ബിൽ പാസാകുന്നതിനുമുമ്പുതന്നെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 40% സീറ്റും ഒറീസയിൽ ബിജു ജനതാദൾ 33% സീറ്റും കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് നൽകി മാതൃക കാണിച്ചിട്ടുണ്ട്. മത്സരിച്ചവരിൽ യഥാക്രമം 17 ൽ 9 ഉം 7- ൽ 5- ഉം സ്ത്രീകൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കേരളത്തിലും അത് സാധ്യമാകാൻ തടസ്സം തങ്ങൾ കൈവശപ്പെടുത്തി വെച്ചിരിക്കുന്ന സ്ത്രീകളുടെ അവകാശം വിട്ടുകൊടുക്കാൻ ആൺകോയ്മ തയ്യാറല്ലാത്തതുകൊണ്ടാണ്.

2024-ലെ തെരഞ്ഞെടുപ്പിലും സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാൻ ദേശീയ കക്ഷികൾ മടിച്ചപ്പോൾ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ അതിന് തയ്യാറായിട്ടുണ്ട്.

കേരളത്തിലെ എൽ.ഡി.എഫ് 15%, യു.ഡി.എഫ് 5 %, ബി.ജെ.പി 25% വീതം സ്ത്രീകളെയാണ് മത്സരിപ്പിച്ചത്. കേരളത്തിനു പുറത്ത് താരതമ്യേന സീറ്റുകൾ കുറഞ്ഞ പാർട്ടികൾ പോലും സ്ത്രീപ്രാതിനിധ്യം പരിഗണിച്ചപ്പോൾ വികസന സൂചികകളിൽ മൂന്നിലെന്ന് അവകാശപ്പെടുന്ന കേരളത്തിൽനിന്ന് അങ്ങനെയൊരു മാതൃക പോലും ഉണ്ടായിട്ടില്ല എന്നത് രാഷ്ട്രീയ പാർട്ടികളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന ആൺകോയ്മയാണ് കാണിക്കുന്നത്.

18-ാം ലോക്സഭയിൽ കേരളത്തിൽനിന്നുള്ള സ്ത്രീപ്രാതിനിധ്യം ‘പൂജ്യം’ ആയിട്ടും ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്നു പോലും സ്ത്രീകൾക്ക് കൊടുക്കാൻ തയ്യാറാവാതിരുന്നത് സ്ത്രീകൾ ഇല്ലാതിരിക്കുന്നത് ഒരു പ്രശ്നമായിപ്പോലും ആൺകോയ്മാ നേതൃത്വങ്ങളെ അലട്ടാത്തതുകൊണ്ടാണ്. അംഗബലത്തിൽ വളരെ ശക്തമായ രാഷ്ട്രീയ പാർട്ടികളുടെ സ്ത്രീസംഘടനയ്ക്കുള്ളിൽ നിന്ന് ഒരു കലാപസ്വരവും ഉയർന്നുകേട്ടില്ല. ആന്തരവൽക്കരിച്ച ആൺകോയ്മയിൽ നിന്ന് അവരും മോചിതരല്ലല്ലോ.

മതിയായ പ്രാതിനിധ്യമില്ലാത്തതും വിവിധ കാരണങ്ങളാൽ അതിന് അവസരം ലഭിക്കാത്തതുമായ വിഭാഗങ്ങൾക്ക് പ്രാതിനിധ്യവും തുല്യ അവസരങ്ങളും ലഭ്യമാവാനുള്ള ഫലപ്രദമായ മാർഗമാണ് സംവരണം. നിയമനിർമാണ സഭകളിൽ മാത്രമല്ല മന്ത്രിസഭകളിലും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ നേതൃസ്ഥാനങ്ങളിലും സ്ത്രീ പ്രാതിനിധ്യം തുല്യമാകേണ്ടതുണ്ട്. ജനാധിപത്യത്തിൻ്റെ അർത്ഥം പൂർണമാകണമെങ്കിൽ ജനസംഖ്യയിൽ ന്യൂനപക്ഷമായ ട്രാൻസ് വ്യക്തികൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുംഅർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം. ജാതി ശ്രേണീ ബന്ധമായ ഇന്ത്യൻ അവസ്ഥയിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സ്ത്രീ സംവരണവുമായി ബന്ധിപ്പിച്ച് ഉയർന്നുവരേണ്ടതല്ല. പ്രാതിനിധ്യത്തിൽ ന്യൂനപക്ഷമായ എല്ലാ വിഭാഗങ്ങളിലെയും സ്ത്രീയ്ക്കും പുരുഷനും അതിനുള്ള അവസരം ഉറപ്പാക്കണം.

നിയമം പാസാക്കി എന്നവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി 69 സ്ത്രീകളെയാണ് മത്സരിപ്പിച്ചത്. ആകെ അവർ മത്സരിപ്പിച്ച 431 സ്ഥാനാർത്ഥികളുടെ 16% മാത്രം.
നിയമം പാസാക്കി എന്നവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി 69 സ്ത്രീകളെയാണ് മത്സരിപ്പിച്ചത്. ആകെ അവർ മത്സരിപ്പിച്ച 431 സ്ഥാനാർത്ഥികളുടെ 16% മാത്രം.

2013- ൽ പാസാക്കിയ സ്ത്രീ സംവരണ നിയമത്തിൽ എസ്.സി- എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റിൽ 33% സ്ത്രീകളെ മത്സരിപ്പിക്കണമെന്ന് നിഷ്കരിച്ചിട്ടുണ്ട്. 18-ാം ലോകസഭയിലെ 84 എസ്.സി പ്രതിനിധികളിൽ 12 പേർ സ്ത്രീകളാണ്- 14.28 %.
47 എസ്.ടി പ്രതിനിധികളിൽ 6 പേർ സ്ത്രീകളാണ്- 12.%.
സ്ത്രീസംവരണ നിയമം നടപ്പിലാകുമ്പോൾ അത് യഥാക്രമം 28- ഉം 16-ഉം ആകും.എന്നാൽ 18-ാം ലോക്സഭയിൽ മുസ്‍ലിം സ്ത്രീപ്രാതിനിധ്യം O.7% മാത്രമാണെങ്കിൽ മുസ്‍ലിം പുരുഷൻമാർ 4.4% മാത്രമാണ്.

അർഹമായ പ്രാതിനിധ്യം ജനാധിപത്യപരമായ അവകാശമാണ്. ആ അവകാശം ഉറപ്പാക്കുന്നതിനുള്ള ഒരു ഉപാധിയാണ് സംവരണം. പല പ്രതിസന്ധികളെയും മറികടന്ന് പാസായ നിയമം അടിസ്ഥാന രഹിതമായ ഉപാധികൾ വെച്ചുകൊണ്ട് വീണ്ടും നീട്ടുന്നത് ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങൾ വീണ്ടും നീട്ടിക്കൊണ്ടുപോകലാണ്. ആധുനിക ജനാധിപത്യ സമൂഹത്തിനനുസരിച്ച് ഉയരാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാവണം.

രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പും അതിനുശേഷമുള്ള മണ്ഡല പുനർനിർണയാവും നടന്നുകഴിഞ്ഞതിനുശേഷം മാത്രം നിയമം നടപ്പിലാവുകയുള്ളൂ എന്നതാണ് ഉപാധികൾ. 33% സ്ത്രീസംവരണം നടപ്പിലാക്കാൻ ആവശ്യമില്ലാത്ത അടിസ്ഥാനരഹിതമായ ഈ രണ്ട് ഉപാധികൾ പിൻവലിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുതൽ നിയമം നടപ്പിലാക്കാൻ വേണ്ട നടപടികൾക്കായി പ്രതിപക്ഷം ശബ്ദം ഉയർത്തണം. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടികളുടെ ഭരണഘടനയിൽ തുല്യ പ്രാതിനിധ്യം ഉറപ്പുവരുത്താൻ വേണ്ട ഭേദഗതികൾ വരുത്തുകയോ എഴുതിച്ചേർക്കുകയോ ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യണം. അതിനുള്ള ഇച്ഛാശക്തിയാണ് ജനാധിപത്യവിശ്വാസികൾ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതിന് തയ്യാറാകാത്തവരെ രാഷ്ട്രീയമായിത്തന്നെ ബോധ്യപ്പെടുത്താൻ വോട്ടർമാരിൽ പകുതി വരുന്ന സ്ത്രീകളും ജനാധിപത്യ ബോധമുള്ളവരും തയ്യാറാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പാട്രിയാർക്കൽ ബോധം തന്നെയാണ് അതിനകത്തെ സ്ത്രീകളും ആന്തരവൽക്കരിച്ചിരിക്കുന്നത്. രാഷ്ട്രീയപ്രക്രിയയിലേക്കും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും സ്ത്രീകൾ എത്തിയതിന് നൂറു കൊല്ലത്തെ ചരിത്രം പോലും ഇല്ല. വോട്ടവകാശവും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവുമൊക്കെ സ്ത്രീകൾ നേടിയെടുത്തത് സ്വന്തം കർതൃത്വത്തിൽ നൂറ്റാണ്ടുകൾ നീണ്ട ബോധവൽക്കരണ ശ്രമങ്ങളുടെയും സമരങ്ങളുടെയും ഫലമായിട്ടാണ്. തിരുവിതാംകൂർ രാജ്യം നിബന്ധനകൾക്ക് വിധേയമായി സ്ത്രീവോട്ടവകാശം അംഗീകരിച്ചത് 1920-ലാണ്. വൈവാഹികനിലയും സ്വത്തവകാശവും മാനദണ്ഡമാക്കി നൽകിയ വോട്ടവകാശം വിനിയോഗിക്കാൻ അന്ന് 2.5% സ്ത്രീകൾക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ.

1935-ൽ ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയ ‘ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട്’ ആണ് ഇതേ മാനദണ്ഡപ്രകാരം ബ്രിട്ടീഷ് ഇന്ത്യയിലെ എല്ലാ പ്രവിശ്യകളിലും സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്നത്. ‘21 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഭാഷയിൽ സാക്ഷരതയുള്ള, ആദായ നികുതിയടയ്ക്കുന്ന വ്യക്തിയുടെ ഭാര്യമാർക്കും, ഈ യോഗ്യതയും പുരുഷൻമാർക്ക് തുല്യമായ സ്വത്ത് യോഗ്യതയുള്ള സ്ത്രീകൾക്കുമാണ് ഈ നിയമപ്രകാരം വോട്ടവകാശം കിട്ടിയത്. സ്വാതന്ത്ര്യാനന്തരം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് സാർവ്വത്രിക വോട്ടവകാശം നടപ്പിലാവുന്നത്. ചരിത്രപരമായ ഈ പിന്നാക്കാവസ്ഥ മറികടന്ന് പുരുഷനോടൊപ്പം തന്നെ ശക്തരായ സ്ത്രീകൾ നേതൃസ്ഥാനങ്ങളിൽ ഉയർന്നുവന്നിട്ടുണ്ടെങ്കിലും ആൺകോയ്മാ രാഷ്ട്രീയസംവിധാനങ്ങൾ അധികാരസ്ഥാനങ്ങളിൽ സ്ത്രീകൾ എത്തുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ല’.
ശക്തരായ സ്ത്രീകൾ മുന്നോട്ടുവരട്ടെ എന്ന് പറയുന്നതും ഒന്നോ രണ്ടോ സീറ്റുകൾ നല്കി അവിടെ സ്ത്രീകൾ വിജയിപ്പിച്ചില്ലല്ലോ എന്ന് പറയുന്നതും അധികാരസ്ഥാനങ്ങൾ വിട്ടുകൊടുക്കാതിരിക്കാനുള്ള ആണധികാരതന്ത്രങ്ങൾ മാത്രമാണ്. ഇത് തിരിച്ചറിയാൻ എല്ലാ രാഷ്ട്രീ'യ പാർട്ടികളിലെ സ്ത്രീകൾക്കും കഴിയണം.

ഒന്നും സ്വാഭാവികമായി മാറില്ല. പ്രാതിനിധ്യം ഔദാര്യമല്ല, അവകാശമാണ്. വോട്ടവകാശം നേടിയെടുത്തതിൻ്റെ തുടർച്ച എന്ന നിലയിൽ സംഘടിതരായി പ്രാതിനിധ്യവും സ്ത്രീകൾ നേടിയെടുക്കേണ്ടതുണ്ട്.

Comments