സെക്‌സിസത്തിന്റെ കെടുതിയിൽ നിന്ന് വിമുക്തമായിട്ടില്ല ഞങ്ങൾ ഇനിയും. ഗാർഹിക പീഡനങ്ങൾക്ക് കുറവില്ല. LGBTQ സമൂഹത്തോട് വേണ്ടത്ര ആദരവില്ല. എന്നാലും ലൈംഗിക അസമത്വത്തിലും അന്ധവിശ്വാസങ്ങളിലുമൂന്നിയ കുടുംബനിയമങ്ങളും കീഴ്വഴക്കങ്ങളും ഏൽപ്പിക്കുന്ന ആഘാതങ്ങൾ കേരളത്തിലുള്ള എന്നെപ്പോലെയുള്ള മറ്റൊരു പെൺകുട്ടിയ്ക്ക് കൂടുതൽ സഹിക്കേണ്ടിവരുന്നുണ്ട് എന്നത് സത്യമാണെന്ന് കരുതുന്നു.
ഇവിടെ, ന്യൂയോർക്കിലിരുന്ന് ദൂരെ, കേരളത്തിലോ ഇന്ത്യയിലോ ഉള്ള ഒരു ഗ്രാമത്തിലെയോ പട്ടണത്തിലെയോ സാമൂഹ്യവ്യവസ്ഥയെയോ കുടുംബ നിയമങ്ങളേയോ അപഗ്രഥിക്കുന്നതിൽ തീർച്ചയായും അപാകതയുണ്ട് എന്ന് വിശ്വസിക്കുന്നു. ചരിത്രവും രാഷ്ട്രീയ വ്യവസ്ഥകളും മതവും അനാഥത്വവും വിദ്യാഭ്യാസ രാഹിത്യവുമെല്ലാം വലച്ച, ഇന്നും വലച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയെ അതിന്റെ കെടുതികൾ താരതമ്യേന കുറവായ അമേരിക്കയിൽ നിന്ന് വീക്ഷിക്കുമ്പോൾ കളിയാക്കലിന്റേയോ കുറ്റപ്പെടുത്തലിന്റേയോ ലാഞ്ഛന വരാൻ പാടില്ല താനും.
യു.എസിലെ വൻ നഗരങ്ങളിലൊന്നായ ഷിക്കാഗോയിൽ ജനിച്ചുവളർന്ന എനിക്ക് കൂത്താട്ടുകുളത്തിനടുത്ത് മരങ്ങോലി എന്ന ഗ്രാമത്തിൽ ജനിച്ച എന്റെ അമ്മയുമായി എന്തു സാമ്യമാണുള്ളത്? മീനച്ചിലിലെ ഒരു ചെറിയ അമ്പലത്തിലെ കഥകളി ബാല്യത്തിലേ കണ്ടുവളർന്ന എന്റെ അച്ഛന് ആ കലയോടുള്ള ആഭിമുഖ്യം എനിക്ക് എങ്ങനെ മനസ്സിലാവാനാണ്? ഒരു ടീനേജർ ആയിരുന്നപ്പോൾ അടുത്തുള്ള മാളിലേക്ക് എന്റെ അമേരിക്കൻ കൂട്ടുകാർ ധരിക്കുന്ന, അന്നത്തെ ഫാഷനായ ആബെർക്രോംബി ഉടുപ്പുകൾ വാങ്ങാൻ ഓടിയിരുന്നവളാണ് ഞാൻ. (പക്ഷേ വളരെ ഇറക്കം കുറഞ്ഞ ‘ഷോട്സ്' ധരിക്കുന്നത് എന്റെ അച്ഛനമ്മമാർക്ക് ഇഷ്ടവുമല്ലായിരുന്നു). ഇപ്പോൾ ഗയാനയിൽ നിന്നുള്ള ഒരു കറുത്തവർഗക്കാരനോടൊപ്പം ന്യൂയോർക്കിലെ ഒരു അപ്പാർട്ടുമെന്റിൽ താമസമാണെന്നുപറഞ്ഞാൽ എല്ലാമായി.
ന്യൂ യോർക്കിലെ വളരെ ഉയരമുള്ള കെട്ടിടത്തിൽ നിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെ ദൂരേക്കുനോക്കുമ്പോൾ, ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ എന്റെ പ്രായമുള്ള ഒരു സ്ത്രീക്ക് എന്ത് അറിവു ലഭിയ്ക്കുന്നു, അത് ലഭിച്ചാലും എത്ര പ്രായോഗികമാക്കാൻ സാധിയ്ക്കുന്നു എന്നാലോചിയ്ക്കുമ്പോൾ അത്ര ആശ്വാസകരമായ ഒരു വികാരം എന്നിലുണ്ടാകുന്നുണ്ടോ? സംശയമാണ്.
പക്ഷേ, സാംസ്‌കാരികമായി ഉന്നത നിലവാരമുള്ള ഒരു കുടുംബത്തിൽ, മലയാളി സമൂഹം അതിവേഗം പടർന്നുപന്തലിക്കുന്ന ഒരിടത്ത് വളർന്നു എന്നതുകൊണ്ട് എന്റെ സ്വത്വത്തേയും വ്യക്തിത്വത്തെയും താൽപര്യത്തേയും ആസ്വദിക്കുന്നുണ്ട്. എങ്കിലും ഇത് രണ്ടിടങ്ങൾ തമ്മിലുള്ള സമൂഹിക /സാമ്പത്തിക സ്ഥിതിയാൽ, പല വ്യാഴവട്ടങ്ങളുടെ അകൽച്ചയാൽ, വിപുലമായ ജനസഞ്ചയങ്ങളുടെ വ്യത്യാസങ്ങളാൽ ആന്തരികമായ പിച്ചിച്ചീന്തപ്പെടൽ അനുഭവപ്പെടുത്തുന്നുണ്ടു താനും. വിശേഷാധികാരമുള്ള, പ്രത്യേകാനുകൂല്യങ്ങളുള്ള ഒരു സമൂഹത്തിൽ ഞാൻ ജീവിക്കുന്നു, താരതമ്യേന ഔദാര്യ- സൗജന്യങ്ങൾ അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വഴികളിൽ നടക്കുമ്പോൾ സുഖസമാധാനവും പിന്തുണയും അവലംബവും നൽകുന്ന കുടുംബവും കൂടെയുണ്ട്.
ഈ പ്രിവിലേജ് ഒരു അമേരിക്കൻ ഇന്ത്യക്കാരിക്കുമാത്രം ലഭിയ്ക്കുന്നതല്ല. ദീർഘകാലത്തെ മാനസിക പരിചരണങ്ങൾ, പലപ്പോഴും പുതുക്കിയെടുക്കപ്പെട്ട നിയമങ്ങൾ വഴി സമൂഹം ആർജ്ജിച്ചെടുത്തവയാണ്. എന്നാൽ ഇത് എത്രമാത്രം സാദ്ധ്യമാണ് കേരളത്തിൽ അല്ലെങ്കിൽ പൊതുവേ ഇന്ത്യയിൽ എന്നത് ആലോചനയിൽ പലപ്പോഴുമുണ്ടാകാറുണ്ട്. വഞ്ചനാപരവും പ്രച്ഛന്നവുമായി മുന്നേറുന്ന അടിച്ചമർത്തൽ ലോകവ്യാപകമാണെങ്കിലും ഇന്ത്യയിൽ- കേരളത്തിലും- ലിംഗപരമായ വേർതിരിവും ഇന്നും തുടരുന്ന സ്ത്രീധനസമ്പ്രദായവും ആഭിജാത്യക്കൊലകളും (honor killings) സ്ത്രീകളോടുള്ള അതിക്രമങ്ങളും ഭീകരചിത്രങ്ങൾ സമ്മാനിക്കുന്നതായി തോന്നുന്നതിൽ അപാകതയില്ലെന്ന് വിശ്വസിക്കട്ടെ. എന്നാൽ അമേരിക്കയിൽ ഇതൊന്നുമില്ലെന്ന് നടിക്കുന്നത് മൂഢതയാണെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു. സെക്‌സിസത്തിന്റെ കെടുതിയിൽ നിന്ന് വിമുക്തമായിട്ടില്ല ഞങ്ങൾ ഇനിയും. ഗാർഹിക പീഡനങ്ങൾക്ക് കുറവില്ല. LGBTQ സമൂഹത്തോട് വേണ്ടത്ര ആദരവില്ല, ഇനിയും. എന്നാലും ലൈംഗിക അസമത്വത്തിലും അന്ധവിശ്വാസങ്ങളിലുമൂന്നിയ കുടുംബനിയമങ്ങളും കീഴ്വഴക്കങ്ങളും ഏൽപ്പിക്കുന്ന ആഘാതങ്ങൾ കേരളത്തിലുള്ള എന്നെപ്പോലെയുള്ള മറ്റൊരു പെൺകുട്ടിയ്ക്ക് കൂടുതൽ സഹിക്കേണ്ടിവരുന്നുണ്ട് എന്നത് സത്യമാണെന്ന് കരുതുന്നു.
പലപ്പോഴും ഞാൻ ഇന്ത്യയിലെ ബലവത്തായ കുടുംബ/സമൂഹ വ്യവസ്ഥകളെപ്പറ്റി അസൂയപ്പെടാറുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പിന്തുണയും സ്വാസ്ഥ്യവും പ്രദാനം ചെയ്യുന്നു അത്. പക്ഷേ അത് ഗാർഹികതയിൽ തളയ്ക്കപ്പെട്ട സ്ത്രീകളുടെ വിയർപ്പിന്റെ വിലയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്.
സെക്‌സ് എന്ന പ്രക്രിയയുടെ പ്രവർത്തനവിധവും അതിൽ വൈകാരികതയുടെ പങ്കും ഉൾക്കൊള്ളലും മിഡിൽ സ്‌കൂളിൽ അദ്ധ്യാപകർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതാണ്. താമസിയാതെ മറ്റുപല സമൂഹങ്ങളിലും വിലക്കുകളുള്ള - പ്രത്യേകിച്ചും പെൺകുട്ടികൾക്ക്- വിഷയങ്ങളായ പ്രണയം, ലൈംഗികസ്വാതന്ത്ര്യം, സാമ്പത്തികം, മദ്യ ഉപയോഗം, ഡിവോഴ്‌സ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ട്. അറിവോ പരിചയമോ നിഷേധിക്കപ്പെടുക എന്നത് ദുഷ്ടസാഹസികമായ പെരുമാറ്റങ്ങളിലേക്ക് നയിക്കും, ഭീകര പ്രത്യാഘാതങ്ങളിലേക്ക് വഴുതിപ്പോകും. ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള സ്ത്രീകൾ കേരളത്തിലാണ്, പക്ഷേ മൊത്തം ഇന്ത്യയുടെ സ്ഥിതി ഇതല്ല. ഇവിടെ, ന്യൂ യോർക്കിലെ വളരെ ഉയരമുള്ള കെട്ടിടത്തിൽ നിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെ ദൂരേക്കു നോക്കുമ്പോൾ, ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ എന്റെ പ്രായമുള്ള ഒരു സ്ത്രീക്ക് എന്ത് അറിവു ലഭിയ്ക്കുന്നു, അത് ലഭിച്ചാലും എത്ര പ്രായോഗികമാക്കാൻ സാധിയ്ക്കുന്നു എന്നാലോചിയ്ക്കുമ്പോൾ അത്ര ആശ്വാസകരമായ ഒരു വികാരം എന്നിലുണ്ടാകുന്നുണ്ടോ? സംശയമാണ്.
ആർത്തവകാലത്ത് അമ്പലപ്രവേശനം നിഷേധിക്കപ്പെടുന്നതൊക്കെ എന്നെ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ജന്തുസഹജമായ, ലോകവ്യാപകമായ, തികച്ചും ജൈവപരമായ ആവശ്യമായ ഒരു ഫിസിയോളജി വിന്യാസത്തെ മുൻനിർത്തി, നമുക്ക് അവകാശപ്പെട്ട ആചാരത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്നതിലെ നൈതികത എവിടെയാണ്? ഒരു വശത്ത് ഭക്തിയിൽ മുഴുകാൻ തീക്ഷ്ണമായി ഉദ്‌ബോധിപ്പിക്കുന്ന സമൂഹം- ആറ്റുകാൽ പൊങ്കാലയിൽ ലക്ഷക്കണക്കിനു സ്ത്രീകളാണത്രെ പങ്കെടുക്കുന്നത്- അതേ നാവു കൊണ്ട് അവരുടെ ഫിസിയോളജി പ്രത്യേകത കൊണ്ട് ദൈവസന്നിധിയിൽ എത്തരുതെന്ന് ഘോരതാക്കീത് നൽകുന്നതിലെ പൊരുത്തക്കേട് എനിക്ക് മനസ്സിലാവുന്നില്ല. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ യാഥാസ്ഥിതികർ എലമെന്ററി സ്‌കൂളുകളിൽ ആർത്തവത്തെക്കുറിച്ച് ചർച്ച പാടില്ല എന്ന് ശഠിയ്ക്കുന്നുണ്ട് ഈയിടെയായി എന്ന വാർത്ത ഇതോടൊപ്പം ഓർക്കുന്നു.
യാഥാസ്ഥിതിക കുടുംബവ്യവസ്ഥയിലെ പാളിച്ചകൾക്ക് സമുദായത്തിന്റെയോ സമൂഹത്തിന്റെയോ സംരക്ഷണം മറുമരുന്നായേക്കാം. പലപ്പോഴും ഞാൻ ഇന്ത്യയിലെ ബലവത്തായ കുടുംബ/സമൂഹ വ്യവസ്ഥകളെപ്പറ്റി അസൂയപ്പെടാറുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പിന്തുണയും സ്വാസ്ഥ്യവും പ്രദാനം ചെയ്യുന്നു അത്. പക്ഷേ അത് ഗാർഹികതയിൽ തളയ്ക്കപ്പെട്ട സ്ത്രീകളുടെ വിയർപ്പിന്റെ വിലയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. പലപ്പോഴും ഭർത്താവിനോടൊപ്പം അയാളുടെ ബന്ധുക്കൾക്കിടയിൽ പെട്ടു പോകുന്നവളാണവൾ. അമ്മായിയമ്മ എന്ന പ്രാകൃതരൂപം ഇന്നും ഇന്ത്യയിൽ സ്ഥിരവേഷമാണ്. സ്ത്രീകൾക്ക് അറിവും സ്വാതന്ത്ര്യവും ലഭിയ്ക്കുന്നതിൽ നിന്ന് വേർപെടുത്തുന്ന പ്രധാന ഘടകം ഈ നിയോഗമാണ്.
ന്യൂയോർക്ക് നഗരത്തിൽ ലോകത്തെല്ലായിടത്തുനിന്നും ജനസമൂഹങ്ങളെത്തുകയാണ്. മനുഷ്യന്റെ, മനുഷ്യത്വത്തിന്റെ വില അറിയാൻ ഇവിടെ തെരുവിലിറങ്ങി നിന്ന് ഈ വിചിത്ര സങ്കലനം നോക്കിക്കണ്ടാൽ മതി.
ഈയിടെ സംഭവിക്കുന്ന ആഭിജാത്യക്കൊലകൾ ലിംഗപരമല്ല. ബന്ധുക്കൾ മറ്റ് ജാതിയിലോ മതത്തിലോ ഉള്ളവരെ കൊല്ലാൻ തയാറാണ് എപ്പോഴും. ഒരു വിദേശിയുടെ കാഴ്ച്പ്പാടിൽ കമിതാക്കൾ തമ്മിലുള്ള ഇത്തരം വ്യത്യാസങ്ങൾ തുച്ഛമായേ തോന്നൂ. ന്യൂയോർക്ക് നഗരത്തിൽ ലോകത്തെല്ലായിടത്തുനിന്നും ജനസമൂഹങ്ങളെത്തുകയാണ്. പല ജാതി, മതക്കാർ, പല നാട്ടുകാർ, വിഭിന്ന സംസ്‌കാരവും ചരിത്രവും ഒരുമിക്കുന്ന, ഇണ ചേരുന്ന, കല്യാണം കഴിക്കുന്ന നഗരം. മനുഷ്യന്റെ, മനുഷ്യത്വത്തിന്റെ വില അറിയാൻ ഇവിടെ തെരുവിലിറങ്ങി നിന്ന് ഈ വിചിത്ര സങ്കലനം നോക്കിക്കണ്ടാൽ മതി. വിവാഹത്തിനുപകരം കൊലപാതകമാണ് മെച്ചമെന്ന് ശഠിയ്ക്കുന്നവർ ഏതു ഉണ്മയിലാണ് ജീവിക്കുന്നത്? ഇതെങ്ങനെ ആഭിജാത്യത്തിന്റെ ലക്ഷണമാകും? ‘Honor' എന്ന വാക്ക് ഇവിടെ എങ്ങനെ സംഗതമാകും? ഒരു വിശ്വാസസംഹിതയും ഒരു കുടുംബമൂല്യവും ഹിംസയ്ക്ക് സാധുത നൽകുന്നില്ല.
കഴിഞ്ഞ വർഷം ഷിക്കാഗോയിൽ ഒരു സൗത്ത് ഏഷ്യൻ ഫോട്ടോഗ്രാഫറെ അവരുടെ മുൻ ഭർത്താവ് കൊലപ്പെടുത്തിയത് ഓർമ വരുന്നു. ഇവിടെ, ഇന്ത്യയിൽ നിന്ന് ദൂരെ നടന്ന സംഭവമാണ്. മറ്റൊരാളുടെ ജീവിതത്തെ കൊലപാതകം കൊണ്ട് നിയന്ത്രിക്കുക എന്നതുതന്നെ. അമേരിക്കയിലെ ഗാർഹിക പീഡനങ്ങളും ദൂരെ ഇന്ത്യയിലെ ആഭിജാത്യ കൊലകളും എന്നെ ഒരേപോലെ ഞെട്ടിക്കുന്നു, അതീവ ദുഃഖിതയാക്കുന്നു. അമേരിക്കയിലെയും ഇന്ത്യയിലെയും സ്ത്രീകളുടെ, LGBTQ അംഗങ്ങളുടെ അനുഭവങ്ങൾക്ക് സാമ്യത ഇല്ലായിരിക്കാം. പക്ഷേ രണ്ടും ക്രമപ്പെടുത്തിയിരിക്കുന്നത് പുരുഷമേധാവിത്ത സമൂഹമാണ്, സ്ത്രീകളെ ദ്രോഹിക്കുന്ന മനോനിലകളാണ്. ഇത് അംഗീകരിക്കുകയും പൊളിച്ചടുക്കുകയും ചെയ്യേണ്ടത് സമതുലിതവും നീതിപൂർവ്വകവുമായ സമൂഹം നിർമിച്ചെടുക്കാൻ ആവശ്യമാണ്. പ്രാകൃത സമൂഹനീതികളെ വെല്ലുവിളിയ്ക്കാനും ഘടനയിലും സമീപനത്തിലും മാറ്റങ്ങളുണ്ടാവാനും വ്യക്തികളുടെ പ്രയത്‌നം മാത്രം പോരാ, കൂട്ടായ പ്രവർത്തനം അത്യാവശ്യം തന്നെ. ▮