കടലുപോലെ കിടക്കുന്ന സംസ്ഥാനം.
അതിന്റെ ഒരേയൊരു ലേഖകനെന്ന "ഈസി ജോബിൽ' പ്രവേശിച്ച് എന്തു ചെയ്യണമെന്നറിയാതെ കിളി പോയി കുറച്ചുദിവസം ഇരുന്നു, ലഖ്‌നൗ ബ്യൂറോയിൽ. അപരിചിതനഗരം. ആകെ അവിടെ പരിചയമുള്ള സുഹൃത്ത് നാട്ടിലേക്കും മടങ്ങി. സായാഹ്നത്തിൽ ബെഹൻജി മായാവതി ഇടയ്ക്ക് ആശ്രയമായി. ബി.എസ്.പി. സർക്കാർ പണിത അംബേദ്കർ പാർക്ക് ബ്യൂറോയുടെ തൊട്ടരികിലാണ്. അവിടെ പോയിരിക്കാം. പക്ഷേ നല്ല ഉച്ചയിൽ, കൊടിയ വേനലിൽ, അത് അസാധ്യമാണ്.
മായാവതി പാർക്ക് മൊത്തം മാർബിൾ പാകി നിറച്ചതിനാൽ കല്ല് ചൂടായി പൊള്ളിപ്പോകും. മാർബിൾ ആനകൾ, മറ്റ് പ്രതിമകൾ, നടപ്പാതയും ഇരിപ്പിടവും മാർബിൾ.
പാർക്ക് എന്നതിനേക്കാൾ മാർബിൾ കാടാണത്.
എല്ലാം മിനുസ കല്ലുകൊണ്ട് സമൃദ്ധം. മഞ്ഞുകാലത്തും രാത്രിയിലും മനോഹരമായ ഇടമാണത്. മുലായംസിങ് യാദവും സമാജ്‌വാദി പാർട്ടിയും ആയിരുന്നു വെയിലിൽ ആശ്വാസം. ബ്യൂറോയിലെ കഠിനമായ ചൂട് സഹിക്കാനാകാതെ ഓഫീസിന് മുന്നിലെ ലോഹ്യ പാർക്കിൽ പോകും ഉച്ചസമയം. നിറയെ വലിയ മരങ്ങളും പുൽത്തകിടിയുമായി വിശാലമായി നീണ്ടുകിടക്കുന്ന ഇടം. നല്ല പച്ചപ്പാണ് കടുത്ത വേനലിലും. നിറയെ പക്ഷികളും അവയ്ക്ക് വെള്ളം നിറച്ച ചെറിയ കുളങ്ങളും, മരങ്ങളുമായി നല്ല തണലുമുള്ള ഇടം. ഉച്ചയ്ക്ക് അവിടെ പോയി കിടക്കേണ്ട സ്ഥിതിയായി. മുലായംസിങ് ഉണ്ടാക്കിയ സമാജ് വാദി പാർട്ടി പാർക്കാണ്. അതൊരു ആശ്വാസമായി. ചുംബനസമരക്കാരുടെ അതിരില്ലാത്ത സ്വതന്ത്ര ലോകം കൂടിയായിരുന്നു അന്നത്. യോഗിയുടെ വരവോടെ, റോമിയോ സ്‌ക്വാഡ് വന്നു. സദാചാര പൊലീസിങ് വന്നു. കമിതാക്കൾ പേടിച്ചോടി.
ഉടൽ പൊള്ളിയ സ്ത്രീകളുടെ ആതിഥേയത്വത്തിൽ ഭക്ഷണം കഴിച്ച സായാഹ്നങ്ങളുടെതും കൂടിയായി ലഖ്‌നൗവിലെ നഗരജീവിതം.
ലോഹ്യാ പാർക്കിനുമുന്നിൽ പച്ചമാങ്ങ വെള്ളത്തിൽ ചതച്ചുചേർത്ത് വിൽക്കുന്ന ചിലരെ കാണാം. പുതിനയും നാരങ്ങയും ഇഞ്ചിയും ചേർത്തരച്ച ചമ്മന്തി പച്ചമാങ്ങാ വെള്ളത്തിൽ കലക്കിയ, ഒരു തരം സംഭാരം. പത്തുരൂപയ്ക്ക് രണ്ട് ലിറ്ററെങ്കിലും കിട്ടും. വലിയ മണ്ണിന്റെ ജാറിൽ (കൂറ്റൻ ഭരണി) ഉന്തുവണ്ടിയിലാക്കി അവിടെ നിർത്തിയിടും, മരച്ചുവട്ടിൽ. ചൂടിൽ ഇത്രയും ആശ്വാസം നൽകുന്ന ദാഹശമനി വേറെയില്ല. ബ്യൂറോയുടെ അരികിലെ ഓഫീസ് മുറിയിലെ ജാർഖണ്ഡുകാരനായ സുഹൃത്താണ് അത് കഴിച്ചോളൂ, ചൂടിന് നല്ലതാണ് എന്ന് പറഞ്ഞുതന്നത്. അതൊരു ശീലമാക്കി. ജാർഖണ്ഡുകാരന്റെ വളം വിത്ത് ഉത്പാദന ഓഫീസിലെ ഫ്രിഡ്ജിൽ നിന്ന് ഒരു ഡ്യൂട്ടിപോലെ അവിടത്തെ പ്യൂൺ ഒന്നോ രണ്ടോ കുപ്പി വെള്ളം കൊണ്ടുവന്നുവെക്കും ബ്യൂറോയിൽ. ഇടയ്ക്ക് ആ ഓഫീസിലിരിക്കാനായി ക്ഷണിക്കും, അവിടെ എ.സിയുണ്ട്. ചൂട് കൂടിയതിന്റെ പരിഗണന അവർ പോലും തന്നു. കോഴിക്കോട്ടെ സോഷ്യലിസ്റ്റുകൾക്ക് ഒഴികെ അത് മനസ്സിലായി. വെയിലാറിയാൽ ബ്യൂറോയിലെത്തി വല്ല വാർത്തകളും അയക്കും. തിരിച്ച് താമസസ്ഥലത്തേക്ക് മൂന്നര കിലോമീറ്ററോളം നടത്തം. അഖിലേഷ് യാദവിന്റെ കാലത്ത് പണിത സൈക്കിൾപാത്തിലൂടെ നടക്കാം എന്നതൊരു സൗകര്യമാണ്. അതിവേഗം പാഞ്ഞുപോകുന്ന വാഹനങ്ങളിൽ നിന്ന് ഇരുറോഡുകൾക്കും ഇടയിലെ ഇഷ്ടിക പതിച്ച പാതയിലൂടെ നടക്കും. ഇരുവശത്തും മരങ്ങളും ചിലയിടത്ത് ചെടികളും വെച്ചിട്ടുണ്ട്.
അങ്ങനെയൊരു ദിവസം അംബേദ്കർ പാർക്കിന്റെ മുന്നിലെ ഒരു കഫേയിൽ ചായ കുടിക്കാനായി കേറി. ചെന്നു കഴിഞ്ഞപ്പോഴാണ് ആ ലോകവും അത്തരമൊരു കഫേയും ആദ്യമായാണ് കാണുന്നത്, ഭക്ഷണം കഴിക്കുന്നതും. കണ്ടിട്ടില്ല മുൻപ് എവിടെയും. ലഖ്‌നൗ പോലൊരു സ്ഥലത്ത് ഈ ടൈപ്പ് കഫേ പ്രതീക്ഷിച്ചില്ല. പുതിയൊരു അനുഭവം. ആഗ്രയിൽ യമുനയുടെ കരയിലും ലഖ്‌നൗവിൽ ഗോമതി നദിയുടെ കരയിലെ അംബേദ്കർ പാർക്കിനു മുന്നിലുമായുള്ള സ്ത്രീകളുടെ സംരംഭമാണത് - പേര് ഷീറോസ് ഹാങ് ഔട്ട്. തീപൊള്ളിപ്പോയ ജീവിതം തിരിച്ചുപിടിച്ചവരുടെ ലോകം, ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകൾ നടത്തുന്ന കഫേ. ആസിഡ് ആക്രമണം നേരിട്ടവർ തന്നെയാണ് ഭക്ഷണത്തിന് ഓർഡർ എടുക്കുന്നത്. അവർ തന്നെ ഫുഡ് നല്കുന്നു, മേശ വൃത്തിയാക്കുന്നു, പൈസ മേടിക്കുന്നു. എല്ലാം ഒരു പെൺകൂട്ടം.
വേദന പുരട്ടിയ ഓർമയിൽ നിന്ന് ഉയിരിന്റെ ലോകത്തേക്ക് ചുവടുവെച്ച് കയറിയവളുമാരുടെ കൂട്ടായ്മ. അങ്ങനെ ഷീറോസിൽ പോകുന്നത് ഇടയ്ക്ക് ശീലമാക്കി. ഉടൽ പൊള്ളിയ സ്ത്രീകളുടെ ആതിഥേയത്വത്തിൽ ഭക്ഷണം കഴിച്ച സായാഹ്നങ്ങളുടെതും കൂടിയായി ലഖ്‌നൗവിലെ നഗരജീവിതം.
ഷീറോസിന്റെ ആദ്യ കഫേ വന്നത് ആഗ്രയിലാണ്. അവിടെയാണ് ആസിഡ് ആക്രമണത്തിന് വിധേയയായ എയർഹോസ്റ്റസിന്റെ കഥ പറഞ്ഞ മലയാളം സിനിമ - ഉയരേ - ചിത്രീകരിച്ചതും.
ഇടയ്ക്കിടെ ചില ചാരിറ്റി സംഘടനാ പരിപാടികളും മറ്റ് കലാസാംസ്‌കാരിക സായാഹ്നങ്ങളുമെല്ലാം അവിടെ കാണും. നല്ല കെട്ടിടവും സൗകര്യങ്ങളുമാണ്. തരക്കേടില്ലാത്ത വാടകയോ സംഭാവനയോ അവർക്ക് കിട്ടുന്നുണ്ടാകാമെന്ന് തോന്നി. അപൂർവം ഫ്രണ്ട്‌സ് മാത്രമേയുള്ളൂ ലഖ്‌നൗവിൽ. അവരെ ഇടയ്ക്ക് കാണാനോ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സ്ഥിരം ഇടമാക്കി അവിടെ. കൊച്ചിയിൽ നിന്ന് ഒരു ഷൂട്ടിന് ചില ഫ്രണ്ട്‌സ് വന്നപ്പോൾ കൊണ്ടുപോയി, പണ്ട് ജോലി ചെയ്ത തിരുവനന്തപുരത്തെ പത്രസ്ഥാപനത്തിലെ ചില സുഹൃത്തുക്കൾ ലഖ്‌നൗ- വാരാണസി യാത്രയ്‌ക്കെത്തി. അവരെയും കൊണ്ടുപോയി. ഡൽഹിയിൽ നിന്നെല്ലാം ഇടയ്ക്കിടെ വന്നിരുന്ന മാധ്യമസുഹൃത്തുക്കളെ പ്രത്യേകിച്ചും ചാനൽ റിപ്പോർമാരെ അവിടേക്ക് വിട്ടു. ഇലക്ഷൻ കവർ ചെയ്യാൻ വരുന്ന മാധ്യമസുഹൃത്തുക്കൾ പലർക്കും ഷീറോസ് വാർത്തയായി. നിങ്ങളിത് കാണുക - എന്ന ഉദ്ദേശ്യം ആ സ്ഥലം പരിചയപ്പെടുത്താനുള്ള പ്രേരണയുമായി. ടോവിനോ തോമസ് നായകനായ എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയിലെ ചില കഫേ രംഗങ്ങൾ ഷീറോസിലാണ് ഷൂട്ട് ചെയ്തത്. രണ്ടുമൂന്ന് ദിവസം അവർ ഷീറോസിലും അംബേദ്കർ പാർക്കിലുമായി ഉണ്ടായി. ഷീറോസിന്റെ ആദ്യ കഫേ വന്നത് ആഗ്രയിലാണ്. അവിടെയാണ് ആസിഡ് ആക്രമണത്തിന് വിധേയയായ എയർഹോസ്റ്റസിന്റെ കഥ പറഞ്ഞ മലയാളം സിനിമ - ഉയരേ - ചിത്രീകരിച്ചതും. ലൈംഗികാക്രമണത്തിന്റെ പേരിലും പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള രോഷത്തിലും ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകളാണ് ഷീറോസിന്റെ ജീവൻ.
