ലോകത്തിലെ എല്ലാ മേഖലകളിലും സ്ത്രീപുരുഷ സമത്വം നടപ്പായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. കുടുംബത്തിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവളാണ് സ്ത്രീ എന്ന ആഖ്യാനം മാറിക്കഴിഞ്ഞു. എങ്കിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഒരു സ്ഥാപനം തുടങ്ങുന്നതിനും നടത്തിക്കൊണ്ടുപോവുന്നതിനും ഒരുപാട് വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്. നിശ്ചയദാർഢ്യം, ആത്മധൈര്യം ഇവയാണ് ഒരു സ്ത്രീയെ അവളുടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ പ്രാപ്തയാക്കുന്നത്.
‘Aim at The Sky, At least You Will Reach Top of The Tree’ എന്ന പഴമൊഴിപോലെ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആകാശത്തോളം ലക്ഷ്യമിടേതുണ്ട്. വെല്ലുവിളികളും പരിഹാരങ്ങളും ആധികാരികമായി ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോവുന്നതിലെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ഒരു വലിയ ഘടകമാണ്. പല ഓഫീസുകളിലും സ്ത്രീയെ രണ്ടാംതരമായി കണക്കാക്കി അവരുടെ അറിവില്ലായ്മയെ സാമ്പത്തികമായും മറ്റു പല വിധത്തിലും ചൂഷണം ചെയ്യുന്ന അധികാരികളാണ് ഏറെ. അതിലേറെ അവർ കൈകാര്യം ചെയ്യുന്ന വകുപ്പിനു കീഴിലുള്ള നിയമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയോ അറിവോ ഇല്ലാതെ അതിനെകുറിച്ച് പഠിക്കാൻ പോലും ശ്രമിക്കാതെ, സ്വാധീനം കൊണ്ടും മറ്റു പല കാര്യങ്ങൾ കൊണ്ടും അധികാരസ്ഥാനത്തിലേറുന്നവർ ഒരു പാടുണ്ട്. നമുക്ക് അത്തരം നിയമങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലും അത്തരം അധികാരികൾ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും വളരെയേറെ സാധാരണമാണ്. (നല്ല രീതിയിൽ മാർഗ്ഗനിർദ്ദേശം നൽകുന്നവരോട് മാപ്പ്).
ഏതൊരു സംരംഭം തുടങ്ങുമ്പോളും അതിനെ കുറിച്ച് കൃത്യമായി പഠിച്ച ശേഷം തുടങ്ങുക. പിന്നെ, തുടക്കത്തിൽ തന്നെ വലിയ കാൽ വെപ്പുകൾ എടുത്തുവെക്കാതെ ചെറിയ രീതിയിൽ തുടങ്ങി അതിനെ സാവധാനം വളർത്തിക്കൊണ്ടുവരുക. ആ രംഗത്ത് വിജയം വരിച്ച നമ്മുടെ മുൻഗാമികളിൽനിന്ന്, ലിംഗഭേദമേന്യ, പ്രായഭേദമേന്യ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നതും ഒരു പരിധിവരെ ഗുണം ചെയ്യും.

ഒരു സംരഭം തുടങ്ങുന്നതിനുള്ള ആത്മധൈര്യവും ആത്മവിശ്വാസവും ഇല്ലായ്മ വേറൊരു ഘടകമാണ്. അവരവരുടെ കഴിവുകളിൽ വിശ്വസി ക്കുക. പരാജയത്തിൽ നിന്നും വിജയത്തിലേക്ക് കുതിച്ച ഒരുപാട് മഹദ് വ്യക്തികളെ നമുക്കറിയാം. സ്റ്റീവ് ജോബ്സ്, ജെ.കെ. റൗളിംഗ്, വാൾട്ട് ഡിസ്നി, മാഡം ക്യൂറി, ആനി ബസൻ്റ്, തോമസ് ആൽവാ എഡിസൺ, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയവർ അതിനുദാഹരണങ്ങളാണ്. പരാജയങ്ങളിൽ പതറാതെയുള്ള കാൽവെപ്പുകളും, ആത്മവിശ്വാസവും സ്ഥിരോൽസാഹവും സർവ്വോപരി കഠിനപ്രയത്നവുമാണ് അവരെ വിജയങ്ങളിലേക്കെത്തിച്ചത്. അതുകൊണ്ടുതന്നെ അവരവരുടെ കഴിവുകളിൽ വിശ്വസിക്കുക. പരാജയങ്ങളും, മറ്റുള്ളവരുടെ നിരുൽസാഹപ്പെടുത്തലുകളും വെല്ലുവിളികളായി നേരിട്ട് അവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വിജയത്തിന്റെ പടികൾ ചവിട്ടിക്കയറുക. മാത്രമല്ല സ്വയം സംരംഭകരായ പല സ്ത്രീകളുടേയും- ഉദാഹരണത്തിന് മലബാർ ഹോസ്പിറ്റലിന്റെ സ്ഥാപകയായ മൺമറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ട ഡോ. ലളിത, ശീമാട്ടിയിലെ ബീനാ കണ്ണൻ- വിജയ ഗാഥകൾ പ്രചോദനമായി ഉൾക്കൊള്ളുക.
ഔദ്യോഗിക കർത്തവ്യങ്ങളും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും സന്തുലനം ചെയ്തുകൊണ്ടുപോവുക എന്നതാണ് വേറൊരു ഹിമാല യൻ വെല്ലുവിളി. സ്ത്രീസമത്വമൊക്കെ നമ്മൾ പ്രസംഗിക്കുമെങ്കിലും പ്രവൃത്തിയിൽ അതു കാണാറില്ല. പുരുഷനെ സംബന്ധിച്ച് അവന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രമാണ് അവന്റെ ഉത്തരവാദിത്വം. സ്ത്രീ ഔദ്യോഗിക ഉത്തരവാദിത്ത്വങ്ങൾ വളരെയേറെയുള്ള ഒരു സംരംഭകയാണെങ്കിലും കുടുംബത്തിലെ കൃത്യനിർവ്വഹണങ്ങളും ഭാര്യ, അമ്മ, മകൾ, മരുമകൾ എന്ന നിലകളിൽ അവൾ പൂർണ്ണമായും ഉത്തരവാദിത്തം ഏറ്റെടുത്തു നടത്തണമെന്ന ചിന്താഗതിയാണ് മിക്ക പുരുഷൻമാർക്കുമുള്ളത്. ‘പൂമുഖവാതിലിൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ’ ആകണം ഭാര്യയെന്നാണ് മിക്കവരുടേയും അഭിമതം. അതുകൊണ്ടുതന്നെ അതിൽ അല്പം വ്യത്യാസം വരുമ്പോൾ അത് കുടുംബവഴക്കായി കലാശിക്കും. ഇരുപതാം നൂറ്റാണ്ടിലെ തലമുറകളിൽ ഈ കീഴ് വഴക്കങ്ങൾ ഇപ്പോളും നിലനിൽക്കുന്നുണ്ടെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തലമുറ ഭാര്യയ്ക്കും കരുതൽ കൊടുക്കുന്നുണ്ട് എന്നത് വളരെ അഭിനന്ദനീയമാണ്. തന്നെക്കാളേറെ സമയം ജോലി ചെയ്ത് ക്ഷീണിച്ചുവരുന്ന ഭാര്യയോട് ‘ഞാൻ വന്നിട്ട് ഇത്ര നേരമായി, ഒരു കപ്പ് ചായ തരാൻ ആരുമില്ല‘ എന്നു പറയുന്നതിനു പകരം രണ്ടു കപ്പ് ചായ വെച്ച് അതിൽ ഒരു കപ്പ് അവൾക്കായി സ്നേഹത്തോടെ മാറ്റിവെക്കുന്നതിലേക്ക്, വീട്ടുജോലികളിലും വീട്ടിലെ മറ്റുത്തരവാദിത്തങ്ങളിലും അവളുടെ കൂടെത്തന്നെ പങ്കുചേരുന്ന തിലേക്ക് നമ്മുടെ പുതുതലമുറ മാറിയിട്ടുന്നെത് ആശാവഹമാണ്.
സാമ്പത്തിക സ്രോതസ്സിന്റെ അപര്യാപ്തത പലപ്പോഴും സ്ത്രീകൾ നേരിടേണ്ടിവരാറുണ്ട്. പണ്ട്, ബാങ്കുകളിൽ ലോണിനായി സ്ത്രീകൾ അപേക്ഷിക്കുമ്പോൾ അതവർക്ക് തിരച്ചടയ്ക്കാൻ കഴിയുമോ എന്ന സംശയത്തിൽ ബാങ്കുകൾ ഒഴിവുകഴിവുകൾ പറയുമായിരുന്നു. എന്നാൽ ഇന്ന്, ലോണുകൾ തിരിച്ചടക്കുന്നതിൽ പുരുഷനേക്കാളും കൃത്യനിഷ്ഠയും സത്യസന്ധതയും സ്ത്രീയ്ക്കുണ്ടെന്ന സത്യം അവർ മനസ്സിലാക്കി കഴിഞ്ഞു. സിബിൽ സ്കോർ (CIBIL SCORE) നോക്കുമ്പോൾ സ്ത്രീകളാണ് എന്തുകൊണ്ടും സാമ്പത്തിക കൃത്യനിഷ്ഠയിൽ മുൻപന്തിയിൽ എന്നു നമുക്ക് മനസ്സിലാക്കാൻ കഴിയും.
ശരിയായ വിപണനതന്ത്രങ്ങൾ മെനയുന്നതിൽ പലപ്പോഴും സ്ത്രീകൾ പുരുഷൻമാരേക്കാൾ പിന്നിലാണ്. net working രംഗത്ത് - Social networking / Social Media networking - മിടുക്ക് സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ കുറവാണെന്ന പരമാർത്ഥം സമ്മതിച്ചേ മതിയാവൂ. സ്ത്രീകൾ പൊതുവേ ‘നേരെ വാ, നേരെ പോ’ പ്രകൃതക്കാ രായതായിരിക്കാം ഇതിന്റെ പ്രധാന കാരണം. പലപ്പോഴും നേരത്തെ പറഞ്ഞ ബഹുമുഖ ഉത്തരവാദിത്വങ്ങൾ - അത് തൊഴിലിലായാലും കുടുംബത്തിലായാലും- നിറവേറ്റേണ്ടതുകൊണ്ട് അവൾക്ക് ഇതു സംബന്ധിച്ച പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കാനും Google, Al, തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിൽ ഇടപെടാനുമുള്ള സമയവും സൗകര്യവും പലപ്പോഴും കുറവായിരിക്കും. അതുകൊണ്ടുതന്നെ ശരിയായ വിപണനതന്ത്രങ്ങളിൽ സ്ത്രീയ്ക്ക് വളരെയേറെ അജ്ഞതയുണ്ട്. അത്തരം പരിശീലന ക്ലാസുകളിൽ പങ്കെടുക്കുക, Google- ന്റെയും Al-യുടെയും അനന്തസാധ്യതകൾ ഉപയോ ഗപ്പെടുത്തുക, സർവ്വോപരി അതതു രംഗങ്ങളിൽ പരിചയ സമ്പന്നരായവരിൽ നിന്നുമുള്ള ഉപദേശങ്ങൾ ആരായുക എന്നതൊക്കെ തന്നെയാണ് ഇതിനുള്ള പരിഹാരമാർഗ്ഗം. വളരെ സമർത്ഥരായ പബ്ലിക് റിലേഷൻ മാനേജർമാരും പലപ്പോഴും ഈ കുറവ് നികത്താൻ സഹായിക്കാറുണ്ട്.
മേൽപറഞ്ഞതെല്ലാം പഴങ്കഥകളാക്കി ഇന്നത്തെ പെൺകുട്ടികൾ വളരെ ധൈര്യപൂർവ്വം ആത്മവിശ്വാസത്തോടെ സംരംഭകരംഗത്തേക്ക് വരുന്നുവെന്നുമാത്രമല്ല ആ രംഗത്ത് പലപ്പോഴും പുരുഷ സംരംഭക രേക്കാൾ വളരെയേറെ മികവോടെയും കൃത്യനിഷ്ഠയോടുകൂടിയും അച്ചടക്കത്തോടു കൂടിയും കാര്യങ്ങൾ ചെയ്യുന്നുണ്ട്, അതിൽ വിജയങ്ങളും നേട്ടങ്ങളും കയ്യടക്കുന്നുണ്ട്.
സ്ത്രീ സംരംഭകരെ പ്രോൽസാഹിപ്പിക്കാനായി പലതരം ലോണുകളും പദ്ധതികളും- Entrepreneurs, Women Entrepreneurship-Mission (WE-Mission തുടങ്ങിയ സ്റ്റേറ്റ് ഗവൺമെൻ്റ് പദ്ധതികളും, Mahila Udyam Nidhi Yojana, Mudra Yojana, Sree Shakti Package തുടങ്ങിയ കേന്ദ്ര ഗവൺമെൻ്റ് പദ്ധതികളും നിലവിലുണ്ട്. പോരാത്തതിന് അത്തരം സത്രീകളെ പ്രോൽസാഹിപ്പിക്കാനായി പലതരം അവാർഡുകളും ഗവൺമെൻ്റ് ഏർപ്പെടുത്തിയിട്ടുമുണ്ട്.
ആത്മധൈര്യം, ആത്മവിശ്വാസം, സ്ഥിരോൽസാഹം, കഠിനപ്രയത്നം ഇവയാണ് സ്ത്രീസംരംഭകർക്ക് വിജയത്തിലേക്കുള്ള ചവിട്ടുപടികൾ. എല്ലാ കാര്യങ്ങളിലും സ്ത്രീസമത്വം പറയുന്ന നമ്മുടെ സമൂഹം, പുരുഷനിലും ഒരു പടി മുന്നിലാണ് സ്ത്രീ എന്നു പറയുന്ന കാലം വിദൂരമല്ല എന്ന് കരുതുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:
