ബംഗാൾ ഇന്ന് ചിന്തിക്കുന്നത്, രാജ്യം നാളെ ചിന്തിക്കും എന്നത് ഗോപാലകൃഷ്ണ ഗോഖലെയുടെ പ്രശസ്ത വരികളാണ്. തെരഞ്ഞെടുപ്പിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെ സംബന്ധിച്ച് പശ്ചിമ ബംഗാളും മമത ബാനർജിയും 2019 തൊട്ട് ചിന്തിച്ചുതുടങ്ങിയതും പ്രവർത്തിപഥത്തിൽ കാണിച്ചുകൊടുത്തതുമായ കാര്യങ്ങളിലെ രാഷ്ട്രീയവിവേകം തിരിച്ചറിയാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഇനിയും എത്രകാലം വേണ്ടിവരും?
പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുകയും അതിന്റെ വാഴ്ത്തിപ്പാടലുകളിൽ അഭിരമിക്കുകയും ചെയ്യുന്ന കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കൊന്നും രാഷ്ട്രീയത്തിലെ സ്ത്രീപ്രതിനിധ്യത്തെ സംബന്ധിച്ച് ഇനിയും നേരം വെളുക്കാത്ത കാഴ്ചപ്പാടുകളാണുള്ളതെന്ന് ഈ തെരെഞ്ഞെടുപ്പ് കാലം വീണ്ടും ഉറപ്പിക്കുകയാണ്.
ഉയർന്ന രാഷ്ട്രീയ ബോധ്യവും മികച്ച വിദ്യാഭ്യാസവും ഉണ്ടെന്നു നിരന്തരം അവകാശപ്പെടുന്ന കേരള സമൂഹം സ്ത്രീകളുടെ രാഷ്ട്രീയ ഏജൻസിയെ അംഗീകരിക്കാൻ കാണിക്കുന്ന വൈമനസ്യം വെളിപ്പെടുത്തുന്നത് ശക്തമായ ആണധികാര ബോധത്തിൽ മാത്രം കെട്ടിപ്പൊക്കിയ അതിന്റെ ഇളക്കമില്ലാത്ത അധികാര ഘടനകളെയാണ്.
ലോകസഭയിലും സംസ്ഥാന അസംബ്ലികളിലും 33% സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള ഭരണഘടന (128ാം ഭേദഗതി) ബിൽ 2023 സെപ്റ്റംബറിൽ പാർലിമെന്റ്റിൽ പാസാക്കിയശേഷം വരുന്ന ആദ്യ പൊതു തെരെഞ്ഞെടുപ്പ് എന്ന നിലയ്ക്ക് രാഷ്ട്രീയ പാർട്ടിക്കുള്ളിലെ സ്ത്രീകളുടെ ക്വാട്ടക്കപ്പുറം പാർലമെന്റിൽ അവരുടെ പ്രാതിനിധ്യനിരക്ക് ഉയരുമോ എന്ന് ഉറ്റുനോക്കിയ സമയം കൂടിയായിരുന്നു ഇത്.
അതോടൊപ്പം, സ്ത്രീസംവരണ നിയമം പാസാക്കിയതു മുതൽ ,അത് നടപ്പിലാവുന്നതിനുള്ള സാങ്കേതികമായ നടപടിക്രമങ്ങൾ - ജനസംഖ്യാ കണക്കെടുപ്പും തുടർന്നു നടത്തേണ്ട മണ്ഡല പുനർനിർണയവും - പൂർത്തിയാകും മുമ്പുതന്നെ ഇനി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് 33 ശതമാനം സ്ത്രീകളെയെങ്കിലും മത്സരിപ്പിക്കണമെന്ന ആവശ്യം മുൻനിർത്തി തുല്യ പ്രാതിനിധ്യ പ്രസ്ഥാനം എന്ന സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ കാമ്പയിനുകൾ തുടങ്ങിയിരുന്നു.
കേരളത്തിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും വനിതകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നേതാക്കളെയും, അതിലെ പ്രവർത്തകരുമായും നിരന്തരം സംസാരിക്കുകയും, തുല്യ പ്രാതിനിധ്യത്തെ സംബന്ധിച്ച മെമ്മോറാണ്ടങ്ങൾ നൽകുകയും, ഈ ആവശ്യങ്ങൾ പറഞ്ഞ് രാഷ്ട്രപതിക്ക് കത്തയക്കുകയും, കലാലയങ്ങൾ സന്ദർശിച്ച് യുവതലമുറയുമായി ഈ വിഷയത്തിൽ ധാരാളം സംവാദങ്ങൾ നടത്തുകയും ചെയ്ത് വ്യാപക പ്രചാരണ പരിപാടികളാണ് തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ഒപ്പു ശേഖരിച്ച് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ‘പെൺ മെമ്മോറിയൽ’ സമർപ്പിക്കുക എന്ന രാഷ്ട്രീയ ചരിത്ര ദൗത്യവും തുല്യപ്രാതിനിധ്യ പ്രസ്ഥാനം നടപ്പിലാക്കിയിരുന്നു. 'തുല്യപ്രാതിനിധ്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയാകുന്നു' എന്നു തുടങ്ങുന്ന വാചകങ്ങൾക്കു താഴെയാണ് ആളുകളുടെ ഒപ്പുകൾ ശേഖരിച്ചത്.
അന്ന് സമർപ്പിച്ച ഒപ്പുചുരുളിൽ മേല്പറഞ്ഞ വാചകത്തിനും തുല്യ പ്രാതിനിധ്യം എന്ന രാഷ്ട്രീയ ആവശ്യത്തിനും താഴെ പതിഞ്ഞ ഒരു ഒപ്പ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേതും കൂടിയായിരുന്നു.
സി പി ഐ ഈ വിഷയത്തിൽ സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും പെൺ മെമ്മോറിയലിന്റെ കൂടെ നിൽക്കാനാണ് സി പി ഐയുടെ തിരുമാനം എന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞതായി അറിയുന്നു.
ഐക്യദാർഢ്യങ്ങൾക്കപ്പുറം, പുരോഗമന പുറംപൂച്ചുകൾക്കപ്പുറം തങ്ങൾ ഒന്നും ചെയ്യാൻ തയ്യാറല്ലെന്ന് പാർട്ടിനേതൃത്വങ്ങൾ തീരുമാനിച്ചുറപ്പിച്ചതിന്റെ ചിത്രമാണ് സ്ഥാനാർത്ഥിപട്ടികകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ വെളിപ്പെട്ടത്.
കേരളത്തിൽ ലോകസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി പി ഐ, സി.പി.എം, കോൺഗ്രസ് പാർട്ടികളിലെ പുറത്തുവന്ന സ്ഥാനാർഥി പട്ടികകൾ പൂർണ്ണമായും നിരാശാജനകമാണ്. സി പി ഐയിൽ നാലിൽ ഒന്നും, സി പി എമ്മിൽ 15-ൽ രണ്ടും ആണ് സ്ത്രീ സ്ഥാനാർത്ഥികളുടെ പ്രാതിനിധ്യം. കോൺഗ്രസിലാകട്ടെ 16 സീറ്റിൽ ഒരാൾ മാത്രമാണുള്ളത്.
ഈ വിഷയത്തിൽ രാഷ്ട്രീയമായി ഉറച്ച തീരുമാനമെടുത്ത് നടപ്പിലാക്കാൻ സ്വന്തം പാർട്ടി മാത്രം തീരുമാനിച്ചാൽ മതി എന്നിരിക്കെയാണ് ഇനിയും അതിനു തയ്യാറാവാതെ ഇടതു പുരോഗമന നാട്യങ്ങൾ സ്വയം പരിഹാസ്യമാവുന്നത്. 33% സംവരണം എന്ന രാഷ്ട്രീയ തീരുമാനം മുൻപ് തന്നെ നടപ്പിലാക്കിയ പ്രാദേശിക പാർട്ടികൾ ഇന്ത്യയിലുണ്ട് എന്ന് കേരളത്തിലെ ഇടതു നേതൃത്വത്തിന് അറിയാത്ത വസ്തുതയൊന്നുമല്ല.
ഒഡിഷയിലെ ബിജു ജനതാ ദൾ, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ 30-40 ശതമാനം സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിച്ചു ചരിത്രം സൃഷ്ടിച്ചവരാണ്. 2014-ലെ ലോകസഭാ തെരെഞ്ഞെടുപ്പിൽ ടി എം സി 28 % സീറ്റുകളാണ് സ്ത്രീകൾക്ക് നൽകിയത്. 2019- ൽ 40 % സീറ്റുകൾ (42-ൽ 17 സീറ്റുകൾ) നൽകി സ്ത്രീപ്രതിനിധ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ടി എം സി ചെയ്തത്.
ഒഡിഷയിൽ ബിജു ജനതാ ദൾ 21-ൽ 7 സീറ്റുകൾ സ്ത്രീകൾക്ക് നൽകി 33 % സംവരണം എന്ന അവകാശം ഉയർത്തിപിടിച്ചിട്ടുണ്ട്. വിജയ ശതമാനത്തിന്റെ കാര്യം പരിശോധിക്കുമ്പോഴും ഒട്ടും പിന്നിലാവുന്നില്ല ഈ തീരുമാനങ്ങൾ എന്നതുകൂടി പ്രസക്തമാണ്.
അതിലുപരിയായി സംഘപരിവാർ രാഷ്ട്രീയത്തിനെതിരായി പാർലമെന്ററിൽ അതിശക്തമായി വിമർശനങ്ങൾ നിരന്തരം ഉന്നയിക്കുകയും വസ്തുതകളുടെ അടിസ്ഥാനത്തിൽകേന്ദ്ര സർക്കാർ വഞ്ചനകളെ തുറന്നു കാട്ടുകയും ചെയ്ത ഒരു വ്യക്തി ടി എം സി എം.പി മഹുവ മൊയ്ത്രയുടെ കൂടിയാണെന്ന് എന്നത് എടുത്തു പറയേണ്ടതാണ്.
ഈ തെരഞ്ഞെടുപ്പിലും തുല്യ പ്രാതിനിധ്യമെന്ന ആവശ്യത്തോട് തികച്ചും ന്യായമായ പരിഗണന തന്നെയാണ് ടി എം സി കൊടുത്തിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ടി എം സി പുറത്തു വിട്ട സ്ഥാനാർഥി പട്ടികയിൽ 12 സ്ത്രീകളാണ് ഇത്തവണ ലോകസഭയിലേക്കു മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്നും സ്ത്രീ സ്ഥാനാർത്ഥികളുടെ പ്രതിനിധ്യത്തിൽ ചെറിയ കുറവ് വന്നിട്ടുണ്ടെങ്കിലും 30 % ലധികം സ്ത്രീകളെ ഇത്തവണയും മത്സരിപ്പിക്കുന്നുണ്ട് ടി എം സി. ഇത്തവണ മത്സരത്തിനിറങ്ങുന്ന തൃണമൂൽ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികൾ താഴെ പറയുന്നവരാണ്.
1. മഹുവ മൊയ്ത്ര, 2. പ്രതിമ മൊണ്ടൽ, 3. സയോണി ഘോഷ്, 4. മാല റേ, 5. രചന ബാനർജി, 6. ജൂൺ മാലിയ, 7. ഡോ. ശർമിള സർക്കാർ, 8. ശതാബ്ദി റോയ്, 9. കകോലി ഘോഷ്, 10. മിതാലി ബാഗ്, 11. സജ്ദ അഹമ്മദ് 12 . സുജാത മൊണ്ടൽ ഖാൻ.
നിയമം നടപ്പിലാവുന്നതിനു മുൻപ് രാഷ്ട്രീയമായ ഇച്ഛശക്തി കൊണ്ടു മാത്രം തീരുമാനിക്കാവുന്ന ഒരു കാര്യത്തിൽ കേരളത്തിലെ ഇടതു പുരോഗമന പാർട്ടിക്കുള്ള പരിമിതി എന്താണ് എന്ന ചോദ്യം ഉന്നയിക്കപ്പെടുക തന്നെ വേണം. സ്ത്രീപക്ഷ പരിഷ്‌കരണങ്ങൾ പലതും നടപ്പിലാക്കാൻ മുൻപ് തയ്യാറായിട്ടുള്ള പാർട്ടി എന്ന നിലയ്ക്കും, അതിന്റെ അവകാശവാദങ്ങൾ നിരന്തരം ഉയർത്തി പുരോഗമനം പറയുന്ന നേതൃത്വവും തുല്യ പ്രാതിനിധ്യം എന്ന ആവശ്യത്തെ നടപ്പിലാക്കാനുള്ള സാഹചര്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് വഞ്ചനകരമായ അവഗണന തന്നെയാണ്.
വിമോചനസമരത്തിലും വനിതാ മതിലിലും, കുടുംബശ്രീ പരിപാടികളും സ്ത്രീകളെ തെരുവിലിറക്കി തങ്ങളുടെ സ്ത്രീപക്ഷ പ്രതിബദ്ധത പ്രസംഗിച്ചു തെളിയിക്കുന്നതിലല്ല ജനാധിപത്യത്തിന്റെ തുല്യ പ്രാതിനിധ്യ സാദ്ധ്യതകൾ കണ്ടെത്തേണ്ടത്. പാർട്ടി പരിപാടികൾക്ക് വേണ്ടിയുള്ള മെഗാ തിരുവാതിരകളിൽ നേതൃ സ്തുതികളിൽ നിറഞ്ഞാടുന്ന സ്ത്രീകളെ അണി നിരത്തുന്നതല്ല പുരോഗമനം, മറിച്ച്, സ്ത്രീകൾക്കാവശ്യമായ പ്രാതിനിധ്യം തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നൽകി അവരുടെ രാഷ്ട്രീയ ഏജൻസിയെ വികസിപ്പിക്കുകയാണ് ചെയ്യേണ്ടത് എന്ന് ഇടതുപക്ഷം തിരിച്ചറിയണം.
സി പി എം വിപ്ലവ ആശയങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ട പാർട്ടിയാണ്, അതിന് സംവരണ പാർട്ടിയാവാൻ പറ്റുമോ എന്നും മുഖ്യമന്ത്രിയാകാൻ പറ്റിയ വനിതാ കേരളത്തിൽ ഇല്ലെന്നും പറഞ്ഞത് സി പി എമ്മിന്റെ മുതിർന്ന നേതാവായ ജി. സുധാകരനാണ്.
രാഷ്ട്രീയ വ്യവസ്ഥയിൽ ഒരു ഗ്രൂപ്പിന് ആനുപാതികമായി പ്രാതിനിധ്യമില്ലെങ്കിൽ, നയരൂപീകരണത്തെ സ്വാധീനിക്കാനുള്ള അതിന്റെ കഴിവ് പരിമിതമാണ് എന്ന് ഇനിയും രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാവേണ്ടിയിരിക്കുന്ന തിരിച്ചറിവാണ്.