മനസ്സ് മരവിപ്പിക്കുന്നതാണ് ഷീറോസിലെ സ്ത്രീകളുടെ ഭൂതകാലജീവിതം. ഗോമതി നദിയുടെ കരയിലെ ഷീറോസിൽ ഒരു പെൺകുട്ടിയുണ്ട് (പേരെഴുതുന്നില്ല). ചാനൽ റിപ്പോർട്ടറായ ഒരു മലയാളി സുഹൃത്തിനൊപ്പം അവിടെ ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് പുള്ളി അവിടെ കാണുന്നത്. അതിനെ ഒരു സൈഡ് സ്റ്റോറിയാക്കി. അന്നാണ് ആ സ്ത്രീയെ കണ്ടതും. അവിടെ ജോലി ചെയ്യുന്ന മിക്കവരുടേയും മുഖമോ കഴുത്തോ തൊലിയടർന്ന അവസ്ഥയിലാവാറുണ്ട്. അത് ഉണങ്ങി ജീവിതത്തിലേക്ക് തിരിച്ചുവന്ന രൂപമാണ് എല്ലാവർക്കും. പക്ഷേ ഇവർക്കുമാത്രം മുഖത്ത് അത്തരം പാടുകൾ കണ്ടില്ല. ക്യാഷ് കൗണ്ടറിലും ഓർഡർ എടുക്കാനും മറ്റും കാണാം. ആക്രമണത്തിന്റെ ഇര അല്ലായിരിക്കും, മാനേജരോ എൻ.ജി.ഒയുടെ ഭാഗമായ ആരെങ്കിലുമോ ആകുമെന്ന് കരുതി അവരോട് തന്നെ പുള്ളി നേരിട്ടു ചോദിച്ചു. മറുപടി കേട്ടപ്പോൾ ചോദിക്കണ്ടായിരുന്നു എന്നുതോന്നി.
യു.പിയിൽ നിങ്ങൾക്ക് ആസിഡ് വിൽക്കുന്ന ഏത് കടയിലും ചെന്ന് സാധനം മേടിക്കാം. ഒരു പേപ്പറിന്റേയും പിൻബലം വേണ്ട. നിങ്ങൾക്ക് എത്രവേണേമെന്ന് പറഞ്ഞാൽ മതി. പൈസ കിട്ടണം അത്രേയുള്ളൂ.
ഭർത്താവിന് ആൺകുട്ടി വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ ഓരോ പ്രസവത്തിലും പെൺകുട്ടികളുണ്ടായി. അയാൾക്ക് ആഗ്രഹം കലശലായി, പ്രസവം നിർത്താനും സമ്മതിച്ചില്ല. ഇത്തവണയെങ്കിലും ആൺകുട്ടിയാവണേ എന്ന് ഓരോ തവണയും താനും ആഗ്രഹിച്ചുതുടങ്ങി. അഞ്ച് പെൺകുട്ടികളായി. ആറാമത് ഗർഭം ധരിച്ചിരിക്കുമ്പോ സ്‌കാൻ ചെയ്ത് ആണോ പെണ്ണോ എന്ന് പരിശോധിച്ചു. പെണ്ണുതന്നെ. നീചമായ പ്രതികാരത്തോടെ അയാളത് ചെയ്തു. മുഖത്ത് ആസിഡ് ഒഴിക്കുന്ന പുരുഷ പരാക്രമത്തിന് പകരം ഗർഭിണിയുടെ സ്വകാര്യഭാഗം ആസിഡ് ഒഴിച്ച് പൊള്ളിച്ചു. സുഹൃത്ത് അവരുടെ കഥ ക്യാമറയിൽ പകർത്തി. പ്രണയനിരാസവും കുടുംബകലഹവും സ്ത്രീധനപ്രശ്‌നവും പ്രണയം തകർന്നതിലെ നിരാശയുടെ പേരിലുമൊക്കെയാണ് ഇത് നടക്കുന്നത്. ലോകത്തിലെ ഏറ്റവും ഹീനമായ ആക്രമണം, പക്ഷേ നമ്മുടെ രാജ്യത്ത് രണ്ടായിരത്തിനും മൂവ്വായിരത്തിനുമിടെ പ്രതിവർഷം ഇത് നടക്കുന്നുണ്ട് എന്നാണ് കണക്ക്. യു.പിയിൽ നിങ്ങൾക്ക് ആസിഡ് വിൽക്കുന്ന ഏത് കടയിലും ചെന്ന് സാധനം മേടിക്കാം. ഒരു പേപ്പറിന്റേയും പിൻബലം വേണ്ട. നിങ്ങൾക്ക് എത്രവേണേമെന്ന് പറഞ്ഞാൽ മതി. പൈസ കിട്ടണം അത്രേയുള്ളൂ.
സ്ത്രീകളെ പെട്രോളൊഴിച്ച് കത്തിക്കുന്നത് കൂടിയപ്പോൾ കോടതിയാണ് പറഞ്ഞത് പെട്രോൾ കുപ്പിയിൽ നൽകരുതെന്ന്, പെട്രോൾ പമ്പുകളോട്. കോടതി വിധി നടപ്പാക്കാനാവാത്ത നാടാണ് യു.പി. 50 രൂപയ്ക്ക് കുപ്പിയിൽ പെട്രോൾ വാങ്ങുന്നവർ ഒരുപാടുണ്ട്. ദാരിദ്യം കൊണ്ടാണത്. ഭൂരിഭാഗം പേരും അത് വണ്ടിയിൽ തന്നെ ഒഴിക്കുന്നു. പക്ഷേ കുറച്ചുപേരെങ്കിലും പ്രണയം തോന്നിയവൾ നോ പറഞ്ഞാൽ മേലൊഴിക്കും, കത്തിക്കും. ലൈസൻസ് ഇല്ലാതെ ഏറ്റവും കൂടുതൽ തോക്ക് കൈവശം വെച്ച മനുഷ്യരുള്ള സംസ്ഥാനമാണത്. പെട്രോളോ ആസിഡോ ഇല്ലെങ്കിൽ ചിലപ്പോൾ തോക്ക് വെച്ചും അഡ്ജസ്റ്റ് ചെയ്യും. ഷീറോസിലെ ഓരോരുത്തരുടെ കഥയ്ക്കും വലിയ ആഴവും വിങ്ങലുമുണ്ട്. ചില കഥ കേട്ടാൽ ചായ കുടിച്ചാൽ ഇറങ്ങില്ലെന്ന് തോന്നും. അവിടത്തെ തൊഴിലാളികളായ ഏത് സ്ത്രീയോട് ചോദിച്ചാലും സമാന കഥകളാണ് പറയാനുണ്ടാവുക. കഥയ്ക്ക് പൊതുരൂപമുണ്ടാകും, പ്രതികാര ഉദ്ദേശ്യം കാണും, അതിലൊരു വില്ലൻ കാണും, ഒരു പുരുഷൻ. അതുകൊണ്ട് കഥകൾ ഓരോന്നായി വിവരിക്കുന്നില്ല. ഓരോ ആസിഡ് ആക്രമണത്തിൽ നിന്നും എത്രപേർ മാനസികമായും ശാരീരികമായും അതിജീവിക്കുന്നുവെന്ന് പറയാനാകില്ല. വിരലിലെണ്ണാവുന്ന ഇത്തരം കൂട്ടായ്മകൾ അത്ഭുതം സൃഷ്ടിക്കുന്നത് അതുകൊണ്ടാണ്. അവരുടെ ഓരോ കഥയും കേൾക്കുന്നവന്റെ നെഞ്ചിൽ കൊള്ളും. നമ്മളിൽ നിന്ന് ഒരു സഹതാപവും അവർ ആഗ്രഹിക്കുന്നില്ല, ധീരതയോടെ നയിക്കുകയാണവർ അവരെ സ്വയം.
കൊറോണ വ്യാധിയും ആധിയും രാജ്യത്ത് പടരുന്നുകൊണ്ടിരിക്കുന്നതിനാൽ ഷീറോസും വലിയ സങ്കടത്തെ നേരിടുന്നു. ഷീറോസ് കഫേ അടച്ചുപൂട്ടി. ചില ദേശീയ മാധ്യമങ്ങളിലാണ് ഈ വാർത്ത കണ്ടത്, കഴിഞ്ഞദിവസം.
ബ്യൂറോയുടെ തൊട്ടരികിൽ നല്ല ഭക്ഷണം കിട്ടുന്ന കഫേയുണ്ട്. ശിവം റെസ്റ്റോറൻറ്. ഇടയ്ക്കവിടെ പോകും. ലഖ്‌നൗവിൽ ആരെ കാണാനുണ്ടെങ്കിലും ആ സ്ഥലം നിശ്ചയിക്കാൻ പറ്റുന്നപോലെ ശ്രമിച്ചു. അക്രമിയുടെ അതേ ലിംഗ ഗ്രൂപ്പിൽ പെട്ടവനായതിന്റെ കുറ്റബോധമാകം, അതിക്രമത്തെ അതിജീവിച്ചവരോടുള്ള ആദരവാകാം, അണ്ണാൻ കുഞ്ഞിനും തന്നാലാവുന്നതുപോലെ പോയി ഭക്ഷണം കഴിച്ചു. മറ്റ് ഹോട്ടലുകളിലെ ശീലം വെച്ച് ഭക്ഷണശേഷം ബില്ലിനൊപ്പം ടിപ്പ് നൽകിയാൽ ഷീറോസിൽ അതെടുക്കില്ല. ടിപ്പ് മേടിക്കില്ല, പകരം വേണമെങ്കിൽ സംഭാവന നൽകാം. വലിയ തുകയാണെങ്കിൽ അതിന് രശീതി നല്കും. കൊച്ചു തുകയാണെങ്കിൽ ക്യാഷ് കൗണ്ടറിന് മുന്നിലെ ബോക്‌സിൽ നിക്ഷേപിക്കാം. പുസ്തകങ്ങൾ വെച്ച റാക്കുകൾ ധാരാളമുണ്ടവിടെ. പോയി വേണേൽ വെറുതെ വായിച്ചിരിക്കാം. മനോഹരമായ കെട്ടിട നിർമിതിയാണ് കഫേയുടെ. അത് അംബേദ്കർ പാർക്കിന്റെ ഭാഗമായി പണിതതാണ്, ക്രെഡിറ്റ് അവർക്കുള്ളതാണ്. ഷീറോസിന് സത്യത്തിൽ ഇതിലും നല്ലൊരിടം ലഖ്‌നൗ നഗരത്തിൽ വേറെ കിട്ടാനുമില്ല. ഡൽഹി ആസ്ഥാനമായ ഒരു സന്നദ്ധസംഘടനയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ ഷീറോസിന് തുടക്കമിട്ടത്. ആഗ്രയിൽ തുടങ്ങി പിന്നീട് ലഖ്‌നൗവിലും. രണ്ടിടത്തുമായി 25 പേരോളം ജോലിയെടുക്കുന്നുണ്ട്.
അന്നൊരിക്കൽ കൊച്ചിയിൽ നിന്ന് വന്ന ഫോട്ടോഗ്രാഫർ സുഹൃത്തിനെ കഴിഞ്ഞദിവസം വിളിച്ച് പഴയ ചിത്രങ്ങൾ ചോദിച്ചു. അന്ന് വാർത്ത ചെയ്ത ചാനൽ സുഹൃത്തിൽ ചില ഫുട്ടേജുകളും സംഘടിപ്പിച്ചു നോക്കി. ആ കഥകൾ ഒന്നുകൂടെ കണ്ടു. ഷീറോസിനെ ഓർക്കാനൊരു കാരണമുണ്ടായി. വലിയ പ്രതിസന്ധിയിലൂടെ, വിഷമവൃത്തത്തിലൂടെ അവരിപ്പോൾ കടന്നുപോകുകയാണ്, ഷീറോസ് കഫേ. കൊറോണ വ്യാധിയും ആധിയും രാജ്യത്ത് പടരുന്നുകൊണ്ടിരിക്കുന്നതിനാൽ ഷീറോസും വലിയ സങ്കടത്തെ നേരിടുന്നു. ഷീറോസ് കഫേ അടച്ചുപൂട്ടി. ചില ദേശീയ മാധ്യമങ്ങളിലാണ് ഈ വാർത്ത കണ്ടത്, കഴിഞ്ഞദിവസം. ആഗ്രയിലെ കഫേ പൂട്ടിയതായാണ് വായിച്ചത്. താജ്മഹൽ ടൂറിസം കൊണ്ട് പിടിച്ചുനിന്ന കഫേയാണത്. അതും കൂടെ ഇല്ലാതായതോടെ പൂട്ടേണ്ടിവന്നു. മാസവരുമാനത്തിന്റെ 80 ശതമാനത്തോളം കോവിഡ് ഇല്ലാതാക്കി, വലിയ ധനപ്രതിസന്ധിയിലാണിപ്പോൾ, പൂട്ടുകയാണ്- ഷീറോസ് നടത്തുന്ന എൻ.ജി.ഒയുടെ പ്രസ്താവന കണ്ടു. കഴിഞ്ഞവർഷം വാരാണസിയിൽ പുതുതായി തുടങ്ങിയ ഷീറോസ് കഫേയും കൊവിഡ് മൂലം പ്രശ്‌നത്തിലായി, പൂട്ടിക്കാണും.
ലഖ്‌നൗവിൽ ഏത് നിമിഷവും പൂട്ടുമെന്ന് അവസ്ഥയിലാണ്, ഓൺലൈൻ വഴി ഫുഡ് ഓർഡർ എടുക്കുന്നതുകൊണ്ട് കഷ്ടിച്ച് പിടിച്ചുനിൽക്കുകയാണെന്ന് അവർ പറയുന്നു. ഷീറോസിന്റെ എല്ലാ അതിജീവന പരിശ്രമങ്ങളും മഹാമാരിയുടെ ആക്രമണത്തിൽ നിശ്ചലമായിരിക്കുന്നു. ഷീറോസിന്റെ ദുരിതകാലത്തിന് പുനരാരംഭമായെന്ന് ചുരുക്കം. കഫേ എന്നൊരു ഇടവും അതിലേക്ക് വരുന്ന മനുഷ്യരോടുള്ള ഇടപെടലും അവരുടെ അനുതാപങ്ങളും ചെറിയ വരുമാനവും കൊണ്ടാണ് ഇതുവരെ ആസിഡ് ഇരകളായ ഈ സ്ത്രീകൾ പിടിച്ചുനിന്നത്. ദുരിതകാലത്തെ മറക്കാൻ ശ്രമിച്ച മുന്നോട്ടുപോക്കിനെ കൊവിഡ് തടയിട്ടു. ഇനി എന്ന് തുറക്കാനാകുമെന്ന് ഉറപ്പില്ല. ആസിഡ് ആക്രമണത്തോടെ വീട്ടുകാർക്കുപോലും വേണ്ടാത്തവരായി പലരും മാറി. അവരുടെ കഥകളിൽ നിന്നത് വ്യക്തമാണ്. ലോകത്തിനോടും ചുറ്റുമുള്ളവരോടും കണ്ണാടിയോടു പോലും വെറുപ്പുതോന്നി ജീവിച്ച കാലം കടന്നാണ് ഇതുവരെ ഈ സ്ത്രീകൾ എത്തിയത്. ഓരോ കഥയും ഓരോ നോവലാണ്, വലിയ സങ്കടക്കടലുണ്ടതിൽ, കൊടിയ അവഗണനയും. പൊള്ളിയർന്ന ജീവിതത്തെ വർഷങ്ങളുടെ സാവകാശമെടുത്ത് തിരിച്ചുപിടിച്ച അവരിപ്പോ മറ്റൊരു കെടുതിയെ കാണുകയാണ് മുന്നിൽ.
ലഖ്‌നൗവിലെ കഫേ മറ്റൊരു തരം പ്രതിസന്ധിയെ കൂടിയാണ് അഭിമുഖീകരിക്കുന്നത്. യു.പി. സർക്കാരിന്റെ ഉത്തർപ്രദേശ് മഹിളാ കല്യാൺ നിഗം, ഷീറോസ് കഫേ അടച്ചുപൂട്ടാനുള്ള നോട്ടീസ് അയച്ചതാണത്. മുൻ മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിന്റെ പ്രത്യേക താല്പര്യത്തിലാണ് ലഖ്‌നൗ കഫേയുടെ തുടക്കം. ചന്നവ് ഫൗണ്ടേഷനെന്ന എൻ.ജി.ഒയെ സഹായിച്ചത് അഖിലേഷായിരുന്നു. മഹിളാ കല്യാൺ നിഗം പക്ഷേ, ഷീറോസ് ഹാങ് ഔട്ട് പൂട്ടാനുത്തരവിട്ടു. പ്രവർത്തനത്തിൽ സുതാര്യതയില്ലെന്ന് കാണിച്ചായിരുന്നു പൂട്ടാനുള്ള നോട്ടീസ്. പാട്ടക്കാലാവധി കഴിഞ്ഞതായാണ് വാദം. പക്ഷേ സർക്കാരിന് അപേക്ഷ കൊടുത്തതായും എന്നാൽ മറ്റൊരു ഗ്രൂപ്പിന് കഫേ നടത്താൻ ഇടം കൊടുക്കാനാണ് ഒഴിപ്പിക്കുന്നതെന്നുമാണ് ഷീറോസ് പറയുന്നത്. കോടതി തത്ക്കാലത്തേക്ക് നടപടി മരവിപ്പിച്ചു. പക്ഷേ കഫേയിൽ വന്ന് ഒരു സംഘം ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി കുറച്ചുനാൾ മുമ്പ്. ഒഴിഞ്ഞു പോകാനുള്ള ഭീഷണിയ്ക്കും കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനും മധ്യേയാണ് ഷീറോസിലെ സ്ത്രീകൾ. ഒരിക്കൽ കടുത്ത ആക്രമണം സഹിച്ച അവർക്ക് ഇനിയൊരു ആക്രമണം താങ്ങാനാവില്ല. കഫേ കൊണ്ട് എന്തു കാര്യം എന്നാണ് യു.പി. മഹിളാ കല്യാൺ നിഗം ഷീറോസിനോട് നോട്ടീസിലൂടെ ചോദിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകി. പക്ഷേ തീരുമാനവുമായില്ല. അലഹബാദ് ഹൈക്കോടതിയാണ് ഒഴിപ്പിക്കൽ മരവിപ്പിച്ചത്. ഇപ്പോൾ ഗതിയെന്തായി എന്നറിയില്ല. അതിനിടെ കോവിഡ് വന്നു. നിമിഷവും ഇനി അടച്ചുപൂട്ടപ്പെട്ടേക്കും.
ആസിഡ് ആക്രമണവും അതിന്റെ പേരിലുള്ള വനവാസങ്ങളും സ്വയം എരിഞ്ഞ് ഇല്ലാതാകലിന്റെ കടലും നീന്തിക്കടന്നവരാണവർ. ദുർഘടസന്ധികളെ അതിജീവിച്ച് പിടിച്ചുനിന്നവരായതുകൊണ്ട് ഷീറോസ് പിടിച്ചു നിന്നേക്കാം.
സ്വന്തം വരുമാനം നൽകുന്ന ചെറിയ ആനന്ദവും നാട്ടിൽ നിന്ന് മാറിനിന്ന് ജോലി ചെയ്യുന്നതിന്റെ ആശ്വാസവുമാണ് അടച്ചുപൂട്ടലോടെ അവർക്ക് ഇല്ലാതാകുന്നത്. ദുരിതകാലം കടന്നുപോകുമായിരിക്കും. ആസിഡ് ആക്രമണവും അതിന്റെ പേരിലുള്ള വനവാസങ്ങളും സ്വയം എരിഞ്ഞ് ഇല്ലാതാകലിന്റെ കടലും നീന്തിക്കടന്നവരാണവർ. ദുർഘടസന്ധികളെ അതിജീവിച്ച് പിടിച്ചുനിന്നവരായതുകൊണ്ട് ഷീറോസ് പിടിച്ചു നിന്നേക്കാം. ഒരു ഡിസംബറിന്റെ തണുപ്പിൽ, താജ്മഹലിന് മൂന്ന് കിലോമീറ്റർ അകലെ മാത്രം, ആഗ്രയിൽ തുടങ്ങിയ ഷീറോസ് ഹാങ് ഔട്ട് ഇക്കാലമത്രയും മുന്നോട്ടുമാത്രമാണ് ആത്മവിശ്വാസത്തോടെ സഞ്ചരിച്ചത്. പക്ഷേ ഏഴ് വർഷത്തിനിപ്പുറം ഇതുവരെ കാണാത്ത പ്രതിസന്ധിയുടെ മുനമ്പിലാണ് അവരുടെ ജീവിതം. രാജ്യത്തെ എല്ലാ കഫേകളും തുറന്ന് സന്തോഷം മേശപ്പുറത്തേക്ക് മനസ്സുനിറയ്ക്കാനെത്തുന്ന ദിവസം എത്രയും പെട്ടെന്ന് സംഭവിക്കട്ടെ. അങ്ങനെയങ്കിൽ ആദ്യം തുറക്കപ്പെടുന്നവയിൽ ഷീറോസ് എന്ന കഫേയുടെ പേരുണ്ടാകട്ടെ. ▮