പലസ്തീൻ എന്ന യാഥാർഥ്യം,
കേരളം എന്ന പ്രതികരണം

ഗാസയിൽ നടക്കുന്ന കൊടിയ അതിക്രമങ്ങൾ സങ്കടകരമാണ്. ഇതിനോടുള്ള പ്രതികരണങ്ങളിലൂടെ കേരളീയസമൂഹം വിഭജിതമാകുന്നത് അതിനേക്കാൾ സങ്കടമുണ്ടാക്കുന്നു. മാധ്യമങ്ങളും വിവിധ രാഷ്ട്രീയ സാംസ്കാരിക ഗ്രൂപ്പുകളെ നയിക്കുന്നവരും അവധാനതയോടെ തങ്ങളുടെ പ്രതികരണങ്ങൾ രൂപപ്പെടുത്തിയില്ലെങ്കിൽ പശ്ചിമേഷ്യയിലല്ല, കേരളത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് അത് കാരണമായേക്കും.

ലസ്തീനികളുടെ തലയിൽ കെട്ടിവച്ച ചെലവേറിയ രാഷ്ട്രീയപരീക്ഷണമാണ് ഇസ്രായേൽ. പലസ്തീൻ പ്രശ്നത്തിന്റെ ചരിത്രവും വർത്തമാനവും സാമാന്യമായി പരിശോധിക്കുന്ന ഒരുവിധപ്പെട്ടവർക്കൊക്കെ ഈ പ്രസ്താവനയുടെ പൊരുൾ മനസ്സിലാകും.

ഒക്ടോബർ ഏഴിനു പുലർച്ചെ ഗാസ ചീന്തിൽനിന്ന് ഹമാസിന്റെ സൈനികദളത്തിലെ അംഗങ്ങൾ ഇസ്രായേലിലേക്ക് ഇരച്ചുകയറിയതു മുതൽ പശ്ചിമേഷ്യയിൽ നടക്കുന്ന സംഭവവികാസങ്ങളിലേക്ക് കണ്ണോടിച്ചാൽ യുദ്ധം മേഖലയാകെ വ്യാപിച്ചതായി കാണാം. ഇസ്രായേലും അധിനിവേശിത ഗാസയിലെ ജനങ്ങളുമായാണ് പ്രത്യക്ഷയുദ്ധം.(ഹമാസിനോടാണ് യുദ്ധം എന്ന് പുറമേക്കു പറയുമെങ്കിലും ഇസ്രായേൽ ബോംബു വർഷിക്കുന്നതു മുഴുവൻ പലസ്തീനിയൻ സിവിലിയൻസിനു നേരെയാണ്.) വംശീയമായി തുടച്ചുനീക്കപ്പെടുകയോ ഒരിക്കൽക്കൂടി ഓടിപ്പോകേണ്ടിവരികയോ ചെയ്യേണ്ട അവസ്ഥയിലാണ് ഗാസയിലെ പലസ്തീനികൾ. ഏതു നിമിഷവും മരിച്ചേക്കാവുന്ന, ഉറ്റവരുടെ മരണവാർത്തകൾ കേൾക്കേണ്ടിവന്നേക്കാവുന്ന അവസ്ഥ.

ഇസ്രായേലും യുദ്ധാവസ്ഥയിലാണ്. ആയിരക്കണക്കിനു മനുഷ്യർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് റിസർവ് സൈനികർ യുദ്ധമുഖത്തേക്കെത്തിക്കഴിഞ്ഞു. പതിനെട്ടിനും ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ള ചെറുപ്പക്കാരാണ് അവരുടെ യുദ്ധമുഖത്തെ സൈനികരിൽ മിക്കവാറും. ഒരു രാജ്യത്തെ യുവാക്കളെല്ലാം ആയുധമെടുത്ത് പോരാടുന്ന അവസ്ഥ. ഒക്ടോബർ ഏഴിനും തുടർ സംഭവങ്ങളിലുമായി ഇസ്രായേലികളും മരിക്കുന്നു. ഗാസയിലെ നിവാസികളുടെ അവസ്ഥയോട് താരതമ്യമില്ലെങ്കിലും ഓരോ ഇസ്രായേലി കുടുംബവും യുദ്ധാവസ്ഥയെ അതിന്റെ എല്ലാ സന്ദിഗ്ദ്ധതകളോടും കൂടി അഭിമുഖീകരിക്കുകയാണ്.

പലസ്തീനിയൻ അഭയാർത്ഥികളുടെ സാന്നിധ്യം രാഷ്ട്രീയഘടന മാറ്റിക്കളഞ്ഞ രാജ്യമാണ് ലെബനോൻ. ആ രാജ്യത്തിന്റെ തെക്കു ഭാഗം നിയന്ത്രിക്കുന്നത് ഹിസ്ബുള്ള എന്ന പോരാളി സംഘമാണ്.

പലസ്തീനിയൻ അഭയാർത്ഥികളുടെ സാന്നിധ്യം രാഷ്ട്രീയഘടന മാറ്റിക്കളഞ്ഞ രാജ്യമാണ് ലെബനോൻ. ആ രാജ്യത്തിന്റെ തെക്കു ഭാഗം നിയന്ത്രിക്കുന്നത് ഹിസ്ബുള്ള എന്ന പോരാളി സംഘമാണ്. ഹമാസിനോട് ഐക്യപ്പെട്ട് അവരും ഇസ്രായേലിലേക്ക് റോക്കറ്റുകളും ഷെല്ലുകളും വർഷിക്കുന്നു. ചില മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. നൂറുക്കണക്കിനു കുടുംബങ്ങളെ ഇസ്രായേൽ വടക്കൻ അതിർത്തി ഗ്രാമങ്ങളിൽനിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കയാണ്. ഏതു നിമിഷവും തുറന്ന യുദ്ധത്തിലേക്ക് കക്ഷി ചേരുമെന്ന് ഹിസ്ബുള്ളയുടെ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ചരിത്രപരമായും രാഷ്ട്രീയമായും ഇന്ത്യക്കും മലയാളികൾക്കും അടുപ്പം പലസ്തീൻ ജനതയോടാണ്.

സിറിയയിലെ തന്ത്രപ്രധാനമായ എയർപോർട്ടുകൾ തങ്ങൾക്കെതിരെ ഉപയോഗിച്ചേക്കുമെന്ന് ഭയന്ന് അലെപ്പോയിലെയും ഡമാസ്കസിലെയും എയർപ്പോർട്ടുകൾ ഇസ്രായേൽ ആക്രമിച്ചു തകർത്ത വാർത്തകളും വന്നു. ചെങ്കടൽ തീരത്തെ യമനിൽനിന്ന് ഹൂതി വിമതർ ഇസ്രായേലിനെ ലക്ഷ്യമാക്കി ദീർഘദൂര മിസൈലുകൾ പലവട്ടം അയക്കുകയുണ്ടായി. ഇത് പ്രതിരോധിക്കാൻ ചെങ്കടലിലേക്ക് ഇസ്രായേൽ നാവികസേന നീങ്ങിയതായി വാർത്തയുണ്ട്. മെഡിറ്ററേനിയൻ കടലിൽ അമേരിക്കൻ വിമാനവാഹിനികൾ തമ്പടിച്ച വാർത്തകൾ നേരത്തേ വന്നിരുന്നു.

ഗാസയുമായി അതിർത്തി പങ്കിടുന്ന ഈജിപ്ത് വലിയ അഭയാർത്ഥിപ്രവാഹത്തെ മുഖാമുഖം കാണുന്നു. പ്രോക്സി സൈന്യങ്ങളിലൂടെ ഇറാനിയൻ സാന്നിധ്യം ഇപ്പോൾത്തന്നെ മേഖലയിലുണ്ട്. ഇതിനുപുറമെ നേരിട്ടുള്ള ഒരാക്രമണം ഇസ്രായേലും അമേരിക്കയും ഇറാന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. സൗദി അറേബ്യ, യു.എ.ഇ., ഖത്തർ തുടങ്ങിയ അറബ് രാജ്യങ്ങളും തുർക്കിയും റഷ്യയും നയതന്ത്ര ഇടപെടലുകളും പ്രത്യക്ഷത്തിലല്ലാതെയുള്ള കക്ഷിചേരലുകളുമായി രംഗത്തുണ്ട്. ചൈന മേഖലയിലേക്ക് പ്രധാനപ്പെട്ട നേതാവിനെ അയച്ചതായും വാർത്തകൾ വന്നിരുന്നു.

ഓരോ യുദ്ധമുഖവും സാമ്പത്തികശാസ്ത്രയുക്ത്യാ മനസ്സിലാക്കിയാൽ ബില്യൻ ഡോളർ ഇടപാടുകളാണ്. അല്ലലില്ലാതെ കഴിഞ്ഞിരുന്ന പശ്ചിമേഷ്യയിൽ ഒരു സയണിസ്റ്റു രാജ്യം രൂപീകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് ഏതാണ്ട് ഒരു നൂറ്റാണ്ടെത്തുന്ന ചെലവേറിയ സംഭവവികാസങ്ങളിലേക്ക് മേഖലയെ എത്തിച്ചത്. പ്രശ്നങ്ങൾ രണ്ടോ മൂന്നോ ദശകങ്ങൾകൊണ്ട് തീർന്നില്ല. നിരവധി തുറന്ന യുദ്ധങ്ങൾ, ആഴത്തിലുള്ള മുറിവേൽക്കലുകൾ. പറഞ്ഞു തീർക്കാനാവാത്ത വിധം പകയും സാമ്രാജ്യത്വമോഹങ്ങളും മേഖലയെ തുടർച്ചയായി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. പശ്ചിമേഷ്യയിലെ പാശ്ചാത്യ താൽപര്യങ്ങൾക്കായി ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലുമായി ട്രില്യൺ കണക്കിന് ഡോളറുകളാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഫലമോ, നിത്യമായ അശാന്തിയും കരളു കലങ്ങുന്ന മരണവാർത്തകളും മാത്രം.

ഗാസയിലേക്കുള്ള ഇസ്രായേൽ പടനീക്കത്തിൽ പരസ്യമായി ആഹ്ലാദം പ്രകടിപ്പിക്കുകയും ഇസ്രായേലിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ശകാരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ന് കേരളത്തിലുണ്ട്.

അകലെനിന്ന് യുദ്ധവാർത്തകൾ ശ്രദ്ധിക്കാനും ഏതെങ്കിലുമൊരു പക്ഷത്തു ചേർന്ന് അഭിപ്രായങ്ങൾ പറയാനും എളുപ്പമാണ്. യുദ്ധങ്ങളുണ്ടാകാതെ നോക്കുക എന്നതാണ് ഒരു പരിഷ്കൃതസമൂഹത്തിന്റെ പ്രഥമ അജണ്ടയായി വരേണ്ടത്. അത്തരത്തിലുള്ള അഭിപ്രായരൂപീകരണത്തിനുതകുന്ന വിധം വേണം കേരളത്തിൽനിന്നുപോലും ശബ്ദമുയരേണ്ടത് എന്ന് ഞാൻ വിചാരിക്കുന്നു. യുദ്ധം ആരംഭിക്കുന്നത് രാഷ്ട്രീയനേതൃത്വത്തിന്റെ ആവശ്യമനുസരിച്ച് ഏതെങ്കിലും സൈന്യങ്ങളാകാമെങ്കിലും അത് അവസാനിപ്പിക്കുന്നത് ജനങ്ങളാണ്. സൈന്യത്തേക്കാൾ കരുത്ത് ഉറപ്പായും ജനാഭിപ്രായങ്ങൾക്കുണ്ട്. പ്രൊപ്പഗാന്റകൾകൊണ്ട് ലോകത്താകെയുള്ള ജനങ്ങളെ യുദ്ധത്തിൽ കണ്ണിചേർക്കാനുള്ള യുദ്ധോത്സുകഭരണകൂടങ്ങളുടെ അജണ്ടകളിൽ ആരും വീണുപോകരുത്. ബോംബു വീണ് പൊട്ടിത്തെറിക്കുന്ന കുഞ്ഞുങ്ങളെയോർത്ത് രോഷത്തോടെ വിലപിക്കാം. പക്ഷേ അവിടെ നിന്നുപോകരുത്. അത്തരമൊരു സാഹചര്യമില്ലാതിരിക്കാൻ ആവുന്നത് ചെയ്യുകയും വേണം. ഗാസയിൽ ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ നടത്തുന്ന പ്രതികരണങ്ങൾ പലപ്പോഴും ഇത്തരമൊരു യുക്തിയെ ഉൾവഹിക്കുന്നവയല്ല.

പലസ്തീനിലെ സംഘർഷ ഭൂമി

ചരിത്രപരമായും രാഷ്ട്രീയമായും ഇന്ത്യക്കും മലയാളികൾക്കും അടുപ്പം പലസ്തീൻ ജനതയോടാണ്. മലയാളികളെ സംബന്ധിച്ച് അറബ് ദേശങ്ങളുമായി ആയിരത്താണ്ടുകളുടെ ബന്ധമുണ്ട്. അറബിക്കടൽ വാണിജ്യകാലത്തും സൂയസ് കനാലിന്റെ വരവോടെ യൂറോപ്പുമായുള്ള വ്യാപാരം ത്വരിതഗതിയിലായപ്പോഴും പശ്ചിമേഷ്യൻ രാജ്യങ്ങളുമായും രാഷ്ട്രീയവുമായും നമുക്കു ബന്ധമുണ്ട്. 1990-കൾ വരെ ഇസ്രായേലുമായി ഇന്ത്യക്ക് നയതന്ത്രബന്ധമുണ്ടായിരുന്നില്ല. 1950 സെപ്തംബറിൽ ഇന്ത്യ, ഇസ്രായേൽ എന്ന രാജ്യത്തെ അംഗീകരിക്കുകയും ബോംബെയിൽ ഇസ്രായേൽ ഒരു ഇമിഗ്രേഷൻ ഓഫീസ് ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും 1992-ൽ മാത്രമാണ് ഇരുരാജ്യങ്ങളും എംബസികൾ സ്ഥാപിച്ച് പൂർണ നയതന്ത്രബന്ധത്തിലേക്കു കടക്കുന്നത്. ആഗോളവൽക്കരണത്തിന്റെ തുറസ്സുകൾ തൊണ്ണൂറുകളോടെ മലയാളികളെ ധാരാളമായി ഇസ്രായേലിലെത്തിക്കുന്നുണ്ട്. രാഷ്ട്രീയ, വിശ്വാസകാരണങ്ങളാൽ മുസ്‍ലിംകൾ ഇസ്രായേലിനെ തൊഴിൽമേഖല എന്ന നിലയിൽ ഒരിക്കലും സ്വീകരിച്ചുമില്ല. ഇത് ഇസ്രായേലുമായി ബന്ധപ്പെട്ട അഭിപ്രായരൂപീകരണത്തിൽ മലയാളികളെ രണ്ടു തട്ടിലാക്കിയിട്ടുണ്ട്. ഈ തട്ടു തിരിയലിന്റെ കാലം 2023-ലേക്ക് ഇരുപത്തൊന്ന് വർഷമാണ്. ഈ ഇരുപത്തൊന്നു വർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ച് രാഷ്ട്രീയമായും ഏറെ നിർണായകമാണല്ലോ. ബാബരി മസ്ജിദ് തകർക്കപ്പെടുന്നത് 1992-ലാണ്. അതിനെ തുടർന്നുണ്ടായ സാമുദായിക വിഭജനം, ബോധപൂർവം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന ഹിന്ദു കൺസോളിഡേഷനും മുസ്‍ലിം അപരത്വവും എന്നിവ ചേർന്ന് രാജ്യാന്തര രാഷ്ട്രീയ ബോധ്യങ്ങളുടെ കാര്യത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടു വരുന്ന കാലമാണ് ഇത്. കമ്യൂണിസ്റ്റ് ചേരിയെന്നും പാശ്ചാത്യ ചേരിയെന്നും രണ്ടു വക രാഷ്ട്രീയാഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ കമ്യൂണിസ്റ്റ് ചേരിയിലൂന്നിയ അഭിപ്രായങ്ങൾക്ക് ക്രമേണ കരുത്ത് കുറഞ്ഞു വന്നിരുന്നു. ഇതിന് ആനുപാതികമായി തീവ്ര വലതുപക്ഷ ആശയങ്ങൾക്ക് പതിയെ പ്രാമുഖ്യം കിട്ടാനും അത് ദൃശ്യത കൈവരിക്കാനും തുടങ്ങി.

ഗാസയിലേക്കുള്ള ഇസ്രായേൽ പടനീക്കത്തിൽ പരസ്യമായി ആഹ്ലാദം പ്രകടിപ്പിക്കുകയും ഇസ്രായേലിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ശകാരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ന് കേരളത്തിലുണ്ട്. അഖിലേന്ത്യാടിസ്ഥാനത്തിലാണെങ്കിൽ അതിന് കൂടുതൽ പ്രാമുഖ്യമുണ്ട്. ഒക്ടോബർ ഏഴിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേലിന് നിരുപാധിക പിന്തുണയും പ്രഖ്യാപിക്കുകയുണ്ടായല്ലോ. ഇത്തരമൊരു രാഷ്ട്രീയസാഹചര്യത്തിൽ പശ്ചിമേഷ്യൻ വിഷയത്തിൽ പ്രകടിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങളിൽ മലയാളി എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും

1896-ഫെബ്രുവരിയിൽ സയണിസത്തിന്റെ പിതാവ് തിയഡോർ ഹെർസൽ ദി ജ്യൂയിഷ് സ്റ്റേറ്റ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതു മുതലാണോ യു.കെ.യുടെ ഫോറിൻ സെക്രട്ടറിയായിരുന്ന ആർതർ ബാൽഫർ ബ്രിട്ടീഷ് ജ്യൂയിഷ് കമ്യൂണിറ്റിയുടെ നേതാവായ ലോർഡ് രോറ്റ്ഷിൽഡിന്, പലസ്തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാമെന്ന് ഉറപ്പു നൽകിക്കൊണ്ട് കൈമാറിയ  രേഖയായ ബാൽഫർ ഡിക്ലറേഷനു ശേഷമാണോ പലസ്തീനിലെ അറബ് മുസ്‍ലിം, അറബ് ക്രിസ്ത്യൻ, ജൂത സമൂഹങ്ങൾ കൊടിയ ദുരന്തങ്ങളിലേക്ക് തള്ളിവിടപ്പെട്ടത് എന്ന് ഇപ്പോൾ പറയാനാകില്ല. ചരിത്രത്തിന്റെ ദശാസന്ധികളുടെ നിമിത്തങ്ങൾ അതിനും മുമ്പേ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടാകണം. അതെന്തായാലും തുടക്കത്തിൽ പറഞ്ഞതുപോലെ, ഇതൊരു ചെലവേറിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു എന്ന് ഇന്ന് നിസ്സംശയം പറയാം. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ സമാനതകളില്ലാത്ത ദുരിതങ്ങളനുഭവിച്ചത് പലസ്തീനികളാണെന്ന കാര്യത്തിലും തർക്കമില്ല. മനസ്സുകൊണ്ട് പലസ്തീൻ ജനതയോടൊപ്പമല്ലാതെ നിൽക്കാനും കഴിയില്ല. അതോടൊപ്പം ഇന്ത്യയിലും കേരളത്തിലും രൂപപ്പെട്ടു വരുന്ന രാഷ്ട്രീയാന്തരീക്ഷം ഇതിനോടുള്ള പ്രതിരകരണങ്ങളിൽ ഉറപ്പായും പരിഗണിക്കേണ്ടതുണ്ട്.

പശ്ചിമേഷ്യയോട് മലയാളിക്കുള്ള സവിശേഷ രാഷ്ട്രീയച്ചായ്‍വുകൾ മലയാളികളുടെ അഭിപ്രായങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.

വായിച്ചറിവുകളല്ലാതെ പലസ്തീനിൽ എനിക്കാരെയും വ്യക്തിപരമായി പരിചയമില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ പലസ്തീനിൽ ജോലി ചെയ്യുന്നവരായി ഇല്ല. അതേസമയം ഇസ്രായേലിൽ പരിചയക്കാരുണ്ട്. ഇസ്രായേലി പൌരർ തന്നെ പരിചയക്കാരുടെ കൂട്ടത്തിലുണ്ട്. അവിടെനിന്നുള്ള അക്കാദമിസ്റ്റുകൾ, അവിടെ പഠിച്ച ഗവേഷകർ, അവിടെ ജോലി തേടിപ്പോയവർ ഒക്കെ അടുപ്പക്കാരായും പരിചയക്കാരായും ഉണ്ട്. രാഷ്ട്രീയമായി ഇസ്രായേലിനെ എതിർക്കുമ്പോഴും ഇസ്രായേലുമായാണ് നിത്യജീവിതബന്ധം കൂടുതൽ എന്നൊരു വൈരുദ്ധ്യം ഇന്നുണ്ട്.

ഐക്യരാഷ്ട്രസഭ 1947-ൽ അംഗീകരിച്ച പലസ്തീൻ- ഇസ്രായേൽ രാഷ്ട്രങ്ങളുടെ അതിരുകൾ ഇനി പുനഃസ്ഥാപിക്കുക അസാധ്യമാണ്. 1967-ലെ യുദ്ധത്തിനു മുമ്പുള്ള അതിരുകളിലേക്കുള്ള തിരിച്ചു പോക്കു പോലും ഇനി ശ്രമകരമാണ്. 1993-ലും 1995-ലുമായി ചിട്ടപ്പെടുത്തിയ ഓസ്‍ലോ കരാറുകളനുസരിച്ച് 1967-നു മുമ്പുള്ള അതിർത്തിയിലേക്ക് ഇസ്രായേൽ പിൻവാങ്ങുകയും ക്രമേണ സ്വതന്ത്ര പലസ്തീൻ സ്ഥാപിക്കുകയും ചെയ്യാമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും തുടർന്ന് ഇരു രാഷ്ട്രങ്ങളിലുമുണ്ടായ സങ്കീർണ രാഷ്ട്രീയ സംഭവവികാസങ്ങൾ കരാർ പാലിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുന്നു. ഇരു ദേശീയതകളെയും നയിക്കുന്ന അസാമാന്യ ഇച്ഛാശക്തിയുള്ള നേതാക്കളും ലോകരാജ്യങ്ങളുടെ ആത്മാർത്ഥവും സ്ഥിരവുമായ ഇടപെടലുകളുമില്ലാതെ ഇത് നടപ്പിലാവുകയില്ല. യുദ്ധസാഹചര്യവും കൂട്ടക്കൊലകളും മനുഷ്യരുടെ അറ്റമില്ലാത്ത അരക്ഷിതാവസ്ഥയും തുടരുകയും ചെയ്യും.  

തിയഡോർ ഹെർസൽ / Photo: Central Zionist Archive

പശ്ചിമേഷ്യയോട് മലയാളിക്കുള്ള സവിശേഷ രാഷ്ട്രീയച്ചായ്‍വുകൾ മലയാളികളുടെ അഭിപ്രായങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ചരിത്രം, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയ കാര്യങ്ങൾ കൊണ്ട് മനുഷ്യർക്ക് രാഷ്ട്രീയഗതികളിൽ പക്ഷമുണ്ടാവുക സ്വാഭാവികമാണ്. ഈ പക്ഷപാതം പക്ഷേ തിരിച്ചറിയപ്പെടാറില്ല. യുദ്ധത്തിന്റെ കാര്യത്തിലാണെങ്കിൽ ആളുകൾ ധരിക്കുക അവരുടെ നിലപാട് ലോകത്തു നടക്കുന്ന സകല യുദ്ധങ്ങൾക്കും കെടുതികൾക്കും എതിരാണ് എന്നാണ്. സമകാല ലോക സംഭവവികാസങ്ങളോടുള്ള മലയാളിയുടെ പ്രതികരണങ്ങൾ നോക്കിയാൽ അതങ്ങനെയല്ല എന്നു മനസ്സിലാകും.

91 ശതമാനം സുന്നി മുസ്‍ലിംകൾ ജീവിക്കുന്ന രാജ്യമാണ് ഉത്തരാഫ്രിക്കൻ രാജ്യമായ സുഡാൻ. ഈ വർഷം ഏപ്രിലിൽ സുഡാനീസ് ആംഡ് ഫോഴ്സും പാരമിലിറ്ററി റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും തമ്മിൽ ആരംഭിച്ച പോരാട്ടത്തിൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു കഴിഞ്ഞു. ഒരുപക്ഷേ ഗാസയിൽ കൊല്ലപ്പെട്ടതിനേക്കാൾ ഏറെ. മുപ്പതു ലക്ഷത്തിലധികം മനുഷ്യർക്ക് നാടും വീടും വിട്ട് ഓടിപ്പോകേണ്ടി വന്നു. ഇക്കാര്യത്തിൽ എത്ര മലയാളികൾക്ക് ആശങ്കയുണ്ട്, ആരൊക്കെ ഈ വാർത്ത പിന്തുടർന്നിട്ടുണ്ട്? പശ്ചിമേഷ്യൻ പ്രശ്നങ്ങളുടെ ഒരു നൂറ്റാണ്ടു നീണ്ട ചരിത്രം വിശദീകരിക്കാൻ കഴിയുന്ന എത്ര പേർക്ക് സുഡാനിലെ പ്രശ്നങ്ങളുടെ രാഷ്ട്രീയചരിത്രവും പാശ്ചാത്യതാൽപര്യങ്ങളും വിശദീകരിക്കാൻ സാധിക്കും?

പഴയ സോവിയറ്റ് ഘടക റിപ്പബ്ലിക്കായ അസർബൈജാനിൽ പെട്ട നഗോർണോ കരാബഖിൽനിന്ന് (Nagorno-Karabakh) ലക്ഷത്തിലധികം അർമേനിയൻ എത്നിക് ന്യൂനപക്ഷത്തിന് ഈയിടെ അർമേനിയയിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു. ഓട്ടോമൻ കാലം മുതലുള്ള രാഷ്ട്രീയഭൂമിശാസ്ത്രവിതരണത്തിൽ പെട്ടുപോയവരാണ് ആ മനുഷ്യർ. അർമേനിയൻ ക്രിസ്ത്യാനികളെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വികാരംകൊണ്ട തീവ്രവലതുപക്ഷ ക്രിസ്ത്യൻ ഗ്രൂപ്പുകാരെ നമ്മളാരെങ്കിലും കണ്ടിരുന്നോ?  

സുഡാനിലെ പാരാമിലിറ്ററി റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്

ഏഷ്യയുടെ ആഫ്രിക്കൻ അതിരിലുള്ള രാജ്യമായ യമൻ ഒരു മുസ്‍ലിം രാജ്യമാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികൾ ആ രാജ്യത്തുണ്ടാക്കിയ രാഷ്ട്രീയസംഘർഷങ്ങൾ തുറന്ന ആഭ്യന്തര യുദ്ധമായിട്ട് വർഷങ്ങളായി. സൌദി അറേബ്യയും യു.എ.ഇ.യും ഔദ്യോഗിക സുന്നീ വിഭാഗങ്ങളെ പിന്തുണച്ചപ്പോൾ ഇറാൻ ഹൂതി വിമതരെ സഹായിച്ചു. ഈ പ്രോക്സി താൽപര്യങ്ങൾ നയിച്ച യുദ്ധത്തിൽ ആയിരക്കണക്കിനു മനുഷ്യർ കൊല്ലപ്പെടുകയും ലക്ഷങ്ങൾക്ക് സ്വത്തുവകകൾ നഷ്ടമാവുകയും ചെയ്തു. യമനികളോട് നാം വൈകാരിക ഐക്യം കാണിച്ചിരുന്നോ? പറയുകയാണെങ്കിൽ ഇനിയുമുണ്ട് ധാരാളം പറയാൻ.

കേരളത്തിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ ഓൺലൈനായി പഴയ ഒരു ഹമാസ് നേതാവ് പങ്കെടുത്ത് സംസാരിച്ചിരുന്നു. പലസ്തീൻ പോരാട്ടങ്ങളിൽ ഹമാസ് എവിടെ നിൽക്കുന്ന സംഘടനായാണെന്ന് ഒരുവിധപ്പെട്ടവർക്കൊക്കെ അറിയാം. ലോകത്താകെ സായുധസംഘർഷങ്ങളിൽ കക്ഷികളായവർ ഓരോരുത്തരുടെയും രാഷ്ട്രീയ താൽപര്യമനുസരിച്ച് സ്വാതന്ത്ര്യപ്പോരാളികളോ ഭീകരരോ ആണ്. പാശ്ചാത്യ ശക്തികൾക്ക് ഭീകരരായ ഹമാസ് വലിയൊരു വിഭാഗത്തിന് സ്വാതന്ത്ര്യപ്പോരാളികളാണ്. 1980-കളുടെ അവസാനം ഇങ്ങനെയൊരു മതാധിഷ്ഠിത ഗ്രൂപ്പിനെ ഉണ്ടാക്കിയെടുത്തത് ഇസ്രായേൽ തന്നെയാണെന്നത് സൗകര്യപൂർവം മറന്നു കളയരുത്. പലസ്തീൻ വിമോചന പോരാട്ടം മതാടിസ്ഥാനത്തിലാക്കുക എന്നത് ഇസ്രായേൽ താൽപര്യമായിരുന്നു. ഹമാസിനെ പിന്തുണയ്ക്കുന്നവർ ഈ ചരിത്രം വിസ്മരിച്ചുകൂടാ. ഇന്നത്തെ ഗാസയിൽ കാണുന്ന പള്ളികളും മതപാഠശാലകളും സ്ഥാപിക്കുന്നതിന് ഇസ്രായേൽ ഫണ്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഇൻതിഫാദയോടെ ഹമാസ് ഇസ്രായേലിന്റെ നമ്പർ വൺ ശത്രുവായി എന്നത് ചരിത്രത്തിന്റെ തിരിച്ചടിയായി കാണണം. അഫ്ഗാനിലെ മുജീഹിദ്ദീനുകളുടെ കാര്യത്തിലായാലും പശ്ചിമേഷ്യയിൽ ഇടക്കാലത്ത് പൊട്ടിമുളച്ചടങ്ങിയ ഐ എസ് ഐ സിന്റെ കാര്യത്തിലായാലും ഇത്തരം ശക്തികളെ രൂപപ്പെടുത്തുകയും സമയം കഴിഞ്ഞ് നിഗ്രഹിക്കുകയും ചെയ്യുന്നത് ഒരു പാശ്ചാത്യപദ്ധതിയാണ്. ബ്ലാക് ആന്റ് വൈറ്റായി പറയാവുന്ന ഒന്നല്ല ഇതെങ്കിലും പാശ്ചാത്യതാൽപര്യങ്ങൾ നിർണായകമായിരുന്നു.

ഹമാസ് സൈന്യം

നിലവിൽ ഗാസയിൽ നടക്കുന്ന കൊടിയ അതിക്രമങ്ങൾ സങ്കടകരമാണ്. ഇതിനോടുള്ള പ്രതികരണങ്ങളിലൂടെ കേരളീയസമൂഹം വിഭജിതമാകുന്നത് അതിനേക്കാൾ സങ്കടമുണ്ടാക്കുന്നു. മാധ്യമങ്ങളും വിവിധ രാഷ്ട്രീയ സാംസ്കാരിക ഗ്രൂപ്പുകളെ നയിക്കുന്നവരും അവധാനതയോടെ തങ്ങളുടെ പ്രതികരണങ്ങൾ രൂപപ്പെടുത്തിയില്ലെങ്കിൽ പശ്ചിമേഷ്യയിലല്ല, കേരളത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് അത് കാരണമായേക്കും. ലോകത്തു നടക്കുന്ന ഏതു യുദ്ധത്തിലും പരിതപിക്കാം. ഒരു യുദ്ധമുണ്ടാകാതിരിക്കാൻ സാധ്യമായതു ചെയ്യാം. അഭിപ്രായരൂപീകരണം നടത്താം. ഒരിക്കലും യുദ്ധം സ്വന്തം വീട്ടുമുറ്റത്തേക്ക് കൊണ്ടുവരരുത്.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments