യാസ്മിൻ മൊഹമ്മദ്

മതത്തിന്റെ ഗ്യാസ്​ചേംബറിൽനിന്നുള്ള
പെൺപലായനങ്ങൾ

ഫെമിനിസം, ദേശീയത, കൊളോണിയലിസം എന്നിവ മറ്റു വികസ്വര രാജ്യങ്ങളിലേതുപോലെ അറബ് ലോകത്തും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആദ്യകാല അറബ് ഫെമിനിസ്റ്റ് അവബോധം ദേശീയബോധവുമായി കൈകോർത്തുപോയെങ്കിലും, പുതിയ പരിപ്രേക്ഷ്യത്തിൽ അറബ് സ്ത്രീകളുടെ കൊളോണിയലിസ്റ്റ്, എതിർ കൊളോണിയലിസ്റ്റ് പ്രാതിനിധ്യം ചർച്ച ചെയ്യേണ്ടതുണ്ട്. അറബിക്​ ലിബറൽ എഴുത്തുകാരികളെക്കുറിച്ചുള്ള നിരീക്ഷണം.

കാരുണ്യത്തിന്റെയും കരുതലിന്റെയും ദൈവിക പാരമ്പര്യമായി വാഴ്​ത്തപ്പെടുന്ന ക്രിസ്തീയതയെ കടന്നാക്രമിച്ച നീത്‌ഷെ വചനങ്ങൾ ചിലപ്പോൾ ശരിയാണെന്ന്​വിശ്വാസികൾക്കുപോലും തോന്നിപ്പോകും. യാഥാർഥ്യവുമായി ഒരു തലത്തിലും യോജിച്ചുപോകാത്തവയാണ് പലപ്പോഴും ക്രിസ്തീയതയുടെ പേരിൽ പ്രചരിക്കുന്ന ധാർമികവും മതപരവുമായ പ്രഘോഷങ്ങൾ എന്നാണ് നീത്‌ഷെ സൂചിപ്പിക്കുന്നത്. മതം ഒരു സംഘടിതശക്തിയാകുമ്പോൾ അതിന്റെ സൈദ്ധാന്തികതയോ ദാർശനികതയോ അറിയാതെ കൈമോശം വരുന്നു. ചരിത്രം പരിശോധിച്ചാൽ ലോകത്ത് ഏറ്റവും തിന്മകൾ നടന്നിട്ടുള്ളത് മതത്തിന്റെ സംഘടിത ഭാവത്തിൽ നിന്നാണെന്ന വിലയിരുത്തൽ, ‘മതം തിന്മയാകുമ്പോൾ' (When Religion Becomes Evil) എന്ന പുസ്തകത്തിന്റെ ആരംഭത്തിൽ ചാൾസ് കിംബെൽ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്.

യുദ്ധങ്ങൾ, കൊലപാതകങ്ങൾ പീഡനങ്ങൾ തുടങ്ങിയവ മനുഷ്യചരിത്രത്തിലെ മറ്റേതൊരു സ്ഥാപനശക്തിയെക്കാളും ഏറെയുണ്ടായിട്ടുള്ളത് മതത്തിന്റെ ആധികാരിക ഭാവത്തിൽ നിന്നുമാണ്. ഇത് സൂചിപ്പിക്കുന്നത്, മതം അതിന്റെ ദർശനപരമായ കേവലതയെ ദേശാതീതമായി പുറത്താക്കിയിരിക്കുന്നതായും, പകരം രാഷ്ട്രീയമായ ഇടുങ്ങിയ മാനദണ്ഡങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാണ്. എന്നാൽ, ആത്യന്തികമായ സത്യമെന്തെന്നാൽ ആധുനിക കാലം വരെ മതം രാഷ്ട്രീയ സ്ഥാപനങ്ങളിൽ നിന്ന് വേർതിരിക്കപ്പെട്ട ഒന്നായി കണക്കാക്കപ്പെട്ടിരുന്നില്ല എന്നതാണ്. കനേഡിയൻ ഇസ്​ലാമിക പണ്ഡിതനായ വിൽഫ്രഡ് കാൻറ്വൽ സ്മിത്ത് The Meaning and End of Religion എന്ന പുസ്തകത്തിൽ മതം എന്നത് മനുഷ്യന്റെ വളരെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണെന്നും അത് സംസ്‌കാരം, രാഷ്ട്രീയം എന്നിവയുൾപ്പടെയുള്ള മറ്റു ജീവിതമേഖലകളിൽ നിന്ന്​വേർതിരിഞ്ഞിരിക്കുന്നുവെന്നുമുള്ള വ്യാഖ്യാനമാണ് പുതിയ പാശ്ചാത്യലോകത്തുള്ളതെന്നും വാദിക്കുന്നു. (1962).

പോസ്റ്റ്കൊളോണിയൽ കാലത്ത്, വിടുതൽ പ്രാപിക്കപ്പെട്ട രാജ്യങ്ങളിൽ പലതും നേതാക്കന്മാരോ അവർ പ്രതിനിധീകരിച്ച രാഷ്ട്രീയത്തിനോ ഊന്നൽ കൊടുക്കുന്ന രാഷ്ട്രീയഭരണത്തിനുകീഴിൽ വന്നെങ്കിലും കാലക്രമേണ മതപരമായ ഇടപെടൽ സമൂഹത്തിൽ ശക്തമാകുകയും ഒടുവിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഭൂരിപക്ഷ മതത്തിനുകീഴിലേക്ക് വരികയും ചെയ്യുന്നു. റഷ്യയിൽ പുടിൻ ക്രിസ്ത്യൻ ഓർത്തഡോക്‌സ് വിഭാഗത്തോടുകാണിക്കുന്ന പരിഗണനയും ഇവിടെ ചേർത്തുവായിക്കാം.

Photo : Wikimedia Commons

മതപരമായ സത്വബോധത്തിൽ രാഷ്ട്രങ്ങൾ രൂപപ്പെടുമ്പോൾ സൃഷ്ടിക്കപ്പെടുന്ന സാമൂഹിക അകലങ്ങൾ വളരെ വലുതാണ് പാർശ്വവത്കൃതരും സ്ത്രീകളും മതവിശ്വാസത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള സാമൂഹികശ്രേണിയിൽ താഴെത്തന്നെയാണ് അവരുടെ സ്ഥാനം അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ഭൂരിപക്ഷ മതചിന്ത സ്ഥാപന വത്കരണത്തിലേക്കു കൂടി നീങ്ങുമ്പോൾ ഈ വിഭാഗങ്ങളുടെ നില കൂടുതൽ പരുങ്ങലിലാകുകയും ചെയ്യുന്നു.

കലാപം ഏറ്റെടുത്ത പെൺപലായനങ്ങൾ

കലാപ്രവർത്തനത്തെയോ എഴുത്തിനേയോ വംശം- ജാതി- ലിംഗം എന്നിങ്ങനെ വേർതിരിച്ച് വിലയിരുത്തേണ്ട ആവശ്യമില്ല എന്ന സമത്വവാദം നിലനിൽക്കുമ്പോൾ തന്നെ ചിലരുടെ എഴുത്തുകളെ സ്ത്രീ എന്ന തലത്തിൽ നടത്തുന്ന സമരങ്ങളായോ കലാപങ്ങളായോ കാണേണ്ടതുണ്ട്. പ്രത്യേകിച്ചും മതചിഹ്നങ്ങളുടെ പുതപ്പിൽ കഴിയുന്ന രാജ്യങ്ങളിൽ.

വംശീയതയുടെ കടന്നാക്രമണത്തിൽ നിന്നുള്ള ഉയിർപ്പ് എന്നാണ് പലരും അയൻ ഹിർസി അലിയുടെ ഇൻഫിഡിലിനെയും തുടർന്നുള്ള നൊമാഡിനെയും രേഖപ്പെടുത്തുന്നത്.

ഫെമിനിസം, ദേശീയത, കൊളോണിയലിസം എന്നിവ മറ്റു വികസ്വര രാജ്യങ്ങളിലേതുപോലെ അറബ് ലോകത്തും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആദ്യകാല അറബ് ഫെമിനിസ്റ്റ് അവബോധം ദേശീയബോധവുമായി കൈകോർത്തുപോയെങ്കിലും, പുതിയ പരിപ്രേക്ഷ്യത്തിൽ അറബ് സ്ത്രീകളുടെ കൊളോണിയലിസ്റ്റ്, എതിർ (counter) കൊളോണിയലിസ്റ്റ് പ്രാതിനിധ്യം ചർച്ച ചെയ്യേണ്ടതുണ്ട്. അതായത്, ക്രിയാത്മകമാറ്റത്തിനുള്ള അറബ് സ്ത്രീകളുടെ ആവശ്യം മറ്റെവിടെത്തേക്കാളിലും കുറവല്ലെന്നാണ് നിരീക്ഷകർ കണ്ടെത്തുന്നത്. ഇസ്​ലാമിക ഫെമിനിസത്തിന്റെ നിർമിതിയും ധാരണയും ഖുർആനിൽ നിന്നുണ്ടായതാണെന്നും അത് സ്ത്രീകൾക്ക് അവരുടെ നിലനിൽപ്പിന്റെയും അവകാശത്തിന്റെയും ആശയധാരയാണെന്നും ഇസ്​ലാമിക ചരിത്രകാരിയും അക്കാദമിഷ്യനുമായ മാർഗോറ്റ് ബദ്രാൻ സൂചിപ്പിക്കുന്നുണ്ട്. ആശയപരമായി ഇത്തരം ബന്ധങ്ങൾ മതവുമായോ മതഗ്രന്ഥവുമായോ സ്ഥാപിക്കുമ്പോഴും അതിന്റെ പ്രായോഗികവശത്തിൽ പുരുഷകേന്ദ്രീകൃതമായ ഒരു പ്രതലത്തിൽ സ്വന്തം ഇടം നിർണയിക്കുവാൻ നടത്തിയ സമരങ്ങളോ ചെറുത്തുനിൽപ്പുകളോ ആണ് അവയെല്ലാം. ഇതാണ്, നിലവിലെ സാഹചര്യത്തിൽ ഇസ്​ലാമിക സ്ത്രീസമത്വവാദമെന്നു പറയാം. എന്നാൽ, അത് പലപ്പോഴും ജീവനുവേണ്ടിയുള്ള ചൂതാട്ടമായും മാറുന്നു.

അയൻ ഹിർസി അലി / Photo : Ayaan Hirsi Ali, fb page

ഏറെ വായിക്കപ്പെട്ടിട്ടുള്ള അയൻ ഹിർസി അലിയുടെ എഴുത്തുകൾ ഇസ്​ലാമിക പുരുഷമേധാവിത്വത്തിന്റെ നേരെയുള്ള ശക്തമായ പ്രതിരോധമായി കാണുന്നു. കേജ്ഡ് വിർജിൻ എന്ന ആദ്യ പുസ്തകത്തിന്റെ ടൈറ്റിൽ കൊണ്ടുതന്നെ ഇസ്​ലാമിക മതവാദികളിൽ ഞെട്ടൽ സൃഷ്ടിക്കുകയായിരുന്നു അയൻ. തുടർന്നുള്ള ഓരോ സർഗാത്മക പ്രതികരണത്തിലും അവർ പ്രതിരോധത്തിൽ ആഴ്ന്നുപോകുകയായിരുന്നു. ആത്മകഥാപരമായ രചനയെന്നു വിളിക്കുന്ന ഇൻഫിഡലിൽ ജന്മദേശമായ സോമാലിയൻ മരുപ്രദേശത്തുനിന്ന്​ എങ്ങനെ അവർ യൂറോപ്യൻ രാഷ്ട്രീയവേദിയിലേക്ക് ഉയർന്നുവന്നു എന്നതിന്റെ സൂചനയും നൽകുന്നു.

മനസ്സിൽ നിന്ന്​ മതത്തെ കഴുകിക്കളയുക എന്ന പ്രവർത്തനം മാത്രമാണ് ഒരു മുസ്​ലിമിന്​ അവരുടെ സമുദായത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നീതിയുക്തമായ മാർഗമെന്ന ആശയം തന്നെയാണ് ഹിർസി അലിയും പറഞ്ഞുകൊണ്ടിരിക്കുന്നത്.

വംശീയതയുടെ കടന്നാക്രമണത്തിൽ നിന്നുള്ള ഉയിർപ്പ് എന്നാണ് പലരും അയൻ ഹിർസി അലിയുടെ ഇൻഫിഡിലിനെയും തുടർന്നുള്ള നൊമാഡിനെയും രേഖപ്പെടുത്തുന്നത്. തിയോ വാൻഗോഗ് (വിൻസെൻറ്​ വാൻഗോഗിന്റെ സഹോദര പാരമ്പര്യമുള്ള ഡച്ച് സിനിമാ പ്രവർത്തകൻ) എന്ന അടുത്ത സുഹൃത്തിനെ നിഷ്‌കരുണം വെട്ടിക്കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം കൂടിയായിരുന്നു ഇസ്ലാമിക പാരമ്പര്യത്തെ നിരാകരിക്കാൻ അയൻ ഹിർസി അലിയെ പ്രേരിപ്പിച്ചത്. ഫ്രഞ്ച് സൈദ്ധാന്തികനായിരുന്ന ജോസഫ് ഏർണസ്റ്റ് റെനെയുടെ ചില നിഗമനങ്ങളാണ് ഇവിടെ ഹിർസി അലിയുമായി ചേർത്തുവായിക്കാൻ കഴിയുന്നത്. മനസ്സിൽ നിന്ന്​ മതത്തെ കഴുകിക്കളയുക എന്ന പ്രവർത്തനം മാത്രമാണ് ഒരു മുസ്​ലിമിന്​ അവരുടെ സമുദായത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നീതിയുക്തമായ മാർഗമെന്ന ആശയം. ഇതുതന്നെയാണ് ഹിർസി അലിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. കൊറിയയിലെ ജനങ്ങൾ ഏതാണ്ട് ഇതിൽ വിജയിച്ചതായും അവർ പറയുന്നുണ്ട്.

ജോസഫ് ഏർണസ്റ്റ് റെനെ / Photo : Wikimedia Commons

പലപ്പോഴും ദൈവികപരിപ്രേക്ഷ്യത്തിൽ ക്രിസ്തു ഉൾപ്പടെയുള്ള ചരിത്രപുരുഷന്മാരെ വായിച്ചെടുക്കുവാനോ ആരാധിക്കുവാനോ മുതിരുമ്പോഴാണ് സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാകുന്നതെന്ന് ഏർണസ്റ്റ് റെനെ സൂചിപ്പിക്കുന്നുണ്ട്. യോഹന്നാന്റെ സുവിശേഷത്തെ അധികരിച്ചുകൊണ്ടു റെനെ തയാറാക്കിയ ലൈഫ് ഓഫ് ജീസസ് എന്ന പുസ്തകത്തിൽ ക്രിസ്തുവിനെ അദ്ദേഹത്തിന്റെ തന്നെ ആത്മബോധത്തിൽ നിന്ന്​ക്രിസ്ത്യാനിറ്റിയിലേക്കു യാത്രചെയ്യുന്ന ചരിത്രപുരുഷനായി തന്നെയാണ് റെനെ വിവരിക്കുന്നത്. ഇതേ ബോധത്തിൽ മുഹമ്മദിനെയും രാമനെയുമൊക്കെ കാണുമ്പോഴാണ് മതവും മനുഷ്യനും തമ്മിലുള്ള കാവ്യാത്മകത ഉണ്ടാകുന്നത്.

1969-ൽ സോമാലിയയിൽ ജനിച്ച അയൻ ഹിർസി അലി എന്ന പെൺകുട്ടി ഏതാണ്ട് ബാല്യത്തിലെ പത്തുവർഷങ്ങൾ നാട്ടിലെ എല്ലാ പെൺകുട്ടികളെയും പോലെതെന്നെ ജീവിച്ചുവളർന്നവളായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അവളുടെ പിതാവ് അപരിചിതനായ ഒരു മനുഷ്യനെ വിവാഹം കഴിക്കാൻ അവളോട് ആവശ്യപ്പെട്ടപ്പോൾ മുതൽ കാര്യങ്ങൾ മാറിമറിഞ്ഞു. പിന്നീട് നെതർലണ്ടിലേക്കും അവിടത്തെ പൊതുവേദികളിലേക്കും ഉയർത്തപ്പെട്ട ഹിർസി പക്ഷെ ജീവിതം അപകടത്തിലാണെന്നു മനസിലാക്കുകയും യു.എസിലേക്ക് പലായനം ചെയ്യുകയുമായിരുന്നു. തീവ്ര ഇസ്​ലാമികതയുടെ വേരുകൾ നിറയുന്ന സോമാലിയൻ പ്രദേശത്തെ സ്ത്രീകളെയോർത്ത് സഹതപിക്കുവാനെ ഹിർസി അലിക്ക് കഴിയുന്നുള്ളൂ. ക്രിസ്ത്യൻ മതവിശ്വാസം വിട്ട്​ ഇസ്​ലാമികതയിലേക്കു തിരിച്ചെത്താൻ ആവശ്യപ്പെടുന്ന അമ്മയോടുള്ള ടെലഫോൺ സംവാദങ്ങളിലൂടെ അയൻ ഹിർസി അലി ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

ആധുനികതയും അപരിഷ്‌കൃതത്വവും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്, മതവും സംസ്‌കാരവും തമ്മിലുള്ളതല്ല എന്ന്​ വഫ സുൽത്താൻ പറയുന്നത് തെളിവുകളും അനുഭവങ്ങളും നിരത്തിക്കൊണ്ടുതന്നെയാണ്.

സമാന അനുഭവങ്ങളാണ് വഫ സുൽത്താനും പങ്കുവയ്ക്കുന്നത്. കണ്മുന്നിൽ വച്ച്- ക്ലാസുമുറിയിൽ വച്ച് - ഇസ്​ലാമിക് ബ്രദർഹുഡ് തീവ്രവാദികളാൽ കരുണയില്ലാത്തവിധം കൊലചെയ്യപ്പെട്ട യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ മുഖം, അടിച്ചേല്പിക്കപ്പെട്ട മതപരമായ വിവാഹത്തിൽ നിന്ന്​ രക്ഷനേടാൻ ജീവിതം പാതിവഴിയിൽ മരണത്തിനു കൈമാറിയ ഏറ്റവും പ്രിയപ്പെട്ടവളായ അനന്തിരവൾ ഇവരെല്ലാമാണ് വഫയെ ഇസ്​ലാമിസത്തിന്റെ എതിർധ്രുവത്തിലേക്കു കൊണ്ടുപോയത്. പേരുപോലും അസഹിഷ്ണുതയുണ്ടാക്കുന്ന ഒരു പുസ്തകവുമായാണ് വഫ യുദ്ധം തുടങ്ങിയത്. A God who Hate എന്നായിരുന്നു വഫായുടെ പുസ്തകത്തിന്റെ തലക്കെട്ട്. ആധുനികതയും അപരിഷ്‌കൃതത്വവും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്, മതവും സംസ്‌കാരവും തമ്മിലുള്ളതല്ല എന്നവർ പറയുന്നത് തെളിവുകളും അനുഭവങ്ങളും നിരത്തിക്കൊണ്ടുതന്നെയാണ്. മതപരമായ അടിമത്വം സ്വയം സ്വീകരിക്കുക വഴി ഒരു ഇസ്​ലാം അവരുടെ വിധി സ്വയം ഏറ്റെടുക്കുകയാണെന്നും അവർ പറയുന്നു. മാത്രമല്ല, അറിവാണ് എന്നെ മതത്തിൽ നിന്ന്​ മോചിപ്പിച്ചതെന്നും വഫ പറയുന്നത് വല്ലാത്ത ധൈര്യത്തോടെതന്നെയായിരുന്നു: ‘‘നിങ്ങൾക്കറിയാമോ, ഞാൻ എന്താണ് ഈ പറയുന്ന ദൈവത്തിൽ നിന്ന്​ പഠിച്ചതെന്ന്? നിങ്ങളുടെ മാതാപിതാക്കന്മാരോട് ‘പറ്റില്ല’ എന്ന വാക്ക് ഉച്ചരിക്കുന്നതുമുതൽ കുളിമുറിയിൽ വലതുകാൽ വച്ച് പ്രവേശിച്ചാൽ വരെ ദൈവം ഒരുക്കിവച്ചിരിക്കുന്ന ശിക്ഷാവിധികളുമാണ് ഈ പ്രായം വരെ ഞാൻ കേട്ട് വളർന്നത്.’’

ഒരിക്കൽ പൊതുവേദിയിൽ വച്ച് വഫ ഉറക്കെ പറഞ്ഞു, പത്താമത്തെ വയസിൽ കേട്ട ഒരു മഹദ് വചനമാണ് തന്നെ ഏറെ അസ്വസ്ഥമാക്കിയതെന്ന്. സ്ത്രീ എന്നത് ഒരു നാണംകെട്ട അവസ്ഥയാണെന്നും ഈ മാനക്കേടിന്റെ പത്തിലൊന്നു മാറാൻ വിവാഹം സഹായിക്കുമെന്നുമായിരുന്നു അത്. പലായനത്തിന്റെ പാതയിലേക്ക് വഫയെ എത്തിച്ചതും ഈ അസ്വസ്ഥതകളായിരുന്നു.

ഇസ്​ലാം മതത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം, അതൊരു ആശയധാരയുടെ മാർഗത്തിൽ നിന്ന്​ വ്യതിചലിച്ച്​ രാഷ്ട്രീയതലത്തിലേക്ക് നീങ്ങി എന്നതാണെന്ന് വഫ ചിന്തിക്കുന്നു. മാത്രമല്ല, യു.എസ്. ജീവിതത്തെ വല്ലാതെ പ്രണയിക്കുകയും ചെയ്യുന്നു വഫ എന്നതാണ് പുതിയകാലത്തെ വെളിപ്പെടുത്തലുകൾ.

യാസ്മിൻ മൊഹമ്മദ് അൽഖായിദ അംഗമായ ഭർത്താവിൽ നിന്ന്​ നടത്തിയ പലായനമായിരുന്നു മറ്റൊന്ന്. മതത്തിന്റെ സമാധാനവശവും തീവ്രവാദവശവും ഒരുപോലെ ഭയപ്പെടേണ്ടതാണെന്നാണ് യാസ്മിൻ കണ്ടെത്തുന്നത്. female genital mutation മതത്തിന്റെ നല്ലനടപ്പിന്റെ ഭാഗമാകുന്നതും ഹിജാബ്​ എന്നത്​ നിർബന്ധിത വസ്ത്രമാകുന്നതും ഐ.എസ്.ഐ.എസ്. യഥാർഥ ഇസ്​ലാമായി അവോരോധിക്കപ്പെടുന്നതുമാണ് അലട്ടലുകളായി മാറുന്നതെന്നാണ് യാസ്മിൻ മൊഹമ്മദ് കണ്ടെത്തുന്നത്. ഇസ്​ലാമിന് ആന്തരികമായ ആശയസംഹിതയും ബാഹ്യമായ ആശയസംഹിതയും നിലവിലുണ്ടെന്നും യാസ്മിൻ വാദിക്കുന്നു.
യാസ്മിൻ അമ്മയുടെ ഉദരത്തിൽ ഏതാണ്ട് ആറുമാസം പൂർത്തിയാക്കുമ്പോഴാണ് പിതാവ് അമ്മയെ മൊഴിചൊല്ലുന്നത്. എങ്കിലും, അമ്മ അയാളെ പ്രതീക്ഷിച്ചിരുന്നു, ജനിക്കുന്ന കുട്ടിയെ കാണാനെങ്കിലും അയാൾ എത്തുമെന്ന്, പക്ഷേ, അത് സംഭവിച്ചില്ല.

അമ്മയെ വിളിച്ച യാസ്മിന് കിട്ടിയ മറുപടിയാണ് അവളെ ഏറെ വേദനിപ്പിച്ചതും സ്ത്രീ എന്ന തലത്തിൽ ആത്മബോധത്തെ ചോദ്യംചെയ്തതും. ‘അതെ, ഖുർആൻ അതിനുള്ള അവകാശം അയാൾക്ക് കൊടുത്തിട്ടുണ്ട്' എന്നായിരുന്നു ആ മറുപടി.

യാസ്മിൻ ഉൾപ്പടെ മൂന്നു കുട്ടികളുടെ സംരക്ഷണമായി പിന്നെ അമ്മയുടെ ജീവിതം. വീണ്ടും അമ്മ വിവാഹിതയായി. വിവാഹിതയായെന്നു പറയാൻ കഴിയില്ല - ബഹുഭാര്യത്വം ആചരിക്കുന്ന ഒരു മുസ്​ലിം പുരുഷന്റെ പല ഭാര്യമാരിൽ ഒരാൾ. ഒരുപക്ഷെ അയാളുടെ ഇടപെടലാണ് യാസ്മിന്റെ വഴി തിരിച്ചുവിട്ടത്. ആവശ്യമില്ലാത്ത പല കാര്യങ്ങളും അയാൾ മതത്തിന്റെ പേരിൽ ആ കുടുംബത്തെ അടിച്ചേൽപ്പിക്കാൻ തുടങ്ങി. ഹിജാബ് ധരിക്കാത്ത അമ്മയെ അത് ധരിക്കാൻ പ്രേരിപ്പിക്കുന്നു, നിത്യവും പ്രാഥനയ്ക്ക്​ പ്രേരിപ്പിക്കുന്നു, ഇത്തരത്തിൽ പലതും. ഇതിനെല്ലാം മുകളിലായി യാസ്മിനെ നിരാശയാക്കിയത് നിധിപോലെ സൂക്ഷിച്ചുവച്ചിരുന്ന അവളുടെ ഇഷ്ടസംഗീതകാരന്മാരായിരുന്ന Kenny Rogers, Hank Williams, Dolly Parton ഇവരുടെ ഗാനശേഖരം തിരിച്ചുകിട്ടാനാവാത്തവിധം നശിപ്പിച്ചതാണ്. കാരണം, അയാൾ പറയുന്നത് സംഗീതം ഹറാമാണെന്നാണ്. ഇതിനും അയാൾ ഇസ്​ലാമികതയെയാണ് കൂട്ടുപിടിച്ചത്. അതിനുശേഷം പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്നും സൈക്കിൾ സവാരി നടത്തിയിട്ടില്ലെന്നും മുസ്​ലിം സമുദായത്തിൽ പെട്ടവരല്ലാത്തവരുമായി കൂട്ടുകൂടിയിട്ടില്ലെന്നും യാസ്മിൻ പറയുന്നു. മനസ്സിലുറച്ച വാക്ക് ‘ഹറാം’ എന്നാണ്. അടിച്ചേല്പിക്കപ്പെട്ട ഹിജാബിനുള്ളിൽ അവളുടെ ആത്മാഭിമാനം വല്ലാതെ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരുന്നുവെന്നും യാസ്മിൻ പലപ്പോഴും പറയുന്നുണ്ട്. ഒടുവിൽ വിവാഹം, അതും അടിച്ചേല്പിക്കപ്പെട്ടത്. അയാൾ ആദ്യദിവസം തന്നെ അവളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുന്നു. പിന്നീട് ദിവസവുമുള്ള ഇണചേരൽ ഓരോ ലൈംഗികാക്രമണങ്ങളായിരുന്നു. അമ്മയെ വിളിച്ച യാസ്മിന് കിട്ടിയ മറുപടിയാണ് അവളെ ഏറെ വേദനിപ്പിച്ചതും സ്ത്രീ എന്ന തലത്തിൽ ആത്മബോധത്തെ ചോദ്യംചെയ്തതും. ‘അതെ, ഖുർആൻ അതിനുള്ള അവകാശം അയാൾക്ക് കൊടുത്തിട്ടുണ്ട്' എന്നായിരുന്നു ആ മറുപടി. ആ ദുരന്തദിനങ്ങളിൽ നിന്നുള്ള നല്ലോർമ അയാളിൽ നിന്ന്​ കിട്ടിയ ഒരു പെൺകുഞ്ഞു മാത്രമാണ്.

നവാൽ എൽ സാദാവി / Photo : Nawal Al Saadawi, fb page

മതത്തിന്റെ പേരിലുള്ള ദുരിതങ്ങൾ എന്നിട്ടും യാസ്മിനെ വിടാതെ പിന്തുടരുകയായിരുന്നു. ഒടുവിൽ അയാൾ കുഞ്ഞിന്റെ സെക്ഷ്വൽ മ്യുറ്റിലേഷനായുള്ള നടപടി ആരംഭിക്കുന്നിടത്തോളം കാര്യങ്ങൾ ചെന്നെത്തിയപ്പോൾ യാസ്മിന് പിടിച്ചുനിൽക്കാനായില്ല. നാടകീയമായ രക്ഷപ്പെടൽ, അവളുടെ ഭർത്താവ് അൽ ഖായ്ദ തീവ്രവാദിയായിരുന്നെന്ന തിരിച്ചറിവ്- ഇങ്ങനെ സംഭവബഹുലമായിരുന്നു യാസ്മിന്റെ ജീവിതം. യാസ്മിന്റെ പലായനം ഒടുവിൽ എത്തിച്ചത് ഇസ്​ലാമിക മതതീവ്രതയുടെ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന പെൺകുട്ടികൾക്ക് അഭയമൊരുക്കിക്കൊണ്ടായിരുന്നു. ഇപ്പോഴും സാമൂഹികരംഗത്ത് വളരെ കൃത്യതയോടെ അവർ ഇടപെട്ടുകൊണ്ടിരിക്കുന്നു.

ഇവിടെയെല്ലാം കാണുന്നത്, മതമെന്ന തടവിൽ ജീവിക്കുന്ന പെൺജീവിതങ്ങളാണ്. അയൻ ഹിർസി അലിയിലും വഫ സുൽത്താനയിലും യാസ്മിൻ മൊഹമ്മദിലും അത് അവസാനിക്കില്ല. ഏറെ വായനക്കാരുള്ള നവാൽ അൽ സദാവിയെപ്പോലുള്ള അറേബ്യൻ പെൺ എഴുത്തുകാർ പോലും സമാന അനുഭവത്തിലൂടെയാണ് കടന്നുപോയത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വി. കെ. അജിത്കുമാർ

എഴുത്തുകാരൻ, തിരക്കഥാകൃത്ത്​. ‘നവൽ എന്ന ജുവൽ’ എന്ന സിനിമയുടെ തിരക്കഥാ പങ്കാളി. ഐ. എച്ച്. ആർ ഡി. യിൽ ഉദ്യോഗസ്ഥനാണ്.

Comments