ജസ്ബീർ കൗർ നട്ട് / Photo: K. Sajimon

ഹരിതവിപ്ലവം ഞങ്ങൾക്ക് കുറേയധികം കീടനാശിനികളെയാണ്​ തന്നത്, ഞങ്ങളുടെ ഭൂമി അതിനടിമയായിക്കഴിഞ്ഞു

സ്വന്തം ആവശ്യങ്ങൾക്ക് പോലുമുള്ള പച്ചക്കറികളോ നെല്ലോ ഗോതമ്പോ കർഷകർ കീടനാശിനിയോ രാസവളമോ ഇല്ലാതെ കൃഷി ചെയ്യുന്നില്ല. ഇതൊക്കെ കാരണം പഞ്ചാബിൽ വായ്പയ്ക്ക് പണം വാങ്ങുന്ന പ്രവണത കൂടിവന്നിട്ടുണ്ട്. ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ കർഷകരും തൊഴിലാളികളും ആത്മഹത്യ ചെയ്യുന്ന സംഭവവും കൂടിക്കൊണ്ടിരിക്കുന്നു.

ർഷക സമരം നടക്കുന്ന തിക്രി ബോർഡറിലെ അഖിലേന്ത്യ കിസാൻ മഹാസഭ (എ.ഐ.കെ.എം) യുടെ ടെൻറിനു മുന്നിൽവെച്ചാണ് ജസ്ബീർ കൗർ നഥുമായി സംസാരിച്ചത്. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി പാർലമെന്റിൽ നടന്നുകൊണ്ടിരുന്ന ദിവസം. കർഷക സമരത്തിനുമുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടുകുത്തേണ്ടിവന്ന പശ്ചാത്തലത്തിൽ സമരത്തിന്റെ കടന്നുപോയ ഒരുവർഷത്തെ ഓർമകൾ പങ്കുവെക്കുകയാണ് അവർ. കൂടാതെ കർഷകരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങളെ മുൻനിർത്തി ഇനി നടത്തേണ്ടുന്ന പോരാട്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു. സി.പി.ഐ.എം.എൽ. ലിബറേഷൻ ഗ്രൂപ്പിന്റെ കർഷക സംഘടനയാണ് ഓൾ ഇന്ത്യാ കിസാൻ മഹാസഭ. എ.ഐ.കെ.എമ്മിന്റെ പഞ്ചാബ്​ സംസ്ഥാന സമിതി അംഗമാണ് ജസ്ബീർ കൗർ നഥ്. ലിബറേഷൻ ഗ്രൂപ്പിന്റെ സ്ത്രീസംഘടനയായ ഓൾ ഇന്ത്യാ പ്രോഗ്രസീവ് വുമൺസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ് അവർ.

നീതു ദാസ്‌: ഒരുവർഷം പിന്നിട്ട കർഷക സമരത്തിനുമുന്നിൽ മുട്ടുകുത്താൻ കേന്ദ്ര സർക്കാർ തയ്യാറായത് എന്തുകൊണ്ടാണെന്നാണ് താങ്കൾ കരുതുന്നത്? സമരം വിജയിക്കുമെന്ന് അതിന്റെ തുടക്കം മുതൽ താങ്കൾ വിശ്വസിച്ചിരുന്നോ?

ജസ്ബീർ കൗർ നഥ്: ജനങ്ങൾക്ക് സർക്കാരിനോടും അവരുടെ നയങ്ങളോടും ഉള്ളിൽ ദേഷ്യമുണ്ടായിരുന്നു. അതിന് പ്രധാനപ്പെട്ട ഒരു കാരണം, 1990കളിൽ സർക്കാർ സ്വീകരിച്ച നയങ്ങൾ ദരിദ്രരും ധനികരും തമ്മിലുള്ള അന്തരം കൂടുതൽ വലുതാക്കിയെന്നതാണ്. തൊഴിലില്ലായ്മ വളർന്നു, വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് അവരർഹിക്കുന്ന തൊഴിലവസരങ്ങളില്ലാതെയായി. 1991-നുശേഷം പഞ്ചാബിന്റെ തകർച്ചയാണ് സംഭവിച്ചുകൊണ്ടിരുന്നത്. അവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ കിട്ടാതെയായി, സർക്കാർ സ്‌കൂളുകളിൽ പഠിക്കാൻ പറ്റാതെയായി. പഠനം ചെലവേറിയതായി മാറി. അതുകൊണ്ടൊക്കെ അവരുടെയുള്ളിൽ ദേഷ്യമുണ്ടായിരുന്നു. പഞ്ചാബിൽ ഞങ്ങളുടെ സംഘടന വളരെക്കാലമായി പ്രവർത്തിക്കുന്നുണ്ട്. കർഷകരുടെ പ്രശ്നങ്ങളിൽ വലിയ സമരങ്ങൾ നടത്തിയിട്ടുമുണ്ട്. കർഷകരുടെ ഭൂമിയുമായും വായ്പയുമായും വിളവിന് ന്യായമായ വില കിട്ടാത്തതും വിളവ് നശിക്കുന്നതും സംബന്ധിച്ച പ്രശ്നങ്ങളിൽ ഞങ്ങൾ സമരങ്ങൾ നടത്തിയിട്ടുണ്ട്.

സർക്കാർ കൊണ്ടുവന്ന പുതിയ നിയമം, നിങ്ങളുടെ ഭൂമി കോർപറേറ്റുകളുടെ കൈയിലെത്തിക്കാനുള്ളതാണെന്നും സർക്കാർ മണ്ഡികളില്ലെങ്കിൽ വിളവിന് പണം കിട്ടില്ലെന്നും ആളുകളെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു.

എല്ലായിടത്തും ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ്, ജൂണിൽ കേന്ദ്ര സർക്കാർ കർഷക നിയമങ്ങൾ സംബന്ധിച്ച ഓർഡിനൻസ് ഇറക്കുന്നത്. കർഫ്യൂ കാരണം ആളുകൾ പുറത്തേക്കിറങ്ങില്ലായിരുന്നു. അതിനുമുന്നെ തന്നെ പഞ്ചാബിൽ ഞങ്ങളുടെ ഒരു സമരം നടക്കുന്നുണ്ടായിരുന്നു. മൈക്രോ ഫിനാൻസ് കമ്പനികൾ നൽകിയ വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്നത്തിലായിരുന്നു അത്. അത്തരം കമ്പനികൾ സ്ത്രീകൾക്ക് ചെറിയ വായ്പ നൽകും. പത്ത് ദിവസം കൂടുമ്പോഴോ ഒരാഴ്ച കൂടുമ്പോഴോ ആണ് പലിശ അടയ്ക്കേണ്ടി വരിക. എന്നാൽ ലോക്ക്​ഡൗൺ വന്നപ്പോൾ തൊഴിലാളികൾക്ക് ജോലിയില്ലാതായി. അത്​ ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളെയും ചെറുകിട കർഷകരെയും തൊഴിലാളികളെയും ചെറിയ കടകൾ നടത്തുന്നവരെയുമായിരുന്നു. പണമില്ലാത്തതിനാൽ പലർക്കും കമ്പനികൾക്ക് കൊടുക്കേണ്ട പണം അടയ്ക്കാൻ കഴിഞ്ഞില്ല. അപ്പോൾ കമ്പനികൾ ബോണ്ടുകളുമായി അവരുടെയടുത്തെത്തി ശല്യപ്പെടുത്താൻ തുടങ്ങി. ഇതിനെതിരെ ഞങ്ങൾ സമരം നടത്തുകയായിരുന്നു ആ ദിവസങ്ങളിൽ. അതിനായി ആളുകളെ കൂട്ടാൻ ഞങ്ങൾ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുമായിരുന്നു. ആ ഘട്ടത്തിലാണ് കർഷക നിയമവുമായി ബന്ധപ്പെട്ട ഓർഡിനൻസ് വന്നത്.

ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അവർക്ക് വളരെ വേഗം മനസ്സിലായി. കാരണം ഇത് അവരുടെ ഭക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു
ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അവർക്ക് വളരെ വേഗം മനസ്സിലായി. കാരണം ഇത് അവരുടെ ഭക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു

പഞ്ചാബിലെ ഓരോ ഗ്രാമത്തിലും ഒരു ഗുരുദ്വാരയുണ്ടാകും. അവിടെ മൈക്ക് സംവിധാനമുണ്ടാകും. അതുപയോഗിച്ചാണ് ഞങ്ങൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തിയത്. സർക്കാർ കൊണ്ടുവന്ന പുതിയ നിയമം, നിങ്ങളുടെ ഭൂമി കോർപറേറ്റുകളുടെ കൈയിലെത്തിക്കാനുള്ളതാണെന്നും സർക്കാർ മണ്ഡികളില്ലെങ്കിൽ വിളവിന് പണം കിട്ടില്ലെന്നും ആളുകളെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അവർക്ക് വളരെ വേഗം മനസ്സിലായി. കാരണം ഇത് അവരുടെ ഭക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടാലുള്ള അവസ്ഥയെക്കുറിച്ച് ഓരോരുത്തർക്കും പേടിയുണ്ടായിരുന്നു. അവർ ഒറ്റക്കെട്ടായി നിന്ന് കാര്യങ്ങൾ മനസ്സിലാക്കി. അതിനുശേഷം നിയമത്തെ എതിർക്കണമെന്ന് അവർ തീരുമാനിച്ചു.

കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരുപാട് സംഘടനകൾ പഞ്ചാബിലുണ്ട്. ഇത് ലോക വ്യാപാര സംഘടനയുടെ തീരുമാനമാണെന്നും അതിനെതിരെയുള്ള പോരാട്ടം ചെറുതാകില്ലെന്നും 32 ഓളം യൂണിയനുകളും അതിന്റെ നേതാക്കളും തിരിച്ചറിഞ്ഞു. ഏതെങ്കിലും ഒരു സംഘടന വിചാരിച്ചാൽ കേന്ദ്രസർക്കാർ നിയമം പിൻവലിക്കാൻ പോകുന്നില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ശക്തമായ സമരവുമായി മുന്നേറിയാലേ പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്നും അവർ മനസ്സിലാക്കി. അതിനായുള്ള യോഗങ്ങൾ പഞ്ചാബിലെ വ്യത്യസ്ത നഗരങ്ങളിൽ നടന്നു. യൂണിയനുകൾ ചേർന്ന് കേന്ദ്രസർക്കാരിന് മുകളിൽ സമ്മർദം കൊണ്ടുവരാനുള്ള സമരരീതികളെക്കുറിച്ച് തീരുമാനമെടുത്തു. ഞങ്ങൾ റെയിൽവേ സ്റ്റേഷൻ ഉപരോധിക്കൽ അടക്കമുള്ള സമരമാർഗങ്ങളാണ് സ്വീകരിച്ചത്. നിയമം നടപ്പിലാക്കില്ലെന്ന് പഞ്ചാബ് സർക്കാർ അതിനുശേഷം ഉറപ്പുനൽകിയിരുന്നു. പക്ഷേ പാർലമെന്റിൽ പ്രധാനമന്ത്രി തീരുമാനിച്ച കാര്യം നടപ്പിലാക്കില്ലെന്ന് പറയാൻ സംസ്ഥാന സർക്കാരിന് എങ്ങനെ കഴിയുമെന്നാണ് ഞങ്ങൾ ചോദിച്ചത്.

സർക്കാർ സമരത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് ഡൽഹിയിലേക്ക് പോകാൻ തീരുമാനിക്കുന്നത്. പാർലമെൻറിനുമുന്നിലേക്ക് പോകാൻ രണ്ട് ദിവസത്തെ തയ്യാറെടുപ്പുകളുമായാണ് ഞങ്ങൾ വന്നത്.

ഗ്രാമങ്ങളിൽ ചെന്ന് സമരത്തിന്റെ കൂടെ ചേരാൻ എല്ലാവരോടുമായി അഭ്യർത്ഥിക്കുന്ന ഘട്ടത്തിൽ തന്നെ, സ്ത്രീകൾ വൻതോതിൽ സമരത്തിനൊപ്പം ചേർന്നിരുന്നു. അവർ ഗ്രാമങ്ങളിൽ നിന്ന് ട്രാക്ടർ റാലികളിൽ എത്തിച്ചേർന്നു. ഡൽഹിയിലേക്ക് സമരം നീങ്ങണമെന്ന് കർഷക സംഘടനാ നേതാക്കൾ തീരുമാനിക്കുന്നത് കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ്. മൂന്ന് കർഷക നിയമങ്ങളും കർഷകർ ഗുണകരമാണെന്ന് വാദിക്കാനാണ് ചർച്ചയിൽ കേന്ദ്രസർക്കാർ ശ്രമിച്ചത്. അതിനെത്തുടർന്ന് ഞങ്ങളുടെ നേതാക്കൾ യോഗം ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. സർക്കാർ സമരത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് ഡൽഹിയിലേക്ക് പോകാൻ തീരുമാനിക്കുന്നത്. പാർലമെൻറിനുമുന്നിലേക്ക് പോകാൻ രണ്ട് ദിവസത്തെ തയ്യാറെടുപ്പുകളുമായാണ് ഞങ്ങൾ വന്നത്. എന്നാൽ സമരം രണ്ട് ദിവസംകൊണ്ട് തീരില്ലെന്നും നീളുമെന്നും അന്ന് തിരിച്ചറിഞ്ഞിരുന്നു. കുറച്ച് റേഷൻ സാധനങ്ങൾ ഗ്രാമങ്ങളിൽ നിന്ന്, ഓരോ വീട്ടിൽ നിന്നും ശേഖരിച്ച്, രണ്ട്- നാല് മാസത്തേക്കാവശ്യമായ തയ്യാറെടുപ്പ്​നടത്തി. തണുപ്പുകാലമായതിനാൽ കുറച്ചു ചൂടുകുപ്പായങ്ങളും കൊണ്ടുവന്നു.

പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോൾ ഹരിയാന ഇടയിലുണ്ട്. ഹരിയാനയിലും ബി.ജെ.പി സർക്കാരാണ്, അതുമൂലം കുറേയധികം തടസ്സങ്ങളുണ്ടായി. കടത്തിവിടില്ലെന്ന് അവർ പറഞ്ഞു. പഞ്ചാബ്- ഹരിയാന അതിർത്തിയിൽ തടയാൻ ശ്രമവും നടന്നു. വലിയ കല്ലും മറ്റും വെച്ച് റോഡ് തടസ്സപ്പെടുത്തി. ഹരിയാനയിലുള്ളവർ ഞങ്ങളെ പിന്തുണച്ച്​ അവിടെയെത്തി. അവരുടെ വളരെയധികം സഹായം ആ ഘട്ടത്തിൽ ഞങ്ങൾക്ക് കിട്ടി. പഞ്ചാബിലെ ചെറുപ്പക്കാരും എത്തി. അവർ ഒരുമിച്ച് റോഡിലെ തടസ്സങ്ങളെല്ലാം മാറ്റി. അധികം പേരില്ലെങ്കിലും സ്ത്രീകളും അന്ന് സമരത്തിന്റെ കൂടെയുണ്ടായിരുന്നു. സമരത്തെ തടയാൻ ശ്രമങ്ങൾ നടന്നെങ്കിലും ഞങ്ങളതിനെ മറികടന്ന് മെല്ലെമെല്ലെ ഡൽഹി വരെയെത്തി. വഴിയിൽ ലാത്തിച്ചാർജും, ജലപീരങ്കിയും നേരിടേണ്ടി വന്നു. അപകടത്തിൽപ്പെട്ട് ഒരു സഹപ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തു.

തിക്രിയിലെത്തിയശേഷം ഡൽഹി സർക്കാർ ഞങ്ങളെ തടഞ്ഞുനിർത്തി. സമരം ഡൽഹിയിലേക്ക് അതിക്രമിച്ച് കടക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിനുശേഷം സർക്കാർ ഞങ്ങളോട് ആവശ്യപ്പെട്ടത് ബുരാരി ഗ്രൗണ്ടിലേക്ക് പോകാനാണ്. ഞങ്ങൾ അതിന്​ തയ്യാറായില്ല, കാരണം അതൊരു തുറന്ന ജയിൽ പോലെയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള കുറച്ചുപേർ അവിടെ പോയിരുന്നു. രണ്ടുമാസം അവിടെ നിന്നു, പിന്നീട് അവരും ഇങ്ങോട്ടുതന്നെ വന്നു. അതിർത്തിയിൽ നിൽക്കാൻ തന്നെയായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. സർക്കാർ വളരെ ശക്തമായ ബാരിക്കേഡാണ് തീർത്തത്. ആദ്യ ദിവസങ്ങളിൽ ഞങ്ങളുടെ കൈയിൽ കൂടുതൽ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്റ്റേജ് കെട്ടാൻ പോലുമുള്ള പണം ഉണ്ടായിരുന്നില്ല. ഒരു ട്രാക്ടർ നിർത്തിയിട്ട് അതിന്റെ മേലെ സ്പീക്കർ വെക്കുകയാണ് ചെയ്തത്. പിന്നീട് ഒരു ചെറിയ മേശ കിട്ടി. കുറച്ചുദിവസം അങ്ങനെ പോയി. ഇവിടെയുള്ള കടക്കാരെയൊക്കെ പേടിപ്പിച്ച് നിർത്തിയിരുന്നു. ആരും മൈക്ക്, ടെൻറ്​ പോലുള്ള സാധനങ്ങൾ തരാൻ തയ്യാറായില്ല. അതുകൊണ്ട് ഞങ്ങൾക്ക് ഇതൊക്കെ പഞ്ചാബിൽ നിന്ന് വരുത്തിക്കേണ്ടിവന്നു. കുറച്ചുസമയത്തിനുള്ളിൽ ഇവിടേയ്ക്ക് ആവശ്യമായ സാധനങ്ങളെത്തിത്തുടങ്ങി. കൂടുതൽ സൗകര്യങ്ങളുണ്ടായി. എത്ര വർഷം വേണമെങ്കിലും, 2024-ലെ പാർലമെൻറ്​ തെരഞ്ഞെടുപ്പ് വരെ വേണമെങ്കിലും സമരം തുടരാൻ ഞങ്ങൾ സജ്ജരാണെന്ന് സ്വയം തിരിച്ചറിഞ്ഞു. ഡൽഹി അതിർത്തിയിൽ തന്നെ ഇരിക്കുമെന്നും തീരുമാനമാകാതെ തിരിച്ചുപോകില്ലെന്നും ഞങ്ങൾ തീരുമാനിച്ചു.

ഹരിതവിപ്ലവത്തിലൂടെ വിളവ് വളയെധികം കൂടി, എന്നാൽ കർഷകരുടെ സാമ്പത്തികാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. കൃഷി ചെലവേറിയതായി. മുമ്പ്​ യൂറിയ പോലുള്ള വളങ്ങൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അന്ന് വിളകൾക്കിടയിൽ വൈവിധ്യവും ഉണ്ടായിരുന്നു.

വളരെ സമാധാനത്തിൽ, ഇവിടെയുള്ള ആളുകൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ, അവരോട് സഹകരിച്ചും സ്നേഹത്തോടെയും മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്. അതുകൊണ്ട് ചുറ്റുമുള്ളവരുമായി ചെറിയ തോതിലുള്ള പ്രശ്നങ്ങൾ പോലും ഉണ്ടായില്ല. മധ്യവർഗജനങ്ങൾക്കിടയിൽ സമരത്തെ താഴ്ത്തിക്കെട്ടാൻ കേന്ദ്രസർക്കാർ വളരെയധികം ശ്രമിച്ചു, ഞങ്ങളെ ഖാലിസ്ഥാനികളെന്നും, തീവ്രവാദികളെന്നും നക്സലൈറ്റുകളെന്നും പല പേരുകളും വിളിച്ചു. അതിന് ഫലമുണ്ടായില്ലെന്ന് തോന്നിയപ്പോൾ സമരത്തിനെത്തിയവരുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു. ഖാലിസ്ഥാനികളെന്നും സിഖുകളെന്നും ഹിന്ദുക്കളെന്നും സമരത്തിനകത്ത് വ്യത്യസ്ത ചേരികൾ ഉണ്ടാക്കാനാണ് അവർ ശ്രമിച്ചത്. പക്ഷേ അതിനും ഫലമുണ്ടായില്ല.

 പല സ്ഥാപനങ്ങളും സമരത്തിന് വേണ്ട സഹായം ചെയ്യാൻ തുടങ്ങി. പണം, ടെൻറ്​, ടാർപോളിൻ, കിടക്കകൾ, കമ്പിളി, ഭക്ഷണസാധനങ്ങൾ തുടങ്ങിയവയെല്ലാം അവർ ഒരുക്കിത്തന്നു.
പല സ്ഥാപനങ്ങളും സമരത്തിന് വേണ്ട സഹായം ചെയ്യാൻ തുടങ്ങി. പണം, ടെൻറ്​, ടാർപോളിൻ, കിടക്കകൾ, കമ്പിളി, ഭക്ഷണസാധനങ്ങൾ തുടങ്ങിയവയെല്ലാം അവർ ഒരുക്കിത്തന്നു.

ജനുവരി ഏഴിന് ഡൽഹിയിലെ പെരിഫറൽ റോഡിലൂടെ ഞങ്ങൾ ട്രാക്ടർ റാലി നടത്തി. അതിൽ പഞ്ചാബിലെയും ഹരിയാനയിലെയും വളരെയധികം പേർ പങ്കെടുത്തു. ആദ്യം പഞ്ചാബിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ഹരിയാനയിലുള്ളവരെത്തി, പിന്നീട് ഉത്തർപ്രദേശിലുള്ളവരും, രാജസ്ഥാനിലുള്ളവരും എത്തി. മെല്ലമെല്ലെ മറ്റ് സംസ്ഥാനങ്ങളും സമരവുമായി സഹകരിച്ചു. അത് വളരെ വലിയ കാര്യമായിരുന്നു. പണമടക്കമുള്ള സഹായങ്ങൾ ഇങ്ങനെയാണ് സമരത്തിന് കിട്ടിയത്. ഞങ്ങൾ വളരെ കുറച്ച് കാര്യങ്ങൾ മാത്രമെടുത്ത് വന്നവരാണ്. സിംഗു അതിർത്തിയിൽ ലംഗറുകൾ തയ്യാറാക്കി. പല സ്ഥാപനങ്ങളും സമരത്തിന് വേണ്ട സഹായം ചെയ്യാൻ തുടങ്ങി. പണം, ടെൻറ്​, ടാർപോളിൻ, കിടക്കകൾ, കമ്പിളി, ഭക്ഷണസാധനങ്ങൾ തുടങ്ങിയവയെല്ലാം അവർ ഒരുക്കിത്തന്നു. വിദേശത്തുള്ളവർ ഇവിടേയ്ക്ക് നേരിട്ടെത്തിയും അല്ലാതെയും സഹായിച്ചു. അങ്ങനെയൊക്കെയാണ് സമരം വളർന്നത്. പിന്നെ മെല്ലെ ഈ സമരം മുഴുവൻ രാജ്യത്തും ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തും പുറത്തും സമരങ്ങൾ ഉണ്ടായി. മോദി പോകുന്ന സ്ഥലങ്ങളിലെല്ലാം വലിയ സമരങ്ങളുണ്ടായി. ബംഗ്ലാദേശിലും സമരമുണ്ടായി, അവിടെ ഏഴുപേർ മരിക്കുകയും ചെയ്തു. അവരും ഞങ്ങളുടെ സമരത്തിന്റെ രക്തസാക്ഷികളാണ്. അങ്ങനെ സമരം വളർന്നുകൊണ്ടിരുന്നു.
പിന്നെ കേന്ദ്ര സർക്കാർ ആലോചിച്ചത് സമരത്തിനുള്ളിൽ എങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ്. ആദ്യം അവർക്ക് തോന്നിയത് സമരം കുറച്ചുകാലം നീണ്ടുനിന്നാൽ കർഷകർ തളർന്നുപോകുമെന്നാണ്. എന്നാൽ കർഷകർ തളരില്ല. കർഷകർ തളരുന്നവരായിരുന്നെങ്കിൽ പിന്നെ രാജ്യം മുഴുവൻ നിശ്ചലമായേനെ. അവരങ്ങനെ തളരുന്ന കൂട്ടരല്ല. സമരം നീണ്ടുനിർത്തി കർഷകരെ തളർത്താനും അവർക്ക് കഴിഞ്ഞില്ല. അതിനുശേഷം സമരത്തെ കുപ്രശസ്തമാക്കാൻ അവർ ശ്രമിച്ചു.

ശക്തമായ പൊലീസ് സന്നാഹത്തിനിടയിലൂടെ ചില കർഷകർക്ക് ചെങ്കോട്ട വരെ എത്താൻ കഴിഞ്ഞുവെന്നത് വിശ്വസനീയമായിരുന്നില്ല. പൊലീസിന്റെയും സർക്കാറിന്റെയും സഹകരണമില്ലാതെ അങ്ങനെ പോകാൻ കഴിയില്ല.

ജനുവരി 26-ന്റെ പരിപാടിയിൽ ഞങ്ങൾ ആദ്യമേ ഒരു റോഡിലൂടെ പോകാൻ തീരുമാനിച്ചിരുന്നു. പൊലീസുമായുള്ള യോഗത്തിൽ ഇത് ഞങ്ങൾ അവരെ അറിയിക്കുകയും ചെയ്തിരുന്നു. ഡൽഹിയിലെ ജനങ്ങൾ വളരെ വലിയ സംവിധാനങ്ങളാണ് സമരത്തിനുവേണ്ടി ചെയ്തത്. പൂക്കൾ വിതറാനും, വെള്ളം നൽകാനും, പഴങ്ങൾ നൽകാനും മറ്റും അവർ സംവിധാനങ്ങൾ ഒരുക്കി. സമരത്തിന്റെ അകത്തേയ്ക്ക് അവരുടെ കുറച്ച് ആളുകളെ പറഞ്ഞുവിടുകയാണ്​ സർക്കാർ ചെയ്​തത്​, പൊലീസും ആ ആളുകളും ചേർന്ന് പരസ്പരം സഹകരിച്ച് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു. ചെങ്കോട്ടയിലെത്തിയവർ അവിടെ സിഖ് മതത്തിന്റെ പ്രതീകമായ പതാക കെട്ടി. അത് ഖാലിസ്ഥാനികളുടെ പതാക ആയിരുന്നില്ല, സിഖ് മതത്തിന്റെ ഒരു പ്രതീകമായിരുന്നു അത്. ആ കൊടി ഞങ്ങളുടെ വീടുകളിലും ഗുരുദ്വാരകളിലും ഉണ്ടാകുന്ന ഒന്നാണ്. അതിനുശേഷം പൊലീസ് ട്രാക്ടറുകൾ പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അന്ന് പിടിച്ചുകൊണ്ടുപോയ ട്രാക്ടറുകൾ ഇന്നും പൊലീസ് സ്റ്റേഷനിൽ തന്നെയാണ്. അത് അവിടെ കിടന്ന് വളരെ മോശം അവസ്ഥയിലായി. കുറേപ്പേരെ ജയിലിലേക്ക് അയച്ചു. ചെറുപ്പക്കാരെ ആദ്യം ബലമായി പിടിച്ചുകൊണ്ടുപോയി. പിന്നെ കേസ് രജിസ്റ്റർ ചെയ്ത് ജയിലിലടച്ചു. അതിനുശേഷം സമരം നടത്തുന്നത് ഖാലിസ്ഥാനികളാണെന്ന തരത്തിൽ പ്രചാരണം നടത്തി. ശക്തമായ പൊലീസ് സന്നാഹത്തിനിടയിലൂടെ ചില കർഷകർക്ക് ചെങ്കോട്ട വരെ എത്താൻ കഴിഞ്ഞുവെന്നത് വിശ്വസനീയമായിരുന്നില്ല. പൊലീസിന്റെയും സർക്കാറിന്റെയും സഹകരണമില്ലാതെ അങ്ങനെ പോകാൻ കഴിയില്ല. അതിനുശേഷം ഒരു ദിവസത്തേക്ക് സമരം ഒന്നു തളർന്നുവെന്നത് സത്യമാണ്. അടുത്ത ദിവസം ടികായത് ജീയുടെ കണ്ണുനീർ കണ്ട് വളരെയധികം പേർ ഇവിടേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു. വീണ്ടും സമരം കൂടുതൽ ശക്തമായി.

സർക്കാർ ഞങ്ങളുടെ ആവശ്യം എളുപ്പം അംഗീകരിക്കില്ലെന്ന് അതിനകം ഞങ്ങൾക്ക് മനസ്സിലായിരുന്നു. ആ സമയത്താണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യ്ക്ക് തോൽവിയുണ്ടായത്. പാർലമെന്റിലേക്കുള്ള പാത ഉത്തർപ്രദേശ് വഴിയാണെന്നാണല്ലോ. 2022-ൽ ഉത്തർപ്രദേശ് അടക്കം ആറ് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് വരാൻ പോകുന്നത്. ഉത്തർപ്രദേശിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തോൽപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങൾ തീരുമാനിച്ചു. മുസഫർനഗറിൽ വലിയൊരു റാലി നടത്തി. അവിടെ ഞങ്ങളുയർത്തിയ മുദ്രാവാക്യം, ‘നിങ്ങൾ ഭിന്നിപ്പിക്കുകയാണെങ്കിൽ ഞങ്ങൾ ഒരുമിപ്പിക്കു’മെന്നായിരുന്നു. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും കൊല്ലുകയും ചെയ്യുകയാണ് അവർ. അത് സൂചിപ്പിച്ചാണ് ഞങ്ങൾ ഈ മുദ്രാവാക്യം മുന്നോട്ടുവെച്ചത്. അവിടെ നടന്ന പാർലമെന്റിൽ മുന്നോട്ടുവെച്ച മുദ്രാവാക്യം, കോർപറേറ്റുകൾ രാജ്യം വിടണമെന്നും, മോദി ഭരണം ഒഴിയണമെന്നുമായിരുന്നു. ഇങ്ങനെ പുതിയ പുതിയ മുദ്രാവാക്യങ്ങളുണ്ടായി. വലിയ സംഖ്യയിൽ പലയിടങ്ങളിൽ നിന്നായി ആളുകൾ വന്നുകൊണ്ടിരുന്നു. ആളുകൾ പേടിച്ചില്ല. ചെറുപ്പക്കാർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നിട്ടും അവർ സമരത്തിനാവശ്യമായ സാധനങ്ങൾ എത്തിച്ചു. ഇക്കാര്യങ്ങളെല്ലാം സർക്കാരിനെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ടായിരുന്നു. ഇത്രയധികം സാധനങ്ങൾ സമരത്തിനായി എത്തുന്നത് പാകിസ്ഥാന്റെയും ചൈനയുടെയും സഹായത്താലാണെന്ന് അവർ പ്രചരിപ്പിച്ചു. പക്ഷേ അതൊന്നും വിലപ്പോയില്ല. ലംഗറുകളിൽ എല്ലാവർക്കുമായി ഭക്ഷണമൊരുക്കുന്ന സിഖ് മതത്തിന്റെ പ്രത്യേകത എല്ലാവർക്കും അറിയാമായിരുന്നു.

ഈ സമരം മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ മാത്രം തീരില്ലെന്നാണ്. അതിനപ്പുറവും ഒരുപാട് പ്രശ്നങ്ങളുണ്ട്, അതിനുവേണ്ടിയെല്ലാം സമരം ചെയ്യേണ്ടതുണ്ട്.

സമരം തുടർന്നുകൊണ്ടിരിക്കെ സർക്കാരിനുള്ളിൽ തന്നെ ചില വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാൻ തുടങ്ങി. മേഘാലയ ഗവർണറായ സത്യപാൽ മാലിക്കിനെപ്പോലെയുള്ളവർ പറഞ്ഞത് നിങ്ങൾ കണ്ടിട്ടുണ്ടാകും. കർഷകർ മൂന്നൂറുവർഷം കഴിഞ്ഞാലും ഇക്കാര്യം മറക്കില്ലെന്നും ഇന്ദിരാഗാന്ധിക്ക് നൽകേണ്ടിവന്ന വിലയെക്കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു. ഞാൻ മനസ്സിലാക്കുന്നത്, വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇതെല്ലാമെന്നാണ്. പിന്നെ ഒരു കാര്യം എവിടെ ചെന്നാലും മോദിക്ക് ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വന്നുവെന്നതാണ്. അമേരിക്കയിലെ ആദിമനിവാസികൾ, അവർക്ക് ഹിന്ദിയും പഞ്ചാബിയും അറിയില്ലെങ്കിലും, മോദിയെ തെറി വിളിക്കുകയായിരുന്നു, ‘കുത്താ മോദി’ എന്നുപറഞ്ഞ്. ഗ്ലാസ്ഗോയിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ, അവിടെ 60,000 പേർ ചേർന്നാണ് മോദിക്കെതിരെ പ്രതിഷേധിച്ചത്. ‘മോദി കള്ളനാണെന്നും കാലാവസ്ഥ കൂടുതൽ മോശമാക്കുന്നവരുടെ കൂട്ടത്തിൽപ്പെട്ടയാളാണെന്നും’ അവർ വിളിച്ചുപറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സർക്കാറിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ പ്രധാനപ്പെട്ട കാര്യം, ഉത്തർപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. കാരണം, അതിനിടയിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഹരിയാനയിലും മറ്റും ബി.ജെ.പി. തോറ്റു. ഉത്തർപ്രദേശിലും തോൽക്കുമെന്ന് അവർക്ക് തോന്നി. അവരുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ വേണ്ടിയാണ് നിയമം പിൻവലിക്കുമെന്ന് പറഞ്ഞത്.

എം.എസ്.പി. മുഴുവൻ രാജ്യത്തിന്റെയും പ്രശ്നമാണ്. പഞ്ചാബിലും ഹരിയാനയിലും ചില വിളകൾക്കെങ്കിലും എം.എസ്.പി. ഉണ്ട്. കേരളത്തിലും ഭാഗികമായി ഉണ്ട്. രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ അങ്ങനെയല്ല സ്ഥിതി.
എം.എസ്.പി. മുഴുവൻ രാജ്യത്തിന്റെയും പ്രശ്നമാണ്. പഞ്ചാബിലും ഹരിയാനയിലും ചില വിളകൾക്കെങ്കിലും എം.എസ്.പി. ഉണ്ട്. കേരളത്തിലും ഭാഗികമായി ഉണ്ട്. രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ അങ്ങനെയല്ല സ്ഥിതി.

നിയമം പിൻവലിക്കുമെന്ന് പറഞ്ഞ് മോദി നടത്തിയ പ്രസംഗത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ആ വാക്കുകൾ വിശ്വാസയോഗ്യമായിരുന്നില്ല. ഞങ്ങൾ കൊണ്ടുവന്ന നിയമം കർഷകർക്ക് ഗുണപ്രദമായിരുന്നു; എന്നാൽ ചില കർഷകരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു എന്നാണ് മോദി പറഞ്ഞത്. ക്യാബിനറ്റിലെ മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കാതെ, സിഖ് മതവിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. അതിനുമുന്നെ ബലപ്രയോഗത്തിലൂടെ സമരം ഇല്ലാതാക്കാനാണ് അവർ ശ്രമിച്ചത്. ലഖിംപുരിലെ സംഭവം ഇങ്ങനെയുണ്ടായതാണ്. വേണ്ടിവന്നാൽ കൊന്നുകളയുമെന്ന് പറഞ്ഞ് കർഷകരെ പേടിപ്പിക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ ഇതൊക്കെ അവർക്കുനേരെ തിരിച്ചടിക്കുകയാണുണ്ടായത്. ആളുകളുടെ ശ്രദ്ധതിരിക്കാൻ ബി.ജെ.പി. എന്തും ചെയ്യും. നിഹാംഗ് വിഭാഗത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലും ബി.ജെ.പി.യുടെ കൈകളുണ്ടെന്ന് പിന്നീട് തെളിഞ്ഞു. സമരം ചെയ്യുന്ന ജനങ്ങൾ ഒത്തൊരുമിച്ച് നിന്നാണ് ബി.ജെ.പി.യുടെ കളികളെ പ്രതിരോധിച്ചത്.

ലോകവാണിജ്യ സംഘടനയുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. അത് നമ്മുടെ മേൽ വളയെധികം നിബന്ധനകളാണ് കൊണ്ടുവരുന്നത്. അതിൽനിന്ന് പുറത്തുവരാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.

ഞങ്ങൾ ആദ്യം മുതൽ തന്നെ പറയുന്നത്, ഈ സമരം മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ മാത്രം തീരില്ലെന്നാണ്. അതിനപ്പുറവും ഒരുപാട് പ്രശ്നങ്ങളുണ്ട്, അതിനുവേണ്ടിയെല്ലാം സമരം ചെയ്യേണ്ടതുണ്ട്. പൊതുമേഖല സ്വകാര്യവ്യക്തികളുടെ കൈയിലാണ് ഇപ്പോൾ. വെള്ളം, കാട്, ഭൂമി എന്നിവയെല്ലാം വിറ്റുകൊണ്ടിരിക്കുകയാണ്. എഴുപതുകൊല്ലമായുള്ള രാജ്യത്തിന്റെ സമ്പാദ്യമെല്ലാം വിറ്റുകൊണ്ടിരിക്കുകയാണ്. അതെല്ലാം അദാനിയുടെയും അംബാനിയുടെയും കൈകളിലേയ്ക്കാണ് പോകുന്നത്. പഞ്ചാബിൽ നിന്ന് സമരം തുടങ്ങിയപ്പോൾ മൂന്ന് കർഷക നിയമങ്ങളും ഇലക്​ട്രിസിറ്റി ഭേദഗതി ബില്ലും സംബന്ധിച്ച പ്രശ്നമായിരുന്നു മുന്നോട്ടുവെച്ചത്. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ കൃഷി കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് മലിനീകരണത്തിന് കാരണമാകുന്നുവെന്നുപറഞ്ഞ് നിയമം കൊണ്ടുവന്നതും മറ്റൊരു പ്രശ്നമായിരുന്നു. ഇതിനോടെല്ലാമുള്ള എതിർപ്പിന്റെ കൂടെ മിനിമം താങ്ങുവില (എം.എസ്.പി) യുടെ വിഷയവും ഉയർന്നുവന്നു. എം.എസ്.പി. മുഴുവൻ രാജ്യത്തിന്റെയും പ്രശ്നമാണ്. പഞ്ചാബിലും ഹരിയാനയിലും ചില വിളകൾക്കെങ്കിലും എം.എസ്.പി. ഉണ്ട്. കേരളത്തിലും ഭാഗികമായി ഉണ്ട്. രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ അങ്ങനെയല്ല സ്ഥിതി. അതിനാൽ തന്നെ അത് വലിയ പ്രശ്നമാണ്. കേന്ദ്രസർക്കാർ ഇപ്പോൾ പറയുന്നത്, അതിനായി സമിതി രൂപീകരിക്കുമെന്നാണ്. എന്നാൽ കോടിക്കണക്കിന് രൂപ ഖജനാവിൽ നിന്ന് ചെലവഴിക്കേണ്ടിവരുമെന്ന് അവർ പരിതപിക്കുന്നു.

നിയമം ഇനി കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെങ്കിൽ ഇതിന്റെ പലമടങ്ങ് ശക്തിയിലായിരിക്കും കർഷകർ സമരരംഗത്തേക്ക് എത്തുക. പഞ്ചാബും ഹരിയാനയും യു.പി.യും മാത്രമായിരിക്കില്ല, മുഴുവൻ രാജ്യവും എത്തും. ഇതിനേക്കാൾ ശക്തമായ സമരമായിരിക്കും അത്. രാജ്യത്തെ വിൽക്കാൻ സമ്മതിക്കില്ല. സ്വകാര്യവത്കരണം തടയും. പുതിയ വിദ്യാഭ്യാസനയത്തെയും എതിർക്കും. ലോകവാണിജ്യ സംഘടനയുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. അത് നമ്മുടെ മേൽ വളയെധികം നിബന്ധനകളാണ് കൊണ്ടുവരുന്നത്. അതിൽനിന്ന് പുറത്തുവരാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഇത്തരം സമരങ്ങളെല്ലാം വരുംനാളുകളിൽ തുടരും.

പഞ്ചാബിൽ കർഷകരെന്ന പരിഗണന സ്ത്രീകൾക്ക് കിട്ടുന്നുണ്ടോ? നിയമപരമായി തന്നെ സ്ത്രീകളെ കർഷകരായി പരിഗണിക്കാനുള്ള ശ്രമങ്ങൾ അടുത്ത കാലത്ത് തന്നെ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?

സ്ത്രീകളെ കർഷകരായി പരിഗണിക്കാതിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം അവർക്ക് സ്വന്തമായി ഭൂമി ഉണ്ടാകാറില്ലെന്നതാണ്. മറ്റൊന്ന് സ്ത്രീകൾ നേരിട്ട് കൃഷി ചെയ്യുന്നില്ലെന്നതും. പക്ഷേ കൃഷി സംബന്ധിച്ച കൂടുതൽ ജോലികളും സ്ത്രീകൾ തന്നെയാണ് ചെയ്യുന്നത്. ഹരിയാനയിൽ കൃഷിഭൂമിയിലും സ്ത്രീകൾ ജോലി ചെയ്യാറുണ്ട്. പഞ്ചാബിൽ അത്രയ്ക്ക് ചെയ്യാറില്ല. ഈ സമരത്തിൽ സ്ത്രീകളെ കർഷകരായി തന്നെ പരിഗണിച്ചു. ജനുവരി 18-ന് ഇവിടെ കർഷകരായ സ്ത്രീകളുടെ ദിവസം ആചരിച്ചു, അതിൽ കുറേയധികം സ്ത്രീകൾ എത്തി. മാർച്ച് എട്ടിന് വനിതാ ദിനത്തിലും വളരെയധികം സ്ത്രീപങ്കാളിത്തമുണ്ടായി. ഡൽഹിയിലെ പെരിഫെറി റോഡിൽ നടന്ന ട്രാക്ടർ മാർച്ചിലും സ്ത്രീകൾ ഒറ്റയ്ക്ക് ട്രാക്ടർ ഓടിച്ചു. സ്ത്രീ- പുരുഷ ഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ ആളുകൾക്ക് പരിശീലനം കിട്ടി. ഗ്രാമത്തിലായിരുന്നപ്പോൾ ഒരു ഗ്ലാസ് സ്വന്തമായി എടുത്ത് വെള്ളം കുടിക്കാൻ അറിയാത്ത പുരുഷന്മാർ ഇവിടെ വന്ന് സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ തുടങ്ങി, സ്വന്തം വസ്ത്രങ്ങൾ കഴുകുന്നു, വൃത്തിയാക്കുന്നു, അടുക്കള വൃത്തിയാക്കുന്നു. സ്ത്രീകൾ പാടത്തെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും പുരുഷന്മാർ അടുക്കളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. വലിയൊരു മാറ്റത്തിന്റെ തുടക്കമാണിത്. പെട്ടെന്ന് മാറില്ലെങ്കിലും ഇതൊരു തുടക്കമാണ്. സ്ത്രീകൾക്ക് പോരാടാൻ കഴിയുമെന്ന്, അവർക്ക് ശക്തിയുണ്ടെന്ന് പുരുഷന്മാർക്കും മനസ്സിലായി. സ്ത്രീകളില്ലെങ്കിൽ ഈ സമരം ഇത്ര വേഗത്തിൽ ജയിക്കാൻ കഴിയില്ലെന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്.

തങ്ങളെ സമരപ്പന്തലിലേക്ക് വിരൽ പിടിച്ചു കൊണ്ടുവന്നതല്ലെന്നും സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വന്നതെന്നുമാണ് ജഡ്ജിയുടെ വാക്കുകളോട് പ്രതികരിച്ച്​ അവർ പറഞ്ഞത്.
തങ്ങളെ സമരപ്പന്തലിലേക്ക് വിരൽ പിടിച്ചു കൊണ്ടുവന്നതല്ലെന്നും സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വന്നതെന്നുമാണ് ജഡ്ജിയുടെ വാക്കുകളോട് പ്രതികരിച്ച്​ അവർ പറഞ്ഞത്.

ജനുവരിയിൽ സുപ്രീംകോടതി ജഡ്ജി പറഞ്ഞത് എല്ലാവരും ഓർക്കുന്നുണ്ടാവും, സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും തിരികെ അയക്കണമെന്ന് പറഞ്ഞത്. അതിന് കൃത്യമായ മറുപടിയാണ് സ്ത്രീകൾ നൽകിയത്. അവർ കൂടുതൽ എണ്ണത്തിൽ സമരപ്പന്തലിലേക്ക് എത്തിച്ചേർന്നു. തങ്ങളെ സമരപ്പന്തലിലേക്ക് വിരൽ പിടിച്ചു കൊണ്ടുവന്നതല്ലെന്നും സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വന്നതെന്നുമാണ് ജഡ്ജിയുടെ വാക്കുകളോട് പ്രതികരിച്ച്​ അവർ പറഞ്ഞത്. യുവാക്കളെക്കുറിച്ച് പൊതുവിൽ പറയുന്നത്, അവരൊന്നും ചെയ്യുന്നില്ലെന്നാണ്. എന്നാൽ സമരത്തിന് വലിയ സംഖ്യയിൽ യുവാക്കളെത്തി. അവർ സമരത്തിന്റെ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.

ഏതെങ്കിലും പെൺകുട്ടി അച്ഛന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ചാൽ അവരെ ആ സമൂഹം മുഴുവനും മോശം കണ്ണോടെയാണ് കാണുക. അങ്ങനെയുള്ള പെൺകുട്ടികളുമായുള്ള ബന്ധം സഹോദരൻ വേണ്ടെന്നുവെക്കും.

സ്ത്രീകളെയും കർഷകരായി പരിഗണിക്കുക എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. സ്ത്രീകളുടെ വീട്ടുജോലികളും ഒരു കണക്കിലും വരുന്നില്ല എന്നതുപോലെ തന്നെയാണ് ഇത്. 1995ൽ ബെയ്ജിങ്ങിൽ സ്ത്രീകളുടെ കോൺഫറൻസ് നടന്നിരുന്നു. അവിടെ ഉയർന്ന ചോദ്യമാണ്, വീട്ടുജോലി അംഗീകരിക്കപ്പെടുമോ എന്നത്. ഇത് ഇന്ത്യയുടെ മാത്രമല്ല, മുഴുവൻ ലോകത്തിന്റെയും മുന്നിലുള്ള പ്രശ്നമാണ്. സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള വീട്ടുജോലികൾ വളരെ വലുതാണ്. അതുപോലെ, കൃഷി ചെയ്യുന്ന ഏതൊരു കുടുംബത്തിലെയും സ്ത്രീകൾ വളരെയധികം ജോലി ചെയ്യുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് സ്വന്തമായി ഭൂമിയില്ല. ട്രാക്ടറിൽ കയറിയുള്ള ജോലികളും അവർ ചെയ്യാറില്ല. അച്ഛന്റെ സ്വത്തിൽ മകൾക്കും മകനും തുല്യ അവകാശമാണെന്ന നിയമം മുമ്പുതന്നെയുണ്ട്. എന്നാൽ സമൂഹം അതിനെ അംഗീകരിക്കുന്നില്ല. അഥവാ ഏതെങ്കിലും പെൺകുട്ടി അച്ഛന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ചാൽ അവരെ ആ സമൂഹം മുഴുവനും മോശം കണ്ണോടെയാണ് കാണുക. അങ്ങനെയുള്ള പെൺകുട്ടികളുമായുള്ള ബന്ധം സഹോദരൻ വേണ്ടെന്നുവെക്കും. ബന്ധങ്ങൾ തകരുന്ന ഒരുപാട് അവസ്ഥകൾ പഞ്ചാബിലുണ്ടായിട്ടുണ്ട്. അച്ഛൻ മരിച്ചശേഷം സഹോദരൻ സഹോദരിയ്ക്ക് ഭൂമി നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് കോടതിയിൽ ഒരുപാട് തർക്കം നടക്കുന്നുണ്ട്. മുതലാളിത്തം എല്ലാ മനുഷ്യരിലും ആർത്തി കൊണ്ടുവന്നിരിക്കുകയാണ്. ഇനി വരാൻ പോകുന്ന പോരാട്ടങ്ങൾ വളരെ ദീർഘകാലം നീണ്ടുനിൽക്കുന്ന ഒന്നായിരിക്കും.

എന്റെ ഒരു സുഹൃത്ത്, മഹിളാ ഫെഡറേഷന്റെ നേതാവ് ഇവിടെ വന്നിരുന്നു. ഞാൻ അന്ന് മുന്നോട്ടുവെച്ച ഒരു കാര്യം പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും ജനുവരി 18-ന് വനിതാ കർഷകരുടെ ദിവസമായി ആഘോഷിക്കുകയും ആ ദിവസത്തെ അങ്ങനെ അംഗീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും വേണമെന്നാണ്. അന്താരാഷ്ട്ര വനിതാ ദിനത്തെ 1995-ലാണ് ഇന്ത്യൻ സർക്കാർ അംഗീകരിച്ചത്. അതുപോലെ, ഇതും ഞങ്ങൾ ആവശ്യപ്പെടും. അന്ന് പഞ്ചാബിൽ വിവിധ ഇടങ്ങളിൽ പരിപാടികൾ നടത്താനാണ് ഞങ്ങൾ ആലോചിക്കുന്നത്. ഇത് സ്ത്രീകളെ കർഷകരായി പരിഗണിക്കാനുള്ള പോരാട്ടത്തിന്റെ ആദ്യപടികളാണ്.

മുമ്പ് അവിടെയുള്ള സ്ത്രീകൾ പുറത്തേയ്ക്ക് പോകുമായിരുന്നില്ല, എന്നാൽ ഈ സമരം തുടങ്ങിയശേഷം, നിങ്ങൾ വിട്ടില്ലെങ്കിൽ ഞങ്ങൾ പോകുമെന്നും ഇത് ഞങ്ങളുടെ സമരമാണെന്നും പറഞ്ഞ് വീടിനകത്ത് സ്ത്രീകൾ വഴക്കിടാൻ തുടങ്ങി.

ഈ സമരം കാരണം സ്ത്രീകളിലുണ്ടായ അവബോധവും ഐക്യവും നിലനിർത്തുന്നതിനായി ഭാവിയിൽ എന്തൊക്കെ പരിപാടികളാണ് സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്നത്?

പഞ്ചാബിൽ കർഷകർ ആത്മഹത്യ ചെയ്യുന്ന പ്രശ്നം വളരെയധികമുണ്ട്. അക്കാര്യത്തിൽ സ്ത്രീകൾക്ക് സഹായകമാകുന്ന തരത്തിൽ സർക്കാർ സഹായങ്ങൾ കിട്ടാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാനും, വായ്പ എഴുതിത്തള്ളാനും മറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക പീഡനത്തിനെതിരെയും സ്ത്രീധനമടക്കമുള്ള സ്ത്രീകളുടെ മറ്റ് പ്രശ്നങ്ങളിലും സ്ത്രീ സംഘടനകൾ ഇടപെടുന്നുണ്ട്. മുമ്പ് അവിടെയുള്ള സ്ത്രീകൾ പുറത്തേയ്ക്ക് പോകുമായിരുന്നില്ല, എന്നാൽ ഈ സമരം തുടങ്ങിയശേഷം, നിങ്ങൾ വിട്ടില്ലെങ്കിൽ ഞങ്ങൾ പോകുമെന്നും ഇത് ഞങ്ങളുടെ സമരമാണെന്നും പറഞ്ഞ് വീടിനകത്ത് സ്ത്രീകൾ വഴക്കിടാൻ തുടങ്ങി. പല സ്ഥലങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉള്ളിൽ അവബോധം ഉണ്ടായിക്കഴിഞ്ഞു, പ്രസക്തമായ വിഷയങ്ങളിൽ അവർക്കുവേണ്ടി നിൽക്കേണ്ടത് പ്രധാനമാണെന്ന് അവർ തിരിച്ചറിഞ്ഞു. ഇനിയുള്ള കാലങ്ങളിൽ സ്ത്രീ സംഘടനകളിലാണെങ്കിലും കർഷക സംഘടനകളിലാണെങ്കിലും സ്ത്രീപങ്കാളിത്തം വളരെയധികം കൂടുമെന്നാണ് എനിക്ക് തോന്നുന്നത്. നേതൃത്വത്തിലേക്കും അവരെത്തും. ഞാൻ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്, പ്രത്യേകിച്ച് ഹരിയാനയിൽ. ഹരിയാനയിലെ സ്ത്രീകൾ കൂടുതൽ ധൈര്യവതികളാണ്. അവിടെ നിന്ന് ഉറപ്പായും കുറേ സ്ത്രീ നേതാക്കൾ ഉയർന്നുവരും. അവർ രാഷ്ട്രീയകാര്യങ്ങളിൽ അറിവുള്ളവരായിരിക്കും, രാഷ്ട്രീയ പാർട്ടികളിലേക്കും കടന്നുവരും. 50 ശതമാനം സംവരണമെന്ന സ്വപ്നവും ചിലപ്പോൾ സഫലമായെന്നുവരാം. മുഴുവൻ രാജ്യത്തിന്റെയും ചിത്രം മാറും, കാരണം ഈ സമരം രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ പുതിയൊരു ഉണർവ് കൊണ്ടുവന്നില്ലേ.

കർഷകരുടെ ട്രാക്ടർ റാലി, കുണ്ഡ്‌ലി പാൽവൽ റിങ് റോഡിൽ അണിനിരന്നപ്പോൾ / Photo: All India Kisan sabha
കർഷകരുടെ ട്രാക്ടർ റാലി, കുണ്ഡ്‌ലി പാൽവൽ റിങ് റോഡിൽ അണിനിരന്നപ്പോൾ / Photo: All India Kisan sabha

പിന്നെയും നിയമം കൊണ്ടുവരുമെന്ന് ബി.ജെ.പി.യിലെ ചിലർ പറയുന്നത് പോലെയല്ല കാര്യങ്ങൾ. പക്ഷേ അവർക്കതിനുള്ള ധൈര്യമുണ്ടാകില്ല, അത് വളരെ ബുദ്ധിമുട്ടായിരിക്കും. മറ്റേതെങ്കിലും രൂപത്തിലേക്ക് മാറ്റി നടപ്പിലാക്കാൻ ശ്രമിച്ചേക്കാം, സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുത്തുകൊണ്ടോ മറ്റോ. പക്ഷേ അവർക്കത് നടപ്പിലാക്കാൻ കഴിയില്ല. കർഷക നിയമവുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാനത്തിന്റെ വിഷയമാണ്. എന്നാൽ സർക്കാർ ഫെഡറലിസത്തെ ഇല്ലാതാക്കി എല്ലാം കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. ഇതുമൊരു വിഷയമാണ്, അതിന്റെ വശത്തുനിന്നും പോരാടേണ്ടി വരും. കശ്മീരിലെ പ്രശ്നവും ഇത്തരത്തിലുള്ളതാണ്. ആർട്ടിക്കിൾ 370 പ്രകാരം കശ്മീരിനുള്ള പ്രത്യേക അധികാരം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. ഇവിടെ കശ്മീരിലെ ആളുകളും വന്നിരുന്നു, അവരുടെ പ്രശ്നങ്ങൾ ഗുരുതരമാണെന്നാണ് അവർ പറഞ്ഞത്. അവർ സമരത്തിന്റെ കൂടെയുണ്ടെന്നും സമരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും പറഞ്ഞു. ജനുവരി 26-നുശേഷം ഇവിടെ രണ്ട് ദിവസം ഇന്റർനെറ്റ് തടസ്സപ്പെടുത്തിയിരുന്നു. കശ്മീരിൽ വർഷങ്ങളായി ഇന്റർനെറ്റ് തടസ്സപ്പെടുത്തിയിരിക്കുകയാണ്. അവർ വീടുകളിൽ ബന്ദികളായി കഴിയുകയാണ്, അവരുടെ കുട്ടികളെ ദൂരെയുള്ള സ്ഥലങ്ങളിലെ ജയിലുകളിലേക്ക് അയച്ചിരിക്കുകയാണ്. അവരുടെ അവസ്ഥയെന്താണെന്ന് ആലോചിച്ചുനോക്കൂ. ഇന്നും കശ്മീരിലുള്ളവരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്, പഞ്ചാബിലടക്കം. റാഞ്ചിയിൽ കശ്മീരികൾക്ക് നേരെ കൊലപാതകവും അതിക്രമങ്ങളും നടക്കുന്നുണ്ട്. അതിനുകാരണം അവർ മുസ്​ലിം മതവിശ്വാസികളാണ് എന്നതാണ്. ഇനിയുള്ള ദിവസങ്ങളിൽ ഇത്തരം വിഷയങ്ങളിലെല്ലാം ഞങ്ങൾ ഇടപെടും.

വിദ്യാഭ്യാസം നേടിയ സ്ത്രീകൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്, എന്നാൽ വിദ്യാഭ്യാസമില്ലാത്തവർക്കും ഭക്ഷണവും ഭൂമിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലായിട്ടുണ്ട്.

രാജ്യത്തെ കോർപറേറ്റ് രാജ് കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ച് പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച പ്രശ്നങ്ങൾ, ഏറ്റവും കൂടുതൽ ബാധിക്കുന്നത് അതത് സമുദായങ്ങളിലെ സ്ത്രീകളാണ്. ഇന്ന് രാജ്യത്ത് നടക്കുന്ന നിരവധി ജനകീയ സമരങ്ങൾ കോർപറേറ്റുകൾക്കെതിരെയാണ്. സ്ത്രീപങ്കാളിത്തംകൊണ്ട് ഇവയെല്ലാം ശ്രദ്ധേയമാകുന്നുണ്ട്. എന്ത് തോന്നുന്നു ജനകീയ സമരങ്ങളുടെ ഭാവിയെപ്പറ്റി?

ഞാൻ 2021 നവംബർ 28-ന് മുംബൈയിലായിരുന്നു. ആസാദ് മൈതാനത്ത് ഇരുപതിനായിരത്തിലധികം ആളുകൾ ചേർന്ന റാലി നടന്നു. അവിടെ ഏറെ സ്ത്രീകൾ എത്തിയിരുന്നു, അതിൽ കൂടുതൽലും ആദിവാസി സ്ത്രീകളായിരുന്നു. ആദിവാസികൾക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. അവർ കാടിനുള്ളിലെ ഭൂമിയിൽ കൃഷി ചെയ്യുന്നവരാണ്. എന്നാൽ അവരുടെ പേരിൽ ഭൂമിയില്ല. പണ്ട് പഞ്ചാബിലും അങ്ങനെയായിരുന്നു. കൃഷി ചെയ്യുന്ന ഭൂമിയെല്ലാം രാജ്യത്തിന്റെയോ ഭൂജന്മിയുടെതോ ആയിരുന്നു. അതിനെതിരെ നടന്ന സമരങ്ങളുടെ ഫലമായി സർക്കാർ ആളുകൾക്ക് ഭൂമിക്കുമേലുള്ള അവകാശം നൽകുകയാണ് ചെയ്തത്. പഞ്ചാബിൽ നടന്നതുപോലെ ആദിവാസികളും സമരങ്ങൾ ചെയ്യേണ്ടിവരും. ഭൂമിക്കായി സമരം തുടങ്ങണമെന്ന് അവരോട് അഭ്യർഥിച്ചശേഷമാണ് ഞാൻ ഇവിടേയ്ക്ക് തിരിച്ചുവന്നത്. എല്ലാ സ്ഥലങ്ങളിലും സ്ത്രീകൾ കരഞ്ഞുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം നേടിയ സ്ത്രീകൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്, എന്നാൽ വിദ്യാഭ്യാസമില്ലാത്തവർക്കും ഭക്ഷണവും ഭൂമിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലായിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഇനി വരുന്ന കാലങ്ങളിലുള്ള സമരങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഇനിയും കൂടിക്കൊണ്ടിരിക്കുമെന്നതിൽ സംശയമില്ല.

നിലവിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാകുകയാണല്ലോ, ഭൂഗർഭ ജലം സംബന്ധിച്ചതും, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെയൊക്കെയാണ് കർഷകരെയും കൃഷിയെയും ബാധിക്കുന്നത്? ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തിയിരുന്നോ?

പാരിസ്ഥിതികമായ മാറ്റങ്ങൾക്ക് കാരണക്കാർ ലോകത്ത് എല്ലായിത്തുമുള്ള കോർപറേറ്റുകളാണ്. പഞ്ചാബും ഹരിയാനയും നെൽ കൃഷി നടത്തിയിരുന്ന പ്രദേശങ്ങളായിരുന്നില്ല. കാരണം എവിടെയാണോ കൂടുതൽ മഴ കിട്ടുന്നത് അവിടെയാണ് നെൽകൃഷി ചെയ്യുന്നത്. എന്നാൽ ഹരിതവിപ്ലവത്തിനുശേഷം അവിടെ നെൽകൃഷി ചെയ്യുന്ന രീതി തുടങ്ങി. സർക്കാർ പറഞ്ഞതുനസരിച്ച് കർഷകർ നെൽകൃഷി നടത്താൻ തുടങ്ങി. അതിന് എം.എസ്.പി.യും കിട്ടും. അതിന് എത്ര അളവിൽ വെള്ളം വേണമോ അതിനുള്ള സംവിധാനങ്ങൾ, ട്യൂബ് കിണറുകളും മോട്ടോറുകളും സജ്ജീകരിക്കാൻ സർക്കാർ സഹായിച്ചു, നാല് ഏക്കറിനിടയിൽ ഒരു ട്യൂബ്ല് വെൽ എന്ന തരത്തിൽ. മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം എടുത്തുകൊണ്ടിരുന്നപ്പോൾ ഭൂമിയുടെ ഉള്ളിലെ വെള്ളം വറ്റിക്കൊണ്ടിരുന്നു. ഒരു സർവകലാശാലയിലെ സെമിനാറിൽ പങ്കെടുത്തപ്പോഴാണ് ഭൂഗർഭജലത്തിന്റെ നിലവിലെ അപകടാവസ്ഥയെക്കുറിച്ച് എനിക്ക് മനസ്സിലാകുന്നത്.

ഹരിതവിപ്ലവത്തിലൂടെ വിളവ് വളയെധികം കൂടി, എന്നാൽ കർഷകരുടെ സാമ്പത്തികാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. കൃഷി കൂടുതൽ ചെലവേറിയതായി മാറി. / Photo: K. Sajimon
ഹരിതവിപ്ലവത്തിലൂടെ വിളവ് വളയെധികം കൂടി, എന്നാൽ കർഷകരുടെ സാമ്പത്തികാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. കൃഷി കൂടുതൽ ചെലവേറിയതായി മാറി. / Photo: K. Sajimon

ഭൂമിയുടെ ഉപരിതലത്തിനടിയിൽ വെള്ളം ശേഖരിച്ചുവെച്ചിരിക്കുന്ന ഒരു അറയുണ്ടെന്നും മനുഷ്യർ മോട്ടോറുകൾ വെച്ച് വലിയ അളവിൽ വലിച്ചെടുത്തതുകാരണം അതെല്ലാം വറ്റിയിരിക്കുകയാണെന്നും ഒരു ഭൗമശാസ്ത്രജ്ഞൻ വിശദീകരിച്ചുതന്നു. ഇപ്പോൾ അവിടം ശൂന്യമാണ്. ഏത് സമയവും ഭൂമിയുടെ ഉപരിതലം താഴ്ന്നുപോകാമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീടൊരിക്കൽ, ദുബൈയിൽ എണ്ണക്കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരാളെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്, അവിടെ എണ്ണ എടുത്തതിനുശേഷം മണൽ അടങ്ങുന്ന ഒരു മിശ്രിതം ഭൂമിയ്ക്കടിയിൽ നിറയ്ക്കുമെന്നാണ്. ഇവിടെ പക്ഷേ അത്തരത്തിലൊന്നും നടക്കുന്നില്ല. ലക്ഷക്കണക്കിന് കോടി വർഷങ്ങളെടുത്ത് ശേഖരിക്കപ്പെട്ട വെള്ളമെല്ലാം തീർന്നെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. മഴവെള്ളത്തെ തടഞ്ഞുനിർത്തി ഭൂമിയ്ക്കടിയിലേക്ക് റീച്ചാർജ് ചെയ്യാനുള്ള ശ്രമം സർക്കാറിന്റെ ആലോചനയിലുണ്ട്. മുമ്പ് നിലവിലെ ജലസ്രോതസ്സുകളിൽ നിന്ന് വെള്ളം ഊർന്നിറങ്ങുമായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഭൂമിയ്ക്കടിയിലേക്ക് വെള്ളം പോകാതിരിക്കാനുള്ള സജ്ജീകരണങ്ങളാണ് നമ്മൾ ഇതുവരെ നടത്തിയത്.

ഇന്ന് പഞ്ചാബിലെ കുഞ്ഞ് നഗരങ്ങളിലും ഐ.വി.എഫ്. സെന്ററുകളുണ്ട്, ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ചികിത്സക്കുവേണ്ടിയാണ് അവ. സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദനശേഷി കുറഞ്ഞുകൊണ്ടിരിക്കുന്നു.

ഇത്തരത്തിലുള്ള മാറ്റങ്ങൾ, പ്രശ്നങ്ങൾ സംബന്ധിച്ച് ഗ്രാമങ്ങളിലുള്ള സ്ത്രീകളുമായി ചർച്ച നടന്നിരുന്നോ? ഹരിതവിപ്ലവത്തിന്റെ ഫലം സ്ത്രീകളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടോ?

കുറച്ചൊക്കെ ചർച്ച നടന്നിരുന്നു. എന്നാൽ ഞങ്ങളുടെ ശ്രദ്ധ കർഷക നിയമങ്ങളുടെ മുകളിൽ മാത്രമായിരുന്നു. സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങളും മറ്റ് പ്രശ്നങ്ങളും മുന്നോട്ടുള്ള സമരത്തിലുണ്ടാകും. ഹരിതവിപ്ലവം നല്ല ഫലങ്ങളല്ല ഞങ്ങളുടെ ജീവിതത്തിലുണ്ടാക്കിയിട്ടുള്ളത്. കാരണം ഹരിതവിപ്ലവം ഞങ്ങൾക്ക് കുറേയധികം കീടനാശിനികളെയാണ്​ തന്നത്. ഇന്ന് ആ കീടനാശിനികളിലും വളങ്ങളിലും ഞങ്ങളുടെ ഭൂമി അതില്ലാതെ കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയായി. മനുഷ്യർ കള്ളുകുടിച്ചാൽ അതിന് അടിമയാകുന്നതുപോലെ, ഞങ്ങളുടെ ഭൂമി ഇതിന് അടിമയായിക്കഴിഞ്ഞു. കീടനാശിനികൾ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചാൽ വിളവ് മുഴുവൻ കീടങ്ങൾ നശിപ്പിക്കും. കീടനാശിനികളും വളങ്ങളും കാരണം ഞങ്ങൾക്കിടയിൽ രോഗങ്ങൾ കൂടി. ഇന്ന് പഞ്ചാബിലെ കുഞ്ഞ് നഗരങ്ങളിലും ഐ.വി.എഫ്. സെന്ററുകളുണ്ട്, ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ചികിത്സക്കുവേണ്ടിയാണ് അവ. സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദനശേഷി കുറഞ്ഞുകൊണ്ടിരിക്കുന്നു. പഞ്ചാബിലെ ബടിൻഡായിൽ നിന്ന് ബിക്കാനിറിലേക്ക് പോകുന്ന ഒരു ട്രെയിനുണ്ട്, അതിനെ കാൻസർ ട്രെയിൻ എന്നാണ് വിളിക്കുന്നത്. കാരണം ബിക്കാനിറിൽ കാൻസർ ചികിത്സക്ക്​ ഒരു സർക്കാർ ആശുപത്രിയുണ്ട്. കുറേ കാൻസർ രോഗികൾ ആ ട്രെയിനിൽ പോകുന്നത് കാരണമാണ് അതിനെ കാൻസർ ട്രെയിനെന്ന് വിളിക്കുന്നത്. കാൻസർ അടക്കമുള്ള രോഗങ്ങൾ പഞ്ചാബിൽ വളരെയധികമാണ്.

കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് മണ്ണ് നാശമായി. അങ്ങനെ ഞങ്ങളുടെ വെള്ളവും മോശമായി. ഇതൊക്കെ ഹരിതവിപ്ലവത്തിന്റെ മോശം വശങ്ങളാണ്. ഹരിതവിപ്ലവത്തിലൂടെ വിളവ് വളയെധികം കൂടി, എന്നാൽ കർഷകരുടെ സാമ്പത്തികാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. കൃഷി കൂടുതൽ ചെലവേറിയതായി മാറി. വില കൂടിയ കീടനാശിനികൾ തളിക്കണം. മുമ്പ്​അങ്ങനെയല്ല, യൂറിയ പോലുള്ള വളങ്ങൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അന്ന് വിളകൾക്കിടയിൽ വൈവിധ്യവും ഉണ്ടായിരുന്നു. നിലവിൽ സ്വന്തം ആവശ്യങ്ങൾക്ക് പോലുമുള്ള പച്ചക്കറികളോ നെല്ലോ ഗോതമ്പോ കർഷകർ കീടനാശിനിയോ രാസവളമോ ഇല്ലാതെ കൃഷി ചെയ്യുന്നില്ല. ഇതൊക്കെ കാരണം പഞ്ചാബിൽ വായ്പയ്ക്ക് പണം വാങ്ങുന്ന പ്രവണത കൂടിവന്നിട്ടുണ്ട്. ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ കർഷകരും തൊഴിലാളികളും ആത്മഹത്യ ചെയ്യുന്ന സംഭവവും കൂടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളുടെയും പരിഹാരത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യമാണ് കർഷക സംഘടനകളുടെ മുന്നിലുള്ളത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


നീതു ദാസ്​

ജേണലിസ്റ്റ്, സമകാലീന വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു, പ്ലാച്ചിമട ജനകീയ സമരത്തെക്കുറിച്ച് ഫെല്ലോഷിപ്പ് പഠനം നടത്തുന്നു.

ജസ്​ബീർ കൗർ നഥ്‌

സി.പി.ഐ.എം.എൽ. ലിബറേഷൻ ഗ്രൂപ്പിന്റെ കർഷക സംഘടനയായ ഓൾ ഇന്ത്യാ കിസാൻ മഹാസഭയുടെ പഞ്ചാബ്​ സംസ്ഥാന സമിതി അംഗം. ലിബറേഷൻ ഗ്രൂപ്പിന്റെ സ്ത്രീസംഘടനയായ ഓൾ ഇന്ത്യാ പ്രോഗ്രസീവ് വുമൺസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് മെമ്പർ. കർഷക സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നു.

Comments