സി.എസ്​. ചന്ദ്രിക

സിവിക്കിലെ ആണധികാരം, ഖാപ് പഞ്ചായത്ത്ഓഫർ ചെയ്യുന്ന​ പുതിയ ഫെമിനിസ്റ്റ് ധാരയും

കേരളത്തിൽ ഇപ്പോൾ പ്രത്യക്ഷത്തിൽ കാണുന്ന ഫെമിനിസ്റ്റ് വിഭാഗീയത രാഷട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുള്ളതല്ല, മറിച്ച് വ്യക്തിപരമായ താല്പര്യങ്ങളുടെ പേരിലുള്ളതാണ്. പ്രത്യക്ഷത്തിൽ ഫെമിനിസ്റ്റ് സിസ്റ്റർ ഹുഡിൽ വിള്ളൽ വീണു എന്നുതോന്നാമെങ്കിലും ഈ സന്ദർഭത്തിൽ അത് അനിവാര്യമായ ഒന്നാണെന്ന് എനിക്കു തോന്നുന്നു.

മനില സി. മോഹൻ: ആണധികാരത്തിന്റെ അതിശക്തമായ നിർമിതികൾ ഏറ്റവും സൂക്ഷ്മതലത്തിൽ പൊട്ടിപ്പൊളിയാൻ തുടങ്ങി എന്നാണ് ഒടുവിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ഉയർന്നുവന്നിട്ടുള്ള ലൈംഗികാക്രമണ പരാതികൾ ഉയത്തിയ പൊതുസംവാദങ്ങളിൽ നിന്ന് വായിക്കാൻ കഴിയുന്നത്. അത് മീടു പ്രസ്ഥാനത്തിന്റെ പ്രയോഗതലങ്ങളെ പുരോഗമനപരമായും വിമർശനാത്മകമായും കാണാൻ സംവാദ മണ്ഡലത്തെ നിർബന്ധിക്കുന്നുണ്ട് എന്നാണ് സംവാദങ്ങളെ നിരീക്ഷിക്കുമ്പോൾ തോന്നുന്നത്. ആശയപരമായിത്തന്നെ ചോദിക്കട്ടെ, സിവിക് ചന്ദ്രൻ എന്ന വ്യക്തിയെ ഉദാഹരണമായെടുത്താൽ അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെട്ടിട്ടുളത്?

സി.എസ്​. ചന്ദ്രിക: സിവിക് ചന്ദ്രനുനേരെ രണ്ട് ലൈംഗികാക്രമണ കേസുകളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. രണ്ടും ഇപ്പോൾ പൊലീസ് കേസും തുടർനിയമനടപടികളുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലുമാണ്. ഇനിയും കേസുകൾ വരാനുള്ള സാധ്യതകൾ ഉണ്ടെന്നു തോന്നുന്നു. പല സ്ത്രീകളും രഹസ്യമായി അവർ സിവിക് ചന്ദ്രനിൽ നിന്ന് നേരിട്ട ലൈംഗികാക്രമണ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതറിയാം. ഇപ്പോൾ ആദ്യം കേസു നൽകിയത് ദലിത് സമൂഹ്യവിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീയാണ്. അതാണ് ഈ കേസ്, മീറ്റൂ എന്ന നിലവിലുള്ള വെളിപ്പെടുത്തൽ, തുറന്നുകാട്ടൽ തലവും കടന്ന് പൊലീസ് കേസിലെത്താനുണ്ടായ ഒരു കാരണം. ഈ കേസ് മീ റ്റൂ എന്നതിനപ്പുറം താൻ നേരിട്ട ലൈംഗികാക്രമണത്തിനെതിരെ അതിജീവിത നേർക്കുനേർ നടത്തുന്ന നിയമപോരാട്ടമാണിപ്പോൾ.

കാര്യങ്ങൾ വിശദമായി പറയാനുള്ള സൗകര്യത്തിന്​ ആദ്യം പരാതിയുമായി വന്ന അതിജീവിതയെ ഞാൻ ഇവിടെ A എന്നു പേരുവിളിക്കട്ടെ. ലൈംഗിക പീഡന പരാതി കൊടുക്കുന്നതോടെ ഒരു സ്ത്രീക്ക്, പെൺകുട്ടിക്ക്, സ്വന്തം പേരും മുഖവും മറച്ചുവെയ്ക്കേണ്ടി വരുന്നു എന്ന ദുരന്തം അവൾ മാത്രമല്ല, നമ്മളെല്ലാവരും നേരിടേണ്ടി വരുന്നു എന്നതുകൊണ്ടാണ്. A വളരെ ദരിദ്രമായ ചുറ്റുപാടിൽ നിന്ന്, സാമൂഹ്യമായ പാർശ്വവൽകൃത അവസ്ഥകളിൽ നിന്ന് സ്വപ്രയത്നത്താൽ കഠിനാദ്ധ്വാനം ചെയ്ത് ഔപചാരികമായി ഉന്നത വിദ്യാഭ്യാസം നേടിയെടുത്തവളും ജോലിയും സ്വന്തമായി വരുമാനവും ഉള്ളവളും വലിയ ആത്മാഭിമാനവും ദലിത്, സ്ത്രീ സ്വത്വബോധവും സ്വാതന്ത്ര്യബോധവുമുള്ളവളും സാഹിത്യകാരിയുമാണ്. ഇതെല്ലാം ഒത്തുചേർന്നു വന്നതു കൊണ്ടു മാത്രമാണ് തനിക്കു നേർക്കു നടന്ന ആക്രമണത്തെക്കുറിച്ച് സിവിക് ചന്ദ്രനെതിരെ സിവിക് ചന്ദ്രനുൾപ്പെടുള്ളവർ നയിക്കുന്ന ഒരു വാട്സ് ആപ് ഗ്രൂപ്പിൽ പരോക്ഷമായെങ്കിലും തന്റെ വേദനയും രോഷവും തുറന്നുപറഞ്ഞ് അവർക്ക് പുറത്തു വരാൻ കഴിഞ്ഞത്. അതേസമയം, A യുമായി തുലനം ചെയ്തു നോക്കുമ്പോൾ സിവിക് ചന്ദ്രൻ ഭീമാകാരമായ അധികാര ബലങ്ങളുള്ള ഒരു സ്വയംപ്രസ്ഥാനമാണ്. കഴിഞ്ഞ 50 വർഷക്കാലമായി കേരളത്തിലെ സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌ക്കാരിക- സാഹിത്യ മണ്ഡലങ്ങളിലെ അയാളുടേതായ പ്രവർത്തനങ്ങളിലൂടെ ഒരു വിപ്ലവപുരുഷൻ എന്ന പ്രതിച്ഛായ അയാൾക്കുണ്ട്. എന്നു വെച്ചാൽ A യ്ക്ക് സങ്കല്പിച്ചു നോക്കാൻ പറ്റാത്തത്രയും വലിയ സാംസ്‌ക്കാരിക- സാമൂഹ്യ മൂലധനം സിവിക്ചന്ദ്രനുണ്ട്. സ്വാധീനശക്തിയുള്ള വിപുലമായ സൗഹൃദവലയവും അതിനാൽത്തന്നെ സമാന്തരമായ രാഷ്ട്രീയാധികാരവും ഒക്കെ അതിൽ ഉൾപ്പെടും. അതുകൊണ്ടാണല്ലോ ആദ്യം അതിജീവിതയ്ക്കുവേണ്ടി പ്രസ്താവനയിൽ ഒപ്പുവെച്ച സച്ചിദാനന്ദൻ മാഷ് സുഹൃത്തിനോടുള്ള ബന്ധത്തെ പ്രതി പിന്നീട് ആശയക്കുഴപ്പത്തിലാവുന്നത് കേരളം കണ്ടത്.

സിവിക് ചന്ദ്രൻ
സിവിക് ചന്ദ്രൻ

പാഠഭേദം മാസികയുടെ പ്രസാധകൻ, എഡിറ്റർ എഴുത്തുകാരൻ എന്ന എഴുത്തിന്റെ ബൗദ്ധിക സാഹിത്യ അധികാരവ്യവഹാര ലോകത്തിലേക്ക് പുതുമുഖങ്ങളായ എഴുത്തുകാരികളെ, സാഹിത്യകാരികളെ ക്ഷണിക്കാൻ, സാഹിത്യരംഗത്ത് പരിചയപ്പെടുത്താൻ, പ്രമോട്ട് ചെയ്യാൻ, വളർത്തിയെടുക്കാൻ അംഗീകാരങ്ങൾ വാങ്ങിക്കൊടുക്കാൻ അയാൾ നൽകുന്ന വാഗ്ദാനങ്ങൾ നമുക്കൂഹിക്കാവുന്നതേയുള്ളൂ. വിശേഷിച്ചും ഏറ്റവും ദുർബ്ബലരെന്ന് അയാൾ മനസ്സിലാക്കിയിരിക്കുന്ന ദലിത് സമൂഹത്തിൽ നിന്നുള്ള പെൺകുട്ടികൾക്കു നേരെയാണ് സ്വയം രക്ഷാകർതൃബിംബമായി നിന്ന് സിവിക് ചന്ദ്രൻ സഹായ ഹസ്തം നീട്ടുന്നത് എന്ന് അവർ തന്നെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ പൊതു സാഹിത്യ സാംസ്‌ക്കാരിക മണ്ഡലത്തിൽ ദലിത് എഴുത്തുകാരികൾക്ക് സ്വതന്ത്രമായി വളർന്നുവരാൻ പറ്റുന്ന അന്തരീക്ഷം ഇപ്പോഴും കാര്യമായി വികസിച്ചിട്ടില്ല. അതുകൊണ്ട് അത്തരം ഒരിടം എന്ന നിലയിൽ പാഠഭേദത്തേയും സിവിക് ചന്ദ്രന്റെ മുൻകയ്യിൽ നടത്തുന്ന കവിതാ, സാഹിത്യ ക്യാമ്പുകളേയും യുവ എഴുത്തുകാരികൾ, വിശേഷിച്ച് ദലിത് എഴുത്തുകാരികൾ, പ്രതീക്ഷയോടെ കണ്ടിട്ടുണ്ട് എന്നാണ് അതിജീവിതയുമായുള്ള സംസാരത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്. അത്തരം ഒരു വിശ്വാസത്തിലാണ് പുസ്തകം പ്രസിദ്ധീകരിക്കാനും മറ്റുമുള്ള വഴികളെക്കുറിച്ച് സിവിക് ചന്ദ്രന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും തേടുന്നത്, കവിതാ ക്യാമ്പുകളിലും സാഹിത്യ പരിപാടികളിലും അവർ പങ്കെടുക്കുന്നത്.

എന്നാൽ ഈ സഹായങ്ങൾ സ്ത്രീകളുടെ നേർക്ക് തന്റെ ലൈംഗികാധികാരം സ്ഥാപിക്കാനുള്ള ഒരു വഴിയായിട്ടാണ് സിവിക് കണക്കുകൂട്ടി പ്രയോഗിച്ചിരുന്നത് എന്നാണ് ‘ഒറ്റപ്പൈസ ചെലവില്ലാതെ ഞാൻ നിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു തന്നിട്ടുണ്ട്' എന്ന ലൈംഗികമായ പ്രത്യുപകാരം ചോദിക്കുന്നതിൽ നിന്ന് മനസ്സിലാക്കാനാവുന്നത്. സാഹിത്യനേട്ടങ്ങൾക്കുവേണ്ടി സ്ത്രീകൾ തന്റെ ആവശ്യങ്ങളെല്ലാം സമ്മതിക്കുമെന്നോ, ലൈംഗികാവേശത്തോടെയുള്ള കടന്നാക്രമണം നിശ്ശബ്ദമായി സഹിക്കുമെന്നോ, ആരോടും തുറന്നു പറയില്ലെന്നോ വിചാരിച്ചിരിക്കണം. അങ്ങനെ അന്ധമായി വിചാരിക്കണമെങ്കിൽ അതിലൊരു വിശ്വാസബലത്തിന്റെ മുൻ സാധ്യതകളും ഉണ്ടായിരിക്കാം. തീർച്ചയായും ലൈംഗികാക്രമണങ്ങൾക്കെതിരെ നിവൃത്തിയുണ്ടെങ്കിൽ പെൺകുട്ടികൾ, സ്ത്രീകളാരും നമ്മുടെ സമൂഹത്തിൽ പരാതിപ്പെടുകയില്ല. പരാതിപ്പെട്ടുകഴിഞ്ഞാലുള്ള സാമൂഹ്യ, കുടുംബ സദാചാര വിചാരണയും അന്യവൽക്കരണവും അസഹ്യമാം വിധം ഭീകരമാണ്. അതിനാൽ ലൈംഗികാക്രമണം നേരിടേണ്ടിവന്നതിലുള്ള ട്രോമയുമായി സ്വയം ഏറ്റുമുട്ടി ജീവിക്കുകയാണ് കൂടുതൽ ഇരകളും ചെയ്യുന്നത്. ഇപ്പോഴും നീതി തേടാനോ അതിനായി സമൂഹത്തിന്റെ പിന്തുണ തേടാനോ വിശേഷിച്ച് ദലിത് സ്ത്രീകൾക്ക് സാധ്യതകൾ കുറവാണെന്നും സിവിക് ചന്ദ്രന് അയാളുടെ ദീർഘകാല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തന അനുഭവങ്ങൾ കൊണ്ടുതന്നെ അറിയുകയും ചെയ്യാം.

സിവിക് ചന്ദ്രനു നേരെ ഉയരുന്ന ലൈംഗികാക്രമണ പരാതികളിൽ എല്ലാറ്റിലും കാണുന്ന പൊതുസ്വഭാവം, അയാൾ സ്ത്രീകളുടെ കൺസെന്റിൽ തീരെ വിശ്വസിക്കുന്നില്ല എന്നതാണ്. ഇത് പുരുഷൻ എന്ന നിലയിൽ അയാളിൽ എന്നെന്നും പതിയിരുന്നിരിക്കുന്നുവെന്ന് മനസസിലാക്കാനാവുന്ന ക്രിമിനൽ അധികാര സ്ഥാപനത്തിന്റെ ഏറ്റവും വ്യക്തവും പ്രകടവുമായ രൂപമാണ്. സ്ത്രീകളുടെ ശരീരത്തിനുനേർക്ക് പൊതുവിടത്തിൽ വെച്ചു പോലും അപ്രതീക്ഷിതമായ കടന്നാക്രമണമാണ് നടത്തിയിട്ടുള്ളത് എന്നാണ് രണ്ടാമത്തെ കേസിലെ പരാതിയിൽ നിന്ന് മനസ്സിലാകുന്നത്. സിവിക് ചന്ദ്രന്റെ പ്രായം വെച്ചും സാമൂഹ്യനില വെച്ചും അയാളുമായി ആദരവോടെ ഇടപഴകുന്ന സ്ത്രീകൾക്ക് ഇത് തികച്ചും അപ്രതീക്ഷിതമായ ആഘാതമാണ്. ആ ആഘാതം വലിയ മുറിവായി സ്വന്തം ജീവിതത്തെ തളർത്തരുതെന്ന് വിചാരിക്കുന്നതുകൊണ്ടാണ് താൻ ഇപ്പോൾ പരാതി നൽകുന്നത് എന്നാണ് രണ്ടാമത്തെ കേസിലെ പരാതിക്കാരിയായ, എഴുത്തുകാരി കൂടിയായ പെൺകുട്ടി പറയുന്നത്. പ്രായവും ആരോഗ്യവുമൊന്നും ലൈംഗികാക്രമണം നടത്താനുള്ള പുരുഷാധികാരത്തിൽ നിന്ന് ഒരാളെ തടയുന്നില്ല എന്നു കൂടിയാണിപ്പോൾ സൂക്ഷ്മമായി ചർച്ച ചെയ്യപ്പെടുന്നത്. പ്രത്യേകിച്ചും, മുൻകൂർ ജാമ്യമനുവദിച്ചു കൊണ്ടുള്ള കോഴിക്കോട് സെഷൻസ് കോടതിയുടെ ദലിത്, സ്ത്രീവിരുദ്ധമായ ഓർഡറിലൂടെ കടന്നു പോകുമ്പോൾ.​​

കേരളത്തിലെ ഫെമിനിസ്റ്റ് ആശയധാരയിലും സിവിക് ചന്ദ്രൻ വിഷയം വലിയ വിഭാഗീയത ഉണ്ടാക്കിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ആ വിഭാഗീയത കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ ശക്തിപ്പെട്ടു വരുന്ന ഫെമിനിസ്റ്റ് ചിന്തകളെ പ്രതിലോമകരമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ? ഫെമിനിസ്റ്റ് ഫ്രറ്റേണിറ്റി, ഭരണകൂട നയസമീപനങ്ങളെ വരെ അതിശക്തമായി സ്വാധീനിക്കാൻ ശേഷിയുള്ളതായി നിൽക്കുന്ന സമയത്ത് വിഭാഗീയതയെ ഏത് തരത്തിലാണ് സമീപിക്കേണ്ടത്? നേരിടേണ്ടത്?

അതിജീവിതയായ സ്ത്രീയെ പിന്തുണച്ചും എഴുത്തുകാരിയായ മറ്റൊരു ദലിത് സ്ത്രീ സിവിക് ചന്ദ്രനിൽനിന്ന് നേരിട്ട ലൈംഗിക കയ്യേറ്റത്തെ കുറിച്ച് നേരിട്ട് എന്നോട് പറഞ്ഞ കാര്യങ്ങൾ സൂചിപ്പിച്ചും ഫേസ്ബുക്കിലിട്ട എന്റെ ഒരു പോസ്റ്റിൽ പാഠഭേദം എഡിറ്ററും ദലിത് ഫെമിനിസ്റ്റുമായ മൃദുലാദേവി രൂക്ഷമായി പ്രതികരിച്ചു. ഞാൻ മാപ്പു പറയണമെന്നും ഇല്ലെങ്കിൽ എന്റെ വീടിനുമുന്നിൽ വന്ന് മരണം വരെ നിരാഹാരം കിടക്കുമെന്നും അവരുടെ നിരപരാധിത്വം തെളിയിക്കുമെന്നും പറഞ്ഞാണ് പ്രതികരിച്ചത്. അതുവരേയും ഞാൻ പുതിയ നോവൽ എഴുതിത്തീർക്കുന്നതിന്റെ ലോകത്തു മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. പക്ഷേ ഈ പ്രതികരണത്തോടെ, സത്യവും നീതിയും അതിജീവിതകളുടെ ഭാഗത്താണെന്ന് ബോധ്യമുള്ളതുകൊണ്ട് ഞാൻ തൽക്കാലം എഴുത്ത്​ നിർത്തിവെച്ച് ഈ കേസിന്റെ കൂടെ അതിജീവിതമാർക്കൊപ്പം പരസ്യമായി നിൽക്കാൻ നിർബ്ബന്ധിക്കപ്പെട്ടു. A യുമായി കൂടുതൽ സംസാരിച്ചപ്പോൾ അവരുടെ പരാതിയിലെ സാഹചര്യങ്ങളും വ്യക്തതയും പാഠഭേദം ഐ. സി. സിയിൽ നടന്ന കാര്യങ്ങളും സൂക്ഷ്മമായി മനസ്സിലായി. അങ്ങനെയാണ് ഞങ്ങൾ കുറച്ചുപേരുടെ മുൻകയ്യിൽ അതിജീവിതയ്ക്കു വേണ്ടിയുള്ള ഒരു ഐക്യദാർഢ്യ കൂട്ടായ്മ പെട്ടെന്ന് രൂപപ്പെടുന്നത്. ദലിത് സ്ത്രീകളുടെ പ്രശ്നങ്ങളിൽ ദലിതുകളല്ലാത്ത സ്ത്രീകളുടെ മുൻകൈയുണ്ടാകുന്നത് സ്വാഭാവികമായും സംശയിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സ്വത്വരാഷ്ട്രീയ പരിസരം കേരളത്തിലും നിലനിൽക്കുന്നുണ്ട്. ആദ്യം മറികടക്കേണ്ടിയിരുന്നത് ആ വെല്ലുവിളിയെ ആയിരുന്നു. അതിജീവിത അക്കാര്യത്തിൽ വളരെ കൃത്യമായ രാഷ്ട്രീയബോധ്യമുള്ള സ്ത്രീയായതിനാൽ ഈ കേസിൽ ജാതി മാത്രമല്ല, സ്ത്രീ എന്ന നിലയിലുള്ള സ്വത്വത്തെക്കൂടി ഉൾക്കൊണ്ട്​എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകൾ കൂട്ടായി നിൽക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചു. അങ്ങനെ അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടത്തിനുവേണ്ടി ദലിത് സ്ത്രീകളുടേയും ദലിത് സമൂഹത്തിൽ നിന്ന് അല്ലാത്ത സ്ത്രീകളുടേയും ഒരുമിച്ചുള്ള സ്നേഹപൂർണ്ണമായ കൂട്ടായ ചർച്ചകളും പ്രവർത്തനങ്ങളും തുടങ്ങുകയും ആദ്യത്തെ പൊതു പ്രസ്താവനയ്ക്കായുള്ള ഒപ്പു ശേഖരിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. കേസിൽ SC/ST പീഡന വകുപ്പു കൂടിയുള്ളതുകൊണ്ട് സിവികിന് മുൻകൂർ ജാമ്യം തേടിയേ പറ്റൂ. അതുവരെയുള്ള അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോയിരിക്കുന്ന സിവികിനെ അറസ്റ്റ് ചെയ്യണം എന്ന് മറ്റെല്ലാ ലൈംഗിക പീഡന കേസുകളിലും ആവശ്യമുയർത്തുന്നതു പോലെ ഈ കേസിലും പ്രാഥമികമായ ആവശ്യം ഉയർത്തിയായിരുന്നു ഒപ്പു ശേഖരിച്ചത്.

ഏതാണ്ട് ഈ സമയത്താണ്, സിവിക് ചന്ദ്രനെതിരെ പരാതിപ്പെട്ട അതിജീവിതയുടെ വാക്കുകൾ വിശ്വസിക്കില്ലെന്നും സി.പി.എം വിരുദ്ധനായതു കൊണ്ട് ഈ കേസ് സി.പി.എം ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു എന്നും കേസ് തെളിയുന്നതു വരെ സിവിക് ചന്ദ്രനെ തള്ളിപ്പറയില്ല എന്നും ഫെമിനിസ്റ്റ് ചരിത്രകാരിയായ ജെ. ദേവികയുടെ പ്രതികരണം ഫേസ്ബുക്കിൽ കണ്ടത്. ഇതിനു മുമ്പ് മീ റ്റൂ നടത്തിയിട്ടുള്ള മറ്റു അതിജീവിതമാരുടേയും സിവികിനെതിരെ പരാതി നൽകിയ അതിജീവിതയുടേയും മീ റ്റൂ പ്രസ്താവനകളിലെ രീതിയിലുള്ള വ്യത്യാസമാണ് സിവിക്കിനെ തള്ളിപ്പറയാത്തതിന്റെ കാരണമായി ദേവിക പറഞ്ഞത്. ഒറ്റനോട്ടത്തിൽ തന്നെ സ്ത്രീവിരുദ്ധതയുടേയും ദലിത് വിരുദ്ധതയുടെയും സമ്പൂർണ്ണമായ ലിംഗനീതിനിഷേധത്തിന്റേയും ആത്മഹത്യാപരമായ നിലപാടാണിത്.

എന്തുകൊണ്ട് ദേവികക്ക് അങ്ങനെ സംശയിക്കാൻ കഴിയുന്നു എന്നത് വിശകലനം ചെയ്തുകൊണ്ട് അതിജീവിത തന്നെ ഒരു കുറിപ്പിലുടെ അതിനെ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. എന്നിട്ടും ദേവിക ആ വാദം തുടർന്നത് അതിജീവിതയുടെ, ഒരു ദലിത് സ്ത്രീയുടെ, ബൗദ്ധികമായ വാദമുഖങ്ങളെ കേൾക്കാൻ പോലും തയ്യാറല്ലാത്തതുകൊണ്ടു കൂടിയാണ്. യഥാർത്ഥത്തിൽ ഈ കേസിനു പിന്നിൽ സി. പി. എം അജണ്ട ഇല്ല എന്നത് എല്ലാവർക്കും വ്യക്തമാണ്. എന്നിട്ടും അത്തരമൊരു വ്യാജ ആരോപണം ഉയർത്തുന്നത് അതിജീവിതയ്ക്കു കിട്ടുന്ന നിരുപാധികമായ പിന്തുണയെ തകർക്കാനാണ് എന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്. ദലിത് സ്ത്രീ പറയുന്ന വാക്കുകളെ വിശ്വസിക്കാതിരിക്കുക എന്നത് പ്രബലമായ സവർണ്ണ അധികാര തന്ത്രം കൂടിയായിട്ടാണ് അതിജീവിതയടക്കം ചൂണ്ടിക്കാണിച്ചത്. പിന്നീട് ദേവിക ഉയർത്തിയ വിമർശനം സൈദ്ധാന്തികമാണെന്ന് തോന്നും വിധത്തിലാണ് അവതരിപ്പിച്ചത്. കേസും പോലീസും അറസ്റ്റും കോടതിയും ജയിൽവാസവും ആവശ്യപ്പെടുന്ന സമരം carceral ഫെമിനിസം ആണെന്നും അത് പിന്തിരിപ്പനും ഭരണകൂടത്തിന്റെ അക്രമാസക്തിക്ക് കരുത്തു പകരുന്നതുമാണെന്നും ഇത്തരം കേസുകൾ നിയമസംവിധാനത്തിനുപുറത്ത് തീർപ്പു കൽപ്പിക്കണമെന്നുമുള്ള വാദം ഉയർത്തി. ഇത് ഇന്ന് ഫെമിനിസ്റ്റ് വ്യവഹാരത്തിലുള്ള ഒരു വാദമാണ്. വിപ്ലവകരമെന്നു തോന്നിപ്പിക്കാവുന്ന വിധം ഈ വാദമുയർത്തുകയും അതിജീവിതയേയും അവർക്കൊപ്പം നിൽക്കുന്നവരേയും അധിക്ഷേപിക്കുകയും ചെയ്യുന്ന വലിയ ആക്രമണോത്സുകതയാണ് കണ്ടത്. ആ ഘട്ടത്തിലാണ് ഫെമിനിസ്റ്റ് സൈദ്ധാന്തികയും ചെന്നൈ ഐ. ഐ. ടിയിലെ പ്രൊഫസറുമായ ബിനിത തമ്പി ജെ. ദേവികയുടെ ആരോപണങ്ങളെ പ്രതിരോധിച്ച്​ലേഖനമെഴുതിയത്.

യഥാർത്ഥത്തിൽ കേരളത്തിലെ ബഹുമുഖമായ വൈവിദ്ധ്യാത്മകമായ ഫെമിനിസത്തിന്റെ പ്രതിനിധികൾ അതിജീവിതമാരുടെ ഒപ്പം ഒന്നിച്ചു വന്ന സമയത്ത് ദേവിക ഉയർത്തിയ വിയോജിപ്പുകൾക്കും എതിർപ്പുകൾക്കും സൈദ്ധാന്തിക പിൻബലമില്ല എന്നത് വ്യക്തമായിക്കഴിഞ്ഞിട്ടുള്ള സാഹചര്യമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. വ്യക്തിപരമായ സ്നേഹത്തിന്റേയും പരിഗണനയുടേയും പക്ഷത്തുനിന്നുകൊണ്ട്, സിവിക് ചന്ദ്രനൊപ്പം നിന്നുകൊണ്ട്, അതിജീവിതയേയും അതിജീവിതയ്ക്കൊപ്പമുള്ളവരേയും എതിർക്കുയാണ് ദേവിക ചെയ്തത് എന്നത്, കെ. സച്ചിദാനന്ദൻ പ്രസ്താവനയിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് അവർ തമ്മിൽ നടത്തിയ ആശയവിനിമയത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവിടാൻ നിർബ്ബന്ധിതമായതോടെ എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ വ്യക്തി താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഫെമിനിസത്തിൽ വിള്ളലുണ്ടാക്കാനുള്ള ആ ശ്രമങ്ങൾ പരാജയപ്പെട്ടു എന്നാണ് ഞാൻ വിലയിരുത്തുന്നത്.

പക്ഷേ ഇതിനിടയിൽ ഈ കേസിൽ സംഭവിച്ച കാര്യങ്ങൾ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്ത ഫെമിനിസ്റ്റുകൾ നടുങ്ങുകയും വിഷമിക്കുകയും ചെയ്ത ശ്രദ്ധേയമായൊരു യാഥാർത്ഥ്യമുണ്ട്. യഥാർത്ഥത്തിൽ കേരളത്തിലെ ഫെമിനിസം നേരിടുന്ന പ്രധാന വെല്ലുവിളി അതാണ്. സിവിക് ചന്ദ്രൻ തനിക്കു നേരെ നടത്തിയ ലൈംഗിക കുറ്റകൃത്യത്തെക്കുറിച്ച് അതിജീവിത ആദ്യം നടത്തിയ പരാതിയെത്തുടർന്ന് പാഠഭേദം മുൻകൈ എടുത്ത് രൂപീകരിച്ച ഐ. സി. സിയെ സംബന്ധിച്ചും അതിൽ നടന്ന കാര്യങ്ങളെക്കുറിച്ചും അതിജീവിത തുറന്ന് എഴുതുമ്പോൾ കേരളത്തിലെ ഫെമിനിസ്റ്റുകൾ അത് ഗൗരവത്തോടെ ചർച്ച ചെയ്യുകയും പ്രസ്തുത നിയമത്തിന്റെ നീതിപൂർവ്വകമായ ഇടപെടലുകൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ തലത്തിൽനിന്നുണ്ടാകണമെന്ന് കൂട്ടായി ആവശ്യപ്പെടുകയും ചെയ്യേണ്ടിവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിജീവിത പറയുന്നത്, അതേക്കുറിച്ച് ഇപ്പോൾ എഴുതിയാൽ ഇനിയൊരു സ്ത്രീയും പരാതിയുമായി മുന്നോട്ടു വരില്ല എന്ന് താൻ ഭയപ്പെടുന്നു എന്നാണ്.

നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഒരു ഐ. സി. സി അല്ല പാഠഭേദത്തിന്റെ ഉള്ളിൽ രൂപീകരിക്കപ്പെട്ടത്. മാത്രമല്ല, അതിലെ അംഗങ്ങളായിരുന്ന പി. ഇ. ഉഷ, മൃദുലാദേവി, ഡോ. ഖദീജ മുംതാസ് എന്നീ മൂന്നു പേരും സ്ത്രീനീതിക്കുവേണ്ടി നിലകൊള്ളുന്നവരാണെന്ന അതുവരെയുള്ള വിശ്വാസം പാടേ തകർക്കുന്ന പരിഹാര നിർദ്ദേശങ്ങളാണ് ഐ. സി. സിയുടെ ഭാഗത്തു നിന്നുണ്ടായത്. പരാതിക്കാരിയുടേയും പാഠഭേദം ടീമിന്റേയും മുന്നിൽ വെച്ച് സിവിക് ചന്ദ്രൻ മാപ്പു പറഞ്ഞാൽ മതിയാവും എന്നാണ് ഐ. സി. സിയുടെ തീരുമാനമായി വന്നത്. നിയമപരമായി ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്തില്ലെന്ന് മാത്രമല്ല, നിയമവിരുദ്ധമായ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്തു എന്നത് ഗൗരവത്തോടെ കാണണം. അത്തരം കാര്യങ്ങൾ നിയമപരമായിത്തന്നെ ഉന്നയിക്കപ്പെടണം. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകുന്ന ഓർഡറിൽ ജഡ്ജി എടുത്തുപറയുന്ന ഒരു കാര്യം, മൂന്നു സ്ത്രീകൾ അന്വേഷിച്ച കേസിൽ പ്രതി കുറ്റക്കാരനല്ല എന്നു കണ്ടെത്തിയിട്ടുണ്ട് എന്നതാണ. അതാണ് അതിനുള്ള ഗൗരവതരമായ പശ്ചാത്തലം.

കെ. സച്ചിദാനന്ദൻ
കെ. സച്ചിദാനന്ദൻ

അക്കാദമിക് ഫെമിനിസ്റ്റ് ആയ ജെ. ദേവിക ആശയപരമായ വ്യക്തതയില്ലാതെയാണ് സ്വയം carceral ഫെമിനിസ്റ്റല്ല എന്നും അതിജീവിതക്കൊപ്പമുള്ളവർ carceral ഫെമിനിസ്റ്റുകളാണ് എന്നും കേരളത്തിലെ ഫെമിനിസത്തെ രണ്ടു തട്ടാക്കി തിരിക്കാൻ ശ്രമിക്കുന്നത്. ജെ. ദേവിക, വി. കെ. കൃഷ്ണമേനോൻ കോളേജിലെ ഒരു അദ്ധ്യാപകനെതിരെ പോലീസ് കേസ് കൊടുത്തത് എന്തുകൊണ്ടായിരുന്നു? മൃദുലാദേവി വിനായകനെതിരെയുള്ള മീറ്റൂ കേസ് പോലീസ് കേസാക്കിയത് എന്തിനായിരുന്നു? ബസിൽ നടന്ന ലൈംഗിക പീഡനത്തെത്തുടർന്ന് കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ലൈംഗികാപവാദം പ്രചരിപ്പിച്ച ഒരു ജീവനക്കാരനെതിരെ ദീർഘകാലം പി. ഇ. ഉഷ പോലീസ് കേസും കോടതിയുമായി നടന്നതെന്തിനായിരുന്നു? ഉഷയ്ക്കൊപ്പം അന്നത്തെ ഫെമിനിസ്റ്റ് സംഘടനകൾ കൂടിയായിരുന്നു ആ സമരം പൊതു സമൂഹത്തിനു മുന്നിൽ സജീവമാക്കിയത്. ഇവിടെ സിവിക് ചന്ദ്രനെതിരെ നൽകിയ പരാതി എടുത്ത ഐ. സി. സി, നിയമത്തെ അട്ടിമറിച്ചതുകൊണ്ടു മാത്രമാണ് അതിജീവിതക്ക് കേസ് കൊടുക്കേണ്ടിവന്നത്. ഇനിയിപ്പോൾ അതു പിൻവലിച്ച്, പരാതി നൽകിയത് ഒരു ദലിത് സ്ത്രീ ആണെന്നതുകൊണ്ട്, അവരുടെ കേസ് ഖാപ് പഞ്ചായത്തു പോലെയുള്ള ഒരു സംവിധാനത്തിൽ തീർപ്പു കല്പിക്കാം എന്നാണോ ഉദ്ദേശിക്കുന്നത്! മനസ്സിലാവുന്നില്ല. നീതി തേടി ജനാധിപത്യപരമായ നിയമസംവിധാനങ്ങളെ ആശ്രയിക്കാനേ ഇപ്പോൾ അതിജീവിതയ്ക്ക് എന്തായാലും നിർവ്വാഹമുള്ളു.

കേരളത്തിൽ ഇപ്പോൾ പ്രത്യക്ഷത്തിൽ കാണുന്ന ഫെമിനിസ്റ്റ് വിഭാഗീയത രാഷട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുള്ളതല്ല, മറിച്ച് വ്യക്തിപരമായ താല്പര്യങ്ങളുടെ പേരിലുള്ളതാണ്. പ്രത്യക്ഷത്തിൽ ഫെമിനിസ്റ്റ് സിസ്റ്റർ ഹുഡിൽ വിള്ളൽ വീണു എന്നുതോന്നാമെങ്കിലും ഈ സന്ദർഭത്തിൽ അത് അനിവാര്യമായ ഒന്നാണെന്ന് എനിക്കു തോന്നുന്നു. അതേസമയം ഫെമിനിസത്തിലെ മറ്റൊരനിവാര്യതയായ ഇന്റർ സെക്ഷണാലിറ്റി അനുഭവിക്കാനാവും വിധം ഒരു പുതിയ ചലനം അതിജീവിതക്കൊപ്പം നിൽക്കുന്ന കൂട്ടായ്മയിൽ കാണാനാവുന്നുന്നുണ്ട്. ആ ചലനം വിജയകരമായി മുന്നോട്ടു പോവുകയാണെങ്കിൽ കേരളത്തിലെ ഫെമിനിസത്തിൽ അതൊരു നിർണ്ണായകമായ ഒരു വഴിത്തിരിവായിരിക്കും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.എസ്. ചന്ദ്രിക

കഥാകൃത്ത്, നോവലിസ്റ്റ്, സ്ത്രീപക്ഷ പ്രവർത്തക. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ കമ്യൂണിറ്റി അഗ്രോ ഡൈവേർസിറ്റി കേന്ദ്രത്തിൽ സീനിയർ സയന്റിസ്റ്റ്. പിറ, എന്റെ പച്ചക്കരിമ്പേ ക്ലെപ്റ്റോമാനിയ, ഭൂമിയുടെ പതാക, ലേഡീസ് കമ്പാർട്ട്മെന്റ്, റോസ, പ്രണയകാമസൂത്രം - ആയിരം ഉമ്മകൾ, ആർത്തവമുള്ള സ്ത്രീകൾ, മലയാള ഫെമിനിസം, കേരളത്തിന്റെ സ്ത്രീചരിത്രങ്ങൾ : സ്ത്രീമുന്നേറ്റങ്ങൾ, കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം, കെ. സരസ്വതിയമ്മ എന്നിവ പ്രധാന കൃതികൾ.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments