രെഫാത് അലാരീർ, ഹിബ അബു നദ, സമീഹ് അൽ-കാസിം

മരിച്ചുപോയ മൂന്ന് പലസ്തീൻ
കവികൾ മരണത്തെക്കുറി​ച്ചെഴുതിയത്

ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത പലസ്തീനിയൻ കവിതകൾ

‘‘അവരെ മാത്രമല്ല നമുക്ക് നഷ്ടപ്പെട്ടത്, അവരുടെ കവിതകൾ കൂടിയാണ്. യുദ്ധാവശിഷ്ടങ്ങൾക്കടിയിലാണ് അവയത്രയും, ഭാവിയിൽ അവർ എഴുതുമായിരുന്ന കവിതകൾ. കൊല ചെയ്യപ്പെട്ട കലാകാരെല്ലാം ...
അവരുടെ കലയ്ക്കിനി എന്തുപറ്റും?''
- നജ്‍വാൻ ദർവീശ്

ഞാൻ മരിക്കേണ്ടിവന്നാൽ
- രെഫാത് അലാരീർ

2023 ഡിസംബർ ആറിന് ഇസ്രായേലി വ്യോമാക്രമണത്തിൽ, രണ്ടു സഹോദരങ്ങൾക്കും അവരുടെ നാലു കുഞ്ഞുങ്ങൾക്കുമൊപ്പം അലാരീർ കൊല്ലപ്പെട്ടു. ‘ഗാസയുടെ ശബ്ദം' എന്ന് വിശേഷിക്കപ്പെട്ടിരുന്ന അലാരീർ അവസാനമായി എഴുതിയ 'If I Must Die' എന്ന ഈ കവിത നാൽപ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മലയാള വിവർത്തനം: ജയശ്രീ കളത്തിൽ.

ഞാൻ മരിക്കേണ്ടിവന്നാൽ
നീ ജീവിക്കണം
എന്റെ കഥ പറയാൻ
എന്റേതെല്ലാം വിറ്റ്
ഒരു തുണ്ടം വെള്ളത്തുണിയും
കുറച്ചു ചരടും വാങ്ങാൻ
ഒരു നീളവാലൻ പട്ടമുണ്ടാക്കാൻ
ഗാസയിലെവിടെയോ ഒരു കുഞ്ഞ്
സ്വർഗ്ഗത്തിൻ കണ്ണിൽ തറച്ചുനോക്കി
ആരോടും യാത്ര പറയാതെ
തന്റെയുടലിനോടും
തന്നോടുതന്നെയും വിട പറയാതെ
തീയിലൊടുങ്ങിയ ബാപ്പയെ തിരയുന്നുണ്ട്
കാണട്ടേയവൻ നീയെനിക്കായ് തീർത്ത പട്ടം
സ്‌നേഹം തിരിച്ചുകൊണ്ടുവരുന്ന
മാലാഖയാണതെന്ന് കരുതട്ടേയവൻ.
ഞാൻ മരിക്കേണ്ടിവന്നാൽ
പ്രത്യാശയാകട്ടെൻ മരണം
ചൊല്ലിപ്പറയാൻ കഥയാകട്ടെൻ മരണം.

കടന്നുപോകുന്നതല്ല വെറുതെ
- ഹിബ അബു നദ

ഹിബ അബു നദ 2023 ഒക്ടോബർ 23ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ സ്വന്തം വീട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 'Not Just Passing' എന്ന ഈ കവിത അറബിക്കിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് പെൻസിൽവേനിയ യൂനിവേഴ്സിറ്റിയിലെ പ്രൊ. ഹുദാ ഫക്രുദ്ദീൻ. മലയാള വിവർത്തനം: ജയശ്രീ കളത്തിൽ.

ന്നലെ, ഒരു നക്ഷത്രം പറഞ്ഞു
എന്റെയുള്ളിലെ കുരുന്നു വെട്ടത്തോട്,
വെറുതെയീവഴി കടന്നുപോകും
ക്ഷണികരല്ല നമ്മൾ.

മരിക്കരുത്. ഈ പ്രകാശത്തിനുതാഴെ
നടന്നുകൊണ്ടേയിരിക്കുന്ന
പഥികരുണ്ട് ചിലർ.

സ്‌നേഹത്തിലാണാദ്യം തീർത്തത് നിന്നെ,
സ്‌നേഹം മാത്രം കൊണ്ടുപോവുക
വിറകൊള്ളുന്നവർക്കായി.

പണ്ടൊരുനാൾ, എല്ലാ തോട്ടങ്ങളും തളിർത്തത്
നമ്മുടെ നാമങ്ങളിൽ നിന്നാണ്,
മിച്ചം വന്ന ഹൃദയാഭിലാഷങ്ങളിൽനിന്നാണ്.

പ്രായപൂർത്തിയായ മുതൽ ഈ പുരാതന ഭാഷ
പഠിപ്പിച്ചു തന്നിട്ടുണ്ട്, ഗാഢമോഹങ്ങളാൽ
വ്രണിതർക്ക് ആശ്വാസം പകരുന്നതെങ്ങനെയെന്ന്,

സ്വർഗീയ സുഗന്ധമായി, നിശ്വാസനമായി,
പ്രാണവായുവിൻ ദീർഘശ്വാസമായി,
തിങ്ങുന്ന ശ്വാസകോശങ്ങൾ തുറക്കുന്നതെങ്ങനെയെന്ന്.

മൃദുവായി, മുറിവുകൾക്കുമേലെ
പഞ്ഞിപോലെ, അതിലോല സാന്ത്വനം,
വേദന തീർക്കാൻ ഒരു ഗുളിക.

എന്റെയുള്ളിലെ കുരുന്നുവെട്ടമേ,
മരിക്കരുത്,
താരാപഥങ്ങളെല്ലാം ഇടുങ്ങിയാലും.

എന്റെയുള്ളിലെ കുരുന്നുവെട്ടമേ, ചൊല്ലുക,
വരൂ ശാന്തമായി എന്റെ ഹൃദയത്തിലേക്ക്,
നിങ്ങളെല്ലാവരും, കടന്നുവരൂ.

യാത്രാടിക്കറ്റ്
- സമീഹ് അൽ- കാസിം

ഇസ്രായേലി പൗരത്വമുണ്ടായിരുന്ന അൽ- കാസിം അറബ് നാഷണലിസം, ഇസ്രായേലി കമ്യൂണിസ്റ്റ് പാർട്ടി എന്നിവയുടെ ഭാഗമായി പലസ്തീനിയൻ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ച് പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഇസ്രായേൽ മാതൃരാജ്യമാണെന്നും അത് വിട്ടുപോകാൻ തയ്യാറല്ലെന്നും ഉറപ്പിച്ചു പറഞ്ഞിരുന്ന അൽ-കാസിം പലസ്തീനിയൻ ഉപരോധത്തിന്റെ ഭാഗമായ എഴുത്തുകാരിൽ പ്രധാനപ്പെട്ട ഒരാളായി കണക്കാക്കപ്പെടുന്നു. അർബുദരോഗം ബാധിച്ച് 2014-ൽ മരിച്ചു. ‘Travel Tickets’ എന്ന ഈ കവിത അറബിക്കിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഒഹായോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ അലക്‌സ് ഫോർമൻ. മലയാള വിവർത്തനം: ജയശ്രീ കളത്തിൽ.

ഞാൻ കൊല്ലപ്പെടുന്ന ദിവസം
എന്റെ കൊലയാളി എന്റെ പോക്കറ്റിൽ
യാത്രാടിക്കറ്റുകൾ കണ്ടെത്തും.
അതിലൊന്ന് സമാധാനത്തിലേക്ക്,
മറ്റൊന്ന് പാടങ്ങളിലേക്ക്, മഴയിലേക്ക്,
വേറൊന്ന് മനുഷ്യമനസ്സാക്ഷിയിലേക്ക്.
എന്റെ കൊലയാളി, യാചിക്കുകയാണ് ഞാൻ,
വെറുതെയിരുന്ന് അവ പാഴാക്കരുത്.
കൊണ്ടുപോയി അവ ഉപയോഗിക്കൂ.
യാചിക്കുകയാണ് ഞാൻ, യാത്ര പോകൂ.


സമീഹ് അല്‍-കാസിം

പലസ്തീനിയന്‍ കവി, പത്രപ്രവര്‍ത്തകന്‍. 1939ല്‍ ട്രാന്‍സ്‌ജോര്‍ദാന്‍ എമിററ്റില്‍ ഒരു ഡ്രൂസ് കുടുംബത്തില്‍ ജനിച്ചു. 2014-ല്‍ മരിച്ചു.

ഹിബ അബു നദ

പലസ്തീനിയന്‍ കവി, നോവലിസ്റ്റ്, ന്യുട്രീഷനിസ്റ്റ്. നക്ബയില്‍നിന്ന് പലായനം ചെയ്യപ്പെട്ട പലസ്തീനിയന്‍ കുടുംബത്തില്‍ 1991-ല്‍ മെക്കയില്‍ ജനിച്ചു. Oxygen is Not for the Dead എന്ന നോവല്‍ 2017-ല്‍ UAE-യുടെ 'ഷാര്‍ജ അവാര്‍ഡ് ഫോര്‍ അറബ് ക്രിയേറ്റിവിറ്റി'യില്‍ രണ്ടാം സ്ഥാനം നേടി.

രെഫാത് അലാരീര്‍

പലസ്തീനിയന്‍ കവി, പ്രൊഫസര്‍, ആക്റ്റിവിസ്റ്റ്. 1979ല്‍ ഗാസ സിറ്റിയിലെ ഷുജായ്യയില്‍ ജനിച്ചു. 2023 ഡിസംബര്‍ 6ന് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍, രണ്ടു സഹോദരങ്ങള്‍ക്കും അവരുടെ നാലു കുഞ്ഞുങ്ങള്‍ക്കുമൊപ്പം കൊല്ലപ്പെട്ടു.

ജയശ്രീ കളത്തില്‍

വിവർത്തക, എഴുത്തുകാരി. മാനസികാരോഗ്യ ഗവേഷക.

Comments