Photo : Pexels.com

‘യെസ്​’ അല്ല എന്ന് ജഡ്ജിമാർ വിശ്വസിക്കണമെങ്കിൽ
​എത്ര ഉച്ചത്തിൽ ‘നോ' പറയണം?

ലൈംഗികാതിക്രമ കേസുകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അപകടകരമായ ബൈനറിക്കുള്ളിലാണ് നിൽക്കുന്നത്.

ന്താണ് "സമ്മതം' (consent)?
ഞാൻ കണ്ടുമുട്ടുന്ന ഏതൊരു സ്ത്രീയിൽ നിന്നും എനിക്ക് സമ്മതം ആവശ്യപ്പെടാൻ കഴിയാത്തത് എന്തുകൊണ്ട്?
ഒരു സ്ത്രീയുടെ ‘നോ’ ഒരു പുരുഷൻ എങ്ങനെ വ്യാഖ്യാനിക്കണം?

ഇന്ത്യയിൽ മീറ്റൂ (#MeToo) മൂവ്‌മെൻറ്​ പൊട്ടിപ്പുറപ്പെട്ടതുമുതൽ, പ്രത്യേകിച്ച് 2018-ൽ അത് സിനിമാ വ്യവസായത്തെ ബാധിച്ചപ്പോൾ മുതൽ, ഇത്തരം നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. "സമ്മതം' ചർച്ച ചെയ്യുന്നത് ഇപ്പോൾ മുഖ്യധാരയായി മാറിയിരിക്കുന്നു. എന്നാൽ ആ ആശയം മനസ്സിലാക്കാൻ ഇനിയുമേറെ ദൂരം പോകേണ്ടതുണ്ട്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമ കേസുകളിലെ കോടതി ഉത്തരവുകളിലും വിധികളിലും അത് വ്യക്തമാണ്.

ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 375-നനുബന്ധമായി ചേർത്തിരിക്കുന്ന വിശദീകരണമനുസരിച്ച്, ‘സമ്മതം എന്നാൽ വാക്കുകൾ, ആംഗ്യങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ വാക്കാലുള്ളതോ അല്ലാത്തതോ ആയ ആശയവിനിമയം വഴി നിർദിഷ്ട ലൈംഗിക പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത അറിയിക്കുന്ന അസന്ദിഗ്ധവും സ്വമേധയായുള്ളതുമായ വ്യക്തമായ ഉടമ്പടി എന്നാണ് അർഥമാക്കുന്നത്. എന്നാൽ ഒരു സ്ത്രീ പെനെട്രേഷൻ ശാരീരികമായി ചെറുത്തില്ല എന്നതുകൊണ്ടുമാത്രം അതിനെ ലൈംഗിക പ്രവർത്തനത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ല.'

ഒരു സ്ത്രീയുടെ  ‘നോ’ ഒരു പുരുഷൻ എങ്ങനെ വ്യാഖ്യാനിക്കണം?. / Photo  : Pixabay
ഒരു സ്ത്രീയുടെ ‘നോ’ ഒരു പുരുഷൻ എങ്ങനെ വ്യാഖ്യാനിക്കണം?. / Photo : Pixabay

ഇവിടെ സുപ്രധാന പദങ്ങൾ "അസന്ദിഗ്ദമായ' (unequivocal), "സ്വമേധയാ' (voluntary) എന്നിവയാണ്. ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതിലുള്ള സ്ത്രീയുടെ സന്നദ്ധതയ്ക്ക് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ അത് അവളുടെ ഭാഗത്തുനിന്നുള്ള സമ്മതമായി കണക്കാക്കാനാകില്ല എന്നണതിനർഥം.
അക്ഷരാർഥത്തിൽ നിയമം പറയുന്നത് ഇതാണ്. എന്നാൽ കോടതി ഉത്തരവിലും വിധികളിലും പ്രതിഫലിക്കുന്ന നിയമത്തിന്റെ ആത്മാവ് പലപ്പോഴും പ്രതികൾക്ക് അനുകൂലമാകുന്നതാണ് നമ്മൾ കാണുന്നത്.

ഒരു ലൈംഗികാതിക്രമ കേസിൽ നീതിക്ക്​ പൊലീസിനെയും കോടതിയെയും സമീപിക്കുന്ന പല സ്ത്രീകളുടെയും മനോവീര്യം കെടുത്തുന്നത് 39% എന്ന ദയനീയമായ ശിക്ഷാനിരക്ക് മാത്രമല്ല, ആ പ്രക്രിയ തന്നെയാണ്.

30 കാരിയായ അമേരിക്കൻ ഗവേഷകയെ റേപ് ചെയ്ത കേസിൽ സംവിധായകൻ മഹമൂദ് ഫാറൂഖി കുറ്റക്കാരനാണെന്ന വിചാരണാ കോടതി വിധി 2017-ൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയത് ഉദാഹരണം. വിധിയുടെ പ്രധാന ഭാഗത്ത് ജസ്റ്റിസ് അശുതോഷ് കുമാർ പറയുന്നു: ""ദുർബലമായ ഒരു ‘നോ’ എന്നത്​ ‘യെസ്’ എന്നർഥമാകുന്ന സ്ത്രീപെരുമാറ്റങ്ങളുടെ ഉദാഹരണങ്ങൾ അജ്ഞാതമല്ല, കക്ഷികൾ അപരിചിതരാണെങ്കിൽ ഈ സിദ്ധാന്തം പ്രയോഗിക്കാൻ കഴിയില്ല. എന്നാൽ കക്ഷികൾ പരസ്പരം അറിയുന്നവരും ബൗദ്ധിക/ അക്കാദമിക വൈദഗ്ധ്യമുള്ളവരുമാണെങ്കിൽ, മുൻകാലങ്ങളിൽ ശാരീരികബന്ധങ്ങളുണ്ടായിരുന്നെങ്കിൽ സ്ഥിതി ഇതായിരിക്കില്ല. ഇത്തരം സന്ദർഭങ്ങളിൽ ചെറിയ പ്രതിരോധവും ദുർബലമായ ‘നോ’യും യഥാർഥത്തിൽ സമ്മതം നിഷേധിക്കുന്നതാണോ എന്ന് മനസ്സിലാക്കാൻ വളരെ പ്രയാസമാണ്.''

മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി ഫാറൂഖിയെ വെറുതെവിടുക മാത്രമല്ല, ഒരുപടി കൂടി കടന്ന്, ഒരു സ്ത്രീയുടെ ദുർബലമായ ‘നോ’ എന്നത്​ ‘യെസ്​’ എന്ന് അർഥമാക്കാം എന്ന തരത്തിൽ ‘സമ്മതം’ എന്നതിന്റെ അർഥം തന്നെ മാറ്റി. "സ്ത്രീപെരുമാറ്റത്തിന്റെ ഉദാഹരണങ്ങൾ' (instances of woman behavior) എന്നതുകൊണ്ട് അദ്ദേഹം എന്താണ് അർഥമാക്കിയതെന്നും വ്യക്തമല്ല. ഏതൊക്കെയാണ് ആ ഉദാഹരണങ്ങൾ? എന്താണ് "സ്ത്രീപെരുമാറ്റം'? ആരാണ് അത് നിർവചിക്കുന്നത്? കൂടാതെ, പരാതിക്കാരി പരമോന്നത കോടതിയെ സമീപിച്ചപ്പോൾ, "നന്നായി എഴുതിയ' (well-written) വിധി എന്നാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയും ജസ്റ്റിസ് എൽ. നാഗേശ്വര റാവുവുമടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഈ വിധിയെ വിശേഷിപ്പിച്ചത്.

സംവിധായകൻ മഹമൂദ് ഫാറൂഖി. / Photo : Wikimedia Commons
സംവിധായകൻ മഹമൂദ് ഫാറൂഖി. / Photo : Wikimedia Commons

ഒരു ലൈംഗികാതിക്രമ കേസിൽ നീതിക്ക്​ പൊലീസിനെയും കോടതിയെയും സമീപിക്കുന്ന പല സ്ത്രീകളുടെയും മനോവീര്യം കെടുത്തുന്നത് 39% (നാഷനൽ ക്രൈം റെക്കോർഡ്​സ്​ ബ്യൂറോ റിപ്പോർട്ട്​, 2020) എന്ന ദയനീയമായ ശിക്ഷാനിരക്ക് മാത്രമല്ല, ആ പ്രക്രിയ തന്നെയാണ്. പൊലീസിൽ നിന്ന് അവർ നേരിടുന്ന വിവേകശൂന്യത, പ്രതിഭാഗം അഭിഭാഷകരുടെ അപമാനകരമായ ചോദ്യങ്ങൾ, ജഡ്ജിയുടെ സമീപനം എന്നിവയെല്ലാം കേസിന്റെ വിധി മാത്രമല്ല, അതിന്റെ അവസാനം സ്ത്രീ എങ്ങനെ മുദ്രകുത്തപ്പെടുന്നു എന്നതുകൂടി തീരുമാനിക്കുന്നതാകുന്നു. വിധിയിലെ ഭാഷയും ശൈലിയുമെല്ലാം ഇതിനെ വളരെ സ്വാധീനിക്കുന്നു.

ലൈംഗികാതിക്രമ കേസുകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അപകടകരമായ ബൈനറിക്കുള്ളിലാണ് നിൽക്കുന്നത്. പുരുഷൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ, സ്ത്രീ സത്യമാണ് പറയുന്നത്. പുരുഷനെ കോടതി വെറുതെവിട്ടാൽ, സ്ത്രീ നുണ പറയുകയാണ്. രണ്ടാമത്തെ സാഹചര്യത്തിൽ, നിരപരാധിയായ ഒരു പുരുഷനുമേൽ അടിച്ചേൽപ്പിച്ച വ്യാജ റേപ് കേസിനുദാഹരണമായി ജനകീയ ഭാവനയിൽ ഈ കേസ് മാറും. ഒന്നുകിൽ റേപ് ഒരിക്കലും നടന്നിട്ടില്ല, അല്ലെങ്കിൽ സ്ത്രീ സമ്മതം നൽകിയിട്ട് പിന്നീട് പരാതിപ്പെട്ടു.

ലൈംഗികാതിക്രമത്തിനിരയായവരിൽ 90 ശതമാനത്തിലധികം പേർക്കും കുറ്റവാളിയെ അറിയാം എന്നത് അവരുടെ ആഘാതം സങ്കീർണമാക്കുന്നു, അത് വ്യത്യസ്ത രീതികളിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു- ഒഴിവാക്കൽ മുതൽ ലഹരവസ്തുക്കളുടെ ഉപയോഗം വരെ.

എന്നാൽ, കുറ്റവിമുക്തനാക്കി എന്നതുകൊണ്ട് പരാതിക്കാരി കള്ളം പറഞ്ഞതാണെന്ന് അർഥമാകുന്നില്ല. മിക്ക കേസുകളിലും കുറ്റാരോപിതൻ തെറ്റുകാരനാണെന്ന് സംശയരഹിതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നുമാത്രമാണ് ഇതിനർഥം.
ഹാജരാക്കപ്പെട്ട തെളിവുകൾ പരിശോധിച്ച് കോടതി തീരുമാനത്തിലേക്കെത്തേണ്ടതുണ്ട്. ഇവിടെ, കൺസെൻറ്, ട്രോമ, ഇരയുടെ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള ജഡ്ജിയുടെ മനസ്സിലാക്കലാണ് അയാൾ/ അവർ എങ്ങനെ കേസ് വായിക്കുന്നു എന്നതിൽ പ്രധാനം.

ട്രോമ മനസ്സിലാക്കൽ

സിനിമയിൽ റേപ് രംഗങ്ങൾ സാധാരണയായി വോയറിസത്തിന്റെ രീതിയാണ്. ഇരയായ സ്ത്രീ അലറുകയും ഓടുകയും അവളുടെ ശക്തി ഉപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്യുന്നതായാണ് കാണിക്കുന്നത്. റേപ്പിനുശേഷം, അവൾ പ്രത്യക്ഷത്തിൽ തന്നെ ആഘാതമേറ്റവളാകുന്നു, ചിലപ്പോൾ ആത്മഹത്യ ചെയ്യുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ, ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരാൾക്ക് സംഭവത്തിനോട് പലവിധത്തിലുള്ള പ്രതികരണങ്ങളുണ്ടാകാം.
ലൈംഗികാതിക്രമത്തിനിരയായവരിൽ 90 ശതമാനത്തിലധികം പേർക്കും കുറ്റവാളിയെ അറിയാം എന്നത് അവരുടെ ആഘാതം സങ്കീർണമാക്കുന്നു, അത് വ്യത്യസ്ത രീതികളിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു- ഒഴിവാക്കൽ മുതൽ ലഹരിവസ്തുക്കളുടെ ഉപയോഗം വരെ.

സിനിമയിൽ റേപ് രംഗങ്ങൾ സാധാരണയായി വോയറിസത്തിന്റെ രീതിയാണ്. ഇരയായ സ്ത്രീ അലറുകയും ഓടുകയും അവളുടെ ശക്തി ഉപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്യുന്നതായാണ് കാണിക്കുന്നത്. 'Irreversible' എന്ന സിനിമയിൽ നിന്ന്
സിനിമയിൽ റേപ് രംഗങ്ങൾ സാധാരണയായി വോയറിസത്തിന്റെ രീതിയാണ്. ഇരയായ സ്ത്രീ അലറുകയും ഓടുകയും അവളുടെ ശക്തി ഉപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്യുന്നതായാണ് കാണിക്കുന്നത്. 'Irreversible' എന്ന സിനിമയിൽ നിന്ന്

കുറ്റവാളി തങ്ങൾക്ക് പരിചയമുള്ളയാളാണെന്നത് കണക്കിലെടുത്ത്, എന്താണ് സംഭവിച്ചതെന്നതിൽ അവർ ആശയക്കുഴപ്പത്തിലാവുകയും ചെയ്‌തേക്കാം. അതൊരു തെറ്റിദ്ധാരണ ആണെന്നോ അല്ലെങ്കിൽ അതിജീവിച്ചയാളാണ് അതിലേക്ക് നയിച്ചതെന്നോ ഉള്ള ചിന്തയിലേക്ക് അവരെ എത്തിക്കാൻ കുറ്റവാളിക്ക് കഴിയും. സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെടാനും അതിനെക്കുറിച്ച് സംസാരിക്കാനും അവർ കൂടുതൽ സമയമെടുത്തേക്കും. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ശിഥിലവും അപൂർണവുമായ ഓർമകളായിരിക്കാം ചിലപ്പോൾ അതിജീവിച്ചവർക്കുണ്ടാകുന്നത്.

തെളിവുകൾ പരിശോധിക്കുമ്പോൾ ജുഡീഷ്യറിക്ക് ഇക്കാര്യം ബോധ്യപ്പെടേണ്ടതുണ്ട്. ബിഷപ്പ്​ ഫ്രാങ്കോ (2022ലെ വിധി), തരുൺ തേജ്പാൽ (2021-ലെ വിധി) കേസുകളിൽ, അതിജീവിച്ചവർ വിശ്വസിച്ചിരുന്നവരുടെ സ്ഥിരീകരിക്കുന്ന മൊഴികളടക്കം, കോടതിയിൽ സമർപ്പിച്ച തെളിവുകൾ അസാധുവാക്കി, ലൈംഗികാതിക്രമത്തിനുശേഷമുള്ള അതിജീവിച്ചവരുടെ പെരുമാറ്റം മാത്രം പരിഗണിച്ചാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്.

ലൈംഗികാതിക്രമ കേസുകളുടെ കാര്യത്തിൽ, പലപ്പോഴും ഇരയാണ് വിചാരണ ചെയ്യപ്പെടുന്നത്. അവരുടെ നിരപരാധിത്വം തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്.

ഇരയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള അവരുടെ പക്ഷപാതത്തിന്റെ അടിസ്ഥാനത്തിൽ, സ്ത്രീ ആക്രണമത്തെക്കുറിച്ച് കള്ളം പറയുകയാണെന്ന് ജഡ്ജി തീരുമാനിച്ചുകഴിഞ്ഞാൽ, കേസ് പ്രതിക്കനുകൂലമാകും. ഉദാഹരണത്തിന്, ഫ്രാങ്കോ കേസിൽ, അതിജീവിതക്കെതിരായ തെറ്റായ പരാതി (ആ പരാതി പിൻവലിക്കപ്പെട്ടിരുന്നു) പോലും അവരെ അവിശ്വസിക്കുന്നതിന് ജഡ്ജി ചൂണ്ടിക്കാട്ടി. അതിജീവിതയെ കൂടുതൽ അപമാനിക്കുന്ന തരത്തിൽ അവരുടെ ശരീരത്തെക്കുറിച്ചുള്ള വോയറിസ്റ്റിക് വിശദാംശങ്ങളും വിധിയിൽ ഉൾപ്പെടുത്തിയിരുന്നു. തരുൺ തേജ്പാൽ കേസിൽ, അതിജീവിതയ്ക്ക് അയാളയച്ച ടെക്സ്റ്റ് മെസേജുകളും തന്റെ വീഴ്ച സമ്മതിച്ചുകൊണ്ടുള്ള ക്ഷമാപണ കത്തും മതിയായിരുന്നില്ല - അതിക്രമത്തിനുശേമുള്ള അതിജീവിതയുടെ പെരുമാറ്റം മാത്രം പരിഗണിച്ചായിരുന്നു വിധി.

വിധിയുടെ ഭാഷ

സംശയാതീതമായി കുറ്റം തെളിയിക്കപ്പടുന്നതുവരെ നിരപരാധിയായിരിക്കുമെന്നത് പ്രതികൾക്കുവേണ്ടി ഇന്ത്യൻ കോടതികൾ പിന്തുടരുന്ന നിയമ തത്വമാണ്. പക്ഷെ ലൈംഗികാതിക്രമ കേസുകളുടെ കാര്യത്തിലാകുമ്പോൾ, പലപ്പോഴും ഇരയാണ് വിചാരണ ചെയ്യപ്പെടുന്നത്. അവരുടെ നിരപരാധിത്വം തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്.

ജസ്റ്റിസ് ബെച്ചു കുര്യൻ
ജസ്റ്റിസ് ബെച്ചു കുര്യൻ

ഉദാഹരണത്തിന്, വിജയ് ബാബു കേസിൽ (2022) ജസ്റ്റിസ് ബെച്ചു കുര്യൻ പുറപ്പെടുവിച്ച സോപാധിക മുൻകൂർ ജാമ്യ ഉത്തരവ്. അതിജീവിച്ചവരിൽ നിന്ന് ‘അനുയോജ്യമായ ഇരയുടെ പെരുമാറ്റം' പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജഡ്ജി സമ്മതിക്കുന്നു, എന്നാൽ ‘സമ്മതത്തോടെയുള്ള ബന്ധങ്ങൾ റേപ്പായി മാറരുത്' എന്ന് കൂട്ടിച്ചേർക്കുന്നു. അതിജീവിത കള്ളം പറയുകയാണെന്നും പ്രതിയോട് സഹതപിക്കുന്നുവെന്നുമുള്ള സൂചനയാണ് ജാമ്യ ഉത്തരവ് നൽകുന്നത്. നിയമം ലംഘിച്ച് അതിജീവിതയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ദുബായിലേക്ക് പോകുകയും ചെയ്തയാളാണ് പ്രതി. പ്രതിക്കെതിരെ മുമ്പ് രണ്ടുതവണ ആക്രമണ പരാതിയുണ്ടായിട്ടുണ്ട്. സഹ നിർമാതാവും പ്രതിയുടെ ഭാര്യയുമാണ് പരാതി നൽകിയത്.

വിധിന്യായത്തിൽ ഉപയോഗിക്കുന്ന ഭാഷ അതിജീവിച്ചവരുടെ ആഘാതം വർധിപ്പിക്കും. ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മറ്റു സ്ത്രീകളെ പിന്തിരിപ്പിക്കുന്ന ഘടകമായി ഇതുമാറും.

2017-ൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി കൂട്ട റേപ്പിനും ബ്ലാക്ക് മെയിലിങ്ങിനും ശിക്ഷിക്കപ്പെട്ട മൂന്ന് മുൻ നിയമവിദ്യാർഥികളുടെ ശിക്ഷ റദ്ദാക്കി. ‘വ്യഭിചാര മനോഭാവത്തിൽ നിന്നും വോയറിസ്റ്റിക് മനസ്സിൽ നിന്നും ഉടലെടുത്ത സംഭവ’മാണിതെന്ന് പറഞ്ഞാണ് കേസ് അവസാനിപ്പിച്ചത്. ഈ വിവരണങ്ങൾ അതിജീവിച്ചയാളെക്കുറിച്ചുള്ളതാണ്, കുറ്റവാളികളെക്കുറിച്ചല്ല. കൂടാതെ, ജസ്റ്റിസ് മഹേഷ് ഗ്രോവറും ജസ്റ്റിസ് രാജ് ശേഖർ അത്രിയുമടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, കൂട്ട റേപ്പ്​ വേണ്ടത്ര അക്രമാസക്തമാണെന്നും കണ്ടെത്തിയില്ല. സാധാരണയായി ഇത്തരം സംഭവങ്ങൾക്കുമുമ്പോ ശേഷമോ ഉണ്ടാകുന്ന തരത്തിലുള്ള അക്രമങ്ങളുണ്ടായതായി ഇരയുടെ വിവരണത്തിലില്ലെന്നും ബെഞ്ച് പറയുന്നു.

‘യെസ്​’ അല്ല എന്ന് ജഡ്ജിമാർ വിശ്വസിക്കണമെങ്കിൽ എത്ര ഉച്ചത്തിൽ "നോ' പറയണം? അതിജീവിച്ചവരോട് സഹാനുഭൂതി കാണിക്കാൻ ജഡ്ജിമാർക്ക് ഒരു റേപ് എത്രത്തോളം അക്രമാസക്തമാകണം? വിധിന്യായത്തിൽ ഉപയോഗിക്കുന്ന ഭാഷ അതിജീവിച്ചവരുടെ ആഘാതം വർധിപ്പിക്കും. ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മറ്റു സ്ത്രീകളെ പിന്തിരിപ്പിക്കുന്ന ഘടകമായി ഇതുമാറും.

Photo : @UnitedsFreak, Twitter
Photo : @UnitedsFreak, Twitter

അതിജീവിച്ചവരുടെ ലൈംഗിക ചരിത്രം പരിശോധിക്കുന്ന മനുഷ്യത്വരഹിതവും യുക്തിരഹിതവുമായ ‘ടു ഫിംഗർ പരിശോധന’ (two-finger test) റദ്ദാക്കണമെന്ന് 2013-ൽ ജസ്റ്റിസ് വർമ കമ്മിറ്റി ശുപാർശ ചെയ്തു. ഒരു സ്ത്രീയുടെ ലൈംഗികചരിത്രത്തിന് റേപ് എന്ന സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും കമ്മിറ്റി അംഗീകരിച്ചു. എന്നിട്ടും, പ്രതിക്ക് കുറ്റകൃത്യം തുടരുന്നതിനുള്ള സാഹചര്യമൊരുക്കുകയും, അതിജീവിച്ചയാളുടെ ധാർമികതയെക്കുറിച്ച്​ മുൻവിധിയോടെയുള്ള സമീപനങ്ങൾ ജഡ്ജി തുടർന്നുകൊണ്ടിരിക്കുകയും​ ചെയ്യുന്നു. നീതിപീഠം വിധിയെഴുതുമ്പോൾ ആരാണ് വിചാരണ നേരിടുന്നതെന്ന് ഓർക്കുകയും ഭരണഘടനാധാർമികത മനസ്സിൽ വെക്കുകയും വേണം.

ആക്റ്റിവിസ്റ്റുകളും അതിജീവിച്ചവരും വർഷങ്ങളായി മുന്നോട്ടുവെക്കുന്ന വിമർശനങ്ങളിൽ കോടതി ആത്മപരിശോധന നടത്തണം

എല്ലാ കേസുകളും ശിക്ഷാവിധിയിൽ അവസാനിക്കില്ല. ലൈംഗികാതിക്രമ കേസുകളിൽ സാധാരണ സാക്ഷികളോ സി.സി.ടി.വി. ദൃശ്യങ്ങളോ ഉണ്ടാകാറില്ല. ഫോറൻസിക് തെളിവുകളും അനിശ്ചിതത്വത്തിലായേക്കാം, പ്രത്യേകിച്ച് അതിജീവിച്ചയാൾ പരാതി നൽകാൻ സമയമെടുക്കുമ്പോൾ. പ്രതിക്ക് പ്രതിവാദത്തിനുള്ള അവകാശമുണ്ട്. ജഡ്ജിക്ക് വിധി പറയുന്നതിന് പ്രോസിക്യൂഷൻ കേസ് സംശയാതീതമായി തെളിയിക്കേണ്ടതുണ്ട്. പക്ഷെ നീതി പ്രതീക്ഷിച്ച് കോടതിയെ സമീപിക്കുന്ന വ്യക്തിക്ക് ആഘാതം കുറയ്ക്കുംവിധം കൂടുതൽ സെൻസിറ്റീവായി ഈ പ്രക്രിയ മാറ്റാൻ കോടതിക്ക് സാധിക്കും. ആക്റ്റിവിസ്റ്റുകളും അതിജീവിച്ചവരും വർഷങ്ങളായി മുന്നോട്ടുവെക്കുന്ന വിമർശനങ്ങളിൽ കോടതി ആത്മപരിശോധന നടത്തുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. ▮

(ന്യൂസ്​ മിനിറ്റിൽ വന്ന ലേഖനത്തിന്റെ വിവർത്തനം: ദിവ്യശ്രീ​)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സൗമ്യ രാജേന്ദ്രൻ

ജൻഡർ സ്റ്റഡീസ്, സിനിമ, ജുഡീഷ്യറി തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ എഴുതുന്നു. The Weightlifting Princess, The Lesson, Mostly Madly Mayil, Girls to the Rescue തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments