Photo: Motaz Azaiza

വംശഹത്യക്കൊപ്പം പലസ്തീനിൽ നടക്കുന്നത് അക്കാദമികഹത്യ കൂടിയാണ്

സെപ്തംബർ 9 ന് മധ്യേഷ്യൻ രാജ്യങ്ങളിൽ പുതിയ അധ്യയനവർഷം ആരംഭിച്ചു. ഗാസയിലേയും, വെസ്റ്റ് ബാങ്കിലേയും കുട്ടികൾക്ക് പോകാൻ സ്കൂളുകളുണ്ടാവുകയില്ല. ഒന്നുകിൽ അത് തകർക്കപ്പെട്ടിരിക്കാം, അല്ലെങ്കിൽ അഭയാർത്ഥി കേന്ദ്രമോ സൈനികക്യാമ്പോ ആയി മാറിയിട്ടുണ്ടാവാം. ഒരുപക്ഷേ, ലോകത്തെ ഏറ്റവും വിദ്യാസമ്പന്നരായ അഭയാർഥികളെന്ന നിലയിൽ പലസ്തീനിലെ മനുഷ്യർ നടത്തുന്ന സമരം വിദ്യാഭ്യാസാവകാശത്തിന്റെ സംരക്ഷണത്തിനു വേണ്ടിയായിരിക്കും - കെ.വി. മനോജ് എഴുതുന്നു.

ധ്യേഷ്യയിൽ പുതിയ അക്കാദമിക വർഷത്തിനു തുടക്കമാവുമ്പോൾ പലസ്തീനിലെ മനുഷ്യർ സമാനതകളില്ലാത്ത അക്കാദമിക കൂട്ടക്കുരുതിയ്ക്കു വിധേയമാവുകയാണ്. വിദ്യാഭ്യാസവ്യവസ്ഥയ്ക്കും, സ്ഥാപനങ്ങൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരായ കടന്നാക്രമണങ്ങളുടെ ചോരയിൽ കുതിർന്ന ഏടുകളായി പലസ്തീനിലെ ഇസ്രയേൽ അധിനിവേശം മാരകസ്വഭാവമാർജ്ജിക്കുകയാണ്.

സുരക്ഷിതമായ അഭയകേന്ദ്രങ്ങൾ തേടിയുള്ള പരക്കംപാച്ചിലിനിടയിൽ പിടഞ്ഞുവീഴുന്ന മനുഷ്യരുടെ നിസ്സഹായമായ നിലവിളികളാണ് ഗാസയിലും വെസ്റ്റ് ബാങ്കിലും നിന്നുയരുന്നത്. പലസ്തീനിലെ ആറരലക്ഷത്തോളം കുട്ടികൾ പുതിയ അക്കാദമിക വർഷത്തിലും നിശ്ശൂന്യവും, നിരാലംബവുമായ ഭാവിയെ വേദനയോടെ ഉറ്റുനോക്കുകയാണ്. അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് പുറത്തുകടക്കാനാവാതെ ഒരു ജനതയൊന്നാകെ പൂർണ്ണമായും ബന്ദികളാക്കപ്പെട്ടിരിക്കുന്നു.

2023 ഒക്ടോബർ ഏഴിനു ശേഷമുള്ള ഇസ്രയേൽ ആക്രമണങ്ങളുടെ സ്വഭാവം നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാകും. വ്യക്തമായ അജണ്ടയോടെ,കൃത്യമായ ആസൂത്രണത്തോടെ, പലസ്തീൻ വിദ്യാഭ്യാസവ്യവസ്ഥയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഭയാർത്ഥി കേന്ദ്രങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുമേൽ നിരന്തരവും വിനാശകരവുമായ അതിക്രമങ്ങൾ ഇസ്രായേൽ സൈന്യം നടത്തുന്നത്. ആ നിലയിൽ ഇത് പലസ്തീൻ വിദ്യാഭ്യാസത്തിനെതിരായ യുദ്ധമാണ്.

Photo: samarabuelouf
Photo: samarabuelouf

പലസ്തീനികളെ സംബന്ധിച്ച് ദീർഘകാലമായി തുടരുന്ന അധിനിവേശത്തിൽ പരസ്പരം വേർതിരിക്കപ്പെട്ട ദേശങ്ങൾ തമ്മിലുള്ള ജൈവബന്ധവും, ചിന്തകളുടെ കൈമാറ്റവും, ആശയപരമായ പ്രതിരോധവും രൂപപ്പെടുത്തുന്ന കേന്ദ്രങ്ങളെന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഏറെ യുദ്ധങ്ങളും കടന്നാക്രമണങ്ങളും നടത്തിയിട്ടും, കീഴടങ്ങാൻ കൂട്ടാക്കാത്ത ജനതയുടെ ചെറുത്തുനില്പിനുള്ള അവസാന സമരായുധമെന്ന നിലയിൽ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളെയാകെ തച്ചുടയ്ക്കുകയാണ് ഇസ്രായേലിലെ തീവ്രവലതുപക്ഷ ഭരണകൂടം. അറിവ് എല്ലാത്തരം അടിച്ചമർത്തലുകളെയും കുടഞ്ഞുകളയാൻ പ്രേരിപ്പിക്കുന്ന വിമോചക സാധ്യതയാണെന്ന ചരിത്രം നമുക്കു മുന്നിലുണ്ടല്ലോ.

സ്വാതന്ത്ര്യത്തിനും, സ്വയം നിർണ്ണയാവകാശത്തിനുള്ള പലസ്തീൻ ജനതയുടെ അവകാശങ്ങളെയാകെ തച്ചുടയ്ക്കാൻ വിദ്യാഭ്യാസനിഷേധത്തിലൂടെ സാധ്യമാകുമെന്ന ഫാഷിസ്റ്റ് പദ്ധതിയുടെ നടത്തിപ്പുകാരായി ഇസ്രായേൽ ഭരണകൂടം മാറുമ്പോൾ പ്രതിരോധശബ്ദങ്ങൾ തീർത്തും ദുർബലമാവുകയാണ്. ഐക്യരാഷ്ട്ര സംഘടനയും, രാജ്യാന്തര നീതിന്യായ കോടതിയുമെല്ലാം അധിനിവേശ രാഷ്ട്രീയത്തിന്റെ തേർവാഴ്ചയിൽ നിശ്ശബ്ദരാണ്.

പുറമെയ്ക്ക് എതിർക്കുന്നുവെന്ന് ഭാവിക്കുന്നെങ്കിലും ബൈഡൻ ഭരണകൂടത്തിന്റെ സൈനിക- സാമ്പത്തിക സഹായം നിർലോപം ഇസ്രായേലിനു ലഭ്യമാകുന്നുണ്ട്. സാമ്പത്തിക അസ്ഥിരതയ്ക്കിടയിലും 2600 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് യു.എസ് ഭരണകൂടം, യുദ്ധക്കുറ്റവാളിയായി രാജ്യാന്തരസമൂഹത്തിനു മുന്നിൽ നിൽക്കുന്ന ഇസ്രായേലിനു നൽകിയത്.

ജൂൺ ആറിന് നുസൈറത്തിലെ സ്കൂളിന് സമീപം പൊട്ടിത്തെറിച്ച മിസൈലിൻറെ അവശിഷ്ടം. യു.എസിൽ നിർമിച്ചതെന്ന് സൂചിപ്പിക്കുന്ന മാനുഫാക്ചർ നമ്പറും കാറ്റഗറി നമ്പറും കാണാം. / Photo: Sanad, Aljazeera
ജൂൺ ആറിന് നുസൈറത്തിലെ സ്കൂളിന് സമീപം പൊട്ടിത്തെറിച്ച മിസൈലിൻറെ അവശിഷ്ടം. യു.എസിൽ നിർമിച്ചതെന്ന് സൂചിപ്പിക്കുന്ന മാനുഫാക്ചർ നമ്പറും കാറ്റഗറി നമ്പറും കാണാം. / Photo: Sanad, Aljazeera

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കുമെതിരെ, കഴിഞ്ഞ കാലങ്ങളിൽ ലോകമെങ്ങുമുള്ള സമാധാന സ്നേഹികളായ മനുഷ്യർ ഉയർത്തിയിരുന്ന പ്രതികരണങ്ങൾക്കുമേൽ ഹിംസയെ ന്യായീകരിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾ ആധിപത്യം സ്ഥാപിക്കുകയാണ്. അതിതീവ്ര ദേശീയത, വംശീയത, അപരമതവിദ്വേഷം, സമഗ്രാധിപത്യ പ്രവണത, ആക്രമണ മനോഭാവം, ന്യൂനപക്ഷ വിരുദ്ധത എന്നിങ്ങനെ ലക്ഷണമൊത്ത ഫാഷിസ്റ്റ് ആശയപദ്ധതികളുടെയെല്ലാം നടത്തിപ്പുകാരായി ബഞ്ചമിൻ നെതന്യാഹുവിന്റെ ഇസ്രായേൽ ഭരണകൂടം മാറുമ്പോൾ, ചരിത്രം ആവർത്തനമായി നമുക്കു മുന്നിൽ വന്നു നിൽക്കുന്നുണ്ട്.

വംശഹത്യയ്ക്കൊപ്പം
അക്കാദമികഹത്യയും

പാലസ്തീൻ ജനതയ്ക്കുമേൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന മാരകവും, മനുഷ്യത്വരഹിതവുമായ ആക്രമണങ്ങളെ വിശദീകരിക്കാൻ വംശഹത്യ (Genocide) യെന്ന് പ്രയോഗിക്കാറുണ്ട്. ഹോളോകോസ്റ്റ് കാലഘട്ടത്തിൽ ജൂതരെയും മറ്റ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളേയും നാസികൾ കൂട്ടക്കൊല നടത്തിയ വേളയിലാണ് ജെനോസൈഡ് എത്രമാത്രം മനുഷ്യവിരുദ്ധമാണെന്ന് ലോകം തിരിച്ചറിയുന്നത്.

മനുഷ്യക്കുരുതിയ്ക്കൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സാംസ്കാരിക വ്യവസ്ഥയ്ക്കുമെതിരായ ആക്രമണങ്ങളും ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമായിരുന്നു. അന്ന് അതിന്റെ ഇരകളായി നിസ്സഹായതോടെ, മറുവശത്തു നിന്നത് സ്ത്രീകളും കുട്ടികളുമുൾപ്പെടെ പതിനായിരക്കണക്കിന് ജൂതവിഭാഗത്തിലെ മനുഷ്യരായിരുന്നു. ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലെ ഇര മറ്റൊരു ഘട്ടത്തിൽ വേട്ടക്കാരായി മാറുന്ന വൈരുദ്ധ്യമാണ് ഇന്ന് പലസ്തീനിൽ സംഭവിക്കുന്നത്.

ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലെ ഇര മറ്റൊരു ഘട്ടത്തിൽ വേട്ടക്കാരായി മാറുന്ന വൈരുദ്ധ്യമാണ് ഇന്ന് പലസ്തീനിൽ സംഭവിക്കുന്നത്.  / Photo: samarabuelouf
ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലെ ഇര മറ്റൊരു ഘട്ടത്തിൽ വേട്ടക്കാരായി മാറുന്ന വൈരുദ്ധ്യമാണ് ഇന്ന് പലസ്തീനിൽ സംഭവിക്കുന്നത്. / Photo: samarabuelouf

മനുഷ്യക്കുരുതിയ്ക്കൊപ്പം അക്കാദമിക സ്ഥാപനങ്ങൾക്കും, വ്യവസ്ഥയ്ക്കുമെതിരായ ഹിംസയും ആസൂത്രിത കൊലപാതകങ്ങളും പലസ്തീനിൽ ഇസ്രയേൽ നടത്തുന്നുണ്ട്. വിദ്യാഭ്യാസഹത്യയെന്നോ അക്കാദമികഹത്യയെന്നോ വിളിക്കാവുന്ന (scholasticide), മൗലികാവകാശങ്ങൾക്കും മാനവികതയ്ക്കുമെതിരായ കടന്നാക്രമണമാണത്.

2008 - 09 കാലത്ത് പലസ്തീൻ വിദ്യാഭ്യാസ സംവിധാനങ്ങൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെയാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രൊഫസറും പലസ്തീനിയുമായ കർമ നബുൽസി ‘സ്കൊളാസ്റ്റിസൈഡ്’ എന്നു വിശേഷിപ്പിച്ചത്. ദശാബ്ദങ്ങൾ നീണ്ട ഇസ്രായേൽ അധിനിവേശത്തെത്തുടർന്ന് പലസ്തീനിലെ പൊതുവിദ്യാഭ്യാസത്തിനും, ഉന്നതവിദ്യാഭ്യാസത്തിനുമുണ്ടായ സമ്പൂർണ തകർച്ചയെ വിശേഷിപ്പിക്കാൻ അക്കാദമികഹത്യയെന്നല്ലാതെ മറ്റേതൊരു പ്രയോഗമാണ് ഉചിതമാവുക?

സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, ലൈബ്രറികൾ, മ്യൂസിയങ്ങൾ, ആർക്കൈവ്സുകൾ, ആർട്ട് ഗാലറികൾ എന്നിവയുടെ അടച്ചുപൂട്ടലും തകർക്കലും, വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരായ ആക്രമണങ്ങളും കൊലപാതകങ്ങളും, സ്കൂളുകളെ സൈനിക കേന്ദ്രങ്ങളാക്കി മാറ്റലും വിദ്യാഭ്യാസ നിഷേധവും എന്നിങ്ങനെ വിദ്യാഭ്യാസവ്യവസ്ഥയ്ക്കെതിരായ നീക്കങ്ങളെല്ലാം അക്കാദമികഹത്യയുടെ വിവിധ രൂപങ്ങളാണ്.

വിദ്യാഭ്യാസത്തെ നിഷേധിക്കുകയും ഇല്ലാതാക്കുകയും അതിലൂടെ ഭാവിയിൽ ഉയർന്നുവരാവുന്ന സമരപ്രതിരോധങ്ങളെയാകെ ദുർബലമാക്കുകയെന്നതുമാണ് അക്കാദമികഹത്യയിലൂടെ ഇസ്രായേൽ ഭരണകൂടം നോട്ടമിടുന്നത്. / Photo: samarabuelouf
വിദ്യാഭ്യാസത്തെ നിഷേധിക്കുകയും ഇല്ലാതാക്കുകയും അതിലൂടെ ഭാവിയിൽ ഉയർന്നുവരാവുന്ന സമരപ്രതിരോധങ്ങളെയാകെ ദുർബലമാക്കുകയെന്നതുമാണ് അക്കാദമികഹത്യയിലൂടെ ഇസ്രായേൽ ഭരണകൂടം നോട്ടമിടുന്നത്. / Photo: samarabuelouf

പലസ്തീൻ ജനതയുടെ സ്വത്വബോധം, സ്വയം നിർണ്ണയാവകാശം, രാഷ്ട്രീയ പ്രബുദ്ധത, ചരിത്രാവബോധം എന്നിവയുടെ ചാലകശക്തിയെന്ന നിലയിൽ വിദ്യാഭ്യാസത്തെ നിഷേധിക്കുകയും ഇല്ലാതാക്കുകയും അതിലൂടെ ഭാവിയിൽ ഉയർന്നുവരാവുന്ന സമരപ്രതിരോധങ്ങളെയാകെ ദുർബലമാക്കുകയെന്നതുമാണ് അക്കാദമികഹത്യയിലൂടെ ഇസ്രായേൽ ഭരണകൂടം നോട്ടമിടുന്നത്.

ഇസ്രായേൽ ആക്രമണങ്ങളുടെ സമഗ്രാധിപത്യ, മാരകസ്വഭാവത്തെ വിശേഷിപ്പിക്കാൻ നഗരഹത്യ (urbicide), ഗൃഹഹത്യ (domicide), രാഷ്ട്രീയഹത്യ (Politicide), പാരിസ്ഥിതിക ഹത്യ ( Ecocide ) എന്നീ പ്രയോഗങ്ങളും മാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരു ജനതയുടെ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനും മൗലിക സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ഈ പ്രയോഗങ്ങളിലൂടെയെല്ലാം പ്രതീകവൽക്കരിക്കപ്പെടുന്നത്.

പലസ്തീൻ വിദ്യാഭ്യാസവും വിദ്യാസമ്പന്നരായ അഭയാർത്ഥികളും

അതിക്രമങ്ങൾക്കും അധിനിവേശങ്ങൾക്കുമിടയിലും ഗാസയും വെസ്റ്റ് ബാങ്കുമുൾപ്പെട്ട പലസ്തീൻ പ്രദേശങ്ങൾ വിദ്യാഭ്യാസത്തിലും സാംസ്കാരിക നിലവാരത്തിലും എക്കാലവും ഔന്നത്യം പുലർത്തിയിരുന്നു. സാക്ഷരതയിലും, ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിലും അവർ മാനവികവികസന സൂചികയിൽ മുന്നിലുള്ള പ്രദേശങ്ങൾക്കൊപ്പമായിരുന്നു. 41 കിലോമീറ്റർ മാത്രം നീളവും 6- 12 കിലോമീറ്റർ വരെ വീതിയുമുള്ള ഗാസ മുനമ്പിൽ മാത്രം മുന്നൂറിലധികം സ്കൂളുകളും 12 യൂണിവേഴ്സിറ്റികളും നിരവധി കമ്മ്യൂണിറ്റി കോളേജുകളുമുണ്ട്.

രാജ്യത്തെ 10- 24 വയസ്സുള്ള 60 % പേരുടെയും പ്രഥമ പരിഗണന വിദ്യാഭ്യാസത്തിനായിരുന്നുവെന്ന് 2013- ൽ നടത്തിയ സർവേയിൽ വ്യക്തമാക്കുകയുണ്ടായി. യൂണിസെഫ് കണക്കുപ്രകാരം പലസ്തീനിലെ 95.4% കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. 2014- ൽ സാക്ഷരതാനിരക്ക് 96.3 % മായിരുന്നു. പുരുഷസാക്ഷരത 98.4 %-വും സ്ത്രീകളുടേത് 94% വുമായിരുന്നു. പലസ്തീനിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രവേശനനിരക്ക് അമ്പതു ശതമാനത്തിനു മീതേയാണ്.

ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗസ, ഇസ്രയേൽ അധിനിവേശത്തിന് മുമ്പ് / Photo: Wikimedia Commons
ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗസ, ഇസ്രയേൽ അധിനിവേശത്തിന് മുമ്പ് / Photo: Wikimedia Commons

നിരന്തര പോരാട്ടങ്ങൾക്കും യുദ്ധങ്ങൾക്കും നടുവിൽ, ബങ്കറുകളിലെയും ടെന്റുകളിലെയും ഒളിജീവിതത്തിനിടയിലാണ് ഗാസയും വെസ്റ്റ് ബാങ്കും അവരുടെ വിദ്യാഭ്യാസം പടുത്തുയർത്തിയത്. തുടർച്ചയായ സംഘർഷങ്ങൾക്കിടയിലും ഗാസയിലെയും വെസ്റ്റ്ബാങ്കിലേയും കുട്ടികൾ അഭയാർത്ഥി ക്യാമ്പുകളിലെ അരണ്ട വെളിച്ചത്തിലിരുന്ന് പഠിച്ചു. ലോകത്തെ പ്രശസ്ത യൂണിവേഴ്സിറ്റികളിലും, അക്കാദമിക സ്ഥാപനങ്ങളിലും അവരിൽ പലരുമെത്തി. ഒരുപക്ഷേ, ലോകത്തെ ഏറ്റവും വിദ്യാസമ്പന്നരായ അഭയാർഥികളെന്ന നിലയിൽ പലസ്തീനിലെ മനുഷ്യർ നടത്തുന്ന സമരം വിദ്യാഭ്യാസാവകാശത്തിന്റെ സംരക്ഷണത്തിനു വേണ്ടിയായിരിക്കും.

പലസ്തീൻ വിദ്യാഭ്യാസത്തിന്റെ കൂട്ടക്കുരുതി

ഐക്യരാഷ്ട്രസഭയുടെ കണക്കുകളനുസരിച്ച്, യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ 7 മുതൽ 25,000-ഓളം കുട്ടികൾ കൊല്ലപ്പെടുകയോ മാരകമായി പരിക്കേൽക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവരിൽ 12,000-ഓളം പേർ വിദ്യാർത്ഥികളാണ്.

300- ഓളം സ്കൂൾ അധ്യാപകരും നൂറിലധികം യൂണിവേഴ്സിറ്റി അധ്യാപകരും കൊല്ലപ്പെടുകയുണ്ടായി. പലസ്തീനിലെ 307 സർക്കാർ വിദ്യാലയങ്ങളിൽ തൊണ്ണൂറു ശതമാനവും തകർക്കപ്പെട്ടു. അവശേഷിക്കുന്നവയെല്ലാം അഭയാർത്ഥി ക്യാമ്പുകളാക്കി മാറ്റി. യു. എൻ നിയന്ത്രണത്തിലുള്ള സ്കൂളുകളേയും അഭയാർത്ഥി ക്യാമ്പുകളായ സ്കൂളുകളേയുമുൾപ്പെടെ യുദ്ധവിമാനങ്ങൾ ലക്ഷ്യമിടുകയാണ്.

ഇസ്രയേൽ അധിനിവേശത്തിൽ തകർക്കപ്പെട്ട ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗസ / Photo: WAFA
ഇസ്രയേൽ അധിനിവേശത്തിൽ തകർക്കപ്പെട്ട ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗസ / Photo: WAFA

കഴിഞ്ഞ ഒരു മാസത്തിനിടയിൽ 16 സ്കൂൾ കെട്ടിടങ്ങളെയാണ് ഇസ്രായേൽ തകർത്തു കളഞ്ഞത്. സ്കൂളുകൾ മാത്രമല്ല, ഗാസയിലെ 12 സർവകലാശാലകളും മിസൈൽ ആക്രമണങ്ങൾക്കിരയായി. ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും എട്ടു ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും, 25,000-ഓളം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.

ഗാസയിൽ മാത്രമല്ല, വെസ്റ്റ് ബാങ്കിലും വിദ്യാഭ്യാസം പാടെ തകർന്നു. അഭയാർത്ഥി കേന്ദ്രങ്ങളാക്കി മാറ്റിയ സ്കൂൾ ക്ലാസ് മുറികളിൽ കുടിവെള്ളവും , ഭക്ഷണവുമില്ലാതെ മലീമസമായ സാഹചര്യങ്ങളിൽ പതിനായിരക്കണക്കിന് മനുഷ്യർ നരകയാതനയനുഭവിക്കുകയാണ്.

സെപ്തംബർ 9 ന് മധ്യേഷ്യൻ രാജ്യങ്ങളിൽ പുതിയ അധ്യയനവർഷം ആരംഭിച്ചു. ഗാസയിലേയും, വെസ്റ്റ് ബാങ്കിലേയും കുട്ടികൾക്ക് പോകാൻ സ്കൂളുകളുണ്ടാവുകയില്ല. ഒന്നുകിൽ അത് തകർക്കപ്പെട്ടിരിക്കാം, അല്ലെങ്കിൽ അഭയാർത്ഥി കേന്ദ്രമോ, സൈനികക്യാമ്പോ ആയി മാറിയിട്ടുണ്ടാവാം. ഏതായാലും സ്കൂൾ എന്ന സുരക്ഷിത സാമൂഹികകേന്ദ്രം പലസ്തീനിൽ ഏറ്റവും അരക്ഷിതമായ ഇടമായി മാറ്റപ്പെടുകയാണ്. ഭയവും, ഭാവിയെക്കുറിച്ചുള്ള ആകുലതകളും ഗാസയിലെ കുട്ടികളെ ശാരീരികമായും മാനസികമായും വൈകാരികമായും തകർത്തിരിക്കുന്നു.

ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും എട്ടു ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും, 25,000-ഓളം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.
ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും എട്ടു ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും, 25,000-ഓളം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.

ലൈബ്രറികളും, ആർക്കൈവ്സുകളും , മ്യൂസിയങ്ങളും തകർക്കുന്നതെന്തിന്?

സ്കൂളുകളും കോളേജുകളും മാത്രമല്ല, വായനയുടേയും അന്വേഷണങ്ങളുടേയും ഗവേഷണങ്ങളുടേയും കേന്ദ്രങ്ങളായ ലൈബ്രറികളും ആർക്കൈവ്സുകളും മ്യൂസിയങ്ങളും ആക്രമിക്കപ്പെടുകയാണ്. ഇസ്രായേൽ രൂപീകരണകാലം മുതൽ പലസ്തീൻ ജ്ഞാനവ്യവസ്ഥയും ചരിത്രവും കൊള്ളയടിക്കപ്പെടുന്നു.

1948- നും 1982- നുമിടയിൽ പതിനായിരക്കണക്കിന് ഫിലിമുകളും ലക്ഷക്കണക്കിന് ഫോട്ടോകളും റെക്കോർഡറുകളും ടേപ്പുകളുമാണ് പലസ്തീൻ ആർക്കൈവ്സിൽ നിന്ന് ഇസ്രായേൽ കടത്തിക്കൊണ്ടുപോയത്. 1948- ൽ മുപ്പതിനായിരം പുസ്തകങ്ങളും കയ്യെഴുത്തു പ്രതികളും പലസ്തീനിലെ വീടുകളിൽ നിന്ന് സൈന്യം കൊള്ളയടിച്ചു.

1982- ൽ ലബനിലെ ഇസ്രായേൽ അധിനിവേശവുമായി ബന്ധപ്പെട്ട് പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ലൈബ്രറിയും ആർക്കൈവ്സുകളും നശിപ്പിച്ചു. ഒക്ടോബർ 7- നു ശേഷം ഗാസയിലെ പ്രധാനപ്പെട്ട ലൈബ്രറികളും ആർക്കൈവ്സുകളുമെല്ലാം ഭാഗികമായോ പൂർണ്ണമായോ നശിപ്പിക്കപ്പെട്ടു. ഗാസയിലെ സെൻട്രൽ ആർക്കൈവ്സ്, ഗാസ യൂണിവേഴ്സിറ്റി ലൈബറി, ചിൽഡ്രൻ ഇൻ ക്രൈസിസ് ലൈബ്രറി, അൽ ഇസ്ര യൂണിവേഴ്സിറ്റി ലൈബ്രറി, നാഷണൽ മ്യൂസിയം എന്നിവയെല്ലാം തകർക്കപ്പെട്ടു.

ഇസ്രയേലി ബോംബിംഗിൽ തകർന്ന ഗസ പബ്ലിക് ലൈബ്രറി / Photo: Screenshot, X
ഇസ്രയേലി ബോംബിംഗിൽ തകർന്ന ഗസ പബ്ലിക് ലൈബ്രറി / Photo: Screenshot, X

പലസ്തീൻ ചരിത്രവും, സംസ്കാരവും നിശ്ശേഷം തുടച്ചുനീക്കുകയെന്ന ഇസ്രായേൽ അധിനിവേശത്തിന്റെ ദീർഘകാല ലക്ഷ്യമാണ് വിജ്ഞാനകേന്ദ്രങ്ങൾക്കെതിരായ കടന്നുകയറ്റത്തിലൂടെ വെളിവാക്കപ്പെടുന്നത്. കെട്ടിടങ്ങളും സ്ഥാപനങ്ങളും പുസ്തകങ്ങളും രേഖകളും മാത്രമല്ല, പത്രപ്രവർത്തകരും ലൈബ്രറിയൻമാരും ആർക്കൈവ്സ്റ്റുകളുമെല്ലാം നശീകരണപദ്ധതിയുടെ ഭാഗമാണ്. ഒരുപക്ഷേ ലോകത്തിന്നുവരെ ഒരു യുദ്ധത്തിലും ലൈബ്രറിയുടെ സൂക്ഷിപ്പുകാരോ, പുരാരേഖകളുടെ സംരക്ഷകരോ ഇവ്വിധം ആസൂത്രിത വേട്ടയാടലിന് വിധേയരായിട്ടുണ്ടാവില്ല.

ഇസ്രായേൽ അധിനിവേശത്തിനെതിരെ പ്രതികരിക്കുന്ന എഴുത്തുകാരും പത്രപ്രവർത്തകരും ഇസ്രയേൽ മിലിഷ്യയുടെ ടാർജറ്റ് ആവുന്നു. 2023 ഒക്ടോബർ 23 ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ കൊല്ലപ്പെട്ട കവിയും നോവലിസ്റ്റുമായ ഹിബ അബു നദ, ഡിസംബർ 6 ന് രണ്ടു സഹോദരങ്ങൾക്കും അവരുടെ നാല് കുഞ്ഞുങ്ങൾക്കുമൊപ്പം കൊല്ലപ്പെട്ട കവിയും ആക്ടിവിസ്റ്റുമായ രെഫാത് അലാരീർ എന്നിവരെ ബോധപൂർവ്വം ഇസ്രായേൽ സൈന്യം ലക്ഷ്യമിടുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

ഹിബ അബൂ നദ / Photo: Wikimedia Commons
ഹിബ അബൂ നദ / Photo: Wikimedia Commons

ഗാസയിലെ എഴുത്തുകാരനും, അഭിഭാഷകനും അപൂർവ്വ പുസ്തകങ്ങളുടെ സംരക്ഷകനുമായിരുന്ന അബ്ദുൾ കരിം ഹഷാഷ്, എഡ്വേർഡ് സെയ്ദ് ലൈബ്രറിയിലെ പ്രധാന ലൈബ്രറിയൻ ദോവ - അൽ - മസ്രി, ഗാസയിലെ പ്രസ് ഹൗസ് ഡയറക്ടറായിരുന്ന ബിലാൽ ജദല്ല, പ്രശസ്ത വാമൊഴി ചരിത്രകാരൻ ഇമാൻ അബു സയീദ് , അൽ ഖുദ്സ് ഓപ്പൺ യൂണിവേഴ്സിറ്റി ഡയറക്ടറും, ചരിത്രകാരനുമായ ഡോ. ജിഹാദ് സുലൈൻ അൽ- മസ്രി, പ്രസിദ്ധ ആർക്കൈവ്സ്റ്റ് മാർവാൻ തരാസി എന്നിങ്ങനെ ഇസ്രായേൽ ഭരണകൂടത്തിന്റെ ബോധപൂർവ്വമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ബുദ്ധിജീവികളുടേയും, സാംസ്കാരിക പ്രവർത്തകരുടേയും എണ്ണം വളരെയധികമാണ്. വായനയും അറിവും വിജ്ഞാനവുമായി ബന്ധപ്പെട്ടതിനെയെല്ലാം പാടെ നശിപ്പിക്കുകയെന്ന ഇസ്രയേൽ അജണ്ട 2023 ഒക്ടോബർ 7 നു ശേഷം ഹിംസാത്മകമായ വിജ്ഞാനഹത്യയുടെ സ്വഭാവമാർജ്ജിച്ചിരിക്കുകയാണ്.

1982- ൽ ലബനനിലെ പാലസ്തീൻ റിസർച്ച് സെന്റർ ഇസ്രയേൽ നശിപ്പിച്ചതിനെക്കുറിച്ച് പാലസ്തീൻ കവി മഹമൂദ് ദർവിഷ് എഴുതിയ വരികൾ ഇങ്ങനെയാണ്:

ഭൂമി മോഷ്ടിക്കുന്നവൻ
ലൈബ്രറി മോഷ്ടിക്കുന്നത്
നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.
നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്നവൻ
പെയിന്റിംഗുകളെ കൊന്നൊടുക്കുന്നതും
നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.

രെഫാത് അലാരീർ / Photo: orbooks
രെഫാത് അലാരീർ / Photo: orbooks

അഞ്ച് യുദ്ധങ്ങളെങ്കിലും കണ്ട
18 വയസ്സുകാർ

യുദ്ധങ്ങളെ സംബന്ധിക്കുന്ന ജനീവ കൺവൻഷൻ സംഘർഷങ്ങളും സായുധ പോരാട്ടങ്ങളും നടക്കുന്നയിടങ്ങളിൽ കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെ അവരെ സംരക്ഷിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. ജനീവക്കരാറിന്റെ ഭാഗമായ മാർഗ്ഗനിർദ്ദേശങ്ങളൊന്നും മാനിക്കാതെയാണ് ഇസ്രായേൽ സൈന്യം അഭയാർഥി ക്യാമ്പുകളേയും, സ്കൂളുകളേയും, ആശുപത്രികളേയും, ജനാധിവാസ മേഖലകളേയും ആക്രമിക്കുന്നത്.

ജനനം മുതൽ സംഘർഷങ്ങളും യുദ്ധങ്ങളും ദുരിതങ്ങളും കാണുന്ന പലസ്തീനിലെ കുട്ടികളായിരിക്കും ലോകത്തേറ്റവും നിർഭാഗ്യവാൻമാർ. ഇപ്പോൾ 18 വയസ് പൂർത്തിയായ പലസ്തീനിലെ ഒരു കുട്ടി തന്റെ ജീവിതത്തിനിടയിൽ അഞ്ചു യുദ്ധങ്ങളെങ്കിലും അനുഭവിച്ചിട്ടുണ്ടാവും, അതിന്റെ സങ്കടങ്ങളും ദുരിതങ്ങളും നേരിട്ടിട്ടുണ്ടാവും. ലോകമെങ്ങുമുള്ള കുട്ടികൾ കഥകൾ പറഞ്ഞും, പാട്ടുപാടിയും കളിച്ചും രസിച്ചും കഴിയുമ്പോൾ ഏതു നിമിഷവും കൊല്ലപ്പെടാമെന്ന ഭീതിയിലാണ് പലസ്തീനിൽ കുട്ടികൾ ജീവിക്കുന്നത്. അവരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് ജീവിച്ചിരിക്കുക എന്നതാണെന്നത് ഒട്ടും അതിശയോക്തിയല്ല.

ഇപ്പോൾ 18 വയസ് പൂർത്തിയായ പലസ്തീനിലെ ഒരു കുട്ടി തന്റെ ജീവിതത്തിനിടയിൽ അഞ്ചു യുദ്ധങ്ങളെങ്കിലും അനുഭവിച്ചിട്ടുണ്ടാവും, അതിന്റെ സങ്കടങ്ങളും ദുരിതങ്ങളും നേരിട്ടിട്ടുണ്ടാവും.
ഇപ്പോൾ 18 വയസ് പൂർത്തിയായ പലസ്തീനിലെ ഒരു കുട്ടി തന്റെ ജീവിതത്തിനിടയിൽ അഞ്ചു യുദ്ധങ്ങളെങ്കിലും അനുഭവിച്ചിട്ടുണ്ടാവും, അതിന്റെ സങ്കടങ്ങളും ദുരിതങ്ങളും നേരിട്ടിട്ടുണ്ടാവും.

കാണാതാവുന്നവർ, അനാഥരാക്കപ്പെട്ടവർ, കൈകാലുകൾ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ നരകയാതന അനുഭവിക്കുന്നവർ, വെള്ളവും, ഭക്ഷണവും, മരുന്നുമില്ലാതെ ഉഴലുന്നവർ, പോളിയോയും കോളറയും ടൈഫോയ്ഡും പിടിപെട്ട് ജീവൻ നിലനിർത്താൻ പാടുപെടുന്നവർ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് നേരിടുന്നവർ, കടുത്ത പട്ടിണിയിലൂടെയും ഭക്ഷ്യപ്രതിസന്ധിയിലൂടെയും കടന്നുപോവുന്നവർ എന്നിങ്ങനെ ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും കുട്ടികൾ ഓരോ ദിവസവും നേരിടുന്ന സാഹചര്യങ്ങൾ അത്യന്തം അസ്വസ്ഥജനകവും ദുരന്തപൂർണമാണ്.

മനുഷ്യരായി ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശങ്ങളെയെല്ലാം കവർന്നെടുക്കുന്ന ഇസ്രായേൽ ഭരണകൂടത്തെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് വിചാരണ ചെയ്യാൻ അന്തർദേശീയ ഏജൻസികൾ തയാറാവേണ്ടതുണ്ട്.

വിദ്യാഭ്യാസഹത്യയുടെ കാലത്ത് കേരളത്തിലെ കാമ്പസുകൾ ചെയ്യുന്നത്

ഹമാസ് ആക്രമണത്തിന്റെ പ്രത്യാക്രമണമാണ് കഴിഞ്ഞ ഒരു വർഷമായി ഇസ്രായേൽ പലസ്തീനിൽ നടത്തുന്നതെന്ന നിലയിലുള്ള വായനകൾ കേരളത്തിലുൾപ്പെടെ ശക്തമായി നടക്കുന്നുണ്ട്. ഹമാസ് പലസ്തീൻ ജനതയെയാകെ പ്രതിനിധീകരിക്കുന്നുവെന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്.

എത്രയോ ദശാബ്ദങ്ങളായി അധിനിവേശത്തിന്റെ സ്വാതന്ത്ര്യമില്ലായ്മകളിലും, അടിച്ചമർത്തലുകളിലും, സാംസ്കാരികഹത്യയിലും ഞെരിഞ്ഞമർന്ന ഒരു ജനതയുടെ പ്രതിഷേധമോ പ്രതികരണമോ ആണ് ഹമാസിന്റെ രൂപത്തിൽ പുറത്തു വരുന്നതെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. ഹമാസിനെ തുരത്താനെന്ന പേരിൽ പലസ്തീനിൽ ആസൂത്രിത വിദ്യാഭ്യാസഹത്യയ്ക്കാണ് ഇസ്രായേൽ നേതൃത്വം നൽകുന്നതെന്ന ബോധ്യത്തിലാണ് ലോകമെങ്ങുമുള്ള കാമ്പസുകളിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധവുമായി തെരുവുകളെ നിറയ്ക്കുന്നത്.

അമേരിക്കയിലേയും ബ്രിട്ടനിലേയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേയും കാമ്പസുകൾ വംശഹത്യയ്ക്കും, അക്കാദമികഹത്യയ്ക്കുമതിരെ സമാനതകളില്ലാത്ത പ്രതിരോധം തീർക്കുകയാണ്.

എന്നാൽ നമ്മെ അത്ഭുതപ്പെടുന്നത് കേരളത്തിലെ കാമ്പസുകളും അക്കാദമിക ലോകവും പുലർത്തുന്ന നിശ്ശബ്ദതയും നിസ്സംഗതയുമാണ്. ഇസ്രായേൽ പലസ്തീനിൽ നടത്തുന്നത് മനുഷ്യവിരുദ്ധമായ അധിനിവേശവും ഹിംസയുമാണെന്ന് നിരീക്ഷിച്ചിരുന്നവർ ഇപ്പോൾ ഇസ്രായേലിന്റേത് സ്വയം പ്രതിരോധമാണെന്നു മാറ്റിപ്പറയുന്നതിനു പിന്നിൽ അരിച്ചരിച്ചെത്തുന്ന തീവ്ര വലതുപക്ഷാശയങ്ങളുടെ സൂക്ഷ്മസ്വാധീനമുണ്ട്.

ഹമാസ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തെ മുൻനിർത്തി ഇസ്രായേലിന്റെ മാരകമായ വംശീയ ഉൻമൂലനപദ്ധതിയേയും വിദ്യാഭ്യാസഹത്യയേയും സമീകരിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് സാമൂഹികക്രമത്തിലെ പ്രകടമായ ചില ചേരിതിരിവുകളെ കുറിക്കുന്നു. പക്ഷേ ആശയപരമായി ഇടതുപക്ഷത്തുനിൽക്കുന്ന കാമ്പസുകൾ പുലർത്തുന്ന അരാഷ്ട്രീയതയും, ആശയദാരിദ്ര്യവും, നിഷ്പക്ഷതാനാട്യങ്ങളും നമ്മെ ഞെട്ടിപ്പിക്കുന്നു.

നെൽസൺ മണ്ടേലയ്ക്കും യാസർ അറാഫത്തിനും മാർട്ടിൻ ലൂതർ കിംഗിനും വേണ്ടി മുദ്രാവാക്യം വിളിച്ചിരുന്ന കേരളത്തിലെ കാമ്പസുകൾ ഇന്ന് കൂട്ടത്തിലൊരുവനെ കുരുതി കൊടുക്കുന്ന ബഹളത്തിൽ പ്രതികരണത്തിന്റെ, പ്രതിരോധത്തിന്റെ രാഷ്ട്രീയം മറന്നു പോയിരിക്കുന്നു. എല്ലാത്തരം ഘടനാപരമായ ഹിംസയെയും ന്യായീകരിക്കുന്ന സാംസ്കാരിക ഹിംസയുടെ അപാരമായ അധിനിവേശകാലത്ത് മനുഷ്യർക്ക് ഇരയേയും വേട്ടക്കാരനേയും തിരിച്ചറിയാതായിരിക്കുന്നു.


Summary: The genocide in Gaza is also an academic genocide. Students in Gaza are unable to continue their education, teachers have been killed, and schools and universities have been destroyed.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments