വിജയ് ബാബു

വിജയ്​ ബാബുവിന്​ ലഭിക്കുന്ന സൗജന്യങ്ങൾ,
​അതിജീവിതയോടുള്ള കാർക്കശ്യങ്ങൾ

തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നും കൺസെന്റിനെക്കുറിച്ച് നമുക്കുള്ള പൊതുധാരണ എന്താണെന്നും മനസ്സിലാക്കുന്നതിനായി പഠിക്കാവുന്ന ഒന്നാണ് വിജയ്​ബാബു പ്രതിയായ ലൈംഗികാക്രമണ കേസും, അതിലെ കോടതി നിരീക്ഷണങ്ങളും പൊതുജനത്തിന്റെ പ്രതികരണങ്ങളും.

തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നും കൺസെൻറിനെക്കുറിച്ച് നമുക്കുള്ള പൊതുധാരണ എന്താണെന്നും മനസ്സിലാക്കുന്നതിനായി പഠിക്കാവുന്ന ഒന്നാണ് നടനും നിർമാതാവുമായ വിജയ്​ ബാബുവിനെതിരായ ലൈംഗി​കാക്രമണ കേസും അതിലുണ്ടായ കോടതി നിരീക്ഷണങ്ങളും പൊതുജന പ്രതികരണങ്ങളും.

വിജയ് ബാബു തന്നെ നിരവധി തവണ റേപ്പ്​ ചെയ്തതായും മർദിച്ചതായും ബ്ലാക്ക്മെയിൽ ചെയ്തതായും ആരോപിച്ച്​, ഒരു സിനിമാനടി ഈ വർഷം ഏപ്രിലിലാണ്​ പരാതി നൽകിയത്​. അതിന് തൊട്ടുപുറകേ, നിയമവിരുദ്ധമായി, അതിജീവിതയുടെ പേര് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയും അത് പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. അറസ്റ്റ് ഒഴിവാക്കുന്നതിന്​ ദുബൈയിലേക്ക് പറന്നുകളഞ്ഞ നിർമാതാവിന് ഹൈക്കോടതി ഉപാധികളോടുകൂടി മുൻകൂർ ജാമ്യം നൽകിയിരിക്കുകയാണ്. പരാതി നൽകുന്നവർ ‘മാതൃകാപരമായ രീതിയിൽ പെരുമാറുന്ന ഇരകൾ' ആകണമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങൾ ‘റേപ്പ്​ ആയി മാറ്റിത്തീർക്കരുതെന്നും' കോടതി കൂട്ടിച്ചേർത്തു.

മലയാള സിനിമാവ്യവസായത്തിലെ വലിയൊരു വിഭാഗവും, തൊഴിലിടത്തിൽ സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം തടയുന്ന 2013-ലെ നിയമം നടപ്പിലാക്കുന്നതിനും ആഭ്യന്തര സമിതികൾ രൂപീകരിക്കുന്നതിനും എതിരായിരുന്നു

മലയാള സിനിമയിലെ യുവനടിയും താരതമ്യേന പുതുമുഖവുമാണ് കേസിലെ അതിജീവിത. സിനിമയിൽ വേഷം നൽകാമെന്നും കല്യാണം കഴിക്കാമെന്നുമുള്ള വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ തുടക്കത്തിലെങ്കിലും വിജയ് ബാബുവുമായി ബന്ധത്തിലായിരുന്നുവെന്ന് അവർ തന്നെ സമ്മതിച്ചിട്ടുണ്ട്​. ‘‘ജോലിക്കുവേണ്ടി ലൈംഗികതാത്പര്യങ്ങളെ അംഗീകരിച്ചിരുന്നുവെങ്കിൽപ്പിന്നെ ഇപ്പോൾ റേപ്പ്​ എന്നു പറഞ്ഞ്​ കരയുന്നതെന്തിനാണ്?''- എന്നതാണ് കേസ് സംബന്ധിച്ച് മിക്കവർക്കുമുള്ള പ്രതികരണം. ഇതുതന്നെയാണ് കോടതി നിരീക്ഷണങ്ങളിൽ പ്രതിധ്വനിച്ചതും.

എന്താണ്​ തൊഴിലിടത്തിലെ ലൈംഗികാതിക്രമം​?

തൊഴിലിടത്തിൽ സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം തടയുന്ന 2013-ലെ നിയമപ്രകാരം, ഇനി പറയുന്ന ഏതെങ്കിലും ഒന്നോ അതിൽ കൂടുതലോ ആയ, സ്വീകാര്യമല്ലാത്ത പ്രവൃത്തികളോ പെരുമാറ്റങ്ങളോ ‘ലൈംഗികാതിക്രമത്തിൽ' പെടും. ഇവ നേരിട്ടോ അല്ലെങ്കിൽ സൂചനയിലൂടെയോ ഉള്ളതാകാം.

photo;unsplash
photo;unsplash

മലയാള സിനിമാവ്യവസായത്തിലെ വലിയൊരു വിഭാഗവും ഈ നിയമം നടപ്പിലാക്കുന്നതിനും നിയമം അനുശാസിക്കുന്നതുപോലെ ആഭ്യന്തര സമിതികൾ രൂപീകരിക്കുന്നതിനും എതിരായിരുന്നു. തൊഴിലിന്റെ താത്കാലിക പ്രകൃതം പരിഗണിച്ച് നിയമത്തിലെ വകുപ്പുകൾ നടപ്പിലാക്കാൻ കഴിയില്ല എന്നതായിരുന്നു അവരുടെ വാദം. എന്നുവെച്ചാൽ, ഒരു സിനിമയുടെ നിർമാണഘട്ടത്തിൽ രൂപപ്പെടുത്തുകയും അതിനുശേഷം ഇല്ലാതാകുകയും ചെയ്യുന്ന താത്കാലിക തൊഴിലിടങ്ങളാണ് സിനിമാ യൂണിറ്റുകൾ, അതിന് മറ്റ് ജോലിസ്ഥലങ്ങളെപ്പോലെ സ്ഥിരമായ ഘടനകളില്ല.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിന്​ പ്രത്യേക നിയമം ആവശ്യമായി വന്നതിന്റെ അടിസ്​ഥാന കാരണം, ഇത്തരം കുറ്റകൃത്യത്തിന്റെ അവസ്ഥകളും സാഹചര്യങ്ങളുമാണ്​

എന്നിരുന്നാലും, സിനിമാവ്യവസായം തീർച്ചയായും ഒരു തൊഴിലിടം തന്നെയാണെന്ന് ഈ വർഷം മാർച്ചിൽ കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു തൊഴിലിടത്തിൽ സ്ഥിരമായോ, താത്കാലികമായോ, ദിവസവേതനത്തിന്റെ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്ന, നേരിട്ടുള്ള നിയമനത്തിന്റെ അടിസ്ഥാനത്തിലോ ഇടനിലക്കാർ അടക്കമുള്ള കോൺട്രാക്ടർമാർ മുഖാന്തരമോ ജോലി ചെയ്യുന്ന ഏതൊരു വ്യക്തിക്കും 2013-ലെ നിയമം ബാധകമാണെന്നും കോടതി നിഷ്‌കർഷിച്ചിട്ടുണ്ട്. സിനിമാ വ്യവസായത്തിനകത്ത് ലിംഗസമത്വം കൊണ്ടുവരുന്നതിനായി പോരാടുന്ന വിമൺ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി.) എന്ന സംഘടന, പ്രസ്തുത നിയമം നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെത്തുടർന്ന് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമുണ്ടായതെന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സംസ്ഥാന സർക്കാർ കാണിച്ച അനാസ്ഥയും പ്രകടമാണ്. തങ്ങൾക്കുണ്ടായ ആഘാതങ്ങളിലൂടെ വീണ്ടും കടന്നുപോയി, സിനിമാ ഇൻഡസ്ട്രിക്കകത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ച് മൊഴി നൽകിയ അതിജീവിതകൾക്കൊപ്പം നിൽക്കാനുള്ള ഇച്ഛാശക്തി സർക്കാരിനില്ല എന്നാണ്​ ഈ അനാസ്ഥ തെളിയിക്കുന്നത്​.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിന്​ പ്രത്യേക നിയമം ആവശ്യമായി വന്നതിന്റെ അടിസ്​ഥാന കാരണം, ഇത്തരം കുറ്റകൃത്യത്തിന്റെ അവസ്ഥകളും സാഹചര്യങ്ങളുമാണ്​ എന്ന്​ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഒരു കുറ്റകൃത്യത്തെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നത് ലിംഗ അസമത്വവുമായി ബന്ധപ്പെട്ടതാണ്. അക്കാര്യം മാറ്റിനിർത്തിയാൽപ്പോലും, അസമത്വത്തിൽ അടിസ്ഥാനപ്പെടുത്തിയ അധികാരപ്രയോഗങ്ങൾ നിലനിൽക്കുന്ന ഒരിടം എന്ന നിലയിൽ തൊഴിലിടത്തിലെ ലൈംഗികാതിക്രമങ്ങൾ സങ്കീർണമാകുന്നു. ഇരകൾ അല്ലെങ്കിൽ അതിജീവിതർ, അവരുടെ ജീവിതമാർഗം ഉൾപ്പെടെ, കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും, അതിനാൽ അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയുക എന്നത് അവരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നും നിയമം അംഗീകരിക്കുന്നുണ്ട്.

wcc അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം
wcc അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

2018 ഒക്ടോബറിലുണ്ടായ മീ ടു മൂവ്മെന്റിനുശേഷമാണ് ഇന്ത്യൻ സിനിമാ വ്യവസായത്തിൽ, തൊഴിലിടത്തിലെ ലൈംഗികാതിക്രമം ഉണ്ട്​ എന്നതിനെ അത്തരത്തിൽ അംഗീകരിക്കുന്നത്. കുറ്റത്തിന്റെ പ്രകൃതത്തെ നേർപ്പിക്കുന്ന തരത്തിലുള്ള ‘കാസ്റ്റിങ് കൗച്ച്’ എന്ന ഗ്ലാമറിന്റെയും അശ്ലീലത്തിന്റെയും ലേബലിലാണ് അത് അറിയപ്പെട്ടിരുന്നത്. ജോലി നൽകുന്നതിനുപകരമായി ലൈംഗികതാത്പര്യങ്ങൾ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്നത് വളരെ സാധാരണമായി പരിഗണിക്കപ്പെട്ടിരുന്നു. ഒരു കുറ്റകൃത്യത്തെ മയപ്പെടുത്തുന്നതരത്തിൽ ‘കാസ്റ്റിങ് കൗച്ച്’ എന്ന വാക്ക് സിനിമാവ്യവസായത്തിനകത്തുള്ളവരും മാധ്യമപ്രവർത്തകരും വളരെ ലിബറലായി ഉപയോഗിച്ചിരുന്നു. അത്തരം സംഭവങ്ങൾ ലൈംഗികാതിക്രമം സംബന്ധിച്ച റിപ്പോർട്ടുകളിലല്ല, മറിച്ച് ഗോസിപ്പ് കോളങ്ങളിലാണ് സ്ഥാനം പിടിച്ചിരുന്നത്.

പരസ്പര സമ്മതമുണ്ടെങ്കിൽ പിന്നെങ്ങനെ
​ലൈംഗികാതിക്രമമാകും?

2021-ൽ പുറത്തിറങ്ങിയ സാറാസ് എന്ന മലയാളം സിനിമയിൽ യുവതിയായ, വളരെ പ്രതീക്ഷയോടെ കടന്നുവരുന്ന പുതുമുഖ സംവിധായകയോട്, പണം മുടക്കണമെങ്കിൽ തന്റെ ലൈംഗികതാത്പര്യങ്ങൾക്ക് വഴങ്ങണമെന്ന് നിർമാതാവ് പറയുമ്പോൾ അയാളുടെ മുഖത്തടിച്ച്​ അവർ ഇറങ്ങിപ്പോകുന്നുണ്ട്. അത്തരം ഒരു സാഹചര്യമുണ്ടാകുമ്പോൾ മുഖത്തടിക്കുക എന്നത് മാതൃകാപരമായ പ്രതികരണമായി പലപ്പോഴും പരിഗണിക്കപ്പെടാറുണ്ട്. പക്ഷേ, പരസ്പരബന്ധത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു വലിയ അസംഘടിത മേഖലയാണ് സിനിമാ വ്യവസായമെന്ന വസ്തുത, കാര്യങ്ങളെ ഇത്തരത്തിൽ ലളിതവത്കരിച്ച്​ ചിത്രീകരിക്കുന്നവർ മറന്നുപോകുന്നു. സിനിമാ വ്യവസായത്തിൽ ജനാധിപത്യരീതിയിലൂടെ തൊഴിൽ കണ്ടെത്താനുള്ള സാഹചര്യങ്ങളില്ല, മാത്രവുമല്ല, അതിനെ നയിക്കുന്നത് വളരെ ശക്തരായ പുരുഷ താരങ്ങളും, നിർമാതാക്കളും, സാങ്കേതികവിദഗ്ധരുമാണ്. ഓഡിഷനുകളിലൂടെ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന കുറച്ച് നിർമാണ കമ്പനികളും സംവിധായകരും ഉണ്ടെങ്കിലും, സാമ്പ്രദായികരീതിയിൽ ആളുകൾ തമ്മിലുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുക എന്നതാണ് കൂടുതലും നടക്കുന്നത്.

തൊഴിലിടത്തിൽ അധികാരപദവിയിലിരിക്കുന്ന ഒരു വ്യക്തി ലൈംഗികതാത്പര്യങ്ങൾക്ക് വഴങ്ങാനാവശ്യപ്പെടുന്നത് ലൈംഗികാതിക്രമമായി പരിഗണിക്കാമെന്നിരിക്കേ, വിജയ് ബാബു എന്തുകൊണ്ട് അത്തരം ആവശ്യങ്ങൾ ഉന്നയിച്ചുവെന്നതിനെ സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്താൻ അത്രതന്നെ കാർക്കശ്യം ആർക്കും കാണുന്നില്ല..

മുഖത്തടിച്ച് ഇറങ്ങിപ്പോകണമെന്ന് നമ്മൾ ആഗ്രഹിക്കുന്നത് ആ വ്യവസ്ഥക്കകത്ത് അധികാരത്തിന്റെ ഏറ്റവും താഴ്ന്ന നിലയിലുള്ള വ്യക്തിയാണ്. ഒരുവൾ അവളുടെ അന്തസ്സിനെ അത്രയ്ക്ക് വിലമതിക്കുന്നുണ്ടെങ്കിൽ അവൾക്ക് തന്റെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തേണ്ടിവരും. പക്ഷേ മറുവശത്ത്, അവളോട് ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങാനാവശ്യപ്പെട്ട പുരുഷനെ ശിക്ഷിക്കാനുള്ള ഒരു പ്രശ്നപരിഹാരസംവിധാനവും അവിടെയില്ല. അവിടെ സ്വാഭാവികതയിൽ നിന്ന് വ്യതിചലിച്ചത് അവളാണ്, അവനാണ് നിയമം. ഇത്തരത്തിൽ ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങാനാവശ്യപ്പെടുന്നത് സാധാരണവത്കരിച്ച ഒരു വ്യവസായത്തിൽ അത്തരം സാഹചര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഒരുറപ്പുമില്ല. ഈയൊരു സാഹചര്യത്തിൽ, കൺസെന്റും അത് നൽകാനോ നിരസിക്കാനോ ഉള്ള കഴിവും മറ്റുപല കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതിനെ ആ രീതിയിൽ തന്നെയാണ് മനസ്സിലാക്കേണ്ടത്. ഡേറ്റിങ് ആപ്പിലൂടെ രണ്ടുപേർ പരസ്പരം കാണുകയും പ്രേമബന്ധത്തിലോ ലൈംഗികബന്ധത്തിലോ ഏർപ്പടണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യുന്നതുപോലെയല്ല ഇത്.

ലൈംഗിക അതിക്രമങ്ങൾക്കെതിരെ 2017 നവംബറിൽ ലോസ് ഏഞ്ചൽസിൽ നടന്ന മീറ്റുമാർച്ച് /photo:AP
ലൈംഗിക അതിക്രമങ്ങൾക്കെതിരെ 2017 നവംബറിൽ ലോസ് ഏഞ്ചൽസിൽ നടന്ന മീറ്റുമാർച്ച് /photo:AP

വിജയ് ബാബു കേസിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ രണ്ടായി തിരിക്കാം:

എ) ജോലിയും വിവാഹവും വാഗ്ദാനം നൽകി പകരമായി ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങണമെന്ന് വിജയ് ബാബു ആവശ്യപ്പെടുകയും അവരതിന് സമ്മതിക്കുകയും ചെയ്തു.
ബി) ബന്ധം അവസാനിപ്പിക്കാൻ അവർ ആഗ്രഹിച്ചപ്പോൾ വിജയ് ബാബു അവരെ ആക്രമിച്ചു, ബ്ലാക്ക്മെയിൽ ചെയ്തു.

പരാതി സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതും തെളിവുകൾ പരിശോധിച്ച് കഴമ്പുണ്ടോയെന്ന് കണ്ടെത്തേണ്ടതും പൊലീസിന്റെയും കോടതിയുടെയും പരിധിയിലുള്ള കാര്യങ്ങളാണ്. എന്തുകൊണ്ട് വിജയ് ബാബുവിന്റെ ആവശ്യങ്ങൾക്ക് അതിജീവിത വഴങ്ങിയെന്നത് സംബന്ധിച്ച് വലിയൊരളവിൽ സൂക്ഷ്മപരിശോധന നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, തൊഴിലിടത്തിൽ അധികാരപദവിയിലിരിക്കുന്ന ഒരു വ്യക്തി ലൈംഗികതാത്പര്യങ്ങൾക്ക് വഴങ്ങാനാവശ്യപ്പെടുന്നത് ലൈംഗികാതിക്രമമായി പരിഗണിക്കാമെന്നിരിക്കേ, വിജയ് ബാബു എന്തുകൊണ്ട് അത്തരം ആവശ്യങ്ങൾ ഉന്നയിച്ചുവെന്നതിനെ സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്താൻ അത്രതന്നെ കാർക്കശ്യം ആർക്കും കാണുന്നില്ല. സഹനിർമാതാവായ സ്ത്രീയും ഭാര്യയും മുമ്പ് നൽകിയ പരാതികൾ വിജയ് ബാബുവിന്റെ പ്രതിച്ഛായക്ക് ഒരു കോട്ടവും ഏൽപ്പിച്ചിട്ടില്ല. പുരുഷന്മാർ അത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് സാധാരണമാണെന്നും പറ്റില്ലെന്ന് പറയേണ്ടത് സ്ത്രീകളുടെ ഉത്തരവാദിത്വമാണെന്നുമാണ് പൊതുധാരണ. പക്ഷേ അങ്ങനെ പറഞ്ഞാൽ, സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പര്യാപ്തമായ രീതിയിലുള്ള അവലോകനം പോലും നടക്കുന്നില്ല.

ഒരു സ്ത്രീ ഒരിക്കൽ ഒരു ബന്ധത്തിലേർപ്പെടാൻ സമ്മതം നൽകിക്കഴിഞ്ഞാൽപ്പിന്നെ, എന്തു കാരണത്തിന്റെ പേരിലായാലും അവൾക്കതിൽ നിന്ന് പിന്തിരിയാൻ അവകാശമില്ലെന്ന് നിരവധി പേർ വിശ്വസിക്കുന്നുണ്ടെന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ്.

പ്രേമബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതിനെത്തുടർന്നുണ്ടായ കേസാണ് ഇതെന്നും, പരസ്പര സമ്മതത്തോടുകൂടി ഉണ്ടായിരുന്ന ബന്ധത്തെ അതിജീവിത റേപ്പായി ചിത്രീകരിക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞുകഴിഞ്ഞു. കൂടാതെ, ഹിയറിങ് സമയത്ത് ജഡ്ജി പറഞ്ഞത്, ‘‘ഇപ്പോൾ സ്ത്രീകൾ അവരുടെ സെക്ഷ്വൽ എസ്‌കെപേഡുകളെക്കുറിച്ച് (Sexual escapade) തുറന്നുപറയാൻ അത്ര ഭയപ്പെടുന്നില്ല. ഓരോ ദിവസം, സ്ത്രീകൾ തുറന്നുപറയുന്നത് നമ്മൾ കാണുന്നുണ്ട്. അവർ ശാക്തീകരിക്കപ്പെട്ടുകഴിഞ്ഞു. അത്തരം കാര്യങ്ങളിൽ അവർ കരുത്തുള്ളവരാണ്.''

 ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്

‘എസ്‌കെപേഡ്’ എന്ന വാക്കിന്റെ അർഥം ആവേശവും ധൈര്യവും സാഹസികതയും ഉൾപ്പെടുന്ന ഒരു പ്രവൃത്തി അല്ലെങ്കിൽ സംഭവം എന്നതാണ്. ലൈംഗികാതിക്രമത്തെ അത്തരം ഒരു വാക്കുപയോഗിച്ച് പരാമർശിക്കുമ്പോൾ അത് കുറ്റകൃത്യത്തിന്റെ വളരെ ദുഃഖകരമായ രീതിയിലുള്ള, തെറ്റായ വായനയാണ്, അതിജീവിതയുടെ മാനസികാഘാതങ്ങളെ ലഘൂകരിക്കലാണ്.

കൺസെൻറ്​ ഒരിക്കൽ നൽകിയാൽപ്പിന്നെ
പിൻവലിക്കാൻ പറ്റില്ലേ?

പരാതിയുടെ രണ്ടാമത്തെ വശമെന്നത്, അതിജീവിത ബന്ധം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചപ്പോഴും വിജയ് ബാബു അവരെ തുടരാൻ നിർബന്ധിച്ചുവെന്ന ആരോപണമാണ്. സന്ദർഭത്തെ പരസ്പരസമ്മതത്തോടെയുള്ള ബന്ധമായി കാണുകയും തൊഴിലിടത്തിലെ ലൈംഗികാതിക്രമമായി കാണാതിരിക്കുകയുമാണ് ആളുകൾ ചെയ്യുന്നത് എന്നുതന്നെയിരിക്കട്ടെ. അങ്ങനെതന്നെയായാലും, ഒരു സ്ത്രീ ഒരിക്കൽ ഒരു ബന്ധത്തിലേർപ്പെടാൻ സമ്മതം നൽകിക്കഴിഞ്ഞാൽപ്പിന്നെ, എന്തു കാരണത്തിന്റെ പേരിലായാലും അവൾക്കതിൽ നിന്ന് പിന്തിരിയാൻ അവകാശമില്ലെന്ന് നിരവധി പേർ വിശ്വസിക്കുന്നുണ്ടെന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ്.

കേസ് തുടർന്നുകൊണ്ടിരിക്കേ തന്നെ, എന്താണ് കൺസെൻറ്​ എന്നും അതിന്റെ ലംഘനമെന്താണെന്നും തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തിന്റെ അതിരുകൾ എന്താണെന്നും അവബോധമുണ്ടാക്കുന്ന തരത്തിലുള്ള ചർച്ചകൾ അതിനൊപ്പം നടക്കേണ്ടത് പ്രധാനമാണ്.

കൺസെൻറ്​ എന്നത് ഒരു ബന്ധത്തിൽ എപ്പോൾ വേണമെങ്കിലും നൽകാനും പിൻവലിക്കാനും കഴിയുന്ന ഒന്നാണ്. ‘കൺസെൻറ്​' എന്നതിനെ ബഹുമാനിക്കുക എന്നുവെച്ചാൽ ഒരു വ്യക്തിക്ക് അവരുടെ ശരീരത്തിനും മനസ്സിനും മേലെയുള്ള അധികാരത്തെ അംഗീകരിക്കുക എന്നതാണ്. ഒരു വ്യക്തിക്ക് ‘കൺസെൻറ്​' പിൻവലിക്കാനുള്ള അധികാരമുണ്ടെന്ന് അംഗീകരിക്കുന്നില്ലെങ്കിൽ ‘കൺസെൻറ്​നൽകുക' എന്ന ആശയം തന്നെ അർഥരഹിതമാകും. ഒരു ബന്ധത്തിലേർപ്പെടാൻ ഒരു വ്യക്തി മുമ്പ് സമ്മതം നൽകിയിട്ടുണ്ട് എന്നതിന്റെ പേരിൽ അതിൽ തുടരാൻ അവരെ ആക്രമിക്കുകയും ബ്ലാക്ക്​മെയിൽ ചെയ്യുകയും ചെയ്യുന്നത് തീർച്ചയായും ലൈംഗികാതിക്രമം തന്നെയാണ്.

അതിജീവിതയുടെ മുന്നിലുള്ളത് വളരെ നീണ്ട നിയമയുദ്ധമാണ്. പ്രോസിക്യൂഷൻ സമർപ്പിക്കുന്ന തെളിവുകൾ ശക്തവും പിഴവുകളില്ലാത്തതുമായിരിക്കണം. കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതിക്ക് സംശയമില്ലാതെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കണം വിജയ് ബാബു കുറ്റക്കാരനാണെന്ന് വിധിക്കപ്പെടേണ്ടത്. പക്ഷേ, കേസ് തുടർന്നുകൊണ്ടിരിക്കേ തന്നെ, എന്താണ് കൺസെൻറ്​ എന്നും അതിന്റെ ലംഘനമെന്താണെന്നും തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തിന്റെ അതിരുകൾ എന്താണെന്നും അവബോധമുണ്ടാക്കുന്ന തരത്തിലുള്ള ചർച്ചകൾ അതിനൊപ്പം നടക്കേണ്ടത് പ്രധാനമാണ്. ഒരുപക്ഷേ, എന്തുകൊണ്ടാണ് നിരവധി സ്ത്രീകൾ മുഖത്തടിയെ ഒരു പരിഹാരമായി കാണാത്തതെന്ന് അപ്പോൾ വ്യക്തമാകും. ▮

(ന്യൂസ്​ മിനിറ്റിൽ വന്ന ലേഖനത്തിന്റെ വിവർത്തനം: നീതു ദാസ്​)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സൗമ്യ രാജേന്ദ്രൻ

ജൻഡർ സ്റ്റഡീസ്, സിനിമ, ജുഡീഷ്യറി തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ എഴുതുന്നു. The Weightlifting Princess, The Lesson, Mostly Madly Mayil, Girls to the Rescue തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments