Photo: maxpixel.net

പുറപ്പെട്ടുപോകുന്നയിടങ്ങൾ,
​ചിതറിത്തെറിക്കുന്ന ജീവിതങ്ങൾ

അഭയസ്ഥാനങ്ങൾ തേടിയുള്ള നിരന്തരമായ പലായനം 2030 ആകുമ്പോഴേക്കും ഭൂരിപക്ഷം മനുഷ്യരെയും നഗരവാസികളായി മാറ്റിയേക്കാം.

ഒന്ന്​

ലായനത്തിന്റെ പശ്ചാത്തലവും വിവരണവും നടത്തുന്ന വേളയിൽ ചരിത്രപരമായ അംശത്തിനും സാംസ്‌കാരികതലത്തിനും തുല്യ പ്രസക്തിയാണുള്ളത്. കരയിലൂടെയും കടലിലൂടെയും നടന്നും അല്ലാതെയും അതിരുകൾ തരണം ചെയ്ത ചരിത്രത്തെ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു സമാനമായി, ഒരു ദേശം വിട്ട് മറ്റൊരിടത്ത് വന്നുചേർന്നവർക്ക് സംഭവിച്ച സാംസ്‌കാരിക പരിണാമങ്ങളും സാംസ്‌കാരിക വിനിമയങ്ങളും കൃത്യതയോടെ പഠിക്കപ്പെടുകയും ചെയ്തു. കുടിയേറിപ്പാർപ്പ് സംബന്ധിച്ച സിദ്ധാന്തങ്ങൾ "എദൻതോട്ടം' എന്ന ബിംബവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആ മിത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ "ചരിത്ര'കഥകളും ധാരാളം.

തുടർന്ന് പലായനം, കുടിയേറ്റം, പ്രകൃതിയിലെ കടന്നുകയറ്റം എന്നിങ്ങനെയുള്ള വിഷയങ്ങൾ പതുക്കെ ഉരുവപ്പെട്ടു. മനുഷ്യചരിത്രത്തിന്റെ ജനനം മുതൽക്കേ പലായനവും അതിൽ സ്ഥാനം പിടിച്ചിരുന്നു. അതിന്റെ തുടർച്ചയെന്നോണം വന്നുകൂടിയതാണ് പിന്നീടും സമകാലത്തും രൂപപ്പെട്ട / രൂപപ്പെടുന്ന പലായനങ്ങൾ. ഇങ്ങനെത്തെ മാനങ്ങളുള്ള പലായനത്തിന്റെ ചരിത്രപരമായ കാര്യക്രമത്തിന്റെ സൂചനകളിലൂടെ കടന്നുപോകാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

മനുഷ്യന്റെ പതനം, മൈക്കെലാഞ്ജലോ / Wikimedia Commons

ബൈബിളിലെ ആദത്തിന്റെയും ഹവ്വയുടെയും ഉൽപത്തിയുമായി ചേർന്ന പരാമർശങ്ങളും മനുഷ്യവംശം അവരുടെ പിന്തുടർച്ചക്കാരെന്ന വിശ്വാസവും യൂറോപ്യൻ സമൂഹങ്ങളിൽ രൂഢമൂലമായിരുന്നു. യൂറോപ്പിന് പുറത്തുള്ളവരോടുള്ള വിവേചനത്തിന്റെ പ്രാചീനകാരണമായ ഈ ചിന്താധാര യൂറോകേന്ദ്രീകൃതമായ വിചാരങ്ങൾക്ക് സ്ഥാനം നൽകിയിട്ടുണ്ടാവണം. കടലും കരയും വഴിയുള്ള ദീർഘയാത്രകൾ ഭൂഖണ്ഡങ്ങളിലെ മനുഷ്യസമൂഹങ്ങളുടെ ഇടയ്ക്കുള്ള വിടവ് നികത്തിയില്ല. മാത്രമല്ല, അത് ക്രമപ്രവൃദ്ധമായി വികസിച്ചുകൊണ്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടെ മനുഷ്യരുടെ സൃഷ്ടിയും ജീവിതചക്രവുമായി ചേർന്നുകിടക്കുന്ന പല സമസ്യകളുടെയും ചുരുളഴിക്കാനുള്ള ശ്രമങ്ങൾ സജീവമായി.

ഒട്ടും വൈകാതെ പലായനത്തിന്റെ ചരിത്രം ഒഴിച്ചുകൂടാനാവാത്ത പ്രമേയമായി തീരുകയാണ്. ബയോ ജോഗ്രഫി എന്ന ശാഖയുടെ വികാസം വിവിധ തരം ജീവിവർഗങ്ങളുടെ സ്വഭാവവും വ്യാപനവും മറ്റും വിശകലനം ചെയ്യാൻ സഹായിച്ചു. ക്രിസ്ത്യൻ സഭയ്ക്ക് ശാസ്ത്രത്തിനുമേൽ സ്വാധീനമുള്ള കാലമായിരുന്നു അതെന്ന്​ഓർക്കണം; അത്തരം സാഹചര്യത്തിലാണ് ഈ ശാഖയുടെ പുരോഗതിയെന്നതും. എങ്കിലും ശാസ്ത്രത്തിന്റെ സിദ്ധാന്തത്തെ മറികടന്ന് മതങ്ങളും അധിനിവേശ രാഷ്ട്രീയവും പലായനത്തിന് ദിശയും നിയന്ത്രണവും നൽകുന്നതിന്റെ ചിത്രങ്ങൾ പൊതുസമൂഹത്തിൽ വേരോടിയതും ഇക്കാലത്തായിരുന്നു.

പലായനത്തിന്റെ ശാസ്ത്രീയവും ഭൂമിശാസ്ത്രപരവുമായ ചരിത്രം അന്വേഷിക്കുന്ന, 2020ലെ മികച്ച നോൺഫിക്ഷൻ പുസ്തകങ്ങളിൽ ഒന്നായി കണക്കാക്കുന്ന, സോണിയ ഷാ എഴുതിയ "The Next Great Migration: The Beauty and Terror of Life on the Move' എന്ന പുസ്തകത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പലായനത്തെ അപഗ്രഥിക്കുകയാണ്.

ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ലോകത്തിന്റെ നാനാഭാഗത്തേക്ക് പര്യവേക്ഷണം നടത്താനായി അയച്ചവർ, തിരികെ കൊണ്ടുവരുന്ന വിവരങ്ങൾ ഭീതിയും കൗതുകവും നിറഞ്ഞതായിരുന്നുവത്രേ. ഇത്തരം പദ്ധതികളിലൂടെ തങ്ങളുടെ അധികാരപരിധി വിസ്തൃതമാക്കുക എന്ന ഗൂഢലക്ഷ്യം കൂടെ കമ്പനിക്ക് ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.

പതിനേഴാംനൂറ്റാണ്ടിലെ സഞ്ചാരിയായ നിൽസ് മാറ്റ്‌സൺ കിയോപിങ് (Nils Matsson Kiöping) നടത്തിയ യാത്രകൾ ചരിത്രത്തിന്റെ ഭാഗമാണ്. ലഭ്യമായ വിവരമനുസരിച്ച് 1621ൽ ജനിച്ച സ്വീഡൻകാരനായ അദ്ദേഹം അനവധി കടൽയാത്രകൾ നടത്തുകയും ഇന്ത്യ, ജാവ, പേർഷ്യ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യ വിഷയമായ ഒരു ഗ്രന്ഥവും അദ്ദേഹത്തിന്റെ പേരിലുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അദ്ദേഹം നിക്കോബാറിലേക്ക് നടത്തിയ പര്യടനം ശ്രദ്ധേയമാണ്. ക്രൂരമായ ഭാവങ്ങളുള്ള, ഇരുണ്ടതും മഞ്ഞിച്ചതുമായ മനുഷ്യരെയാണ് അവിടെ അദ്ദേഹം കണ്ടത്. തത്തകളെയും മറ്റും കഴുത്തുഞെരിച്ചു പച്ചയ്ക്ക് തിന്നുവരായിരുന്നു അവരെന്നാണ് കിയോപിങ് രേഖപ്പെടുത്തിയത്. എന്നാൽ വാലുള്ള മനുഷ്യരെ അവിടെ കണ്ടിരുന്നു എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശരിയാവണമെന്നില്ല എന്നാണ് പിന്നീടുള്ള പഠനങ്ങൾ തെളിയിക്കുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന ചില വിചിത്രാചാരങ്ങളെ പറ്റി അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകളിൽ വ്യക്തമായി പരാമർശിക്കുന്നു. അവിടത്തെ ഗോത്രങ്ങളിലെ പുരുഷൻമാർ ഒരു വൃഷണം നിർബന്ധമായും ഛേദിച്ചിരുന്ന കാര്യമൊക്കെ അദ്ദേഹം വിവരിക്കുന്നുണ്ട്.

ക്രമേണ, കൃത്യമായി പറഞ്ഞാൽ പതിനെട്ടാം നൂറ്റാണ്ടോടെ യൂറോപ്പുകാരും മറ്റുള്ളവരുമായുള്ള വൈരുധ്യം മനുഷ്യരും മൃഗങ്ങളുമായുള്ള വ്യത്യാസം എന്നിവയൊക്കെ കുറിച്ച് സൂചനകൾ ലഭിച്ചുതുടങ്ങി. ശരീരത്തിന്റെ നിറം, ഘടന, മുഖഭാവത്തിന്റെ മുറുക്കവും ഏങ്കോണിപ്പുകളും തുടങ്ങിയ സാജാത്യ- വൈജാത്യങ്ങൾ നിരീക്ഷിക്കാനും ചർച്ചക്ക് വിധേയമാക്കാനും ആരംഭിച്ചു. അങ്ങനെ ചില ബോധ്യങ്ങൾ ചുവടുറപ്പിച്ചു.

യൂറോപ്പിലുള്ളവർക്ക് ഒരു സമൂഹം എന്ന നിലയിൽ വൈവിധ്യങ്ങൾ ഒരുപാടുണ്ട്. അതോടൊപ്പം മറ്റുസ്ഥലങ്ങളിൽ നിന്നുള്ളവരുമായി അവർക്ക് ധാരാളം സാമ്യവുമുണ്ട്. എന്തിരുന്നാലും ഒരു പ്രദേശത്തു നിന്ന് മറ്റൊരിടത്തേക്കുള്ള ചലനമാണ് മനുഷ്യവംശത്തിന്റെ ഭാഗധേയം മാറ്റിയെഴുതിയത്. യൂറോപ്പ് എന്ന ഭൂഖണ്ഡത്തിലെ ജനങ്ങൾക്ക് വേറെ ഭൂഖണ്ഡങ്ങളിലെ ജനവിഭാഗവുമായയുള്ള കൂടിച്ചേരൽ സാംസ്‌കാരിക- സാമൂഹിക കൈമാറ്റങ്ങളുടെ ഈടുവെയ്പായി മാറി. കരമാർഗമുള്ള യാത്രകളിലൂടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, കാലാവസ്ഥാവ്യതിയാനങ്ങൾ, മനുഷ്യർ തമ്മിലുള്ള സംഘർഷങ്ങൾ എന്നിവയൊക്കെ പതുക്കെ അനാവരണം ചെയ്യപ്പെടുകയോ അവയെക്കുറിച്ചുള്ള തെരച്ചിലുകൾ സ്വയം നടക്കുകയോയാണ് ചെയ്യുന്നത്. ഇതിനെ സംബന്ധിച്ചാണ് ഇന്ത്യൻവംശജയായ പത്രപ്രവർത്തകയും ശാസ്ത്രലേഖികയുമായ സോണിയ ഷാ എഴുതിയ "The Next Great Migration: The Beauty and Terror of Life on the Move' എന്ന പുസ്തകം.

ബൈബിളിലെ ധാരണയനുസരിച്ച് പലായനത്തിന് വിധിക്കപ്പെട്ടവർ ദൈവത്തിന്റെ ശിക്ഷയ്ക്ക് വിധേയരായവരാണ്. ഈജിപ്റ്റിലുള്ളവരെ ശിക്ഷിക്കാനായി കൃമികീടങ്ങളെ അയച്ച ദൈവത്തിന്റെ വ്യവഹാരം ഇവിടെ ഓർക്കാം.

പലായനത്തിന്റെ ശാസ്ത്രീയവും ഭൂമിശാസ്ത്രപരവുമായ ചരിത്രത്തെ അന്വേഷിക്കുന്ന, 2020ലെ മികച്ച നോൺഫിക്ഷൻ പുസ്തകങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഈ പുസ്തകത്തിൽ ശാസ്ത്രവും ചരിത്രവും അധികരിച്ച്, നൂറ്റാണ്ടുകൾ പഴക്കമുള്ള പലായനത്തെ അപഗ്രഥിക്കുകയാണ്. ചരിത്രപരമായ പ്രാധാന്യത്തോടെ നാളിതുവരെയുള്ള പലായനത്തിന്റെ കാലഗണനമാണ് സോണിയ ഷാ നിർവഹിക്കുന്നത്.

കാൾ ലിനേയസ്

പലരുടെയും പര്യവേക്ഷണത്തിന്റെ രീതികളെയും ശൈലികളെയും സോണിയ ഷാ അവതരിപ്പിക്കുന്നുണ്ട്. സ്വീഡൻകാരനായ കാൾ ലിനെയെസ് (Carl Linnaeus) എന്ന വിഖ്യാത സസ്യ-ജന്തു ശാസ്ത്രജ്ഞൻ 1732ൽ സ്വീഡന്റെ വടക്കേയറ്റത്തുള്ള Lapland ലേക്ക് കാൽനടയായും കുതിരപ്പുറത്തും നടത്തിയ പര്യവേക്ഷണം വളരെ പ്രധാനപ്പെട്ടതായി ഗണിക്കപ്പെടുന്നു. ആറുമാസവും രണ്ടായിരം കിലോമീറ്ററും നീണ്ടുനിന്ന യാത്രയിൽ അതുവരെ അപരിചിതമായിരുന്ന നൂറോളം സസ്യങ്ങളെ അദ്ദേഹം കണ്ടെത്തി. സസ്തനികളെ കുറിച്ചുള്ള വളരെ പ്രസക്തമായ നിരീക്ഷണങ്ങളും അദ്ദേഹം ഇതേ യാത്രയിൽ രൂപപ്പെടുത്തിയിരുന്നു. ഈ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ടുമുട്ടിയ ഒരു നാടോടിവർഗം പിൽക്കാലത്ത് സമി (Sami) എന്നറിയപ്പെട്ടു. ഇസ്രായേലിൽ നിന്ന് വേരറ്റുപോയ ഈ ഗോത്രം പ്രസ്തുതയിടത്തേക്ക് പലായനം ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. ആഫ്രിക്കൻ ഗോത്രജനവിഭാഗമായ പിഗ്മികളാണ് അവരെന്നും അതല്ല, മധ്യേഷ്യയിലെ Scythians എന്ന വിഭാഗമാണെന്നും ചില പഠനങ്ങളുണ്ട്.

മനുഷ്യവർഗം ഒരേ കുടുംബത്തിൽ നിന്നാണെന്നും സ്ഥലം, നിറം തുടങ്ങിയ ഘടകങ്ങളുമായി അതിനു ബന്ധമില്ലെന്നും ലെക്ക്‌ലെക് വാദിച്ചു. ഇത്തരത്തിലുള്ള വാദപ്രതിവാദങ്ങളും കണ്ടെത്തലുകളും പലായനചരിത്രത്തിന്റെ ബഹുലതകളെ തുറന്നു കാണിക്കുകയാണ്.

ഭാഷാപരമായ പരിമിതികൾ കൊണ്ടൊക്കെ പൂർണവിജയമാകാതെ പോയ ഈ പര്യവേക്ഷണം, പക്ഷെ നഷ്ടപ്പെട്ടുപോയതെന്നു കരുതിയ ഗോത്രവിഭാഗത്തെ കണ്ടെത്താൻ സഹായിച്ചു. എന്തൊക്കെയായാലും ചാൾസ് ഡാർവിന്റെ മുൻഗാമിയായി ഈ രംഗത്ത് പ്രവർത്തിച്ച ലിനയെസിന്റെ സംഭാവനകളെ കുറച്ചു കാണാനാവില്ല. ജീവികളുടെ ശാസ്ത്രീയമായ വർഗീകരണം സംബന്ധിച്ച പ്രക്രിയ ലിനയെസ് തുടങ്ങുകയും അതിനൊരു രീതിശാസ്ത്രം രൂപീകരിക്കുകയും ചെയ്തു. അതുപ്രകാരം ഒരു പൊതുവുത്ഭവം പങ്കുവെച്ചിരുന്ന മനുഷ്യരെ സമാനമായ ഗുണങ്ങളുള്ള അവസ്ഥയിലേക്ക് വർഗീകരിക്കേണ്ടി വന്നു. അല്ലാത്തവരെ ജൈവപരമായി വിഭിന്നരായി കാണാൻ തുടങ്ങി. എന്നാൽ ആദമിലും ഹവ്വയിലും നിന്നുത്ഭവിക്കാത്ത ഒരു വംശത്തെ പറ്റി ആലോചിക്കുന്നത് അക്കാലത്തും ദൈവനിന്ദയായി കണക്കാക്കപ്പെട്ടു.

ബൈബിളിലെ ധാരണയനുസരിച്ച് പലായനത്തിന് വിധിക്കപ്പെട്ടവർ ദൈവത്തിന്റെ ശിക്ഷയ്ക്ക് വിധേയരായവരാണ്. ഈജിപ്റ്റിലുള്ളവരെ ശിക്ഷിക്കാനായി കൃമികീടങ്ങളെ അയച്ച ദൈവത്തിന്റെ വ്യവഹാരം ഇവിടെ ഓർക്കാം. മനുഷ്യരെ വിശദീകരിക്കുന്ന ഭാഗത്ത് ലിനയെസിന്റെ മൗനം അർത്ഥഗർഭമാണ്. അത് "നിങ്ങൾ സ്വയം കണ്ടെത്തൂ' എന്ന തരത്തിലുള്ള സമീപനമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. "Systema Naturae' എന്ന അദ്ദേഹത്തിന്റെ പഠനഗ്രന്ഥം 1735ലാണ് പുറത്തുവന്നത്. ഒട്ടേറെ വിമർശനങ്ങൾക്ക് ആ പുസ്തകം ശരവ്യമായി. പുസ്തകത്തിലെ ആശയങ്ങൾക്ക് എതിരെ ഫ്രഞ്ചുകാരനായ പ്രകൃതിശാസ്ത്രപണ്ഡിതൻ ജോർജ് ലൂയിസ് ലെക്ക്‌ലെക് രംഗത്തെത്തി. പ്രകൃതി അചഞ്ചലവും ക്രമമുള്ളതുമാണെന്ന ലിനയെസിന്റെ സങ്കൽപ്പനത്തോട് ലെക്ക്‌ലെക് വിയോജിച്ചു. ചഞ്ചലവും ചലനാത്മകവുമാണ് പ്രകൃതി എന്ന വാദം അദ്ദേഹം മുന്നോട്ടുവെച്ചു. മനുഷ്യവർഗം ഒരേ കുടുംബത്തിൽ നിന്നാണെന്നും സ്ഥലം, നിറം തുടങ്ങിയ ഘടകങ്ങളുമായി അതിനു ബന്ധമില്ലെന്നും ലെക്ക്‌ലെക് വാദിച്ചു. ഇത്തരത്തിലുള്ള വാദപ്രതിവാദങ്ങളും കണ്ടെത്തലുകളും പലായനചരിത്രത്തിന്റെ ബഹുലതകളെ തുറന്നു കാണിക്കുകയാണ്.

ജെയിംസ് കുക്ക്

ശാന്തസമുദ്രത്തിൽ ചിതറിക്കിടക്കുന്ന ആയിരത്തോളമുള്ള ദ്വീപുകളുടെ സമൂഹമായ പോളിനേഷ്യൻ ദ്വീപുകളിൽ യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾ എത്തിപ്പെട്ടത് ഒട്ടും എളുപ്പമല്ലാത്ത, എടുത്തു പറയേണ്ട കാര്യമാണ്. നൂറു വർഷത്തോളമുള്ള പരിശ്രമത്തിന്റെ ഫലമായാണ് ഇതുസാധിച്ചത്. ജെയിംസ് കുക്ക് എന്ന ബ്രിട്ടീഷ് പര്യവേക്ഷകൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശാന്തസമുദ്രത്തിൽ ദക്ഷിണഭാഗത്ത് എത്തി. അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്ന ജീവജാലസമ്പത്ത് അവിടെ ഉണ്ടായിരുന്നു. താഹിതി മുതൽ ഹവായി വരെ പരന്നുകിടക്കുന്ന ആയിരകണക്കിന് വർഗങ്ങളിലുള്ള സസ്യജാലങ്ങളും മൃഗങ്ങളും പക്ഷികളും അവിടെ അധിവസിച്ചിരുന്നു. അദ്ദേഹത്തെ വിസ്മയത്തിലാഴ്ത്തിയ മറ്റൊരു കാര്യം ദ്വീപുവാസികളുടെ അന്യോന്യമുള്ള ബന്ധത്തെ കുറിച്ചുള്ളതാണ്. ആയിരം മൈലുകൾക്ക് മുകളിൽ ദൂരമുള്ള ദ്വീപുകളിലെ മനുഷ്യർക്ക് വരെ പരസ്പരം ബന്ധുത്വം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. മാത്രമല്ല ഏഷ്യൻ വംശജരുമായുള്ള അവരുടെ സാദൃശ്യങ്ങളെ പറ്റിയും കുക്ക് നിരീക്ഷിച്ചിരുന്നു. ഈ സമൂഹത്തെ ചേർത്തുവെച്ചുകൊണ്ട് പല വാദങ്ങളും നിലവിലുണ്ട്. ദ്വീപുവാസികളുടെ പൂർവികർ പാശ്ചാത്യനാടുകളിൽ നിന്നാണ് കുടിയേറിയതെന്ന ഒരു സമാന്തരചരിത്രവും നിലവിലുണ്ട്. പോളിനേഷ്യയിലെ ഭാഷയ്ക്ക് സംസ്‌കൃതമായും മറ്റു ലോകഭാഷകളുമായും ബന്ധമുണ്ടെന്നും പറയപ്പെടുന്നു.

ഇന്ന് മനുഷ്യരുടെ തലമുടിയുടെ നിറം പോലെ അപ്രധാനമായ അംശമായി ശരീരനിറത്തെ പതിനാറാംനൂറ്റാണ്ടിലെ യൂറോപ്പ് നോക്കിക്കണ്ടതിനു തെളിവുകളായി ഛായാചിത്രങ്ങളും മറ്റുമുണ്ട്. നിറത്തെ ആസ്പദമാക്കിയുള്ള വിവേചനം കരുത്താർജ്ജിച്ചത് പിന്നീടാണെന്നു വ്യക്തം.

എന്തായാലും വളരെയധികം ദൂരം താണ്ടിയുള്ള ഇത്തരം പലായനം. അന്നത്തെ കാലത്ത് ഒരു സാഹസകൃത്യമായിരുവെന്നു പറയാതെ തരമില്ല.
ഇന്ന് മനുഷ്യരുടെ തലമുടിയുടെ നിറം പോലെ അപ്രധാനമായ അംശമായി ശരീരനിറത്തെ പതിനാറാംനൂറ്റാണ്ടിലെ യൂറോപ്പ് നോക്കിക്കണ്ടതിനു തെളിവുകളായി ഛായാചിത്രങ്ങളും മറ്റുമുണ്ട്. നിറത്തെ ആസ്പദമാക്കിയുള്ള വിവേചനം കരുത്താർജ്ജിച്ചത് പിന്നീടാണെന്നു വ്യക്തം. നൈൽനദിയുടെ സമീപപ്രദേശങ്ങളിലും പ്രാചീന ഈജിപ്റ്റിലെയും മനുഷ്യരുടെ തൊലിക്ക് കറുപ്പ് നിറമാണെന്നത് പതിനെട്ടാംനൂറ്റാണ്ടിലെ യാത്രികർ വിശകലനം ചെയ്യാതെ വിട്ട ഘടകമായിരുന്നു എന്നത് പിന്നെയാണ് തിരിച്ചറിഞ്ഞത്. കടൽമാർഗമുള്ള പര്യവേക്ഷണം കൂടുതൽ മികവ് പുലർത്തിയതും അക്കാലത്തായിരുന്നു. ഇതിനു വേണ്ടതായ സാങ്കേതികമായ നിലയും അപ്പോഴേക്കും മെച്ചപ്പെട്ടിരുന്നുവത്രേ. എന്നാൽ ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള ഈ സഞ്ചാരത്തിന്റെ ദോഷവശങ്ങൾ പരാമർശിക്കാതെ തരമില്ല.

മനുഷ്യവാസയോഗ്യമല്ലാത്ത ആയിരക്കണക്കിന് മൈലുകൾ ദൂരമുള്ള ഇടങ്ങളിൽ എത്തിപ്പെടുന്ന വിധത്തിലുള്ള യാത്രകൾ കടലിലൂടെയാവുന്നതോടെ വ്യത്യസ്തമായ കരകളെയും ഭൂമുഖങ്ങളെയും കാണാൻ സാധിക്കാതെ പോയിരുന്നു. അവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളും ജീവിതശൈലികളും മനസിലാക്കാനുള്ള അവസരമാണ് ഇവിടെ നഷ്ടമായത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ അക്കാലത്തെ മനുഷ്യരുടെ ബഹുവിധമായ വൈവിധ്യത്തിന്റെ അടിപ്പടവുകളെ പൂർണമായി സ്പർശിക്കാതെ പോയ ഈ യാത്രാപഥം കരയിലെ അനുഭവത്തഴക്കങ്ങളെ വിസ്മരിച്ച് മഹാസമുദ്രങ്ങളിലേക്ക് ഊളിയിടുന്നത് പോലെയായി എന്നുചുരുക്കം.
കടലിൽ നിന്ന് ലഭിച്ച ജീവികളെ കാഴ്ചവസ്തുക്കളാക്കി സമുദ്രസഞ്ചാരികൾ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ചു. എങ്കിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ പ്രദർശനവസ്തുക്കളായി കാണാനായിരുന്നു അന്നത്തെ സമൂഹത്തിന്റെ താൽപര്യം. അങ്ങനെയും ചില നീക്കങ്ങളുണ്ടായി എന്നതാണ് സത്യം. പതിനാറാം നൂറ്റാണ്ടിൽ ഇപ്പറഞ്ഞ മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രദർശനങ്ങൾ നടത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിൽ വിവിധയിടങ്ങളിൽ ഇങ്ങനെയുള്ള ചടങ്ങുകൾ "Human Zoo' എന്ന വിശേഷണത്തോടെ നടന്നു. ആദിമവാസികളെയും ഗോത്രവർഗക്കാരെയും ഒക്കെ അത്തരം പ്രദർശനങ്ങളുടെ ഭാഗമാക്കിയിരുന്നു. അനേകം തലകളുള്ള ജലസർപ്പവും സിംഹവും കാട്ടുപോത്തും പോലെ മനുഷ്യരും പ്രദർശനവസ്തുക്കളായി തുടങ്ങി. തങ്ങളുടെ ചുറ്റുവട്ടത്തിനു അപ്പുറമുള്ള മനുഷ്യരെ അപരിചിതത്വത്തിന്റെ തുരുത്തുകളിൽ പ്രതിഷ്ഠിക്കാനുള്ള യൂറോപ്പിന്റെ മനോഭാവമാണ് ഇത് വ്യക്തമാക്കുന്നത്. അപരിചിതർക്ക് "തൊട്ടുകൂടായ്മ' കൽപിച്ചുനല്കുന്നുണ്ടെങ്കിലും ലോകം തേടിയുള്ള സഞ്ചാരങ്ങൾക്ക് കുറവൊന്നും സംഭവിച്ചില്ല.

ചേക്കേറിയ ഇടങ്ങൾ തനതായ അടയാളങ്ങൾ കുടിയേറ്റക്കാർക്ക് പകർന്നു നൽകി. മാത്രമല്ലാ അത്തരം ഇടങ്ങൾക്ക് യോജിക്കുന്ന ഭക്ഷണസംസ്‌കാരവും രീതികളും അവർ അനുശീലിച്ചു തുടങ്ങി.

മാനവവംശത്തിന്റെ ഭൂഗോളമൊട്ടാകെയുള്ള വ്യാപനത്തെയും വ്യത്യസ്തമായ നിറവും മറ്റു പ്രകൃതവും ആധാരമാക്കിയുള്ള ഗുണകങ്ങളെയും വ്യാഖ്യാനിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും ചരിത്രം ഉരുവംകൊള്ളാൻ ആരംഭിച്ചു. ഭൂമിശാസ്ത്രപരമായ ചില മുനമ്പുകൾക്ക് പ്രത്യേകസ്ഥാനം വന്നതും ഇക്കാലത്തായിരുന്നു. ശാന്തസമുദ്രത്തിനും ആർട്ടിക്ക്‌സമുദ്രത്തിനും ഇടയിലുള്ള ബെറിങ്ങ് കടലിടുക്കിലൂടെയുള്ള ഒരു പാലത്തിന്റെ സാധ്യതയെ റഷ്യയിലേക്കുള്ള പര്യവേക്ഷണവുമായി ചേർത്തുപറയാറുണ്ട്. മറ്റൊരുലോകത്തേക്കുള്ള പ്രവേശനമാർഗമായി, കപ്പലിന്റെ സഹായമില്ലാതെ തന്നെ നടന്നുകൊണ്ട് എത്തിച്ചേരാവുന്ന തരത്തിലുള്ള സംവിധാനമാണ് നിലവിൽ വന്നത്.

1958-ലെ ബ്രസൽസ് വേൾഡ് ഫെയറിലെ 'ഹ്യൂമൺ സൂ'

ഏദൻതോട്ടത്തിൽ നിന്ന് പലഘട്ടങ്ങളിലായി അതിവിദൂരമായ ഭൂഭാഗത്തേക്കുള്ള പലായനങ്ങൾ നടന്നിരിക്കാമെന്നത് ഇതിന്റെ ചുവടുപിടിച്ച അനുമാനമായിരുന്നു. ക്രമേണ വലിയ രീതിയിലുള്ള സഞ്ചാരങ്ങളും ചിതറിപ്പോകലുകളും സംഭവിച്ചു എന്ന ധാരണ വിശ്വാസയോഗ്യമായി. സ്ഥലം, കാലാവസ്ഥ എന്നിവയ്ക്ക് അനുസൃതമായി കുടിയേറിയവർ സ്വയം രൂപാന്തരീകരിച്ചു. കാലാവസ്ഥയുടെ ഗതിമാറ്റങ്ങൾ മനുഷ്യരുടെ ആരോഗ്യത്തെയും രൂപത്തെയും സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുമെന്നത് അരിസ്റ്റോട്ടിലിന്റെയും ഹിപ്പോക്രറ്റീസിന്റെയും കാലം തൊട്ടേയുള്ള ആശയമാണ്. ചേക്കേറിയ ഇടങ്ങൾ തനതായ അടയാളങ്ങൾ കുടിയേറ്റക്കാർക്ക് പകർന്നു നൽകി. മാത്രമല്ലാ അത്തരം ഇടങ്ങൾക്ക് യോജിക്കുന്ന ഭക്ഷണസംസ്‌കാരവും രീതികളും അവർ അനുശീലിച്ചു തുടങ്ങി. ശരീരത്തിന്റെ ദഹനപ്രക്രിയയിൽ സ്വാഭാവികമായ പരിണാമം സൃഷ്ടിച്ചും ശരീരത്തിന്റെ പിണ്ഡം വർധിപ്പിച്ചും മറ്റും ആർട്ടിക്കിലെ കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ സന്നദ്ധരാവുന്ന ജനവിഭാഗം ഇതുശരിവെയ്ക്കുന്നു.

അതുപോലെ സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും ഭൂവിടങ്ങൾക്ക് അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നത് വഴി തൊലിയുടെ നിറത്തിനും വ്യത്യസ്തത ബാധകമാവുകയാണ്. അക്ഷാംശരേഖയിലുള്ളവർക്ക് സൂര്യന്റെ വെളിച്ചത്തിലൂടെ ലഭിക്കുന്ന വിറ്റാമിൻ ഡി കുറവായതിനാൽ വിളറിയ തൊലി രൂപപ്പെടുകയും അതുവഴി അൾട്രാവയലറ്റ് രശ്മികൾ കൂടുതൽ വലിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. ഭൂമധ്യരേഖയ്ക്കടുത്ത ഇടങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കാകട്ടെ വിയർപ്പിലൂടെ നഷ്ടമാകുന്ന സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ കഴിയുന്നുണ്ട്. പ്രകൃതിയുമായി സന്തുലിതപ്പെടാനുള്ള യത്‌നങ്ങളിൽ, ഭൂമിയെ തലങ്ങും വിലങ്ങും മുറിച്ചുകടന്നുള്ള യാത്രകൾക്കുള്ള സ്ഥാനമാണ് ഇതിലൂടെ അനാവൃതമാവുന്നത്.

വ്‌ളാദിമിർ നബോക്കോവ്

സാഹചര്യങ്ങൾക്ക് യോജിച്ച വിധത്തിൽ ശാരീരകമായ ഉരുത്തിരിയലുകളും ശരീരപ്രകൃതങ്ങളും പരിണമിക്കുന്ന അവസ്ഥ ലോകധർമമാണ്.
മനുഷ്യരുടെ പലായനത്തോടൊപ്പം മൃഗങ്ങളും പ്രാണിവർഗവും പലായനം ചെയ്യാറുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇതിൽ ചിത്രശലഭങ്ങളുടെ ദേശാടനത്തെ കുറിച്ച് ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നു.

ചിത്രശലഭപ്പുഴു(Caterpillar) ആകുമ്പോൾ തന്നെ പ്രകൃതിയുടെ അന്തരങ്ങളുമായി സമരസപ്പെടാൻ യത്‌നിക്കുന്നത് പഠിക്കപ്പെട്ടിട്ടുണ്ട്. അവ അധിവസിക്കുന്ന സസ്യവർഗത്തിനു സംഭവിക്കുന്ന നാശം കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. വലിയ രീതിയിലുള്ള നഗരവത്കരണം ചിത്രശലഭങ്ങൾക്കും മറ്റും വിഘാതമായി ഭവിച്ചിട്ടുണ്ട്. വംശനാശത്തിൽ നിന്ന് രക്ഷ നേടാനായി കാലാവസ്ഥ അനുകൂലമായ പ്രദേശങ്ങളിലേക്ക് അവ പലായനം ചെയ്തു തുടങ്ങി. പ്രവാസിയായ ജീവിക്കേണ്ടി വന്ന പ്രസിദ്ധ എഴുത്തുകാരനായ വ്‌ളാദിമിർ നബോക്കോവ് പ്രാണിവർഗ്ഗത്തെ ആഴത്തിൽ വിശകലനം നടത്തിയ ശാസ്ത്രജ്ഞനാണ്. ചിത്രശലഭങ്ങളുടെ സഞ്ചാരത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ പരികല്പന പിന്നീട് ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടു. 1940കളിൽ, ഹാർവാർഡിലെ താരതമ്യജന്തുശാസ്ത്രമ്യൂസിയത്തിലെ ക്യൂറേറ്റർ ആയി പ്രവർത്തിക്കുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ സംഭാവന. സ്വയം പലായനത്തിന് വിധേയനായ നബോക്കോവ് ചിത്രശലഭങ്ങളുടെ പലായനപഥത്തെ പറ്റിയാണ് പഠിച്ചത്. Polyommatus എന്ന വർഗത്തിലുള്ള ചിത്രശലഭം ഏഷ്യയിൽ നിന്ന് പാശ്ചാത്യരാജ്യങ്ങളിൽ എത്തിയതിന്റെ സഞ്ചാരമാർഗമാണ് അദ്ദേഹം മെനഞ്ഞെടുത്തത്.

ബെറിങ്ങ് കടലിടുക്ക് / Photo: nps.gov

ബെറിങ്ങ് കടലിടുക്കിന്റെ സാധ്യതയെ ഉപയോഗിച്ചുകൊണ്ട്, ഏഷ്യയിലെ പൂർവികരിൽ നിന്ന്, അധിനിവേശത്തിന്റെ ഭാഗമായി അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്ക് ഒരുകാലത്തു എത്തിപ്പെട്ട ചിത്രശലഭങ്ങളായിരുന്നു ഇവ എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. 57 ഇനം ചിത്രശലഭങ്ങളുടെ ധ്രുവങ്ങളിലേക്കുള്ള ചലനം ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് എന്നതും ഇതിനോട് കൂട്ടിവായിക്കണം. പ്രകൃതിയിലെ ചെറിയ അസ്വാസ്ഥ്യങ്ങളെ മുൻകൂട്ടി അറിഞ്ഞ് സുരക്ഷിതയിടങ്ങളിലേക്ക് ദേശാടനം നടത്തുന്നവരാണ് പക്ഷിമൃഗാദികൾ എന്നത് ഭ്രമകല്പനയല്ല. ഭൂചലനങ്ങളും പ്രളയവും സംഭവിക്കാൻ പോകുന്നുവെന്ന സൂചന അവർക്ക് ലഭിക്കുമെന്നത് വസ്തുതയാണ്. 2004ലെ സുനാമിക്ക് തൊട്ടുമുൻപ് ശ്രീലങ്കയിലെ കാടുകളിൽ നിന്ന് പുറപ്പെട്ടു പോയ ആനകളും 1975ൽ ചൈനയിലെ ഹായ്‌തെങ്ചി (Haicheng) പട്ടണത്തിലെ അതിശൈത്യത്തിൽ നിന്നു കാലേകൂട്ടി രക്ഷപ്പെട്ട പാമ്പുകളും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്.

Polyommatus / Photo: Wikimedia Commons

എന്തിനാണ് മനുഷ്യരും (മറ്റു ജീവജാലങ്ങളും) പലായനം ചെയ്യുന്നത് എന്ന ചോദ്യത്തിന്റെ മാനങ്ങൾ വലുതാണ്. എങ്ങനെയാണ് അവർ പലായനം ചെയ്യുന്നത് എന്നതിനും ചരിത്രമുണ്ട്. 1980കൾക്കൊടുവിൽ നടത്തിയ നിർണായകമായ ഒരു പരീക്ഷണം പലായനത്തിന്റെ വഴിയിൽ പുതിയ വെളിച്ചം നൽകി. കാലിഫോർണിയ സർവകലാശാലയിലെ ബിയോകെമിസ്ട്രി പ്രൊഫസ്സറായിരുന്ന അലൻ വിൽസന്റെ നേതൃത്വത്തിൽ വിവിധ വംശങ്ങളിൽ നിന്നുള്ള 147 സ്ത്രീകളുടെ മറുപിള്ളയിലെ (Placenta) മൈറ്റോകോൺട്രിയയിൽ നിന്നനുള്ള ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കി. (കോശങ്ങൾക്ക് ആവശ്യത്തിനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്ന കോശാംഗങ്ങളാണ് മൈറ്റോകോൺഡ്രിയ). വ്യത്യസ്തമായ ചുറ്റുപാടുകളിൽ നിന്നും ഭൂഖണ്ഡങ്ങളിൽ നിന്നും വന്ന ഈ സ്ത്രീകൾക്കെല്ലാം ഏറ്റവും ചുരുങ്ങിയത് ഇരുന്നൂറു വർഷമായിട്ടെങ്കിലും ഒരു പൊതുപൂർവികസ്വഭാവമാണുണ്ടായിരുന്നത് എന്നാണ് കണ്ടുപിടിച്ചത്. ഇത് പലായനപഠനത്തിന്റെ ദിശയ്ക്ക് കൂടുതൽ സൂക്ഷ്മത നൽകി.

രണ്ട്

പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും ആദ്യകാല ചരിത്രം മനുഷ്യവംശത്തിന്റെ സമഗ്രമായ അടയാളങ്ങളെ ആവാഹിക്കുന്ന പുറങ്ങളാണ്. മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും പ്രാണിവർഗ്ഗത്തിന്റെയും പലായനത്തിന്റെ സങ്കീർണതകൾക്ക് സമാന്തരമായി വർത്തിക്കുന്നതാണ് അടിമത്തത്തിന്റെ പശ്ചാത്തലവും ചരിത്രവും. അടിമത്തവും അടിമക്കച്ചവടവും വലിയതോതിൽ അടിമകളെ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരിടത്തേക്കുള്ള കടത്തിക്കൊണ്ടുപ്പോകലുമൊക്കെ രൂപപ്പെടുത്തിയ പലായനപാതകൾ ഇന്ന് പഠനവിഷയമാണ്. 2017ൽ ലിബിയയിലെ അഭയാർത്ഥി ക്യാമ്പിൽ തങ്ങിയിരുന്ന അഭയാർത്ഥികളെ അടിമകളായി വിൽക്കുന്ന സംഭവം പുറത്തുവന്നതിലൂടെ അടിമക്കച്ചവടത്തിന്റെ ശൃംഖല ഇപ്പോഴും നിലവിലുണ്ടെന്ന് വെളിപ്പെട്ടതാണ്.

അടിമത്തമെന്നു പറയാതെ നിർബന്ധിതമായി ദാസ്യവേല ചെയ്യിക്കുന്ന സമ്പ്രദായം ഇന്നും പിന്തുടരുന്നുവെന്നാണ് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ രേഖപ്പെടുത്തുന്നത്. സാമൂഹികവ്യവസ്ഥകളുടെ ഭേദങ്ങളും രൂപപ്പെടലും സ്പഷ്ടമാവുന്നതിന്റെ നാൾവഴികളും തുറന്നുവരുകയായിരുന്നുവന്നു വ്യക്തം. ലഭ്യമായ വിവരമനുസരിച്ച് 3500 ബി.സി.ഇ.യിൽ അടിമത്തം നിലനിന്നിരുന്നു. മെസൊപ്പൊട്ടോമിയയിലെ നാഗരിക സംസ്‌കാരവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഇതിന്റെ തെളിവുകൾ കാണാം. ഭൂതകാല വ്യവഹാരങ്ങളെ പൂർവകാല പ്രാബല്യത്തോടെ പരിശോധിക്കുന്നവേളയിൽ, 16ാം നൂറ്റാണ്ട് തൊട്ടുള്ള 400 വർഷങ്ങളിൽ ഏതാണ്ട് പന്ത്രണ്ട് ദശലക്ഷം ആഫ്രിക്കക്കാരെ അടിമകളാക്കിയ വെള്ളക്കാരുടെ "നീതിശാസ്ത്ര'ത്തെ ഓർക്കാതിരിക്കാനാവില്ല.

ബ്രിട്ടൻ പാർലമെന്റ് അടിമത്തനിരോധനം നിയമമാക്കിയത് 1833ലാണ്. എട്ടുലക്ഷത്തോളം ആഫ്രിക്കക്കാരാണ് അന്ന് മോചിതരായത്. അധികം താമസിയാതെ "Great Migration' എന്ന പേരിൽ പ്രസിദ്ധമായ കറുത്തവരുടെ പലായനം(Black Migration) ആരംഭിച്ചു. തെക്കേ അമേരിക്കയിൽ നിന്ന് വടക്കും പടിഞ്ഞാറും ആയി സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലേക്കുള്ള വ്യാപകമായ പലായനം 1916 മുതൽ 1970 വരെ വലിയതരത്തിൽ നടന്നു. 1920കളിൽ ഒൻപതു ലക്ഷത്തിനു മുകളിൽ കറുത്തവർഗക്കാർ തെക്കേ അമേരിക്ക വിട്ടു പോയി.

ഈ വിഷയം ആസ്പദമാക്കി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രക്ഷപ്പെടാൻ വ്യഗ്രത കാണിക്കുന്ന അടിമകളുടെ അനുഭവചിത്രീകരണമാണ് കോൾസൻ വൈറ്റ്‌ഹെഡിന്റെ "The Underground Rail Road'. പുലിറ്റ്‌സർ സമ്മാനം ലഭിച്ച ഈ നോവൽ, പ്രശസ്തമായ നാഷണൽ ബുക്ക് അവാർഡും നേടി. സംഭവബഹുലമായ ഈ പലായനത്തിലൂടെ ആറു ദശലക്ഷം ആളുകളാണ് "മറ്റൊരു ലോകം' തേടി യാത്ര തുടങ്ങിയത്. ജനസംഖ്യയുടെ രണ്ടുശതമാനം മാത്രം കറുത്തവർഗക്കാർ ഉണ്ടായിരുന്ന ചിക്കാഗോയിൽ 1970 ആയപ്പോഴേക്കും മൂന്നിലൊന്നു പേർ അവരായി മാറി. എന്നാൽ ഏഷ്യ, യൂറോപ്പ്, കരീബിയ, മധ്യഅമേരിക്ക തുടങ്ങിയ ഇടങ്ങളിൽ നിന്ന് 1880നും 1930നും ഇടയിൽ ഏതാണ്ട് 27 ദശലക്ഷം ആളുകളാണ് അമേരിക്കയിൽ വന്നുചേരുന്നത്.

മനുഷ്യപലായനം ആരംഭിച്ചത് ഒരു കേന്ദ്രത്തിൽ നിന്നാണെന്ന ധാരണയെ പൂർവ്വികർ ആഫ്രിക്കയിൽ നിന്നാണ് ഉത്ഭവിച്ചത് എന്ന ഡാർവിന്റെ വാദം ബലപ്പെടുത്തിയിരുന്നു. എന്നാൽ എങ്ങനെയാണ് പല ദിക്കിലേക്ക് മനുഷ്യർ ചിതറിയതെന്ന വിശദീകരണം അദ്ദേഹം നൽകിയില്ല.

കപ്പൽത്തുറകളിലെ ജോലിയെടുത്തും ചെരുപ്പുകളുടെ നിർമാണത്തിലും മറ്റും സഹകരിച്ചും ജീവിച്ച കുടിയേറ്റക്കാർക്ക് അന്തിയുറങ്ങാൻ വായു പ്രവേശിക്കാതെ ഇടുങ്ങിയ മുറികളാണ് പലപ്പോഴും ലഭിച്ചിരുന്നതത്രേ. പതുക്കെ സാംസ്‌കാരികമായ ശീലങ്ങൾക്കും തനിമകൾക്കും സങ്കരഭാവം പ്രത്യക്ഷമായി.തദ്ദേശീയരായ അച്ഛനമ്മമാരുടെ മക്കളെക്കാളും എണ്ണത്തിൽ കൂടുതൽ കുടിയേറ്റക്കാരുടെ മക്കളായിത്തീർന്നു.

ഗ്രേറ്റ് മൈഗ്രേഷൻ കാലത്ത് പാരിസിൽ വച്ച് കുടുംബത്തിലെ രണ്ട് മക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നാടുവിട്ട് ചിക്കാഗോയിലെത്തിയവരാണ് ആർതർ കുടുംബം. 1920 ഓഗസ്റ്റ് 30ന് ചിക്കാഗോയിൽ വച്ചെടുത്ത ഈ ചിത്രം ഗ്രേറ്റ് മൈഗ്രേഷന്റെ പ്രതീകമായി മാറി. / Photo: Wikimedia Commons

കച്ചവടം, പിടിച്ചെടുക്കൽ, എതിരിടൽ എന്നീ വ്യവഹാരങ്ങളിലൂടെ വ്യത്യസ്തരായ മനുഷ്യരുടെ വഴികൾ കൂട്ടിമുട്ടുകയും സാംസ്‌കാരികതലങ്ങൾക്ക് കൊടുക്കൽവാങ്ങലുകൾ സിദ്ധിക്കുകയും ചെയ്തു. എന്നാൽ വൈരുധ്യങ്ങൾ ഇല്ലാതായി എന്നല്ല പറഞ്ഞുവരുന്നത്. വൈവിധ്യങ്ങളും ഭിന്നതകളും നിറഞ്ഞ ഒരു സംസ്‌കാരം ഉടലെടുക്കുന്നതിന്റെ ശകലശേഖരം സ്വതസിദ്ധമായ മുദ്രകൾ ആലേഖനം ചെയ്യാൻ ആരംഭിച്ചു. എന്തൊക്കെയായാലും, ഭേദിക്കേണ്ട അതിരുകളെ കുറിച്ചോ എത്തിച്ചേരേണ്ട ഇടങ്ങളെ കുറിച്ചോ നിശ്ചയമില്ലാത്ത അഭയാർത്ഥികളുടെ അനുഭവങ്ങളെ പ്രത്യേകമായി അറകളിലാക്കി പഠിക്കേണ്ടതുണ്ട്. അഭയാർത്ഥികളും കുടിയേറ്റക്കാരും എത്തിച്ചേരുന്ന രാജ്യങ്ങളിൽ നയിക്കുന്ന ജീവിതത്തിൽ അവരുടെ തനതുസംസ്‌കാരവും പുതിയ രാജ്യത്തിന്റെ സംസ്‌കാരശൈലികളും തമ്മിലുള്ള വൈജാത്യം അലോസരം സൃഷ്ടിക്കാൻ ഉതകുന്നതാണത്. വരത്തരെ രണ്ടാംകിടക്കാരെ കാണാനുള്ള പ്രവണതയും സാധാരണമാണ് എന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ.

മനുഷ്യവർഗ്ഗത്തിന്റെ ചിതറൽ എന്ന പ്രവണത തലമുറകൾ കഴിഞ്ഞിട്ടും ഇല്ലാതായില്ല. കാലാകാലങ്ങളിൽ ഉരുണ്ടുകൂടുന്ന കാരണങ്ങൾ മനുഷ്യരുടെ പുതുപ്രദേശങ്ങളിലേക്കുള്ള വ്യാപനം വർധിപ്പിക്കുകയും ചെയ്തു.

ചുരുക്കത്തിൽ ഭൂമിയിലെ വിവിധ പ്രദേശങ്ങളിലേക്ക് ലക്ഷ്യങ്ങളോടും അല്ലാതെയും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യവംശത്തിന്റെ ഗാഥയെ സവിശേഷമായ വിധത്തിൽ ചരിത്രത്താളുകളിൽ ഉൾപ്പെടുത്തി. മനുഷ്യപലായനം ആരംഭിച്ചത് ഒരു കേന്ദ്രത്തിൽ നിന്നാണെന്ന ധാരണയെ പൂർവ്വികർ ആഫ്രിക്കയിൽ നിന്നാണ് ഉത്ഭവിച്ചത് എന്ന ഡാർവിന്റെ വാദം ബലപ്പെടുത്തിയിരുന്നു. എന്നാൽ എങ്ങനെയാണ് പല ദിക്കിലേക്ക് മനുഷ്യർ ചിതറിയതെന്ന വിശദീകരണം അദ്ദേഹം നൽകിയില്ല. മനുഷ്യവർഗ്ഗത്തിന്റെ ചിതറൽ എന്ന പ്രവണത തലമുറകൾ കഴിഞ്ഞിട്ടും ഇല്ലാതായില്ല. കാലാകാലങ്ങളിൽ ഉരുണ്ടുകൂടുന്ന കാരണങ്ങൾ മനുഷ്യരുടെ പുതുപ്രദേശങ്ങളിലേക്കുള്ള വ്യാപനം വർധിപ്പിക്കുകയും ചെയ്തു. ഭൂപ്രദേശങ്ങളിലൂടെ അന്വേഷണാർത്ഥം സഞ്ചരിക്കുക എന്നതിനുള്ള പ്രാധാന്യം നഷ്ടപ്പെടുകയും തൊഴില്പരമായോ പ്രാണരക്ഷാർത്ഥമോ അന്യരാജ്യങ്ങളിലേക്ക് കുടിയേറുക എന്നത് പ്രഥമസ്ഥാനത്തിന് അർഹമായി.

ഏദനിലേക്കുള്ള യാത്രാമധ്യേ ചെങ്കടൽ മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്ന സൊമാലിയൻ അഭയാർഥികൾ. / Photo: UNHCR

താത്കാലികമായ ആവാസവ്യവസ്ഥയിൽ കുടികൊള്ളുന്ന ജീവികളാണ് പലായനത്തിന് നിർബന്ധിതരാവുന്നത്. ഉൾക്കാടുകളിലെ മൃഗങ്ങൾ താരതമ്യേന സുസ്ഥിരമായ സാഹചര്യങ്ങളിൽ ആയിരിക്കും. മനുഷ്യരുടെ സ്ഥിതിയും ഏതാണ്ടിതുപോലെയാണ്. ശാന്തമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവർ സ്വരാജ്യം വിട്ടുപോകാൻ ശ്രമിക്കുകയില്ലല്ലോ. നാലായിരം ജീവിവർഗങ്ങളെ ആധാരമാക്കി നടത്തിയ ഒരു ശാസ്ത്രപഠനത്തിൽ ഓരോ പതിറ്റാണ്ടിലും കരയിലെ ജീവികൾ ശരാശരി ഇരുപത് കിലോമീറ്റർ ധ്രുവങ്ങളുടെ സമീപത്തേക്ക് കുടിയേറുമെന്നും സമുദ്രജീവികൾ ഇതേ കാലയളവിൽ ശരാശരി എഴുപത്തഞ്ച് കിലോമീറ്റർ ദൂരം തണുപ്പുള്ള പ്രദേശങ്ങളിലേക്ക് നീങ്ങുമെന്നും പറയുന്നുണ്ട്. സോണിയ ഷായുടെ പുസ്തകത്തിൽ ഉദ്ധരിച്ച കണക്കുകൾ ശ്രദ്ധിക്കുന്നത് ഉചിതമാണ്.

അഭയസ്ഥാനങ്ങൾ തേടിയുള്ള നിരന്തരമായ പലായനം 2030 ആകുമ്പോഴേക്കും ഭൂരിപക്ഷം മനുഷ്യരെയും നഗരവാസികളായി മാറ്റിയേക്കാം. 2045ലാകട്ടെ Sub Saharan Africa യിലെ മരുഭൂമികൾ വികസിക്കുകയും അറുപത് ദശലക്ഷം ആളുകൾക്ക് സ്ഥാനചലനം ഉണ്ടാവുകയും ചെയ്യാം. സമുദ്രനിരപ്പിൽ ഉയർച്ച അനുദിനം വർധിക്കുകയും 2100-ൽ 180 ദശലക്ഷം മനുഷ്യർക്ക് പലായനം ചെയ്യേണ്ടി വന്നേക്കാം എന്നും സോണിയ ഷാ അനുമാനിക്കുന്നുണ്ട്. ആശങ്ക ജനിപ്പിക്കുന്ന ഈ സ്ഥിതിവിവരക്കണക്ക് അസംഭവ്യമാണ് എന്നുകരുതി തള്ളിക്കളയാനാവില്ല. അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണം വർധിക്കുന്നതോടൊപ്പം അപരിചിതരോടുള്ള വിദ്വേഷവും കൂടുകയാണ് എന്നതും ഓർക്കേണ്ടതാണ്. വെല്ലുവിളികൾ തരണം ചെയ്തും പ്രതിസന്ധികൾക്ക് പോംവഴികൾ കണ്ടെത്തിയും ഭൂഭാഗങ്ങളിലൂടെ മനുഷ്യർക്ക് സഞ്ചരിക്കാനുള്ള മാർഗം ഒരുക്കിയെടുക്കാൻ ലോകത്തിനാവട്ടെ എന്ന പ്രത്യാശ അപ്പോഴും ദീപ്തമാണ്. ▮


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments