പെണ്ണുങ്ങളുടെ, വിനയയുടെ കളിക്കളം

ദേ പെണ്ണുങ്ങളുടെ കളിസ്ഥലം. നെറ്റി ചുളിക്കണ്ട. നാട്ടുമ്പുറത്തെ മൈതാനങ്ങളിൽ വൈകുന്നേരങ്ങളിലെ ആൺ ആരവങ്ങളും കായിക വിനോദങ്ങളും മാത്രം കണ്ടുപരിചയിച്ച മലയാളികൾക്ക് പെണ്ണുങ്ങളുടെ കളിസ്ഥലം എന്ന പേര് കൗതുകമുണ്ടാക്കിയേക്കാം. പൊലീസ് സേനയിൽ ലിംഗസമത്വത്തിനായി ശബ്ദമുയർത്തി നിയമ നടപടികളും സസ്പെൻഷനും വരെ വാങ്ങിയ വിനയ എൻ. എ എന്ന ഫെമിനിസ്റ്റിൻ്റെ നൂതന ആശയമാണ് പെണ്ണുങ്ങളുടെ കളിസ്ഥലം. അതിനായി സ്വന്തം പേരിലുള്ള 30 സെൻ്റ് സ്ഥലമാണ് കണ്ടെത്തിയതെന്നതാണ് ഏറ്റവും മഹത്തരം.

ഗ്രാമ - നഗര ഭേദമില്ലാതെ വൈകുന്നേരങ്ങളിലെ സംഘം ചേർന്നുള്ള കായിക വിനോദങ്ങളുടെ ആരവങ്ങൾ ലോകത്താകമാനമുള്ള മനുഷ്യർക്ക് പരിചിതമാണെങ്കിലും ആ ആരവങ്ങളിലും അർമ്മാദങ്ങളിലും അതാസ്വദിക്കുന്ന ഇടങ്ങളിലും മനുഷ്യവർഗ്ഗത്തിലെ ‘ആൺ’ എന്ന വിഭാഗത്തെ മാത്രമേ കാണാറുള്ളൂ. അതിന് ചരിത്രപരമായ നിരവധി കാരണങ്ങളുണ്ട്. ഒരാധുനിക ജനാധിപത്യ സമൂഹം നിർബന്ധമായും ചർച്ച ചെയ്യേണ്ടതും മറികടക്കേണ്ടതുമാണ് കളിയിടങ്ങളിൽ നിന്നുള്ള ഈ മാറ്റിനിർത്തൽ. സ്പോർട്സ് സ്പിരിറ്റിനു പകരം ‘സ്പോർട്സ് മാൻ’ സ്പിരിറ്റ് ഉണ്ടാകുന്നതിനെ 1950 കളിൽ കെ. സരസ്വതിയമ്മ തൻ്റെ എഴുത്തിലൂടെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇന്നും സ്ഥിതിഗതികൾ മാറിയിട്ടില്ല.

കായിക ശേഷി വികസനത്തിൽ കായിക വിനോദങ്ങൾക്കുള്ള പ്രാധാന്യം വേണ്ടത്ര തിരിച്ചറിയപ്പെടാത്ത ഒരു സമൂഹമാണ് നമ്മുടേത്. കുഞ്ഞുങ്ങളെ മണ്ണിൽ തൊടാതെ വളർത്തുന്നതും വീട്ടകങ്ങളിൽത്തന്നെ മെയ്യനങ്ങാത്ത കളികളിൽ ഏർപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതും ആധുനികതയായി കരുതുന്ന ഒരു പ്രവണത നമുക്കിടയിൽ ഉണ്ട്. എന്നാൽ ഇതിനെ മറികടന്നു കൊണ്ട് പുറത്തുചാടാൻ ആൺകുട്ടികൾ പരിശ്രമിക്കുകയും അതിലവർ വിജയിക്കുകയും ചെയ്യുന്നു.

സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക്, ഗാർഹിക പീഡനങ്ങൾക്ക്, കൗമാരത്തിലെ വിഷാദ രോഗങ്ങൾക്ക്, ആത്മഹത്യ പ്രവണതകൾക്ക്, വാർദ്ധക്യത്തിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒക്കെ കളിക്കളങ്ങളിൽ നിന്നുള്ള മാറ്റിനിർത്തൽ കാരണമാകുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

വൈറ്റമിൻ D യുടെ കുറവ്, അനീമിയയ്ക്ക് കാരണമായ രക്തക്കുറവ്, ശരീര പേശികളുടെ ബലക്കുറവ്, രക്തധമനികളുടെ പ്രവർത്തനക്ഷമത കുറഞ്ഞ് ഉണർവ്വും ഊർജ്ജസ്വലതയും നഷ്ടപ്പെടൽ, കായിക ക്ഷമത ഇല്ലായ്മ തുടങ്ങിയവയ്ക്കൊക്കെ കായിക ശേഷിയുമായുള്ള ബന്ധം പല പഠനങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നൂറ്റാണ്ടുകളായി കേട്ടുപഴകിയ ഒരു പാട്രിയാർക്കൽ വാദമാണ് സ്ത്രീകൾ പുരുഷന്മാരെക്കാൾ കായിക ശേഷി കുറഞ്ഞവരാണ് എന്നത്. ‘പെണ്ണുങ്ങളേം കൂട്ടിപ്പോയാൽ അവര് വേഗം ക്ഷീണിക്കും’ യാത്രകളിൽ കൂടെക്കൂട്ടുന്നത് ഒഴിവാക്കാൻ കുടുംബങ്ങളിൽ കേൾക്കുന്ന ന്യായീകരണമാണ്. നൂറ്റാണ്ടുകളായി സ്ത്രീകളെ കായിക വിനോദങ്ങളിൽ നിന്ന് മാറ്റി നിർത്തി കായിക ശേഷി നശിപ്പിച്ച് അതുകൊണ്ട് മാത്രം അവരെക്കാൾ കായിക ബലം നേടിയവരുടെ സ്വയം പുകഴ്ത്തലുകളാണിത്.

എല്ലാ കായിക മത്സരങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തമുണ്ട്. അവർക്കായി വനിതാ ടീമുകളുമുണ്ട്. അവർ മത്സരങ്ങൾക്കായി മൈതാനങ്ങളിൽ പരിശീലിക്കാറുമുണ്ട്. പെണ്ണുങ്ങളുടെ കളിസ്ഥലം എന്നതുകൊണ്ട് അതല്ല ലക്ഷ്യം വെക്കുന്നത്. ചുരുക്കം ചിലർക്ക് മാത്രമായി ലഭ്യമാവുന്ന മത്സരത്തിൽ മാത്രം അധിഷ്ഠിതമായ കായിക മത്സരങ്ങൾക്കുള്ള പരിശീലനക്കളരികളല്ല പെൺകളിക്കളം. സംഘം ചേർന്ന് കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന പെൺ തലമുറ രൂപം കൊള്ളുകയും കായിക വിനോദങ്ങൾ ആണിൻ്റേതാണെന്ന പൊതുബോധം മറികടക്കുകയുമാണ് ലക്ഷ്യം.

ഏറ്റവും ശക്തരായ ശത്രുവിനോട് പോലും ചെറുത്തു നിൽക്കുന്നതും തോൽവി മുന്നിൽക്കണ്ടാൽ ഓടി രക്ഷപ്പെടുന്നതും ജൈവ പ്രകൃതമാണ്. പ്രകൃതിയിലെ എല്ലാ ജീവികളിലും അതുണ്ട്. മനുഷ്യരൊഴികെ എല്ലാ ജീവികളും തൻെറ കുഞ്ഞുങ്ങൾക്ക് നൽകുന്ന ആദ്യപാഠം സ്വയം പ്രതിരോധമാണ്. സംഘം ചേർന്നുള്ള കായിക വിനോദങ്ങളിൽ നിന്നാണ് മനുഷ്യർക്ക് അത് ലഭിക്കുന്നത്. കായിക ശേഷി വികസനം മാത്രമല്ല , സംഘബോധം, സംഘം ചേർന്നും ഒറ്റയ്ക്കും എതിരാളിയെ നേരിടൽ, പിടി കൊടുക്കാതെ ഒഴിഞ്ഞു മാറൽ, ഓടി രക്ഷപ്പെടൽ, വലിയ ശബ്ദങ്ങളും ആരവങ്ങളും ഉണ്ടാക്കൽ തുടങ്ങിയവയൊക്കെ കായിക വിനോദങ്ങളുടെ ഭാഗമാണ്. ചെറുത്തു നിൽക്കാനും പ്രതിരോധിക്കാനുമൊക്കെ ശീലിപ്പിക്കപ്പെടുന്നതും ഈ കളിക്കളങ്ങളാണ്. കളിക്കളങ്ങളുടെ നഷ്ടമാണ് ആത്മാ രക്ഷാർത്ഥം പോലും ചെറുത്ത് നിൽക്കാൻ കഴിയാത്തവരായി സ്ത്രീകളെ മാറ്റിയത് എന്ന് സ്ത്രീകളെങ്കിലും തിരിച്ചറിയണം. പ്രതിസന്ധികൾ പങ്കുവെക്കാൻ മറ്റൊരാളില്ലാതെ വിഷാദത്തിലേക്ക് വീഴേണ്ടി വരുന്നത് സംഘക്കളികളുടെ അഭാവം കൊണ്ടു കൂടിയാണെന്ന് മനസ്സിലാക്കണം.

എന്‍.എ വിനയ

നൂറ്റാണ്ടുകളായി മതങ്ങളും സദാചാര സംഹിതകളും ചേർന്ന് പുരുഷാധിപത്യ മനോഘടനയ്ക്കു വേണ്ടി രൂപപ്പെടുത്തിയെടുത്ത സ്ത്രീസങ്കല്പങ്ങളെ മറികടക്കുന്ന പെൺ സമൂഹം വളർന്നു വരുന്നുണ്ട്. ആ വളർച്ചയെ ത്വരിതപ്പെടുത്താനുള്ള, അവയ്ക്ക് ഊർജ്ജം പകരാനുള്ള ശ്രമങ്ങളാണ് വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ്റെ (VFF) ൻ്റെ ലക്ഷ്യം. “എൻ്റെ ആരോഗ്യം എൻ്റെ വിനോദം എൻ്റെ സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യവുമായി രൂപം കൊണ്ട വിംഗ്സ് കേരള എന്ന സംഘടനയുടെ പ്രസിഡൻ്റാണ് വിനയ എൻ.എ. പൊതു മൈതാനങ്ങളുടെയും കളിസ്ഥലങ്ങളുടെയും ഓരങ്ങളിൽപ്പോലും അദൃശ്യരായ സ്ത്രീകളുമായി അവർ നടത്തിയ ഇടപെടലുകൾ വൈകുന്നേരങ്ങളിലെ കായിക വിനോദങ്ങൾ സ്ത്രീകളുടേതും കൂടിയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനായിരുന്നു. ഇന്നവർ തൻ്റെ സ്വകാര്യ ഇടത്തെയാണ് പെണ്ണുങ്ങളുടെ കളിയിടം എന്ന പൊതു ഇടമാക്കി മാറ്റുന്നത്. തങ്ങളെ കായിക വിനോദങ്ങളിൽ മിന്ന് മാറ്റി നിർത്തുന്നതിൽ സാമൂഹുബോധങ്ങൾക്കും ഗാർഹികാന്തരീക്ഷത്തിനും തങ്ങളുടെ വസ്ത്രങ്ങൾക്കുമെല്ലാമുള്ള പങ്ക് സ്ത്രീകൾക്ക് തിരിച്ചറിയാൻ കഴിയുന്നത് അവർ കളിയിടങ്ങളിൽ എത്തുമ്പോൾ മാത്രമാണ്.

സ്ത്രീകളെ കായിക വിനോദങ്ങളിലേക്ക് ബോധപൂർവ്വം നയിക്കാൻ ഇതൊരു മാതൃകയാക്കി സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ലിംഗസമത്വത്തിൻ്റെയും ലിംഗനീതിയുടെയും ചർച്ചകളിൽ കായിക ക്ഷമതയുള്ള സ്ത്രീകൾ എന്ന സങ്കല്പവും രൂപപ്പെടണം.

Comments