സ്ത്രീകളുടെ തുല്യപ്രാതിനിധ്യം അവകാശമാണ്, ഓർക്കണം എമിലിയുടെ രക്തസാക്ഷിത്വം

പതിറ്റാണ്ടുകളോളം അവഗണിക്കപ്പെട്ട സ്ത്രീ വോട്ടവകാശം എന്ന നീതി ലോക ശ്രദ്ധയില്‍ വരാന്‍ ഒരു സ്ത്രീയുടെ രക്തസാക്ഷിത്വം തന്നെ വേണ്ടി വന്നു. അങ്ങനെയൊരു വിപ്ലവത്തില്‍ രക്തസാക്ഷിയാകേണ്ടി വന്ന ധീരയാണ് ബ്രിട്ടീഷ് വോട്ടവകാശസമര പ്രവര്‍ത്തകയായ എമിലി വൈല്‍ഡിംഗ് ഡേവിസണ്‍. അരലക്ഷത്തിലധികം ആളുകളുടെ അകമ്പടിയോടെയാണ് അവളുടെ വിലാപയാത്ര ലണ്ടനിലെ തെരുവുകളിലൂടെ കടന്നുപോയത്. അവരുടെ 151 -ാം ജന്‍മദിനമാണിന്ന്.

“ലോകം ഇന്നേവരെ അറിഞ്ഞിട്ടുള്ളതോ ഇനി അറിയാൻ പോകുന്നതോ ആയ ഏറ്റവും വലിയ വിപ്ലവം വോട്ടവകാശത്തിനു വേണ്ടി സ്ത്രീകൾ നടത്തുന്ന വിപ്ലവമായിരിക്കും” പതിനെട്ടാം നൂറ്റാണ്ടിൽ പ്രശസ്ത എഴുത്തുകാരിയായ എലിസബത്ത് കാഡി സ്റ്റാൻഡൽ (Elizabeth Cady Stanton) സ്ത്രീ വോട്ടവകാശ സമരത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

എലിസബത്ത് കാഡി സ്റ്റാൻഡൽ
എലിസബത്ത് കാഡി സ്റ്റാൻഡൽ

അങ്ങനെയൊരു വിപ്ലവത്തിൽ രക്തസാക്ഷിയാകേണ്ടി വന്ന ധീരയാണ് ബ്രിട്ടീഷ് വോട്ടവകാശസമര പ്രവർത്തകയായ എമിലി വൈൽഡിംഗ് ഡേവിസൺ (Emily Wilding Davison). അവരുടെ 151 -ാം ജൻമദിനമാണ് ഒക്ടോബർ 11 . തന്റെ നാല്പതാമത്തെ വയസ്സിലാണ് ലണ്ടനിലെ എപ്പിസം ഡർബിയിൽ രാജാക്കന്മാരും പ്രഭുക്കൻമാരും പങ്കെടുക്കുന്ന കുതിരയോട്ട മത്സര ഗ്രൗണ്ടിൽ കടന്ന് ജോർജ് അഞ്ചാമൻ രാജാവിന്റെ കുതിരയുടെ മുന്നിലേക്ക് ‘വോട്ട് ഫോർ വിമൻ’ എന്ന് എഴുതിയ പതാകയുമായി ഓടിക്കയറുകയും കുതിരയുടെ ചവിട്ടേറ്റ് മരിക്കുകയും ചെയ്തത്. അവളുടെ മരണം അന്നത്തെ സഫ്രാഗേറ്റ് പത്രം എഡിറ്റോറിയൽ എഴുതിയത് ‘ഇരുപതാം നൂറ്റാണ്ടിൽ ഒരു ആദർശത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ളവർ ഉണ്ടെന്ന് എമിലി ഡേവിസൺ തെളിയിച്ചു. ഇതിലും വലിയ സ്നേഹം മനുഷ്യർക്കില്ല. അവൾ തന്റെ സുഹൃത്തുക്കൾക്കായി ജീവൻ ത്യജിച്ചിരിക്കുന്നു’ എന്നാണ്.

എമിലി തനിക്ക് 33 വയസ്സുള്ളപ്പോഴാണ് സ്ത്രീ വോട്ട് അവകാശ സംഘടനയായ വിമൻസ് സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ യൂണിയൻ (WSPU) പ്രവർത്തകയാവുന്നത്.

ജോർജ് അഞ്ചാമൻ രാജാവിൻറെ കുതിരയുടെ മുന്നിലേക്ക് ‘വോട്ട് ഫോർ വിമൻ’ എന്ന് എഴുതിയ പതാകയുമായി ഓടിക്കയറി കുതിരയുടെ ചവിട്ടേറ്റ് മരിച്ച എമിലി ഡേവിസൺ / Photo: Hulton Archive
ജോർജ് അഞ്ചാമൻ രാജാവിൻറെ കുതിരയുടെ മുന്നിലേക്ക് ‘വോട്ട് ഫോർ വിമൻ’ എന്ന് എഴുതിയ പതാകയുമായി ഓടിക്കയറി കുതിരയുടെ ചവിട്ടേറ്റ് മരിച്ച എമിലി ഡേവിസൺ / Photo: Hulton Archive

Deeds Not Words ( വാക്കുകൾ അല്ല, പ്രവർത്തികൾ ) എന്നതായിരുന്നു സംഘടനയുടെ മുദ്രാവാക്യം. നിരവധി തവണ സ്ത്രീ വോട്ടവകാശത്തിനുള്ള ബില്ല് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിട്ടും എതിർപ്പുകൾ മൂലം പാസാക്കപ്പെടാതിരുന്ന സാഹചര്യത്തിൽ നിയമലംഘന സമരങ്ങൾ ഏറ്റെടുത്ത സംഘടനയാണ് WSPU ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ഔദ്യോഗിക പരിപാടികൾക്കിടയിലും കടന്നുകയറി വോട്ട് ഫോർ വിമൻ എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചു പറഞ്ഞ് ജനങ്ങളിലേക്ക് സ്ത്രീ വോട്ടവകാശം എന്ന സന്ദേശം എത്തിച്ചു.

സ്ത്രീകൾക്ക് വോട്ടവകാശം ഇല്ലാത്ത ഒരു നിയമ സംവിധാനവും തയ്യാറാക്കുന്ന നിയമം അനുസരിക്കാൻ സ്ത്രീകൾ ബാധ്യസ്ഥരല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമലംഘന സമരങ്ങൾ ഏറ്റെടുത്തു. ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് റാലികൾ നടത്തി. പക്ഷേ ബ്രിട്ടീഷ് പാർലമെൻറ് സ്ത്രീകളെ അവഗണിക്കുകയാണ് ചെയ്തത്. അവഗണന കനത്തപ്പോൾ സർക്കാർ സ്ഥാപനങ്ങളുടെയും എതിരാളികളുടെ വീടിന്റെയും ജനാലകൾ കല്ലെറിഞ്ഞ് തകർത്തുകൊണ്ടും റെയിൽവേ സിഗ്നൽ ലൈനുകൾ ടെലഗ്രാഫ് ലൈനുകൾ എന്നിവ മുറിച്ചു മാറ്റിക്കൊണ്ടും തപാൽ ബോംബുകളിലൂടെ പോസ്റ്റ് ഓഫീസുകൾ തകർത്തുകൊണ്ടും അക്രമ സമരത്തിലേക്ക് സംഘടന നീങ്ങി. സംഘടനയുടെ പ്രവർത്തനങ്ങളെ അവഗണിക്കാൻ സർക്കാർ അനുകൂല മാധ്യമങ്ങളും ശ്രദ്ധിച്ചിരുന്നു.

നിരവധി തവണ എമിലി ഡേവിസൺ സംഘടനാ പ്രവർത്തകർക്കൊപ്പം ജയിലിൽ അടയ്ക്കപ്പെട്ടു. ജയിലിലെ നിരാഹാര സമരങ്ങൾക്ക് പേരുകേട്ട സംഘടനയായിരുന്നു ഡബ്ലിയു.എസ്.പി.യു. തങ്ങളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജയിൽ വസ്ത്രങ്ങൾ ധരിക്കാൻ വിസമ്മതിച്ചപ്പോൾ അവരെ നഗ്നരാക്കി സെല്ലുകളിൽ അടക്കുകയാണ് ഭരണകൂടം ചെയ്തത്. ബലപ്രയോഗത്തിലൂടെ ഭക്ഷണം തരുന്നത് തടയാൻ ജയിലിനുള്ളിൽ മനുഷ്യ തടവറ തീർത്ത് അവർ പ്രതിഷേധിച്ചു. ബലപ്രയോഗത്തിലൂടെ ഭക്ഷണം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ Temporary Discharge For Ill Health Act 1913 (Cat and mouse Act എന്നിയപ്പെട്ടു ) കൊണ്ടുവന്ന് നിരാഹാരികളെ മോചിപ്പിച്ചു.

 എമിലി വൈൽഡിംഗ് ഡേവിസൺ
എമിലി വൈൽഡിംഗ് ഡേവിസൺ

മോചനം മറ്റൊരു പീഡനമാണെന്ന് ഭരണകൂടത്തിനറിയാമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ നിയമ പ്രകാരം വിവാഹിതരായ സ്ത്രീകളും അവരുടെ സ്വത്തും മക്കളും പുരുഷന്റെതാണ്. അതുകൊണ്ട് ജയിൽ മോചിതരായ സ്ത്രീകളെ വീടുകളിൽ കയറ്റാൻ ഭർത്താക്കന്മാർ പലപ്പോഴും തയ്യാറായില്ല. അവരുടെ സ്വത്തുക്കൾ വിൽക്കാനും കുട്ടികളെ ദത്തു കൊടുക്കാനും ഭർത്താക്കന്മാർക്ക് തടസ്സം ഉണ്ടായിരുന്നില്ല. സ്ത്രീകളുടെ രാഷ്ട്രീയ സമരം ജീവിതത്തിലും ത്യാഗം തന്നെയായിരുന്നു.

സമരങ്ങളെ ഭരണകൂടവും മാധ്യമങ്ങളും അവഗണിക്കുകയും വോട്ടവകാശം അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്ത ഒരു ഘട്ടത്തിലാണ് എമിലി രക്തസാക്ഷിയാവുന്നത്. ലണ്ടനിലെ എപ്പിസം ഡർബിയിൽ രാജാവ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന കുതിരയോട്ട മത്സര സ്ഥലത്ത് അവൾ ആയിരക്കണക്കിന് കാണികളോടൊപ്പം എത്തി. നിമിഷനേരം കൊണ്ടാണ് 56 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവരുന്ന ജോർജ് അഞ്ചാമൻ രാജാവിന്റെ കുതിരയുടെ മുന്നിലേക്ക് അവൾ കുതിച്ചത്. കയ്യിൽ വോട്ട് ഫോർ വിമൻ എന്നെഴുതിയ സഫ്രഗേറ്റ് പതാകയുണ്ടായിരുന്നു. അത് രാജാവിനെ പുതപ്പിക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. ഒരു നിമിഷം. കുതിച്ചുപാഞ്ഞു വന്ന കുതിര അവളെ ഇടിച്ചു തെറിപ്പിച്ചു. നാല് ദിവസം അബോധാവസ്ഥയിൽ കിടന്ന അവൾ 1913 ജൂൺ എട്ടിന് തന്റെ നാല്പതാമത്തെ വയസ്സിൽ ലോകത്താകമാനം ഉള്ള സ്ത്രീകൾക്ക് വേണ്ടി രക്തസാക്ഷിയായി. എമിലിയുടെ ഉപന്യാസമായ പ്രൈസ് ഓഫ് ലിബർട്ടിയിൽ കുറിച്ചതു പോലെ ‘സുഹൃത്തുക്കൾക്ക് വേണ്ടി ജീവൻ ത്യജിക്കുക. അത് മഹത്വമുള്ളതും നിസ്വാർത്ഥവും പ്രചോദനകരവുമാണ്. ഇനിയും ജനിക്കാത്ത തലമുറകൾക്ക് കാൽവരിയുടെ ദുരന്തം അവതരിപ്പിക്കുക. അതാണ് വിപ്ലവകാരിയുടെ അവസാനത്തെ പൂർണമായ ത്യാഗം’. അത് അവൾ സ്വയം ഏറ്റെടുക്കുകയായിരുന്നു

എമിലി ഡേവിസന്റെ മൃതദേഹം സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോവുന്നു.  Photo: Bibliothèque nationale de France
എമിലി ഡേവിസന്റെ മൃതദേഹം സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോവുന്നു. Photo: Bibliothèque nationale de France

അരലക്ഷത്തിലധികം ആളുകളുടെ അകമ്പടിയോടെയാണ് അവളുടെ വിലാപയാത്ര ലണ്ടനിലെ തെരുവുകളിലൂടെ കടന്നുപോയത്.

ഉറച്ച ദൈവ വിശ്വാസിയും പോരാളിയുമായിരുന്നു എമിലി. അതു കൊണ്ടാവാം അവളുടെ ശവപ്പെട്ടിയിൽ ഇങ്ങനെ കുറിച്ചത്. ‘പോരാടുക ദൈവം വിജയം നൽകും’. ജോവാൻ ഓഫ് ആർക്കിന്റെ വേഷം ധരിച്ചെത്തിയ ആയിരക്കണക്കിന് ഡബ്ലിയു എസ് പി പ്രവർത്തകർ അവൾക്ക് അന്ത്യോപചാരം അർപ്പിച്ചു. അവളുടെ ഭൗതികശരീരം അടക്കം ചെയ്ത ന്യൂ കാസിൽ ഓൺ ടൈനിലെ (ബ്രിട്ടൺ) മേരി ദി വിർജിൻ പള്ളി ഇന്ന് ചരിത്ര സ്മാരകമാണ്.

പതിറ്റാണ്ടുകളോളം അവഗണിക്കപ്പെട്ട സ്ത്രീ വോട്ടവകാശം എന്ന നീതി ലോക ശ്രദ്ധയിൽ വരാൻ ഒരു സ്ത്രീയുടെ രക്തസാക്ഷിത്വം തന്നെ വേണ്ടി വന്നു.

1918 നവംബർ 21ന് സ്ത്രീകൾക്ക് വോട്ടവകാശം അനുവദിക്കുന്ന നിയമം ബ്രിട്ടീഷ് പാർലമെൻ്റ് പാസ്സാക്കി.

ബ്രിട്ടനിലെ സ്ത്രീ വോട്ടവകാശ സമരങ്ങൾ ഇന്ത്യയിലെ സ്ത്രീകൾക്കും പ്രചോദനമായിരുന്നു. 1917 ലാണ് ഇന്ത്യയിൽ സ്ത്രീ വോട്ടവകാശത്തിന് വേണ്ടി വിമൻസ് ഇന്ത്യൻ അസോസിയേഷൻ രൂപീകരിക്കുന്നത്. ചർച്ചകളും പൊതുയോഗങ്ങളും പ്രതിഷേധങ്ങളും ഒക്കെ സംഘടനയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. അംബുജ അമ്മാൾ, കമലാദേവി ചതോപാധ്യായ, മേരി പുന്നൻ ലൂക്കോസ്, ബീഗം ഹസ്രത്ത് മൊഹാനി, ഹീരാഭായ് ടാറ്റ തുടങ്ങി വലിയൊരു നേതൃത്വ നിര തന്നെ സ്ത്രീ വോട്ടവകാശത്തിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഉണ്ടായിരുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശത്തിനു വേണ്ടി സംസാരിച്ചത് സരോജിനി നായിഡു ആയിരുന്നു. അഞ്ച് ശതമാനം സ്ത്രീകളെ മത്സരിക്കാൻ അനുവദിച്ചുകൊണ്ട് സ്ത്രീ സംവരണം അവിടെ പ്രഖ്യാപിച്ചപ്പോൾ ശക്തമായ എതിർപ്പുകളാണ് ഉണ്ടായത്. എതിർപ്പിനെ തുടർന്ന് 2.5% സംവരണം പ്രവിശ്യാ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് അനുവദിച്ചു. നിരാശ പ്രകടിപ്പിച്ച് വൈസ്രോയിക്ക് കത്തയച്ച് പ്രതിഷേധിക്കുകയാണ് അന്ന് സ്ത്രീ പ്രവർത്തകർ ചെയ്തത്. ഇന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ത്രീകൾക്ക് നിയമപരമായ ഒരു തടസ്സവും ഇല്ലെങ്കിലും നിയമനിർമ്മാണ സഭകളിൽ 15 ശതമാനത്തിൽ താഴെയാണ് ഇപ്പോഴും സ്ത്രീ പ്രാതിനിധ്യം.

അംബുജ അമ്മാൾ, കമലാദേവി ചതോപാധ്യായ ,മേരി പുന്നൻ ലൂക്കോസ് ,ബീഗം ഹസ്രത്ത് മൊഹാനി, ഹീരാഭായ് ടാറ്റ
അംബുജ അമ്മാൾ, കമലാദേവി ചതോപാധ്യായ ,മേരി പുന്നൻ ലൂക്കോസ് ,ബീഗം ഹസ്രത്ത് മൊഹാനി, ഹീരാഭായ് ടാറ്റ

വളരെ ദീർഘിച്ച സമരങ്ങളിലൂടെ രൂപപ്പെട്ട 33 ശതമാനം സംവരണം നിയമമായിട്ടും അത് നടപ്പിലാക്കാൻ ഇനിയും വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സ്ഥിതിയാണ് സെപ്തംബർ 29-ന് നിയമമായ വനിതാ സംവരണ ബില്ലിനുളളത്. ലോകത്താകമാനം സ്ത്രീകൾ അക്രമസമരം നടത്തിയും കഠിനമർദ്ദനങ്ങൾ ഏറ്റുവാങ്ങിയും നേടിയ വോട്ടവകാശം പുരുഷപ്രതിനിധികളെ തെരഞ്ഞെടുക്കാൻ വിനിയോഗിക്കേണ്ടി വരുന്ന ഗതിേകടിലാണ് ഇന്ത്യയിലെ സ്ത്രീകൾ ഇപ്പോഴും ഉള്ളത്. ഇതവസാനിപ്പിക്കാൻ എമിലി ഡേവിസൻ്റെ ത്യാഗസ്മരണകൾ സ്ത്രീകൾക്ക് പ്രചോദനമാകേണ്ടതാണ്. മനുഷ്യരാശിയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ പൊതു നിശബ്ദത അർഹതപ്പെട്ട തുല്യ പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ നിശബ്ദത പാലിക്കാൻ ആണധികാരത്തിന് പ്രചോദനമാവുന്നു. സ്ത്രീകളുടെ കർതൃത്വത്തിൽ രൂപം കൊണ്ട തുല്യപ്രാതിനിധ്യ പ്രസ്ഥാനം ഒക്ടോബർ 11ന് കേരളത്തിൽ തുല്യപ്രാതിനിധ്യ അവകാശ പ്രഖ്യാപനം നടത്തുന്നത് ഈ നിശബ്ദതയെ ഭേദിക്കാൻ സ്ത്രീകളെ ആഹ്വാനം ചെയ്യുന്നതിന് വേണ്ടിയാണ്.


Summary: ‘ഇരുപതാം നൂറ്റാണ്ടിൽ ഒരു ആദർശത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ളവർ ഉണ്ടെന്ന് എമിലി ഡേവിസൺ തെളിയിച്ചു. ഇതിലും വലിയ സ്നേഹം മനുഷ്യർക്കില്ല. അ - വനിതാ അവകാശ പോരാളി എമിലി ഡേവിസനെക്കുറിച്ച്


എം. സുൽഫത്ത്​

എഴുത്തുകാരി, അധ്യാപിക. ഫോറം ഫോർ മുസ്​ലിം വിമൻസ് ജൻഡർ ജസ്റ്റിസിൻ്റെ പ്രവർത്തക.

Comments