ഹോസ്റ്റൽ കർഫ്യൂയിൽ പ്രതിഷേധിച്ച് പിഞ്ച്ര തോഡ് പ്രവർത്തകർ ദൽഹി യൂണിവേഴ്സിറ്റിയിൽ നടത്തിയ സമരത്തിൽ നിന്ന്, 2018-ലെ ചിത്രം. / Photo: Pinjra Tod, FB

പെൺകുട്ടികൾക്കുള്ള
​പത്തു കല്പനകൾ

സ്ത്രീ- പുരുഷദ്വന്ദത്തിനപ്പുറം ജെന്റർ സവിശേഷമായി വിശകലനം ചെയ്യുകയും ഏറ്റവും പോസിറ്റീവായി അതിനനുസിച്ച് കാഴ്ചപ്പാടും പെരുമാറ്റശീലങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്ന കാലത്തുതന്നെയാണ് വേറൊരു ഭാഗത്ത് പെൺകുട്ടിയെ/സ്ത്രീയെ അവരുടെ വിശുദ്ധിയുടെ അടിസ്ഥാനത്തിൽ ഭയക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്

ർഫ്യൂ എന്ന വാക്കിന്, ഒരു നിശ്ചിത സമയത്തിനുശേഷം ആരും വീടുവിട്ട് പുറത്തുപോകരുത് എന്നാണ് അർത്ഥം. അടിയന്തര സാഹചര്യങ്ങളിൽ, മിക്കവാറും യുദ്ധ- കലാപ സാഹചര്യങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിക്കുക. എന്നാൽ ബിരുദ-ബിരുദാനന്തരതലങ്ങളിൽ പഠിക്കുന്ന പെൺകുട്ടികളോട് കർഫ്യൂ എന്ന വാക്കിനെക്കുറിച്ചു ചോദിച്ചാൽ അവരത് ഹോസ്റ്റലിലെ പെരുമാറ്റശീലങ്ങളുമായി ബന്ധിപ്പിച്ചാവും പറയുക. നിശ്ചിതസമയം കഴിഞ്ഞാൽ ഹോസ്റ്റലിലേക്കു കയറാനോ പുറത്തിറങ്ങാനോ സാധിക്കില്ല എന്നതാണ് നിശാനിയമം പാസാക്കിയാലുള്ള പ്രശ്‌നം. പ്രൊഫഷണൽ കോളേജുകളിലടക്കം നിശാനിയമം പാസാക്കുന്നതിനെതിരെ നമ്മുടെ കുട്ടികൾ സമരം ചെയ്തത് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളെ രാത്രി 9.30-നു ശേഷം എത്തിയതിന് ഹോസ്റ്റലിനു പുറത്തുനിർത്തിയ സംഭവം വിവാദമായിരുന്നു. ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം തങ്ങൾക്കെന്തിന് എന്ന പെൺകുട്ടികളുടെ ചോദ്യത്തിന് യുക്തിഭദ്രമായ ഒരുത്തരം നൽകാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ കുട്ടികൾ കേരളത്തിനു പുറത്തു പഠിക്കാൻ തീരുമാനിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് നിശാനിയമങ്ങളില്ലാത്ത താമസസ്ഥലങ്ങൾ കൂടിയാണ്. കേരളത്തിൽ മാത്രമാണ് പെൺകുട്ടികളുടെ താമസസ്ഥലങ്ങളിൽ നിശാനിയമങ്ങളുള്ളത് എന്നല്ല, നിശാനിമയമങ്ങളില്ലാത്ത സംവിധാനങ്ങൾ കേരളത്തേക്കാൾ പുറത്ത് ലഭ്യമാണ് എന്നാണ് ഉദ്ദേശിച്ചത്.

ഹോസ്റ്റലിലെ സമയനിയന്ത്രണത്തിനെതിരേ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ നടത്തിയ പ്രതിഷേധത്തിനിടെ

കേരളത്തിലെ ഒരു കലാലയം ഇറക്കിയ ടൂർ മാന്വൽ അതിലെ സ്ത്രീവിരുദ്ധതകൊണ്ട് ഈയിടെ ശ്രദ്ധ നേടിയിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുത്, ഒന്നിച്ചു നടക്കരുത്, ആണും പെണ്ണും ജോഡിയായി ഫോട്ടോ എടുക്കരുത് എന്നു തുടങ്ങുന്ന വാറോല പെൺകുട്ടികൾ താമസിക്കുന്ന മുറി/ഹാൾ പുറത്തുനിന്ന് പൂട്ടണമെന്നും നിർദ്ദേശിക്കുന്നു. (കൊല്ലം എസ്.എൻ.കോളേജിന്റേതായി പ്രചരിച്ച ഈ ഗൈഡ് ലൈൻ വിവാദമായപ്പോൾ ഒപ്പും സീലുമില്ലെന്നു പറഞ്ഞ് കോളേജ് അധികൃതർ നിഷേധിച്ചു.) ഇത്തരം നിർദ്ദേശങ്ങൾ നമ്മുടെ പല വിദ്യാലയങ്ങളും പുറപ്പെടുവിക്കുന്നുണ്ട് എന്നത് സത്യമാണ്. പെൺകുട്ടികളെ ശുദ്ധി പോകാതെ സംരക്ഷിക്കുന്ന ഈ മനോഭാവത്തിന്, ശ്രദ്ധയ്ക്ക് എന്തു പേരിട്ടാണ് വിളിക്കേണ്ടത്? ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പെൺകുട്ടികളെ, സ്ത്രീകളെ ആരെങ്കിലുമൊക്കെ സംരക്ഷിക്കണമെന്ന മതചിന്തയാണ് ഇവിടെ ആധുനിക മൂല്യബോധവുമായി സംഘർഷത്തിലേർപ്പെടുന്നത്.

മലയാളിയുടെ സദാചാര ഭയം സ്‌കൂളുകളിൽത്തന്നെ ആരംഭിക്കുന്നുണ്ട്. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ അവസാനപരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ യൂണിഫോം കീറിയെറിഞ്ഞ് ആഘോഷിക്കുന്ന പരിപാടി ലോകത്ത് വേറെയെവിടെയെങ്കിലും കാണുമോ എന്നറിയില്ല.

18 വയസ്സിൽ വോട്ടവകാശമുള്ളവരാണ് ആണും പെണ്ണുമടക്കം ഇന്ത്യയിലെ എല്ലാ പൗരരും. വിദ്യാഭ്യാസത്തിലോ ജോലി നേടുന്നതിലോ സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിക്കുന്നതിലോ ഇന്ത്യൻ ഭരണഘടന സ്ത്രീ- പുരുഷ വിവേചനം കാണിക്കുന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീശാക്തീകരണവും സർക്കാറുകളുടെ പരിഗണനയിൽ വരുന്ന പ്രധാനപ്പെട്ട കാര്യവുമാണ്. ഇന്ത്യയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന പ്രധാന വെല്ലുവിളി അവരുടെ ‘വിശുദ്ധിക്ക്' കളങ്കം സംഭവിക്കുമോ എന്ന ശങ്കയാണ്. ആൺകുട്ടികളുമായി ഇടപഴകുന്ന പെൺകുട്ടികൾക്ക് എന്തോ അപകടമുണ്ടാക്കും എന്ന ചിന്തയാണ് നമ്മുടെ നാട്ടിൽ പെൺപള്ളിക്കൂടങ്ങൾ ധാരാളമായി ഉണ്ടായതിനു കാരണം. ഒരേ വിദ്യാലയത്തിൽത്തന്നെ ആണിനും പെണ്ണിനും വെവ്വേറെ ക്ലാസ് മുറികളുണ്ടായിരുന്ന, അവരെ വ്യത്യസ്ത നിലകളിൽ വിന്യസിച്ച ഒരു വിദ്യാലയത്തിലാണ് ഞാൻ പഠിച്ചിരുന്നത്. ക്രമേണ പെൺപള്ളിക്കൂടങ്ങൾ പൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഒരു ഭാഗത്തുകൂടി കലാലയാന്തരീക്ഷത്തിൽ കുട്ടികളെ വിഭജിച്ചു നിർത്താനുള്ള വിരുദ്ധ തിട്ടൂരങ്ങൾ ഇറങ്ങിക്കൊണ്ടിരിക്കുന്നത്.

മലയാളിയുടെ ഈ സദാചാര ഭയം സ്‌കൂളുകളിൽത്തന്നെ ആരംഭിക്കുന്നുണ്ട്. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ അവസാനപരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ യൂണിഫോം കീറിയെറിഞ്ഞ് ആഘോഷിക്കുന്ന പരിപാടി ലോകത്ത് വേറെയെവിടെയെങ്കിലും കാണുമോ എന്നറിയില്ല. യൂണിഫോം കീറിയെറിയൽ മാത്രമല്ല, വമ്പിച്ച കാർണിവൽ അന്തരീക്ഷമാകും സ്‌കൂൾ മുറ്റത്തും തെരുവിലുമെല്ലാം അവസാന പരീക്ഷാദിനം കാമ്പസുകളിൽ അരങ്ങേറുന്നത്. പലയിടത്തും ഇത് അക്രമാസക്തമാവുകയും പോലീസിനെ വിളിക്കുകയും ചെയ്യേണ്ടി വരാറുണ്ട്. ചില വിദ്യാലയങ്ങൾ അവസാന പരീക്ഷാദിവസം രക്ഷിതാക്കൾ നേരിട്ടുവന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോകണമെന്ന് നിർദ്ദേശിക്കാറുണ്ട്.

നമ്മുടെ കലാലയങ്ങളിൽ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ആഴത്തിലുള്ള സൗഹൃദം കെട്ടിപ്പടുക്കണമെങ്കിൽ നിയമവിരുദ്ധ മാർഗങ്ങളിലൂടെയേ അത് സാധിക്കുകയുള്ളൂ.

കേരളത്തിലെ ഒരുമാതിരിപ്പെട്ട അധ്യാപകരൊക്കെ ഇത് കുട്ടികളിൽ വളർന്നുവരുന്ന ചീത്ത ശീലങ്ങളുടെ ലക്ഷണമായാണ് പറയുക. യുദ്ധകാല സാഹചര്യത്തിലുള്ള സ്‌കൂളിംഗിന്റെ സ്വാഭാവിക പരിണതിയായി ഈ ആഘോഷങ്ങളെ കാണാൻ മനഃശ്ശാസ്ത്രം പഠിച്ച അധ്യാപകർക്ക് സാധിക്കുന്നില്ലെന്നത് അത്ഭുതകരമായ സ്ഥിതിവിശേഷമാണ്. ഓവർ പാരന്റിംഗാണ് നമ്മുടെ വിദ്യാലയങ്ങളിൽ നടക്കുന്നത്. രാഷ്ട്രം അതിന്റെ പൗരരെ ഭയത്തോടെയും സംശയത്തോടെയും നോക്കിക്കാണുന്നതിന്റെ പനോപ്റ്റിക്കൽ രീതിശാസ്ത്രമാണ് ഓരോ വിദ്യാലയാന്തരീക്ഷത്തിലും കാണാനാവുക. കുട്ടികളുടെ വസ്ത്രധാരണം, ചലനം, പെരുമാറ്റശീലങ്ങൾ, സംസാരരീതി, ഹെയർ സ്‌റ്റൈൽ, മൊബൈൽഫോൺ ഉപയോഗം തുടങ്ങി വിദ്യാർത്ഥികൾക്ക്​ വന്നുഭവിക്കാനിടയുള്ള വിരുദ്ധ പെരുമാറ്റശീലങ്ങളെ ചൊല്ലി അധ്യാപക സമൂഹം ആകെ ആശങ്കാകുലരാണ്. കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങളും ചാരന്മാരുമൊക്കെ അടങ്ങിയതാണ് ഓരോ വിദ്യാലയവും. കാമ്പസിലേക്കു പ്രവേശിക്കുന്ന ഓരോ വിദ്യാർത്ഥിയും കൃത്യമായി മോണിറ്റർ ചെയ്യപ്പെടും. ‘മോഡറേറ്റ്' പെരുമാറ്റമാണ് വിദ്യാലയം കുട്ടികളിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഉറക്കെ സംസാരിക്കരുത്, ചിരിക്കരുത്, വേഗമേറിയ ചലനങ്ങൾ പാടില്ല, കുട്ടികൾ കഴിയുമെങ്കിൽ തമ്മിൽ തൊടരുത്, ആലിംഗനം ചെയ്യരുത്. സൂക്ഷ്മനിരീക്ഷണത്തിൽ പെൺകുട്ടികളുടെ ‘സുരക്ഷ', ‘വിശുദ്ധി' എന്നിവയിലൂന്നിയതാണ് ഈ നിരീക്ഷണങ്ങളും ചട്ടങ്ങളുമെല്ലാം.

ക്ലാസിനകത്തോ പുറത്തോ ആൺകുട്ടിയും പെൺകുട്ടിയും സംസാരിക്കുന്നതു തന്നെ സംശയാസ്പദമായ സംഗതിയാണ്. അതുകൊണ്ട് നമ്മുടെ കലാലയങ്ങളിൽ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ആഴത്തിലുള്ള സൗഹൃദം കെട്ടിപ്പടുക്കണമെങ്കിൽ നിയമവിരുദ്ധ മാർഗങ്ങളിലൂടെയേ അത് സാധിക്കുകയുള്ളൂ. സൗഹൃദം പോലും കള്ളക്കടത്തായി നടത്തേണ്ടുന്ന സ്ഥാപനങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മാറിയതിന്റെ പ്രത്യക്ഷ സൂചനയാണ് പഠനയാത്രകളിൽ വിദ്യാർത്ഥിനികളെ ഉദ്ദേശിച്ചുകൊണ്ടിറക്കിയ ചട്ടങ്ങൾ.

അഫ്ഗാനിസ്​ഥാനിൽ താലിബാൻ അധികാരത്തിൽ വന്നപ്പോൾ ആദ്യം നിർത്തിയത് പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരു മറയുടെ അപ്പുറമിപ്പുറമിരിക്കുന്നതിന്റെ ചിത്രങ്ങൾ നമ്മൾ കണ്ടതാണ്

അഫ്ഗാനിസ്​ഥാനിൽ താലിബാൻ അധികാരത്തിൽ വന്നപ്പോൾ ആദ്യം നിർത്തിയത് പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരു മറയുടെ അപ്പുറമിപ്പുറമിരിക്കുന്നതിന്റെ ചിത്രങ്ങൾ നമ്മൾ കണ്ടതാണ്. പുരുഷ അധ്യാപകർ പെൺകുട്ടികളെ പഠിപ്പിക്കുന്നതിനും വന്നു വിലക്ക്. പിന്നീട് വളരെ പരിമിതമായ രീതിയിൽ പെൺകുട്ടികൾക്ക് സ്ത്രീകൾ അധ്യാപകരായ വിദ്യാലയങ്ങൾ എന്ന തരത്തിലേക്ക് കാര്യങ്ങൾ വന്നു. ഇറാനിൽ ഈയിടെയുണ്ടായ വലിയ പ്രക്ഷോഭം സ്ത്രീകളുടെ ചലന- വസ്​ത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. കഴിഞ്ഞ സെപ്തംബർ 16-നാണ്​മെഹ്‌സ അമിനി എന്ന 22 വയസ്സുള്ള ഇറാനി യുവതി ശരിയായി ഹിജാബ് ധരിച്ചില്ല എന്നതിന്റെ പേരിൽ പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ടതും ഇതേത്തുടർന്ന് മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾ അരങ്ങേറിയതും. കർശന വിലക്കുകൾ ലംഘിച്ച് പതിനായിരക്കണക്കിന് സ്ത്രീകളാണ് ഹിജാബ് വലിച്ചെറിഞ്ഞ് തെരുവുകളിൽ പ്രതിഷേധിച്ചത്. നിരവധി പേർ കൊല്ലപ്പെടുകയും ജയിലിലാവുകയും ചെയ്തു.

ഇസ്‌ലാമിക രാജ്യങ്ങളിലെ മതപോലീസിനു തുല്യമായ പണിയാണ് കേരളത്തിലെ കലാലയങ്ങളിലെ സദാചാര സംരക്ഷകരായ അധ്യാപകർ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇസ്‌ലാമിക രാജ്യങ്ങളിലെ മതപോലീസിനു തുല്യമായ പണിയാണ് കേരളത്തിലെ കലാലയങ്ങളിലെ സദാചാര സംരക്ഷകരായ അധ്യാപകർ ചെയ്തുകൊണ്ടിരിക്കുന്നത്. പെൺകുട്ടികളുടെ വേഷം, ചലനം, പെരുമാറ്റം തുടങ്ങിയവ നിയന്ത്രിക്കുന്ന ഇറാനിലെയും അഫ്ഗാനിലെയും കേരളത്തിലെയും നിർദ്ദേശങ്ങൾ ചേർത്തുവെച്ച് വായിക്കുമ്പോഴാണ് കേരളം എന്തോ വലിയ സംഭവമാണ് എന്ന തരത്തിലുള്ള വിചാരത്തിന്റെ പൊള്ളത്തരവും ഇരട്ടത്താപ്പും നമുക്കു മനസ്സിലാവുക. എന്തുകൊണ്ടായിരിക്കും പെൺകുട്ടികൾ/സ്ത്രീകൾ ഇത്ര സൂക്ഷിച്ചു പെരുമാറേണ്ട വിഭാഗമായി മാറുന്നത്? സംരക്ഷണം എന്ന് പുറമേക്കു തോന്നുമെങ്കിലും കൃത്യമായ ഒതുക്കലല്ലാതെ മറ്റൊന്നുമല്ല ഇത്. കൊല്ലം എസ്.എൻ.കോളേജിന്റെ പേരിൽ പ്രചരിച്ച ഈ വാറോല ഏതെങ്കിലും മുസ്‌ലിം സ്ഥാപനങ്ങളിൽനിന്നായിരുന്നുവെങ്കിൽ നമ്മുടെ പൊതുബോധത്തിന് അതിനെ അഫ്ഗാൻ, ഇറാൻ അനുഭവങ്ങളുമായി ചേർത്തുവായിക്കാൻ എളുപ്പമായിരുന്നു എന്നതുകൂടി ഇക്കൂട്ടത്തിൽ എടുത്തുപറയാവുന്നതാണ്.

എന്തുകൊണ്ടാണ് പെൺകുട്ടികളെ/സ്ത്രീകളെ നമ്മുടെ സമൂഹം ഇത്തരത്തിൽ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നത് എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. വിദ്യാഭ്യാസകാലത്തിനുശേഷം തിരിച്ചുവരുന്ന വിദ്യാർത്ഥിനികൾ എന്തു പഠിച്ചു എന്നതിനേക്കാൾ അവരുടെ ‘വിശുദ്ധി' കേടുകൂടാതെ തിരിച്ചുകിട്ടിയോ എന്നാണ് രക്ഷിതാക്കൾ നോക്കുന്നത്. ഏറ്റവും മികച്ച കലാലയമല്ല, പെൺകുട്ടികൾ മികച്ച രീതിയിൽ ‘സംരക്ഷിക്കപ്പെടുന്ന' കോളേജുകളാണ് രക്ഷിതാക്കൾ തിരഞ്ഞെടുക്കുക. ജീവിതകാലം മുഴുവൻ പെൺപള്ളിക്കൂടങ്ങളിലും കർശന നിയന്ത്രണങ്ങളുള്ള ഹോസ്റ്റലുകളുലും കഴിയേണ്ടിവന്ന സ്ത്രീകളുടെ അനുഭവം പൊതുസമൂഹം ചർച്ച ചെയ്യേണ്ടതാണ്. കേരളത്തിലെ പല വനിതാ ഹോസ്റ്റലുകളിലും ജനലിന് കൊളുത്തുകളുണ്ടാവില്ലത്രെ. മേട്രൻ എന്ന സംരക്ഷക രാത്രികാലങ്ങളിൽ കുട്ടികളുടെ റൂമുകളിലൂടെ വിസിറ്റു നടത്തുകയും പെൺകുട്ടികൾ കട്ടിൽ അടുപ്പിച്ചിട്ട് കിടക്കുന്നുണ്ടോ എന്നു പരിശോധിക്കുകയുമാണ് ഈ വിസിറ്റിന്റെ പ്രധാനലക്ഷ്യം. പെൺകുട്ടികൾ ഒറ്റക്കട്ടിലിൽ കിടന്നാൽ അവരിൽ ലെസ്ബിയനിസം വളരും എന്ന ഭീതിക്ക് പരിഹാരമാണ് ഈ സന്ദർശനങ്ങൾ.

എന്തുകൊണ്ടാണ് പെൺകുട്ടികളെ/സ്ത്രീകളെ നമ്മുടെ സമൂഹം ഇത്തരത്തിൽ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നത് എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണ്

സെമിറ്റിക് മതങ്ങളുടെ വിശുദ്ധി- പാപബോധങ്ങളാണ് പൊതുവെ പെൺകുട്ടികളെ നിതാന്തമായി നിരീക്ഷിക്കുന്നതിനു പിന്നിലുള്ള കാരണമായി പറയാറ്. പക്ഷേ പുരുഷകേന്ദ്രിത സാമൂഹികവ്യവസ്ഥ അതിനപ്പുറവും സ്ത്രീകളുടെ സ്വതന്ത്രനിലയെ ഭയപ്പെടുന്നുണ്ട് എന്നു കാണാം. കഴിഞ്ഞ ദിവസം ആശ സജി എന്ന സുഹൃത്ത് ഫേസ് ബുക്കിലിട്ട ഒരു പോസ്റ്റിൽ കൊല്ലം ഭാഗത്തെ ഉദ്യോഗസ്ഥകളായ സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്‌നം ചൂണ്ടിക്കാണിച്ചിരുന്നു. അവരുടെ ശമ്പളം കൃത്യമായി ഭർത്താവിനെ ഏല്പിക്കണം. ശമ്പളം അക്കൗണ്ടിലേക്കു വരുന്ന സാഹചര്യത്തിൽ എ.ടി.എം കാർഡിന്റെ കൈകാര്യം ഭർത്താക്കന്മാർക്കായിരിക്കും. വിദ്യാഭ്യാസം, തൊഴിൽ എന്നിവ സ്ത്രീകളുടെ കർതൃത്വവും നിർവാഹകത്വവും നിർണയിക്കും എന്ന പ്രത്യാശയാണ് ഇവിടെ തകിടം മറിയുന്നത്. സ്വന്തമായി ജോലി ചെയ്തു നേടുന്ന വരുമാനത്തിനുമേൽ തരിമ്പും അവകാശമില്ലാത്ത ഈ അവസ്ഥ കൊല്ലത്തു മാത്രം സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നമാണെന്നു തോന്നുന്നില്ല.

കുടുംബം എന്ന സാമൂഹിക സ്ഥാപനം ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളുടെ ചെലവിൽ പടുത്തുയർത്തിയ ഒന്നാണ്. അവരുടെ സൗജന്യസേവനമാണ് കുടുംബത്തെ നിലനിർത്തുന്നത്. വീട്ടുജോലികൾ മുതൽ കുട്ടികൾ വരെ സ്ത്രീകളുടെ ചോയ്‌സേ അല്ല ഇവിടെ.

ഇന്ത്യൻ സാഹചര്യത്തിൽ കുടുംബം എന്ന സാമൂഹിക സ്ഥാപനം ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളുടെ ചെലവിൽ പടുത്തുയർത്തിയ ഒന്നാണ്. അവരുടെ സൗജന്യസേവനമാണ് കുടുംബത്തെ നിലനിർത്തുന്നത്. വീട്ടുജോലികൾ മുതൽ കുട്ടികൾ വരെ സ്ത്രീകളുടെ ചോയ്‌സേ അല്ല ഇവിടെ. തനിക്ക് വിവാഹം വേണോ? എങ്കിൽ അത് എപ്പോൾ വിവാഹം വേണം? കുഞ്ഞുങ്ങൾ വേണോ തുടങ്ങിയ കാര്യത്തിലൊന്നും നമ്മുടെ സ്ത്രീകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശം പോയിട്ട് ആലോചിക്കാൻ പോലുമുള്ള ഇട ഇവിടെയില്ല. വളരെക്കുറച്ച് സ്ത്രീകളെ സംബന്ധിച്ച് ഇക്കാര്യങ്ങളിൽ നിർവാഹകത്വം അവകാശപ്പെടാൻ സാധിക്കുമെങ്കിലും എല്ലാ മതത്തിലുംപെട്ട വലിയൊരു വിഭാഗത്തെ സംബന്ധിച്ച് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ് ഇതൊക്കെ. ഭർത്താവിന് ഭാര്യയെ എപ്പോഴൊക്കെയാണ് അടിക്കാൻ അവകാശമുള്ളത് എന്ന് വിശദീകരിക്കുന്ന ഒരു ഉസ്താദിന്റെ പ്രസംഗ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇത്തരം പണ്ഡിതരുമായാണ് സ്വത്തവകാശത്തിലെ തുല്യതയെക്കുറിച്ചൊക്കെ ആധുനികസമൂഹം സംസാരിക്കേണ്ടത്.

ഭാര്യയെ തല്ലാൻ ഭർത്താവിന്​ അവകാശമുണ്ട്​ എന്ന്​ പ്രസംഗിച്ച സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം. ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്.

പെൺകുട്ടികളുടെ സഞ്ചാര- പെരുമാറ്റ സ്വാതന്ത്ര്യങ്ങളെ ഇങ്ങനെ ഭയക്കുകയും സൂക്ഷ്മമായി പ്രതിരോധിക്കുകയും ചെയ്യുന്ന ആളുകൾ ഓർക്കേണ്ട പ്രധാന കാര്യം, ഇത് വിപരീതഫലം ചെയ്യും എന്നതാണ്. ആൺകുട്ടികളും പെൺകുട്ടികളും സ്വാഭാവികമായി ഇടപഴകി ജീവിക്കുമ്പോഴാണ് ആരോഗ്യകരമായ സാമൂഹിക ജീവിതം സാധ്യമാകുന്നത്. പരസ്പരം കാണാനോ ഇടപഴകാനോ ഉള്ള സാഹചര്യം നിഷേധിക്കപ്പെടുമ്പോൾ ഈ കുട്ടികൾ സമൂഹത്തോട് പ്രതികാര മനോഭാവത്തോടെയാവും പെരുമാറുക. പുതിയ തലമുറയുടെ പ്രകാശന മാധ്യമമായി ചിത്രങ്ങളും വീഡിയോയും മാറിയിട്ടുണ്ട്. കുട്ടികൾ ചേർന്നിരുന്ന് കപ്പിളായോ അല്ലാതെയോ ഫോട്ടോയെടുക്കുന്നത് അവർക്ക് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യാനാണ്. പ്രിയപ്പെട്ട രക്ഷിതാക്കളേ, ടൂറിനിടയിൽ എടുക്കുന്ന ഇത്തരം പടങ്ങൾക്ക് നിങ്ങളുദ്ദേശിക്കുംവിധം താൽപര്യങ്ങളില്ല. ഇൻസ്റ്റ പോസ്റ്റുകളുടെയും റീലുകളുടെയും ഭാഷ തിരിയാത്ത അധ്യാപക സമൂഹം കൂടുതൽക്കൂടുതൽ വഴിതെറ്റാനാണ് സാധ്യത. (സോഷ്യൽ മീഡിയ തന്നെ ഒരു നിരീക്ഷണ സംവിധാനവും ഡാറ്റാ ചൂഷണ സംവിധാനവും കോർപ്പറേറ്റ് ചൂഷണങ്ങളെ വർണശബളമായ ആഘോഷങ്ങളിലൂടെ മൂടിവെക്കുന്ന സംവിധാനവുമാണ്. അതിനോട് എങ്ങനെയാണ് പ്രതിരോധം തീർക്കേണ്ടത് എന്നറിയാൻ മിനിമം അതെന്താണെന്ന് പഠിക്കുകയെങ്കിലും വേണം.)

സാഹിത്യത്തിലും സിനിമയിലും ഏതുതരത്തിലാണ് സ്ത്രീകൾ പ്രത്യക്ഷപ്പെടുകയും വിഷയമാവുകയും ചെയ്യുന്നതെന്ന് നമ്മുടെ കലാലയങ്ങൾ സൂക്ഷ്മമായി ഒരുഭാഗത്ത് നിരീക്ഷിക്കുന്നുണ്ട്.

അധ്യാപകരുടെ വലിയ ഉത്തരവാദിത്വങ്ങളിലൊന്ന് മാറിമാറിവരുന്ന കുട്ടികളുടെ ശീലങ്ങളും ഭാഷയും പഠിക്കുക എന്നതാണ്. അത് പഠിച്ചെടുക്കാതെ നമ്മുടെ കൈയിലുള്ള പ്രാചീനഭാഷയും ശീലങ്ങളും വെച്ച് കാര്യങ്ങൾ മനസ്സിലാക്കിയാൽ കുട്ടികളൊക്കെ വഴിതെറ്റിപ്പോകുന്നതായി തോന്നും. സത്യത്തിൽ വഴി തെറ്റുന്നത് അധ്യാപകരാണ്. അധ്യാപക സമൂഹത്തിന്റെ ഇത്തരം വഴിതെറ്റലുകളെത്തുടർന്നുണ്ടാകുന്ന നീരീക്ഷണ കാർക്കശ്യങ്ങളും വിചാരണകളും ശിക്ഷാനടപടികളും കുട്ടികളെ നിഷേധാത്മക പെരുമാറ്റശീലങ്ങളിലേക്ക് നയിക്കും. വിദ്യാലയത്തിന്റെ പടിയിറങ്ങുമ്പോൾ പുസ്തകങ്ങൾ വലിച്ചെറിയുന്നതും യൂണിഫോം കീറിയെറിയുന്നതും ആഹ്ലാദസൂചകമായി വർണങ്ങൾ വാരിപ്പൂശുന്നതും നമ്മൾ അധ്യാപകർ തെറ്റായി ചെയ്തുപോരുന്ന ‘പരിപാലനങ്ങളുടെ' പാർശ്വഫലങ്ങളാണ്.

സ്ത്രീശാക്തീകരണത്തെ സംബന്ധിച്ച് നമ്മുടെ ഭരണകൂടങ്ങൾ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കുമൊപ്പം അക്കാദമിക തലത്തിലും വലിയ മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്. സ്ത്രീവാദത്തിന്റെ സൂക്ഷ്മപ്രയോഗത്തെക്കുറിച്ച് നമ്മുടെ കുട്ടികൾ പഠിക്കുക മാത്രമല്ല, ഏറ്റവും പുതിയ തീസിസുകൾ ചമയ്ക്കുന്നുമുണ്ട്. രാഷ്ട്രീയശരികളെക്കുറിച്ചുള്ള വിചാരങ്ങളിൽ പ്രധാനപ്പെട്ടത് സ്ത്രീവിരുദ്ധമായ ആശയാവലികൾക്കുനേരെയുള്ള പ്രതിരോധമാണ്. സാഹിത്യത്തിലും സിനിമയിലും ഏതുതരത്തിലാണ് സ്ത്രീകൾ പ്രത്യക്ഷപ്പെടുകയും വിഷയമാവുകയും ചെയ്യുന്നതെന്ന് നമ്മുടെ കലാലയങ്ങൾ സൂക്ഷ്മമായി ഒരുഭാഗത്ത് നിരീക്ഷിക്കുന്നുണ്ട്. സ്ത്രീ- പുരുഷദ്വന്ദത്തിനപ്പുറം ജെന്റർ സവിശേഷമായി വിശകലനം ചെയ്യുകയും ഏറ്റവും പോസിറ്റീവായി അതിനനുസിച്ച് കാഴ്ചപ്പാടും പെരുമാറ്റശീലങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്ന കാലത്തുതന്നെയാണ് വേറൊരു ഭാഗത്ത് പെൺകുട്ടിയെ/സ്ത്രീയെ അവരുടെ വിശുദ്ധിയുടെ അടിസ്ഥാനത്തിൽ ഭയക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് തീർത്തും നിർഭാഗ്യകരമാണ്.

അതിരുകവിഞ്ഞ ജനന നിയന്ത്രണ സംവിധാനങ്ങൾ ചൈനയിൽ പ്രത്യുൽപാദനക്ഷമത കുറയ്ക്കുകയും സങ്കീർണമായ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു. പ്രണയത്തിനായി സർക്കാർ തലത്തിൽ പ്രത്യേക ദിവസം മാറ്റിവെക്കുന്നതുപോലുള്ള നടപടികൾ സ്വീകരിച്ചതായി കേട്ടിട്ടുണ്ട്. സ്ത്രീപുരുഷ സമ്പർക്കഭീതി നമ്മുടെ നാട്ടിലും അത്തരം സാഹചര്യമുണ്ടാക്കും എന്നല്ല ഞാൻ പറഞ്ഞുവരുന്നത്. നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത, സാമൂഹികമായി ഒട്ടും പുനരുൽപാദനക്ഷമമല്ലാത്ത പ്രവണതകൾ യുവതലമുറയിൽനിന്ന് ഉണ്ടാവും എന്നാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്വം വിദ്യാർത്ഥികളെ, വിശേഷിച്ച് പെൺകുട്ടികളെ സംശയത്തോടെ നോക്കുന്ന അധ്യാപക സമൂഹത്തിനായിരിക്കുകയും ചെയ്യും. ▮


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments