ഉമ്മുൽ ഫായിസ

സാമൂഹിക മാധ്യമങ്ങളും
അധികാരത്തിന്റെ കുമ്പസാരക്കൂടുകളും

അടിസ്ഥാനപരമായി ഒരു ക്രൈസ്തവ ഇടയ രാഷ്ട്രീയത്തിന്റെ വിപുലീകരണമാണ് പുതിയ കാലത്തെ സാമൂഹികമാധ്യമ രാഷ്ട്രീയം. ഒരു പുതിയ ഇടയ അധികാരമായി അത് മാറുന്നു.

സാമൂഹികമാധ്യമങ്ങളുടെ കാലഘട്ടത്തിൽ ജനാധിപത്യം, രാഷ്ട്രീയ തിരഞ്ഞെടുപ്പ്, ജനങ്ങളുടെ നിർവഹണാധികാരം ഇവയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന പ്രശ്‌നം അതിന്റെ ഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയടക്കമുള്ള വിവിധ മതേതര/ദേശീയ സമൂഹങ്ങളിലെ ജനാധിപത്യത്തിന്റെ സമഗ്രാധിപത്യ വ്യതിയാനങ്ങൾ ചർച്ചചെയ്യുമ്പോൾ തന്നെ സാമൂഹികമാധ്യമങ്ങളുടെ രാഷ്ട്രീയസ്വഭാവത്തെ വിലയിരുത്തുന്ന അന്വേഷണങ്ങൾ ഉന്നയിക്കുന്ന ചില പുതുപ്രശ്‌നങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. പുതിയകാല രാഷ്ട്രീയത്തിന്റെ പ്രത്യേകതകൾ അനാവരണം ചെയ്യുന്ന ഈ ശ്രമങ്ങൾ ഇന്നത്തെ സാമൂഹികമാധ്യമ ജീവിതത്തിന്റെ രാഷ്ട്രീയമായ പ്രത്യേകതകൾ കൂടുതൽ വ്യക്തമായി പഠിക്കാൻ സഹായകമാവുന്നുണ്ട്.

ജനജീവിതത്തിന്റെ പ്രത്യേകതകൾ ബാഹ്യവൽക്കരിക്കുന്ന കാഴ്ചപ്പാടും അതിന്റെ വിമർശനമായി വികസിക്കുന്ന ജനജീവിതത്തിന്റെ നിർവഹണശേഷിയിലൂന്നിയ മറ്റൊരു കാഴ്ചപ്പാടും ഈ ചർച്ചയുടെ ഭാഗമാണ്. ഈ രണ്ടു സമീപനങ്ങളുടെയും ശക്തി- ദൗർബല്യങ്ങൾ സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകളെക്കുറിച്ച് പഠിക്കുന്നവർ കൂടുതലായി ചർച്ച ചെയ്യേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് ജനങ്ങളുടെ പെരുമാറ്റത്തിന് കൈവന്ന ദൈവശാസ്ത്ര സ്വഭാവത്തെ മനസ്സിലാക്കാൻ ഏറെ പ്രയാസമാണ്. സ്വന്തം ഇച്ഛയും അഭിലാഷവും പ്രകടിപ്പിക്കാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്ന വഴികളുടെ സ്വഭാവം ഏറെ സങ്കീർണമാണ്.

ഭരണകൂടവുമായി ബന്ധപ്പെട്ടും രാഷ്ട്രീയവുമായി ബന്ധപ്പെട്ടും എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത് എന്നറിയാനുള്ള കഴിവില്ലാത്തവരാണ് പൊതുജനം. സാമൂഹികമാധ്യമങ്ങളുടെ കാലത്താവട്ടെ ഈ പ്രവണത ഏറെ ശക്തിയാർജിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമ കാലത്തെ ജനാധിപത്യം

ജനാധിപത്യത്തിന്റെ പുതിയ മാറ്റങ്ങളെ വിലയിരുത്തുന്ന പ്രധാനപ്പെട്ട ഒരു പഠനമാണ്, ക്രിസ്റ്റഫർ എച്ച്. എകെനും ലാറി ബാര്റ്റൽസും ചേർന്നെഴുതിയ Democracy for Realists: Why Elections Do Not Produce Responsive Government (2016). ജനാധിപത്യത്തെക്കുറിച്ചുള്ള വളരെ ലളിതമായ ഒരു ധാരണയെ ചെറുക്കാനാണ് ഈ പഠനം എഴുതിയിരിക്കുന്നത്. ഫോക് തിയറി ഓഫ് ഡെമോക്രസി എന്ന സിദ്ധാന്ത പ്രകാരം, ജനാധിപത്യമെന്ന് പറയുന്നത് ജനങ്ങൾ അവരുടെ പൗരബോധത്താൽ അവർക്കാവശ്യമുള്ള ജനപ്രതിനിധികളെ, അവരുടെ ഉത്തമതാൽപര്യം മുൻനിർത്തി, തിരഞ്ഞെടുക്കുന്നുവെന്നാണ്. ഇതുപ്രകാരം ജനാധിപത്യം ജനങ്ങളുടെ ഇച്ഛ ഉയർത്തിപ്പിടിക്കുന്നു. മാത്രമല്ല ജനങ്ങളുടെ വിവേകത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന ഒരു സംവിധാനമാണത്. ഓരോ തിരഞ്ഞെടുപ്പിലും ജനങ്ങൾ തങ്ങളുടെ ഭാവിഭരണകൂടത്തെ തിരഞ്ഞെടുക്കുകയും കഴിഞ്ഞു പോയ ഭരണകൂടത്തെ വിചാരണ നടത്തുകയും ചെയ്യുന്നു. ഈ രണ്ട് അടിസ്ഥാനങ്ങളിൽ നിന്നുകൊണ്ട് ജനങ്ങൾ അവരുടെ തീരുമാനാധികാരത്തെയും അഭിലാഷത്തെയും നടപ്പിലാക്കുന്ന ഒരു മൂല്യവ്യവസ്ഥയായിട്ടാണ് ജനാധിപത്യത്തെ മനസ്സിലാക്കേണ്ടത്.

അമേരിക്കൻ ഗണിതശാസ്​ത്രജ്​ഞയും ഡാറ്റ സയൻറിസ്​റ്റുമായ കാതി ഒനീൽ. സോഷ്യൽ മീഡിയ  കാലഘട്ടം ജനാധിപത്യത്തിന്റെ തന്നെ ഘടനയ്ക്ക് മാറ്റം വരുത്തുന്നുവെന്ന് അവർ എഴുതി
അമേരിക്കൻ ഗണിതശാസ്​ത്രജ്​ഞയും ഡാറ്റ സയൻറിസ്​റ്റുമായ കാതി ഒനീൽ. സോഷ്യൽ മീഡിയ കാലഘട്ടം ജനാധിപത്യത്തിന്റെ തന്നെ ഘടനയ്ക്ക് മാറ്റം വരുത്തുന്നുവെന്ന് അവർ എഴുതി

നേരെ അപ്പുറത്ത്, ഡെമോക്രസി ഫോർ റിയലിസ്റ്റ് എന്ന സമീപനം ഫോക് തിയറി ഓഫ് ഡെമോക്രസിയെ നിരാകരിക്കുകയാണ് ചെയ്യുന്നത്. കാരണം വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അവരെ താങ്ങിനിർത്തുന്ന അധികാരകേന്ദ്രങ്ങൾക്കും പലപ്പോഴും ജനങ്ങളെ പല രീതിയിൽ നയിക്കാനും സ്വാധീനിക്കാനും കഴിയുന്നു. ഭരണകൂടങ്ങൾക്കും, കോർപ്പറേറ്റ് ശക്തികൾക്കും അവയുടെ ഉപഗ്രഹങ്ങളായ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും ജനങ്ങളുടെ ആഗ്രഹങ്ങളെ, താൽപര്യങ്ങളെ, അഭിലാഷങ്ങളെ സവിശേഷമായ രീതിയിൽ നിർമിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നു വരുന്നു. അതുകൊണ്ടുതന്നെ ഭരണകൂടവുമായി ബന്ധപ്പെട്ടും രാഷ്ട്രീയവുമായി ബന്ധപ്പെട്ടും എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത് എന്നറിയാനുള്ള കഴിവില്ലാത്തവരാണ് പൊതുജനം. സാമൂഹികമാധ്യമങ്ങളുടെ കാലത്താവട്ടെ ഈ പ്രവണത ഏറെ ശക്തിയാർജിച്ചിട്ടുണ്ട്. വേറൊരു രീതിയിൽ വിശദീകരിച്ചാൽ ആധുനികപൗരനും വോട്ടർക്കും അതിസങ്കീർണമായ ഭരണകൂട വ്യവസ്ഥയിലും, വിപണിമുതലാളിത്തത്തിൽ അധിഷ്ഠിതമായ സാമൂഹിക -രാഷ്ട്രീയ വ്യവസ്ഥയിലും, സ്വന്തം രാഷ്ട്രീയ താൽപര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സമയം പോലുമില്ല. ജനങ്ങളെക്കൊണ്ട് വ്യത്യസ്ത തരത്തിലുള്ള തീരുമാനങ്ങളെടുപ്പിക്കുന്നതിൽ ബാഹ്യശക്തികൾക്ക് ധാരാളം പങ്കുണ്ടെന്നും ഈ പഠനം കരുതുന്നു. ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങളെ നിരന്തരം പുനക്രമീകരിച്ചും പുനർനിർമിച്ചും കൊണ്ടുള്ള രാഷ്ട്രീയ വ്യവസ്ഥ ശക്തിപ്പെടുന്നു. സ്വാതന്ത്ര്യം, വിമോചനം ഇവയെക്കുറിച്ചുള്ള ജനങ്ങളുടെ സങ്കൽപത്തെ തകിടം മറിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയായി ഇന്നത്തെ സൈബർയുഗം മാറിയിരിക്കുന്നു.

ഇന്ത്യയിൽ അടക്കം ജനാധിപത്യം ഭൂരിപക്ഷവാദമാവുന്നതിന്റെ കാരണങ്ങൾ ജനാധിപത്യത്തിന്റെ സോഷ്യൽ മീഡിയ കാലഘട്ടത്തിന്റെ പ്രതിനിധാനവുമായി ബന്ധപ്പെടുത്തിക്കൂടി വിലയിരുത്തേണ്ടതുണ്ട്.

എന്നാൽ റിയലിസ്റ്റ് സമീപനവും ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ സൂക്ഷ്മമായല്ല വായിക്കുന്നത്. ജനാധിപത്യവ്യവസ്ഥയിൽ നടക്കുന്ന മാറ്റങ്ങൾ വിശകലന വിദഗ്ധരെയും ഗവേഷകരെയും സംബന്ധിച്ച് ഇതിലേറെ വിഷമം പിടിച്ചതാണ്. ഉദാഹരണമായി, ഒരു ദേശരാഷ്ട്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ എത്ര നന്നായി ജനസേവനം കാഴ്ചവെച്ചാലും, അത് ജനങ്ങളെ സ്വാധീനിക്കണമെന്നില്ല. ഈ ഒരു പ്രതിഭാസത്തെ വിളിക്കുന്നത് ‘ബ്ലൈൻഡ് റെട്രോസ്‌പെക്ഷൻ’ എന്നാണ്. ഉദാഹരണമായി, ആരോഗ്യ അടിയന്തിരാവസ്ഥ, അനിയന്ത്രിതമായ തരത്തിലുള്ള വെള്ളപ്പൊക്കം പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയെല്ലാം ചിലപ്പോൾ ഒരു സർക്കാരിന് നേരിടേണ്ടി വരും. ഈ അവസരത്തിൽ എത്ര മികച്ച സേവനം കാഴ്ച്ചവെച്ച ഭരണകൂടവും അടുത്ത തിരഞ്ഞെടുപ്പിൽ പിന്തള്ളപ്പെട്ടുപോവാൻ സാധ്യതയുണ്ട്. ചില സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാത്ത ഭരണകൂടങ്ങൾക്ക് അധികാരത്തിൽ തുടരാനും കഴിയുന്നു. ജനങ്ങളുടെ തിരഞ്ഞെടുപ്പിലെ ഈ അനിശ്ചിതാവസ്ഥയെയാണ് ‘ബ്ലൈൻഡ് റെട്രോസ്‌പെക്ഷൻ’ എന്ന സമീപനം കണക്കിലെടുക്കുന്നത്. കാരണം, ജനങ്ങളെപ്പോലെതന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അവരുൾപ്പെട്ട സാഹചര്യത്തെ നിയന്ത്രിക്കാനുള്ള ശേഷിയില്ലെന്നും ജനത്തിന്റെ ആഗ്രഹാഭിലാഷങ്ങൾ വഴുക്കുന്ന ജീവിതാവസ്ഥയുടെ പ്രകടനമാണെന്നും ഇതിലൂടെ മനസ്സിലാവുന്നു. ജനങ്ങളുടെ ആന്തരികതയിലാണ് അനിശ്ചിതത്വം ഉള്ളതെന്നും റിയലിസ്റ്റ് സമീപനം കരുതുന്നതുപോലെ എല്ലാം നിയന്ത്രിക്കുന്ന ഒരു ബാഹ്യശക്തിയുടെ സ്വാധീനം അല്ല പ്രധാനമെന്നും വരുന്നു.

സോഷ്യൽ മീഡിയ കാലഘട്ടം ജനാധിപത്യത്തിന്റെ തന്നെ ഘടനയ്ക്ക് മാറ്റം വരുത്തുന്നുവെന്ന് കാതി ഒനീൽ (Weapons of Math Destruction: How Big Data Increases Inequality and Threatens Democracy-2017 എന്ന പുസ്തകം) ഇത്തരം അന്വേഷണങ്ങളുടെ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ജനാധിപത്യം ക്വാണ്ടിറ്റി അഥവാ അളവിനെ പ്രധാനമാക്കുന്ന തരത്തിൽ മാറിക്കൊണ്ടിരിക്കുന്നു. അളവിന് പ്രാധാന്യം കൊടുക്കുന്നതിലൂടെ ജനങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ സാധ്യതകൾ ഇല്ലാതാവുകയും, ജനങ്ങളെ കൂട്ടമായി സ്വാധീനിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ, പ്രത്യേക തരത്തിലുള്ള അൽഗോരിതങ്ങളിലൂടെ സാധിച്ചെടുക്കുകയും ചെയ്യുന്നു. ലോകവ്യാപകമായി തന്നെ ഈ മാറ്റം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് ദേശരാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങളെയാണ്. അതുകൊണ്ടുതന്നെ ലോകത്തെ പ്രധാനപ്പെട്ട മതേതര ലിബറൽ ദേശരാഷ്ട്രങ്ങളിൽ ന്യൂനപക്ഷാവകാശങ്ങൾ ഘട്ടംഘട്ടമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. ഇന്ത്യയിൽ അടക്കം ജനാധിപത്യം ഭൂരിപക്ഷവാദമാവുന്നതിന്റെ കാരണങ്ങൾ ജനാധിപത്യത്തിന്റെ സോഷ്യൽ മീഡിയ കാലഘട്ടത്തിന്റെ പ്രതിനിധാനവുമായി ബന്ധപ്പെടുത്തിക്കൂടി വിലയിരുത്തേണ്ടതുണ്ട്. എന്നാൽ സ്ഥാപനങ്ങൾ, അധികാര കേന്ദ്രങ്ങൾ ഇവയുമായി ബന്ധപ്പെട്ട് പുതിയ കാല ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുന്ന ഈ അന്വേഷണങ്ങൾ ജനങ്ങളുടെ അധികാരവുമായുള്ള ഇടപാടിനെ വിശദീകരിക്കാൻ പാടുപെടുന്നുണ്ട്.

​സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ജനങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ സാധ്യതകൾ ഇല്ലാതാവുകയും, ജനങ്ങളെ കൂട്ടമായി സ്വാധീനിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ, പ്രത്യേക തരത്തിലുള്ള അൽഗോരിതങ്ങളിലൂടെ സാധിച്ചെടുക്കുകയും ചെയ്യുന്നു.
​സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ജനങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ സാധ്യതകൾ ഇല്ലാതാവുകയും, ജനങ്ങളെ കൂട്ടമായി സ്വാധീനിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ, പ്രത്യേക തരത്തിലുള്ള അൽഗോരിതങ്ങളിലൂടെ സാധിച്ചെടുക്കുകയും ചെയ്യുന്നു.

സോഷ്യൽമീഡിയ കാലത്തെ കമ്പ്യൂട്ടറൈസ്ഡ് അൽഗോരിതം തന്നെ ഓരോ വ്യക്തിയെക്കുറിച്ചുമുള്ള ഡാറ്റകളാണ്. ഒരു വ്യക്തി ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ (ഒരു കുമ്പസാര രഹസ്യം പോലെ ) എടുത്ത് മനസ്സിലാക്കുകയും അങ്ങനെ ആ വ്യക്തിക്ക് യോജിച്ച പ്രൊഫൈൽ തയ്യാറാക്കി അയാൾക്കുതന്നെ തിരിച്ചു നൽകുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇതിലൂടെ വ്യക്തിയുടെ പുതിയൊരു ആധുനിക കുമ്പസാരാധികാരം വികസിക്കുന്നു. കുമ്പസാരത്തിലൂടെ മോക്ഷം ലഭിക്കുന്നതുപോലെ ആധുനിക മതേതരക്രമത്തിൽ അതിലൂടെ വ്യക്തിക്കാവശ്യമുള്ള ഭൗതിക ഉൽപന്നങ്ങൾ നിർദേശിക്കുകയും ആ വ്യക്തിക്ക് ആവശ്യമുള്ള രാഷ്ട്രീയ തിരെഞ്ഞെടുപ്പുകൾ വരെ നടത്തുകയും ചെയ്യാൻ സാമൂഹിക മാധ്യമങ്ങൾക്ക് ഇന്ന് സാധിക്കുന്നു. ജനങ്ങളുടെ പെരുമാറ്റത്തെയും ഇടപെടലുകളെയും കുറിച്ച് പുതിയ ഒരു രാഷ്ട്രീയ ബദൽ ഇത് തേടുന്നു. ഇതാവട്ടെ ജനങ്ങളുടെ ആഗ്രഹങ്ങൾ, വൈകാരികത, കാമനകൾ ഇവയെ രാഷ്ട്രീയമായി തിരിച്ചറിയുന്ന സമീപനത്തെ അത്യാവശ്യമാക്കുന്നു. ജനാധിപത്യത്തിന്റെ ഘടനാപരമായ മാറ്റം മാത്രമല്ല, മറിച്ച് ജനങ്ങളുടെ പെരുമാറ്റത്തെ പ്രത്യേകം വിശദീകരിക്കുന്ന വായനകൾ ഇതിന്റെ ഭാഗമായി വികസിച്ചു വന്നു.

അടിസ്ഥാനപരമായി ഒരു ക്രൈസ്തവ ഇടയ രാഷ്ട്രീയത്തിന്റെ വിപുലീകരണമാണ് പുതിയ കാലത്തെ സാമൂഹികമാധ്യമ രാഷ്ട്രീയം. ഒരു പുതിയ ഇടയ അധികാരമായി അത് മാറുന്നു.

കുമ്പസാരവും അധികാരവും

സാമൂഹിക മാധ്യമങ്ങൾ നിർമിക്കുന്ന അധികാരം എന്നത് ജനങ്ങളുടെ മേലെ വരുന്ന ബാഹ്യസ്വാധീനം അല്ല. മറിച്ച് ചരിത്രത്തിലും സമൂഹത്തിലും വൈവിധ്യമാർന്ന രീതിയിൽ പ്രവർത്തിക്കുന്ന അധികാരപ്രക്രിയകളും പ്രയോഗങ്ങളുമാണ് എന്നതാണ് വാദം. ഭരണകൂട/മൂലധന പരമാധികാരത്തിന് പ്രാധാന്യം നല്കുകയും അങ്ങനെ അവയെയെല്ലാം നിയന്ത്രിക്കുന്ന അതീന്ദ്രിയസ്ഥാനത്ത് അതിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന സമീപനത്തിൽ അടിസ്ഥാനപരമായി ധാരാളം പിഴവുകളുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. ഭരണകൂടത്തെയും മൂലധനത്തെയും എല്ലാ അടിച്ചമർത്തലിന്റെയും ഉപാധിയായും സ്ഥലമായും സങ്കല്പിക്കുന്ന സമീപനം പക്ഷേ, ജനങ്ങളുടെ ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും വിശദീകരിക്കുന്നതിൽ പരാജയപ്പെടുന്നു. അധികാരത്തിന്റെ ഇടം എന്ന നിലയ്ക്ക് ജനങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പുതിയ ഒരു വിശദീകരണം ഇത് സാദ്ധ്യമാക്കുന്നു. സാമൂഹിക മാധ്യമങ്ങളുടെ കാലത്തെ രാഷ്ട്രീയ വിമർശനത്തിന്റെ ചില തെളിച്ചങ്ങൾ ഇത് പങ്കുവെക്കുന്നു. സോൾ ന്യൂമാൻ എഴുതിയ Political Theology: A Critical Introduction (2018) എന്ന ഗ്രന്ഥമാണ് ഈ വാദങ്ങളെ സംഗ്രഹിച്ചവതരിപ്പിക്കുന്നത്.

പൂർവാധുനിക കാലഘട്ടത്തിൽ അധികാരമെന്നത് ദൈവശാസ്ത്രപരവും പരമാധികാരിക കേന്ദ്രിതവുമായിരുന്നു. അതായത് ഒരു രാജാവിന്റെയും, ആ രാജാവ് നിലനിർത്താൻ ആഗ്രഹിക്കുന്ന പ്രദേശത്തിന്റെയും സുരക്ഷ എന്നതിൽനിന്ന് ജനത്തിന്റെ സുരക്ഷ എന്ന രീതിയിലേക്കാണ് ആധുനിക കാലഘട്ടത്തിൽ അധികാരം സഞ്ചരിക്കുന്നത്. രാജാവിന്റെ പരമാധികാരത്തിന്റെ പ്രകടനം എന്നതിൽ നിന്ന് ഗവൺമെൻറ്​ എന്ന നിലയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നു. അങ്ങനെ പരമാധികാരം എന്നുള്ളത് അധികാരത്തിന്റെ വാഴ്ച എന്നതിൽനിന്ന് മാറി അധികാരത്തിന്റെ നിർവഹണം എന്നതിലേക്കു എത്തിച്ചേരുന്നു.

  കുമ്പസാരത്തിലൂടെ മോക്ഷം ലഭിക്കുന്നതുപോലെ ആധുനിക മതേതരക്രമത്തിൽ വ്യക്തിക്കാവശ്യമുള്ള ഭൗതിക ഉൽപന്നങ്ങൾ നിർദേശിക്കുകയും  ആ വ്യക്തിക്ക് ആവശ്യമുള്ള രാഷ്ട്രീയ തിരെഞ്ഞെടുപ്പുകൾ വരെ  നടത്തുകയും ചെയ്യാൻ സാമൂഹിക മാധ്യമങ്ങൾക്ക്  ഇന്ന് സാധിക്കുന്നു.  Photo : Unsplash
കുമ്പസാരത്തിലൂടെ മോക്ഷം ലഭിക്കുന്നതുപോലെ ആധുനിക മതേതരക്രമത്തിൽ വ്യക്തിക്കാവശ്യമുള്ള ഭൗതിക ഉൽപന്നങ്ങൾ നിർദേശിക്കുകയും ആ വ്യക്തിക്ക് ആവശ്യമുള്ള രാഷ്ട്രീയ തിരെഞ്ഞെടുപ്പുകൾ വരെ നടത്തുകയും ചെയ്യാൻ സാമൂഹിക മാധ്യമങ്ങൾക്ക് ഇന്ന് സാധിക്കുന്നു. Photo : Unsplash

അടിസ്ഥാനപരമായി ഒരു ക്രൈസ്തവ ഇടയ രാഷ്ട്രീയത്തിന്റെ വിപുലീകരണമാണ് പുതിയ കാലത്തെ സാമൂഹിക മാധ്യമരാഷ്ട്രീയം. ഒരു പുതിയ ഇടയ അധികാരമായി അത് മാറുന്നു. ഇടയ അധികാരം (പാസ്റ്ററൽ പവർ) ക്രൈസ്തവതക്കുമുമ്പുള്ള പൗരസ്ത്യലോകത്തുതന്നെ നിലനിന്നിരുന്ന ഒരു രാഷ്ട്രീയാധികാര സങ്കല്പനമായിരുന്നു. ദൈവം ജനങ്ങളുടെ ഇടയനാണെന്ന സങ്കല്പം ആദ്യ കാല ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കപ്പെടുന്നതോടുകൂടിയാണ് പുതിയ തരത്തിൽ ഒരു ഇടയ അധികാര സങ്കല്പനം അധികാരത്തെക്കുറിച്ച് വ്യാപിക്കുന്നത്. ഇടയ അധികാരത്തിന്റെ സവിശേഷത അത് ശുശ്രൂഷയുടെയും വ്യക്തിവൽകരണത്തിന്റെയും അധികാരമാണ് എന്നതാണ്.
ഓരോ കുഞ്ഞാടിന്റെയും സുരക്ഷ ഈ ഇടയനെ സംബന്ധിച്ച് വളരെ പ്രധാനമാകുന്നുണ്ട്. ഓരോ കുഞ്ഞാടിന്റെയും വ്യക്തിപരമായ കാര്യങ്ങളിൽ ഇടയൻ സവിശേഷ ശ്രദ്ധപുലർത്തുന്നു. തന്റെ കുഞ്ഞാടുകൾക്ക് വേണ്ടി സ്വന്തം ജീവിതം ബലികഴിക്കാൻ ഇടയൻ തയ്യാറാവുന്നു. അക്കാലത്തെ പുതിയ സമുദായത്തിന്റെ യുക്തി കൂടിയാണ് ഇത്. ബിബ്ലിക്കൽ ആഖ്യാനങ്ങളിലെ നല്ല ഇടയൻ ഓരോ കുഞ്ഞാടിനെയും തന്റെ മൊത്തം ആട്ടിൻപറ്റങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടി ബലികഴിക്കാൻ തയ്യാറാവുന്നതുപോലെ ഒരു കുഞ്ഞാടിനു വേണ്ടി തന്റെ മുഴുവൻ ആട്ടിൻപറ്റങ്ങളെ ബലികഴിക്കാനും തയ്യാറാവുന്നു.

ചുമതലയെക്കുറിച്ചും സ്വയംത്യാഗത്തെക്കുറിച്ചുമുള്ള ഇടയസങ്കല്പം പരമാധികാരത്തെക്കകുറിച്ചുള്ള സങ്കല്പത്തിൽനിന്ന് വളരെയധികം വ്യത്യസ്തമാണ്. പരമാധികാരത്തെക്കുറിച്ചുള്ള സങ്കല്പം എന്നുള്ളത് കീഴടക്കലും സ്വന്തം രാഷ്ട്രീയവാഴ്ചയെ മഹത്വവൽകരിക്കലും ആയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇടയ അധികാരം സ്വന്തം ചുമതലയിലും സ്വയം അധികാരത്തിലും ആണ് കേന്ദ്രീകരിക്കുന്നത്. ഇടയ അധികാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഒരു അധികാരബന്ധം എന്ന നിലയിൽ അനുസരണത്തിലധിഷ്ഠിതമാണ് എന്നതാണ്. കുഞ്ഞാടുകളെ ഭരിക്കുന്ന ഇടയൻ എല്ലാം അറിയുന്ന, ബാഹ്യശക്തിയായ, ഒരു പരമാധികാരിയല്ല. അത് ഭരണകൂടം പോലെയുള്ള ഒരു പരമാധികാരസ്വരൂപവുമല്ല. അമൂർത്തമായ നിയമപരമായ അധികാരവുമല്ല.

അനുസരണയിലും അച്ചടക്കത്തിലും ഊന്നിയ അധികാരബന്ധമാണ് ഇടയ അധികാരം. തന്റെ കുഞ്ഞാടുകളിൽനിന്ന് ഇടയൻ സമ്പൂർണമായ അനുസരണം ആവശ്യപ്പെടുന്നു. ഇത് ശക്തിയിലും നിർബന്ധത്തിലും കൂടി ലഭിക്കുന്ന അനുസരണമല്ല, മറിച്ച് ഓരോ വ്യക്തിയും, തന്നെ നേർവഴിക്ക് നയിക്കുകയും തന്റെ ആകുലതകൾക്ക് പരിഹാരം നിർദേശിക്കുകയും തന്നെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയുന്ന മറ്റൊരു വ്യക്തിക്ക് കൊടുക്കേണ്ട നിരുപാധികമായ അനുസരണമാണ്. ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയെ അനുസരിക്കുന്നത് ഒരു കേവലലക്ഷ്യത്തിന് വേണ്ടിയല്ല. മറിച്ച് തന്റെ തന്നെ ലക്ഷ്യമായ നിരുപാധികസമർപ്പണം എന്ന അടിസ്ഥാനപരമായ ആവശ്യത്തിന് വേണ്ടിയാണ്. അതിനാൽതന്നെ ആജ്ഞാപിക്കുന്ന ഇടയൻ തന്റെ കുഞ്ഞാടിനു മേൽ ഉണ്ടാക്കുന്ന അധികാരം ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ താൽപര്യത്തിന് വേണ്ടിയല്ല. മറിച്ച് ദൈവികമായ, ആത്മീയമായ, കാഴ്ചപ്പാടിന്റെ പ്രകാശനത്തെ പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇതിലൂടെ സമർപ്പണം മാത്രമല്ല നടക്കുന്നത്. സമർപ്പിക്കുന്ന ഓരോ വ്യക്തിയും തന്റെ ആന്തരിക സ്വത്വത്തെ സ്വയം മനസ്സിലാക്കുകയും സ്വയം നിരീക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ ആ നിരീക്ഷണത്തിലൂടെയും മറ്റുള്ളവരുടെ സഹായത്തോടു കൂടിയും അവർ പുതിയതരത്തിലുള്ള ആത്മീയ ജീവിതവഴിയും ശിക്ഷണവും ആർജിച്ചെടുക്കുന്നു. നല്ല ഇടയനെ ഈ ആത്മീയശിക്ഷണത്തിന്റെ ഉപാധിയായി വ്യക്തികൾ സ്വീകരിക്കുന്നു. മറ്റുള്ളവരുടെ സ്വഭാവത്തെയും അവരുടെ പെരുമാറ്റത്തെയും സ്വാധീനിക്കാനും അത് ശക്തിയിലൂടെയും നിർബന്ധത്തിലൂടെയുമല്ലാതെ നിലനിർത്താനുമാകുന്നത് ഇടയാധികാരത്തിന്റെ പ്രത്യേകതയായി മനസ്സിലാക്കുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളുടെ വികാസത്തോടെ ആധുനിക കുമ്പസാരം സാമൂഹിക ജീവിതത്തിന്റെ സർവതലങ്ങളിലും വ്യാപിക്കുകയും, വ്യക്തിയെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഇടപാടായി മാറുകയും ചെയ്തു.

ക്രിസ്ത്യൻ ഇടയാധികാരവും പിന്നീട് വികസിച്ച ആധുനിക ഗവൺമെന്റും തമ്മിൽ ഈയൊരു ബന്ധം ഉണ്ടായിരുന്നെന്ന മിഷേൽ ഫൂക്കോയുടെ സമീപനം ഈയർഥത്തിൽ ഏറെ ചർച്ചകൾക്ക് വിധേയമായി. ആധുനിക ഭരണനിർവഹണം വ്യാപിച്ചതോടെ ദൈവശാസ്ത്രപരമായ സാമൂഹികഘടന പൂർണമായി അവസാനിച്ചുവെങ്കിലും ഇടയാധികാരത്തിന്റെ മേഖലകൾ വിപുലപ്പെട്ടു എന്ന് ഫൂക്കോ കരുതുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ക്രൈസ്തവതയ്ക്കുള്ളിൽ നിലനിന്നിരുന്ന ഇടയാധികാരത്തിന്റെ രൂപങ്ങൾ നിത്യജീവിതത്തിലേക്കും മൂലധന അധികാരത്തിലേക്കും വിദ്യാഭ്യാസഘടനകളിലേക്കും കടന്നുവന്നു. അത് പിന്നീട് ദൈവശാസ്ത്രഘടന അവസാനിച്ച് രൂപപ്പെടുന്ന ആധുനിക മതേതര സാമൂഹികഘടനയുടെ ഭാഗമായി മാറുകയും ചെയ്തു. ഇങ്ങനെ ചർച്ചിന്റെ പഴയ ഇടയാധികാരവും ആധുനിക ജീവിതത്തിന്റെ പുതിയ ഇടയാധികാരവും ചേർന്ന് പുതിയ കാലത്തെ അധികാരം പ്രവർത്തിക്കുന്നുവെന്നാണ് ഫൂക്കോയുടെ പരികല്പന. ആധുനികതയിൽ മതവും രാഷ്ട്രീയവും രണ്ടാവുന്നു എന്ന തരത്തിലല്ല, മറിച്ച്, ഇടയ അധികാരവും ആധുനിക മതേതര അധികാരവും യോജിക്കുന്ന തലങ്ങളെക്കുറിച്ചുള്ള അന്വേഷണമായിട്ടാണ് ഇത് മനസ്സിലാക്കേണ്ടത്.

കുമ്പസാരത്തിന്റെ ആധുനിക രാഷ്ട്രീയം

ആധുനിക അധികാരം നിർമിക്കുന്ന വ്യക്തിവൽക്കരണത്തിന്റെ ഉപാധിയാണ് ആധുനിക വിഷയിയായ മനുഷ്യൻ. കുമ്പസാരക്കൂട്ടിൽ തന്റെ ഇടയന്റെ മുന്നിൽ എല്ലാം തുറന്നുപറഞ്ഞ് കുമ്പസരിക്കുന്ന കുഞ്ഞാടിന്റെ രൂപമാണ് ഈ വിഷയിക്ക്. ക്രൈസ്തവതയിലെ ഇടയാധികാരത്തിന്റെ ഭാഗമായ കുമ്പസരിക്കുന്ന വിഷയി പിന്നീട് മറ്റൊരു രീതിയിൽ ആധുനിക ജീവിതത്തിന്റെ ഭാഗമായി മാറുകയും അത് പുരോഗമന സ്ഥാപനങ്ങളിൽ മതേതരവത്കരിക്കപ്പെട്ട് സ്ഥാനം നേടുകയും ചെയ്യുന്നുണ്ട്.

വൈദ്യശാസ്ത്രത്തിലും മനഃശ്ശാസ്ത്രത്തിലും മാധ്യമങ്ങളിലും വിദ്യാഭ്യാസ വ്യവസ്ഥയിലും രാഷ്ട്രീയത്തിലും കുമ്പസാരത്തിന്റെ മതേതരവൽക്കരിക്കപ്പെട്ട രൂപങ്ങൾ വ്യാപകമാകുകയാണുണ്ടായത്. അങ്ങനെ മതേതര കുമ്പസാര സമൂഹം രൂപപ്പെടുകയും കുമ്പസാരത്തിന്റെ ആചാര രീതികൾ സാമൂഹിക ജീവിതത്തിലാകെ വ്യാപിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ സത്യങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ മാറ്റത്തിന് പ്രധാനമാകുകയും, കുമ്പസാരങ്ങളിലൂടെ അധികാരബന്ധം സമൂഹത്തിന്റെ മനോഭാവമായി മാറുകയും ചെയ്യുന്നു. പണ്ട് കുമ്പസാരക്കൂട്ടിലാണ് ഇത് നടന്നിരുന്നത് എങ്കിൽ, ഇന്ന് കുമ്പസാരം വൈദ്യശാസ്ത്രജ്ഞന്റെ മുന്നിലും മനോചികിത്സകന്റെ മുന്നിലും അധ്യാപകരുടെ മുന്നിലും നടത്തപ്പെടുന്നു. അങ്ങനെ ഒരു വിദഗ്ധൻ മറ്റൊരു വ്യക്തിയുടെ ജീവിതത്തിന്റെ രഹസ്യങ്ങൾ കേൾക്കുകയും പരസ്യമായ കാര്യങ്ങൾ നിരീക്ഷിക്കുകയും അതിന് പരിഹാരങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ ആധുനിക ജീവിതത്തിൽ രൂപപ്പെട്ടുവരുന്നു. ജയിലും സ്‌കൂളും ആശുപത്രികളും ആധുനിക ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവമായി മാറുന്നു.
പുതിയ കാലത്തെ മാധ്യമങ്ങളിലാവട്ടെ റിയാലിറ്റി ഷോകളിലൂടെയും, ടോക് ഷോകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുതിയ രൂപത്തിൽ ആധുനികവ്യക്തി സ്വയം കുമ്പസരിച്ചുകൊണ്ട് ആത്മാവിന്റെ ആന്തരിക സത്യം നിരന്തരം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പിന്നീട് ഒരു തുറന്ന കുമ്പസാരക്കൂട് തന്നെയായി സോഷ്യൽ മീഡിയ വികസിക്കുന്നു. യാതൊരു ശക്തിയോ നിർബന്ധമോ ചെലുത്താതെതന്നെ സ്വയം പ്രേരിതരായി ലക്ഷക്കണക്കിന് മനുഷ്യർ ഇന്ന് സോഷ്യൽ മീഡിയ കുമ്പസാരത്തിലൂടെ സ്വന്തം ആന്തരിക രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ഒരു തുറന്ന കുമ്പസാരക്കൂട് തന്നെയായി സോഷ്യൽ മീഡിയ വികസിക്കുന്നു. യാതൊരു ശക്തിയോ നിർബന്ധമോ ചെലുത്താതെതന്നെ സ്വയം പ്രേരിതരായി ലക്ഷക്കണക്കിന് മനുഷ്യർ ഇന്ന് സോഷ്യൽ മീഡിയ കുമ്പസാരത്തിലൂടെ സ്വന്തം ആന്തരിക രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.  Photo : Unsplash
ഒരു തുറന്ന കുമ്പസാരക്കൂട് തന്നെയായി സോഷ്യൽ മീഡിയ വികസിക്കുന്നു. യാതൊരു ശക്തിയോ നിർബന്ധമോ ചെലുത്താതെതന്നെ സ്വയം പ്രേരിതരായി ലക്ഷക്കണക്കിന് മനുഷ്യർ ഇന്ന് സോഷ്യൽ മീഡിയ കുമ്പസാരത്തിലൂടെ സ്വന്തം ആന്തരിക രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. Photo : Unsplash

സാമൂഹിക മാധ്യമങ്ങളുടെ വികാസത്തോടെ ആധുനിക കുമ്പസാരം സാമൂഹിക ജീവിതത്തിന്റെ സർവതലങ്ങളിലും വ്യാപിക്കുകയും, വ്യക്തിയെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഇടപാടായി മാറുകയും ചെയ്തു. ദൈവത്തിൽനിന്നും ദൈവിക പരമാധികാര വ്യവസ്ഥയിൽ നിന്നും മോചിതനായ മനുഷ്യൻ സാമൂഹിക -സാങ്കേതിക - രാഷ്ട്രീയവ്യവസ്ഥയുടെ ഭാഗമായി മാറുന്നു.
സാമൂഹിക-രാഷ്ട്രീയ വിമോചനത്തിന്റെ ശക്തികൾ മാത്രമല്ല ദേശീയ പരമാധികാരത്തിൽ അധിഷ്ഠിതമായ പുതിയ വംശീയരാഷ്ട്രീയവും ഈ മാറ്റത്തെ തങ്ങളുടേതാക്കി മാറ്റാൻ നിരന്തരം പരിശ്രമിക്കുന്നു. പുതിയ കാലത്തെ രാഷ്ട്രീയ ചിന്തയെ ഏറ്റവും അലട്ടുന്ന പ്രശ്‌നമായി ഇത് മാറുന്നു. അധികാരത്തിന്റെ ഈ പ്രയാണത്തെ മനസ്സിലാക്കാതെയുള്ള സാമൂഹിക വിശകലനങ്ങൾ ഇന്നത്തെ ഡിജിറ്റൽ മനുഷ്യന്റെ- ഹോമോ കണക്റ്റസ്- പ്രത്യേകതകളെ കാണാതെ പോവുകയും ഏതെങ്കിലും ബാഹ്യശക്തിയുടെ പ്രേരണയാൽ സ്വയം ചലിക്കുന്ന പാവ മാത്രമായി ജനങ്ങളെ ചുരുക്കിക്കാണുകയും ചെയ്യുന്നു.

പുതിയ രാഷ്ട്രീയ വിഷയിയിലേക്ക്

കുമ്പസാര വിഷയിയിലും ഇടയ അധികാരത്തിലും അധിഷ്ഠിതമായ ആധുനിക അധികാരക്രമത്തെ ഒരു പുതിയ ദൈവശാസ്ത്രമായിട്ടാണ് മനസ്സിലാക്കേണ്ടത്. സാമൂഹിക മാധ്യമങ്ങൾ ജനജീവിതത്തിൽ നിർമിച്ച അനിശ്ചിതത്വങ്ങളെയും ജനത്തിന്റെ നിർവഹണശേഷിയെയും നിരന്തരം അഭിമുഖീകരിക്കാൻ ഈയർഥത്തിൽ തയ്യാറാവേണ്ടിയിരിക്കുന്നു. സാമൂഹിക മാധ്യങ്ങളുടെ ലോകത്ത് ജനത്തിന്റെ ആഗ്രഹാഭിലാഷങ്ങളെ നേരിട്ട് അഭിമുഖീകരിക്കുന്ന ഒരു പുതിയ രാഷ്ട്രീയം വികസിച്ചു വരേണ്ടതുണ്ട്. ജനജീവിതത്തെ നിർമിക്കുന്ന മത അധികാരത്തെക്കുറിച്ചും ദേശീയത അടക്കമുള്ള മതേതര അധികാരത്തെക്കുറിച്ചും പുനരാലോചിക്കുന്ന നിലപാടാണ് ഇത്. സാമൂഹിക മാധ്യമങ്ങളിലെ മതത്തിന്റെയും അയുക്തിയുടെയും സ്വാധീനം മാത്രമല്ല, മതേതര വ്യക്തികളും ദേശീയ സമൂഹങ്ങളും അകപ്പെട്ടിട്ടുള്ള രാഷ്ട്രീയ കാമനകളുടെ വിമർശനവും പുതിയ രാഷ്ട്രീയപ്രയോഗങ്ങളും ഇത് ആവശ്യപ്പെടുന്നു. പുതിയ ഒരു രാഷ്ട്രീയ വിഷയിയുടെ വികാസത്തിന്റെ പ്രശ്‌നമായി ഇത് കാണേണ്ടതുണ്ട്. ▮


ഉമ്മുൽ ഫായിസ

പിഎച്ച്​.ഡി വിദ്യാർഥി, സ്​കൂൾ ഓഫ്​ ലോ, യൂണിവേഴ്​സിറ്റി ഓഫ്​ വാർവിക്​, യു.കെ. ഇസ്​ലാമിക ഫെമിനിസം: ​വൈവിധ്യം, സങ്കീർണത, ഭാവി എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments