ഈ അടുക്കളയിൽ നിന്ന് തൊഴിലാളി സ്ത്രീകൾ എങ്ങനെ പാട്ടുപാടാനാണ് !

ആധുനിക മുതലാളിത്തചൂഷണത്തിലധിഷ്ഠിതമായ നവലോകജീവിതക്രമം എത്രമാത്രം പ്രകൃതി-മനുഷ്യവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ കൊറോണക്കാലം കടന്നുപോകുന്നത്. മനുഷ്യനെ പരിഗണിക്കാതെ സർവാധിപത്യത്തിന്റെ ലഹരിയിൽ മദിച്ച അമേരിക്കയെപ്പോലുള്ള സമ്പന്നരാഷ്ട്രങ്ങൾ ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. മൂലധനം പടുത്തുയർത്തിയ സുഖലോലുപതയുടെ സൗധങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമ്പോൾ ജീവിതത്തിന്റെ ജൈവപരമായ സൂക്ഷ്മതകളിലേക്ക് മനുഷ്യനിന്ന് തിരിച്ചുനടക്കുകയാണ്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത സന്ദേഹങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ്. വയറിന്റെ വിശപ്പിനോടൊപ്പം സത്താപരമായ സംഘർഷങ്ങളും മനുഷ്യനെ വേട്ടയാടുന്നു. ബഹുമുഖമായ അതിജീവനത്തിന്റെ വഴികളാണ് മനുഷ്യസമൂഹം ഇന്ന് അന്വേഷിക്കുന്നത്. എവിടെയും അടയാളപ്പെടാതെ ഒരു നേരത്തെ അന്നത്തിനുവേണ്ടി വിയർക്കുന്നവർ ഇന്ന് ജീവിതത്തിൽ നിന്നുതന്നെ പുറത്തായിപ്പോയിരിക്കുകയാണ്. ഇവിടെ പുറംലോകമറിയാത്ത തീവ്രമായ വിശപ്പിന്റെ നിശ്ശബ്ദനിലവിളിയുണ്ട്. അടച്ചുപൂട്ടപ്പെട്ട ഈ കാലത്ത് തൊഴിലാളികളുടെ, പ്രത്യേകിച്ച് അസംഘടിത/സ്ത്രീ തൊഴിലാളികളുടെ ദരിദ്രജീവിതത്തിന്റെ നേരനുഭവം പങ്കുവെക്കുകയാണ് വിജി പെൺകൂട്ട്. വിജിക്ക് ഉത്കണ്ഠയുണ്ട്, എന്നാൽ സഹജമായ ഇച്ഛാശക്തിയിലൂടെ ഏതുദുരന്തമുഖത്തെയും മറികടക്കുമെന്ന പ്രത്യാശയുമുണ്ട്.

പി.എം ദീപ:ജീവിതത്തിന്റെ സമസ്തമേഖലകളും ഈ രീതിയിൽ സ്തംഭിച്ച ഒരവസരം നമ്മുടെ ഓർമയിൽ മുമ്പെങ്ങുമില്ല. അസംഘടിതമേഖലയിലെ തൊഴിലാളികളെ, പ്രത്യേകിച്ച് സ്ത്രീതൊഴിലാളികളെ ഇതെങ്ങനെയാണ് ബാധിച്ചിരിക്കുന്നത്?

വിജി പെൺകൂട്ട്:അപ്രതീക്ഷിതമായി വന്നുചേർന്ന ഈ മഹാവിപത്ത് എല്ലാവരുടേയും ജീവിതാവസ്ഥയെ മാറ്റിമറിച്ചുകളഞ്ഞിട്ടുണ്ട് എന്ന് നമുക്കറിയാം. അന്നന്നത്തെ ജീവിതം നിവർത്തിച്ചുകൊണ്ടുപോവാൻ പെടാപ്പാട് പെടുന്ന അസംഘടിതമേഖലയിലെ തൊഴിലാളികളെപ്പറ്റി പറയുകയാണെങ്കിൽ, അത് നമുക്ക് ഊഹിക്കാൻ കഴിയുന്നതിലുമപ്പുറമാണ്. മാനസികമായി വല്ലാതെ തകർന്നിരിക്കുകയാണവർ.

സ്വാഭാവികമായും അസംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികളുടെ പ്രശ്‌നങ്ങളായിരിക്കുമല്ലോ ഈയവസരത്തിൽ കൂടുതലായും വിജിയേച്ചിയുടെ മുമ്പിലെത്തിയിട്ടുണ്ടാവുക.

അവരുടെ പ്രശ്‌നങ്ങൾ നിരവധിയാണ്. കോഴിക്കോട് ടെക്‌സ്റ്റൈൽസ് മേഖലയിലായാലും മുതലക്കുളത്തായാലും സ്ത്രീതൊഴിലാളികളാണ് ഏറെയും. മിഠായിത്തെരുവിലെ ചെറിയ ഷോപ്പുകളിൽ ഒരുപാട് സ്ത്രീകൾ ജോലിക്ക് നിൽക്കുന്നുണ്ട്. അവരിൽ പലർക്കും സ്വന്തമായി വീടുപോലുമില്ല, സമ്പാദ്യവുമില്ല. വാടക കൊടുക്കണം, ഇലക്ട്രിസിറ്റി ബിൽ അടയ്ക്കണം, വെള്ളത്തിന്റെ ബിൽ അടയ്ക്കണം. മൂന്നുമാസത്തോളമായി ഒരു വരുമാനവുമില്ലാതെ ഇവർ പിന്നെ എങ്ങനെ ജീവിക്കും?
മിഠായിത്തെരുവിലെ ഒരു ക്ലീനിങ് തൊഴിലാളിയുണ്ട്. അവർക്ക് 80 വയസ്സ് കഴിഞ്ഞു. മക്കളില്ല, ഉറ്റവരാരും തന്നെയില്ല. തീരെ വയ്യാത്ത ഒരു അനിയത്തിയുണ്ട്. അവരെ നോക്കണം. ഏട്ടത്തിക്ക് അനിയത്തിയും അനിയത്തിക്ക് ഏട്ടത്തിയും മാത്രമാണ്. രണ്ടുപേരും കൂടി ഒരു വീടിന്റെ ഒരു ഭാഗത്താണ് താമസിക്കുന്നത്. അവരെന്നെ എപ്പോഴും വിളിക്കും. പ്രാദേശികമായി പല സഹായങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. ഇതുവരെ പട്ടിണിയിലൊന്നും ആയിട്ടില്ല. എന്നാലും അവർ മാനസികമായി തളർന്നിരിക്കുകയാണ്. പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുത്; കൂടുതൽ ശ്രദ്ധിക്കണം എന്ന വാർത്തയൊക്കെ കേൾക്കുമ്പോൾ അവർക്ക് ഭയപ്പാടാണ്. അവരെ പുലർത്താനായി ആരാണുള്ളത്? ജോലി നഷ്ടപ്പെടുമോ എന്ന പേടിയാണവർക്ക്. ഞാൻ ആശ്വസിപ്പിക്കും. നമ്മുടെ മിഠായിത്തെരുവല്ലേ...ജോലിയൊന്നും പോവില്ലെന്ന് പറയും. അപ്പോൾ അവർ ആശ്വസിക്കും. സ്വന്തമായി അധ്വാനിച്ച് ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന വിധവയായ ഒരു തൊഴിലാളിസ്ത്രീയുണ്ട്. വാടകവീട്ടിലാണ് താമസം. ഇളവുകൾ വരാൻ തുടങ്ങിയപ്പോൾ വീട്ടുടമ വാടക ചോദിച്ച് ബുദ്ധിമുട്ടിക്കാൻ തുടങ്ങി. ബുദ്ധിമുട്ട് പറഞ്ഞപ്പോൾ അവർക്കും ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. തരാൻ പറ്റില്ലെങ്കിൽ വീടൊഴിയാൻ പറഞ്ഞു. അവൾ എങ്ങോട്ടുപോകും? കരഞ്ഞുകൊണ്ടാണ് എന്നെ വിളിച്ചത്. ഞാൻ വീട്ടുടമയെ വിളിച്ചുസംസാരിച്ചു. അവളുടെ അവസ്ഥ പറഞ്ഞു. അവളുടെ തൊഴിലുടമയെയും വിളിച്ചു. പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചെങ്കിലും അവൾ കടുത്ത മാനസികസംഘർഷത്തിലാണ്.

മിഠായിത്തെരുവ് / ഫോട്ടോ: മുഹമ്മദ് ഹനാൻ
മിഠായിത്തെരുവ് / ഫോട്ടോ: മുഹമ്മദ് ഹനാൻ

ഈ മൂന്നൂമാസക്കാലം തിരിച്ചറിവിന്റെ കാലം കൂടിയാണെന്ന് പറയപ്പെടുന്നുണ്ടല്ലോ...ഓട്ടം ഒന്നുനിന്നപ്പോൾ വീടിനെയും വീട്ടിലുള്ളവരെയുമൊക്കെ കൂടുതലായി മനസിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയെന്നുമൊക്കെ...ഒരു തൊഴിലാളിസ്ത്രീയുടെ വീട്ടകത്ത് ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ? പ്രത്യേകിച്ചും മദ്യപാനം താൽക്കാലികമായെങ്കിലും ഒന്ന് ഇല്ലാതായപ്പോൾ...?

ഇതാണ് ദീപാ ഞാനാദ്യം തന്നെ പറഞ്ഞത്, ഒരു തൊഴിലാളിസ്ത്രീയുടെ പ്രശ്‌നങ്ങൾ നമ്മളൂഹിക്കുന്നതിലും അപ്പുറമാണെന്ന്. ഞാനും ചാനലുകളിലൊക്കെ കാണാറുണ്ട്, സർഗാത്മകമാവുന്ന അടുക്കളയെക്കുറിച്ചും വീണ്ടും പതുക്കെ തളിർക്കാൻ തുടങ്ങിയ തീർത്തും കരിഞ്ഞുണങ്ങിപ്പോയെന്നു കരുതിയ ബന്ധങ്ങളെക്കുറിച്ചുമൊക്കെ. ഇതൊക്കെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുമുണ്ട്. പക്ഷേ, ഏറ്റവും അടിത്തട്ടിലുള്ള തൊഴിലാളി സ്ത്രീകൾ വീട്ടിനകത്ത് കിടന്ന് ചക്രശ്വാസം വലിക്കുകയാണ്. ഒരാഴ്ചകൊണ്ടുതന്നെ അവരുടെ അടുക്കള കാലിയായിക്കഴിഞ്ഞിരുന്നു. പിന്നീടുള്ളത് ദാരിദ്ര്യമാണ്. റേഷനരി കൊണ്ട് കഞ്ഞിയോ ചോറോ ഉണ്ടാക്കി, വെറും ഉപ്പും മുളകും കൂട്ടി കഴിച്ചാണ് ഇവർ കഴിഞ്ഞുകൂടുന്നത്. രാവിലെ പരമാവധി ഉറങ്ങിയാൽ പ്രാതലും ഉച്ചഭക്ഷണവും ഒന്നിച്ചാക്കാമല്ലോ എന്ന് പറഞ്ഞവർ ഉണ്ട്.
പിന്നെ, മദ്യവും കൂടി കിട്ടാതായപ്പോൾ പറയുകയും വേണ്ട. അതിന്റെ ഡിപ്രഷനും വീട്ടിലെ പെണ്ണുങ്ങളുടെ അടുത്തുതന്നെയാണ് തീർക്കുന്നത്. ശരിക്കും ഭ്രാന്തായിരുന്നു ആദ്യകുറേദിവസങ്ങളിൽ പലർക്കും.
സുഖലോലുപമായ അവന്റെ ജീവിതക്രമമാണല്ലോ തെറ്റിയത്. ആണുങ്ങൾ പണിക്ക് പോകുന്നുണ്ട്, വരുന്നുണ്ട്. പക്ഷേ അതിന്റെ ഗുണമൊന്നും മിക്കവീടുകളിലും ലഭിച്ചെന്നുവരില്ല. കുടുംബത്തിന്റെ ഉത്തരവാദിത്വം ഇന്ന് സ്ത്രീകളുടെ തലയിലാണ്. സ്ത്രീകളാണ് മിക്ക കുടുംബങ്ങളും നയിക്കുന്നത്. മുമ്പൊക്കെ കുടുംബം നോക്കുന്നതിന്റെ ഉത്തരവാദിത്തം പുരുഷൻ ഏറ്റെടുത്തിരുന്നു. സ്ത്രീകൾ വീട്ടിലെ മറ്റു കാര്യങ്ങളൊക്കെയായിരുന്നു ചെയ്തിരുന്നത്. അത്തരത്തിലൊരു തൊഴിൽ വിഭജനം അന്ന് നടന്നിരുന്നെങ്കിലും ഇന്നത്തെ അവസ്ഥ തീർത്തും മാറി. സ്ത്രീകൾ ജോലിക്കിറങ്ങിയതിനുശേഷം സ്ത്രീയുടെ ഭാരം ഇരട്ടിക്കുകയാണ് ചെയ്തത്. സാമ്പത്തികകാര്യങ്ങളും നോക്കണം, കുടുംബകാര്യങ്ങളും നോക്കണം. എന്നാൽ ഈ സ്ത്രീ ഒരിക്കലും ഒരു മനുഷ്യനായി പരിഗണിക്കപ്പെടുന്നില്ല എന്നതാണ് എന്റെ എക്കാലത്തേയും സങ്കടം.
കടുത്ത പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഈ ലോക്ക്ഡൗൺ ദിനങ്ങളിലും പുരുഷൻ ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് പെരുമാറുന്നത്. ഒരു തരം അധികാരിയുടെ പെരുമാറ്റമാണത്രേ. വിവിധതരത്തിലുള്ള ഭക്ഷണം വേണം. അത് പാചകം ചെയ്യൽ മാത്രമല്ല, അതിനുള്ള വക കണ്ടെത്തേണ്ടതുകൂടി അവളുടെ ജോലിയാണ്. രാവിലെ എന്തുണ്ടാക്കും? ഉച്ച...വൈകുന്നേരം...രാത്രി...? ഭക്ഷണം സംഘടിപ്പിച്ചുണ്ടാക്കൽ അവളുടെ ഭാരമാവുകയാണ്. ഇതിനിടയിൽ "കുറേക്കാലമായില്ലേ രാവിലെ ഒരുങ്ങിക്കെട്ടിയെറങ്ങുന്നു. ഇത്രയും കാലം അധ്വാനിച്ചതൊക്കെ എവിടെപ്പോയി' എന്ന ചോദ്യവും കേൾക്കുന്നവരുണ്ട്. അവൻ കള്ളുകുടിച്ചും മറ്റും നശിപ്പിച്ചതിന് കണക്കേയില്ല. അവന്റെ കുട്ടികൾ എങ്ങനെ വളർന്നുവെന്നോ, കുടുംബം എങ്ങനെ പുലർന്നുവെന്നോ അവനറിഞ്ഞിട്ടേയില്ല. എല്ലാവരുടേയും കാര്യമല്ല ഞാൻ പറയുന്നത് കേട്ടോ. എന്നാൽ താഴെത്തട്ടിലെ മിക്കവരുടെയും ജീവിതം ഈ വിധമാണ്. ഇവിടെങ്ങനെയാണ് ദീപാ ബന്ധങ്ങൾ പൂത്തുതളിർക്കുക? ഇവിടെയിരുന്ന് സ്ത്രീകൾ എങ്ങനെയാണ് പാട്ടുപാടുക? എങ്ങനെയാണ് ദീപാ ചിത്രങ്ങൾ വരയ്ക്കുക!!

ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീകൾ മാത്രമാണോ ഇങ്ങനെ ദുരിതങ്ങൾ അനുഭവിക്കുന്നത്?

ഒരിക്കലുമല്ല. സാമ്പത്തികമായ ക്ലേശങ്ങൾ താരതമ്യേന ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് കുറവായിരിക്കും. എന്നാൽ അവരുടെ അവസ്ഥയും ഇതിൽനിന്നും വലിയ വ്യത്യാസമൊന്നുമില്ലാതെ തുടരുകയാണ്. അവരുടെ സ്ഥാനമാനങ്ങളും അധികാരപ്രയോഗങ്ങളുമൊക്കെ അങ്ങ് ജോലിസ്ഥലത്ത് മാത്രം മതി എന്നാണ് പൊതുവെ പറഞ്ഞുപോരുന്നത്. ചുരുക്കിപ്പറഞ്ഞാൽ കലക്ടറാണെങ്കിൽപ്പോലും വീട്ടിനകത്തെ അവരുടെ അവസ്ഥ വളരെ ദാരുണമാണ്. വീട്ടിലെത്തുമ്പോൾ, ഒരു ജോലിയും കൂലിയൊന്നുമില്ലെങ്കിൽപ്പോലും ആൺ അധികാരിയാവുന്നു, ഉടമയാവുന്നു.

ഈ കൊറോണ ലോക്ക്ഡൗൺ സമയത്ത് മുഖ്യമന്ത്രി തന്നെ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ വീട്ടിലെ സ്ത്രീകളെ അടുക്കളപ്പണിക്ക് സഹായിക്കണമെന്ന്...?

"സഹായിക്കുക' എന്ന വാക്ക് ശരിയല്ലെന്നാണ് എന്റെ പക്ഷം. അടുക്കള സ്ത്രീകൾക്കു മാത്രമുള്ളതല്ല. സഹായിക്കൽ എന്നുപറയുമ്പോൾ അത് ചെയ്യേണ്ടത് സ്ത്രീ തന്നെയാണ് എന്ന് ഒന്നുകൂടി ഉറപ്പിച്ചുപറയലാണ്. ഇത് പുരുഷാധിപത്യത്തെ അംഗീകരിക്കലാണ്. സഹായിക്കലല്ല, പങ്കിടൽ ആണ് വേണ്ടത്. അടുക്കളയെന്നത് ഭക്ഷണം ആവശ്യമുള്ളവരുടെയെല്ലാം ഉത്തരവാദിത്വമാണ്.

സ്ത്രീയെ സംബന്ധിച്ച് ജോലി എന്നത് ഒരു വരുമാനമാർഗം എന്നതിലുപരി വ്യക്തിയെന്ന നിലയിൽ ഒരു തുറവി കൂടിയല്ലേ...ഈ അടച്ചിടൽ കാലത്ത് ഇത്തരം മാനസികസമ്മർദ്ദങ്ങളും ഉണ്ടാവില്ലേ?

വീട്ടിനകത്തെ സ്ത്രീകളെ നോക്കിയാൽ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. 24 മണിക്കൂറും അവർക്ക് ജോലി തന്നെയാണ്. എന്നാൽ അതിനൊന്നും ഒരു മൂല്യവുമില്ല. സ്വന്തമായി വരുമാനമുള്ള സ്ത്രീകൾ വീട്ടിൽ ജോലിക്ക് ആളെ വെക്കും. ജോലിക്ക് വരുന്ന സ്ത്രീകൾ എല്ലാ പണിയും കൃത്യമായി ചെയ്ത് പോകും. എന്നാലും വീട്ടിനകത്തുള്ള സ്ത്രീയുടെ ജോലി തീരുന്നില്ല. ഇവർ വീട്ടിനകത്ത് വെറും വീട്ടമ്മയാവുകയാണ്. സ്വന്തം വീട്ടിലെ ശമ്പളമില്ലാത്ത തൊഴിലാളിസ്ത്രീയാവുകയാണ്; മൂല്യമില്ലാത്ത, ആരാലും പരിഗണിക്കപ്പെടാത്ത ഒരു തൊഴിലാളിസ്ത്രീ. കുട്ടികളുടെയും കുടുംബത്തിന്റെയും ഭാരം ഞാൻ മാത്രമാണ് വഹിക്കേണ്ടതെന്ന സമൂഹത്തിന്റെ ആൺബോധം അവർ തലതാഴ്ത്തി സ്വയം ഏറ്റെടുക്കുകയാണ്.
ഇതിന് മറ്റാരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരു മാനസികമായ അടിമത്തത്തിലും വിധേയത്വത്തിലുമാണ് സ്ത്രീയുടെ മനസ്സ്. മനഃപൂർവ്വം ഇത് പൊട്ടിച്ച് പുറത്തുവന്നില്ലെങ്കിൽ രക്ഷയില്ല. ഇതിന് പരമ്പരാഗതമായ അടുക്കള പുതുക്കിപ്പണിയേണ്ടതുണ്ട്. ഇതിനുള്ള ആർജവം സ്ത്രീകൾക്ക് ഉണ്ടാകണം. അല്ലെങ്കിൽ കാലാകാലം ദുരിതം മാത്രം കുടിച്ച് ജീവിക്കേണ്ടിവരും.
ചെറിയ കൂലിയ്ക്കാണെങ്കിൽപോലും സ്ത്രീകൾ ജോലിക്ക് പോകുന്നത് ഈ തുറവി ആവശ്യപ്പെടുന്നതുകൊണ്ടാണ്. ജോലിസ്ഥലത്ത് അവർക്ക് വീട്ടിൽ കിട്ടുന്നതിനേക്കാൾ പരിഗണന കിട്ടുന്നു(അതിൽ ചൂഷണമുണ്ട്. അതൊന്നും അവർ പലപ്പോഴും തിരിച്ചറിയുന്നുപോലുമില്ല). അവിടെ അവർ സമാനഹൃദയരെ കാണുന്നു, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു, പൊതുകാര്യങ്ങൾ ചർച്ചചെയ്യുന്നു. ഒരു വ്യക്തിയെന്ന നിലയിൽ ഒരു സ്വത്വബോധം തൊഴിലിടങ്ങളിൽനിന്നും അവർ സ്വയം ആർജിച്ചെടുക്കുന്നുണ്ട്. എന്നാൽ എത്ര പണിചെയ്താലും എന്തൊക്കെ ഭാരം ചുമന്നാലും ഇതൊന്നും അവർക്ക് വീട്ടിൽ നിന്നും കിട്ടുന്നില്ല. അധികജോലിക്ക് കുടുംബത്തിനകത്ത് യാതൊരുവിധ ക്ലെയിമും ഇല്ല.

വിജിയേച്ചി ഇത് പറയുമ്പോൾ ഞാനൊരു കാര്യം ഓർക്കുന്നു. ഉത്തരേന്ത്യയിലെ മഥുരയിൽ ഭക്തമീരകളായി, രാധാനാമധാരികളായി തെരുവുകളിൽ അലയുന്ന ഒരുപാട് സ്ത്രീകളുണ്ട്. പല സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണവർ. അവർ മതപുരോഹിതന്മാരാൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന ഒരു വിവരം പുറത്തുവന്നതിനെത്തുടർന്ന് അന്വേഷണവും കണക്കെടുപ്പുകളുമൊക്കെ ആരംഭിച്ചു. ഇതിൽ കൂടുതലും ബംഗാളിൽ നിന്നുള്ള സ്ത്രീകളാണെന്നുള്ള ഒരു രാഷ്ട്രീയ ആരോപണവും ഉണ്ടായിരുന്നു. ഈ ചൂഷണങ്ങളിൽനിന്ന് രക്ഷനേടാനായി, തിരിച്ച് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ വനിതാകമ്മീഷനോട്, വീട്ടിലെ പീഡനത്തിന്റെയും ചൂഷണത്തിന്റെയുമത്ര ഇത് വരില്ലെന്നായിരുന്നുവത്രേ അവരുടെ മറുപടി. ബംഗാളിൽ നിന്ന് ഭക്തമീരകളായി കൂടുതൽ സ്ത്രീകളെത്തിയതിന്റെ കാരണം അവിടെ സ്ത്രീകൾക്ക് കൂടുതൽ സഞ്ചാരസ്വാതന്ത്ര്യമുണ്ടെന്നതാണ് എന്നുമാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള പലായനങ്ങളും ഒരു തുറവി തന്നെയല്ലേ...?

തീർച്ചയായും. ഇങ്ങനെ ഭക്തിയിലഭയം പ്രാപിക്കുന്ന, ആ വഴിക്ക് ഒരു തുറവി കണ്ടെത്തുന്ന എത്രയോ സ്ത്രീകളെ എനിക്ക് നേരിട്ടറിയാം. സത്യത്തിൽ സമരങ്ങൾ നയിച്ചു മുന്നേറാൻ ഇച്ഛാശക്തിയുള്ളവരാണവർ. ഭക്തി, സമൂഹം അംഗീകരിച്ച ഒന്നായതുകൊണ്ട് അവർ ആ വഴി തെരഞ്ഞെടുക്കുന്നു. സ്ത്രീകൾ അമ്പലത്തിലും പള്ളികളിലുമൊക്കെ പോകുന്നത് ഭക്തികൊണ്ട് മാത്രമൊന്നുമല്ലെന്ന് എനിക്കും തോന്നാറുണ്ട്.

ഒരിക്കൽ പുറംലോകം അറിഞ്ഞുകഴിഞ്ഞ ഒരു സ്ത്രീയും സ്വയം അടുക്കളയിൽ തളച്ചിടില്ല. നാല് മണിയ്‌ക്കോ അതിനുമുമ്പോ ഒക്കെ ഉണർന്ന് വീട്ടിലെല്ലാം ഒരുക്കിവെച്ചാണ് ഈ തൊഴിലാളികളിൽ പലരും ജോലിയ്‌ക്കെത്തുന്നത്. തുച്ഛമായ വരുമാനമാണെങ്കിലും അവരത് തെരഞ്ഞെടുക്കുന്നു.
ഇപ്പോൾ ഈ തുറവികൂടിയാണ് സ്ത്രീകൾക്ക് നഷ്ടമായത്. കൊറോണയെ പേടിക്കണം. അത് വേണ്ടതാണ്. പക്ഷേ, അവർ ആ വൈറസിനെ മാത്രമല്ല പേടിക്കുന്നത്. തങ്ങളുടെ ജീവിതത്തെ ആകപ്പാടെ കാർന്നുതിന്നുന്ന ഒരു ഇരുട്ട് അവരെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്. ഇത് ഈ അടച്ചിടലിൽ നിന്നുണ്ടായതാണ്. അവരുടെ സാമ്പത്തികക്ലേശങ്ങളിൽ നിന്നുണ്ടാകുന്നതാണ്. പരിഗണിക്കപ്പെടായ്കയിൽ നിന്നുണ്ടാകുന്നതാണ്, ഒറ്റപ്പെടലിൽ നിന്നുണ്ടാകുന്നതാണ്. ഇത്തരം ആധികൾ ഞാനവരിൽ നിന്ന് നേരിട്ടറിയുന്നുണ്ട്.

ഇപ്പോൾ ഇളവുകൾ വരാൻ തുടങ്ങുന്നു. ഇത് തൊഴിലാളിക്ക് വലിയ ആശ്വാസമാവുമെന്ന് പ്രതീക്ഷിക്കാം. അല്ലേ...?

ആശ്വാസമല്ല, കൂടുതൽ ആശങ്കകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാരണം ഇനി ആർക്കൊക്കെ ജോലി ഉണ്ടാവുമെന്ന് കണ്ടുതന്നെ അറിയണം. ഒരു ടെക്‌സ്റ്റൈൽസ് ജീവനക്കാരി ഇളവിനുശേഷം തുറന്നുതുടങ്ങിയ കടയിൽ പോയപ്പോൾ ""വിളിക്കാം. പ്രശ്‌നം ഒന്നു തീരട്ടെ. വിളിച്ചിട്ടുവന്നാൽ മതി.'' എന്നൊക്കെയാണ് ഉടമ പറഞ്ഞത്. ചില ഷോപ്പുകളിൽ റൊട്ടേഷൻ വ്യവസ്ഥയിലാണ് തൊഴിലാളികളെ നിയമിച്ചിരിക്കുന്നത്. പോകുന്ന ദിവസത്തെ വേതനം മാത്രം കിട്ടും.
മുതലക്കുളത്തെ അലക്കുതൊഴിലാളികൾക്കും ജോലി ഇല്ല. ലോഡ്ജുകൾ, ബ്യുട്ടിപാർലറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെയാണല്ലോ അവർക്ക് അലക്കാൻ തുണി കിട്ടിക്കൊണ്ടിരുന്നത്. ഇതൊന്നുമില്ലാതായതോടെ അവരും വഴിമുട്ടി നിൽക്കുകയാണ്.

വിജിയേച്ചി എങ്ങനെയാണ് ഇവരെയൊക്കെ സമാധാനപ്പെടുത്തുന്നത്?

ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളിലൂടെയും കടന്നുപോവുന്ന ഒരാളാണ് ഞാൻ. എനിക്കവരെ മനസിലായില്ലെങ്കിൽ പിന്നെ ആർക്ക് മനസിലാവും? ഞാനവരിൽ നിന്ന് വേറെയൊന്നുമല്ലല്ലോ. പിന്നെ സമാധാനിപ്പിക്കുന്നതെങ്ങനെയെന്ന് ചോദിച്ചാൽ ഞാൻ കേൾക്കാനാഗ്രഹിക്കുന്ന വാക്കുകൾ ഞാനവരോട് പറയും. പിന്നെ എനിക്ക് ചെയ്യാൻ കഴിയുന്നത് അവർക്കുവേണ്ടി ചെയ്യും.

ഈ ദുർഘടസന്ധിയിൽ കേരളസർക്കാരിന്റെ ഇടപെടലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്..?

ആരോഗ്യമന്ത്രി കെ.കെ. ശൈലജ
ആരോഗ്യമന്ത്രി കെ.കെ. ശൈലജ

അയൽക്കൂട്ടം മുതൽ ഐ.എ.എസ്/ ഐ.പി.എസ് തലം വരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് വളരെ ആസൂത്രിതമായ ഒരു പ്രവർത്തനം കാഴ്ച വെച്ചാണ് ഈ മഹാമാരിയെ കേരളസർക്കാർ നേരിട്ടത്. സർക്കാർ ഒപ്പമുണ്ട് എന്നത് ഒരു വെറും പറച്ചിലല്ല എന്ന് ഞങ്ങളുടെ കൂടെയുള്ള പലർക്കും വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുണ്ട്. പല ഘട്ടങ്ങളിലും പൊലീസിന്റെ ഇടപെടലുകളെ വിമർശിച്ചിരുന്ന ആളാണ് ഞാൻ. എന്നാൽ ഈ ദുരന്തസമയത്ത് വളരെ ആത്മാർത്ഥതയോടെയാണ് അവർ പ്രവർത്തിച്ചത്. ഭക്ഷണം കിട്ടാതെ വന്ന പലരും ജനമൈത്രിപൊലീസിനെ വിളിച്ചതും അവർ ഭക്ഷണക്കിറ്റ് എത്തിച്ചതും തുടർന്നും അവരുടെ കാര്യങ്ങളിൽ സജീവശ്രദ്ധ പുലർത്തിയതും എനിക്ക് നേരിട്ടറിയാം.
ഒരു സ്ത്രീയെന്ന നിലയിൽ ആരോഗ്യമന്ത്രിയുടെ പ്രവർത്തനത്തെക്കുറിച്ച്..?

എനിക്ക് അഭിമാനമുണ്ട്. ഒരു കുറ്റവും കുറവുമില്ലാതെ സ്ത്രീക്ക് ഭരിക്കാൻ കഴിയുമെന്ന് ശൈലജടീച്ചർ തെളിയിച്ചിട്ടുണ്ട്.

ഭക്ഷണക്കിറ്റുകൾ എത്തിച്ചാൽ ഒരുവിധം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?

ഭക്ഷണക്കിറ്റുകൾ ഞങ്ങളെപ്പോലുള്ള തൊഴിലാളികളെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. പക്ഷേ, അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല. മറ്റൊരുപാട് കാര്യങ്ങൾ അവരെ അലട്ടുന്നുണ്ട്.

സ്വന്തമായ വീടും വീട്ടുനമ്പറും റേഷൻകാർഡുമൊന്നുമില്ലാത്ത ഒരു ജീവിതത്തിലൂടെ കടന്നുപോകുന്ന നിരവധി തൊഴിലാളികൾ ഇല്ലേ? അവർ ഈ സാഹചര്യത്തെ എങ്ങനെ അതിജീവിക്കും?

ഇങ്ങനെ ഒരുപാട് പേർ ഉണ്ട്. എന്റെ ഒരനുഭവം തന്നെ പറയാം. ഞാനും എന്റെ മകളും മകനും എനിക്ക് വീടില്ലാത്തതിനാൽ അമ്മയുടെ റേഷൻകാർഡിലാണുള്ളത്. എന്റെ അമ്മയും അനിയനും മാത്രമല്ല ഇന്ന് ആ വീട്ടിലുള്ളത്. അനിയന്റെ ഭാര്യയും കുട്ടികളും ഉണ്ട്, ചേച്ചി ഉണ്ട്. അവരാരും തന്നെ ആ റേഷൻകാർഡിലില്ല. അവിടെ അനിയന് മാത്രമാണ് കാര്യമായ വരുമാനം. അരിയും കിറ്റും കിട്ടിയാൽ ഇപ്പോൾ ഒരേപോലെ ഇല്ലായ്മയിൽ കഴിയുന്ന ഞങ്ങൾ എങ്ങനെ പങ്കുവെയ്ക്കും? വീടില്ലാത്തതിനാൽ ഇതുവരെ സ്വന്തമായി ഒരു റേഷൻകാർഡിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടേയില്ല. പക്ഷേ, ഇപ്പോൾ ഞാൻ അരി അമ്മയോട് ചോദിച്ചുവാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ റേഷൻകാർഡൊന്നുമില്ലാത്ത എത്രയോ പേർ ഇവിടെയുണ്ട്. എവിടെയും രജിസ്റ്റർ ചെയ്യപ്പെടാതെ അന്നന്നത്തെ അന്നത്തിനുവേണ്ടി വിയർക്കുന്നവരുടെ നാട് കൂടിയാണിത്.

ഒരു തൊഴിലാളിയെന്ന നിലയിൽ ആർജിച്ചെടുത്ത സ്വത്വബോധം ഇങ്ങനെ ശൂന്യതയിൽ ജീവിക്കാൻ നിർബന്ധിക്കപ്പെടുമ്പോൾ വലിയ മാനസികസംഘർഷം ഉണ്ടാക്കുന്നുണ്ടാവുമല്ലോ. അതും പരിഗണിക്കേണ്ടതില്ലേ?

തീർച്ചയായും. ഒരു തൊഴിലാളിയുടെ സ്വത്വം ഒരിക്കലും സമരസപ്പെടുന്ന ഒന്നല്ല. ഈ ഭക്ഷണം കൊണ്ടുമാത്രം അവരുടെ വിശപ്പടങ്ങില്ല. ശൂന്യത അവരെ മാനസികസംഘർത്തിലാക്കുകതന്നെ ചെയ്യും.

ലോക്ക്ഡൗണിനെത്തുടർന്ന് സ്ത്രീകൾക്ക് കൗൺസിലിങ് കൊടുക്കണം എന്ന ആവശ്യം ശക്തമായി പലയിടത്തുനിന്നും ഉയർന്നുവരുന്നുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം?

മാനസികമായി തളർച്ച നേരിടുമ്പോൾ കൗൺസിലിംഗ് നല്ലതാണ്. അത് സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും. ഇവിടെ എന്തുവന്നാലും തളർച്ച അനുഭവിക്കുന്നത് സ്ത്രീകളാണ്. ഇത് അവരുടെ മാനസികബലഹീനത കൊണ്ടാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അവിടെ നിങ്ങൾക്ക് തെറ്റുപറ്റി. താങ്ങാനാവുന്നതിലുമപ്പുറം ഭാരം ചുമക്കുന്നതുകൊണ്ടാണ് അവർക്ക് മാനസികമായ സന്തുലനം നഷ്ടപ്പെടുന്നത്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം സാമൂഹിക-കുടുംബ സാഹചര്യങ്ങളാൽ നിർണയിക്കപ്പെടുന്നതാണ്. പുരുഷകേന്ദ്രീകൃതമായ ഈ ഘടനയ്ക്കകത്തുനിന്ന് അവൾ പിടയുകയാണ്. അടച്ചുപൂട്ടിയ ഈ കാലത്ത് എല്ലാ അർത്ഥത്തിലും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിനിൽക്കുമ്പോൾ അവളുടെ മനോനില തകരും. ഇത് സ്വാഭാവികമാണ്. കൗൺസിലിങ്ങിനപ്പുറം ഇതിന് പങ്കുവെയ്ക്കപ്പെടലാണ് വേണ്ടത്. ഇതിനുള്ള കൗൺസിലിങ് പുരുഷനാണ് കൂടുതൽ ആവശ്യം. തന്നെത്തന്നെ ചോദ്യം ചെയ്യാനും വേണ്ട തിരുത്തലുകൾ വരുത്താനും പ്രായോഗികതയുടെ ജീവിതപാഠം. ആഴത്തിൽ ഉൾക്കൊള്ളാനും അവനാണ് ഇനി പ്രാപ്തി നേടേണ്ടത്.


Summary: PM Deepa interviews Viji Penkoott basis of the problems of women workers in the unorganized sector.


വിജി പെൺകൂട്ട്​

സ്​ത്രീതൊഴിലാളി പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. 2009ൽ തുടങ്ങിയ പെൺകൂട്ട് എന്ന സംഘടനയിലൂടെ, അസംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശസമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കോഴിക്കോട് മിഠായിത്തെരുവിൽ തയ്യൽ ജോലി ചെയ്യുന്ന വിജിയെ പ്രചോദനാത്മകമായ സ്വാധീനം ചെലുത്തുന്ന ലോകത്തെ നൂറു സ്ത്രീകളിൽ ഒരാളായി 2018ൽ ബി.ബി.സി തെരഞ്ഞെടുത്തു.

ദീപ പി.എം.

അധ്യാപിക, എഴുത്തുകാരി, സാംസ്​കാരിക പ്രവർത്തക. ആത്മച്ഛായ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments