തെരഞ്ഞെടുപ്പ് വരുന്നതോടെ പ്രാതിനിധ്യത്തിന്റെ വിഷയം വീണ്ടും പൊതുവേദികളിൽ ചർച്ചയാവുകയാണ്. ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൽ, മുൻഗണനയിൽ വരുന്ന വിഷയമാണ് നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യം.
സ്വാതന്ത്ര്യാനന്തരം സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു എങ്കിലും അധികാര സ്ഥാപനങ്ങളിൽ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യം ഇതുവരെയും സ്ത്രീകൾക്കും മറ്റു പിന്നാക്കാവസ്ഥയിലുള്ളവർക്കും ലഭിച്ചിട്ടില്ല. ജനാധിപത്യം സ്ഥാപിച്ചെടുക്കുകയും നില നിർത്തുകയും ചെയ്യുന്നത് എത്രത്തോളം ശ്രമകരമാണെന്നത്, ഈ അവസ്ഥ നിരന്തരം നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ജെൻഡറിന്റെ അടിസ്ഥാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും നില നിൽക്കുന്ന ഒട്ടേറെ അവമതിപ്പുകളോടോപ്പമാണ് പ്രകടമായി തന്നെ അധികാരത്തിൽ നിന്നുള്ള ഈ പുറന്തള്ളലും.
പിതൃവാഴ്ചയിൽ സങ്കീർണ്ണമായി പിണഞ്ഞുകിടക്കുന്ന സ്ത്രീഅവസ്ഥകളെ പുറത്തു കൊണ്ടുവരുന്നതിന് എൺപതുകളിൽ ഇവിടെ രൂപപ്പെട്ട സ്ത്രീവിമോചന പ്രസ്ഥാനം ശ്രമിച്ചു വരുന്നു. ഗാർഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങൾ, ലൈംഗികാതിക്രമം, തൊഴിൽസ്ഥലത്തെ പിന്തള്ളൽ തുടങ്ങി നിരവധി വിഷയങ്ങളിൽ ചെറു ഗ്രൂപ്പുകളായും ഒറ്റക്കും മറ്റു സംഘടനകളോട് ചേർന്നും സ്ത്രീപ്രസ്ഥാനം, വ്യവസ്ഥയിൽ കുറെയൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതോടൊപ്പം നയങ്ങളും നിയമങ്ങളുമുണ്ടാക്കുന്ന അധികാരസ്ഥാപനങ്ങളിലെ തുല്യ പങ്കാളിത്തം, ഭരണഘടന ഉറപ്പുതരുന്ന തുല്യനീതി നേടിയെടുക്കുന്നതിനാവശ്യമാണെന്ന് ഫെമിനിസ്റ്റ് പ്രസ്ഥാനം തിരിച്ചറിയുന്നുണ്ട്.
നാളിതുവരെ നിയമസഭ ഉൾപ്പെടെ ഒരു നിയമനിർമ്മാണസഭകളിലും 15 ശതമാനം പോലും സ്ത്രീകളുണ്ടായിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിൽ നിയമസഭയിൽ ഒരൊറ്റ ട്രാൻസ് ജെൻഡർ വ്യക്തി മാത്രമാണ് വന്നിട്ടുള്ളത്.
തുല്യപ്രാതിനിദ്ധ്യ പ്രസ്ഥാനം ഈ വിഷയത്തിലൂന്നി പ്രവർത്തിക്കാനുദ്ദേശിച്ചുള്ളതാണ്. പ്രധാനമായും ആശയമണ്ഡലത്തിലുള്ള ഇടപെടലാണത്. 2023- ൽ പാസ്സാക്കിയ സ്ത്രീസംവരണനിയമം ഈ ഇടപെടലിന് ആക്കം കൂട്ടുന്നു. ബിൽ അവതരിപ്പിച്ചിട്ട് 27 വർഷമെടുത്താണ് ഈ നിയമം പാസ്സാക്കിയത്. ലോക്സഭയിലേയും രാജ്യസഭയിലേയും കുറഞ്ഞ സ്ത്രീപ്രാതിനിധ്യം തന്നെയാണ് ഇതിനും തടസ്സമായി വന്നിട്ടുള്ളത്.
നാളിതുവരെ നിയമസഭ ഉൾപ്പെടെ ഒരു നിയമനിർമ്മാണസഭകളിലും 15 ശതമാനം പോലും സ്ത്രീകളുണ്ടായിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിൽ നിയമസഭയിൽ ഒരൊറ്റ ട്രാൻസ് ജെൻഡർ വ്യക്തി മാത്രമാണ് വന്നിട്ടുള്ളത്. മറ്റു സഭകളിൽ ഉണ്ടായിട്ടുമില്ല. തുല്യമായ ജെൻഡർ പ്രാതിനിധ്യത്തിന് തടസ്സമായിവരുന്ന നിരവധി ഘടകങ്ങളെ ഈ പ്രസ്ഥാനം മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. ഒരേസമയം സ്ത്രീ സംവരണനിയമം പാസ്സാക്കുകയും അതേസമയം സെൻസസിന്റേയും മണ്ഡല പുനർനിർണ്ണയത്തിന്റേയും കാരണം പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പും അടവും ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. കപടമായ ഒരു സ്ത്രീപക്ഷ മുഖമാണ് അതിലൂടെ തെളിഞ്ഞുവരുന്നത്.

തുല്യപ്രാതിനിധ്യപ്രസ്ഥാനത്തിന്റെ കടമ എന്ത്?
തുല്യതയും തുല്യനീതിയും ഉറപ്പുചെയ്യുന്ന ഒരു ഭരണ ഘടന നമുക്കുണ്ടായിട്ടും അത് സാക്ഷാത്കരിക്കാൻ കഴിയാതിരിക്കുന്നതിന് നൂറ്റാണ്ടുകളായി നിലനിന്നു പോന്ന പാരമ്പര്യത്തിന്റേയും (അപ)സംസ്കാരത്തിന്റേയും പിൻബലമുണ്ട്. അധികാരം ലക്ഷ്യംവച്ചു പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പുകാലത്ത് ജെൻഡർ അസമത്വത്തിന്റെ വിഷയം മുൻഗണനയായി കണ്ടു വരാറില്ല. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെ. ജനാധിപത്യം അർത്ഥവത്തായി നടപ്പാക്കണമെങ്കിൽ ജനങ്ങളുടെ ജാഗ്രതയും ഇടപെടലും ആവശ്യമാണ്. ജനങ്ങൾ തന്നെയാണ് പാരമ്പര്യ മൂല്യങ്ങളുടെ വാഹകരാകുന്നതും രാഷ്ട്രീയപാർട്ടികളെ അധികാരത്തിലേറ്റുന്നതും.
മറുവശത്ത്, അധികാരത്തിലേറുന്ന രാഷ്ട്രീയ പാർട്ടികൾക്കും ജനാധികാരം പ്രയോഗത്തിൽ വരുത്താനാവശ്യമായ നിയമങ്ങളും നയങ്ങളും നടപടികളും കൈക്കൊള്ളാനുള്ള ബാദ്ധ്യതയുണ്ട്. ഇത് നടക്കാതെ വരുന്നെങ്കിൽ ജനങ്ങൾ ഗവണ്മെന്റുകൾക്കുമേൽ സമ്മർദ്ദം ചെലുത്തണം. ഈ രണ്ട് മേഖലകളിലും ചലനമുണ്ടാക്കാനാണ് തുല്യ പ്രാതിനിധ്യം പരിശ്രമിക്കുന്നത്. ജനങ്ങളിൽ ജാഗ്രത ഉണർത്തുകയും രാഷ്ട്രീയ പാർട്ടികളെ അവരുടെ കർത്തവ്യം ഓർമ്മപ്പെടുത്തുകയും വേണം. രാഷ്ട്രീയ പാർട്ടികളിൽ പലവിധ സമ്മർദ്ദങ്ങൾ തന്നെ വേണ്ടി വന്നേക്കാം.
തുല്യപ്രാതിനിധ്യ പ്രസ്ഥാനം പ്രവർത്തിക്കുന്നതെങ്ങനെ?
വസ്തുതകളെ അന്വേഷിക്കുകയും വിശകലനം ചെയ്യുകയും അത് രാഷ്ട്രീയ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. അടുത്തിടെ അതിന്റേതായ നയരേഖ രൂപപ്പെടുത്തിയിട്ടുണ്ട്. അത് അടഞ്ഞ ഡോക്കുമെന്റല്ല. ജനാധിപത്യപരമായ രീതിയിൽ ആശയവ്യക്തതയോടെയും രാഷ്ട്രീയ ബോധത്തോടെയും ജനങ്ങളുടെ മുന്നിൽ വക്കുകയും ചർച്ച ചെയ്യുകയും, വേണ്ടിവന്നാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാനുള്ളതാണ്. പ്രസ്ഥാനത്തിനുള്ളിൽ ധാരാളം ചർച്ചകൾ നടത്തിയാണ് അത് രൂപപ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളുമായും അവയിലെ സ്ത്രീസംഘടനകളുമായും മറ്റു പുരോഗമന പ്രസ്ഥാനങ്ങളുമായും ഞങ്ങൾ ആശയ സംവാദം നടത്തുന്നു.
പെൺശരീരമുള്ളവർ എന്ന നിലയ്ക്കല്ല, ബ്രാഹ്മണിക്കൽ പാട്രിയാർക്കിയിൽ പിന്തള്ളപ്പെടുന്നവർ എന്ന നിലയ്ക്കാണ് പ്രാതിനിധ്യ പ്രസ്ഥാനം ജെൻഡർ വിഷയികളെ കാണുന്നത്. ട്രാൻസ്‌ജെൻഡർ മനുഷ്യരുടെ പ്രാതിനിധ്യവും നമ്മുടെ പരിഗണനയിൽ വരുന്നതാണ്.
മതിയായ പ്രാതിനിധ്യമുണ്ടാകുന്നതിന് സംവരണം ആവശ്യമാണെന്നതിൽ തർക്കമില്ല. അതിന് കൊണ്ടു വന്നിട്ടുള്ള നിയമം എത്രയും വേഗം നടപ്പാക്കുകയും വേണം. നൂറ്റാണ്ടുകളിലൂടെ സാമൂഹ്യമായി പിന്തള്ളപ്പെട്ടവരുടെ ഉന്നതിക്ക് ‘ക്രിട്ടിക്കൽ മാസ്’ എന്നു പറയാവുന്ന എണ്ണം ആവശ്യമാണെന്നതാണ് സംവരണത്തിന്റെ അടിസ്ഥാനം. അതേസമയം, ജെൻഡർ അധികാരമാറ്റവും തുടർന്നുള്ള അധികമായ ഉത്തരവാദിത്വവും ആന്തരവൽക്കരിക്കാനാവശ്യമായ രാഷ്ട്രീയ പ്രക്രിയ വിവിധ തലങ്ങളിൽ നടക്കണം. മൂന്നിലൊന്നിനപ്പുറം ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യത്തിന് ഈ പ്രക്രിയ കൂടി ആവശ്യമാണ്. രാഷ്ട്രീയ പാർട്ടികൾ ഇതിന് മുൻകയ്യെടുക്കണം. രാഷ്ട്രീയ പാർട്ടികളിലെ കമ്മിറ്റികൾക്കകത്തെ സംവരണം, സ്ഥാനാർത്ഥി നിർണ്ണയത്തിലെ തുല്യ പ്രാതിനിധ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നതൊക്കെ, ഇതിനു വേണ്ടി വരും. ഒപ്പം കുടുംബമടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലും സാംസ്കാരികവേദികളിലും തീരുമാനമെടുക്കുന്ന സ്ഥലത്ത് പ്രാതിനിധ്യമുണ്ടാവുക എന്നതും പ്രധാനമാണ്. . ആണുങ്ങൾ മാത്രം അണിനിരക്കുന്ന വേദികളുടെ ഫോട്ടോകൾ മാധ്യമങ്ങളിൽ കാണുന്നത് എല്ലാവർക്കും അരോചകവും ഹാസ്യവുമാകുന്നു എന്നതും കാണണം.
READ: സ്ത്രീകൾക്ക് ജനസംഖ്യാനുപാതികമായി രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കണം
ഇത്തരം മാറ്റങ്ങളിലേക്കുള്ള ലക്ഷ്യം വച്ചു കൊണ്ടാണ് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. 2024 ഫെബ്രുവരിയിൽ ഈ വിഷയം പൊതുജനമദ്ധ്യത്തിൽ അവതരിപ്പിക്കുകയും ഇതോട് യോജിക്കുന്നവരുടെ ആയിരക്കണക്കിന് ഒപ്പുകൾ ശേഖരിക്കുകയും നിയമസഭ മുതൽ മതേതര പാർട്ടി ഓഫീസുകളുടെ പരിസരം വരെ "ഒപ്പുവിരിക്കൽ’’ പരിപാടി നടത്തുകയും ചെയ്തു. ജനങ്ങൾ ഒപ്പിട്ട പേപ്പറുകൾ റോഡിൽ നിരത്തിക്കൊണ്ടുള്ള ആശയ പ്രചാരണമായിരുന്നു അത്. അക്കാദമിക് ചർച്ചകളിൽ മാത്രം ഒതുങ്ങാതെ, പരമാവധി വ്യത്യസ്ത ജനവിഭാഗങ്ങളോടും രാഷ്ട്രീയപ്പാർട്ടികളോടും മതേതര സംഘടനകളോടും സംവദിച്ച് സാമൂഹ്യമായ ഇട പെടലുകൾ നടത്താനാണ് ഈ പ്രസ്ഥാനം ശ്രമിക്കുന്നത്. മതേതര രാഷ്ട്രീയപാർട്ടികളുടെ സാമൂഹ്യമായ പ്രാധാന്യം, പ്രസ്ഥാനം ഉൾക്കൊള്ളുന്നുണ്ട്.

വികസ്വരമാകുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയം
പെൺശരീരമുള്ളവർ എന്ന നിലയ്ക്കല്ല, ബ്രാഹ്മണിക്കൽ പാട്രിയാർക്കിയിൽ പിന്തള്ളപ്പെടുന്നവർ എന്ന നിലയ്ക്കാണ് പ്രാതിനിധ്യ പ്രസ്ഥാനം ജെൻഡർ വിഷയികളെ കാണുന്നത്. ട്രാൻസ്‌ജെൻഡർ മനുഷ്യരുടെ പ്രാതിനിധ്യവും നമ്മുടെ പരിഗണനയിൽ വരുന്നതാണ്. 2014 വരെ അവർക്ക് നിയമപരമായി പൗരാവകാശങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ നിയമപരമായി അംഗീകരിക്കപ്പെട്ടു എങ്കിലും പൗരത്വത്തിന് വേണ്ടിയും ഐഡന്റിറ്റി കാർഡിന് വേണ്ടിയും പൊരുതേണ്ട അവസ്ഥയാണ്. ഈ പ്രതികൂല പരിതസ്ഥിതിയിലും പലരും രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സന്നദ്ധമാവുകയും ഒക്കെ ചെയ്യുന്നുണ്ട്. എങ്കിലും അധികാരത്തിൽ പ്രാതിനിധ്യമുണ്ടാകാതെ പിന്തള്ളപ്പെടുകയാണ്. അതിനാൽ തൽക്കാലം നോമിനേഷൻ വഴിയെങ്കിലും നിയമനിർമ്മാണസഭകളിൽ പ്രാതിനിധ്യം ഉണ്ടാവണമെന്ന അഭിപ്രായമാണ് ഈ പ്രസ്ഥാനം മുന്നോട്ടുവക്കുന്നത്.
ലംബവും തിരശ്ചീനവുമായ (Vertical and horizontal) സംവരണം എന്ന കാഴ്ചപ്പാടാണ് തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റേത്. ജെൻഡറിന് പുറമെ, മറ്റു സാമൂഹ്യമായ പിന്നാക്കാവസ്ഥകളേയും, ഓരോ വിഭാഗങ്ങൾക്കും ഉള്ളിലുള്ള വ്യത്യസ്തതകളേയും തിരിച്ചറിയുന്ന ഇന്റർ സെക്ഷണൽ ആയ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. SC/ST റിസർവേഷനിൽ 33 ശതമാനം സ്ത്രീസംവരണം വേണമെന്ന് പുതിയ സ്ത്രീസംവരണനിയമം അനുശാസിക്കുന്നുണ്ട്. ഇത് സ്വാഗതം ചെയ്യുമ്പോൾ തന്നെ എല്ലാ കാറ്റഗറിയിലും ഇത് നിർബ്ബന്ധമാണെന്ന ഉറപ്പും ആവശ്യമാണ്. മുസ്ലീം സ്ത്രീകൾക്കും നാമമാത്രമായ പ്രാതിനിദ്ധ്യം മാത്രമാണ് ഇപ്പോഴുള്ളത്. OBC വിഭാഗങ്ങൾക്ക് സംവരണവും അതിൽ വ്യത്യസ്ത ജെൻഡറുകൾക്ക് തുല്യപ്രാതിനിദ്ധ്യവും വേണം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ലിംഗ- ലൈംഗിക വ്യത്യസ്തതകളിൽ പെടുന്ന പല ഉപവിഭാഗങ്ങളുണ്ട്. അവരെ ഒക്കെ സവിശേഷ സാഹചര്യങ്ങളിൽ വച്ചു മനസ്സിലാക്കുകയും പരിഗണിക്കുകയും വേണം. ഭാവിയിലേക്കുള്ള ദിശ എന്ന തരത്തിൽ ഇത് സൂചിപ്പിക്കുക മാത്രമാണ് ഇപ്പോൾ നയരേഖയിൽ ചെയ്തിട്ടുള്ളത്. ഫെമിനിസ്റ്റ് പ്രസ്ഥാനം, ഉൾക്കൊള്ളലിന്റെ രാഷ്ട്രീയമായി വികസിക്കുന്ന പരിസരത്തിലാണ് തുല്യപ്രാതിനിധ്യപ്രസ്ഥാനം, അതിന്റെ കാഴ്ച്ചപ്പാട് രൂപപ്പെടുത്തുന്നത്. അത് നിരന്തരം വികസ്വരമാകുന്നതാണ്.
കേരളം പോലെയുള്ള സംസ്ഥാനത്ത് പോലും, പിന്തിരിപ്പനും അപകടകരവുമായ മൂല്യങ്ങൾ പേറുന്ന സംഘടനകളൊക്കെ തെരഞ്ഞെടുപ്പുകാലത്ത് പ്രസക്തമാകുമ്പോൾ, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തുന്ന ഫെമിനിസ്റ്റ് ഗ്രൂപ്പുകളെ പോലെയുള്ളവരുടെ വാക്കുകൾക്ക് വലിയ പ്രാധാന്യം കാണില്ല എന്നത് അതിശയിപ്പിക്കുന്നതാണ്.
പ്രസ്ഥാനത്തിന്റെ നിലപാടുകൾ
കേരളത്തിന്റെ പൊതുരാഷ്ട്രീയമണ്ഡലത്തിൽ ജാതി- മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങൾക്ക് ഇപ്പോഴും നിർണ്ണായക സ്വാധീനമുണ്ടെന്നത് ദു:ഖകരമാണ്. കേരളം പോലെയുള്ള സംസ്ഥാനത്ത് പോലും, പിന്തിരിപ്പനും അപകടകരവുമായ മൂല്യങ്ങൾ പേറുന്ന സംഘടനകളൊക്കെ തെരഞ്ഞെടുപ്പുകാലത്ത് പ്രസക്തമാകുമ്പോൾ, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തുന്ന ഫെമിനിസ്റ്റ് ഗ്രൂപ്പുകളെ പോലെയുള്ളവരുടെ വാക്കുകൾക്ക് വലിയ പ്രാധാന്യം കാണില്ല എന്നത് അതിശയിപ്പിക്കുന്നതാണ്. എന്നാലും, ഭാവി നിർണ്ണയിക്കപ്പെടുന്നത് ഈ മൂല്യങ്ങളിലൂടെ ആയിരിക്കണമെന്നതിനാൽ സംസാരിച്ചേ മതിയാവൂ. വർഗ്ഗീയതയും വിദ്വേഷവും വളർത്തുന്ന രാഷ്ട്രീയ പാർട്ടികളുമായി സംവാദമോ ഒത്തുചേരലോ ഈ പ്രസ്ഥാനം ചെയ്യുന്നതല്ല. രാഷ്ട്രീയത്തിനായി മതത്തെയും അതിന്റെ ആചാരങ്ങളേയും ഉപയോഗപ്പെടുത്തുന്നത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണ്ടതാണെന്ന് ഞങ്ങൾ കരുതുന്നു. സ്ത്രീകളും മറ്റു ജെൻഡർ വിഭാഗങ്ങളും അനുഭവിക്കുന്ന പിന്നാക്കാവസ്ഥ പലപ്പോഴും മതമൂല്യങ്ങളും ആചാരങ്ങളും വഴിയാണ് നില നിർത്തുന്നതെന്ന് കാണാം. പാവപ്പെട്ടവരുടെ അവസ്ഥ കൂടുതൽ മോശമാക്കുന്നതും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതുമായ വികസനത്തെ പ്രസ്ഥാനം പിന്തുണക്കുകയില്ല. അഴിമതിയും സ്വജനപക്ഷപാതവും ഭരണത്തിൽ ഒഴിവാക്കുന്ന രാഷ്ട്രീയത്തോടാണ് ഈ പ്രസ്ഥാനത്തിന് ആഭിമുഖ്യം. ജനങ്ങളുടെ ക്ഷേമത്തിനായി കോർപ്പറേറ്റ് വൽക്കരണവും വാണിജ്യവൽക്കരണവും നിയന്ത്രിക്കണമെന്ന ആവശ്യം തുല്യപ്രാതിനിധ്യപ്രസ്ഥാനം രാഷ്ട്രീയ പാർട്ടികളുടെ മുന്നിൽ വക്കുന്നു. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിലും പിന്നീട് ഭരണത്തിലും, ഈ ഘടകങ്ങൾ വിലയിരുത്തിയാണ് തീരുമാനങ്ങളെടുക്കാൻ കഴിയുന്നത്. ഈ ആശയങ്ങളോട് യോജിക്കുന്നവർക്ക് പ്രസ്ഥാനത്തിൽ അംഗങ്ങളാകാം.

പ്രസ്ഥാനം മുന്നോട്ടുവക്കുന്ന ആവശ്യങ്ങൾ
സ്ത്രീസംവരണനിയമം പാസ്സാക്കിയശേഷം, അനാവശ്യ തടസ്സം സൃഷ്ടിച്ച് അത് നടപ്പിൽ വരുത്താതിരിക്കുന്ന സാഹചര്യത്തിൽ, അത് എത്രയും പെട്ടെന്ന് നടപ്പാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് സ്ഥാനാർത്ഥിത്വത്തിലും കമ്മിറ്റികളിലും പ്രാതിനിധ്യം കൊണ്ടു വരാവുന്നതാണ്. അത് സാദ്ധ്യമല്ലെന്ന തരത്തിലുള്ള വാദങ്ങൾ ഉയർന്നുകേൾക്കാറുണ്ട്. സ്ത്രീകളെ കൂടുതൽ സ്ഥാനാർത്ഥികളാക്കിയാൽ പരാജയപ്പെട്ടേക്കാമെന്ന ഭീതിയാണ് അതിലൊന്ന്. എന്നാൽ, തൃണമൂൽ കോൺഗ്രസ് ഇത് സാധിക്കുമെന്ന് കാണിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഭരണത്തിൽ കഴിവ് കുറവാണെന്ന ധാരണയാണ് മറ്റൊന്ന്. പഞ്ചായത്ത് സംവരണത്തിലും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. എന്നാൽ മികച്ച ഭരണം നടത്തിക്കൊണ്ട് സംവരണവും കടന്ന് 60 ശതമാനം വരെ സ്ത്രീകൾ എത്തിനിൽക്കുന്നു. കേരളത്തിൽ നിയമസഭയിലും മന്ത്രിസഭയിലും മികച്ച സ്ത്രീപ്രതിനിധികൾ എക്കാലവും ഉണ്ടായിട്ടുണ്ട്. അനാവശ്യമായ ഉത്കണ്ഠകൾ മാറ്റിവച്ച് പിന്തള്ളപ്പെട്ടവരെ മുന്നിലേക്ക് കൊണ്ടുവരുന്നതിന് ജനാധിപത്യം അംഗീകരിച്ചിട്ടുള്ള രാഷ്ട്രീയപ്പാർട്ടികൾ ബോധപൂർവ്വം ശ്രമിക്കേണ്ടതാണ്. ഒറ്റയടിക്കല്ലെങ്കിൽ പോലും ഇതിലേക്കുള്ള സമയബന്ധിതമായ പരിപാടികൾ ആവിഷ്കരിക്കാവുന്നതാണ്.
ഏതായാലും തുല്യ പ്രാതിനിധ്യ പ്രസ്ഥാനം തെരഞ്ഞെടുപ്പിൽ 33 % സ്ത്രീ സംവരണം ആവശ്യപ്പെടുന്നുണ്ട്. മന്ത്രിസഭയിലും മൂന്നിലൊന്ന് സ്ത്രീകളുണ്ടാവണം. നയരൂപീകരണത്തിൽ പങ്കു ചേരുന്നതിൽ കുറഞ്ഞ ഡിമാന്റില്ല. ഒരു ട്രാൻസ് ജെൻഡർ വ്യക്തിയെ നോമിനേഷനിലൂടെ എങ്കിലും കൊണ്ടുവരാൻ സാധിക്കുമോ എന്ന് നോക്കണം. ഭരണത്തിൽ എത്തുന്നവർ വ്യത്യസ്ത തലങ്ങളിൽ ജെൻഡർ വിടവ് തിരിച്ചറിയാനായി ഓഡിറ്റിംഗും കൊണ്ടുവരേണ്ടതുണ്ട്.
ഭാവിയോട് പ്രതീക്ഷ
തുല്യപ്രാതിനിദ്ധ്യം എന്നത് ഭാവിതലമുറക്ക് അവഗണിക്കാൻ കഴിയുന്നതല്ല. ജെൻഡറും ജെൻഡറിന്റെ രാഷ്ട്രീയവും മനസ്സിലാക്കുന്നതിൽ യുവാക്കൾക്കിടയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. അതിൽ ഫെമിനിസ്റ്റ് രാഷ്ട്രീയത്തോടൊപ്പം സാമൂഹ്യക്രമങ്ങളിലും അറിവിന്റെ വിതരണക്രമത്തിലും ഒക്കെ വന്ന മാറ്റങ്ങൾക്കും പങ്കുണ്ട്. കഴിഞ്ഞ ദശകങ്ങളിൽ രാഷ്ട്രീയ- സാംസ്കാരിക രംഗങ്ങളിലുണ്ടായ ഫെമിനിസ്റ്റ് സാന്നിദ്ധ്യം രാഷ്ട്രീയ പാർട്ടികളിൽ കുറെയെങ്കിലും സ്വാധീനം ചെലുത്തിയതായി കാണാം. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം പ്രമുഖ പാർട്ടികളുടെ രാഷ്ട്രീയ അജണ്ടയായി മാറുന്നുണ്ട്. പാർട്ടികൾക്കുള്ളിൽ ജെൻഡർ രാഷ്ട്രീയം കൂടുതൽ ചർച്ച ചെയ്യപ്പെടുമെന്നും പ്രതീക്ഷയുണ്ട്. ഭാവിയിൽ കൂടുതൽ സ്ത്രീകൾ ഇതേ ആവശ്യമുയർത്തി ഒത്തു ചേരാനുള്ള സാദ്ധ്യതയും കാണുന്നു. പുറമേ പറയുന്നതിന് പരിമിതികളുണ്ടെങ്കിലും രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഇത് മനസ്സിലാക്കാൻ കഴിയും. പ്രാതിനിധ്യ വിഷയത്തിൽ തുല്യ പ്രാതിനിധ്യ പ്രസ്ഥാനം അവതരിപ്പിക്കുന്ന നയരേഖ, വരുന്ന തെരഞ്ഞെടുപ്പിന്റെ സമയത്തുതന്നെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ശ്രദ്ധിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
